മൂന്നാറിൽ പൊമ്പിള ഒരുമൈ സമരവേദിയിൽ വി.എസ്. അച്യുതാനന്ദൻ.

പൊമ്പിള ഒരുമൈ സമരത്തിനുശേഷം
മൂന്നാറിൽ സംഭവിച്ചത്

പൊമ്പിള ഒരുമൈ സമരം കേരളത്തിന്റെ ജനകീയ സമരങ്ങളിലെ വിപ്ലവകരമായ ഏടായിരുന്നു. മറ്റു തോട്ടങ്ങളിലെ തൊഴിലാളികൾക്കും ഈ സമരം ഗുണം ചെയ്തു. റബ്ബർ, കാപ്പി പ്ലാന്റുകളിലെ തൊഴിലാളികൾക്കും സമരം ചെയ്യാതെ തന്നെ കൂലി വർധനവുണ്ടായി. പക്ഷേ തേയിലക്കാട് തൊഴിലാളികൾ അന്നും 301 രൂപ എന്ന കൂലിയിൽ ഒതുങ്ങേണ്ടിവന്നു. പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്ന ആത്മകഥ തുടരുന്നു.

മലങ്കാട്- 51

1956- നുശേഷം മൂന്നാറിൽ പ്രവർത്തിച്ചുവരുന്ന തൊഴിലാളി യൂണിയനുകൾ പൊമ്പിള ഒരുമൈ സമരത്തെ അമ്പരപ്പോടെയാണ് കണ്ടത്. അടുത്ത നിമിഷം മൂന്നാറിൽ എന്തു സംഭവിക്കും എന്ന് അവർക്ക് ഉറപ്പിച്ചുപറയാനാകാത്ത അവസ്ഥ. കാരണം, ഇതാദ്യമായാണ് തൊഴിലാളികൾക്കുമേലുള്ള തങ്ങളുടെ നിയന്ത്രണം വിട്ടുപോകുന്നത്. ആദ്യ ഘട്ടത്തിൽ സമരത്തെ പുച്ഛിച്ചു തള്ളിയ എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്ക് തൊഴിലാളികളുടെ സമരപ്പന്തലിനുസമീപം നിരാഹാരം കിടക്കേണ്ടി വന്നു.

2015 സെപ്റ്റംബർ 6 മുതൽ 14 വരെയുള്ള എട്ടു ദിവസങ്ങൾ. നാളിതുവരെ വിധേയപ്പെട്ടുമാത്രം ജീവിച്ച അവർ ഒരു നിയന്ത്രണങ്ങൾക്കും വഴങ്ങാതെ ഒരേ ലക്ഷ്യബോധത്തോടെ മുന്നോട്ടു നീങ്ങി. ഈ സമരം വളരെ വ്യത്യസ്തമായിരുന്നു. രാഷ്ട്രീയപാർട്ടികളെ അടുപ്പിക്കില്ല എന്ന് തൊഴിലാളികളുടെ അറിയിപ്പുണ്ടാകുന്നു. സമരം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ സമരക്കാർ ചൂലുകൊണ്ട് തല്ലിയോടിച്ചു- ഇതായിരുന്നു മൂന്നാറിൽ ഞാൻ ചെന്നെത്തിയപ്പോൾ കേട്ട ആദ്യ വാർത്ത. ചെറുപ്പം തൊട്ട് രാഷ്ട്രീയക്കാരുടെ കുടുംബത്തിൽ വളർന്ന എനിക്ക് ഒരിക്കലും ഈ സമരത്തിന്റെ അടുത്തുപോലും ചെല്ലാൻ പറ്റാത്ത അവസ്ഥ. കാരണം മുണ്ടുടുത്ത ഒരുത്തനെയും വിശ്വസിക്കാൻ പറ്റില്ല എന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.

ആദ്യ ഘട്ടത്തിൽ സമരത്തെ പുച്ഛിച്ചു തള്ളിയ അന്നത്തെ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രന് തൊഴിലാളികളുടെ സമരപ്പന്തലിനുസമീപം നിരാഹാരം കിടക്കേണ്ടി വന്നു.  Photo: Sajin Baabu
ആദ്യ ഘട്ടത്തിൽ സമരത്തെ പുച്ഛിച്ചു തള്ളിയ അന്നത്തെ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രന് തൊഴിലാളികളുടെ സമരപ്പന്തലിനുസമീപം നിരാഹാരം കിടക്കേണ്ടി വന്നു. Photo: Sajin Baabu

മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ സപ്തംബ​ർ എട്ടിന് കൂട്ടുകാരന്റെ അനിയന്റെ കല്യാണത്തിനുപോയ ഞങ്ങൾ വണ്ടിയിൽ നിന്നാണ് ആ സമരത്തെ കണ്ടത്. രാഷ്ട്രീയക്കാരുടെ കുടുംബത്തിൽ നിന്ന് ചെല്ലുന്ന പ്രതിനിധി എന്ന നിലയിൽ ഞാൻ അവിടേക്ക് കയറിച്ചെന്നാൽ കലുഷമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് കൂട്ടുകാർ ഓർമിപ്പിച്ചു. എങ്കിലും, ആ സമരസ്ത്രീകളെ മനസ്സുകൊണ്ട് ഞാൻ അഭിവാദ്യം ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ, തൊഴിലാളികളുടെ മക്കൾ, ഈ സമരത്തെ ഏറ്റെടുത്തു. ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള കൂട്ടുകാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമര വാർത്തകൾ വായിക്കുകയും കേൾക്കുകയും ചെയ്യുക എന്നതുമാത്രമായിരുന്നു ആ 12 ദിവസങ്ങളിലെയും പരിപാടി. എല്ലാ ടിവി ചാനലുകളിലും പത്രങ്ങളിലും സമരവാർത്ത നിറഞ്ഞുനിന്നു. സമരത്തെ ഒതുക്കാൻ ഒരുപാട് ശ്രമങ്ങളുണ്ടായി എന്ന് തൊഴിലാളികൾ പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. കേരളത്തിലെ പ്രമുഖ നേതാക്കളെത്തിയെങ്കിലും സമരക്കാർ സമരസപ്പെട്ടില്ല. തങ്ങളുടെ അവകാശം അംഗീകരിക്കുന്നതു വരെ പിന്മാറില്ലെന്ന് അവർ പ്രഖ്യാപിച്ചു.

അന്ന് കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷകനായിരുന്ന ഞാൻ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. വി.പി. സാനുവും വിജിനും ആയിരുന്നു എസ്.എഫ്.ഐയുടെ സംസ്ഥാന നേതാക്കൾ. എസ്.എഫ്.ഐ അന്ന് തേയില തോട്ട തൊഴിലാളികളുടെ മക്കളെ കൂട്ടി സെക്രട്ടറിയേറ്റിനുമുന്നിൽ ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു. ആ സമരത്തിന് നേതൃത്വം നൽകാൻ എന്നെയും നാട്ടുകാരനായ മണികണ്ഠനെയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി.

വി.പി. സാനു, എം. വിജിൻ
വി.പി. സാനു, എം. വിജിൻ

തൊഴിലാളികളുടെ ന്യായമായ അവകാശം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് നിവേദനം നൽകി. ആ സമരത്തിലേക്ക് ഇടുക്കിയിലും മറ്റു ജില്ലകളിലുമുള്ള തൊഴിലാളികളുടെ മക്കൾ കൂട്ടമായി എത്തി. രാവിലെ 10 മുതൽ വൈകീട്ട് 5 വരെ സെക്രട്ടറിയേറ്റിന്റെ മുൻവശത്ത് ഞങ്ങൾ, ഞങ്ങളുടെ രക്ഷിതാക്കൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കായി സമരം ചെയ്ത ആ നിമിഷങ്ങളെ ഇപ്പോഴും ഓർക്കുന്നു.

മൂന്നാർ സമരത്തിന്റെ തലച്ചോറായി പ്രവർത്തിച്ചിരുന്ന പ്രിയ കൂട്ടുകാരൻ മനോജിനെ എൽ.ഡി.എഫ് ഇലക്ഷൻ കൺവെൻഷനിൽ കണ്ടുമുട്ടി. അന്ന് അവനോടൊപ്പം ഒരു രാത്രി ചെലവഴിച്ചു. എന്തുകൊണ്ടാണ് സമരത്തിലേക്ക് പോയത് എന്ന് അദ്ദേഹം വിശദീകരിച്ചു. മൂലധനത്തിന്റെ തമിഴ് പരിഭാഷ അദ്ദേഹത്തിന്റെ മുറിയിലുണ്ടായിരുന്നു. ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന ആളാണെന്ന് മനസ്സിലായി. സിവിൽ സർവീസ് പരീക്ഷക്ക് പഠിച്ചുകൊണ്ടിരുന്ന ഒരാളും കൂടിയാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ ചെണ്ടുവര ഗവൺമെൻറ് ഹൈസ്കൂളിൽ രണ്ടു കൊല്ലം ഒരുമിച്ച് പഠിച്ചിട്ടുണ്ട്. മനോജും അച്ഛൻ ജെയിംസ് സൂപ്പർവൈസറുമെല്ലാം ആദ്യകാല സി.പി.എം പ്രവർത്തകരായിരുന്നു. ഇപ്പോഴും മനോജിന്റെ അച്ഛൻ കമ്യൂണിസ്റ്റുകാരനാണ്.

ചെണ്ടുവര എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിലെ എസ്റ്റേറ്റ് തൊഴിലാളിയുടെ മകനാണ് മനോജ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നല്ല പ്രഭാഷകനായിരുന്നു. പാഠപുസ്തകത്തിലുള്ളവ നന്നായി പഠിച്ചെടുക്കുന്ന കൂട്ടുകാരൻ എന്ന നിലയ്ക്കു മാത്രമാണ് ആ കാലഘട്ടത്തിൽ എനിക്ക് മനോജിനെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. എട്ടും ഒമ്പതും ക്ലാസുകളിൽ ഒരുമിച്ചു പഠിച്ച ഞങ്ങൾ പിന്നീട് വേറെ വേറെ ദിശകളിലാണ് സഞ്ചരിച്ചത്.

മൂന്നാറിലെ പൊമ്പിള ഒരുമൈ സമരത്തിന്റെ തലച്ചോറായി പ്രവർത്തിച്ചിരുന്ന പ്രിയ കൂട്ടുകാരൻ മനോജ്.
മൂന്നാറിലെ പൊമ്പിള ഒരുമൈ സമരത്തിന്റെ തലച്ചോറായി പ്രവർത്തിച്ചിരുന്ന പ്രിയ കൂട്ടുകാരൻ മനോജ്.

മൂന്നാർ സമരം കഴിഞ്ഞ്, സമരനേതാവായ ഗോമതിയും മനോജും സി.പി.എമ്മിലേക്ക് വരാനിരിക്കേയാണ്, വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. അന്ന് എൽ.ഡി.എഫിന്റെ ഇലക്ഷൻ കൺവെൻഷൻ നടക്കുന്ന വേദിയിലേക്ക് ഞങ്ങൾ ഒരുമിച്ച് ചെല്ലുന്നു. മൂന്നാർ സമരം കെട്ടടങ്ങിയ ആ സമയത്ത് നടന്ന ആ കൺവെൻഷൻ എ. വിജയരാഘവനാണ് ഉദ്ഘാടനം ചെയ്തത്.
പഴയ മൂന്നാറിൽ മനോജ് താമസിച്ചിരുന്ന കമ്പനി ക്വാർട്ടേഴ്സിലാണ് ഞാൻ അന്ന് താമസിച്ചത്. സമരം പൊട്ടിപ്പുറപ്പെട്ട നാൾവഴികളെക്കുറിച്ചും തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ചും അദ്ദേഹം വാതോരാതെ സംസാരിച്ചു. അദ്ദേഹത്തിന്റെ ഭാഷയിൽ നിന്നും വൈകാരികതയിൽ നിന്നും എനിക്ക് മൂന്നാറിൽ സംഭവിക്കുന്ന കാര്യങ്ങൾ പിടികിട്ടി. കമ്പനി തൊഴിലാളികളെ പറ്റിക്കുകയാണ്, അതിന് കാരണക്കാർ ട്രേഡ് യൂണിയനുകളാണ് എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഗവേഷകൻ എന്ന നിലയിൽ അത് കേട്ടിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. എന്റെ രാഷ്ട്രീയവും അദ്ദേഹത്തിന്റെ രാഷ്ട്രീയവും എനിക്ക് നന്നായി അറിയാം. എങ്കിൽ പോലും അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകളിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ശബ്ദമുണ്ടായിരുന്നു.
ആ വർഷം 3.5 ശതമാനം ലാഭമുണ്ടായ കമ്പനിക്ക് എങ്ങനെയാണ് നഷ്ടം സംഭവിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു. വി.എസ്. അച്യുതാനന്ദൻ സമരക്കാരുടെ അടുത്തേക്ക് ചെന്നപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്; അഞ്ചു കോടിയിലേറെ കമ്പനിക്ക് ലാഭമുണ്ടായിട്ടുണ്ട്. പക്ഷേ കമ്പനിക്കാർ കാണിച്ചത് നഷ്ടക്കണക്കാണ്. അതിന്റെ പേരിൽ ബോണസു കൂടി വെട്ടിക്കുറക്കാനാണ് കമ്പനിക്കാർ തീരുമാനിച്ചത്. തൊഴിലാളിയുടെ മകനായ മനോജ് ബാലൻസ് ഷീറ്റ് പുറത്തേക്ക് കൊണ്ടുവന്നു. കമ്പനി കാണിച്ച നഷ്ടക്കണക്ക് നുണയാണെന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞു. 11 ശതമാനം ബോണസ് വാങ്ങാൻ അവർ വിസമ്മതിച്ചു. അങ്ങനെയാണ് ഈ ഐതിഹാസിക സമരം അരങ്ങേറിയത്.

ജാർഖണ്ഡിൽ നിന്നും ഒഡീഷയിൽ നിന്നും ബീഹാറിൽ നിന്നും ഇതിനകം ഒരുപാട് തൊഴിലാളികൾ എസ്റ്റേറ്റിലെ ഒഴിഞ്ഞ ലയങ്ങളിൽ എത്തിപ്പെട്ടിട്ടുണ്ട്. ആ നാടുകളിൽ നിന്ന് കൂടുതൽ പേർ ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്.

സമരത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർ മനോജിനെയും ഒപ്പമുള്ളവരെയും തമിഴ് ദേശീയവാദികൾ എന്ന് മുദ്രകുത്തി. അവർ സംസാരിക്കുന്ന ഭാഷ തമിഴ് ആയത്, അത്തരം മുദ്രകുത്തലുകൾക്ക് സഹായകമായി. താൻ സത്യസന്ധമായി തൊഴിലാളികളുടെ പക്ഷത്തുനിന്നാണ് സമരം ഉയർത്തിക്കൊണ്ടുവന്നത് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാനത് പൂർണമായും വിശ്വസിച്ചു. കാരണം, ഞാനും മനോജും ജനിച്ചുവളർന്നത് എസ്റ്റേറ്റിലെ ആ ഒറ്റമുറി ലയത്തിലാണ്. ഇവിടെ വർഷങ്ങളായി ജീവിക്കുന്ന നമ്മുടെ പേരിൽ എത്ര സെൻറ് ഭൂമിയുണ്ടെന്ന് അദ്ദേഹം ചോദിച്ചു. പഞ്ചായത്ത് മെമ്പർ മുതൽ ഉന്നത പദവിയിലിരിക്കുന്ന എല്ലാവരും ഇവിടെ ലാൻഡ് മാഫിയയായാണ് പ്രവർത്തിക്കുന്നത്. തൊഴിലാളികളുടെ മക്കൾക്കോ, എന്നും പട്ടിണിയും ദാരിദ്ര്യവും. ഈ അവസ്ഥ മാറുമ്പോഴാണ്, മൂന്നാറിലെ തൊഴിലാളി സമൂഹത്തിൽ മാറ്റമുണ്ടാകൂ. അതിന് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം മാറണം.

പൊമ്പിള ഒരുമൈ സമരനായിക ഗോമതിയും മനോജും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രനൊപ്പം.
പൊമ്പിള ഒരുമൈ സമരനായിക ഗോമതിയും മനോജും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രനൊപ്പം.

സി.പി.എമ്മിനെയോ അതിന്റെ ഘടകങ്ങളെയോ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ തൊഴിലാളി യൂണിയൻ തൊഴിലാളികൾക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നത്, മറിച്ച് കമ്പനിക്കാർക്ക് വേണ്ടിയാണ്. മൂന്നാറിലെ അംഗീകൃത തൊഴിലാളി യൂണിയനുകളെല്ലാം ഒരേ പാതയാണ് പിന്തുടരുന്നത്. ഇതിൽ നിന്ന് മാറ്റം വരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

പൊമ്പിള ഒരുമൈ സമരത്തിന്റെ ബുദ്ധികേന്ദ്രമായ മനോജുമായി സംസാരിച്ചപ്പോൾ കുറേയേറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. അൻവർ ബാലസിങ്കം എന്ന തമിഴ് ദേശീയ നേതാവിന്റെ പിന്തുണയോടെയാണ് ഈ സമരം നടക്കുന്നത് എന്ന് സമരത്തെ പിളർക്കാൻ ശ്രമിച്ചവർ പ്രചരിപ്പിച്ചു. അവർക്കുപോലും ഒടുവിൽ ആ സമരത്തിനു മുൻപിൽ മുട്ടുമടക്കേണ്ടിവന്നു. പോലീസും മീഡിയ സുഹൃത്തുക്കളും പൊതുസമൂഹവും സമരവുമായി സഹകരിച്ചു. എന്നോ ഉയർന്നുവരേണ്ടിയിരുന്ന സമരമാണിത് എന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ പിന്തുണ.

ലയങ്ങളുടെ നവീകരണം എന്ന പേരിൽ ബജറ്റിൽ സർക്കാർ അനുവദിക്കുന്ന പണം കൊണ്ട് മൂന്നാറിൽ എത്ര ലയങ്ങളാണ് നവീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്.

സമരത്തെ വഴിതിരിച്ചുവിടാൻ കോൺഗ്രസും മറ്റു രാഷ്ട്രീയപാർട്ടികളും ശ്രമിച്ചു എന്നാണ് മനോജ് കുമാർ എന്നോട് അന്ന് പറഞ്ഞത്. ആദ്യം അവർ സമരനായികയായ ലിസിയെയാണ് ലക്ഷ്യം വെച്ചത്. പിന്നീട് ഗോമതിയെയും രാജേശ്വരിയും മനോജിനെയും ലക്ഷ്യം വെച്ചു. പൊമ്പിള ഒരുമൈ എന്ന തൊഴിലാളി കൂട്ടായ്മയെ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യത്തിൽ മൂന്നാറിലെ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും ഒന്നിച്ചു.

സമരക്കാരുടെ അവകാശങ്ങൾ സർക്കാർ ഒന്നൊന്നായി നിറവേറ്റും എന്ന് തൊഴിലാളികൾക്ക് ഉറപ്പുനൽകപ്പെട്ടു. ഒറ്റമുറിയിൽ ജീവിക്കുന്ന തൊഴിലാളികൾക്ക് തൊട്ടടുത്ത വീടുകളെ കൂടി ബന്ധിപ്പിച്ച് രണ്ടു മുറി വീടാക്കി കൊടുക്കും എന്ന ഉറപ്പുണ്ടായിരുന്നു. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾക്ക്, പ്രത്യേകിച്ച് മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക്, പ്രത്യേക പാക്കേജ് സർക്കാർ ഓഫർ ചെയ്തു. മെച്ചപ്പെട്ട ചികിത്സാ സൗകര്യം, ദിവസവേതനം 236 രൂപയിൽ നിന്ന് 400 രൂപയാക്കുക തുടങ്ങിയ ഉറപ്പുകൾ പാക്കേജിന്റെ ഭാഗമായി ഉണ്ടായി. ഇതെല്ലാം സർക്കാർ പാലിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്.
ലയങ്ങളുടെ നവീകരണം എന്ന പേരിൽ ബജറ്റിൽ സർക്കാർ അനുവദിക്കുന്ന പണം കൊണ്ട് മൂന്നാറിൽ എത്ര ലയങ്ങളാണ് നവീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നാണ് തൊഴിലാളികൾ ചോദിച്ച മറ്റൊരു ചോദ്യം.

അൻവർ ബാലസിങ്കം എന്ന തമിഴ് ദേശീയ നേതാവിന്റെ പിന്തുണയോടെയാണ് പൊമ്പിള ഒരുമൈ സമരം നടക്കുന്നത് എന്ന് സമരത്തെ പിളർക്കാൻ ശ്രമിച്ചവർ പ്രചരിപ്പിച്ചു.
അൻവർ ബാലസിങ്കം എന്ന തമിഴ് ദേശീയ നേതാവിന്റെ പിന്തുണയോടെയാണ് പൊമ്പിള ഒരുമൈ സമരം നടക്കുന്നത് എന്ന് സമരത്തെ പിളർക്കാൻ ശ്രമിച്ചവർ പ്രചരിപ്പിച്ചു.

മൂന്നാറിനെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ഓരോ എസ്റ്റേറ്റുകളിലേയും തൊഴിലാളികളായി സംസാരിക്കുമ്പോൾ അവർ പങ്കുവയ്ക്കുന്ന ആശങ്കകൾ ഏറെയാണ്. സ്വാതന്ത്ര്യത്തിനുശേഷവും ഇപ്പോഴും അടിമകളായിട്ടാണ് അവരുടെ ജീവിതം. മെച്ചപ്പെട്ട ചികിത്സ നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടും ഇതുവരെ നടപടിയൊന്നുമില്ല. മൂന്നാർ എസ്റ്റേറ്റുകളുടെ ഉള്ളറകളിലുള്ള ഡിവിഷനുകളിലെ ഗതാഗത സംവിധാനം തകർന്നിട്ട് വർഷങ്ങളായിട്ടും പഞ്ചായത്തോ കമ്പനിയോ മുൻകൈയെടുത്ത് റോഡുകൾ സ്ഥാപിച്ചിട്ടില്ല. എസ്റ്റേറ്റുകളിലെ റോഡുകളൊന്നും ഗതാഗതയോഗ്യമല്ല. തെരഞ്ഞെടുപ്പുസമയത്ത് വോട്ട് മാത്രം ലക്ഷ്യം വെച്ച് നൽകുന്ന വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കപ്പെടാറില്ലെന്ന് മൂന്നാറിലെ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി പറയുന്നു.

രാജേശ്വരി, ഗോമതി Photo: Ameen Riyas/ Facebook
രാജേശ്വരി, ഗോമതി Photo: Ameen Riyas/ Facebook

ചില തൊഴിലാളികൾ പറയുന്നു, യൂണിയനുകൾ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന്. ഈ കാലഘട്ടത്തിനനുസരിച്ച് യൂണിയനുകൾ ഇനിയും കുറെയേറെ പ്രവർത്തിക്കണമെന്നാണ് അവരുടെ ആവശ്യം. അടിമത്തൊഴിലാളികളായിരുന്ന തങ്ങളെ ശബ്ദമുയർത്താൻ പഠിപ്പിച്ചത് തൊഴിലാളി യൂണിയനുകളാണ്. പക്ഷേ ഇന്ന് തൊഴിലാളികളെയും അവരുടെ പ്രശ്നങ്ങളെയും യൂണിയനുകൾ ഏറ്റെടുക്കുന്നില്ല എന്നു മാത്രമല്ല, കമ്പനിയുമായി വിധേയപ്പെട്ട് പോകുകയും ചെയ്യുന്നു എന്നാണ് ഒരു തൊഴിലാളി എന്നോട് പറഞ്ഞത്. സ്വന്തം നാട്ടിലോ മറ്റു സ്ഥലങ്ങളിലോ സ്വന്തമായി ഒരു സെൻറ് ഭൂമിയില്ലാത്തതാണ് ഈ അടിമജീവിതത്തിൽ അവരെ തളച്ചിടുന്നത്.

എന്റെ ലയത്തോടടുത്തുള്ള ഒരു തൊഴിലാളി പറയുന്നത് ഇങ്ങനെയാണ്: തമിഴ് വംശജരായ തലമുറയിലെ തൊഴിലാളികൾ ഇനി കുറച്ചുകാലം മാത്രമാണ് മൂന്നാറിലുണ്ടാകുക. ജാർഖണ്ഡിൽ നിന്നും ഒഡീഷയിൽ നിന്നും ബീഹാറിൽ നിന്നും ഇതിനകം ഒരുപാട് തൊഴിലാളികൾ എസ്റ്റേറ്റിലെ ഒഴിഞ്ഞ ലയങ്ങളിൽ എത്തിപ്പെട്ടിട്ടുണ്ട്. ആ നാടുകളിൽ നിന്ന് കൂടുതൽ പേർ ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽനിന്നെത്തിയവരെ ഇപ്പോൾ കമ്പനിക്കാർക്ക് ആവശ്യമില്ല. താമസിയാതെ തങ്ങളെ ഇവിടെനിന്ന് കുടിയൊഴിപ്പിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

പൊമ്പിള ഒരുമൈ സമരനായിക ലിസി സണ്ണി
പൊമ്പിള ഒരുമൈ സമരനായിക ലിസി സണ്ണി

ഇങ്ങനെ ഒരുപാട് ആശങ്കകൾ തൊഴിലാളികൾക്കുണ്ട്. കമ്പനി മെച്ചപ്പെട്ട സൗകര്യമൊരുക്കാത്തതിനുപുറകിൽ കൃത്യമായ അജണ്ടയുണ്ട് എന്ന് തൊഴിലാളികൾ കരുതുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തൊഴിലാളികൾ ഇവിടെ നിന്ന് വിട്ടു പോകും എന്ന് കമ്പനിക്കാർക്ക് ഉറപ്പാണ്. അതാണ് കമ്പനിക്കാർക്ക് വേണ്ടതും. സംഘടിത തൊഴിലാളി യൂണിയനുകൾ അപ്രത്യക്ഷമാകുന്ന ഒരു കാലഘട്ടത്തെയാണ് കമ്പനിക്കാർ കാത്തിരിക്കുന്നത്. ദാരിദ്ര്യത്തെ അതിജീവിക്കാൻ ഇതര സംസ്ഥാനങ്ങളിൽനിന്നുവരുന്ന തൊഴിലാളികൾ യൂണിയന്റെ ഭാഗമാകില്ല എന്ന് കമ്പനിക്കാർക്ക് ഉറപ്പാണ്. അതുകൊണ്ട് കരാർ അടിസ്ഥാനത്തിൽ ഇത്തരം തൊഴിലാളികളെ കണ്ടെത്തുക, കമ്പനിയെ ചലിപ്പിക്കുക, അവരെ ചൂഷണം ചെയ്യുക എന്ന മട്ടിലാണ് കമ്പനി മുന്നോട്ടുപോകുന്നത്.

വി.എസ്. അച്യുതാനന്ദൻ പൊമ്പിള ഒരുമൈ സമരക്കാരെ സന്ദർശിച്ചപ്പോൾ Photo: Sajin Baabu
വി.എസ്. അച്യുതാനന്ദൻ പൊമ്പിള ഒരുമൈ സമരക്കാരെ സന്ദർശിച്ചപ്പോൾ Photo: Sajin Baabu

വെറും 2000 രൂപയിൽ താഴെ വരുന്ന അധിക ബോണസ് തുകക്കായി തൊഴിലാളികൾക്ക് 16 ദിവസത്തിലേറെ സമരം ചെയ്യേണ്ടിവന്നു. ആ ദിവസങ്ങളിലെ കൂലി പോലും ബോണസായി കിട്ടിയില്ല എന്നാണ് സമരത്തിന്റെ ഏറ്റവും കടുത്ത യാഥാർത്ഥ്യങ്ങളിൽ ഒന്ന്. മാത്രമല്ല സൗത്ത് ഇന്ത്യൻ പ്ലാന്റേഴ്സ് അസോസിയേഷൻ ആ സമയത്ത് ഇറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു: മൂന്നാർ മാത്രമാണ് ലാഭത്തിൽ ചലിക്കുന്ന പ്ലാൻറ്. ലാഭത്തിലുള്ള എസ്റ്റേറ്റുകളിലും നഷ്ടത്തിലുള്ളവയിലും ഒരേ ശമ്പളം എന്നത് ഇന്ത്യൻ ലേബർ ആക്ടിന്റെ ഏറ്റവും വലിയ പോരായ്മയാണ്. അതുകൊണ്ട് ഇന്ത്യൻ ലേബർ ആക്ട് പരിഷ്കരണം നടപ്പിലാക്കുന്ന കാലഘട്ടം വരെ തൊഴിലാളികൾ ചൂഷിതരാകും.

പൊമ്പിള ഒരുമൈ സമരം കേരളത്തിന്റെ ജനകീയ സമരങ്ങളിലെ വിപ്ലവകരമായ ഏടായിരുന്നു. മറ്റു തോട്ടങ്ങളിലെ തൊഴിലാളികൾക്കും ഈ സമരം ഗുണം ചെയ്തു. റബ്ബർ, കാപ്പി പ്ലാന്റുകളിലെ തൊഴിലാളികൾക്കും സമരം ചെയ്യാതെ തന്നെ കൂലി വർധനവുണ്ടായി. പക്ഷേ തേയിലക്കാട് തൊഴിലാളികൾ അന്നും 301 രൂപ എന്ന കൂലിയിൽ ഒതുങ്ങേണ്ടിവന്നു.

(തുടരും)


Summary: Following the Pombilai Orumai protest, what happened in Munnar? prabhaharan k munnar malankadu series


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments