ഇന്ദുമേനോൻ

മൈമൂനയുടെ അപഥ സഞ്ചാരങ്ങൾ

എന്റെ കഥ- 32

അടിസ്ഥാനപരമായി അലഞ്ഞും പെറുക്കിയും പഴം പറിച്ചും തിന്നുന്ന എന്റെയുള്ളിലെ ആദിമ മനുഷ്യന്റെ സഹയാത്രികയായിരുന്നു അവൾ.

മൈമൂന എന്ന മൈമൂനത്ത് ബീവി ചെമ്പൂതിക്കാച്ചിയ നിറമുള്ള ഒരു പെൺകുട്ടിയായിരുന്നു. ഓട്ടുവിളക്കുപോലെ പ്രശാന്തമായ മുഖം.
ലക്ഷ്മീഭാവത്തിലുള്ള ചിരികാണുമ്പോൾ തൂക്കുവിളക്ക് തെളിഞ്ഞുകത്തുന്നത് ഓർമ്മ വരും.

കറുപ്പ് പടർന്ന കരിങ്കൂവളയിലകൾ പോലെ ഇടയ്ക്കിടെ ഇളകിക്കൊണ്ടിരിക്കുന്ന പീലിക്കൺപോളകൾ. നീണ്ടു, മഞ്ഞപ്പഴുപ്പ് വീശിയ തത്തച്ചുണ്ടൻ മാമ്പഴത്തെ ഓർമിപ്പിക്കുന്ന ഭംഗിയുള്ള മൂക്ക്. കറുപ്പുനിറം കുറഞ്ഞ ചുരുൾ മുടിയിഴകൾ. തലയിൽ എപ്പോഴും അയഞ്ഞുവീഴാൻ പാകത്തിൽ പുള്ളിത്തട്ടം. സ്കൂളിൽ വരുമ്പോൾ മാത്രമാണെത്രെ മൈമൂന വസ്ത്രം ധരിക്കുക. ബാക്കി സമയങ്ങളിൽ ചുവപ്പ് പട്ടുചരട് മാത്രം ധരിച്ച് തൊടിയിലും പാടത്തും മുറ്റത്തും അവൾ ചളി കുഴച്ചു കളിച്ചു.

അക്കാലങ്ങളിൽ പാരഡി പാടിയതിൽ പ്രതി ഞാനെന്റെ അച്ഛന്റെയും കുടുംബക്കാരുടെയും മുമ്പിൽ തലകുമ്പിട്ടു നിന്നു. അച്ഛന്റെ സംഗീതവും എന്റെ സരസ്വതിയും വല്ലാത്ത ഒരു കൂടിച്ചേരൽ ആയിരുന്നു

ഞാൻ ആദ്യം മൈമൂനയെ കാണുമ്പോൾ അവൾ ക്ലാസിൽ ചിണുങ്ങിക്കൊണ്ട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു.
“ഇച്ച് പാത്തണം മാസ്റ്റേ”
“യെന്ത്ത്തും?” അയമുട്ട്യാഷ് മുഖം ചുളിച്ചു മൂക്കുവിടർത്തി.
ചൂരൽ വായുവിൽ ചുഴറ്റി. ഇന്റെർവെല്ലിന്​ ഇനിയും അഞ്ചോ പത്തോ മിനിറ്റ് ബാക്കിയുണ്ടായിരുന്നു.
“ഞമ്മക്ക് പത്താം പോണം. മുട്ടീറ്റ് ബയ്യ” മൈമൂനയുടെ ചിണുക്കമുഖം ചുവന്നുകൂർത്തു വന്നു.
“ജബടിരിക്ക്. ഇപ്പം ബെല്ലെടിക്കും. അപ്പം പോകനക്ക്”, മാഷ് ചുവന്ന ചോരക്കണ്ണുകൾ ഉരുട്ടി.
“പാത്ത്യാ, ഇങ്ങളെന്നെ തൊടക്കെണ്ട്യേരും” ഇരിക്കുമ്പോൾ എനിക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ മൈമൂന പിറുപിറുത്തു. പിന്നെ വളരെ താണ ശബ്ദ്ത്തിൽ ഒരു പാരഡിപ്പാട്ട് ആരംഭിച്ചു. ഞാൻ ഞെട്ടിപ്പോയി. എന്റെ ചെവികൾ പൊട്ടിപ്പോയേക്കാം എന്നുഞാൻ ഭയന്നു.
“ഒന്നാം ക്ലാസ്സിലെ കുട്ടി
രണ്ടാം ബെഞ്ചീമ്മെ തൂറി
വന്നുവല്ലോ ടീച്ചറും മാഷും
ബക്കറ്റിൽ വെള്ളവുമായി
വാരിയതും ടീച്ചർ, കോരിയതും ടീച്ചർ..”

പേങ്ങാട്ട്​ സ്​കൂൾ
പേങ്ങാട്ട്​ സ്​കൂൾ

തൂവാനത്തുമ്പികളിലെ പാർവതിയും മോഹൻലാലും. ‘ആ ആ ആ’ എന്നു ഞാൻ മനസ്സിൽ പാടി. അക്കാലങ്ങളിൽ പാരഡി പാടിയതിൽ പ്രതി ഞാനെന്റെ അച്ഛന്റെയും കുടുംബക്കാരുടെയും മുമ്പിൽ തലകുമ്പിട്ടു നിന്നു. അച്ഛന്റെ സംഗീതവും എന്റെ സരസ്വതിയും വല്ലാത്ത ഒരു കൂടിച്ചേരൽ ആയിരുന്നു. ഒരു ഈണം കേട്ടാൽ മതിയായിരുന്നു എനിക്ക്​ വാക്കുകൾ മനസ്സിലുറയ്ക്കുംമുമ്പ് താളവും ഈണവും ഉള്ളിലുറയ്ക്കും. പിന്നെ തോന്നിയ വാക്കുകളിട്ട് പാട്ടുപാടും.

വയസ്സായ ത​ള്ളേ- വൈശാഖസന്ധ്യേ നിഞ്ചുണ്ടിൽ,
ഇന്നെനിയ്ക്ക് കള്ളുകുടിയ്ക്കാൻ,
കണ്ണൂർക്കായലിലേതോ ഒരു അജ്ഞാതന്റെ കോണം,
ജനഗണൻ വട്ടക്കണ്ണൻ നായിന്റെ പുറകിൽ ഭാരതി ചൂലുങ്കൊണ്ടോടി
അങ്ങനെ അസംഖ്യം. പാരഡി കേട്ടാൽ അതിനും പാരഡി. സർവം പാരഡിമയം.
എന്നാൽ ഏറ്റവും അപകടകരമായ പാരഡി സംഭവിച്ചത് മാമിയാർ സീതാലക്ഷ്മിയ്ക്ക് പാടി നൽകിയ പാരഡിയായിരുന്നു.
പുതുമനൈവിയായ് മാമനാർ രാമചന്ദ്രൻ തിരുമണം പണ്ണി വന്ന ആ സുന്ദരിയെ ഞാൻ കണ്മിഴിച്ചു നോക്കി. വൈരമൂക്കുത്തിയുടെ ഉഗ്രത്തിളക്കം അന്നക്കട്ടച്ചേലയുടെ പുതുപട്ടുത്തിളക്കം.

മുല്ലമൊട്ടുമാലചൂടി മിഞ്ചിയിട്ട് മണിയറിയിൽ ഇരുന്ന മാമിയാർക്ക് ബോറടിക്കാതിരിയ്ക്കാൻ എന്നെ കൂട്ടിരുത്തിയതാണ്. വസ്ത്രവും ആഭരണവും പെണ്ണുമൊക്കെ എനിക്ക് വല്ലാതിഷ്ടപ്പെട്ടു.
“ഇന്ത ഇന്ദുപ്പൊണ്ണ് നല്ലാ പാടുവേം. രണ്ടു വാട്ടി ആകാസവാണിയിലെ പാടിയിരുക്ക്”
“അപ്പടിയാ. ഒരു പാട്ട് പാട്”
കല്യാണപ്പെണ്ണാണ്​ ചോദിക്കുന്നത്. ഞാൻ കൊണ്ടുപിടിച്ചു പാടി
“കടവുളേ” എന്റെ പാട്ടുകേട്ടവർ കേട്ടവർ ആദ്യം അയ്യോ എന്നാവുകയും പിനീട് പൊട്ടിച്ചിരിയ്ക്കുകയും ചെയ്തു.
“യെം ഇവ്വളവ് സിറിപ്പ്?” എന്നു ചോദിച്ച് ബർമുഡക്കാരൻ നവവരൻ അമീരിക്കൻ സ്റ്റൈലിൽ ഇറങ്ങിയതും പെണ്ണുങ്ങൾ കൂടുതൽ ഉറക്കെ ചിരിച്ചു. മാമിയാർ തലകുമ്പിട്ടിരുന്നു.

എന്റെ പാരഡിഗാനം വാനോളം പ്രശസ്തമായി, മീഞ്ചന്തയിൽ പരക്കെ.
എന്നെ കാണുമ്പോൾ കാണുമ്പോൾ പെൺകുട്ടികളും ആൺകുട്ടികളും കൂട്ടമായി വിളിച്ച് സംഭവം ചോദിച്ചു പൊട്ടിച്ചിരിച്ചു.
“എന്നട്ട്?”
“സീതാമാമ്മിയാർ എന്റെ പാട്ടു കേട്ട് കടവുളേന്നു പേടിച്ചുവിളിച്ചു”
“ഓഹോ എന്തു പാട്ടാദ്?”
ഞാനുറക്കെ പാടും കുട്ടികൾ ചിരിയ്ക്കും. എനിക്കും രസമാകും.

ഇരുട്ടിനേയോ മരണത്തേയോ കബറിനേയോ ജിന്നിനേയോ ഭയമില്ലാത്ത എന്നെപ്പോലെ തന്നെയുള്ള മറ്റൊരുവൾ. അവളുടെ മിക്കവാറും യാത്രകൾ അവസാനിക്കുന്നത്, ഏഴെട്ടു മണിയാകുമ്പോൾ

ഒരിക്കൽ വൈകുന്നേരം കളി കഴിഞ്ഞുവരുമ്പോൾ എന്റെ അമ്മൂമ്മയുടെ അനിയത്തി ജാനുവെല്ലിമ്മ ക്ഷുഭിതയായി ചീത്തപറയുന്നത് കേട്ടു. അമ്മ വാ പൊത്തി ചിരിയ്ക്കുകയും അമ്മൂമ്മ താടിക്ക് കൈകൊടുത്തു നിൽക്കുകയും ചെയ്യുന്നത് കണ്ടു.
“ദാ വന്നല്ലോ കാളിദാസൻ’’, ജാനുവെല്ല്യമ്മ എന്നെ നോക്കി കോപത്തിൽ നിന്നു.
“നീയ്യെന്താ കോലോന്തൊടീല് മോശപ്പെട്ട പാട്ടുകൾ പാടുന്നത്?”
“ഏഹ് ഞാനോ. ഞാൻ നല്ല പാ​ട്ടേ പാടൂ”
“നീയ്യാ മാമിയാർക്ക് പാട്ടു പാടിക്കൊടുത്ത് അവര് പേടിച്ചെന്നു കേട്ടൂലോ?”
“എന്തു പാട്ടാ മോള് പാടിയത്?”

ഞാനമ്പരന്നു നിൽക്കുകയാണ്. പൂന്തോട്ടത്തിൽ ചാടിനടക്കുന്ന തവളക്കുഞ്ഞിനെപ്പറ്റിയുള്ള ഗാനം എങ്ങനെ മോശമാകാനാണ്?
ഞാൻ വലിയ ഒച്ചയിൽ പാടി;
“വള്ളിട്രൗസറിനുള്ളിലിരിയ്ക്കും പുള്ളിത്തവളേ ചാടൂ, പുള്ളിത്തവളേ ചാടൂ...
മാനം പൂത്തതറിഞ്ഞില്ലെ നല്ല പാട്ടുകൾ പാടാം ചാടൂ”
എത്ര മനോഹരമായ ഗാനം. കേൾക്കുന്നവർക്ക് ചിരിവരുന്നത്ര സന്തോഷ ഗാനം. അമ്മ വാപൊത്തിച്ചിരിയ്ക്കാൻ തുടങ്ങി. ഒപ്പം അമ്മമ്മയും.

കുട്ടർബ്യാഷ്​, അയമുട്ട്യാഷ്
കുട്ടർബ്യാഷ്​, അയമുട്ട്യാഷ്

കുട്ടികളുടെ കൗതുക ലോകങ്ങളെ മറ്റു കണ്ണുകൊണ്ട് കണ്ടവർ പ്രതിയല്ല. പാടിയ ഞാനാണ് പ്രതി. ആ മനോഹരഗാനവും അതിന്റെയുള്ളിലെ വെണ്മണി അഫനും മകനുമൊക്കെ മനസ്സിലാവാൻ ഏറെ നാളുകളെടുത്തു.

മൈമൂനയുടെ പാരഡി കേൾക്കെ ഞാൻ തകർന്നുപോയി. ഭഗവാനെ, മാന്യമായ പാട്ടു പാടിയിട്ടു പോലും പഴികിട്ടിയിരിക്കുമ്പോഴാണോ ഇമ്മതിരിപ്പാട്ടുകൾ. അവളിലെ ധീരയെ എനിക്കങ്ങിഷ്ടപ്പെട്ടു.

അസാധാരണമായ ഈ ധൈര്യം മാത്രമല്ല മൈമൂനയെ ഞാൻ കൂട്ടുകാരി യാക്കുവാൻ കാരണമായത്. മൈമൂനയുടെ സഞ്ചാരങ്ങൾ, അപഥസഞ്ചാരങ്ങൾ അതെന്നെ ഭയങ്കരമായി ആകർഷിച്ചു. അടിസ്ഥാനപരമായി അലഞ്ഞും പെറുക്കിയും പഴം പറിച്ചും തിന്നുന്ന എന്റെയുള്ളിലെ ആദിമ മനുഷ്യന്റെ സഹയാത്രികയായിരുന്നു അവൾ. വാസ്കോഡി ഗാമയുടെയോ മഗല്ലന്റെയോ ഇബ്നുബത്തൂത്തയുടേയോ സഞ്ചാരങ്ങളേക്കാളും ധീരവും ഉദാത്തവും ആയിരുന്നു അവ. അരുളിപ്രം അമ്പലക്കുളത്തിൽ താമസിക്കുന്ന ബ്രഹ്മരക്ഷസ്സിനെയും മയ്യത്ത് കാട്ടിൽ സമൃദ്ധമായി കായ്ച്ചുതുടങ്ങിയ പാഷൻ ഫ്രൂട്ട് പഴങ്ങളെയും പാമ്പൂരിയെറിഞ്ഞ് തിളങ്ങുന്ന പുള്ളിയുറകളെയും കുറുക്കൻമാർ തൂറിയ തായങ്കളിയ്ക്കാൻ പറ്റുന്ന പനങ്കുരുക്കളെയുമെല്ലാം മൈമൂന കണ്ടെടുത്തു. അഞ്ചുമണിക്ക് സ്കൂൾ വിട്ടാൽ മദ്രസയിൽ ആറരമണിവരെ ഓതിയതിനുശേഷമാണ് അവൾ പലപ്പോഴും സഞ്ചാരങ്ങൾ ആരംഭിച്ചത്. ഇരുട്ടിനേയോ മരണത്തേയോ കബറിനേയോ ജിന്നിനേയോ ഭയമില്ലാത്ത എന്നെപ്പോലെ തന്നെയുള്ള മറ്റൊരുവൾ. അവളുടെ മിക്കവാറും യാത്രകൾ അവസാനിക്കുന്നത്, ഏഴെട്ടു മണിയാകുമ്പോൾ .

സുൽഫത്തിന്റെ മുലകളിൽ കയറിപ്പിടിച്ച ഉസ്താദ് ഒരിക്കൽ മൈമൂനയെ മടിയിൽ ഇരിക്കുന്നതിന് ക്ഷണിച്ചു. അവൾ പോയില്ല. ക്ഷോഭം കൊണ്ടയാൾ വിറച്ചു. അപ്പവടി കൊണ്ട് മൈമൂനത്തിന്റെ നടുപ്പുറത്തും തുടയിലും മാറിമാറി അടിച്ചു.

“ ഇൻെറ മൈമ്വോ”
“ഇന്റെ ബദരീങ്ങളെ ഇൻെറ കുട്ടിയെബിട്യാ”? തുടങ്ങിയ അവളുടെ ഉമ്മയുടെ നിലവിളികളിലൂടെ ആയിരിക്കും. എല്ലാ യാത്രാളുടെയും ഒടുക്കം മൈമൂന ഒരു കുഴിയിൽ ചാടിയിരിയ്ക്കും. അപഥസഞ്ചാരിണി മൈമൂനയെക്കാത്ത് അനേകം കുഴികൾ മരണവാ പിളർത്തിനിന്നു. ചെറിയ പൊട്ടക്കിണറുകൾ, തുറന്നുതുടങ്ങിയ കല്ലുവെട്ടാംകുഴി, വാഴയ്ക്കോ തെങ്ങിനോ വേണ്ടി കുത്തിയ ചെറുകുഴികൾ എന്നിങ്ങനെയുള്ള ഉള്ള കുഴികളാണ് അവൾക്ക് പ്രിയങ്കരം. ഒരിക്കൽ പക്ഷേ അവൾ വീണത് ആഴത്തിൽ കുത്തിയ വലിയൊരു ഖബർ കുഴിയിലാണ്. ഓരോ കുഴിവീഴ്ചകളിലും അടിപതറാതെ, മനസ്സുമടുക്കാതെ, പാമ്പുകളെയും പ്രേതങ്ങളെയും പൂച്ചിപക്കികളേയും ഭയക്കാതെ, തിളക്കൻ കണ്ണുകാട്ടി പേടിപ്പിച്ച കീരിക്കൂട്ടങ്ങളെ ശ്രദ്ധിക്കാതെ മൈമൂന തന്റെ സഞ്ചാരങ്ങൾ തുടർന്നു. മൈമൂന ഖബർകുഴിയിൽ ഒരുദിവസം മുഴുവൻ വീണതിന്റെ പിറ്റേദിവസം, മാപ്പിള കുട്ടികൾ മദ്രസ കഴിഞ്ഞു വരും വഴി ഉറക്കെ പാടി.

“മൈമൂനത്ത് മാനത്ത്
നേരം ബെൾത്താ കുണ്ടില്”
മഴക്കാലത്ത് മറ്റൊരു കബറിൽ വീണ കുറ്റവാളിയായ എനിയ്ക്ക് ഓളോട് മുന്തിയ ചങ്ങാത്തം തോന്നി.
​മൈമൂനയ്ക്ക് ഞങ്ങളുടെ സ്കൂളിൽ തന്നെ ഏഴാം തരത്തിൽ പഠിക്കുന്ന ഒരിക്ക ഉണ്ടായിരുന്നു. മൈമൂനയുടെ പൊന്നിക്ക. ഗുരു, ധീരൻ, വീരൻ. മൈമൂനയെ കളിയാക്കുന്ന വരെ തല്ലി നിലംപരിശാക്കുന്നവൻ. മൈമൂനയുടെ പെൻസിൽ പൊട്ടിച്ച കുട്ടികളുടെ പെൻസിൽ വാങ്ങി കുത്തിപ്പൊട്ടിച്ചവൻ. മൈമൂനയുടെ കുപ്പായത്തിൽ ചളി തേവിയവരെ ചളിയിൽ മുക്കിയെടുത്തവൻ, വൻ കനാലിൽ നീന്തി അവൾക്കുവേണ്ടി ചുണ്ടുകൂർത്ത കോലി മീനിനെ പിടിക്കുന്നവൻ. അവളെ ഇറുക്കാൻ വന്ന ഞണ്ടിന്റെ കാൽ അറുത്തത്തെടുത്തവൻ, അവളെന്നാൽ അവനു ജീവൻ. അന്റെ ഹൂറി മുത്ത്, പൊന്നാരക്കട്ട. അവൾക്കാകട്ടെ എന്തായാലും ഇമ്മയെക്കാളും ഇപ്പയെക്കാളും ഇഷ്ടമായിരുന്നതും ഈ പൊന്നിക്കയെത്തന്നെ.

ബി.ടി.എം.എ.എം.യു.പി.എസ്. പേങ്ങാട്
ബി.ടി.എം.എ.എം.യു.പി.എസ്. പേങ്ങാട്

സുൽഫത്തിന്റെ മുലകളിൽ കയറിപ്പിടിച്ച ഉസ്താദ് ഒരിക്കൽ മൈമൂനയെ മടിയിൽ ഇരിക്കുന്നതിന് ക്ഷണിച്ചു. അവൾ പോയില്ല. ക്ഷോഭം കൊണ്ടയാൾ വിറച്ചു. അപ്പവടി കൊണ്ട് മൈമൂനത്തിന്റെ നടുപ്പുറത്തും തുടയിലും മാറിമാറി അടിച്ചു. ആ പടുകൂറ്റൻ ഉസ്താദിനെ കട്ട കമ്പനിയുടെ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി മുട്ട മണിയ്ക്കും നാഭിയ്ക്കും നെഞ്ഞത്തും മാറി മാറി ചവിട്ടി, ഇനിമേൽ പെൺകുട്ടികളെ തൊട്ടാ “ഞാൻ അന്നെ കൊല്ലും ഹിമാറെ. അയ്​നു മുമ്പിൽച്ച് അന്റെ മുട്ടമണി ഞാൻ ചവിട്ടിപ്പൊട്ടിക്കും” എന്നു ഭീഷണിപ്പെടുത്തി. ആ ആഴ്ച തന്നെ ആ ഉസ്താദ് പ്രാണനും കൊണ്ട് സ്ഥലം വിട്ടു.

ഒരു സ്ലേയിറ്റിൽ കതൈ

ഞങ്ങളുടെ ഒന്നാം ക്ലാസ് സ്കൂളിന്റെ ഒരു മൂലക്കായിരുന്നു. മൂത്രപ്പുരയുടെ ചുമരിനു വടക്കായി നിന്ന് വലിയ മാവിന്റെ തണൽ ക്ലാസിനകത്ത് ഒരു രാവോളം ഇളന്തണലുമിരുട്ടും പരത്തി. മുള്ളുങ്കായ ചെടികളുടെ പഴങ്ങൾ തിന്നാൻ വന്നിരുന്ന കൂമൻമാർക്ക് തീറ്റയേറി വഴിതെറ്റി. മുക്കാലൻ ബോർഡിൽ വന്നിരുന്നു പറ പറ തൂറി.

ബോർഡ് തുടക്കുമ്പോൾ കുട്ട്യർബ്യാഷ് ദേഷ്യപ്പെട്ടു.
“ എന്ത്ത്തും കാട്ടാണ് മക്കളേദ്?”
“കൂമച്ചാരേ കൂമച്ചാരേ
കൊച്ചീന്നു വന്നൊരു കൂമച്ചാരേ
കൂർമ്പങ്കണ്ണിൻ കൂമച്ചാരേ
കൂർങ്കൊക്കിൻ കൂമച്ചാരേ
കുഞ്ഞിക്കയ്യിൻ കൂമച്ചാരേ
കൂരനഖത്തിൽ കൂമച്ചാരേ
കൂട്ടീന്നോടെടാ കൂമച്ചാരേ”

ഞാനുണ്ടാക്കിയ പാട്ട് മൈമൂനയും ഞാനും ഉറക്കെ പാടി. ക്ലാസ്സ് അതേറ്റു പാടി. ഞങ്ങളുടെ കൂമാട്ടുമന്ത്രത്തിൽ കൂമന്മാർ പറന്നു പോയി.

മേൽക്കൂരയില്ലാത്ത മൂത്രപ്പുരയിൽ അന്നാദ്യമായി ഞാൻ മൂക്കുപൊത്താതെ കയറി. കൂറേ നേരം അന്ധാളിപ്പോടെ നിന്നു. ആരൊക്കെയോ മൂത്രമൊഴിച്ചു പതച്ചുവെച്ച ചൂടുമൂത്രക്കല്ലിന് മീതെ കയറി അറപ്പില്ലാതിരുന്ന് മൂത്രമൊഴിച്ചു

ഒന്നാം ക്ലാസിലെ ഞങ്ങളുടെ ആയുധം മരസ്ലേറ്റും പൊട്ടിയതോ പൊട്ടാത്തതോ ആയ പെൻസിലുകളും ആയിരുന്നു. മൈമൂനയുടെ സ്ലേറ്റ് കഴിഞ്ഞ ദിവസം വരെ മൂലപൊട്ടിയതായിരുന്നു. അവളുടെ ഇക്ക മീൻവിറ്റ പൈസക്ക് ഒരു പുതിയ സ്ലേറ്റ് വാങ്ങി കൊടുത്തു. പുതുതായി ചെത്തിയ മരത്തിൻറെ ഗന്ധമുള്ള, കറുകറുത്ത പ്രതലമുള്ള പുത്തൻ സ്ലേറ്റ്. എന്നിട്ടും അവളുടെ കണ്ണ് എന്റെ സ്ലേറ്റിലായിരുന്നു. അവളുടെ കൊതി എന്റെ സ്ലേറ്റിനോടായിരുന്നു. പൊട്ടാത്തത് അറ്റത്ത് അബാക്കസ്സിനായി കളർ മുത്തുകളിട്ടത്. എന്റെ സ്ലേറ്റു കാണാൻ ഭംഗിയുണ്ടായിരുന്നു.

സ്ലേറ്റ് കിട്ടിയ ദിവസം രാവിലെ നേരത്തെതന്നെ എത്തി മൈമൂന സ്കൂളിലെത്തി. വരുന്ന വഴിയുള്ള മുളങ്കാട്ടിൽ നിന്നും ഇളമ്മുള ഊരിയെടുത്തു. അതിന്റെ അറ്റം കല്ലിൽ കുത്തിച്ചതച്ച് ബ്രഷ് പോലെയാക്കി. സ്ലേറ്റ് മായിക്കാൻ വെള്ളത്തണ്ടിനു പകരം ഉപയോഗിച്ചു കൊണ്ടേയിരുന്നു

“ഇക്കാക്ക വേടിച്ചു കൊണ്ടന്നേണ്. പാവം അയ്യിന്റെ കജ്ജ് മുയ്യോനും മുറിജ്ജ്ണ്”
മൈമൂന നെടുവീർപ്പിട്ടു.
“ഇജ്ജ് കോലീന്റെം മുഴൂന്റെയും മുള്ള് കണ്ടിക്കിണാ? കാണണബളെ. കജ്ജ് കയച്ചോവും, അജ്ജാതി വെശമുള്ളാ.”
“പാവം. കയ്യിനു എന്തുപറ്റി?” ഞാനും അവളുടെ ഇക്കയോട് സഹതപിച്ചു.
“കജ്ജ് കടിച്ച് മുറിച്ചാൾഞ്ഞ്. നല്ല ബീക്കോണ്ട്. മുഴുനെ തപ്പിപ്പിടിക്ക്യാ ചെയ്യ. ബ്രാലിനെം”

ഇക്കയ്ക്കു വേദനിച്ചെങ്കിലും അവൾക്കത് പക്ഷേ നല്ല ഒരു ദിവസമായിരുന്നു. രാവിലത്തെ ആദ്യപിരീഡിൽ അധ്യാപകരാരും വരാത്തതിനാൽ വായ കടയും വരെ ഞങ്ങൾ വർത്തമാനം പറഞ്ഞു. ഷഹർബാന്റെ വീട്ടിൽ പുളികുത്തായതിനാൽ ഉമ്മ കൊടുത്ത ഒരുണ്ടപ്പുളി- ഉപ്പിട്ട് കുത്തിയത് ഷഹർബാൻ ഞങ്ങൾക്കും വീതിച്ചു തന്നു. സുലൈഖയുടെ വീട്ടിലെ അമ്പാഴത്തൈ ഒടിഞ്ഞു വീണതിനാൽ ഒരു ബാഗ് നിറയെ അവൾ അമ്പഴങ്ങ ഇലകൾ കൊണ്ടു വന്നു. ഞങ്ങൾ ആട്ടിൻകുട്ടികളെ പോലെ പുളി രുചിയുള്ള ഇലകൾ കുറേ കറുമുറു കടിച്ചു തിന്നു. പെട്ടന്ന് ഇൻറർവെൽ ബെൽ മുഴങ്ങി.

“സ്റ്റാൻഡ് അപ്പ്”
ലീഡർ ഹുസൈൻ സദ്ദാം ഹുസ്സൈനെപ്പോലെ അധികാരം പുറത്തെടുത്തു.
“ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ഇനി എല്ലാരും പാത്താൻ മണ്ടിക്കൊ” അവൻ ഉറക്കെ കൽപ്പിച്ചുകൊണ്ട് ഓടി.

ഉറുമ്പുകളുടെ ഒരു പറ്റം കൂട് പൊട്ടിച്ചിതറിയപോലെ വരിയിട്ടും വരിപിരിഞ്ഞും ക്ലാസ്സിലൂടെ പുറത്തേയ്ക്ക് ഓടി കൊണ്ടിരുന്നു. ഞാനും പുറത്തോട്ട് നടന്നു. ബെഞ്ചിന്റെ നടുക്കെത്തിയതും എന്റെ കാലിനടിയിൽ “ക്ക്രട്ട്പ്പ് പ്പ്ട്ക്ക്ട്പ്പ്ട്” എന്ന ശബ്ദത്തിൽ എന്തോ പൊട്ടി. ഞാൻ ഞെട്ടി ചുറ്റും നോക്കി. ആരും ഒന്നും അറിഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചത്? ഇടംകണ്ണിട്ട് താഴേക്ക് നോക്കിയ ഞാൻ ഞെട്ടിവിറച്ചു പോയി.

“എൻറെ ദൈവമേ!!!”
എൻറെ കണ്ണിൽ ഇരുട്ട് കയറുന്നു. കാഴ്ചമങ്ങുന്നു. തലചുറ്റി വീഴാൻ ഞാനാഗ്രഹിച്ചു. എന്റെ കാലുകൾ തളരുന്നു. അനങ്ങാതെ നിന്ന എന്നെ പുറകിൽ നിന്ന് വന്ന കുട്ടികളുടെ തീവണ്ടി ഉന്തിക്കൊണ്ടുപോയി. മുൻപേ ഞാനുറപ്പിച്ചു എന്റെ കാര്യമിന്നു പോക്കാണ്. ഞാൻ ചവിട്ടി പൊട്ടിച്ചത് മൈമൂനയുടെ സ്ലേയ്റ്റാണ്. എനിയ്ക്ക് വിറഞ്ഞുകയറി.

വിഷപ്പാമ്പുകളെ ഉരുളങ്കല്ലെറിഞ്ഞ് ഉപദ്രവിക്കുന്ന മൈമൂന. പൂച്ചക്കുട്ടികളെ വാൽ പിടിച്ച് ചുഴറ്റി എറിയുന്ന മൈമൂന. അയമുട്ടിമാഷെ പേടിക്കാത്ത കൂസാത്ത മൈമൂന. അവളാണ് ഭയക്കുന്നത്. അകാരണമായ ഒരു പേടി എന്നെ ഗ്രസിച്ചു.

മേൽക്കൂരയില്ലാത്ത മൂത്രപ്പുരയിൽ അന്നാദ്യമായി ഞാൻ മൂക്കുപൊത്താതെ കയറി. കൂറേ നേരം അന്ധാളിപ്പോടെ നിന്നു. ആരൊക്കെയോ മൂത്രമൊഴിച്ചു പതച്ചുവെച്ച ചൂടുമൂത്രക്കല്ലിന് മീതെ കയറി അറപ്പില്ലാതിരുന്ന് മൂത്രമൊഴിച്ചു. മൈമൂനയുടെ കണ്ണീർ പോലെ മൂത്രം കുഴിയിലേയ്ക്കു ഒലിച്ചുപോയി. അവളുടെ തേങ്ങൽശബ്ദം, മീൻകൊത്തി മുറിവുവീണ അവളുടെ ഇക്കയുടെ കൈ; എനിക്കും കരച്ചിൽ വന്നു.

“എന്തിനാ നെലോളിക്കണേ? എന്തിനാ?” അഞ്ചാം ക്ലാസിലെ ബേബിലത ചേച്ചി പല്ലില്ലാത്ത മോണകാട്ടി വെളുക്കെ ചിരിച്ചു.
“ഒരു കുട്ടിയുടെ പെൻസിൽ ഞാൻ പൊട്ടിച്ചു.” സ്ലേറ്റ് എന്ന് പറയാനുള്ള ധൈര്യം പോലും എനിക്ക് കിട്ടിയില്ല.

“അറ്യാത്യാ, അറ്യാതെ അറ്യാതെ അത് പൊട്ടിപ്പോയി” ഞാൻ ഭയത്തോടെ കരഞ്ഞു. ഉടുപ്പുകളിൽ കാൽമുട്ടുകളിൽ കണ്ണീർ തുള്ളികൾ വീണു
“ആയിനു ബാത്ത്രോമില്​ ഒളിച്ച് നിന്നിറ്റെന്താ? ഒരു വഴിണ്ട് ല്ലൊ. അന്റെ കയ്യില് ഒരു പെൻസിലില്ലെ? അത് കൊടുത്തേക്ക്.”

ഞാൻ പെട്ടെന്ന് ചിരിച്ചു. നല്ല വഴി.
“കൊടുക്കാം കൊടൂക്കാം” എന്റെ സ്ലേറ്റ് അവൾക്കിഷ്ടമാണ്. ഭംഗിയുള്ള, മുത്തുള്ള സ്ലേറ്റ് മൈമൂനയ്ക്ക് ഇഷ്ടമുള്ള സ്ലേറ്റ്.

“മോള് ധൈര്യായിട്ട് ക്ലാസിൽ പൊക്കെ” ചേച്ചി എന്നെ ധൈര്യപ്പെടുത്തി.
ബേബിലത ചേച്ചി ഒരു മിടുക്കിച്ചേച്ചിയായിരുന്നു. സുന്ദരിയും വിനയവതിയും കാര്യപ്രാപ്തയുമായിരുന്നു. അനുജത്തി പിറന്നപ്പോൾ പേരുമായി വന്ന എന്റെ അനുജൻ ബേബിലത എന്നിട്ടാൽ മതിയെന്നു പിന്നീട് പറയുകയുണ്ടായി. ചേച്ചിയെ എല്ലാർക്കും ഇഷ്ടമായിരുന്നു.

ക്ലാസിൽ ചെന്നപ്പോൾ എനിക്ക് അപരിചിതമായ ഒരു ലോകത്ത് തെറ്റിയെത്തിയതുപോലെ തോന്നി. കലപിലാ മുഴങ്ങുന്ന കുട്ടികളുടെ ശബ്ദം ചെവിയിലലച്ചു. പതിവിലധികം ഇരുൾ വീണുകിടക്കുന്ന ക്ലാസ് മുറി. ചെത്തിത്തേക്കാത്ത ചുമരുകളിൽ ഭൂതത്താൻ നോക്കുകൾ പോലെയുള്ള ആയിരം തുളകൾ. കതകില്ലാത്ത ജനാല വിടവിലൂടെ ഞാൻ മൈമൂനയെക്കണ്ടു. കണ്ണീരുണങ്ങിയ മാമ്പഴ കവിളുകൾ. കണ്ണീരിൽ നനഞ്ഞുതൂങ്ങിയ മുടിയിഴകൾ. എന്റെ മനസ്സ് പശ്ചാത്താപവിവശമായി.

അടുത്തനിമിഷം ബെല്ല് മുഴങ്ങി. ഇരുമ്പും ഇരുമ്പുമുരഞ്ഞുണ്ടാകുന്ന മണിശബ്ദം. ബെഞ്ചിൽ ഇരുന്നിട്ടും എന്റെയുൾവിറ കുറഞ്ഞില്ല. വഴിതെറ്റി ഓടിനടിയിലെ മരത്തടിയിലിരിക്കുന്ന കൂമന്റെ കണ്ണുകളിൽ ഭയപ്പെടുത്തുന്ന എന്തോ ഒന്നുള്ളതായി എനിക്കു തോന്നി. ഓഹ് എന്റീശ്വരാ. അതൊരു കൂമനായിരുന്നില്ല. കാലങ്കോഴിയായിരുന്നു. ടോർച്ചുപോലെ ഭയാനകമായ ഉണ്ടക്കണ്ണിൽ നിന്ന്​ വന്യമരണരാശി നീർത്തിക്കൊണ്ട് അതെന്നെ തുറിച്ചുനോക്കി. ഞാൻ എന്റെ കൈക്കുള്ളിൽ മുഖം പൂഴ്ത്തി പേടിച്ചുകിടന്നു. എല്ലാം തുറന്നുപറയാനുള്ള കരുത്ത് കിട്ടുവാൻ ഞാൻ പ്രാർഥിച്ചു.

ചൂരൽ വടി വായുവിൽ പുളയുന്ന ശബ്ദം കേട്ട് ഞാൻ തലയുയർത്തി.
അയമുട്ട്യാഷ്. സ്കൂളിലെ വിദ്യാർഥികളുടെ മുഴുവൻ പേടിസ്വപ്നം. ചോരകലങ്ങിയതു പോലെ ചുവന്ന കണ്ണുകൾ. ദേഷ്യപ്പെടുമ്പോൾ വിറയ്ക്കുന്ന മീശ. ഒരിക്കലും അദ്ദേഹം ആരെയും തല്ലിയ ചരിത്രം ഇല്ലെങ്കിലും അജ്ഞാതമായ ഒരു ഭയം കാരണം അദ്ദേഹത്തിന്റെ കൈയ്യിലെ അപ്പവടിയെ ഞങ്ങൾ കുട്ടികൾ ഭയന്നിരുന്നു.

ഇത്തവണ ഞാൻ ശരിക്കും നടുങ്ങിപ്പോയി. എന്റെ കണ്ണുകൾ നിറഞ്ഞുവന്നു. ഭയം കാരണം കൈകൾ ചെറുതായി വിറച്ചു. സ്ലേറ്റ് പൊട്ടിച്ച ഇജ്ജിയോന്റെ പല്ലു പൊട്ടിക്കുവോ?” അയമുട്ടി മാഷ് അലറി.

മറ്റ് ദിവസങ്ങളിൽ കാണുന്നതിലും എത്രയോ അധികം മുറുകിയിരുന്നു മാഷുടെ മുഖം. സ്തോഭത്താൽ ഇടങ്കവിൾ വിറച്ചുകൊണ്ടിരുന്നു. കണ്ണുകൾ മഴ വീണു കലങ്ങിയ ചുവന്ന നദി പോലെ. പുരികങ്ങൾ ദേഷ്യത്താൽ നെറ്റിയ്ക്കുമീതെയ്ക്കുയർത്തിയ വില്ലുകൾ പോലെ.

എവിടെ നിന്നോ സത്യം പറയുവാനുള്ള ഒരു ധൈര്യം എനിക്ക് കിട്ടി. ഞാൻ മൈമൂനയെ നോക്കി ചിരിച്ചു നീലകുപ്പിവളകൾ കലപിലെയൊച്ചയിട്ട, മെലിഞ്ഞ കൈത്തണ്ടയിൽ തൊട്ടു വിളിച്ചു.
“മൈമൂനാ”
“മൈമൂനാ” എന്റെയൊച്ചയുടെ വലിയപ്രതിധ്വനിയോ എന്നു ഞാൻ ശങ്കിച്ചു. ആ ക്ലാസ്സിൽ ഇടിവെട്ടും പോലെയുയർന്നത് അയമുട്ട്യാഷുടെ ശബ്ദമായിരുന്നു.

“മുസ്തഫാ. സ്റ്റാൻഡ് അപ്പ്” രണ്ടു പേരും എഴുന്നേറ്റുനിന്നു. അപഥസഞ്ചാരി ഭാവങ്ങൾക്ക് അപരിചിതമായ ഒരു ഭയം അവളുടെ മുഖത്ത് തുടിച്ചുനിന്നു. ഒരു രാത്രി മുഴുവൻ ഖബർ കുഴിയിൽ വീണ്​, അവിടെ കിടന്നുറങ്ങിയ പേടിയില്ലാ മൈമൂന. വിഷപ്പാമ്പുകളെ ഉരുളങ്കല്ലെറിഞ്ഞ് ഉപദ്രവിക്കുന്ന മൈമൂന. പൂച്ചക്കുട്ടികളെ വാൽ പിടിച്ച് ചുഴറ്റി എറിയുന്ന മൈമൂന. അയമുട്ടിമാഷെ പേടിക്കാത്ത കൂസാത്ത മൈമൂന. അവളാണ് ഭയക്കുന്നത്. അകാരണമായ ഒരു പേടി എന്നെ ഗ്രസിച്ചു.

“മുസ്തഫ സ്റ്റാൻഡപ്പ്” മാഷ് ഒരിക്കൽ കൂടി അലറി.
“പോ പോയി ഓനെ കൂട്ടിക്കൊണ്ടു വാ”
മാഷ് മുസ്തഫയെ ക്ലാസിന് പുറത്തേക്ക് വിട്ടു. എൻറെ ഭയം അകാരണമായിരുന്നില്ല എന്നെനിക്ക് മനസ്സിലായി. മുസ്തഫ കൂട്ടിക്കൊണ്ടുവന്ന ആൾ മറ്റാരുമായിരുന്നില്ല. അത് മൈമൂനയുടെ ഇക്കയായിരുന്നു.

“ഇങ്ങോട്ട് വാ രണ്ടാളും” മാഷ് അപ്പവടിയുടെ അറ്റം പിടിച്ചു പിരിച്ചു ഞെരിച്ചു. “എന്താണ് സംഭവം?” കുട്ടികൾ പരസ്പരം നോക്കി

മാഷ് അത്യധികം ജാഗരൂകനായി നിന്നു. മുസ്തഫയുടെ മുഖം കരഞ്ഞതുപോലെ വിളറിയിരുന്നു. ചുണ്ടുകൾക്ക് അസാധാരണമായ ചുവപ്പ് നിറവും വീക്കവും ഉള്ളതായി കണ്ടു. അടുത്ത നിമിഷം കള്ളിത്തുണിയുടെ അറ്റം പൊക്കി മൂക്കുചീറ്റി പതം പറഞ്ഞു മുസ്തഫ കരയാൻ തുടങ്ങി.

“എത്താന്ന് ഇച്ചറീല മാശ്ശെ. ഞമ്മൾ ഒന്നും ചെയ്തില്ലേനു. ഓൻ വന്നാണ്ട് മൂത്രപ്പൊരലെ ഞമ്മനെ തള്ളിട്ടു. വീണപ്പൊ മൂത്രത്തിലിട്ട് മുഖം നിലത്ത് വച്ച് കുത്തി. ഇദ് നോക്ക്യാണീ”

മുസ്തഫ വാ പൊളിച്ചു. പൊളിച്ച വാ അടക്കാൻ മറന്നുനിന്ന ഞാൻ കണ്ടു. ചുവന്ന കുട്ടിക്കാക്കയുടെ വാ പോലെ. മുൻവരിയിലെ മൂന്ന് പല്ലുകൾ പറഞ്ഞു പോയിരുന്നു. ചുവന്ന ഉണ്ണിഗുഹയ്ക്കകം പോലെ അവൻെറ രക്തവാ തിളങ്ങി. എനിയ്ക്ക് സംഭവിക്കേണ്ടിയിരുന്നത് എന്നു ഉള്ളിലാരോ പറഞ്ഞു.

“വാമുറുക്കുണ്ണീ നീ വാ മുറുക്ക്” അങ്ങനെ പറഞ്ഞുപോയി ഞാൻ.
“നോക്കിയാണീ മാശ്ശേ ഈ പല്ലുമെള്കുണ്‌ണ്ട്.” മുസ്തഫ മുനവരി തൊട്ടു തേങ്ങി
“എന്തിനാടാ നീ മുസ്തഫയെ തള്ളിയിട്ടത്? മൈമൂനയുടെ ഇക്കയോടാണ് ചോദ്യം.
“ഇന്റെ മൈമൂൻത്തിന്റെ പുതിയ സ്ലേറ്റ് ഓനി ചവിട്ടി പൊട്ടിച്ച്.”

ഇത്തവണ ഞാൻ ശരിക്കും നടുങ്ങിപ്പോയി. എന്റെ കണ്ണുകൾ നിറഞ്ഞുവന്നു. ഭയം കാരണം കൈകൾ ചെറുതായി വിറച്ചു. സ്ലേറ്റ് പൊട്ടിച്ച ഇജ്ജിയോന്റെ പല്ലു പൊട്ടിക്കുവോ?” അയമുട്ടി മാഷ് അലറി.

“ഈയ്യോനെ ഉന്തിടുവോ? അയനൊക്ക്യെല്ലടാ ഞങ്ങള് വിടെ? മൈമൂനാ ഇവിടെ വാ, ആരു പറഞ്ഞു സ്ലേറ്റ് പൊട്ടിച്ചത് ഇക്കയോട് പരാതി പറയാൻ? അന്റെ ഇക്ക ഹെഡ് മാസ്​റ്ററാ?”

പെട്ടെന്ന് മൈമൂന ഒന്നിളകി. മലവെള്ളമിളകിക്കുതിച്ചു വരുന്നതുപോലെ ഒന്ന് കരഞ്ഞു. കണ്ണ് കലങ്ങും മട്ട് പുറംകൈ കൊണ്ട് തുടച്ചു. മൂക്കിടയ്ക്കിടെ ഭയാനകമായ ശബ്ദത്തിൽ ചീറ്റി. പാവാടത്തുമ്പുയർത്തി കവിള് തുടച്ചു. തട്ടം നിലത്ത് വീണുകിടപ്പായിരുന്നു. എന്നിട്ട് ഒരു വലിയ നിലവിളി ശബ്ദം അവൾ പുറപ്പെടുവിച്ചു.

“രണ്ടാളും കൈനീട്ട്” മാഷുടെ ശബ്ദം ഒരു തുരങ്കത്തിൽ നിന്ന്​ വരും പോലെ തോന്നി. ചുവന്ന കോലി മീൻ കൊത്തി, മുഴുവും ബ്രാലും കടിച്ച്, പഴുത്ത വലങ്കൈയ്യിൽ മൈമൂനയുടെ ഇക്കാ നാലഞ്ചടി വാങ്ങി. അവൻ വേദനിച്ച് വലിയ വായിൽ നിലവിളിച്ചു.

“ഇവനെങ്ങാനും ചത്തുപോയിരുന്നെങ്കിലോ? ഈ പല്ലിനു നീയെവിടെപ്പോകും” അയമുട്ട്യാഷുടെ കോപം ഭയങ്കരമായിരുന്നു.

“ഇയ്യാരാടാ പേങ്ങാട്ടെ ഗുണ്ടയോ?”
“അല്ലോ അല്ലോ ഞമ്മളു ഗുണ്ടല്ലോ. അള്ളോ വേനിക്കണോ” നിലവിളി കൊണ്ട് ക്ലാസ്സ് നിറഞ്ഞു.
“എടാ മുസ്തഫാ, കൈ നീട്ടടാ, സ്ലേറ്റ് പൊട്ടിച്ച് അങ്ങനെ നീ പോണ്ട. കൈനീട്ടിയതും രണ്ടടി. അപ്പ വടികൊണ്ട് വീശിവീശി ഞാൻ വാങ്ങേണ്ടിയിരുന്ന അടി. എൻറെ നഷ്ടപ്പെടേണ്ടിയിരുന്ന മൂന്ന് പല്ലുകൾ. ഞാൻ സഹിക്കേണ്ടിയിരുന്ന കടുത്ത അപമാനം. എൻറെ ഭയം കൊണ്ട് ഞാൻ യൂണിഫോമിൽ അറിയാതെ മൂത്രമൊഴിച്ചു. പിന്നീട് അടികൊണ്ടത് എനിക്കാണെന്ന മട്ടിൽ വാപൊളിച്ച്​ ഉറക്കെ കരയാൻ ആരംഭിച്ചു. സാജിത എന്റെ മുഖത്തു നോക്കി. അവളും ഉറക്കെ കരഞ്ഞു. പുറകു ബെഞ്ചിൽ നിന്ന്​ ഹാജറാബിയും മുൻബെഞ്ചിൽ നിന്ന്​ ചോട്ടസുലേഖയും ക്ലാസിലെ ഏറ്റവും വലിയ ഷറപ്പുവും എന്റെ കൂടെ കരഞ്ഞു. പതിയെ ക്ലാസ് കരച്ചിലിന്റേതായി മാറി.

മുസ്തഫയുടെ കവിളിൽ ഒരു കടിയുമ്മ കൊടുത്ത്​ ഞാൻ പാടവരമ്പത്തൂടെ വീട്ടിലേക്ക് ഓടി. ഒരു പെൺകുട്ടി ആൺകുട്ടിയെ പരസ്യമായി ചുംബിച്ചതിൽ സ്കൂൾ ഇളകി മറിഞ്ഞു. മുസ്തഫ നാണിച്ചു പോയി.

അയമുട്ട്യാഷ് വടികൊണ്ട് മേശയിൽ അടിച്ചു. “ആരും കരയേണ്ട. വികൃതിക്കാരെ മാത്രമേ മാഷ് തല്ലൂ. എല്ലാരും ചിരിച്ചോളിൻ” മാഷ് ചിരിച്ചു. എല്ലാവരും ചിരിക്കാനാരംഭിച്ചു. കുട്ടികൾ ഓരോരുത്തരായി ചിരിച്ചു. നിലവിളിച്ചവരും പൊട്ടിച്ചിരിച്ചു. മൈമൂന കരഞ്ഞുകൊണ്ട് ചിരിച്ചു. മുസ്തഫ ചോരവാത്തൊണ്ണിനാൽ ചിരിച്ചു. എന്നാൽ ഞാൻ മാത്രം ചിരിച്ചതേയില്ല. കഠിനമായ കുറ്റബോധത്താൽ ഞാൻ തലകുമ്പിട്ടു തന്നെ നിന്നു.

അന്ന് മുഴുവൻ മൈമൂന വാടിപ്പോയി. അവളങ്ങനെ ഡെസ്കിൽ കിടന്നു. ഇടക്കിടെ ഓർത്തു നെടുവീർപ്പിട്ടു. വൈകുന്നേരമായപ്പോൾ ഞാൻ എന്റെ സ്ലേറ്റ് മൈമൂനയ്ക്കു കൊടുത്തു.

“തു ഇയ്യി ഇടുത്തോ?”
മൈമൂനയുടെ മുഖത്ത് സൂര്യരശ്മികൾ വിളങ്ങി.
“സരിക്കുംബളെ?”
“സെരിക്കും”
“ഇജി നല്ലോളാ. ഇക്കദറയാം. നല്ലോണം നല്ലോണം”അവൾ മനസ്സിൽ തട്ടി പറഞ്ഞു.
“തന്നെ തന്നെ” അവളുടെ ഇക്കയും അത് ശരിവെച്ചു.

പിന്നീട് ഞാൻ ബാഗിൽ സൂക്ഷിച്ചിരുന്ന മാമ്പഴ മണമുള്ള വിശിഷ്ട റബ്ബർ എടുത്ത് മുസ്തഫയ്ക്ക് കൊടുത്തു. അവൻ മായിക്കാൻ ചോദിക്കുമ്പോൾ ഡിമാൻഡു വെച്ചത്​ ഞാനാണ്.

“നല്ല മണം” എന്നിട്ട് ചിരിച്ചു. ചോര വാർന്ന് അവൻന്റെ കൈ പിങ്ക് ഇളം നിറത്തിലായിരുന്നു.
“ദെന്ത്തിനാ, ഇന്തുട്ട്യേ?”
“അനക്കാ. ഇയ്യിടുത്തോ”
ഞാൻ ഹൃദയാലുവിനെപ്പോലെ നിന്നു. എന്റെ കുറ്റബോധം ഞാൻ മറച്ചുപിടിച്ചു. എനിക്കുവേണ്ടി അവനു കിട്ടിയ അടി അവൻെറ കണ്ണുകളിൽ കുസൃതി പടം പടർന്നു.

“ഇതിപ്പൊ എന്തിനാ?”
“വെറുതെ” ഞാൻ നുണ പറഞ്ഞു. എന്നെ രക്ഷിച്ചതിന് ഈ ധീരന്​ എന്നോ മറ്റോ പറയേണ്ടതായിരുന്നു.
“ഒന്നുല്ല വെറുതെ.”
“അല്ല എനിക്കറിയാം. ഈ അടി വാങ്ങിയതിനല്ലേ?” ഞാനൊന്നും മിണ്ടിയില്ല

“എനിക്കെല്ലാമറിയാം. ഇന്ദുട്ടി ചവിട്ടിയപ്പോഴാ അത് പൊട്ടിയത്. ഞാൻ കണ്ടതാ” ഞാൻ നടുങ്ങിപ്പോയി. ഭയത്തോടെ നോക്കി. ആരെങ്കിലും കേൾക്കുമോ. മുസ്തഫ പെട്ടെന്ന് ശബ്ദം താഴ്ത്തി.
“ഞാൻ പറയില്ല ആരോടും പറയില്ല. പേടിക്കണ്ട. ഇന്ദുട്ടിയ്ക്ക് അടി പേട്യല്ലെ, അതോണ്ടാ ഞാൻ പറയാഞ്ഞെ.”

എനിക്ക് പെട്ടെന്ന് കരച്ചിൽ വന്നു, സങ്കടം വന്നു, ഞാൻ പതുക്കെ കരയാൻ തുടങ്ങി
​“കരയണ്ട ഞാൻ പറയില്ല. ബദരീങ്ങളാണ് നേര്, മുസായ്​ഫാണ് നേര്”

കയ്യിൽ അവൻ കൈ ചേർത്തു. സത്യം കിട്ടിയതോടെ ഞാൻ ചിരിച്ചു. മുസ്തഫയുടെ കവിളിൽ ഒരു കടിയുമ്മ കൊടുത്ത്​ ഞാൻ പാടവരമ്പത്തൂടെ വീട്ടിലേക്ക് ഓടി. ഒരു പെൺകുട്ടി ആൺകുട്ടിയെ പരസ്യമായി ചുംബിച്ചതിൽ സ്കൂൾ ഇളകി മറിഞ്ഞു. മുസ്തഫ നാണിച്ചു പോയി.

ഞാനാരെയും ശ്രദ്ധിച്ചില്ല. ഒരു കള്ളൻ വന്നു സ്കൂളിൽ നിന്ന്​ എന്റെ മാത്രം മണിസ്ലേയ്റ്റ് കട്ടുകൊണ്ടുപോയതിനെക്കുറിച്ച് അമ്മയോട് പറയാൻ ഞാനൊരു നുണക്കഥ മെനയുകയായിരുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments