ചിത്രീകരണം: കെ.പി. മുരളീധരൻ

ചുവന്ന നക്ഷത്രങ്ങളുടെ സന്ധ്യാമേരി

എന്റെ കഥ- 4

ഓരോ ക്രിസ്തുമസ്സിന്നും ചുവന്ന നക്ഷത്രങ്ങളുടെ സന്ധ്യാമേരിയായ്, അവരെ ഞാൻ ഓർത്തു... സന്ധ്യാമേരിയെന്ന ചുവന്ന നക്ഷത്രമായി ആകാശത്തവർ തിളങ്ങി...

ക്രിസ്മ​സ് എന്നാൽ പൂമ്പാറ്റ, ബാലരമക്കഥകളിൽ മാത്രം വായിച്ചു കേട്ട രസകരമായ ഒന്നായിരുന്നു എനിക്ക്.
അതിലെ പേജുകളിലെ ചിത്രങ്ങൾ കാൺകെ ഹൃദയത്തിൽ മഞ്ഞു പൊഴിയുകയും അതിൽ പ്രകാശപ്പൊട്ടുപോലെ പൊൻനക്ഷത്രങ്ങൾ തിളങ്ങുകയും ചെയ്തിരുന്നു.
രാത്രി ഉറക്കത്തിൽ സ്വപ്നത്തിൽ ജിംഗിൾ ബെൽ ഉയരുകയും സാന്റാ അപ്പൂപ്പൻ വരികയും ചെയ്തിരുന്നു.
കഥാപുസ്തകത്തിൽ കവിഞ്ഞ് ഒരു ക്രിസ്​മസ്​ നക്ഷത്രമോ ക്രിസ്ത്യൻ ദേവാലയമോ ഞാൻ കണ്ടിട്ടില്ലായിരുന്നു. വായിച്ചു സ്വപ്നം കണ്ട ക്രിസ്​മസ് അല്ലാതെ എനിക്കൊന്നും അറിയുമായിരുന്നില്ല. ക്രിസ്​മസ് കേക്കുകൾ ബേക്കറിയിൽ വരാത്ത അത്രയും ഉൾനാട്ടിലാണ്​ ഞാൻ പഠിച്ചിരുന്നതും. ഒരേ ഒരു പെൺകുട്ടിയാണ്​ എന്റെ പേങ്ങാട്ട് സ്കൂളിൽ ക്രിസ്ത്യാനിയായിട്ടുണ്ടായിരുന്നത്.
മേബിൾ എന്നായിരുന്നു ആ ചേച്ചിയുടെ പേര്.
ഒന്നാംക്ലാസ്സിൽ പഠിക്കെ, ക്രിസ്​മസ്​ കേക്കുകൾ കൊണ്ടു വന്ന് ടീച്ചർമാർക്ക് കൊടുക്കുമ്പോൾ എനിക്കും കിട്ടി ഒരു കഷണം. എന്റെ പേങ്ങാട്ട് സ്കൂളിലെ ഓമനക്കുട്ടിയായിരുന്നു ഞാൻ. ഏത് ക്ലാസിലെ കുട്ടികൾ മിഠായികൊണ്ട് സ്റ്റാഫ് റൂമിൽ വരുമ്പോഴും ഞാൻ ഒന്നാം ക്ലാസിൽ നിന്ന്​ കുതറിയോടി. എന്റെ കുഞ്ഞിക്കൈകൾ നീണ്ടു. നാവ് കൊതിയുടെ തുപ്പൽസമുദ്രമായി. ഞാൻ നിന്നു കൊഞ്ചി കവിളിൽ തേൻ പടർന്നു. മേബിൾ ചേച്ചി പൊതിയുമായ് പോകുന്നത് ഞാൻ ജനാലവഴി കണ്ടു. സംശയിച്ചില്ല എണീറ്റു നിന്നു.. “ഇച്ചീച്ചി മുത്തണം,”

""ഓട് ഓട്.''
ഞാനോടി മൂത്രപ്പുരയിലേയ്ക്കല്ല. സ്റ്റാഫ് റൂമിലേയ്ക്ക്...

ഞാൻ ചെല്ലുമ്പോൾ കൂടു തുറന്നിരിക്കയാണ് കേയ്ക്ക്.
മനോഹരി മധുരകാരി.. മൂക്കിൽ മാദകമായ മണം. പഞ്ചസാരയുടെ കട്ടപോലെ വെള്ള ഐസിങ്ങ്സ്സ്. അതിലൊരു വിടർന്ന റോസാപ്പൂവ്. ഉയ്യോ; ചോന്ന നിറം. ഞാൻ കൈകൾ കൊട്ടി. പച്ചയിലകളിൽ വസന്തകാലം തന്നെ വിടർന്നു നിന്നു.. കേക്ക്​ മുറിച്ചപ്പോൾ എല്ലാരും കൈ തട്ടി. ഞാൻ അമ്പരന്നു. ആദ്യത്തെ കഷണത്തിൽ ചോന്നുവിടർന്ന റോസാപ്പൂ, പൂമരത്തിൽ നിന്ന്​അടർന്നുയർന്നു. എന്റെ ഹെഡ്മാസ്റ്റർ ഹസ്സന്മാസ്റ്റർക്കാണ്​ മേബിൾ അത് കൊടുത്തത്. മാഷ് എന്റെ മുഖത്തേയ്ക്കു നോക്കി.

“തിന്നാളീ” സ്നേഹപൂർവം അതെനിക്ക് തന്നു.

നാവു തൊട്ടതും പൂവലിഞ്ഞു. എന്റെ അമ്മേ, ആ പച്ചയിലയ്ക്കും റോസാപ്പൂവിന്റെ ഇതളിനും കിട്ടിയ സ്വാദ് ജീവിതത്തിൽ ഒരു കേക്കിനും കിട്ടിയിരുന്നില്ല. കഥകളിൽ മാത്രമല്ല ജീവിതത്തിലും ക്രിസ്​മസ് വരുമെന്ന് ഞാനാദ്യമായി അറിഞ്ഞു. ഞാനന്നു മേബിൾ ജോസെഫിന്റെ മെല്ലിച്ച വിരൽ കൊണ്ട് ഞാൻ ഒരു മധുര ക്രിസ്​മസിനെ തൊട്ടു...അതിമധുരത്തേൻ ക്രിസ്​മസ്.

അടുത്ത വർഷം അതിലും കൗതുകകരമായ ഒന്നു ഞാൻ കണ്ടു. ഞാൻ സ്തബ്ധയായി. എന്റെ കാലുകൾ റോഡിൽ കുഴഞ്ഞു പോയി. എന്റെ ഹൃദയം പടപടാ പൊട്ടി.

അത് ഒരു ചുവന്ന ക്രിസ്​മസ് നക്ഷത്രമായിരുന്നു.
പതിനൊന്നാം മൈൽസിലെ റോഡരികിലെ ലൈൻ മുറി വാടകവീടിന്റെ ഇരട്ടകളിലൊന്നിൽ അതങ്ങനെ തെളിഞ്ഞു കത്തി. ആദ്യമായി അതു കണ്ട സന്ധ്യയിൽ എന്റെ ഹൃദയം കുതികൊണ്ടു. അത്ര ഭംഗിയായിരുന്നു അതിന്​. സാന്ധ്യാകാശത്തിൽ ഉദിച്ചുയർന്ന വിശുദ്ധമായ ചുവന്ന നക്ഷത്രം. അതിന്റെ ചിറകിനുള്ളിൽ ചുവപ്പ് പഴുത്തു. ദ്വാരങ്ങളിലൂടെ നേർത്ത പുക പോലെ ആ ചോപ്പുവെട്ടം നിലത്തേയ്ക്ക് വീണുചിതറി. ടാർ റോഡിൽ ചോരനിറമായി.

അതൊരു നേഴ്​സിന്റെ വീടായിരുന്നു.
​മേരി.. ഒന്നുരണ്ട് തവണ അവരെ ഞാൻ കണ്ടിട്ടുണ്ട്. മേരി സിസ്​റ്റർ. വെള്ളയുടുപ്പിട്ട അവരെ നാട്ടുകാർ സിസ്​റ്ററെ എന്നാണ്​ വിളിച്ചത്. ആ നക്ഷത്രം എന്നെ പ്രലോഭിപ്പിച്ചു. രണ്ടു ദിവസം ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു. ഭംഗിയുള്ള എന്തു കണ്ടാലും ""ഇനിക്ക് സൊന്തായിട്ട് തർവോ?'' എന്ന് ചോദിക്കരുത് അടികിട്ടും എന്ന ഭീഷണിപ്പുറത്താണു ആ നിയന്ത്രണം.

രാത്രി മുഴുവനും ചുവന്ന നക്ഷത്രത്തിന്റെ ഒറ്റവാൽ മാത്രമെന്തേ നീണ്ടു പോയെ എന്നു ആലോചിച്ചു കുഴങ്ങി. പതിയെ ഭയം പോയി എനിക്കെന്നെ അടയ്​ക്കാൻ കഴിഞ്ഞില്ല. എന്റെ ഇന്ദുഭവൻ വീടിന്റെ മുറ്റത്ത് ആ ചോന്ന നക്ഷത്രം തൂങ്ങിയാടുന്നത് ഞാൻ സ്വപ്നം കണ്ടു. ക്രിസ്​മസ്​ വെക്കേഷന്​ കുറച്ചു മുന്നെയുള്ള ദിവസം രണ്ടും കൽപ്പിച്ച് ഞാനവരുടെ വീടിന്റെ വാതിൽക്കൽ മുട്ടി. വൈകുന്നേരമാണ്​. നക്ഷത്രം അതിന്റെ പ്രഭ വിട്ട്​ സാധാരണ ഓട്ടയുള്ള ചോന്ന കടലാസു നക്ഷത്രമായി മാറിയിരുന്നു... അതു നോക്കി നിൽക്കെ അവരുടെ ആൺമകൻ വന്ന് വാതിൽ തുറന്നു.

""എന്തേ?'' ഞാൻ കൺമിഴിച്ച്​ അകത്തേയ്ക്കെത്തി നോക്കി.
അതേ പോലെ വേറൊരാൺകൂടി. ഇരുപത് ഇരുപത്തഞ്ച് വയസ്സു കാണും...
നല്ല സുന്ദരന്മാരായ ആൾക്കാരാണ്​.""നിങ്ങളു ക്രിസ്ത്യാനികളാണോ?'' ""അതെലോ എന്തെ?'' ""അത്.. മേരി സിസ്​റ്ററുണ്ടൊ?'' ""ഉണ്ടല്ലോ.'' മേരി സിസ്​റ്റർ അകത്തു നിന്നു വരുന്നു...""ആരാ? എന്തേ?'' അവർ എന്റെ മുഖത്തേയ്ക്ക് നോക്കി. ""ക്രിസ്ത്യാനിയാണോ മേരി സിസ്​റ്ററും?'' ""എഹ്.. ആണല്ലോ എന്താ വേണ്ടെ?'' ""ആ ചോന്ന നക്ഷത്രം.'' ""അയ്യട. മോഹം കൊള്ളാം കിട്ടൂലട്ടൊ മോളെ,'' ആൺകുട്ടികളിലൊരുത്തൻ മീശ പിരിക്കുന്നു. ശരിയാണ്​, അത്ര ഭംഗിയുള്ള ഒരു നക്ഷത്രം ആരും ആർക്കും കൊടുക്കില്ല. എനിക്ക് പെട്ടന്നു തന്നെ വെളിവ് കിട്ടി. ഞാൻ ചുറ്റും നോക്കി. വായുവിൽ കേക്കിന്റെ വാസന. എന്റെ കൊതിഭഗവതിയേ...

""എന്നാൽ കേക്ക്​ മതി'' ""എഹ്?'' സിസ്​റ്റർ വാ പൊളിച്ചു നിന്നു.

""ക്രിസ്ത്യാനികൾ പൂവുള്ള കേക്ക്​ കൊടുക്കുലോ എല്ലാർക്കും. അത് മതി'' സിസ്​റ്റർ ചിരിച്ചുപോയി...""അതേ കൊടുക്കും , അത് ക്രിസ്​മസിനാണ്​. ഇനി പതിനഞ്ചു ദിവസം കഴിയണം. പ്ലം കേക്ക്​ മതിയോ?''
എനിക്കെന്ത് പ്ലം കേക്ക്? അതെന്താണെന്നു അറിയ കൂടിയില്ലാത്ത ഞാൻ വേണമെന്നു തല കുലുക്കി. ചോക്കലേറ്റ് നിറമുള്ള പ്ലം കേക്ക്. അതിൽ നിറയെ മുന്തിരികൾ. എനിക്കേറ്റം പ്രിയങ്കരമായ ഉണക്കമുന്തിരികൾ. എന്തൊരു രുചി...

""ഒന്നൂടി,'' ഞാൻ പറഞ്ഞു. അവർ ഒന്നു കൂടി തന്നു. ""മതിയോ?'' ""മ്മ്ഹ് പിന്നെ എന്റമ്മയോടൊന്നും പറയരുതെ'' ; കേക്ക് ഇരന്നു വാങ്ങി തിന്നാലുണ്ടാകാവുന്ന തട്ടുകേട് ഞാൻ പറഞ്ഞ് അഡ്​ജസ്​റ്റ്​ ചെയ്തു. ""ഇല്ല'' മേരി സിസ്റ്റർ തലയിളക്കുന്നു..

അതങ്ങനെ ഒരു സൗഹൃദമാകുന്നു.
വെള്ള സാരിയിൽ മാലാഖക്കുട്ടി പോകും പോലെ സുന്ദരിയായ മേരി സിസ്​റ്റർ സന്ധ്യയ്ക്ക് ആശുപത്രിയിലേയ്ക്ക് പോകുന്നത് കാണാമായിരുന്നു. വെളുത്ത് ഒഴുകിക്കിടക്കുന്ന സാരി. മഞ്ഞ് പിടിച്ചപോലെ കാറ്റിൽ പാറിപ്പറന്ന്. കാലുകൾ കാണാത്തതു കോണ്ട് പ്രേതപ്പെണ്ണിനെപ്പോലെ ഒഴുകി... കൊണ്ട കെട്ടിയ മുടിയിൽ നിന്നൂർന്ന് ചെവി കൊണ്ടും പിടിക്കാനാകാത്ത ഒന്നുരണ്ട് മുടിയിഴകൾ. ക്ലാസിക്ക് രംഗമാണായാത്ര. ആ ഭംഗി കണ്ട്, ഇടക്ക് അമ്മയ്ക്ക് വെള്ളസാരി ഉടുത്തൂടെ എന്ന ചോദ്യം വരെയുണ്ടായി.

""വേണ്ടാപ്പാ'' എന്നു മൂപ്പത്ത്യാർ തൊഴുതു.

വൈകുന്നേരം നാലരയ്ക്ക് സ്കൂൾ വിട്ടാൽ പതിവു ഇടവഴികൾ ഉപേക്ഷിച്ച് റോഡിലൂടെ പോകുക ഞാനാ ഡിസംബറിൽ പതിവാക്കി. മേരി സിസ്​റ്ററിന്റെ വീടെത്തിയാൽ എന്റെ കൊതിക്കൈ നീണ്ടു വരും. താനാ ബെല്ലടിക്കും. കൊതിവായയാൽ ചിരിക്കും.

""നിന്റെ കപീഷ് വാലു പോലെത്തെ കൈ നീട്ടിയാൽ ഞാൻ അടിക്കും...'' ""ഇന്ന് റ്റീ കേക്കാണ്​. ബുദ്ധിമുട്ടാവുമോ?'' മേരി സിസ്​റ്ററുടെ മകൻ എന്നെ കളിയാക്കി.""കൊയപ്പമില്ല,'' ഞാൻ ചിരിച്ചു. കളിയാക്കലൊന്നും തിരിയാനായ പ്രായമില്ല. ""ആരാത്? മൂപ്പർക്കാരാ ഓപ്പറേഷൻ ചെയ്തെ?'' ""ആര്?'' ""നെഞ്ചിലോട്ടയുള്ള ആള്​. എന്തിനാ തീ കത്തിക്കുന്നെ?''
യേശുവിന്റെ പടം കണ്ട് പരിചയമില്ല. ഹൃദയത്തിൽ തീയാളിയ യേശു.""ഓട്ടയോ. അത് തിരുഹൃദയമാണ്​.'' ആൺകുട്ടികൾ പൊട്ടിച്ചിരിക്കുന്നു...

ആ പതിമൂന്നു ദിവസവും ഞാനവിടെ പോയി. എനിക്ക് തരാനായി പലതരം കേക്ക് കഷണങ്ങൾ മേരി സിസ്​റ്റർ വാങ്ങിവെച്ചിരുന്നു. ക്യാരറ്റ് കേക്ക്, ബനാന കേക്ക്, പ്ലം കേക്ക്, ടീ കേക്ക്. മറ്റു തരങ്ങളൊന്നും ഇല്ല. ഇന്നത്തെ പോലെ ഭയങ്കര സോഫ്റ്റായതല്ല. മറിച്ച് അൽപ്പം കട്ടിയുള്ള തരം. അപ്പച്ചെമ്പിലോ മറ്റോ തനിയെ ഉണ്ടാക്കിയെടുത്ത കേക്കുകൾ. മിഠായി പൊതിയും പോലത്തെ കേക്ക്, കപ്പിനകത്തുള്ള വെണ്ണക്കേക്ക്​... മേരി സിസ്​റ്ററിന്​ വെണ്ണമണക്കുന്ന വിരലുകൾ ഉണ്ടായിരുന്നു.

ക്രിസ്​മസിന്റെ 2 ദിവസം മുമ്പ് സ്കൂളടച്ചു. അന്ന് വൈകുന്നേരം മേബിൾ കൊണ്ടു വന്ന കേക്കിന്റെ യഥാർത്ഥമായ വലിയ മുഖം ഞാൻ കണ്ടു. പൂർണമായ ഒരു കേക്ക്. പഞ്ചസാരകൊണ്ട് ഐസിങ്ങ്സ്. പിങ്ക് കളറുള്ള രണ്ട് റോസാകൾ, ഒരു പച്ചയില. വെള്ളിത്തിളക്കമുള്ള ഒരു സീക്കെൻസ് കടലാസും വെച്ച് അത് അലങ്കരിച്ചിരിക്കുന്നു. “മെറി ക്രിസ്​മസ്” എന്നെഴുതിയിരിക്കുന്നു. വളരെ മനോഹരമായിരുന്നു അത്.

""ഇന്ദുക്കുട്ടിയ്ക്ക് ഹാപ്പി ക്രിസ്​മസ്'' സിസ്​റ്റർ കേക്കുപൊതി നീട്ടി.

അരക്കിലോ വരുന്ന ആ കേക്കും കൊണ്ട് ഞാൻ സ്വപ്നാടകയെപ്പോലെ വീട്ടിലേയ്ക്കു നടന്നു. ക്രിസ്​മസ് തണുപ്പിനേക്കാളും കുളിരുന്ന ഒരു സ്നേഹം എന്റെ ഹൃദയത്തെ തരളിതമാക്കി. കുളിർപ്പിച്ചു. ആദ്യമായി ഞാനൊരു ക്രിസ്​മസ് കേക്ക് മുറിച്ചു.

ക്രിസ്​മസ് കഴിഞ്ഞപ്പോൾ ശലഭങ്ങൾ ഗർഭിണികളാകുന്ന കാലമായിട്ടേ ഉണ്ടായിരുന്നുള്ളു. ഗർഭിണികൾ കുഞ്ഞി മുട്ടകളിടും.

""എന്നിട്ട്?''

""മൊട്ടാളു വിരിഞ്ഞ് പുഴുവാകണം ബാ.'' മേരി സിസ്​റ്ററിന്റെ അടുക്കളഭാഗത്തെ പൂമ്പാറ്റപ്പുഴുക്കളെ കാണാനായി ഞാൻ പതിവായി ചെന്നു. നിറയെ പുഴുക്കൾ. അറപ്പിക്കുന്നവ. എന്നാൽ അവയുടെ പ്യൂപ്പകൾ മെറ്റാലിക്ക് സ്വർണനിറത്തിൽ ഒരു കമ്മൽ പോലെ ആടിക്കൊണ്ടിരുന്നു. കൊക്കൂൺ തരുമോ തരുമോ എന്നായി അടുത്ത ശല്യം. എന്നാലത് തൊടാനോ കൊക്കൂൺ എടുക്കാനോ എനിക്ക് അനുമതി കിട്ടിയില്ല. ഒരിക്കൽ തരും എന്ന് മാത്രം പറഞ്ഞു. ഒരിക്കൽ തരികയും ചെയ്തു.
വയലിലെ സുരക്ഷിത പാത മറികടന്നു റോഡിലൂടെ ഞാൻ പതിവായ് വന്നു പോകുന്നത് വീട്ടിലറിഞ്ഞു. വലിയ പുകിലായി. നിയന്ത്രണവും. അക്കാലത്ത് മഞ്ചേരി ബസ്​ എന്നാൽ കാലന്റെ ബസ്​ എന്നെ നാട്ടുകാർ കരുതുമായിരുന്നുള്ളു. നിരവധി അപകടങ്ങൾ. മരണങ്ങൾ.

വീട്ടിലേയ്ക്ക് സാധനം വാങ്ങാൻ പോകാൻ പറ്റിയാൽ മാത്രം ലൈന്മുറി വീടിനരികിലൂടേ ഞാൻ പോയി. പലപ്പോഴും അത് പൂട്ടിക്കിടന്നു. മേരി സിസ്​റ്ററെ അപൂർവമായി മാത്രം ഞാൻ കണ്ടു. ഒരിക്കൽ ആ വഴി പോകുമ്പോൾ മേരി സിസ്​റ്റർ വാതിൽ പകുതി തുറന്ന്​ ഒരു ബ്രോക്കറോട് കുശലം പറയുന്നത് കണ്ടു. പുതിയ വീടെടുത്ത് അവർ മാറുകയാണ്​. എനിക്ക് സങ്കടം തോന്നി. ഒരു നാടൻ നായ്ക്കുട്ടി അവിടെക്കിടന്ന് ചൊക്ലി സ്വരത്തിൽ കുരച്ചു.. ""അപ്പോ അടുത്ത ക്രിസ്തുമസ്​?'' എനിക്ക് സങ്കടം മുട്ടിപ്പോയി.

""സിസ്​റ്ററ്​ മോൾക്ക് കേക്കെത്തിക്കൂട്ടോ,'' സിസ്​റ്റർ തെളിഞ്ഞു ചിരിച്ചു. നാളെ കുപ്പി കൊണ്ടൊന്നോളു. ഒരു പ്യൂപ്പ തരാം.. പിറ്റേന്ന് ഞാൻ കുപ്പിയുമായി വന്ന്​പ്യൂപ്പ വാങ്ങി പോയി. പിന്നീട് ഞാൻ ഒരു വട്ടം കൂടി മാത്രമേ മേരി സിസ്​റ്ററെ കണ്ടുള്ളു. എപ്പോഴും ലൈൻമുറി അടഞ്ഞു കിടന്നു. മുട്ടിയിട്ടും കോളിങ്ങ് ബെല്ലെടിച്ചിട്ടും ആരും വാതിൽ തുറന്നതേയില്ല. നായക്കുട്ടിയോ പ്യൂപ്പച്ചെടിയോ കാണാനും പറ്റിയില്ല. അടുത്ത ഡിസംബറിന്​ പൊടുന്നനെ ചുവന്ന നക്ഷത്രവിളക്ക് ലൈൻ മുറിയിൽ തൂങ്ങിത്തെളിഞ്ഞപ്പോൾ എനിക്ക് ചാടിത്തുള്ളാൻ തോന്നി. ഞാൻ കോളിംഗ് ബെല്ലിൽ വിരലമർത്തി.

വാതിൽപ്പൊളി പാതി തുറന്നു ഒരുമ്മച്ചി എന്നോട് ചിരിച്ചു..?""ആരാണീ?'' ""മേരി സിസ്​റ്ററുണ്ടോ?'' ""അള്ളാ!!'' അവർ പരിഭ്രമിച്ചു പോയി. എന്നെ തുറിച്ചുനോക്കി.""ഒന്ന് വിളിക്കാമോ?'' ഉമ്മച്ചി മുഖം അമർത്തിത്തുടച്ചു.""ഓലു മയ്യത്തായിറ്റ് എത്ര നാളായി ഇണ്ണ്യേ?''
ഞാനും ആകെ അന്ധാളിച്ചു പോയി. മേരി സിസ്​റ്റർ മരിച്ചു പോയോ? ""വണ്ടി തട്ടിലേ കുട്ട്യേ?'' അവർ കഥ പറയുന്നു... അപ്പോൾ ഈ ചുവന്ന നക്ഷത്രം എന്നെന്റെ മനസ്സ് തുടിച്ചു.""ഈ ചോന്ന നക്ഷത്രം?'' ഞാൻ എരിയുന്ന തൊണ്ടയോടെ അവിശ്വാസത്തോടെ ചോദിച്ചു.""അതീട്ത്തെ ഒരു അൽമാരിന്ന് കിട്ടീതാണ്​. കുട്ട്യാള്​ നിർബന്ധിച്ചപ്പോ ഇന്റെ മാപ്പ്ള തൂക്കിക്കൊടുത്തതാണ്​. എനിക്കവരെ വിശ്വാസം തോന്നിയില്ല.'' ""മേരി സിസ്​റ്ററേ, മേരി സിസ്​റ്ററേ...'' ഞാനവരെ തള്ളി മാറ്റി ഉള്ളിലേയ്ക്ക് പ്രവേശിച്ചു. ഒറ്റമുറി വീട്ടിലോ അടുക്കളയിലോ ആരുമുണ്ടായിരുന്നില്ല. ഞാൻ പുറത്തിറങ്ങി. മേരി സിസ്​റ്ററുടെ പൂമ്പാറ്റച്ചെടിയിൽ നിറയെ സ്വർണ പ്യൂപ്പകൾ. അടുക്കളപ്പുറത്തിരുന്ന നായ്​ക്കുട്ടി വലിയ കൂറ്റനായി നല്ല സ്വരത്തിൽ കുരച്ചു. ""മേരി സിസ്​റ്റർ...'' ഉറക്കെ വിളിച്ച് എനിക്ക് തൊണ്ട കയച്ചു... ഉമ്മച്ചി ആകെ പരിഭ്രാന്തയായി. ""പൊള്ള് പറിഞ്ഞതല്ല പൊന്നുംകട്ടെ.'' അവരെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഞാൻ വലിയവായിൽ കരയുവാൻ തുടങ്ങി. കച്ചോടം ചെയ്യുന്ന നായരും അലവിക്കാക്കയും ഓടി വന്നു. അവരും എന്നെ വാസ്തവം വിശ്വസിപ്പിക്കാൻ ശ്രമിച്ചു...

അന്ന് അസാധാരണമാം വിധം നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയായിരുന്നു. ചുവന്ന നക്ഷത്രത്തിന്റെ നിറം എന്റെ കണ്ണുകളെ എരിയിച്ചു. മേരി സിസ്​റ്റർ തന്ന കേക്കിന്റെ രുചി ഞാൻ മറന്നു പോയിരുന്നു. മധുരം മാത്രം നേരിയ ഓർമ്മ. സിസ്​റ്ററുടെ മുഖവുമതെ. മറന്നു പോയി...

തൂവെള്ള പ്രകാശത്തിന്റെ ഒഴുക്കു പോലെ വെളുവെളുത്ത ഷിഫോൺ സാരി കാറ്റിൽ ആയുന്നതും കൊണ്ടപ്പിന്നിൽ നിന്ന്​ പുറത്തേക്ക് കുതിച്ച മുടിയിഴകൾ ചെവിക്ക് പുറകിൽ തിരുകുന്നതും സ്ഫടികക്കുപ്പിയിൽ കൊമ്പോടെ പ്യൂപ്പ നീട്ടിയതും അത്രമാത്രം എനിക്കോർമ്മവന്നു....

""വല്യ ഹോർലിക്സ് കുപ്പിയൊന്നും കിട്ടീലെ?'' ""ഇല്ല,'' ഞാൻ തല വിലങ്ങനെ ആട്ടുന്നു. ""വീട്ടിലെത്ത്യാൽ കുപ്പി മാറ്റണെ'' ""മ്മ്ഹ്മ്''

പക്ഷെ രാത്രിയിൽ ഞാൻ പെട്ടന്നുറങ്ങിപ്പോയി.
വായ്‌വട്ടമുള്ള കുപ്പിയിലെക്ക് പ്യൂപ്പ മാറ്റി വെക്കാൻ മേരി സിസ്റ്റർ പറഞ്ഞത് ഞാൻ മറന്നിരുന്നു. അന്നു രാത്രിയിൽ തന്നെ പൂമ്പാറ്റ വിരിഞ്ഞു. ഒരു അരളി ശലഭച്ഛായയിലുള്ള പേരറിയാത്ത് മുഴുത്ത ശലഭം... കറുകറുത്ത ചിറകിൽ വെള്ളപ്പുള്ളികൾ കുത്തിയ സുന്ദരി. ഇടക്കിടെ ചോന്ന നക്ഷത്രരാശി ചിതറി. പക്ഷെ വിരിഞ്ഞപ്പോൾ, അവൾ വായ്‌വട്ടം കുറഞ്ഞ കുപ്പിക്കകത്തായിപ്പോയി..

""ഇനിയെന്ത് ചെയ്യും?'' ഞാൻ ചിണുങ്ങി.""മഹാദ്രോഹം'' എന്റെ വീട്ടുകാർ എന്നെ കയ്യൊഴിഞ്ഞു. ഞാൻ കുപ്പിയുമായ് മേരി സിസ്റ്റെറുടെ അടുത്തേയ്ക്ക് പോയി.""ഇനിയെങ്ങനെ പൊറത്തിറക്കും? എന്തു ചെയ്യും?'' ""എന്തു ചെയ്യാൻ'' മേരിസിസ്റ്റെർ കുപ്പി വാങ്ങി അമ്മിത്തറയിൽ വെച്ച് ഒറ്റ അടി ചിത്രശലഭം സ്വതന്ത്രനായി .. സിസ്​റ്റർ പൊട്ടിച്ചിരിച്ചു...
അതെ സിസ്​റ്ററുടെ ആ ചിരി കൂടി എനിക്ക് ഓർമ വന്നു...

പക്ഷെ എത്ര ശ്രമിച്ചിട്ടും ആ മുഖമോ കണ്ണുകളോ എനിക്ക് ഓർമ വന്നില്ല...
ആ ചിത്രശലഭം ആകാശത്തേയ്ക്ക് പോകുന്ന സന്ധ്യകളിൽ ഇരുളോട് ചേർന്നതിന്റെ ചിറക് അദൃശ്യമാകും പോലെ മേരി സിസ്​റ്ററും എനിക്ക് ഓർമയിൽ അദൃശ്യയായി...
ചിരിയും സാരിയും മുടിയിഴകളും നീണ്ട വിരലോർമകളും മാത്രം ബാക്കിയായി..
ഓരോ ക്രിസ്തുമസ്സിന്നും ചുവന്ന നക്ഷത്രങ്ങളുടെ സന്ധ്യാമേരിയായ്, അവരെ ഞാൻ ഓർത്തു..
സന്ധ്യാമേരിയെന്ന ചുവന്ന നക്ഷത്രമായി ആകാശത്തവർ തിളങ്ങി....

​▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments