ഇന്ദു മേനോൻ

ബ്രോ. ഭാസ്

‘‘അയാൾ സമ്മതിക്കുമെങ്കിൽ തീർച്ചയായും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കും’’ എന്ന് എന്നിലെ ദുർബലയായ ഹോമോസാപ്പിയൻ പെണ്ണ് കരുതി. ഞാൻ മുഖമുയർത്തിയില്ല. ആദിമമായ ഒരു ലജ്ജയോ ഭയമോ എന്നെ ചൂഴ്​ന്നുനിന്നു.

ഥ തുടങ്ങുമ്പോൾ എനിക്ക് 20 വയസ്സാണ്.
പി.ജിക്ക് ഗുരുവായൂരപ്പനിൽ ചേർന്ന കാലം.
കൗമാരം വിട്ട് യൗവ്വനത്തിലേയ്ക്കു ചെറുതായ ചെറുപ്പം.

നരവംശശാസ്ത്രം ഗൗരവമായി പഠിക്കണമെന്നും കഥയും കവിതയും നോവലും എഴുതണമെന്നും എഴുത്തിന്റെ അക്ഷരച്ചുഴിപ്പുകളിലെ അഗാധതകളിൽ വീണ് മുങ്ങിമരിക്കണമെന്നും ഉന്മാദിയായി നടക്കുന്ന കാലം.

അങ്ങനെയുള്ള കാലത്താണ് ആദ്യത്തെ കല്യാണാലോചനകളിൽ ഒന്ന് വരുന്നത്.
കല്യാണച്ചെക്കൻ മിടുമിടുക്കനാണ് എന്നതായിരുന്നു ഏറ്റവും ആകർഷകമായ സംഭവം.

വമ്പിച്ച അളവിൽ പോരാ, അതി വമ്പിച്ച അളവിൽ തന്നെ ചങ്ങായി മിടുമിടുമിടുമിടുക്കനായിരുന്നു. സ്‌കൂൾ കാലഘട്ടങ്ങളിൽ തന്നെ കട്ടിക്കണ്ണട വെയ്ക്കത്തക്കവണ്ണമുള്ള വായനക്കാരൻ. ഉയർന്ന അക്കാദമിക മികവ്. ഏതാണ്ട് റാങ്കോളം മാർക്കുള്ള എസ്.എസ്.എൽ.സി വിജയം. എൻട്രൻസിലെ വമ്പൻ റാങ്ക്. ആൾ ഇന്ത്യാ സെലക്ഷൻ. ഐ.ഐ.ടി ഉപരിപഠനം. കാമ്പസ് ഇന്റർവ്യൂയിലൂടെ മികച്ച ഐ.ടി ജോലി. അന്നത്തെ കാലത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും ഉയർന്ന സാലറികളിൽ ഒന്ന്.

‘‘55,000 രൂപ ഓന് പെരേയ്ക്കി കൊണ്ടോകാൻ കയ്യും. ടേക്ക്‌സ് കയിച്ചിട്ട്''; ബ്രോക്കർ ഭാസ് എങ്കിര ഭാസ്‌കരപിള്ള പറഞ്ഞു. ആളപ്പോൾ ചില്ലറക്കാരനല്ല. അച്ഛനുമമ്മയും മുഖാമുഖം നോക്കി.

ഒരേയൊരു പ്രശ്‌നം, ചെക്കന്റെ വയസ്സ്; വെറും 23.

‘‘ഓഹ് അയ്‌നിപ്പെന്താ? ചെക്കൻ എല്ലാങ്കൊണ്ടും ശൊങ്കനാന്ന്. സെറ്റിലായ്ട്ട്​ണ്ട്. ഇനി കയിച്ചാലെന്താ?''

ശരിയാണ്. അച്ഛനും അമ്മയും ജോലിക്കാർ. ഒരേയൊരു അനുജൻ. അച്ഛന്റെ സുഹൃത്തുകൂടിയായ ഭാസ്‌കരപിള്ള മാമൻ ഒരു മുഴു ബ്രോക്കർ ആയി മാറിയിരുന്നത് അതീവ ദുഃഖത്തോടെ ഞാൻ കണ്ടുനിന്നു. ഗംഗ നാഗവല്ലിയായതു പോലെ ചെറുക്കന്മാരുടെ ഫോട്ടോ കാട്ടുമ്പോൾ കണ്ണിൽ തിളക്കം മാറിമറിയുന്നു.
‘‘എന്ത്ത്താണമ്മെ. ഇയ്യാക്കീ വയസ്സാകാലത്ത് വട്ടായാ?''
‘‘ഈ ബ്രോക്കറുപണിക്ക് നല്ല കമീഷനാ''; അമ്മ പാത്രം മോറി കമിഴ്ത്തി.

ഇതിനു മുമ്പും എനിക്ക് അദ്ദേഹം എനിക്ക് കല്യാണാലോചനകൾ കൊണ്ടുവന്നിരുന്നു. ഒരു എസ്.ബി.ഐ പ്രൊബേഷണറി ഓഫീസറുടെ ആലോചനയായിരുന്നു അവസാനം. അതിനു ഞാൻ മൂപ്പരാളെ ഓടിച്ചുവിട്ടു.
ഇത്തവണ അങ്ങനെയല്ല. പരിപൂർണ നാഗവല്ലിയാണ്. വിടമാട്ടെ വിടമാട്ടെ എന്ന ലൈൻ. ഇപ്പോൾ ആൾ കുറച്ചു ഗൗരവമൊക്കെ സെറ്റപ്പ് ചെയ്തിട്ടുണ്ട്.
‘‘എന്താണ് ഓന്റെ പ്രശ്‌നം? ഈ 23 വയസ്സിൽ കല്യാണം കഴിക്കണ്ടേ എന്ത് കാര്യാ ള്ളത്?''
ഞാനെന്റെ വിമർശനബുദ്ധി തത്സമയത്തിനിറക്കി ചോദിച്ചു.
‘‘അച്ചുന്റെ അമ്മയുടെ അമ്മമ്മ, അതായത് ഓന്റെ മുത്തശ്ശി കമലാക്ഷിയമ്മ. ഓരിക്ക് 97 വയസ്സായി ഇരിക്ക്യാണ്. പേരക്കുട്ടിടെ മകന്റെ കല്യാണം കൂടണം ന്നാണ് അവരുടെ അവസാനത്തെ ആഗ്രഹം''
‘‘ഓഹോ അങ്ങനെ വരട്ടെ. അയ്നാണ് 23 വയസ്സുകാരൻ വിവാഹാലോചനയുമായി ഇറങ്ങിയിരിക്കുന്നത്. യ്യൊ, ഇക്കാലത്ത് പെങ്കുട്ട്യോള് കയ്ക്കൂല ഇരുപത്തി മൂന്നില്. സത്യം പറ, എന്താ സംഭവം?'' ഞാൻ പിള്ളമാമനെ തോണ്ടിക്കൊണ്ടേയിരുന്നു.
‘‘കമലാക്ഷിയമ്മയ്ക്ക് വീതം വെപ്പ് കയ്ഞ്ഞ് ബാക്കിള്ള കുറേ സൊത്തുണ്ട് കയ്യിൽ. അത് ഈ ചെക്കനു കൊടുക്കണന്നാണുപോലും ഓര് കരുതണത്. എന്നാൽ സിനിമയിലൊക്കെ കാണുന്നതുപോലെയാ''; ബ്രോക്കർ ഭാസ് വിശ്വരൂപം കാട്ടിക്കൊണ്ട് പൊട്ടിച്ചിരിച്ചു.
‘‘കണ്ടീഷനാണ്, ചെക്കൻ കല്യാണം കഴിക്കണം. കൺഫ്യൂഷൻ തീർക്കണമെ''; ഫുള്ളി മ്യൂസിക്കൽ മോഡാണ്.
എന്റെ അമ്മയും അച്ഛനും ഈ തള്ളൊക്കെ വിടർന്ന കണ്ണുകളോടെ കേട്ടുകൊണ്ടിരുന്നു.
‘‘ജാതകം, അത് ഞങ്ങൾക്ക് നിർബന്ധമാണ്''; അച്ഛന്റെ വക.
‘‘ആ, വേണല്ലോ. അത് പറയാനല്ലേ വന്നത്. അത് അന്ന് കൊണ്ടോയ കുട്ടീന്റെ കുറിപ്പായിട്ട് ഒത്തുനോക്കി. നല്ല അസ്സ്‌ല് പൊരുത്തം''; അയാൾ ഗമയിൽ ഞെളിഞ്ഞിരുന്നു. കഷണ്ടിത്തലയിൽ ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ചാൽ വെന്തു കിട്ടും. റ്റെഫ്‌ളോൺ പോലെ അത്രേം മിനുസവും കല്യാണച്ചൂടും.

‘‘അവർക്ക് കുട്ടിനെ ഒന്ന് കാണണം. ആ മുത്തശ്ശിക്ക് തീരെ വയ്യാതെ ഇരിക്ക്യാണ്. രണ്ടു കൂട്ടർക്കും ഇഷ്ടപ്പെട്ട, ഒരു മാസം കൊണ്ടുതന്നെ കല്യാണം നടത്താം''
ഞാൻ സ്തബ്ധയായി നിൽക്കുകയാണ്. എന്റെ കല്യാണമാണ് പറയുന്നത്. അതും ഏത്? 23 വയസ്സുള്ള ഒരു നോളയുമായി. ചെറിയ ചെക്കന്മാരെ അക്കാലത്തൊന്നും എനിക്ക് അരപ്പൈസയ്ക്ക് വിലയില്ല. എവിടെയോ കിടക്കുന്ന ഒരു മുത്തശ്ശിയമ്മയ്ക്ക് മരിക്കാൻ നേരത്തുണ്ടായ ഒരു പൂതി. എനിക്കമർഷം തിളച്ചു.
‘‘നല്ല ചെക്കനാണ് മോളെ. പഠിക്കാൻ മിടുമിടുക്കൻ, നല്ല ജോലി, നല്ല സ്വഭാവം. പഞ്ച പാവം.''
‘‘പിന്നെ നല്ല ബസ്റ്റ് സ്വഭാവം. 23 വയസ്സായപ്പോഴേക്കും കല്യാണം കഴിക്കാനുള്ള പൂതി, വയസ്സായ തള്ളയുടെ സ്വത്തു തട്ടിയെടുക്കാനുള്ള നമ്പര് കൊള്ളാം, നല്ല ആലോചന.’’

എന്റെ വിമർശന ശരങ്ങൾക്കൊന്നും മൂർച്ചയില്ലായിരുന്നു.
ബ്രോ. ഭാസിന്റെ നിറം പിടിച്ചതും പിടിപ്പിക്കാത്തതുമായ കഥകൾ കേട്ട് അച്ഛനുമമ്മയും കണ്ണുമിഴിച്ചു കൊണ്ടേയിരുന്നു.
‘‘ഓൽക്ക് ഒരു ഡിമാൻഡും ഇല്ല ടീച്ചറെ. കുട്ടിയെ കിട്ടിയാ മാത്രം മതി. പിന്നെ എത്ര വേണങ്കിലും പഠിപ്പിക്കും. ഇവന് ഒരു മാർക്കിനാണ് റാങ്ക് പോയതേ. ആ അമ്മ പയ്ങ്കര വാശിക്കാര്യാ. അനിയൻചെക്കനെക്കൊണ്ടവര് റാങ്ക് വാങ്ങിപ്പിച്ചു. നല്ല സ്ട്രിക്റ്റ് ആയിട്ടാണ് ഓല് കുട്ട്യോളെ വളർത്തിയത്. പിന്നെ ഒരു ദുശ്ശീലവും ഇല്ല .''
‘‘എന്നാ കേട്ടോ പിള്ളമാമ, എന്നെ അഴിച്ചുവിട്ടാണ് വളർത്തിയത്. തോന്നിവാസിയും കുരുത്തക്കേടുകാരിയും എന്നത് പോട്ടെ, ഞാനൊരു ലോക്കൽ രാമനാട്ട്കര ഗുണ്ടയുമാണ്''

അവിടെ നിന്ന് അധികം കേട്ടാൽ ഒരുപക്ഷേ എനിക്കെന്റെ നിയന്ത്രണം വിട്ടു പോകും എന്ന് തോന്നി. പരിഹസിച്ചും കൊണ്ട് ഞാൻ മുകളിലേക്ക് കയറിപ്പോയി. എന്റെ ആദ്യത്തെ പുസ്തകം, ഒരു ലെസ്ബിയൻ പശു എഴുതി പ്രസാധകർക്ക് അയച്ചുകൊടുക്കുന്ന കാലമാണ്. എന്റെ ആദ്യത്തെ പുസ്തകം വന്നതിനുശേഷം മാത്രമേ വിവാഹത്തെപ്പറ്റി ചിന്തിക്കുകയുള്ളൂ എന്നത് എന്നോ എടുത്ത തീരുമാനമാണ്. അതിലേയ്ക്കാണ് ഒരു മാസത്തിനുള്ളിൽ കല്യാണവുമായി വന്നിരിക്കുന്നത്.

അച്ഛൻ വളരെ ഗൗരവത്തിൽ മുകളിലേക്ക് കയറി വന്നു; ‘‘മോളെ, എനിക്ക് നോ എന്നു പറയാൻ വയ്യ. പക്ഷേ നിന്റെ ഇഷ്ടം ഇല്ലാത്ത ഒന്നും നടത്തുകയില്ല. ഭാസ്‌കരപിള്ള അദ്ദേഹത്തെ നിനക്കറിയാമല്ലോ. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണ്. എനിക്ക് പറഞ്ഞു മടുത്തു. അവരൊന്ന് വന്ന് കണ്ട് പോയ്‌ക്കൊള്ളട്ടെ. നിനക്ക് ഇഷ്ടമില്ലെങ്കിൽ നമുക്കുവേണ്ട എന്നുതന്നെ പറയാം.’’

‘‘ഇതൊക്കെ ഭയങ്കര ബോറാണ് അച്ഛാ. ഞാൻ എന്തായാലും വിവാഹത്തിന് തയ്യാറല്ല. എനിക്ക് എൻേറതായ ചില വഴികൾ, ചില ചില ചിന്തകൾ, സംഗതികൾ ഒക്കെയുണ്ട്. ഒരാർട്ടിസ്റ്റല്ലേ അച്ഛൻ? ദൊന്നും മനസ്സിലാവില്ലെ?''; അതിനുശേഷം എന്റെ ദേഷ്യം പിറുപിറുപ്പായി; ‘‘അച്ഛന്റെ ദുർവാശി കാരണമാണ് എനിക്ക് പി.ജി മറ്റെവിടേയും പഠിക്കാൻ കഴിയാതെ പോയത്. അന്ന് മകളെ പിരിയാൻ വയ്യ എന്നുപറഞ്ഞത് കള്ളമായിരുന്നു അല്ലേ? ഇപ്പോ കെട്ടിച്ചുവിട്ടാൽ പ്രശ്‌നമില്ലല്ലെ?''
അക്കാലത്ത് എനിക്ക് പി.ജിക്ക് സംസ്ഥാനത്തിന് വെളിയിലോ വിദേശത്തോ ഏതെങ്കിലും മികച്ച യൂണിവേഴ്‌സിറ്റികളിൽ പഠിക്കണം എന്നായിരുന്നു ആഗ്രഹം. പോണ്ടിച്ചേരി, ഗോവ, ജെ.എൻ.യു, ഡി.യു... ഒരിടത്തും പോകാൻ അച്ഛൻ സമ്മതിച്ചില്ല.
‘‘എന്തിനാണ് എന്നെ കഷ്ടപ്പെടുത്തി എൻട്രൻസ് എഴുതാൻ സമ്മതിച്ചത്? അത് വേണ്ടിയിരുന്നില്ല. അറ്റ്‌ലീസ്റ്റ് അപേക്ഷയ്ക്ക് എത്ര പൈസ ചെലവാക്കി?''

എനിക്ക് സങ്കടം മൂർധന്യത്തിലായി. ദേശീയവും അന്തർദേശീയവും പോട്ടെ, ഒരു കേരള യൂണിവേഴ്‌സിറ്റിയിലോ കണ്ണൂർ യൂണിവേഴ്‌സിറ്റിയിലോ പോലും വിടാൻ സമ്മതിക്കാതെ നിന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എവിടെയാണെങ്കിലും കുഴപ്പമില്ല എന്നൊരു ഫത്‌വ പുറപ്പെടുവിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിമൻസ് കോളേജിൽ ഞാൻ പോവില്ല. പിന്നെയുള്ളത് ഗുരുവായൂരപ്പൻ കോളേജ് തന്നെ.

എന്റെ ദേശാന്തര പഠന മോഹങ്ങളെല്ലാം അസ്തമിച്ചു.
തന്റെ മക്കൾ 25 വയസ്സുവരെയെങ്കിലും കൂടെയുണ്ടാവണമെന്നും അക്കാലമത്രയും കുഞ്ഞുങ്ങളെ തനിക്കൊപ്പം നിർത്തി പഠിപ്പിക്കണം എന്നതുമായിരുന്നു അച്ഛന്റെ ആഗ്രഹം. നവോദയ പരീക്ഷ കിട്ടിയിട്ടും കുട്ടിയെ വിടാതെ പിടിച്ച അച്ഛൻ. മക്കളെ വിട്ട് ഒരു നിമിഷം ജീവിതത്തിൽ ആലോചിക്കാൻ വയ്യാതിരുന്ന അച്ഛൻ. അതിനു വേണ്ടി എന്റെ സ്വപ്നങ്ങളെ തകർത്ത ആളാണ് ഇപ്പോൾ കല്യാണത്തിന് എന്നുപറഞ്ഞ് ഓടിവരുന്നത്. അതെന്നെ ക്രുദ്ധയാക്കി.

‘‘ഞാൻ കല്യാണം കഴിച്ച് അവന്റെ കൂടെ ബാംഗ്ലൂർക്ക് പോയാൽ നിങ്ങൾക്ക് സന്തോഷം ആവോ?''
‘‘അതിന് നീ ഇപ്പൊ കല്യാണം കഴിക്കുന്നില്ല എന്നല്ലേ പറഞ്ഞത്?''; അമ്മ സിൽബന്തിയാണ്. ആര്യപുത്രന് സപ്പോർട്ട്.
‘‘അല്ല, ഇത് വല്ലാത്ത ഇരട്ടത്താപ്പാണ് അച്ഛാ, പഠിക്കാൻ വേണ്ടി എന്നെ വിട്ടില്ല. എന്റെ കൂടെ പഠിച്ച എത്രപേർക്ക് പുറത്തുപോയി പഠിക്കാൻ കഴിഞ്ഞു. എനിക്ക് മാത്രം പറ്റിയില്ല.''
‘‘പ്ലീസ് മോളെ, നീ വാശി പിടിക്കരുത്.''
‘‘എന്തു വാശി, അച്ഛനല്ലെ ഇക്കാര്യത്തിൽ ദുർവാശി കാണിച്ചത്?''
‘‘എന്നിട്ട് ഞാൻ നിന്നെ ഗുരുവായൂരപ്പൻ കോളേജ് ഹോസ്റ്റലിൽ നിർത്തിയില്ലേ?''
‘‘ഉവ്വുവ്വ്, ഞാനല്ലേ അച്ഛന്റെ ദുഷ്ടത്തരം സഹിക്കാൻ പറ്റാതെയും അച്ഛനോടുള്ള ദേഷ്യം സഹിക്കാതെയും വാശി പിടിച്ച് ഗുരുവായൂരപ്പൻ കോളേജ് ഹോസ്റ്റലിൽ അഡ്മിഷൻ വാങ്ങീത്. എന്നിട്ടോ? രണ്ടുദിവസം ഹോസ്റ്റൽ, അഞ്ചു ദിവസം വീട്ടിൽ; അതായിരുന്നില്ലെ രീതി?''
‘‘മോളേ, അച്ഛന് പിള്ള മാമനോട് ഒന്നും പറയാൻ പറ്റാത്തതുകൊണ്ടാണ്. നമ്മളെ ഒരുപാട് സഹായിച്ച ആളാണ് പിള്ള മാമാ. നീ പ്രശ്‌നം ഉണ്ടാക്കല്ലേ പ്ലീസ്.''
‘‘ആ നോക്കട്ടെ'', ഞാനൽപ്പമയഞ്ഞു.
‘‘ആ, പിന്നെ പെണ്ണ് കണ്ടുവന്നുകഴിഞ്ഞതിനുശേഷം എന്നെ കല്യാണത്തിന് നിർബന്ധിക്കാനും മറ്റോ ആണ് പ്ലാനെങ്കിൽ ഇപ്പോഴും പോണ്ടിച്ചേരിയിൽ സീറ്റ് ഒഴിവുണ്ട്. ഞാൻ അങ്ങോട്ടു പോകും. പിന്നെ അഹങ്കാരി എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ല''
‘‘എന്താ നീ പറയുന്നത്, ഇത്ര സീരിയസായ കാര്യങ്ങളിലൊക്കെ നിന്റെ ഇഷ്ടം നോക്കാതെ ഞങ്ങൾ എന്തെങ്കിലും ചെയ്യുമോ?''; അമ്മയാണ്.
‘‘ഉയ്യൊ അമ്മേ, എമ്മാരി ജനാധിപത്യം. ഇങ്ങള് അങ്ങനെയൊക്കെ ചെയ്യുന്ന ടീംസ് ആണ്. ങ്ങളെ എനിക്കത്ര വിശ്വാസം ഒന്നുമില്ല''
ആ ഞായറാഴ്ച തന്നെ ‘ഓരു' വന്നു. ഒന്നു സുന്ദരകളേഭരൻ. ആനന്ദ്.

‘‘ഓര് വന്നു. അമ്പോ എന്തൊരു സുന്ദരനാണീ ചെക്കൻ. ഓനിവളെ ഇഷ്ടപ്പെടൂല''; അമ്മയാണ്. എന്നെ ചൊറിയുകയാണ്.

ഞാൻ ജനലിലൂടെ എത്തിനോക്കി. ഗെയിറ്റ് കടന്നുവരുന്ന ചെറുക്കനും കൂട്ടരും. പുറകിൽ പിള്ളമാമ. അത്രയും സുന്ദരനായ ഒരു ചെറുപ്പക്കാരനെ അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. നിരന്ന കൂട്ടുപുരികങ്ങൾ. കവിളിൽ നീലകാക്കപ്പുള്ളി. കട്ടിമീശ. ഇളം മഞ്ഞകൃഷ്ണമണിയുള്ള കണ്ണുകൾ. തുരുതുരാ പിടിച്ചു നിൽക്കുന്ന കൺപീലികൾ. അയാൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ലൈലാക്ക് നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കണ്ണുകളിൽ ചെറിയ നാണം കുളിർത്തു കിടന്നു. തിരയോടിയ മുടി ഭംഗിയായി ചീകി വച്ചിരുന്നു.
അമ്പോ എമ്മാരിച്ചെക്കൻ.

അമ്മ, ശാന്തേച്ചി എല്ലാരും ചെക്കനെ കണ്ട് അന്തം വിട്ടു നിൽക്കയാണ്. ഞാനും മോശമില്ലാതെ വാ പൊളിച്ചു നിൽക്കുകയാണ്. ബ്രോ ഭാസ് 'നല്ല ചെക്കൻ, നല്ല ചെക്കൻ' എന്നുപറഞ്ഞപ്പോൾ അരവിന്ദ് സ്വാമി തോറ്റുപോകുന്ന സൗന്ദര്യമുള്ള ഒരു ഗന്ധർവ്വകുമാരനെ കൊണ്ടുവരും എന്ന് കരുതിയിരുന്നില്ല.
മനസ്സിൽ 'കണ്ണാളനേ' എന്ന പാട്ടൊക്കെ മുഴങ്ങാൻ തുടങ്ങി.

നെഞ്ചിൽ ഉറുമാമ്പഴം പൊളിക്കുമ്പോലെ ടപ് ട്പ് ന്ന് ചോരക്കുരുക്കളുമുതിർത്തു. ദൂരെയെവിടെനിന്നോ കാലാകാലങ്ങളായി പ്രേമമുരുക്കി റഹ്മാൻ ഉണ്ടാക്കിയ അനുരാഗപ്പാട്ടുകൾ അലയൊലിയായ് കേൾക്കുന്നു. സൗന്ദര്യം കണ്ട് കിളി പോയി. മനുഷ്യരുടെ ഭംഗി കണ്ട് പ്രേമം തോന്നുന്നതാണ് പരിണാമപരമായി ശരി. ആകാരം ആകർഷിക്കുന്നു ഇണയെ എന്ന യുക്തി. എന്നാൽ ചിന്തിക്കുകയും വായിക്കുകയും ചെയ്തുവന്നതിന്റെ ഫലമായി ‘ഇന്റലെക്റ്റ് ഈസ് ഇനോർമസ്‌ലി സെക്‌സി' എന്നു ഞാൻ ആണയിട്ട് വിശ്വസിച്ചിരുന്നവളാണ്. അഞ്ഞാനാണ് ഒരു ശൊങ്കന്റെ ഭംഗി കണ്ട് അമ്പരന്നിരിക്കുന്നത്. പരിണാമപരമായി സ്ത്രീ എന്ന മനുഷ്യ സ്പീഷിസിന്റെ തനിക്കൊണം എന്നിലുമുണ്ടെന്ന് ഞാൻ തെളിയിച്ചു. ചെറുപ്പം മുതലേ എനിക്ക് നിരാകരണങ്ങൾ വലിയ സങ്കടവും അപമാനവും ഉണ്ടാക്കിയിരുന്നു. ഒരാൾ എന്നെ തള്ളിപ്പറയുമോ എന്ന ഭയത്താൽ ഞാനവരെ ഉപേക്ഷിച്ച് പോരുമായിരുന്നു. എനിക്കയാളെ വിവാഹമൊന്നും ചെയ്യേണ്ട, പക്ഷെ അയാൾ എന്നെ തള്ളിപ്പറയുന്നത് എനിക്കസ്വീകാര്യമായി.

ഞാനൊരു പട്ടുപാവാടയും ബ്ലൗസുമാണ് ധരിച്ചിരുന്നത്. വയലറ്റ് കാഞ്ചിപുരം കസവ്, അതിൽ സ്വർണ്ണത്തുന്നലാർന്ന മയിൽപ്പേടകളും നിത്യസുഗന്ധിപ്പൂക്കളും. മാല ഇട്ടിരുന്നില്ല. അമ്മ പറഞ്ഞപ്പോൾ അവഗണിച്ചു. ചെറിയ ഒരു ജിമിക്കി. കുഞ്ഞിക്കറുത്ത പൊട്ട്. ഞാൻ വലിയ ഒരുക്കമൊന്നും നടത്തിയിരുന്നില്ല.
എന്നാൽ ആ ചെറുക്കനെ കണ്ട മാത്രയിൽ തന്നെ ഞാൻ പരിഭ്രാന്തയായി. അവന്റെ മുന്നിൽ പോയി നിൽക്കാൻ എനിക്ക് അപകർഷതാബോധം തോന്നി. ഞാൻ അകത്തേക്ക് ഓടിപ്പോയി. അലസമായ് ഉണ്ട കെട്ടി വെച്ച മുടി അഴിച്ചിട്ടു നന്നായി കോതിവാർന്നിട്ടു. മുട്ടോളം അഴിഞ്ഞുകിടക്കുന്ന മുടിയ്ക്ക് ഒരു ഭംഗിയൊക്കെയുണ്ടെന്നൊരു തോന്നലുണ്ടായിരുന്നു. എഴയെടുത്ത് മുകളിൽ മാത്രം പിന്നി. കൂട്ടിക്കൂറ പൗഡറിട്ടു. കറുപ്പിനുപകരം ചുവന്ന വട്ട പൊട്ടുകുത്തി. കുഞ്ഞി ജിമിക്കി മാറ്റി പകരം പുതിയ ഡിസൈൻ ജിമിക്കി തന്നെ ഇടാമെന്ന് തീരുമാനിച്ചു. കൈകളിൽ വയലറ്റ് കുപ്പിവളകൾക്കൊപ്പം പൊൻവളകളിട്ടു. കണ്ണെഴുതി സുന്ദരിയായി. ഐ ലൈനറിനാൽ കൺപോളകൾ സുന്ദരമാക്കി. കഴുത്തിൽ പിങ്കുപതക്കമാർന്ന മുത്ത്രഞ്ഞാളീട്ടു. ഒരു സുന്ദരനായ അവനു മുന്നിൽ നിൽക്കാനെനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു.

‘‘അല്ല, കല്യാണത്തിനുള്ള പോക്കാണോ ചേച്ചി?''
മുറിയിൽ നിന്നിറങ്ങിവന്ന എന്റെ ഡെക്കറേഷൻ കണ്ട് അമ്മ അമ്പരന്നു. പിന്നെ കളിയാക്കി. ''അല്ല, കല്യാണം കഴിക്കാൻ പോവാണ്. എന്തെയ്‌നും. കൊയപ്പണ്ടോ? ന്റമ്മേ, ഓന്റെ മുന്നിലൊന്ന് പിട്ച്ച്ക്കണ്ടേ? പ്പൊ ഒരുങ്ങീതായോ കുറ്റം''.
അമ്മ ചിരി മടക്കി; ‘‘ഏയ്യ്, എന്തു കുറ്റം. റൊമ്പ ഓവർ അത്രോള്ളൂ.''
‘‘ഒരുങ്ങ്യാക്കുറ്റം, ഇല്ലെങ്കിക്കുറ്റം. എന്താമ്മങ്ങനെ? വേണ്ടേ? മാറ്റട്ടെ?''
‘‘ഉയ്യോ, വേണ്ട വേണ്ട, ഇങ്ങനെന്നെ ആയിക്കോട്ടെ'' അമ്മ കൈകൂപ്പി; ''ചെല്ല് ചെല്ല്.''
‘‘ഇന്ദൂ, ഇന്ദൂ''; അച്ഛന്റെ വിളി ഉയർന്നു.

ഞാൻ ‘മന്ദാക്രാന്താ മഭനതതഗം' താളത്തിൽ നാലുമാറേഴുമായി ഗമ പിടിച്ച് മന്ദമന്ദം ഉമ്മറത്തേക്ക് പോയി. അടുത്തേക്ക് ചെല്ലുംതോറും ആ ചെറുപ്പക്കാരന്റെ സൗന്ദര്യത്തിന് തീഷ്ണത കൂടിക്കൂടി വന്നു. അപകടകരമാം വിധം പ്രകാശപൂർണമായ ചിരിയുള്ള ഒരാൾ. ഇരിക്കുന്നിടത്തെ മറ്റു ചുറ്റുപാടുകളെ ഇല്ലാതാക്കുന്ന മാസ്മരികതക്കാരൻ. ആദ്യ നോക്കിൽ കൈകൾ കണ്ടു. നീണ്ട പിങ്കിളം വിരലുകൾ, ആ വിരൽത്തുമ്പിൽ മഷി പടർന്നിരുന്നു.

അതെന്നെ ആഹ്ലാദിപ്പിച്ചു അയാൾ നീല മഷി കൊണ്ട് അയാളുടെ പെൺകുട്ടി്ക്ക് കത്തുകളെഴുതും എന്നുഞാൻ കരുതി. 20 വയസ്സുള്ള ഒരു പെൺകുട്ടിയെ അനുരാഗലോകത്തേക്ക് നയിക്കുംവിധം സൗന്ദര്യമുള്ള ഒരുവനായിരുന്നു അവൻ. ഉറപ്പായും അവൻ എന്നെ സ്വീകരിക്കുകയില്ല എന്നുഞാൻ കരുതി. അവനു പുറകിൽ ആയിരം സുന്ദരിമാർ പ്രേമലോലുപരായി നിൽക്കുമെന്നതിൽ സംശയമുണ്ടാവില്ലായിരുന്നു. ഞാൻ പരിഭ്രമത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. ഉള്ളിൽ ഹൃദയം പടപട പട പട ചെണ്ട മുട്ടി.
ഞാനയാളെ പ്രയാസപ്പെട്ടു നോക്കി.
അയാൾ ചിരിച്ചു.
ഞാൻ കണ്ണുകൾ മാറ്റി.
ഒരുപക്ഷെ അത്രമേൽ തീഷ്ണമായ കണ്ണുകളും പുഞ്ചിരിയുമുള്ള അവനെ പുറകെ നടന്നു ഞാൻ പ്രേമിച്ചെങ്കിലോ എന്നു പോലും ഉൾഭയന്നു.
ചിരിക്കുമ്പോൾ അവനൊരു ‘ഞാൻ ഗന്ധർവ്വൻ' തന്നെ.

‘‘പേരെന്താണ്'' മുഴക്കവും ഗാംഭീര്യവുമുള്ള ആൺസ്വരം.
‘‘ഇന്ദു, ഇന്ദു''; ഞാനാകെ പരിഭ്രമിച്ചു. മുഖം വിളറി.
‘‘അറിയാം, വെറുതെ ചോദിച്ചതാ. ടെൻഷനാവണ്ട.''
ഏയ്, എന്റെ ഐറ്റത്തിന് ടെൻഷനോ എന്ന ഭാവത്തിൽ അമ്മ വന്നു നോക്കി കോക്രികാട്ടി.
‘‘ഇയ്യോനെ സൈറ്റൊന്നടിക്കരുതെ'' എന്നാണ് മൂപ്പത്തി പറഞ്ഞത്.
‘‘ചെക്കന്റെ പേര് അറിയാല്ലോ അല്ലേ?'', പിള്ള മാമൻ ഇടക്കുകയറി.
‘‘ആനന്ദ്. ആ, ന്ദയുടെ ഒരു പൊരുത്തവുമുണ്ട് കാണാണ്ടെ പോവണ്ട'' എന്ന് വലിയ തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചു. എല്ലാരും ചിരിച്ചു. അയാളും
കൊല്ലുന്ന മനോഹാരിതയാർന്ന ചിരി.
‘‘അയാൾ സമ്മതിക്കുമെങ്കിൽ തീർച്ചയായും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കും എന്ന് എന്നിലെ ദുർബലയായ ഹോമോസാപ്പിയൻ പെണ്ണ് കരുതി. ഞാൻ മുഖമുയർത്തിയില്ല. ആദിമമായ ഒരു ലജ്ജയോ ഭയമോ എന്നെ ചൂഴ്ന്നുനിന്നു. സത്യത്തിൽ ആ കാഴ്ച കണ്ട് എന്റമ്മയ്ക്കു തളർച്ച വന്നുപോലും. ഇത്രയൊക്കെ തന്റെ മകൾ നാണിക്കുമെന്ന് മൂപ്പരു സ്വപ്‌നേപി കരുതിയതല്ല. ഞാനയാളുടെ കൈകളെ മാത്രം നോക്കി. ഇളം പച്ച ഞരമ്പുകൾ ഉൾക്കൈത്തണ്ടയിൽ പിണഞ്ഞു കിടന്നു.
സൂക്ഷിച്ചു നോക്കവേ കയ്യിലെ നീലമഷിപ്പേനയിൽ നിന്നുതിർന്നതല്ല എന്നു ഞാൻ കണ്ടെത്തി. വായുവിൽ ആക്രിലിക്ക് പെയിന്റിന്റെ മണമുണ്ടായിരുന്നു. നീല മാത്രമായിരുന്നില്ല, ഒന്നുരണ്ടു നിറങ്ങൾ കൂടി ഞാൻ കണ്ടു. ഞാനതിലേയ്ക്കു തന്നെ നോക്കുന്നത് അയാളും കണ്ടു.

‘‘ഇന്ന് ലീവായിരുന്നല്ലോ. ഇത്തിരി വരയുണ്ടേ. പെയിന്റിങ്. ഭാസ്‌കരമ്മാമ്മൻ വിളിച്ചപ്പോൾ അതിനിടയിൽ നിന്ന് പെട്ടെന്ന് വന്നതാണ്.
‘‘ഓ, വരയ്‌ക്ക്യോ?''
‘‘പിന്നില്ലാണ്ടെ?'' ഭാസ് തന്റെ തള്ള് തുടങ്ങി; ‘‘അമ്മാമനും മരോനും അമ്മൂമ്മേം. ഒരു വര കുടുംബാണ് അവര്.''
‘‘ഓ, എന്റെ ദൈവമേ, ഈ സുന്ദരൻ ഒരു ചിത്രകാരൻ കൂടിയാണ്. എനിക്ക് ഒന്നും പറയാനില്ലായിരുന്നു. ഞാൻ സുല്ലിട്ടു.
‘‘ഗുരുവായൂരപ്പനിലാണല്ലേ പഠിക്കുന്നത്. എന്റെ ഒരു കസിൻ അവിടെ ഗസ്റ്റ് ലക്ച്ചർ ആയിട്ടുണ്ട്, ഇംഗ്ലീഷിൽ. ഏത് സബ്ജക്ടാ? മലയാളല്ലേ?''
‘‘അല്ലല്ല. ഞാൻ സോഷ്യോളജി ആണ്.''
‘‘കുട്ടിയ്‌ക്കേ ആന്ത്രോപ്പോളജിസ്റ്റാവാനാരുന്നു ആശ. കൊറേ സ്ഥലത്ത് കിട്ടീതാർന്നു. മാഷക്ക് ബടെ തന്നെ പഠിപ്പിക്കാനാ ഇഷ്ടം. പിഎച്ച്.ഡിക്കാരി ആവാനാ പഠിക്കണേ''; ബ്രോ ഭാസ് മറുതള്ള് തുടങ്ങി.
‘‘കോഴ്‌സ് തുടങ്ങിയിട്ടേയുള്ളൂ അല്ലേ?''
‘‘ആ ഒരാഴ്ച കഴിഞ്ഞേള്ളൂ''; ഞാൻ തലയാട്ടി.
‘‘കല്യാണം കഴിഞ്ഞാലും പഠിക്കാം. ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിണ്ട്. അവിടെ സോഷ്യോളജി ഉണ്ട്. അതല്ല, മൈസൂരിലാച്ചാൽ ആന്ത്രോപ്പോളജിണ്ട്''

തുറന്നു സംസാരിക്കുന്ന പോസിറ്റീവായ പ്രകൃതം.
എനിക്ക് ചെറുക്കനെ ക്ഷ പിടിച്ചു.
‘‘പിന്നെ ഞാൻ വായിച്ചിട്ട്ണ്ട് ട്ടോ''; അയാൾ കൗതുകത്തോടെ എഴുത്തിനെ പറ്റി പറഞ്ഞു.
‘‘ബുക്കെന്തായി?''
‘‘അത്... അത്... ഉടനെ വരും''; ആനന്ദ ലബ്ധിയ്ക്കിനിയെന്തു വേണം.
‘‘ഞങ്ങടെ അമ്മമ്മ വല്യ വായനക്കാര്യാ. ഇപ്പോ തന്നെ പഴേ മാതൃഭൂമിയൊക്കെ തപ്പിയെടുത്ത് വായന തൊടങ്ങിക്കഴിഞ്ഞു.''
‘‘മോളേ, ഈ ചായ കൊടുക്കൂ''; അമ്മ വിളിക്കുന്നു.

ഞാൻ വളരെ ഉത്സാഹത്തോടെ, നിറഞ്ഞ മനസ്സോടെ അകത്തുപോയി.
‘‘എന്ത്രീ ഒരു മാഞ്ഞാളം?'' അമ്മയെന്റെ കാൽപനിക ഭാവത്തെ പരിഹസിക്കുകയാണ്.
‘‘ഇജ്ജാതി മൊതൽ വന്നാ പിന്നെ കാൽപനികാവാണ്ട് പിന്നെ?''; ഞാൻ ട്രേയിൽ ചായ കൊണ്ടു വരുന്നു.
ഇപ്പോഴും എന്റെ മനസ്സിൽ ആ രംഗമുണ്ട്.
കൗമാരക്കാരിയായ ഞാൻ. കവിളിൽ നാണരാശി. കയ്യിലെ ട്രേയിൽ റ്റിയുലിപ്പിന്റെ മഞ്ഞപ്പൂക്കൾ.
ത്രീ റോസസ് പൊടിച്ചായയുടെ വശ്യവാസന.

എന്റെ ഹൃദയമിടിപ്പും പാദസരത്തിൻ ചെറുകിലുക്കവും മാത്രം ആ വീട്ടിൽ മുഴങ്ങി.
അയാൾ എന്റെ മുടിയിലേക്ക് കൗതുകത്തോടെ നോക്കുന്നത് ഞാൻ കണ്ടു.
അയാളുടെ കണ്ണുകളിൽ ഇഷ്ടപ്പെട്ടു എന്ന ഒരു ഭാവം ഉണ്ടായിരുന്നു. അതെന്നെ ആത്മവിശ്വാസമുള്ളവളാക്കി.
ഞാൻ ഞാൻ നാണം കലർന്ന ചിരിയോടെ ട്രേ അയാൾക്കുനേരെ നീട്ടി.
അയാൾ വീണ്ടും ഒന്നുകൂടി ചിരിച്ചു. അതേ ചിരി; മാസ്മരികവും മാന്ത്രികവും മായികവുമായ മയക്കുചിരി.

‘‘എനിക്കല്ല. ആദ്യം ആനന്ദിന് കൊടുക്കൂ''; തലമണ്ടയ്ക്കടിച്ചപോലെ ഞാൻ സ്ത്ബ്ധയായി. വയലിന്റെ ശോക ബിറ്റ് ആരോ വായിക്കുന്നു. ജഗതി പറയും പോലെ ‘അല്ല, ഇതല്ല എന്റെ ഗർഭം, അതിങ്ങനല്ല' ലൈനിൽ ഞാൻ ബ്ലിങ്കസ്യാ നിന്നു.
ഇതല്ലേ ആനന്ദ്?
അപ്പോഴാണ് ഞാൻ അയാൾക്ക് തൊട്ടടുത്തിരിക്കുന്ന ഒരു ശിശുവിനെ ശ്രദ്ധിച്ചത്.
18 വയസ്സ് കഷ്ടി തികഞ്ഞ മുഖഭാവമുള്ള ഒരാൺകുട്ടി.
‘‘ഒരു കപ്പ് സെറിലാക്ക് എടുത്തൂടി അമ്മേ'' എന്ന് എന്റെ മനസ്സ് കലിച്ചു.
ഞാൻ പിന്തിരിഞ്ഞമ്മയെ നോക്കി.

വാതിൽക്കൽ നിൽക്കുന്ന അമ്മയുടെ മുഖം അമ്പരപ്പിൽ വിടരുന്നത് ഞാൻ കണ്ടു.
‘‘ആ, ഇത് ആനന്ദിന്റെ അമ്മാവനല്ലേ കുട്ട്യേ? അമ്മയുടെ ഇളയ അനിയൻ ജയദേവൻ. ഇവൻ പ്രൊബേഷണറി ഓഫീസറാണ് എസ്.ബി.ഐയിൽ''
ഞാൻ ആ പത്തൊമ്പത് വയസ്സുകാരന് ചായ കൊടുത്തു.
ത്രീ റോസസിന്റെ കടുപ്പം താങ്ങാനുള്ള പ്രായപൂർത്തി അവനുണ്ടായിരുന്നില്ല.
കളിപ്പാട്ടക്കടയിൽ അമ്മാവനെയും കൊണ്ടു വന്ന് ബൊമ്മക്കുഞ്ഞിനെ തിരയുന്ന നിഷകളങ്കതയോടെ അവൻ ചിരിച്ചു.
ഇവനെയൊക്കെ പെണ്ണു കെട്ടിക്കാൻ നടക്കുന്നവന്മാരെ മടലു വെട്ടിയടിക്കണമെന്ന് എനിക്കുതോന്നി.

‘‘ജയദേവന്റെ കല്യാണം കഴിഞ്ഞ മാസമായിരുന്നു. അല്ല, മാഷും ടീച്ചറുമൊക്കെ വന്നതല്ലേ?''
എന്റെ വിവാഹ സ്വപ്‌നങ്ങളെല്ലാം അടി പടലെ പൊളിഞ്ഞു. എന്തൊരു കഷ്ടം? ഈ നാട്ടിൽ സുന്ദരനായ ഒരുവനെ കല്യാണം കഴിക്കാനും എനിക്ക് യോഗമില്ലേ ഭഗവാനേ.
അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ദേഷ്യത്തോടെ ചവിട്ടിക്കുതിച്ചു; ''അമ്മ ഒരുത്തിയാണ് കാരണം. എമ്മാരി ബിൽഡപ്പാരുന്നു''.
ഞാൻ കൈകൾ തിരുമ്മി.
‘‘അയ്യയ്യേ, ഒരു സുന്ദരനെ കാട്ടി അവനാണ് ചെക്കൻ എന്നുപറഞ്ഞത് അമ്മയാണ്. ഇതെന്താ അമ്മാമനെ കാട്ടി മരുവോനെ കല്യാണം കഴിക്കുന്ന പരിപാടിയോ? നല്ല ബെസ്റ്റായിണ്ട്''

അയാളൊരു സുന്ദരനായ ചെക്കനായിരുന്നു. സത്യമായിട്ടും ഞാൻ അവനെ കല്യാണം കഴിക്കാൻ തയ്യാറായതാണ്. എന്റെ മനസ്സിന്റെ നിരാശ ഞാൻ മറച്ചുവെച്ചില്ല.
പിള്ള മാമൻ വന്നപ്പോ ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല.
‘‘കുട്ടിയുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി; ഇഷ്ടപ്പെട്ടു അല്ലേ.? അവർക്കും കുട്ടിയെ നല്ലോണം ഇഷ്ടായി.''
അയ്യടാ, ബൊമ്മാച്ചിക്കുട്ടിയെ അമ്മാമൻ മര്വോന് വാങ്ങിക്കൊടുക്കാൻ വന്നതാണ്.
‘‘എന്റെ പിള്ള മാമാ, ഇഷ്ടമായി എന്നത് സത്യമാണ്. പക്ഷേ ആ ഞാലി ചെക്കനെയല്ല. കൂടെ വന്ന ആ ശൊങ്കനെയാണ് എനിക്കിഷ്ടപ്പെട്ടത്.''
പിള്ള മാമൻ വാപൊളിച്ച് എന്നെ നോക്കി. അയാളുടെ മുഖത്ത് നിരാശ പടർന്നു.
‘‘എത്ര നാള് ഞാനീ വീട്ടില് അയാളുടെ ജാതകം കൊണ്ട് കേറിയെറങ്ങി. ജാതകക്കുറിപ്പ് തരാൻ പോലും കുട്ടിയന്ന് സമ്മേച്ചില്ല. എന്നിട്ടല്ലെ ദാസൻ മാഷിന്റെ മോൾടെ ജാതകം തന്നത്. അല്ല, അത് വിക്രമൻമാഷന്യല്ലേ തന്നത്?''
ഞാൻ അമ്മയെ നോക്കി.
‘‘ദാസമ്മാമന്റെ മോൾടെ കല്യാണത്തിന് അമ്മയും പോയതല്ലേ? കല്യാണ ചെക്കനെ കണ്ടില്ലേ ന്നട്ട്?'' അമ്മ ഇളിഞ്ഞു നിൽപ്പാണ്.
‘‘അമ്മേ, അമ്മേ''; എനിക്ക് ദേഷ്യം വന്നു.
‘‘ങ്ങളെന്താണ്, ചെക്കനേം പെണ്ണിനേം ഒന്നും കല്യാണത്തിനു പോയിട്ട് കണ്ടില്ലേ?''
ഞാനമ്മയെ നുള്ളി.
‘‘എന്ത് കാണാനാ അമ്മ കല്യാണത്തിന് പോയേ?
‘‘അമ്മയ്ക്ക് ഭയങ്കര തലവേന ആയിരുന്നു. അതോണ്ട് ഞാൻ സ്റ്റേജിലേക്കൊന്നും പോയില്ല''
‘‘ദുഷ്ടേ. എത്ര നിസ്സാരമായാണ് എന്റെ ഗന്ധർവസ്വപ്നങ്ങളെ പൊളിച്ചടുക്കിയത്.''
‘‘എന്നിട്ട് ഞാനെന്താ മാഷേ അവരോട് പറയേണ്ടത്?'' ബ്രോ ഭാസ് സുമ്മാ വിടമാട്ടെ.
‘‘എനിക്ക് താൽപര്യമില്ല എന്നുപറയൂ''; ഞാൻ ചാടിക്കടിച്ചു.
‘‘അല്ല, ഒന്നുകൂടി ആലോചിച്ചിട്ട്''; ബ്രോ ഭാസ് വളരെ ആഗ്രഹത്തോടെ പറഞ്ഞു.
‘‘ആലോചിക്കാൻ ഒന്നുമില്ല. അയാളാണെങ്കിൽ ഞാൻ ഇപ്പോഴേ യെസ് പറഞ്ഞേനെ. ഇതിപ്പോ 18 വയസ്സ് ആയോന്നുതന്നെ സംശയാണ്.''
‘‘അയ്യയ്യോ, 1978 ലാണ് ജനിച്ചത്്. ജാതകക്കുറിപ്പ് കണ്ടതല്ലേ?''
‘‘ഓ അവന്റെ കയ്യില് എന്ത് കുറിപ്പ് ഉണ്ടെങ്കിലും അവൻ കല്യാണത്തിന് പ്രായമായിട്ടില്ല. ദയവുചെയ്ത് എന്നെ ഇതിൽ നിന്ന് ഒന്ന് ഒഴിവാക്കി വിടൂ.''
പിള്ള മാമാ കിണഞ്ഞ് പരിശ്രമിച്ചിട്ടും മാറ്റമുണ്ടായില്ല.
‘‘തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല.''
പിറ്റേന്നും അതിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും പിള്ള മാമ വീട്ടിൽ വന്നുകൊണ്ടേയിരുന്നു.
എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.

‘‘പിള്ള മാമാ, എന്നെ ഡിസ്റ്റർബ് ചെയ്യരുത്. എനിക്കിപ്പോ കല്യാണം കഴിക്കാൻ താൽപര്യമില്ല''
അച്ഛനും വല്ലാതെ നിൽക്കുകയാണ്; ‘‘അത് ഭാസ്‌കരപിള്ളേ, അവൾക്ക് താൽപര്യമില്ലാതെ ഞങ്ങൾ എങ്ങനെയാണ്?''
‘‘ഓ, അപ്പോ മാഷക്ക് ഒക്കെ താൽപര്യം ഉണ്ടല്ലേ?''
‘‘നല്ല ബന്ധമായിരുന്നു. അതിലൊന്നും എനിക്ക് ഒരു സംശയവുമില്ല. പക്ഷേ ഞാനല്ലല്ലോ കല്യാണം കഴിക്കുന്നത്, അവളല്ലേ. എനിക്കിതിൽ നിർബന്ധിക്കാൻ പറ്റുമോ?''
അച്ഛനും അമ്മയ്ക്കും ഈ കല്യാണത്തിന് വിരോധമില്ല എന്ന് കേട്ടതോടുകൂടി ബ്രോ ഭാസ്‌കരൻ കൂടുതൽ വിഷമത്തിലായി.

ഒരാഴ്ച കഴിഞ്ഞപ്പോൾ ടിയാൻ വീണ്ടും വന്നു; ‘‘കുട്ടിക്ക് വല്ല മനസുമാറ്റവും ഉണ്ടോ എന്നറിയാൻ വന്നതാണ്.''
‘‘എന്റെ പൊന്നു മാമാ, എന്റെ മനസ്സിന് ഒരു മാറ്റവുമില്ല മാമാ''; ഞാൻ കണിശമായി പറഞ്ഞു.
എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.
ബ്രോ ഭാസ് പോയശേഷം അമ്മയും അച്ഛനും ചെറിയ രീതിയിൽ ഉപദേശിക്കാനാരംഭിച്ചു. അതും എനിക്ക് ഒട്ടും പിടിക്കുന്നുണ്ടായിരുന്നില്ല.
‘‘അച്ഛനെവിടെ മോളേ?''; വീണ്ടും ഭാസ് എങ്കിറ ഭാസ്‌കരൻ.
‘‘അച്ഛൻ ഇപ്പോൾ വരും, പുറത്ത് പോയതാണ്, മാമൻ ഇരിക്കൂ''
‘‘അച്ഛൻ വരുന്നു, ഒപ്പം മുടി ഇരുവശത്തും പിന്നിയിട്ട് അനുജത്തി അമ്മുക്കുട്ടിയും.
‘‘ഒരു രക്ഷയും ഇല്ല മാഷേ, അല്ലേ?''
‘‘ഇല്ല, ഭാസ്‌കരേട്ടാ, ഒരു രക്ഷയുമില്ല. അവൾ അടുക്കില്ല, ഈ കല്യാണം നടക്കില്ല.''

ബ്രോ ഭാസ് കുറേനേരം കൂലങ്കഷമായി ആലോചിക്കുന്നു. അതിനുശേഷമാണ് ക്ലാസിക് ചോദ്യം;
‘‘മാഷക്കും ടീച്ചർക്കും ചെറുക്കനെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് നമുക്ക് ആ നിൽക്കുന്ന കുട്ടിക്ക് ഈ കല്യാണം ആലോചിച്ചാലോ?''
സ്‌കൂളിൽ പഠിക്കുന്ന അമ്മുക്കുട്ടിയെ നോക്കി ബ്രോക്കറുടെ നിഷ്‌കളങ്ക ചോദ്യം.
പൊടുന്നനെ അച്ഛൻ ക്ഷുഭിതനായി; ‘‘എണീക്കെടാ. ഇറങ്ങിക്കോളൂ, ഇപ്പോ ഇറങ്ങിക്കോളൂ. വന്നുവന്ന് എന്തും പറയാന്നാ യോ? പ്രായപൂർത്തിപോലുമാവാത്ത എന്റെ കൊച്ചിനാണോടോ താൻ കല്യാണം ആലോചിക്കുന്നത്?''

അച്ഛന് കോപം അടക്കാനായില്ല.
ഭാസ്‌കരപിള്ളദ്ദ്യേം എന്ന ബ്രോക്കർ ഭാസ്‌കർ എന്ന ബ്രോ ഭാസ് ഞങ്ങളുടെ വീട്ടിൽ നിന്ന് എന്നെന്നേക്കുമായി പുറത്തായി. ▮


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments