ചിത്രീകരണം: കെ.പി. മുരളീധരൻ

എന്റെ പ്രേമങ്ങൾ; എന്റെ പുരുഷന്മാർ

എന്റെ കഥ- 7

ജീവിതത്തിൽ മൊത്തം മൂന്ന് പ്രേമങ്ങളുണ്ടായി. അവ കഠിനമായ വഞ്ചനകളായി വായ കയ്പ്പിച്ചു സദാ.

പ്രേമഭ്രൂണത്തിന്റെ ഗന്ധം

പ്രപഞ്ചത്തിൽ ഒറ്റപ്പെട്ട് നിന്ന പ്രാതഃകാലനക്ഷത്രം പോലെ ജീവിതത്തിൽ ഒറ്റക്കായ കാലം. എന്റെ ഹൃദയത്തിലെ വലിയ ശൂന്യതയിലേയ്ക്ക് ഞാൻ കണ്ണുമിഴിച്ച് കിടന്നു. ഫാനിന്റെ നരച്ച ചിറകിൽ ഒരു എട്ടുകാലി ആത്മഹത്യചെയ്തു തൂങ്ങി നിന്നു. ഉറക്കമില്ലാത്ത രാത്രിയുടെ ഏകതാനമായ നിശബ്ദത. മുറികളിൽ ഇണകളായ മനുഷ്യരത്രയും പരസ്പരം സ്‌നേഹിച്ചുറങ്ങുമ്പോൾ മരണഭയത്തോടെ കിടക്കയിൽ ഭ്രൂണാവസ്ഥയിൽ ഞാൻ ഒറ്റയ്ക്ക് കിടന്നു. ഏകാന്തതയുടെ കറുപ്പുള്ള രാത്രികൾ. മനുഷ്യനെന്ന നിലയിൽ ഒരു സ്പീഷീസിനു താങ്ങാവുന്നതല്ല ഏകാന്തത. പരിണാമപരമായി ഒരുമിച്ചിരിക്കാനും ഒരുമിച്ചുണ്ണാനും ഒരുമിച്ച് കിടക്കാനും അവൻ പാകപ്പെട്ടിരിക്കുന്നു. കുറേ മനുഷ്യർ ചുറ്റുമുള്ളവൻ നേതാവാണ് അല്ലെങ്കിൽ രാജാവ്.

മുമ്പ് ഞാനൊരു രാജാവായിരുന്നു. ചുറ്റും മനുഷ്യരുണ്ടായിരുന്ന ഒരു രാജാവ്. സ്‌നേഹത്തിന്റെ കുതിരകൾ കാൽപ്പടയാളികൾ, നിലാചന്തം.. ഇപ്പോൾ ആരുമില്ലാതായി. കട്ടിലിൽ മരിച്ചു കിടന്നാൽ പോലും ആരും അറിയാത്തത്ര ഭയകരമായ ഏകാന്തത. വീണ്ടും ഞാനെന്റെ രാജകുമാരിക്കാലത്തേ പറ്റിയോർത്തു നോക്കി. ഇന്ദു ഭവനത്തിലെ മച്ചിന്റെ തലങ്ങനെയും വിലങ്ങനെയുമുള്ള കാഴ്ച. ഭംഗിയുള്ള എലികൾ കുടുംബത്തോടെ തേങ്ങാപ്പൂളുകളും കൊണ്ട് പാഞ്ഞു. അയല്പക്കത്തെ മണികെട്ടിയ പൂച്ചത്താൻ മച്ചിലള്ളിപ്പിടിച്ചിരുന്ന് ""മിയാവൂ മിയാവൂ'' എന്നു കരഞ്ഞു. നാഷനൽ പാനസോണിക്കിന്റെ ടെപ്പ് റിക്കോഡറിൽ നിന്നും മനോഹരങ്ങളായ പാട്ടുകൾ വന്നു. സന്തോഷച്ചിരികൾ മുഴങ്ങി.

എല്ലാ തിരക്കുകളിലും എല്ലാ വെള്ളിവെളിച്ചങ്ങളിലും ഒറ്റയ്ക്കാണു താനെന്ന ബോധം ഉള്ളിൽ കുരുങ്ങിപ്പോയ അനവധി പേരുണ്ട്. ഞാനത്തരത്തിൽ ഒരുവളായിരുന്നു.

അത് ആ സനാഥ കാലം തിരികെ ഓർമ്മയിലെങ്കിലും കൊണ്ടു വരാനായ് കുട്ടിക്കാലത്തെ പാട്ടുകൾ കേട്ടാൽ മതിയായിരിക്കുമെന്നു തോന്നി. പക്ഷെ എന്തുകൊണ്ടോ കൊടിയ സങ്കടം പൊട്ടിചീന്തുകയാണുണ്ടായത്. നീ ഏതുയരത്തിൽ നിന്നാണു വീണതെന്ന്, നീ ഏതു കൂട്ടത്തിൽ നിന്നാണു ഒറ്റക്കായതെന്നൊക്കെ കൃത്യമായി ഓർമിപ്പിക്കുന്നവയാണ് ആ പാട്ടുകൾ. പാട്ടു കേൾക്കാൻ കഴിയാത്തത്ര ദുർബലയായിത്തീർന്നു ഞാൻ.
ഏകാന്തത കഠിനമാകുമ്പോൾ ഞാൻ എഴുതി... പേജുകളും പേജുകളും പേജുകളും. എന്റെ കണ്ണീരുറ്റി വീണെന്റെ അക്ഷരങ്ങൾ പരന്നു.

ഒറ്റയ്ക്കായിപ്പോയ മനുഷ്യരെക്കുറിച്ചാണ് എനിക്ക് ഏറ്റവുമധികം എഴുതാനുണ്ടായിരുന്നത്. എല്ലാ തിരക്കുകളിലും എല്ലാ വെള്ളിവെളിച്ചങ്ങളിലും ഒറ്റയ്ക്കാണു താനെന്ന ബോധം ഉള്ളിൽ കുരുങ്ങിപ്പോയ അനവധി പേരുണ്ട്. ഞാനത്തരത്തിൽ ഒരുവളായിരുന്നു. അമ്മയുമച്ഛനും പൊന്നേ പൊട്ടേ പൊടിയേ എന്ന് ഓമനിച്ച് പുന്നാരിച്ച് തങ്കക്കുഞ്ഞായി വളർത്തിയെങ്കിലും ബന്ധുക്കളുടെ പലരുടെയും പെരുമാറ്റങ്ങൾ എന്റെ മനസ്സിൽ അവമതിയും വിഷാദവും നിറച്ചു. ആന്തരികമായുണ്ടായിരുന്ന ദുർബലത ആ വിഷാദേകാന്തതയെ അധികരിപ്പിച്ചു. ഞാൻ സ്‌നേഹിക്കുന്നവരെ സ്‌നേഹം നടിക്കുന്നവരെ കണ്ണുമടച്ച് വിശ്വസിച്ചുപോയി. പ്രേമമെന്നത് വലിയ ഒന്നായി ഹൃദയം കരുതിയതും അക്കാലത്താണ്. പ്രേമം പ്രതിസന്ധികളിൽ നിന്നും ഏകാന്തതകളിൽ നിന്നും മനുഷ്യനു വിടുതൽ തരുന്ന മഹാത്ഭുതമാണെന്നു വിശ്വസിച്ച കൗമാരമണ്ടത്തമായിരുന്നു അത്. ജീവിതത്തിൽ മൊത്തം മൂന്ന് പ്രേമങ്ങളുണ്ടായി. അവ കഠിനമായ വഞ്ചനകളായി വായ കയ്പ്പിച്ചു സദാ.

22 വയസ്സു വരെ കേവല ഇൻഫാക്‌ച്വേഷനുകളെ തമാശയായി കണ്ടതല്ലാതെ ഗൗരവതരമായി പ്രേമിക്കുവാൻ മുതിർന്നിരുന്നില്ല. ചെറിയ ഭ്രമങ്ങൾ പോലും പാരയാകുന്ന അവസ്ഥ. ഗൗരവമായ പ്രേമം വലിയ വലയായിരിക്കും ഭാരമായിരിക്കും അതെന്ന് ഉറപ്പുണ്ടായിരുന്നു. ഊമകത്തുകളിലൂടെ പുരുഷന്മാരോടുള്ള വെറുപ്പുണ്ടായിരുന്നു. അക്കാലമത്രയും പ്രേമങ്ങളെ മാറ്റി നിർത്തി ആത്മസംഘർഷങ്ങളിലൂടെ പ്രേമത്തിന്റെ സമ്മർദ്ദങ്ങളിലൂടെ മുന്നോട്ട് പോയ ഞാൻ പി.ജിക്കാലം മുഴുവൻ എനിക്കു പിറകെ സ്‌നേഹവുമായി നടന്ന വെളുത്തു മെലിഞ്ഞ ഒരാൺകുട്ടിയെ പ്രേമിക്കുവാൻ ആരംഭിച്ചു. അവനോട് പ്രേമം ഞാൻ സ്വീകരിച്ചതായി പറയണമെന്ന് കരുതിയിട്ട് ദിവസങ്ങളായി. ഒടുവിൽ അവന്റെ പ്രേമം സ്വീകരിക്കുവാൻ ഞാൻ തയ്യാറാണെന്ന് അറിയിച്ച അതേ ദിവസം തന്നെ ആ പ്രേമം പൊളിഞ്ഞ് പോയി... അതൊരു വലിയൊരു കഥയാണ്. രസകരമായ ചതിയുടെ കഥ. ഇപ്പോൾ മാറി നിന്നു നോക്കുമ്പോൾ അത് ചതിയെന്ന് വായിക്കാൻ കഴിയില്ല. അവൻ ഒരേ സമയം പല പ്രേമച്ചെടികൾ സമാന്തരമായി നട്ടു. രണ്ടും പൂക്കുമെന്ന് അവൻ കരുതിയിരിക്കില്ല.

നീണ്ടമുഖമായിരുന്നു അവന്. മെല്ലിച്ച കഴുത്തുകൾ കൈകൾ. ഇളം മഞ്ഞപ്പല്ലുകൾ. മനോഹരമായ പുഞ്ചിരി. വീട്ടിൽ നിന്നും മുറിവേറ്റകുട്ടി എന്നതായിരുന്നു അവന്റെ ഇമേജ്. തമിഴ്ബ്രാഹ്‌മണ്യ സംസ്കാരത്തോട് അവൻ കലഹിച്ചു. മലയാളത്തിൽ ഉറക്കെ സംസാരിച്ചു പൊട്ടിത്തെറിച്ചു. പൂണൂൽ മുറിച്ചു കളഞ്ഞു. അവന്റെ അമ്മ ക്ഷുഭിതയായി. കലയോ സംഗീതമോ പഠിക്കേണ്ടതില്ല. മാത്‌സോ
ഫിസിക്‌സോ പഠിച്ചാൽ മതിയെന്നവർ സദാ ശഠിച്ചു. വിപ്ലവമോ നവോത്ഥാന ചിന്തയോ വേണ്ട. മകൻ നന്നായിരിക്കട്ടെ. അമ്മയെ സഹിയാഞ്ഞോ അവൻ തൃശ്ശൂരിലെ കോളേജിലേക്ക് മാറി. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ മാത്രം വീട്ടിലെത്തി. രാത്രി മുഴുവൻ അമ്മയുടെ ഉപദേശവും ദേഷ്യവും മാറി മാറി. ശനിയാഴ്ച പുലർച്ചേ തന്നെ അവൻ തലപൊട്ടിത്തെറിച്ച് ഹോസ്റ്റലിലേയ്ക്ക് മടങ്ങി. ഇതെല്ലാം അവൻ പറഞ്ഞ് അറിഞ്ഞ കഥകളാണ്. അമ്മസ്‌നേഹം കൃത്യമായിക്കിട്ടാത്ത മനുഷ്യർ ദുർബലരാണെന്ന് എനിക്കെപ്പോഴും തോന്നുമായിരുന്നു. പാവം എന്ന ഒരു ഹൃദയാലിവ് നെഞ്ചിൽ സദാ ഒട്ടിനിന്നു.

പ്രവീണിന്റെ നാടകക്കളരിയിലേയ്ക്ക് അവൻ കടന്നു വന്നപ്പോൾ എനിക്കൊന്നും തോന്നിയില്ല. ആന്തരികമായ പ്രേമവൈബോ കുന്തമോ തോന്നിയതേ ഇല്ല. ഒരു ദുഃസ്വപ്നത്തിൽ പോലും അത്രയും പയ്യനായ ഒരുവനെ ഞാൻ പ്രേമിക്കുമായിരുന്നില്ല. അവനു വിദേശീയമായ ഒരു യേശുമുഖമുണ്ടായിരുന്നു. കീരിയെപ്പോലെ പ്രാകൃതമായ പല്ലുകൾ. മുറുക്ക്, പുകവലി കുലുങ്ങിക്കുലുങ്ങിയുള്ള അലോസരപ്പെടുത്തുന്ന ചിരി. പക്ഷെ അവൻ മാന്ത്രികനെപ്പോലെ ക്യാമ്പിനെ മയക്കി. മൃദംഗം വായിക്കുന്ന അവന്റെ വിരലുകളിൽ താളം സംഗീതാത്മകമായ് പിടഞ്ഞുണരുന്നത് ഞാൻ കൗതുകത്തോടെ നോക്കി. കലാകാരനായിരുന്നു. വേദിയിൽ അവനൊരു തീയെപ്പോലെ ഉടലിനെ കത്തിച്ചു. അവൻ എരിഞ്ഞുകൊണ്ടേയിരുന്നു.

""ഇന്ന പിടിച്ചോ'' ഇംഗ്ലീഷിൽ വടിവൊത്ത അക്ഷരത്തിലവൻ ഒരു പ്രേമലേഖനം തന്നപ്പോൾ എന്റെ ഹൃദയം ചകിതമായി. പ്രേമം എന്റെ അജണ്ടയിലില്ലായിരുന്നു. കൂട്ടുകാരായ ഷിജയും നീതയും മിലുവുമൊക്കെ അതിന്റെ അപകടത്തെക്കുറിച്ച് സദാ സൂചിപ്പിച്ചു.

""സ്റ്റേറ്റ് ഫസ്റ്റാ.'' പ്രവീൺ അവനെ പുകഴ്ത്തി. ""എമ്മാരി പ്രൊഡെക്ഷൻ.''
അവന്റെ പ്രൊഡക്ഷനുകളും നല്ലതായിരുന്നു. കഴിവുള്ള ആർട്ടിസ്റ്റെന്നത് എനിക്കെന്നും സ്വീകാര്യമായിരുന്നു. ആർട്ടിസ്റ്റുകളെ ഞാൻ എക്കാലത്തും ആദരവോടെ കണ്ടു. പതിയെ ഞങ്ങൾക്കിടയിൽ ഒരു തെളിഞ്ഞ സൗഹൃദം രൂപപ്പെട്ടു. ചോറു കഴിക്കൂ എന്ന് നിർബന്ധിച്ചപ്പോൾ അവൻ ചിരിച്ചു.""വേണോ?''""വേണം കഴിക്ക്'' ഞാൻ ഉപചാരം കാട്ടി...
ചെമ്മീനുള്ള ചോറ് ഉണ്ടതും അവൻ ഛർദ്ദിച്ച് കുഴഞ്ഞതും ഒന്നും അവന്റെ അടവായിരുന്നില്ല. നല്ല പ്രൊഡക്ഷനുകൾക്കൊപ്പം രാഷ്ട്രീയമായ അവബോധവും അവനുണ്ടായിരുന്നു. സത്യസന്ധമായി ഇടപെടുന്നവൻ, തെളിഞ്ഞ ബുദ്ധി, കലാകാരൻ, അവനെപ്രതി എനിക്ക് ബഹുമാനം വർധിച്ചു വന്നു.
എന്റെ എഴുത്ത് നല്ലതാണെന്ന അവന്റെ സ്ഥിരമായ പറച്ചിലുകൾ എനിക്ക് ആത്മവിശ്വാസം നൽകി. കഥകൾ വരുമ്പോൾ അഭിനന്ദനമറിയിച്ചു. എനിക്ക് സന്തോഷം തോന്നി.

അക്കാലങ്ങളിൽ നാടക പ്രൊഡക്ഷനു വേണ്ടി അവൻ ഗുരുവായൂരപ്പനിൽ സ്ഥിരം സന്ദർശകനായി. ഞങ്ങൾ മിക്കവാറും എന്നും കണ്ടു. എന്നും ഒരുമിച്ച് സംഘമായി ഭക്ഷണം കഴിച്ചു. ഒരുമിച്ച് കുന്നിറങ്ങി. മൊഫ്യൂസിൽ സ്റ്റാൻഡിൽ നിന്ന്​ പച്ചമുന്തിരി വണ്ടിക്കാരിൽ നിന്ന്​ ഞാൻ മുന്തിരിങ്ങകൾ വാങ്ങിക്കുന്നത് അവൻ നോക്കി നിന്നു. ഒടുക്കം അവൻ തൃശ്ശൂർ ബസ്സിൽ കയറിപ്പോയി. ഇതൊരു പതിവായി. പഠിത്തവും പ്രൊഡക്ഷനുമൊക്കെ 7 മണി മുതൽ നട്ടപ്പാതിരവരെ നടത്തി. രണ്ടു മണിയ്ക്ക് ഉറങ്ങാൻ കിടന്ന് ആറിനു എണീറ്റ് വീണ്ടും കോഴിക്കോട് വന്ന് 11 മണിയ്ക്ക് ഗുരുവായൂരപ്പനിൽ എത്തും.

""ഇന്ന പിടിച്ചോ'' ഇംഗ്ലീഷിൽ വടിവൊത്ത അക്ഷരത്തിലവൻ ഒരു പ്രേമലേഖനം തന്നപ്പോൾ എന്റെ ഹൃദയം ചകിതമായി. പ്രേമം എന്റെ അജണ്ടയിലില്ലായിരുന്നു. എന്റെ കൂട്ടുകാരായ ഷിജയും നീതയും മിലുവുമൊക്കെ അതിന്റെ അപകടത്തെക്കുറിച്ച് സദാ സൂചിപ്പിച്ചു.""ഇല്ലെടോ ഞാനോനെ പ്രേമിക്കുന്നൊന്നുമില്ല''

""പിന്നെ എന്റെ പ്രൊഡക്ഷനു വേണ്ടി ഇങ്ങനെ വർവല്ലെ. പോടി അവ്ട്ന്ന്. അന്നക്കാണാൻ വരുന്നതാ.'' പ്രവീൺ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
എനിക്ക് നിഗൂഢമായ ആഹ്ലാദം തോന്നി. ഒരാൾ എനിക്കു വേണ്ടി ഇത്രയേറെ സഹിക്കുന്നു, കഠിനാധ്വാനം ചെയ്യുന്നുവെന്നത് ഒരു വശം, എന്റെ എഴുത്തിനെ നല്ലത് നല്ലതെന്ന് പ്രോത്സാഹിപ്പിക്കുന്ന മറുവശം. അവനെനിക്ക് നല്ല സുഹൃത്താണ്. പക്ഷെ അവൻ നല്ല സുഹൃത്ത് മാത്രമല്ല എന്ന് കൂട്ടുകാരുടെ ലോകം സദാ പറഞ്ഞുകൊണ്ടിരുന്നു.

""അല്ലെങ്കിൽ പിന്നെ ഇങ്ങനെയെഴുതുമോ? കടൽച്ഛേദം വന്ന കപ്പലു പോലെയഴുകുന്നുവെന്ന്?''""ഓഹ് ഇത് പ്രേമലേഖനമല്ലെ? പിന്നെന്താണ്?'' ""ഇത് എഴുത്തിന്റെ സ്പാർക്കാണ്. എഴുതുന്നവർ തമ്മിലെ വിഷയം.'' ""എനിക്ക് എഴുതി അയക്കൂ... ഇന്ദൂ പ്ലീസ്സ്. എനിക്കാരുല്ല പ്ലീസ്സ്'' അവനിടയ്ക്കിടയ്ക്ക് പറഞ്ഞു. അങ്ങനെ പ്രൊഡക്ഷനുകൾക്ക് ശേഷം കത്തുകളിലൂടെ ഞങ്ങൾ സൗഹൃദം തുടർന്നു. പത്തോ പന്ത്രണ്ടോ കത്തുകൾ അവനയക്കുമ്പോഴേയ്ക്കും എനിക്കൊരു കഥ തയ്യാറായിട്ടുണ്ടാകും. അസംഖ്യം കഥകൾ. ബാലപക്തിയിലും ചന്ദ്രികയിലും മാധ്യമത്തിലുമൊക്കെ കഥകൾ, കവിതകൾ. അവന്റെ പ്രിയപ്പെട്ട മറുപടികൾ. ചില സ്വപ്നങ്ങളിൽ സീതാലക്ഷ്മിയുടെ കറുത്ത മുടിയിഴ എന്ന കഥ മുഴുവനായും അവനയച്ച കത്തുകളാണ്. എഴുത്തിന്റെ ഉന്മാദകരമായ എന്റെ കത്തുകൾക്ക് പ്രേമമറുപടികൾ വന്നു കിട്ടി. എഴുത്ത് നന്ന് എന്നെഴുതുന്നതിൽ പിന്മറഞ്ഞു നിൽക്കുന്ന സ്‌തോഭജനകമായ അവന്റെ പ്രേമം എന്നെ ആഹ്ലാദിപ്പിച്ചു. ഊമക്കത്തുകൾ വന്ന് ജീവിതം പ്രതിസന്ധിയിലും ഭയത്തിലും നീങ്ങുമ്പോഴാണു നീലമഷിയിൽ കുനുകുനാ വടിവിലവന്റെ അക്ഷരത്തെറ്റുള്ള കത്തുകൾ സന്തോഷമായി വരുന്നത്. ഞാൻ ചിലപ്പോൾ പൂവുകൾ, സമ്മാനങ്ങൾ, അക്ഷരങ്ങൾ, പൂമ്പാറ്റചിറകുകൾ, ചെറിയ സ്റ്റിക്കർപൊട്ടിന്റെ പാക്കറ്റുകൾ ഒക്കെ അവനയച്ചു. ബസ്സിൽ പോകുന്ന വഴിയിൽ നിത്യവും പേരെഴുതാതെ ഒരു കത്ത് ഉള്ളിൽ ചെറിയൊരുകല്ല് വെച്ച് അവന്റെ വീടിന്റെ വഴിയിലേയ്ക്ക് വലിച്ചെറിഞ്ഞു. അതെ, അക്ഷരങ്ങളായിരുന്നു ഏറ്റവും ഗംഭീരമായ സമ്മാനങ്ങൾ... എഴുത്തിന്റെ ഉന്മാദങ്ങളും ഭ്രാന്തൻ സ്വപ്നങ്ങളും. എഴുതാൻ ചിലപ്പോൾ അവൻ മടിച്ചു. ചിലപ്പോൾ ഫോൺ ചെയ്തു... എന്റെ വഴി അവനിലൂടെയെന്ന് മൂന്നാമത്തെ വർഷം എനിക്ക് തോന്നിത്തുടങ്ങി. എന്റെ പെൺകൂട്ടങ്ങളോട് എന്റെ മനസ്സ് പങ്കിട്ടപ്പോൾ അവർ അതിനെ എതിർത്തു.""അവൻ ഭീകര ഫ്രോഡാണ്.''""ഒരിക്കലുമല്ല... നല്ല ഒരുത്തനാണ്,'' ഞാൻ വാശിപിടിച്ചു. അവർ എതിർത്തു. ""ഗൗരവതരമായ് ഒന്നിനും ഒരു സാധ്യതയുമില്ല. നിന്നെപ്പോലെ ബന്ധങ്ങളെ ഗൗരവമായിട്ട് കാണുന്നവർക്ക് പറ്റുന്നതല്ല ഇതൊന്നും.''

‘‘നീ പതിനാലാം തിയതി അവന്റെ പ്രേമം സ്വീകരിച്ചതായി അവനെയറിയിക്കുന്നു.'' അവൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഭയങ്കര മറിമായം തന്നെ. അൽപ്പം ചൂടധികമായ ഒരു ഫെബ്രുവരി മാസമാണ്. എന്നിട്ടും എന്റെ മനസ്സ് അലറിക്കുതിച്ചു.

പോകെപ്പോകെ എനിക്ക് ദേഷ്യം വരാൻ തുടങ്ങി. എഴുതുന്ന കത്തുകൾ അവരെ കാണിക്കാതെയായി. അവരോട് ഞാൻ അവനെപ്പറ്റി ഒന്നും പറയാതെയായി. ഗൂഢമായൊരു ജീവിതം അതിഗൂഢമായൊരു അക്ഷരസമ്മാനങ്ങൾ. വിഡ്ഢിയായ എന്റെ പ്രേമം... എന്നെ കളിയാക്കുകയും, എനിക്കവനുമായുള്ളത് സൗഹൃദമാണെന്ന് ഞാൻ പറയുമ്പോളും അപ്രകാരമല്ലെന്നു വാശിപിടിച്ചവരാണ്. മനസ്സിൽ പ്രേമവിത്തു പാകിത്തന്നവരാണ്. ഞാനിത് പ്രേമമെന്ന് മൂന്നു വർഷത്തിനിപ്പുറം അംഗീകരിക്കുമ്പോൾ പാടില്ലെന്നു വിലക്കാൻ അവർക്കെന്തവകാശം.
കൂട്ടുകാരുമായി ഞാൻ അകൽച്ചയിലായി..

ഒരു ദിവസം നീത എന്നോട് അവനെ കാണാൻ ആവശ്യപ്പെട്ടു.""ഞങ്ങൾക്ക് തോന്നുന്നു. നീയാണ് ശരി.. ഇത് സൗഹൃദമല്ല. പ്രേമമാണ്''""ശരിക്കും?'' ഞാനവളുടെ കിടയ്ക്കക്ക് താഴെ മുട്ടുകുത്തിനിന്ന് കൈ അമർത്തിപ്പിടിച്ചു. എനിക്ക് വിശ്വസിക്കാനായില്ല അവരുടെ പച്ചക്കൊടി.""ശരിക്കും... നീ പതിനാലാം തിയതി അവന്റെ പ്രേമം സ്വീകരിച്ചതായി അവനെയറിയിക്കുന്നു.'' അവൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഭയങ്കര മറിമായം തന്നെ. അൽപ്പം ചൂടധികമായ ഒരു ഫെബ്രുവരി മാസമാണ്. ഗവേഷണത്തിന്റെ അതിഭീകര തിരക്കാണ്. എന്നിട്ടും എന്റെ മനസ്സ് അലറിക്കുതിച്ചു.
പതിമൂന്നാം തിയതി ഞാനും നീതയും നഗരത്തിലലഞ്ഞു. ചുവന്ന റോസാപുഷ്പം, ഒരു യേൽ റോസ് വാങ്ങാൻ... എന്റെ ഹൃദയം പോലെ തുടുത്ത... എന്റെ പ്രേമഭ്രൂണം പോലെ സുഗന്ധകാരിയായ ചുവന്ന യേൽ റോസ്.

നഗരത്തിൽ അന്നു ബന്ദായിരുന്നു. ഞങ്ങൾ വെയിലിലൂടെ നടന്നു. ചെരുപ്പു തുളച്ച് ചൂടു കാലിലൊട്ടി. ഉച്ചിയിൽ ഫെബ്രുവരിച്ചൂടു പഴുത്തു. ഒരു കടപോലും തുറന്നിരുന്നില്ല. ബസ്റ്റാന്റിൽ നിന്നും നഗരത്തെ വലം വെച്ചു. വടക്കുംനാഥന് വേണ്ടിയുള്ള പൂക്കട തുറന്നിരിക്കുന്നുവെന്ന അറിവിൽ ആ കടയും തേടി ഞങ്ങൾ നടന്നു...
മണിക്കൂറുകൾക്കൊടുവിൽ പൂവ് കിട്ടി. എനിക്ക് സന്തോഷം കൊണ്ട് കരയണമെന്നു തോന്നി. പൂവിന്റെ കൂടയെടുത്ത് കയ്യിൽ പിടി‌ക്കെ മുള്ളുകുത്തി. വിരലിൽ നിന്നും ചോരയൊഴുകി. ആ വേദനയിൽ ചിരിക്കാൻ തോന്നിയെനിക്ക്. യേൽ റോസ് ആയിരുന്നില്ല. ഇരട്ടയിതളുകൾ അടുക്കടുക്കാക്കിയ ടീസ്സിങ്ങ് ജ്യോർജിയാപ്പൂക്കളായിരുന്നു. കടും മഞ്ഞ. ഞാൻ അവയെ മണത്തു നോക്കി...""ന്തൂട്ട്‌നാദ്? ബൊക്കിക്ക്യാ?'' ""എയ്യ് പ്രേമിക്കണ ചെക്കനു കൊടക്കാനാ.'' നീത പരിഹാസത്തോടെ പറഞ്ഞു.""അയ്യി അയ്യി. ദല്ലട്ടാ. ദിനു വേറേയാണ്. ഇരിക്കി ഞാനൊന്നു നോക്ക്‌ട്ടെ.'' അയാൾ, പൂവിൽപ്പനക്കാരൻ എന്തൊരു ഹൃദയാലു. ആരെയോ ഫോൺ വിളിക്കുന്നു...

""അമേലിയണ്ട്. അഡ്രിനാലിനുണ്ട്. ന്തൂട്ടാ പറയണ്ടെ?''""അമേലിയ'' കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും ആ പൂവിനെന്റെ ഹൃദയമല്ലെയെന്നുറപ്പിച്ചു.""അഡ്രിനാലിനാ നല്ലത്'' നീത പിറുപിറുത്തു.
അമേലിയ വന്നു അമേലിയ അമേലിയ. പൂവിനൊക്കെ ആരാണിമ്മാതിരി പേരിടുന്നത്? എന്തൊരു ഭംഗി. ഉയ്യോ എന്റെ മനസ്സ് തുടിച്ചു. കൊടിയചുവപ്പിൽ പ്രേമകാരിയായി അതു നിന്നു. മുള്ളുകുത്തിത്തിളങ്ങിയ എന്റെ രക്തമണിയ്ക്ക് പോലും ഇത്രയ്ക്ക് ചോപ്പുണ്ടായിരുന്നില്ല....

രണ്ടു മണി‌ക്കോ മൂന്നു മണിക്കോ ഞാൻ ഉറങ്ങി... പ്രേമത്തിന്റെ മാസ്മരികമായ പനിനീർ ഗന്ധവും കാറ്റും തണുപ്പും ഇത്തിരി നിലാവും. എന്റെ ആഹ്ലാദങ്ങൾക്ക് അറ്റമില്ലായിരുന്നു.

പൂവ് ഗംഭീരമായിരുന്നു പക്ഷെ എന്റെ മുഖം വെയിലേറ്റ് വല്ലാതെ കരുവാളിച്ചിരുന്നു. ഞരമ്പുകൾ ഉഷ്ണത്തുടിപ്പിൽ ചെന്നിക്കുത്താനും ആരംഭിച്ചിരുന്നു. നീതയുടെ വീട്ടിലെത്തിയപ്പോഴേയ്ക്കും മൈഗ്രേൻ അതിന്റെ ഉയർച്ചയിലായി. മിടിപ്പോടുള്ള മാരക തലവേദനയിൽ ഞാൻ പുളഞ്ഞു. മൂന്നാലുതവണ ഭയങ്കരമായി ഛർദ്ദിക്കുകയും ചെയ്തു. ഇളം നീല സീറോ വാൾട്ട് പ്രകാശത്തിൽ നീലിച്ച മുറിയിൽ തളർന്നു കിടക്കുമ്പോഴും എനിക്ക് ചിരിക്കാൻ തോന്നി. മേശപ്പുറത്ത് ചുവന്ന വിദേശറോസാപ്പൂവ്, എന്റെ അമേലിയ, തിളങ്ങി നിന്നു. അതിന്റെ ഇതളുകളിൽ ഇംഗ്ലീഷ് റാണിയുടെ ചന്തം വിടർന്നു. തുറന്നിട്ട ജാലകത്തിലൂടെ ഫെബ്രുവരിയുടെ തണുപ്പൻ കാറ്റും വന്നു. നീത ജനാലയിൽ തൂക്കിയ പാടുന്ന മണികൾ ഇളകിക്കൊണ്ടേയിരുന്നു... രണ്ടു മണി‌ക്കോ മൂന്നു മണിക്കോ ഞാൻ ഉറങ്ങി... പ്രേമത്തിന്റെ മാസ്മരികമായ പനിനീർ ഗന്ധവും കാറ്റും തണുപ്പും ഇത്തിരി നിലാവും. എന്റെ ആഹ്ലാദങ്ങൾക്ക് അറ്റമില്ലായിരുന്നു.

ഞാൻ മയങ്ങി ഉറക്കത്തിൽ നാടകവേദി സ്വപ്നം കണ്ടു വെളുത്ത ഉടുപ്പുകൾ ധരിച്ച ഒരാൾ ഒരു പെൺകുട്ടിയെ കാൽ വലിച്ചിഴയ്ക്കുന്നു... അവൾ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. അവളെയയാൾ തൂക്കുകയറിൽ കെട്ടി വലിച്ചു മേൽപ്പോട്ടാക്കി. പ്രാണവേദനയിലവൾ മൂത്രമൊഴിച്ചു... ഞാൻ പിടഞ്ഞ് കണ്ണുതുറന്നു. തലകുത്തിപ്പൊളിയുന്ന ഒരു ചെന്നിക്കുത്തിലേക്ക് തുറന്നു മിഴിച്ച രാവിലക്കാലം...
ആറുമണിയ്ക്കു തന്നെ ഞാനും നീതയും തയ്യാറായി.""ആ ഇന്ന് അച്ഛൻ കൊണ്ടു വിടും. ഏട്ടനല്ല'' നീത പ്രഖ്യാപിച്ചു. ആരെങ്കിലും കൊണ്ടു പോകട്ടെ, എന്റെ തലയിൽ മറ്റൊന്നുമില്ലായിരുന്നു. അവനെക്കാണണം എന്റെ പ്രേമസമ്മതം അറിയിക്കണം... പ്രേമമാണെന്ന് വിളിച്ച് പറയണം... അത്രയുമേ എന്റെ തല പറയുന്നുള്ളൂ. ഉപ്പുമാവ് കഴിക്കുമ്പോൾ, കാപ്പി കുടിക്കുമ്പോൾ കുത്തിപ്പൊളിയ്ക്കുന്ന തലവേദനയ്ക്ക് മരുന്ന് തേക്കുമ്പോൾ ഒക്കെയും മനസ്സ് മിടിച്ചുകൊണ്ടേയിരുന്നു... ഒട്ടും വയ്യായിരുന്നുവെന്ന് തോന്നി.

എനിക്കിത്ര പ്രേമമുണ്ടായിരുന്നോ അവനോട്? അവന്റെ റൂമിനു മുമ്പിലെത്തി വിറയ്ക്കുന്നു. പനിയ്ക്കുന്നു. ഭയം കൊണ്ട് എന്റെ തൊണ്ട വരളുന്നു...

ഒടുവിൽ ഞങ്ങൾ അവന്റെ കോളേജിലെത്തി. നീത അച്ഛനോട് പോയ്‌ക്കോളാൻ പറഞ്ഞു.""സൂക്ഷിക്കോട്ടൊ''
അദ്ദേഹം മടങ്ങി. ഞങ്ങൾ കോളേജിലേയ്ക്ക് തുറന്ന അവന്റെ ഹോസ്റ്റലിനു മുമ്പിലെത്തി.. പൂന്തോട്ട പ്രഹേളികയെന്ന അവന്റെ ആ മുറി നീത ചൂണ്ടിക്കാണിച്ചു. ""പോയിട്ട് വേഗം വാ. ഞാനിവിടെ വെയിറ്റിയാം.''
ഹൃദയപ്പെരുമ്പറക്കൊട്ടു മാത്രം, ഡപ്പ്‌ലപ്പ് ഡപ്പ്‌ലപ്പ്... നടക്കുമ്പോൾ വിറയ്ക്കുന്ന കാലുകൾ. പ്രേമം ഇത്ര സങ്കീർണമാണോ എന്നു ഞാൻ ഭയന്നു. എനിക്കിത്ര പ്രേമമുണ്ടായിരുന്നോ അവനോട്? അവന്റെ റൂമിനു മുമ്പിലെത്തി വിറയ്ക്കുന്നു. പനിയ്ക്കുന്നു. ഭയം കൊണ്ട് എന്റെ തൊണ്ട വരളുന്നു...
അവന്റെ വാതിലിൽ വൂഡൂ മാന്ത്രികത്തിന്റെ ചിഹ്നം അപശകുനം പോലെ കണ്ടു. ഭയം തുടിക്കുന്നു...
തണുക്കുന്നു...
സങ്കടം വരുന്നു.
എന്തു ചെയ്യും? എന്തുചെയ്യണം? ഞാൻ വാതിലിൽ മൃദുവായി തട്ടി.
കതക് തുറന്നു...
ഒരു ജാപ്പനീസ്സ് പെൺകുട്ടി. ചിതറിയ മുടി. മുഷിപ്പിക്കുന്ന ഈത്തവായ്. കവിളുകളിൽ അടയാളങ്ങൾ... ആ മുറിയിൽ നിന്നും ഇടുക്കത്തിന്റെയും വിയർപ്പിന്റെയും ഉറക്കത്തിന്റെയും മുഷിഞ്ഞ വിരിപ്പിന്റേയും മടുപ്പിക്കുന്ന വാസന ഉയർന്നു... അയഞ്ഞ നിശാവസ്ത്രത്തിൽ അവളുടെ നെഞ്ചിന്റെ വലിപ്പം എനിക്കു കാണായി..മുലക്കണ്ണുകൾ എന്നെ തുറിച്ചു നോക്കി.""സോറി. എക്‌സ്റ്റ്രീമിലി സോറി'' മുറി മാറിപ്പോയി എന്നു കരുതി ഞാൻ ക്ഷമാപണം ചെയ്തു. തിരിയുമ്പോൾ കട്ടിലിൽ അവനെ കണ്ടു...""ഓഹ് സോറി.. മിസ്റ്റർ..?''""യെസ് റ്റെൽ മീ?''""മിസ്റ്റെർ എസ്. വുഡ് യൂ പ്ലീസ്സ് കാൾ ഹിം??'' ""യെസ് വിൽ കാൾ.'' അവൾ സൗഹൃദത്തോടെ തലകുലുക്കി. അവളുടെ പരമ്പരാഗത മംഗോളിയൻ കണ്ണ് തിളങ്ങി.
അവൾ ചെന്നു അവനെ കുലുക്കി വിളിയ്ക്കുന്നത്, അവനെഴുന്നേൽക്കുന്നത് എന്നെ തുറിച്ചു നോക്കുന്നത് എല്ലാം ഒരു സ്വപ്നത്തിലെന്നോണം ഞാൻ കണ്ടു...

യേശു ക്രിസ്തുവിനെപ്പോലെ അവന്റെ മുഖം... കീരിപ്പല്ലുകളിൽ മഞ്ഞയും ചൊപ്പും, പ്രാകൃതമായ താടിരോമങ്ങൾ... ഉടുപ്പിടാത്ത അവന്റെ വെളുത്ത നെഞ്ച്, അതിൽ മിനുങ്ങുന്ന ചെമ്പൻ രോമങ്ങൾ. ഇളം മഞ്ഞ നിറമോടിയ തിളങ്ങുന്ന കണ്ണുകൾ
എല്ലാം
എല്ലാം
എല്ലാം
എന്റെ കണ്ണീരിൽ എല്ലാം പിന്മറഞ്ഞു""പൂച്ചക്കുട്ടി'' എന്റെ ശബ്ദം വിറച്ചു. ഞങ്ങൾ സ്‌നേഹത്തോടെ അഭിസംബോധന ചെയ്ത പേരാണ്.

""യെസ്? ആരാണ്?'' അവൻ ഉടുപ്പ് വലിച്ചിട്ട് പുറത്തു വന്നു. എന്നെ കാണാത്ത അറിയാത്ത ഒരാളെപ്പോലെ തുറിച്ചു നോക്കി. കണ്ണുകളിൽ നാടകത്തിന്റെ പാരമ്യാപരിചിതത്വം. അവൾ അവനെയൊന്നു നോക്കി. അവന്റെ അപരിചിതമായ അത്ഭുതത്തിൽ തൃപ്തയായി പിന്തിരിഞ്ഞു കട്ടിലിലേക്ക് കയറി പുതപ്പ് മൂടി..
അവന്റെ കണ്ണുകൾ പ്രകാശമാനമായും സ്‌നേഹപൂർണ്ണമായുമല്ലാതെ ഞാനക്കാലമത്രയും കണ്ടിരുന്നില്ല. എന്നാലിപ്പോൾ അവിടെ അപരിചിതയോടുള്ള വെറുപ്പ് തങ്ങിനിന്നു. ഉറക്കച്ചടവാർന്ന കൺപോളകളിൽ എന്റെ സ്വകാര്യതയിലേയ്ക്ക് വിളിക്കാതെ വന്നവളോടുള്ള അമർഷം കണ്ടു. പീളകളിൽ കള്ളത്തരം അശ്ലീലമായി ഒട്ടി. എന്റെ തൊണ്ട നീറി.

എല്ലാം എന്റെ തലയിൽ ഫ്‌ളാഷ് പോലെ ദ്രുതദ്രുതം മിന്നി. ചെവികളിൽ അവന്റെ ശബ്ദം നിറഞ്ഞു.""എനിക്കാരുമില്ല.. എന്നെ വിട്ടുകളയരുത് ഇന്ദൂ'' സ്‌നേഹം നിറഞ്ഞ വാക്കുകൾ, സങ്കടങ്ങൾ, ആഹ്ലാദങ്ങൾ, പ്രിയകരമായ ആശ്വസിപ്പിക്കലുകൾ, എനിക്കായ് അവൻ താണ്ടിയ കിലോമീറ്ററുകൾ. ഞാൻ സ്‌തോഭത്തോടെ നിന്നു. ""യെസ് പറയൂ? ആരാണ് എന്തു വേണം?'' അവനെന്നെ അറിയില്ല എന്ന നിലപാടിൽ തന്നെയായിരുന്നു.
ഞാൻ ഒന്നും മിണ്ടിയില്ല. എന്തു മിണ്ടാൻ. ഒരുതരം അപമാനകരമായ ജാള്യത വന്നു ഭവിച്ചു. ""സോറി. മുറി മാറിപ്പോയി.'' വികൃതമായ ഒരു ചിരിയിൽ എന്റെ ആത്മപുച്ഛം ചിതറി. ഞാൻ പതിയെ പിന്തിരിഞ്ഞു നടന്നു... അവൻ യാത്രചെയ്ത് ടിക്കറ്റുകൾ എന്റെ ബാഗിൽ ഞാൻ പിൻ ചെയ്ത് സൂക്ഷിച്ചിരുന്നു... ഞാൻ പെഴ്സ് തുറന്നു ബുദ്ധിമാന്ദ്യക്കാരിയെപ്പോലെ അതു നോക്കി... ഏതോ കുഴിയിലെന്നവണ്ണം അസ്വസ്ഥമായ അവന്റെയും അവളുടെയും സ്വരങ്ങൾ ഉയർന്നു. കതക് പുറകിൽ അടയുന്ന ശബ്ദം കേട്ടു. എന്റെ ചെവി പതിയെ മൂളി.

പുറത്ത് നീത സ്വാഭാവികമായിത്തന്നെ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. എന്റെ മുഖം കണ്ടതും അവളുടെ മുഖത്ത് അനുതാപം നിറഞ്ഞു... എന്തായി എന്നോ എന്തു പറഞ്ഞു എന്നോ അവൾ ചോദിച്ചില്ല. രണ്ടു കൈകളും എനിക്കു നേരെ നീട്ടി.. ആ നിമിഷം ഞാൻ പൊട്ടിപ്പോയി. എന്റെ കയ്യിലെ റോസാപ്പൂവ് ഞാൻ പിച്ചിച്ചീന്തി നിലത്തിട്ട് ഷൂ കൊണ്ട് ചവിട്ടി. നീതയെ കെട്ടിപ്പിടിച്ച് അസഹ്യമായ ദുഃഖത്തോടെയും അപമാനത്തോടെയും പൊട്ടിക്കരഞ്ഞു.""സാരല്ല്യ പൊട്ടെ പോട്ടെ'' അവളെന്റെ ചുമലിൽ പതുക്കെ തടവി. ""ന്നലും ന്നാലും'' ഞാൻ വിതുമ്പി. വാക്കുകൾ വിക്കി.""ഒരെന്നാലുമില്ല. അവന്റെ കള്ളത്തരം നിനക്ക് മനസ്സിലായോ? നേരിട്ട് മനസ്സിലായോ?'' അവൾ താടി പിടിച്ചുയർത്തി. അവളുടെ മുഖത്ത് ചിരി തന്നെയായിരുന്നു""മ്മ്ഹ്‌മ്'' എന്റെ നെഞ്ച് തകർന്നു പോയി.""എടീ ആൺകുട്ടികൾ പലതു പറയും പ്രേമം സൗഹൃദം, ഇതൊക്കെ മനസ്സിലാക്കണ്ടെ? നിന്നെപോലുള്ള ആത്മാർഥറ്റീമിനു പറ്റ്യേ പണ്യല്ലിത്.പോട്ട്രീ നിന്റെ കപ് ഓഫ് ടീ അല്ലിത്. അതു വരും...''
ഇതൊരു ചെറിയ പൊട്ടാസ്സ്‌ പോലത്തെ തകർച്ചയാണെന്നും, ഇതൊന്നുമൊന്നുമല്ലെന്നും അവൾ എന്നെ ബോധിപ്പിച്ചു... ഞാനവളെ വിശ്വസിച്ചു എന്നാൽ ജീവിതം ഇതിലും വലിയ രണ്ട് തീവ്ര സ്‌ഫോടനങ്ങൾ എനിക്കായി കരുതിയിരുന്നെന്നും ഞാനന്ന് ഓർത്തതേയില്ല...

ഞാനൊരു നടക്കുന്ന ശവമായിരുന്നു. മോർച്ചറിയിൽ നിന്ന്​ ശ്മശാനത്തിലേക്ക് പോകുന്ന ഒന്ന്... വെളുത്ത കാർ ഒരു ആമ്പുലൻസായി തോന്നി. ഞാനെന്ന ശവത്തെപ്പേറി അമ്പാസിഡർ വീട്ടിലേയ്ക്ക് പോയി...

""ആഹ് അത്രേള്ളു. അതാണവന്റെ ശരിക്കുമുള്ള കാമുകി. നീ ഒരു വെറും പൊട്ടത്തി. ബാ വീട്ടിലേയ്ക്കു പോകാം. ഇന്നു ഫീൽഡിലൊന്നും പോണ്ടാ. സിനിമയ്ക്കു പൂവാം. സ്‌പൈഡർമാൻ.''
നീതയുടെ അച്ഛൻ പോയിരുന്നില്ല. അദ്ദേഹം ഗെയിറ്റിനു വെളിയിൽ ഞങ്ങളെയും കാത്ത് സിഗററ്റ് വലിച്ച് കൊണ്ട് നിന്നു.""അച്ഛനെടപെടണോ മോളെ?''""വേണ്ടച്ഛാ അവക്കെന്നെ മനസ്സിലായി...'' എല്ലാം കുഴിയിൽ നിന്നുയരുന്ന ശബ്ദം പൊലെയായി.

ഞാനൊരു നടക്കുന്ന ശവമായിരുന്നു. മോർച്ചറിയിൽ നിന്ന്​ ശ്മശാനത്തിലേക്ക് പോകുന്ന ഒന്ന്... വെളുത്ത കാർ ഒരു ആമ്പുലൻസായി തോന്നി. ഞാനെന്ന ശവത്തെപ്പേറി അമ്പാസിഡർ വീട്ടിലേയ്ക്ക് പോയി... വഴിയോരത്ത് ലാലൂരിലെ മാലിന്യപ്പറമ്പ്. മലവും അഴുകിയ മാംസവും വാസനിക്കുന്ന ദുർഗന്ധാഭിഷേക വഴി. കെട്ടി നിൽക്കുന്ന വെള്ളത്തിലും ഓടയിലും വെള്ളപ്പുഴുക്കളുടെ നൃത്തം. ഞാനുപേക്ഷിച്ച എന്നെയുപേക്ഷിച്ച പ്രേമഭ്രൂണമാലിന്യത്തിനു ഇതിലും അഴുക്കമുണെന്ന് എനിക്കു തോന്നി. മലീമസവും ദുർഗന്ധപൂരിതവുമാണതെന്ന് ഞാനറിഞ്ഞു. പ്രേമഭ്രൂണത്തിന്റെ മടുപ്പിക്കുന്ന ഗന്ധം കാറിൽ ചുറ്റിത്തിരിഞ്ഞതായിത്തോന്നി. ഞാൻ ഓക്കാനിച്ചു...
എന്റെ അമേലിയാപ്പൂക്കളുടെ മണം മാത്രം എന്റെ വിരലിൽ കൊടുങ്കാറ്റുയർത്തി...▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments