ഇന്ദുമേനോൻ.

​ചിത്തരോഗാശുപത്രിയിൽ നിന്ന്​ എന്റെ അതിഥി;
അപരിചിതോന്മാദപ്പരിണാമ മനുഷ്യൻ

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)- 7

ഞാനോടി. സ്‌കൂളിന്റെ മറ്റേയറ്റം വരെ ഓടി. ഞാനൊരു ഒടിഞ്ഞ ശിരസ്സുള്ള ഉരഗിണിയായിരുന്നു. ആരും കാണാതെ ഇഴഞ്ഞുപോകുന്നവൾ. എന്നെ ആരും കാണാതിരിക്കാൻ ഞാൻ നന്നെ പരിശ്രമിച്ചു.

രിക്കൽ ഞാൻ പേങ്ങാട് സ്‌കൂളിന്റെ പാടമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നെല്ല് കൊയ്‌തെടുത്തുകൊണ്ടിരിക്കുന്ന നാട്ടുകൂട്ടം.
പാടത്തുയർന്ന ഇളന്നെൽപ്പാൽമണ കൊയ്ത്തുപാട്ട്.
കാക്കിയും ഉണ്ണ്യാമനും അനേകം പേരും ചേർന്ന്​ നെൽക്കതിർ കെട്ടി അട്ടിയിട്ടു. പാൽത്തൊണ്ടിനെല്ല് മൂത്ത മണം കാറ്റിൽ കിട്ടി. കളിമണ്ണിൽ നെൽക്കതിർക്കണ്ണികൾ വേരറുന്ന ഭൂവിന്റെ ഉൾഗന്ധം കിട്ടി. കറ്റയുടെ വൈക്കോലിന്റെ ഉന്മാദകരമായ മണം തുടിച്ചുയർന്നു. പ്രാണികളും വയലറ്റ് പൂത്തുമ്പികളും മഞ്ഞ പൂമ്പാറ്റകളും അതിരിൽ നിറഞ്ഞ കാട്ടുതെച്ചിപ്പഴങ്ങൾ കടിച്ചുതിന്നു.

അപ്പോഴാണ് ആ കൈകൾ എന്റെ നേർക്ക് നീണ്ടുവരുന്നത് കണ്ടത്.
അതേ കൈകൾ, മൃത്യുത്തണുപ്പിൽ വിറങ്ങലിച്ചു തൂങ്ങിയാടിയ കൈകൾ.
ഛർദിൽ മണമുള്ള അച്ചിങ്ങാപ്പയർ വിരൽ. വൈദ്യുതാഘാതക്ഷതത്താൽ വയലറ്റാർന്ന തൊലിച്ചുളിവുകൾ. പറ്റെ വെട്ടിയ മുടി. ഒരു കൈയിൽ പുളിരസമാർന്ന പച്ചത്തൊലിയൻ കുടക് നാരങ്ങയുടെ പാതിയുണ്ടായിരുന്നു. അതിൽ പുരട്ടിയ മുളക് മസാലയെന്നെ കൊതിപ്പിച്ചു. ആദ്യത്തെ അമ്പരപ്പ് അവസാനിച്ചപ്പോൾ ഞാൻ മനസ്സിലാക്കി, അത് ശിമ്മാമയായിരുന്നു. അമ്മയുടെ മൂത്ത അനിയൻ. പാതി നാരങ്ങ കുഞ്ഞുങ്ങളെപ്പോലെ ശിമ്മാമ ഈമ്പിത്തിന്നു. ബാക്കിപ്പകുതിയുടെ പ്രലോഭനത്തിൽ ഞാൻ കുഴങ്ങി. എന്റെ കൈ അറിയാതെ നീണ്ടു.
‘‘എന്താ, അന്റെ മുടിങ്ങനെ?'' എന്റെ ചപ്രച്ച സ്​പ്രിങ്ങൻ മുടിക്കണ്ണികളിലൂടെ ശിമ്മാമ വിരലോടിച്ചു. ഓറഞ്ച് വാങ്ങിച്ചതിന്റെ ഒരു അനുസരണ കാണിക്കാൻ എനിക്കായില്ല.
‘‘വേണ്ട'', ഞാൻ നിഷേധിച്ചു.
‘‘അണക്ക് സത്യേട്ത്തി മുട്യൊന്നും മാടിത്തരലില്ലെ?''
എന്റെ അമ്മ, ശിമ്മാമയുടെ നേരേടത്തി സത്യ.

വൈദ്യുതിയില്ലാത്ത മുടകുവിളക്കിന്റെ മണ്ണെണ്ണ വെളിച്ചത്തിൽ, തറയിൽ തേച്ച ചാണകത്തിന്റെ മുരുമുരപ്പിൽ അസ്വസ്ഥയായി നേരം വൈകിയതോർത്തു കുതിച്ചോടവെ, എന്റെയമ്മയ്ക്ക് എന്ത് മുടി? എന്ത് മകൾ? അഞ്ചു വയസ്സിൽ ഒരർത്ഥത്തിൽ അമ്മയാൽ ഞാൻ ഉപേക്ഷിക്കപ്പെട്ടവളായിരുന്നു.

ആദ്യമായി പുതിയനാട്ടിൽ, പുതിയ വീട്ടിൽ, മൂന്നടി ഇടുക്കു വഴിക്കയറ്റങ്ങളിൽ,
28 കോൽ കിണറാഴങ്ങളിൽ, വൈദ്യുതിയില്ലാത്ത മുടകുവിളക്കിന്റെ മണ്ണെണ്ണ വെളിച്ചത്തിൽ, തറയിൽ തേച്ച ചാണകത്തിന്റെ മുരുമുരപ്പിൽ അസ്വസ്ഥയായി നേരം വൈകിയതോർത്തു കുതിച്ചോടവെ, എന്റെയമ്മയ്ക്ക് എന്ത് മുടി? എന്ത് മകൾ? അഞ്ചു വയസ്സിൽ ഒരർഥത്തിൽ അമ്മയാൽ ഞാൻ ഉപേക്ഷിക്കപ്പെട്ടവളായിരുന്നു. വീട്ടുകാരുമായി പിണങ്ങി അച്ഛൻ പോയതിൽ പിന്നെ ഭൂദാൻ ഭൂമിയ്ക്കടുത്ത് അച്ഛന്റെ രാധേട്ടനോട് പറഞ്ഞൊരു വീട് കെട്ടാൻ തീരുമാനിച്ചിരുന്നു.
‘‘ഇത്ര ഉള്ളോട്ട് വേണ്ട വിക്രമാ'', രാധേട്ടൻ സൂത്രാഞ്ജലിയിൽ മുഴുകി.
ഞാൻ ചർക്കയുടെ ചക്രം കറങ്ങുന്നത് നോക്കിനിന്നു.
‘‘എന്നെ പഠിപ്പിക്ക്യോ ബാബാ?''
‘‘പിന്നെന്താ?'' രാധേട്ടൻ സമ്മതിച്ചപ്പോൾ ഞാനും ചർക്ക നൂറ്റുവാനായി റാട്ട് തിരിച്ചു. ഗാന്ധിയന്മാർ കൈയടിച്ചു. വൈഷ്ണവ ജനതോ അച്ഛൻ പാടി. അനേകം കുട്ടികളത് ഏറ്റുപാടി... ‘‘രഘുപതി രാഘവ രാജാറാം''

അച്ഛന്റെ ശബ്ദം നഗരപ്രദക്ഷിണജാഥയിൽ മനോഹരമായുയർന്നു കേട്ടു. അതിമനോഹരമായ ശബ്ദം, ഗാന്ധിസേവാസമിതിക്കാർ അത്ര രസകരമല്ലാത്തെ ശബ്ദത്തിൽ ഏറ്റുപാടി. ഒരു ലോറിയുടെ പുറകിൽ കയറിനിന്നുകൊണ്ടാണ് അച്ഛൻ പാടുന്നത്. സംഘപ്പെൺകുട്ടികൾ മൈക്കിലൂടെ കൂടെപ്പാടി. രാധേട്ടനും ചിന്നേട്ടനും നഗരത്തിലെ സ്വാതന്ത്ര്യസമര സേനാനികളും അടങ്ങുന്ന ഗാന്ധിയന്മാരുടെ സംഘം പഴയ മാതൃഭൂമി ഓഫീസിനുമുന്നിലൂടെ മാനാഞ്ചിറയിലേയ്ക്കു നടന്നു. ഞാൻ എല്ലാത്തിനും മുന്നിലൂടെ നടന്നു. മുന്നിൽ ജാഥയുടെ ബാനർ പിടിച്ച പെണ്ണുങ്ങളായിരുന്നു. ഗാന്ധിത്തൊപ്പി ധരിച്ച അസംഖ്യം പേർ. എനിയ്ക്ക് ഗാന്ധി വെള്ളത്തൊപ്പി പാകമായിരുന്നില്ല. ഞാൻ മുസ്തഫയോടോ ഹുസൈനോടോ കടം വാങ്ങിയ, അവരുടെ മദ്രസയിൽ ഇടുന്ന തൊപ്പി തലയിൽ വച്ച് തൽക്കാലം ഒരു നീക്കുപോക്ക് നടത്തി.

പാൽത്തൊണ്ടിനെല്ല് മൂത്ത മണം കാറ്റിൽ കിട്ടി. കളിമണ്ണിൽ നെൽക്കതിർക്കണ്ണികൾ വേരറുന്ന ഭൂവിന്റെ ഉൾഗന്ധം കിട്ടി. / Photo : Unsplash.

ഗാന്ധിജയന്തി പരിപാടികൾ കഴിഞ്ഞതും അച്ഛൻ വീണ്ടും രാധേട്ടനോട് തന്റെ ആവശ്യം പറഞ്ഞു; ‘‘പെരിങ്ങാവിൽ വേണ്ട വിക്രമൻ. അത്ര ഉള്ളിലേക്ക് വീട് എടുത്തുകഴിഞ്ഞാൽ സത്യയ്ക്ക്​ സ്‌കൂളിൽ പോകാനും മറ്റും ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് നിങ്ങൾ ഭൂദാൻ ഭൂമിയുടെ ഇങ്ങേ അറ്റത്തേയ്ക്ക് നീങ്ങിയ സ്ഥലത്ത് എവിടെയെങ്കിലും ഒരു വീട് വാങ്ങുക. പതിനൊന്നാം മൈൽസിൽ നിന്നും വണ്ടി കേറാൻ സൗകര്യത്തിന്.’’

ബാബയുടെ നിർദേശാനുസരണം അച്ഛൻ വീട് വാങ്ങാൻ ശ്രമിച്ചു. വീടൊന്നും ഒത്തുവന്നില്ല. അച്ഛന്റെ തുച്ഛശമ്പളത്തിനു വാങ്ങാൻ കഴിയുന്ന വീടില്ലായിരുന്നു. പലയാവർത്തി ചെന്നുകണ്ടും വിലപേശിയും അച്ഛന് മടുത്തു.
ഒടുവിൽ കോളനിയുടെ തുടക്കത്തിൽ കഷ്ടി ഏഴു സെൻറ്​ ഭൂമി വാങ്ങാൻ അദ്ദേഹത്തിനുകഴിഞ്ഞു. ഒരു മലയടിവാരത്തിൽ കോളനിയുടെ ഏറ്റവും അറ്റത്തായുള്ള സ്ഥലം. ലോണെടുത്തും കടം വാങ്ങിയും ഒരു കുഞ്ഞുവീട് വെയ്ക്കാനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു. മാസങ്ങൾക്കുള്ളിൽ ആ വീടുയർന്നു. അതിന്റെ പണി കഴിഞ്ഞതും അച്ഛൻ ആ സ്ഥലം കാണാൻ ഞങ്ങളെ കൊണ്ടുപോയി. പതിനൊന്നാം മൈൽസ് എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും അതിർത്തിയെഴുതിയ മഞ്ഞക്കല്ല്- ‘സ്വാഗതം മലപ്പുറം ജില്ല’. മറുപുറത്ത് ‘സ്വാഗതം കോഴിക്കോട് ജില്ല’ എന്നെഴുതിവെച്ചിരുന്നു. അൽപമകലെ ഇർശ്വാദ് സിബിയൻ മദ്രസയുടെ മുഖക്കൊടി പച്ചയിലക്കൈ വീശി ആകാശത്തേയ്ക്കുയർന്നുപാറി.
നമ്പ്യാരുടെ മുറുക്കാൻ കടയും മനോഹരേട്ടന്റെ തുന്നക്കടയും പാറോളി സതിയേച്ചിയുടെ പോസ്റ്റാപ്പീസുമടങ്ങിയ പ്രാകൃത കെട്ടിടസമുച്ചയം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുപൊളിഞ്ഞുവീഴാവുന്ന പ്രേതക്കോട്ടയെപ്പോലെ നിന്നു. നമ്പ്യാരുടെ ഒരു കാൽ മുറിച്ചുകളയുന്നതിനും മുമ്പായിരുന്നു അത്. അക്കാലത്ത്​അദ്ദേഹത്തിനുവന്ന പക്ഷാഘാതം മൂലം ഉടലിനാകെ ബലക്കുറവായിരുന്നു. അദ്ദേഹം നടക്കാൻ അൽപം പ്രയാസപ്പെട്ട് വേച്ചുവേച്ചു കയറ്റം കയറി പോകുന്നത് കാണാറുണ്ടായിരുന്നു. മസാലപ്പീടികയായിട്ടും തളിർ വെറ്റയുടെയും അടയ്ക്കയുടെയും മണം ആ അന്തരീക്ഷത്തിൽ തങ്ങിനിന്നു. ഡാനിഡാ ശുദ്ധജല പദ്ധതിയോഫീസായിരുന്നു തൊട്ടടുത്ത്. പുളിയച്ചാറും കട്ടിമിട്ടായിയും വിൽക്കുന്ന നായരുടെ കട, സെയ്താല്യാക്കാന്റെ പീട്യ, മേരി സിസ്​റ്റർ വാടകയ്ക്കു താമസിച്ച ഇരട്ട ക്വാർ​ട്ടേഴ്​സ്​, സുലൈഖാന്റെ വാപ്പാന്റെ വർക്കുഷോപ്പ്, കുഞ്ഞാപ്പിന്റെ തയ്യൽക്കട എന്നിവയായിരുന്നു ഒരു വശമെങ്കിൽ മറുവശം അൽപം അപകടകരമായിരുന്നു. സക്കീറിന്റെ പൊര കഴിഞ്ഞാൽ മൊളൊകൊടി വാസൂന്റെ പൊടിമില്ല്, കരിങ്കൂറ്റന്മാരായ ചെക്കന്മാർ പെണ്ണുങ്ങളെ ‘പ്യൂം പ്യൂം' എന്നു വിസിലടിച്ചു വിളിയ്ക്കുന്ന ഒരു ലോറി വർക്ക്ഷാപ്പ്, ചാരായഷാപ്പ്, മൊയലാളി ചന്ദ്രേട്ടന്റെ ടെറസ്​ പൊര... ഓരോ കടയും ഓരോ കഥയുള്ളതാണ്. ബസിറങ്ങി നടക്കെ ഞാനിവയെല്ലാം ഹൃദയത്തിന്റെ എക്കോഷീറ്റിൽ എക്കോ എടുത്ത് പതിപ്പിച്ചു.
ഞങ്ങൾ അച്ഛനും മക്കളും ഭയങ്കരമായി ആഹ്ലാദിച്ചു. അമ്മയോ കഠിനദുഃഖത്താൽ വാടി.

അമ്മ യഥാർഥത്തിൽ തകർന്നുപോയത് അപ്പോഴായിരുന്നു. തറ മുഴുവൻ മണ്ണിട്ടു നിലം തല്ലിയുറപ്പിച്ചു ചാണകം മെഴുകിയിരിക്കുകയാണ്. രണ്ടു കുഞ്ഞു മുറികൾ. ചെത്തി തേക്കാത്ത ചെങ്കല്ലു ചുമരുകൾ.

‘‘ഇനി ദെത്ര നടക്കണം?'' അമ്മ പിറുപിറുത്തു. അച്ഛനും ഞങ്ങൾക്കും സ്വർഗത്തിലേയ്ക്കുള്ള യാത്രയായിരുന്നു അത്. എന്നാൽ അമ്മയ്ക്ക് അത്​ യാതനാകരമായിത്തോന്നി. അമ്മവീട്ടിലെ അമ്മയുടെ പറുദീസ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അമ്മമ്മ വീട്ടുകാരുമായി പിണങ്ങി രാമനാട്ടുകരയിൽ ജീവിച്ച് അച്ഛനും മടുത്തിരുന്നു. അച്ഛന്റെ ഇന്ദുക്കുട്ടിയില്ലാതെന്തു ജീവിതം? പുതിയ വീട്, അച്ഛൻ തന്നെ പണിയെടുപ്പിച്ചുണ്ടാക്കിയ എന്റെ പ്യൂപ്പ വീട്. അതിനച്ഛൻ ഇന്ദു ഭവൻ എന്ന് പേരിട്ടു. സ്വപ്ന​ത്തിലേയ്ക്ക്​, സ്വർഗത്തിലേയ്ക്ക്​ ഞങ്ങൾ ആദ്യം വലിയൊരു കുന്നു കയറുകയും മൂന്നടിയിടവഴിയിലൂടെ ഇറങ്ങുകയും ചെയ്തു.
ആ കൊച്ചു വീടിന്റെ രൂപം കണ്ട് അമ്മ തലയ്ക്ക് കൈ വെച്ചു നിന്നുപോയി. ചെത്തിത്തേയ്ക്കാത്ത, ഓടുപാകിയ ആ വീട്, ആ പ്രദേശത്തെ മികച്ച വീടുകളിൽ ഒന്നായിരുന്നുവെന്നു പറയാതെ വയ്യ. എന്നിട്ടും അമ്മ വീടുകണ്ട്​ ഞെട്ടിപ്പോയി.
വീടിനുചുറ്റും നടക്കെ ആഴക്കിണർ കണ്ടു. പാതാളത്തിലേയ്ക്കച്ഛൻ കുഴിപ്പിച്ചെടുത്ത അതിന്റെ 28 കോൽ ഞാനെണ്ണവെ അതിന്റെ തെളിനീല ജലത്തിലേക്ക് ‘ചാടി ചത്താലും വേണ്ടില്ല' എന്ന് അമ്മ പിറുപിറുത്തു.

അച്ഛൻ വീടിന്റെ വാതിൽ തുറന്നു. കൊച്ചു പൊളികളുള്ള രണ്ട് വാതിലുകൾ. മനോഹരമായ സാക്ഷ. അമ്മ യഥാർഥത്തിൽ തകർന്നുപോയത് അപ്പോഴായിരുന്നു. തറ മുഴുവൻ മണ്ണിട്ടു നിലം തല്ലിയുറപ്പിച്ചു ചാണകം മെഴുകിയിരിക്കുകയാണ്. രണ്ടു കുഞ്ഞുമുറികൾ. ചെത്തി തേക്കാത്ത ചെങ്കല്ലുചുമരുകൾ. വീടിന്റെ മുൻവശത്ത് ഇരിക്കാൻ കൊച്ചുതിണ്ണ. മണ്ണുമെഴുകിയ പണിതീരാത്ത അടുക്കളയുമായി ഒരു വീട് ഞങ്ങളുടെ സാക്ഷാത്കാരസ്വപ്നമായി തലയുയർത്തി നിന്നു. അച്ഛന്റെ അടുക്കലേയ്ക്കുള്ള യാത്ര പോലെ മനോഹരമായ ഒരു യാത്രയുമില്ലെന്ന്​ ഞാനന്നേ മനസ്സിലാക്കി. എന്റെ മകനും അങ്ങനെ തന്നെ, അവന്റെ അച്ഛന്റെ അടുത്തേയ്ക്കു പോകുന്ന യാത്രയാണവന്​ ഏറ്റവും പ്രിയതരം.

അമ്മയുടെ മുഖം കാണണമായിരുന്നു. പറങ്കിമാങ്ങാത്തോട്ടത്തിൽ നിന്ന്​ പഴുത്തു ചോന്ന മാങ്ങാ മാതിരി. ദേഷ്യത്താൽ, ദുഃഖത്താൽ, ചോപ്പണിഞ്ഞു നിന്നു. നിരവധി മുറികളുള്ള മട്ടുപ്പാവും മുറിയിൽ തന്നെ ഓവറയും ഉള്ള, മൂന്നു കോലാഴത്തിൽ കിണറുള്ള, അക്കിണറിൽ മോട്ടോറും കറണ്ടുമൊക്കെ ഉണ്ടായിരുന്ന വീട്ടിൽ നിന്നാണമ്മ വരുന്നത്. അമ്മയ്ക്ക് കരച്ചിൽ പൊടിഞ്ഞു. അച്ഛന്റെയുള്ളിലെ ഗാന്ധിജി ജാഗരൂഗനായി. അമ്മ കസ്തൂർബായിയല്ലെന്ന്​ അച്ഛനു നന്നായിട്ടറിയാം. സാധാരണക്കാരി. നാട്ടുമ്പുറത്തെ രീതികളും മട്ടുമുള്ള ഒരു വെറും സാധാരണക്കാരി.

‘‘നിങ്ങൾക്കിത് ബുദ്ധിമുട്ടായിരിക്കും എന്നെനിക്കറിയാം സത്യേ. പക്ഷേ ഈ സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന എനിയ്ക്ക് ചില തീരുമാനങ്ങൾ എടുത്തേ പറ്റൂ''
അമ്മ മൂളി.
വൈദ്യുതിയില്ല എന്ന അത്ഭുതകരമായ രഹസ്യം എന്റെ അനുജനാണ് കണ്ടുപിടിച്ചത്.
‘‘ചൂട് ഇടുക്കുന്നു, ചൂട് ഇടുക്കുന്നു'' എന്നുപറഞ്ഞു അവൻ ചുമരുകളിലൊക്കെ സ്വിച്ച് ബോർഡുകൾ തപ്പി. അമ്മ അന്തിച്ചു. ആ വീട്ടിൽ സ്വിച്ച്​ ബോർഡ് ഉണ്ടായിരുന്നില്ല. വയറിങ് ചെയ്തിരുന്നില്ല.

അമ്മയുടെ വെളുത്ത മുഖം ചുവക്കുകയും പിന്നെ നീലിയ്ക്കുകയും ചെയ്തു. ഇത്രയും ഭംഗിയുള്ള ഒരു വീട് ഞാൻ അക്കാലമത്രയും കണ്ടിട്ടുണ്ടായിരുന്നില്ല. മന്ദാരത്തിന്റെ കുഞ്ഞുമലരാൽ തട്ടിത്തുറക്കുന്ന മരയഴിയിട്ട മരജനാലകളും ഓറഞ്ച് വെട്ടുകല്ലു ചുമരുള്ള മനോഹരമായ വീട്. ഉമ്മറത്തിണ്ണയിലിരിക്കുമ്പോൾ പറങ്കിമാവിൻ തോട്ടത്തിൽ മാവുപൂക്കുന്ന മണമേന്തിയ കാറ്റ് ഒറ്റയ്ക്കു ഓടിവന്നു. അണ്ടികൾ ചുട്ടുതല്ലി തിന്നുന്ന ആഹ്ലാദമോർക്കേ എനിക്ക് ചാടിത്തുള്ളാൻ തോന്നി. ആശാരിക്കാവിൽ നിന്ന്​ ചക്കമുല്ലവള്ളികളിൽ കുഞ്ഞരിപ്പല്ലു പൂത്ത മൊട്ടിൻ വെള്ളമണം കയറിവന്നു. വീടിനുവേണ്ടി മണ്ണെടുത്തതിനാൽ രൂപപ്പെട്ട ചുമരുകളിലെ മൺപൊത്തിൽ നിന്ന്​ പാമ്പിൻകുട്ടികൾ തല വെളിയ്ക്കിട്ടുനോക്കി. ചുവന്ന ഇരട്ടനാവ് കാണിച്ച് എന്നെയും അനിയനെയും പേടിപ്പിക്കാൻ നോക്കി. കൈയിൽ കൊങ്കി ഇരുമ്പില്ലാത്തതിനാൽ ഞാനധികം അവറ്റകളെ ശ്രദ്ധിച്ചില്ല. ഒരു വേട്ടക്കാരിയ്ക്കു ചേർന്ന നിർമമതയോടെ പാമ്പുകളുടെ വാസയിടം മനസ്സിൽ രേഖപ്പെടുത്തി. ഉടൽ മുഴുവൻ പച്ചച്ച ഒരു കുന്ന്​. അപ്പക്കാടുകൾ വിളിച്ചുപറഞ്ഞ കമ്മ്യൂണിസ്റ്റ് ജീവിതം. വേലിയരികിലെ ചീമക്കൊന്നകളുടെ ഈറൻ വയലറ്റു നിറം. മുള്ളുങ്കായ, പൂച്ചക്കുട്ടിക്കായ, അരിക്കായ, മിണ്ടാമിണ്ടിക്കായ, ഞാവൽപ്പഴം, തെച്ചിക്കായ, ആകാശവെള്ളരി, കാട്ടു കോവൽ, മണിത്തക്കാളിക്കൂടകൾ... പൂക്കളും ചെടിവള്ളികളും പടർന്ന വസന്തോന്മാദച്ചരിവ്. കാറ്റിന്റെ നാട്ടുമണം കൊണ്ടെനിക്കുൾപ്പുളകമുണ്ടായി.
‘‘സത്യേ, ഇതാണ് നമ്മുടെ ജീവിതം. ഇവിടുത്തെ ഒരു കിണറുകളിലും മോട്ടോർ ഇല്ല. എന്തിന് പലർക്കും കിണർ പോലുമില്ല.’’
വീണ്ടും അമ്മ ഒന്നു മൂളി.

അച്ഛനു മുമ്പിൽ മറ്റു വഴികളില്ലായിരുന്നു. അദ്ദേഹം തന്റെ ലാളിത്യ ആശയങ്ങളിൽ വെള്ളം ചേർക്കാൻ തീരുമാനിച്ചു. അല്പദിവസത്തിനുള്ളിൽ തറ സിമന്റിടുമെന്നുറപ്പുനൽകി. ചുവന്ന കാവി തേച്ച് നൽകാമെന്നു പറയുകയും വൈദ്യുതി കണക്ഷന് അപേക്ഷിക്കുകയും ചെയ്തു.

അമ്മ എന്തോ ആലോചിച്ചു. വിഷാദഭരിതമായ മുഖത്ത്​ സങ്കടപ്പൊട്ടുകൾ തെളിഞ്ഞു. തറയിലേക്ക് കണ്ണുരുട്ടി നോക്കി. അച്ഛൻ അമ്മക്കണ്ണിൽ തീ കണ്ടു. അച്ഛനിലെ ഗാന്ധിയൻ തന്നിലെ ഭർത്താവിനുവേണ്ടി ശരിയുടെ വശം വിശദീകരിയ്ക്കാൻ പരിശ്രമിച്ചു; ‘‘സത്യ, ഇവിടുത്തെ ഈ 130 കുടുംബങ്ങളിലും തറ ചെത്തി തേച്ചിട്ടില്ല. അവർക്കൊക്കെ തറ സിമന്റു തേക്കാൻ പറ്റുന്ന അന്ന് ഞാൻ ഇവിടെയും തറ നന്നാക്കും. അതുവരെ നമുക്കീ ലളിതമായ ചാണകം മെഴുകിയ തറ മതി.''
‘ഉം', അമ്മയുടെ മൂളൽ അമർത്തിയ ദീർഘസ്ഥായിയായി.
‘‘അപ്പോ കറണ്ടിന്റെ കാര്യം?'' അമ്മ ചോദിച്ചു.
‘‘ഞാനത് പറയാൻ വരികയായിരുന്നു. ഇവിടെയുള്ള വീടുകൾക്ക് കറണ്ടില്ല. പോസ്റ്റ് വലിയ്ക്കാൻ കഴിയുന്നില്ല. അത്രയും വീടുകളിൽ കറണ്ട് വരുന്ന ഒരു ദിവസം വരും. അന്ന് നമ്മുടെ വീട്ടിലും വൈദ്യുതി വരും.'' അച്ഛൻ താൻ പറഞ്ഞത് ശരിയല്ലേ എന്ന മട്ടിൽ ഞങ്ങൾ മക്കളെ നോക്കി. ഞാൻ തലകുലുക്കി ശരിവെച്ചു.
ഹരി കരയാൻ തുടങ്ങി, ‘‘ചൂട്, ചൂട്.’’
‘‘ഗാന്ധിജിയുടെ ആശയങ്ങൾ അതാണ് നമ്മളോട് പറയുന്നത്. സത്യ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.''
അമ്മ പരിഹാസത്തോടെ ചിരിച്ചു; ‘‘പിന്നെന്താ ഞാൻ അഡ്ജസ്റ്റ് ചെയ്യാല്ലോ''
അമ്മ പതുക്കെ എന്നെയും അനിയനെയും അച്ഛൻ നിൽക്കുന്ന ഭാഗത്തേക്ക് നീക്കി നിർത്തി; ‘‘മാഷും മാഷിന്റെ കുട്ടിയോളും അഡ്ജസ്റ്റ് ചെയ്‌തോളൂ. വേണ്ടോളം ചെയ്‌തോളൂ. എനിക്കെന്താ വിരോധം? പിന്നെ സാവകാശം എല്ലാ വീടും നന്നാക്കുമ്പോ എന്നെ അറിയിച്ചാൽ മതി. എല്ലാ വീട്ടിലും കറണ്ടും വരുമ്പോ അപ്പോ വിളിയ്ക്ക്യ. അദ് വരെ ഞാൻ ന്റെ വീട്ടിൽക്ക്​ പോവാണ്.’’

അമ്മ, അമ്മവീട്ടിലേക്ക് മടങ്ങി​പ്പോകാനൊരുങ്ങി.
അച്ഛനുമുമ്പിൽ മറ്റു വഴികളില്ലായിരുന്നു. അദ്ദേഹം തന്റെ ലാളിത്യ ആശയങ്ങളിൽ വെള്ളം ചേർക്കാൻ തീരുമാനിച്ചു. അല്പദിവസത്തിനുള്ളിൽ തറ സിമന്റിടുമെന്നുറപ്പു നൽകി. ചുവന്ന കാവി തേച്ച് നൽകാമെന്നു പറയുകയും വൈദ്യുതി കണക്ഷന് അപേക്ഷിക്കുകയും ചെയ്തു.

ഏറനാടൻ മലപ്പുറ ഗ്രാമത്തിലെ മത്സ്യതൊഴിലാളികളുടേയും കൂലിപ്പണിക്കാരുടേയും സാധാരണ മനുഷ്യരുടേയും മക്കളുടെ അക്ഷരാഭയകേന്ദ്രമായ പേങ്ങാട് സ്‌കൂളിലേയ്ക്ക് പല്ലു മാത്രം തേച്ചും മേലു മാത്രം കഴുകിയും, ചിലപ്പോൾ പല്ലു തേക്കാതെയും കുളിക്കാതെയും ഞാൻ ചെന്നു. / Photo : Fb Page, B. T. M. A. M Up School Pengad

അങ്ങനെയങ്ങനെ ഞങ്ങൾ ഇപ്പോൾ 1985-ൽ പതിനൊന്നാം മൈൽസിലെ കുറ്റിക്കാടുകൾ പൂത്തുപൂത്തിറങ്ങിയ ഒന്നാന്തരമൊരു മലയുടെ കീഴിലാണ് താമസം. നഗരത്തിന്റെ ആർഭാടവും ആഹ്ലാദവും മാറി. പുതിയ കാലം പുതിയ മനുഷ്യർ. എന്നെ പുതിയ സ്‌കൂളിൽ ചേർത്തു. എന്റെ പേങ്ങാട് സ്‌കൂൾ. പത്തരയ്ക്ക് തുടങ്ങുകയും നാലരയ്ക്ക് തീരുകയും ചെയ്യുന്ന സ്‌കൂൾ.
അമ്മയ്ക്ക് നേരത്തെ പോകണം. ഏഴേ മുക്കാലാകുമ്പോൾ തന്നെ അമ്മ വീട്ടിൽ നിന്നിറങ്ങും. അച്ഛനാകട്ടെ ഒമ്പതിനും. അക്കാലങ്ങളിലെല്ലാം വയറിലെ പ്രശനങ്ങൾ കാരണം അച്ഛൻ മണിക്കൂറുകളോളം കക്കൂസ്സിൽ തപസ്സിരുന്നു. പുറത്തിറങ്ങി ചായയും ചൂടുവെള്ളവും കുടിച്ചു.
‘‘ഇദ് പോകുന്നില്ലലോ. എനിക്കാന്നേ സ്‌കൂളിൽ പോകാൻ സമയവുമായി'', അച്ഛൻ പരിഭ്രാന്തിയോടെ സ്‌കൂളിലേയ്ക്കു പോകാനൊരുങ്ങി. ഞങ്ങൾ ഞങ്ങളുടെ ഇഷ്ടത്തിനു ഒറ്റയ്ക്ക് വളരണം എന്നത് തീരുമാനിച്ചത് വിധി തന്നെയായിരിക്കണം. യൂണിഫോം ഇല്ലാത്ത, ഒരുതരം നിർബന്ധങ്ങളും അടിച്ചേൽപ്പിക്കാത്ത, ഏറനാടൻ മലപ്പുറ ഗ്രാമത്തിലെ മത്സ്യതൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും സാധാരണ മനുഷ്യരുടെയും മക്കളുടെ അക്ഷരാഭയകേന്ദ്രമായ പേങ്ങാട് സ്‌കൂളിലേയ്ക്ക് പല്ലുമാത്രം തേച്ചും മേലുമാത്രം കഴുകിയും, ചിലപ്പോൾ പല്ലു തേക്കാതെയും കുളിക്കാതെയും ഞാൻ ചെന്നു. ആരും ഒന്നും എന്നോടായിപ്പറഞ്ഞില്ല. ആരും കുട്ടികളെ ശകാരിച്ചില്ല. ഞാനതൊരു എളുതരമാക്കി. ചളിവാരിയും കളിമണ്ണു കുഴച്ചും എന്തു സമുള്ള പകലുകൾ. സ്‌കൂളിനുപുറകിലെ ബ്രഹ്മരക്ഷസ്സിന്റെ കുളവും അരുളിപ്രം വിഷ്ണു അമ്പലവും എന്തൊരു രസമായിരുന്നു.

തല കുളിയ്ക്കാൻ എനിയ്ക്കു പണ്ടേ മടിയാണ്. മുടിയിലൂടെ ചീർപ്പ് കൊണ്ടുപോകുന്നതാകട്ടെ വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. എന്റെ സ്​പ്രിങ്​മുടിച്ചുരുളും ചീർപ്പും തമ്മിൽ വലിയ യുദ്ധവും സ്പർദ്ധയുമാണ്. ആ യുദ്ധം കഴിഞ്ഞാൽ തലവേദനയാണ്​. അതുകൊണ്ട് ദിവസങ്ങളോളം മുടി ചീകാറേയില്ലായിരുന്നു.
ശിമ്മാമ എന്റെ ജട പിടിച്ച മുടിയിഴയിലൂടെ വിരലോടിച്ചപ്പോൾ നന്നായിത്തന്നെ വേദനിച്ചു; ‘‘വിട്... വിട്'' ഞാനമറി.

കുട്ടികൾ അപരിചിതഭാവത്തോടെ ശിമ്മാമയെയും ഭയത്തോടെ എന്നെയും നോക്കി. ശിമ്മാമ തന്ന ഓറഞ്ചുപൊളി ഞാൻ തിന്നുകഴിഞ്ഞിരുന്നില്ല. മീഞ്ചന്ത വീട്ടിലെ ആയിരം കാര്യങ്ങൾ എന്റെ മനസ്സിലൂടെ പോയി. സ്പർദ്ധയും പകയുമെന്നിൽ ചുറഞ്ഞു. എന്റെ ഇടുപ്പിനേറ്റ ഒരു ചവിട്ടിന്റെ വേദന എനിയ്ക്കു മാറിയിരുന്നില്ല. ഒരു യു.കെ.ജി. അവധിക്കാലത്തെ മുഴുവൻ ചെന്നായിത്തേറ്റയിൽ കുരുക്കിയപ്പോൾ എന്നെ രക്ഷിക്കാമായിരുന്ന ആളാണ്. ആ വലിയ വീടു മുഴുവൻ അശരണമായി ഓടിയപ്പോൾ, കോണിയിൽ നിന്നുവീണ്​ തലപൊട്ടിയപ്പോൾ ഞാൻ കരഞ്ഞുവിളിച്ചത് ശിമ്മാമേ എന്നാണ്.

എത്ര പരിശ്രമിച്ചിട്ടും തിരിച്ചെടുക്കാനാകാതെ പോയ സൗന്ദര്യവും ബുദ്ധിയും ജീവിതവും ചേർന്ന ആ അവശ ദുർഗന്ധരൂപത്തെ നോക്കി, അദ്ദേഹം എന്റെ അമ്മാവനാണ് എന്നുപറയാൻ എനിയ്ക്കു കഴിഞ്ഞില്ല.

‘‘എന്തിനാ വന്നത്?''
‘‘ജോലിണ്ടോ നോക്കാൻ''
‘‘ഇന്റെ സ്‌കൂളാ, ഇബടെ ജോലിയൊന്നൂല്ല. പൊക്കോ'', ഞാൻ എന്റെ അമ്മ ശകാരിയ്ക്കുന്ന രീതിയിൽ ശകാരിച്ചു.
‘‘ആഹാ പെണ്ണ്​ സത്യേട്ത്തീന്റെ അതേ പോല്യാണല്ലോ. നല്ല സാമർഥ്യക്കാര്യാ''
‘‘എൻറമ്മയ്ക്കല്ല, ശിമ്മാമയ്ക്കാ സാമർഥ്യം ജാസ്തി'' ഞാൻ തർക്കുത്തരം പറഞ്ഞു.
‘‘അന്നെക്കാണാൻ വന്നതാടീ''

അമ്മൂമ്മയുടെ തലയടിച്ചു പൊട്ടിയ്ക്കാൻ കഴുക്കോലുമ്പട്ടികയുമായി ശിമ്മാമ ചെന്നതും കമല വെല്ല്യമ്മയുടെ തല അടിച്ചുപൊട്ടിച്ചതും ഞാനോർത്തു. ആ ചെന്നായയുടെ തല പൊളിക്കണ്ടതായിരുന്നു. അപ്പോൾ കുട്ടമ്മാമ്മ കള്ളുകുടിച്ചുറങ്ങിയതുപോലെ ശിമ്മാമ തളർന്നുറങ്ങുകയായിരുന്നു.
ഷഹർബാനും ഷറഫുവും ബീനാച്ചിയും ഒരേ ശബ്ദത്തിൽ ആ നിമിഷം അലറി;
‘‘പാഞ്ഞോള്യേ, കുട്ട്യാളപ്പിടുത്തക്കാരൻ''
‘‘റബ്ബേ കുട്ട്യാളപ്പിടുത്തക്കാരൻ'', സ്‌കൂളിൽ ആരവമുയർന്നു.
ആ സമയത്ത് ശിമ്മാമ എന്റെ മുടിയിൽ വീണ്ടും തൊട്ടു.
‘‘ഈ പീട്യേല് ചീർപ്പ്ണ്ട്. ഇന്റേല് പൈശണ്ട്. ഞാൻ വാങ്ങിത്തരട്ടെ?''
‘‘വേണ്ട''; ഞാൻ പിന്നെയും ശിമ്മാമയുടെ കൈ തട്ടിമാറ്റി. ആ കണ്ണുകളിൽ നിർമമതയ്ക്കിടയിൽ വാത്സല്യം തിളങ്ങുന്നത് എനിക്ക് അരോചകമായി. ഷോക്കടിച്ചിട്ടും കുതിരവട്ടത്ത് പൂട്ടിയിട്ടിട്ടും എന്താണീ ഭ്രാന്തു മാറാത്തതെന്ന് ഞാനാലോചിച്ചു. എന്റെ കുടുംബത്തിലെ ഏറ്റവും ഭംഗിയുള്ള പുരുഷനായിരുന്നു ശിമ്മാമ. തൊലിയുടെ നിറം സ്വർണമുരുക്കിയുണ്ടാക്കിയതുപോലെയുജ്വലം. അതിന്റെ മൃദുത്വം. ചതുരവടിവിലുള്ള താടിയെല്ല്. കട്ടി മീശ. ഭംഗിയായി ചീകിയ മുടി. ഫുൾ സ്ലീവ് ഷർട്ടും പാന്റും. വള്ളിക്കാട്ടെ മാത്രമല്ല. കോലോന്തൊടിയിലെ മുഴുവൻ പുരുഷന്മാർക്കും അസൂയ തോന്നുന്നത്ര സുന്ദരൻ. ആ സൗന്ദര്യത്തിൽ വേണ്ടതിലുമധികം ഗർവ്, അഹന്ത. പഠിക്കാനുള്ള മിടുക്കിലും ഭാഷാപ്രയോഗത്തിലുമുള്ള വ്യതിരിക്ത ശൈലി. കട്ട് ഷൂവിൽ തിളങ്ങുന്ന ശംഖ് കാൽപ്പാദങ്ങൾ. ഭംഗിയുള്ള നീണ്ട വിരലുകൾ. അതെല്ലാമുള്ള എന്റെ ശിമ്മാമ സ്‌കൂളിൽ വന്നാൽ രാജകുമാരനാണെന്നു കുട്ടികൾ ആർപ്പിട്ടേനേ. ഇത്രയും ഭംഗിയുള്ള അമ്മാവൻ നിനക്കോ എന്ന്​ അസൂയപ്പെട്ടേനേ.

ഇപ്പോഴോ, പരിണാമപ്പകർച്ചയിൽ അപകടകരമാംവിധം കരിഞ്ഞുപോയ ഒരു ദുർബല ജീവി. വൈദ്യുതി സ്ഫുലിംഗിക്കെ ചിതറിപ്പരുപരുപ്പാർന്ന മണൽപേപ്പർത്തൊലി. നീലശംഖു പുഷ്പപ്പകർച്ചയിൽ കരുവാളിപ്പാർന്ന അതിന്റെ ഗതികേട്. ബട്ടണുകൾ മാറ്റിയിട്ട, മുഷിഞ്ഞു മണക്കുന്ന കുതിരവരയൻ ഷർട്ട്. അയഞ്ഞു ദ്വാരം വീണ പാന്റ്​. അപമാനത്താൽ എന്റെ മനസ്സ് കുതികൊണ്ടു.
‘‘ബൊ, ബോ. ഇബട്ന്ന് ബോ'', ഞാൻ അലറി.
‘‘ഇന്നെത്തൊടണ്ടാ... മാണ്ടാ. ബോ. മാറിപ്പോ'', ഞാൻ അവജ്ഞയോടെ ആക്രോശിച്ചു. കുട്ടികളറിയും മുമ്പെ എനിക്കദ്ദേഹത്തെ പറഞ്ഞുവിടണമായിരുന്നു. എന്റെയൊച്ചകേട്ട് പീടികയിൽ നിന്ന്​ മമ്മു ഇറങ്ങിവന്നു.
‘‘ആരാദ്?'', ആ കച്ചോടക്കാരൻ ചോദിച്ചു.
എത്ര പരിശ്രമിച്ചിട്ടും തിരിച്ചെടുക്കാനാകാതെ പോയ സൗന്ദര്യവും ബുദ്ധിയും ജീവിതവും ചേർന്ന ആ അവശ ദുർഗന്ധരൂപത്തെ നോക്കി, അദ്ദേഹം എന്റെ അമ്മാവനാണ് എന്നുപറയാൻ എനിയ്ക്കു കഴിഞ്ഞില്ല. ഞാൻ, എനിയ്ക്കറിയില്ല എന്ന മട്ടിൽ തലയിളക്കി. വാത്സല്യക്കുളിരായി മുടിയിഴ തൊട്ട സ്‌നേഹക്കൈകളെ തട്ടിമാറ്റി അവിടെ നിന്ന്​ ഞാനോടിപ്പോയി. ചളി പിടിച്ച്​ ദുർഗന്ധം വമിച്ചുതുടങ്ങുന്ന വസ്ത്രം ധരിച്ച്, അലസമായ പുൽക്കാടുപോലെ നര വീണ താടിരോമങ്ങൾ വളർത്തിയ, കറുത്ത പൊറ്റ പൊതിഞ്ഞവയും മഞ്ഞിച്ചവയുമായ പല്ലുകളുള്ള, മുടി പിഴുന്നു തല തെളിഞ്ഞ ഈ മനുഷ്യൻ എന്റെയാരുമല്ല,
അല്ല,
അല്ല...
ഞാനങ്ങനെ എന്നെത്തന്നെ ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു. അപ്പോൾ തോന്നി, ഓടാം. ആരും കാണാത്ത ഒരിടമുണ്ട് സ്‌കൂളിന്റെ പുറകിലെ മലയിൽ. അവിടെപ്പോയി ഒളിച്ചിരിക്കാം. ഞാനോടി. സ്‌കൂളിന്റെ മറ്റേയറ്റം വരെ ഓടി. ഞാനൊരു ഒടിഞ്ഞ ശിരസ്സുള്ള ഉരഗിണിയായിരുന്നു. ആരും കാണാതെ ഇഴഞ്ഞുപോകുന്നവൾ. എന്നെ ആരും കാണാതിരിക്കാൻ ഞാൻ നന്നെ പരിശ്രമിച്ചു.
ആരോടെങ്കിലും, ‘‘ഇന്ദുവിനെ കൂട്ടി വരൂ, എന്റെ മര്വോളാ'' എന്ന്​ കുട്ടികളോട് പറയുമോ എന്നായിരുന്നു എന്റെ ഭയം. അല്ലെങ്കിൽ സ്റ്റാഫ് റൂമിൽ ചെന്ന്​
‘‘എനിക്കെന്റെ പെങ്ങളെ മോളെക്കാണണം. ഇന്ദു വി, ഒന്നാം ക്ലാസ്​'' എന്നു പറയുമോയെന്ന്​ ഭയന്നു.
കുറച്ചു കുട്ടികൾ ഞാൻ ശിമ്മാമയോട് സംസാരിയ്ക്കുന്നത് കണ്ടിരുന്നു. ഒന്നുരണ്ടു പേർ ഞാൻ ഓറഞ്ചു വാങ്ങിത്തിന്നതും കണ്ടിരുന്നു. കുട്ട്യോളപ്പിടുത്തക്കാരന്റെ കൈയിൽ നിന്ന്​ ഓറഞ്ചും മിട്ടായിയും വാങ്ങിച്ചവൾ, എമ്മാരി ധൈര്യം എന്ന നിലയിൽ കുട്ടികൾ എന്നെ നോക്കാൻ തുടങ്ങി. എന്റെ മനസ്സ് കലുഷിതമായി.

‘‘അനക്ക് നല്ലോണം കിട്ടും ബളെ. ഇജി ബല്ലാത്തൊരു കിബറത്ത്യന്നെ. ഇന്നാലും പരിജല്ലാത്ത പെണ്ണുങ്ങളോട് പുഗ്ഗു വാങ്ങില്ല്യേയ്‌ന്യോ? ഇപ്പൊ അനക്ക് പരിജല്ലാത്ത ആളെ കജ്ജിന്ന് മുടായി മേങ്ങി മിണുങ്ങീലെ''?
ലബീബ ഇങ്ങനെ പറഞ്ഞപ്പോൾ ഉള്ളിൽ ഭയം ചുറഞ്ഞു. പക്ഷെ അപമാനം അതിലും തീവ്രമല്ലെ? അത് എന്റെ അമ്മാവനാണെന്ന് ആരോടും മിണ്ടാൻ കഴിയില്ലായിരുന്നു.

ഞാൻ കാണിച്ച അപരിചിതത്വത്തിന് ഞാനറിയാത്ത മറ്റൊരു അപകടം കൂടിയുണ്ടായിരുന്നു. കുട്ടോളെപ്പിടുത്തക്കാരനെ പീട്യേക്കാര് കോളറിൽ പൊക്കിപ്പിടിച്ചു തല്ലി. കുട്ടിയർബ്യാഷും ഹസ്സൻ മാഷും മുഹമ്മദ് മാഷും അയമുട്ടി മാഷും വിവരമറിഞ്ഞ്​ മമ്മുവിന്റെ പീടികയിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. കുട്ടികൾക്ക് നാരങ്ങ വാങ്ങി നൽകി പാട്ടിലാക്കുന്ന ചെറുപ്പക്കാരനെ അവർ തുറിച്ചുനോക്കി. മമ്മുവിന്റെ മിഠായിപ്പീടികയിൽ കവുങ്ങുതൂണിനുമീതെ ശിമ്മാമയെ കെട്ടിയിട്ടു.
ആൾക്കൂട്ടം...
ഭയങ്കരമായ ആക്രമണത്തിന്റെയും പോരിന്റേയും ആൾക്കൂട്ടം...
അത്രയും മതിയായിരുന്നു ശിമ്മാമയുടെ സമാധാനത്തിന്. ചിത്തഭ്രമത്തിന്റെ രഹസ്യനാഡികൾ ശിരസ്സിനുള്ളിൽ ഡപഡപേ പൊട്ടി. മതിഭ്രമത്തിന്റെ ഏറ്റവും മാരകമായ ഇനമായിരുന്നു ശിമ്മാമയുടേത്. ആൾക്കൂട്ടാക്രമണമെന്ന ഭയമോ മറ്റു വല്ല ഭയമോ കാരണം അദ്ദേഹം അലറിക്കൂവി. അദ്ദേഹത്തിന്റെ രോഗം വിശ്വരൂപിയായ വാമനനായി. സ്‌കിസോഫ്രീനിയയുടെ ഉന്മാദവസന്തങ്ങൾ പൂത്തും കായ്ച്ചും പഴുത്തും തലയ്ക്കകം കലങ്ങാൻ നിമിഷങ്ങൾ തന്നെ അധികമായിരുന്നു. അതിവിചിത്ര ലോകത്ത് ഭ്രമാത്മകതയുടെ കനത്ത പുക പാട പൊതിഞ്ഞു. ഉന്മാദ മരങ്ങളിലെ പഴങ്ങൾ വാസനിച്ചു. നാം കാണാത്ത രഹസ്യപ്രാകൃതലോകവാതിൽ അദ്ദേഹത്തിനായി തുറക്കപ്പെട്ടു. അദ്ദേഹം എന്തൊക്കെയോ പറയുന്നു. നമ്മൾ കാണാത്ത, ആരെയൊക്കെയോ കാണുന്നു. നമ്മൾക്കിടയിലൂടെ തന്നെ മറ്റൊരു സമാന്തരാദൃശ്യലോകത്ത് ജീവിക്കുന്നു. രഹസ്യരൂപികളായ മനുഷ്യരോടും നമ്മളോടും സംസാരിക്കുന്നു. ഇടയ്ക്ക് നിഷ്‌കളങ്കമായി ഒന്നു ചിരിക്കുന്നു. സങ്കടം പങ്കിടുന്നു. വന്യക്രോധത്താൽ സിംഹരൂപിയാകുന്നു. ശിമ്മാമയുടെ പരിണാമങ്ങൾ കണ്ട് ആളുകൾ പരിഭ്രാന്തരായി.
‘‘അയിച്ച്ട് മമ്മോ'', ഹസ്സൻ മാസ്റ്റർ ഈ കാഴ്ച കണ്ട് ക്ഷുഭിതനായി.
‘‘ഓനിക്ക് നൊസ്സാണ് മാസ്റ്റൂ'' സൈതലവി പറഞ്ഞു
‘‘എന്ത്ത്താണെങ്കിലും ആൾക്കാരെ കെട്ടിടാൻ ഇമ്പക്ക് അവകാസല്ല''

സ്‌കിസോഫ്രീനിയയുടെ ഉന്മാദവസന്തങ്ങൾ പൂത്തും കായ്ച്ചും പഴുത്തും തലയ്ക്കകം കലങ്ങാൻ നിമിഷങ്ങൾ തന്നെ അധികമായിരുന്നു. അതിവിചിത്ര ലോകത്ത് ഭ്രമാത്മകതയുടെ കനത്ത പുക പാട പൊതിഞ്ഞു. / Photo : Unsplash.com

ശിമ്മാമ ചികിത്സയ്ക്കിടയിൽ ഓടിപ്പോന്നതാണോ അതോ അമ്മൂമ്മ സമ്മതിച്ചിട്ട് തനിയെ വന്നതാണോ എന്നെനിയ്ക്കറിയില്ല. മാമ വന്നിരിക്കുന്നു, എന്നെ തേടി ശിമ്മാമ സ്‌കൂളിൽ വന്നിരിക്കുന്നു... അത്രയും എനിയ്ക്കറിയാമായിരുന്നു. എന്നെ പ്രതി മാത്രമാണ് ആ വരവ് എന്നോർത്ത് എനിക്ക് സങ്കടമുണ്ടായി. അതേസമയം, എന്റെ കൂട്ടുകാർ, നിലംപൊത്താറായ ഒരു ദുർബല വള്ളിപോലെ പോലെ വളഞ്ഞുനിൽക്കുന്ന ഈ മനുഷ്യനെ എന്റെ അമ്മാവനായി തിരിച്ചറിയുന്നതിൽ എനിക്ക് അപമാനവും തോന്നി.

‘‘ഇന്റെ മോനാ ശിവൻ'', അമ്മൂമ്മ പരസ്യമായി കരയുന്നതിന്റെ ഓർമ ഉള്ളിലുണ്ടായി. അമ്മൂമ്മയ്ക്ക് നാണം തോന്നുന്നുണ്ടാവില്ലെ?
‘‘അയ്യോ, ശിവാ, മോനെ, അണക്കിങ്ങനെ വന്നല്ലോ'' എന്റെ വള്ളിക്കാട്ടെ പെണ്ണുങ്ങൾ നെഞ്ചിൽ തല്ലിക്കരയുന്ന ഒച്ച മാറ്റൊലിച്ചു.
‘‘ശിവാ, മോനേ, കണ്ണു തൊറക്കെടാ'', മലവും മൂത്രവും പുഴുത്ത ഒരു സെല്ലിൽ നുരകുത്തിയ വായയുമായി ശിമ്മാമ തളർന്നുകിടക്കെ കമ്പിയഴിയിലൂടെ ലീല വെല്ല്യമ്മയും അമ്മയും കരഞ്ഞുകൊണ്ട് ശിമ്മാമയെ തൊടാൻ ശ്രമിച്ചു. ശിമ്മാമ തൊണ്ടയനക്കി; ‘‘ഏട്ത്തീ''
‘‘മോളെ മാമ്യാണ്. നോക്കൂ'', അമ്മ കണ്ണുകൾ തുടച്ചുകൊണ്ട് എനിയ്ക്ക് ശിമ്മാമയെ പഠിപ്പിക്കുന്നു.
‘‘എന്താ മാമയ്ക്ക്​?''
‘‘വയ്യായ. മനസ്സിന് വയ്യായ... വലുതാവ്‌മ്പോ മോള് നോക്കണേ'' അമ്മ എനിയ്ക്കു പറഞ്ഞുതന്നു. എന്റെ വീട്ടിലെ ഓരോ മനുഷ്യരും ശിമ്മാമയോട് കാണിച്ച സ്‌നേഹമോ കനിവോ ഇല്ലാതെപോയ ആ നിമിഷത്തെ പ്രതി ഞാനെന്നെത്തന്നെ ശപിച്ചു. ശിമ്മാമയെ അറിയില്ല എന്ന് തലയിളക്കിയതിന്റെ പാപം എന്നെ പിന്തുടർന്നു.
പിന്നീട് ഞാനോടിച്ചെല്ലുമ്പോഴേയ്ക്കും അധ്യാപകരും പരിസരവാസികളും കുട്ടികളുമടങ്ങുന്ന ഒരു വലയം ശിമ്മാമയെ മൂടിക്കഴിഞ്ഞിരുന്നു.
ഹുസൈൻ എന്റെയരികിലേയ്ക്ക് ഓടിവന്നു. മൂന്നാലുവർഷം തോറ്റെങ്കിലും ഒന്നാം ക്ലാസ്സിന്റെ നിഷ്‌കളങ്കതയും നാമാൽ ക്ലാസിന്റെ പക്വതയും ഹുസൈനുണ്ടായിരുന്നു.
‘‘അല്ല. ഞാമ്പിജാരിച്ച മോളല്ല ഇജ്ജി. ദുഷ്ടത്ത്യാ. ഇജ്ജ് വിചാരിക്കുമ്പോലെ അല്ല, ഓര് പൊലീസിനെ വിളിക്കാൻ പോവാണ്. അത് കുട്ടികളെ പിടുത്തക്കാരനൊന്ന്വല്ല. പിരാന്തനാണ്.''
ഞാൻ തലകുമ്പിട്ടു.
‘‘അനക്കെന്താ ഓറുവായിറ്റ് ബന്ധം? പൊള്ള് പറജ്ജണ്ട. അനക്ക് ആളെ പരിജണ്ടോ?''
‘‘ഇല്ല'', എനിയ്ക്കുമാത്രം കേൾക്കാവുന്ന താണ ഒച്ചയിൽ ഞാൻ ഇല്ലെന്ന് ദുർബലമായി തലയാട്ടി. എനിയ്ക്കുണ്ടായ ഈ അപമാനത്തെക്കുറിച്ച് പറഞ്ഞാൽ അവർക്കാർക്കും അത് മനസ്സിലാകുയിരുന്നില്ല. പിരാന്തന്റെ മര്വോൾ എന്ന് കേൾക്കാൻ ഏത് അഞ്ചുവയസ്സുകാരിയാണ് ആഗ്രഹിക്കുക?
‘‘പൊണ്ണ്വോ, പൊള്ളു നിർത്ത്. പൊലീസിനെ ബിളിച്ചുകയിഞ്ഞു. ഇപ്പോ ഓറെ പൊലീസ് പുടിച്ചും. ഇജ്ജി അയ്യാളെ ശിമ്മാമേന്ന്​ ബിളിച്ചണത് ഞാൻ കേട്ടതാ. ഇജി പോയി പറ ബളെ. ഓര് ബല്ലാത്ത പടപ്പ്വോളാ.തല്ലിക്കൊന്നാള്.'' ഹുസ്സൈൻ എന്ന നല്ല കുട്ടി ചെവിയിൽ സത്യം ഉരുക്കിയൊഴിച്ചു. എനിയ്ക്കു പൊള്ളി.
‘‘ബളെ, ഇമ്പളെ സൊന്തക്കാറ് പിരാന്തനായാലും തെണ്ട്യായാലും സൊന്തക്കാറ് തന്ന്യാണ്. ഇജ്ജി അദ് മറക്കരുത്. അള്ളാഹു പൊറുക്കാത്ത പടപ്പാ അത്. ഇജി പോയ്ക്കാണ്ട് നേര് പറജ്ജ്''
എന്റെ മനസ്സ് കുറ്റബോധത്താൽ വിങ്ങി. പാപത്താലിടിഞ്ഞു. ഞാൻ തരിപ്പണമായി. ഞാനോടി ഓടി മമ്മൂന്റെ പീടികയുടെ അടുത്ത് കൂടിനിൽക്കുന്ന ആൾക്കൂട്ടത്തിനു ള്ളിലെവിടെയോ സ്വയം നഷ്ടപ്പെട്ടു. എന്റെ അമ്മാവൻ, വെറും ചേറിൽ പുതഞ്ഞു പൂണ്ട് മൃതദേഹം പോലെ കിടക്കുന്നത് ഞാൻ കണ്ടു.
‘‘ഇല്ല അറിയില്ല'' എന്ന എന്റെ ഒറ്റത്തലയാട്ടലിൽ അദ്ദേഹത്തെ ആളുകൾ ഉപദ്രവിക്കപോലും ചെയ്തു.

എന്റെ കണ്ണീർത്തുള്ളികളുടെ ഇത്തിരി നക്ഷത്രക്കുട്ടികൾ ചിതറി ശിമ്മാമയുടെ നീലിച്ച മുഖം നക്ഷത്രവിക്ഷുബ്ധാകാശമായി. എന്റെ കരച്ചിലിനിടയിൽ ശിമ്മാമ കണ്ണുകൾ തുറന്നു... പതിയെ ചിരിച്ചു.

‘‘അയ്യോ ശിമ്മാമേ'', അധികമായ കുറ്റബോധത്തോടെ ഞാൻ ഉറക്കെ നിലവിളിച്ചു. ചേറിൽ കുമ്പിട്ടിരുന്നു ശിമ്മാമയുടെ ഉടൽ കെട്ടിപ്പുണർന്നു
‘‘ഒന്നും ചെയ്യല്ലീ, ഒന്നും ചെയ്യല്ലീ, ഇതെന്റെ ശിമ്മാമയാണ്. ഇതെന്റെ ശിമ്മാമയാണ്.’’
ശിമ്മാമയുടെ അഴുക്കാർന്ന കീറ ഷർട്ടിലേയ്ക്കും മുഖത്തേയ്ക്കുമെന്റെ കണ്ണീരുറ്റി.
എന്റെ കരച്ചിൽ - ഹുസൈന്റെ ഭാഷയിൽ പെര്വാർപ്പ്- വായുവിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടോട്ടി ബസിന്റെ ചെവിപൊട്ടുന്ന ഫോണടിയിൽ ചതഞ്ഞ് കീറിപ്പോയി.
എന്റെ കണ്ണീർത്തുള്ളികളുടെ ഇത്തിരി നക്ഷത്രക്കുട്ടികൾ ചിതറി ശിമ്മാമയുടെ നീലിച്ച മുഖം നക്ഷത്രവിക്ഷുബ്ധാകാശമായി. എന്റെ കരച്ചിലിനിടയിൽ ശിമ്മാമ കണ്ണുകൾ തുറന്നു... പതിയെ ചിരിച്ചു. ചന്ദ്രനും സൂര്യനുമാകാശത്തൊന്നിച്ചു നിന്ന പോലെ വെളുക്കെ ചിരിച്ചു. എന്റെ സ്​പ്രിംഗാമസോൺ മഴക്കാട്ടിൽ വിരൽ തഴുകെ അവ ചുരുൾക്കുടുക്കായി വിരൽ കുടുക്കി.
‘‘ഞാനൊരു ചീർപ്പ് വാങ്ങി അണക്ക് മുടി മാടിത്തരട്ടെ?'' തളർന്ന സ്വരത്തിൽ ശിമ്മാമ ചോദിച്ചു...
‘‘ഉം ഉം...'' പാപത്തിന്റെ ചില്ലുകീറി മുറിഞ്ഞ എന്റെ അഞ്ചുവയസ്സു ഹൃദയം സമ്മതം മൂളി.

അപരിചിതോന്മാദപ്പരിണാമമനുഷ്യൻ; ചിത്തരോഗാശുപത്രിയിൽ നിന്ന്​ വന്ന എന്റെ അതിഥി, എന്റെ അമ്മാവൻ എന്റെ വിരലുകളിൽ അമർത്തിപ്പിടിച്ചു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments