Photo: hadass springut/flickr

അടിമത്തൊഴിലിനായി വിദ്യാഭ്യാസം
നിഷേധിക്കപ്പെട്ട അഞ്ച് തലമുറകൾ

‘‘1926- ൽ മൂന്നാർ നഗരത്തിൽ ഒരു പ്രൈമറി വിദ്യാലയമാണുണ്ടായിരുന്നത്. അന്ന് അവിടെ 36 എസ്റ്റേറ്റുകളാണുണ്ടായിരുന്നത് എന്നോർക്കണം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതുകൊണ്ടാണ് ഞങ്ങളുടെ സമൂഹത്തിന് അഞ്ചു തലമുറകളോളം കമ്പനിയുടെ അടിമയായി തുടരേണ്ടിവന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്ര നീണ്ട കാലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മറ്റൊരു സമൂഹമുണ്ടോ? ’’- പ്രഭാഹരൻ കെ. മൂന്നാറിന്റെ ആത്മകഥ തുടരുന്നു.

മലങ്കാട്- 36

കൊടയ്ക്കനാലിൽനിന്ന് മുകളിലേക്ക് മല കയറിയ സായിപ്പന്മാർ ആദ്യം കേന്ദ്രീകരിച്ചത് ഗുണ്ടലവേലി എന്നറിയപ്പെടുന്ന പ്രദേശത്താണെന്ന് സായിപ്പന്മാരുടെ കുറിപ്പുകൾ തെളിയിക്കുന്നു. ആ കാലത്തുതന്നെ ചിറ്റിവരയിൽ മാനേജർ ബംഗ്ലാവ് ഉണ്ടായിരുന്നു എന്നും തമിഴ്നാട്ടിൽ നിന്നെത്തുന്ന ബിഷപ്പുമാർ ആ ബംഗ്ലാവിലാണ് താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു.

മൂന്നാർ നഗരം വികസിക്കുന്നതിനുമുമ്പുതന്നെ ചിറ്റിവര എസ്റ്റേറ്റ് കേന്ദ്രീകരിച്ചുണ്ടായ തേയിലക്കാടുകളെ കുറിച്ചും അവിടുത്തെ ജീവിത രീതികളെക്കുറിച്ചും മൂന്നാറിന്റെ മുഖ്യധാരാ ചരിത്രത്തിലില്ല. എന്നാൽ, 1879-ൽ തന്നെ മാനേജർ ബംഗ്ലാവിൽ ചർച്ച് കമ്മിറ്റി യോഗങ്ങൾ ചേർന്നിട്ടുണ്ട് എന്ന് രേഖകളിൽ കാണാം. മൂന്നാർ നഗരം രൂപപ്പെടുന്നതിനുമുമ്പ് വികസിച്ച സ്ഥലമാണ് ഗുണ്ടലവേലി എന്ന് ഇത് തെളിയിക്കുന്നു. അങ്ങനെയാണ് 1947 ൽ ഏഷ്യയിൽ തന്നെ ആദ്യമായി ഒരു ആർച്ച് ഡാം അവിടെ പണിയുന്നത്.

ഗുണ്ടല ഡാം / Photo: Liji Jinaraj, flickr

1924- ലെ പ്രളയശേഷം 19 കൊല്ലങ്ങളോളം ശ്രമിച്ചിട്ടാണ് 1947-ൽ പണി പൂർത്തിയാക്കുന്നത്. 1910- ൽ സായിപ്പന്മാർ റെയിൽദൗത്യം ക്രമീകരിച്ചിരുന്നതും ഗുണ്ടലവേലിയിലാണ്. ഈ സംഭവങ്ങളൊക്കെ, മൂന്നാർ നഗരം രൂപ​പ്പെടുന്നതിനുമുമ്പുതന്നെ ഗുണ്ടലവേളി സായിപ്പന്മാരുടെ സ്ഥലമായിരുന്നു എന്ന് സൂചിപ്പിക്കുന്നു. പക്ഷേ, ചരിത്രത്തിൽ ഇടുക്കി ഡാം ആണ് കേരളത്തിന്റെ അല്ലെങ്കിൽ ഏഷ്യയുടെ ആദ്യ ആർച്ച് ഡാം. ഇടുക്കി ഡാം പണിയാൻ 25 കൊല്ലങ്ങൾക്കുമുമ്പ് പാലാറിന്റെ മേൽ സായിപ്പന്മാർ ഗുണ്ടല ഡാം പണിതു. പക്ഷേ, മുഖ്യധാരാ ചരിത്രപണ്ഡിതന്മാർ ആരും ഗുണ്ടല ഡാമിന്റെ പഴമയെയും അവിടത്തെ ജീവിതങ്ങളെയും ചൂണ്ടിക്കാണിച്ചില്ല. കേരളീയ പൊതുബോധത്തിൽ ഇടുക്കി ഡാം ആണ് ഇപ്പോഴും ഏഷ്യയിലെ ആദ്യ ആർച്ച് ഡാം.

ദാരിദ്ര്യത്തോട് സമരസപ്പെടുന്ന ഒരു തൊഴിലാളിക്ക്, വിദ്യാഭ്യാസം അനാവശ്യമെന്ന് തോന്നിയേക്കാം. അത്ര ദുരിതമയമായ ജീവിതമാണ് അവർ എല്ലാ കാലത്തും അനുഭവിച്ചത്.

1924-ൽ റെയിൽ ഗതാഗതം അമ്പാടെ തകർന്നപ്പോൾ സായിപ്പന്മാർ കണ്ടെത്തിയ മാർഗമാണ്, ഡാം പണിത് വൈദ്യുതിയുണ്ടാക്കി റോപ്പ് മുഖാന്തരം ഗതാഗതമാർഗം പുനഃസ്ഥാപിക്കുക എന്നത്. ഗുണ്ടലവേലി തിരക്കേറിയ കച്ചവടസ്ഥലമായും ഗതാഗത സംവിധാനങ്ങളുള്ള സ്ഥലമായും പ്രവർത്തിച്ചിരുന്നു എന്നതിന്റെ ഓർമകൾ ചരിത്രരേഖകളിൽ നിന്നും പഴയ തൊഴിലാളികളുടെ വർത്തമാനങ്ങളിൽ നിന്നും വ്യക്തമാവുന്നു.

1934-ൽ തന്നെ ഗുണ്ടലയിൽ ചന്തകളുണ്ടായിരുന്നു എന്ന് മുത്തശ്ശന്മാർ പറയുമ്പോൾ 1945- കാലത്തും ആ ചന്തകൾ കൃത്യമായി പ്രവർത്തിച്ചിരുന്നു എന്ന് മനസ്സിലാക്കാം. 1947- ൽ ഡാം തുറന്നതോടെ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടു. 1969 വരെ ഈ സ്ഥലമായിരുന്നു തേയില കച്ചവടത്തിന്റെ പ്രധാന മാർഗം എന്ന് സായിപ്പന്മാരുടെ രേഖകളിലുണ്ട്. ഈ വഴിയല്ലാതെ മറ്റൊരു മാർഗവും ബ്രിട്ടീഷുകാരുടെ മുമ്പിലുണ്ടായിരുന്നില്ല. മൂന്നാർ എസ്റ്റേറ്റിലെ തൊഴിലാളികൾ ബോഡി, തേനി ചന്തകളിൽ നിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ റോപ്പ് മുഖാന്തരം ടോപ് സ്റ്റേഷനിലേക്ക് എത്തിക്കും. പിന്നീട് തലച്ചുമടായി എസ്റ്റേറ്റിലേക്ക് കൊണ്ടുപോകുന്നത് അച്ഛനും മുത്തശ്ശനും വല്യച്ഛനും പറഞ്ഞിട്ടുണ്ട്.

1924-ൽ റെയിൽ ഗതാഗതം അമ്പാടെ തകർന്നപ്പോൾ സായിപ്പന്മാർ കണ്ടെത്തിയ മാർഗമാണ്, ഡാം പണിത് വൈദ്യുതിയുണ്ടാക്കി റോപ്പ് മുഖാന്തരം ഗതാഗതമാർഗം പുനഃസ്ഥാപിക്കുക എന്നത്.

ചിറ്റിവര, എല്ലപ്പെട്ടി, ഗുണ്ടല, ചെണ്ടുവര എസ്റ്റേറ്റുകളിൽനിന്ന് മാറിക്കിടക്കുന്നതുകൊണ്ട് ഇവിടത്തെ ജീവിതം പുറംലോകം അറിയാനിടയില്ല. മൂന്നാറിലെ പച്ചക്കറികളിൽ ബഹുഭൂരിപക്ഷവും ഈ സോണിലാണ് കൃഷി ചെയ്തിരുന്നത്. ഇവിടെ കാന്തല്ലൂരിനടുത്തുള്ള പി.ആർ. ഡിവിഷൻ, വട്ടവട ഡിവിഷൻ, പഴത്തോട്ടം, കോവിലൂർ, ചിറ്റിവര, എല്ലപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും പച്ചക്കറി കൃഷി പ്രശസ്തമാണ്. 1950-കളിൽ ഇവിടെ നിന്ന് വെളുത്തുള്ളി, ബീൻസ് എന്നിവ തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിട്ടുള്ളതായി വല്യച്ഛൻ പറയാറുണ്ട്. മാത്രമല്ല; ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, കോളിഫ്ലവർ, കൊത്തമല്ലി, വെളുത്തുള്ളി തുടങ്ങിയവ 75 വർഷങ്ങൾക്കുമുമ്പുതന്നെ ഈ മണ്ണിന് അനുയോജ്യമായ കൃഷികളാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

മറയൂർ മുതൽ വട്ടവട വരെ 100 കിലോമീറ്ററോളം മലകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജീവിച്ചിരുന്നു. അവർക്ക് സർക്കാരിന്റെ വക ഈ രണ്ടു പള്ളിക്കൂടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

പശു വളർത്തൽ ഈ പ്രദേശങ്ങളിൽ ഏറ്റവും പ്രധാന ഉപജീവനമാർഗമായിരുന്നു. എന്റെ മുത്തശ്ശൻ ഏകാംബരത്തിന് 15 ലേറെ പശുക്കളുണ്ടായിരുന്നു. മാത്രമല്ല, ഞങ്ങളുടെ തൊട്ടടുത്ത വീടുകളിൽ താമസിച്ചിരുന്ന സുബയ്യ മാമൻ, അരുണാചലം, മക്കാളി, സെൽവരാജ് തുടങ്ങിയവരുടെ വീട്ടിലും പത്തുവർഷം മുമ്പുവരെ പശുക്കളായിരുന്നു ഉപജീവനമാർഗം. എസ്റ്റേറ്റിലെ ഒരു തൊഴിലാളിക്ക് എത്ര പശുക്കളെ വേണമെങ്കിലും വളർത്താം. പക്ഷേ, തേയിലക്കാടുകളിലോ മറ്റു കൃഷിസ്ഥലങ്ങളിലോ എത്തിയാൽ നാശനഷ്ടം ഉടമ നൽകണമെന്നാണ് നിയമം. തൊഴിലാളികളുടെ തോട്ടങ്ങളിലും പച്ചക്കറി പാടങ്ങളിലും പശുക്കൾ കയറി തർക്കമുണ്ടാകാറുണ്ട്. അതുകൊണ്ട്, പശുവിനെ നോക്കാനും വൈകീട്ട് എസ്റ്റേറ്റുകളിലെ തൊഴുത്തുകളിലെത്തിക്കാനും ഇപ്പോഴും സംവിധാനമുണ്ട്. ആ തൊഴിലാളിയ മാട്ടുക്കാരൻ എന്നാണ് വിളിക്കുക. പണ്ട് ഒരു ഡിവിഷനിൽ 100- 150 പശുക്കളുണ്ടായിരുന്നു. ഇപ്പോൾ അമ്പതിൽ താഴെയായി.

മൂന്നാറിലെ പച്ചക്കറികളിൽ ബഹുഭൂരിപക്ഷവും ഈ സോണിലാണ് കൃഷി ചെയ്തിരുന്നത്. ഇവിടെ കാന്തല്ലൂരിനടുത്തുള്ള പി.ആർ. ഡിവിഷൻ, വട്ടവട ഡിവിഷൻ, പഴത്തോട്ടം, കോവിലൂർ, ചിറ്റിവര, എല്ലപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും പച്ചക്കറി കൃഷി പ്രശസ്തമാണ്. / Photo: jacob zacharia Photography, flickr

മൂന്നാറിലെ 36 എസ്റ്റേറ്റുകളിലും സമാനമായ ജീവിതരീതിയാണിപ്പോഴും, ചെറിയ മാറ്റങ്ങൾ മാത്രം. രാവിലെ തേയിലക്കാട്ടിലെ പണി കഴിഞ്ഞ് ഉച്ചയാവുമ്പോഴേക്കും തൊഴിലാളി വീടെത്തും. ഭക്ഷണം കഴിച്ച് പശുക്കൾക്ക് പുല്ല് ശേഖരിക്കും, തോട്ടത്തിൽ കള പറിക്കും, കൃഷി നോക്കും. വൈകീട്ട് 5 മണി ആകുമ്പോൾ വീട്ടിലെത്തി കുളിച്ച് ഫുട്ബോൾ കളിക്കാനോ കാപ്പിക്കടയിലേക്കോ പോകും. അവിടെ സുഹൃത്തുക്കളുമായി വർത്തമാനം പറഞ്ഞിരിക്കും. ഇതാണ് ശരാശരി എസ്റ്റേറ്റ് പുരുഷതൊഴിലാളിയുടെ ദിനചര്യ.

കമ്പനിക്കാർ പ്രൈമറി വിദ്യാലയങ്ങൾ സ്വന്തമായി നടത്തിയിരുന്നു. കമ്പനിക്കാരുടെ കയ്യിൽ എല്ലാം ഏൽപ്പിച്ച തിരുവിതാംകൂർ സർക്കാർ വിദ്യാഭ്യാസത്തെയും അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു

സ്ത്രീതൊഴിലാളികൾ രാവിലെ എട്ടുമണിക്ക് കാട്ടിലെത്തി കൊളുന്ത് നുള്ളി ഉച്ചയാകുമ്പോൾ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുകയോ അല്പസമയം വീട്ടിൽ ചെലവാക്കുകയോ ചെയ്യും. അതിനുശേഷം കാട്ടിലേക്ക് ചെല്ലും. നാലരയാവുമ്പോൾ പറിച്ച കൊളുന്തുകൾ നിരുവ കളത്തിലേൽപ്പിച്ച് അന്നത്തെ പേരുറപ്പിച്ചിട്ട് വീടെത്തും. ദൂരത്തുള്ള കാട് ആണെങ്കിൽ വീട്ടിലെത്താൻ ഏഴു മണിയാകും. സ്ത്രീതൊഴിലാളികളുടെ ജീവിതത്തിൽ ഇന്നും വലിയ മാറ്റമുണ്ടായിട്ടില്ല. എസ്റ്റേറ്റ് പണിക്കിടെ പ്രസവിക്കാനും കുട്ടികളെ നോക്കാനും വീടുപണിക്കും എവിടെ നിന്നാണ് സമയം കണ്ടെത്തുന്നത് എന്ന് അവർക്കുമാത്രമേ അറിയൂ. അത്ര ദുരിതം നിറഞ്ഞതാണ് സ്ത്രീ തൊഴിലാളികളുടെ ജീവിതമെന്ന് മുത്തശ്ശിയും അമ്മയും വല്യമ്മയും, സ്വന്തം ജീവിതം മുൻനിർത്തി പറയാറുണ്ട്.

ദാരിദ്ര്യത്തോട് സമരസപ്പെടുന്ന ഒരു തൊഴിലാളിക്ക്, വിദ്യാഭ്യാസം അനാവശ്യമെന്ന് തോന്നിയേക്കാം. അത്ര ദുരിതമയമായ ജീവിതമാണ് അവർ എല്ലാ കാലത്തും അനുഭവിച്ചത്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാലം തൊട്ട് ഇന്നുവരെ ഞങ്ങൾ കേട്ട കഥകളിലും ഞങ്ങളുടെ തന്നെ അനുഭവങ്ങളിലും തൊഴിലാളി ജീവിതത്തിന് ഒരു മാറ്റവുമില്ല. അതിന് സാമൂഹികമായ പല കാരണങ്ങളുമുണ്ട്.

സ്ത്രീതൊഴിലാളികളുടെ ജീവിതത്തിൽ ഇന്നും വലിയ മാറ്റമുണ്ടായിട്ടില്ല. ദുരിതം നിറഞ്ഞതാണ് സ്ത്രീ തൊഴിലാളികളുടെ ജീവിതമെന്ന് മുത്തശ്ശിയും അമ്മയും വല്യമ്മയും, സ്വന്തം ജീവിതം മുൻനിർത്തി പറയാറുണ്ട്. / Photo: couscousdelux, flickr

ഞങ്ങളുടെ ഒന്നാം തലമുറക്കാർക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. 1926- ൽ മൂന്നാർ നഗരത്തിൽ ഒരു പ്രൈമറി വിദ്യാലയമാണുണ്ടായിരുന്നത്. അന്ന് അവിടെ 36 എസ്റ്റേറ്റുകളാണുണ്ടായിരുന്നത് എന്നോർക്കണം. തിരുവിതാംകൂർ സംസ്ഥാനത്തിന്റെ കീഴിലുള്ള ഈ പ്രൈമറി വിദ്യാലയത്തിൽ പഴയ മൂന്നാറിലുള്ള തൊഴിലാളികളുടെ മക്കൾക്കും ദേവികുളം, പെരിയവര എസ്റ്റേറ്റുകളിലെ കുട്ടികൾക്കും മാത്രമാണ് പഠിക്കാൻ കഴിഞ്ഞിരുന്നത്. മറ്റു 33 എസ്റ്റേറ്റുകളിലേറെ തൊഴിലാളികൾക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. 1950- ലാണ് ദേവികുളത്ത് ഒരു പ്രൈമറി വിദ്യാലയം ഗവൺമെൻറ് മുൻകൈയെടുത്ത് തുടങ്ങുന്നത്. മറയൂർ മുതൽ വട്ടവട വരെ 100 കിലോമീറ്ററോളം മലകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജീവിച്ചിരുന്നു. അവർക്ക് സർക്കാരിന്റെ വക ഈ രണ്ടു പള്ളിക്കൂടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

1926- ൽ തുടങ്ങിയ മൂന്നാർ പ്രൈമറി സ്കൂളാണ് പിന്നീട് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായത്. ദേവികുളം മേഖലയിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കൂളാണ് പിന്നീട് ദേവികുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളായത്. മാട്ടുപ്പെട്ടി ഡാം മുതൽ ടോപ് സ്റ്റേഷൻ വരെ സർക്കാർ വക വിദ്യാലയങ്ങൾ ഇല്ലായിരുന്നു. മാത്രമല്ല, മൂന്നാർ മുതൽ മറയൂർ വരെ 50 കിലോമീറ്ററിൽ ഒരു വിദ്യാലയം പോലുമുണ്ടായിരുന്നില്ല. കമ്പനിക്കാർ പ്രൈമറി വിദ്യാലയങ്ങൾ സ്വന്തമായി നടത്തിയിരുന്നു. കമ്പനിക്കാരുടെ കയ്യിൽ എല്ലാം ഏൽപ്പിച്ച തിരുവിതാംകൂർ സർക്കാർ വിദ്യാഭ്യാസത്തെയും അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു എന്നാണ് ഈ ജീവിതങ്ങൾ അടയാളപ്പെടുത്തുന്നത്.

ദേവികുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂള്‍ , Photo: GHSS Devikulam, facebook

മൂന്നാറിലെ സാമൂഹികജീവിതം ഇന്നും അര നൂറ്റാണ്ട് പുറകിലാണ്. 1974-ലാണ് ചെണ്ടുവര, വാഗുവര, ചോത്തുപാറ, മറയൂർ, വട്ടവട തുടങ്ങിയ സ്ഥലങ്ങളിൽ സർക്കാർ വിദ്യാലയങ്ങൾ വരുന്നത്. 1970 മുതൽ ജി. വരദൻ എം.എൽ.എയുടെ തുടർ പോരാട്ടങ്ങൾക്കും ഇടപെടലുകൾക്കും ഒടുവിലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ, ദേവികുളം നിയോജക മണ്ഡലത്തിൽ സർക്കാർ വിദ്യാലയങ്ങൾ വേണം എന്ന ആവശ്യം മുൻനിർത്തി ഈ നാല് സ്കൂളുകളും തുടങ്ങുന്നത്. 1974- ലാണ്, അതായത് 100 വർഷങ്ങൾക്കു ശേഷമാണ്, മൂന്നാർ തേയില എസ്റ്റേറ്റുകളിൽ തൊഴിലാളികളുടെ മക്കൾക്ക് സർക്കാർ വിദ്യാലയങ്ങൾ തുറന്നുകൊടുക്കുന്നത്.

മൂന്നാറിൽ നിലനിൽക്കുന്നത് പോസ്റ്റ് കൊളോണിയൽ അവസ്ഥയല്ല, മറിച്ച്, എഡ്വേർഡ് സെയ്ദ് പറയുന്നതുപോലെ, ഒരു കൊളോണിയൽ അവസ്ഥയാണ്.

ഞങ്ങളുടെ മുത്തശ്ശൻ പറയുന്നതുപോലെ, മലങ്കാട്ടുക്കാർക്ക് ഊരും പേരും മറ്റു അടയാളങ്ങളുമെല്ലാം തീരുമാനിക്കുന്നത് കമ്പനിക്കാർ മാത്രമായിരുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതുകൊണ്ടാണ് ഞങ്ങളുടെ സമൂഹത്തിന് അഞ്ചു തലമുറകളോളം കമ്പനിയുടെ അടിമയായി തുടരേണ്ടിവന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്ര നീണ്ട കാലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മറ്റൊരു സമൂഹമുണ്ടോ?

അതുകൊണ്ട്, മൂന്നാറിൽ നിലനിൽക്കുന്നത് പോസ്റ്റ് കൊളോണിയൽ അവസ്ഥയല്ല, മറിച്ച്, എഡ്വേർഡ് സെയ്ദ് പറയുന്നതുപോലെ, ഒരു കൊളോണിയൽ അവസ്ഥയാണ്. ഈ അവസ്ഥ അങ്ങനെ തുടർന്നാലേ തേയിലക്കാട് രക്ഷപ്പെടുകയുള്ളൂ എന്ന പൊതുബോധത്തിന്റെ പേരിലാണ്, ഇവിടത്തെ ജനങ്ങളെ വികസനത്തിൽ നിന്ന് മാറ്റിനിർത്തിയത്.

ദേവികുളം എംഎല്‍എയായിരുന്ന ജി. വരദന്‍

1958- ൽ നടന്ന തൊഴിലാളി പ്രക്ഷോഭത്തിന്റെ ഫലമായി 20% ബോണസ് എന്ന ഡിമാൻഡ് മുതലാളികൾ ഭാഗികമായി അംഗീകരിച്ചു. തൊഴിലാളികളുടെ ശമ്പളം ഒരു രൂപയിൽ നിന്ന് ഒരു രൂപ 80 പൈസയായി ഉയർന്നു. കാൽ റേറ്റ്, അര റേറ്റ്, മുഴു റേറ്റ് എന്നീ നിയമനരീതികൾ 1990- വരെ തുടർന്നു. പിന്നീടാണ് അതിൽ മാറ്റമുണ്ടായത്. 12 വയസ്സിന് താഴെയുള്ള തൊഴിലാളികളാണ് കാൽ റേറ്റിൽ പണിയെടുത്തിരുന്നത്. അവർക്ക് 1960-കളിൽ 1.13 രൂപയായിരുന്നു ശമ്പളം. അര റേറ്റുകാർക്ക് 1.25 രൂപയും മുക്കാൽ റേറ്റുകാർക്ക് 1. 45 രൂപയും മുഴു റേറ്റുകാർക്ക് 1.80 രൂപയുമാണ് ശമ്പളം നൽകിയിരുന്നതെന്ന് മുത്തശ്ശൻ പറയുന്നുണ്ട്.

മാത്രമല്ല, എസ്റ്റേറ്റിലെ ജീവിതരീതികൾ മാറാൻ തുടങ്ങി. ദാരിദ്ര്യം, പട്ടിണി, വിലക്കയറ്റം തുടങ്ങിയവ വീണ്ടും ബാലവേലക്കാരെ വാർത്തെടുത്തു. എട്ടു വയസാകുമ്പോഴേക്കും കുടുംബഭാരം ചുമക്കാൻ അവർ തേയിലക്കാടുകളിൽ പണിയെടുക്കാൻ തയ്യാറായി. എട്ടു വയസ്സ് അല്ലെങ്കിൽ 10 വയസ്സ് മുതൽ തൊഴിലാളി കുടുംബങ്ങളിലുള്ളവർ കമ്പനിയിലെ ഏതെങ്കിലും ജോലിയിൽ പ്രവേശിക്കും. ഗോതമ്പുകഞ്ഞിയായിരുന്നു പ്രധാന ഭക്ഷണം. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന ഗോതമ്പിനും കുരുണക്കും വേണ്ടി (പൊടിഞ്ഞ അരിയുടെ ഭാഗങ്ങൾ) തൊഴിലാളികൾ പണിയെടുക്കുന്നതനുസരിച്ചാണ് ഇവ വിതരണം ചെയ്തിരുന്നത്.

എഡ്വേർഡ് സെയ്ദ്

കമ്പനി സമാനമായ ഒരു റേഷൻ സംവിധാനം ഹൈറേഞ്ചിൽ ഏർപ്പെടുത്തിയിരുന്നു എന്ന് പഴയകാല തൊഴിലാളികൾ പറയാറുണ്ട്. മത്‍യിലും വരൾച്ചയിലും കൃഷി മുടങ്ങിയാൽ തൊഴിലാളികൾക്ക് പച്ചക്കറി കിട്ടില്ല. തൊഴിലാളി കുടുംബങ്ങളെല്ലം അക്കാലം പട്ടിണിയിലാകും. കാൽവയറും അരവയറുമായിരുന്നു ജീവിതം. നേര്യമംഗലം, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന കാഞ്ചക്കപ്പയായിരുന്നു (ഉണക്കുകപ്പ) പ്രധാന ഭക്ഷണം. 1970 വരെ കാഞ്ച കപ്പക്കുവേണ്ടി കിലോമീറ്ററോളം നടക്കണം. അത് വാങ്ങാനും തലച്ചുമടായി വീട്ടിലേക്ക് കൊണ്ടുവരാനും തൊഴിലാളികൾ ബുദ്ധിമുട്ടിയിരുന്നു.

നല്ല മഴക്കാലത്ത് ലയങ്ങളിൽ പട്ടിണിയും രോഗവും പടരും. 1955 മുതൽ റേഷൻ കുരുണക്കഞ്ഞിയായിരുന്നു ഭക്ഷണം എന്ന് തൊഴിലാളികൾ പറയാറുണ്ട്. അരികളിൽ നിറയെ പുഴുവായിരിക്കും. അതും കഴിച്ചാണ് തങ്ങൾ ജീവിച്ചിരുന്നതെന്ന് മുത്തശ്ശൻ പറയും. ഇങ്ങനെയുള്ള കാലത്ത് എങ്ങനെയാണ് തൊഴിലാളികൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസം സാധ്യമാക്കുന്നത്?.

(തുടരും)

Comments