പത്ത് കിലോമീറ്ററിൽ ഏഴ് ഫാക്ടറികൾ;
ഇതാ, വ്യാവസായിക മൂന്നാർ

1913- ല്‍ കേരളത്തില്‍ തന്നെ ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച സ്ഥലമാണ് മൂന്നാര്‍. തൊഴിലാളികളുടെ കുടിലുകളിലേക്ക് ആ വൈദ്യുതിയെത്താൻ എഴുപതിലേറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.

മലങ്കാട്- 18

1915- ഓടെ മധ്യതിരുവിതാംകൂറിലെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഭൂപ്രദേശമായി മൂന്നാര്‍ മാറിക്കഴിഞ്ഞു. പള്ളിവാസലില്‍ പവര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ലോക കച്ചവടക്കാരെ ആ ദൗത്യം അമ്പരപ്പിച്ചു. മലമുകളില്‍ നിന്ന് വലിയ വലിയ പൈപ്പുകള്‍ താഴോട്ട് നിരപ്പിലേക്ക് വന്നെത്തുകയും അതിലൂടെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ രൂപീകരിക്കുകയും ചെയ്തു. കമ്പനിയുടെ ഏറ്റവും വലിയ സൃഷ്ടികളില്‍ ഒന്നായിരുന്നു അത്.

കേരളത്തില്‍ തന്നെ ആദ്യം വൈദ്യുതി എത്തിയത് മൂന്നാറിലാണ്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അത്ഭുതത്തോടെയാണ് ആ ദൗത്യം നോക്കിക്കണ്ടത്. ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ ദൗത്യം നടത്താന്‍ കുത്തനെ ആ മലയില്‍ തൊഴിലാളികള്‍ പ്രതിദിനം പ്രയത്‌നിച്ചു. പിന്നീട് കിലോമീറ്ററുകളോളം താഴോട്ടും മുകളിലോട്ടും നടക്കും. മുകളിലെത്തുന്നവര്‍ക്ക് താഴെ വരാന്‍ വലിയ ബുദ്ധിമുട്ടാണ്. സായിപ്പന്മാര്‍ കുതിരകളില്‍ കയറി മലയുടെ ഉച്ചയിലേക്ക് പാഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ കഴുതകളിലും എത്തിക്കും. കുടിലുകലുണ്ടാക്കി അതിലാണ് തൊഴിലാളികള്‍ മാസങ്ങളോളം പാര്‍ത്തിരുന്നത്. ചുറ്റും മലയും നടുവില്‍ കാടും.

പള്ളിവാസല്‍ പവര്‍ ഹൗസിന്റെ ഉള്‍വശം 1924ല്‍
പള്ളിവാസല്‍ പവര്‍ ഹൗസിന്റെ ഉള്‍വശം 1924ല്‍

വേലുകങ്കാണി, പാണ്ടി കങ്കാണി, തങ്കവേല്‍, ചിന്നത്തമ്പി ചെട്ടിയാര്‍, പിള്ളയാര്‍, സുപ്പയ്യ, മൂക്കയ്യ, ഉടയാര്‍ കങ്കാണി തുടങ്ങിയവരും അവരുടെ പൂര്‍വ്വികരും ആയിരുന്നു മലകളില്‍ നിന്ന് താഴോട്ട് വരുന്ന പൈപ്പ് ലൈന്‍ എന്ന ദൗത്യം പൂര്‍ത്തീകരിക്കാന്‍ കമ്പനിക്കാരെ സഹായിച്ചത്. ആത്ത്ക്കാട് ഡിവിഷനില്‍ മലയില്‍ നിന്നൊഴുകിവരുന്ന വെള്ളച്ചാട്ടം വ്യത്യസ്തമായ പ്രകൃതിയനുഭവമാണ്. അവിടെ നിന്ന് ദേവികുളം, ചൊക്കനാട്, ശിവന്‍മല എസ്റ്റേറ്റിലെ ഒത്തപ്പാറ ഡിവിഷനിലേക്കും പാര്‍വതി ഡിവിഷനിലേക്കും ബന്ധമുള്ളതായി തോന്നിക്കും. 8, 9, 10, 14 നമ്പര്‍ കാടുകളാണ് ഈ പവര്‍ സ്റ്റേഷൻ ചുറ്റി സ്ഥിതിചെയ്യുന്നത്.

ബ്രിട്ടീഷുകാര്‍ പാര്‍വതിയില്‍ പയറ്റിയ തേയിലതന്ത്രം പാളിപ്പോയിരുന്നെങ്കില്‍ മൂന്നാര്‍ എന്ന സ്ഥലമോ ഭൂപ്രകൃതിയോ രൂപപ്പെടാന്‍ സാധ്യതയില്ല

പള്ളിവാസല്‍ ഫാക്ടറി കമ്പനിയുടെ ആദ്യകാല ഫാക്ടറികളില്‍ ഒന്നാണ്. 1920- കളില്‍ അവിടെ എത്തിപ്പെട്ട ചങ്കിലി കങ്കാണി, കാളന്‍ കങ്കാണി, കുസന്‍ കങ്കാണി, മുത്തു കങ്കാണി, ഊര്‍കാളൈ കങ്കാണി തുടങ്ങിയവരായിരുന്നു ഫാക്ടറി ഡിവിഷനിലെ പ്രമുഖ കങ്കാണിമാര്‍. ഭാരതിയമ്മ എന്ന കുലദൈവം പെരിയസാമി കങ്കാണിയുടെ കുടുംബദൈവമായിരുന്നു. കാളിയമ്മ, മാരിയമ്മ, പെരിയനായകം, പേച്ചിയമ്മ, ഒത്തമാടന്‍, കറുപ്പസാമി, മുനിയാണ്ടി തുടങ്ങിയ ദൈവങ്ങളെയും അവര്‍ ആരാധിച്ചിരുന്നു. മറ്റു എസ്റ്റേറ്റുകളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഘടനയാണ് പള്ളിവാസല്‍ എസ്റ്റേറ്റിന്റേത്. ഇവിടുത്തെ ചിത്രാപുരം പവര്‍‌സ്റ്റേഷനില്‍ നിന്നാണ് സായിപ്പന്മാര്‍ വൈദ്യുതി ഉത്പാദിപ്പിച്ച് മറ്റ് 36 എസ്റ്റേറ്റുകളിലേക്കും വിതരണം ചെയ്തിരുന്നത്. എന്നാല്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ ആവണക്കെണ്ണ വിളക്കും ചിമ്മിനി വിളക്കുകളും മാത്രമാണ് കത്തിച്ചിരുന്നത്. 1986- ലാണ് ലയങ്ങളില്‍ വൈദ്യുതി എത്തിയത്. അതിനുമുമ്പ് ഫാക്ടറികള്‍ക്കും മാനേജര്‍മാരുടെ ബംഗ്ലാവുകള്‍ക്കും മാത്രമാണ് വൈദ്യുതി ലഭിച്ചിരുന്നത്. കമ്പനിയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം വൈദ്യുതി ഉണ്ടായിരുന്നു. 1913- ല്‍ കേരളത്തില്‍ തന്നെ ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച സ്ഥലമാണ് മൂന്നാര്‍. തൊഴിലാളികളുടെ കുടിലുകളിലേക്ക് ആ വൈദ്യുതിയെത്താൻ എഴുപതിലേറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നുവെന്ന് മാടത്തി പറഞ്ഞു. ‘കറന്റെ യാര് കണ്ണാലെ പാത്ത? ടീ ആഫീസിലെ വേലക്ക് പോറവെങ്കെ രാത്രി ഇലക്ട്രിക് ബള്‍ബുകളെ കണ്ടിട്ടുണ്ടാവും’; പള്ളിവാസല്‍ പവര്‍ സ്റ്റേഷനിലെ പരമേശ്വരി പറഞ്ഞു.

പള്ളിവാസല്‍ പവര്‍ ഹൗസിലേക്കുള്ള പൈപ്പ്‌ലൈന്‍, 1939ല്‍
പള്ളിവാസല്‍ പവര്‍ ഹൗസിലേക്കുള്ള പൈപ്പ്‌ലൈന്‍, 1939ല്‍

മറ്റു എസ്റ്റേറ്റുകളെ പോലെ തമിഴ്‌നാട്ടിന്റെ അതിര്‍ത്തിയിലല്ല പള്ളിവാസല്‍. നേര്യമംഗലം, അടിമാലി, ആനച്ചാല്‍, പള്ളിവാസല്‍ എന്നിങ്ങനെയാണ് ഇപ്പോഴത്തെ ഇരുപ്പുവശം. പക്ഷേ അന്നത്തെ കാലത്ത് ഈ സ്ഥലങ്ങളെല്ലാം കാടുകള്‍ മാത്രമായിരുന്നു. അതുകൊണ്ട് പള്ളിവാസലില്‍ നിന്ന് കോതമംഗലത്തേക്ക് കാട്ടുവഴിയാണ് നടന്നെത്തിയത്. ചരിത്രപ്രശസ്തമായ കരിന്തിരി മലയാണ് മൂന്നാർ, കോതമംഗലം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചത്. പോയന്‍കുട്ടി വഴിയായിരുന്നു ആദിവാസി ഗോത്രവര്‍ഗങ്ങളുടെ സഹായത്തോടെ അത്യാവശ്യ സാധനങ്ങള്‍ കുതിരകളിലും കഴുതകളിലും എത്തിച്ചത്. കപ്പിത്തേരി എന്നറിയപ്പെടുന്ന റോപ്പ് വേയ്ക്ക് ഒരു സാധ്യതയുമില്ലാത്ത സ്ഥലമാണത്. പള്ളിവാസല്‍ കഴിഞ്ഞാല്‍ കമ്പനിയുടെ ജീവനാളമായിരുന്നു മൂന്നാര്‍ എന്ന കൊച്ചു ഗ്രാമം. ശിവന്‍മല എസ്റ്റേറ്റിന്റെ ഒരു ഡിവിഷന്‍ മാത്രമായിരുന്നു മൂന്നാർ. അന്ന് ആ സ്ഥലത്തിന് അത്രമേല്‍ പ്രശസ്തിയുണ്ടായിരുന്നില്ലെന്ന് അരുളപ്പന്‍ പറഞ്ഞു.

കമ്പനിക്കാര്‍ ആദ്യം വന്നെത്തിയ സ്ഥലം പാര്‍വതി ഡിവിഷനാണ്. മൂന്നാര്‍ പാര്‍വതി ഡിവിഷനില്‍ നിന്ന് ഏഴെട്ട് കിലോമീറ്റര്‍ അകലെയാണ്. പാര്‍വതി ഡിവിഷനിലെ ഒമ്പതാം നമ്പര്‍ കാട്ടിലായിരുന്നു ആദ്യം തേയില എന്ന മാസ്മരികത്തെ സായിപ്പന്മാര്‍ വച്ചുപിടിപ്പിച്ചത്. അതിന്റെ ഓർമക്ക് ഇപ്പോഴും ഒമ്പതാം നമ്പര്‍ കാട്ടില്‍ ചൈന തേയില ചെടികള്‍ വളര്‍ത്തുന്നുണ്ട്. മറ്റുള്ള തേയിലകളില്‍ നിന്ന് രൂപഘടനയില്‍ വ്യത്യസ്തമായ ഇലകളാണ് ചൈന തേയിലച്ചെടികള്‍ക്കുള്ളത്. ചിറ്റിവര, പെരിയവര, പള്ളിവാസല്‍, ദേവികുളത്തെ O. D. K ഡിവിഷന്‍ തുടങ്ങിയ എസ്റ്റേറ്റുകളിലും ഇതുപോലെ കുറച്ചു തേയില ചെടികളുണ്ട്. എങ്കിലും മൂന്നാറിൽ തേയിലയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന പാര്‍വതി ഡിവിഷനിലെ ഒമ്പതാം നമ്പര്‍ കാട്ടില്‍ രണ്ട് ഹെക്ടറിൽ ആ തേയിലച്ചെടിയുടെ പൈതൃകം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ചെല്ലദുര കങ്കാണി പറഞ്ഞു. അന്ന് കല്ലറെക്കാട് എന്നാണ് ഈ കാട് അറിയപ്പെട്ടിരുന്നത്. ഈ കാട്ടില്‍ നിന്നും മുകളിലേക്ക് കയറിയാല്‍ വട്ടപ്പാറയിലെത്തും. അവിടെനിന്ന് ലക്ഷ്മി എസ്റ്റേറ്റും വെസ്റ്റ് ഡിവിഷനും നല്ലതണ്ണി എസ്റ്റേറ്റിന്റെ I.T. D. ഡിവിഷനും രാജമലയിലെ ടവറും കാണാം. മാത്രമല്ല, വട്ടപ്പാറയില്‍ നിന്ന് തെക്കു പടിഞ്ഞാറ് ഭാഗത്താണ് ലക്ഷ്മി എസ്റ്റേറ്റും ഒത്തപ്പാറ ഡിവിഷനും. കിഴക്കുഭാഗത്ത് മൂന്നാര്‍ കോളനിയും പെരിയവര കാടുകളും.

നല്ലതണ്ണി ഇന്‍സ്റ്റന്റ് ടീ ഫാക്ടറി
നല്ലതണ്ണി ഇന്‍സ്റ്റന്റ് ടീ ഫാക്ടറി

ആദ്യമായി ആളുകളെ കൊണ്ടെത്തിച്ച ഓള്‍ഡ് ദേവികുളത്ത് കുതിര ലൈന്‍സുകള്‍ ഉള്ളതുപോലെ ഈ ഡിവിഷനിലും ഒമ്പതാം നമ്പര്‍ കാടുകളില്‍ പണ്ടത്തെ പൈതൃകമായ കുതിര ലൈന്‍സുകള്‍ കാണപ്പെടുന്നു. ആ ലൈന്‍സുകളാണ് പിന്നീട് മൂന്നാറിന്റെ പഴമയെ സൂചിപ്പിക്കുന്ന ടീ മ്യൂസിയമായി ഇന്ന് പാര്‍വതി ഡിവിഷനിലുള്ളത്. ആദ്യ കാലത്ത് മരുതയ്യ തേവര്‍, ചെള്ളിമുത്തു കങ്കാണി, കറുപ്പന്‍ കങ്കാണി, മുരുകന്‍ കങ്കാണി, അയ്യാദുര കങ്കാണി, രായപ്പന്‍ കങ്കാണി തുടങ്ങിയവരാണ് തമിഴ്‌നാട്ടിലെ വരണ്ട ഭൂമിയില്‍ നിന്ന് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. കാളവണ്ടികള്‍ കൂടുതല്‍ സഞ്ചരിച്ച കാട് വണ്ടിക്കാരന്‍ കാട് എന്നാണ് അറിയപ്പെടുന്നത്. ഹൈറേഞ്ചിലെ തന്നെ ആദ്യ ബംഗ്ലാവ് ഈ എസ്റ്റേറ്റ് പന്ത്രണ്ടാം നമ്പര്‍ കാട്ടിലാണ്. ആ കാട് ബംഗ്ലാ കാട് എന്നാണറിയപ്പെടുന്നത്.

1906- ലാണ് കല്ലാര്‍ ഫാക്ടറി രൂപപ്പെട്ടത്. കമ്പനിയുടെ ആദ്യകാല ഫക്ടറികളില്‍ ഒന്നാണിത്. ഈ എസ്റ്റേറ്റില്‍ നോര്‍ത്ത് ഡിവിഷന്‍, ഫാക്ടറി ഡിവിഷന്‍ എന്നീ രണ്ട് ഡിവിഷനുകള്‍ മാത്രമാണ് ആദ്യമുണ്ടായിരുന്നത്.

20 ലയങ്ങളില്‍ 400- ഓളം കുടുംബങ്ങളാണ് ആദ്യകാലത്ത് പാര്‍വതി ഡിവിഷനില്‍ കുടിയേറിയത്. അവരുടെ തലമുറക്കാരാണ് സായിപ്പന്മാരുടെ തേയില എന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ലോകത്തിന്റെ നെറുകയില്‍ മൂന്നാറിനെ എത്തിച്ചതെന്ന് ഷണ്‍മുഖയ്യ പറഞ്ഞു.

ശിവന്റെ അമ്പലങ്ങള്‍ മൂന്നാർ എസ്റ്റേറ്റുകളില്‍ വളരെ കുറവാണ്. പക്ഷേ പാര്‍വതിയുടെ പ്രതിഷ്ഠകള്‍ അപ്പര്‍ ശിവന്‍മല, പാര്‍വതി ഡിവിഷന്‍, ന്യൂ മൂന്നാര്‍, ഓള്‍ഡ് മൂന്നാറിലെ മൂലക്കട എന്നിവിടങ്ങളിൽ കാണപ്പെടുന്നു. സീതാദേവിയുടെ മിത്തിനെ പോലെ പാര്‍വതി ദേവി മിത്തും മൂന്നാറിലുണ്ട്. ആദ്യം തേയിലതന്ത്രം പയറ്റിയ ആ സ്ഥലത്തിന് എന്തുകൊണ്ട് പാര്‍വതി എന്ന നാമം നല്‍കിയത് എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. തിരുവിതാംകൂർ ഭരിച്ചിരുന്ന പാര്‍വതി ലക്ഷ്മിഭായിയുടെ ഓര്‍മ്മക്കായാണോ പാര്‍വതി എന്ന നാമം ബ്രിട്ടീഷുകാര്‍ ആ സ്ഥലത്തിന് നല്‍കിയത് എന്നതില്‍ വ്യക്തതയില്ല. ചെണ്ടുവരയിലെ പോസ്റ്റ് ഓഫീസിന്റെ പേരും S.P പുരം പോസ്റ്റ് എന്നാണ്. S.P എന്നാല്‍ സേതു പാര്‍വതി എന്നാണര്‍ത്ഥം. മൂന്നാറിന്റെ ചരിത്രം തിരുവിതാംകൂറിന്റെ കൂടി ചരിത്രമാണ് എന്നതിന്റെ സൂചനയാണ് ഈ പേര്. ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു.

പാര്‍വതി ബംഗ്ലാവ്, ലക്ഷ്മി എസ്റ്റേറ്റ് / Photo: amastaysandtrails.com
പാര്‍വതി ബംഗ്ലാവ്, ലക്ഷ്മി എസ്റ്റേറ്റ് / Photo: amastaysandtrails.com

പാര്‍വതി ഡിവിഷനിലെ കപ്പിമൊട്ട 11-ാം നമ്പര്‍ കാട്ടിലായിരുന്നു. ആ കാടിന്റെ പടിഞ്ഞാറ് ഭാഗത്ത് ലക്ഷ്മി എസ്റ്റേറ്റിലെ വിരിപാറ കാടുകളില്‍ നിന്ന് മുകളിലോട്ട് ചെല്ലുമ്പോള്‍ മാങ്കുളത്ത് എത്തും. മാങ്കുളവും മൂന്നാറിലെ ഈ റീജ്യനിലുള്ള എസ്റ്റേറ്റുകളും ഒരേ മലയുടെ വൃത്തം പോലുള്ള വശങ്ങളിലാണ്. ശിവന്‍മല എസ്റ്റേറ്റില്‍ പാര്‍വതി കഴിഞ്ഞാല്‍ ഒത്തപ്പാറ ഡിവിഷനാണ് ഏറ്റവും വലിയ ഡിവിഷന്‍. ചെങ്കല്‍പേട്ടില്‍ നിന്നെത്തിയ തുളുക്കന്‍ കങ്കാണി, തിരുനെല്‍വേലിയില്‍ നിന്നെത്തിയ കറുപ്പസാമി കങ്കാണി, ധനപാല്‍ കങ്കാണി, മുരുകയ്യ കങ്കാണി തുടങ്ങിയവരായിരുന്നു ഈ ഡിവിഷനിലെ പ്രമുഖ കങ്കാണിമാര്‍.

ഏഴ് ഫാക്ടറികള്‍ സ്ഥിതി ചെയ്തിരുന്നത് 10 കിലോമീറ്ററിനു ചുറ്റുമായാണ്. ആ കാലഘട്ടത്തില്‍ തന്നെ ഇത്രയും ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത് മൂന്നാറിന്റെ വ്യാവസായിക വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

16 ലൈന്‍സുകളിലായാണ് ഇവിടത്തെ തൊഴിലാളികള്‍ താമസിച്ചിരുന്നത്. പാര്‍വതി, കറുപ്പസാമി, മുനിയാണ്ടി, ഒത്തസുടലമാടന്‍ തുടങ്ങിയ പ്രതിഷ്ഠകളെ തൊഴിലാളികള്‍ ആരാധിച്ചു. നാമം കൊണ്ട് ഏറെ വ്യത്യസ്തമാണ് ഒത്ത സുടലമാടന്‍. ഒന്നു മുതല്‍ 18-ാം നമ്പര്‍ വരെയുള്ള തേയിലക്കാടുകളാണ് ഈ ഡിവിഷനു ചുറ്റും. 14-ാം നമ്പര്‍ കാട് പാറക്കാട് എന്നാണ് അറിയപ്പെടുന്നത്. ഈ കാട്ടില്‍ വലിയ ഒരു ഒറ്റപ്പാറ മാത്രം സ്ഥിതി ചെയ്യുന്നതുകൊണ്ട് ഈ ഡിവിഷന് ഒത്തപ്പാറ എന്ന പേരു വന്നു. ഒത്ത എന്ന തമിഴ് പ്രാദേശിക ഭാഷയുടെ മലയാള പദമാണ് ഒറ്റ. 18-ാം നമ്പര്‍ കാട് നാഗമല കാടാണ്. നാഗര്‍മുടി എന്ന ഡിവിഷന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കാട് ആയതുകൊണ്ട് ഈ കാട് നാഗമല കാട് എന്നറിയപ്പെടുന്നു. ഈ ഡിവിഷനിലെ പത്താം നമ്പര്‍ കാട് നരിപ്പാറ എന്നാണറിയപ്പെടുന്നത്. നരികള്‍ കൂട്ടംകൂട്ടമായി പാര്‍ത്തിരുന്ന കാടാണ് നരിപ്പാറക്കാട്. 12-ാം നമ്പര്‍ കാട് കേപ്പക്കാട്. പ്രാചീന മൂന്നാറില്‍ റാഗി വിളവെടുത്ത കാടായതു കൊണ്ടാണ് ആ കാടിനെ കേപ്പക്കാട് എന്നു വിളിച്ചതെന്ന് സെല്‍വരാജ് പറഞ്ഞു. ഇവയൊക്കെ മൂന്നാര്‍ മലനിരകളുടെ പഴമയുടെ അടയാളങ്ങളാണ്. 17-ാം നമ്പര്‍ കാട് കപ്പിത്തേരി എന്നറിയപ്പെട്ടിരുന്നു. ആ കാട്ടില്‍ നിന്ന് കൊളുന്തുകള്‍ നിരപ്പിലേക്ക് എത്തിച്ചത് റോപ്പ് വേ വഴിയായിരുന്നു.

മൂന്നാറിന്റെ നോര്‍ത്ത് ഈസ്റ്റ് റീജ്യന്റെ ഇരുപ്പ് വശം വിചിത്രമാണ്. ഒരേസമയം മൂന്നാറിന്റെ ഹൃദയ ഭാഗം, മറുവശത്ത് രൂപഘടന കൊണ്ട് ഒരുപാട് രഹസ്യങ്ങള്‍നിറഞ്ഞ മലപ്രദേശങ്ങൾ. ആധുനിക മൂന്നാറിന്റെ ഹൃദയഭാഗം നല്ലതണ്ണി എസ്റ്റേറ്റ് ആണെങ്കില്‍ പ്രചീന മൂന്നാറിന്റെ സെന്‍ട്രല്‍ സ്‌പോട്ട് ശിവന്‍മല എസ്റ്റേറ്റ് ആയിരുന്നു. മലമുകളില്‍ അങ്ങോളമിങ്ങോളം പരന്നുകിടക്കുന്ന നല്ലതണ്ണിയില്‍ നിന്ന് നടയാര്‍, ഗുരുമല, പഴയ മൂന്നാര്‍, ശിവന്‍മല, പാര്‍വതി, ഒത്തപ്പാറ, ലക്ഷ്മി തുടങ്ങിയ എസ്റ്റേറ്റുകളുടെ ഇരുപ്പുവശം വളരെ വ്യത്യസ്തമാണ് എങ്കിലും കല്ലാര്‍, നല്ലതണ്ണി, നടയാര്‍ തുടങ്ങിയ നാമങ്ങള്‍ മൂന്നാറിന്റെ മധ്യഭാഗത്ത് ഒഴുകിയെത്തുന്ന നല്ലതണ്ണിയാറിന്റെ സവിശേഷതകളെയാണ് സൂചിപ്പിക്കുന്നത്. നടയാര്‍- നടന്നുനീങ്ങുന്ന ആറ്, കല്ലാര്‍- കല്ലുകള്‍ ധാരാളമായി കാണപ്പെടുന്ന ആറ്, നല്ലതണ്ണിയാര്‍- ശുദ്ധജലം ഉല്‍ഭവിപ്പിക്കുന്ന ആറ് എന്നാണ് അര്‍ത്ഥം.

Photo: Cambridge University Library Special Collections
Photo: Cambridge University Library Special Collections

പ്രാചീന മൂന്നാറിന്റെ രൂപഘടനയില്‍, കല്ലാറിന്റെ മല ഉച്ചിയില്‍ ഇരച്ചപ്പാറയില്‍നിന്ന് ഏഴു കിലോമീറ്ററോളം സഞ്ചരിച്ച് നല്ലതണ്ണിയാര്‍ എന്ന പേരിൽ മൂന്നാറിന്റെ മധ്യഭാഗത്തു കൂടി മുസ്‍ലിം പള്ളിയുടെ സമീപം പാലത്തില്‍ വന്നെത്തുന്നു. മറു വശത്തുനിന്നെത്തുന്ന കണ്ണിമലയാറ്റില്‍ ചേര്‍ന്ന് ബ്രിട്ടീഷ് പാലത്തിനടിയിലെത്തുന്ന കുണ്ടലയാറിനോട് കൂടിച്ചേരുമ്പോള്‍ മൂന്നാര്‍ എന്ന നാമം പൂര്‍ണമാകുന്നു. നല്ലതണ്ണിയാര്‍, മുതിരപ്പുഴയാര്‍, കുണ്ടലയാര്‍ എന്നിവ ചേരുമ്പോള്‍ മൂന്നാര്‍ എന്ന പേര് സ്വീകരിക്കുന്നു. ആ ആറ് ഹെഡ് വര്‍ക്ക്‌സ് ഡാമിലെത്തി ഇടമലയാറില്‍ ചേരുന്നു. പെട്ടിമുടി വഴിയും കടലാര്‍, കല്ലാര്‍ എസ്റ്റേറ്റുകള്‍ വഴിയും മാങ്കുളത്തേക്കെത്താം. മാങ്കുളം എന്നത് മൂന്നാറില്‍ നിന്ന് വേർതിരിക്കാന്‍ പറ്റാത്ത മലമുകളിലെ സ്ഥലമാണ്. ലക്ഷ്മി എസ്റ്റേറ്റിലെ വിരിപാറ ഡിവിഷനില്‍ നിന്ന് കാട്ടുവഴിയിലൂടെ മാങ്കുളത്ത് എത്താമെന്ന് ചിന്നരാമനും മുത്തു പേച്ചിയും പറഞ്ഞു. ആ മലയുടെ വടക്കയാണ് പാര്‍വതി ഡിവിഷന്‍.

മൂന്നാറുകാര്‍ക്കും മൂന്നാറിനെ കുറിച്ചറിയാന്‍ ശ്രമിക്കുന്നവര്‍ക്കും പാര്‍വതിയെ സ്പര്‍ശിക്കാതെ പോകാനാകില്ല. ബ്രിട്ടീഷുകാര്‍ പാര്‍വതിയില്‍ പയറ്റിയ തേയിലതന്ത്രം പാളിപ്പോയിരുന്നെങ്കില്‍ മൂന്നാര്‍ എന്ന സ്ഥലമോ ഭൂപ്രകൃതിയോ രൂപപ്പെടാന്‍ സാധ്യതയില്ല എന്ന് വേലുച്ചാമി പറഞ്ഞു. പാര്‍വതിയിൽ മാത്രമാണ് കൊളുന്ത് വിളഞ്ഞിരുന്നത് എങ്കിൽ ഇവിടെ വരുമായിരുന്നില്ല എന്നാണ് പെരുമാള്‍ പറഞ്ഞത്.

ശിവന്‍മല ബംഗ്ലാവ് 1924ല്‍
ശിവന്‍മല ബംഗ്ലാവ് 1924ല്‍

പഴയ മൂന്നാര്‍ ഡിവിഷന്‍, നാകര്‍മുടി, ശിവന്‍മല, അപ്പര്‍ ശിവന്‍മല, ഒത്തപ്പാറ തുടങ്ങിയ ഡിവിഷനുകളും ലക്ഷ്മി എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷന്‍, ഈസ്റ്റ് ഡിവിഷന്‍, ഫാക്ടറി ഡിവിഷന്‍, വിരിപ്പാറ ഡിവിഷന്‍ എന്നീ ഡിവിഷനുകളും ഒരേ മലയുടെ ഇരുവശങ്ങളിലാണ്. ഈ സ്ഥലങ്ങളിലെ തേയിലക്കാട് തീരുമ്പോള്‍ മുകളില്‍ മലയും മലയുടെ താഴ് വാരങ്ങളില്‍ മാങ്കുളം, അടിമാലി, കല്ലാര്‍ തുടങ്ങിയ സ്ഥലങ്ങളുമാണ്. ഈ ഭാഗങ്ങളില്‍ കല്ലാര്‍, പഴയ മൂന്നാര്‍, നല്ലതണ്ണി, ചൊക്കനാട് തുടങ്ങിയ എസ്റ്റേറ്റുകളില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു. 1906- ലാണ് കല്ലാര്‍ ഫാക്ടറി രൂപപ്പെട്ടത്. കമ്പനിയുടെ ആദ്യകാല ഫക്ടറികളില്‍ ഒന്നാണിത്. ഈ എസ്റ്റേറ്റില്‍ നോര്‍ത്ത് ഡിവിഷന്‍, ഫാക്ടറി ഡിവിഷന്‍ എന്നീ രണ്ട് ഡിവിഷനുകള്‍ മാത്രമാണ് ആദ്യമുണ്ടായിരുന്നത്.

വേലുച്ചാമി, മതുരൈ വീരന്‍, കൃഷ്ണന്‍, മുത്തയ്യ, ഡാനിയല്‍ പൊന്നുച്ചാമി, പാല്‍രാജ്, മോസസ് വെള്ളച്ചാമി തുടങ്ങിയ കങ്കാണിമാരായിരുന്നു ഈ സ്ഥലങ്ങളിലേക്ക് തൊഴിലാളികളെ എത്തിച്ചത്. ആദ്യം തേയില കൃഷി ചെയ്തിരുന്ന ശിവന്‍മല എസ്റ്റേറ്റില്‍ ഒരു ഫാക്ടറി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ഏതു വര്‍ഷത്തിലാണ് എന്നതില്‍ അവ്യക്തതയുണ്ട്. പക്ഷേ കമ്പനിയുടെ കോര്‍ണര്‍ സ്‌പോട്ടായ ലക്ഷ്മി എസ്റ്റേറ്റില്‍ 1903- ല്‍ തന്നെ ഫാക്ടറി രൂപപ്പെട്ടിരുന്നു. പ്രാചീന മൂന്നാറില്‍ രണ്ടു ഫാക്ടറികളും ശിവന്‍മല ഫാക്ടറിയും ലക്ഷ്മി ഫാക്ടറിയും ചൊക്കനാട് ഫാക്ടറിയും ദേവികുളം ഫാക്ടറിയും കല്ലാര്‍ ഫാക്ടറിയും ആ ഭാഗത്താണ്. അങ്ങനെ ഏഴ് ഫാക്ടറികള്‍ സ്ഥിതി ചെയ്തിരുന്നത് 10 കിലോമീറ്ററിനു ചുറ്റുമായാണ്. ആ കാലഘട്ടത്തില്‍ തന്നെ ഇത്രയും ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത് മൂന്നാറിന്റെ വ്യാവസായിക വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

(തുടരും)


Summary: green revolution in munnar prabhaharan k munnar autobiography malankadu


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments