ചിറ്റിവാര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ നിന്ന് വി. ആർ. എസ് സ്വീകരിച്ച് പോയ തൊഴിലാളികളായ സുബ്ബയ്യ മാമനും ഭാര്യ ചെല്ലമ്മയും. തമിഴ്നാട്ടിലെ കയത്താർ എന്ന ഗ്രാമത്തിലാണ് ഇവരിപ്പോള്‍ താമസിക്കുന്നത്.

മൂന്നാറിലെ അടിമജീവിതത്തിൽനിന്ന്
തമിഴ് ഗ്രാമങ്ങളിലേക്ക് ഒരു പലായനം

തൊഴിലാളികളെ കുറയ്ക്കാൻ ടാറ്റാ ടീ കമ്പനി കൊണ്ടുവന്ന വി.ആർ.എസ് എടുത്ത് നിരവധി തൊഴിലാളികളാണ് തമിഴ്നാട്ടിലെ സ്വന്തം ഗ്രാമങ്ങളിലേക്കു മടങ്ങിയത്. മൂന്നാറിലെ 36 എസ്റ്റേറ്റുകളിലെയും കൃത്യമായ കണക്കെടുക്കുകയാണെങ്കിൽ, 5000-ലേറെ തൊഴിലാളികൾ വി.ആർ.എസ് വാങ്ങി തമിഴ്നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

മലങ്കാട്- 47

ണ്ടാം തലമുറക്കാർ തേയില തോട്ടത്തിൽ നിന്ന് വിരമിച്ചു തുടങ്ങിയപ്പോൾ മൂന്നാം തലമുറക്കാർ അതിൽ നിന്ന് കുറെ പാഠങ്ങൾ ഉൾക്കൊണ്ടു. ഈ ജീവിതത്തോട് അവർക്ക് മുമ്പ് എപ്പോഴോ ഇല്ലാത്തത്ര മടുപ്പ് തോന്നിത്തുടങ്ങി. ഞങ്ങളുടെ മുത്തശ്ശിമാർ ഒരു ചൊല്ലു പോലെ പറയാറുണ്ട്, ഈ അട്ടക്കാട്ടിൽ കിടന്ന് ചാകാതെ, എസ്റ്റേറ്റ് വിട്ട് എവിടെയെങ്കിലും പോയി ജോലിയെടുത്ത് കാൽ വയറ് കഞ്ഞിയാണെങ്കിലും കുടിച്ച് കഴിയാം എന്ന്.

കടക്കാരനക്ക് ബദിൽ സൊല്ലണം, കമ്പനിക്കാരനക്ക് ബദിൽ സൊല്ലണം… ഇത്തരത്തിലുള്ള അടിമ ജീവിതത്തെ തകർത്തെറിയണമെന്ന് തൊഴിലാളി സമൂഹം ഒന്നാകെ ചിന്തിച്ച കാലഘട്ടം കൂടിയാണ് രണ്ടായിരത്തിന്റെ തുടക്കകാലം.

ജനിക്കുന്നതു മുതൽ മരിക്കുന്നതുവരെ അധ്വാനിക്കുന്നു. വിരമിക്കുമ്പോൾ മിച്ചമൂല്യമോ ഭാവിയിലേക്കുള്ള കരുതലോ ഒന്നുമില്ല. തലമുറകളുടെ ജീവിതകഥകൾ മാത്രം അവശേഷിക്കുന്ന ആൾക്കൂട്ടമായി ശിഷ്ടജീവിതം എന്നല്ലാതെ അവർക്ക് മറ്റൊരു അടയാളങ്ങളുണ്ടായിരുന്നില്ല.

അടിമ ജീവിതത്തെ തകർത്തെറിയണമെന്ന് മൂന്നാറിലെ തൊഴിലാളി സമൂഹം ഒന്നാകെ ചിന്തിച്ച കാലഘട്ടം കൂടിയാണ് രണ്ടായിരത്തിന്റെ തുടക്കകാലം. Photo: luckydesi / flickr

58 വയസ്സ് വരെ അധ്വാനിച്ചിട്ടും കടം ബാധ്യതകൾ മാത്രമായിരുന്നു ബാക്കി. ഗ്രാറ്റ്വുവിറ്റിയായി കിട്ടുന്ന ഒരു ലക്ഷം അല്ലെങ്കിൽ ഒന്നര ലക്ഷം രൂപ മാത്രമായിരിക്കും അവരുടെ ജീവിതകാല സമ്പാദ്യം. സൊസൈറ്റി ലോണും എൽ.ഐ.സിയും മറ്റു ബാധ്യതകളും പിടിച്ചു കഴിഞ്ഞിട്ടേ ബാക്കി തുക കയ്യിൽ കിട്ടൂ. അതു വെച്ചാണ് ഒരു തൊഴിലാളി പിന്നീടുള്ള കാലങ്ങൾ ജീവിച്ചുതീർക്കേണ്ടത്. കട ബാധ്യതയില്ലാത്തവർ ഒരു പരിധിവരെ രക്ഷപ്പെടും. കടമുള്ളവർ ആ തുക മൊത്തം കടക്കാർക്ക് കൊടുത്ത് വീണ്ടും ഏതെങ്കിലും പണിക്കു​പോകാൻ നിർബന്ധിതരാകും.

ഈയൊരു അവസ്ഥയിൽ നിന്ന് മാറണമെന്ന് രണ്ടായിരത്തിനുശേഷം തൊഴിലാളികൾ മെല്ലെ ചിന്തിച്ചുതുടങ്ങി. എങ്കിലും അവർക്ക് എസ്റ്റേറ്റിൽ നിന്ന് പിന്മാറാൻ തക്ക വരുമാനവും തൊഴിലും കിടടിയിരുന്നില്ല. തമിഴ്നാട്ടിൽ കൂലിപ്പണി ചെയ്തിട്ടെങ്കിലും ജീവിക്കാം എന്ന് ചിലർ തീരുമാനിച്ചു. ചിലരുടെ മക്കൾ പഠിച്ച് അവിടെ ചെറിയ ജോലികൾ ചെയ്യുന്നതുകൊണ്ട് ഈ അടിമ ജീവിതത്തിൽനിന്ന് രക്ഷപ്പെടാൻ അത് സഹായിക്കുമെന്ന് അവർ കരുതി. അങ്ങനെ അവർ കൂട്ടംകൂട്ടമായി തിരുപ്പൂരിലേക്കും മദ്രാസിലേക്കും മറ്റു ഗ്രാമങ്ങളിലേക്കും കൂട്ടപലായനം ചെയ്യാൻ തുടങ്ങി. എട്ടു പതിറ്റാണ്ടിനിടെ, ആദ്യമായിട്ടാണ് ഇങ്ങനെയൊരു കൊഴിഞ്ഞുപോക്ക്. 1900-ങ്ങൾക്കുശേഷം തങ്ങളുണ്ടാക്കിയ മണ്ണിൽനിന്ന് വിട്ടുപോകാൻ മൂന്നാറിലെ തൊഴിലാളി കുടുംബങ്ങൾ മാനസികമായി പൊരുത്തപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം തേയില കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. അത് മറികടക്കാനാണ് ടാറ്റാ ടീ കമ്പനി കൂലിക്കാരെ കുറക്കാൻ തീരുമാനിച്ചത്. അതിന് കമ്പനിക്കാരുടെ തലയിലുദിച്ച തന്ത്രമാണ് വി. ആർ.എസ്

പൊതുവേ തമിഴ്നാട്ടിൽ അന്നാടം കാച്ചി എന്നാണ് സാധാരണ കൂലിക്കാരെ പറയുക. അങ്ങനെയുള്ള കൂലിക്കാരായി ആരുടെയും അടിമയല്ലാതെ ജീവിച്ചു തീരാമെന്ന് മൂന്നാം തലമുറയിൽപ്പെട്ട തൊഴിലാളികൾ ചിന്തിക്കാൻ തുടങ്ങിയത് മൂന്നാർ സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായിരുന്നു. കമ്പനിക്കാർ എങ്ങനെയെങ്കിലും തൊഴിലാളികളെ കുറയ്ക്കണമെന്നും തീരുമാനിച്ചിരുന്നു. കാരണം, രണ്ടായിരത്തിനു ശേഷം മൂന്നാർ വരൾച്ചയിലേക്ക് നീങ്ങി, കാലാവസ്ഥ പ്രതികൂലമായി. എല്ലാ കാലത്തും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമാണ് മൂന്നാർ. പക്ഷേ, രണ്ടായിരത്തിനു ശേഷം തുടർച്ചയായി രണ്ടും മൂന്നും വർഷങ്ങൾ കാലാവർഷത്തിലും തുലാവർഷത്തിലും മഴ ലഭിച്ചില്ല. തേയിലകൾ കരിഞ്ഞു പോകുന്നത് തുടർക്കഥയായി. അതേസമയം, ഒക്ടോബർ- നവംബർ- ഡിസംബർ മാസങ്ങളിൽ മഞ്ഞ് അധികം ലഭിച്ചു. ഇത്തരം കാലാവസ്ഥാ വ്യതിയാനം തേയില കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. അത് മറികടക്കാനാണ് ടാറ്റാ ടീ കമ്പനി കൂലിക്കാരെ കുറക്കാൻ തീരുമാനിച്ചത്. അതിന് കമ്പനിക്കാരുടെ തലയിലുദിച്ച തന്ത്രമാണ് വി. ആർ.എസ് (Voluntary Retirement Scheme). വി. ആർ.എസ് കൊണ്ടുവന്നാൽ ഒരുപാട് തൊഴിലാളികൾ വിട്ടു പോകാൻ തയ്യാറാണ് എന്ന് കമ്പനി മനസ്സിലാക്കി. കാരണം, മൂന്നാറിലെ ജീവിതം തൊഴിലാളികൾക്ക് മാനസികമായി മടുത്തിരുന്നു. മക്കളുടെ പഠനത്തിന് പൈസ കണ്ടെത്താൻ പറ്റുന്നില്ല, മറ്റു ജീവിതാവശ്യങ്ങൾക്ക് പണമില്ല, തേയില കാട് അല്ലാതെ മറ്റൊരു ഉപജീവന മാർഗമില്ല.

80 വർഷങ്ങളിലേറെ ഒരു ഭൂമിയിൽ ജീവിച്ചിട്ട്, ആ മലങ്കാട് വെട്ടി പാകപ്പെടുത്തി ലോകത്തിലെ തന്നെ അതിസുന്ദരമായ ഒരു ടീ പ്ലാൻ്റേഷൻ നിർമ്മിച്ച് പതിറ്റാണ്ടുകളായി ആ തേയിലക്കാടിൻ്റെ കാവലാളുകളായി തുടർന്ന തൊഴിലാളികൾ തിരിച്ചു പോകുമ്പോൾ സ്വന്തമെന്ന് പറയാൻ, സ്വന്തം ശരീരങ്ങൾ മാത്രമായിരുന്നു ബാക്കി. Representative image: Roy Del Vecchio / flickr

തമിഴ്നാട്ടിലെ ജീവിതം വളരെ വ്യത്യസ്തമാണ്. വിലക്കയറ്റം വൻതോതിൽ സാധാരണക്കാരെ ബാധിക്കാത്ത സംസ്ഥാനം കൂടിയാണ് തമിഴ്നാട്. അവിടെ എല്ലാ ഉൽപന്നങ്ങളും ഉള്ളതുകൊണ്ട് എങ്ങനെയെങ്കിലും ജീവിച്ചു പോകാം എന്ന് തൊഴിലാളികൾ കരുതി. അതുകൊണ്ടുതന്നെ വി.ആർ.എസിനെ സ്വീകരിക്കാൻ തൊഴിലാളികൾ മാനസികമായി തയ്യാറായി.

ഇന്നുവരെ തുടർന്ന സർവീസിന്റെ പൈസയും ഒപ്പം 50,000 രൂപ അധികവും അടങ്ങിയതാണ് വി.ആർ.എസ്. അതായത് 25 വർഷം സർവീസ് ഉണ്ടെങ്കിൽ ഒരു തൊഴിലാളിക്ക് ഒരു ലക്ഷം രൂപ കിട്ടും. ഒരുപക്ഷേ ഒരു തൊഴിലാളി ആയുഷ്കാലം മുഴുവനും അധ്വാനിച്ചാലും ഒരുമിച്ച് കാണാൻ പറ്റാത്ത തുകയാണിത്. ഭീമമായ കട ബാധ്യത താങ്ങാൻ പറ്റാത്തവർ ഈ സ്കീമിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. അവരുടെ മുന്നിലെ ന്യായം ഇതായിരുന്നു: ഭാര്യയും ഭർത്താവുമുണ്ടെങ്കിൽ രണ്ടുപേർക്കും ചേർന്ന് രണ്ടു ലക്ഷം രൂപ കിട്ടും. കടം വീട്ടി കഞ്ഞി കുടിച്ച് ജീവിക്കാം.

തമിഴ്നാട്ടിലെ സേത്തൂർ ഗ്രാമത്തിൽ ജീവിക്കുന്ന മുനീഷും അമ്മ രാമത്തായും. മുനീഷിന്‍റെ അച്ഛന്‍ മലയാണ്ടി വി.ആര്‍.എസ് എടുത്ത് തമിഴ്നാട്ടിലേക്ക് പോയശേഷം അവിടെ വെച്ചാണ് മരിച്ചത്.

2500-ലേറെ തൊഴിലാളികളാണ് മൂന്നാറിലെ എസ്റ്റേറ്റുകളിൽ നിന്ന് 2005- ൽ കമ്പനി വിട്ട് പോയത്. ഭൂരിഭാഗവും തമിഴ്നാട്ടിലെ സ്വന്തം ഗ്രാമങ്ങളിലേക്കാണ് പോയത്. ശുചിത്വക്കുറവും പ്രതികൂല കാലാവസ്ഥയുമൊക്കെയാണ് എസ്റ്റേറ്റ് വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്കു പോവാത്തതിന് കാരണമായി തൊഴിലാളികൾ പറഞ്ഞിരുന്നത്. എന്റെ കുഞ്ഞുനാളു മുതൽ ഇത്തരം കാരണങ്ങൾ കേട്ടിട്ടുണ്ട്. മൂന്നാറിൽ എത്ര കഠിനമായ അടിമജീവിതമാണെങ്കിലും അവിടത്തെ കാലാവസ്ഥയും ശുചിത്വവും അവരെ ശരിക്കും മൂന്നാറിന്റെ അടിമകളാക്കിയിരുന്നു. അതുകൊണ്ടാണ് തൊഴിലാളികൾ തലമുറ തലമുറയായി ഇവിടെ തുടരുന്നത് എന്ന് അവരുടെ സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാവും.

തമിഴ്നാട്ടിലെ വരണ്ട ഭൂമിയിലേക്കാണ് തിരിച്ചുപോക്ക് എന്നോർക്കുമ്പോൾ ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും അത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.

പക്ഷേ, 2004- നുശേഷം മൂന്നാറിലുണ്ടായത് വലിയ സാമൂഹിക മാറ്റമാണ്. ചിറ്റിവര എസ്റ്റേറ്റിൽ മാത്രം കുറേ കുടുംബങ്ങൾ വി.ആർ.എസ് എടുത്തു. എൻ്റെ കൂട്ടുകാരനായ മുനീഷിൻ്റെ അച്ഛൻ മലയാണ്ടിയും അമ്മ രാമത്തായും, എൻ്റെ കൂട്ടുകാരിയായ എസക്കിയമ്മയുടെ രക്ഷിതാക്കളായ ഗുരുസാമിയും ഗുരുവത്തായും, കൂട്ടുകാരനായ ശരവണന്റെ അച്ഛൻ കാസിയപ്പനും എസക്കി കങ്കാണിയും ഭാര്യയും, കൂട്ടുകാരൻ്റെ അച്ഛനായ മുരുകയ്യ വാച്ചറും ഭാര്യയും പാണ്ടി മാമനും ലീലാക്കയും അരുണാചൽ അണ്ണനും ഭാര്യയും, കൂട്ടുകാരൻ്റെ അച്ഛനായ രാജഗോപാലും, മുരുകയ്യ മാമനും ഭാര്യയും, തങ്കയ്യ വാച്ചറും ഭാര്യയും, സുബ്ബയ്യ മാമനും ഭാര്യയും, ജയകൃഷ്ണൻ സൂപ്പർവൈസറും ഭാര്യയും, പൊന്നയ്യ കങ്കാണിയും ഭാര്യയും… അങ്ങനെ ഒരുപാട് തൊഴിലാളികൾ ചിറ്റിവാര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ നിന്നു മാത്രം വി. ആർ. എസ് സ്വീകരിച്ച് പോയവരാണ്. മൂന്നാറിലെ 36 എസ്റ്റേറ്റുകളിലെയും കൃത്യമായ കണക്കെടുക്കുകയാണെങ്കിൽ, 5000-ലേറെ തൊഴിലാളികൾ വി.ആർ.എസ് വാങ്ങി തമിഴ്നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. തിരുപ്പൂരിലെ ബനിയൻ കമ്പനികളിലും, കോയമ്പത്തൂരിലെ ഫാക്ടറികളിലും ചെന്നൈയിലെ ചെറിയ കമ്പനികളിലും കടകളിലുമായി അവർ തൊഴിലാളി ജീവിതം തുടർന്നു.

പ്രഭാഹരന്‍റെ സുഹൃത്ത് എസക്കിയമ്മയുടെ രക്ഷിതാക്കളായ ഗുരുസാമിയും ഗുരുവത്തായും, ഇരുവരും 2004ന് ശേഷം വി.ആര്‍.എസ് എടുത്ത് തമിഴ്നാട്ടിലേക്ക് പോയവരാണ്

അവരിൽ ചിലരോട് ഇപ്പോഴും സഹതാപവും സ്നേഹവും തോന്നുന്നുണ്ട്. കാരണം ഒരിക്കൽ ഒരു യാത്രയ്ക്കിടെ മൂന്നാറിൽ വെച്ച് ഞങ്ങളുടെ അയൽക്കാരനായിരുന്ന പൗൻരാജ് അണ്ണനെ കാണാനിടയായി. ഡിസംബറിലെ കൊടും തണുപ്പിലാണ് മാട്ടുപ്പെട്ടി എക്സ്പ്രസിൽ അദ്ദേഹം തിരുവനന്തപുരത്തുനിന്ന് മൂന്നാറിലെത്തിയത്. മൂന്നാറിലെ മാട്ടുപ്പെട്ടി സ്റ്റാൻഡുമായി ബന്ധപ്പെട്ടു കിടക്കുന്ന പാലത്തിൽ വെച്ചാണ് രണ്ടുപേരും കണ്ടുമുട്ടുന്നത്. കൊടും തണുപ്പായതുകൊണ്ട് ജീപ്പ് ഡ്രൈവർമാർ കത്തിച്ചിരുന്ന തീയും കാഞ്ഞ് ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഭാര്യക്കും തനിക്കും കിട്ടിയ ഒന്നര ലക്ഷം രൂപ കൊണ്ട് കടങ്ങളെല്ലാം വീട്ടി ലീസിന് ഒരു വീടെടുത്തു. ഇപ്പോൾ എവിടെയൊക്കെ പണിയുണ്ട്, അവിടെയൊക്കെ പോയി പണിയെടുക്കുന്നു. ഇപ്പോൾ ശബരിമലയ്ക്ക് പോകുന്നവരെ ട്രോളിയിൽ മുകളിലേക്ക് ചുമന്നു കൊണ്ടുപോകുന്ന ജോലിയാണ്. ഭാര്യയും മക്കളുമെല്ലാം ​ഇതേ അവസ്ഥയിലാണ് തമിഴ്നാട്ടിൽ ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല തമിഴ്നാട് സർക്കാരിൻറെ ഒരു ആനുകൂല്യവും കിട്ടില്ല എന്നും വളരെ വേദനയോടെ അദ്ദേഹം പറഞ്ഞു.

എനിക്ക് ആ സമയം ഓർമ്മയിലെത്തിയത് എസ്റ്റേറ്റ് തൊഴിലാളികളുടെ തമിഴ്നാട്ടിലേക്കുള്ള തിരിച്ചുപോക്കാണ്. കേരളത്തിൽ മൂന്ന് തലമുറകളോളം ജീവിച്ച് സ്വന്തമായി ഒരു സെൻ്റ് ഭൂമി പോലും ഇല്ലാത്ത അവർക്ക് തമിഴ്നാട്ടിലെ സ്വന്തം ഗ്രാമങ്ങളിലേക്കല്ലാതെ വേറെ എങ്ങോട്ടും പോകാനാകില്ലല്ലോ. 80 കൊല്ലങ്ങളോളം വിട്ടു ജീവിച്ചത് കൊണ്ട് ആ ഭൂമിക്കും അവർ അന്യരാണ്. അവിടുത്തെ ജീവിതങ്ങൾക്കും മൂന്നാറിലെ ജീവിതങ്ങൾക്കും ഒരുപാട് വ്യത്യാസങ്ങളുണ്ട്.

മൂന്നാറിലെ 36 എസ്റ്റേറ്റുകളിലെയും കൃത്യമായ കണക്കെടുക്കുകയാണെങ്കിൽ, 5000-ലേറെ തൊഴിലാളികൾ വി.ആർ.എസ് വാങ്ങി തമിഴ്നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. / Representative image

തമിഴ്നാട്ടിലെ വരണ്ട ഭൂമിയിലേക്കാണ് തിരിച്ചുപോക്ക് എന്നോർക്കുമ്പോൾ ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും അത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. കാരണം, 20°C -ലേറെ ഉഷ്ണം പോലും താങ്ങാൻ കഴിയാത്തവരാണ് മൂന്നാറിലെ മനുഷ്യർ. അവർക്ക് മറ്റു സ്ഥലങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിയില്ല.

എങ്കിലും അവർ തിരിച്ചുപോയത്, ഇനി ആർക്കും അടിമകളായി ജീവിക്കാനാകില്ല എന്ന പ്രഖ്യാപനത്തോടെയാണ്. ഞങ്ങളുടെ തലമുറക്കാർ അനുഭവിച്ചത് ഞങ്ങളും അനുഭവിച്ചു, പക്ഷേ ഞങ്ങൾ അത് തിരുത്തുന്നു. ഞങ്ങളുടെ അടുത്ത തലമുറയെങ്കിലും ഈ അടിമ ജീവിതത്തിലേക്ക് കടക്കേണ്ട എന്ന കരുതലും കൂടിയായിരുന്നു അത്. 80 വർഷങ്ങളിലേറെ ഒരു ഭൂമിയിൽ ജീവിച്ചിട്ട്, ആ മലങ്കാട് വെട്ടി പാകപ്പെടുത്തി ചോരയും വിയർപ്പും ഒഴുക്കി ലോകത്തിലെ തന്നെ അതിസുന്ദരമായ ഒരു ടീ പ്ലാൻ്റേഷൻ നിർമ്മിച്ച് പതിറ്റാണ്ടുകളായി ആ തേയിലക്കാടിൻ്റെ കാവലാളുകളായി തുടർന്ന അവർ തിരിച്ചു പോകുമ്പോൾ സ്വന്തമെന്ന് പറയാൻ, സ്വന്തം ശരീരങ്ങൾ മാത്രമായിരുന്നു ബാക്കി. കൈവശമുണ്ടായിരുന്നത്, ഏതാനും പാത്രങ്ങളും കാട്ട് കമ്പിളികളും താട്ടുചാക്കുകളും, കൂടിപ്പോയാൽ കോഴിക്കൂടിൻ്റെ തകരങ്ങളും ഒരു കട്ടിലും കുറച്ച് മരത്തടികളും മാത്രം. 2004 ൽ മൂന്നാർ വിട്ടുപോയ ആയിരക്കണക്കിന് തൊഴിലാളികൾ ടെമ്പോ ട്രാവലറുകളിൽ കൊണ്ടുപോയ സമ്പാദ്യം ഇത്ര മാത്രമാണ്.

(തുടരും)

Comments