സ്വർണ്ണക്കസവിൽ ആനക്കുട്ടികളോടുന്ന കാഞ്ചീപുരത്ത് പട്ടുസാരിയും വലിയ തിളങ്ങുന്ന വജ്റ മൂക്കുത്തിയും മുത്തുകളായിത്തിളങ്ങുന്ന കന്മദച്ചിരിയുമായി അവൾ എന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ ഒന്നുമാത്രം ഉണ്ടായിരുന്നില്ല...പശി, പശി, ജീവിതപ്പെരുങ്കാലപ്പശി.
എനിക്ക് 15 വയസ്സുള്ള സമയത്താണ് അച്ഛന് വീടിനെപ്പറ്റിയും താമസസ്ഥലത്തെപ്പറ്റിയും ഒരു പുതിയ തോന്നലുണ്ടായത്. പതിനൊന്നിലെ ഇന്ദുഭവൻ വീട്ടിൽ നിന്ന് ഉടനെ മാറണമെന്നായിരുന്നു അത്.
നിലപാടിന്റെ പേരിലായിരുന്നു അച്ഛൻ അവിടെപ്പോയി അപ്രകാരത്തിൽ ഒരു വീടെടുത്തത്. മണ്ണിനെ അറിഞ്ഞ് വളരണം, മക്കൾ മണ്ണു തൊട്ട് വളരണം, മലയാളമറിയണം ഇതായിരുന്നു അച്ഛന്റെ ആവശ്യവും നിലപാടും. ഇത്തരം തോന്നലുകൾ നടപ്പിലാക്കാൻ ഞങ്ങൾ അഞ്ചുപേരും വേണ്ടതിലും അതിലധികവും പ്രയാസങ്ങൾ അനുഭവിച്ചുകഴിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ അനുഭവിച്ചിരുന്നത് അമ്മയാണ്. യാത്രാസൗകരമില്ലാത്തത്തിനാൽ കാൽനടയാത്ര തന്നെയായിരുന്നു അമ്മയ്ക്ക് ശരണം. വണ്ടികൾ വരാത്ത, നടന്നുമാത്രം കുന്നുകൾ കയറിപ്പോകേണ്ട ഒരു സ്ഥലത്ത് നിത്യവും 20 മിനിറ്റോളം ഒരു കൊച്ചുകുട്ടിയെ ഒക്കത്തുചുമന്ന് സ്‌കൂളിൽ എത്തിക്കുവാൻ അമ്മ ഏറെ പ്രയാസപ്പെട്ടു.
അച്ഛന്റെയോ അമ്മയുടെയോ പോലെ ജോലി ചെയ്യുന്ന അധ്യാപകരുടെ കോളനിയായിരുന്നില്ല അത്. ചുറ്റിലും പാവപ്പെട്ട തൊഴിലാളികളോ കൈത്തൊഴിലാളികളോ കൂലിപ്പണിക്കാരോ മത്സ്യവിൽപ്പനക്കാരോ ആയിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതവും നന്മയും പ്രശ്‌നങ്ങളുമൊക്കെ മനസ്സിലാക്കാൻ അക്കാലം ഞങ്ങളെ ഏറെ സഹായിച്ചിരുന്നു. പക്ഷെ വലിയ വില തന്നെയതിനു കൊടുക്കേണ്ടിയും വന്നു. നല്ല വിദ്യാഭ്യാസമായിരുന്നുവെങ്കിലും ഇംഗ്ലീഷിന്റെ കാര്യം അമ്പേ കഷ്ടത്തിലായി. അനുജനാകട്ടെ വേണ്ടാത്ത കൂട്ടുകെട്ടുകളും തുടങ്ങി.
ചാണകനിലം മാറി കാവി തേച്ചതും എനിയ്ക്ക് പെയ്ന്റിങ്ങിനും പഠിക്കാനുമൊക്കെയായി ഒരു മുറി പുതിയതായി കെട്ടി ഉമ്മറം ഗ്രില്ലിട്ടതും മണ്ണെണ്ണവിളക്ക് ചെറിയ ബൾബുകൾക്ക് വഴിമാറിയതുമായിരുന്നു ആകെയുണ്ടായ സമൃദ്ധികൾ.
പത്തുവർഷത്തെ ദുരിതപൂർണമായ ലാളിത്യം അമ്മയ്ക്ക് അമ്പേ മടുത്തിരുന്നു. ഞങ്ങൾ കുട്ടികൾക്കുമാത്രം ആ ദേശം ആഹ്‌ളാദമുണ്ടാക്കി. അവിടുത്തെ മനുഷ്യരും പ്രകൃതിയും സംഭവങ്ങളുമൊക്കെ എന്നെ ഹരം കൊള്ളിച്ചു. എന്നിലെ കാടുതെണ്ടിയേയും കാഴ്ചക്കാരിയേയും ഉണർത്തി, എന്റെയുള്ളിലെ എഴുത്തിനെയുരുക്കിയുണ്ടാക്കി. അമ്മക്കുമാത്രം അതിലൊന്നും ആഹ്‌ളാദമുണ്ടായില്ല.
നീണ്ട പത്തുവർഷം സൗകര്യപരമായും ഭൗതികമായും ഞങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തിയൊന്നുമില്ല. ഒന്നിലും മാറ്റമുണ്ടായിരുന്നുമില്ല. സൗകര്യങ്ങളില്ലാത്തെ നന്നെ ചെറിയ ജീവിതം. ചാണകനിലം മാറി കാവി തേച്ചതും എനിയ്ക്ക് പെയ്ന്റിങ്ങിനും പഠിക്കാനുമൊക്കെയായി ഒരു മുറി പുതിയതായി കെട്ടി ഉമ്മറം ഗ്രില്ലിട്ടതും മണ്ണെണ്ണവിളക്ക് ചെറിയ ബൾബുകൾക്ക് വഴിമാറിയതുമായിരുന്നു ആകെയുണ്ടായ സമൃദ്ധികൾ. രണ്ടര അടി വീതിയുള്ള നടവഴി മൂന്ന് ഫൂട്ട് ആയി മാറി. കറണ്ട് വന്നതോടെ വീട്ടിൽ മോട്ടോർ വെച്ചു. ഫ്രിഡ്ജു വന്നു. ഭൂമിയുടെ ആഴക്കുഴിയിലേയ്ക്കു വാപിളർത്ത കിണറിൽ നിന്ന് 32 അടിക്കോൽത്താഴ്ചയിൽ മോട്ടോർ വെള്ളമടിച്ചു തന്നു.
അക്കാലത്ത് അമ്മയ്ക്ക് ഹൃദയസംബന്ധിയായ അസുഖങ്ങൾ അൽപം കൂടുതലായി. പുതിയൊരു സ്ഥലത്തേക്ക്, സൗകര്യങ്ങളുള്ള സ്ഥലത്തേയ്ക്ക് മാറാനുള്ള സമയമായി എന്ന് അച്ഛനു തന്നെ തോന്നി. വണ്ടി വീട്ടിലേക്ക് പ്രവേശിക്കുന്ന ഒരിടം. അവശ്യ സൗകര്യങ്ങളും കുട്ടികളുടെ പഠിത്തവും മുന്നിൽ കണ്ട് യൂണിവേഴ്‌സിറ്റിയ്ക്കടുത്ത് കോഹിനൂര് ഒരു വീട് പാതി പണി ചെയ്തത് വാങ്ങി. അക്കാലത്ത് അതിനടുത്ത് വാടകയ്ക്ക് താമസിച്ച് അങ്ങോട്ടു മാറ്റുകയും ചെയ്യാം എന്നായിരുന്നു കരുതിയിരുന്നത്. അപ്രകാരം തന്നെ വില്ലൂന്നിയാൽ ഒരു വീട് വാടകയ്‌ക്കെടുത്തു രണ്ടുവർഷം അവിടെ ജീവിക്കുകയും ചെയ്തു. എന്നാൽ കോഹിനൂരിലെ വീട് പൂർത്തിയാക്കിയില്ല. അതിന്റെ അയൽപക്കത്ത് കഞ്ചാവും മദ്യവും ഉപയോഗിക്കുകയും ഗുണ്ടകളായിത്തീരുകയും ചെയ്ത രണ്ടു സഹോദരന്മാർ താമസിച്ചിരുന്നു. അവരുടെ വീട്ടിനരികിൽ താമസിയ്ക്കുന്നത് അപകടമായിരിക്കുമെന്ന് അച്ഛൻ കരുതി.
പകരം ഞങ്ങളുടെ പഴയ വീടിന്റെ കുറച്ചപ്പുറത്ത്, അച്ഛന്റെ സ്‌കൂളിലെ അധ്യാപകരെല്ലാം താമസിക്കുന്ന ഒരു സ്ഥലത്ത് അച്ഛൻ ഒരു പഴയ വീട് വാങ്ങി. നെറ്റിയിൽ സിന്ദൂരവും സന്ധ്യയ്ക്ക് വിളക്കും വെക്കുന്ന ഒരു റാവുത്തർ തങ്ങൾ ഉമ്മയായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. മന്ത്രവും മരുന്നും കൊണ്ട് മനുഷ്യരുടെ ഭ്രാന്തുകൾ ചികിത്സിച്ചു കളയുന്ന ഒരു ഭിഷഗ്വര. ഒരു സന്ധ്യയ്ക്ക് അവർ വിളക്കുവെയ്ക്കുന്ന സമയത്ത് ഞങ്ങളവിടെ ചെന്നു. അയൽപക്കത്തെ ദിനുവും ഒപ്പമുണ്ടായിരുന്നു.
‘‘ആറാ ദിനു ഇദ്?'', അവരുടെ കണ്ണുകൾ വന്യമായി തിളങ്ങി.
തട്ടത്തിന്റെ താഴെ സീമന്തരേഖയിൽ കുങ്കുമ ചോപ്പുകണ്ട് എനിക്ക് തന്നെ ഭയമായി. അവരുടെ ശബ്ദത്തിനു തന്നെ അജ്ഞാശക്തിയുണ്ടായിരുന്നു.
‘‘അള്ളാ പടച്ചോനെ'', ഞാൻ മനസ്സിൽ ദൈവത്തെ വിളിച്ചു.
‘‘ഈ വീട് വാങ്ങ്യോരാണുമ്മാ.''
അവരുടെ മുഖത്തിന് അയവു വന്നു.
ഉന്മാദവുമായി വരുമ്പോൾ മനുഷ്യരാദ്യം അവയുടെ തായ്ത്തടിയിൽ ബന്ധിക്കപ്പെട്ടു. വിടുതല തേടുമ്പോൾ അതിന്റെ അടിവേരുകളിലും തടിയിലും ആണികൾ അവർക്കായി തറക്കപ്പെട്ടു.
ആ ഉമ്മാമ്മ എല്ലാ രോഗികളെയും സൗജന്യമായാണ് ചികിത്സിച്ചിരുന്നത്. ചങ്ങലകൾ ഇട്ട കാലുമായി അലറിക്കരഞ്ഞു വന്ന പെണ്ണുങ്ങൾ ചികിത്സയ്ക്കുശേഷം പുഞ്ചിരിയോടെ നടന്നു പോയി. ചപ്രച്ച തലമുടിയിൽ എണ്ണ കോതിത്തിളക്കി കാലുകളിൽ ചങ്ങലക്കിലുക്കത്തിനു ബദലായി പുതുവെള്ളി പാദസരമണിഞ്ഞ് അവരെല്ലാം തിരിച്ചുപോയി. അവരുടെ കണ്ണുകളിൽ ഉമ്മാമ ഒരു നിലവിളക്കിന്റെ ശാന്തമായ കരിയെഴുതിക്കൊടുത്തു. നിറുകിൽ തണുപ്പും പ്രശാന്തിയുമുള്ള പകലുകൾ കൊടുത്തു. ഒടുവിൽ ഉമ്മാമ്മയ്ക്കുള്ള സ്‌നേഹസമ്മാനമായി രോഗികൾ വൃക്ഷങ്ങൾ നട്ടു കൊടുത്തു.
ആദ്യം കാണുമ്പോൾ ആ വീട് വാഴ കൊണ്ട് കോട്ട കെട്ടിയ ഒരിടം പോലെ തോന്നിച്ചു. വാഴത്തൂണുകൾ അടുത്തടുത്ത്. അവയിലെല്ലാം കല്ലുകൾ നിറഞ്ഞ അതിമധുരമുള്ള ഒരുതരം കല്ലുഞാലിപ്പഴക്കുലകൾ തൂങ്ങിനിൽക്കുന്നുണ്ടായിരുന്നു. വാവലുകളും തേനുണ്ണും തുമ്പികളും പറന്നു വന്നു. അണ്ണാറക്കണ്ണന്മാർ കൂമ്പിൽത്തൂങ്ങി ഊഞ്ഞാലാടി. കാറ്റിൽ വാഴപ്പഴത്തിന്റെ കൊതിപ്പിക്കുന്ന മധുരമണം തുടിച്ചു. മരങ്ങളായിരുന്നു എങ്ങും. പലതരപ്പലജാതിപ്പെരുമരങ്ങൾ.
ഉന്മാദവുമായി വരുമ്പോൾ മനുഷ്യരാദ്യം അവയുടെ തായ്ത്തടിയിൽ ബന്ധിക്കപ്പെട്ടു. വിടുതല തേടുമ്പോൾ അതിന്റെ അടിവേരുകളിലും തടിയിലും ആണികൾ അവർക്കായി തറക്കപ്പെട്ടു. മരങ്ങൾ നട്ടുനട്ട് കാടകമായിരുന്നു അത്. ഏഴ് സെൻറ് ഭൂമിക്ക് താങ്ങാനാവുന്നതിലും അധികം മരങ്ങൾ വളർന്നു ഒരു ഒരു കൊടുംവനത്തിലെ തുരുത്തുപോലെ തോന്നിച്ചു അത്. അതിന്റെ രണ്ട് ഭാഗവും കുളമായിരുന്നു. മറ്റു രണ്ടു ഭാഗവും ഒരു ഒരു പഴയ ഇടവഴി പോയിക്കൊണ്ടിരുന്നു. ആ ഇടവഴിയിലാണ് ഭ്രാന്തുമാറിയവർ വാഴ നട്ടത്.
കോളറകാലത്ത് 200 വർഷങ്ങൾക്കു മുമ്പ് ആ വീട്ടിലെ മുന്തൊടിയിലുള്ള കിണറിൽ നിന്ന് ജലമെടുക്കാൻ മനുഷ്യർ ആ ഇടവഴിയിലൂടെ കിതച്ചു വന്നിരുന്നു. ഇന്നതൊരു ജലച്ചാലായി മാറി, മണ്ണും ചെളിയും ഒഴുകി വരുന്ന കേവലമായൊരു കുണ്ടുചാൽ. മുന്നിലെ പറമ്പിൽ കോളറക്കാലത്തെ കിണർ, അത് അടിത്തട്ടുവരെ ഇടിഞ്ഞു പൊളിഞ്ഞു പൊട്ടക്കിണറായി മാറിയിരുന്നു.
ശ്രീഹരി എന്ന് അനുജന്റെ പേരാണ് അതിനിട്ടത്. ഹരിപ്രിയ എന്നിടണമെന്നുണ്ടായിരുന്നു. അച്ഛന്റെ ക്ലാസിലെ കുരുത്തം കെട്ടവളുടെ പേരായതിനാൽ അച്ഛൻ അതു സമ്മതിച്ചില്ല.
‘‘ഗേൾ ഫ്രന്റാവാനാ സാധ്യത ഇന്റമ്മെ'', ഞാനുമമ്മയും പൊട്ടിച്ചിരിച്ചു.
നിഗൂഢമായ ഒരു ഒരു കാടിന്റെ സൗന്ദര്യം ആവഹിച്ച ഇടമായിരുന്നു അത്. ഇടതുഭാഗത്തായി മതിൽ മുഴുവൻ പടർന്നു കിടക്കുന്ന് ഒട്ടുമാവിന്റെ മരം, അതിലൊരൂഞ്ഞാൽ, പഴുക്കടയ്ക്കകൾ തൂങ്ങിനിൽക്കുന്ന് അനവധി കവുങ്ങുകൾ, അത്തിയും ഇത്തിയും പ്ലാവും പേരയും സീതമരവും. വലതുഭാഗത്ത് പുറകിലായി പറക്കുട്ടിച്ചാത്തനിരുന്നു. അതും ഒറ്റയ്ക്ക്.
കറുത്ത ഒരുസ്ത്രീ. കറുപ്പെന്നാൽ അത്യസാധാരണമായ കറുപ്പുള്ള ഒരുവൾ. കുളത്തിന്റെ മുമ്പിലെ പാറയോളം കറുത്തവൾ. അവൾ തന്റെ ഉടുപ്പുകൾ നിസ്സാരമായി അഴിച്ച് കളഞ്ഞ് നഗ്‌നയായി. അതിലേറെ കറുത്ത ഒരു പെൺകുട്ടിയ്ക്ക് പാലുകൊടുത്തു കൊണ്ടിരുന്നു.
അച്ഛനുമമ്മയും ഭയന്നു. മകൾ പോകുന്നിടത്തെല്ലാം കുട്ടിച്ചാത്തന്മാർ വിഹരിയ്ക്കുന്നത് അവരെ എന്തുകൊണ്ടോ ഭയപ്പെടുത്തി. ഇന്ദുഭവനിൽ ആശാരിമാരുടെ രണ്ടു കാവുകളുണ്ടായിരുന്നു.
‘‘ഞാനീക്കുട്ടിയ്ക്ക് കൊട്ക്കും ഇന്റെ വല്യ കാവ്'', ആശാരിമാമ കാവുകളോടുള്ള എന്റെ ഇഷ്ടം കാണുമ്പോൾ പറയും.
‘‘ഇക്കുട്ടിയ്‌ക്കൊരു ഭാഗ്യണ്ട്'', പണിക്കരു മുത്താച്ചൻ അമ്മയോട് പറഞ്ഞു.
‘‘ദൈവങ്ങള് തേടി വരാണ്''
മുന്നിലെ പറമ്പ് വാങ്ങുമ്പോൾ അച്ഛൻ പറക്കുട്ടിയുടെ ആരൂഢം നിൽക്കുന്ന മൂന്നു സെൻറ് വേണ്ടായെന്നു കട്ടായമായിപ്പറഞ്ഞു.
‘‘ഓരോ സ്ഥലത്തു പോയി ഓരോന്നു വരുന്നുണ്ടെന്ന്. എനിക്കുവയ്യ'', നാട്ടുകാർ അച്ഛനെയേറെ നിർബന്ധിച്ചു. വളപ്പിൽ തൊടിയുടെ യജമാനരായുള്ളവർ പറക്കുട്ടിയെ അനാഥരാക്കരുതെന്ന് ചിലർ വന്നു പറഞ്ഞു.
‘‘ഞങ്ങൾക്കതൊന്നും വിശ്വാസമില്ല. വെളക്ക് കത്തിക്കലോ വെച്ചു കൊടുക്കലോ ഒന്നും. ഒടമസ്ഥരായിട്ട് അതു പിന്നെ ചെയ്തില്ലെൽ അതിന്റെ പുലിവാലാകും'', അച്ഛൻ പറക്കുട്ടിയെ അമ്പേയങ്ങുപേക്ഷിച്ചു.
വലത്തേത്തൊടിയുടെ അറ്റത്ത് ഒടിമുത്താച്ചന്റെ വകയിലൊരേളേച്ചി താമസിച്ചിരുന്നു. പളുങ്കൻ പൂച്ചക്കണ്ണുള്ള ഒടിയറിയാവുന്ന ഒരു എഴുപത്തഞ്ച് വയസുകാരി. അവരുടെ വെളുത്തമുണ്ടിന്റെ നിഴൽപറ്റി വൃദ്ധമായ കണ്ണുകളും തിമിരബാധയേറ്റപോലെ വെള്ളയായി. അവരുടെ മരുമകൾ വിധവാവസ്ത്രത്തിൽ വെള്ള സാരി ചുറ്റി.
‘‘മുത്താച്ചീ. എന്നെ ഒടി പടിപ്പിക്ക്യോ?'', പഴുക്കടക്കകൾ പെറുക്കാൻ വരുമ്പോൾ ഞാൻ പുന്നാരം ചോദിച്ചു.
അവരെന്റെ കണ്ണുകളിലേയ്ക്ക് സസൂഷ്മം നോക്കി.
‘‘ഇയ്യ് താങ്ങും, പക്ഷെ വേണ്ട മോളെ''; അവരെന്നെ നിരുത്സാഹപ്പെടുത്തി.
‘‘അതെന്താ മുത്തശ്ശി അങ്ങനെ?''
‘‘അങ്ങനെയാണ്. നെന്റെ ദേവത സരസ്വതിയാണ്. അദ് മതി ഇന്റെ കുട്ടിയ്ക്ക്. ആങ്ങള പ്രത്യേകമ്പറഞ്ഞിണ്ട്.’’
അക്കാലത്ത് ഞങ്ങളുടെ വീടിന്റെ പുറകുവശത്ത് രാധേടത്തിയുടെ പഴയ കുളമായിരുന്നു. ഒഴുക്കുള്ള വെള്ളമായതിനാൽ ആളുകൾ നിത്യേന അവിടെ കുളിക്കാൻ വന്നു കൊണ്ടിരുന്നു. പുതിയ വീട്ടിൽ താമസിച്ചതിന്റെ പിറ്റേന്ന് ഞാനും അമ്മയും അച്ഛനും ഞെട്ടിയ്ക്കുന്ന ഒരു കാഴ്ച കണ്ടു.
കറുത്ത ഒരുസ്ത്രീ. കറുപ്പെന്നാൽ അത്യസാധാരണമായ കറുപ്പുള്ള ഒരുവൾ. കുളത്തിന്റെ മുമ്പിലെ പാറയോളം കറുത്തവൾ. അവൾ തന്റെ ഉടുപ്പുകൾ നിസ്സാരമായി അഴിച്ച് കളഞ്ഞ് നഗ്‌നയായി. അതിലേറെ കറുത്ത ഒരു പെൺകുട്ടിയ്ക്ക് പാലുകൊടുത്തു കൊണ്ടിരുന്നു.
‘‘എന്റെ ദൈവമേ ഇന്നാട്ടിൽ എന്തൊക്കെക്കാണണം''; അച്ഛൻ അകത്തേയ്‌ക്കോടി.
ഞാനും അമ്മയും പരസ്പരം നോക്കി. രാധവെല്ല്യമ്മ മാത്രം ഇതൊന്നും താൻ അറിയുന്നില്ലെല്ലോ എന്ന പോലെ തുണിയലക്കിക്കൊണ്ടിരിക്കുന്നു.
‘‘മതി കാഴ്ച കണ്ടത്'', അമ്മ എന്നോട് ക്ഷോഭിച്ചു.
‘‘അമ്മ്യും മത്യാക്കിക്കാളി'', ഞാൻ വിട്ടുകൊടുത്തില്ല.
‘‘അമ്മെ, വല്ലപ്പോഴുമല്ലെ? ഒരു കുളിസീനല്ലെ? തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂ''
‘‘എഹ്?'' അമ്മ അന്തം വിട്ടു.
‘‘കിന്നാരത്തുമ്പികൾ എന്നു കേട്ടിട്ടുണ്ടോ? കുളിസീൻ കുളിസീൻ ഗോപൂ''
‘‘പോടി അവിടന്ന്'', അമ്മ കയ്യുയർത്തി.
അന്നു വൈകുന്നേരം രാധവെല്ല്യമ്മയോട് ഞാൻ അവരെ പറ്റി ചോദിച്ചു; ‘‘കുളത്തിൽ കുളിക്കാൻ വേണ്ടി വരണതാരാ? ഉടുപ്പില്ലാണ്ടെ പാലു കൊടുക്കേം കുളിയ്‌ക്കേം ചെയ്യ്ണ?''
‘‘ഓഹ് ഇന്റെ കുട്ട്യേ. പറഞ്ഞിട്ടൊന്നും ഒരു കാര്യോല്ല്യ. അത് ശകുന്തളേണ്.''
‘‘ദുഷ്യന്തന്റെയോ?'', ഞാൻ കളിയാക്കി.
‘‘രമേശന്റെ ഓള്. കുരുസാമ്മില്ലെ? ആ ഓന്റോള്.''
വലിയ കണ്ണുകളും തെറിച്ചുനിൽക്കുന്ന പാൽത്തുളുമ്പുന്ന കരിമൊലകളും കഴുത്തിലെ ഉന്തിയ എല്ലിന്റെ മുഴപ്പും ഒതുങ്ങിയ അരക്കെട്ടുമുള്ള ഒരു സ്ത്രീ. കുളത്തിന്റെ പിന്നരികിൽ വെള്ളയും വയലറ്റും ശംഖുപുഷ്പങ്ങൾ പൂത്തുനിന്നു.
ഞാൻ ജനലിലൂടെ അവളെ നോക്കി.
എണ്ണക്കറുപ്പുള്ള തിളങ്ങുന്ന മത്സ്യശരീരം.
വലിയ കണ്ണുകളും തെറിച്ചുനിൽക്കുന്ന പാൽത്തുളുമ്പുന്ന കരിമൊലകളും കഴുത്തിലെ ഉന്തിയ എല്ലിന്റെ മുഴപ്പും ഒതുങ്ങിയ അരക്കെട്ടുമുള്ള ഒരു സ്ത്രീ. കുളത്തിന്റെ പിന്നരികിൽ വെള്ളയും വയലറ്റും ശംഖുപുഷ്പങ്ങൾ പൂത്തുനിന്നു. അവളുടെ രഹസ്യരോമങ്ങളും തൊലിയുടെ നിറവും തമ്മിൽ ഒരു വ്യത്യാസവും നമുക്ക് തിരിച്ചറിയുവാൻ കഴിയുമായിരുന്നില്ല. പ്രസവിച്ചിട്ട് ഏറിയാൽ ആറുമാസം ആയിട്ടുണ്ടാകും. അവൾക്കാകട്ടെ 25 വയസ്സൂമുണ്ടാകും. പാറയുടെ മേലെ മുക്കല്ല് കൂട്ടി പറങ്കിയിലകൾ ചപ്പടിച്ച് കത്തിച്ച് വെള്ളം ചൂടാക്കി കുട്ടിയെ എണ്ണതേച്ച് വിസ്തരിച്ച് കുളിപ്പിയ്ക്കും. പാലു കൊടുത്തശേഷം പാറയുടെ മീതെ തന്നെ തണലുള്ളിടത്തേയ്ക്കതിനെ കിടത്തി വിവസ്ത്രയായി ഒറ്റച്ചാട്ടവും കുളിയുമാണ്.
എന്റെ ക്ലാസിൽ പഠിച്ച വിദ്യയുടെ അച്ഛൻ കുരുസ്സാമി രമേശന്റെ രണ്ടാം ഭാര്യ ആയിരുന്നു അവൾ. അയാൾക്ക് ഏതാണ്ട് 54 വയസ്സ് പ്രായം ഉണ്ടാകും. എന്നിട്ടും അയാൾ ആൾ 17 കാരിയായ ശകുന്തളയെ ഏതോ നാട്ടിൽ നിന്ന് കല്യാണം കഴിച്ചു കൊണ്ടുവന്നു.
വല്ലാത്ത പ്രകൃതക്കാരിയായിരുന്നു ശകുന്തള. ആരോടും ചാടിക്കടിക്കുന്നവൾ, ആരെയും ഭയക്കാത്തവൾ, ആരെയും കുസാത്തവൾ. ഞങ്ങളുടെ കുളത്തിൽ കുളിക്കുമ്പോൾ അരയിൽ ഒരു അരഞ്ഞാണ ചരട് പോലും ഇല്ലാതെ നിന്ന് തുണിയലക്കുന്നവളുടെ ധൈര്യം അത്യപാരം. നാട്ടിലെ പെണ്ണുങ്ങൾക്കോ ആണുങ്ങൾക്കോ ശകുന്തളയുടെ കുളി ഒരു ശല്യമായിരുന്നില്ല. പുതുതായി വീടെടുത്തു മാറിയ ഈ വീട്ടിലെ അമ്മയും ഞാനും അച്ഛനും അസ്വസ്ഥരായി.
‘‘ഒരു ചെറുക്കനില്ല്യോ ഇവിടെ?'', അച്ഛൻ ആൺകുട്ടിയെപ്രതി ആകുലമായി.
‘‘അപ്പൊ എന്താ മാഷെ പെങ്കുട്ട്യോൾക്ക് കാണാമോ?'', അമ്മ അച്ഛനെ കളിയാക്കി.
കറുത്ത ഒരു മുഴു മത്സ്യത്തെ പോലെയുണ്ടവൾ. വസ്ത്രങ്ങൾ പൂർണമായും നീക്കി വലതുഭാഗത്തുള്ള ഏറ്റവും ഉയർന്ന പാറയിൽ അവൾ നിന്നു. വെയിലേറ്റ് എണ്ണതേച്ചിടമെല്ലാം തിളങ്ങി. ദൂരേന്നു നോക്കുമ്പോൾ തേനിന്റെ കുപ്പിപോലെ തോന്നിച്ചു അവളെ. ഒറ്റച്ചാട്ടമാണ്. കറുത്ത ഒരു മീൻ പുഴയുടെ മേൽപ്പാളിയിൽ വന്നു തിമിർക്കും പോലെ നിൽക്കുന്നതുപോലെ ഇത്തിരി വെള്ളത്തിൽ ശകുന്തള പുളച്ചു. കമിഴ്ന്നും മലർന്നും നീന്തി. ആരെങ്കിലും അവളെ അവൾ കമന്റടിക്കുകയോ ചീത്ത പറയുകയോ ചെയ്താൽ തീർന്നു. കുളത്തിൽ നിന്ന് ഒരു കുതിപ്പാണ്. കറുത്ത കുഞ്ഞരുവിപോലെ ഉടലിലൂടെ ജലം ചോർന്നു. ഉരുണ്ടപാറകളിൽ നിന്ന്മഴക്കാലത്ത് ജലം വെള്ളിമണിച്ചിതറുന്ന വയനാടൻ കാഴ്ച ഞാൻ കണ്ടു. അതേ പോലെ നൂൽബന്ധമില്ലാതെ പരസ്യമായി കമന്റടിക്കാരുടെ അരികിലേക്ക് അവൾ ചെല്ലും
‘‘എന്താണ്ട? എന്താണ്ട അണക്ക് മേണ്ടെദ്? പൊരേൽക്കി വരണാ? അണക്ക് കാനാമ്പാകത്തിന് കുൾച്ചാളാ. എന്തേയ്?''
ഒരു വിധത്തിൽപ്പെട്ടവരൊക്കെ ഭയന്നു പോകും.
ശകുന്തളയുടെ തെറികളുടെ വഴുപ്പ് മുഖത്തു പറ്റുമ്പോൾ പ്രാണനും കൊണ്ട് പായും.
വല്ലാത്തൊരുത്തിയാണ് ശകുന്തള.
അപാരമായ ആ ധൈര്യം ഒന്ന് കാണേണ്ടതാണ്.
ശകുന്തളയോളം എനിക്ക് അത്ഭുതം ഉണ്ടാക്കിയ ഒരു കഥാപാത്രമില്ല.
25 വയസ്സുള്ള ഒരു സ്ത്രീ 1998 ലും 2000ത്തിന്റെ തുടക്കത്തിലുമൊക്കെ രാമനാട്ടുകര പോലൊരു ദേശത്തെ കുളത്തിൽ പരസ്യമായി നഗ്‌നയായി കുളിക്കുന്ന ഒരു രംഗം. അത് കാണുന്നുവെന്നു പോലും നടിക്കാത്ത ആ നഗരത്തിലെ ജനങ്ങൾ. എല്ലാം എന്റെ കൗമാരപെണ്മയ്ക്ക് അതിസങ്കീർണമായിരുന്നു. മരക്കൂട്ടങ്ങൾക്കിടയിൽ പച്ചപ്പായൽ ജലത്തിൽ കറുത്തുകാണുന്ന അവളുടെ നഗ്‌നത ആദ്യമാദ്യം എന്നെ അസ്വസ്ഥപ്പെടുത്തി, ഒരുപരിധിവരെ എന്നിൽ വെറുപ്പുണ്ടാക്കി. എങ്കിലും ഒരു വർഷം കഴിഞ്ഞപ്പോഴേയ്ക്കും എനിക്കുമത് സ്വാഭാവികമായി. രാവിലെയും വൈകുന്നേരവും ഗുളിക കഴിക്കുന്നത് പോലെ ശകുന്തളയുടെ കറുത്ത ഉടലിന്റെ കുളിക്കാഴ്ച തീർത്തും സ്വാഭാവികമായി തീർന്നു. പരമാവധി ഞാൻ ശകുന്തളയെ ഒഴിവാക്കി.
എങ്കിലും നീന്താൻ പോകുന്ന സമയങ്ങളിൽ അപൂർവമായി ശകുന്തള കുളക്കടവിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ നഗ്‌നമായ പെണ്ണുടലിൽ നോക്കാതെയും സ്വാഭാവികമായി സംസാരിയ്ക്കവാനും എനിക്ക് ഭയം തോന്നി. ഒന്ന് കണ്ണ് തെറ്റിയാൽ, നോക്ക് പതറിയാൽ ശകുന്തള തിന്നു വെള്ളം കുടിച്ചുകളയും. കേൾക്കുന്ന ചീത്ത എത്ര വെള്ളത്തിൽ കുളിച്ചാലും പോവുകയുമില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അതും മാറി. കുളക്കടവിൽ പോയിരുന്നു നഗ്‌നയായ ശകുന്തളയോട് സംസാരിക്കുന്നതിൽ എനിക്ക് യാതൊരു മടിയും തോന്നാതെയായി. ഒരു പക്ഷെ അനിലയെക്കുറിച്ചുള്ള അന്വേഷണമാണ് എന്നെ ശകുന്തളയിൽ എത്തിച്ചത്. ശകുന്തളയാണ് ആ കഥകൾ എനിക്ക് പറഞ്ഞു തന്നു കൊണ്ടിരുന്നത്.
‘‘ഓള് നല്ല ആളാണ് ആണ്. ഗതി കെട്ടോള്. ഇക്കരക്കാരെയോ അക്കരക്കാരെയോ പോയിറ്റ് ഈ ചെറുകാവ് ദേശത്തുള്ള ഒറ്റ ആണുങ്ങളെ ഓളെ പൊരേല് കേറ്റൂലാ. ആരെയും കിട്ടിയില്ലെങ്കിൽ ഇല്ല. ഓളെ ആൾക്കാരൊക്കെ ഒക്കെ ദൂരദേശത്ത് കാരാണ്. അതൊരു വലിയ മര്യാദ അല്ലേ ?പിന്നെ സ്വന്തം പുരയിൽ ഒരു കച്ചവടവും ഇല്ല. ആകെ അപ്പൊരേല് വന്നൊരുത്തൻ അറബി ഫിറോസാ. ഓനെ ഓള് മംഗലം കെയ്ച്ചതാണ്.’’
‘‘ഒരു കുപ്പായം. ഒരു മുണ്ട്. ഷെഡി കണ്ടാ ചെമ്മീമ്പല ഇടാ’’, പറഞ്ഞ തമാശയോർത്ത് അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ഓട്ടോട്ടയായി അരിപ്പപോലെ ഉണക്കാനിട്ട ആ അടിവസ്ത്രം കാൺകെ എനിക്ക് ചിരിയ്ക്കാൻ കഴിഞ്ഞില്ല.
ശകുന്തള വാ കൊണ്ട് പച്ചപ്പായൽ വെള്ളം കുഴു കുഴ തുപ്പി.
മഴ തൂളിച്ചു തുടങ്ങിയിരുന്നു. പശപ്പുള്ള പായല്ല് അവളുടെ ഉടലിന്റെ മേലെ വലപോലെ ഒട്ടിനിന്നു.. അവൾ പാറയിൽ മലർന്നു കിടന്നു. മീനുകൾ വന്ന് അവളുടെ വിരലുകളെ ഉറിഞ്ചി. അവളുടെ മുലയുടെ നിറവും മുലച്ചുണ്ടുകളുടെ നിറവും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി.
‘‘ങ്ങൾ ന്തിനാ ങ്ങനെ കുളിക്ക്ന്ന്ത്?
‘‘ഓനെ നാണം കെടുത്താൻ''
‘‘ആരെ?''
‘‘ഇന്റെ ഓനെ'', ശകുന്തള കൃത്യമായിപ്പറഞ്ഞു.
‘‘കല്യാണം കഴിച്ചു കൊണ്ടു വരുന്ന സമയത്ത് ന്റെ ഭർത്താവ് ഇന്ന നല്ലോണം ദ്രോഹിച്ചട്ടുണ്ട്. പൊരിയുന്ന എന്തെല്ലാം നുണ പറഞ്ഞതാണ് ആ നായി വന്നത് അറയൊ? ഇവിടെ വന്നപ്പോണ് മൻസ്സിലാക്കീത്. അയാൾക്ക് രണ്ട് ഭാര്യയും നാല് കുട്ട്യാളുണ്ട്ന്ന്. അന്ന് ഇവിടെ വരുമ്പോൾ അപ്പോൾ ഇന്റെ മൂത്തോൻ സുരേശൻ പള്ളേല്ണ്ട്, ആറ് മാസായിട്ട്. ഔ, ഓനെക്കൊണ്ട് പൊറ്തി മുട്ടീന് ഞാൻ''
അതെന്തു തരം പ്രതികാരം ആണെന്ന് എനിക്ക് മനസ്സിലായതേയില്ല.
‘‘ഒരു കുപ്പായം. ഒരു മുണ്ട്. ഷെഡി കണ്ടാ ചെമ്മീമ്പല ഇടാ’’, പറഞ്ഞ തമാശയോർത്ത് അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ഓട്ടോട്ടയായി അരിപ്പപോലെ ഉണക്കാനിട്ട ആ അടിവസ്ത്രം കാൺകെ എനിക്ക് ചിരിയ്ക്കാൻ കഴിഞ്ഞില്ല.
‘‘ബ്രേസിയറുല്ല. ഒരു മുണ്ട് അധികമിള്ളത് കീറ്യാണ്ട് കുട്ടിക്ക്ള്ള തുണ്യാക്കി. മാറ്റാൻ തുണില്ലാത്തോണ്ട് അതൂരി വെച്ചുങ്കാണ്ട് കുളിച്ചതാണ്. പക്ഷെ അത് ബയങ്കരായ്ട്ട് നാട്ടില് പാട്ടായി''
‘‘എന്ത്?''
‘‘കുര് സാമി രമേശന്റെ ഓള് പറക്കുട്ടി വിളയാടുന്ന പറമ്പിലെ കുളത്തിൽ ഉടുതുണിയില്ലാതെ കുളിക്കുന്ന്ന്ന്. ഇക്കതിഷ്ടപ്പെട്ട്. നാട്ടിലൊക്കെ അത് പാട്ടായി. രമേശനു മുന്ത്യേ നാണക്കേടായി. അത് ഇനിക്കിഷ്ടപ്പെട്ട്.''
ശകുന്തള ചിരിക്കുമ്പോൾ പാറയിൽ വിള്ളൽ പൊട്ടി. വെള്ളക്ക്ന്മദം മുത്തായിത്തിളങ്ങി.
രമേശന്റോള് രമേശന്റോള് എന്ന അപരനാമത്തിൽ ശകുന്തള എന്ന പേര് തേഞ്ഞു മാഞ്ഞു പോയി.
‘‘ഹാവൂ ന്റെ കുട്ടിയെ, ഈ രമേശനീ പെങ്കുട്ടിനെ എങ്‌നേണ് വളച്ചു കൊണ്ടന്നത് ആർക്വറീല്ല. മൂന്നാറോ രാജാക്കാടോ അങ്ങനെ ദൂരെ ഇടുക്കീമ്മലാ ഓള പെര. തമിഴന്മാരാണ് ശരിക്ക്. പക്ഷേ, മലയാളികളായിട്ട് കൊറെ നാളായി. കുമളിയോ ചൊക്രമുടിക്കുട്യോ അങ്ങനെ അങ്ങനെ എന്ത്‌ത്തോ ആണ് പേരു കുട്ട്യേ. ആർക്കാ നിച്ചം. ദെന്നെ രമേശന്റെ മൂത്ത ഓള് പറഞ്ഞെമ്മൽന്ന് കിട്ട്യേ വെവരാ. തേയിൽപ്പണീട്ക്ക്ണ കൂട്ടർക്ക് എന്തോരു സ്ഥലണ്ട്. ലായന്നോ പാടീന്നോ അങ്ങ്‌നത്തെ പേരാമ്പോലും. ലൈനുമുറീന്റെ ചേല്ക്ക് അട്ട്യട്ട്യായിങ്കാണ്ട് പോലുള്ള സ്ഥലത്ത് കുറെ ആൾക്കാർ താമസിക്കുന്ന അങ്ങനെ ഒരു പേരിൽ നിന്നും കൊണ്ടുവന്നതാണ്.''
മാള്വേമ്മന്റെ മൂത്തച്ചി പെണ്ണൂട്ടി തേപ്പുതുണി അടിച്ച് തിരുമ്മി.
അടുക്കളയിലെ കരിയും എണ്ണയും കലങ്ങി കുളത്തിലെ വെള്ളം കറുപ്പായി.
‘‘ഇന്നായി'', ശകുന്തള പതിവ് പോലെ അയാളെ നായയെന്നു വിളിച്ചു തുടങ്ങി
‘‘ചെന്നായിന്നൊക്കെ കേട്ട്ണ്ട്. ഇന്നായി ആദ്യായിട്ടാ'', എന്റെ ചിരിയുച്ചത്തിലായി.
‘‘കുട്ട്യോക്കൊക്കെ ചിര്യാണ്. ആയാള് പെരുന്നായി ആണ്. ന്റെ വീട്ടിലെ ഇയാള് കുരുസ്വാമി ആയിട്ട് വന്നാണ്. ശബരിമല പോവാൻ വേണ്ടിള്ളോർക്ക് ചെല പ്രത്യേക പൂജ, വെച്ചൊടുക്കല് അങ്ങനെ.'' ശകുന്തള തന്റെ ലായത്തിന്റെ ഓർമയിലേയ്ക്ക് പോയി.
‘‘കന്നി സാമിക്ക് പൂജാ കർമ്മങ്ങൾ ഒക്കെ ചെയ്യാൻ വേണ്ടി വന്ന ആളാണ്. കന്നിമാരെ പെഴപ്പിക്കലേർന്നു പണി. എനിക്ക് തൊട്ടാപ്പൊട്ട്ണ പ്രായേനി. കെർപ്പായി. അങ്ങനെ വീട്ടുകാരുടെയും നാട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി കല്യാണ്വായി. ഇന്നാട്ടിലുമെത്തി. അല്ല അന്നായി എത്തിച്ചു.''
ശകുന്തളയുടെ കുട്ടി വെണ്ണിലാ പാലു കുടിയ്ക്കുന്നത് നിർത്തി എന്നെ തല ചെരിച്ചു നോക്കി. അമ്മയുടെ അതേ മുഖം, അതേ ഭംഗിയിൽ തുരുതുരാ നീണ്ട കൺപീലികൾ കൂട്ടുപുരികവും കുഞ്ഞിച്ചുണ്ടും തേന്നിറവും.
‘‘വടെ വന്നപ്പഴാണ് മനസ്സിലായെ ഓന് പറഞ്ഞതിലധികം വയസ്സുണ്ട്ന്നും ഭാര്യയും വേറെ കുട്ടികള്‌ണ്ടെന്നും. ദൊന്നും പോരാഞ്ഞിറ്റ് പുളിക്കലിബന് രണ്ടാമത് ഒരു ഭാര്യയും രണ്ട് കുട്ട്യാളുണ്ട്. ഇനിം ഏടെങ്കിലുൻടോന്നാർക്കറയാം'', ശകുന്തളയുടെ കണ്ണിൽ പറങ്ക്യാവിന്റെ പൂ തൊഴിഞ്ഞു. കണ്ണുകൾ കലങ്ങിച്ചുവന്നു.
രമേശൻ എന്നാൽ നിറവ്. രമേശൻ എന്നാൽ ആഹാരം. രമേശനെന്നാൽ കാരുണ്യം. വളകളും പൊട്ടും ചാന്തും കൺമഷിയും പിന്നെ പിന്നെ ചിന്നാളന്തുണിയുടെ ദാവണികളും കണ്ടപ്പോൾ കുതിരലായത്തിന്റെ പുറകിലെ വൈക്കോൽത്തുറുവിൽ വെച്ച് രമേശനെ ശകുന്തള ആരും കാണാതെ പ്രേമിച്ചു.
ശകുന്തളയുടെ കഥ സാമിയാറളക്കുടിയുടെയും ചൊക്രമുടിക്കുടിയുടേയും മൂന്നാറിലെ തേയിലത്തോട്ടത്തിലെ ഏത് ലായക്കുടികളുടെയും പഴകിത്തേഞ്ഞ കഥതന്നെയായിരുന്നു. ഒരു പ്രായത്തിൽ എല്ലാ തേയിലത്തൊഴിലാളി മക്കളും ജീവിക്കുന്ന സാധാരണ തമിഴ് ജീവിതം തന്നെയായിരുന്നു ശകുന്തളയുടേതും. 1980 കളിൽ രാജമലയിലെ കങ്കാണിമാർ ബ്രിട്ടീഷുകാർക്കു വേണ്ടി വലയിട്ടു പിടിച്ചു കൊണ്ടുവന്ന ഏതോ ആണിന്റെയും പെണ്ണിന്റെയും പിന്തുടർച്ച. തേയില തോട്ട ഉടമയായ ബ്രിട്ടീഷുകാരുടെ ഔദാര്യത്തിൽ കുതിരലായ താമസം. ഇടുങ്ങിയ മുറികളിൽ പാട്ടിയും താത്തയും അപ്പനും അമ്മയും ഏഴെട്ട് കുട്ടികളും.
തീരുന്ന വിശപ്പാണ് അക്കാലത്ത് ഏറ്റവും വലിയ ആർഭാടം.
ഒരു നേരം പോലും ആഹാരമെന്ന ആർഭാടത്തിനു കഴിയാത്ത അവസ്ഥ. നിത്യവും മധുരപലഹാരങ്ങളുമായി വരുന്ന രമേശൻ. മധുര വാക്കുകളെക്കാൾ പ്രിയതരമായ ചായപ്പലഹാര പൊതികൾ. ആ മണ്ഡല കാലത്തിന്റെ കൊടിയ തണുപ്പിൽ വൈകുന്നേരങ്ങളിൽ ചൂടു വിടാത്ത ദോശയും ഇഡ്ഡലിയും മെദുവായ ഉഴുന്നുവടയും ആദ്യം അവളിലെ വിശപ്പെന്ന ചോദനയെ അടക്കി. എല്ലാ വീടുകളിൽ നിന്നും കിട്ടുന്ന പ്രസാദ അവിലും മലരും ഗുരുസിയുടെ അരിയും കോഴിയും അറുത്ത ആടിന്റെ ചോരയും തലയും രമേശൻ കൊണ്ടുവന്ന് കൊടുക്കെ, കാരുണ്യത്തിന് പച്ചയുറവ പൊട്ടിയ ആ മെലിഞ്ഞ മനുഷ്യനെ നോക്കിനിൽക്കെ കണ്ണിൽ നീരുതിർത്ത് അവൾ ചിരിച്ചു. പൂജയുടെയും ഗുരുസി കളുടെയും കാലത്ത് ശകുന്തളയുടെ വീട്ടിൽ പോയി ആഹ്ലാദത്തിന്റെ മധുര ദിനങ്ങൾ ദിനേന സമ്മാനിക്കാൻ രമേശന് കഴിഞ്ഞു. താത്തയ്ക്കും പാട്ടിയ്ക്കും അപ്പവുക്കും കാച്ചിയ റാക്കും ചീടയും ബെറ്റെയും നൽകി. രമേശൻ എന്നാൽ നിറവ്. രമേശൻ എന്നാൽ ആഹാരം. രമേശനെന്നാൽ കാരുണ്യം. വളകളും പൊട്ടും ചാന്തും കൺമഷിയും പിന്നെ പിന്നെ ചിന്നാളന്തുണിയുടെ ദാവണികളും കണ്ടപ്പോൾ കുതിരലായത്തിന്റെ പുറകിലെ വൈക്കോൽത്തുറുവിൽ വെച്ച് രമേശനെ ശകുന്തള ആരും കാണാതെ പ്രേമിച്ചു. അയാളുടെ നെഞ്ചിനു അപ്പോൾ മൊരിഞ്ഞ നെയ്‌ദോശയുടെ മണമായിരുന്നു. വിരൽത്തുമ്പിൽ കടുകെണ്ണ മണത്തു. ചെവിത്തട്ടയിൽ കാപ്പിപ്പൂവിടർന്നു. പൊക്കിളിൽ തേയിലച്ചെടി. അപ്പോൾ രമേശൻ മുന്നോട്ടുവെച്ച കല്യാണാലോചനയ്ക്ക് അവൾ സമ്മതം മൂളി. മെലിഞ്ഞ നെറ്റിയിൽ വീണു തുടങ്ങിയ മുടിയവളതൊക്കി.
രമേശനൊന്നു പരുങ്ങിയെങ്കിലും പറഞ്ഞു; ‘‘അകാലനര. ഇച്ച്രെ കഷണ്ടി പാരമ്പര്യൊന്ന്വല്ല. എന്റെ തന്തന്റെ മുടി ഇക്കണ്ട കാലായ്റ്റും നരച്ചിറ്റില്ല. ഞാനധ്വാന്യാന്ന്, ചെറുപ്പത്തിൽ ഒറക്കളച്ച് കണ്ടമാനം ജോലി ചെയ്തിരുന്നു, അയിന്റെയാ''
പത്തൊമ്പതുകാരിയ്ക്ക് പ്രായത്തിന്റെയോ വാർദ്ധക്യത്തിന്റെയോ കളികളറിയില്ല. ‘‘എല്ലാർക്കും ഇങ്ങനൊക്കെത്തന്ന്യേണ്'', മുണ്ട് വലിച്ചുടുക്കെ രമേശൻ ശകുന്തളയെ പറഞ്ഞു വിശ്വസിപ്പിച്ചു. അയാളുടെ മെലിഞ്ഞ കൈകളും കാലുകളും എന്നിട്ടും രമേശന്റെ പ്രായത്തെ ഒറ്റി.
‘‘കണ്ണെ ഇങ്കെപ്പാറ് കണ്ണെ?'', അവൻ സങ്കടം സഹിക്കാതെ വിതുമ്പി.
‘‘40 വയതാ ? ഇല്ലാ തങ്കം. അവങ്കെ ഉങ്കളെ ഏമാത്ത്രാറ്. അവർക്ക് അത്ക്കും റുമ്പ് ജാസ്തി പ്രായം ഇറ്ക്ക്. പൊയിമുണ്ടം'' ശകുന്തളയുടെ മുറൈമാമൻ സെൽവൻ ശകുന്തള കൈവിട്ടു പോകുന്നത് കണ്ട് സത്യം പറയാൻ ശ്രമിച്ചു.
‘‘യ്യെം അപ്പടിയിപ്പിടിയാ അവ്ങ്കളെ തിട്ട്രേ?'' , തലേന്ന് ചെത്തുകാരന്റെ ധൃതിയിൽ ഉടലിൽ കയറാൻ ശ്രമിക്കെ രമേശൻ കയ്യിൽ പിടിപ്പിച്ച മധുരസേവയുടെ രുചി വായിൽ തേട്ടി.
‘‘അവര് റൊമ്പ റൊമ്പ നല്ലവ്‌ങ്കെ'', മധുരസേവയും മസാലദോശയും വെണ്ണയൂത്തപ്പവും ഓർക്കെ ശകുന്തളയുടെ പള്ളയിൽ നിന്നും പ്രേമം വേരു പൊട്ടി. കുതിരലായത്തിന്റെ വൈക്കോൽക്കുണ്ടകളിൽക്കിടന്നതിനാൽ തിണർത്ത തുടയും കൈകളും അവൾ മാന്തി. ആട്ടുഞ്ചോരപാർന്ന് ഉള്ളിമൂപ്പിച്ച് കാട്ടു കൂണും കട്ടൂറ്റിയ കേതക്കെഴങ്ങുമിട്ടുണ്ടാക്കുന്ന ചവർക്കുന്ന ആ രുചി മാത്രമേ അൽപ്പമെങ്കിലും അസഹനീയമായിരുന്നുള്ളു. പാൽഗോവയും ലഡ്ഡുവും ജിലേബിയും തിന്ന് കണ്ണുകളടയ്ക്കുമ്പോഴേയ്ക്കും ചെത്തു തീരും ചവർപ്പും.
‘‘തങ്കം, നാനിങ്കെ വേലയ്ക്ക് പോകലെ എന്നെനാ എനക്ക് മലേഷ്യാവുക്ക് പോണോം അദ്ക്കാകെടാ. ചെല്ലാം എല്ലാമെ ഉനക്ക് തരും. മലേഷ്യാവിലും കൊണ്ടു പോകും. പോകാതെടി''
‘‘ഇല്ലെ നാൻ കണ്ടിപ്പാ പോകും'', ശകുന്തള കട്ടായം പറഞ്ഞു.
ചേറും ചാണകവും തേയിലക്കൊളുന്തും മാത്രം മണക്കുന്ന ഈ ലായം. അതിന്റെ ഇടുക്ക്, അഴുക്ക് കറുപ്പ്. അതിൽനിന്ന് മൂന്നു കിലോമീറ്റർ മാറിയ അടുത്ത ലായം. ഈ ചാണകമണമുറിയിൽ നിന്ന് അടുത്ത പാടിയിലെ മുറിയിലേക്ക് നടന്നുപോകുന്ന വിശേഷമാണ് തനിയ്ക്കും സെല്വനും ഇടയിലെ തിരുമണമെന്നവൾക്ക് ബോധ്യമുണ്ടായിരുന്നു. എത്ര കൂട്ടിയും കിഴിച്ചും നോക്കിയിട്ടും രമേശന് തന്നെയായിരുന്നു തൂക്കം. മസാലദോശയും ഉള്ളിച്ചട്ട്ണിയും ബോട്ടിക്കറിയും പഴമ്പൊരിയും ചേർന്നെടുപ്പിച്ച കല്യാണം.
അയാൾ ദിനേശ്ബീഡി പുകച്ചുകൊണ്ട് ശകുന്തളയെ നോക്കാതെ ഒതുക്കുകല്ലുകൾ കയറി. ശകുന്തള ഒരുപാടു താഴെയായിരുന്നു. അവൾ പാറപ്പുറത്തിരുന്നു. പുല്ലാഞ്ഞിയിൽ ഇരുളൊപ്പം മയങ്ങിയ മൂർഖൻ സീൽക്കാരസ്വരമിട്ടു.
സെല്വനായിരുന്നു ശരിയെന്ന് അറിയാൻ രാമനാട്ടുകരയിലെത്തേണ്ടി വന്നു. രമേശൻ പറഞ്ഞ 37 വയസ്സ് തന്നെയും അവർക്കിടയിൽ 20 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടാക്കിയിരുന്നു. യഥാർത്ഥത്തിൽ രമേശന്റെ പ്രായം 53 വയസ്സായിരുന്നു. 36 വയസ്സ് കൂടുതൽ. 53 കാരനായ രമേശൻ പതിനെട്ടുകാരിയായ ശകുന്തളയെ കല്യാണം കഴിച്ചു.
ചാണകവും ചേറും മലയും തേയിലയും മണക്കുന്ന തണുപ്പിന്റെ വഴിയിൽ നിന്നും സെല്വനെയും അവന്റെ പ്രേമത്തെയും ഉപേക്ഷിച്ചു, നാട്ടുവയലിന്റെ ചോറ്റുമണവും നീലിത്തോടിന്റെ പാട്ടുമുള്ള രാമനാട്ടുകരയിലേക്ക് ബസ്സിൽ വരുമ്പോൾ ശകുന്തള കണ്ണുകൾ ഇറുക്കിയടച്ചു. എന്തൊരു സുഖകരമായ കാലാവസ്ഥ. കൊടിയ തണുപ്പിന്റെ ശല്യമില്ലാത്ത ഏറനാടൻ കാറ്റ്. പേരറിയാത്ത അസംഖ്യം കുന്നുകളും ചെറു തോടുകളും വയലുകളും കാവുകളും കടന്നു അവർ വൈദ്യരങ്ങാടിയിൽ ബസ്സിറങ്ങി.
ആറുമാസം വയർ ദീർഘദൂര യാത്രയിൽ ഒന്നുകൂടി തിടം വെച്ച് ഉയർന്നിരുന്നു.
‘‘മാമാ മുടിയാത്. വലിക്കിത് മാമാ. ഇനിയെവ്വ്‌ളവ് ദൂറം'', ശകുന്തള ആസ്യക്കുന്ന് കയറെ കിതച്ചു. രമേശനൊന്നും മിണ്ടിയില്ല. അവൾക്ക് കാലും അടിവയറും വലിയുന്ന വേദന തോന്നി. അതായിരുന്നു താൻ വൈദ്യരങ്ങാടിയിൽ താമസം തുടങ്ങിയതിനു ശേഷമുള്ള തന്റെ ഏറ്റവും ചെറിയ വേദന എന്ന് ശകുന്തള അറിഞ്ഞിരുന്നില്ല.
എന്റെ അച്ഛന്റെ പ്രായമുള്ള രമേശൻ. എന്റെ പ്രായമുള്ള വിദ്യയുടെയും 20 വയസ്സുള്ള ദിവ്യച്ചേച്ചിയുടേയും അച്ഛൻ. അതും പോരാഞ്ഞ് പുല്ലും കുന്നത്ത് റോജ മണിയുടെ കാമുകൻ. അവളുടെ രണ്ടുപെൺകുട്ടികളുടെ അച്ഛൻ. അയാൾ ദിനേശ്ബീഡി പുകച്ചുകൊണ്ട് ശകുന്തളയെ നോക്കാതെ ഒതുക്കുകല്ലുകൾ കയറി. ശകുന്തള ഒരുപാടു താഴെയായിരുന്നു. അവൾ പാറപ്പുറത്തിരുന്നു. പുല്ലാഞ്ഞിയിൽ ഇരുളൊപ്പം മയങ്ങിയ മൂർഖൻ സീൽക്കാരസ്വരമിട്ടു.
രമേശൻ പതിനെട്ടുകാരി തമിഴത്തിയുമായി കയറി വന്നപ്പോൾ ദിവ്യയും വിദ്യയും അമ്മയ്‌ക്കൊപ്പം അലറിക്കരഞ്ഞു. അച്ഛൻ വീണ്ടും വിവാഹം ചെയ്തല്ലോ എന്നോർത്ത് മക്കൾ അലമുറയിട്ടു കൊണ്ടേയിരുന്നു. വീണ്ടും മകളെക്കാൾ ഒരുവയസ്സിളപ്പമുള്ള ഒരു പെൺകുട്ടി കൂടി കുടുങ്ങിയല്ലോ എന്നോർത്ത് വിദ്യയുടെ അമ്മ വിലാസിനി വാ പൊത്തി പൊട്ടിക്കരഞ്ഞു.
‘‘അമ്മ, സകുന്തള ചെല്ലമേ ചെല്ലക്കുടമേ'' എന്ന് മാത്രം ഓമനിച്ച നാവുകൊണ്ട്, അനർഗനിർഗളം ആയി തെറി ചിതറി. അതു കേട്ട് ശകുന്തളയ്ക്ക് തല മിന്നി. വിശപ്പ് കടലിനേക്കാളും ആഴത്തിൽ വയറ്റിൽ അലമുറയിട്ടുകൊണ്ടിരുന്നു. താൻ ഏതു ലോകത്തു നിന്നാണ് ഓടിപ്പോന്നത്, താൻ ഏത് ലോകത്തെയാണ് ഭയന്നത്, ആ ലോകം അതിനേക്കാൾ ക്രൂരമായ സത്യം പല്ലു കാണിച്ച് ചിരിച്ചുകൊണ്ടേയിരുന്നു.
വയറുനിറച്ച് ഭക്ഷണം ഇല്ല എന്നതായിരുന്നു ശകുന്തളക്കുണ്ടായ ആദ്യ മുറിവ്. വിലാസിനി ഇന്ന് കൊടുത്ത ഉപ്പിട്ട കഞ്ഞി തൊണ്ടയിൽ കുടുങ്ങി കിടക്കുന്നത് പോലെ തോന്നി അവൾക്ക്. ഉണക്കമീനിന്റെ ഉപ്പിൽ പിൽജീവിതം ചവർത്ത പോലെ നാവു കല്ലിച്ചു.
‘‘അന്നെങ്കൂട്യെ ഞാൻ പേറേണ്ടതുള്ളൂ ’’, പ്രാകണോ പിന്തള്ളണോ എന്നറിയാതെ വിലാസിനി പറഞ്ഞു.
ഇടയ്ക്ക് വരും. ഇഷ്ടമില്ലെങ്കിലും വലിച്ചു കൊണ്ടു പോകും. മധുരസേവയോ ജിലേബിക്കഷണമോ കിട്ടിയിരുന്നെങ്കിൽ എന്നു കണ്ണടച്ചു ആലോചിച്ച് അവൾ കരഞ്ഞു.
‘‘രമേശേട്ടന് പ്രമേഹാണ്'', അതെന്താണെന്നോ അതെങ്ങനെയാണെന്നോ അവൾക്ക് മനസ്സിലായില്ല.
‘‘പണ്ടാരക്കാലൻ ഇക്കൂട്ടിനെക്കൂടി'', വിലാസിനി പ്രാകി
ശകുന്തളയുടെ ആദ്യത്തെ പ്രസവം, സുരേശൻ എന്ന ആൺകുട്ടി എല്ലാം വിലാസിനിയുടെ ഔദാര്യത്തിൽ നടന്നു.
ലായത്തിൽ ആയിരുന്നുവെങ്കിൽ എങ്കിൽ ജെപി എച്ചന്മാർ വന്ന് ഇഞ്ചക്ഷനും മരുന്നുകളും നൽകിയേനെ. കാട്ടു ഇറച്ചിയും കാട്ടുപഴങ്ങളും കിഴങ്ങുകളും കിട്ടിയേനെ. വളകാപ്പ് നടത്തിയേനെ. ഉപ്പിട്ട കഞ്ഞിവെള്ളം തേട്ടിത്തേട്ടിവരെ ഡോക്ടർക്കെടുത്ത ചീട്ടും പിടിച്ച് പഞ്ചായത്താശുപത്രിയിലെ മൊസൈക്ക് തറയിൽ അവൾ സുരേശനെ പെറ്റു.
‘‘ഇന്റെ അരളിപ്പൊറത്തപ്പാ'', വിലാസിനി ഓടി വന്നപ്പോഴേയ്ക്കും പേറും കഴിഞ്ഞു.
സെല്വന്റെ പെണ്ണിന്റെ വളകാപ്പിനാണ് നാലു വർഷങ്ങൾക്കു ശേഷം അവൾ തിരികെ വീട്ടിലേക്ക് പോയത്. ശകുന്തള പൊട്ടിക്കരയാതെ പിടിച്ചുനിന്നു. സർക്കാർ വെച്ചു കൊടുത്ത പുതിയ വീടുകളിൽ നല്ല വെളിച്ചമുണ്ടായിരുന്നു. നല്ല കക്കൂസ്സുകളും കിണറും ഉണ്ടായിരുന്നു.
പോരാൻ നേരത്ത് മാത്രമാണ് അവൾ സെല്വനെ കണ്ടത്. അവൻ മലേഷ്യായിൽ ചായത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു.
‘‘മാമാ മന്നിച്ചെടുങ്കോ ...മാമ മന്നിച്ചെടുങ്കോ'' അവളുടെ കണ്ണുകളിലൂടെ കണ്ണീർ ധാരധാരയായി ഒഴുകി.
‘‘തെരിയാമെ, പണ്ണിയിട്ടോം മാമാ. തെരിയാമെ''
‘‘എന്നെ സെല്ലോ എന്നാച്ച് ? ഉണക്ക് അങ്കേ എതാവത് പ്രചന ഇരുക്ക?''
അവൾ ഒന്നും മിണ്ടിയില്ല. എന്തു മിണ്ടാനാണ്? ചൂടുള്ള ദോശയും ഇഡ്ഡലിയും കണ്ടു എന്റെ വയർ എന്റെ വിശപ്പ് നിന്നെ ചതിച്ചു എന്നോ?
‘‘നീങ്കെ യെപ്പൊടി?''
സെൽവൻ വിളറിയ ചിരി ചിരിച്ചു: ‘‘എച്ച്മിയെ യെനക്ക് റൊമ്പ പുടിക്കും. ഉന്നുടെ തങ്കാ താനെ. ആനാൽ സെല്ലം എന്നോടെ സകുന്തളാവെ അതുക്കും ജാസ്തി പുടിക്കും. ഉങ്കളെ വിട്ടു പോന അന്ത വലി അത് എന്നാൽ ഇപ്പോവും താങ്കമുടിയലെ. ഇപ്പോ ഇന്ത നിമിഷത്തിലും എനക്ക് താങ്കമുടിയലെ. നാൻ എന്ന സെയ്യണം?’’- സെല്വൻ കയ്യിലിരുന്ന കവർ നീട്ടി.
കാഞ്ചീപുരപ്പട്ട്, മലേഷ്യൻ ലേസ്സ് ബ്രേസിയർ, മിനുസമുള്ള ഭംഗിയുള്ള ഫ്രില്ല് ജട്ടി. സുരേശനു ടീഷർട്ട്.
ശകുന്തള പൊട്ടിക്കരഞ്ഞു; ‘‘യാർക്കും ഒണ്ണും പണ്ണ മുടിയാതെടാ. ഇത് യെന്നോടെ വിതി. സത്യമാ യെൻ തലയിലെഴുത്ത്. യെച്ച്മിയെ നീ നല്ലാ പാത്തുക്കോ.''
രാമനാട്ടുകരയിലെ അഴുക്കുതെറി മാത്രം പറഞ്ഞ്, പച്ച ചീത്തകൾ മാത്രം ഉരുവിട്ട അവളുടെ വായയെക്കുറിച്ചും പേച്ചിനെക്കുറിച്ചും കേൾക്കുമ്പോൾതന്നെ എന്നെ അറയ്ക്കുന്ന പോലെയായിരുന്നു.
ഞാനും അമ്മയും വിഷമത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. അപ്പോഴേക്കും അവൾക്ക് രണ്ടാമത്തെ കുട്ടിയും പിറന്നിരുന്നു. വെണ്ണില. ദിവ്യച്ചേച്ചിയുടെ കല്യാണമായപ്പോൾ ശകുന്തളയ്ക്ക് വിലാസിനിയുടെ വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വന്നു. തമിഴന്മാർ വാടകയ്ക്ക് താമസിക്കുന്ന ഒരു മുറിയിലാണ് ആണ് അവളെ പാർപ്പിച്ചിരിക്കുന്നത്.
‘‘വിലാസിനി അക്കെ റൊമ്പ നല്ല ആള്. തങ്കമാനവങ്കെ. എന്നെ ഒരു തായ്മാതിരിയെ സേർത്തവങ്കെ. അവൻകൈ ഇല്ലാന്നാ നാൻ കണ്ടിപ്പാ തക്കോല പണ്ണീയിരുന്തോം.''
ശകുന്തളയുടെ വായിൽ നിന്ന് ആദ്യമായി തമിഴ് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അത്രയും മനോഹരമായിരുന്നു അത്. അവളുടെ ശരിയായ ഭാഷ. രാമനാട്ടുകരയിലെ അഴുക്കുതെറി മാത്രം പറഞ്ഞ്, പച്ച ചീത്തകൾ മാത്രം ഉരുവിട്ട അവളുടെ വായയെക്കുറിച്ചും പേച്ചിനെക്കുറിച്ചും കേൾക്കുമ്പോൾതന്നെ എന്നെ അറയ്ക്കുന്ന പോലെയായിരുന്നു. നാടിനെക്കുറിച്ച് ഓർത്തതും വീടിനെക്കുറിച്ച് ഓർത്തതും അവൾ അവൾ തന്റെ സ്വന്ത ഭാഷയെ തിരികെ പിടിച്ചു.
വർഷങ്ങൾ കഴിഞ്ഞു. സുരേശനെയും സൈക്കിളിൽ വച്ച് രമേശൻ പോകുന്നത് ഞാൻ കണ്ടു.
‘‘അമ്മ അമ്മ ശകുന്തള കുളിക്കാൻ വരാറില്ലേ ?''
‘‘ഓ രണ്ടുകൊല്ലമായി അവള് പോയി. ഇടുക്കീലേയ്ക്ക് പോയി. വീട്ട്ക്കാര് വന്നു കൊണ്ടോവാരുന്നു.
ആ ചെക്കനെ രമേശൻ കൊടുത്തില്ല. അവളാ പെണ്ണിനെ മാത്രം കൊണ്ടുപോയി.
‘‘ഇവിടെ വന്നിരുന്നു. ഇടപെറ്റാൻ പറ്റുമോന്നു ചോദിച്ചിട്ട്. എന്തൊരു കരച്ചിലായിരുന്നുന്നറിയോ പാവം. എന്തൊക്കെ സഹിച്ചാണ് പോയത്.പോയി രക്ഷപ്പെടട്ടെ ടീ.’’
എന്റെ അമ്മ അങ്ങനെ പറഞ്ഞെങ്കിലും രാജമലയിൽ ലെ ചക്രമുടിയിലെ കുതിരലായം പോലെയുള്ള ലൈൻ വീടുകൾ ഓർമ്മയിൽനിന്ന് തിളങ്ങി. ചാണകം മണക്കുന്ന ഇടുങ്ങിയ മുറ്റങ്ങൾ ഈർപ്പം മാറാത്ത നടവഴികൾ. കന്നാലി യെ തട്ടി നടക്കാൻ കഴിയാത്ത ദാരിദ്ര്യത്തിന്റെ തേയില വഴികൾ.
പിന്നെയും വർഷങ്ങൾ കഴിഞ്ഞു. ഒരിക്കൽ എനിക്ക് ശകുന്തളയുടെ നാട്ടിൽ പോകാൻ അവസരമുണ്ടായി. സീന്നദൊരെ, എച്ച്മി, സെൽവൻ... കുറച്ചു പേരുകൾ പറഞ്ഞപ്പോൾതന്നെ ആളുകൾക്ക് അവളുടെ വീട് മനസ്സിലായി ആയി.
ശകുന്തളയുടെ അമ്മയെ കണ്ടുപിടിച്ചു. അവർക്ക് വളരെ സന്തോഷമായി അവരെന്നോട് സുരേശനെനെ പറ്റി ചോദിച്ചു. വലിയ കുട്ടിയായി ഒറ്റയ്ക്ക് സൈക്കിളിൽ പോകുന്ന വിവരം ഞാൻ പറഞ്ഞു.
‘‘ശകുന്തള?’’
‘‘ഇങ്കെയില്ലെ, മലേസ്യാവ്ല്''
‘‘ജോലി കിട്ടിയോ’’
‘‘അമ്മാങ്കെ വേലെയും കെടച്ച്ട്ച്ച് തിരുമണവും പൺനിയാച്ച് ഒരു പയ്യനും പൊറന്താച്ച്'', അവളുടെ അമ്മ ആശ്വാസത്തോടെ ചിരിച്ചു.
‘‘അവളൊടെ തങ്ക യെച്ച്മി. അവങ്കെ റണ്ടാവത് ഡെലിവറിയിലെ എരിന്ത്ട്ടാങ്കെ -അത് നാല്താ നാങ്കെ കേരളാവ്‌ള് പോയി അവങ്കെ കൊണ്ടുവന്തൊ. യെന്നോടെ തമ്പി സെൽവൻക്ക് യെച്ച്മിയേക്കാളും ഉയിർ യെൻ സകുന്തള. അപ്പടിയും ഒരു വിതി''
അവർ അകത്തു പോയി പോയി ഫ്രെയിം ചെയ്ത ഒരുഫോട്ടോ എടുത്തു കൊണ്ടുവന്നു. സെൽവനും ശകുന്തളയും. പുതിയ പുരുഷനും പൊണ്ടാട്ടിയും. വലിയ ചോന്ന കുങ്കുമപ്പൊട്ട് നെറ്റിയിലേയ്ക്ക് തൂളിക്കിടക്കുന്നതിന്റെ ഭംഗി. എണ്ണയിട്ടു ചീകിയെടുത്ത മുടിയിഴകളിൽ താഴമ്പൂവസന്തം. സ്വർണ്ണക്കസവിൽ ആനക്കുട്ടികളോടുന്ന കാഞ്ചീപുരത്ത് പട്ടുസാരിയും വലിയ തിളങ്ങുന്ന വജ്റ മൂക്കുത്തിയും മുത്തുകളായിത്തിളങ്ങുന്ന കന്മദച്ചിരിയുമായി അവൾ എന്നെ നോക്കി നിന്നു.
അവളുടെ കണ്ണുകളിൽ ഒന്നുമാത്രം ഉണ്ടായിരുന്നില്ല...
പശി
പശി
ജീവിതപ്പെരുങ്കാലപ്പശി. ▮