ഇന്ദു മേനോൻ

ഒരു മാന്ത്രിക കഥയിൽ എന്റെ മിന്നാമിന്നിക്കുഞ്ഞ്

എന്റെ കഥ- 34

ചെടിച്ചാലും ചൊടിച്ചാലും നിന്ദ തോന്നിയാലും എന്റെ പ്രാണസങ്കടങ്ങൾ എന്റെ പ്രാണസങ്കടങ്ങൾ തന്നെയാണ്. സ്വയം അനുഭവിയ്ക്കുമ്പോഴേ, ചെടിപ്പല്ലത് ഹൃദയത്തിനകത്തുള്ള സങ്കടപ്പെരുമഴയാണെന്ന് തിരിച്ചറിയൂ.

ദ്യഗർഭമെന്ന പരമദുരന്തത്തിനുശേഷം നിലമ്പൂരെന്നു കേൾക്കുമ്പോഴേയ്ക്കും അജ്ഞാതഭയത്താൽ എന്റെ കാലുകൾ വിറയ്ക്കുമായിരുന്നു. ഓർക്കുമ്പോൾ ഉള്ളിലൊരായിരം ഹെത്തന്മാർ ഉൾഭ്രാന്തതയോടെ വിറച്ചുതുള്ളി. അവരുടെ ജടപടർന്ന് ചുരുണ്ടുപൊങ്ങിനിന്ന ചെമ്പൻ മുടിയിഴകളിൽ സഹ്യാദ്രിക്കാറ്റ് കോടവും ചീതവും ചേർത്തൂതി. ബരമറെയും നെള്ളുമറെയും പോലെ അജ്ഞാതവും അതിന്ദ്രീയവുമായ തലതുള്ളക്കം കണ്ട്​ ഞാൻ പരിഭ്രമിച്ചു. ആ കാറ്റിൽ നിറയെ തണുപ്പ് ചിതറി. കാടിന്റെ ഗന്ധം ചിതറി. കിലോമീറ്ററുകളോളം നീണ്ട കെവരി വള്ളികളിൽ കാട്ടോർക്കിഡിന്റെ നീലപ്പൂക്കൾ വിചിത്രഗന്ധത്തോടെ വിടർന്നു. തേങ്കാലമായിരുന്നു. തേങ്കൂടകൾ തൂങ്ങിനിൽക്കുന്ന ബരമെറകൾ കാണുമ്പോൾ പെറ്റെണീറ്റ പട്ടിത്തള്ളകളുടെ തുടുമുലകൾ ഓർമവന്നു.

തേൻതുള്ളിയിറുന്നുതുളുമ്പിയുറ്റി, വള്ളികളിൽ പൊടിച്ചുംകായ്ച്ചും നിന്ന ഹാഡിക്കബീഢകളുടെ ഓർമകളിലാകട്ടെ നിറയെ ജ്യേനു സൂക്ഷിച്ച തേനുണ്ടകളോർമവന്നു. പച്ചപ്പും തേന്മധുരവും നൂറക്കിഴങ്ങിന്റെയും നാരക്കിഴങ്ങിന്റെയും നൂൽത്ത മാംസളതയും പഴമധുരവും പെറ്റുപെരുകുന്ന ആനക്കൂട്ടങ്ങളും പക്ഷികളും പാണപ്പുഴയിലെ വെള്ളിമീനുകളും ചേർന്ന നിലമ്പൂർ താഴ്​വര സത്യത്തിൽ ഏറ്റവും ഉർവരമാർന്ന ഇടങ്ങളിലൊന്നായിരുന്നു. എന്നാൽ എനിയ്ക്കുമാത്രം അത് ഊഷരമായിത്തീർന്നു. എന്നോടുമാത്രം ക്രൂരമായിരുന്നു. ഗോത്രങ്ങൾ പറയുന്നപോലെ കാറ്റിലെ കാട്ടിലെ കടുംചോപ്പിൽ എന്റെ സങ്കടങ്ങൾ പുകഞ്ഞു. ചൊവ്വാഗ്രഹത്തിൽ നിന്നെന്നവണ്ണം ചുട്ടുനീറിയൊരു ചൊവ്വച്ചോപ്പുനിറം വന്ന്​ വന്യതയോടെ എന്നെ മൂടിക്കളഞ്ഞു. ചോന്നുയർന്ന എക്കൽപ്പുകമണ്ണും ചോരകുതിർന്ന ഉടുപ്പും നടപ്പും. നിലമ്പൂരെന്ന പേരുകേൾക്കെ ഉൾവിറയ്ക്കാതെ ഞാനെന്തുചെയ്യും?

എന്തിനാണ് വേദനിപ്പിക്കുന്ന ഓർമകളുള്ള ഒരിടത്തേയ്‌ക്കെന്നെ അവർ വിളിച്ചു കൊണ്ടുപോകുന്നതെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു.

ആ സംഭവത്തിനുശേഷം ചെമ്മത്തിൽ നിന്ന്​ പലരുമെന്നെ വിളിച്ചുകൊണ്ടിരുന്നു. ഇനിയും നിലമ്പൂരുപോകാൻ എനിയ്ക്കു കഴിയുമായിരുന്നില്ല. ഞാനത് വിസമ്മതിച്ചുകൊണ്ടേയിരുന്നു.
അജ്ഞാതമായൊരു കാരണംകൊണ്ട് പലരും എന്നെ വിളിച്ചുകൊണ്ടേയിരുന്നു.
‘‘ഇങ്ങള് വരീന്ന്'', മൊതലി വിളിച്ചു.
‘‘ഇല്ല, ഇല്ല.’’
‘‘പേടിക്കാനോന്നൂല്ല. റോഡെല്ലാം ശരിയായിറ്റ്ണ്ട്''
‘‘മനസ്സ് ശരിയല്ല''
‘‘അതെനക്കറിയാം'' മാരൻ ഹെത്തൻ അനുതാപത്തോടെ പറഞ്ഞു.
‘‘പക്ഷെ വരാതെ പറ്റില്ല. വരണം, വരേണ്ട കാര്യമുണ്ട്''
‘‘ഇല്ല ഹെത്താ, എനിക്കൊരു കാര്യവുമില്ല... അത് നശിച്ച സ്ഥലമാണ്''
‘‘വരണം, വരണം. ഒരാളെത്ര ദിവസമായി കാത്തുനിൽക്കുന്നു'', ഹെത്തന്മാർ മാറിമാറി വിളിയ്ക്കുന്നു. ഹെത്ത്ച്ചിമാർ മാറിമാറി വിളിയ്ക്കുന്നു. ഒടുവിൽ തീരെ സുഖമില്ലാതെ കിടന്ന സമയത്ത് ബീരൻ ഹെത്തെൻ എന്നെ വിളിച്ചു.
‘‘കാണണം. ഇനി കോഴിക്കോട്ടെറങ്ങനുള്ള ദിവസം ഹെത്തനില്ല ഹെണ്ണോ.’’
‘‘ശരി'', എന്തുകൊണ്ടോ വേണ്ടെന്ന്​ ഉള്ളുപറഞ്ഞിട്ടും ഞാൻ സമ്മതിച്ചു.

എന്തിനാണ് വേദനിപ്പിക്കുന്ന ഓർമകളുള്ള ഒരിടത്തേയ്‌ക്കെന്നെ അവർ വിളിച്ചു കൊണ്ടുപോകുന്നതെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു. വരാനെതിർക്കുമ്പോൾ വീണ്ടും വീണ്ടും വിളിയ്ക്കുന്നതിന്റെ യുക്തി എന്നെ അമ്പരപ്പിച്ചു.

ഒരുപക്ഷേ നാം നടന്നും കടന്നും പോയ വേദനകളിലൂടെ, വീണ്ടും സ്വാസ്ഥ്യമാർന്ന മനസ്സോടെ കടന്നുപോയാൽ മാത്രമേ ഉള്ളിലെ മുറിവുണങ്ങുകയുള്ളൂ എന്നുഞാൻ കരുതി. അക്കാലത്തൊക്കെ എന്റെ മേലധികാരിയോട് ഞാനുള്ളിൽ സൂക്ഷിച്ച ദേഷ്യവും സങ്കടവും പകയുമൊക്കെ എന്നെത്തന്നെ ചെടിപ്പിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ക്ഷമിക്കാനാകുന്നില്ല എന്ന ആത്മനിന്ദയിൽ ഞാനുഴറി. ഞാൻ നല്ലവളോ കെട്ടവളോ എന്ന ഒരു ചോദ്യം എന്നെ തപിപ്പിച്ചു.

നിലമ്പൂരിന്റെ മണമെന്തെന്നു ചോദിച്ചാൽ വേവുന്ന കിഴങ്ങിന്റെ എന്നു ഞാൻ ഉത്തരം പറയുമായിരുന്നു. ഓരോ വീടിനും ഓരോ കിഴങ്ങുമണം. പലതരം കിഴങ്ങുകളുടെ മിശ്രിതമണമാണ് ഓരോ കാലത്തും

വീണ്ടുമൊരു വേനൽക്കാലം.

വീണ്ടുമൊരു വേനൽക്കാലം, മാഞ്ചീരിയിലേയ്ക്ക് തോളിൽ ക്വറ്റകളേന്തി നടന്നുപോയ മണ്ണളക്കണ്ണൻ എന്നെ കൈവീശിക്കാട്ടി. അയാളുടെ കൊട്ടയിൽ നിറയെ കാടുനൽകിയ കുരുമുളകും ഇഞ്ചിയും പന്തവുമായിരുന്നു. മറ്റൊരാളുടെ നെഞ്ചിൽ കരടി മാന്തിയ വരകൾ നട്ടെല്ലുപോലെ കണ്ടു. പുഴവറ്റി ആനക്കല്ലുകൾ ഉരുണ്ടുയർന്നുനിന്നു. മഞ്ഞയിലകളും മഞ്ഞമുളകളും മഞ്ഞിച്ചു പൂത്ത കൊന്നകളും. കാട്​ വേനലാർന്നു വിളർത്തു. പൂത്ത മുളകളിൽ നിന്ന്​ അരിയുതിർന്നു. സ്ത്രീകൾ അത് അടിച്ചുകൂട്ടി മുറത്തിലിട്ടു പാറ്റി. കാട്ടുനായ്ക്കരുടെ മനെകളിൽ നിന്ന്​ ബുണ്ണിഗാസിന്റെ വേവുന്ന മണം വന്നു. നിലമ്പൂരിന്റെ മണമെന്തെന്നു ചോദിച്ചാൽ വേവുന്ന കിഴങ്ങിന്റെ എന്നു ഞാൻ ഉത്തരം പറയുമായിരുന്നു. ഓരോ വീടിനും ഓരോ കിഴങ്ങുമണം. പലതരം കിഴങ്ങുകളുടെ മിശ്രിതമണമാണ് ഓരോ കാലത്തും. ചില കിഴങ്ങുകളെ വേർതിരിച്ചറിയാനാകും. കഴിഞ്ഞതവണ വന്നപ്പോൾ നൂറെഗാസ്​ വെന്ത മണമായിരുന്നു.

മൊതലിയെന്നെ കാത്തിരുന്നു. അദ്ദേഹം നന്നെ മെലിഞ്ഞിരുന്നു.
‘‘ഹെണ്ണൂ'', എന്റെ ശിരസ്സിൽ അദ്ദേഹം വാത്സല്യത്തോടെ തഴുകി.
‘‘ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?''
‘‘ഇല്ല. പറഞ്ഞോളൂ''
‘‘നിന്റെ കുട്ടി ആ മരച്ചുവട്ടിൽ ഇപ്പോഴും ഒറ്റയ്ക്കു നിൽക്കുകയാണ്''
‘‘എന്ത്?''
‘‘അന്നു മരിച്ച കുട്ടിയുടെ ആത്മാവ്''; ഇതെന്താണ് പുതിയ കഥയെന്ന് പരിഭ്രമിയ്‌ക്കെ അദ്ദേഹം തുടർന്നു; ‘‘ഞങ്ങടെ ചെമ്മത്തിൽ വെച്ച് മരിച്ചതുകൊണ്ട് ആത്മാവ് ഈ ചെമ്മത്തിലെ നെളള് മരത്തിൽ വേണം ജീവിക്കാൻ. അതിനു ചില കർമങ്ങളുണ്ട്. നീയ്യില്ലാതെ അതുചെയ്യാൻ പറ്റില്ല. മാസങ്ങളായത് മഞ്ഞും മഴയും കൊള്ളുന്നു. അതിനു വിശക്ക്ന്നുണ്ട്, ദാഹിക്കുന്നുണ്ട്''

ഇന്ദു മേനോൻ

ഇതെന്തു പ്രാന്താണീപ്പറയുന്നതെന്ന്​ ഓർക്കെത്തന്നെ ആരാണെന്റെ കുഞ്ഞിനെ മഴയത്തു നിർത്തിയത് എന്നോ മറ്റോ ഉള്ള ക്ലീഷേയും പൊടുന്നനെ ഓർമ വന്നു. കാട്ടുനായ്ക്കരുടെ അത്ഭുതകരമായ പൂർവിക ലോകത്തെക്കുറിച്ച് ഓർമ വന്നു. മരണത്തിനുശേഷം ആരും മരിയ്ക്കുന്നില്ല. നെള്ള് മരത്തിലൂടെ മുകളിലെ അത്ഭുതകരമായ ലോകത്ത് പൂർവികരൊത്ത് ജീവിയ്ക്കുന്നു. അവിടെ പോകാത്ത ആത്മാക്കൾ അനാഥരായി അലഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.
യുക്തിരാഹിത്യത്തിന്റെയും വൈകാരികതയുടെയും ഒരു നിമിഷത്തിൽ എനിയ്ക്ക് കരച്ചിൽ വന്നു. പൂർണ വളർച്ചയെത്തുംമുമ്പേ പിറകൊണ്ട ശിശു. അതിന്റെ ഉടൽ കനാലിലൊഴുകിപ്പോയി, അതിന്റെ ആത്മാവ് അശരണമായി മഴയേറ്റ്​ മഞ്ഞേറ്റ്​വെയിലേറ്റ്​ അമ്മാ അമ്മാ എന്നു നിലവിളിച്ച് എന്നെ കാത്തുനിൽക്കുന്നു. പിണ്ഡമുരുട്ടിയിട്ടില്ല. ബലിയിട്ടിട്ടില്ല. അതൊക്കെ വേണമോ എന്നുപോലും തോന്നിയിട്ടില്ല. എന്നിട്ടും ഞാൻ ഒരു കുറ്റവാളിയെപ്പോലെ നിന്നു.
‘ചടങ്ങുകൾ ചെയ്യണം.’
‘ചെയ്യാം'
‘ഹാഢിക്കെ ആട്ദ് ബേണം.'
‘ചെയ്യാം'

കാട്ടുനായ്ക്കരുടെ കോമരമായ തൂളക്കാറ ബാധയേറ്റതുപോലെ തുള്ളി. മൊതലിയുടെ കൈയിലിരുന്ന ഹാഢിക്കബീഡ വന്യമായിക്കിലുങ്ങി. തൂളക്കാറൻ പൂർണമായും മറ്റൊരാളായി മാറി. അയാളുടെ ദേഹം വിറകൊണ്ടു കൊണ്ടേയിരുന്നു.

ഞാൻ കിടന്ന ബരെമെറ തേങ്ക് കൂടകൾ നിറച്ചുനിൽക്കുന്നു. വേനലിന്റെ വാട്ടമില്ലാത്ത മരമായിരുന്നു അത്. ഞാൻ കിടന്നിടത്ത് ഒരു കൂനമണ്ണ്. തലയ്ക്കൽ കലം. മീതെ കാരമുള്ള്​. അടക്കം നടന്ന ഒരിടം പോലെ.
‘‘ചെയ്യാതെ വയ്യ. ഹെത്തൻ കൽപ്പിച്ചതല്ലെ'' ഞാനൊരു വിഡ്ഢിയെപ്പോലെ നിന്നു. എന്റെ കുട്ടിയ്ക്കുവേണ്ടി എല്ലാ ചടങ്ങുകളും അവർ പൂർത്തിയാക്കിയിരുന്നു.

നിലാവൊട്ടുമില്ലാത്ത രാത്രിയായി. സങ്കേതമുണർന്നു. ജോഡ്മറയിലും തമ്പട്ടയിലും കൊട്ടിപ്പാട്ടുകേട്ടു. വേനലിലും രാത്രി തണുത്തു നിന്നു. സ്ത്രീകൾ നെല്ലുകുത്തിയ അരികൊണ്ട് ചോറുവെച്ചു. ഞാൻ കിടന്ന മരത്തിനുകീഴിൽ പാലും ചോറും ഉരുള വെച്ചു. കൊളാളിന്റെ മാന്ത്രിക സംഗീതം ഉയർന്നു. കാട്ടുനായ്ക്കരുടെ കോമരമായ തൂളക്കാറ ബാധയേറ്റതുപോലെ തുള്ളി. മൊതലിയുടെ കൈയിലിരുന്ന ഹാഢിക്കബീഡ വന്യമായിക്കിലുങ്ങി. തൂളക്കാറൻ പൂർണമായും മറ്റൊരാളായി മാറി. അയാളുടെ ദേഹം വിറകൊണ്ടുകൊണ്ടേയിരുന്നു.

‘‘യെല്ലാരുമിദ്ദറവാ?'' അയാളുടെ ശബ്ദം ഒരു കൊച്ചുകുഞ്ഞിന്റെ ശബ്ദമായി മാറിയിരിയ്ക്കുന്നു. എല്ലാരുമുണ്ടോ എന്നാണ്​ ചോദിക്കുന്നത്.
‘‘നീന് ബന്തവ?'' നീ വന്നോയെന്ന്​ മൊതലി വാത്സല്യത്തോടെ ചോദിയ്ക്കുന്നു.
‘‘നാന് ബന്റ'', ഞാൻ വന്നെന്നു മറുപടി.
‘‘നിനഗ് ഭയവ? ഒവ്വെ ഇദ്'' നിനക്കു പേടിയുണ്ടോ. നിന്റെ അമ്മയാ ഇത്.
‘‘ഒവ്വെയാ?''

തൂളക്കാറ കൊച്ചുകുഞ്ഞ്​ അമ്മയെ നോക്കും പോലെ എന്നെ നോക്കി. അമ്മയാണോയെന്ന്. എന്തൊക്കെയാണിവിടെ നടക്കുന്നത് എന്ന് തലപുകയ്‌ക്കെ തൂളക്കാറ വന്നു കൈ പിടിച്ചു.
‘‘ഒവ്വെ...'', കരയാൻ പോകുന്ന പോലെ വിതുമ്പുന്ന ശബ്ദം.

കുഞ്ഞ് അമ്മയോട് പരാതി പറയുന്നു; ‘‘നനഗ് ഹാല് ശിക്കിത്തില്ലെ''
നിനക്ക് പാല് കിട്ടിയില്ലെന്നോ കുഞ്ഞേ? ഞാൻ സ്തബ്ധയായി. എന്താണ് നടക്കുന്നത്. ഒരിക്കൽക്കൂടി തലകുടഞ്ഞു.
‘‘ഒടലില്ലല്ലോ. അദോണ്ട് പാലമരത്തിലോ പാലുള്ള മരച്ചോട്ടിലോ വെയ്ക്കാൻ കഴിഞ്ഞില്ല'', എന്നോട് കുറ്റബോധത്തോടെ പറഞ്ഞു.
എനിയ്ക്കാകെ ഭ്രാന്തു വരുംപോലെയുണ്ടായിരുന്നു.
എന്തൊക്കെയാണീ പറയുന്നത്? എന്തൊക്കെയാണീ കേൾക്കുന്നത്?

ഞാൻ നടുങ്ങിപ്പോയി. എനിക്ക് പാടാനറിയാമെന്ന് ആരു പറഞ്ഞുകൊടുത്തു. അതും കുഞ്ഞിനായ് പാടിയ പാട്ട് പറഞ്ഞുകൊണ്ട്...

‘‘നനഗ് നീറ് കൂടെ ശിക്കിത്തില്ലെ'' വെള്ളം പോലും കൊടുത്തില്ലെന്ന്​.
ദാഹിച്ചുവലഞ്ഞിട്ടും ഒരുതുള്ളി വെള്ളം കിട്ടാതെ മഞ്ഞത്തും മഴയത്തും അശരണമായി നിന്ന ആത്മാവിന്റെ പരാതി. ഞാൻ തൂളക്കാറന്റെ കൈകളിൽ പതിയെ അമർത്തി.
‘‘അമ്മയ്ക്കറിയില്ല. അമ്മയ്ക്കിതൊന്നുമറിയില്ല'' എന്നു പിറുപിറുത്തു.
‘‘ഒവ്വെ നോടലെ യേന സന്താ'', അമ്മയെക്കാണാൻ എന്തുഭംഗിയെന്നാണ് പറയുന്നത്. കൊളാളിന്റെ ഈണം അസഹ്യവും മാരകവുമായിത്തീർന്നു. അതീന്ദ്രീയതയിലേയ്ക്കു കൊണ്ടുപോകുന്ന ബീഢയുടെ താളം. എന്റെ കുഞ്ഞ് എന്നോട് സംസാരിയ്ക്കുന്നു; ‘‘നന്നഗെ മനഗെ ഏറെ പദന?'' നമ്മുടെ വീട്ടിലിപ്പോ ആരൊക്കെയുണ്ട് എന്നു വിശേഷം ചോദിയ്ക്കുന്നു.

‘‘അപ്പ, ഹെത്തെൻ, ഹെത്ത്ചി...'' എനിയ്ക്ക് ശരിയ്ക്കും മതിഭ്രമമുണ്ടായി.
എന്നിട്ടും അറിയാവുന്ന കാട്ടുനായ്ക്കഭാഷയിൽ ഞാൻ മറുപടി പറഞ്ഞു. വേനൽ രാത്രിയായിട്ടും തണുപ്പ് കഠിനമായിരുന്നു. പന്തം പുകഞ്ഞു ഏതോ ശീതനടുവിൽ നിൽക്കുംപോലെയായിരുന്നു... കുന്തിരിക്കം പുകച്ചാൽ ദുരാത്മാക്കൾ വരില്ലെത്രെ.

‘‘നിനഗ് പദനെ ഹാളലെ ഗൊത്തവ. കണ്ണെ നവമണിയെ'' തൂളക്കാറൻ ഒരു കൊച്ചുകുഞ്ഞെന്നവണ്ണം കൊഞ്ചിപ്പറഞ്ഞു. ഞാൻ നടുങ്ങിപ്പോയി. എനിക്ക് പാടാനറിയാമെന്ന് ആരു പറഞ്ഞുകൊടുത്തു. അതും കുഞ്ഞിനായ് പാടിയ പാട്ട് പറഞ്ഞുകൊണ്ട്...

‘‘നിനഗ് കുടിപ്പലെ ഏന ബേഗ്? ജ്യേനുവാ?'' അമ്മയ്ക്കു കുടിയ്ക്കാൻ തേൻ വേണോ എന്ന്. എനിയ്ക്കു ശരിയ്ക്കും ഭ്രാന്തുപിടിയ്ക്കുന്നതുപോലെ തോന്നി. ചുറ്റും ഇരുൾവസ്ത്രം ധരിച്ച രാക്ഷസരൂപി മരങ്ങൾ ഭീതിതമായി തലയാട്ടി. ചാന്ദ്രരഹിതരാത്രിയുടെ ദാക്ഷിണ്യമില്ലാത്ത, ഭയപ്പെടുത്തുന്നുന്ന ഇരുട്ട്. മരിച്ചുപോയ എന്റെ ഭ്രൂണത്തിന്റെ ആത്മാവ് ഉടലേന്തിയ തൂളക്കാറ. മലയാളമറിയാതെ ഗോത്രഭാഷയിൽ സംസാരിയ്ക്കുന്ന കുഞ്ഞ്​. ഏതു നശിച്ച നിമിഷത്തിൽ ഇവിടെ വരാൻ തോന്നി. ഞാനെന്നെത്തന്നെ ശപിച്ചു.
‘‘ഇതൊന്നും ശരിയല്ല. ഒക്കെ തോന്നലാണ്'' ഞാൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
‘‘ഒവ്വെ നിന്ന് എല്ലാ ജിനന് ബറക്ക്'' പ്രത്യാശയോടെ എന്റെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ട്, അമ്മ എല്ലാ ദിവസവും വരണമെന്ന് അതു കെഞ്ചി.

നോക്കിനിൽക്കെ പ്രായമായ ഓരോരുത്തരും അതീന്ദ്രീയമായ ശക്തികൾ വന്നു ഉടലിൽ ബാധിച്ചപോലെ വിറയ്ക്കാനും തുള്ളാനും തുടങ്ങി. ഓരോരോ ആത്മാക്കളായി വരികയാണ്. വന്നു ഓരോരോ ഉടലിൽ പ്രവേശിക്കുകയാണ്.

‘‘ഒവ്വെ എള്ക്ക്വ്വാ?'' ഞാൻ ഇല്ലെന്നു തലയാട്ടി.
അമ്മയ്ക്ക് എന്നെ പേടിയുണ്ടോ എന്നാണത് ചോദിക്കുന്നത്
‘‘എള്ക്ക് കാണി'', എന്റെ കണ്ണുകൾ നിറഞ്ഞു...
എനിയ്ക്കു ഭയമില്ല കുഞ്ഞെ. ഒന്നും ബാക്കിയുണ്ടെന്നു എനിയ്ക്കു തോന്നിയില്ല.
മരിച്ചുപോയ ഭ്രൂണത്തോട് സംസാരിയ്ക്കുക. അതു കരയുക, ചിരിയ്ക്കുക. പേടിയുണ്ടോയെന്ന്​ ചോദിയ്ക്കുക

മൊതലി പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തു.
മണ്ണെടുത്തു. തുണിയിൽ പ്രത്യേകമായ് പകർന്നു.
‘‘ഒവ്വെ, ഒവ്വെ ബേഡ'' തൂളക്കാറ വേണ്ടമ്മേ വേണ്ട എന്നെന്റെ എന്റെ കൈപിടിച്ചു.
‘‘ഇവറ് നന്നഗെ ആടല ബിടലെ'', അവരെന്നെ കളിയ്ക്കാൻ വിടുന്നില്ലെന്ന പരാതി പറഞ്ഞു.
‘‘ഒവ്വെ ഒവ്വെ'' തൂളക്കാരൻ ഉറക്കെ പൊട്ടിക്കരഞ്ഞു. എനിയ്ക്കും കരച്ചിൽ വന്നു. നീരു തുളിച്ചു.
‘‘ബറലെ ഇഷ്ടവാ?'' എന്നെ ഇഷ്ടമാണോ? പൊട്ടിക്കരഞ്ഞുകൊണ്ടാണ് ചോദിക്കുന്നത്
‘‘ഒവ്വെ ഒവ്വെ''
‘‘ഇഷ്ടം കുഞ്ഞേ, ആകാശത്തോളം, ഭൂമിയോളം, ഈ പ്രപഞ്ചത്തോളം അമ്മയ്ക്കു നിന്നെയിഷ്ടം കുഞ്ഞേ''. ഞാൻ തൂളക്കാറയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു, . തൂളക്കാറ ബോധരഹിതനായി തറയിൽ വീണു.

‘‘കെട്ട് കെട്ട്'', ഞാൻ മണ്ണ് തുണിയിൽ കെട്ടി.
‘‘എടുക്ക്'' മൊതലി നിർദേശിച്ചു. ഞാനാ മൺകിഴി കൈയിലെടുത്തു. ബീഢ ഭീതിതമായിക്കുലുങ്ങി. കൊളള് വിഷാദഭരിതമായൊരീണം മൂളി. നോക്കിനിൽക്കെ പ്രായമായ ഓരോരുത്തരും അതീന്ദ്രീയമായ ശക്തികൾ വന്നു ഉടലിൽ ബാധിച്ചപോലെ വിറയ്ക്കാനും തുള്ളാനും തുടങ്ങി. ഓരോരോ ആത്മാക്കളായി വരികയാണ്. വന്നു ഓരോരോ ഉടലിൽ പ്രവേശിക്കുകയാണ്.

ബീര ഹെത്ത
മാര ഹെത്ത
മാത ഹെത്ത
താളു ഹെത്ത
കെഞ്ച് ഹെത്ത
പുട്ട്ൻ ഹെത്ത
ബൊമ്മ ഹെത്ത
ഓരോരോ പൂർവികരെയായി കാട്ടുനായ്കർ തിരിച്ചറിയുന്നു.

ഞാൻ തുണിക്കെട്ട്​ പൂർത്തിയാക്കി. എന്റെ കുഞ്ഞ്​ നെള്ള് ആയി മാറി. അമ്മയുടെ കൈയിലെ ഇത്തിരി മണ്ണിൽ അത് ശാന്തമായിക്കിടന്നു. അതിനെ കൊണ്ടുപോകാൻ പൂർവിക പൂർവികരായി മരമിറങ്ങി വന്നു...

‘‘ബെച്ചൊ'' നിള്ള് മരത്തിന്റെ ചുവട്ടിൽ വെച്ചോളാൻ അനുമതി കിട്ടി. ഞാനാ മൺകിഴി വേരുകൾക്കിടയിൽ വെച്ചു. നിറയെ മൺകിഴികളുണ്ടവിടെ. മുമ്പു മരിച്ചു പൂർവികർക്കൊപ്പം പോയവരുടെ മണ്ണടയാളങ്ങൾ.

മരത്തിനുചുറ്റും എല്ലാ മനുഷ്യന്മാരും ഉഗ്രമായി ആടി. ഓരോരുത്തരോരുത്തരായി മണ്ണിൽ വീണു. അവസാനത്തെ ആളും വീണുകഴിഞ്ഞപ്പോൾ വിളക്ക് കെടുത്തി. പൂർണമായ ഇരുട്ടിൽ ഞാൻ പൂർണകായ നിള്ള് മരം കണ്ടു. താഴെനിന്ന് മോളീലേയ്ക്കു പറക്കുന്ന ചെറിയ മിന്നാമിന്നിയെക്കണ്ടു. അതിനുതാഴെ അതിനെ ആനയിക്കുംപോലെ അസംഖ്യം മിന്നാമിന്നികൾ. രാത്രിയിൽ ആ മരം മിന്നാമിന്നികളാൽ നിറഞ്ഞുവന്നു. തെളിഞ്ഞും അണഞ്ഞും അവ കുറേ നേരം നിന്നു... ആകാശലോകത്തിന്റെ പടികൾ നിള്ള് മരക്കൊമ്പിൽ അദൃശ്യമായി നിന്നു.

ഗർഭ ഗൗരി

വായനക്കാരേ, ഒരു സ്ത്രീയെന്ന നിലയിലെ എന്റെ അമ്മക്കാലങ്ങൾ നിങ്ങൾക്ക്​ബോറടിയ്ക്കുന്നുവെന്ന്​ എനിയ്ക്കുതോന്നുന്നു. നിങ്ങളിൽ ചിലരെങ്കിലും ചെടിയ്ക്കുന്നുവെന്നു പറഞ്ഞുകഴിഞ്ഞു. ചെടിച്ചാലും ചൊടിച്ചാലും നിന്ദ തോന്നിയാലും എന്റെ പ്രാണസങ്കടങ്ങൾ എന്റെ പ്രാണസങ്കടങ്ങൾ തന്നെയാണ്. സ്വയം അനുഭവിയ്ക്കുമ്പോഴേ, ചെടിപ്പല്ലത് ഹൃദയത്തിനകത്തുള്ള സങ്കടപ്പെരുമഴയാണെന്ന് തിരിച്ചറിയൂ. എന്നാൽ പിറവിയും സന്താനവുമായി ബന്ധപ്പെട്ട എന്റെ ചില നഷ്ടങ്ങളെക്കുറിച്ച് പറയാതെ എന്റെ കഥ, എന്റെ പെണ്ണുങ്ങളുടെയും പൂർണമാവില്ല.

എന്റെ രണ്ടാമത്തെ ഗർഭകാലം ഞാൻ ഗർഭ ഗൗരീകാലമെന്നു വിശേഷിപ്പിച്ചു. ആദ്യത്തെ ഗർഭകാലം എത്ര ശാന്തമായിരുന്നോ അതിനും കൂടി ചേർത്ത് അത്യന്തം പ്രശ്‌നഭരിതമായിരുന്നു അക്കാലം. ശാരീരികവൈഷമ്യങ്ങൾ കൊണ്ട് ഞാൻ വലഞ്ഞിരുന്നു. ചന്തി മസിലിന് താഴെയും വശത്തുമായി ഉള്ള ഏതോ ഒരു ലിഗമെന്റോ പേശിയോ വലിഞ്ഞുമുറുകി നടക്കാനോ കിടക്കാനോ ഇരിക്കാനോ പറ്റാത്തവിധം ഞാൻ ഉഴറി .

അദൃശ്യ വിരലുകൊണ്ട് ക്രൂരനായൊരു പിറവിദൈവം എന്നെ ദ്രോഹിച്ചുകൊണ്ടേയിരുന്നു. അയാൾ മീട്ടുന്ന വേദനയുടെ സംഗീതം മാത്രമായിരുന്നു അക്കാലത്തെന്റെയുടൽ. ഒരു സന്താനത്തിനുവേണ്ടി സ്ത്രീയെയുരുക്കണമെന്നവൻ കരുതിക്കാണണം.

കഠിനവേദനയായിരുന്നു അതിന്റെ ലക്ഷണം. ഇടതുകാലിലെ തള്ളവിരൽ മുതൽ പുറകുഭാഗത്തേക്ക് മുട്ടിനുതാഴെയുള്ള പേശികളും തുടയുടെ പേശികളും ചന്തിയുടെ പേശികളും അവളും മുറുക്കിക്കെട്ടിയ വലിയ വേദനയുടെ സംഗീതോപകരണം പോലെ എന്നെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. അദൃശ്യ വിരലുകൊണ്ട് ക്രൂരനായൊരു പിറവിദൈവം എന്നെ ദ്രോഹിച്ചുകൊണ്ടേയിരുന്നു. അയാൾ മീട്ടുന്ന വേദനയുടെ സംഗീതം മാത്രമായിരുന്നു അക്കാലത്തെന്റെയുടൽ. ഒരു സന്താനത്തിനുവേണ്ടി സ്ത്രീയെയുരുക്കണമെന്നവൻ കരുതിക്കാണണം. ഒരടി നടക്കാൻ കഴിയാതെ അങ്ങനെതന്നെ നിന്നുപോയ നിമിഷങ്ങളുണ്ട്. കിടന്നാൽ മലർക്കാനോ ചെരിയാനോ കമിഴാനോ ആകാതെ ഉറച്ചുപോയ നിമിഷങ്ങളുണ്ട്. വേദനയുടെ അമ്മദിവസങ്ങളായിരുന്നു അത്. എന്റെ ഭ്രൂണം വളരുംതോറും ഗർഭപാത്രം ഉള്ളിലെ പേശികളിലേക്കും ലിഗമെന്റിലേയ്ക്കും കൂടുതൽ ഭാരത്തോടെ അമർത്തി. അവയിലേക്കുള്ള ആഘാതങ്ങൾ ഏറിയേറി വന്നു. നിൽക്കാൻ സ്ഥലം പോരാഞ്ഞ് ഗർഭപാത്രം ഉള്ളവയവങ്ങളെ ഞെരുക്കി. ശ്വാസകോശം അമർന്നമർന്ന്​എന്താണ് സംഭവിക്കുന്നതെന്നറിയാത്ത ഒരു വേദന ശരീരമാസകലം എന്നെ പിടിച്ചുകുലുക്കി. ശ്വാസം പതുങ്ങി. മൂത്രാശയത്തിലമർന്നു സദാ മൂത്രമൊഴിക്കണമെന്ന ശങ്കയിൽ ഞാൻ ചുഴന്നു. ആമാശയമമർത്തി ഓരോ 10 മിനുട്ടിലും എന്നെ കക്കൂസ് റാണിയാക്കി

എല്ലാ സന്ധ്യകളിലും അത് മിടിക്കുന്നത് എനിക്കറിയാൻ കഴിഞ്ഞു. ഓരോ അരമണിക്കൂറിലും ഞാൻ ഭ്രൂണമിടിപ്പ് കേൾക്കാൻ തുടിച്ചു. മനസ്സും ചെവിയുമോർക്കെ, ഹൃദയമിടിപ്പ് മാത്രമല്ല ഓരോ കൈവിരലുകളും കാൽ വിരൽതുമ്പുകളും മണിബന്ധവും കുഞ്ഞുകുഞ്ഞ് പമ്പിങ് സ്റ്റേഷനുകൾ പോലെ രക്തത്തെ അമർത്തി വിട്ടുകൊണ്ടിരിയ്ക്കുന്നത് അനുഭവിയ്ക്കാനായി.

എന്റെ വയറിനുള്ളിലെ മാത്രമല്ല സർവനാഡിഞരമ്പുകളിലും മിടിപ്പിന്റെ ചെണ്ടമുഴക്കം കേൾക്കാനായി. ഇടയ്ക്കിടെ ഉത്സവമൊഴിഞ്ഞപോലെ മിടിപ്പുനിന്നു. ചിലവ നഷ്ടപ്പെട്ടതുപോലെ ഉറക്കത്തിൽനിന്ന്​ ഞാൻ ചാടിയെഴുന്നേറ്റു.

എനിക്ക് എന്തോ പോലെ ആകുന്നുണ്ടായിരുന്നു. എല്ലായിടവും മിടിക്കുന്നതുപോലെയാകുന്നു. എല്ലായിടവും പിടയ്ക്കുന്നു. എന്റെ വയറിനുള്ളിലെ മാത്രമല്ല സർവനാഡിഞരമ്പുകളിലും മിടിപ്പിന്റെ ചെണ്ടമുഴക്കം കേൾക്കാനായി. ഇടയ്ക്കിടെ ഉത്സവമൊഴിഞ്ഞപോലെ മിടിപ്പുനിന്നു. ചിലവ നഷ്ടപ്പെട്ടതുപോലെ ഉറക്കത്തിൽനിന്ന്​ ഞാൻ ചാടിയെഴുന്നേറ്റു. ഞാൻ അമ്മയോടുപറഞ്ഞു. അമ്മ എന്നെയത്ര കാര്യമാക്കി എടുത്തില്ല.
‘‘ഒന്ന് പോടീ അവിടുന്ന്'' അമ്മ എന്നെ ഓടിച്ചുവിട്ടു.
ആരോഗ്യമാസിക വായിച്ച് പലതരം രോഗങ്ങളെനിയ്ക്കില്ലേ എന്ന്​ വേപഥുപൂണ്ട കൗമാരക്കാരിയായി അമ്മയെന്നെയെപ്പോഴും കരുതി.

ഗർഭവളർച്ച കുറച്ചുമാസമേ ആയിരുന്നുള്ളൂ. അപ്പോഴേക്കും ഇത്രമേൽ പ്രശ്‌നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും എന്റെ സൂചിപ്പേടിയിൽ നിന്നും ഉണ്ടായതാണെന്ന് അമ്മ ഉറച്ചുവിശ്വസിച്ചു. ഞാനാധി പൂഴുമ്പോൾ അമ്മ കളിയാക്കി.
അതിൽ വാസ്തവം ഇല്ലാതില്ലാ. അതുകൊണ്ട് അമ്മയെപ്പോലെ എന്റെ ഗർഭകാല മായത്തോന്നലുകളായി ഞാൻ മിടിപ്പിനെക്കരുതി. എന്നാൽ മൂന്നാംമാസത്തെ സ്‌കാനിങ്ങിൽ ഡോക്ടർ അതിരഹസ്യമായ ഒരു സംഗതി കണ്ടെത്തി.

‘‘സ്‌ക്രീനിലേക്ക് നോക്കൂ'', നീലഗർഭജലത്തിൽ തുടിക്കുന്ന ശിശു ആയിരുന്നില്ല, മറ്റെന്തോ ഒരു സാധനം, ഒരുപക്ഷെ അണ്ടിപ്പരിപ്പിന്റെ ആകൃതിയിൽ. അത് കുഞ്ഞിനേക്കാളും വലുതും വ്യക്തവുമായി സ്‌കാനിങ്ങിൽ കണ്ടു.
‘‘ഇത്‌ pre decidual ഡെപ്പോസിറ്റ് ആണ്. അപകടകാരിയാണ്. നിങ്ങൾ എത്രയും പെട്ടെന്ന് ഇഞ്ചക്ഷൻ ആരംഭിക്കണം. അല്ലെങ്കിലിതു വളർന്ന്​ ഭ്രൂണത്തെ വിഴുങ്ങും'' മൂന്നാംമാസത്തിൽ ഗർഭാശയത്തിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന എന്തോ ഒരു കൂട്ട്, അത്രതന്നെ.

സൂചി പൊട്ടി രക്തക്കുഴലിലൂടെ ഒരു റോക്കറ്റ് തുളച്ചുപോകുന്നതായി എനിയ്ക്കു തോന്നി. ഞാൻ പിടപ്പോടെ ബഹളംവെച്ചു. എന്റെ ശരീരമാകെ മരുന്ന്​ നീറ്റിക്കൊണ്ട് പ്രവഹിച്ചു.

ഹോ എന്റെ ദൈവമേ, എന്തൊരു ഇഞ്ചക്ഷൻ ആയിരുന്നു അത്. അത്രമേൽ കഠിനമായ ഒരു ഇഞ്ചക്ഷൻ എന്റെ ജീവിതത്തിൽ എനിക്ക് വെച്ചിരുന്നില്ല. സൂചി കുത്തുന്ന വേദനയ്ക്കപ്പുറം മരുന്നിന് തനിയെ ക്രൂരമായ നീറ്റലും വേദനയുമുണ്ടെന്ന് എനിക്ക് മനസ്സിലായത് ഈ ഇഞ്ചക്ഷനിലൂടെയാണ്.
ഇഞ്ചക്ഷൻ പെ​ട്ടെന്ന്​ വെയ്ക്കണമെന്നും ഇല്ലെങ്കിലത് കുഞ്ഞുഭ്രൂണത്തെ വിഴുങ്ങാൻ വരുന്ന രക്തക്കട്ടയാകുമെന്നും വളർന്നുവളർന്നത് ഗർഭപാത്രം നിറയും എന്നും ഡോക്ടർ പറഞ്ഞു. ഇനിയൊരു അലസലിനുള്ള ഗർഭയൗവനം മാനസികമായോ ശാരീരികമായോ എനിയ്ക്കുണ്ടായിരുന്നില്ല. ഒരു കുഞ്ഞ് എനിയ്ക്ക് അത്യാവശ്യമായിരുന്നു. പ്രായമാകട്ടെ 27-ലെത്തി നിന്നിരുന്നു. എന്റെ ചുറ്റുമുള്ളവർക്കും രണ്ടും മൂന്നും കുഞ്ഞുങ്ങളുമായിരുന്നു. എന്തു ത്യാഗത്തിനും ഞാൻ സന്നദ്ധയുമായിരുന്നു. ഇഞ്ചക്ഷനോ ഓപ്പറേഷനോ എന്തുമാകട്ടെ.
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മരുന്നുമണക്കുന്ന നഴ്‌സിങ് കട്ടിലിൽ ഞാൻ കമിഴ്​ന്നുകിടന്നു. ചന്തിക്ക് കുത്തുന്ന മരുന്നുകൾക്ക് അത്ര വേദന ഉണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും ആദ്യ ഡോസ്​ കുത്തിയപ്പോൾ ഞാനലറി.
സൂചി പൊട്ടി രക്തക്കുഴലിലൂടെ ഒരു റോക്കറ്റ് തുളച്ചുപോകുന്നതായി എനിയ്ക്കു തോന്നി. ഞാൻ പിടപ്പോടെ ബഹളംവെച്ചു. എന്റെ ശരീരമാകെ മരുന്ന്​ നീറ്റിക്കൊണ്ട് പ്രവഹിച്ചു. രണ്ടോ മൂന്നോ മണിക്കൂറുകൾ വേണ്ടിവന്നു എരിപൊരി സഞ്ചാരമടങ്ങാൻ. എന്റെ രക്തത്തെയാകെ നേർപ്പിക്കുന്നപോലെ മരുന്ന്​പരന്നടങ്ങി. ആഴ്ചയിൽ ഒന്നു വെച്ച് പിന്നെയും മൂന്നാഴ്ച.

കഴുത്തിൽ പൊക്കിൾക്കൊടിയിട്ടുറുക്കിയും ചവിട്ടി മുന്നൂർക്കുടം പൊട്ടിച്ച് പുറത്തുവരാൻ കളിക്കുകയും ചെയ്ത്​, ഏഴാം മാസത്തിൽ ഡോക്​ടർ എന്നെ കീറിയെടുത്തു, അവളെ, എന്റെ മകളെ.

ഹൈ റിസ്‌ക് പ്രെഗ്‌നൻസിയായിരുന്നു. കേട്ട മിടിപ്പുകളത്രയും ചുരുങ്ങിയ വാൽവിന്റെയും തകരാറായ ഹൃദയത്തിന്റെയും ഗതികേടെന്നുകൂടി കണ്ടെത്തിയതോടെ ജീവിതം ഗുളികകളിലേയ്ക്കു മടങ്ങി. അക്കാലം ദുരിതമയമായിരുന്നു, ശാരീരികമായ എല്ലാ അർഥത്തിലും. ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയുണ്ടായിരുന്നതിനാൽ ഞാനതെല്ലാം മറികടന്നു.
കഴുത്തിൽ പൊക്കിൾക്കൊടിയിട്ടുറുക്കിയും ചവിട്ടി മുന്നൂർക്കുടം പൊട്ടിച്ച് പുറത്തുവരാൻ കളിക്കുകയും ചെയ്ത്​, ഏഴാം മാസത്തിൽ ഡോക്​ടർ എന്നെ കീറി അവളെയെടുത്തു,
മകളെ... എന്റെ മകളെ...

മകൾ; എന്റെ അപസ്മാരങ്ങളുടെയും ഏകാന്തതയുടെയും മ്യൂസിയം

മകൾ
മകൾ
മകൾ
അതേ മകൾ, എന്റെ പെൺമകൾ. എന്റെ പൊന്മകൾ.
അവൾ നഷ്ടപ്പെട്ടതിനുശേഷം എന്റെ ജീവിതത്തിൽ പ്രകാശമില്ല. ഉണ്ടായിട്ടില്ല. മൂന്നു പേരുള്ളതിൽ മൂന്നു പെറ്റതിൽ ഞാനവളോളം ഒന്നിനെ ഇഷ്ടപ്പെട്ടിരുന്നില്ല. ചെറിയ വരച്ച ചുണ്ടുകൾ, തേനിന്റെ നിറം, മാംഗ്ലോയ്ഡ് വർഗത്തിന്റെ പാരമ്പര്യമെന്നിലുണ്ടെന്ന്​ തെളിയിക്കുന്ന ചിമ്പ്രങ്കണ്ണ്. ലൗലോലിയ്ക്കയുടെ നിറവും ചാമ്പങ്ങ മിനുപ്പുമുള്ള കുഞ്ഞിത്തൊണ്ണ്. പാലുകുടിയ്ക്കാൻ പോലുമറിയാത്തത്ര നിഷ്‌കളങ്കയായ ഒരു ജീവി. വുഹ്ഹുഹൂ വുഹ്ഹുഹൂ എന്ന വിചിത്രശബ്ദമുണ്ടാക്കി എന്റെ ജീവിതത്തിൽ കുഞ്ഞരിപ്രാവ്​ പോലെ വന്നവൾ. അതിനു മുമ്പുണ്ടായിരുന്ന എല്ലാ സന്താനദുഃഖങ്ങളും എല്ലാത്തരം വേദനകളും ഇല്ലാതാക്കിയ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രകാശം.
അതേ മകൾ, അവൾ നഷ്ടപ്പെട്ടതിനുശേഷം എന്റെ ജീവിതത്തിൽ പ്രകാശമില്ല.
ഒരാൺകുട്ടി കിടക്കയിൽ സദാ നമ്മുടെ വയർചുറ്റിക്കിടന്നാലും അമ്മേ അമ്മേ എന്നു വിളിച്ച്​ നമ്മളെ സ്‌നേഹത്തോടെ ചുംബിച്ചാലും ആ നഷ്ടം പരിഹരിക്കപ്പെടില്ല.

ഒരു ഭൂമി നിറുംതലയിൽ വീണു ഞാൻ രണ്ടായിപ്പിളർന്നതായറിയും. ഞാൻ മരിച്ചുപോയവളെന്നുമറിയും. മകൾ അമ്മയെ വിട്ടുകളയുന്നതോടെ ആ അമ്മ മരിച്ചുപോകുന്നു.

ആദ്യമായി അവളിട്ട ആഭരണം. ‘ബേബി ഓഫ് ഇന്ദു’ എന്ന കൈവള ടാഗ്. അതിലെ അക്ഷരങ്ങൾ എന്നെപ്പോലെ തന്നെ മാഞ്ഞുപോയിരിക്കുന്നു.. പഞ്ചലോഹത്തകിടുകളും ഇടംവലം കൂച്ചുകളുമിട്ട് അരയിൽ കെട്ടിയ കറുത്തരഞ്ഞാൾ പൊട്ടിപ്പഴകിയിരിക്കുന്നു. കറുപ്പുവിട്ട് അത് ചാരനിറമാർന്നിരുന്നു.
ഓർക്കുമ്പോൾ നെഞ്ചിലൊരു കനം വന്നു കെട്ടും. ഒരു ഭൂമി നിറുംതലയിൽ വീണു ഞാൻ രണ്ടായിപ്പിളർന്നതായറിയും. ഞാൻ മരിച്ചുപോയവളെന്നുമറിയും. മകൾ അമ്മയെ വിട്ടുകളയുന്നതോടെ ആ അമ്മ മരിച്ചുപോകുന്നു.

എനിയ്ക്ക് അവളെന്നാൽ മുലക്കണ്ണിലൊരു തണുത്ത ചുണ്ടിന്റെ പാലൂറിയ ഓർമയാണ്. അവളെന്നാൽ മുട്ടുവരെ നീണ്ട പട്ടുമുടിയുടെ ഇളകുന്ന ജടകളാണ്.
145 ദിവസത്തെ പ്രസവാവധി കഴിഞ്ഞ് അവളെ പിരിഞ്ഞ ആദ്യ ദിവസം എത്ര അസഹനീയമായിരുന്നു. ജീവിതത്തിൽ അത്ര അസഹ്യമായ ഒരു വിരഹം പ്രേമത്തിൽ പോലും ഞാനനുഭവിച്ചിരുന്നില്ല.

അവളൂരിയിട്ട ഒരു ഉടുപ്പ് ഞാൻ ബാഗിൽ സൂക്ഷിച്ചു. അത് മണത്തും സ്പർശിച്ചും ഞാനെന്നെ ആശ്വസിപ്പിച്ചു. ഞാനസ്വാസ്ഥ്യത്തോടെ പാലുകെട്ടിയ നെഞ്ചോടും ഓഫീസിലെ ടോയ്​ലെറ്റുതറയിൽ പിഴിഞ്ഞുകളഞ്ഞ മുലപ്പാൽ കടച്ചിലോടും അവളെപ്രതി അസ്വസ്ഥപ്പെട്ടു. അവൾക്കൊന്നും സംഭവിച്ചിരുന്നില്ല. എന്റെ ഉടുത്ത സാരി കൊണ്ട് തൊട്ടിൽ കെട്ടി ഞാനവൾക്ക് എന്നെ കൊടുത്തു. അവൾക്കു കൊടുക്കാൻ മുലപ്പാൽ കറന്നുവെച്ചിരുന്നു. അതും അവൾ കുടിച്ചു. മകൾക്ക് അമ്മയെ അല്ല, അമ്മയ്ക്ക് മകളെയാണ്​ ആവശ്യമെന്ന് ഞാൻ നിസ്സഹായതയോടെ മനസ്സിലാക്കി.

മകനും മകൾക്കും ഒരേ മണാണ്. ഒരേ പിണക്കം. ഒരേ ഇണക്കം. കഴുത്തിനു പിറകിലെ മുടിച്ചൂടിന്റെ ആവിമണത്തിൽ പോലും ഒരേ വാസന. പാതിരയ്ക്ക് അവൻ എന്റെ നെഞ്ചൊട്ടുമ്പോൾ, അവന്റെ നെറുകിൽ ഉമ്മ വെയ്ക്കുമ്പോൾ അവളെ പ്രതി ഞാൻ അനാഥമാകുന്നു.
അവന്റെ ഹൃദയമിടിപ്പ് എന്റെ നെഞ്ചിനെ, അവളെ ഓർമിപ്പിക്കുന്നു. ഏഴര മാസത്തിൽ പുറത്ത് വന്നപ്പോൾ അവളുടെ അമ്മയുടെ നെഞ്ചാണ് അവൾ ഇൻകുബേറ്റർ ആക്കിയത്.
‘‘ഈക്കുട്ടിയ്ക്കു ഇങ്കുബേറ്റർ വേണ്ട. ഹെൽത്തി ഇനഫ്''
എന്നിട്ടും പേടിച്ചുപേടിച്ചു മുക്കാൽക്കാലം വയറ്റിൽക്കാത്തതിനേക്കാളും കാര്യമായി ഞാനവളെ നെഞ്ചിലും വച്ച് ചൂടാക്കി മുട്ടയട വിരിച്ചപോലെ പൊരുന്നയിരുന്ന കാലം...
അവളുടെ കുഞ്ഞു തല എന്റെ കഴുത്തിൽ ഇറുക്കിവെച്ച് ഉറങ്ങിയ കാലം...
അവൾ മാത്രം മതിയെന്ന വാശിയിൽ മറ്റൊരു കുഞ്ഞിനെ ഓർക്കുക പോലും ചെയ്യാത്ത കാലം...

മകൾ അനാഥമാക്കിയ അമ്മയ്ക്ക് അവളോർമ പോലും വലത്തെ പാതിയിലെ പ്രാണനുഴന്ന സുസ്ഥിര ചെന്നിക്കുത്താണ്.
ആത്മാവിൽ നിത്യമായി ബാധിച്ച അർബുദമാണ്.
ഒരിക്കലും പൂടാത്ത ചങ്കിലെ ചോരമുറിവാണ്.
അപസ്മാരങ്ങളുടെയും ഏകാന്തതയുടെയും മ്യൂസിയമാണ്.

മകളെ നിന്റെ ഒരു ഫോട്ടോ പോലുമില്ലാതെ അമ്മ എന്തുചെയ്യും?
മകളെ നീയില്ലാതെ ഈ അമ്മ എന്തുചെയ്യും? ▮

(ആദ്യ ഭാഗം അവസാനിക്കുന്നു)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments