ഇന്ദു മേനോൻ

ഗുണ്ടകളും കാമിനിമാരും എഴുതുന്ന അജ്ഞാതജീവിതം
നീറ്റച്ചുണ്ണാമ്പിൻ പെൺജീവിതം

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)- 5

ന്ത് എന്റെ കഥ?
എന്റെ കഥയ്ക്ക് ഒരു പ്രത്യേകതയും ഉണ്ടായിരുന്നില്ല.
എന്റെ ജീവിതത്തിനും ഒരു പ്രത്യേകതയും ഉണ്ടായിരുന്നില്ല.
മാറിനിന്ന്​ ഞാൻ നോക്കുമ്പോൾ കേരളത്തിലെ സാധാരണക്കാരിയും മധ്യവർഗക്കാരിയുമായ ഏതൊരു ശരാശരി സ്ത്രീയുടെയും ജീവിതകഥ തന്നെയായിരുന്നു എന്റെയും.
സാധാരണമായ ജീവിതം... കഷ്ടപ്പാടുകളുടെയും പ്രതിബന്ധങ്ങളുടെയും ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഇടയിൽ അച്ഛനുമമ്മയും മൂന്നു കുഞ്ഞുങ്ങളും ഉന്തിയുണ്ടാക്കിയ സാധാരണ ജീവിതം...

കത്തുകളുടെ, ഊമക്കത്തുകളുടെ നീണ്ട 32 വർഷങ്ങൾ.
മനസ്സിനെ ഭ്രൂണം പോലെ കലക്കിയ രണ്ടുമൂന്ന് ഉടലാക്രമണങ്ങൾ. ബാലവിഷാദത്തിന്റെയും രോഗസന്ധ്യകളുടെയും നാട്ടുവെളിച്ചം, കടുത്ത ആന്തരികേകാന്തത. ചതിച്ച്​, ജീവിതത്തിൽ നിന്നോടിയ പുരുഷൻ. അതൊന്നും എനിയ്ക്ക് നിസ്സാരമായിരുന്നില്ല. നിസ്സാരവൽകരിച്ചു പറയുകയുമല്ല. അതെല്ലാം എന്നിലുണ്ടാക്കിയ മുറിവും പ്രശ്‌നങ്ങളും പ്രതിസന്ധികളും ആഴമേറിയതു തന്നെയായിരുന്നു. ചോര ചുറഞ്ഞും കണ്ണീർ മെഴുകിയും കവിളുകൾ ഹതാശമായിത്തുടുത്തും വിഷാദത്തിൽ ഞാൻ കൂപ്പുകുത്തിയിരുന്നു.
എന്നാൽ പുറത്തേയ്ക്കു നോക്കുമ്പോൾ, എനിയ്ക്കുചുറ്റുമുള്ളവരെ നോക്കുമ്പോൾ, ആയിരക്കണക്കിനു സ്ത്രീകളെ നോക്കുമ്പോൾ എല്ലാ ജീവിതങ്ങളും ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ ഇതിനേക്കാളും എത്രയോ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതായി കാണാൻ കഴിഞ്ഞു. പ്രത്യേകിച്ച് മധ്യവർത്തിജീവിതം നയിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ സാമ്പത്തികവും സാമൂഹികവും പുരുഷാധിപത്യപരവുമായ പലതരം പ്രശ്‌നങ്ങൾ വന്നുകൊണ്ടേയിരുന്നു. എന്നിട്ടും അതിനിടയിലും പ്രത്യാശാകരമായി പ്രേമങ്ങൾ വന്നു. സ്‌നേഹം എന്നു വിശ്വസിച്ച ഉട്ടോപ്പിയ ലോകത്തിനായി ഉഴന്നു.
മിക്കവരും ഉഴന്നു. ഞാനും ഉഴന്നു.

എന്നാൽ 30 വയസ്സായപ്പോഴേയ്ക്കും ജീവിതം സംഭവബഹുലമായിത്തീർന്നു. അനങ്ങിയാൽ നിന്നെ കൊന്നുകളയുമെന്ന്​ ഭീഷണികൊണ്ട് വെറിപൂണ്ട അപരിചിതർ എനിയ്ക്കുചുറ്റും നടന്നു. ഗുണ്ടകളും ക്വട്ടേഷൻ മനുഷ്യരും പൊലീസും ചേർന്ന ഒരു വല്ലാത്ത ലോകം എനിയ്ക്കുചുറ്റും കറങ്ങിക്കൊണ്ടിരുന്നു. നമുക്കുമേലെ അന്യായം നടത്തിയാലും ന്യായമൊന്നും നമ്മളെത്തേടി വരില്ല. നാം തന്നെ പൊരുതണം. പോരാടണം. അതിൽ ജയിച്ചാൽ രക്ഷപ്പെട്ടു. ഇല്ല എങ്കിൽ തോൽക്കാം. നമ്മുടെ കൈയിൽ പണമില്ലെങ്കിൽ, സ്വാധീനമില്ലെങ്കിൽ, നല്ല സുഹൃത്തുക്കളും ബന്ധുക്കളുമില്ലെങ്കിൽ നമുക്ക് തോറ്റ ജീവിതം തന്നെ നയിക്കേണ്ടിവരും. എല്ലാ ന്യായവും അനീതിയും കുടിച്ചിറക്കി, ആത്മാഭിമാനത്തേക്കാൾ വലുതാണ് ജീവിതം എന്ന് സ്വയം ബോധിപ്പിച്ച് ഉരുകിജീവിയ്ക്കാം.

‘‘നിങ്ങടെ ജീവൻ അപകടത്തിലാണ്. നിങ്ങൾക്കുപിറകിൽ ഒരാളുണ്ട്. സൂക്ഷിക്കണം,'' അയാളുടെ ശബ്ദം സ്പീക്കറിൽ മുഴങ്ങി. എനിയ്ക്ക് ശരീരം കുഴയുന്ന പോലെ തോന്നി.

അജാദിന്റെ പ്രശ്‌നമുണ്ടായ സമയത്ത് ഞങ്ങളുടെ ജീവൻ വരെ അപകടത്തിലായി. ആന്തരികമായ പ്രശനങ്ങൾക്കുപുറമെ, അജ്ഞാതരായ ശത്രുക്കൾ പലതരം ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ചിലത് പരാതിപ്പെടാൻ പറഞ്ഞെങ്കിൽ, ചിലത് പരാതിപ്പെട്ടാലുണ്ടാകുന്ന അപകടത്തെപ്പറ്റി സൂചിപ്പിക്കാനായിരുന്നു. ഓരോ തവണ അമീറഹമ്മദിന്റെ ഫോൺ വരുമ്പോഴും ഞാൻ പരിഭ്രമിച്ചു. എന്റെ വീട്ടുകാരോ അദ്ദേഹത്തിന്റെ വീട്ടുകാരോ കേട്ടാൽ!

‘‘നിങ്ങൾ ഇപ്പോൾ ഫോൺ വെയ്ക്കൂ. ഞാൻ ഓഫീസിലേയ്ക്കു പോകുന്ന വഴി തിരിച്ചുവിളിയ്ക്കാം. ഇവിടുന്ന് സംസാരിയ്ക്കാൻ പറ്റൂല''

‘‘നിങ്ങടെ ജീവൻ അപകടത്തിലാണ്. നിങ്ങൾക്കുപിറകിൽ ഒരാളുണ്ട്. സൂക്ഷിക്കണം,'' അയാളുടെ ശബ്ദം സ്പീക്കറിൽ മുഴങ്ങി. എനിയ്ക്ക് ശരീരം കുഴയുന്ന പോലെ തോന്നി. വണ്ടി റോഡോരത്ത് ഒതുക്കി. ഭയത്തോടെ സ്റ്റിയറിങ്ങിൽ തലചായ്ച്ചിരുന്നു. എന്തുചെയ്യും, എന്തുചെയ്യും എന്നറിയാതെ ഞാൻ ഉഴന്നു.
ബ്ലൂ ടൂത്ത് സ്പീക്കറിൽ അയാളുടെ പക മുഴങ്ങി.

‘‘നിങ്ങയിപ്പോ നിക്കണത് പന്തീരാങ്കാവ് ബൈപാസിന് മുന്നിലല്ലേ?'' എന്ന് മറ്റെയാൾ ഫോണിലൂടെ ചോദിച്ചു.
‘‘പരാതിപ്പെട്ടാൽ തീർത്തുകളയും''- മറ്റെയാൾ ഫോൺ വെച്ചു.
വീണ്ടും ഫോൺ വന്നു, അമീറഹമ്മദ് തന്നെ.
അജ്ഞാതനാരെന്ന്​ എനിക്കറിയുമായിരുന്നില്ല.

‘‘നിങ്ങൾക്കുമുമ്പിൽ കോഴിക്കോട് എന്ന ബോർഡ് കാണുന്നില്ലേ?'' എന്ന് അയാൾ ചോദിച്ചു.
‘‘നിങ്ങൾക്ക് എങ്ങനെയാണിതൊക്കെ അറിയുന്നത്? നിങ്ങളുടെ ആൾക്കാരാണോ എന്നെ ഫോളോ ചെയ്യുന്നത്?’’

‘‘എന്താ ചേച്ചി. നിങ്ങളെ അയാളാ ഫോളോ ചെയ്യുന്നത്. എനിക്കവിടെ ആൾക്കാരുണ്ട്. അവരു തരുന്ന വിവരം ഞാൻ പറഞ്ഞു, അത്രേള്ളൂ’’- അയാൾ എന്നെ ഭയപ്പെടുത്തി.
അയാൾ പറഞ്ഞതുവെച്ച് ഞങ്ങളുടെ വീട്ടിലെ എല്ലാവരും അജാദിന്റെ നിരീക്ഷണത്തിലാണ്.
‘‘നിങ്ങളാണ് നമ്പർ വൺ ടാർഗെറ്റ്. നിങ്ങൾ പരാതിപ്പെടണം. എങ്കിലേ കാര്യമുള്ളൂ.''

ഏതുനിമിഷം വേണമെങ്കിലും മരിച്ചുപോകാനുള്ള ഒരു സാധ്യത പോലെ തോന്നി എനിയ്ക്ക്. പ്രശ്‌നങ്ങൾ കരുതിയതിലും ആഴമുള്ളവയാണ്. പരാതിപ്പെട്ടാൽ പ്രശ്‌നം. ഇല്ലെങ്കിൽ പ്രശ്‌നം. വലിയ ഗുരുതരാവസ്ഥയുണ്ടതിന്.
ഞാനോർക്കുന്നു, അതൊരു ഡിസംബർ മാസമായിരുന്നു. ക്രിസ്​മസ്​ പൂക്കൾ പൂത്ത വഴിയോരപ്പാലമരം. കുലകുത്തിയ വെള്ളപ്പൂക്കൂട്ടം. പ്രാണികളും പാമ്പുകളും തൂങ്ങിനിൽക്കുന്നു. ദുർബലയായ ഒരു യക്ഷിയെപ്പോലെയായിത്തീർന്നു ഞാൻ. അന്നെനിയ്ക്ക് ജോസപ്പേട്ടന്റെയോ തോമസേട്ടന്റെയൊ സഹായമില്ല. ആരുടെ സഹായവുമില്ല. എല്ലാവരും അവരവരുടെ രക്ഷ മാത്രമേ ഇത്തരം വിഷയങ്ങളിൽ നോക്കൂ എന്നെനിയ്ക്കുറപ്പായിരുന്നു. ഗുണ്ടകളെ എല്ലാവർക്കും പേടിയാണ്.

തനിയ്ക്കുനേരെ നടന്ന അന്യായത്തോട്​ പ്രതികരിക്കണമെങ്കിൽ എതിർപക്ഷത്ത് അത്രയും ക്രൂരനായ ശത്രു ആയിരിയ്ക്കരുത്. നമുക്ക് എന്തെന്നൂഹമില്ലാത്ത എന്തു കുറ്റകൃത്യവും എളുപ്പം ചെയ്യുന്ന ഒരു ഗുണ്ടയ്ക്കുമുമ്പിൽ നമ്മൊളൊന്നുമല്ല

അജാദിനോടുള്ള എന്റെ ഭർത്താവിന്റെ ഭയം കൃത്യമായിരുന്നുവെന്നു എനിയ്ക്കുതോന്നി. ഭയം, ജീവഭയം, മാനഭയം, സ്വസ്ഥതയ്ക്കായുള്ള വാഞ്ച... ഇതൊക്കെയായിരിക്കണം അദ്ദേഹത്തെ നയിച്ചത്. പോയതത്രയും പോട്ടെ സമാധാനം മതി, സ്വൈര്യം മതി എന്നദ്ദേഹം തീരുമാനിച്ചു. തനിയ്ക്കുനേരെ നടന്ന അന്യായത്തോട്​ പ്രതികരിക്കണമെങ്കിൽ എതിർപക്ഷത്ത് അത്രയും ക്രൂരനായ ശത്രു ആയിരിയ്ക്കരുത്. നമുക്ക് എന്തെന്നൂഹമില്ലാത്ത എന്തു കുറ്റകൃത്യവും എളുപ്പം ചെയ്യുന്ന ഒരു ഗുണ്ടയ്ക്കുമുമ്പിൽ നമ്മൊളൊന്നുമല്ല. അദ്ദേഹം ഭയന്നതിൽ ഞാൻ അത്ഭുതപ്പെടേണ്ടിയിരുന്നില്ല. മാനസിക ടോർച്ചറുകൾക്കപ്പുറം ശാരീരിക ഉപദ്രവങ്ങളും കൂടി ചേർന്നപ്പോൾ അദ്ദേഹം മൗനിയായി. അതിനാൽ അജാദ്​ ഉപദ്രവിച്ചത്, പണം തട്ടിയെടുത്തത്, നിർബന്ധിച്ച് ഒപ്പുവെപ്പിച്ച്​ തന്റെ എല്ലാ സ്വപ്നവും ഇല്ലാതാക്കിയത് ഒന്നും അദ്ദേഹം പരാതിപ്പെട്ടില്ല.

എന്നാൽ കാലം കാത്തുവെയ്ക്കുന്ന ചില നീതികളുണ്ട്, സ്വാഭാവികമായത്. നമ്മളെ തേടി ആ നെറി വരും. കാലമെത്ര കടന്നുപോയാലും, എന്തൊക്കെ മാറിയാലും, ചില കുറ്റങ്ങൾക്ക് ഒരു മറുശരി നമ്മളെ തേടിവരും. കാലത്തിന്റെ നീതിയായണത്. കാലനീതിയെന്നു ഞാനതിനെ പേരിട്ടുവിളിച്ചു. അതുപക്ഷെ കാലന്റെ നീതിയായിരുന്നു.

ഒരു ദിവസം രാവിലെ കൊച്ചിയിലെ കമീഷണർ ഓഫീസിൽ നിന്ന്​ അസിസ്റ്റൻറ്​ കമീഷണറായ ഒരു ചെറുപ്പക്കാരൻ ഐ.പി.എസുകാരൻ, ഒരു വിശ്വനാഥൻ, ഞങ്ങളെ വിളിപ്പിച്ചു. രണ്ടരക്കോടി രൂപയുടെ കുങ്കുമപ്പൂ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അയാൾ അറസ്റ്റുചെയ്ത മൂന്നുപേരെ ചോദ്യം ചെയ്യുന്നതിനിടയിൽ കിട്ടിയ ഒരു വിവരത്തെപ്പറ്റി അന്വേഷിയ്ക്കാനായിരുന്നു അത്. കുങ്കുമക്കള്ളക്കടത്തു ഗുണ്ടകൾക്ക്​ പള്ളയ്ക്കു ചവിട്ടുകിട്ടിയപ്പോൾ കുറ്റങ്ങൾ അക്കമിട്ടുപറഞ്ഞു. പല കുറ്റകൃത്യങ്ങളിലൊന്ന് ഞങ്ങളോട് ചെയ്തതായിരുന്നു.

ഓരോ പൊലീസ്​ സ്റ്റേഷനിൽ നിന്നും വിളിയ്ക്കുമ്പോൾ വലിയ ഗർഭവയറും താങ്ങി ഞാൻ ചെന്നു. രേഖകളും തെളിവുകളും കോപ്പിയെടുത്ത് അറ്റസ്റ്റ് ചെയ്തു കൊണ്ടുകൊടുത്തു. ചില പൊലീസുകാർ മര്യാദയ്ക്കു പെരുമാറി. ചിലർ മര്യാദയില്ലാതെ ആക്രോശിച്ചു.

കഴിഞ്ഞവർഷം സംവിധായകനായ ഒരാളെ ഇടുക്കി ചെറുതോണി ഗസ്റ്റ് ഹൗസ്സിലേയ്ക്ക് തട്ടിക്കൊണ്ടുപോയതിനെപ്പറ്റി സൂചിപ്പിച്ചു. പൊലീസുകാരല്ലേ, കുടിച്ച പാലിന്റെ ബ്രാൻഡ് വരെ കണ്ടെത്തുന്നവർ. അവരോരാന്നായി അവരെക്കൊണ്ട് പറയിച്ചു. പ്രത്യേകിച്ച്​ വിശ്വനാഥ്. അയാളുടെ ചെറുപ്പവും സർവീസിലെ പുതുക്കവും കാരണം കുറ്റവാളികൾ തത്തക്കുട്ടികളായി, പറച്ചിലോടുപറച്ചിൽ. അവർ സിനിമയുടെ ഫൈനൽ റഷ് കാണാൻ ഇടുക്കിയിലേയ്ക്ക് കൊച്ചിയിൽ നിന്ന് അയാളെ ഇന്നോവയിൽ കൊണ്ടുപോയതുമുതൽ വെളിപ്പെടുത്തി. അയാളെ കെട്ടിയിട്ട് ഉപദ്രവിച്ചത്, പണം തട്ടിയെടുത്തത്, സിനിമയുടെ എല്ലാ അവകാശങ്ങളും കൈക്കലാക്കിയത്... എല്ലാം അവർ പറഞ്ഞു.

ഇനിയും പലതരം കുറ്റകൃത്യങ്ങൾ. സ്ഥലത്തിനു ബ്രോക്കറായി നിന്ന്​ 10 കോടിയുടെ സ്ഥലം സ്വന്തമാക്കിയത്. വലിയ ഒരു ഫാബ്രിക്ക് ഉടമയെ ചതിച്ച് കോടികൾ തട്ടിച്ച കഥ. ഇന്ത്യയിലെ തന്നെ പ്രശസ്ത ബ്രാൻഡുൽപ്പാദകനായ ആ തമിഴ് കോടീശ്വരൻ ഷണ്മുഖ കുമാര സത്യവേലിനെ വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടിക്കൊണ്ടിരിയ്ക്കുന്നത്... അങ്ങനെ അനവധി പരാതികൾ.

സത്യത്തിൽ ഈ ഗുണ്ടാസംഘം കൊടും കുറ്റവാളികളായിരിയ്ക്കുമ്പോൾ തന്നെ പാഷാണത്തിൽ കൃമികളായിരുന്നു. രണ്ടരക്കോടിയുടെ കുങ്കുമപ്പൂവ് തന്നെ വ്യാജനായിരുന്നു. തട്ടിപ്പിനകത്ത് തട്ടിപ്പ് നടത്തുന്ന അത്രയും നീചക്കൂട്ടം. പൊലീസിന്​ ഒരേസമയം ചിരിയും കരച്ചിലും വന്നുകാണണം. കള്ളങ്ങൾ ചെയ്യുക, അതേ കള്ളത്തിൽ കാടി കലക്കുക. വെട്ടിപ്പുകാർക്ക്​ പരാതി പറയാൻ പറ്റില്ലല്ലോ. ഈ സംഘത്തെ വെറുതെ വിടാൻ വിശ്വനാഥൻ ഒരുക്കമായിരുന്നില്ല. പുതിയതായി സർവീസിൽ ജോലിയ്ക്കുവന്ന പുതിയ ഓഫീസറുടെ ആർജവം അയാൾക്കുണ്ടായിരുന്നു. പരാതിക്കാർ പരാതി നൽകാത്തത് ബ്ലാക്ക് മെയിലിങ് കാരണമെന്നു മനസ്സിലാക്കിയതോടെ പരാതി കൊടുക്കാതെ തന്നെ പൊലീസ് എല്ലാവരെയും വിളിപ്പിച്ചു. സത്യം പറയാനുള്ള അവസരം എല്ലാവർക്കും ഒരുക്കിത്തന്നു.

അജാദ്​ തന്റെ എല്ലാ സൗഹൃദങ്ങളും പുറത്തെടുത്തു. പല രീതികളിൽ കള്ളക്കേസ്സുകൾ മെനഞ്ഞു. അയാൾക്ക് സ്വന്തക്കാരുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും കള്ളക്കേസുകൾ കൊടുക്കുകയും ചെയ്തു.

ഈ കേസിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങളെയും വിളിപ്പിച്ചു. ഭാഗ്യം. ഇനി മറച്ചുവെച്ചിട്ടെന്താണെന്നു എന്റെ ഭർത്താവിനു തോന്നി. എല്ലാ സത്യവും വളരെ കൃത്യമായി തന്നെ പറഞ്ഞുകൊടുത്തു. അജാദ്​ ഒളിവിൽ പോയി. ഒരു വിശ്വൻ വിചാരിച്ചാൽ വെടിപ്പാക്കാൻ പറ്റുന്നതല്ല ക്രിമിനൽ സംഘത്തിന്റെ ചെയ്തികൾ. മേലുദ്യോഗസ്ഥരുടെയും മറ്റുപലരുടെയും സഹായത്തോടെ അജാദ്​ ഖാൻ എന്ന അജാതശത്രു ഒളിച്ചുതന്നെ നടന്നു.

ഒളിവിൽ വെച്ചാണ് അയാൾ തന്റെ ദ്രോഹപരമ്പരകൾക്ക് തുടക്കം കുറിച്ചത്. മൂന്നുപേരോ മറ്റോ മാത്രമേ അജാദിനെതിരായി മൊഴി കൊടുത്തുള്ളൂ. ബാക്കി ആരും പൊലീസ്​ വിളിപ്പിച്ചിട്ടും വന്നില്ല. കാരണം, ഏതെങ്കിലും കാലത്ത് അവരും എന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് അജാദിനൊപ്പം പങ്കാളിയായിരുന്നിരിക്കണം. അല്ലെങ്കിൽ സർക്കാർ അറിയാൻ പാടില്ലാത്ത കള്ളപ്പണം ആയിരിക്കണം. ആദ്യം മൊഴിയെടുക്കാൻ വിളിപ്പിച്ച പൊലീസുകാരൻ പെന്തക്കോസ്തുകാരനായിരുന്നു. വളരെ സൗമ്യനായ, കാര്യപ്രാപ്തിയുള്ള ഒരാൾ. അയാൾ മൊഴികളൊക്കെ സത്യസന്ധമായി രേഖപ്പെടുത്തി. അതുതന്നെയായിരിക്കണം ഞങ്ങൾക്കു വിനയായയതും.

ഒളിവിലിരിയ്ക്കുന്ന ഒരു ഗുണ്ടാപ്പട്ടിയ്ക്ക് എന്തു ചെയ്തുകൂടാ? എല്ലാ മൊഴികളും റെക്കോർഡ് ചെയ്തതടക്കം അയാൾക്ക് ഏതോ ചാര പൊലീസുകാരൻ തന്നെ എത്തിച്ചുകൊടുത്തിരിയ്ക്കണം. അതിന്റെ വില അതുവരെ അനുഭവിച്ചതിനേക്കാളൊക്കെ വലുതായിരുന്നു. അജാദ്​ തന്റെ എല്ലാ സൗഹൃദങ്ങളും പുറത്തെടുത്തു. പല രീതികളിൽ കള്ളക്കേസ്സുകൾ മെനഞ്ഞു. അയാൾക്ക് സ്വന്തക്കാരുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും കള്ളക്കേസുകൾ കൊടുക്കുകയും ചെയ്തു.

ഇതു നടക്കുമ്പോൾ എന്റെ ഭർത്താവ് ഇന്ത്യയിലില്ലായിരുന്നു. ഭാഗ്യം എന്നു ഞാൻ കരുതി. ഫെസ്റ്റിവലുകളും ഷൂട്ടിങ്ങുകളുമൊക്കെയായി പലയിടങ്ങളിലായിരുന്നു. ഓരോ പൊലീസ്​ സ്റ്റേഷനിൽ നിന്നും വിളിയ്ക്കുമ്പോൾ വലിയ ഗർഭവയറും താങ്ങി ഞാൻ ചെന്നു. രേഖകളും തെളിവുകളും കോപ്പിയെടുത്ത് അറ്റസ്റ്റ് ചെയ്തു കൊണ്ടുകൊടുത്തു. ചില പൊലീസുകാർ മര്യാദയ്ക്കു പെരുമാറി. ചിലർ മര്യാദയില്ലാതെ ആക്രോശിച്ചു. ഞാൻ ഒരു ഗവൺമെൻറ്​ ജീവനക്കാരിയാണെന്നും തട്ടിപ്പുകാരിയല്ലെന്നും ചിലരോട് പേർത്തു പറയേണ്ടിവന്നു.

‘‘ഈ രേഖകൾ ഒന്നു നോക്കൂ'', ഞാൻ ചിലരോട് കെഞ്ചി. അജാദിനെക്കുറിച്ചുള്ള ഫയൽ കണ്ടപ്പോൾ ചിലരടങ്ങി. ചിലരാകട്ടെ വാങ്ങിയ കൈക്കൂലിയ്ക്കു കൂറ് കാണിച്ചു. അപമാനത്തിന്റെയും അവഗണനയുടെയും നാളുകളായിരുന്നു അത്. പൊലീസ് സ്റ്റേഷനിൽ എന്തെങ്കിലും ആവശ്യത്തിന്​ നമ്മൾ പോകാൻ പാടില്ല എന്ന പാഠം ഞാൻ പഠിച്ചു. കോടതികൾ എത്രയോ ഭേദമായിരുന്നു. അട്രോസിറ്റീസ്​പ്രിവൻഷൻ ആക്റ്റ് പ്രകാരം കേസെടുക്കാതിരിയ്ക്കുന്ന സമയത്ത് ഞാൻ പലർക്കൊപ്പവും പൊലീസ്​ സ്റ്റേഷനിൽ പോയിട്ടുണ്ട്. കേസെടുക്കാൻ വാശി പിടിച്ചിട്ടുണ്ട്. അന്നൊക്കെ ഉണ്ടായിരുന്ന ആത്മവിശ്വാസം എനിയ്ക്കു നശിച്ചിരുന്നു. സ്വന്തം ആവശ്യത്തിന്​ നാം തന്നെ ധൈര്യത്തിൽ പൊലീസ്​ സ്റ്റേഷനിൽ പോണം എന്ന്​ ട്രെയിനിങ്ങിൽ പാവപ്പെട്ടവർക്ക് ആത്മവിശ്വാസവും ധൈര്യവും നൽകാൻ എനിക്കെന്തു യോഗ്യതയെന്നു ഞാൻ ലജ്ജയോടെ ചിന്തിച്ചു. കുടുംബം തുലഞ്ഞുപോകാതിരിയ്ക്കാൻ ഞാൻ അപമാനത്തോടെ തലകുനിച്ചുനിന്നു.

എന്നാൽ വക്കീലിനെയും കൊണ്ട് പൊലീസ്​ സ്റ്റേഷൻ കയറിയിറങ്ങൽ അത്ര എളുപ്പമായിരുന്നില്ല. ഓരോ സിറ്റിങ്ങിനും അയാൾക്ക് പണം നൽകേണ്ടിവന്നു. എന്റെ കൈയിൽ വേണ്ടത്ര പണമില്ലായിരുന്നു.

‘‘നിങ്ങൾക്കു വട്ടാണ് മാഡം'', എന്റെ അഡ്വക്കേറ്റ് എന്നെ പരിഹസിച്ചു.
‘‘എന്താ അങ്ങനെ പറയുന്നത്? വക്കീലിനു പ്രശ്‌നം വന്നാൽ വക്കീലിന്റെ ഭാര്യ പൊലീസ്​ സ്റ്റേഷനിൽ പോകില്ലേ?''
‘‘ഒറപ്പായും പോവും. പക്ഷെ ഇതുപോലെ വിഡ്​ഢിത്തരം കാട്ടി പോവില്ല''
‘‘എന്താ പ്രശ്‌നം.''
""യാതൊരു നെറിയുമില്ലാത്ത ക്രിമിനലാണ് അയാൾ. നിങ്ങൾ സർക്കാർ ജോലിക്കാരീം. നിങ്ങൾക്കെതിരെ കേസ്​ കൊടുത്തിട്ടുണ്ടെങ്കിലോ?’’
‘‘അങ്ങനെ ഉണ്ടാവോ?'’
‘‘എന്താ സംശയം. അങ്ങനെ ചെയ്താൽ? അങ്ങോട്ട് ചെല്ലുമ്പോൾ തന്നെ പിടിച്ച് കുറ്റം ചുമത്തിയിടും. പിന്നെ ആരും അറിയേ ഇല്ല. അറസ്​റ്റ്​ ചെയ്​ത്​ 24 മണിയ്ക്കൂർ കിടന്നാ പിന്നെ ജോലിയുടെ കാര്യത്തിൽ തീരുമാനാവും''

അതുകേട്ട് ഞാൻ സത്യത്തിൽ വിരണ്ടു. എന്തുചെയ്യും. അതിനുശേഷം കുറേനാൾ പല ഇടങ്ങളിലും ഞാൻ അഡ്വക്കേറ്റിനെയും കൂട്ടി കയറിച്ചെന്നു. അഡ്വക്കേറ്റുള്ളപ്പോൾ കാര്യങ്ങൾ എളുപ്പമായിരുന്നു. അഡ്വക്കേറ്റ് കേസ്​ കൃത്യമായി വിശദീകരിച്ചു. എന്റെ പോലെ മൂക്കുപിഴിഞ്ഞ്​, കണ്ണീർ തടഞ്ഞ്​, തൊണ്ട നീറേണ്ട ആവശ്യം അയാൾക്കില്ലല്ലോ. ഒരോ വിഷയത്തിന്റെയും നിജസ്ഥിതി ബോധ്യപ്പെടുത്തി. തെളിവുകൾ അവസരത്തിനൊത്തു കാട്ടി. പണം കൈമാറിയത്, ബാങ്ക് സ്റ്റേറ്റ്‌മെൻറ്​, മറ്റു രേഖകൾ എല്ലാം കാണിച്ച് അയാൾ പൊലീസിനെ ബോധ്യപ്പെടുത്തി. യുക്തിയും ഗൗരവവും എങ്ങനെയാണ് വിഷയാവതരണത്തെ ഗംഭീരമാക്കുക എന്നു ഞാൻ മനസ്സിലാക്കി.

എന്നാൽ വക്കീലിനെയും കൊണ്ട് പൊലീസ്​ സ്റ്റേഷൻ കയറിയിറങ്ങൽ അത്ര എളുപ്പമായിരുന്നില്ല. ഓരോ സിറ്റിങ്ങിനും അയാൾക്ക് പണം നൽകേണ്ടിവന്നു. എന്റെ കൈയിൽ വേണ്ടത്ര പണമില്ലായിരുന്നു. എല്ലാ ആഴ്ചകളിലും ലീവെടുക്കേണ്ടിവന്നു. കിട്ടുന്ന ശമ്പളം യാത്രയ്ക്കും വക്കീലിനും ഫെസ്റ്റിവലുകൾക്ക് ഫീ കെട്ടിയും തീർന്നു.

‘‘ഒരു വക്കീലും വേണ്ട. ജോസപ്പേട്ടനും അമ്മാമയും ഇവിടില്ലേ? കൊച്ച് വന്നേച്ചും പോയ്‌ക്കോ, ഞങ്ങളു വരണോ കൂടെ?''
വേണ്ടെന്നു ഞാൻ തലയാട്ടി.
‘‘മിടുക്കി. പൊലീസ് സ്റ്റേഷനിലൊന്നും പോവാനാരുടേം ഓശാരം വേണ്ട''
ജോസപ്പേട്ടന്റെ വാക്കിനെ ഞാൻ വിശ്വസിച്ചു. അതിനകത്ത് ആത്മാർഥതയുണ്ടായിരുന്നു.
‘‘ഏത് സ്റ്റേഷനിലോട്ടാ കൊച്ചേ?'', ചിലപ്പോൾ കാറയച്ചിട്ട് ഫോൺ ചെയ്യും.
‘‘അതീ കേറിയങ്ങ് പോയേച്ചാ മതി''
കാവലായി ഒരാളെ വിട്ടിട്ടുണ്ടാകും.
""എന്നാ പേടിക്കാനാ, ജോസപ്പേട്ടന്റെ കൊച്ചിയല്ല്യോ''
അജാദിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജോസപ്പേട്ടൻ ശേഖരിച്ചുതന്നു.
‘‘ചുമ്മാ കിട്ടിയേച്ച് പ്രയോജനമെന്തോന്നാ? നീ വിവരാവകാശം കൊടുക്ക്'' കടലാസ്സുകൾ കൈയിൽ തന്നശേഷം പറഞ്ഞു, ‘‘രണ്ടുമൂന്നു കേസുണ്ടേൽ ഗുണ്ടാലിസ്റ്റിൽ വരണം. ഇതിപ്പോൾ കമീഷണറും കളക്ടെറുമൊക്കെ അവനൊപ്പമല്ല്യോ? ലിസ്റ്റിക്കേറ്റേണ്ടതു അവന്റെയാളാ. അത് അപ്രൂവ്​ ചെയ്യേണ്ടതും അവന്റെ ആളാ.''

മൂന്നുകേസുകളിൽ പ്രതിയായിരുന്ന എല്ലാവരും അന്ന് കൊച്ചിയിൽ ഗുണ്ടാലിസ്റ്റിൽ പെട്ടിരുന്നു. എന്നെ വിളിച്ച വടക്കേത്തലയനും, അമീറും, സുദീപുമടക്കം പലരും. പക്ഷെ അജാദ്​ കരുണാകരൻ മാത്രം ഒരു കൊട്ടേഷൻ സംഘത്തിന്റെ തലവനായിട്ടും അനവധി കേസുകളുണ്ടായിട്ടും ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടില്ല.
‘‘അതൊന്നു കൊച്ച് വിവരാവകാശം ചോദിച്ചേ. കള്ളക്കഴുവേറികളാ''
‘‘എവിടെയൊക്കെ?''
‘‘കൊച്ചിന്റെയറിവിലുള്ള എല്ലായിടങ്ങളിലും. പിന്നെ എറണാകുളം ജില്ല മുഴുവനും''

പല വിവരങ്ങളും ഞെട്ടിയ്ക്കുന്നതായിരുന്നു. അജാദ്​ ഖാൻ എന്നയാൾക്ക് മൂന്നു പേരുകളുണ്ട്- അജാതശത്രു കെ.പി., അജാദ്​ കരുണാകരൻ. അയാൾ മായാരൂപിയാണ്. ആരെയും എന്തും ചെയ്യുന്ന ഒരു കൊടും ക്രിമിനൽ.

ഞാൻ ജോസപ്പേട്ടന്റെ വാക്കുകൾ അക്ഷരംപ്രതി കേട്ടു. അജാദിന്റെ പേരിൽ നിലവിലുള്ള കേസറിയൽ എളുപ്പമായിരുന്നില്ല. ഓരോ സ്റ്റേഷനിലേയ്ക്കും വിവരങ്ങൾക്കായി അയച്ചുകൊണ്ടിരുന്നു. ജോസപ്പേട്ടൻ പറഞ്ഞതിനുമൊക്കെ അപ്പുറത്തായിരുന്നു അയാളുടെ ക്രിമിനൽ പശ്ചാത്തലം. പല വിവരങ്ങളും കിട്ടി. ചിലവ കിട്ടിയില്ല. പല പൊലീസ് സ്റ്റേഷനുകളിലേയ്ക്കും ഞാൻ നിരന്തരം കത്തയച്ചു. വിവരാവകാശനിയമം പ്രകാരം അയാളുടെ കേസുകളുടെ വിവരങ്ങളറിയാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പല പൊലീസ്​ സ്റ്റേഷനുകളിലും വിവരങ്ങൾ തന്നെയില്ല. കുറ്റവാളികളോട് അനുതാപപൂർവം പെരുമാറുന്ന രീതിയായിരുന്നു അവരുടെ ഇടയിലുണ്ടായിരുന്നത്. വിവരാവകാശം ചോദിക്കുന്നത് കുറ്റകൃത്യമാണെന്ന മട്ടിലായിരുന്നു പെരുമാറ്റം.
‘‘ഇവനൊരു കുറ്റവാളിയാണെന്ന് തെളിയിക്കേണ്ടത് എന്റെ ആവശ്യമാണ്'',
ഞാൻ പൊലീസുകാരോട് വഴക്കിനുനിന്നു.
കുറ്റവാളിയെ സംരക്ഷിക്കാൻ വിവരങ്ങൾ മറച്ചവർക്കെതിരെ അപ്പലേറ്റ്​ അതോറിറ്റിക്കും വിവരാവകാശ കമീഷണർക്കും വരെ പരാതി കൊടുത്തു. വീണ്ടും വീണ്ടുമുള്ള തുടർച്ചയായ എഴുത്തുയുദ്ധമായിരുന്നു അത്.
ഏകദേശം 41 പൊലീസ്​ സ്റ്റേഷനുകളിൽ നിന്നായി പല വിവരങ്ങളും എനിയ്ക്ക് ലഭിച്ചു. എന്റെ കൈയിലെ ട്രാവൽബാഗിൽ നിറയെ അജാതശത്രുവിനെക്കുറിച്ചുള്ള വിവരങ്ങൾ നിറഞ്ഞു.

പല വിവരങ്ങളും ഞെട്ടിയ്ക്കുന്നതായിരുന്നു. അജാദ്​ ഖാൻ എന്നയാൾക്ക് മൂന്നു പേരുകളുണ്ട്- അജാതശത്രു കെ.പി., അജാദ്​ കരുണാകരൻ. അയാൾ മായാരൂപിയാണ്. ആരെയും എന്തും ചെയ്യുന്ന ഒരു കൊടും ക്രിമിനൽ. അയാൾ അനവധി പേരെ കൊന്നിട്ടുണ്ട്. കുടുംബങ്ങളെ കുട്ടിച്ചോറാക്കിയിട്ടുണ്ട്. ആളുകളെ തട്ടിക്കൊണ്ടുപോകുകയും പണവും സമ്പത്തും തട്ടുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷെ അജാദ്​ ഏറ്റവും കുറവ് പൈസ തട്ടിയെടുത്തത് ഞങ്ങളുടെയായിരിയ്ക്കണം. കോടികളായിരുന്നു മറ്റുള്ളവരുടെ കൈയിൽനിന്നും തട്ടിയത്.

ഒരു കാലു മുറിഞ്ഞുപോയ ഒരാളെ ഓർക്കുന്നു, നാരായണനെന്നോ രാജശേഖരനെന്നോ പേരെന്ന്​ ഓർമയില്ല. നിസ്സഹായമായ നോട്ടം. പാതി കോടിയ കവിളിലൂടെ ഈത്തയൊലിച്ചുകൊണ്ട് നിസ്സഹായമായി ഇരുന്ന ഒരു മനുഷ്യൻ. അയാളും ഞാനുമായിരിയ്ക്കണം ഈ വാദികളിലെ ഏറ്റവും പ്രാക്കും പ്രികിണിയും പിടിച്ചവർ. നിലനിൽപ്പുതന്നെ ഇല്ലാതായവർ. ഞാനും അയാളും ഇടയ്ക്കിടെ പൊലീസ്​ സ്റ്റേഷനുകളിൽ കണ്ടുമുട്ടി. ഐ.പി.എസ്സുകാരിയായ ഒരു മാഡം വിളിപ്പിച്ചപ്പോഴും മൊഴി കൊടുക്കാൻ ഞങ്ങൾ ഇരുപേരുമായിരുന്നു പോയത്. പിന്നീട് സംഘടിച്ച വീരന്മാരൊന്നും തന്നെ അന്നില്ലായിരുന്നു. പൊലീസിന്റെ മുമ്പിൽ മൊഴി കൊടുക്കുമ്പോൾ അവർ നമ്മളെ കുറ്റവാളികളായിക്കരുതുമെന്ന് ഞാനും നാരായണേട്ടനും ദുഃഖം പങ്കിട്ടു.

അജാദ്​ എന്ന കൊടും ക്രിമിനലിന്റെ കുറ്റകൃത്യങ്ങൾ ലളിതവത്ക്കരിച്ചുനൽകാൻ പൊലീസുകാർക്ക് നല്ല വാസനയും താത്പര്യവുമായിരുന്നു. അയാൾ കൊന്നതാകട്ടെ, കൈ വെട്ടിയതാകട്ടെ, കള്ളക്കടത്ത് നടത്തിയതാവട്ടെ... അയാളെ അവർ കേസിൽ നിന്ന്​ സമർഥമായി ഊരി, അല്ലെങ്കിൽ ഒഴിവാക്കിവിട്ടു. കനത്ത പ്രതിഫലത്തിന്​ അത്തരം മാന്ത്രിക കഴിവുകളുണ്ടെന്നു നാമറിയേണ്ടിയിരിയ്ക്കുന്നു. ഒട്ടും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ അയാളെ നാലാം പ്രതിയോ മൂന്നാം പ്രതിയോ മാത്രമാക്കി ചുരുക്കി. എല്ലാ കേസുകളിൽനിന്നും അജാതശത്രുവിനെ മാറ്റിനിർത്തിയതും രക്ഷിച്ചതും പൊലീസുകാർ തന്നെയായിരുന്നു. എല്ലാ ദുർഘടവഴികളിലും അവർ ഒന്നാന്തരമായി കളിച്ചുകൊണ്ടേയിരുന്നു. ഞാനും രാജശേഖരനുമൊക്കെ ബുദ്ധി നഷ്ടമായവരെപ്പോലെയായിത്തീർന്നു. അജാദിന്റെ കൈക്കൂലികൾ അക്കാലത്ത് അത്രയ്ക്കും പ്രശസ്തമായിരുന്നു. അത് നൽകുന്നതിൽ തന്നെ അജാദിന്​ തന്റേതായ പ്രത്യേകശൈലി ഉണ്ടാക്കിയിരുന്നു.

പണമായിരുന്നു രാജാവ്. പണമായിരുന്നു ദിശാനിർണയാകാരി. പണം പല കുറ്റകൃത്യങ്ങളെയും സാധൂകരിച്ചു. എല്ലാ കുറ്റകൃത്യങ്ങളെയും ലളിതവത്കരിച്ചു, നീതീകരിച്ചു.

എല്ലാ മനുഷ്യർക്കും എല്ലാ ഘട്ടത്തിലും അളവില്ലാതെ, യാതൊരു മാനദണ്ഡങ്ങളും കൂടാതെ പണം നൽകുക എന്നതായിരുന്നു ഈ ക്രിമിനലിന്റെ മുഖ്യതന്ത്രം. കോടിക്കണക്കിന് രൂപ ഓരോ ഇടങ്ങളിലും മനുഷ്യരെ വഞ്ചിച്ചും കൊന്നും കരസ്ഥമാക്കിയ അയാൾക്ക് അതെളുപ്പവുമായിരുന്നു. മറ്റുള്ളവരുടെ ചോരയും വിയർപ്പും മാംസവും നക്കിത്തിന്ന് ഒരു ചെന്നായയെപ്പോലെ അയാൾ തന്റെ ജീവിതത്തെ പരമാവധി സുഗമമാക്കിമാറ്റി.

ഇതേ കേസിൽ നാളുകൾക്കുശേഷം അയാളെ അറസ്റ്റ് ചെയ്യേണ്ടിവന്ന അന്ന് അയാൾ കയറിയ ബൊലേറോയിൽ എ.സി. പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല എന്നത് അയാൾ കണ്ടുപിടിച്ചു, എന്നിട്ട്​ പൊലീസുകാരോട് പറഞ്ഞു; ‘‘എങ്ങനെയാണ് നിങ്ങളീ കാളവണ്ടിയിൽ സഞ്ചരിക്കുന്നത്? അടുത്ത വർക്ക്‌ഷോപ്പിൽ നിർത്തൂ. ഞാൻ എ.സി. മാറ്റിയെടുത്തുതരാം. എത്ര പണം വേണമെങ്കിലും ഞാൻ കൊടുത്തുകൊള്ളാം. ഇങ്ങനെ പോകണോ?''
മറ്റൊരിയ്ക്കൽ, ‘‘എന്താണ് ത്രിവിക്രമൻ സാറേ, എസ്.പി. ആയതുകൊണ്ട് എന്താ പ്രയോജനം? ഈ വണ്ടിയ്ക്കകത്ത് വെയിലടിച്ച് ചാവുമല്ലൊ?''
‘‘അങ്ങനെയാണ് ആ എസ്.പിയുടെ വണ്ടിയിൽ കൂൾ ഫിലിം ഒട്ടിച്ചുവന്നത്''
പൊലീസ് സ്റ്റേഷനിൽ അത്യാവശ്യം പണിയുള്ളപ്പോൾ അജാദിനെ വിളിയ്ക്കുന്നത് പതിവായി.
‘‘അതങ്ങനല്ല്യോ അവനോടവർക്ക് ഇത്രേം സ്‌നേഹം''

പിടിച്ചുകൊണ്ടുപോകുന്ന ജീപ്പിന്റെ സീറ്റുകൾ നന്നാക്കി കൊടുക്കുക, ആ വണ്ടിയ്ക്ക് പറ്റിയ തകരാറുകൾ മാറ്റിനൽകുക, ടയറുകൾ മാറ്റുക എന്നതൊക്കെ ഒരു പതിവുരീതിയായി. ചിലപ്പോഴൊക്കെ ലോക്കപ്പിൽ വെച്ച് കിട്ടുമെന്നു തോന്നുന്ന സന്ദർഭത്തിൽ അയാൾ പൊലീസുകാരോട് ഉറക്കെ വിളിച്ചുപറഞ്ഞു, ‘‘3625. പരമാവധി ഒന്നരലക്ഷം രൂപ ഒരു ദിവസം പിൻവലിക്കുന്ന കാർഡാണ്. നിങ്ങൾക്ക് എടുക്കാം, ആവശ്യത്തിനു പണമുണ്ട്''

ചിലരോട് കൈയിലെ സാധാരണ ഫോണിലേയ്ക്കു നോക്കി, ‘‘പ്രതിയെപ്പിടിക്കാൻ പോകുമ്പോൾ വാച്ചിലേയ്ക്കു കണക്​റ്റ്​ ചെയ്യാവുന്ന ഫോണാണ് നല്ലത്''
എന്നുപറഞ്ഞ് ആപ്പിൾ ഫോണുകളും വാച്ചുകളും സമ്മാനമായി നൽകി. മോഹവലയങ്ങളിൽ നിന്ന്​ രക്ഷപ്പെട്ടവർ ചുരുക്കമായിരുന്നു. പദവികൾക്കനുസൃതമായി സമ്മാനങ്ങളുടെ വലിപ്പവും വർധിച്ചു.

അയാളുടെ പ്രിയപ്പെട്ട കമീഷണർക്ക് ഓറഞ്ച് എ ഡേ എന്ന ഗ്രൂപ്പിൽ നിന്ന്​ രണ്ട് ഫ്‌ളാറ്റുകളാണത്രേ സമ്മാനമായി നൽകിയത്. ഓറഞ്ച് എ ഡേ ഗ്രൂപ്പ് പിന്നീട് വലിയ തട്ടിപ്പുകാരാണെന്നു തെളിഞ്ഞതും അകത്തുപോയതും കാലത്തിന്റെ ചില കളികൾ മാത്രം. ശാപവിധിയെന്നും പറയാം.

പണമായിരുന്നു രാജാവ്. പണമായിരുന്നു ദിശാനിർണയാകാരി. പണം പല കുറ്റകൃത്യങ്ങളെയും സാധൂകരിച്ചു. എല്ലാ കുറ്റകൃത്യങ്ങളെയും ലളിതവത്കരിച്ചു, നീതീകരിച്ചു. അന്യായത്തിലെ അ ചുരണ്ടിക്കളയാൻ പണത്തിന്റെ അരികുകൾക്ക് മൂർച്ചയുണ്ടായിരുന്നു. പണത്തിന്റെ ഭാരം നീതിയെയും ന്യായത്തെയും നിർണയിച്ചു.

നമ്മുടെ സമൂഹം എത്രമാത്രം ദുഷിച്ചുപോയതാണെന്ന് പണമില്ലാത്ത ഞാൻ നിസ്സഹായമായി ചിന്തിച്ചു. എന്റെ വീട്ടിലെ ബാൽക്കണിയിൽ ആകാശത്തിന്റെ നീലക്കമ്പളം വിതിർന്നുകിടക്കുന്നതു നോക്കി ഞാനെന്റെ വലിയ വയർ വലിച്ച് മലർന്നുകിടന്നു. പണക്കാരുടെ കൈയിൽ ആകാശനക്ഷത്രങ്ങളോളം പണമുണ്ടായിരുന്നു. അവർ ആകാശത്തുതന്നെ ജീവിച്ചു. ആർക്കുമവരെ തൊടാനായില്ല. ആർക്കുമവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
നമ്മുടെ സമൂഹത്തിനും ഇഷ്ടമാണ്, തിളക്കമാർന്ന പണത്തെ കെട്ടിപ്പിടിച്ച് ജീവിയ്ക്കാൻ. പണത്തിന്റെ ഭാരവും മൂല്യവുമാണ് എല്ലാത്തിനെയും കളങ്കിതമാക്കുന്നത്. നമ്മുടെ സംവിധാനങ്ങൾ ഇത്രമേൽ അഴിമതി കലർന്നതും മറ്റൊന്നും കൊണ്ടല്ല. പണത്തിന് ദാസ്യവേല ചെയ്യുന്നതുകൊണ്ടുമാത്രമാണ്. പണം പണം പണം... അത് ഉണ്ടായിരുന്നെങ്കിൽ ആർക്കും ആരെയും വാങ്ങാൻ കഴിയുന്ന രീതിയായിരുന്നു ചില വകുപ്പുകളിലെങ്കിലും എന്നെനിക്ക്​ ബോധ്യമായി. പൊലീസിലെ പലപല തട്ടുകളും അത്തരത്തിൽ മാത്രമായിരുന്നുവെന്ന് അറിയവേ ഞാൻ സ്​തബ്​ധയായി നിന്നു. കാരണം എനിയ്ക്കു പണമുണ്ടായിരുന്നില്ല.

അജാദിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ അക്കാലത്താണ് ഉണ്ടായത്. എന്നാൽ ആ ഫയൽ ഒച്ചിനെക്കാളും സാവകാശത്തിലാണ് ഇഴഞ്ഞുനീങ്ങിയത്. എത്ര ശ്രമിച്ചിട്ടും ആ ഫയൽ മുകളിലേയ്ക്ക് കയറിവന്നതേയില്ല.

ഞാൻ കണ്ട ഭൂരിപക്ഷം പേരും അജാദിനായി കൂലിവേല ചെയ്യുന്നവരായിരുന്നു. ബഹുഭൂരിപക്ഷവും അപ്രകാരം തന്നെ. പലപ്പോഴും റിപ്പോർട്ടുകളിൽ വെള്ളം ചേർക്കപ്പെട്ടു. ഒളിവിൽ നിന്ന്​ മാസങ്ങളോളം അയാൾ പുറത്തുവന്നതേയില്ല എന്നു പൊലീസുകാർ പറഞ്ഞുനടന്നു. എന്നാൽ അയാളെ നഗരത്തിലെ പല ഭാഗങ്ങളിലും കാണാൻ കഴിയുമായിരുന്നു. കുടുംബമൊന്നിച്ച് സിനിമ തിയറ്ററിലും ബിരിയാണിക്കടയിലും ടെക്സ്റ്റയിൽസിലുമൊക്കെ അയാൾ സ്വാഭാവികമായി നടന്നു. അയാളുടെ വീട്ടിൽ തന്നെ താമസിച്ചു. ‘അജാദ്​ ഒളിവിലാണ്. ഉടനെ പിടിയിലാകും', ത്രിവിക്രമന്റെയും പൊലീസിന്റെയും ഭാഷ്യം അതായിരുന്നു.

അമീർ അഹമ്മദും രതീഷും ദുർഗുവുമെല്ലാം കൂട്ടാളികളൊത്ത് അജാദിനെ പിന്തുടർന്നു. നഗരത്തിൽ അയാളെ കണ്ട ഓരോ തവണയും അവർ പൊലീസുകാരെ വിളിച്ചറിയിച്ചു. അപ്പോഴെല്ലാം തണുത്ത പ്രതികരണമാണ് ലഭിച്ചത്. അജാദിനോട് അവർ തന്നെ വിളിച്ചുപറഞ്ഞു. സ്ഥലം കാലിയാക്കാനുള്ള സമയം നൽകി. ആ പ്രദേശത്തു നിന്നുതന്നെ വിട്ടുപോകാനുള്ള സമയം പൊലീസുകാർ നൽകി.

പെൺനീറ്റങ്ങൾ അങ്ങനെയാണ്. ​​​​​​​നീറുന്നത്, നീറിനീറി സ്വയം അറുന്നത്, ചുണ്ണാമ്പുപോലെ പൊടിയുന്നത്, വളമാകുന്നത്, സ്വയം കുടുംബക്കലക്കങ്ങളെ നീറ്റിത്തെളിയ്ക്കുന്നത്, ഒക്കെ ഒരിത്തിരി സ്‌നേഹത്തിനു വേണ്ടിയായിരിയ്ക്കും.

അജാദിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള അപേക്ഷ അക്കാലത്താണ് ഉണ്ടായത്. എന്നാൽ ആ ഫയൽ ഒച്ചിനെക്കാളും സാവകാശത്തിലാണ് ഇഴഞ്ഞുനീങ്ങിയത്. എത്ര ശ്രമിച്ചിട്ടും ആ ഫയൽ മുകളിലേയ്ക്ക് കയറിവന്നതേയില്ല. അജ്ഞാതകാരണങ്ങളാൽ അവ ചുവന്ന നാടകളിൽ കുരുങ്ങിക്കിടന്നു. പലപ്പോഴും അതിലെ പല പേജുകളും ഇല്ലാതായി. കാണാതായി. വിവരാവകാശങ്ങൾ ചോദിക്കുമ്പോൾ അതിനെക്കുറിച്ചുള്ള മറുപടികളേ ഇല്ലാതായി. വിവരാവകാശ കമീഷണർക്കുപോലും ഫയൽ രേഖകൾ നഷ്ടപ്പെട്ടു എന്ന് മറുപടി കിട്ടാൻ തുടങ്ങി. കലക്ടറുടെ ഗംഭീരമായ ഇടപെടലായിരിയ്ക്കണം അതിനു കാരണമെന്ന് എനിയ്ക്കുറപ്പായിരുന്നു. ഓറഞ്ച് എ ഡേയുടെ രണ്ടാമത്തെ ഫ്ലാറ്റ് രജിസ്റ്റർ ചെയ്ത ആ മാസത്തിനൊടുവിൽ അത്ഭുതകരമാംവണ്ണം ആ മാന്ത്രിക ഫയൽ അപ്രത്യക്ഷമായി.

‘‘ആ ഫയൽ മുകളിലേയ്ക്ക് പോവുകേല്ല കൊച്ചേ. ഒരു പരാതി കൊടുത്തേയ്ക്കൂ, ഒരു കോപ്പിയെടുത്ത് ഹോം സെക്രട്ടറിയ്ക്ക് കൊടുത്തേയ്ക്കുക'', ജോസപ്പേട്ടൻ പറഞ്ഞു.

അക്കാലത്ത് എന്റെ ഭർത്താവ് പുതിയ ഒരു സിനിമാ പദ്ധതിയുമായി ലണ്ടനിലേയ്ക്ക് പോയിരുന്നു. എനിയ്ക്ക് സമാധാനവും ഉണ്ടായിരുന്നു. പരാതികൾ നിയമപരമായി കൊടുക്കാവുന്നിടത്തോളം കൊടുക്കുക. അത്രയേ കഴിയൂ. പരാതി കൊടുക്കൽ നല്ല രസകരമായിരുന്നു. ഞാനാണ് അജാദ്​ എന്ന പോലെ ചില ഏമ്മാന്മാർ എന്നെ മെരട്ടി. ഒരു എ.ഡി.ജി.പി. ഇന്ദ്രശേഖരൻ എന്നെ പരിഹസിച്ചു. എന്റെ ഭർത്താവിന്റെ പേരു പറഞ്ഞ് ‘‘ഈ സിനിമാക്കാരനുമായി നിങ്ങൾക്കെന്താ ബന്ധം?'' എന്ന് ചോദിച്ചു. ഓർക്കണം അന്നത്തെ ഒരു മന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നാണ് എനിക്കാ അപ്പോയിന്റെമെൻറ്​ വാങ്ങിത്തന്നത്. അവരോടുള്ള ഒരു സൗഹൃദം പോലുമയാൾ കാണിച്ചില്ല.
‘‘ഭർത്താവാണ്''
‘‘തെളിവുണ്ടോ?'''
‘‘വേണ്ടുവോളം'' എന്റെ വായിൽ ഉമിനീർ കയ്ച്ചു. എന്തോ തരം അപമാനം എന്നിൽ ചുറഞ്ഞുകൊണ്ടേയിരുന്നു.
‘‘അയാൾ ഒളിവിലല്ല. പൊലീസിനുമതറിയാം. പക്ഷെ അറസ്റ്റ് ചെയ്യുന്നില്ല''

ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഏത് നിസ്സഹായാവസ്ഥയിലും നമ്മൾ പൊലീസ് ഏമാന്മാരുടെ അരികിൽ പോകരുതെന്ന വലിയ പാഠം അന്നു ഞാൻ പഠിച്ചു. പൊലീസിന്റെ രീതികൾ അത്രമേൽ അന്യായവും കുറ്റത്തോട് ചേർന്നുനിൽക്കുന്നതുമാണ്. നല്ല പൊലീസുകാരും ഉണ്ടായിരുന്നു. നീരുവന്ന കാലും ആനവയറും വലിച്ച്, കിതച്ച് കോണിപ്പടികൾ കയറിയ എനിയ്ക്കു വിശന്നപ്പോൾ, കമീഷണറോഫീസിൽ തനിയ്ക്കായി കൊണ്ടുവന്ന ചൂടുചായയും പലഹാരവും കരുണയോടെ നീട്ടിയ അസീസ് എന്ന പൊലീസുകാരനും ഉണ്ടായിരുന്നു. പെന്തകോസ്തു വിശ്വാസിയും സത്യവാനുമായ പൊലീസുകാരനെ കണ്ടിരുന്നു. അലിവോടും കരുണയോടും ജനാധിപത്യബോധത്തോടും പെരുമാറുന്ന പല ഓഫീസർമാരും ഉണ്ടായിരുന്നു. അല്ലാത്തവരായിരുന്നു ഏറെയും. ഞാനും രാജശേഖരനുമൊക്കെ ദുർബലരായ മനുഷ്യരായിരുന്നു. പൊലീസുകാരുടെ ആട്ടും തുപ്പും കിട്ടിയിട്ടും നിയമത്തെ വിശ്വസിച്ച് ശരിവഴിയിലൂടെ നടന്ന വിഡ്ഡികളായിരുന്നു. അക്കാലത്തുതന്നെ സമാന്തരമായി അജാദിന്റെ മറ്റു ശത്രുക്കൾ ഒത്തുകൂടി. എസ്.കെ.എസ്. ഫാബ്രിക്‌സ് ഉടമയായ ഷണ്മുഖ കുമാര സത്യവേൽ, ദുബായിലുള്ള പേരറിയാത്ത മറ്റൊരാൾ, ദുർഗുവിന്റെയും രതീഷിന്റെയും ഗുണ്ടാസംഘങ്ങൾ, അമീർ അഹമ്മദിന്റെ കൂട്ടാളികൾ... പിന്നെയും പേരറിയാത്ത അനവധിപേർ ഒരുമിച്ച് കൈകോർത്തു.

‘‘നിങ്ങളുകൂടി ഇതിൽ വരണം'', ചൊക്‌റുവും രതീഷും എന്നെ വിളിച്ചുപറഞ്ഞു. നിയമത്തെ വിശ്വസിച്ച്​ എനിയ്ക്കു മടുത്തിരുന്നു. ഞാൻ മനസ്സുകൊണ്ടും അവർക്കൊപ്പം തന്നെയായിരുന്നു. എന്നാൽ ഇത്തരമൊരു ആളുകളുടെ കൂട്ടായ്മയിലേക്ക് ഇറങ്ങിച്ചെല്ലാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ ചെറിയ ജീവിതത്തിനു അത്ര വലിയ ആഘാതങ്ങളേൽക്കാനാകുമായിരുന്നില്ല. ക്വട്ടേഷൻ ഗ്യാങ്ങുകൾ ചെറിയ കളിയല്ല.

അദ്ദേഹം സിനിമ പിടിക്കാനുള്ള ഭ്രാന്തമായ ആവേശത്തിലായിരുന്നു. എന്നെയും മകളെയും എന്റെ ഗർഭത്തെയും അദ്ദേഹം മറന്നുപോയി. തനിയ്ക്കുസംഭവിച്ച പ്രശ്‌നങ്ങളും അതിന്റെ ബാക്കിയായുണ്ടായ പ്രശ്‌നങ്ങളും അറിഞ്ഞുകൂടിയില്ല.

‘‘നോക്കൂ ഞാൻ ഗർഭിണിയാണ്. സുഖമില്ലാത്തതിനാൽ എനിക്ക് ഓഫീസിൽ കൂടി പോകാൻ കഴിയുന്നില്ല. വലിയ പ്രഷർ വ്യത്യാസങ്ങളുണ്ട്. ഹൈ റിസ്‌ക് പ്രഗ്‌നൻസി ആണ്.'' ഞാൻ ഫോണിലൂടെപ്പോലും ആഞ്ഞുകിതച്ചു.
‘‘പോരാത്തതിന് ഹൃദ്രോഗവും. എനിക്ക് നിങ്ങൾക്കൊപ്പം ഒപ്പം വരാൻ കഴിയില്ല. എന്റെ കൈയിലുള്ള എന്ത് കടലാസുകൾ വേണമെങ്കിലും ഞാൻ നിങ്ങൾക്കുതരാം. നിങ്ങൾക്കും ആർ.ടി.ഐ കൊടുത്താൽ കിട്ടാത്തവയാണ് അവയിൽ മിക്കവയും''

ആദ്യം പരാതി കൊടുക്കാനായിരുന്നു സമ്മർദം എങ്കിൽ, ഇപ്പോൾ സമ്മർദത്തിന്റെ രീതി മാറിയിരുന്നു. അവരുടെ സമാന്തര ഗുണ്ടാസംഘത്തിനൊപ്പം വരാനാണ് പറയുന്നത്. ഗംഭീരമായി. അവരാരും എന്നെ കണ്ടിരുന്നില്ല. ആ ഗുണ്ടകൾ എന്നോട് ഫോണിൽ സംസാരിയ്ക്കുമ്പോൾ ഞാൻ ഗർവം വിടാറുമില്ല. ഏറെ ധൈര്യമുള്ള ഒരു സ്ത്രീയായി അവരെന്നെ കണ്ടിരിയ്ക്കണം. അവർ മാറിമാറി ഫോൺ വിളിച്ചുകൊണ്ടിരുന്നു.

ഞാൻ വീണ്ടും ജോസപ്പേട്ടനോട് പരാതി പറഞ്ഞു; ‘‘നിന്റെ സ്റ്റാൻഡ് തന്നെയാണ് ശരി. ഇവന്മാരെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിയ്ക്കാൻ പറ്റില്ല.''
ഞാൻ തലകുലുക്കി.
‘‘കൊച്ച് നിയമത്തിന്റെ വഴിയ്ക്കുള്ള പരിപാടികൾക്ക് നിന്നാ മതി, മറ്റൊന്നും ശ്രമിയ്ക്കേണ്ട''- ജോസപ്പേട്ടൻ എന്തോ ഓർത്തുനിന്നു: ‘‘പിന്നെ, ഇവന്മാരെല്ലാം ഒരുകാലത്ത് വലിയ കൂട്ടുകാരായിരുന്നു. പിന്നെ തെറ്റിയതാണ്, ഒന്നിനെയും നമ്പാൻ ഒക്കുകേല''

പിന്നീട് പണത്തിനുള്ള വിളികളായി.
‘‘നിങ്ങളൊരു രണ്ടുലക്ഷം രൂപ തരുമോ? ചെലവുണ്ട്''
‘‘അയ്യോ എവിടുന്നു കിട്ടാനാണ് അത്രയും പണം?'' ഞാൻ കൈമലർത്തി.

‘‘യെന്റെ കൊച്ചേ. പിന്നെ, ഇവന്മാര്​ വല്ല കന്നത്തരോം കാണിച്ചേച്ചു പൈസാ തന്നത്​ കൊച്ചാന്നു പറഞ്ഞാലേ, പുലിവാലാകുമേ''
ജോസപ്പേട്ടൻ എനിയ്ക്ക് അപായ സൂചന നൽകി.

ജീവിതത്തിൽ വലിയ പരിണാമങ്ങൾ സംഭവിച്ച ഒരു സമയമായിരുന്നു അത്. പൂർണമായും ഞാനും ഭർത്താവും അകന്നുതുടങ്ങിയ സമയം. അദ്ദേഹത്തിന് അപകടം വരാതിരിക്കാനും അദ്ദേഹത്തിനുപറ്റിയ അപകടങ്ങൾ തീർക്കാനും കൈയിൽ അവസാനത്തെ പൈസയും പെറുക്കിവെച്ച ഞാൻ കടക്കാരിയായിത്തുടങ്ങിയിരുന്നു. കടം വാങ്ങിയും ആകെ സമ്പാദ്യമായ എഫ്.ഡി. പിൻവലിച്ചുകൊണ്ടും ജീവിതം നേരെക്കൊണ്ടുപോകാൻ പെടാപ്പാട് പെടുകയായിരുന്നു. വലിയ ജീവിതത്തിൽ നിന്ന്​ ദാരിദ്ര്യത്തോളം എത്തുന്ന ഒരവസ്ഥ. നിലനിൽപ്പിന്നായുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തി. അദ്ദേഹം സിനിമ പിടിക്കാനുള്ള ഭ്രാന്തമായ ആവേശത്തിലായിരുന്നു. എന്നെയും മകളെയും എന്റെ ഗർഭത്തെയും അദ്ദേഹം മറന്നുപോയി. തനിയ്ക്കുസംഭവിച്ച പ്രശ്‌നങ്ങളും അതിന്റെ ബാക്കിയായുണ്ടായ പ്രശ്‌നങ്ങളും അറിഞ്ഞുകൂടിയില്ല.

ആ സമയങ്ങളിലെല്ലാം ഞാനൊരു പൊരുത്തക്കോഴിയെപ്പോലെ അല്ലെങ്കിൽ പെറ്റുകിടക്കുന്ന ഒരു നായയെ പോലെ ആയിരുന്നു. ഉള്ളിൽ നിന്നഗ്‌നിപർവതം പോലെ വാശിയും വീറും ചിതറിത്തെറിച്ചു. രണ്ടു കാലുകളിലും നീരായിരുന്നു. ഞാൻ മെലിഞ്ഞുണങ്ങിപ്പോയിരുന്നു. എട്ടാം മാസത്തിൽ എന്റെ ഭാരം വെറും അമ്പത് കിലോ. ഗ്രഹണിയും കണരോഗവും ബാധിച്ച ബാലികയെപ്പോലെ ഞാൻ ശോഷിച്ചു. വിരലുകൾ വള്ളികൾ പോലെയായി. നഖങ്ങളിൽ നീല നിറം വ്യാപിച്ചു. ചുണ്ട് വരണ്ടുപൊട്ടിക്കറുത്തു. ഹൃദ്രോഗം അതിന്റെ പാരമ്യതയിലായിരുന്നു. ഒന്നു നടക്കാനോ ശ്വസിക്കാനോ കഴിയാത്ത നിസ്സഹായാവസ്ഥ.

എന്നിട്ടും ഞാൻ പല പൊലീസ് സ്റ്റേഷനുകളിലേക്കും വീണ്ടും വീണ്ടും ചെന്നു. ജോസപ്പേട്ടനും ഭാര്യയും എന്നെ സഹായിച്ചു. മാനസികമായി ധൈര്യവും ആത്മവിശ്വാസവും തന്നു. ഓഫീസിൽ ലീവെടുത്തു. എന്നാൽ വീട്ടിൽ ജോലിയിലാണെന്നും പറഞ്ഞ് എറണാകുളത്തേയ്ക്കു യാത്രപോയി. പിഎച്ച്.ഡിയുമായി ബന്ധപ്പെട്ട് കണ്ണൂർ യൂണിവേഴ്സി​റ്റിയിലേയ്ക്കു പോകുന്നതിനുപകരം ആലുവായിലേയ്ക്കുപോയി. ജോസപ്പേട്ടൻ ധൈര്യം തന്നു. കൂടെയുണ്ട് എന്നുറപ്പുതന്നു: ‘‘കൊച്ചേ ധൈര്യമായിട്ട് ഇരി. ഒന്നും വരില്ല, ഞാനല്ലേയുള്ളത്​?''
തീവണ്ടിയിൽ കയറാനാകാതെ നിന്നു കിതച്ച എന്നെ അദ്ദേഹം പിടിച്ചുകയറ്റി.
‘‘മരുന്നൊക്കെ ശരിയ്ക്കും കഴിയ്ക്കുന്നുണ്ടോ?''
‘‘ഉണ്ട്.'' എന്റെ ഉള്ള് തേങ്ങി.
‘‘പോയേച്ചു വാ. ആങ്കുഞ്ഞാന്നെ. അതല്ല്യോ, തള്ളയ്ക്കിത്രേം വീര്യം''

ഇടയ്ക്കു ലണ്ടനിലെ ഷൂട്ടിങ്ങ് കഴിഞ്ഞ് എന്റെ ഭർത്താവ് തിരിച്ചുവന്നു. കാതറീനയ്ക്കുവേണ്ടി ഞാൻ വെടിയെന്നു കേട്ട സമയം. എന്റെ ഹൃദയം പൊട്ടിപ്പോയി. ഇത്ര നന്ദിയില്ലാത്തവനായല്ലോ ഇയാൾ. ഞാൻ ആർത്തലച്ചു കരഞ്ഞു.
‘‘എന്നത്തിനാ കൊച്ചിങ്ങനെ കരയുന്നേ? കരയല്ലേ കൊച്ചേ’', ജോസപ്പേട്ടൻ തീവണ്ടിയുടെ അഴികളിൽ പിടിച്ചുനിന്നു. വണ്ടി നീങ്ങി.

അന്നു രാത്രി രതീഷിന്റെ ഫോൺ വന്നു.
‘‘പൈസയില്ലാതെ അവനെ പിടിക്കാൻ കഴിയില്ല. നിങ്ങളെവിടെന്നേലും ഒപ്പിച്ചു താ. ഷണ്മുഖച്ചെട്ടി രണ്ടുലക്ഷം തന്നിട്ടുണ്ട്''
‘‘എന്തിനാണിത്രയും പൈസ?''
‘‘അയ്യാളു മുങ്ങി. ചെന്നൈയിലാ. അഞ്ചുപേരേലും പോകണം. തീറ്റയ്ക്കു പണം വേണം. കൂലിപ്പൈശാ വേണം. വണ്ടി വാടകക്കെടുക്കണം.''
അജാദ്​ എറണാകുളം വിട്ട് ചെന്നെയിലേയ്ക്കു പോയിരുന്നു.

‘‘അയ്യോ ക്വട്ടേഷൻ പണി അല്ലെ. ഞാൻ പൈസ തരില്ല.''
‘‘രണ്ടുലക്ഷം കൊണ്ട് നടക്കില്ല മാഡം. അതിർത്തി കടന്നു വരണ്ടേ, കൈക്കൂലി കൊടുക്കണ്ടെ? ഇത്തിരിയേലും താ.''
അയാൾ കെഞ്ചി.
പണമെങ്ങനെയും കടം കിട്ടും. പി.എഫിൽ നിന്ന്​ ലോണെടുക്കാം. പേഴ്സണൽ ലോണെടുക്കാം. എന്തും ചെയ്യാം. പക്ഷെ ഇവന്മാരുടെ ഉദ്ദേശ്യം, അതെന്നെ ഭയപ്പെടുത്തി.

തൃശ്ശൂരിൽ ഊരിവെച്ചുവെന്ന്​ അമ്മയോടും രാമനാട്ടുകരയിൽ ഊരി വെച്ചുവെന്ന്​അമ്മായിയമ്മയോടും നുണ പറഞ്ഞപ്പോഴും ഉള്ളുനീറി. വളയെ പ്രതിയായിരുന്നില്ല ആ സങ്കടം. ആളുകൾക്കു നടുവിൽ വെച്ച് എന്നെ പത്തുരൂപാ വെടിയെന്നു വിളിച്ചവനു വേണ്ടിയായല്ലോ എന്ന ആത്മപുച്ഛം എന്നെ നീറ്റി.

‘‘മാഡം, എന്റെ വീട് ജപ്തിയാണ്. അതടയ്ക്കാൻ ഒരു വഴിയുമില്ല. അവനെ പിടിക്കാതെ എനിയ്ക്ക് സ്വൈര്യവുമില്ല. ഗതികേടാണ്. അതോണ്ടാണ് മാഡം'' ചൊക്ക്രു കെഞ്ചി.
‘‘ശരി അടുത്ത തിങ്കളാഴ്ച ഞാൻ എറണാകുളത്ത് വരുന്നുണ്ട്. നേരിട്ടുകാണാം''
അയാൾ എന്നെ എറണാകുളത്തുവച്ചു കണ്ടു. ഞാൻ റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ കുത്തിയിരുന്നു. അയാൾ എന്റെയരികിൽ വന്നിരുന്നു.
‘‘ചൊക്രുവല്ലെ?''
അയാൾ ഞെട്ടിപ്പോയി. പകച്ച് എന്നെ നോക്കി. ശോഷിച്ച എല്ലുരൂപം. ഗർഭക്കോലം. അവർ കരുതിയതിനേക്കാളും പാതി വയസ്സ്.

ഞാൻ കൈയിലിട്ടിരുന്ന അഞ്ചു വളകൾ ഊരിയെടുത്ത് അയാൾക്ക് കൊടുത്തു. രണ്ടു രണ്ടരപ്പവനുള്ള എന്റെ കല്യാണവളകൾ.
‘‘പോയിട്ട് നിങ്ങടെ ജപ്തി തീർത്തോളൂ. മറ്റൊന്നിനും ഞാൻ പൈസ തരില്ല.. അതിനു ഉപയോഗിക്കുകയും അരുത്''

അയാൾ എന്റെ മുഖത്തേയ്ക്കു വല്ലായ്മയോടെ നോക്കി.
‘‘അച്ഛൻ വാങ്ങിത്തന്നതാ. കല്യാണത്തിന്​, പെൻഷൻ പൈസേന്ന്​'' ഞാൻ കിതപ്പോടെ ചിരിച്ചു.
‘‘പാടുന്ന വളകളാണ്. അച്ഛൻ പാട്ടുമാഷാരുന്നു...''
എപ്പോഴും എഴുതുന്നപോലെ ശരിയ്ക്കും ‘അച്ഛന്റെ നെഞ്ചിലെ ഉപ്പുമണമുണ്ടായിരുന്നു' അതിന്​.

തൃശ്ശൂരിൽ ഊരിവെച്ചുവെന്ന്​ അമ്മയോടും രാമനാട്ടുകരയിൽ ഊരി വെച്ചുവെന്ന്​അമ്മായിയമ്മയോടും നുണ പറഞ്ഞപ്പോഴും ഉള്ളുനീറി. വളയെ പ്രതിയായിരുന്നില്ല ആ സങ്കടം. തലേദിവസം റെയിൽവേ സ്റ്റേഷനിൽ ആളുകൾക്കു നടുവിൽ വെച്ച് എന്നെ പത്തുരൂപാ വെടിയെന്നു വിളിച്ചവനു വേണ്ടിയായല്ലോ എന്ന ആത്മപുച്ഛം എന്നെ നീറ്റി.

പെൺനീറ്റങ്ങൾ അങ്ങനെയാണ്.
​നീറുന്നത്, നീറിനീറി സ്വയം അറുന്നത്, ചുണ്ണാമ്പുപോലെ പൊടിയുന്നത്, വളമാകുന്നത്, സ്വയം കുടുംബക്കലക്കങ്ങളെ നീറ്റിത്തെളിയ്ക്കുന്നത്, ഒക്കെ ഒരിത്തിരി സ്‌നേഹത്തിനു വേണ്ടിയായിരിയ്ക്കും.
ആ സ്‌നേഹമാകട്ടെ നമ്മുടെ ആയിരിയ്ക്കില്ല...
മറ്റാരോ കട്ടെടുത്തിരിയ്ക്കും...
കാതറീനയോ കലയോ മീരയോ ദീപയോ ഒക്കെ..
നാം കരുതിയതൊന്നും നമ്മുടെയായിരിക്കില്ല...
മറ്റാരുടേയോ ആയിരിയ്ക്കും..
മറ്റാരുടേയോ...


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments