വിഷയരളികൾ പൊടുന്നനെ പൂത്തു...

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)- 8

ജീവിതാസക്തിയും കവിതയുമിണചേർന്നു...

എന്നിട്ടും ആ ജനാല അടഞ്ഞതേയില്ല

ഇന്ദുമേനോൻ അമ്മ സത്യവതിയോടൊപ്പം.
ഇന്ദുമേനോൻ അമ്മ സത്യവതിയോടൊപ്പം.

രായിരം പേജുകൾ നിറയെ എഴുതിയാലും തീരാത്തൊരു ജീവിതകഥയാണ് എന്റെ അമ്മാവൻ വി. ശിവദാസമേനോൻ ബി.എ.യുടെ കഥ...
മതിഭ്രമലോകത്തിന്റെ സുവിഭ്രമ കഥയാണത്. ഒരു പുരുഷായുസുകൊണ്ട് ഒരു മനുഷ്യനുരുകിത്തീർന്നുപോയ ഒരു കഥ...
രക്തമിഠായി പോലെ അലിഞ്ഞലിഞ്ഞുതീർന്ന കഥ..

ഞങ്ങൾ കണ്ണുകൊണ്ട് കണ്ട ശിമ്മാമ ഒരു മനുഷ്യൻ...
ഞങ്ങൾ ചെവികൊണ്ടു കേട്ട ശിമ്മാമ മറ്റൊരു മനുഷ്യൻ...
ഞങ്ങൾ അനുഭവിച്ച ശീമ്മാമ വേറൊരു മനുഷ്യൻ...
ഞങ്ങൾ വായിച്ച ശീമ്മാമ മറ്റൊരപരിചിത മനുഷ്യൻ...

ഒരേ സമയത്ത് രണ്ടുലോകത്ത് ജീവിച്ചുതീർന്ന ഒരു ജീവിതമായിരുന്നു അത്.
ഒന്ന്​, നമ്മളുൾപ്പെട്ട ലോകം. മറ്റൊന്ന് ഈ ലോകമല്ലാതെ, ചിത്തഭ്രമക്കണ്ണുകൾ പകർത്തിക്കൊടുത്ത ഉന്മാദത്തിന്റെ കടുംനിറമാർന്ന ഗംഭീരലോകം. സങ്കീർണമായ ആ ലോകമനുഷ്യരോടായിരുന്നു ശിമ്മാമയ്ക്ക് പ്രതിപത്തിയും സ്‌നേഹവും കൂറും. അവരോട് ശിമ്മാമ കുന്തിച്ചിരുന്നു സദാ സംസാരിച്ചു. പച്ചപ്പുല്ലുതാനിപ്പായൽ പടർന്ന ചെങ്കല്ലുമതിലിലിരുന്നും മീഞ്ചന്ത വീട്ടിലെ മുറ്റത്തുണ്ടായിരുന്ന അമ്മച്ചിപ്ലാവിന്റെ വേരിലിരുന്നും തിര്വോച്ചിറ കൃഷ്ണന്റെ കുളക്കരയിലെ പായൽപ്പടിയിലിരുന്ന്​ നീലാമ്പൽ നെയ്യാമ്പൽ മൊട്ടുവിടർച്ചകൾ നോക്കിക്കൊണ്ടും സ്വയം തെറുത്ത പുകയിലബീഡി വലിച്ചും അവരോട് സംസാരിച്ചു... അവരോട് തമാശകൾ പറഞ്ഞു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. തീവണ്ടികൾ പോകുമ്പോൾ ചൂണ്ടിക്കാട്ടി ഗൗരവമാർന്നു സംസാരിച്ചു.

പോകപ്പോകെ ആദ്യകാല കൗതുകങ്ങൾ എന്നിൽനിന്ന്​ പോയിപ്പോയി, എനിയ്ക്ക് അതു സ്വാഭാവികമായി. നമ്മൾ ഒരു കഷണം മിട്ടായി നീട്ടിയാൽ മുന്നിലിരിക്കുന്ന അദൃശ്യരൂപനോട് ‘‘വേണോ'' എന്ന് ചോദിക്കുന്നത് നാം കാണും. ചിലപ്പോൾ മറിച്ചുള്ള ഉന്മത്തത കാണാം.

‘‘ആരോടാ മാമ സംസാരിക്കണ്?'' ഞാൻ നാലുവയസ്സിന്റെ കൗതുകം പൂണ്ടു.
‘‘ഒരുപാടു പേരുണ്ട്, മോക്ക് കാണാമ്പറ്റാത്ത ഒരുപാട് പേര്'' ശിമ്മാമ ആട്ടിങ്കുട്ടിയുടെ കൊമ്പിൽ മുറുകെ പിടിച്ചു.
‘‘മേജിക്കോ?'' ഞാനത്ഭുതം കൂറി.
‘‘എല്ലാം മായാജാലം തന്നെ''

ജനലഴികളിൽ പിടിച്ച്, നീലക്കൊടുവേലി പൂത്ത മതിലോരത്തെ മരക്കൊമ്പിലിരുന്നു ശിമ്മാമ സംസാരിയ്ക്കുന്നത് നോക്കിനിന്നപ്പോൾ, ഞാൻ കാണാത്ത ഒരദൃശ്യരൂപൻ മറുവശത്തിരിക്കുന്നതായി എനിയ്ക്കുതോന്നി. കൈയാംഗ്യങ്ങൾ, ശരീരഭാഷകൾ, പൊട്ടിച്ചിരിയ്ക്കുമ്പോൾ അയാളുടെ തോളിൽ മൃദുവായി അടിയ്ക്കുന്ന അടികൾ, ഇടയ്ക്കിടെ അയാൾക്കായി നീട്ടുന്ന ബീഡിപ്പുകയുടെ പങ്ക്. ഞാൻ കണ്ണുരുട്ടി എത്തിച്ചുനോക്കി. അക്കാലത്തതെനിയ്ക്ക് അത്ഭുതം തന്നെയായിരുന്നു.

പോകപ്പോകെ ആദ്യകാല കൗതുകങ്ങൾ എന്നിൽനിന്ന്​ പോയിപ്പോയി, എനിയ്ക്ക് അതു സ്വാഭാവികമായി. നമ്മൾ ഒരു കഷണം മിട്ടായി നീട്ടിയാൽ മുന്നിലിരിക്കുന്ന അദൃശ്യരൂപനോട് ‘‘വേണോ'' എന്ന് ചോദിക്കുന്നത് നാം കാണും. ചിലപ്പോൾ മറിച്ചുള്ള ഉന്മത്തത കാണാം. മുട്ടോളം മുടിയുള്ളൊരു പെണ്ണഴകിയെ എണ്ണ തേപ്പിച്ച് കൊടുക്കെ അവൾ കൊടുത്ത വെള്ളത്താമരമണം എത്ര ഹൃദ്യമായിരുന്നുവെന്നു പറയുന്നതുകേൾക്കാം. അവൾക്ക് പൂചൂടിയ്ക്കാൻ മഞ്ഞമന്ദാരം പൊട്ടിക്കുന്നത് കാണാം.

‘‘എന്തൊരു മണാ'', ഇലകളെയും പൂക്കളെയും തൊട്ടുമണത്തു.
അവളുടെ മായികമായ ഗന്ധമനുഭവിയ്ക്കുന്നതിന്റെ ഹരം കണ്ണുകളെയും മുഖത്തെയും മറ്റൊരു താമരയാക്കുംപോലെ എനിയ്ക്കുതോന്നി. അഞ്ചിന്ദ്രിയങ്ങളും അനുഭവിയ്ക്കുന്ന മായികത ആ മായാവിഭ്രമത്തിലൂടെ സ്വായത്തമാക്കാൻ ശിമ്മാമയ്ക്കു കഴിഞ്ഞു. ഇല്ലാത്ത മധുരപ്പുളിങ്ങയും മാങ്ങയും രുചിയ്ക്കയും പല പൂക്കൾ മണക്കുകയും ചെയ്തു... ആരോ അദൃശ്യകരം നീട്ടി സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു. ശിമ്മാമ അവളെക്കണ്ടു... ശിമ്മാമ അവളെ അനുഭവിച്ചു. അവളെന്ന വീഞ്ഞു നുകർന്നവനെപ്പോലെ ഉന്മത്തനായി. യഥാർഥമല്ലാത്ത അവൾ, യഥാർഥത്തിൽ ശിമ്മാമയ്‌ക്കൊപ്പം വന്നു. സംസാരിച്ചു. പുണർന്നു...

‘‘ഹാലൂസിനേഷൻ. സ്‌കിസോഫ്രീനിയയുടെ ഒരു പ്രധാന പ്രശ്‌നാ'' ഡോക്ടർ പറഞ്ഞു.
‘‘ശിവേട്ടാ ശിവേട്ടാന്ന് അവൾ വിളിയ്ക്കുന്നു. നീയ്യ് കേൾക്കുന്നുണ്ടോ?''
ശിമ്മാമ അവളുടെ സ്വരം കേൾക്കെ തരളിതനായി എന്നോട് ചോദിച്ചു.
‘ഏ?', ഞാൻ മന്ദിയെപ്പോലെ ശിമ്മാമയെ നോക്കി.
‘‘അവൾ തൊഴിയ്ക്കണ പൂവ്വ് കാണുന്നില്ലെ?''
മഴ കഴിഞ്ഞ ഉടനെ ഒരു കൊന്നമരം പെയ്യിക്കാനായി താഴെ നിന്നും കുലുക്കുകയായിരുന്നു ഞാൻ. മഴയും മഞ്ഞയിതളും എന്റെമേൽ പെയ്തു. ശിമ്മാമയുടെ മേലും പെയ്തു.
‘‘ഞാനാ മരം കുലുക്കീത്'', ഞാൻ പറഞ്ഞു. ശിമ്മാമ ശ്രദ്ധിച്ചതേയില്ല. ഉന്മാദച്ചെവികളിൽ അവൾ മാത്രം മുഴങ്ങിയിരിയ്ക്കണം. എന്നെ ആരു കേൾക്കാൻ?
കൈകൾ മുമ്പോട്ടുനീട്ടി, വെള്ളത്തുള്ളികളും പൂവിതളുകളും കൈയിൽ ശേഖരിച്ചു.
‘‘അഞ്ജനാ'', തെളിഞ്ഞ മുഖത്തോടെ ശിമ്മാമ ചിരിച്ചു. മരത്തെ കെട്ടിപ്പിടിച്ചുനിന്നു.

ഇന്ദുമേനോൻ, ആറുമാസം പ്രായമുള്ളപ്പോൾ
ഇന്ദുമേനോൻ, ആറുമാസം പ്രായമുള്ളപ്പോൾ

അക്കാലങ്ങളിൽ ശിമ്മാമയ്ക്കു കുതിരവട്ടത്ത്​ ചികിത്സയുണ്ടായിരുന്നു. മഞ്ഞയും വെള്ളയും ഗുളികകൾ. ഓരോ നിറമുള്ള ഗുളികകളും മായാവ്യാമോഹപ്രപഞ്ചത്തിൽ നിന്നും ശിമ്മാമയെ നമ്മുടെ സാധാരണ ലോകത്തേയ്ക്കു മടക്കി. തന്റെ ആന്തരികവും ബാഹ്യവുമായ നഷ്ടങ്ങൾ, വേദനകൾ, ഓർമകൾ എന്നിവയിലേയ്ക്കു ശിമ്മാമ തിരികെവന്നു. ആ അദൃശ്യപെൺകുട്ടി മടങ്ങിപ്പോയി. മറ്റൊരുവൾ പ്രത്യക്ഷമായി. സ്വന്തം യൗവനത്തിൽ താൻ പ്രേമിച്ചവളുടെ ഓർമ കലമ്പി.
‘‘അഞ്ജനാ... അഞ്ജനാ...'' ശിമ്മാമ അശരണമായിക്കരഞ്ഞു. ചുമരിൽ തലതല്ലിപ്പൊളിച്ചു.
‘‘ഷോക്ക് കൊടുക്കൂ'' ഡോക്​ടർ മാരകമായ ചികിത്സാവിധി പറഞ്ഞു. വൈദ്യുതാഘാതമേൽക്കെ ഉറഞ്ഞയുടൽ വിശ്രാന്തമായി. മുഖഭാവങ്ങൾ നിർമമമായി. വികാരവും വിചാരവും കലങ്ങി.
‘‘വെള്ളം... വെള്ളം...'' സമുദ്രം കുടിച്ചുവറ്റിയ്ക്കാനുള്ള ദാഹവുമായി ശിമ്മാമ പിറുപിറുത്തു.
വായിലൊഴിച്ച വെള്ളം കിറിക്കോണിലൂടെ കണ്ണീർത്തുള്ളിയായി തൂവിയൊഴുകി. നാവുകുഴഞ്ഞിരുന്നു. വായ കഴച്ചിരുന്നു. അതിനുശേഷം അഞ്ജനയെയും മറക്കുന്നത്ര തളർച്ച വന്നു തലച്ചോറിനെ മൂടി...
ഇടയ്ക്ക് സ്വപ്നത്തിൽ പിറുപിറുത്തു, ‘അഞ്ജനാ...’
അപ്പോൾ ചിരിച്ചു.
‘അഞ്ജനാ...’
പിന്നെ കരഞ്ഞു.
‘അഞ്ജനാ...’
വേദനയാൽ പുളഞ്ഞു.

65 വയസ്സിൽ ആ ശരീരത്തെ ഒരു ഹൃദയാഘാതത്തിൽ അവസാനിപ്പിച്ച് ഈ ലോകത്തുനിന്ന്​ തിരിച്ചുകൊണ്ടുപോകുമ്പോൾ എല്ലാം പക്ഷെ അവസാനിപ്പിച്ചിരുന്നു. സന്തതികളോ ഭാര്യയോ കാമുകിയോ പ്രേമിക്കുന്നവളോ ഇല്ലാതെ ഒരു മടക്കം

ആദ്യകാലത്ത് ചികിത്സകൾക്ക് ശിമ്മാമ വന്നുവെങ്കിലും പിന്നെപ്പിന്നെ ഡോക്​ടർക്കരികിലേയ്ക്കു വരാതായി. തന്റെ ഹാലൂസിനേഷനിലും ഡെല്യൂഷനിലും സ്വയമടങ്ങി. ഉന്മത്തതയിൽ ആഹ്ലാദിച്ചു. ആ ലോകത്ത് സ്വൈര്യം വിഹരിച്ചു. അവിടെ സങ്കടങ്ങളുണ്ടായിരുന്നില്ല. ഉന്മാദരോഗത്തിന്റെ വന്യമാദകതയിൽ സ്വയം എരിഞ്ഞു. അസ്വസ്ഥപ്പകലുകൾ, ഉഷ്ണരാത്രികൾ, മഴയത്തും മഞ്ഞത്തും തീപിടിച്ചുഴറിയ തലച്ചോർ... പടപടാ മിടിച്ച അനാഥഹൃദയം.

ഉന്മാദരോഗം എന്റെ ശിമ്മാമയെ ഇഞ്ചിഞ്ചായിക്കൊന്നുവെന്നുവേണം പറയാൻ. വൈദ്യശാഖകൾ, പ്രത്യേകിച്ച് മനോരോഗചികിത്സകൾ ഏറ്റവും നല്ലതായി മാറിയ പുതിയകാലത്തെ ചികിത്സകളോ മരുന്നുകളോ ശിമ്മാമ സ്വീകരിച്ചതേയില്ല. 65 വയസ്സിൽ ആ ശരീരത്തെ ഒരു ഹൃദയാഘാതത്തിൽ അവസാനിപ്പിച്ച് ഈ ലോകത്തുനിന്ന്​ തിരിച്ചുകൊണ്ടുപോകുമ്പോൾ എല്ലാം പക്ഷെ അവസാനിപ്പിച്ചിരുന്നു. സന്തതികളോ ഭാര്യയോ കാമുകിയോ പ്രേമിക്കുന്നവളോ ഇല്ലാതെ ഒരു മടക്കം. ബലിയിടുന്ന ദിവസമെന്നെന്നു ഓർക്കാനൊരു പുത്രനില്ലാത്ത മടക്കം. ഭ്രാന്തനായ ഒരാൾക്കുമാത്രം സാധിക്കുന്ന സമാധാനം ലോകത്തിനു നൽകിയൊരു മടക്കം.

‘‘നല്ല മരണം. അധികം കെടന്ന് ആരേം ബുദ്ധിമുട്ടിച്ചില്ലല്ലോ'', ആരൊക്കെയോ മരണവീട്ടിൽ വെച്ച് അങ്ങനെ പറയുന്നതുകേട്ടു. ശ്വാസംമുട്ടലിന്റെ അവശതയിൽ മരുന്നുകഴിച്ചു മയങ്ങിയ ഏഴുമണിയ്ക്ക് ശിമ്മാമ കട്ടിലിൽ നിന്ന്​ താഴെ വീണാണ്​മരിച്ചത്. ശബ്ദം കേട്ട് കണ്ണനും അപ്പുവും ഓടിപ്പോയി. തറയിൽ കമിഴ്ന്നുകിടക്കുകയായിരുന്നു. മൂക്കിന്റെ പാലം പൊട്ടി ചോര പടർന്നിരുന്നു. അവർ കോരിയെടുത്ത് കൊണ്ടുപോകെ ആശുപത്രിവഴിയിൽ വെച്ച് മരണം സംഭവിച്ചു.

നിസ്സഹായമായ കുറേ ഓർമകളും അവജ്ഞയുടെയും വെറുപ്പിന്റെതുമായ കുറേ സത്യകഥകളും ജീവിതവും ചേർന്നാൽ ശിമ്മാമ ആവുമെന്നു ലോകം വിശ്വസിച്ചു. എനിയ്ക്കുപക്ഷെ അങ്ങനെയായിരുന്നില്ല. കാൽജീവിതത്തെ ഞാനും അങ്ങനെതന്നെ കാണുന്നുണ്ട് എന്നാൽ ബാക്കി മുക്കാൽ പങ്കും മതിഭ്രമപ്പെരുക്കത്തിൽ, ഉന്മാദയുരുക്കത്തിൽ, ആത്മാവിൽ വേരുപൊട്ടി ഉഴർന്ന വിത്തക്ഷരങ്ങളുടെ ലോഹോരുക്കച്ചൂട് പഴുപ്പിച്ചെടുത്ത കവിതപ്പങ്ക് ചേർക്കേണ്ടതുണ്ട്.

മരുന്നുകളും ചികിത്സയും അവസാനിച്ചപ്പോഴേയ്ക്കും കവിത ഔഷധമായി മാറിയിരുന്നു. എഴുത്തോടെഴുത്ത്. ഡോക്ടറുടെ കുറിപ്പിന്റെ പുറകിലും മരുന്നുകവറുകൾ മുറിച്ചെടുത്ത കടലാസിലും ഉത്സവനോട്ടീസിന്റെ പുറകിലും കവിത തളിർത്തു, പൂത്തു, കായ്​ പിടിച്ചു. ആദ്യകാലങ്ങളിൽ കവിതകളിലെ പ്രമേയം പ്രതിസന്ധികളും പരാതികളുമായിരുന്നു. പ്രേമവും ജീവിതവും ഇല്ലാതെ പ്രതിയുള്ള ആധികളായിരുന്നു. എൺപതുകളുടെ അവസാനത്തിൽ ഗദ്യകവിതകൾ അത്രയ്ക്കൊന്നും പ്രചാരമില്ല. ആ സമയത്ത് വാക്കുപൊട്ടി പ്രാണരക്തം ചിതറിച്ച്​ഉന്മാദം ചാലിച്ച് മാമ എഴുതിയതൊന്നും ആർക്കും മനസ്സിലായില്ല. മൃത്യുവിന്റെ, ഉന്മാദത്തിന്റെ, ചിത്തഭ്രമത്തിന്റെ, നിരാശയുടെ, ജീവിതാസക്തിയുടെ വാക്കുകളിൽ നാട്ടുകാർ പരിഹാസം പുരട്ടി വീണുചിരിച്ചു. ചിലർ ചിരിച്ച് തലതല്ലി ചത്തു. ബന്ധുക്കളാകട്ടെ വീട്ടിനകത്തെ കാര്യങ്ങൾ നാട്ടുകാരറിയുന്നോ എന്ന ആധിയിൽ പരിഭ്രാന്തരായി.

‘‘എന്തൊക്ക്യാ ഈ ശിവദാസനെഴ്തീദ്?''
‘‘സ്‌കൂളിലെ സ്റ്റാഫ് റൂമിലും ഈ കവിത കൊണ്ടോന്ന് വിക്കും'', അമ്മയും ചെറിയമ്മമാരുമൊക്കെ പറഞ്ഞു. അഞ്ചുവയസ്സിൽ കവിതയില്ലാതെ കയറിവന്നപ്പോൾ എനിയ്ക്കുതോന്നിയ അപമാനം എത്രയായിരുന്നു. അപ്പോൾ പിന്നെ മുതിർന്നവരെപ്പറ്റി പറയാനില്ലല്ലോ.
‘‘പിരാന്തിന്റെ ജൽപനല്ലാണ്ട് എന്താദ്?'' വേശു വെല്ല്യമ്മ മൂക്കത്ത് കൈവെച്ചു. വായിക്കാനറിയാത്തതിനാൽ ആ കവിതാപുസ്തകം ഞാനാണ് വായിച്ചുനൽകിയത്-
ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ. അതേ, ലോകം മുഴുവൻ അങ്ങനെ തന്നെ കളിയാക്കി.
ഭ്രാന്ത് എന്നതിൽ കവിഞ്ഞ് ആ കവിതകൾക്ക്, എഴുത്തിന് ഒരു മൂല്യവും ഉണ്ടായിരുന്നില്ല. എഴുതുക എന്നത് ആത്മരോഷത്തിന്റെയും മതിഭ്രമത്തിന്റെയും വിഭ്രമത്തിന്റെയും രോഗശാന്തിമരുന്നെന്ന് ആരും തിരിച്ചറിഞ്ഞില്ല. അക്കാലത്ത് ശിമ്മാമയ്‌ക്കൊപ്പം ഭ്രാന്താശുപത്രിയിൽ ചികിത്സിച്ചിരുന്ന വെള്ളാരം കണ്ണുകളുള്ള ഒരാൾ ഒരാഴ്ച മരുന്നു നിർത്തിയതിന്റെ പേരിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ജയകുമാർ എന്നായിരുന്നു അയാളുടെ പേര്. എന്റെ സുഹൃത്തിന്റെ അച്ഛന്റെയും പിന്നീട് സുഹൃത്തിന്റെയും കീഴിൽ ചികിത്സിച്ച ആളായിരുന്നു. സ്‌കീസോഫ്രീനിയയുടെയും ഉയർന്ന ലൈംഗികാസക്തിയുടെയും പ്രശ്‌നങ്ങൾ അനുഭവിച്ച ഒരു മനുഷ്യൻ. ജയകുമാറിനെക്കുറിച്ച് പിന്നീട് എഴുതാം.

അവളുള്ള ഭ്രമത്തിൽ ആ വിചിത്ര മായികലോകത്ത്, നമ്മൾ ആരും കാണാത്ത അസംഖ്യം മനുഷ്യരുടെ ലോകത്ത് ശിമ്മാമ സമാധാനപൂണ്ടു. ഒരു മനുഷ്യൻ ഒരേ കാലത്ത് ഈ ലോകത്തിലും അപരലോകത്തിലും ജീവിക്കുന്ന എന്ന അത്ഭുതകരമായ സംഗതി നടന്നു.

ശിമ്മാമയുടെ കവിതകളിലും നിരാശകളും ആശകളും ആശങ്കകളും ആസക്തികളും പരാതികളും പ്രമേയമായിരുന്നു. സ്‌നേഹരാഹിത്യം ഒരു ജീവിതകാലം കൊണ്ട് താനനുഭവിച്ചതെങ്ങനെയെന്നെഴുതാത്ത ഒരു കവിതയുമുണ്ടായിരുന്നില്ല. അമ്മച്ഛനു പ്രിയം നാട്ടുകാരോടാണെന്നും അമ്മമ്മയ്ക്കു പ്രിയം പെൺമക്കളോടാണെന്നും പെൺമക്കളുടെ നന്മയ്ക്കുവേണ്ടി തന്നെ ബലിയാടാക്കിയെന്നുമുള്ള മിഥ്യാധാരണയിൽ ശിമ്മാമ വഴക്കുകൂടി തളർന്നു. അതേ വിഷയത്തിൽ വൈകുന്നേരങ്ങളിൽ കവിത പൊട്ടിയൊഴുകി. മകനെ സ്‌നേഹമില്ലാത്തമ്മ, സഹോദരനെ സ്‌നേഹമില്ലാത്ത സഹോദരികൾ, തന്നെയൊട്ടും മനസ്സിലാക്കാത്ത വീട്ടുകാർ, തന്റെ ഗർവും കഴിവുമൊന്നും അംഗീകരിക്കാത്ത നാട്ടുകാർ; തെണ്ടികൾ... അതായിരുന്നു ഈ ലോകപ്രമേയം.

എന്നാൽ അപരലോകം അങ്ങനെയായിരുന്നില്ല. അവളുള്ള ഭ്രമത്തിൽ ആ വിചിത്ര മായികലോകത്ത്, നമ്മൾ ആരും കാണാത്ത അസംഖ്യം മനുഷ്യരുടെ ലോകത്ത് ശിമ്മാമ സമാധാനപൂണ്ടു. ഒരു മനുഷ്യൻ ഒരേ കാലത്ത് ഈ ലോകത്തിലും അപരലോകത്തിലും ജീവിക്കുന്ന എന്ന അത്ഭുതകരമായ സംഗതി നടന്നു. രണ്ടു ലോകങ്ങളിലായി ഒരേ കാലത്ത് ജീവിയ്ക്കുവാൻ മരുന്നുകൾ കഴിക്കാതിരിയ്ക്കണമായിരുന്നു. ആത്മവ്യാമോഹങ്ങളുടെ മഹാവ്യസനങ്ങൾ തലച്ചോറിൽ പൊട്ടിയൊഴുകിക്കൊണ്ടിരുന്നു. മിഥ്യാബോധങ്ങളുടെ പുകയും മതിഭ്രമത്തിന്റെ മഞ്ഞും കലർന്ന്​ കാഴ്ചകൾ മങ്ങിയിരുന്നു. ചികിത്സയില്ലാതെ അപരലോകം വഹിച്ച ഒരു മനുഷ്യനുണ്ടാകാവുന്ന സകല ആഘാതങ്ങളും ഏറ്റുവാങ്ങി അവയെ അക്ഷരമായി പരിവർത്തനപ്പെടുത്തി ജീവിച്ചു. ആത്മഹത്യ ചെയ്ത ഉന്മാദികളെക്കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ ആദ്യകാലങ്ങളിൽ ഞാൻ വല്ലാതെ ചകിതയായി. പല ഡോക്​ടർമാരെയും കണ്ടു. രോഗിയറിയാതെ ചികിത്സിക്കില്ലെന്നവർ ആണയിട്ടുപറഞ്ഞു. തനിയ്ക്കു ഭ്രാന്തില്ലെന്ന്​ ഉറച്ചു വിശ്വസിച്ച ശിമ്മാമയാകട്ടെ സൈക്യാട്രിസ്റ്റുമാരെ അമ്പേ അകറ്റിനിർത്തി.

എനിയ്ക്കു മൂന്നോ മൂന്നരയോ വയസ്സുള്ളപ്പോഴാണ് ശിമ്മാമയ്ക്ക് ആദ്യമായി ഭ്രാന്ത് വരുന്നത്. ഭ്രാന്താണ് വന്നതെന്ന് ഞങ്ങളാരും അറിഞ്ഞില്ല. അപകടം പറ്റിയെന്നു ഫോൺ വന്നപ്പോൾ ഊഹിച്ചുകൂടിയില്ല. രാജസ്ഥാനിലേയ്ക്കു ​ട്രങ്ക്​ ബുക്ക് ചെയ്തു വിളിച്ചു; ‘‘കുഴപ്പമൊന്നുമില്ല. ചെറിയ ആക്​സിഡന്റാണ്. നടക്കാൻ വയ്യ. അത്രയേ ഉള്ളൂ''

ഇന്ദുമേനോന്റെ അമ്മച്ഛൻ.
ഇന്ദുമേനോന്റെ അമ്മച്ഛൻ.

നന്നായി പഠിച്ചുപാസായ, ക്ലാസുള്ള, പെട്ടെന്നുതന്നെ ജോലി നേടിയ, സുന്ദരനും സുമുഖനും നന്നായി സംസാരിക്കുന്നവനുമായ, പെൺകുട്ടികളുടെ സ്വപ്നകുമാരനായ ശിവദാസൻ മേനോൻ രാജസ്ഥാനിലെ മരുഭൂമിയിലേയ്ക്ക് ജോലി കിട്ടി പോയി. 20- 21 വയസ്സ്, അത്രയുമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ശമ്പളം കിട്ടിത്തുടങ്ങിയപ്പോൾ മുടങ്ങാതെ അമ്മൂമ്മയ്ക്ക് പണമയക്കുമായിരുന്നു. വിശേഷങ്ങളെഴുതിയ കത്തുകളയക്കുമായിരുന്നു. ആദ്യത്തെ ആൺകുട്ടി എന്ന വാത്സല്യവും അഭിമാനവും ഉള്ളിൽ വെച്ച് ശിമ്മാമയെ അമ്മൂമ്മ ആരെക്കാളുമധികമായി സ്‌നേഹിച്ചിരുന്നു.

അമ്മയുടെയും ചെറിയമ്മമാരുടെയുടെ വർത്തമാനങ്ങളിൽ നിന്ന്​ ഈ രോഗത്തിന്റെ അനുരണനങ്ങൾ ശിമ്മാമയിൽ മറ്റു പലരീതിയിലും ചെറുപ്പത്തിലെ കണ്ടിരുന്നുവെന്ന് അറിയാൻ പറ്റി. അമ്മവീട്ടുകാർ പൊതുവേ സ്വാർഥത ഇല്ലാത്തവരാണ്. എല്ലാ മനുഷ്യരോടും നന്നായി പെരുമാറാനും സ്‌നേഹത്തോടെയിരിക്കാനും ശ്രമിക്കുന്നവരാണ്. പ്രത്യേകിച്ച് അമ്മൂമ്മയും അമ്മൂമ്മയുടെ സഹോദരിമാരും. ഒന്നോ രണ്ടോ പേരെ മാറ്റിനിർത്തിയാൽ പൊതുവെ കരുണാപൂർണവും സ്‌നേഹപൂർണവുമായ ജീവിതം നയിക്കുന്നവരാണവർ. ആർക്കും വന്നുതാമസിക്കാവുന്ന, എപ്പോഴും ഉള്ള ഭക്ഷണത്തിൽ നിന്ന്​ പങ്ക് കിട്ടുന്ന ഒരു ഇടമാണ് ഇമ്പാച്ചുണ്ണിവീട് എന്നു ഞങ്ങൾ കുട്ടികൾ വിളിക്കുന്ന ശ്രീനിലയം. എന്നാൽ കുട്ടിക്കാലം മുതലേ പൊതുവേ ഒരുതരം സ്വാർഥത ശിമ്മാമയ്ക്കുണ്ടായിരുന്നു. എന്തെങ്കിലും പങ്കിടാനുള്ള മടി, പങ്കിടുമ്പോൾ ക്രോധം... അങ്ങനെയങ്ങനെ വളരെ നിർബന്ധബുദ്ധി പ്രകൃതം. ബാലചിത്തഭ്രമത്തിന്റെ പല ലക്ഷണങ്ങളും സ്വാർഥതയെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്തി. ചെറുപ്പം മുതലേ ചെറിയ ക്രൂരമായ പെരുമാറ്റങ്ങളുണ്ടായിരുന്നു. കളിക്കാൻ പോയതിന്​ ഇളയ സഹോദരിയെ വടി വെട്ടി ക്രൂരമായി മർദിച്ച് സഹോദരങ്ങളോട് നിസാരകാര്യത്തിന്​ കലഹിച്ചു, അങ്ങനെ പലപല ഉദാഹരണങ്ങൾ ഉണ്ടായിരുന്നു.
‘‘ഓനൊരു ഒറ്റക്കുർക്കനാണ്ടീ''...

ഒന്നുരണ്ട് വീടുകളിലായിട്ടാണ് അമ്മവീട്ടുകാർ തങ്ങളുടെ ജീവിതം നീക്കിയിരുന്നത്. കോലോന്തൊടിയിൽ റെയിൽവേ സ്​റ്റേഷന്റെ അടുത്തുള്ള ഇത്തിരിസ്ഥലത്ത് അമ്മച്ഛൻ വെച്ച ഒരു ചെറിയ വീട്ടിൽ അമ്മമ്മയും അമ്മച്ഛനും ആറുമക്കൾക്കും ഒപ്പം അമ്മൂമ്മയുടെ പല സഹോദരിമാരും മക്കളും താമസിച്ചിരുന്നു. അത്രയും ചെറിയ വീട് ഞാൻ കണ്ടിട്ടില്ലായിരുന്നു. പുതിയ വീട് വെക്കാൻ തത്കാലം കെട്ടിയതോ മറ്റോ ആണ്. മൂന്നു കുഞ്ഞു മുറി, കുഞ്ഞു വരാന്ത, കുഞ്ഞിയടുക്കള, ഒരുമ്മറം, തിണ്ണ... കഴിഞ്ഞു. ഇക്കണ്ട മനുഷ്യരത്രയും എങ്ങനെ ജീവിച്ചു എന്നു ചോദിക്കുമ്പോൾ അമ്മ പറയും; ‘സ്‌നേഹള്ളോണ്ടാടീ.’

ആയിരിക്കണം, സ്‌നേഹമുള്ളതുകൊണ്ടായിരിക്കണം, അട്ടിയിട്ടപോലെ അസംഖ്യം മനുഷ്യർ ആ വീട്ടിൽ ജീവിച്ചത്. പിന്നീട് അമ്മച്ഛൻ മുൻകൈയെടുത്ത് തിരുവച്ചിറയുടെ മറുകരയിൽ വലിയ വീട് പണിതു. അതാണ് ശ്രീനിലയം. ഇപ്പുറത്ത് വലിയ വീട് മറ്റൊന്നു പണിഞ്ഞു- ലക്ഷ്മി നിലയം. എല്ലാവരും പരസ്പരം സ്‌നേഹിച്ചും അമ്മച്ഛൻ കൊണ്ടുവരുന്നത് പങ്കിട്ടും ജീവിച്ചുവന്നു. പൊള്ളാച്ചിയിൽ വലിയ മരവ്യാപാരിയായിരുന്നു അമ്മച്ഛൻ. ശിമ്മാമയ്ക്കുമാത്രം ഇതൊന്നും ഇഷ്ടമായിരുന്നില്ലെത്രെ. എന്തിനാണ് നമ്മുടെ വീട്ടിൽ അവർ താമസിയ്ക്കുന്നത് എന്ന് ചോദിച്ചു വഴക്കിട്ടു.

സ്വാർഥത പരമകോടിയിലായതിനാലാണ് ശിവദാസൻ അങ്ങനെ സംസാരിക്കുന്നത് എന്ന് എല്ലാവരും കരുതി. അങ്ങനെ തന്നെ പറഞ്ഞു. ഉപദേശിച്ചുനോക്കി, പറഞ്ഞുനോക്കി, ഭീഷണിപ്പെടുത്തി നോക്കി. ശിവദാസന്റെ പരുക്കൻ മട്ടിനും കാർക്കശ്യത്തിനും ആൽഫാ ആൺ പെരുമാറ്റങ്ങൾക്കുമൊന്നും കുറവുണ്ടായില്ല. സ്‌നേരാഹിത്യം, മനസ്സിലെ തിന്മ, സൗന്ദര്യത്തിന്റെ നെഗളിപ്പ് അങ്ങനെ പല കാരണങ്ങൾ വീട്ടുകാരും നാട്ടുകാരും വ്യാഖ്യാനിച്ചു.

താൻപോരിമ, നിർബന്ധബുദ്ധി, മറ്റുള്ളവരെക്കുറിച്ചുള്ള ചീത്തയായ ചില വിശ്വാസങ്ങൾ, ക്രൂരമായ ചില പെരുമാറ്റങ്ങൾ ഇവയൊക്കെ തന്നെയും ബാലചിത്തഭ്രമത്തിന്റെ അക്കൗണ്ടിൽ ആരും എഴുതിച്ചേർത്തില്ല. ആർക്കും അറിയുമായിരുന്നില്ല രോഗത്തെക്കുറിച്ച് അതിന്റെ ചികിത്സയെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല.

‘‘ഓന് പണ്ടേ ഭയങ്കര വാശിയാടി'', അമ്മ പറഞ്ഞു.
‘‘നന്നായിട്ട് അടിയ്‌ക്കൊക്കെ ചെയ്യും. എന്നെ ചെമ്പരത്തി വട്യോണ്ട് ഒക്കെ തല്ലീണ്ട്'', രമ മേമ പറഞ്ഞു.
‘‘ഓമ്പിടിച്ച മൊയലിനെപ്പളും മൂന്ന് കൊമ്പാ'', ജാനുവല്ല്യമ്മ നെടുവീർപ്പിട്ടു.
‘‘ഓൻ ഇന്നെക്കാളും ഇളയതാ, എന്നിട്ട് ഇന്നെക്കാളും മൂത്തയാളെ പോലെ പെരുമാറാൻ നോക്കും. ഞാൻ ആരോടെങ്കിലും സംസാരിച്ചാ, ഓരോട് വഴക്കുണ്ടാക്കും. ആൺകുട്ടികളോട് സംസാരിച്ചാൽ എന്തായാലും വഴക്കുണ്ടാക്കും. വല്ലാത്ത കുടുക്കാരുന്നു ഓന്റൊപ്പള്ള പഠിത്തം. തോക്കണ്ടേരുന്നില്ലാന്ന് അപ്പോ തോന്നും''; പരീക്ഷയ്ക്ക് തോറ്റ് അനിയനൊപ്പം ഒരേ ക്ലാസിൽ ഡിഗ്രി പഠിച്ച ഗതികേടിനെപ്പറ്റി അമ്മ പലപ്പോഴും പറഞ്ഞു.
‘‘കോളേജിലൊക്കെ ഭയങ്കര കടുപ്പാണ് ഓന്റെ സ്വഭാവം''; അമ്മ കോളേജ് കാലഘട്ടത്തിലെ സ്വഭാവം ഓർത്തു.

ഇന്ദുമേനോന്റെ അമ്മ വി. സത്യവതിയും അച്ഛൻ ഉമയനല്ലൂർ എസ്. വിക്രമൻ നായരും ലക്ഷ്മി നിലയത്തിൽ
ഇന്ദുമേനോന്റെ അമ്മ വി. സത്യവതിയും അച്ഛൻ ഉമയനല്ലൂർ എസ്. വിക്രമൻ നായരും ലക്ഷ്മി നിലയത്തിൽ

താൻപോരിമ, നിർബന്ധബുദ്ധി, മറ്റുള്ളവരെക്കുറിച്ചുള്ള ചീത്തയായ ചില വിശ്വാസങ്ങൾ, ക്രൂരമായ ചില പെരുമാറ്റങ്ങൾ ഇവയൊക്കെ തന്നെയും ബാലചിത്തഭ്രമത്തിന്റെ അക്കൗണ്ടിൽ ആരും എഴുതിച്ചേർത്തില്ല. ആർക്കും അറിയുമായിരുന്നില്ല രോഗത്തെക്കുറിച്ച് അതിന്റെ ചികിത്സയെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. കാലം എൺപതുകളുടെ ഒടുക്കമാണ്. സൈക്ക്യാട്രിയിൽ അത്രത്തോളം മരുന്നുകളോ പരീക്ഷണങ്ങളോ നടന്നിരുന്നില്ല. കാടൻ മരുന്നുകൾ. ഉരുക്കുകയും തളർത്തുകയും കൂടി ചെയ്യുന്നവ. ഷോക്കടിപ്പിക്കൽ അത്രമേൽ പ്രാകൃതമായ കാലമായിരുന്നു അത്. മകൻ ഭ്രാന്തൻമാരുടെ സെല്ലിൽ ഷോക്കേറ്റു കിടന്ന ആ കാഴ്ച കണ്ടത് അമ്മൂമ്മയുടെ ഹൃദയത്തെ കശക്കിത്തകർത്തു.

ശിമ്മാമയുടെ കമ്പനിയിൽ നിന്നല്ല, മറിച്ച് ജയ്പൂരിലെ മലയാളികളിൽ നിന്നാണ് ആ കമ്പി കിട്ടിയത്.
‘‘ഉടനെ പുറപ്പെടുക. ശിവദാസമേനോന് ആക്‌സിഡന്റുണ്ടായി.''
പലതരം ഊഹാപോഹങ്ങൾ ആ അപകടത്തെ പ്രതി നടന്നു. അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞു എന്ന് രണ്ടാമത് വിവരം കിട്ടി.
‘‘പേടിച്ചുപോയിരുന്നു'', അമ്മൂമ്മ ആശ്വാസംകൊണ്ടു.
മകനെ കാണാനും നാട്ടിലേയ്ക്കു കൊണ്ടുവരാനും അമ്മയും ബാലകൃഷ്ണമാമയും വല്യച്ഛനും ലീല വല്യമ്മയും രമേശമാമയും പോയി എന്നാണ് ഓർമ. എന്നെക്കൂടി കൊണ്ടുപോകണം എന്ന് കരഞ്ഞുവിളിച്ച് പിന്നാലെ ഞാൻ നടന്നതും നല്ല ഓർമയുണ്ട്.

വീട്ടുകാർ കരുതിയതുപോലെ റോഡപകടം ആയിരുന്നില്ലത്. കടുത്ത പ്രേമനൈരാശ്യമെന്ന കൊടിയ അപകടം. അതങ്ങനെ പൊട്ടിമുളച്ചുവന്നു, വേരാഴ്ത്തി. ശിമ്മാമയിൽ അത്​ ചില്ലപടർത്തി പൂക്കുകയും തളിർക്കുകയും ചെയ്തു. ചെറുപ്പത്തിലേ ഉറങ്ങിക്കിടന്നിരുന്ന ബാലചിത്തഭ്രമം കൂടി വളർന്നപ്പോൾ ആരുമറിഞ്ഞില്ല. ഒളിസേവക്കാരിയെപ്പോലെ കൗമാരത്തിലും യൗവനത്തിലും ഭ്രാന്ത് വിടാതെ പിന്തുടർന്നു. ഒരു പൊട്ടിത്തെറിക്ക് സമയമായത് രാജസ്ഥാനിൽ വച്ചായിരുന്നുവെന്നുമാത്രം.

രാജസ്ഥാനിൽ ചെന്നപ്പോൾ, ‘നേരെ ആശുപത്രിലേയ്ക്കു പോന്നോളൂ' എന്നു മലയാളി സമാജക്കാർ വിളിച്ചുപറഞ്ഞു. കോലോന്തൊടിയിൽ നിന്ന്​ ശിമ്മാമയ്ക്കു ജോലിയ്‌ക്കൊക്കെ സഹായിച്ചിരുന്ന ഒരാളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ
ആശുപത്രിയിൽ ചെന്നപ്പോൾ അമ്മൂമ്മ ഞെട്ടിത്തരിച്ചുപോയി. ഹിന്ദിയിലെയോ രാജസ്ഥാനിയിലെയോ ബോർഡ് വായിക്കാൻ കഴിഞ്ഞിരുന്നില്ല, ‘‘അമ്മമ്മയ്ക്ക് മലയാളന്നെ അറിയില്യ ഉണ്ണ്യേ, പിന്ന്യാണോ രാജസ്ഥാനിലെ ഭാഷ വായിക്കാൻ കഴിയണേ?''
സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഭ്രാന്താശുപത്രി ആയിരുന്നു അത്. കൊടിയ ഭ്രാന്തന്മാർ നിറഞ്ഞൊരു ആശുപത്രി.
‘‘ഒരുപക്ഷെ അപ്പറത്തെങ്ങാനും അപകടം പറ്റ്യോർക്കുള്ള വാർഡുണ്ടാവുന്നേ ഞാൻ കരുതീള്ളൂ'', അമ്മൂമ്മയുടെ ശബ്ദം ചിതറി.
‘‘വാർഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്'' എന്നുകേട്ട് അവർ ആശ്വാസത്തോടെ വഴികാട്ടുന്ന ആളുടെ പുറകെ നടന്നു.
വാർഡ് എന്നാൽ സെല്ലുകൾ ആയിരുന്നു. കമ്പിയഴിക്കുള്ളിൽ സിമൻറുകൊണ്ട് പണിത ബെഞ്ചിൽ തളർന്നുകിടക്കുന്ന ശിമാമയെ കണ്ടു.
അമ്മൂമ്മയ്ക്കാദ്യം മനസ്സിലായതുപോലുമില്ല, ‘‘അയ്യയ്യോ, ശിവാ, മോനെ''- അമ്മൂമ്മ അഴിയിൽ പിടിച്ചു നിലവിളിച്ചു.
ആ ഓർമയെക്കുറിച്ച് പറയുമ്പോഴൊക്കെയും അമ്മൂമ്മ നടുങ്ങി. മൊട്ടയടിച്ചു കുറ്റിത്തലയായ ശിരസ്​. കരഞ്ഞുവീർത്തപോലുള്ള തടിച്ച കൺപോള. നീലശംഖുപൂ കൂട്ടമായി പൂത്തപോലെ ചീർത്തു നീർക്കൊണ്ട മുഖം. മലവും മൂത്രവും കുഴഞ്ഞു മണക്കുന്ന വൃത്തികെട്ട സെല്ല്. അവിടെ മറ്റുപല ഭ്രാന്തന്മാർ. തൂറുകയും മൂത്രമൊഴിയ്ക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നവർ. അമ്മൂമ്മ വളരെയേറെ സങ്കടപ്പെട്ടു. എന്തുകാരണത്താലാണ് ഈ രോഗം ഉണ്ടായതെന്ന് കണ്ടുപിടിക്കാൻ കൃത്യമായി കഴിഞ്ഞിരുന്നില്ല. കുടുംബത്തിൽ അത്തരമൊരു ഭ്രാന്തിന്റെ പാരമ്പര്യം ഉണ്ടായിരുന്നില്ല.

ലീല വല്ല്യമ്മ, ശാന്ത മേമ, ഇന്ദുമേനോന്റെ അമ്മ സത്യവതി.
ലീല വല്ല്യമ്മ, ശാന്ത മേമ, ഇന്ദുമേനോന്റെ അമ്മ സത്യവതി.

‘‘ഇയാൾക്ക് മുമ്പ് ഇങ്ങനെ വന്നിട്ടേയില്ലേ?''
ഇല്ലെന്നമ്മൂമ്മ തലയാട്ടി.
അന്വേഷണത്തിനൊടുവിൽ പ്രേമനൈരാശ്യം ആയിരുന്നു കാരണം എന്നുമാത്രം മനസ്സിലായി.
മരുഭൂമിയിൽ വേനൽപ്പച്ചയായിക്കണ്ട, മെലിഞ്ഞു, കിളരം കൂടിയ പെണ്ണിന്റെ പേര് അഞ്ജനാ മേനോൻ.
‘‘ഓക്ക് പ്രേമൊന്നും ഇല്ലേയ്‌നു’’, കോലോന്തൊടിക്കാരൻ പറഞ്ഞു.
‘‘ഓന് പിരാന്തേയ്‌നി. ഓളെ വീട്ടുമ്പടിയ്ക്കലിങ്ങനെ നിന്നൂട്ടാ ഓൾടെ ആൾക്കാര് വെറുതെ വിട്വോ?''

വള്ളീക്കാട്ടെ ഫ്ലോറൻറീനോ അരീസ രാജസ്ഥാനിലെ ഫെർമിനാഡാസയുടെ വീട്ടുപടിയ്ക്കൽ കാവൽ നിന്നു. അവളുടെ ജനാലകൾ തുറക്കുന്നത് കാത്തുനിന്നു. പ്രപഞ്ചമെന്നാൽ അഞ്ജനയുടെ കണ്ണുകളിൽ കാണുന്ന പ്രകാശമാണെന്ന് പിന്നീട് പലയാവർത്തി ഒറ്റയ്ക്കു സംസാരിയ്ക്കുമ്പോൾ പറഞ്ഞുകേട്ടു.

ജയ്​പുരിലെ കൊടിയ വേനലിൽ, സൂര്യരശ്മികൾ ശിരസിലടിച്ച് ഉന്മാദമിളക്കിയ നട്ടുച്ചകളിൽ, തോലിൽ സൂര്യതാപക്കുമിളകൾ പൊന്തി അഞ്ജനയെ കാത്തുനിന്ന നിർജലീകരണ നിമിഷത്തിൽ, ശിരസിൽ കടൽ പൊട്ടി. ഭ്രാന്തിന്റെ വങ്കടൽ പൊട്ടിച്ചിതറി. തിരയലർച്ചയുയർന്നു. പിന്നെ അലർച്ചയുടെ, മുടി പിഴുന്നു വാനത്തെറിയുന്നതിന്റെ ക്രൂരക്കോമര മഞ്ഞളാട്ടങ്ങൾ. ആരെക്കൊയോ ശിമ്മാമ്മയെ മർദിക്കയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. പല്ലുകൾ പൊട്ടിയിരുന്നു. നാഭിയ്ക്കു ചവിട്ടുകിട്ടിയിരുന്നു. ദേഹമാസകലം കടുത്ത ക്ഷതങ്ങൾ നീലിച്ചുനിന്നു. അഞ്ജനയുടെ വീട്ടുകാരാണോ നാട്ടുകാരാണോ അതോ ആശുപത്രിയിലെ തടിയൻ കാവൽക്കാരാണോ, അറിയില്ല. ആരാണെങ്കിലും സംഘമായി ചേർന്നു ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടായിരുന്നു. മഞ്ഞത്തും ശീതക്കാലായുറഞ്ഞും മഴയത്തു തുള്ളിപോലലിഞ്ഞും വെയിലത്തു തീപോലുടൽകത്തി നിന്നും ഒരു പ്രേമം കാംക്ഷിച്ചതിനുള്ള ശിക്ഷ.

അഞ്ജന എന്ന പേരോ ഓർമകളോ രാജസ്ഥാനിലെ ചികിത്സകൊണ്ട് പോയിരുന്നില്ല. കുതിരവട്ടത്തെ ആദ്യകാല ചികിത്സയിലും പോയിരുന്നില്ല. പ്രാണൻ കെട്ട് തളർന്നുറങ്ങുമ്പോഴെല്ലാം അവളുടെ പേരു വിളിച്ചുകൊണ്ടേയിരുന്നു. പിന്നീട് നിരന്തര ഷോക്ക് ചികിത്സ കൊണ്ട് മാസങ്ങളെടുത്താണ് ആ പേര് നാവിൽ നിന്നും അടർന്നുപോയത്, തലച്ചോറിൽ നിന്നും മാഞ്ഞുപോയത്. എല്ലാ ഓർമകളും ചിന്തകളും കലക്കി പിന്നെ വടിച്ചെടുത്ത് വൈദ്യുതി കടന്നുപോകെ കാഴ്ചകൾ കടലിരുട്ടായി നിറഞ്ഞു. പുതിയ മസ്തിഷ്‌ക കോശങ്ങളിൽ വെള്ളക്കടലാസുകൾ നിറഞ്ഞു. ആർക്കും എന്തുമെഴുതിച്ചേർക്കാവുന്ന അത്രയും ദുർബലമായ ഒരാളായി മാറി.

പിന്നീടുള്ള കാലങ്ങളിൽ ഒറ്റയ്ക്ക് സംസാരിക്കുമ്പോൾ ശിമ്മാമയുടെ ഏതോ ചില സ്വപ്നങ്ങളിൽ അവൾ വീണ്ടും വരുന്നതായി അറിയാൻ കഴിഞ്ഞു. അവളുമായി പ്രേമമെന്ന് പുലമ്പി. ഞാനൊരു കുട്ടിയായിരുന്നു. അതുകൊണ്ട് മറ്റാർക്കും പ്രവേശനമില്ലാത്ത ഇടങ്ങളിലും എനിയ്ക്ക് പ്രവേശനവുമുണ്ടായിരുന്നു. മാമയുടെ മുറിയുടെ ഉള്ളിലും ഞാൻ നടക്കും. കൂടെയും ഞാൻ നടക്കും. ചിലപ്പോൾ പിന്തുടർന്നും നടക്കും. പലതും ഞാൻ കേട്ടു, പല സംഭാഷണങ്ങളും എന്നെ അത്ഭുതപ്പെടുത്തി. അതിസുന്ദരിയായ ഒരു പെണ്ണ് ആ മുറിയിൽ നിൽക്കുന്നത് പോലെയായിരുന്നു മാമയുടെ സംഭാഷണവും ചേഷ്ടകളും. ചിലപ്പോൾ ചാരിയ വാതിലിനുള്ളിൽ നിന്ന്​ കുണുങ്ങിച്ചിരികളും ദീർഘനിശ്വാസങ്ങളും കേട്ടു. കുറ്റിയിട്ട വാതിലിനപ്പുറത്ത് രണ്ടുപേർ മൽപ്പിടുത്തം നടത്തുന്നതും കേട്ടു. ആത്മരതിയെക്കുറിച്ചോ അപരലോക അദൃശ്യസുന്ദരിയുമായുള്ള വിഭ്രമരതിയെക്കുറിച്ചോ അറിയാനോ ഊഹിക്കാനോ പോലുമുള്ള പ്രായമെനിയ്ക്കില്ലായിരുന്നു.

‘‘എന്തിനാ ചാരിയ വാതിൽ തൊറക്കണത്?'' ആളുകൾ എന്നെ വിലക്കി.
‘‘ഇയ്യെന്തിനാ ഓൻ വാതിലടച്ചാ അവടെ പൊറത്ത് നിക്കണത്?'' അമ്മൂമ്മമാർ എന്നെ വഴക്കുപറഞ്ഞു. എങ്കിലും എനിയ്ക്കു മനസ്സിലാവാത്തത് അവർക്ക് മനസിലായിരിയ്ക്കണം. തനിയ്‌ക്കൊരു വിവാഹം അത്യാവശ്യമായിരിക്കുന്നുവെന്നു സദാ ശിമ്മാമ പുറത്തിരുന്നു പിറുപിറുത്തു. പെണ്ണിന്റെ ഗുണഗണങ്ങൾക്കുപുറമെ അവളുടെ മുലകളുടെ വലിപ്പം, ചന്തിയുടെ കൊഴുപ്പം, മുടിയുടെയും തുടയുടെയും അഴക്, പൊക്കിളിന്റെയും നാഭിയുടെയും ചുഴിഭംഗി അങ്ങനെയുള്ള കാര്യങ്ങളും ഇടയ്ക്കിടെ പറഞ്ഞുംകൊണ്ടെയിരിയ്ക്കും.

ഇന്ദുമേനോന്റെ അമ്മമ്മ.
ഇന്ദുമേനോന്റെ അമ്മമ്മ.

രോഗിയായ മകനുവേണ്ടി മമ്പറത്തെ തങ്ങളെ വരെ പോയി കണ്ടുവന്നു അമ്മൂമ്മ. കല്യാണം കഴിപ്പിക്കാനുള്ള ശ്രമവും നടത്തി. അമ്മൂമ്മ വിവാഹം ആലോചിച്ച് വന്നപ്പോഴൊക്കെ അവരെയെല്ലാം വേണ്ടെന്നുവെയ്ക്കാൻ ശിമ്മാമയ്ക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ശിവദാസമേനോൻ വി.യുടെ ഭ്രാന്ത് അറിഞ്ഞുകൊണ്ട് കല്യാണം കഴിക്കാൻ വന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. ഒന്നോ രണ്ടോ ഗതികെട്ട പെണ്ണുങ്ങൾ മാത്രം. വിവാഹം കഴിയാതെ നിന്നുപോയ ഒരു പെണ്ണ് അമ്മൂമ്മയോട് താൻ വിവാഹം ചെയ്യാമെന്ന് സമ്മതിച്ച് വന്നപ്പോൾ ഞങ്ങളെല്ലാം ഏറെ ആഗ്രഹിച്ചു. ഒരുപക്ഷെ മുടങ്ങിയ ചികിത്സ അവൾ മൂലം പുനരാരംഭിക്കാമെന്നു ഞങ്ങൾ വ്യാമോഹിച്ചു. ശിമ്മാമയ്‌ക്കൊപ്പം ചികിത്സചെയ്ത ഒരാൾ വിവാഹം ചെയ്ത് നന്നായി ജീവിക്കുന്ന ഉദാഹരണം ഞങ്ങൾക്കുമുന്നിലുണ്ടായിരുന്നു.
‘‘സൗന്ദര്യം കുറഞ്ഞ പെണ്ണോ?’’- മാമ എതിർത്തു.
ശിമ്മാമ ആഗ്രഹിക്കുന്ന ബുദ്ധിയോ സൗന്ദര്യമോ ആ പെണ്ണിനുണ്ടായിരുന്നില്ല. അവളുടെ പല്ലുകൾ അല്പം പൊന്തിയിരുന്നു. പ്രാരാബ്ധജീവിതക്കലക്കത്തിൽ മുഖത്ത് കരിമംഗലം വന്നിരുന്നു. ആ പെണ്ണിന്റെ വിവാഹം മാത്രം നടന്നിരുന്നില്ല. ചേച്ചിയുടെ ഭർത്താവ് അവളെ ‘നശിപ്പി’ച്ചെന്നും മറ്റും നാട്ടുപാണൻമാർ പാടിനടന്നു. അവളെ അമ്മയും അച്ഛനും സദാ വഴക്കുപറഞ്ഞു. കരഞ്ഞുകണ്ണീരണിഞ്ഞും അമ്മൂമ്മയ്ക്കരികിലേയ്ക്ക് വരുന്ന അവളെ കാണാൻ ശരിയ്ക്കും നല്ല ഭംഗിയുണ്ടായിരുന്നു. കുളിച്ച് മുണ്ടും കൈമുണ്ടുമുടുത്ത്​, ചന്ദനക്കുറിയും തൊട്ട്​ എന്നും വീട്ടിൽ വരും. എണ്ണയുടെ മണമുള്ള മുടി പറ്റിയിരുന്നു, നനവ് വീണ പിൻഭാഗം.

‘‘തൃമധുരം വേണ്ടേ''
‘‘വേണം''
ഞാൻ വാ പൊളിയ്ക്കും. അവൾ അമ്മായിയായി വന്നാൽ നല്ലതായിരുന്നു. ശിമ്മാമയ്ക്കുമാത്രമല്ല എന്റെ അമ്മൂമ്മക്കും. എന്നാൽ അതേപ്പറ്റി പറഞ്ഞതും ശിമ്മാമ്മ പുച്ഛത്തിൽ ആട്ടി, ‘‘അയ്യേ, അവളെ എനിയ്ക്കൊന്നും വേണ്ട.''
‘‘എന്നെ പ്രേമിക്കുന്നവരെ ഒന്നും അമ്മ കണ്ടിട്ടില്ല. നിന്നെക്കണ്ടിട്ടില്ലല്ലോ, പോരാത്തതിന് അവളൊരു എച്ഛിൽക്കൊട്ടയാ.''

തന്റെ സ്വപ്നലോകത്തുള്ള പെണ്ണിനോട് ഇതെല്ലാം പറയുന്നത് ഞാൻ കേട്ടു. ഒട്ടും സുന്ദരി അല്ലാത്ത ഒരു സ്ത്രീ തന്നെ ആഗ്രഹിക്കുന്നത് അത്യാഗ്രഹമാണെന്ന് ശിമ്മാമ പറഞ്ഞു. പുരുഷാഹന്തകൾക്കുമാത്രം ഒരു പഞ്ഞവുമില്ല. ഭ്രാന്തിന്റെ കയത്തിൽ വീണ് ഷോക്കടിപ്പിച്ച് ജീവിതം വീണ്ടെടുത്തു വരുന്നെയുള്ളൂവെങ്കിലും ആണഹന്തകൾക്ക് ഒരു കുറവുമില്ല. പുരുഷന്മാരപ്രകാരം തന്നെ. ഭ്രാന്തനോ നേരുള്ളവനോ ആകട്ടെ. തിളങ്ങുന്ന തൊലിയും നിരയൊത്ത പല്ലും തിടംവെച്ച തുടയും ആഴമേറിയ പൊക്കിൾച്ചുഴിയും അത്യാവശ്യം തന്നെ.

അമ്മൂമ്മയ്ക്ക് തലചുറ്റുന്നതുപോലെ തോന്നി. ചിത്തഭ്രമവും അതിന്റെ എല്ലാ കുഴപ്പങ്ങളും അറിഞ്ഞ്​, ജോലി ഇല്ലായ്മയുടെയും ചികിത്സ നിർത്തിയതിന്റെയും എല്ലാ വിശേഷങ്ങളും അറിഞ്ഞ്​ വന്നവളാണ്. ഒരുപക്ഷേ കുഞ്ഞോമ്മയ്‌ക്കൊപ്പം നിന്നാൽ തന്റെ ജീവിതം മാറും എന്നുപ്രതീക്ഷിച്ച് ഈ വിവാഹത്തിന് സമ്മതിച്ചവളാണ്. അപ്പോഴാണ് ശിമ്മാമയുടെ ഡിമാൻഡ്. ചികിത്സ പുനരാരംഭിക്കാനുള്ള എല്ലാ ശ്രമവും അവസാനിച്ചു.

ചികിത്സയ്ക്കുപകരം ശിമ്മാമ കവിതയുടെ പച്ചമരുന്നു കുടിച്ചു. ചിലപ്പോൾ വാക്കു ചതച്ച് കവിതയുടെ കഷായം കാച്ചി. കവിതകൊണ്ട് ശസ്ത്രക്രിയകൾ ചെയ്തു. ശിമ്മാമയുടെ കൂടെയുള്ളവരിൽ ചികിത്സ നിർത്തിയവർ കൂടുതൽ കുഴപ്പത്തിലാവുകയും ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്തു എന്നുഞാൻ പറഞ്ഞല്ലോ. ശിമ്മാമയ്ക്ക്​ അത്തരമൊരു ദുർവിധി വരേണ്ടതായിരുന്നു. പക്ഷേ വൈദ്യുതപ്രവാഹങ്ങളെക്കാളും മരുന്നിനെക്കാളും ഗുണവും കടുപ്പവുമേറിയ മരുന്നായി കവിത നിലകൊണ്ടു.

കവിത ശിമ്മാമയുടെ ജീവന്റെ തുടിപ്പും ആത്മാവിന്റെ മിടിപ്പുമായി മാറി. വിശപ്പിന്റെ അപ്പവും അധ്വാനത്തിന്റെ വിയർപ്പുമായി മാറി. ചെറിയചെറിയ കവിതാപുസ്തകങ്ങൾ അച്ചടിച്ച് പത്തുരൂപ വിലയിൽ നാടുകൾ തോറും കാൽനടന്നു തെണ്ടി പുസ്തകം വിറ്റ്​ ശിമ്മാമ്മ ജീവിച്ചു. ലക്ഷക്കണക്കിനുരൂപ ബാങ്കിൽ ഫിക്സഡ് ​ഡെപ്പോസിറ്റ് ഇട്ടു. ആ കവിതയ്ക്ക് ലക്ഷങ്ങളുടെ മൂല്യമുണ്ടായിരുന്നു. മരണശേഷം ബാങ്കിലവശേഷിച്ച പത്തോ പതിനഞ്ചോ ലക്ഷം രൂപ കവിതയുടെ മാത്രം വിലയായിരുന്നു.

എന്നാൽ കവിതയുടെ രാസത്വം ഫലിയ്ക്കാത്ത ഒന്നുണ്ടായിരുന്നു. ശിമ്മാമയുടെ ആസക്തി. പുരുഷകുലമുറിയ്ക്കകത്ത് മണിക്കൂറുകളോളം കുത്തിയിരുന്നും കിടന്നും അദൃശ്യരൂപിണിയോട് തെറിപറഞ്ഞും അവളെ പ്രാപിച്ചും അടങ്ങാതിരുന്ന രത്യാസക്തി.
‘‘ഓൻ മുറി പൂട്ട്യാ പിന്നെ കുട്ട്യോളവിടെക്ക് പോണ്ട കാര്യല്ല്യാട്ടോ''
എന്ന കമലവല്യമ്മയുടെ വാക്കുകൾ ഞാൻ കാര്യമാക്കിയില്ല. വലിയവരുടെ മുൻകാഴ്ചകൾ കുട്ടികൾക്കറിയില്ല. ഞാൻ ചെവിയോർത്തു. ആ മുറിയിലെന്തോ നിഗൂഢതയുണ്ടെന്നെനിയ്ക്കുതോന്നി. ആരോ വരുന്നുണ്ട്. രഹസ്യമായൊരു പാദപതനം. ഒരിത്തിരിപ്പാദസക്കിലുക്കം. ഏതോ അപരിചിതർ നടക്കുന്നുണ്ട്. ഒരു പൂത്താലിക്കിലുക്കം, കൈവളക്കലപിലാക്കം. മാന്ത്രികവിദ്യയാൽ ശിമ്മാമ എന്തൊക്കെയോ മായാലോകങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആ രഹസ്യമെന്തെന്നറിയാൻ എന്റെ മനസ്സ് കുതികൊണ്ടു.

വീട്ടിലെല്ലാരും അമ്പലത്തിൽ ഊണുകഴിയ്ക്കാൻ പോയ ഒരു ഗുരുവായൂർ ഏകാദശി ദിനമായിരുന്നു അത്. ഉമ്മറത്ത് ക്രയോൺ വരച്ച് ഞാനിരുന്നു. പൊടുന്നനെ കതകടഞ്ഞു. എന്താണവിടത്തെ രഹസ്യമെന്നു കണ്ടെത്താൻ ഞാൻ ജാഗ്രത്തായി. ശരിയായ അവസരം. എന്റെ ചെവി മുയൽച്ചെവിയായി. ഞാൻ കമിഴ്ന്നുകിടന്നു വാതിൽ വിടവിലൂടെ നോക്കി. ശിമ്മാമയുടെ കാലുകൾ മാത്രം. സീൽക്കാരങ്ങളും കുണുക്കങ്ങളും അടക്കിച്ചിരികളും ഞാൻ കേട്ടു. രഹസ്യം കണ്ടെത്താനുള്ള ത്വരയിൽ ഞാൻ വാതിൽക്കീറിലൂടെ നോക്കി. ഞാൻ ഞെട്ടിപ്പോയി. ശീമ്മാമ നഗ്‌നനായിരുന്നു, കവിതകൾ കുറിച്ചുകൊണ്ടിരുന്നു. പെ​ട്ടെന്ന് എഴുത്തുനിർത്തി, എഴുന്നേറ്റ് ജനൽപ്പൊളി തുറന്ന് ആരെയോ പതിയെ വിളിച്ചു..
‘‘ഛൂ, ച്ഛൂ...''
ഒട്ടും കൂസലില്ലാതെ തന്റെ നഗ്‌നത ആ ആളെ കാണിച്ചു.
അതാരായിരിയ്ക്കും?
ഞാൻ ഭയത്തോടെ ഓടി ഉമ്മറപ്പുറത്തെത്തി. അപ്പുറത്ത് വീട്ടിലെ മാറാല തട്ടുന്ന ജയന്തിയെക്കണ്ടു.
‘‘ഛൂ, ച്ഛൂ...'' അവൾ വിളികേട്ടു പിന്തിരിഞ്ഞുനോക്കി.
‘‘അയ്യോ'', അവൾ മാറാലവടി വലിച്ചെറിഞ്ഞു. കുനിഞ്ഞ് കല്ലുകളെടുത്ത് എറിഞ്ഞു.
‘‘ഫാ... എരപ്പേ... അന്റെ സൂക്കേട് മാറിയിറ്റില്ല്യാ ല്ലെ? കാണിച്ചെരാടാ എരപ്പ പട്ടീ’’
അവർ ഭർത്താവിനെ വിളിച്ചുകൊണ്ട് അകത്തേയ്ക്കു കയറിപ്പോയി...

തനിയ്ക്കുവേണ്ടി വാതിൽ തുറന്നുതരുന്ന, തന്നെ പ്രലോഭിപ്പിക്കുന്ന ഭർതൃമതിയെക്കുറിച്ച് മതിൽക്കലിരുന്നു പറഞ്ഞതുമായി കൂട്ടിച്ചേർത്തത് വായിക്കാൻ എനിയ്ക്ക് പിന്നെയും വർഷങ്ങൾ കഴിഞ്ഞു..

ജയന്തി അകത്തേയ്ക്കുപോയി മിനുട്ടുകൾ കഴിഞ്ഞു.
എന്നിട്ടും ആ ജനാല അടഞ്ഞതേയില്ല...
‘‘ഛൂ ച്ഛൂ...''
‘‘ഛൂ ച്ഛൂ...''
പലയാവർത്തി ആ ശബ്ദം ഉയർന്നു... ഉൾവനാന്തരത്തിൽ ഉഷ്ണമേഖലാ മഴവൃക്ഷക്കൊമ്പിലിരുന്നു ഊരകുലുക്കി പക്ഷി പ്രപഞ്ചം ഉറച്ചോ എന്നു പരിശോധിയ്ക്കുംപോലെയായിരുന്നു അത്...
ജയന്തിയുടെ വീട്ടിലെ വാതിലുകളും ജനലുകളും എല്ലാമടഞ്ഞു.
‘‘തെണ്ടിച്ചെറ്റപ്പട്ടി'', തെറിവിളികളും അറപ്പാർന്ന ആട്ടുകളും നിന്നു.
​എന്നിട്ടും ആ ജനാല അടഞ്ഞതേയില്ല.
നിറയെ മഞ്ഞമൊട്ടുകൾ പൂത്തുനിൽക്കുന്ന വിഷയരളിച്ചെടികൾ പൊടുന്നനെ പൂത്തു... വിഷഗന്ധിയായ കാറ്റ് പറന്നുവന്നു... തലേന്ന് ശിമ്മാമയുടെ സഹരോഗിയായിരുന്ന ജയകുമാർ തലവെച്ച ഉച്ചത്തീവണ്ടി ഭയാനകമായ ശബ്ദത്തോടെ കടന്നുപോയി.
എന്നിട്ടും എന്നിട്ടും ആ ജീവിതജനാല അടഞ്ഞതേയില്ല.
ജീവിതാസക്തിയും കവിതയുമിണചേർന്നു രണ്ടക്ഷരങ്ങൾ പിറകൊണ്ടു. ഞാൻ വിറകൊണ്ടു...
‘‘ഛൂ ച്ഛൂ...''

എന്നിട്ടും ആ ജനാല അടഞ്ഞതേയില്ല.
എന്നിട്ടും ആ ജനാല അടഞ്ഞതേയില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments