ഇന്ദുമേനോൻ

ഇരപിടിത്തേറ്റകളിൽ; കുരിശേറും സ്ത്രീകൾ

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)- 3

അതയാളുടെ പിടിത്തമായിരുന്നു... സ്‌നേഹമസൃണമാണെന്ന് നടിയ്ക്കുമ്പോഴും വന്യത ചുറഞ്ഞ കാമാസക്തി പൊതിഞ്ഞ ഉഗ്രമായ പിടുത്തം. പുരുഷന്മാരുടെ സ്പർശത്തിന് അത്തരമൊരു പ്രശ്‌നമുണ്ട്. എത്ര സ്‌നേഹത്തിനിടയിലും കാമത്തിന്റെ ഒളികൈ നീണ്ടുവരും. ബലാത്കാരതയുടെ മുറിവുകളും മുറുക്കങ്ങളും അവറ്റകളുടെ കേവല ഷേയ്ക്ക് ഹാൻഡിൽ പോലും കാണാം.

ജീവിതം എത്രയോ എത്രയോ കൊടുങ്കാടാർന്ന സങ്കീർണതയാണ്.
അതിലെ മനുഷ്യർ അതിലേറെ സങ്കീർണതയുള്ളവർ.
കാട്ടിൽ മനുഷ്യരാണോ മനുഷ്യർക്കുള്ളിൽ കാടാണോ എന്നറിയില്ല.
കുടിലത എങ്ങനെയാണോ എന്തോ?
കാട്ടുപുല്ലുകൾ ഇരുതലപ്പിൽ മുറിവാളായി ചോര ചോദിയ്ക്കുന്നു.
എന്നിട്ടങ്ങനെ കാറ്റുപിടിച്ചു കോമരം തുള്ളുന്ന സങ്കീർണത.
വീഞ്ഞുറഞ്ഞ മുന്തിരിവള്ളികളിൽ തൂക്കുകയറൊളിപ്പിക്കുന്ന കാടിൻ കുശാഗ്രത. വെയിൽ മറഞ്ഞ നട്ടുച്ചകളിൽ, ഇലമറച്ചു നാം കാണുന്ന ഇരുൾ ഇരുളല്ലെന്നും, പാതിരാത്രിയിൽ പാലപൂത്ത വേളയിൽ നിലാവിൽ പൂതിളങ്ങുമ്പോൾ, നാം കാണുന്ന വെളിച്ചം വെളിച്ചമല്ലെന്നും നാമറിയുക ഏറെ കഴിഞ്ഞു മാത്രമായിരിയ്ക്കും. കാടതിന്റെ വന്യത ജീവികളുടെ നിഷ്‌കളങ്കച്ചിരിയായും പൂവുകളുടെ മദോന്മത്തഗന്ധമായും മരം ഗർഭംകൊണ്ട തേങ്കൂടയായുമൊക്കെ കാണിച്ച് നമ്മെ കബളിപ്പിക്കും.

ഓർത്തുനോക്കൂ, ജീവിതപ്പെരുങ്കാട്ടിൽ നാം കണ്ട നല്ല കാഴ്ചകളെപ്പറ്റി ഒന്നുകൂടിയോർത്തുനോക്കൂ. നാം കണ്ട മനോഹരങ്ങളായ സ്വർണവള്ളികളെയോർക്കൂ. അവയിൽ കണ്ട വെള്ളിപ്പൊട്ടുകളെയോർക്കൂ. അവ കൂരിവിഷപ്പല്ലും വിഷസഞ്ചിയുമുള്ള സ്വർണനാഗക്കുട്ടികൾ ആയിരിക്കും. അല്ലെങ്കിൽ മൂടില്ലാത്താളിയായി ഒളിപാർത്ത ഒരു പച്ചിലപ്പാമ്പ്. നാം കണ്ട മനോഹരമായ വെളുമുല്ലപ്പൂക്കൾ ചെന്നായയുടെ ഇരപിടിയ്ക്കാൻ പിളർത്തിയ വായിൽ കണ്ട പല്ലുകളായിരിക്കും. നാം കണ്ട മനോഹരമായ ആ പിങ്ക് പഴം ഏതോ വന്യമൃഗത്തിന്റെ ആക്രമിയ്ക്കാൻ വിടർത്തിയ കൈപ്പത്തി ആയിരിക്കും. അടിയൊഴുക്ക് മറച്ച് ശാന്തമായി ഒഴുകുന്ന പുഴയും നീർത്തടാകത്തിന്റെ ആഴച്ചുഴികളും മണ്ണ് പൊത്തിയുറച്ചുനിന്ന ചതുപ്പും ഒന്നുചവിട്ടുമ്പോൾ തന്നെ നമ്മെ വിഴുങ്ങും. അതിന്റെ മരണവായും നാമിറങ്ങിപ്പോകുന്ന കൊക്കരവള്ളിയും നമ്മളെ ശ്വാസംമുട്ടിക്കുന്ന, നമ്മളെ കൊന്നുകളയുന്ന കൊടിയ സങ്കീർണതകളായിരിക്കും. നാം തപ്പിത്തടഞ്ഞും വീണുരുണ്ടും നടക്കുന്നത് ഇരുണ്ട ഇടവഴിയിലൂടെ, മുൾവഴികളാർന്ന വഴിയിലൂടെ ആയിരിക്കും. ആ കൊടുങ്കാട്ടിൽ വസന്തങ്ങളും പൊൻ ഋതുക്കളും മരിച്ചുപോയിരിയ്ക്കും. നമ്മുടെ പാദങ്ങൾ മുറിഞ്ഞു ചോരയൊഴുകി നോവിന്റെ ആയിരം പുഴകൾ നാം തന്നെ മുറിച്ചുകടക്കുകയായിരിയ്ക്കും. മനുഷ്യനെന്ന പെരുങ്കാടിന്റെ വന്യത എത്ര നടന്നുതീർന്നാലും ചത്തുപുല്ലടിഞ്ഞാലും ആർക്കുമെന്തെന്ന് പറയാനാവില്ല.

കഷ്ടി അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിക്ക് അവൾ അഭിമുഖീകരിക്കാൻ പോകുന്ന വലിയ അപകടത്തെക്കുറിച്ച് അന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. പുറത്ത് മഴ അത്യുഗ്രതയിൽ പെയ്തുകൊണ്ടേയിരുന്നു. തിരുവച്ചിറക്കുളം ചെളി കലങ്ങി. ഒറ്റമഴയിൽ വെള്ളാമ്പലകളും നീലത്താമരകളും ജലത്തിനടിയിലായി. അഴുക്ക് കലങ്ങി ജലം മലീമസമായി. മട്ടുപ്പാവിലെ ജനാലയിലൂടെ താമരകളും ആമ്പലുകളും മുങ്ങിമരിച്ച മലിനജലയൊഴുക്ക് ഞാൻ കണ്ടു. പായൽജലപ്പച്ചവിരി മറഞ്ഞു. അമ്മൂമ്മയും വേശ്വ വല്ല്യമ്മയും പാളയത്തുനിന്ന്​ പച്ചക്കറി വാങ്ങിവരാൻ ഇനിയും സമയമെടുക്കുമെന്ന് എനിയ്ക്കുതോന്നി. കാരണം മഴയത്ത് പാളയം അഴുകിയ ഒരിടമായി മാറുമായിരുന്നു. ആ സമയത്ത് വിപണി നിർത്തി ആളുകൾ മാറിനിൽക്കും. അമ്മൂമ്മയ്ക്ക് മഴ തീരാതെ വരാൻ പറ്റില്ലായിരുന്നു.

ജീവിതപ്പെരുങ്കാട്ടിൽ നാം കണ്ട നല്ല കാഴ്ചകളെപ്പറ്റി ഒന്നുകൂടിയോർത്തുനോക്കൂ. നാം കണ്ട മനോഹരങ്ങളായ സ്വർണവള്ളികളെയോർക്കൂ. അവയിൽ കണ്ട വെള്ളിപ്പൊട്ടുകളെയോർക്കൂ. അവ കൂരിവിഷപ്പല്ലും വിഷസഞ്ചിയുമുള്ള സ്വർണനാഗക്കുട്ടികൾ ആയിരിക്കും. / Photo: Muhammed Fasil

ലക്ഷ്മി നിലയത്തിലെ മുകളിലെ മുറികൾ ഏറെ വലിപ്പമുള്ളതായിരുന്നു. ഒന്ന് അമ്മയുടെയും ഒന്ന് വല്യമ്മയുടെയുമായിരുന്നു. എന്തുകൊണ്ടാണ് അയാൾ കഥ പറയാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മുറി തന്നെ തിരഞ്ഞെടുത്തത് എന്നെനിക്ക് മനസ്സിലായില്ല. അയാൾ കട്ടിലിലിരുന്നു. അയാൾ കുറുനരിയുടെ കഥ പറയുമ്പോഴെല്ലാം എന്റെ ചെറിയ കൈത്തണ്ട ബലമായി പിടിച്ചുവെച്ചിരുന്നു. എന്തോ ഒരു കുഴപ്പമുണ്ടെന്ന് എനിക്ക് ആദ്യം മുതലേ തോന്നിയിരുന്നു. ആരോ ഉള്ളിൽ നിന്ന്​ എനിക്ക് അപായസൂചന തന്നുകൊണ്ടിരുന്നു. പക്ഷേ അതെന്തെന്നോ, എന്തുകൊണ്ടെന്നോ വിവക്ഷിയ്ക്കാനും തിരിച്ചറിയാനുമുള്ള പ്രായം എനിക്കായിരുന്നില്ല. ഇപ്പോഴോർക്കുമ്പോൾ കൃത്യമായും അതെന്തെന്നെനിക്ക് മനസ്സിലാവുന്നുണ്ട്. അതയാളുടെ പിടിത്തമായിരുന്നു. സ്‌നേഹമസൃണമാണെന്ന് നടിയ്ക്കുമ്പോഴും വന്യത ചുറഞ്ഞ കാമാസക്തി പൊതിഞ്ഞ ഉഗ്രമായ പിടുത്തം. പുരുഷന്മാരുടെ സ്പർശത്തിന് അത്തരമൊരു പ്രശ്‌നമുണ്ട്. എത്ര സ്‌നേഹത്തിനിടയിലും കാമത്തിന്റെ ഒളികൈ നീണ്ടുവരും. ബലാത്കാരതയുടെ മുറിവുകളും മുറുക്കങ്ങളും അവറ്റകളുടെ കേവല ഷേയ്ക്ക് ഹാൻഡിൽ പോലും കാണാം.

അതുകൊണ്ട് നമ്മൾ നമ്മുടെ കുട്ടികൾക്ക് ഓർമവെക്കുന്ന കാലം മുതൽ തന്നെ നല്ല സ്പർശനങ്ങളും ചീത്ത സ്പർശനങ്ങളും പഠിപ്പിച്ചുകൊടുക്കേണ്ടിയിരിക്കുന്നു. 1985-കളിലെ നമ്മുടെ സമൂഹം അത്രയ്ക്ക് ബുദ്ധിയോ ബോധമോ ഉള്ളതായിരുന്നില്ല. അത് ക്രൂരമായിരുന്നു. അക്കാലം കുട്ടികളെ കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. കുട്ടികളെ ഉപദ്രവിക്കുന്നവർക്ക് ശിക്ഷ കിട്ടിയിരുന്നത് അമ്പേ കുറവായിരുന്നു. കുട്ടികളെ, അവരുടെ സുരക്ഷിതത്വത്തെ, അവരുടെ അവകാശങ്ങളെ, സ്വാതന്ത്ര്യങ്ങളെ ആരും പരിഗണിച്ചില്ല. എന്റെ വീട്ടുകാർക്കും ഉണ്ടായിരുന്നില്ല അത്തരമൊരു അവബോധം. ആരും എനിക്ക് അങ്ങനെ ഒന്നും പറഞ്ഞു തന്നില്ല. സ്ത്രീ പുരുഷബന്ധങ്ങളെക്കുറിച്ച് അറിയില്ല. കുട്ടികളെ ഉപദ്രവിക്കുന്നവരെ കുറിച്ച് അറിയില്ലായിരുന്നു. ഒരു ധാരണയുമില്ലായിരുന്നു. ഞാൻ പറഞ്ഞിരുന്നല്ലോ, എന്റെ മണം അമ്മയിടീച്ച ജോൺസൺ ബേബി പൗഡറിന്റെയോ ക്രീമിന്റേയോ മാത്രമായിരുന്നില്ല. എന്റെ മണം അമ്മയുടെ മുലപ്പാൽ മണമായിരുന്നു.

അയാൾ എന്നെ മടിയിലിരുത്തി, മുടിയിഴകൾ തഴുകിക്കൊണ്ട് കഥ തുടർന്നു. ഇടയ്ക്കു മുടിയിഴകളെ ചുംബിച്ചു. ഇടയ്ക്ക് അത് ചെവിയ്ക്കിടയിൽ വച്ചു. ഉടുപ്പിലെ നൂലുകൾ വലിച്ചും കൈ വിരലുകൾ ഞൊട്ടയിടീച്ചും എല്ലാം അയാൾ കഥ തുടർന്നുകൊണ്ടേയിരുന്നു.
അയാളുടെ പിടുത്തത്തിൽ, അതിന്റെ മുറുക്കത്തിൽ എനിയ്ക്ക് അസ്വസ്ഥത തോന്നി. അയാളുടെ സ്‌നേഹത്തിൽ എനിയ്ക്ക് ചുട്ടുപഴുക്കുന്ന വെറുപ്പ് തോന്നി. ഞാനയാളുടെ മടിയിൽ നിന്നിറങ്ങാൻ ശ്രമിച്ചു. അയാൾ വീണ്ടും എന്റെ കൈ അമർത്തിപ്പിടിച്ചു. എന്നെ ചുറ്റിപ്പിടിച്ചു. എനിക്ക് കൈ വേദനിക്കുന്നുണ്ടായിരുന്നു. എല്ലുകൾ നുറുങ്ങുന്നതുപോലെ തോന്നുന്നുണ്ടായിരുന്നു. കൈത്തണ്ടയിലെ നഖം തട്ടി മുറിവ് നീറിക്കൊണ്ടേയിരുന്നിരുന്നു.
‘‘എനിക്ക് കഥ വേണ്ട. മതി മതി താഴേയ്ക്ക് പോകണം'', ഞാൻ കുതറി.
‘‘ഒരു കഥയും കൂടി കേട്ടിട്ട് പോകൂ. ഒരു കഥ മാത്രം'', അയാൾ കിതപ്പോടെ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.
‘‘വേണ്ട വേണ്ട എന്നെ വിടൂ'', ഞാൻ വാശി കൂട്ടി.

ഞാൻ വിടാൻ ആവശ്യപ്പെടുംതോറും അയാൾ എന്നെ കൂടുതൽ ബലമായി അമർത്തി മടിയിൽ പിടിച്ചിരുത്തി. വല്ലാത്തൊരു ബലം അയാളുടെ പിടുത്തത്തിനുണ്ടായിരുന്നു.
‘‘ശരി, ശരി, ഓക്കെ, കഥ വേണ്ടെങ്കിൽ വേണ്ട. ഞാൻ ദാ വിട്ടു. നമുക്ക് ഒരു കളി കളിച്ചാലോ.?''

‘‘വേണ്ട വേണ്ട. കളി വേണ്ട’’, ഞാൻ നിഷേധാർഥത്തിൽ തല വെട്ടിച്ചു.
‘‘വാവയ്ക്കു ദേഷ്യായോ, അമർത്തിപ്പിടിച്ചോണ്ടാണോ? ശരി പകരായിട്ട് എന്നെ പിടിച്ചോളൂ. എത്ര വേണച്ചാലും അമർത്തിപ്പിടിച്ചോളൂ’’, അയാൾ സൗമ്യനായി.
അയാളെന്റെ കൈ വിട്ടു. മുണ്ടിനടിയിൽ ഒളിച്ചു നിന്ന പുരുഷന്റെ മൂന്നാംകൈ എടുത്ത് നീട്ടി.

ഞാൻ സ്​തബ്​ധയായി, ഭയചകിതയായി നിന്നുപോയി. ഇത്ര കാലവും ഞാൻ അങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ജലദോഷം ബാധിച്ച തുമ്പിക്കൈ പോലെ, അറപ്പിക്കുന്ന ഒരു പുരുഷാവയവം. അയാൾ തടിച്ചുനനഞ്ഞ ചുണ്ടുകൾ കടിച്ചുകൊണ്ട് അത് എന്റെ കൈയിലേക്ക് തരാൻ ശ്രമിച്ചു. അയാളുടെ ശബ്ദം വിറച്ചു.
‘‘പിടിയ്ക്ക് പിടിയ്ക്ക്’’
അസഹനീയമായ കാഴച.
‘‘ഇല്ല, ഇല്ല'', ഞാൻ ഭയങ്കരമായി കുതറി.

‘‘അപ്പിയാണിയാൾ, ചീത്തയാണിയാൾ, ഓട് ഓട്'', ഉള്ളിലെ അപായവായ വീണ്ടും വീണ്ടും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷെ എങ്ങനെ? ഇത്ര ബലിഷ്ഠമായ പിടുത്തത്തെ എങ്ങനെയാണ് ഊരുക? പെട്ടന്നുള്ള ഒരു ഉൾത്തോന്നലിൽ ഞാൻ ഉഗ്രതയോടെ അയാളുടെ കൈത്തണ്ടയിൽ കടിച്ചു. വീണ്ടും വീണ്ടും ഉള്ളിലിരുന്ന് ആരോ പറഞ്ഞുതന്നുകൊണ്ടേയിരുന്നു, ‘‘ഓട് ഓട്.’’

കഷ്ടി അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിക്ക് അവൾ അഭിമുഖീകരിക്കാൻ പോകുന്ന വലിയ അപകടത്തെക്കുറിച്ച് അന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. / Photo : Muhammed Fasil

അയാൾ കൈ ഒന്നയച്ചതും ഞാൻ കുതിച്ചു ചാടിയിറങ്ങി ഓടി. മുറിയുടെ കൊച്ചു പടിതട്ടി ഞാൻ നെഞ്ചിടിച്ചുവീണു.
‘‘നിക്കടീ'', അയാൾ എന്റെ പുറകിലും.
നിങ്ങളെപ്പോഴെങ്കിലും അങ്ങനെ ഓടിനോക്കിയിട്ടുണ്ടോ? ഒരാൾ നമ്മളുടെ പുറകെ നമ്മളെ ആക്രമിക്കാൻ ലക്ഷ്യമാക്കി പറന്നുവരുമ്പോൾ, നമുക്ക്​ വല്ലാത്തൊരു ശക്തി കിട്ടും. അന്നുവരെ ഓടാത്ത ദൂരങ്ങൾ നാമോടും. അന്നുവരെ താണ്ടാത്ത ദൂരങ്ങൾ നാം താണ്ടും. ചിലപ്പോൾ നമുക്ക് അദൃശ്യച്ചിറക് മുളയ്ക്കും. നാം പറക്കുക കൂടി ചെയ്യും. അത്തരമൊരു സവിശേഷാവസ്ഥയില്ലായിരുന്നു ഞാൻ. നെഞ്ചുതല്ലി വീണിട്ടും ചതഞ്ഞിട്ടും പിടഞ്ഞെണീറ്റു പാഞ്ഞു. ഏതു പ്രായപ്പെണ്ണിനുമുള്ള പരിണാമത്തിന്റെ ആദിചോദന. ഓടുക, ആവോളം ഓടുക.

അപ്പോഴേയ്ക്കും അയാൾക്ക് എന്റെ ഉടുപ്പിൻ തുമ്പിൽ പിടികിട്ടി. ഞാനതിൽ നിന്ന്​വലിച്ചു ചാടി, അവിടെ നിന്ന്​ എങ്ങനെയോ കുതറി. ഉടുപ്പ് അൽപ്പം കീറിത്തൂങ്ങി. മരഗോവണിപ്പടിയിൽ എത്തുമ്പോഴേക്കും അയാൾ വീണ്ടും എന്നെ പിടിക്കാൻ ശ്രമിച്ചു.
ഞാൻ അമ്മയുടെ നെഞ്ചിലെ സഞ്ചിയിൽ നിന്ന്​ ചാടിപ്പോയ കുഞ്ഞിക്കംഗാരു. കുതിച്ചു കുഞ്ഞിക്കാൽ വലിച്ചുനീട്ടി മുമ്പോട്ട്, വേഗത്തിലാഞ്ഞു. എന്റെ ബാലൻസ് അമ്പേ തെറ്റിപ്പോയി. പടിയ്ക്കുപകരം, അതിനപ്പുറത്തെ വായുവിൽ ചവിട്ടി. രണ്ടാം പടിയിലേയ്ക്ക് കാലുകുത്തിയതും കാൽപടം മറിഞ്ഞു, ഞാൻ ഗോവണിയിൽ നിന്നും പട പട തെന്നി താഴേയ്ക്കുവീണു. തല പടികളിൽ ഇടിച്ചു. കയ്യും കാലും ചുമരിൽ തല്ലി. അവിടെവിടങ്ങളിലായി ഉരസി. ദേഹമാസകലം തോലുരഞ്ഞുപോയി. അവസാനിയ്ക്കാതെ നീറ്റലും എരിവും കാലുളുക്കിയതിന്റെ ഭയങ്കരമായ വേദനയും. എന്താണു നടക്കുന്നതെന്നു ഓർക്കാൻ പോലുമാകാതെ ഞാൻ നിന്നു വിറച്ചു.
‘‘അമ്മാ അമ്മാ'' എന്നുറക്കെ നിലവിളിച്ചു.
‘‘നീയെത്ര ഒറക്കെ വേണങ്കിലും കരഞ്ഞോ. പക്ഷെ നിന്നെ ഞാൻ വിടൂല'', അയാൾ കൈത്തണ്ടയിലെ കടിപ്പാടിൽ പകയോടെ സ്പർശിച്ചു.
‘‘അമ്മാ അമ്മാ'', എന്റെ കരച്ചിൽ ഉച്ചത്തിലായി.
അപ്പുറത്തെ വീട്ടിലെ വാസന്തിയേച്ചിയോ ഗംഗാധരമാമയോ മങ്കമ്മയോ എന്നെ കേട്ടിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. പക്ഷെ എന്റെ നിലവിളി പുറത്ത മഴയിൽ അലിഞ്ഞു ചേർന്നിരിയ്ക്കണം. ആരും വന്നില്ല. ഉളുക്കിയ കാൽ കൊക്കിക്കൊക്കി ഞാനോടാൻ ശ്രമിച്ചു.
പൊടുന്നനെ അയാൾ സൗമ്യനായി.
‘‘ഇല്ല ഞാനൊന്നും ചെയ്യില്ല. പേടിക്കല്ലെ. നീ ബാ, നിനക്ക് നല്ല രസമുള്ള ഒരു ഗെയിമ്ണ്ട്. വാവയ്ക്ക് ഗെയിമിഷ്ടല്ലെ? ബാ നമ്മക്ക് കളിയ്ക്കാം''

അയാൾ രാക്ഷസനെപ്പോലെ ഗോവണിയിറങ്ങി വന്നു.
അയാളുടെ ഓരോ ചവിട്ടിലും മരപ്പടികൾ കിറുകിറാ അലറി.
ആ വലിയ വീട്ടിൽ മരണക്കുഴിയിലെന്നവണ്ണം കടുത്ത ഏകാന്തത.
ആദ്യമായി അതറികെ ഞാൻ അനാഥയെപ്പോലെ നിലവിളിച്ചു. ഇനിയെന്ത്? ഇനിയെന്ത്? ഞാൻ ശിമ്മാമ്മയെ, എന്റെ അമ്മയുടെ ആങ്ങളയെ ഓർത്തു. പ്രാണരക്ഷാർഥം ശിമാമ്മയുടെ മുറിയിലേയ്‌ക്കോടിക്കയറി.
‘‘ശിമ്മാമേ, ഇണീക്ക്, ഇണീയ്ക്ക്''
ഞാൻ ശിമ്മാമയെ കുലുക്കിവിളിച്ചു. അബോധത്തിന്റെയും ഉന്മാദത്തിന്റെയും വന്യമായ ചതുപ്പിൽ മുങ്ങി ശിമ്മാമ കണ്ണുതുറന്നതേയില്ല. ഞാൻ നിലവിളിച്ചു കൊണ്ടേയിരുന്നു. അയാളുടെ കാലടിയൊച്ചകൾ എന്റെ അരികിലേയ്ക്കു വന്നുകൊണ്ടേയിരുന്നു. എന്റെ ദേഹം വെട്ടിവിറച്ചു. അക്കാലത്ത് ശിമ്മാമ രാജസ്ഥാനിൽ നിന്ന്​ വന്നിട്ടേയുണ്ടായിരുന്നുള്ളു. മുഴുവട്ടായി രാജസ്ഥനിലെ ഏതോ ഭ്രാന്താശുപത്രിയിൽ നിന്ന്​ അമ്മൂമ്മയും രമേശമ്മായും കൊണ്ടു വന്നിട്ടേയുണ്ടായിരുന്നുള്ളു. ശേഷം കുറേ ദിവസം കുതിരവട്ടത്ത് തന്നെയായിരുന്നു. അക്കാലത്ത് സൈക്ക്യാട്രിക്ക് മരുന്നുകൾ ഭയങ്കര ശക്തിയുള്ളവയാണ്​. സ്‌കിസോഫ്രീനിയയ്ക്ക്​ കടുത്ത മരുന്നുകളാണ് കൊടുത്തുകൊണ്ടിരുന്നത്. പോരാത്തതിന്​ അതിനേക്കാളും കാഠിന്യമാർന്ന വൈദ്യുതി ഷോക്ക് ​ട്രീറ്റുമെന്റും. എല്ലാം കൂടി നൽകിയ ആഘാതത്തിൽ തലച്ചോറടക്കം ബുൾസ്​ഐ പോലായിട്ടുണ്ടാവണം. പാവം തളർന്ന്, വാഴപ്പിണ്ടിപോലെ കട്ടിലിൽ കിടന്നു.
‘‘ശിമ്മാമേ, ഇണീക്ക് ശിമ്മാമെ''

ചികിത്സയുടെ ഉഗ്രതയറിയാതെ, കാഠിന്യമറിയാതെ ഞാൻ പിടിച്ചുകുലുക്കി. പെട്ടെന്ന്, ‘എന്തേ’ എന്ന്​ ചോദിയ്ക്കും പോലെ കണ്ണുകൾ പതിയെ അനങ്ങി. മാമൻ പോളകൾ ഇളക്കി. മാമന് സംസാരിക്കാനോ കൈയുയർത്താനോ എഴുന്നേൽക്കുവാനോ കഴിയുമായിരുന്നില്ല. ഞാൻ പിടിച്ച കൈ വിട്ടതും കട്ടിലിൽ നിന്ന്​ അച്ചിങ്ങാപ്പയർപോലെ അത് ഊർന്ന്​ തറയിലേക്ക്​ തളർന്നുവീണു. മറ്റു പോംവഴികളില്ലാതെ ഞാൻ കട്ടിലിനടിയിലേയ്ക്ക് ഒളിച്ചുകയറി. തളം കെട്ടിയ മൂത്രവും ഛർദിലും എന്തൊക്കെയോ പതകളും ചേർന്നു മലീമസമായ കട്ടിലിനടിവശം. ഓക്കാനിപ്പിക്കുന്ന, അറപ്പിക്കുന്ന ദുർഗന്ധം. മലീമസമായ മൂത്രപ്പുരയുടെ തറപോലെയായിരുന്നു അവിടം. തന്റെ മുറിയിൽ ആരും കയറുന്നതിനോ വൃത്തിയാക്കുന്നതിനോ ഒന്നും ശിമ്മാമ ആരെയും അനുവദിച്ചിരുന്നില്ല. മുറിയും കട്ടിലിനടിയുമെല്ലാം അതിനാൽ മലിനകാരിയായിത്തന്നെ കിടന്നു. ഭൂമി കുലുങ്ങും പോലെ ഒരു ട്രെയിൻ മുൻ വശത്തെ ​ട്രാക്കിലൂടെ കടന്നുപോയി. അതിനേക്കാളും ഭൂകമ്പവുമായി അയാളുടെ കാലടികൾ അടുത്തടുത്തു വന്നു. കൊച്ചുകൊച്ചു ഭൂകമ്പങ്ങൾക്കപ്പുറം സകലതും തകർന്നടിയുന്നതായി എനിക്കനുഭവപ്പെട്ടു. കട്ടിലിനടിയിൽ മൂത്രം നനഞ്ഞ ഒരു പട്ടിക്കുട്ടിയെപ്പോലെ ഞാൻ ഭയന്നുവിറച്ചിരുന്നു.

എന്റെ കൊച്ചുഹൃദയം വല്ലാത്ത ഭയത്തോടെ പുറത്തേയ്ക്കു തള്ളി മിടിച്ചുകൊണ്ടേയിരുന്നു. അയാൾ എന്നെ പേരു വിളിച്ചത് എന്നെ കൂടുതൽ ഭയപ്പെടുത്തി. കട്ടിലിനടിയിലെ ദുർഗന്ധപൂരിതമായ ആ നിമിഷങ്ങൾ ഓർക്കാൻ കൂടി വയ്യ. എനിയ്ക്കു പഴകിയതും മരുന്നുകളുള്ളതുമായ മൂത്രത്തിന്റെ അമോണിയാ വാസനയിൽ ശ്വാസം തിങ്ങി. അയാൾ മുറിയിൽ വന്നു പെട്ടെന്ന് കുനിഞ്ഞു. കട്ടിലിന് അടിയിലേക്കു തലയിട്ടു ചിരിച്ചു, ‘‘​കണ്ടേ'' എന്നു പറഞ്ഞു.
കേട്ടാൽ ഞാനുമയാളും ഇഷ്ടത്തോടെ ഒളിച്ചുകളിക്കുകയാണേന്നെ കരുതൂ.
‘‘ബാ'', അയാൾ കട്ടിലിനടിയിലേയ്ക്ക് ഏന്തി കൈയിട്ടു.
ഞാൻ ഇല്ലെന്ന്​ തലയാട്ടി.
അയാളുടെ മുഖം മാറി, ചിരിയും സൗമ്യതയും മാറി വന്യമാകുന്നത് ഞാൻ കണ്ടു. കാടുണരുന്നു. വന്യമൃഗങ്ങൾ അലറുന്നു. പുഴകൾ മലജലപ്പെരുക്കമായി ഉരുളായി കുത്തിയൊലിക്കുന്നു. അധികാരവും ധാർഷ്ട്യവും നിറഞ്ഞ മുഖം. അയാൾ കട്ടിൽ ക്രാസ്സിയിൽ ശരീരഭാരമൂന്നി, കൈകൾ നീട്ടി കാലിൽ പിടുത്തമിട്ടു. കട്ടിലിനടിയിലെ പഴക്കമൂത്രത്തിലൂടെയും ഉമിനീർനുരയിലൂടെയും ഛർദിലിൽ ദഹിക്കാതെ കിടന്ന വറ്റുകളിലൂടെയും എന്നെ വലിച്ചിഴച്ചു പുറത്തിട്ടു. ഞാൻ അയാളെ ആഞ്ഞുതള്ളി. കുന്തിച്ചിരുന്ന അയാൾ മലർന്നടിച്ചു വീണു. വീണ്ടും ഞാൻ ഓടി. കോണിയുടെ അരികിലെ അച്ചിയുടെ മുറിയിലേയ്ക്ക്​ ഓടിക്കയറി. അയാൾ അവിടെയും വന്നു, ഭീമാകാരമായ രാക്ഷസരൂപം പൂണ്ടു. കൈകളിൽ ക്രൂരതയുടെ കൂർമ്പൻ നഖങ്ങൾ. തേറ്റയായ് മാറിയ ഉളിപ്പല്ലുകൾ. ശിരസ്സിൽ കൂർത്ത കൊമ്പുകൾ. അവിടെനിന്ന്​അയാൾക്ക് എന്നെ കൃത്യമായി പിടിക്കാൻ കിട്ടി. എന്റെ വായും മൂക്കും അയാൾ പൊത്തിപ്പിടിച്ചു.
പെ​ട്ടെന്ന്​ അടുക്കള വാതിൽക്കൽ മുട്ടുകേട്ടു, ‘‘കുഞ്ഞോമ്മോ കാടി.''
മങ്കമ്മയാണ്. പശുവിനെ വളർത്തി ജീവിയ്ക്കുന്ന മങ്കമ്മ. കഞ്ഞിവെള്ളം വാങ്ങാൻ വന്നതാണ്. അയാളൊന്നു വിരണ്ടു. എന്നെ പിടിച്ച പിടിത്തം അയഞ്ഞു. അമ്മയുടെ തയ്യൽമെഷീനിന്റെ ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കൂടെ ഞാൻ പ്രാണനുമായി, പുറത്തേക്ക് ചാടി വീണ്ടുമോടി.

ഉമ്മറമുറ്റത്തേയ്ക്ക് ഓടാൻ ശ്രമിച്ചിട്ട് കാര്യമുണ്ടായിരുന്നില്ല. അയാൾ സൂത്രശാലിയായ രാക്ഷസൻ തന്നെയായിരുന്നു. ഉമ്മറത്തെ നാല് പൊളിയുള്ള വാതിലുകൾ താഴെയും മുകളിലും കുറ്റിയുമിട്ട് വൃത്തിയായി സാക്ഷയിട്ടിരുന്നു. എനിയ്ക്കത് തുറക്കാൻ എത്തുമായിരുന്നില്ല.
അവസാനത്തെ ആശ്രയം എന്ന നിലയിൽ പത്തായം വെച്ച കലവറ മുറിയിലേയ്ക്ക് ഞാൻ ഓടിക്കയറി. ഏകദേശം വീടിന്റെ നടുവിൽ സുരക്ഷിതമായ ഒരിടമായിരുന്നു പത്തായപുരയായ കലവറമുറി. അവിടെ സദാ ഇരുട്ടു വീണുകിടന്നു. ആ മുറിയുടെ അരികിലൂടെ പഴയ ഓവറയിലേക്കുള്ള ഉള്ള വഴിയുണ്ടായിരുന്നു. അവിടെയും മുറ്റിരുട്ട് മാത്രം.

അയാൾ അവിടെയുമെത്തി. മുട്ടുകൾ അവസാനിച്ചിരുന്നു. മങ്കമ്മ പോയിരിയ്ക്കണം. അയാൾ ഇരുട്ടിൽ ചുമരു തപ്പുന്നത് ഞാൻ കണ്ടു. ചെറിയ ഒരു ബൾബ് അതിന്റെ സ്വിച്ച് തപ്പിപ്പിടിച്ച് ഓൺ ചെയ്തു. മഞ്ഞനിറത്തിൽ ഒരു വെളിച്ചം വന്നുവീണു. ഒരു മൂലയിൽ പതുങ്ങി വിറച്ചിരിക്കുന്ന എന്നെ അയാൾ കണ്ടു.
‘‘ഇനി നീ എങ്ങനെ രക്ഷപ്പെടും?''

ഒരു വിടലച്ചിരിയോടെ അയാൾ പത്തായം മുറിയുടെ വാതിൽ കുറ്റിയിട്ടു. മൂലയിൽ പാത്രങ്ങൾക്കിടയിലേയ്ക്ക് ഒളിച്ച് നൂഴാൻ ശ്രമിച്ച എന്നെ അയാൾ മുടിയിൽ പിടിച്ചുവലിച്ചു. മുടിയുടെ മേൽപ്പുറം പറഞ്ഞുപോരുന്നതു പോലെ തോന്നി എനിയ്ക്ക്.
‘‘നീ ഇങ്ങനെ കയ്ച്ചിലാവും? അതിന് അതിനുമാത്രം നീ വളർന്നിട്ടില്ല. നൊച്ചപ്പുഴു''
അയാളെന്നെ പരിഹസിച്ചു. എന്റെ ബാല്യത്തെ, നിസ്സഹായമായ വയസ്സിനെ, എന്റെ ദുർബലമായ കുട്ടിയുടലിനെ അയാൾ പുച്ഛിച്ചു. അഞ്ചുവയസ്സുള്ള ഒരു കൊച്ചുപെൺകുട്ടി ഒരിക്കലും ഒരു അടഞ്ഞ മുറിയ്ക്കകത്തു നിന്നുകൊണ്ട് അയാളുടെ കൈയിൽ നിന്ന്​ രക്ഷപ്പെടില്ലെന്നയാൾ ഉറപ്പിച്ചിരുന്നു. ആ പ്രേതപിശാചിന്റെ കൈത്തണ്ടയിൽ എന്റെ പല്ലിന്റെ അടയാളങ്ങൾ ഒരു വാച്ച് പോലെ തിണർത്തു ചോരച്ച് കിടന്നു.

എങ്ങനെ ഓടും? എങ്ങനെ രക്ഷപ്പെടും? അറിയില്ലായിരുന്നു. ഒരുപക്ഷെ അയാളെന്നെ തിന്നുകളയുമോ എന്നു ഞാൻ ഭയന്നു. രക്ഷപ്പെടുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായില്ല. എനിക്ക് ഒന്നുമറിയാൻ കഴിഞ്ഞില്ല. അത്രയ്ക്കും ചെറിയ കുഞ്ഞായിരുന്നു ഞാൻ. ആകെ രക്ഷപ്പെടാനുള്ള ഒരേയൊരു വഴി, പത്തായത്തിനു പുറകിലെ ഇടുക്കിൽ കയറലാണ്. ഓവറയുടെ അരികിലൂടെ പോയാൽ പത്തായത്തിനിടയിലേക്ക് കയറാൻ പറ്റും. അയാൾക്ക് ഈ തടി വെച്ച് ഒരിക്കലും അങ്ങോട്ട് കയറാൻ പറ്റുകയില്ല.

‘‘ദാ നല്ല കുട്ടിയല്ലേ? എത്ര പോപ്പിൻസ് വേണമെങ്കിലും വാങ്ങിത്തരാം. ഇതൊന്നു പിടിക്ക്യോ? ഇത്തിരി സമയം?'' അയാൾ യാചിക്കുംപോലെ ചോദിച്ചു. എന്തുചെയ്യും? എന്തു ചെയ്യും? അഞ്ചു വയസ്സു ജാഗ്രതയുടെ ചെറിയ ബുദ്ധിയിൽ ഞാനാലോചിച്ചു.

ഞാൻ ഇരിക്കുന്ന മൂലയിൽ ഒരു ചെറിയ ബെഞ്ചിട്ടിരുന്നു. അതിൽ അമ്മൂമ്മ നിറയെ പാത്രങ്ങൾ നിരത്തി വച്ചിട്ടുണ്ടായിരുന്നു. വലിയ ചെമ്പ്, അണ്ഡാവുകൾ, കയ്യിലുകൾ, പുളിഭരണി, ഉപ്പുഭരണി, വലിയ പാത്രങ്ങൾക്കു മീതെ കൊച്ചുകൊച്ചു പാത്രങ്ങൾ കഴുകി അടുക്കിവെച്ചിരുന്നു. ബെഞ്ചിന്റെ ഇങ്ങേയറ്റത്ത് ഒരു വലിയ അമൂല്യ ടിന്നിൽ അരി. ഞാൻ അയാളുടെ മുടിപിടുത്തത്തിൽ മൂലയിൽ എഴുന്നേറ്റുനിന്നു. പെ​ട്ടെന്ന് ഒറ്റ തള്ളിന് ബെഞ്ച് അല്പം നീക്കി. ബെഞ്ചു കുലുങ്ങിപ്പോയി. പാത്രങ്ങൾ വീണു. പാൽപ്പൊടിയുടെ അരി ടിന്നാകട്ടെ അയാളുടെ കാലിലേക്ക് വീണു.
‘ആ’, അയാൾ അലറി.
‘‘കുരിപ്പേ, പണ്ടാറക്കുരിപ്പേ, അന്നെ ഞാൻ വെർതെ വിടൂല്ല'', അയാൾ കൊക്കികൊക്കി നിന്നു. കാൽകുടഞ്ഞു. അയാളുടെ മുഖം ക്ഷോഭംകൊണ്ട് ചുവന്നിരുന്നു. പ്രതികാരം കൂടി കലർന്നപ്പോൾ വല്ലാതത് ചോരച്ചു. ആസക്തിയും സ്പർധയും കാമവും കലർന്ന പ്രത്യേകതരം മുഖഭാവമായിരുന്നു അതെന്ന് ഇപ്പോൾ എനിക്ക് ഓർക്കാൻ പറ്റുന്നുണ്ട്. എങ്ങനെ ഒരു അഞ്ചുവയസ്സുള്ള കുട്ടിയെ കാണുമ്പോൾ അതെല്ലാമുണ്ടാകുന്നെന്നു മാത്രം എനിയ്ക്കിന്നും മനസ്സിലായിട്ടില്ല. അതായിരിയ്ക്കാം പുരുഷപ്രകൃതം. എല്ലാവരുമെന്നല്ല. ഒരു വലിയ വിഭാഗം. ആറുമണി കഴിഞ്ഞാൽ നഗരത്തിൽ നാം കാണുന്ന പല കണ്ണുകളിൽ ചെന്നായകൾ പതിയിരിക്കുന്ന കാഴ്ച ഞാനോർക്കുന്നു. പുരുഷന്റെ ലൈംഗികചോദനകൾക്ക് പരിണാമത്തിൽ പോലുമുണ്ടാകില്ല വിശദീകരണങ്ങൾ. അന്ന് ഒരുപക്ഷേ എന്നെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അയാൾ കൊന്നുകളയാൻ മടിയ്ക്കുമായിരുന്നില്ല. എന്നെ വെറുതെ വിടില്ലെന്നു ആ മുഖഭാവം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

ഞാൻ ഓടാൻ നോക്കിയതും അയാൾ നിന്നനിൽപ്പിൽ വീണ്ടും മുടി പിടിച്ച് തറയിലേക്ക് വലിച്ചിട്ടു. മലന്നടിച്ചുവീണ എന്റെ മുഖത്ത് ആഞ്ഞടിച്ചു. ചെറിയ കുട്ടി എന്നു പരിഗണിക്കാതെ നടുവിനു തൊഴിച്ചു. വട്ടത്തിൽ വട്ടത്തിൽ പ്രകാശം തലയിലൂടെ പോകുന്ന പോലെ പൊന്നീച്ചകൾ പറന്നു. ചെവിക്കുള്ളിൽ ബീ ബീ എന്നൊരു മൂളിച്ച മാത്രം. നട്ടെല്ലു തകർന്നതുപോലെ ഞാൻ നുറുങ്ങി. എനിക്ക് ബോധം മറഞ്ഞുപോകുന്നതുപോലെ തോന്നി.
‘‘കെടക്കല്ലെ, ഇണീയ്ക്ക്, ഓട് ഓട് ഓട്'' ഉള്ളിലാരോ നിരന്തരം ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു.

തലയടിച്ച് വീണതിനാൽ പിന്തല വെട്ടിപ്പൊളിയുന്ന വേദനയുണ്ടായിരുന്നു.
അയാൾ വഷളൻ ചിരിയോടെ മുണ്ട് അഴിച്ചിട്ടു. കാട് വളർന്നുപെരുകിയിരിയ്ക്കുന്നു. പൊരുകാട് വളർന്നു. താഴേയ്ക്കു വേരിറങ്ങിയ ഇരുകാലിനിടയിലെ വടവൃക്ഷയുടൽ. വെളിച്ചം മഞ്ഞിച്ചും കറുത്തും കലവറമുറിയെ ഭീതിതമാക്കി. അരിയും പുളിയും ധാന്യങ്ങളും മണത്തു. മോരു പുളിച്ചുണങ്ങിയ കൊണ്ടാട്ട മുളക് മണത്തു. അമ്മമ്മ അരിയിൽ പൂഴത്തിവെച്ച വേപ്പിലകളിൽ കാട് പിന്നെയും മണത്തു. അയാളിപ്പോൾ അയാളുടെ കുറുനരി വേഷം മാറ്റിയിരുന്നു. സിംഹമുഖനായിരുന്നെങ്കിലും പാതിയിൽ താഴെ ഒരാന പിറന്നുഗ്രമായി. ആന മനുഷ്യൻ തന്റെ ഉദ്ധൃത തുമ്പിക്കൈ ഉയർത്തി ചിന്നം വിളിച്ചു. അയാൾ എന്നെ ചെവിട്ടിക്കൊല്ലുമോ എന്നു ഞാൻ ഭയന്നു. നിലത്തുവീണ് പകുതി പൊട്ടിയ ഒരു ചെറിയ ഉപ്പുഭരണി എടുത്തു ഞാനയാളെ അടിച്ചു.

അയാളുടെ തുമ്പിക്കൈയ്ക്ക് അടിപറ്റി. അത് ഒടിഞ്ഞുപോയിരിക്കാമെന്നു ഞാൻ കരുതി. വന്മരം എന്നിലേയ്ക്കു കടപുഴകും മുമ്പെ, എന്തെങ്കിലും ചെയ്യാൻ അയാൾക്ക് കഴിയും മുമ്പ് ഞാൻ ചാടിയെഴുന്നേറ്റു. വീണ്ടും അയാളെന്റെ ഉടുപ്പ് പിടിച്ചുവെച്ചു.
ഒരു പിടുത്തത്തിനും ഒന്നും പിടിച്ചു യ്ക്കാനാവാത്ത ഒരു ഊർജം എന്റെ ഉള്ളിൽ നിറഞ്ഞിരുന്നു. രക്ഷപ്പെടാനുള്ള, ജീവിതത്തോട് ആസക്തിപുരണ്ട ഒരു ജീവിയുടെ, ഇരയുടെ ജീവത്വരയായിരുന്നു അത്.
പുറംഭാഗം പൂർണമായും കീറിപ്പോയ ഉടുപ്പ് പാമ്പുരിഞ്ഞ തൊലിപോലെ ഞാനഴിച്ചിട്ടു. ഒരു കുഞ്ഞിത്തട്ട് ജഡ്ഡിയുമിട്ട് പാഞ്ഞ് ഓവറക്കുപുറകിലെ ഇടുങ്ങിയ വഴിയിലൂടെ പത്തായത്തിന്റെ ഇടുക്കിലേയ്ക്ക് ഓടിക്കയറി.
ഒന്നുകിൽ അയാൾ പത്തായത്തിന് മുകളിൽ കയറി എന്നെ എടുക്കണം. അല്ലെങ്കിൽ പത്തായം നീക്കി എന്നെയെടുക്കണം. അമ്മച്ഛന്റെ മരക്കമ്പനിയിലെ വലിയ ഉരുപ്പടികൊണ്ട്​ അമ്മച്ഛന്റെ അമ്മ ഉള്ളാട്ടിൽ ലക്ഷ്മിയ്ക്കു പണിതുകൊടുത്ത ഭീമൻ പത്തായം എന്നെ കാത്തു. ഉ.ല എന്ന പേര് ഉള്ളിൽ ഉമിത്തീ പോലെ നീറി. ഒരുപാട് കനമുള്ള ഉരുളികളും അണ്ഡാവുകളും ഓട്ടുസാമഗ്രികളും കയറ്റിവെച്ച പത്തായം. ഒരു വശത്ത് ആട്ടിവെച്ച എണ്ണഭരണികൾ, കോടാൻഭരണി. അതിനു വലിയ ഭാരമായിരുന്നു. അയാൾക്ക് ഒരു പൊടി പോലും അത് നീക്കാൻ സാധിക്കുമായിരുന്നില്ല.
അയാൾ ഉഗ്രമായ ലിംഗവിശപ്പോടെ എഴുന്നേറ്റുനിന്ന് അയാളുടെ ആത്മരതി ആരംഭിച്ചു. ഞാൻ മൂലയിലേയ്ക്ക് എത്രത്തോളമാകാമോ അത്രത്തോളം കുനിഞ്ഞിരുന്നു. അയാൾ ഓവറയുടെ മുന്നിലേയ്ക്ക് നീങ്ങി എനിക്ക് കാണാൻ പാകത്തിൽ നിന്നു. ഞാൻ കണ്ണുകൾ പൂട്ടി. മുഖം പൊത്തി. എന്നിട്ടും എനിക്കയാളെ കാണാൻ കഴിയുന്നുണ്ടായിരുന്നു.
‘‘നോക്കടീ... നോക്കെടീ'', വന്യമൃഗത്തിന്റെ അമറലും മുക്രയിടലും ഞാൻ ചെവികളിൽ കേട്ടു. അയാൾ ഒരു പഴയ തേപ്പുതുണി കൊണ്ട് നിലം തുടച്ചെടുക്കുന്നത് കാണാമായിരുന്നു. എനിക്ക് ആ കാഴ്ചകളുടെ ഷോക്ക് വിവരിയ്ക്കാനാകില്ല. അതിന്റെ കാഠിന്യമെന്തെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ. തലയുടെ പിറകുവശവും മുൻവശവും ഉളുക്കിയ കാലും വേദനിച്ച് ഞാൻ കരഞ്ഞു. എന്നോടയാൾ കാട്ടിക്കൂട്ടിയ ദ്രോഹങ്ങളോർത്ത് ഞാൻ കണ്ണീർ വാർത്തു. ഉറക്കെ കരഞ്ഞു. എന്നെ ഒറ്റയ്ക്കാക്കി പോയ അമ്മൂമ്മയോടും ഞാനത്ര വിളിച്ചിട്ടും എഴുന്നേൽക്കാത്ത എന്റെ അമ്മാവനോടും ഞാൻ എന്നെന്നേയ്ക്കുമായി പിണങ്ങി. എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു. അച്ഛൻ അപ്പോഴേയ്ക്കും അമ്മവീട്ടുകാരുമായി പിണങ്ങി താമസം സേവാമന്ദിരത്തിനടുത്തുള്ള ഒറ്റവാടകമുറിയിലേയ്ക്കു മാറ്റിയിരുന്നു.
‘‘അച്ഛാ... അച്ഛാ''

എത്രനേരം ആ പത്തായ മൂലയിൽ ഞാനിരുന്നെന്നോ ഉറങ്ങിയെന്നോ എനിക്ക് അറിയില്ല. അമ്മ ഓടി വന്നതും ‘‘ന്റെ ഗുരുവായൂരപ്പാ, ദാ വടെ ണ്ട്'' എന്നമ്മുമ്മയെന്നെ കണ്ടെത്തിയതും ഞാനറിഞ്ഞു. എന്നെ ആരോ കോരിയെടുത്തു.
‘‘എന്താ അമ്മന്റുണ്ണിയ്ക്ക് പറ്റിത്?'' അമ്മ കരഞ്ഞു.
‘‘കോണീന്ന് വീണു'', അത്രയും ഞാൻ പറഞ്ഞൊപ്പിച്ചു.

ആ രാത്രി മുഴുവൻ ഞാൻ പനിച്ചുകിടന്നു.
‘‘എന്തുപറ്റി, എന്തുപറ്റി'' എന്ന് എല്ലാവരും ചോദിച്ചു.
‘‘കോണി, കുറുനരി, മൂത്രം'' എന്നൊക്കെ പിച്ചും പേയും പറഞ്ഞതല്ലാതെ എന്തുപറ്റി എന്ന് പറയാൻ പോലും എനിക്ക് അറിയുമായിരുന്നില്ല. അല്ലെങ്കിലും മനുഷ്യർ വന്യമൃഗങ്ങളാകുന്നത് സത്യമോ സ്വപ്നമോ എന്നെനിയ്ക്ക് അറിയുമായിരുന്നില്ല. സ്വയം കലങ്ങിപ്പോയ ഒരു ഭ്രൂണത്തെപ്പോലെ അമ്മയുടെ ഉടലിൽ ഞാൻ പറ്റിക്കിടന്നു. 32 വർഷകാലം എന്റെ കുടുംബത്തിൽ ഓരോരുത്തരുടെയും സകല സമാധാനങ്ങളും കളഞ്ഞ ഒരു മനുഷ്യൻ എന്റെ അഞ്ചുവയസ്സിൽ തന്നെ എന്നെ ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ഉപദ്രവിച്ചുകഴിഞ്ഞിരുന്നു. ചൂടുവെള്ളം മുക്കിത്തുടച്ചും എന്തൊക്കെയോ എണ്ണതേച്ചു പിടിപ്പിച്ചും എന്റെ വേദനകളെ കുറയ്ക്കാൻ ശ്രമിച്ചു. ഡോ. രാജാറാമിന്റെ പാറ്റാമുട്ട ഗുളികളുടെ ബ്രാണ്ടിച്ചുവയും പഞ്ചാരമധുരവും നാവിൽ കയച്ചു. ഒരു രാത്രി മുഴുവൻ പേടിച്ചു ഞെട്ടി പിച്ചും പേയും പറഞ്ഞു.

അമ്മൂമ്മ മരണാസന്നയായ കാലത്ത്, അയാളാണ് കുറ്റവാളിയെന്നു കണ്ടെത്തിയ സമയത്ത്, പീളയാർന്ന കണ്ണുകളിൽ നിന്ന്​ കണ്ണീരുറ്റിച്ചും കൊണ്ട്, ‘‘ഓന് ഞാനെന്റെ കുട്ടീനെ അങ്ങട്ട് കൊടുത്തതല്ല. ഇങ്ങട്ട് ചോയ്ച്ച് വന്നതാണ്’’ എന്നുറക്കെ നിലവിളിയ്ക്കുകയുണ്ടായി.
‘‘ഷമിക്ക് സത്യേ ..''
‘‘ഇന്നെ വിടീ. ഇന്റെ മാഷോടാ ഇങ്ങളു കാലുപിടിച്ച് മാപ്പ് പറയണ്ടത്'', അമ്മ അമ്മൂമ്മയോട് ഗർവോടെ ചീറി. അമ്മയുടെ പത്തി ദംശനബുദ്ധ്യാ ഉയർന്നിരുന്നു. അപമാനത്തിന്റെ 32 കയ്​പൻ വർഷങ്ങളിൽ കുമ്പിട്ടുപോയ തലയായിരുന്നു അത്.

എന്റെയമ്മ പകയോടെ ഫോൺ ചെയ്തു.
‘‘ഏട്‌ത്ത്യേ, ഒന്നും രണ്ടും വർഷല്ല. 32 വർഷമാണ് ഞാനും എന്റെ ഭർത്താവും അനുഭവിച്ചത്. ചെറുതാണെന്ന് നിസ്സാരാണെന്ന് അന്നൊക്കെ ഇങ്ങക്ക് തോന്നി. എനിക്കൊന്നും പറയാനില്ല. നിങ്ങളിത് അറിഞ്ഞില്ലെന്നുമാത്രം പറയരുത്. പിന്നെ ഇത്രേം കാലം ഞാൻ ചൊമന്ന ആ മുൾക്കീരീടമുണ്ടല്ലോ, അത് ഞാൻ ഊരി നിങ്ങക്ക് തരാണ്. അതെന്താന്ന് ഇങ്ങള് അനുഭവിച്ച് തന്നെ അറയ്.''

എന്ത് പറയാൻ? വല്യമ്മയും ആ കാട്ടിലെ ഒരു ഇര മാത്രമായിരുന്നു. വന്യമൃഗത്താൽ ആക്രമിക്കപ്പെട്ടും മുറിവേറ്റും മാംസവും നാവും കടിച്ചുപറിച്ചെടുക്കപ്പെട്ട ഒരു കേവല ഇര. പണവും പദവിയും കുടുംബമഹിമയും കാണിച്ച് സമൂഹത്തെക്കൊണ്ട് തന്നെ വേട്ടക്കാരനു പെണ്ണിരയെ എത്തിക്കുന്ന സംവിധാനത്തിൽ തല കുടുങ്ങിയ പെണ്ണിര.

ഇരപിടിയന്മാരുടെ തേറ്റയിൽ സദാ കുരുങ്ങിക്കിടന്ന ഒരു സ്ത്രീ...
ഇരപിടിത്തേറ്റയിൽ, മലിനകാരിയായ അവറ്റകളുടെ പൽക്കുരിശിൽ, ഹൃദയം ആണികുത്തി നിർത്തിയ സ്ത്രീ....
ചോര കണ്ണീരായ്, മഴയായ് നനഞ്ഞവൾ....
പാതി ചത്തു തൂങ്ങിയ ആയിരക്കണക്കിനു സ്ത്രീകളിൽ ഒരുവൾ..
അത്രമാത്രം,
അത്രമാത്രം... ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments