മരിച്ചു പോയ ഒരു കുഞ്ഞിനെ ഉദരത്തിൽ വെച്ച് ഉറങ്ങിനോക്കിയിട്ടുണ്ടോ? അഴുകിത്തുടങ്ങിയ ഭ്രൂണത്തെ ഉള്ളിലേറ്റി ഉറങ്ങിനോക്കിയിട്ടുണ്ടോ? ആ സമയങ്ങളിലൊക്കെ നമ്മൾ സ്വയം ശവപ്പെട്ടിയായതു പോലെ തോന്നും.
ഹെസിളു സുത്സിത് ഹെത്ത്ച്ചി; എന്റെ പച്ചകുത്ത് പൂർവ്വിക
പ്രമോട്ടറുടെ മുഖം വിളറി. എന്റെ ഭയാക്രാന്തമായ ഒച്ച ആ പതിയിൽ ഒരു ശബ്ദച്ചുറ്റുപോലെ കറങ്ങിക്കറങ്ങി പ്രതിധ്വനിച്ചു.
‘സൂക്കേട് മാറാനും ഇദ് നടത്തും.'
നാരായണന്മാഷ് എന്നെ ആശ്വസിപ്പിച്ചു. എന്റെയവസ്ഥ ശരിക്കും ദയനീയമായിരുന്നു. ശരീരമപ്പടി കനച്ചു തളർന്നു. അസാധാരണമായ ഒരു ഭാരം എന്റെയുടലിനുണ്ടായി. നല്ല ഉയരത്തിലെത്തിയതു കൊണ്ടോ മറ്റോ മൂക്കിൽ നിന്ന് ചോര കിനിഞ്ഞു. കിടക്കാനല്ലാതെ എനിക്കൊന്നും കഴിയുമായിരുന്നില്ല. വാടിയ ഒരു മനുഷ്യജീവിയായി ഞാനമ്പേ മാറി.
മരത്തിന്റെ ഇലപൊത്തുകളിലൂടെ പലദിക്കിൽ നിന്ന് ഇത്തിരിയിത്തിരി വെളിച്ചം, കുഴൽ പോലെ എന്നിലേക്കരിച്ചിറങ്ങി. ഇലനിഴലും വെളിച്ചവും ചേർന്നുവരച്ച വെയിൽചിത്രകാൻവാസായ മരച്ചോട്. എന്റെ ചുറ്റും നിൽക്കുന്നവരുടെ ഉടലിലെല്ലാം വെളിച്ചത്തിന്റെ പോൾക്കകൾ. ഹാഡിക്കബീഢയുടെ മാന്ത്രിക മായിക വന്യസംഗീതം. ഞാൻ ഒരുപക്ഷെ മരിക്കുമെന്നാണോ? അതു ചോദിച്ചില്ല. എന്റെ തൊണ്ടച്ചതുപ്പിലേക്ക് നാക്ക് പൂണ്ട് താണുപോയി. മലകളും കാറ്റും കാടും മരങ്ങളും മനുഷ്യരുമൊക്കെ ഒരു ജലപ്പരപ്പിലെന്നോണം ഒഴുകുന്നപോലെ തോന്നി.
‘എന്റെ അസുഖം മാറാനാനാണോ?' ദുർബലമായ ശബ്ദത്തിൽ ഞാൻ ചോദിക്കാൻ ശ്രമിച്ചു.
‘അതെ', പ്രമോട്ടർ ശാന്ത എന്റെ കയ്യിൽ പിടിച്ചു.
‘ശ്ശ്ശ്ശ്ശ്ശ്...'
ചെമ്മക്കാരന്റെ മുഖത്ത് വല്ലാത്തൊരു ഭാവം. വായടക്കിൻ എന്ന നിശബ്ദമാവാനുള്ള കൽപ്പനയാണത്. അദ്ദേഹത്തിന്റെ മുഖം മുറുകി. കയ്യിലിരുന്ന ഹാഡിക്കബീഡ കുലുങ്ങി. മാന്ത്രികമായ ഉച്ചാരണത്തിൽ ഭീതിതമായൊരു മൂളക്കം.
ആജ്ഞ കേട്ട് കാറ്റ് നിന്നു. ഇലയനക്കം നിന്നു. മരത്തിലെ തേനീച്ചകൾ പാറുന്നതു നിർത്തി കൊമ്പിലിരുന്നു. രണ്ടരമീറ്ററോളം വാൽ നീളമുള്ള മൊച്ചന്മാർ നിശബ്ദരായി താഴേക്കു നോക്കി. ഇലയിടുക്കിലൂടെ കടന്നുവന്ന പ്രകാശക്കുഴൽ മങ്ങി. മഴ പെയ്യാൻ പോകും പോലെ മാനം മൂടിപ്പൊട്ടി. ആകാശം നരച്ചു തുടങ്ങിയ തകരമച്ച് പോലെ ചാരമാർന്നു. പതിയെ സൂര്യനും വെളിച്ചവുമെല്ലാം നരയിൽ മാഞ്ഞുതുടങ്ങി. മുറിവിനുമീതെ പഞ്ഞിവെയ്ക്കും പോലെ, ചാരനിറമുള്ള മേഘകെട്ടുകൾ അവയെ മറച്ചു.
നട്ടുച്ചയാണ്, 12, ഒരു മണി ആയിക്കാണും. കിളികൾ വന്ന് ചേക്കേറാൻ തുടങ്ങി. ഞാൻ നോക്കി നിൽക്കെ നെല്ലിമരം ഇലകൾ കൂമ്പി ഉറങ്ങാൻ തുടങ്ങി. ആകാശത്ത് മിന്നൽപിണർ ഉരസി. അത്യുഗ്രമായ ഇടിവെട്ടി, ഒരാളും ഒന്നും സംസാരിച്ചില്ല.
ഇലതലപ്പുകൾ സംസാരിച്ചില്ല, ഇല്ല, ആരും ഒന്നും സംസാരിച്ചില്ല.
കിളികളോ ചീവീടുകളോ സാസാരിച്ചില്ല, ഇല്ല, ആരും ഒന്നും സംസാരിച്ചില്ല.
ദൂരെ നിന്ന് ഒച്ചവെച്ചൊഴുകിയ പാണപ്പുഴ സംസാരിച്ചില്ല. ഇല്ല, ആരും ഒന്നും സംസാരിച്ചില്ല.
കുറേ നേരമായി കുരച്ചുകൊണ്ടിരുന്നു ഒരു പട്ടി പോലും കുര നിർത്തിയിരുന്നു. അത് വാല് മടക്കി തറയിൽ ഉറങ്ങാൻ കിടന്നു.
നേരം നട്ടുച്ചക്കുതന്നെ സന്ധ്യയാവാനായി എന്നെനിക്ക് തോന്നി. അത്രനേരം എന്നെ തപിപ്പിച്ച ഉഷ്ണവും അതിന്റെ പുഴുക്കവും മാറിയിരുന്നു. കാറ്റില്ലാഞ്ഞിട്ടും കോടശീതം പോലുള്ള ഒരു തണുപ്പ് എവിടെനിന്നോ പറന്നുവന്നു.
ഇപ്പോൾ എല്ലാവരും കാട്ടുനായ്ക്ക ഭാഷയിൽ എന്തൊക്കെയോ പ്രാർത്ഥനകൾ ചൊല്ലി നിള-ള് മരത്തിലേക്കു മുഖമുയർത്തി നോക്കി. നോക്കിനിൽക്കേ നിള-ള് മരം പതിയെ ഇളകാൻ തുടങ്ങി. ആരോ മരമിറങ്ങി കീഴ്‌പ്പോട്ട് വരുംപോലെയായിരുന്നു അത്. അദൃശ്യരൂപികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. നിള-ള് മരം മാത്രം അസാധാരണമായി വിറ തുള്ളി. ഹെത്തന്മാരും ഹെത്ത്ച്ചിമാരും മരണലോകത്തുനിന്നിറങ്ങി വരുന്നതു കണ്ടു. എന്റെ ബോധം മുക്കാലും പോയിരുന്നു.
‘ഹെണ്ണികേ...'
സുന്ദരിയായ ഒരു ഹെത്ത്ച്ചി എന്റെയരികിലേക്കുവന്നു. അവരുടെ കഴുത്തിലെ ഹണെബങ്കറെയിൽ ടിപ്പു സുൽത്താന്റെ മുദ്രകൾ കണ്ടു. മുള്ളു ഹെന്തി ബങ്കെറെ, മുലകൾക്കു മീതെ മുല്ലമൊട്ടുമാല പോലെ തിളങ്ങി. കയ്യിൽ കൂർത്ത നാരകമുള്ള്. ഇടങ്കയ്യിൽ പച്ചകുത്തു മഷി. അവർ ഇരു കൈയ്യും നീട്ടി.
‘വാ റാസ്സാ' എന്നു പറഞ്ഞു.
‘ഹെസ്സിളു സുത്സിത്, ബേഡാ', പച്ചകുത്തല്ലേ എന്നു ഞാൻ കേണു.
വെളിച്ചത്തെയും ഇരുട്ടിനെയും ഓർമയേയും ഭീതിയേയും ചിന്തയേയും വികാരത്തേയും മറച്ച് ഒരു പനിക്കാലം പോലെ എന്റെ കണ്ണുകളിലേക്ക് നിഴലിരുട്ട് വന്നുമൂടി.
മരണഘോഷമടക്കം
പിന്നീട് ഞാൻ കണ്ണുതുറക്കുമ്പോൾ നിലമ്പൂരിലേക്കുള്ള ഗസ്റ്റ്ഹൗസിൽ ഗേറ്റിലേക്ക് വണ്ടി തിരിയുന്നതാണ് കണ്ടത്. എന്നെയവർ എടുത്താണ് വഴി കടത്തിയതെന്ന് പറഞ്ഞു കേട്ടു. തൊട്ടിലിൽ ഞാൻ ഇളകുന്ന പോലെ അനുഭവപ്പെട്ടിരുന്നു.
സമയം സന്ധ്യ, ആറു മണി ആവാറായിരുന്നു ഉച്ചക്ക് ഒരു മണി മുതൽ 6 മണി വരെ ഞാൻ ഉറങ്ങിപ്പോയോ? എനിക്ക് വിശപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. ദാഹം മാത്രം.
ഒരു പെരുങ്കടൽക്കുടിപ്പിനായുള്ള പെരുന്താഹം മാത്രം.
ചായ കുടിച്ചപ്പോൾ അത് വാടിയതുപോലെ അനുഭവപ്പെട്ടു. ഒരുതരം വായ്ക്കയ്പ്പ്. വെള്ളം എത്ര കുടിച്ചിട്ടും ദാഹം ശമിക്കുന്നുണ്ടായിരുന്നില്ല. നിർജ്ജലീകരിക്കപ്പെട്ടവളെപ്പോലെ വായ വരണ്ടിരുന്നു.
അന്നുതന്നെ വീണ്ടും കോഴിക്കോട്ടേക്കുള്ള മടക്കയാത്ര. രാത്രി സമാധാനപൂർണമായ ഉറക്കം. എല്ലാം നിശ്ശബ്ദമായ പോലെയുള്ള ഉറക്കം. വീണ്ടും ഇംഗ്ലീഷ് പള്ളിയുടെ സമീപത്തുള്ള റോഡ് ഞാൻ സ്വപ്നം കണ്ടു. ഇളം നീല നിറമുള്ള രാത്രി. കരിങ്കണ്ണാടി പോലെ തിളങ്ങി കിടക്കുന്ന റോഡ്. കോഴിക്കോട്ടേക്ക് നിശാവസ്ത്രത്തിൽ നടന്നുപോകുന്ന ഞാൻ. ഞാൻ പക്ഷേ ഗർഭിണി ആയിരുന്നില്ല.
ഇല്ല; എനിക്ക് വയറും ഉണ്ടായിരുന്നില്ല...
ഞാനൊരു മരണഘോഷയാത്രയെ നിലവിളിച്ചുകൊണ്ട് അനുഗമിക്കുകയായിരുന്നു. മനോഹരമായ സമ്മാനപ്പെട്ടി പോലെ ആ കുഞ്ഞു ശവപ്പെട്ടി തിളങ്ങി.
കെട്ടിപ്പഴുക്കം, മുറിവാർന്നുവെൻ ഹൃദയം കൊട്ടിപ്പഴുക്കം
ഞാൻ ഞെട്ടിയുണർന്നു. ഹൃദയമിടിപ്പ് അസാധാരണമാം വിധം ഉയർന്നിരുന്നു.
നേരം പരപരാ വെളുത്തിരുന്നു. ഓർമ ഊറിയൂറി വന്നു. ഞാൻ ഗർഭിണിയാണെന്ന് ഓർമ വന്നു. എനിക്കു വയ്യാതായിരുന്നല്ലോയെന്നുമോർമ വന്നു. ഞാൻ വയറിൽ സ്പർശിച്ചുകൊണ്ടേയിരുന്നു.
‘‘അയ്യോ ഇതെന്തുപറ്റി? നിനക്ക് ഒട്ടും വയ്യേ? വേഗം റെഡി ആയിക്കോ, നമുക്ക് ഡോക്ടറുടെ അടുത്തു പോകാം''; അമ്മ ആകുലപ്പെട്ടു.
ഞാൻ നോക്കി.
കിടക്കയിൽ ചോരയുടെ ഭൂപടം.
ചെറു ചെറു രക്തദ്വീപുകൾ, ഞാൻ കിടന്നിടത്ത് ആസ്‌ത്രേലിയയുടെ വ്യതിരിക്ത ഭൂഖണ്ഡം.
ടോയ്ലെറ്റിരിക്കേ എനിക്ക് എന്തിനോ കരച്ചിൽ കനത്തു വന്നുകൊണ്ടിരുന്നു. പാന്റീസിൽ ചോരയുടെ പുതിയ മണിച്ചെമ്പരത്തിപ്പൂക്കൾ മൊട്ടിട്ടുകയും വിടരുകയും ചെയ്തുകൊണ്ടിരുന്നു.
അമ്മ ഓടിവന്ന് ടോയ്‌ലെറ്റ് വാതിൽ തട്ടി.
‘കുട്ടി ചവിട്ടുന്നില്ല അല്ലേ? ഇളക്കം തോന്നുന്നില്ലേ?', അമ്മ വല്ലാതെ പരിഭ്രമിച്ചു.
ഞാനോർത്തു നോക്കി. ഇന്നലെ അങ്ങോട്ടുള്ള യാത്രയിലാണ് കുഞ്ഞ് അവസാനമായി ഇളകിയത്. പിന്നെയൊരു ഇളക്കവുമുണ്ടായില്ല.
‘അല്ല, രാത്രീല് കുഞ്ഞ് ഇളകീര്‌ന്നോ?', കുളിമുറിക്കു വെളിയിൽ അമ്മ ഭയാക്രാന്തയായി.
‘അറിയില്ല അമ്മേ. എനിക്കൊന്നുമോർമില്ല. അല്ല, ഇന്നലെ ഒരു മണി മുതൽ 6 മണി വരെ ഞാൻ ഒറങ്ങേരുന്നു. ഇന്നലെ രാത്രീലുമതെ. ഇവിടെ വന്നു കേറിയ ശേഷം മുഴോനും ഒറങ്ങായിരുന്നു. പിന്നെ രാവിലെ ആറുമണിക്കാണ് എണീക്കണത്. ഇനിക്കൊന്നും ഓർമീല്ല.'
ഞാൻ നിസ്സഹായതയോടെ പറഞ്ഞു. അമ്മ പെട്ടെന്നു തന്നെ ഡോക്ടറെ വിളിച്ചു.
‘എത്രയും പെട്ടെന്ന് സ്‌കാൻ ചെയ്തു വരിക. ഇവിടെ വന്ന് കാത്തു നിൽക്കാതെ മെഡി. സർവിലേക്ക് പെട്ടെന്ന് പൊയ്‌ക്കോളൂ. എന്നിട്ട് സ്‌കാൻ ചെയ്‌തോളു, ഞാൻ വിളിച്ച് പറയാം, സോണോലോജിസ്റ്റിനെ.'
സോണോളൊജിസ്റ്റ് ബംഗാളി മുഖമുള്ള ഒരുവളായിരുന്നു. ഒരു ഹിന്ദിക്കാരി. അവരുടെ സ്‌കാനിങ് റൂമിലെ അപൂർവമായൊരു ചെറിപ്പഴമണം യൂറോപ്യൻ പഴത്തെരുവിനെ ഓർമിപ്പിച്ചു.
പച്ചക്കിടയ്ക്കയിൽ വീണ്ടും കിടത്തം. കൗതുകമല്ല, മറിച്ച് ഭയം. തണുപ്പുള്ള ജെല്ലിൽ അടിവയർ മിഴുമിഴാ വഴുക്കി. മോണിറ്ററിൽ ഗർഭജലയിളക്കം കാണായി. വൈപ്പറിൽ വഴുതുന്ന കാർച്ചില്ലിലെപ്പോലെ അർദ്ധ മഴവില്ലുകണ്ടു. ഡോക്ടർ മോണിറ്റർ നോക്കി റിപ്പോർട്ട് എന്തൊക്കെയോ പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. ഒരു പെൺ അസിസ്റ്റൻറ് അതുകേട്ട് എന്തൊക്കെയോ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നു. ഞാനും പേടിയോടെ തലചെരിച്ചു നോക്കി. മോണിറ്ററൊരു പ്രളയ പയോധിജലം. ഇളങ്കാറ്റിൽ ഇളകുന്നപോലെ. അതിലെന്റെ കുഞ്ഞിനെ കാണുന്നുണ്ട്. നിഴലിൽ മാറിയും മങ്ങിയും.
കുഞ്ഞ് ജലത്തിൽ ഇളകുന്നുണ്ട്...ഉണ്ട്, ഉണ്ട്...
എനിക്ക് എന്തെന്നില്ലാത്ത സമാധാനം അനുഭവപ്പെട്ടു.
വയറിൽ തേച്ച ജെൽ പതുക്കെ ടിഷ്യു കൊണ്ട് തുടച്ചു, പൈജാമയുടെ വള്ളി കെട്ടി, വസ്ത്രങ്ങൾ ശരിയാകുമ്പോൾ വെറുതെ, കുഴപ്പമൊന്നുമില്ലല്ലോ എന്നുഞാൻ ചോദിച്ചു.
‘ഈസ് എവരിതിങ്ങ് ഓകെ? കുഴപ്പമൊന്നുമില്ലല്ലോ?'
സോണോളൊജിസ്റ്റ് എന്റെ മുഖത്തേക്ക് തുറിച്ചുനോക്കി. പൊടുന്നനെ മുഖം അനുതാപത്താൽ ആർദ്രമായി.
‘കുഴപ്പമുണ്ട്. കുറച്ച് കുഴപ്പമുണ്ട്. വേഗം ഡോക്ടറുടെ അടുത്തേക്ക് ചെന്നോളൂ.'
സ്‌തോഭത്താൽ എനിക്ക് വാക്കുകൾ വിലങ്ങി.
‘എന്തു കുഴപ്പം?', ഞാനവരുടെ കൈകൾ കൂട്ടിപ്പിടിച്ചു. ഞാൻ പൊട്ടിപ്പോയിരുന്നു. പതറിപ്പോയിരുന്നു.
‘നിങ്ങൾ ഡോക്ടറുടെ അടുത്തേക്കു ചെല്ലൂ. അവർ വിശദമായി പറയും.'
അജിത ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ സങ്കടത്താൽ, വേദനയാൽ എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. എന്റെ തൊണ്ട കനത്തുവന്നു, നീറിക്കൊണ്ടിരുന്നു. അവർ സ്‌കാനിങ്ങ് റിപ്പോർട്ട് വായിച്ചു നോക്കി.
‘മോളേ, നമുക്ക് ഇത് വേണ്ട. കുട്ടിക്ക് ഹാർട്ട് ബീറ്റ് ഇല്ല. പൊക്കിൾക്കൊടിയിലേക്കുള്ള രക്തഓട്ടവും ഇല്ല.'
അവർ സ്‌കാനിംഗ് റിപ്പോർട്ട് മടക്കിത്തന്നു.
‘ചികിത്സിച്ചാൽ മാറ്വോ? മാറില്ലേ?'
‘ഇല്ല മോളെ, അതോണ്ട് കാര്യല്ല. ഈ കുട്ടി ജനിക്കേരിക്കും. സ്റ്റിൽ ബെർത്താവും. വേണ്ട. നാളെ തന്നെ ഇത് മെഡിക്കലി ടെർമിനേറ്റ് ചെയ്യാം. ബ്ലീഡിങ്ങ് തുടങ്ങീണ്ട്.'
ഞാനും അമ്മയും കരയുകയായിരുന്നു.
‘ഞാൻ ഒരു മരുന്നു തരാം. നാളെ മരുന്ന് ഉപയോഗിച്ചശേഷം 8 മണിയാവുമ്പോഴേക്കും ഇവിടെ എത്തണം. ഒട്ടും സമയം വൈകരുത്. മരുന്ന് വെച്ചുകഴിഞ്ഞാൽ ഒരു മണിക്കൂർ . എട്ടുമണിക്കുതന്നെ തീയേറ്റർ ബുക്ക് ചെയ്യാം.'
എന്റെ കണ്ണുകൾ നിറഞ്ഞൊഴിഞ്ഞുകൊണ്ടേയിരുന്നു. അവർ ഹെത്ത്ച്ചിലാട്ടം ആർക്കു വേണ്ടി നടത്തിയെന്നു മനസ്സിലായി. ആരുടെ ആത്മാവിനുവേണ്ടിയാണ് നടത്തിയത്. എനിക്ക് ആ നിമിഷം മനസ്സിലായി. അത്രമേൽ അവശയായിട്ടും എന്നെ അവരാരും വീടിനകത്തേക്ക് കയറ്റാതിരുന്നത് എന്തുകൊണ്ട് എന്നെനിക്ക് മനസ്സിലായി.
എന്റെ ഉള്ളിലുള്ള കുട്ടി മരിച്ചുപോയിരുന്നു, ഇന്നലെ തന്നെ മരിച്ചുപോയിരുന്നു. മരിച്ചയാളെ തൊടുന്നതിനും വിലക്കുണ്ട്. അതിനാൽ അവരിൽ ഭൂരിഭാഗവും എന്നെ തൊട്ടുമില്ല. കാട്ടുനായ്ക്കരുടെ വിശ്വാസമനുസരിച്ച് ഒരാൾ മരിച്ചാൽ ആ വീട്, ആ സ്ഥലം അവർ ഉപേക്ഷിച്ചു കടന്നുപോകും. എന്നാൽ ഇപ്പോൾ സർക്കാർ നൽകുന്ന സുസ്ഥിര രീതി വീടുകൾ ആയതുകൊണ്ട് ശവത്തിനൊപ്പം വീടുപേക്ഷിക്കുവാൻ വയ്യ. അതിനാൽ അവർ മൃതശരീരത്തെ അകത്തേക്ക് പ്രവേശിപ്പിക്കുകയില്ല. എന്റെ ഉള്ളിലെ ശിശു മരിച്ചുപോയിരുന്നു. എന്റെ ഉള്ളിൽ ഞാനൊരു ശവപ്പെട്ടിയെപ്പോലെ മൃതശരീരത്തെ ചുമന്നിരുന്നു. ഒരു ശവമഞ്ചത്തെ കാട്ടുനായ്ക്കർ എവിടെയും പ്രവേശിപ്പിക്കുകയില്ല.
അവരാർക്കാണ് ഹാഡിക്കയാടി ബീഡ കുലുക്കി ഹെത്ത്ച്ചിലാട്ടം നടത്തിയതെന്ന് എനിക്ക് മനസ്സിലായെങ്കിലും അതിനുള്ളിലെ രഹസ്യം അന്ന് പൂർണമായി മനസ്സിലായിരുന്നില്ല. ഒരു പൊരികാട് പച്ച നിറമാർന്ന ഇലവിരൽക്കൂമ്പാരത്താലും മുളമ്പുല്ലു നഖങ്ങളാലും വള്ളിപടർപ്പു കൈകളാലും എന്നെ പൂർണമായും വരിഞ്ഞുമുറുക്കി. കഴുത്തിൽ അദൃശ്യമായ കരം മുറുക്കി രഹസ്യരാക്ഷൻ ചാക് ചാക് എന്നു മുരണ്ടു. എന്റെ കണ്ണുകൾ തെള്ളിത്തെള്ളി വന്നു. നാക്കു വെളിയിലായി. ചുവന്ന എക്കൽ മണ്ണിന്റെ പൊടി ആകാശത്തോളം ഉയർന്നു. എനിക്ക് കണ്ണുനീറി. നെഞ്ചു നീറി. കണ്ണിൽ നിന്ന് ജലം തുള്ളിത്തുള്ളിയായ് ഉറ്റി.
എന്റെ ഭർത്താവ് ഒരു ചെറിയ കുട്ടിയെ പോലെ വാവിട്ടുകരഞ്ഞു അയാൾക്ക് സങ്കടം നിയന്ത്രിക്കാൻ പറ്റുന്നില്ലായിരുന്നു. എന്റെ അമ്മ ‘സാരമില്ല സാരമില്ല' എന്നുപറഞ്ഞു കൊണ്ടേയിരുന്നു.
‘എന്തായിരിക്കും ഇങ്ങനെ സംഭവിക്കാൻ കാരണം?', അവർ ഡോക്ടേറോട് ചോദിച്ചു.
‘എന്തുമാകാം. ജനിതകമാകാം. ഭ്രൂണത്തിന്റെ തകരാറാവാം. പെട്ടെന്നുണ്ടായ ഷോക്കാകാം. ശാരീരികമായ ആയാസമാകാം. എന്തുമാകാം.'
ഞാൻ ഓർമിച്ചു നോക്കി. എന്റെ മേലധികാരിയുടേ മുഖം. അവരുടെ ക്രൂരവും നിർമമവുമാർന്ന മുഖം.
ഇനി മറ്റു വല്ലതും? ഞാൻ ഓർമിച്ചു നോക്കി.
കുടുംബത്തിലെ എന്തെങ്കിലും ജനിതക രോഗങ്ങൾ?
ടൂർ പോകുന്നതിന് തലേദിവസം ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഉറങ്ങാൻ കിടന്ന ശേഷം ഞാൻ രണ്ടു മൂന്നു തവണ കോണിയിറങ്ങി അടുക്കളയിൽ പോയി ആപ്പിളും പേരയ്ക്കയുമൊക്കെ തിന്നു. ഒരുസമയം മുകളിലേക്ക് കയറിപ്പോകുമ്പോൾ ടി.വിയിൽ ഒരു പ്രേതസിനിമ കളിക്കുന്നുണ്ടായിരുന്നു. ഞാനതിലേയ്ക്ക് ഒറ്റത്തവണ നോക്കിപ്പോയി. ഒറ്റനോട്ടത്തിൽ തന്നെ ഒന്നു കിടുങ്ങി.
‘അയ്യോ, പോയേ ഗർഭിണികളിതൊന്നും കാണാമ്പാടില്ല'; അമ്മ എന്നെ പറഞ്ഞുവിടാൻ നോക്കി.
‘അയ്യോ, എനിക്കിതൊന്നും കാണണ്ടേ. വന്നപ്പോ ഒന്നു നോക്കിപ്പോയി, അത്രയേ ഉള്ളു.'' ഞാൻ മുകളിലേക്കു പോയി. അതായിരിക്കുമോ?
എനിക്കുൾക്കിടിലമുണ്ടായതിനാലാകുമോ?
അന്നു രാത്രി മറ്റൊരു സംഭവവും നടന്നിരുന്നു. അതും എന്നെ ഒന്നു ഭയപ്പെടുത്തിയിരുന്നു. രാത്രി ജനലിലൂടെ കമ്പിയുമായി വന്ന ഒരു കരിമഷി രൂപം, ഒരു കള്ളൻ, എന്റെ കഴുത്തിൽ കമ്പി കുരുക്കി മാലയെടുക്കാൻ നോക്കിയിരുന്നു. അയാൾ സ്പർശിച്ചപ്പോഴായിരിക്കും എന്റെ മേലിട്ട പുതപ്പ് നിലത്തേക്കു വീണുപോയി. എനിക്ക് കുളിർന്നു. നല്ല തണുപ്പുണ്ടായിരുന്നു.
എന്നെപ്പോലൊരുറക്കപ്രാന്തിയെ ഞാനീ ഭൂലോകത്ത് കണ്ടിട്ടില്ല. അത്ര തണുപ്പില്ലായിരുന്നെങ്കിൽ ഞാനാ പുതപ്പ് മാറിയത് അറിയുക പോലും ഉണ്ടായിരുന്നുമില്ല. ഉറക്കത്തിനിടക്ക് കണ്ണു തുറന്നാൽ അത് ഉറക്കത്തെ കേടുവരുത്തും എന്നതിനാൽ ഞാൻ കണ്ണു തുറക്കാതെ എണീറ്റ് കിടക്കയിൽ പുതപ്പ് തപ്പി. എന്നിട്ട് കിട്ടാഞ്ഞപ്പോൾ അരക്കണ്ണു തുറന്നു. പുതപ്പ് ചുമരിനും കട്ടിലിനും ഇടയിൽ വീണു കിടക്കുകയായിരുന്നു. മുകൾ നിലയായതിനാൽ ജനാലകൾ അപ്പടി തുറന്നിട്ടാണ് കിടക്കുന്നത്. നിലാവുദിച്ചുനിൽക്കുന്നതിനാൽ മുറിയാകെ വെള്ളിവെളിച്ചം പാറിയിരുന്നു. നല്ല കുളിരുള്ളിലൊളിപ്പിച്ച കാറ്റു വീശി. ഞാൻ കുനിഞ്ഞ് പുതപ്പെടുക്കാൻ നോക്കിയപ്പോൾ ജനാൽക്കൽ കറുകറുത്തൊരു രൂപം താഴുന്നു.
ഞാൻ ഞെട്ടിപ്പോയി. ഉറങ്ങുന്നതിനു മുമ്പ് കണ്ട പ്രേതസീരിയലിലെ ഒറ്റമുഖരംഗം എന്റെ മനസ്സിൽ വന്ന് ആഞ്ഞടിച്ചു. വയറിലെ കുഞ്ഞ് കാലു വെച്ചു ചവിട്ടി. അതുമെന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു.
ഡോക്ടറുടെ അടുത്തുനിന്ന് തിരികെയുള്ള യാത്രയിലും രാത്രി ഞാൻ പലതരം ഓർമകളാൽ നിർമമയായിപ്പോയി. എന്തുകൊണ്ടായിരിക്കും എന്റെ കുഞ്ഞ് മരിച്ചിട്ടുണ്ടാകുക? എന്തു കൊണ്ടായിരിയ്ക്കും? എന്തുകൊണ്ടായിരിയ്ക്കും?
മരിച്ചു പോയ ഒരു കുഞ്ഞിനെ ഉദരത്തിൽ വെച്ച് ഉറങ്ങിനോക്കിയിട്ടുണ്ടോ? അഴുകിത്തുടങ്ങിയ ഭ്രൂണത്തെ ഉള്ളിലേറ്റി ഉറങ്ങിനോക്കിയിട്ടുണ്ടോ? ആ സമയങ്ങളിലൊക്കെ നമ്മൾ സ്വയം ശവപ്പെട്ടിയായതു പോലെ തോന്നും. വയറകം കല്ലിച്ച പോലെ. മനസ്സിനേക്കാളും ആത്മാവിനേക്കാളും മുറിപ്പെട്ട ഹൃദയത്തേക്കാളും കല്ലിച്ച പോലെ. മരച്ചു മരവിച്ച പോലെ.
അന്നു രാത്രി ഒന്നു കരയാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. ഒരു തുള്ളി പോലും കണ്ണീർ തുളിച്ച് വന്നില്ല. മുറിവിനകം പഴുത്ത് ചലവും പഴുപ്പും പോകാതെ വേദനിയ്ക്കുന്ന വ്രണം പോലെ, ദിവസങ്ങളോളം പാല് കെട്ടിപ്പഴുത്ത മുലകളെ പോലെ നെഞ്ചിന്റെ ഉള്ളിലപ്പാടെ നീറ്റമാർന്ന ഒരു വിങ്ങൽ മാത്രം അനുഭവപ്പെട്ടു.
ശിശുക്കൾ താമരപ്പൂക്കൾ. ഈ ചോരക്കുളം നിറയെ പൊക്കിൾക്കൊടിവള്ളികൾ
രാവിലെ എന്നെത്തെയും പോലെ ശാന്തമായുണർന്നു. പെട്ടെന്നാണ് ഓർമ വന്നത്. ഇന്ന് ഉള്ളിലെ ഭ്രൂണത്തെ ചുരണ്ടിയെടുക്കുന്ന ദിവസമാണ്. മരുന്നുകൾ ഉപയോഗിക്കണം. ഡോക്ടർ പറഞ്ഞ സമയത്തുതന്നെ ഞാൻ മരുന്നുപയോഗിച്ചു.
ശേഷം ഞങ്ങൾ ആശുപത്രിയിലേക്ക് യാത്ര തുടങ്ങി.
ആശുപത്രിയാത്രയുടെ പകുതിക്കുവെച്ച് അതിശക്തമായ ഒരു അടിവയർ വേദന ആരംഭിച്ചു. കൃത്യം അഞ്ചു മിനുട്ടിനു ശേഷം കഠിനമായ രക്തസ്രാവവും തുടങ്ങി. ജീവിതത്തിൽ അന്നു വരെ കാണാത്ത പോലെ ഒന്ന്.
എന്റെ ടോർസോ പൂർണമായും രക്തമായി അലിഞ്ഞു പോകുമെന്നു ഞാൻ ഭയന്നു പോയി. വല്ലാത്ത അനുഭവമാണത്. മെഡിക്കലി ടെർമിനേറ്റഡ് പ്രെഗ്‌നൻസി. ആർത്തവമൊക്കെ എന്ത്? ഇത് നമ്മൾ സ്വയം പുഴയായ് ഒഴുകിപോകും പോലെയാണ്. ഉടലൊഴുക്കം. സാവകാശം തുള്ളിതുള്ളിയായി, പിന്നെ ചാലിട്ട് ഒഴുക്കായി ഒഴുക്കായി അലിഞ്ഞു പോകും. അതുവരെ എനിക്കുണ്ടായിരുന്ന കല്ലിപ്പും മരവിപ്പും എല്ലാം അവസാനിച്ചു. ഞാൻ രക്തക്കണ്ണീരായി ഉരുകി... ഞാൻ രക്തക്കണ്ണീരായി തുളുമ്പിയൊഴുകി.
ഞാൻ അശരണമായ ഒരു കരച്ചിലിൽ വേദനകളെ അമർത്തി.
‘എന്തുപറ്റി മോളേ?' അച്ഛനുമമ്മയും പരിഭ്രമിച്ചു.
‘എനിക്ക് വയറു വേദനിക്കുന്നു.'
ഞാൻ സത്യം മുഴുവൻ പറഞ്ഞില്ല. വയറു വേദനിക്കുന്നതിനൊക്കെ അപ്പുറത്ത് എനിക്ക് എന്റെ ഹൃദയം വേദനിച്ചുകൊണ്ടേയിരുന്നു. എന്റെ കുഞ്ഞാണ് രക്തമിഠായി അലിയുന്ന ലാഘവത്തോടെ അലിഞ്ഞ് ജീപ്പിലിറ്റുന്നത്. ഊതനിറം കാച്ചിയ ചോന്ന രക്തം. എന്നെ ദുരിതത്തിലേക്ക് പറഞ്ഞുവിട്ട ഓഫീസറെ ദേഷ്യത്തോടെ, കടുത്ത പകയോടെ ഞാനോർത്തു. എന്റെയുള്ളിൽ അതിവന്യമായൊരു ശാപം ഉരുൾപൊട്ടി. ദേഷ്യം, പക, കഠിനമായ മനോവേദന, അസഹനീയമായ ശരീര വേദന. ഞാൻ തലകുമ്പിട്ട് ഉടൽ വളച്ച് കൂനിക്കൂടി അട്ടചുരുളും പോലെ വയറമർത്തിയിരുന്നു.
ഇന്നും ആ ജീപ്പിന്റെ മുഴക്കം എന്റെ മനസ്സിലുണ്ട്.
ഭൂവസ്ത്രം വിരിച്ച ബൈപ്പാസിന്റെ വിശാല ടാർ റോഡിലൂടെയുള്ള സുഖകരമായ യാത്രയിൽ, ഉടുപ്പുകൾ മുഴുവൻ ചോര കുടിച്ച്, കാൽത്തണ്ടകളിലൂടെ, വിരലുകളിലൂടെ ചെരിപ്പിലൂടെ ചോര ഒഴുകി ജീപ്പിന്റെ തറയിൽ പരന്നു തളം കെട്ടിയത്. ചുരിദാറിന്റെ ടോപ്പിൻ തുമ്പിലൂടെ നിലത്തേക്ക് രക്തം തുള്ളിതുള്ളിയായി ഉറുന്നുറ്റിയത്. കുളിച്ചതിനു ശേഷം തുവർത്താതെ വന്നു നിന്ന ഒരാളെപ്പോലെ എന്റെ കാൽത്തടത്തിനു ചുറ്റും രക്തസമുദ്രം ഉണ്ടായിവന്നത്.
എന്റെ നനഞ്ഞു നിസ്സഹായമായ മുഖം അതിൽ പ്രതിബിംബിച്ചു.
ആ ഓർമകളെല്ലാം വളരെ നിസാരമായാണ് ഞാനിപ്പോൾ എഴുതുന്നത്. ഒട്ടും വേദനിയ്ക്കാത്ത ഒരുവളെപ്പോലെയും അല്ലെങ്കിൽ ഒരു കഥാകൃത്ത് മറ്റൊരുവളുടെ ജീവിതകഥ പറയും പോലെയും എഴുതുന്നതായി നിങ്ങൾക്ക് തോന്നാം.
എന്റെ മുറിവുകൾ പഴയതല്ല. പുതിയതാണ്. പുതിയത്... പുതിയത്.
പക്ഷെ, ഇന്നുഞാൻ സാധാരണമായിരിക്കുന്നതിനും കാരണമുണ്ട്. ഈ ഫീറ്റൽ ഡെത്തിനുശേഷം ഞാൻ രണ്ടു തവണ ഗർഭം ധരിച്ചു. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ടായി. ഞാൻ നിർമമയായി. പക്ഷെ, തൊലിപ്പുറത്തു മാത്രം. എഴുത്തിൽ മാത്രം. എന്നാൽ എഴുത്തിലെ ആ നിർമമത പക്ഷെ ആ ഓർമകൾക്കില്ല. അതെന്നെ സദാ അസ്വാസ്ഥ്യപ്പെടുത്തുന്നു. അന്നു ഞാൻ ഹൃദയം തകർന്നു നിന്നതു പോലെ ഓരോ വരിയിലും ഉഴർന്നുപോകുന്നു. ഓരോ അക്ഷരത്തിലും ചോര കലർന്ന കണ്ണുനീർ ഉറവു പൊട്ടുന്നു. കുഞ്ഞു മരിച്ച അമ്മയാവുക എളുപ്പമല്ല.
എന്തു നാശമാണിത്. എന്റെ തലപൊട്ടുന്നു. ദൈവമേ... എന്റെ തലപൊട്ടുന്നു.
എന്റെ കുഞ്ഞിപ്പെണ്ണേ, നിന്നെപ്രതിയുള്ള ഓരോ ഓർമയും ... എന്തു നാശമാണത്.
പച്ച മെഡിക്കൽ ഗൗണിട്ട് നടക്കുന്ന വഴിയിൽ ചോന്ന ആകാശമുല്ലപ്പൂക്കൾ ഉറുത്തിട്ട് പല രക്തകാലടികൾ തറയിൽ പതിപ്പിച്ച് ഞാൻ പതിയെ സർജറി മുറിയിലേക്കു നടന്നു.
അന്ന് വീണ്ടുമൊരു പപച്ചവിരിയിൽ, ജാലകപ്പച്ചപർദ്ദയിളക്കം കണ്ടുകിടക്കുന്ന സർജറി മുറിയിൽ, പച്ചയിലെ രക്തഞരമ്പ് പോലെ ഞാൻ മാത്രം ചുവന്നു കിടന്നു. എന്റെ സർജ്ജറി ടേബിളിൽ നിന്നുള്ള ഒരു കുഴലിലൂടെ താഴെ വച്ച ബക്കറ്റിലേക്ക് ചോര പൈപ്പു തുറന്ന പോലെ ഒഴുകുന്നുണ്ടായിരുന്നു. ചോരക്കുഴലിന്റെ പൈപ്പുനീരുറവ.
അനസ്‌തേഷ്യക്ക് തൊട്ടുമുമ്പാണ് എനിക്ക് ഉള്ളുതുറന്ന് കരയാൻ കഴിഞ്ഞത്. ഹൃദയവും ആത്മാവും മനസ്സും തുറന്നുവെച്ച് നിസ്സഹായമായും നിരാലംബമായും തുറന്നു കരയാൻ കഴിഞ്ഞത്.
‘എന്തിനാണ് കരയുന്നത്?', ഡോ. അജിത എന്നെ ആശ്വസിപ്പിക്കാൻ നോക്കി.
‘ഏയ്, കരയാതിരിക്കൂ. അനെസ്തിസ്റ്റ് എന്റെ കൈവിരലുകളിൽ വാത്സല്യത്തോടെ തഴുകി.
‘നോക്കൂ, പ്രെഷറേത്രമേൽ ഡൗണായിരിക്കുന്നു. ഞരമ്പ് കിട്ടാൻ പ്രയാസാവണു. പ്ലീസ് സമാധാനിക്കാൻ ശ്രമിയ്ക്കൂ'.
പക്ഷെ ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു. എന്തിനാണ് കരയുന്നത് എന്നുപോലും അറിയാത്ത അത്ര സങ്കടം എന്നെ കലക്കിക്കളഞ്ഞു. ഞാനൊരു കേവല ചോരയുറവ മാത്രമായി.
ആ അനസ്‌തേഷ്യയും ഉറക്കവും എനിക്കിന്നും ഓർമയുണ്ട്. അവരുടെ ചോദ്യങ്ങൾ കാതിൽ മുഴങ്ങുന്നു.
‘നോക്കൂ, സജിത്തിനെയും സിമിയേയും അറിയുമോ?'
‘അറിയാം'
‘ആരാണ്?'
‘എന്റെ കൊളീഗ്സ്സാണ്'
‘എന്നെക്കാണാൻ വന്നിരുന്നു'
‘അതെയോ'
ഞാൻ മയങ്ങിക്കൊണ്ട് അവരുടെ ചോദ്യത്തിനെല്ലാം മറുപടി പറഞ്ഞുകൊണ്ടിരുന്നു.
‘എന്താണിത്? ദൈവമേ? സർജറിഗൗണിന്റെ പുറകിൽ പിന്നുകുത്തി വെച്ചിരിയ്ക്കുന്നു', അതുകൂടി ഞാൻ അവ്യക്തമായിക്കേട്ടു. അതിനു പുറകിൽ ബട്ടണില്ലാത്തതുകൊണ്ടാണെന്ന് പറയുവാൻ ഞാൻ ആഗ്രഹിച്ചു. നിറയെ മെയിൽ നേഴ്‌സുമാരുള്ള വാർഡിൽ പുറകുതുറന്ന ഗൗണിട്ട് നടക്കാനാവില്ലെന്ന് പറയണമെന്ന് ഞാനാശിച്ചു. പക്ഷെ ഞാൻ മയങ്ങിപ്പോയി.
ആ അനസ്തീഷ്യ മയക്കത്തിൽ നിറയെ ഒരു ഓടയിൽ കമിഴ്ന്നു കിടന്ന് ഒഴുകുന്ന കുട്ടികളുടെ ജഢമായിരുന്നു. പൂർണവളർച്ചയെത്താതെ പിറവി കൊണ്ടവർ, കത്രികയാൽ കയ്യറന്നവർ, കാലറന്നവർ, ഗർഭപാത്രത്തിന്റെ താമരയിതൾ നിറമുള്ള ശിശുപ്പൂക്കൾ... അവരുടെ ഉടലിൽ നിന്നും അടിത്തട്ടിലേക്ക് പാതിവളർന്ന പൊക്കിൾക്കൊടിയുടേ പൂവള്ളി. അതിൽ നിന്ന് രക്തരുചിയുറിഞ്ചുന്ന മുഴുമത്സ്യങ്ങൾ... ശിശുക്കൾ താമരപ്പൂകളായ ചോരക്കുളത്തിലേയ്‌ക്കൊഴുകിച്ചെന്ന താമരക്കുഞ്ഞുങ്ങൾ... നോക്കിനിൽക്കെ എനിക്ക് മനസ്സിലായി... ഓടയിലൂടെ, ആശുപത്രിയുടെ മാലിന്യ ഓടയിലൂടെ ഒഴുകിപ്പോയത് എന്റെ കുഞ്ഞായിരുന്നു.
പിന്നീട് ഓഫീസിൽ ചെന്നപ്പോൾ ഒന്നും ഞാനാ മേലധികാരിയോട് സംസാരിച്ചില്ല. ഉള്ളിൽ പക പോലെ എന്തോ ഒന്ന് സദാ എരിഞ്ഞുകത്തി. വല്ലാത്ത ദേഷ്യം തോന്നി. അവരെന്നെ പറഞ്ഞു വിട്ടില്ലായിരുന്നുവെങ്കിൽ എന്റെ കുഞ്ഞിനെ എനിക്ക് കിട്ടുമായിരുന്നു എന്നുതോന്നി. അതി ഭയങ്കരമായ രീതിയിൽ ഉള്ളിൽ പക പൂത്ത് വളർന്നു കൊണ്ടിരുന്നു.
പിന്നീട് വർഷങ്ങൾക്കുശേഷം ഞാനാ മേലധികാരിയെക്കണ്ടു. എഴുപതുകളുടെ വാർധക്യത്തിൽ നരച്ച വസ്ത്രങ്ങളണിഞ്ഞ്, മുഖത്ത് നിർവികാരത നിറച്ച്, നരച്ച മുടി, വെള്ളിത്തരം കള്ളം പോലെ പ്രദർശിപ്പിച്ച്, വിറയ്ക്കുന്ന കൈകൾ കൊണ്ട് മുഖം പൊത്തി, എന്നെക്കണ്ടമാത്രയിൽ അവർ കരഞ്ഞു.
കുറ്റബോധമാണോ?
അൽഷിമേഴ്‌സിന്റെ രോഗകാഠിന്യമാണോ? അവർ നിലവിളിച്ചുകൊണ്ടേയിരുന്നു. അവരുടെ കൈകളുടെ പരുപരുപ്പിൽ എന്റെ കൈകൾ ഞെരുങ്ങി. ഞാനവരോട് എന്നേ പൊറുത്തു കഴിഞ്ഞതാണ്. എന്നേ പൊരുത്തപ്പെട്ടതാണ്. എന്നേ ക്ഷമിച്ചതാണ്. എന്റെ മനസ്സിൽ പകയുടെ ഒരു തരി ഉണ്ടെങ്കിൽ ഞാനവരെ കാണുമായിരുന്നില്ലല്ലൊ.
‘പോട്ടെ, പോട്ടെ, കരയണ്ട.'
ഞാനവരുടെ ചുമരിൽ അനുതാപത്തോടെ തഴുകി.
‘ഓർമയില്ല ഒട്ടും. പിച്ചും പേയ്യും പറഞ്ഞ് കരയലാണ് പ്രധാനപണി', മകൾ പറഞ്ഞു.
‘അന്നെനിയ്ക്ക് ആ റോഡ് ഒലിച്ചു പോയ വിവരം അറിയുമായിരുന്നില്ല. ഞാനും കൂടി വന്നില്ലേ? അങ്ങനാച്ച ഞാൻ വരുവോ? എനിക്ക് കുട്ടിയെ ഉപദ്രവിക്കണമെന്ന് ഇല്ലായിരുന്നു. സത്യമായും അറിയില്ലായിരുന്നു. പറ്റിപ്പോയില്ലേ, ക്ഷമിക്കണേ', അവരെന്റെ തോളിലേക്കു ചാഞ്ഞു. അവരുടെ കണ്ണീർവീണ് എന്റെ പുറകുഭാഗം നനഞ്ഞു.
‘എനിക്കറിയാം, എനിക്കറിയാം, പോട്ടെ പോട്ടെ.'
ഞാനവരുടെ നരച്ച മുടിയിഴകളിൽ തഴുകിക്കൊണ്ടെയിരുന്നു.
താമരക്കുളത്തിലൊഴുകിയ ചുരുണ്ട ഭ്രൂണക്കുഞ്ഞിനെപ്പോലെ അവരെന്നെ അള്ളിപ്പിടിച്ചു. ▮
(തുടരും)
1. നിള-ള് മരം- കാട്ടുനായ്ക്കർ മരണാനന്തര ജീവിതം, മരണാനന്തര ലോകം എന്നിവയിൽ വിശ്വസിക്കുന്നു. നിള-ള് മരമെന്ന മരത്തിലൂടെയാണ് പ്രവേശം. ആത്മാക്കൾ ഈ മരത്തിൽ വന്നിരിക്കാറുണ്ടെന്നാണ് വിശ്വാസം. 2. ഹെത്ത്ചി- മുത്തശ്ശിയായ പൂർവ്വിക പെൺ ആത്മാവ്. 3. ഹണ ബങ്കറെ- അണകൾ/നാണയം കോർത്തുണ്ടാക്കിയ മാല. 4. മുള്ളു ഹെന്തി- മുള്ളൻപന്നി.
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.