പരിഭ്രമിച്ച് നിൽക്കെ ചെറുപ്പക്കാരനായ പൊലീസുകാരൻ എന്റെ വയറിന്മേൽ പിടിച്ച് ഒറ്റ വലി. കോർപറേഷൻ ഓഫീസിന്റെ അകത്തേയ്ക്ക് അയാൾ എന്നെ തള്ളി. വെളിയിൽ നിന്ന മറ്റുരണ്ട് വിദേശികളെയും അയാൾ ഉള്ളിലാക്കി.
വിഷാദദാമ്പത്യം
""ഈ നാശം പിടിച്ച പ്രേമത്തിനെ വിട്ടുകളഞ്ഞ് വേറാരേലും നോക്കടീ. അല്ലെങ്കിൽ തന്നെ ദാമ്പത്യത്തിൽ പ്രേമം തിരയുന്ന നീയൊക്കെ ഭയങ്കര തോൽവിയാണ്'' അനീറ്റ കുര്യൻ എന്നെ വിഷാദക്കുഴിയിൽ നിന്ന് വലിച്ചിടാൻ പണി പതിനെട്ടും നോക്കി. കുടുംബത്തിൽ ജീവിച്ചു വളർന്നതിന്റെ വലിയ തകരാറുകൾ എനിക്കുണ്ടായിരുന്നു.
ഏറെ സ്‌നേഹിക്കപ്പെട്ടതിനാൽ ദുർബലയായിപ്പോയി.
കുടുംബമാണ് ഏറ്റവും വലുത് എന്ന് വിശ്വസിച്ചു.
അത് നമ്മളെ രക്ഷിയ്ക്കും നമ്മളെ നോക്കും എന്നൊക്കെ വ്യാമോഹിച്ചു.
അത് പാതി സത്യവുമായിരുന്നു. കുടുംബത്തിൽ നാം കുഞ്ഞുങ്ങളായിരിക്കുമ്പോൾ അത് നല്ലതായിരിക്കും. അല്ലെങ്കിൽ സ്‌നേഹമയനായ/മയിയായ ഇണയോത്തുള്ള പാരസ്പര്യത്തിലും നന്നായിരിക്കും. അല്ലാത്ത പക്ഷം അത് ഗംഭീര തോൽവിയായിരിക്കും..
ജീവിതത്തിന്റെ പ്രശ്‌നങ്ങളെ മറികടക്കാൻ പണ്ടൊക്കെ പ്രേമത്തിനു പറ്റുമായിരുന്നു. പ്രേമത്തെക്കുറിച്ച് എഴുതിയാൽ ഓർത്താലൊക്കെ സന്തോഷമുണ്ടാകുമായിരുന്നു. ഇപ്പോൾ വയ്യ.
പ്രേമമേ മുറിവുണ്ടാക്കുന്ന നാൽത്തലവാൾ പോലെയാണ്. മുറിയാതെയും മുറിപ്പെടുത്താതെയും ഉപയോഗിക്കാൻ വയ്യ. എനിക്ക് കാതറീനയുടെ പ്രേമത്തിന്റെ എച്ചിൽ തിന്നാനാകില്ല. ക്വാളിറ്റിയില്ലാത്ത സ്ത്രീകളോട് എനിക്ക് വെറുപ്പൊന്നുമില്ലായിരുന്നു. എന്നാൽ അത്തരക്കാരികളെ പ്രേമിക്കുന്നവരുടെ ഒരുകാലത്തെ ചോയ്സ്സ് ഞാനായിരുന്നു എന്നതെന്നെ അറപ്പിച്ചു. എന്റെ കാമുകനല്ലാതെ അവൾക്ക് പിന്നെയും കാമുകന്മാരുണ്ടായിരുന്നു. ഇത്രവൃത്തികെട്ടവളും നൈതിക ബോധമില്ലാത്തവളുമായ ഒരുത്തിയെ എനിക്ക് പകരം അവൻ വെച്ചുവെന്നത് എന്നെ ദുഃഖിപ്പിച്ചു. പ്രേമമെന്ന് കേൾക്കുമ്പോൾ തന്നെ കേടുവന്ന പാൽപ്പേഡകൾ വായിൽ കയ്ച്ചു. പുരുഷന്മാരുടെ രഹസ്യപ്രേമം അപകടകാരിയാണ്. പ്രേമിച്ച് അത് തൊലഞ്ഞതിനു ശേഷം തുലഞ്ഞ കുടുംബത്തിൽ വന്ന് ഭാര്യയോടൊരു പറച്ചിലുണ്ട്. ""ഞാൻ നിന്നോട് ക്ഷമിക്കാൻ തയ്യാറാണ്.'' എന്തിനെന്ന് നാം അത്ഭുതപ്പെട്ട് നിൽക്കുമ്പോൾ അവന്റെ ജീവിതം നമ്മളാൽ തുലഞ്ഞതെങ്ങനെയെന്നു എസ്സേ എഴുതിക്കളയും. അത്തരം സംഗതികൾ കേൾക്കുന്നതെ എനിക്ക് പുച്ഛമായിരുന്നു.
27 ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ഐ.സി.സി.യുവിൽ നിന്ന്മുറിയിലേയ്ക്കു മാറിയ മെഡിക്കൽ കോളേജിലെ ആ ദിവസം ജീവിതത്തിലൊരിക്കലും എനിക്ക് മറക്കുവാൻ കഴിയില്ല. എന്റെ ഫോൺ കയ്യിൽ കിട്ടിയ അഞ്ച് മിനുട്ടിൽ കാതറീന എന്നെ വിളിച്ചു. എന്നെ ക്രൂരമായി, വൈകാരികമായി പീഡിപ്പിക്കുകയായിരുന്നു അവളുടെ ലക്ഷ്യം. ഞാൻ ഫോണുമെടുത്ത് അസ്വസ്ഥതയോടെ ടോയ്‌ലെറ്റിൽ കയറി.
അവളുടെ വാക്കുകൾ എന്റെ ചെവിയിൽ ഈയം ഉരുക്കിയപോലെ വീണു.
അമ്മ മരുന്നുകളാൽ പൂട്ടിവെച്ച അപസ്മാരത്തിന്റെ തന്ത്രീവാദ്യങ്ങളുടെ പൂട്ടുകൾ തലച്ചോറിൽ തുറന്നു വന്നു. വായിലൂടെ ഉപ്പുരസമുള്ള സോഡപോലെ ആമാശയദ്രാവകം പതഞ്ഞു വന്നു. വെളുത്ത നുര ചിറിക്കോണിലൂടെ ഒഴുകി. ഖബറുകുഴിയുടെ മേലെപ്പൊന്തിയ കറുകപ്പുല്ലിന്റെ മണം ഴാപ്പാണം പുകയിലയുടെ ക്രൂരമായ വാസന. ഫെയ്‌സ്ബുക്കിൽ ഞാൻ കാതറീനയുടെ ഫോട്ടോയിൽ അവളുടെ കൈകൾ കണ്ടിട്ടുണ്ട്. ശെയ്ത്താന്റെ വിരലുകൾ പോലെ അവ നീണ്ടു... ഞാൻ വർഷങ്ങൾക്ക് ശേഷം അപസ്മാരബാധിതയായി വീണു. വീണ്ടും ഐ.സി.യുവിലായി.
ഞാൻ മരിക്കണമെന്ന് അവളാഗ്രഹിച്ചിരുന്നു... കാതറീന.
എന്തിനാണ് ഭാര്യയും രണ്ട് മക്കളുമുള്ള എന്റെ പുരുഷനെത്തന്നെ വേണമെന്ന് അവൾ ആഗ്രഹിച്ചത്? എന്റെ കാമുകൻ പണക്കാരനാണെന്ന് തെറ്റിദ്ധാരണ, അവൻ അവൾക്ക് വേണ്ടി കഥകളും കവിതകളും എഴുതി നൽകുമെന്ന ഉറപ്പ്, അവൻ വഴി കിട്ടുന്ന പ്രശസ്തികൾ. കാതറീന ഏതറ്റം വരെയും പോകുമായിരുന്നു. അവളെക്കുറിച്ച് വിശദമായി തന്നെ എഴുതാം. പണക്കാരെനെന്നു കരുതി ഒരു ഹിന്ദിക്കാരനെ കല്യാണം കഴിച്ചതും അവന്റെയും ജീവിതം നരകതുല്യമാക്കിയതും...
അവൾ കാരണം പ്രേമമെന്ന പ്രക്രിയയെത്തന്നെ ഞാൻ വെറുത്തു. ആശുപത്രി മാലിന്യത്തേയ്ക്കാൾ ഞാനതിനെ വെറുത്തു.
എങ്കിലും യഥാതഥമായി പ്രേമിക്കുന്നവരെ എനിക്കിഷ്ടമായിരുന്നു.
സത്യമായ പ്രേമം ഭാഗ്യമെന്ന് ഞാൻ കരുതി. പ്രേമം എഴുതാൻ പ്രേരിപ്പിച്ചതു പോലെ തന്നെ മരിക്കാനും പ്രേരിപ്പിച്ചു. ഏകാന്തത ഭയാനകമായി എന്നോട് പലതും ആവശ്യപ്പെട്ടു ഞാൻ യാത്രകൾ പോകാൻ തുടങ്ങി. യാത്രകൾ വലിയ ആശ്വാസമായിരുന്നു.. അതിർത്തികളും ഭൂവതിരുകളും ഇല്ലാത്തയാത്രകൾ. കാട്ടിലേക്ക് പോയിപ്പോയി. മലകളെ ഭാരം കൊണ്ട് താണ്ടിയിറങ്ങി, പുഴകളെ കണ്ണീരെന്നപോൽ മുറിച്ചു കടന്നു. കിഴങ്ങുകൾ ചുട്ടു തിന്നും തേനടചവച്ചു മെഴുകു തുപ്പിയും കാട്ട് ചപ്പ് വേവിച്ചും തിന്ന് ഗോത്രത്തിലൊരാളായ് അങ്ങനെ മാസങ്ങൾ. മറ്റു ചിലപ്പോൾ നഗരങ്ങളിലും കോളനികളിലും ചേരികളിലും ജീവിതപ്പച്ച നോക്കിയിറങ്ങി. മടുപ്പിക്കുന്ന മലഗന്ധങ്ങളിൽ നിന്നും ഓടവെള്ളം വീണു വഴുക്കിയ വൈകുന്നേരങ്ങളിൽ നിന്നും ട്രാൻസ്‌ജെൻഡറുകൾക്കൊപ്പം നടന്നു നോക്കി. ലൈംഗികത്തൊഴിലാളികളോട് സംസാരിച്ചു. ഗുണ്ടകളെ പരിചയപ്പെട്ടു. പിമ്പുകളെ വിറളി പിടിപ്പിച്ചു. ചിലപ്പോൾ കടൽ തേടിപ്പോയി. മറ്റു ചിലപ്പോൾ ശീതീകരിച്ച വലിയ മുറിയുടെ ഏകാന്തത്തണുപ്പിലെ തലയിണയിണയെത്തേടിപ്പോയി... ചിലപ്പോൾ ബാഗുകെട്ടി രാജ്യങ്ങൾ, അതിർത്തികൾ കടന്നു പോയി... എത്രയോ രാജ്യങ്ങൾ എത്രയോ തരം മനുഷ്യർ... എന്തൊക്കെയോ ഭക്ഷണങ്ങൾ...
ആരും ക്ഷണിക്കാത്ത കല്യാണങ്ങൾക്ക് ഇന്ത്യയിലെ ജിമിക്കിക്കമ്മൽ പൊതിഞ്ഞെടുത്തും കേരളാ സാരികൊണ്ടുപോയും അതിഥിയായി ചെന്നു. ചിലരുടെ മരിപ്പിനു ശ്മശാനങ്ങൾ തേടിപ്പോയി, അവർക്കൊപ്പം ദുഃഖിച്ചു. അവരുടെ അടക്കിനു ഞാൻ പൊട്ടിക്കരയുമ്പോൾ ബന്ധുക്കൾ പോലും അത്ഭുതപ്പെട്ടു... എല്ലാ മരിപ്പ് ചടങ്ങുകളും ചെയ്ത് വരുമ്പോൾ നരവംശശാസ്ത്രം ഒരു വികാരമായ് ഉള്ളിൽ പറ്റി... യാത്ര യാത്ര യാത്ര തന്നെ യാത്ര... ഒടുക്കത്തെ യാത്ര.
എന്റെ ജോലി സ്ഥലത്തും പ്രശ്‌നങ്ങളായിരുന്നു. കോഴിക്കോട് വിട്ട് പോകാൻ മടിയുള്ളത് കൊണ്ടായിരുന്നു ഈ ജോലിയെ കെട്ടിപ്പിടിച്ചത്. ചെറിയ വയസ്സിൽ ജോലിക്ക് കയറിയതിനാൽ മറ്റു പലരുടെയും പ്രമോഷനുകൾക്കു മുമ്പിൽ കുറ്റവാളിയായി നിന്നു. പ്രൊബേഷനുകളും പ്രമോഷനും ഡി.എ അരിയറും മാത്രം കണക്കുകൂട്ടി ജീവിക്കുന്ന കുറേ മനുഷ്യരുടെ പ്രയോറിറ്റികൾ പലതായിരുന്നു. സൗഹൃദം സ്‌നേഹമൊക്കെ പൊള്ളച്ചിരിയിലും ചതിയിലുമൊതുങ്ങി. മറ്റൊരിക്കലായിരുന്നെങ്കിൽ വലിച്ചെറിഞ്ഞ് പോകാമായിരുന്നു. സാമ്പത്തികാവസ്ഥ ഏറെ പരിതാപപ്പെട്ട കാലത്ത്, എന്റെ കെട്ട കാലത്ത് കുടുംബം, കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ, വിശപ്പ്, ഇരുമ്പ് ചങ്ങല തീർത്തെന്നെ അതിൽ കെട്ടിയിട്ടു.
ആന്തരികമായ വിഷാദാർബുദങ്ങൾ, പാതിരാത്രിയിൽ തലയോട്ടിയുടക്കുന്ന നശിച്ച മൈഗ്രേനും സൈനസൈറ്റിസ്സും ദുസ്വപ്നങ്ങളും. എന്റെ ഒളിച്ചു വെച്ച കണ്ണീർ എന്റെ അമ്മയ്ക്ക് തൊട്ടറിയാൻ പറ്റി...
"നീ പോയിട്ട് വാ...' ഓരോ യാത്രയും അമ്മയുടെ ഔദാര്യങ്ങളാണു. മരണശേഷം ഉടൽ വിട്ടു പിരിയാനാകാത്ത ഒരാത്മാവ് ഉടൽക്കൂട് വിട്ട് പറന്ന് പോകുന്നത് പോലെ, അസഹനീയമാകുമ്പോൾ ഞാനെന്റെ കുടുംബത്തെ വിട്ട് യാത്ര പോയ്‌ക്കൊണ്ടേ ഇരുന്നു....
പാരീസിലെ നവംബറുകൾ
2015 നവംബർ 17 നു ഞാൻ വീണ്ടും പാരീസിലേക്ക് പോകാൻ തീരുമാനിച്ചു.
18 ദിവസത്തെ ലൂവ്ര് മ്യൂസിയ ദിവസങ്ങൾ, ഈഫൽ ടവറിന്റെ ഏറ്റം മുകളിലെ ഫ്രെഞ്ച് തണുപ്പ്, പഞ്ചാബിക്കച്ചവടക്കാരുടെ സ്‌നേഹങ്ങൾ, പാക്കിസ്ഥാനിയുടെ വെണ്ണനാൻ, ചിത്രകാരത്തെരുവിലെ ചിത്രകാരന്മാർ, ഇന്ത്യൻ മോഡലാവൽ, സിമിത്തേരികളിലെ നാഗചമ്പാ മണമുള്ള ആത്മാവ്, ക്യാറ്റാകൂമിലെ അസ്ഥികൾ...ഭ്രൂണാകൃതി വരണ്ടുണങ്ങിയ മനുഷ്യാവശിഷ്ടങ്ങൾ.. വിഷാദം തളിർത്ത പെർലാഷെ സിമിത്തേരി, സീൻ തടാകത്തി പാരീസ് നഗരം എന്നെ അത്മവിശ്വാസപ്പെടുത്തി...
"നീ വാടീ'' എന്ന് ലേഡി ഓഫ് പാരീസ് എന്നെ വിളിച്ചു.
കോൺഫറൻസിന്റെ മൂന്നു ദിവസവും യൂണിവേഴ്സിറ്റി താമസവും മറ്റു സൗകര്യങ്ങളും തരും. എന്നാൽ ഞാൻ കുറച്ചുകൂടി ദിവസങ്ങൾ തങ്ങുക എന്ന പദ്ധതിയോടെയാണ് പോയത്.
പക്ഷെ എന്റെ യാത്രയുടെ രണ്ടു ദിവസം മുമ്പ് പാരീസ് നഗരത്തിൽ ഒരു വലിയ ഭീകരാക്രമണമുണ്ടായി. മനുഷ്യച്ചാവേർ ബോംബാക്രമണം. നഗരത്തിന്റെ പലഭാഗത്തുമുണ്ടായി പലരീതിയിൽ. സെൻറ് ഡെന്നിസ്സിലെ ഫുട്ബോൾ സ്റ്റേഡിയത്തിലെ ആക്രമണത്തിൽ നിരപരാധികളായ അസംഖ്യം മനുഷ്യർ ചത്തു തൊഴിഞ്ഞു. വലിയ ലോറി നിറയെ സ്‌ഫോടക വസ്തുക്കൾ കയറ്റി സ്റ്റേഡിയത്തിനകത്തേയ്ക്ക് വണ്ടികയറ്റിപ്പോകുക. ആളുകളെ പൊട്ടിച്ച് കൊല്ലുക. വെടിവെപ്പും സംഘർഷവും പൊട്ടിപ്പുറപ്പെട്ടു. മനുഷ്യർ പരിഭ്രാന്തരായി. നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എയർപോർട്ട് ഭാഗികമായി അടച്ചു.
ഞാൻ യൂണിവേഴ്സിറ്റിയിലേയ്ക്ക് വിളിച്ചു. കോൺഫറൻസ് സെക്രട്ടറിയേറ്റിനു കുലുക്കമൊന്നും കണ്ടില്ല. കോൺഫറൻസ് പറഞ്ഞ ദിവസം തന്നെ നടത്തുമെന്നും അത് യൂണിവേഴ്സിറ്റിയുടെ ഉൾവിഷയമാണെന്നുമായിരുന്നു യൂണിവേഴ്സിറ്റി ഓഫ് പാരീസിന്റെ നിലപാട്. ലോകത്ത് എവിടെയും യൂണിവേഴ്സിറ്റികൾ അവയുടെ തനിഗുണം കാണിക്കും. അതിപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിയായാലും ശരി കാലിക്കറ്റായലും ശരി സപ്ലിയായാലും ശരി സെമിനാറായാലും ശരി. ആകാശമിടിഞ്ഞ് താഴെ വീണാലും പറഞ്ഞ തിയതിയ്ക്ക് അതവരു നടത്തും. റോമാ സാമ്രാജ്യം കത്തുമ്പോൾ വീണവായനയിൽ ഏർപ്പെടുന്ന ചക്രവർത്തിമാരാണു ഓരോ യൂണിവേഴ്സിറ്റിക്കാരും.
അതിനുമപ്പുറത്ത് മറ്റൊരു ക്ഷണവും ഉണ്ടായിരുന്നു.
എനിക്ക് ഫ്രാൻസിലെ തമിഴരുടെ ഇടയിൽ എന്റെ ഡി എന്ന കഥയെപ്പറ്റിയും അതിന്റെ കഥയനുഭവത്തെക്കുറിച്ചും സംസാരിക്കണമായിരുന്നു. മുമ്പ് കൊടുത്ത വാക്കാണ്. യൂണിവേഴ്സിറ്റി ഓഫ് ജാഫ്‌നയുടെ തമിഴ് ഡിപ്പാർട്ട്‌മെൻറ് സംഘടിപ്പിച്ച ഒരു പരിപാടിക്ക് പോകാമെന്ന് ഞാൻ ഏറ്റിരുന്നു. കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിപാടിയിൽ നിന്ന് പരിചയപ്പെട്ട കയൽവിഴിയും ജയയും തേന്മൊഴിയും കാർത്തിയുമായിരുന്നു ആ ക്ഷണത്തിനു പിറകിൽ. ഡി എന്ന കഥ വായിച്ചുകേട്ടതിൽ പിന്നെ അവർക്ക് എന്നോട് സംസാരിക്കുവാൻ ഏറെ വിഷയങ്ങളുണ്ടായിരുന്നു. എന്റെ തമിഴിനുള്ള ശ്രീലങ്കൻ ടോൺ, ഡി കഥ അഡ്രസ്ചെയ്ത വിഷയം, എന്റെ മുഖത്തിന്റെ ശ്രീലങ്കൻ ഛായ, ക്യാപ്പിറ്റൽ പണിഷ്മെൻറ്സംബന്ധിച്ച നിലപാടുകൾ. അതേ ആഗസ്റ്റ് മാസത്തിൽ ജാഫ്‌നയിൽ നടക്കുന്ന തമിഴ് ഡിപ്പാർട്ട്‌മെന്റിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാമെന്ന് ഞാൻ എറ്റു. യാത്ര പോകാമെന്ന വ്യാമോഹം തന്നെയായിരുന്നു ആ ഉറപ്പിനും പുറകിൽ. എന്നാൽ കാര്യങ്ങൾ അത്ര ലളിതമായിരുന്നില്ല. കയൽവഴി ശ്രീലങ്കയിലാണ് താമസിക്കുന്നത്. അവളുടെ അമ്മയുമതേ. എന്നാൽ ഇളയ സഹോദരിയായ എയ്ഞ്ചലും അരുന്ധിയും ഫ്രഞ്ച് അഭയാർഥികളാണ്. അവർ ഫ്രാൻസിൽ, പാരീസിൽ ജീവിക്കുന്നു. ഒരു സഹോദരൻ ശക്തിവേൽ ഷാൻഗ്ഗായിലാണ്, മറ്റൊരു സഹോദരി വേണി യു.കെയിൽ അഭയാർഥി. അവരുടെ കുടുംബം ചിതറിപ്പോയിരുന്നു. യുദ്ധവും ഭരണകൂട ഭീകരതയും തല്ലിപ്പറിച്ച് ഇതൾ നാനഭാഗത്തേക്കും വലിച്ചു കളഞ്ഞ പൂവ് പോലെയായ കുടുംബമായിരുന്നു അത്. നാലോഅഞ്ചോ വർഷങ്ങൾ കഴിയുമ്പോൾ ചെന്നെയിലോ ഡൽഹിയിലോ ഉള്ള ബന്ധുവീടുകളിൽ വന്ന് കൂടിച്ചേരുന്ന കുടുംബം. ഞാൻ കണ്ട തമിഴരായ പലർക്കും ശ്രീലങ്കൻ കഥകൾ ഏറെയുണ്ടായിരുന്നു.
""ഉങ്കളുക്ക് പൈത്യം പുടിച്ചിരിച്ചാ? ലങ്കാവെ പത്തി യെന്നെ നെനെച്ചൊ?'' മദ്രാസിലെ പുസ്തകപ്രകാശനത്തിൽ വെച്ച് ഉമ എന്നോട് ക്ഷുഭിതയായി. ഡി കഥ രാജ്യദ്രോഹകഥയെന്നേ ശ്രീലങ്കൻ സർക്കാർ വായിക്കൂ എന്ന് കേട്ടു നിന്ന ഒരു തമിഴ് എഴുത്തുകാരൻ കൂടി അവൾക്ക് സാക്ഷ്യം പറഞ്ഞത് കേട്ട് എനിക്ക് ഭയം തോന്നി.
""അവടെ ഇറങ്ങിയാലുടനെ പിടിച്ച് ജയിലിലിടും. വെറുതെ വേണ്ടാത്തതിനു പോയി നിങ്ങൾ കുഴപ്പത്തിൽ ചാടേണ്ട''; വിവരമുള്ളവർ ഉപദേശിച്ചു. ശരിയാണ്, അവിടെയും ഇവിടെയും പ്രത്യക്ഷമായ ഫാഷിസഭരണങ്ങൾ കാണാവുന്നതാണ്. ഇവിടെ സംഘം ഭരിക്കുന്ന ഇന്ത്യ. അവിടെ ഫാസിസ്റ്റ് ഭരണകൂടം. ശാരീരികമായ കാരണങ്ങളും കൂടി ചേർത്ത് ശ്രീലങ്കൻ യാത്രയിൽ നിന്ന് ഞാൻ പതിയെ മാറി. ഞാൻ പോയാൽ എന്റെ കുട്ടികൾക്ക് ആരുമുണ്ടാകുകയില്ല. ആ ബോധത്തേക്കാളും വലിയ രാഷ്ട്രീയബോധമോ സാഹിത്യ സ്‌നേഹമോ എനിക്കില്ല. എനിക്ക് വലുത് എന്റെ കുഞ്ഞുങ്ങൾ തന്നെയാണ്.
""ഓഹ് നിങ്ങൾ യഥാർത്ഥത്തിൽ പേടിക്കാരിയാണല്ലെ?'' കയൽവിഴി കളിയാക്കുന്നു.
""അതെ എനിക്ക് ഭയമുണ്ട്. ഉത്തരവാദിത്തമുള്ള മനുഷ്യർക്ക് ഭയം ഉണ്ടാവും''
""ഫ്രാൻസ് ജനാധിപത്യരാജ്യമാണ് അക്കാ. അവിടെയും ഉണ്ട് നല്ല വായനക്കാർ. നല്ല കേൾവിക്കാർ.നിങ്ങളെ കേൾക്കാൻ അവർക്കാഗ്രഹമുണ്ട്''
""ശരി ഞാൻ വരാം''
അങ്ങനെയാണ് ഫ്രാൻസ് യാത്ര തീരുമാനിക്കുന്നത്. കോൺഫറൻസ് മ്യൂസിയത്തിലെ ശില്പശാല, സാഹിത്യപ്രസംഗം, ഇടക്കാലത്ത് നോം ചോംസ്‌കി, മോദ്യാനോ എന്നിവരുടെ അപ്പോയിൻറ്മെൻറ് അങ്ങനെ പലത് ചേർത്തൊരു യാത്ര. എന്നിട്ടുമടിയന്തരാവസ്ഥ എന്ന് കേട്ടപ്പോൾ ഏതൊരു ശരാശരി ഇന്ത്യൻ പൗരനെപ്പോലെ ഞാനും ഭയന്നു.
""പ്രച്ചനം ഒണ്ണുമില്ലൈ. എല്ലാം സറിയായ്ത്താൻ നടക്കിറേൻ. ഇത് ലങ്കാ മാതിരി ഇന്ത്യ മാതിരി അല്ലെ.'' ഫ്രാൻസ് സമാധാന രാജ്യമാണെന്ന് അരുന്ധി പല രീതിയിൽ എന്നെ ശക്തിപ്പെടുത്തി.
""നീങ്കെ ക്യാൻസൽ പണ്ണാത്‌ങ്കൊ'' അല്ലെങ്കിലും എനിക്ക് ഭയമൊന്നുമില്ല. കുട്ടികൾ കുട്ടികൾ എന്ന് പറഞ്ഞ് അടഞ്ഞ് മൂടിയുള്ള ജീവിതം എനിക്ക് വിരസമായിത്തുടങ്ങിയിരുന്നു. ഉത്തരവാദിത്തങ്ങൾ മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എങ്കിൽ ഏതൊരാൾക്കും ആ ജീവിതം മടുപ്പായിരിക്കും . വണ്ടിക്കാളയെപ്പോലെ ഉത്തരവാദിത്തങ്ങൾ വലിച്ചു വലിച്ച് നീങ്ങിപ്പോകും. അതത്ര ആനന്ദകരമായിരിക്കയില്ല. എന്തായാലും പാരീസിലേക്ക് പോകുക തന്നെയെന്ന് ഞാൻ തീരുമാനിച്ചു. ഇനി വീട്ടുകാരുടെ സമ്മതം വേണം.
ഇന്ത്യയിൽ അടിയന്തരാവസ്ഥക്കാലത്ത് എന്റെ അച്ഛൻ സംഗീതക്കോളേജിൽ നിന്ന്പാട്ട് പഠിത്തം കഴിഞ്ഞ് ഇറങ്ങിയേ ഉള്ളു. അമ്മ ഡിഗ്രിക്കാരി. തനി നാട്ടിമ്പുറക്കാരി. എമർജൻസിയെന്നാൽ അത്യാവശ്യമായി മൂത്രമൊഴിക്കുവാൻ പോകുന്നതിനു മുമ്പ് പറയുന്ന ഒരു വാക്ക്. അത്രയുമേ അതിന്റെ ഗൗരവമുള്ളു. രാഷ്ട്രീയമായ അസ്വസ്ഥതയോ രാജ്യത്തിന്റെ പ്രശ്‌നങ്ങളോ ഒരു കെ.എസ്.യുക്കാരിക്ക് എന്തുണ്ടാക്കാനാണ്. അത്രയുമേ അമ്മക്കുമുള്ളു. ചുരുക്കിപ്പറഞ്ഞാൽ ഒരു രാജ്യത്തിന്റെ അടിയന്തരാവസ്ഥയെപ്പറ്റി അവർക്കിരുപേർക്കും പ്രത്യേകിച്ചൊന്നും അറിയില്ല. ആ ദിവസങ്ങളിലെ പത്രത്തിന്റെ വിദേശവാർത്താപേജ് ഞാൻ മാറ്റിയും വെച്ചു. അതുകൊണ്ട് തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യത്തേക്ക് ഞാൻ സഞ്ചരിക്കുവാൻ തീരുമാനിച്ചപ്പോൾ അവർ എതിർത്തില്ല. ഫ്രാൻസിലേക്ക് മുമ്പ് ഒറ്റക്ക് സഞ്ചരിച്ചതിനാൽ തിരുവച്ചിറയുടെ ചുറ്റുമുള്ള വഴിയും ചതുപ്പും ഇരുപത് മുറിയും കടന്ന് മീഞ്ചന്ത വഴി കരിപ്പൂരു പോകുന്ന ലാഘവം അമ്മ അനുഭവിച്ചു. അത്ര സാധുവാണ് അമ്മ. അപകടങ്ങളെപ്പറ്റിയോ കുഴപ്പങ്ങളെപ്പറ്റിയോ മുൻ ധാരണകൾ ഇല്ല. എന്റെ യാത്രകളെ സഹായിക്കുന്നതും ആ അവബോധങ്ങളാണ്. അച്ഛൻ മറിച്ചാണ്. എന്നാലും എനിക്ക് പോകാനനുമതി കിട്ടി. എന്റെ വിഷാദകാലം അവരെ അത്രയ്ക്കും ഭയപ്പെടുത്തിയിരുന്നു. ലൂവ്രു മ്യൂസിയം എന്നെ ശരിക്കും ആഹ്ലാദിപ്പിക്കുമെന്ന് അവർക്കുറപ്പായിരുന്നു.
യൂണിവേഴ്സിറ്റി ക്യുബെക്കും പാരീസ് യൂണിവേഴ്സിറ്റിയും ചേർന്നു നടത്തുന്ന കോൺഫറൻസിൽ ഷാമനിസത്തെക്കുറിച്ചവതരിപ്പിക്കുവാനാണോ ഈ അഹങ്കാരം കൊണ്ട് പോക്ക് എന്ന് ഞാൻ തന്നത്താൻ ചോദിച്ചു. സോഷ്യോളജിയുടെ കോൺഫറൻസുകളിൽ സംസാരിക്കുവാൻ പോകുമ്പോൾ പേപ്പറുകൾ അവതരിപ്പിക്കുമ്പോൾ ഒരു തരം ആത്മവിശ്വാസം എനിക്ക് അനുഭവപ്പെട്ടു. എന്റെ ഓഫീസിലെ സഹപ്രവർത്തകൻ സുഭാഷും എന്റെ ഡയറക്ടറും മായയും എനിക്ക് പി.എച്ച്.ഡി ഇല്ല, യോഗ്യതയില്ല എന്നുപറഞ്ഞ് നിരന്തരം കളിയാക്കുകയും കുത്തി നോവിക്കയും ചെയ്യുമായിരുന്നു. പലർക്കും പല നേട്ടങ്ങൾ കിട്ടാനുള്ള വലിയ കളിയിൽ ഓൺലൈൻ പോർട്ടലുകളിൽ എന്നെക്കുറിച്ച് വ്യാജവാർത്തകൾ കൊടുത്തിരുന്നു. അതൊക്കെ എന്നെ തകർത്തുകളഞ്ഞു. എസ്.എസ്.എൽ.സിക്ക് കഷ്ടിമാർക്ക് വാങ്ങി പ്രീഡിഗ്രി തോറ്റ് ഡിഗ്രിയ്ക്ക് എങ്ങനെയോ അഡ്മിഷൻ വാങ്ങി പിന്നെ സയൻസ് കിട്ടാതെ സോഷ്യോളജിയോ ആന്ത്രപ്പോളജിയോ പഠിച്ച ചരിത്രമായിരുന്നില്ല എന്റേത്. വളരെ കൃത്യമായതും ഗൗരവപൂർണമായതുമായ അക്കാദമിക് ബാക്ക്ഗ്രൗണ്ട് എനിക്കുണ്ടായിരുന്നു. എല്ലാ ക്ലാസുകളിലും മികച്ച വിജയം ഉണ്ടായിരുന്നു. വിഷയത്തിൽ നല്ല വായനയും തെളിഞ്ഞ അറിവും സ്വായത്തമാക്കി. എന്നിട്ടും യോഗ്യതയില്ല ഇല്ലാ എന്നുകേട്ട് എന്റെ തല പൊട്ടി. എന്റെ മാർക്ക്‌ലിസ്റ്റുകളുടെ മാത്രം യോഗ്യതകൾ അല്ല എന്നെ അക്കാദമികമായി നിർണയിക്കേണ്ടത് എന്ന് ഞാൻ സ്വയം വിശ്വസിക്കുകയും അക്കാലങ്ങളിൽ പേപ്പറുകളുമായി നടക്കുകയും ചെയ്തു. എന്ത് അപകടം തരണം ചെയ്തും ഈ അവതരണം നടത്തണമെന്ന് ഞാൻ ആഗ്രഹിച്ചു.
""ഏയ്യ് ഒരു കുഴപ്പവുമില്ല.'' ഞാൻ വീട്ടുകാരെ വിശ്വസിപ്പിച്ചു.
""മാത്രമല്ല ദേവിയുണ്ടല്ലൊ.'' ദേവി എന്റെ കസിൻ ഗീതയുടെ കസിനാണ്. കുട്ടിക്കാലത്ത് ദേവിയുമായി വലിയ സൗഹൃദമായിരുന്നു. കാലം പഴകി. ഞങ്ങളൊക്കെ വളർന്നു. സൗഹൃദം കുട്ടിക്കാലത്തെ ചേരലുകൾ ഒക്കെ ഓർമയായി. ഇടക്കൊക്കെ ഫോൺ ചെയ്യുമായിരുന്നു പിന്നെയത് പതിയെ വിട്ട് വിട്ട് പോയി. ഒടുവിൽ ഗീതച്ചേച്ചി ആത്മഹത്യ ചെയ്ത സംഭവത്തിനു ശേഷം ഞങ്ങൾ വീണ്ടും പഴയപോലെയായി. ദുഃഖം ഞങ്ങളെ വീണ്ടും അടുപ്പിച്ചു. എഫ്.ബിയും വാട്ട്‌സാപ്പും ഞങ്ങളുടെ നിരന്തര സൗഹൃദം നിലനിർത്തി. ദേവി അവിടെയുള്ളപ്പോൾ എന്ത് വന്നാലും എനിക്ക് പോകാമെന്ന് ഞാനുറപ്പിച്ചു. എനിക്ക് ശരിക്കും പോകണമായിരുന്നു. ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പൂർണ്ണമായും വഴുതും മുമ്പേ എന്നെ എനിക്ക് വീണ്ടെടുക്കണമായിരുന്നു.
രാത്രിയിലാണ് ആ യാത്ര ആരംഭിച്ചത്. അസത്ത് പിടിച്ചപോലെ ആകാശം ഇരുണ്ടിരുന്നു. മേഘങ്ങൾ പാൽ തിങ്ങിയ പെണ്മുലപോലെ കനത്തിരുന്നു. രാത്രിയിൽ എയർപോർട്ടിൽ ഞാനുറങ്ങിപ്പോയി. എയർലൈൻസുകാർ വന്നു തൊട്ടു വിളിയ്ക്കും വരെ ഞാനാ കസേരയിൽ അട്ട ചുരുണ്ടുറങ്ങി. കരിപ്പൂരിൽ നിന്ന്ഞാൻ എന്റെ യാത്ര ആരംഭിച്ചു. മുമ്പൊക്കെ പാരീസിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് പാരീസ് എയർപോർട്ടിലേക്ക് പോകുന്നത്. കാൻസ്സിലിറങ്ങി ചുറ്റിയടിച്ച് ഒടുക്കം ഫ്രാങ്ക്ഫെർട്ടിൽ നിന്നോ റോമിൽ നിന്നോ ഒക്കെയായിരുന്നു കയറിയിരുന്നത്. രാത്രിയിൽ കുണ്ടോട്ടിയങ്ങാടിയിലെ പള്ളി മിനാരങ്ങളിൽ വെളിച്ചം ഓറഞ്ച് പഴമായ് പഴുത്തു. വിൽപ്പനക്കാരുടെ എൽ. ഈ. ഡി ബൾബുകൾ പാൽപ്രകാശം എന്നോട് പുഞ്ചിരിച്ചു. ചെറു മഴ തുളിച്ചു. എനിക്കെന്തോ ഒരാശ്വാസം തോന്നി.
അബുദാബിയിൽ രൂപേഷേട്ടന്റെ കസിൻ ബേസിലേട്ടൻ എന്നെ കാത്തു നിന്നു.
""ഈ വിമാനം നിന്നെ അത്ഭുതപ്പെടുത്തും''
ശരിയായിരുന്നു. ഞാൻ അത്ഭുതപ്പെട്ടു. മുന്നൂറു പേർ പോകുന്ന കൂറ്റനൊരു വിമാനത്തിൽ വെറും മുപ്പത് യാത്രക്കാർ. കണ്ടാലറിയാം വിഷാദവും പ്രാന്തും തലയിൽ പിരുപിരു കെട്ടിയവർ... മദ്യം കഴിച്ചു ചുവന്ന കണ്ണുകളുള്ള സായിപ്പന്മാർ. ഒരു മിഷ്രി. ജപ്പാങ്കാരനും ഭാര്യയും. അബുദാബിയിൽ നിന്ന് പാരീസിലേക്കൊരു ഏകാന്ത യാത്ര.
ഒരു ഗ്ലാസ്ജാറിൽ നിറയെ തലകൾ സൂക്ഷിച്ച മോർച്ചറിയിൽ കുട്ടികൾ കാണിക്കുന്ന കുറുമ്പും ചൈനീസ് പ്രേമത്തിന്റെ തീവ്ര ചുംബനങ്ങളുമായി പേരറിയാത്ത ഒരു സിനിമ. കൊറിയനായിരിക്കുമോ എന്തോ. ഡിറ്റക്റ്റിവ് ബ്യോംകേഷ് ബക്ഷി, ഇടക്കിടെ ഭക്ഷണം ഹിന്ദി സിനിമകൾ കണ്ട് മടുക്കുമ്പോൾ സപ്രമഞ്ചത്തിലെന്നപോലെ നടുവിലെ നാലു കസേരകളിലുമായ് ഉറക്കം. ഒടുക്കം ചാൾസ്സ് ഡി ഗ്വല്ലേയിൽ ഇറങ്ങുമ്പോൾ മഴ നന്നായി പെയ്യുന്നത് കണ്ടു. ഫ്രെഞ്ച് പെർഫ്യൂം പോലെ മാദകമായ ഫ്രെഞ്ച് മഴ, വിമാനജനാലകളിലൂടെ തണുത്തൊഴുകി... ശീതകാലമഴയുടേ ഐസ്പരലുകൾ വീണു റണ്വേയും ഉറഞ്ഞു...തണുപ്പ് ഇഴജന്തുവെപ്പോലെ എന്റെ കാലുകൾക്കിടയിലൂടെ നൂണ്ടൂ.
രവിയും ദേവിയും
രവിയും ദേവിയും... രോമസ്വെറ്ററിൽ പൂച്ചക്കണ്ണ് തിളക്കി ദേവി നിന്നപ്പോൾ അവളുടെ ഉയരം നോക്കി യാത്രക്കാർ അത്ഭുതപ്പെട്ടു. അവളൊരു ഫ്രെഞ്ച് സുന്ദരിയേക്കാളും ഭംഗിയുള്ളവളായി കാണപ്പെട്ടു. അവൾ മലയാളിയാണെന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാനാകുമായിരുന്നില്ല. രവിയാകട്ടെ ശ്രീലങ്കയിൽ പാർപ്പുറപ്പിച്ച ഒരു തമിഴ് ബിസിനസ് കുടുംബത്തിലെ അംഗമായിരുന്നു. ലങ്കയിൽ പ്രശ്‌നമായപ്പോൾ അവരുടെ കുടുംബം ഫ്രാൻസിലേക്കുവന്നു. അവർ പണക്കാരായിരുന്നു അതിനാൽ ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധങ്ങളോ പലായനമോ ഒന്നും അവരെ ബാധിച്ചില്ല. കുടുംബമൊന്നിച്ചുള്ള ഒരു താമസമാറ്റം; അത്ര തന്നെ. രവി കുട്ടിക്കാലം മുതലേ ഫ്രാൻസിലായിരുന്നു. സഹോദരർ ഫ്രാൻസിൽ തന്നെയാണ് ജനിച്ചിരുന്നത്. ഫ്രഞ്ചുകാർ താമസിക്കുന്നതിനേക്കാളും മനോഹരമായ ഒരു വീട്ടിൽ അവർ ജീവിച്ചു. രവിയുടെ അച്ഛൻ മരിച്ചു പോയിരുന്നു. കാറുകളെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ഒരാളായിരുന്നു അത്. രോഗകാലത്തും 0 എന്ന് സ്പീഡോമീറ്റെറിലെഴുതിയ ഫെറാറി വാങ്ങി ഓടിച്ച കഥ ഞാൻ കേട്ടിരുന്നു. പണക്കാരുടെ ചില കഥകൾ. കാറോട്ടഭ്രാന്തിന്റെ കഥ.
പാരീസ് നഗരം തണുത്തും വിറച്ചും മരിച്ചു കിടന്നു. അടിയന്തരാവസ്ഥയുടെ ഗൗരവം തെരുവോരങ്ങളെ ശൂന്യമാക്കിയിരുന്നു. അവിടെയുമിവിടെയും കാണുന്ന വിളക്കുകൾ മനുഷ്യർ നഗരത്തിൽ ഒളിപാർക്കുന്നെന്ന് ഓർമിപ്പിച്ചു.
സീൻ നദിക്കരയിലായിരുന്നു അവരുടെ വീട്. സർക്കാർവക ക്വാർട്ടേഴ്സ്. പുലർകാലങ്ങളിൽ മഞ്ഞു മൂടിയ നദിയിൽ നിന്നും വെള്ളത്താമര വിടരും പോലെ അരയന്നങ്ങൾ പുറത്ത് വന്നു കൊണ്ടിരുന്നു. അവവെള്ളം കുടിക്കുന്നത് മനോഹരമായ കാഴ്ചയായിരുന്നു. അവയുടെ ചിറകുകളിൽ തണുപ്പ് പിടിക്കുന്നില്ലെന്നു തോന്നി. മേപ്പിളിലകൾ തൊഴിഞ്ഞ് നദിയിലൂടൊഴുകി. ദൂരെ ട്രയിൻ പോകുന്നതിന്റെ സ്വപ്നസദൃശമായ കാഴ്ച.
നഗരം കാണുന്നതിനോ നടക്കുന്നതിനോ വിലക്കുണ്ടായിരുന്നില്ല. നോത്രദാമിലെ പള്ളിയിലും ലുവ്രു മ്യൂസിയത്തിലും മനുഷ്യർ തിക്കിത്തിരക്കി. കൂടുതലും വിദേശികളായിരുന്നു. അവർക്ക് പ്രത്യേകിച്ച് നിയന്ത്രണം ഒന്നുമുണ്ടായിരുന്നില്ല. അവർ ആരും തടുത്തുമില്ല. ജനജീവിതം തിരക്കാർന്നതായിരുന്നില്ല എന്നു മാത്രം.
16 ഡിഗ്രിയിൽ നഗരം തണുത്തു കിടന്നു. ഞാൻ തിരക്കുകളില്ലാത്ത നഗരത്തിൽ ഏകാകിയെപ്പോലെ നടന്നു. എനിക്ക് സമാന്തരമായ് മറ്റൊരാൾ നടക്കുന്നതു കണ്ടു. കറുത്ത് കിളരം കൂടിയ ആഫ്രിക്കൻ വംശജൻ. അയാളെന്നോട് ചിരിച്ചു. ഞാനും.
നഗരം പൊതുവേ ശാന്തമായിരുന്നു. കോർപ്പറേഷൻ ഓഫീസിനുസമീപം ആൾക്കാർ അസ്വസ്ഥരായി കൂടി നിൽക്കുന്നത് കണ്ടു. പുക ഉയരുന്നുണ്ടായിരുന്നു. നഗരത്തിൽ കർഫ്യൂ ആയിരുന്നിട്ടും ജനങ്ങൾ സാധാരണപോലെ നടക്കുന്നുണ്ടായിരുന്നു. വിലക്കുകളുമുണ്ടായിരുന്നില്ല. എന്റെ ഉള്ളൊന്നാളി. എന്ത് ചെയ്യും എന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.
""കമ്മോൺ ലേഡി'' ഓടി വന്ന ആ ആഫ്രിക്കക്കാരൻ എന്റെ കൈ പിടിച്ച് മുമ്പോട്ട് വേഗത്തിൽ ഓടി. കോർപറേഷൻ ഓഫീസിന്റെ മുഖ്യ കവാടത്തിൽ നിന്നു.
""കാര്യങ്ങൾ കൈവിട്ടു. ഭീകരരും പൊലീസുമായി ആക്രമണം നടക്കുകയാണ്.''
എനിക്ക് വിശ്വാസമേ തോന്നിയില്ല. നമ്മുടെ നാട്ടിലെ കവലത്തല്ലിന്റെ അത്രപോലുമില്ല. ഇങ്ങനാണോ ഭീകരാക്രമണം. അറ്റ്‌ലീസ്റ്റ് മണിരത്‌നത്തിന്റെ സിനിമയിൽ കാണും പോലെയെങ്കിലും വേണ്ടേ?
ഞാൻ പൊട്ടത്തിയെപ്പോലെ കാഴ്ചകൾ കണ്ടു നിന്നു. അടുത്ത നിമിഷം കൂടുതൽ ആളുകൾ അലർച്ചയോടെ ഓടി വരുന്നത് കണ്ടു. എന്റെ കൂടെയുണ്ടായിരുന്ന ആഫ്രിക്കൻ വംശജൻ ഓടി. എനിക്ക് ഓടാൻ കഴിയുമായിരുന്നില്ല. ഞാൻ ഒരു ഹൃദ്രോഗിയാണ്. അത്ര ഝടുതിയിൽ എനിക്കെങ്ങനെ ഓടാൻ കഴിയും. പരിഭ്രമിച്ച് നിൽക്കെ ചെറുപ്പക്കാരനായ പൊലീസുകാരൻ എന്റെവയറിന്മേൽ പിടിച്ച് ഒറ്റ വലി. കോപ്പറേഷൻ ഓഫ്ഫീസ്സിന്റെ അകത്തേയ്ക്ക് ആയാൾ എന്നെ ഉള്ളിലേയ്ക്ക് തള്ളി. വെളിയിൽ നിന്ന മറ്റുരണ്ട് വിദേശികളെയും അയാൾ ഉള്ളിലാക്കി.
""പൊലീസ് വരും വരെ ഇറങ്ങരുത്. പ്ലീസ്. അപകടകരമാണ്'' അയാൾ ഭീഷണമായ സ്വരത്തിൽ അറിയിച്ചു.
ചെറിയ ജനാലയിലൂടെ ഞാൻ വെളിയിലേയ്ക്ക് നോക്കി. കോളേജ് കാമ്പസിലെ തല്ലുകൂട്ടത്തിന്റെ അത്രയുമുള്ള ഈ ചെക്കന്മാരുടെ സംഘമാണോ ഭീകരസംഘം. നോക്കി നിൽക്കെ അവർ വെടിയുതിർത്തു. 8-10 റൗണ്ട് വെടി. ഞാൻ വിറച്ചു പോയി..
ആ ആഫ്രിക്കക്കാരൻ മനുഷ്യൻ എന്നെ ജനാൽക്കൽ നിന്നും വലിച്ചു. എല്ലാവരും നിലത്ത് കിടക്കുകയായിരുന്നു. ഞാനും തണുപ്പുറഞ്ഞ ആ നിലത്ത് പതുങ്ങിക്കിടന്നു. ഞങ്ങൾ മാത്രമായിരുന്നില്ല. നിരവധിപ്പേർ അവിടെ തറയിൽ കിടക്കുന്നണ്ടായിരുന്നു...
പുറത്ത് പുക വെടി പൊട്ടൽ തുടർന്നു. പൊലീസ് സൈറനുകൾ വന്നു കൊണ്ടെയിരുന്നു. ഒടുക്കം 45 മിനുട്ടിനു ശേഷം കതകിൽ മുട്ടു കേട്ടു. പൊലീസാണ് ഭയക്കേണ്ടതില്ല എന്നും കേട്ടു.
ഞങ്ങൾ സൂക്ഷിച്ച് വാതിൽ തുറന്നു. അതു പോലൊരു കാഴ്ച ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. എന്നെ അകത്താക്കിയ പൊലീസുകാരനും പത്തു പന്ത്രണ്ട് പേരും മരിച്ച് കിടക്കുന്നു. നെറ്റിയിൽ വെടികൊള്ളുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു. എന്നെ അകത്താക്കിയ ചെറുപ്പക്കാരനായ പൊലീസുകാരൻ മൂക്കിലൂടെയും ഇടത് കണ്ണിലൂടെയും അർദ്ധമുഖപ്പർദ്ധപോലെ, രക്തം വാർന്ന് കണ്ണു തുറന്നു കിടന്നു. നെറ്റിയുടെ ഇടതുവശത്ത് ആഴമുണ്ടായിരിക്കണം, വെടിയുണ്ട തുളഞ്ഞത്. ടാർ റോഡിലാകമാനം രക്തം പശപശപ്പോടെ ചിതറിക്കിടന്നു. റോഡിൽ പുകയുയർന്നു. ഒരു പൊലീസ് വണ്ടി വന്ന് ഞങ്ങളെയെല്ലാം കയറ്റിക്കൊണ്ടു പോയി.
മൂന്നു ദിവസങ്ങൾ വീട്ടിലിരിക്കേണ്ടി വന്നു. അശ്വിയും ആനിയും രവിയുടെ സഹോദരിയുടെ മക്കളാണ് 10ലും 8ലും പഠിക്കുന്ന രണ്ടുപേർ. വലിയ രണ്ടു പെൺകുട്ടികൾ.
""അതു വലിയ കഥയാണ്'' ദേവി ശബ്ദം താഴ്ത്തി, ആൽബം എടുത്തു തന്നു..
""ബാല സെല്വി ഏറ്റവും ഇളയകുട്ടിയാണ്''
""രവിയേക്കാളുമോ?''
""ഓഹ് ഏറ്റവും ഇളയകുട്ടിയാണ്. പക്ഷെ 17 വയസ്സിൽ തന്നെ ഒരാളുമായി ഇഷ്ടത്തിലായി. ''
""ഇവിടുത്തുകാരനോ?''
""റെഫ്യൂജി പ്രീതിമാ ലിൻഗ്ഗരാജ്. എന്തിനു പറയണം 18 വയസ്സിൽ അശ്വി ഉണ്ടായി. ഇപ്പോ അവൾക്ക് 15 വയസ്സ്. അമ്മയ്ക്ക് 32 വയസ്സ്'' ദേവി ചിരിച്ചു.
ഓരോ പിറന്നാളിനും ബാല ശെല്വിക്ക് 10 പവനാണ് അമ്മവീട്ടുകാർ സമ്മാനമായി കൊടുത്തിരുന്നത്... കല്യാണത്തിലേയ്ക്കായി. അത്ര സ്വപ്നം കണ്ട കല്യാണമാണ്. കള്ളവിസയിൽ വന്ന് കേസു കൊടുത്ത ഒരു അഭയാർത്ഥിയായ യുവാവുമായി അവൾ നടത്തിയത്.
""കൃസ്ത്യാനിയുമാണ്..മ്മ്ഹ്മ്'' ആ മൂളലിൽ പലതുമുണ്ടായിരുന്നു. ശ്രീലങ്കയിലെ അഭയാർത്ഥികളുടെ പലായനവും ജീവിതവുമൊക്കെ പ്രേമവും കല്യാണവും ചേർന്നു കുഴമാന്തിയതാണ്...
മഞ്ഞു വീഴുന്ന ജനാലയും നദിയുടെ മനോഹരകാഴ്ചയും മേപ്പിളിലമരവും കണ്ടങ്ങനെ മൂന്നു ദിവസം
കറുത്തകൂട്ടുകാരൻ
നാലാം ദിവസം പള്ളിയിലേയ്ക്ക് പോയി...
നോത്രദാമിലെ പള്ളിയിൽ (കത്ത്രീദൽ നൊത്രൂ ദാം) ഇരുട്ടിൽ, സംഗീതത്തിന്റെ വിചിത്രമാന്ത്രികമായ മാസ്മരികതയിൽ, തണുപ്പ് പതിയെ എന്നെ വിട്ടു. കന്യാസ്ത്രീകൾ ലില്ലിപ്പൂക്കളെപ്പോലെ അൾത്താരയിൽ വിടർന്നു പാടി. വിഷാദവിലാപസംഗീതങ്ങൾ. തണുത്തുറഞ്ഞ ഐസുകഷണങ്ങൾ ഉടുപ്പിനുള്ളിൽ വീണപോലെ നെഞ്ച് നനയുന്നു.
""ദൈവമേ എന്റെ ജീവിതം എന്താക്കപ്പെട്ടു?'' എന്റെ കാമുകന്റെ കൈപിടിച്ച് നടന്ന അൾത്താരാവഴികളിലൂടെ, ഇപ്പോൾ ഞാൻ അനാഥയായി നടന്നു. ഇനി വരുമ്പോൾ നമ്മൾ കുട്ടികളെയും കൊണ്ടേ വരൂ നമ്മളവരുടെ കൈയ്യമർത്തിപ്പിടിച്ച് പാരീസിലെ ഈ വിശുദ്ധകന്യാപ്പള്ളിയിലൂടെ നടക്കും. അതിലൊന്ന് നമ്മുടെ ആൺകുഞ്ഞായിരിക്കും. അവനു നമ്മൾ ഇമ്മാനുവേൽ എന്ന് പേരിടും... സംഗീതം വീണ്ടുമുയർന്നു. എനിക്ക് കരച്ചിൽ വന്നു. എപ്പോഴത്തെയും പോലെ എന്റെ നശിച്ച ജീവിതത്തെ പ്രതി ഞാൻ പൊട്ടിക്കരഞ്ഞു. അരുന്ധിയും അമുദനും അത് കണ്ട് അത്ഭുതപ്പെട്ടു.
""എന്നാച്ചമ്മാ? എത്ക്ക് അഴ്രത്?''
""ഒന്നും ഇല്ലിയേ'' എന്റെ ലങ്കൻ തമിഴിനു അനാവശ്യമായ ഒരു നീട്ടമുണ്ട്.
""ഇല്ലെ എതോ ഒണ്ണിരുക്ക്. അതാ അമ്മ അഴറത്.''
ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. തണുപ്പ് അഞ്ചു ഡിഗ്രിയിലായിരുന്നു. കണ്ണീർ കവിളിലൊഴുകുമ്പോളുള്ള ജീവതച്ചൂട് നിമിഷങ്ങൾകൊണ്ട് ഐസ് തണുപ്പ് പൊതിഞ്ഞു. ഞാനെന്നെത്തന്നെ നിയന്ത്രിച്ചു. പക്ഷെ ഈ പടുകൂറ്റൻ പള്ളിയിൽ വേദന ഉറഞ്ഞുകൂടിയിരിക്കുന്നു. മനുഷ്യർ ദൈവത്തിനു മുമ്പിൽ മുട്ടുകുത്തി പ്രാണവേദനയോടെ കണ്ണീർ ചുരക്കുന്നു. വീണ്ടും കന്യാസ്ത്രീകൾ വിചിത്രമായ വേദനയുടെ വിലാപമെന്നോണം പ്രാർത്ഥാനാഗാനം ആരംഭിച്ചു.
""ദോൻട് ക്രൈ മാദാം'' ആഫ്രിക്കക്കാരനായ മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. അയാൾ രാവിലെ മുതൽ എനിക്ക് പുറകിൽ ഉണ്ടായിരുന്നു. ടിക്കറ്റ് എടുക്കാതെ ഓരോ തവണയും ഞാൻ കയറുന്നതിനൊപ്പം എനിക്കൊപ്പം കയറി. എന്താണയാൾക്ക് പറ്റിയത്? പണം തീർന്നു പോയോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
""സോമില്ലാഹ് സോസ്സെ..'' അയാൾ പോക്കറ്റിൽ നിന്നു ടിഷ്യൂ നീട്ടി
""ഇന്ദു മേനോൻ'' ഞങ്ങൾ പരിചയപ്പെട്ടു.....
സോമില്ലാ സോസ്സെയുടെ കഥ വളരെ വിചിത്രമായിരുന്നു.. മനോഹരമായ തേൻ കറുപ്പു നിറവും പീലിക്കണ്ണുകളും തിളങ്ങുന്ന കഷണ്ടിത്തലയും ചിരിക്കുന്ന മുഖവും ഉള്ള സോമില്ലാഹ് സോസ്സെ... എന്റെ ആദ്യത്തെ കറുത്ത കൂട്ടുകാരൻ..
അയാൾ കൈ വിടർത്തി ആഫ്രിക്കയുടെ ഭൂപടം പോലെ തഴമ്പിട്ട കൈകൾ. അവിടെ അയാളുടെ രാജ്യം... കോംഗോ.. അയാളുടെ കുടുംബം
അയാളെനിക്ക് കോംഗോയിലെ കഥ പറഞ്ഞു തന്നു..
കറുത്ത തേന്നിറക്കവിളിൽ
കണ്ണീർ ചാലിട്ടു...▮
(തുടരും)