ആരാണ് ജോസപ്പേട്ടൻ?
മുപ്പതോ നാപ്പതോ എസ്.എം.എസ്. വന്നുകാണണം.
ഫോണിലൂടെ ചോദ്യങ്ങളുമായി വന്നവരും അനവധി.
ഞാനുത്തരമൊന്നും പറഞ്ഞില്ല.
ആരാണ് ജോസപ്പേട്ടൻ എന്നതിന് ഞാനൊരുത്തരം പരസ്യമായി പറയാനുദ്ദേശിയ്ക്കുന്നുമില്ല. അദ്ദേഹത്തിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷനേതാവിനുപോലും ജീവിച്ചിരുന്ന കാലത്തും അല്ലാത്തപ്പോഴും ജോസപ്പേട്ടൻ വല്ലാത്തൊരുതരം സമസ്യയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക മണ്ഡലങ്ങളിലെ അതിരഹസ്യങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു.
വല്ലാത്തൊരുതരം വിചിത്രമനുഷ്യനെന്നേ എനിയ്ക്കദ്ദേഹത്തെപ്പറ്റി പറയാനാകൂ. ഈ ലോകത്തിന്റെ എല്ലാതരം കളികളും തരികിടകളും പഠിച്ച, എല്ലാതരം കളികളും തരികിടകളും ആൾക്കാരെ പഠിപ്പിക്കാൻ അറിയുന്ന ഒരു ചാണക്യനായിരുന്നു അദ്ദേഹം. പല്ലിനു പല്ല്, നഖത്തിനു നഖം, സ്നേഹത്തിനു സ്നേഹം... അതായിരുന്നു രീതി. പണക്കാരനായ ബിസിനസുകാരനായിരുന്നു. സിനിമാ നിർമാതാവായിരുന്നു. നാലോ അഞ്ചോ ഡിസ്റ്റലറികൾ സ്വന്തമായിട്ടുണ്ടായിരുന്നു. അസംഖ്യം ബാറുകളുമുണ്ടായിരുന്നു. രാഷ്ട്രീയവും നിയമവും നന്നായിട്ടറിയാമായിരുന്നു. പേടിത്തൂറികൾക്കും ഭീരുക്കൾക്കും പറ്റിയതല്ല ഈ ലോകം എന്നദ്ദേഹം സദാ പറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന് പേടിയറിയില്ലായിരുന്നു. അദ്ദേഹം ധീരനുമായിരുന്നു. പൊലീസോ ഭരണകൂടമോ ക്വട്ടേഷൻ ഗുണ്ടകളോ അബ്കാരികളോ ഏത് തരികിടകളുമാകട്ടെ അദ്ദേഹത്തിനവർ പ്രശ്നമേ അല്ലായിരുന്നു.
നല്ല ധൈര്യം ഉണ്ടോ, എങ്കിൽ ഈ ലോകത്ത് സന്തോഷമായി ജീവിക്കാം, ‘ഇല്ലേൽ നാട്ടുകാർ നമ്മുടെ തലയിൽ കയറി തൂറും.’- അതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അത് ശരിയുമായിരുന്നു.
ഈ ലോകം തനിയ്ക്കുചുറ്റുമുളള മറ്റു മനുഷ്യരെ അടിമകളാക്കാനും കാൽക്കീഴിലാക്കാനും അവരുടെ തലയിൽ തൂറിമെഴുകാനും ആഗ്രഹിക്കയും അവസരം പാത്തുനിൽക്കുകയും ചെയ്തു. ഭർത്താവ് ഭാര്യയെ, മുതിർന്നവർ കുട്ടികളെ, ചേട്ടൻ അനിയനെ, മുതലാളി തൊഴിലാളിയെ... ആ ചങ്ങലയങ്ങനെ നീണ്ടുകിടന്നു. കൂടെയുള്ളവരെ ചവിട്ടിത്താഴ്ത്തുന്ന അസാധാരണമായൊരു വാമനത്വം നമ്മളെത്ര ചിരിച്ചുമറച്ചാലും പുറത്തേയ്ക്കു കാൽനീട്ടി ചുറ്റുമുള്ള തലകളെ തേടിവന്നു. അവസരം കിട്ടിയാൽ നമ്മുടെ ഭയാശങ്കകളെയും ആധികളെയും അവരവരുടെ ലാഭമായി മാറ്റിയെടുക്കുന്ന ക്രൂരമനുഷ്യരുടെ ലോകമായിരുന്നു ഇത്. പതിനായിരം തലകളും സ്വാർഥവായകളും നമുക്കുചുറ്റും പിളർന്നുനിൽപ്പുണ്ട്. അതിന്റെ ആഴത്തിൽ വിഷഗ്രന്ഥികളുണ്ട്. മറ്റു മനുഷ്യരെ, സഹജീവികളെ, സ്നേഹിക്കുകയെന്നാൽ വിഷപ്പല്ലമർത്തി തരത്തിനുകടിയ്ക്കുക എന്നതായിരുന്നു ഇത്തരക്കാരുടെ രീതി. ഞാനത്തരത്തിൽ നിറയെ മനുഷ്യരെ കണ്ടു. സ്വാർഥതയും സ്പർധയും വിഷനാവുറുമികളും ചേർത്ത് അന്യരുടെ കഴുത്തറക്കുന്ന അനവധി പേർ.
ഇടുക്കിയിലെ ഏതോ ഗ്രാമത്തിൽ നിന്ന് മണ്ണിനും വിശപ്പടക്കലിനും നല്ല ജീവിതത്തിനുമായി നാട്ടിലേയ്ക്ക് കുടിയേറിപ്പാർത്ത പൂർവികരുടെ അധ്വാനവും ധാർഷ്ട്യവും നൈതികതയും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെയും സവിശേഷതകളായി മാറി. കഠിനാധ്വാനം കൊണ്ട് അദ്ദേഹം വലിയ ഒരു ബിസിനസ് സാമ്രാജ്യം ഉണ്ടാക്കി. നിറച്ചു സുഹൃത്തുക്കളെയുണ്ടാക്കി.
ഞാൻ എപ്പോഴും ഓർക്കും, പ്രതിസന്ധി നിറഞ്ഞ എന്റെ ജീവിതത്തിൽ ഏറ്റവും സ്നേഹപൂർണമായും കരുണാമയമായും വന്ന അപൂർവം ചിലരിൽ ഒരാളായിരുന്നു ജോസപ്പേട്ടൻ. അദ്ദേഹം ഒന്നും പ്രതീക്ഷിച്ചില്ല. ഒന്നും ആവശ്യപ്പെട്ടില്ല. കലയോടും എഴുത്തിനോടുമുള്ള ഒരു വല്ലാത്ത ബഹുമാനം അദ്ദേഹത്തെ ഞാനുമായി കൂടുതൽ അടുപ്പിച്ചു.
“എന്റെ മോള് സ്റ്റേറ്റിലു ഫസ്റ്റാ. പാട്ടിന്. റീമി ടോമിയൊക്കെ സെക്കന്റാ കേട്ടോ”, എന്നിടയ്ക്ക് അഭിമാനത്തോടെ പറയും.
എന്റെ പ്രശ്നങ്ങളെ അനുതാപപൂർവം കേൾക്കാനും പരിഹരിക്കാനും എനിയ്ക്കായി കുറച്ച് സമയം കണ്ടെത്താനും യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ അദ്ദേഹം ഇരുന്നു. ഈ പ്രശ്നസന്ധികൾക്കിടയിലും അദ്ദേഹത്തിന്റെ മനസ്സിലെ കഥകൾ തേടാൻ ഞാൻ മടിച്ചില്ല. ആയിരം കഥകളുടെ പാൻഡോറാപ്പെട്ടിയായി മാറി ജോസപ്പേട്ടൻ.
നമ്മൾ കരുതുന്നപോലെ അത്ര എളുപ്പമുള്ള ഒരു ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഒട്ടും ലളിതമായ വ്യവസ്ഥയിലുൾക്കൊള്ളിക്കാവുന്ന വ്യക്തിയുമായിരുന്നില്ല അദ്ദേഹം. ഇടുക്കിയിലെ ഏതോ ഗ്രാമത്തിൽ നിന്ന് മണ്ണിനും വിശപ്പടക്കലിനും നല്ല ജീവിതത്തിനുമായി നാട്ടിലേയ്ക്ക് കുടിയേറിപ്പാർത്ത പൂർവികരുടെ അധ്വാനവും ധാർഷ്ട്യവും നൈതികതയും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെയും സവിശേഷതകളായി മാറി. കഠിനാധ്വാനം കൊണ്ട് അദ്ദേഹം വലിയ ഒരു ബിസിനസ് സാമ്രാജ്യം ഉണ്ടാക്കി. നിറച്ചു സുഹൃത്തുക്കളെയുണ്ടാക്കി. രാഷ്ട്രീയക്കാരും ബിസിനസുകാരും സാധാരണക്കാരും സുഹൃത്തുക്കളായി. എന്നാൽ ശത്രുക്കളോടാകട്ടെ ഏറ്റവും തീവ്രമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. ഒരുതരത്തിലുമുള്ള ഇളവുകൾ അവർക്കനുവദിച്ചില്ല.
സർക്കാർ സർവീസിലെ ഉയർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ സ്കറിയ സക്കറിയ തോമസായിരുന്നു അക്കാലത്ത് ജോസപ്പേട്ടന്റെ മുഖ്യ എതിരാളി.
“ഉയ്യോ, പെരുംകള്ളനാണ്. നിന്ന നിപ്പിലല്ല്യോ മലക്കം മറയുന്നത്. വിശ്വസിയ്ക്കാൻ കൊള്ളുകേലാ”, ജോസപ്പേട്ടൻ അയാളെക്കുറിച്ചുള്ള അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞു. പിന്നീട് കാലം ജോസപ്പേട്ടന്റെ വാക്കുകൾ പരമസത്യമെന്ന സാക്ഷ്യം വെച്ചു.
ഞാൻ ജോസപ്പേട്ടന്റെ വീട്ടിൽ ആദ്യമായി ചെന്ന സമയത്ത് നടുത്തളത്തിലെ സോഫയിലിരുന്നു അദ്ദേഹത്തിന്റെ ഭാര്യ പൊട്ടിക്കരയുന്നത് കണ്ടു. ഇൻഡസ്ട്രിയൽ സർവീസിൽ ട്രെയിനറായി ജോലിചെയ്യുകയായിരുന്നു അവർ. അല്പം തടിച്ച പ്രകൃതമുള്ള സാധുവായ സ്ത്രീ. അവർക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
“എന്നാ ചെയ്യും കർത്താവെ”
“നീയെന്നാ ചെയ്യാനാ റീനെ, ഇതിലപ്പുറം നീ സഹിച്ചതല്ലെ?”
“അതുകൊണ്ട് ഇതു സഹിക്കണമെന്നാണോ?” അവർ പരിഭവിച്ചു.
എന്താണ് സംഭവം എന്നറിയാതെ ഞങ്ങൾ അമ്പരന്നുനിന്നു.
“ദേ നമ്മടെ വിരുന്നുകാരു കരുതും നമ്മളു വഴക്കാന്ന്. കണ്ണു തൊടച്ചേ.’’
ഭാര്യയെ സമരസപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ജോസപ്പേട്ടൻ.
“എന്നാ ഞങ്ങൾ പോയേച്ചും വന്നാലോ രാജാ”, ഞങ്ങളെ അങ്ങോട്ടു കൊണ്ടുപോയ ജേക്കബേട്ടൻ പറഞ്ഞു. ഞങ്ങൾക്ക് പ്രിയപ്പെട്ട, അതിപ്രമുഖനായ ഞങ്ങളുടെ ജ്യേഷ്ഠ സഹോദരതുല്യനായ രാഷ്ട്രീയനേതാവായിരുന്നു ജേക്കബേട്ടൻ. അദ്ദേഹത്തിന്റെ ഒപ്പമാണ് ഞങ്ങളാ വീട്ടിലേയ്ക്ക് ചെല്ലുന്നത്.
“ഓ, എന്നാത്തിനാ ചാക്കപ്പാ. ഒന്നുവില്ലെന്നെ. ഇതിപ്പം തീരത്തില്ല്യോ?”
ആ ആഴ്ച ഇറങ്ങുവാൻ പോകുന്ന ഒരു മാഗസിൻ കവർ ആയിരുന്നു അപ്പോഴത്തെ വിഷയം. അതിന്റെ അപമാനമോർത്താണ് റീനാമ്മാമ്മ കരഞ്ഞുകൊണ്ടിരുന്നത്.
“ഇതാർക്കാ നാണക്കേട്? എനിയ്ക്കു തന്നല്ല്യോ?”
അവർ മൂക്കുപിഴിഞ്ഞു. ഞാൻ നോക്കുമ്പോൾ ഒരു മാഗസിൻ ജോസപ്പേട്ടന്റെ കൈയിലുണ്ട്. പ്രതിയോഗികൾ നിൽക്കുന്നതുപോലെ ആ മാഗസിൻ കവറിന്റെ ഒരുവശത്ത് ജോസപ്പേട്ടനും മറുവശത്ത് മധ്യവയസ്കയായ ഒരു സ്ത്രീയുമായിരുന്നു. അക്കാലങ്ങളിൽ കുറച്ച് ഗോസിപ്പും സ്വല്പം പൾപ് ഫിക്ഷനും പഴുപ്പും കാശുകൊടുത്താൽ വാർത്ത വരികയും ചെയ്യുന്ന, എന്നാൽ ധാരാളമായി പ്രചാരത്തിലുള്ളതുമായ ഒരു മാഗസിൻ ആയിരുന്നു അത്. അതിന്റെ കവറിൽ നിന്ന്പുറത്തേയ്ക്ക് തീജ്വാലകൾ ചിതറുംപോലെയുള്ള ഡിസൈൻ. ഫോട്ടോയ്ക്ക് കുഴപ്പമൊന്നും പ്രത്യക്ഷത്തിലുണ്ടായിരുന്നില്ലെങ്കിലും അതിനുതാഴെയുള്ള വെണ്ടയ്ക്ക വലിപ്പത്തിലെ അക്ഷരങ്ങൾ ആരെയുമൊന്ന് അമ്പരപ്പിക്കുക തന്നെ ചെയ്യും: ‘രാജൻ വർഗീസ് ജോസഫും ഡെസ്സി സ്കറിയയും തമ്മിൽ എന്ത്?’ എന്നതായിരുന്നു ആ തലവാചകം. ഇപ്പോൾ എഫ്.ബി.യിലും മറ്റും കാണാറുള്ള മഞ്ഞ വാർത്തകൾ പോലെ. അതിനുൾപ്പേജിൽ ‘ഈ ബന്ധമറിഞ്ഞാൽ നിങ്ങൾ ഞെട്ടും. വായിക്കുക പേജ് 3’ എന്നുമുണ്ടായിരുന്നു. കവർ സ്റ്റോറിയാണ്.
“ഈ ഫോട്ടോ കൊള്ളാമോ കൊച്ചേ?”, ജേക്കബേട്ടൻ എന്നെയും ഭർത്താവിനെയും പരിചയപ്പെടുത്തിയ ഉടനെയാണ് ചോദ്യം.
“സാഹിത്യകാരിയല്ല്യോ, പറ”
റീനാമ്മാമ്മ ഈ മാഗസിൻ ഇറങ്ങുമ്പോൾ കുടുംബത്തിലും നാട്ടിലും ജോലിസ്ഥലത്തും ഉണ്ടാകാവുന്ന മാനക്കേടോർത്ത് വിമ്മിവിമ്മി കരയുകയാണ്.
“ഈ ഫോട്ടോ കൊള്ളാമോ കൊച്ചേ?, ഇതു ചോദിച്ചേനാ എന്റെ കെട്ട്യോളീ കരച്ചിലു കരയുന്നത്” - ജോസപ്പേട്ടൻ ചോദ്യം ആവർത്തിച്ചു.
ഞാനാ മാഗസിൻ വാങ്ങി നോക്കി. മാഗസിനും ഡിസൈനും ഗോസിപ്പുവാർത്തയുമൊക്കെ ആ അർഥത്തിൽ നല്ലതായിരുന്നു. മാഗസിൻ സ്റ്റാൻഡിൽ തൂങ്ങിക്കിടക്കുമ്പോൾ അപമാനകരമായ നോട്ടം കവർചിത്രത്തിനു കിട്ടുമെന്നുറപ്പ്. ആ സ്ത്രീയുടെ ഫോട്ടോ അതിൽ നല്ലതായിരുന്നു. പക്ഷേ ഈ കക്ഷിയുടെ ഫോട്ടോ അത്രയ്ക്ക് നന്നായി എനിയ്ക്ക് തോന്നിയില്ല.
“നിങ്ങളുടെ ഫോട്ടോ പോരാ. ലേശം കൂനുള്ള പോലെയാണ് ഫോട്ടോല് നിൽക്കുന്നത്”, ഞാൻ സത്യം പറഞ്ഞു.
അയാൾ കവർ വാങ്ങി ഒന്നുകൂടി നോക്കി, ‘‘ശരിയാണല്ലോ കൊച്ചു പറഞ്ഞത്”
മൊബൈൽ എടുത്തു കുത്തി. ഉടൻ ഫോട്ടോഗ്രാഫറെ വിളിച്ചു, “ഒന്ന് വന്നേച്ചും പോകണേ ”
എന്നിട്ട് ഭാര്യയോടായി പറഞ്ഞു; “നീ ഇങ്ങനെ ചുമ്മാ കരയല്ലേടീ. നീയീ കൊച്ചുങ്ങക്ക് എന്തേലും കുടിക്കാൻ കൊണ്ടുവരാൻ പറ.”
പാവം റീനാമ്മാമ്മ കണ്ണീരുതുടച്ച് അകത്തേയ്ക്ക് നടന്നുപോയി. ഉള്ളിലടക്കിപ്പിടിച്ച വിതുമ്പലത്രയും പുറത്തേയ്ക്ക് കേൾക്കാമായിരുന്നു.
“പാവം പാവം. വെറും പാവം. ലോകത്തിന്റെ കള്ളത്തരം ഒന്നും അറിഞ്ഞിട്ടില്ല. അറിയത്തുമില്ല. അതിന്റെ ഏനക്കേടാ”
“നിനക്ക് എന്തിന്റെ ആവശ്യമാണ് ഇപ്പൊ? ഇങ്ങനെ ഒരു കവർ അച്ചടിച്ചതുകൊണ്ട് നിനക്ക് എന്ത് പ്രയോജനമാണ്? ” എന്റെ കൂടെ വന്ന ജേക്കബേട്ടൻ വിരോധം അറിയിച്ചു- “ശരിയല്ല രാജാ...’’
“അച്ചടിക്കുമ്പോൾ എനിയ്ക്കുണ്ടാകുന്ന നാണക്കേട് അവിടിരിയ്ക്കട്ടെ. എന്നെക്കാളും പതിന്മടങ്ങു നാണക്കേട് ഈ കവർ അച്ചടിച്ചുവരുമ്പോൾ അവർക്കുണ്ടാകും. എനിക്കെതിരെ അവരൊരു കള്ളക്കേസ് കൊടുത്തിട്ടുണ്ട്. പഠിക്കട്ടെന്നെ”, ഉള്ളിലെ സ്റ്റോറി കാണിച്ചു. ഞാൻ തലയിൽ കൈവെച്ചുപോയി.
‘‘അന്ന് സ്കൂളിൽ സംഭവിച്ചതിൽ തനിയ്ക്കു ദുഃഖമുണ്ടെന്നും ആ സംഭവത്തെക്കുറിച്ച് വെളിയിൽ പറയുന്നത് തനിയ്ക്കു നാണക്കേടാണെന്നും രാജൻ വർജീസ് ജോസഫ് പറഞ്ഞു.’’
“കള്ളക്കേസ് കൊടുക്കുമ്പോൾ ആലോചിക്കണം.”
കള്ളക്കേസ് കൊടുത്ത കഥ എന്ത് എന്ന മട്ടിൽ ഞാൻ കൂടെ വന്നവരെ നോക്കി.
“ഓ, അതൊരു വലിയ കഥയാണ്. വലിയ പോരാട്ടം. അല്ലേ ചാക്കപ്പാ?”
“കൊച്ചേ, എനിയ്ക്കെതിരെ 41 കേസുണ്ട്. ഉണ്ടായിരുന്നു. സ്കറിയ സക്കറിയ ഐ.പി.എസ്. എനിയ്ക്കെതിരെ കൊടുത്ത കേസുകളാണ് എല്ലാം. ഇതിൽ 32 കേസുകളിൽ ഞാൻ ജയിച്ചു. 8 കേസുകൾ ക്വാഷ് ചെയ്തുപോയി. ഇപ്പോൾ നിലവിൽ ഒരേയൊരു കേസ് മാത്രമാണുള്ളത്.”
“അതെന്തു കേസാണ്, നിങ്ങൾക്ക് ജയിക്കാൻ വയ്യാത്ത കേസ്?”
“ഇദ്ദേഹം എല്ലാ കേസും സ്വന്തമായാണ് വാദിക്കുക, പ്രത്യേകം പറയേണ്ടതില്ലല്ലോ” ജോസപ്പേട്ടൻ അതുകേട്ട് ചിരിച്ചു.
“ആ കേസൊക്കെ ഹരമാ. എല്ലാ കേസും ഞാൻ നടത്തും. എന്റെ വശത്താണ് സത്യം. അതുകൊണ്ട് ഞാൻ ജയിച്ചു.”
“ഇപ്പോൾ എന്തുപറ്റി? 41-ാമത്തെ കേസിൽ സത്യം ഇല്ലായിരുന്നോ?” ഞാൻ സംശയമുയർത്തി.“ഓ, ആ ഐ.പി.എസുകാരന്റെ ഭാര്യ എനിയ്ക്കെതിരെ കള്ള പരാതി കൊടുത്തതാണ്.”
“എന്താണ് പരാതി?” ഞാൻ കൗതുകം കൊണ്ടു.
“ദേ വായിച്ചേയ്ക്കാം’’, ജോസപ്പേട്ടൻ സ്യൂട്ട്കേസിൽനിന്ന് ഒരു പരാതിയെടുത്ത് വായിയ്ക്കാൻ തുടങ്ങി: “എന്റെ മകളുടെ സ്കൂളിൽ ടീച്ചേഴ്സ് മീറ്റിങ്ങിന് ഞാൻ പോയപ്പോൾ എന്റെ മകളുടെ സഹപാഠിയായ അഖിൽ രാജന്റെ അച്ഛനായ രാജൻ വർഗീസ് ജോസഫ് എന്നെ തുറിച്ചുനോക്കി. ഇത് എനിയ്ക്ക് അസ്വസ്ഥതയുണ്ടാക്കി. എനിയ്ക്ക് ശരീര തളർച്ച ഉണ്ടാകാനും മനോവൈഷമ്യം ഉണ്ടാകാനും കാരണമായി. ഇതിനു കാരണക്കാരനായ രാജൻ വർഗീസ് ജോസഫിനെതിരെ നടപടിയെടുക്കണമെന്ന് അഭ്യർഥിക്കുന്നു.”
എനിയ്ക്കീ കേസ് വളരെ കൗതുകകരമായി തോന്നി. സർക്കാർതലത്തിൽ കൊടുത്ത 40 കേസുകളിലും വിജയം ലഭിക്കാത്ത, പാവം ഐ.പി.എസുകാരൻ, തന്റെ തോൽവി അംഗീകരിയ്ക്കാൻ വയ്യാഞ്ഞിട്ട് ഭാര്യയെക്കൊണ്ട് കള്ള പരാതി കൊടുപ്പിച്ചിരിക്കുന്നു.
“കൊച്ചേ എങ്ങനെയുണ്ട്? ഇതാണ് ഇവന്റെയൊക്കെ ഒരു സംസ്കാരം. എല്ലാ കേസും തോറ്റ് തുന്നംപാടി എന്നായപ്പോൾ സ്വന്തം ഭാര്യയെ കളത്തിലിറക്കി ഒരു കേസ് കൊടുപ്പിക്കുന്നു. അങ്ങനെയെങ്കിലും എന്നെ ഒന്ന് കുഴപ്പത്തിലാക്കിയാ മതിയെന്നാ അതിയാന്. ഇങ്ങനെയുണ്ടോ മനുഷ്യന്മാര്?’’
“എന്തിനാണ് സ്കറിയ സക്കറിയയ്ക്ക് നിങ്ങളോട് സ്പർദ്ദ?”
“അയ്യാളുടെ ഭാഷയിൽ ഞാൻ അഴിമതിക്കാരനാന്നല്ലോ. അതുതന്നെ കാരണം”
“എന്ത് അഴിമതി. പൈസയുടേതോ?”
“തന്നെ തന്നെ. ഒന്നും രണ്ടും അല്ലല്ലോ, ഏതാണ്ട് 135 കോടി രൂപയാ ലാഭമുണ്ടാക്കിയത്. അത് അഴിമതി എന്നല്ലാതെ എന്ത് എന്ന് അയാൾ പറയണം.”
ജോസപ്പേട്ടൻ ചിരിച്ചുപോയി.
“സത്യത്തിൽ ഞാൻ 100 രൂപ പറ്റിയിട്ടില്ല. സർക്കാരിന്റെയാവട്ടെ പൊതുജനങ്ങളുടെയാവട്ടെ, ഞാൻ ഒന്നും എടുത്തിട്ടില്ല. നന്നായി അധ്വാനിച്ച് തന്നെയുണ്ടാക്കിയതാണ്”
അതൊരു വലിയ കഥയായിരുന്നു. ഇന്നു നമ്മൾ സിനിമകളിൽ കാണുന്നതുപോലെ, കഥകളിൽ വായിക്കുന്നതുപോലെ അത്രയും സങ്കീർണമായ ഒരു കഥ. മമ്മൂട്ടിയോ മോഹൻലാലോ പോലുള്ള നായകന്മാർ ചെയ്യുന്ന പോലത്തെ കാര്യങ്ങൾ ചെയ്യുന്ന രാജൻ വർഗീസ് ജോസഫിന്റെ കഥ. അക്കാലമത്രയും സംഭവബഹുലമായ ജീവിതം ജീവിച്ചുപോന്ന ജോസപ്പേട്ടന്റെ ജീവിതം അതിലും സംഭവബഹുലമാകാൻ പോകുന്ന സമയമായിരുന്നു അത്. അതിനു കാരണമായതാകട്ടെ സിവിൽ സപ്ലൈസ് കോർപറേഷനിൽ ധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ജോസപ്പേട്ടൻ അൽപ്പം കുറഞ്ഞ പൈസയ്ക്കു വാങ്ങിയെടുത്തു എന്നതും.
“അണ്ടം കീറൂട്ടാ രാജാ”
“ദെന്തൂട്ട് കുരുവാണ്ടാ? ത്രേം കൊറച്ച് പൈശയ്ക്ക് ടെൻഡർ പിടിക്ക്യേ?”
“വല്ല്യ കഷ്ടാണ് രാജാ”
സഹ ടെൻഡർമാർ ക്ഷുഭിതരായി. അത്ര കുറഞ്ഞ പൈസയ്ക്ക് ടെൻഡർ പിടിച്ചാൽ ആകെ കുഴപ്പമാണെന്നവർ വിശ്വസിച്ചു.
“കിംബളാ കൊടുക്കണം. എന്തൂട്ട് കണ്ടിട്ടാ ശവ്യേ”, തൃശ്ശൂർക്കാർ ക്ഷുഭിതരായി.
“ഒറ്റ പൈസ ഞാൻ കോഴ കൊടുക്കുകേല. ഇവമ്മാരെന്നെക്കുറിച്ചെന്നാ കരുതിയേ?” ടെൻഡർ കിട്ടിയ വകയിൽ വിഹിതം ചോദിക്കാനെത്തിയ ഏമ്മാന്മാരെ ജോസഫേട്ടൻ ആട്ടി.
ടെൻഡർ കിട്ടിയതോടെ പതിവുകാരായ വിതരണക്കാരെല്ലാം ശത്രുക്കളായി മാറി. പ്രത്യേകിച്ച് ഇത്ര കുറഞ്ഞ തുകയ്ക്ക് ടെൻഡർ പിടിച്ചത് അവരെ മുഷിപ്പിച്ചിരുന്നു. ഇടനിലക്കാരും അവരുടെയൊപ്പം നിന്നു.
“നീയൊന്നും ജോസപ്പിനു അരി തന്നില്ലേൽ ജോസപ്പങ്ങ് ഒണ്ടാക്കുവെടാ”
ആദ്യത്തെ പോർവിളിക്കുശേഷം ജോസപ്പേട്ടൻ സാവകാശം ആലോചിച്ചു. ഈ ഇടനിലക്കാരന്മാരില്ലെങ്കിലും ജോസഫ് കച്ചവടം നടത്തുമെന്നുമുറപ്പിച്ചു- “രാജൻ ജോസപ്പിനിട്ട് ഒണ്ടാക്കാനേ അവുത്തുങ്ങളു വളർന്നിട്ടില്ല.”
വിതരണക്കാർ പ്രശ്നമുണ്ടാക്കിയതോടെ ജോസപ്പേട്ടന് ധാന്യങ്ങളും മുളകും കിട്ടാൻ പ്രയാസമായിത്തീർന്ന സമയത്താണീ പ്രഖ്യാപനം. പിന്നീട് എല്ലാ കാര്യത്തിലുമെന്നവണ്ണം ഇക്കാര്യത്തിലും അദ്ദേഹം തന്റെ ഗവേഷണം തുടർന്നു. കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടേയ്ക്ക് ആദ്യം പോയി. കർഷകരോടും കൃഷിവകുപ്പുകാരോടും നെല്ലു വിദഗ്ദരോടും കാർഷിക കോളേജുകാരോടുമൊക്കെ സംസാരിച്ചു. പിന്നെ നേരെ ഒറ്റ പോക്കാണ്, ആന്ധ്ര പ്രദേശിലെ ഗ്രാമങ്ങളിലേക്ക്. സിനിമയിൽ കാണുന്നതുപോലെ ഓരോ കൃഷിക്കാരുടെയും അടുത്തുചെന്നു അദ്ദേഹം കച്ചവടം സംസാരിച്ചു. തമിഴ്നാട്ടിലും കർണാടകയിലും പഞ്ചാബിലുമൊക്കെയുള്ള ഉൾഗ്രാമങ്ങളിലേയ്ക്ക് ജോസപ്പേട്ടൻ ചെന്നു. കർഷകരെ കണ്ടു. സാധാരണയായി ഇടനിലക്കാർ ആന്ധ്രപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാമാണ് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചിരുന്നത് എന്നുമാത്രമേ ജോസപ്പേട്ടനറിയുമായിരുന്നുള്ളൂ. അരിയും ധാന്യങ്ങളും മറ്റും കൊണ്ടുവരുന്നത് ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽ നിന്നുമാണെന്നും ഗോതമ്പ് പഞ്ചാബിൽ നിന്നുമാണെന്നും കണ്ടുപിടിച്ചു കഴിഞ്ഞാൽ എന്തു വിഷമമെന്നായിരുന്നു ജോസപ്പേട്ടന്റെ ചോദ്യം.
“ഈ കള്ളവിതരണക്കാർ ആദ്യമേ വന്ന് ലോ ക്വാളിറ്റി സാധനങ്ങൾ മുൻകൂർ ബുക്കിങ്ങെടുത്തു. എനിക്കിത്തിരി പ്രയാസമുണ്ടാക്കാനായിരുന്നു അവുത്തുങ്ങടെ ശ്രമം. ഗതി കെടുമ്പോൾ വലിയ വില കൊടുത്ത് ജോസപ്പ് അതെല്ലാം വാങ്ങുമെന്ന് അവരു കരുതി”
ഇടനിലക്കാരുടെ വലിയ ചങ്ങലയെ വെറുപ്പിച്ച് വിതരണക്കാരനെങ്ങനെ നിൽക്കും എന്നിടത്താണ് ജോസപ്പേട്ടന്റെ കളി ആരംഭിക്കുന്നതുതന്നെ.
“ഗ്രേഡിങ്ങിലാ കാര്യമിരിയ്ക്കുന്നേ”
സിവിൽ സപ്ലൈസ് കോർപറേഷനിലെ കരാർ എടുക്കുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ ഗ്രേഡിങ്ങുകളെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ഒന്നു മുതൽ താഴേക്ക് 20 വരെയുള്ള വ്യത്യസ്ത തരങ്ങളായ ധാന്യവും അരിയും എല്ലാം വിപണിയിൽ ലഭ്യമാണ്. ഒന്ന് എന്നാൽ ഏറ്റവും മികച്ച ക്വാളിറ്റി. ഗുണം കുറഞ്ഞുകുറഞ്ഞങ്ങനെ താഴെ 20ാം ഗ്രേഡിലെത്തിനിൽക്കും. സിവിൽ സപ്ലൈസ് കോർപറേഷൻ കരാർ പ്രകാരം ചുരുങ്ങിയത് എട്ട് ഗ്രേഡ് ഗുണനിലവാരമുള്ള ധാന്യം കൊടുക്കേണ്ടതുണ്ട്.
എന്തായാലും ധാന്യത്തിനും മറ്റും ക്വാളിറ്റി ഗ്രേഡ് കുറയുന്തോറും വിതരണക്കാരനുള്ള ലാഭം കൂടും. ഏറ്റവും മോശം ഉഴുന്നുപരിപ്പും മല്ലിയും കോർപറേഷനു നൽകി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടുപിടിച്ച് വിതരണക്കാർ മോശം വസ്തുക്കൾ ജനങ്ങൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. ക്വാളിറ്റിയുള്ള ഉൽപന്നങ്ങൾ പരിശോധനയ്ക്ക് വരുമ്പോൾ കാണിക്കുകയും പിന്നാമ്പുറത്തു കൂടി ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുകയും ചെയ്യും. ഇതിനു ബദലായി കൃത്യമായി കോഴപ്പണം സപ്ലൈസ് കോർപ്പറേഷനിലെ പല ആളുകൾക്കും കിട്ടിക്കൊണ്ടുമിരുന്നു.
സിവിൽ സപ്ലൈസ് കോർപറേഷന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ പ്രശ്നമായിരുന്നു ജോസപ്പേട്ടന്റെ വിതരണ ടെൻഡർ. ജോസപ്പേട്ടൻ കൃഷിക്കാരിൽ നിന്ന് നേരിട്ട് ഒരു ഇടനിലക്കാരനും ഇല്ലാതെ, ധാന്യങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും ശേഖരിക്കാനും സംഭരിക്കാനും ആരംഭിച്ചു. ജോസപ്പേട്ടന്റെ ആന്ധ്രാപര്യടനത്തിനൊടുക്കം, ഒരു സിനിമാക്കഥപോലെ ത്രില്ലടിപ്പിയ്ക്കുന്ന ഒന്നാണ്. 15 തീവണ്ടികളുമായാണെത്രെ കേരളത്തിലേയ്ക്കു മൂപ്പർ വന്നത്. ഓരോ തീവണ്ടികളുടെയും ഓരോ ബോഗിയിലും നിറയെ ഉഴുന്നുപരിപ്പും മല്ലിയും മുളകും തുവരപ്പരിപ്പും നിറച്ചു ഗ്രാമമണവുമായി ആ ഗുഡ്സുകൾ കേരളത്തിലൂടെ ഓടി.
ഗുണനിലവാരം കൂടിയ മികച്ച ധാന്യങ്ങളും പയറിനങ്ങളുമാണ് അദ്ദേഹം ശേഖരിച്ചുവന്നത്. ക്വാളിറ്റി കുറഞ്ഞ ഗ്രേഡിനുപകരം, ഏറ്റവും ഗുണമേറിയ മൂന്ന്, രണ്ട് ഗ്രേഡിലുള്ള ഉത്പന്നങ്ങൾ നൽകുവാൻ ജോസപ്പേട്ടൻ കഴിഞ്ഞു. ഒരാൾക്കും കൈക്കൂലി കൊടുക്കേണ്ട കാര്യമില്ലായിരുന്നു. മുഴുവൻ ലാഭവും ജോസപ്പേട്ടനുതന്നെ. ഇടനിലക്കാരില്ലാത്തതിനാൽ വിപണിയിൽ കിട്ടുന്ന നാലിലൊന്ന് വിലയ്ക്ക് ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കൾ നേരിട്ടുവാങ്ങാൻ കഴിഞ്ഞു എന്നതാണ് ഇതിനെ ലാഭകരമാക്കിയത്. ഒന്നിച്ചു നടത്തിയ കച്ചവടമായതിനാൽ ലാഭം പിന്നെയുമേറി. പണം രൊക്കം കൊടുത്തതിനാൽ ജോസപ്പേട്ടന് ഉത്പന്നങ്ങൾ നൽകാൻ കർഷകർ ക്യൂ നിന്നു. ലാഭം ഒന്നും രണ്ടുമൊന്നുമായിരുന്നില്ല, ഏതാണ്ട് നൂറുകോടി രൂപ കവിഞ്ഞു.
ജോസപ്പേട്ടനു കിട്ടിയ ലാഭത്തെ പ്രതി വിതരണക്കാർ അസൂയപൂണ്ടു. കൈക്കൂലി കിട്ടാത്ത സപ്ലൈസുകാർ അരിശം പൂണ്ടു. അസൂയ സർപ്പവിഷത്തേക്കാൾ മാരകമാണ്. ജോസപ്പേട്ടനു കിട്ടിയ ലാഭത്തെ കൊതിയോടെ നോക്കിക്കൊണ്ടിരുന്നപ്പോൾ കോർപറേഷനിലെ കോഴക്കാർക്ക് തല പിരുപിരുത്തു.
രാജൻ വർഗീസ് ജോസഫിനെതിരായി എന്തുചെയ്യുമെന്ന ഗൂഢാലോചനയിലായി. അദ്ദേഹം ടെൻഡറിൽ പറഞ്ഞതുപോലെ, ഗ്രേഡിലുള്ള ഉൽപന്നങ്ങൾ നൽകിയില്ല എന്ന പേരിൽ കേസ് കൊടുത്തു.
“അതില് സത്യവൊണ്ടായിരുന്നു കൊച്ചേ.”
അഞ്ചോ എട്ടോ ഗുണനിലവാരമുള്ള ഗ്രേഡ് കൊടുക്കേണ്ടിയിരുന്ന ജോസഫേട്ടൻ മൂന്നും രണ്ടും ഗ്രേഡിലുള്ള മികച്ച ഉൽപന്നങ്ങളാണ് കോർപറേഷനു നൽകിയത്. അത് വിതരണക്കാരുടെ ലാഭം കൊള്ളയടിക്കുന്നതുപോലെതന്നെയായിരുന്നു. എന്തായാലും കോർപറേഷൻ വെറുതെയിരിക്കാൻ തീരുമാനിച്ചില്ല. നല്ല ഉൽപന്നമാണ് കിട്ടിയതെന്നതൊന്നും അവർക്ക് വിഷയമായില്ല. ജോസപ്പേട്ടന്റെ പുറകിൽ ആയുധവുമായി പതുങ്ങിനടക്കുന്ന ശത്രുവിനെ പോലെയായിരുന്നു ഉദ്യോഗസ്ഥർ. സ്കറിയാ സക്കറിയ ഡയറക്ടറായതോടെ ഓരോ തക്കവും ഓരോ അവസരവും കാത്തുനിൽക്കുന്നതായി പതിവ്. ബഹുമാനമില്ലാത്ത, നീചനായ ശത്രു 40 കേസുകളാണ് ജോസപ്പേട്ടനെതിരായി കൊടുത്തത്.
കോടതിയ്ക്ക് പക്ഷേ സത്യം ബോധ്യപ്പെട്ടു. ഗുണനിലവാരം കൂടിയ ഉത്പന്നം നൽകിയ പേരിൽ ഒരു കരാറുകാരനെ ശിക്ഷിക്കാനാവില്ലെന്നു ജഡ്ജി, സ്കറിയ സക്കറിയയെ കളിയാക്കി. ആ കേസിൽ ജോസപ്പേട്ടനെ വെറുതെവിട്ടു. ഒരു കേസിൽ പോലും അദ്ദേഹത്തെ കുടുക്കാൻ അവർക്ക് കഴിഞ്ഞില്ല. എല്ലാ കേസുകളും തനിയെ വാദിച്ച് അദ്ദേഹം തന്നെ ജയിച്ചു.
ഒരു മൂർഖൻ പാമ്പിന്റേതുപോലത്തെ കൊടിയ വിഷത്തോടുകൂടി സ്കറിയ സക്കറിയ ഐ.പി.എസ്. തക്കം പാത്തു, തരം പാത്തു നിന്നു. എങ്ങനെയെങ്കിലും ജോസഫ് എന്നയാളെ തകർക്കുക എന്ന ഉഗ്രലക്ഷ്യത്തോടെ തന്നെയായിരുന്നു ആ കോപ്പുകൾ കൂട്ടിയത്.
സ്കറിയാ സക്കറിയയുമായുള്ള യുദ്ധത്തിന്റെ ചില മുറകളാണ് ആ മാഗസിൻ കവറായി ഞാൻ അവിടെ കണ്ടത്.
എന്തു ചെയ്തിട്ടും കുടുക്കാനാകാതെ വന്നപ്പോൾ, എന്തിൽ നിന്നും ഊരിപ്പോകുന്ന ജോസപ്പേട്ടനെ പിടികൂടാൻ ആവനാഴിയിലെ ഏറ്റവും നീചമായ അസ്ത്രം, സ്വന്തം ഭാര്യയെ നോക്കി പേടിപ്പിച്ചു എന്ന് കേസ് കൊടുത്തവനുള്ള ഉഗ്രൻ ആപ്പ്.
അതുവരെ എലി പൂച്ച കളിച്ച കളിയിൽ നിന്നു മാറി, ഒരു വലിയ യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്. സ്കറിയ സക്കറിയ ഐ.പി.എസിന് സർവീസിൽ തന്നെ നിലനിൽക്കുവാൻ ബുദ്ധിമുട്ടായിത്തുടങ്ങി. അതുവരെ ആക്രമണം തടഞ്ഞുമാത്രം നിന്നിരുന്ന ജോസപ്പേട്ടൻ പ്രതികാരം കലർന്ന വൈര്യത്തോടെ പ്രത്യാക്രമണം തുടങ്ങി. അനവധി പ്രശ്നങ്ങൾ പൊന്തിവന്നുകൊണ്ടേയിരുന്നു. ഒരിടത്ത് തൊഴിലാളിപ്രശ്നമെങ്കിൽ മറ്റൊരിടത്ത് മേലധികാരികളുടെ പ്രശ്നം, മറ്റൊരിടത്ത് രാഷ്ട്രീയനേതൃത്വത്തിന്റെ പ്രശ്നം. സ്കറിയ സാർ നടക്കുന്ന വഴിയിൽ, പോകുന്ന വഴിയെല്ലാം പലതരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുവാൻ തുടങ്ങി. അക്കാലത്ത് സ്കറിയ സക്കറിയയെ സഹായിക്കാൻ സെക്രട്ടറിയേറ്റിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥ ലീല തോമസ് നിരന്തരം പരിശ്രമിച്ചു. സാധാരണ സഹപ്രവർത്തകർക്കിടയിലുള്ളതിലധികം സ്നേഹം സ്കറിയയ്ക്കും ലീലയ്ക്കും ഇടയിലുണ്ടെന്നു ജോസപ്പേട്ടൻ കണ്ടെത്തി.
“ഓ ഇത് സർക്കാർ ഉദ്യോഗസ്ഥർക്കിടയിലുള്ള ബന്ധമല്ല. മറ്റെന്തോ ആണ്.” - അവരെപ്പറ്റിയുള്ള അന്വേഷണം സമഗ്രമായി തന്നെ നടന്നു.
“കിട്ടി, കിട്ടി. ഇവര് ബാല്യകാല സുഹൃത്തുക്കളാണ്. ഒരു എൽ.പി. സ്കൂളിൽ ഒന്നിച്ച് പഠിച്ചത്. കുട്ടിക്കാലം മുതലേയുള്ള സുഹൃത്തുക്കളാണ്. നന്ദി കാണിക്കാതെ ഇരിക്കുമോ? എന്റെ വഴീല് വന്ന് പ്രശ്നമുണ്ടാക്കിയാൽ എനിയ്ക്ക് ഒരു ഐ.പി.എസുകാരനും ഐ.എ.എസുകാരിം പ്രശ്നമല്ല.’’
‘‘കൊച്ചേ, ഒരു കാര്യം മനസ്സിലാക്കിക്കോ, ഇവന്മാർക്കൊക്കെ ഒരുപാട് സ്വന്തമുണ്ട്. ബന്ധമുണ്ട്. അധികാരമുണ്ട്. പണമുണ്ട്. ഭരണകൂടത്തിന്റെ സഹായമുണ്ട്. ഞാനൊരു ഒരു പാവപ്പെട്ടവൻ ആയിരുന്നുവെങ്കിൽ എന്റെ ജീവിതം എപ്പോഴേ തീർന്നുപോയേനെ. കുറച്ച് കാശുള്ളതുകൊണ്ടും സുഹൃത്തുക്കളുള്ളതുകൊണ്ടും ഇത്തിരി രാഷ്ട്രീയമുള്ളതുകൊണ്ടും ഞാൻ രക്ഷപ്പെട്ടു”
“സത്യത്തിൽ നാട്ടാരു പറേണ ഈ 135 കോടി രൂപ കിട്ടിയിരുന്നോ?”
“ഒന്ന് പോ കൊച്ചേ. എന്നായീ പറയുന്നേ? അത്രയും പൈസയൊക്കെ ലാഭം കിട്ടുമോ? സ്വർണക്കച്ചോടമാണോയിത്?”
“അല്ലാ, അങ്ങനെയാണല്ലോ കേൾക്കുന്നത്?” ഞാൻ ചൊടിപ്പിക്കാനായി പറഞ്ഞു.
“കേക്കുവാനാണെങ്കിൽ എന്തൊക്കെയുണ്ട്? നമ്മളെ ആർക്കറിയാം. ചുമ്മാ പറഞ്ഞാ മതിയല്ലോ? ഇതുപറഞ്ഞല്ലേ സ്കറിയ എന്റെ പൊറെകെ കൂടിയേക്കുന്നേ. പറയുന്നത് എന്തായാലും 135 കോടി ഒന്നുമില്ലാ കേട്ടോ”
“അതിരിക്കട്ടെ ജോസപ്പേട്ടാ. നിങ്ങളെന്തിനാ ലീല തോമസിനെയും കൂടെ ഇതിനകത്തേക്ക് വലിച്ചിഴക്കുന്നത്?”
“കേറി വന്നിട്ടല്ലേ? ആ പെണ്ണുമ്പിള്ളയാ സ്കറിയാക്കുവേണ്ട എല്ലാ സഹായവും ചെയ്തോണ്ടിരിക്കുന്നേ. അവനെ ഞാൻ ചുമ്മാ വിടുകേല.”
ഞാൻ ആലോചിച്ചു നിന്നുപോയി. ഏതോ കുഗ്രാമത്തിലെ പള്ളിവക എൽ.പി. സ്കൂളിൽ ലീല തോമസും സ്കറിയാ സക്കറിയയും ഒന്നാന്തരത്തിൽ ഒരുമിച്ചു തറപറ പഠിച്ചെന്ന് ആരറിയും? അത്രേം കുന്നും മലയും റബ്ബർ തോട്ടങ്ങളും താണ്ടി ആ മലനാട്ടിൽ ഒരുമിച്ചു പഠിച്ചുവെന്ന വിവരം കണ്ടെത്തണമെങ്കിൽ ജോസപ്പേട്ടൻ എത്രമാത്രം അവരെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടായിരിക്കണം.
വല്ലാത്ത പഹയൻ തന്നെ!!!
“കൊച്ചേ, യുദ്ധത്തിന്റെയൊക്കെ പോളിസി വളരെ ലളിതമാ. എല്ലാമൊരുതരം പൂരവാന്നെ. കൊച്ച് തൃശ്ശൂർ പൂരവും പാറമേക്കാവ് പൂരവുമൊക്കെ കണ്ടിട്ടില്ല്യോ? എന്തോരം വെടിമരുന്നാ, രണ്ടുപേരുടെയും കൈയില്. നിന്നങ്ങു പൊട്ടിക്കുവല്ലേ? വെടീം ഗുണ്ടും അമിട്ടും പൂത്തിരീം മത്താപ്പുമൊക്കെ. നമ്മളെ പോലുള്ളോരുടെ കൈയീ എന്തൊണ്ടാകും? ഒന്നും കാണത്തില്ല. ആയുധങ്ങളില്ലാത്ത യുദ്ധവാ നമ്മളു ചെയ്യുന്നേ. അവരു വല്യ ആയുധക്കാരാന്നെ. ഇവിടെ ലീലാ തോമസിന്റെയും സ്കറിയാടേം കയ്യില് എമ്പാടും മരുന്നൊണ്ട്. നല്ല കിണ്ണം കാച്ചിയ വെടിമരുന്ന്. നമ്മക്കെതിരെ ഇവമ്മാര് നല്ല കൊട്ടിക്കേറ്റം നടത്തും. എന്നാ വെടി എന്നാ പൊഹ? അപ്പോഴും നമ്മൾ അനങ്ങരുത്. മറ്റുള്ളോരുടെ കണക്ക് കാണിയായി അകന്നുമാറി നിന്ന് പരിപാടിയെല്ലാം കാണണം. അടുത്തെങ്ങും പോവല്ലും. വെടി നമുക്ക് നേരെ വരാനും അനുവദിക്കല്ലും. എന്നിട്ട് നമ്മൾ എന്നാ ചെയ്യണം എന്നറിയാമോ? പിറ്റേദിവസം ആ വെടിമരുന്ന് പ്രയോഗം നടന്ന പറമ്പിലൂടെ നടക്കണം. ചെറിയ പടക്കങ്ങൾ ചിതറിക്കിടക്കുന്നതു കാണാം, ഒന്നും നോക്കരുത്. പെറുക്കിയെടുത്തേക്കണം. ഒരു കൊട്ടകകം നിറയെ പെറുക്കിയെടുത്തേക്കണം. പിന്നെ നമുക്ക് ആവശ്യം വരുമ്പോൾ ഓരോന്നോരോന്നായി എടുത്തിട്ട് കൂട്ടിച്ചേർക്കണം. കൃത്യസമയത്ത് എറിഞ്ഞേയ്ക്കണം. അത്രതന്നെ.”
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉപദേശങ്ങളിൽ ഒന്നായി ഞാനിതിനെ കൈക്കൊണ്ടു. പ്രശ്നങ്ങളുണ്ടാകുമ്പോൾ, പ്രതിസന്ധിയുണ്ടാകുമ്പോൾ അതിന്റെ അടിപടലം വരെയുള്ള വിവരങ്ങൾ ഗവേഷണാത്മകമായി ശേഖരിക്കാൻ, അവ എഴുതി ഒരു പുസ്തകത്തിൽ സൂക്ഷിയ്ക്കാനുള്ള ഒരു സ്വഭാവം ഞാനുണ്ടാക്കിയെടുത്തു.
മറ്റൊരിക്കൽ ഒരു സംഭവം നടന്നത് ഓർക്കുന്നു. ഞാനന്ന് ഗർഭിണിയാണ്. കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തപ്പോൾ, സെക്യൂരിറ്റി അവിടെനിന്ന് കാർ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു. ഹോസ്പിറ്റലിൽ നിന്ന് മാറിയുള്ള വലിയ പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി ഇടാനാണ് അവരാവശ്യപ്പെട്ടത്. അത്ര ദൂരം പോകാനോ പാർക്ക് ചെയ്തിടത്തുനിന്നും വെയിലുംകൊണ്ട് നടന്നുവരാനോ എനിയ്ക്ക് കഴിയുമായിരുന്നില്ല. എനിക്ക് വയ്യാത്തതുകൊണ്ടാണെന്ന് ഞാൻ അയാളോട് കെഞ്ചി പറഞ്ഞുനോക്കി. രോഗിണിയോ ഗർഭിണിയോ എന്നത് അയാൾക്ക് വിഷയമായിരുന്നില്ല. എന്ത് കാരണവശാലും പാർക്ക് ചെയ്യാൻ പറ്റില്ല എന്നയാൾ ശാഠ്യം പിടിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് അവിടേയ്ക്ക് ജോസപ്പേട്ടൻ കയറിവന്നത്.
“എന്നാ കൊച്ചേ, ഒരു പുകില് ?”
“ഈ വണ്ടി പുറത്തുകൊണ്ടിടാനാണ് ഇയാൾ പറയുന്നത്. അല്ല, ജോസപ്പേട്ടനെങ്ങനെ ഇവിടെത്തി?”
“അമ്മച്ചിയ്ക്ക് സുഖമില്ല. ഐ.സി.യു.വിലാണ്.’’
‘‘പ്രശ്നം എന്നാടോ?” സെക്യൂരിറ്റിയോട് ജോസപ്പേട്ടൻ അന്വേഷിച്ചു.
“ആ താക്കോൽ ഇങ്ങ് കൊടുത്തേച്ച് പോ”- ജോസപ്പേട്ടൻ തന്റെ ഡ്രൈവറെ ചൂണ്ടിക്കാണിച്ചു; “അവൻ പാർക്ക് ചെയ്തോളും. കൊച്ച് കൊടുത്തേച്ച് പോ.”
അന്ന് എന്റെ കൺസൾട്ടേഷനെല്ലാം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ എന്റെ വണ്ടി ഞാൻ പാർക്ക് ചെയ്തിരുന്നിടത്ത് ഉണ്ടായിരുന്നില്ല. ഇനി നടന്നെത്ര ദൂരം പോകണമെന്നു കരുതി വിഷണ്ണയായി നിൽക്കുമ്പോൾ ജോസപ്പേട്ടൻ പ്രത്യക്ഷപ്പെട്ടു.
“വണ്ടിയെവിടെ?”
പാർക്കിങ് നമ്പർ വൺ എന്നെഴുതിയ സ്ലോട്ടിൽ എന്റെ കാർ പാർക്ക് ചെയ്തതുകണ്ടു.
ജോസഫേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു; ‘‘ഇനി പേടിയ്ക്കേണ്ട. ഇവിടെ കാറു കൊണ്ട് എപ്പോ വന്നാലും അവിടെ ഇട്ടാൽ മതി. ഞാൻ പറഞ്ഞിട്ടുണ്ട്.”
ആ ഹോസ്പിറ്റലിന്റെ എം.ഡി.യുടെ കാറു നിർത്തുന്നിടം ചൂണ്ടിക്കാണിച്ചു.
“എന്റെ വകേലൊരു അനിയച്ചാരാ. പറഞ്ഞിട്ടൊണ്ട്.”
പഞ്ചപുച്ഛമടക്കിനിന്ന സെക്യൂരിറ്റിയെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു, “ഗർഭിണികൾക്കൊക്കെ മര്യാദ കൊടുക്കണ്ടേടോ?”
ജോസപ്പേട്ടന്റെ പ്രധാന ബിസിനസ് സത്യത്തിൽ ധാന്യവിതരണമോ സിനിമാപിടിത്തമോ ആയിരുന്നില്ല. അത് മദ്യ ഉല്പാദനമായിരുന്നു. ഇടയ്ക്കു കലാഹൃദയം ഉണരും. സിനിമയെപ്പറ്റി വാചാലമാകും.
“എന്നാ പറയാന്നാന്നെ. ശശി വലിയ ഡയറക്ടറു തന്നെ. പൊട്ടിച്ചു പടം കയ്യിത്തന്നില്ല്യോ?‘” പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് ദുഃഖത്തോടെ ഓർക്കും.
“മമ്മൂട്ടിയെ വെച്ചല്ല്യോ ഞാനാ സിനിമ ചെയ്തേ. നല്ല ആളാന്നെ. കൊച്ചിനു പോയി കഥ പറഞ്ഞൂടായോ?” ഇടയ്ക്കങ്ങനെ ചോദിയ്ക്കും.
“എന്റെ കൊച്ചേ, അവന്റടുക്കലൊന്നും നമുക്ക് പോകാൻ പറ്റുകേലാ” മറ്റൊരു സിനിമാക്കാരന്റെ പേരു പറഞ്ഞു- “പോവല്ലേ, ഭാവി തൊലയുവേ” എന്നുപറയും. സിനിമാനഷ്ടങ്ങളും മറ്റു നഷ്ടങ്ങളും നികത്തത്തക്ക ത്രാണിയുള്ള ഒരു ബിസിനസായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ തട്ടകം.
ഇഷ്ടംപോലെ പോലെ ബ്രാൻഡുകളിൽ മദ്യമുൽപാദിപ്പിക്കുന്ന വലിയ മൂന്നാല് ഡിസ്റ്റിലറികളുടെ മുതലാളി കൂടിയായിരുന്നു അദ്ദേഹം. ഒരുപാട് ബാറുകളും സ്വന്തമായുണ്ടെന്നാണ് അറിവ്. മദ്യോൽപാദനത്തെപ്പറ്റി നല്ല വിവരമായിരുന്നു.
“നല്ല മദ്യം വേണേൽ നല്ല സ്പൈസസ് വേണം” അതിടയ്ക്കിടെ പറയുന്നത് കേൾക്കാം.
“നല്ല ഒരു അബ്കാരി ആന്നേ”, ജോസപ്പേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ജോസപ്പേട്ടന്റെ ഡിസ്റ്റിലറിയിൽ വളരെ പ്രധാനപ്പെട്ടതും കോടിക്കണക്കിന് രൂപ വിലവരുന്നതുമായ ഒരു യന്ത്രം സ്ഥാപിച്ചിട്ടില്ലെന്ന് അക്കാലത്താണ് ആരോ പറഞ്ഞ്ഞങ്ങൾ അറിഞ്ഞത്. ഈ യന്ത്രം ഉണ്ടെങ്കിൽ മാത്രമേ മദ്യത്തിന് ക്വാളിറ്റി കൃത്യമായി നിലനിർത്തുവാൻ കഴിയുകയുള്ളൂവത്രെ. ബ്ലെൻഡിങ്ങോ മറ്റോ ചെയ്യുന്ന ഈ യന്ത്രമില്ലാതെ എങ്ങനെ ക്വാളിറ്റി നിലനിർത്തുവാൻ കഴിഞ്ഞുവെന്നത് സമസ്യയായിരുന്നു.
“അതെന്ത് സൂത്രാ ജോസപ്പേ?”, മെക്ക്ഡോവൽസ് കമ്പനിയുടെ ക്വാളിറ്റി കൺട്രോളർ മാനേജർ അത്ഭുതത്തോടെ ചോദിച്ചു.
“പത്തമ്പത് കോടി രൂപ കൊടുത്ത് അത്രയും വലിയ യന്ത്രമൊന്നും നമ്മൾ വാങ്ങേണ്ടതില്ല. ഞാനതിനുപകരം രണ്ട് കപ്പലങ്ങ് വാങ്ങി, പുറംകടലിൽ നങ്കൂരമിടാൻ അനുമതിയും വാങ്ങി. പ്രോസസ് ചെയ്ത മദ്യം പമ്പ് ചെയ്ത് ഈ കപ്പലിനകത്തോട്ട് അടിച്ചു കയറ്റും. പുറംകടലിൽ കിടന്ന് മൂന്നാല് ദിവസം കൊണ്ട് നല്ല ഒന്നാംതരമായി ബ്ലെൻഡ് ചെയ്ത് വരും.”
“എന്റെ ദൈവമേ”, കേട്ടയാൾ തലയിൽ കൈവച്ചു പോയി.
“ഇച്ചിരി ബുദ്ധിയുണ്ടെങ്കിൽ എന്താ ചെയ്തുകൂടാത്തത്?” ജോസപ്പേട്ടൻ ചിരിച്ചു. ഈ കഥ സത്യമായാണോ പറ്റിക്കാനാണോ പറയുന്നതെന്ന് എനിയ്ക്കറിയില്ല. പക്ഷെ അതിൽ ഒരു കൗതുകമുണ്ടായിരുന്നു.
സംഭവബഹുലമായിരുന്നു ജോസപ്പേട്ടന്റെ ജീവിതം. സഹപാഠി കുത്തേറ്റുമരിച്ചതിന്റെ പഴികിട്ടി കോളേജ് വിദ്യാഭ്യാസം പാതിവഴിയിൽ നിന്നുപോയ ഒരു കുട്ടിയുടെ കഥ ഇടയ്ക്കിടെ പറയുമായിരുന്നു. ഗുരുവായൂരപ്പൻ കോളേജിൽ പിന്നീട് പഠിക്കാൻ വന്നതും. ആൺകുട്ടികളുടെ ഹോസ്റ്റൽ പെൺകുട്ടികൾക്കായി 2000-ൽ തുറന്നുകൊടുത്തപ്പോൾ എനിയ്ക്കു കിട്ടിയ റൂമിന്റെ മച്ചിൽ വലിയതായി എഴുതിവെച്ച പേരെനിക്ക് പരിചിതമായിരുന്നു- രാജൻ വർഗീസ് ജോസഫ്... ഒരേസമയം കോൺഗ്രസുകാരുമായും കമ്യൂണിസ്റ്റുകാരുമായും അദ്ദേഹം നല്ല ബന്ധം പുലർത്തി. എല്ലാർക്കും വാരിക്കോരി ഇലക്ഷൻ ഫണ്ട് നൽകി. എല്ലാവരുമായും ഒരുപോലെ സ്നേഹവും തുടർന്നു.
വാട്ട്സാപ്പിൽ വരുന്ന കൊച്ചുകൊച്ചു കോമഡി വീഡീയോകൾ പ്രിയങ്കരമായിരുന്നു.
“തമാശായൊള്ള ഒരെണ്ണം അയച്ചേ”, ഇടയ്ക്കിടെ ചളി വീഡിയോകൾ ഞാനയച്ചുകൊടുത്തു.
“കൊള്ളാം, കൊള്ളാം” പുള്ളി സന്തോഷം അയയ്ക്കും.
“സന്തോഷ വീഡിയോകൾ വല്ലോമൊണ്ടോ?” ഇടക്കാലത്ത് ചോദിച്ചു.
“ഗുണ്ടായിസോം കച്ചറയുമൊക്കെ നിർത്തി ഇപ്പോ സന്തോഷ വീഡിയോ ആണോ പ്രിയം? അല്ല അതിരിയ്ക്കട്ടെ മന്ത്രിമാർക്ക് കൈക്കൂലി കൊടുക്കുന്ന വീഡിയോ ഒന്നും ഇല്ലേ?”
“യ്യൊ, കൊച്ചേ കൊഴപ്പിക്കല്ലെ.”
സ്കറിയാ സക്കറിയയെ ആ ജോലിയിൽ നിന്ന് മാറ്റാനായി അഞ്ചുകോടി മന്ത്രിയ്ക്കു കൈക്കൂലി കൊടുത്തെന്ന ഗോസിപ്പ് പറഞ്ഞ് ഞാൻ കളിയാക്കി.
“കൊച്ചിന്റെ പാർട്ടിക്കാർക്ക് കൈക്കൂലി നൽകാമെന്നു നേർച്ചയൊണ്ടോ?
എന്നെ തിരിച്ച് കളിയാക്കും.
ഒരിയ്ക്കൽ കോമഡി വീഡിയോ ചോദിച്ചപ്പോൾ ഞാൻ ഇത്തിരി ഗൗരവത്തിലായി, “പേടിപ്പിക്കുന്ന വീഡിയോ വേണോ?”
“ആ പോരട്ടെ”, ധീരവീര മറുപടി.
ഞാനും മടിച്ചില്ല. തിബറ്റൻ സ്കൈ ബറിയലിന്റെയും മരണാനന്തര ചടങ്ങിന്റെയും എത്നോഗ്രാഫിക്കൽ വീഡിയോ തന്നെ അയച്ചുകൊടുത്തു.
മരണത്തിന്റെ വ്യതിരിക്തമുഖം കാണിയ്ക്കുന്ന വല്ലാത്ത വീഡിയോ ആയിരുന്നു അത്. മരിച്ചയാളുടെ ഉടൽ നഗ്നമായി കമിഴ്ത്തിക്കിടത്തിയിരുന്നു. അയാളുടെ ശരീരഭാഗങ്ങൾ അറുത്തിട്ടിരിക്കുന്നു. ഉടൽ മാന്ത പൊളിയ്ക്കുംപോലെ പൊളിച്ചുപിളർത്തി. ചോരച്ചുവപ്പാർന്ന മാംസത്തിന്റെ പിളുപിളാത്തുടകൾ. നെഞ്ചിലെ മാംസളമായ ഇറച്ചിത്തുണ്ടുകൾ. അവ കാത്തിരിയ്ക്കുന്ന ഹിമാലയൻ കഴുകുകൾ...
വല്ലാത്ത ഒരു വീഡിയോ...
മരണത്തിന്റെ ആകാശമുഖം കാണുന്ന വല്ലത്തൊരു വീഡിയോ...
“പേടിപ്പിച്ചുകളഞ്ഞല്ലോ കൊച്ചേ, ജോസപ്പേട്ടന് ഇതൊന്നും താങ്ങുകേല.”
ഫോണിലൂടെ അദ്ദേഹത്തിന്റെ അതിദുർബലമായ ശബ്ദം കേട്ടു.
ഞാൻ വല്ലാതെയായി.
“എന്റെ ജോസപ്പേട്ടാ നിങ്ങക്ക് പേടിയോ?” ഞാൻ ആധി മറച്ച് ചിരിയ്ക്കാൻ നോക്കി.
“ധൈര്യവൊക്കെ പോയി കൊച്ചേ.” ഞാനാ വാക്കുകൾ അത്ര ഗൗരവമായി എടുത്തതേയില്ല...
കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ പത്രത്തിൽ ഞാനദ്ദേഹത്തിന്റെ പടം കണ്ടു. മരണ അറിയിപ്പ്. ആസ്റ്റർ മെഡിസിറ്റിയിലായിരുന്നെന്നും രോഗാതുരനായിരുന്നെന്നും അദ്ദേഹം എന്നോട് മറച്ചുവെച്ചു. ആശുപത്രിയ്ക്കിടയ്ക്കയിലെ വേദനയാർന്ന നിമിഷങ്ങളിലായിരിയ്ക്കാം തമാശ വീഡിയോകൾ ചോദിച്ചത്... ഞാനത് അറിഞ്ഞതേയില്ല. എന്റെ മുന്നിൽ എക്കാലത്തും കരുത്തനായ, ധീരനായ ജോസപ്പേട്ടനായിരുന്നു. അതല്ലാതാകാൻ അദ്ദേഹവും ആഗ്രഹിച്ചില്ല.
കാലം കടന്നുപോയി. ചാണക്യന്മാരുടെ അപ്പോസ്തലനായ ജോസപ്പേട്ടനെ ഞാനിന്നും പ്രതിസന്ധഘട്ടങ്ങളിൽ ഓർക്കും. ആ തന്ത്രങ്ങൾ ബുദ്ധികൾ, കരുനീക്കങ്ങൾ എല്ലാം വിവേകപൂർണമാവണമെന്ന പാഠം ഞാനോർക്കും.
“കൊച്ചേ ധൈര്യമായിരി, ഈ ജോസപ്പേട്ടനില്ലേ” എന്ന വാഗ്ദത്തം ഓർമ വരും.
ഓരോ ആഗസ്റ്റുകളും ആ നഷ്ടം ഓർമിപ്പിക്കും.
എവിടെയോ, ഏതോ, പള്ളി സെമിത്തേരിയിൽ ജോസപ്പേട്ടൻ ഉണ്ടെന്ന ഓർമ ഹൃദയത്തെ മുറിപ്പെടുത്തും,
ആത്മാവിനെ സങ്കടപ്പെടുത്തും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.