ആത്മാവുകൾക്കൊപ്പം

എന്റെ കഥ- 15

ഒരു നടപ്പാത നൃത്തം

വീട്ടുത്തരവാദിത്തങ്ങളിൽ ഒരു ചെറു വിരൽ നീട്ടുന്ന നടത്തുന്ന ഒരു പുരുഷനുണ്ടായിരുന്നെങ്കിൽ എനിക്ക് എത്ര കൊറോണാകാല നോവലുകൾ എഴുതാമായിരുന്നുവെന്ന്​ നിസ്സഹായതയോടെ ഓർത്തു.

പാരിസിലെ ഒരു ക്യാറ്റക്കൂമിൽ ഇന്ദുമേനോൻ
പാരിസിലെ ഒരു ക്യാറ്റക്കൂമിൽ ഇന്ദുമേനോൻ

ന്റെ വയലുകളിൽ കടുകു മഞ്ഞപൂക്കുന്നു.
എന്റെ കൊലുസ്സുകളിൽ മഞ്ഞ് സംഗീതമുതിരുന്നു.
ഉന്മാദിനിയുടെ അദ്ദേഹം.
ചുവന്ന വെളിച്ചം വിതറുന്ന ബൾബുകളുള്ള പിഗാൾ.
പകൽ ഒരു നിഷ്‌കളങ്കയായ ബാലികയെപ്പോലെയും രാത്രി പ്രലോഭനകാരിയായ യുവതിയെപ്പോലെയുമായിരുന്നു...
""ചുവന്ന തെരുവുകൾക്ക് എങ്ങനെയാണ് ആ പേരു വന്നതെന്നറിയാമോ? റെഡ് സ്​ട്രീറ്റ്​ എന്ന്''? ഒരിക്കൽ അദ്ദേഹം എന്നോടു ചോദിച്ചു.
""ഇല്ല. അറിയില്ല. ചോന്ന ലൈറ്റിട്ടോണ്ടാണോ?'' ഞാനൂഹിക്കാൻ ശ്രമിച്ചു.
""തീർച്ചയായും. ആംസ്​റ്റെർഡാം റെഡ് സ്​ട്രീറ്റ്​ ഗൂഗിൾ ചെയ്ത് വായിച്ചു നോക്കൂ''
""ആണോ.'' എനിക്ക് കൗതുകമായി. ചുവപ്പ് എങ്ങനെയായിരിക്കും പ്രലോഭനത്തിന്റെ നിറമായി മാറിയത്? അത് ഞാൻ അദ്ദേഹത്തോട് ചോദിച്ചില്ല. അദ്ദേഹത്തിന്റെ സൂര്യവൃത്തക്കണ്ണുകളിൽ സമാധാനമുണ്ടായിരുന്നു.
""എന്താ അവിടെ പോയിട്ടുണ്ടോ?'' എന്റെ കാലുഷ്യം പെരുകി.
""ഓഹ് എത്രയോ തവണ?''
""എത്ര വെളുമ്പികൾ? എത്ര കറുമ്പികൾ?'' എനിക്ക് ചോദിക്കാതിരിക്കാനായില്ല. എന്റെ ശബ്ദം പരുഷമാകാതിരിക്കാൻ ഞാൻ പണിപ്പെട്ടു.
""എണ്ണമൊക്കെ ആരോർക്കുന്നു'' എല്ലാം അദ്ദേഹത്തിനു നിസ്സാരമാണ്.
""ശരിക്കും?'' ഒന്നുകൂടി ഉറപ്പിക്കാൻ ഞാനദ്ദേഹത്തിന്റെ കണ്ണുകളിലേയ്ക്കു സൂക്ഷിച്ചു നോക്കി. സൗമ്യമായും ശാന്തമായുമുള്ള മുഖം. സന്യാസിയുടെ പ്രകൃതം. ഞാനെന്തിനാണ് അസ്വസ്ഥപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്നിൽ അടങ്ങാനാവാത്ത ഒരു തരം ഈർഷ്യ? ദേഷ്യം? പക്ഷെ എന്തിനു? അതു മാത്രം എനിക്ക് മനസ്സിലായില്ല.
''ഞാൻ മദ്യപിച്ചിരുന്നു. നിന്റെ പോലെ കഥയെഴുതലാണോ എന്റെ ജോലി? റെഡ് സ്​ട്രീറ്റിൽ എന്തിനാണ് സാധാരണ പുരുഷന്മാർ പോകുന്നത് ? നീ പോയിട്ടെന്താ കണ്ടത്?''
""ഡാൻസ്​, ബാലെ, കാബറെ''
""മൊളാൻ റോഷ്? റൈറ്റ്?''
""അതെ. അതു തന്നെ'' എനിക്ക് അദ്ദേഹത്തെയും അപരിചിതരായ സ്ത്രീകളെയും പറ്റിയോർക്കെ അമർഷം തോന്നി. ഒന്നും പുറത്തേക്കു കാണിച്ചില്ല. പക്ഷെ എന്തിന്, എന്തുകൊണ്ടെന്ന്​ ഞാൻ പുറത്തേയ്ക്ക് കാണിച്ചില്ല. ഈ ലോക്ക്ഡൗൺ ദിവസങ്ങൾ എന്നെ ഭ്രാന്തു പിടിപ്പിച്ചിരുന്നു. എഴുതുന്നതിനിടയ്ക്ക് അദ്ദേഹത്തെ വിളിക്കാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു. എന്റെ ഹൃദയം ഉഴന്നുകൊണ്ടിരുന്നു. എഴുതാനാകാത്ത ഉത്തരവാദിത്തങ്ങളാൽ ഞാൻ ആധി പൂണ്ട്​സൈക്ക്യാട്രിസ്റ്റിനെ കണ്ട വിവരം അറിയിച്ചു.
""മരുന്നുകൾ ഏതൊക്കെയാണ്?''
ഞാൻ മരുന്നുകളുടെ പേരു പറയവേ അദ്ദേഹം ക്ഷുഭിതനായി.
""നിന്റെയുള്ളിലെ വാക്കുകളും എഴുത്തിന്റെ ഉന്മാദങ്ങളും ചിന്തകളും കലക്കിക്കളയുന്ന മരുന്നാണീത്. അത് ചെയ്യരുത്. നീ എഴുതുകയാണ് വേണ്ടത്''
ഞാൻ ഫോൺ കട്ട് ചെയ്തു...

എഴുത്ത് എനിക്കെല്ലായ്‌പ്പോഴും ലക്ഷ്വറിയായിരുന്നു.
കൊറോണാകാലത്തെ പ്രണയവും ആയിരം വർഷത്തെ ഏകാന്തയും എന്റെ തലയ്ക്കുള്ളിൽ സുദർശനചക്രം പോലെ കറങ്ങി. എഴുത്തിൽ വാക്കുകൾക്കോ ചിന്തകൾക്കോ കഥകൾക്കോ വിചിത്ര വിഭ്രമങ്ങൾക്കോ എനിക്ക് പഞ്ഞമുണ്ടായിരുന്നില്ല. എന്നാൽ എഴുതാൻ അവശ്യം വേണ്ട സമയം എനിക്കുണ്ടായില്ല. അമ്മയുള്ളിടത്തോളം കാലം അമ്മയുടെ ഔദാര്യമായ സമയം എനിക്കു ലഭിച്ചിരുന്നു. ദാമ്പത്യത്തിന്റെ തുടക്കകാലത്തുണ്ടായ സൗകര്യങ്ങൾ ഭർത്താവിന്റെ യാത്രകളോടെ ഇല്ലാതായി. അമ്മ മരിച്ചശേഷം അമ്മയുടെ ഭാരങ്ങൾ കൂടി വന്നുവീണ് ചുമലുകൾ തഴമ്പിച്ചു. അല്ല എന്റെ ചുമലെല്ലുകൾ പൊട്ടിപ്പോയി. മാർക്കേസാകാൻ ഒരു മെഴ്‌സിഡസും എനിക്കുണ്ടായില്ല.

18 മാസം മുറിയ്ക്കകത്തിരുന്നു സകലതും മറന്നെഴുതിയ മാർക്കേസ്​ എന്ന പുരുഷനോട് എനിക്കസൂയ തോന്നി. 18 മിനുട്ട് മാറിനിൽക്കാനാവാത്ത മെഴ്‌സിഡസാണ് ഞാൻ. ഉത്തരവാദിത്തങ്ങൾ, അമ്മജീവിതം, മകൾ ജീവിതം ഔദ്യോഗിക ജീവിതം എന്റെ സമയത്തെ എന്നിൽ നിന്നകറ്റി. വീട്ടുത്തരവാദിത്തങ്ങളിൽ ഒരു ചെറു വിരൽ നീട്ടുന്ന നടത്തുന്ന ഒരു പുരുഷനുണ്ടായിരുന്നെങ്കിൽ എനിക്ക് എത്ര കൊറോണാകാല നോവലുകൾ എഴുതാമായിരുന്നുവെന്ന്​ നിസ്സഹായതയോടെ ഓർത്തു. ഞാനെന്റെ 10 വയസ്സിനു മീതെയുള്ള ഓർമകളെയും ചിന്തകളെയും കാഴ്ചകളെയും പോലും എഴുതിത്തീർത്തിട്ടില്ലായിരുന്നു. കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകത്തിൽപോലും ഞാൻ 10 വയസ്സിനു മീതെയുള്ള കാഴ്ചകൾ എഴുതിയിട്ടില്ല. എന്റെ തല പർവതങ്ങളെപ്പോലെ ഉൾവളർന്നു. വാക്കുകളുടെ ലാവകൾ തിളക്കൊഴുപ്പോടെ ഇളകിയുയർന്നു, മേൽക്കുമേലായി പാളിയോടെ വളർന്നു. ഏതു നിമിഷവും പൊട്ടിച്ചിതറാവുന്ന മലവെള്ളപ്പെരുംകലക്കത്തിന്റെ ദുർബലത എനിക്കെന്നിൽ തന്നെ അനുഭവിക്കാനായി. അൽപ്പാൽപ്പമായി കടലാസ്സിലേയ്ക്ക് പകർത്തി ആ ഉരുൾക്കലക്കത്തെ ഇല്ലാതാക്കാൻ ഞാൻ സദാ ശ്രമിച്ചു. എന്നെത്തന്നെ ഗതികെട്ടു ശപിയ്‌ക്കെ മനഃസമാധാനത്തിനായാണ് അദ്ദേഹത്തോട് സംസാരിച്ചത്. എന്തു ഫലം?

""ശരി എന്തെങ്കിലുമാകട്ടെ. ഞാനെഴുതാൻ പോവാണ്'' എന്നു നെടുവീർപ്പിച്ചുകൊണ്ട് ഞാൻ വീണ്ടും എന്റെ യാത്രാ ഡയറികൾ മറിച്ചു നോക്കി. എന്തിലുമേതിലുമെന്നോണം കടുത്ത ദുഃഖത്തിന്റേതായ എച്ഛിൽക്കണ്ണീർ എന്റെ കവിളുകളെ വികൃതമാക്കി

നൃത്തസന്ധ്യകളുടെ മൊളാൻ റോഷ് സംഗീതം; നഗ്‌ന കലകളുടെ വിഭ്രമരാഗം

തോംസീനെ പരിചയപ്പെട്ട ശേഷം എല്ലാ വൈകുന്നേരങ്ങളിലും 7- 8 മണിയോടെ ഞാൻ പിഗാൾ തെരുവിലേയ്ക്കു പോയി. കടകളെയെല്ലാം എനിക്കവൾ പരിചയപ്പെടുത്തിത്തന്നു. തായ്‌ത്തെരുവുകളേക്കാളും ക്ലാസ്​ ആയിരുന്നു പിഗാൾ. അവിടെ കലയും സംഗീതവുമുണ്ടായിരുന്നു. നൃത്തം ചെയ്യുന്നവർക്കും പാട്ടു പാടുന്നവർക്കും ഗിഥാറുകൾ മീട്ടുന്നവർക്കും അവിടെ ഇടമുണ്ടായിരുന്നു. സത്യത്തിൽ വലിയ ഒരു ശില്പിയായിരുന്ന ജീൻ ബാപ്‌റ്റൈസ്​ പിഗാളിന്റെ പേരിലൊരു ചത്വരമുണ്ടിവിടെ. അങ്ങനെയാണ് ഈ ജില്ലയ്ക്ക് പിഗാൾ എന്നു പേരു വന്നതെത്രെ.

തോംസീനയ്‌ക്കൊപ്പം നിരവധി മനുഷ്യരെ പരിചയപ്പെടാൻ കഴിഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന്​ വന്നവർ. രതിവേല ചെയ്യുന്നവർ. സ്ത്രീകളിൽ മിക്കവരും മുമ്പെ കണ്ടതു പോലെ പലവിധ വൈകൃതങ്ങൾക്കുള്ള പരീക്ഷണശാലകളുമാണ്. പണക്കാരുടെ പരീക്ഷണശാലകൾ.

പിഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ഇടം മൊളാൻ റോഷാണ്. സർക്കസും ജിംനാസ്​റ്റിക്​സും കാബറേയും നൃത്തവും ചേർന്ന അപൂർവ ഇനങ്ങളാണ് അതിനകത്തെ തീയേറ്ററിൽ അവതരിപ്പിക്കുക. ഭയങ്കര പൈസയാണ് ചാർജ്ജ് ചെയ്യുക. ഉള്ളിൽ റസ്​റ്റോറൻറുണ്ട്​. പാക്കേജ് എടുത്ത് പോയാലോ എന്നെനിക്ക് തോന്നി. അഞ്ചാറു ദിവസത്തെ പിഗാൾ സന്ദർശനം എന്നെയങ്ങനെ ചിന്തിപ്പിച്ചുവെന്നതാണ് വാസ്തവം.

മൊളാൻ റോഷിൽ ഞാനൊറ്റയ്ക്കു പോയില്ല. തോംസീനയെയും കൂട്ടി. അഞ്ചു ദിവസം കഴിഞ്ഞാണ് പോയത്. ആളുകൾ കുറവുള്ള ദിവസം ഒരാൾക്ക് 82 യൂറോ ഉള്ള ഒരു പാക്കേജാണ് എടുത്തത്. അത്ര നാളും പിഗാളിനുള്ളിൽ ജോലി ചെയ്തിട്ട് ആദ്യമായാണ് തോംസീൻ ഷോ കാണുന്നത്. അവൾക്കുള്ള ടിക്കറ്റും ഞാനെടുത്തു. ഒരു സന്ധ്യയിലെ മുഴുവൻ ഷോയും സുഭിക്ഷ ഭക്ഷണവും. ഇരുണ്ട വെട്ടം വീണ മുറിയിലെ കസേരയിൽ ഞാൻ ചാരിക്കിടന്നു. ഓറഞ്ച് കൂടുകളിൽ മെഴുതിരികൾ ചെറുവെട്ടമെരിഞ്ഞു.

""അതെന്താ മുമ്പ് വരാത്തത്?''
""ഞാൻ പുഴച്ച് പോകൃത്ക്കാകെ താൻ ഇങ്കെ വന്തോ അക്കാ. പാർട്ട് റ്റൈം ജോബ് താനെ. പഠിക്കപ്പോറെ. എനക്ക് എന്ത റേഫ്യൂജി പാസ്‌പ്പോർട്ട് ഇരുന്താലും എന്ത തെറുല് വേലെയ് ഇരുന്താലും ഞാൻ പൊന്നുത്തായിയോടെ പേരപ്പുള്ളൈ താനെ. ഒന്നും എന്നാലെ മാറ്റമുടിയലെ. യെൻ വേലെയ്‌ക്കെല്ലാം കാസ് കമ്മി. വേറെ വേലെയ് എന്നാലെ പാക്കമുടിയലെ. സൂപ്പെർ മാർഷെകളിൽ യെല്ലാം കൊഞ്ചം പണം താൻ കെടയ്ക്കും. ഇങ്കെ എന്തെ വേലയ്ക്കും പണം ജാസ്തി. ടിപ്പ്‌സും കെടയ്ക്കും. നല്ലാ പണോം വേണോന്നാ മത്ത വേല്യ്ക്ക് പോണം. എന്നാലെ അദ് മുടിയലെ. എനക്ക് അത്താപ്പയ്യനിരിക്കെ''; തോമസീനയുടെ മുഖം പ്രേമോർമ്മകളാൽ തുടുത്തു.
തോംസീനാ ഗൈഡ് ജോലിയും മാർഗറീറ്റയുടെ കൗണ്ടർ ജോലിയും മാത്രമേ ചെയ്യുകയുള്ളു എന്നു സാരം. അവൾ വിശ്വാസവതിയായ കാമുകിയാണെന്നു സാരം.
""എന്നിട്ട്? അവനു എതിർപ്പില്ലേ? ഇവിടെ ജോലി ചെയ്യുന്നത്?''
""ഇല്ലെ മാഡം. അവനുക്ക് യെല്ലാം തെരിയും യെന്നെ റൊമ്പ വിസ്വാസം. പിന്നെ ഇങ്കെ മാഡം മാർഗറീറ്റ എനക്ക് മ്യൂസിക്ക് കത്ത് കൊടുക്കുറാറു. എന്നെ പ്രൊട്ടെക്റ്റ് പണ്ണുവോം. നല്ല ആള്. സറിയാ വാധ്യാരമ്മ മാതിരിയെ... അതാ നാൻ ഇപ്പടിയെ പോയിട്ടിരിക്ക്ത്..''

ഒരിക്കലും വേശ്യാവൃത്തി ചെയ്യില്ലെന്നുറപ്പിച്ചാണവൾ പിഗാളിൽ ജോലിചെയ്യുന്നതെന്ന്​ അവൾ വ്യക്തമാക്കി. അമ്മ മാത്രമായി ലാഷെപ്പെല്ലെയിലെ റെഫ്യൂജിത്തെരുവിൽ ജീവിക്കുന്ന തോംസീനയ്ക്ക് അഞ്ചു വർഷം കൂടുമ്പോൾ ചെന്നെയിൽ വരണം. തൂത്തുക്കുടിയിൽ പൊന്നുത്തായ് പെരിയപാട്ടിയുടെ വീട്ടിൽ ചെല്ലണം. രണ്ടനുജത്തിമാരെയും അനുജനെയും കാണണം. കാമുകനായ കതിർവേലിനെ കാണണം. എയ്‌ഞ്ചെലിന്റെ ഫാമിലിയെപ്പോലെ തന്നെ..

മൊളാൻ റോഷിനകത്ത് വെളിച്ചം അതത് മേശമേൽ മാത്രമായിരുന്നു. ഇണകളുടെ തീന്മേശകൾ, ഉടലിൽ ഫ്രഞ്ചു വീഞ്ഞിന്റെയും ആട്ടക്കളരിയിലെ പുണരുന്ന ഉടലുകളുടെയും ഉന്മാദം. സുന്ദരികൾ കളർ ബലൂൺ പോലെയും വർണ്ണപ്പങ്കകൾ പോലെയും വേദിയിലേയ്ക്ക് കൈകളും കാലുകളുമുയർത്തിയുള്ള പ്രേമോന്മാദങ്ങൾ. ഇണയില്ലാത്ത എനിക്കെന്ത് മൊളാൻ റോഷ് കാബറെ! നല്ല രുചിയുള്ള ഭക്ഷണമായിരുന്നു.
""ഞാൻ വെജിറ്റേറിയനാണ്. മുട്ടകൾ ഉപയോഗിക്കാറുണ്ട്. പക്ഷെ യൂറോപ്യൻ കോഴിമുട്ടകൾ എനിക്ക് കഴിക്കാനാവുന്നില്ല. തോംസീന കഴിക്കൂ. എന്റെ സന്തോഷത്തിന്​''; തോംസീനയ്ക്കും ആഹ്ലാദം അടക്കാനായില്ല.

ക്യാൻ ക്യാൻ നൃത്തമായിരുന്നു വേദിയിൽ.
ശരിക്കും അവരുടെ പാവാടകൾ ഉത്സവപ്പറമ്പിലെ വർണ്ണവിശറികൾ പോലെയായിരുന്നു. മഴവിൽ തൊങ്ങൽനിറങ്ങളിൽ ഫ്രില്ലുകൾ കൂട്ടിത്തുന്നിയ അമ്പ്രല്ലാക്കട്ട് പാവാടകൾ ഓരോ തിരിച്ചിലിലും തൃശ്ശൂർപ്പൂരക്കുടമാറ്റമായി വാനിൽ കറങ്ങിയുയർന്നു. കാലുകൾ ഉയർത്തുമ്പോൾ മനോഹരമായ തുടകൾ കണ്ടു. പുരുഷന്മാരും സ്ത്രീകളും ചേർന്ന കറക്കപ്പങ്കമത്സരം പോലെ ഗംഭീരമായിരുന്നു അത്.
സീക്വൻസുകൾ, വർണമുത്തുകൾ, പവിഴങ്ങൾ, ചില്ലുകൾ, ചെറുബൾബുകൾ, സ്വരോസ്‌കി എന്നിവയുടെ ആഭരണങ്ങളും അരപ്പട്ടകളും ബ്ലൗസുകളും ധരിച്ച് പെണ്ണുങ്ങൾ കൂട്ടമായി ഇറങ്ങി.

സർപ്പ ജലനൃത്തമായിരുന്നു ഏറ്റവും അത്ഭുതകരം.
തലയിൽ നിറയെ നീർക്കോലികളെ ചൂടിയ സ്ത്രീകൾ വന്നു നൃത്തം തുടങ്ങി. പൊടുന്നനെ സ്റ്റേജ് മേൽപ്പോട്ടുയർന്നു. വലിയ ഒരു അക്വേറിയം സ്റ്റേജിൽ തിളങ്ങി നിന്നു. കണ്ണീർ ജലത്തിൽ അതങ്ങനെ തുളുമ്പി. ഈൽ മീനുകളാണോയെന്നു അത്ഭുതപ്പെടുമ്പോഴേയ്ക്കും മനസ്സിലായി, പെരുമ്പാമ്പുകൾ. നഗ്‌നയായ ഒരു സ്ത്രീ സ്വർണമീനിനെപ്പോലെ ആ കണ്ണാടിജലത്തിലേയ്ക്ക് ചാടി. സംഗീതം ഉച്ചസ്ഥായിയിലായി. പെണ്ണ് ചുഴികൾ സൃഷ്ടിച്ച്​ ജലത്തിൽ നൃത്തം തുടങ്ങി. രണ്ട് മലമ്പാമ്പുകളും ഊയലാടുന്നു, ഊഞ്ഞാലിടുന്നു, ജലത്തിൽ മദിക്കുന്നു, കൂപ്പുകുത്തുന്നു, ജലകന്യകയെപ്പോലെ അവളുടെ നൃത്തം...

നൃത്തവും സംഗീതവും തമാശകളും അവസാനിച്ചു.
ചെവിയിൽ പാട്ടിന്റെ മേളകൾ. മോളാൻ റോഷിന്​ വെളിയിലെ സ്റ്റേജു പോലത്തെ ഇടത്തിലേയ്ക്ക് ഞങ്ങളിറങ്ങി നടന്നു. എന്റെ കൈകൾ തോംസീന മുറുകെ പിടിച്ചിരുന്നു. അവൾ ഷാമ്പേയിന്റെ ചെറിയ മത്തിലായിരുന്നു. അത്രയും ആഹ്ലാദം മുമ്പെ അനുഭവിച്ചിട്ടില്ലെന്നു തോന്നി.
""ഞാൻ അക്കാവുക്ക് വേണ്ടി ഒന്നുമെ പണ്ണലെ.. ആനാ നീങ്കെ..'' അവൾക്ക് സങ്കടം വന്നു.
""യെന്നെടീ നമ്മ ഒരൂർ പൊണ്ണുങ്കെ. സ്വന്തക്കാര്'' ഞാൻ അവളുടെ തോളിൽ കയ്യിട്ട് അമർത്തിപ്പിടിച്ചു. കണ്ണിറുക്കിച്ചിരിച്ചു. പോരുന്നതിനു മുമ്പ് ഞാൻ ബാഗിൽ അവൾക്കായി സൂക്ഷിച്ച ഒരു ടിഷ്യൂ കേരളാസാരിയും 3000 ഇന്ത്യൻ രൂപയും കൊടുത്തു. എന്റെ കയ്യിൽ യൂറോ കുറവായിരുന്നു.
""അക്കാ'' അവളുടെ കണ്ണുകൾ നിറഞ്ഞു.
""അക്കാ താങ്കസ്സിങ്കെ. എനക്ക് ഒരു ഉദവികൂടി പണ്ണൂവിങ്കളാ?''
അവൾ 3000 രൂപ എനിക്ക് തിരിച്ചു തന്നു.
""പാട്ടി അഡ്രെസ്സ് തരെ. അനപ്പി വിടുവീങ്കളാ?''
""കണ്ടിപ്പാ'' ഞാൻ വാക്കു നൽകി

""അതെന്താദ്?'' ദേവി എന്നെ കളിയാക്കി. ഫ്രാൻസ്സിലെ പിച്ചക്കാർക്ക് ഞാൻ 20 ഇന്ത്യൻ രൂപ കൊടുത്തത് കണ്ട് തന്നെ കളിയാക്കിയവളാണ്.
""അവർ അടുത്ത കൊല്ലം ഇന്ത്യയിൽ വരും. അപ്പോളത് ഉപയോഗിക്കാമല്ലോ. എന്നു കരുതി കൊടുത്തതാ''
""ഇനിയിപ്പൊ മണിയോഡറയച്ചേയ്ക്ക് ഹ്ഹി ഹി''
എങ്കിലും പിഗാളിൽ കയറിയിട്ട് എനിക്കിത്രയല്ലെ ചെലവായുള്ളു എന്ന് ദേവി കളിയാക്കിച്ചിരിച്ചു. തോംസീനയെ ഷോയ്ക്ക് കൊണ്ടുപോയ കാര്യം ഞാൻ എന്തുകൊണ്ടോ പറഞ്ഞതെയില്ല.

സോമില്ലാസോസ പിഗാളിൽ പോയി എന്നു പറഞ്ഞപ്പോൾ എന്റെ കഴിഞ്ഞ ദിവസങ്ങളിലെ പിഗാൾ യാത്രകൾ ഞാനോർത്തു. എന്തിനു പിഗാളിൽ പോയി എന്ന് മനുഷ്യരോട് ചോദിക്കുന്നതിൽ അർത്ഥമേയില്ല. പുരുഷന്മാരോട് പ്രത്യേകിച്ചും. സോമില്ലാഹ് എന്തായാലും പോയി. കയ്യിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപയും പോയി. അത്രതന്നെ
""28 വർഷത്തെ സമ്പാദ്യമാണ്'' അയാൾ ചിരിച്ചു.
""38 വർഷത്തെ തീരാത്ത ആശയും..''
""എന്റെ ദൈവമേ എത്ര യൂറോ?'' എന്റെ കണ്ണുകൾ പുറത്തേയ്ക്കു തള്ളി വന്നു.
""2000 ത്തോളം'' ഞാൻ തലയിൽ കൈവെച്ചു.
""ഒരു കാര്യമുണ്ട് കേട്ടോ. എന്റെ നാട്ടുകാരി തന്നെയാണ്''
""ബെസ്റ്റ്, ആശ്വസിക്കാൻ പറ്റിയ മാർഗം തന്നെ'' ഞാൻ തലയിൽ കൈവെച്ചു പോയി.
""ലെവെൽ ടു വിലേയ്ക്കു നിങ്ങൾ പോയോ?''
""ലെവ്ൽ ത്രീയിലേയ്ക്കു തന്നെ പോയി.''
""ഹമ്പമ്പോ.. വല്ല കാര്യവുമുണ്ടായിരുന്നോ?''

""നിങ്ങൾക്കറിയുമോ ഈ യാത്ര എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. അതിൽ പുരുഷനെന്ന നിലയിൽ പിഗാളുമുണ്ട്. അത്രതന്നെ. ഇനിയൊരിക്കൽ എനിക്ക് ഫ്രാൻസിലേയ്ക്ക് വരാൻ കഴിഞ്ഞെന്നു വരില്ല. അതല്ലെ ഞാൻ നിങ്ങൾക്കൊപ്പം എല്ലാടത്തും സൗജന്യത്തിനു നടക്കുന്നത് ''

സോമില്ലാഹ് സത്യം പറഞ്ഞു. പത്തു ദിവസത്തെ യാത്രകളിൽ നിന്ന്​ എന്നെ സദാ പിന്തുടർന്ന ആ കറുത്ത ആ മനുഷ്യന്റെ സത്യസന്ധത എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്റെ അനുമതിയോടെ എന്റെ ടിക്കറ്റുകൾ ഉപയോഗിക്കുകയും അല്ലാത്തിടങ്ങളിൽ ടിക്കറ്റില്ലാത്തതിനാൽ മാറി നിൽക്കുകയും ചെയ്യുകയാണ് അയാൾ ചെയ്യുന്നത്. കള്ളത്തരം ഉണ്ടോ എന്നു ചോദിച്ചാൽ ഒരുതരം എന്നു പറയേണ്ടി വരും.

അന്ന് തണുപ്പ് അതികഠിനമായിരുന്നു. എത്ര വസ്ത്രങ്ങളും കയ്യുറകളും രോമക്കാലുറകളും തൊപ്പിയുമൊന്നും എനിക്ക് മതിയായില്ല. തണുപ്പ് എന്റെ ദുർബല ശരീരത്തിൽ കയറി പേശികളെ ഞോണ്ടിക്കൊണ്ടിരുന്നു. തീവണ്ടിയിൽ നിന്നിറങ്ങി നഗരത്തിൽ നടക്കുമ്പോഴൊക്കെ ഞാൻ വിറച്ചു. ചുണ്ടുകൾ കൂട്ടിയിടിക്കയും മുട്ടുകൾ വിറയ്ക്കുകയും ചെയ്തു. ശരിക്കും ഞാൻ ശരീരത്തെ വിയർപ്പിക്കാനായി ഓടുകയായിരുന്നു എന്നു വേണം പറയാൻ. ഇടയ്ക്ക് കയ്യും കാലും കോടി പേശി വലിഞ്ഞ് ഓരോയിടങ്ങളിലായി ഇരുന്നു.

""ഓഹ് മൈഗോഡ്'' സോമില്ലാഹ് തന്റെ ബാഗിൽ നിന്ന്​ തുകലിന്റെ ഉടുപ്പ് എടുത്തു എനിക്കു നീട്ടി.
""ഏയ്യ് വേണ്ട''. ഞാൻ അഭിമാനിയായി.
ഉത്തരധ്രുവത്തിൽ നിന്ന്​ ഐസിന്റെ തണുപ്പാർന്ന ധ്രുവക്കാറ്റ് ശീതപ്പനി പൂണ്ട് വീശി.
""പോളാർ വിന്ദ്'', തന്റെ അറിവ് പ്രകടിപ്പിച്ചു കൊണ്ട് സോമില്ലാഹ് ഉടുപ്പു നീട്ടി
""ഇനിയും തണുപ്പേറും''
കാറ്റിനോടെനിക്ക് എതിർത്തു നിൽക്കാൻ കഴിയുന്നില്ലായിരുന്നു. മസിലുകൾ വേദനിച്ചു. കണ്ണുകൾ തണുപ്പാൽ നീറി. ധ്രുവക്കാറ്റ് കൈവീശി കവിളത്തടിച്ചു. എന്റെ മുഖം കരുവാളിച്ചു. ഞാൻ വീണു പോകുമെന്നു തോന്നി.
അൽപ്പം മടിച്ചുവെങ്കിലും ഞാനാ ഉടുപ്പ് ധരിച്ചു. ചെമ്മരിയാടിന്റെയോ മറ്റോ രോമവും തുകലും ചേർന്ന ഗംഭീരസാധനം. ഇട്ട് 20 മിനുട്ടിനുള്ളിൽ ഞാൻ വിയർത്തു തുടങ്ങി. അത്ര കിടിലനായിട്ട് ചൂട് തരും.

""യുദ്ധഭൂമികളിലും അഭയാർത്ഥി ക്യാമ്പുകളിലും രാത്രിയിൽ പലപ്പോഴും കിടക്കാനിടമില്ലാതെ വന്നിട്ടുണ്ട്. പിച്ചക്കാരുടെയും അഭയാർത്ഥികളുടെയും ഇടങ്ങളിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ രാത്രിയിലെ കൊടും തണുപ്പാണ് പ്രശ്‌നം. അതിനാണിത്'' അയാൾ ചിരിച്ചു. അതിമനോഹരമായ ചിരി. എണ്ണക്കറുപ്പുള്ള മനുഷ്യരുടെ ചിരിയ്ക്ക് അപാര ചന്തമാണ്. ഞാനും അതു പോലെ ചിരിക്കാൻ തുടങ്ങി.
""ഇന്നെവിടേയ്ക്കാണ് നമ്മൾ പോകുന്നത്?''
""പെർലാഷെ''
""സിമിത്തേരിയോ? അവിടെ എന്താണ്''
""നെക്രോപ്പോളിസ്സ്.. ശിമിത്തേരിപ്പറമ്പല്ല. അവിടെ സംസ്‌കാരം ഉണ്ട്''
""വാട്ട്? ശ്മശാനങ്ങളിലോ''
""അതെ ശ്മശാനങ്ങളിൽ തന്നെ. ഈ പെർലാഷെ തന്നെ മൂന്നാലു ലക്ഷം ആൾക്കാർ കാണാം വരും. ലോകത്ത് പലതരം നെക്രോപോളിസ്സുകൾ ഉണ്ട്. ടൂറിസ്റ്റുകൾ സ്ഥിരായിട്ട് പോകുമവിടെ''; എന്റെ വിജ്ഞാനം ഞാൻ വെളിപ്പെടുത്തി.

ഞങ്ങൾ പെർലാഷെ സിമിത്തേരി കാണാൻ നഗരത്തിന്റെ കിഴക്കൻ ഭാഗത്തേയ്ക്ക് പോയി. നെക്രോപോലിസ്സുകൾ എനിക്ക് വളരെ താത്പര്യമുള്ളവയാണ്. മരിച്ചവരുടെ നഗരം എന്നതാണ് നെക്രോപോളിസ്സുകൊണ്ട് അർത്ഥമാക്കുന്നത്. ജീവിതത്തിനു ശേഷവും മരണതുടർച്ചയിൽ സംസ്‌കാരവും ജീവിതവും വെളിപ്പെടുത്തുന്ന ഇടങ്ങളാണവ. ചെറുപ്പകാലം മുതൽ തന്നെ മരിച്ചവരുടെ ലോകം എനിക്ക് കൗതുകകരമായിരുന്നു. പ്രേതങ്ങളേയും ആത്മാവുകളെയും കാണാനായി ഞാൻ ചെന്നു. അവർക്ക് അദൃശ്യരാവാൻ കഴിയുമെന്ന്, പറക്കാൻ കഴിയുമെന്ന്, അങ്ങനെ എനിക്കും ആ ശക്തികൾ സ്വായത്തമാകുമെന്ന് ഞാൻ അത്യാഗ്രഹിച്ചു. ശ്മശാനങ്ങളിൽ ധാരാളം പൂക്കളും ചെടികളും ഉണ്ടായിരുന്നു. പൂവുകളും പഴങ്ങളും തിന്നാനായി ഞാൻ ചെന്നു. അടിസ്ഥാനപരമായി എന്റെയുള്ളിൽ ചുരുളന്മുടിയുള്ള നരഭോജിപ്പെണ്ണുണ്ട്. ബോഡർലൈൻ മസോക്കിസമുള്ള വന്യമായ പ്രേമം സൂക്ഷിക്കുന്ന ഉന്മാദിയായ ഞാൻ രതിയ്ക്കു ശേഷം പുരുഷന്മാരെ തിന്നുകളയുമോ എന്ന് വല്ലാതെ ഭയപ്പെടാറുണ്ട്. മസോക്കിസ്റ്റുകളായ മനുഷ്യർ നെക്രോപോലിസ്സുകളിൽ സഞ്ചരിയ്ക്കുവാൻ ഇഷ്ടപ്പെടുന്നു. അവിടുത്തെ പഴങ്ങൾക്ക് മധുരം കൂടുതലാണ്. രുചി കൂടുതലാണ്. ഗന്ധം കൂടുതലാണ്. നിറവും കൂടുതലാണ്.

ഞാനിപ്പോഴും ഓർക്കുന്നു, ഞങ്ങളുടെ പള്ളിക്കണ്ടിയിൽ സിറാജുന്നീസ മരിച്ചതിനു ശേഷം ഖബറിൽ നട്ട പനിനീർചാമ്പ രണ്ടാം വർഷം തന്നെ പൂത്തതും കായിട്ടതും. വെളുത്ത പനീർചാമ്പകൾ വിളറിയ മുഖത്തോടെ നിന്നതും. സിറാജുവിന്റെ മൊട്ടത്തലയുടെ തിളക്കം പോലെ അതിന്റെ തൊലി. കബറുകളിൽ കയറുന്ന പരിപാടികൾ ഞാനപ്പോഴേയ്ക്കും നിർത്തിയിരുന്നു. കാലം മാറിയിരുന്നു. ഒരു മുതിർന്ന സ്ത്രീയ്ക്ക്, ഹിന്ദു സ്ത്രീയ്ക്ക് പള്ളിക്കണ്ടി നിഷിദ്ധമായ ഇന്ത്യയായി മാറിയിരുന്നു അപ്പോഴേയ്ക്കും.
എന്നെപ്പോലെ കുറുമ്പരായ, ഭയരഹിതരായ രണ്ടു കുട്ടികൾ ബോളെടുക്കാൻ പള്ളിക്കണ്ടി മതിൽ ചാടി.
""എനിക്കാ ചാമ്പയ്ക്ക പറിച്ചു തരാമോ?''
അവർ എനിക്ക് നാലഞ്ച് ചാമ്പയ്ക്കകൾ പറിച്ചു നൽകി.
സിറാജുവിന്റെ മണം...
അവ തിന്നുമ്പോൾ എനിക്ക് കൂടുതൽ മധുരം തോന്നി. അവൾ പതിവായി പുരട്ടി വരാറുള്ള ഗുലാബി അത്തറിന്റെ നേർത്ത മണവും രുചിയുമുണ്ടായിരുന്നു... അവളുടെ ഹൃദയത്തിൽ നിന്ന്​ വളം വലിച്ചെടുത്തുണ്ടായ പഴങ്ങൾ ക്രൂരമായ ഒരാഹ്ലാദത്തോടെ ഞാൻ തിന്നു. അവളുടെ മണവും ഓർമ്മയും കുപ്പിവളകളുടെ കിലുക്കവും പൊട്ടിച്ചിരിയും എനിക്ക് അനുഭവിക്കാനായി. വീണ്ടും പേങ്ങാട്ട്​സ്‌കൂളിലെ മൂത്രപ്പുരയ്ക്കു പുറകിലെ ബെഞ്ചിലിരുന്നു ഉമ്മാമ്മച്ചി പുരട്ടിയിരുന്ന തൈലത്തിന്റെ വാസന.
""ഞാൻ മയ്യത്തായാല്​ ഖബറിൽ പനിനീർ ചാമ്പയ്ങ്ങ നടണട്ടോ ബളെ. ഇജി അദ് തിന്നുമ്പോ ഞാനടുത്തു വരും.'' കബറുതൊടിയിൽ പണിയെടുക്കുന്ന സഖറിയയ്ക്ക് ചാമ്പത്തൈ കൊടുക്കുമ്പോൾ അത് വളരുമെന്നോ കായ്ക്കുമെന്നോ ഞാൻ കരുതിയിരുന്നില്ല.

പനീർച്ചാമ്പയ്ക്ക കഴിയ്ക്കുമ്പോൾ ക്രൂരമായ നരഭോജിത്വത്തോടെ ഞാൻ വിമ്മിക്കരഞ്ഞു. അതു തിന്നുമ്പോൾ അവളെ എനിക്ക് അനുഭവിക്കുവാൻ കഴിഞ്ഞു. അവളുടെ കയ്യുടെ സ്പർശം. അവളുടെ മണം. അവളുടെ സ്‌നേഹ മസ്രണമാർന്ന കൊഞ്ചൽ.... എല്ലാം എനിക്ക് അനുഭവിക്കാനായി. അവൾ പറഞ്ഞ വാക്കു പോലെ തന്നെ. സിറാജുവിന്റെ ഖബറിൽ നിന്ന്​ തിന്ന ആ പനിനീർ ചാമ്പങ്ങകളുടെ മധുരം ലോകത്തിതുവരെയും മറ്റൊരു ചാമ്പങ്ങയിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല. മരിച്ചു പോയ മനുഷ്യർ അവരുടെ സ്വഭാവം പോലെയുള്ള പഴങ്ങൾ ഉത്പാദിപ്പിക്കുന്നു. എന്റെ അച്ഛന്റെ ഏട്ടൻ എന്റെ വെല്ല്യച്ചനെ അടക്കിയിടത്തെ ചാരത്തിൽ നട്ട ചെന്തെങ്ങിന്റെ ഇളനീർ കുടിക്കുമ്പോൾ എനിക്ക് വെല്ല്യച്ചനെ അനുഭവപ്പെടാറുണ്ടായിരുന്നു. മറ്റൊരു ഇളനീരിനുമില്ലാത്ത ആ വാത്സല്യത്തണുപ്പ്, സ്‌നേഹരുചി.
""എനിക്ക് വേണ്ട.''
അനിയൻ മുഖം തിരിച്ചു. കുട്ടികളെല്ലാം ആ തെങ്ങിന്റെ ഇളനീരിനോട് മുഖം തിരിച്ചപ്പോൾ എനിക്ക് വെല്ല്യച്ചനെ ഓർമ്മിച്ചുകൊണ്ടത് കുടിക്കാൻ കഴിഞ്ഞു.
""എനിക്ക് തരൂ. എനിക്ക് വേണം''
അതു പോലെ അച്ഛമ്മയെ അടക്കിയിടത്ത് ഒരു കൊളമ്പി മാവാണ്. പ്രത്യേകതരം ചുനയുള്ള കൊളമ്പി മാവ്. പുളിയില്ലാത്ത നാരില്ലാത്ത മധുരം മാത്രമുള്ള അച്ഛമ്മമാങ്ങകൾ. അത് കഴിക്കുമ്പോഴൊക്കെ എനിക്ക് അച്ഛമ്മയെ ഓർമ്മവന്നു.

ഞാൻ മരിച്ചു കഴിയുമ്പോൾ എന്നെ ദഹിപ്പിക്കാൻ പാടില്ലെന്ന് ഞാൻ മകനോട് പറഞ്ഞിട്ടുണ്ട്. എന്നെ കുഴിച്ചിടണം. അവിടെ നല്ല മാവുകൾ നടണം. ഒട്ടുമാവുകൾ കൊളമ്പി മാങ്ങയും മൂവാണ്ടൻ മാങ്ങയും അൽഫോൺസയും ചേർന്ന ഒരു ഒട്ടുമാവിന്റെ തൈ നടണം.

പെർലാഷെ സിമിത്തേരിയിൽ പഴങ്ങളുടെയും പൂക്കളുടെയും തോട്ടങ്ങൾ തന്നെ ഉണ്ടായിരുന്നു. 110 ഏക്കറിൽ പരന്നു കിടക്കുന്ന മരണപൂന്തോട്ടം. വലിയ വലിയ മരങ്ങൾ.. സുഗന്ധകാരികളായ പൂക്കളുടെ വിടർച്ച. അവിടെയും കണ്ടു ഞാനൊരു മാവ്. ഞാനെന്റെ മരണമരം ആശിച്ച പോലെ. പൂവിട്ടപോലെ മാങ്ങമഞ്ഞിച്ച് നിൽക്കുന്ന ഈജിപ്ഷ്യൻ മാവ്.
1880കളിലാണ് ഈ സിമിത്തേരിയുണ്ടാകുന്നത്. മതരഹിതമായ ഈ സിമിത്തേരിയിൽ ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, ഹിന്ദുക്കൾ, ജൂതന്മാർ, എല്ലാവർക്കും ഒരു ഇടം എന്ന പാരിസിയൻ നിയമം.
ശില്പഭംഗിയാലും കെട്ടിട കരവിരുതാലും മനോഹരമാക്കിയ പെർലാഷെയിൽ ഞങ്ങൾ ചെല്ലുമ്പോൾ മനുഷ്യരുടെ നീണ്ട നിരയാണ്. ചാപലിന്റെ ഉള്ളിലേയ്ക്ക് പോകുന്ന വലിയ നീണ്ട നിര. ചുമരുകളെന്നു കരുതി നാം ചാരുന്നതൊക്കെയും ശരീരങ്ങൾ വഹിക്കുന്ന കല്ലറകളാണ്. ഇരിപ്പിടങ്ങളെന്നു കരുതി നാം ഇരിക്കുന്നിടമെല്ലാം മരിച്ചവരടങ്ങിയ പേടകങ്ങളാണ്.
""എന്തിനാണ് ഈ നിര?''
""അറിയില്ല. എന്തോ ഗൈഡഡ് ടൂറാണെന്നു തോന്നുന്നു.'' സോമില്ലാഹ് പറഞ്ഞു.
""വാ നമുക്ക് കേൾക്കാം''
ചില യാത്രകളിൽ ഞാൻ ഏതെങ്കിലും ഗൈഡഡ് ടൂറുകാരുടെ അടുത്ത് ചെന്നുനിന്നു ചെവിയോർത്ത് കഥ കേൾക്കാറുണ്ട്. അത് മറ്റൊരു ലോകം നമുക്ക് നൽകും. പ്രാദേശിക പുരാവൃത്തങ്ങൾ കേൾക്കാനാകും. മിക്കവാറും നമ്മൾവായിച്ച ഗൈഡ് ബുക്കിൽ അവകാണുകയുമില്ല.
""കുഴപ്പമാകുമോ?'' സോമില്ലാഹ്യ്ക്ക് സംശയം.
""ഒരു കുഴപ്പവുമില്ല'', ഞാൻ ധൈര്യപ്പെടുത്തി. ചുമരുകളിലൊക്കെ പൂക്കൾ വെച്ചിരുന്നു. മരിച്ചവരുടെ ലംബമായ പൂന്തോട്ടം.
ഒരരികിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നത്. ഒടുവിൽ ഒരു നടുത്തളത്തിൽ എത്തിയപ്പോഴാണ് ആ വിഷാദവിലാപങ്ങൾ കേൾക്കുന്നത്... ഞാൻ തെല്ലമ്പരന്നു. അതൊരു ശവസംസ്‌കാരഘോഷയാത്രയായിരുന്നു. മരിച്ചു പോയ ആർക്കോ ഒരാൾക്കു വേണ്ടി പ്രിയപ്പെട്ടവർ നടത്തുന്ന വിലാപയാത്ര... അത് ഗൈഡഡ് ടൂറാണെന്നു കരുതിയ ഞാനെന്ത് വിഡ്​ഢി.
നടുത്തളത്തിൽ പെട്ടിയിൽ ഐസുകാറ്റേറ്റ് ശാന്തമായി അയാളുറങ്ങി. 28 വയസ്സു തോന്നുന്ന ചെമ്പൻ താടിവെച്ച ഒരു ചെറുപ്പക്കാരൻ...

ചാപ്പലിൽ പ്രത്യേകമായി വെച്ച ഒരു ടി.വിയിൽ ഫ്രഞ്ച് പ്രസിഡൻറ്​ ഒലാദ് തന്റെ ദുഃഖം അറിയിക്കുന്നതായിക്കണ്ടു...ഏയ് ഒന്നല്ല, മൂന്നാല് അടക്കങ്ങൾ, ചടങ്ങുകൾ നടക്കുന്നു. മനുഷ്യർ പൂക്കൾ സമ്മാനിക്കുന്നു. ഏങ്ങുന്നു. നെടുവീർപ്പിടുന്നു.
ഞാനും സോമില്ലായും പെ​ട്ടെന്ന്​ പുറത്തിറങ്ങി. മുഖ്യവഴിയിൽ ഒരു മേശപ്പുറത്ത് ചെറുപ്പക്കാരന്റെ പടമുണ്ടായിരുന്നു. അയാൾ സൈക്കിളിൽ ചാരി നിൽക്കുന്ന പടം. 25 വയസ്സ്.. കൊല്ലപ്പെട്ടത് ഭീകരാക്രമണത്തിൽ.
""ഇവിട്യൊക്കെ ഇങ്ങനെയാണ്. മരിച്ചതിന്റെ 10 മത്തെ ദിവസമൊക്കെയാണ് അടക്കം നടത്തുക'', ദേവി പറഞ്ഞത് ഞാനോർത്തു.

കാണെക്കാണെ കാഴ്ചകൾ പെരുകുന്ന പോലെ.
മരണം നിഗൂഢമായ ഒരു ജാരനെപ്പോലെ അവിടവിടങ്ങളിൽ പതുങ്ങിയിരുന്നു. മരിച്ചവരുടെ ലിസ്റ്റ് ഇട്ടിരുന്നു. ആൽഫബെറ്റിക്ക് ഓർഡറിൽ. സൈൻറ്​ സൈമണും അഗസ്‌തേ കോംതെയും ഓസ്‌കാർ വൈൽഡും ജിം മോറിസണും... 2010 നു ശേഷം മരിച്ചവരുടെ ലിസ്റ്റ് പരതിയും ഗൂഗിൾമാപ്പിട്ടും സോമില്ലാഹും ഞാനും മരിച്ചവരെ കണ്ടു.

വിചിത്രമായ ആചാരങ്ങളസംഖ്യമുള്ള ഇടമാണ് പെർലാഷേ സിമിത്തേരി. ഓസ്‌കാർ വൈൽഡിനെ തേടി കാമുകിമാർ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ചെറുപ്പക്കാരനായ വൈൽഡിന്റെ ജീവനുള്ള പ്രതിമ. കയ്യിൽ ചുവന്ന റോസാപ്പൂവ്. വാനമ്പാടിയും പനിനീർപ്പൂക്കളും എന്നു പേരുള്ള ഒരു വിവർത്തന പുസ്തകം വായിച്ചതോർത്തു. പെണ്ണുങ്ങൾ വന്ന്​ ലിപ്സ്റ്റിക് തേച്ച ചുണ്ടുകൾ കൊണ്ട് കല്ലറയിൽ ചുംബിച്ചു. നിറയെ ചുംബനങ്ങൾ തിണർത്തു കിടക്കുന്ന കല്ലറ. എനിക്ക് ചുംബിക്കാനൊന്നും തോന്നിയില്ല. നേരിട്ടു കണ്ടാൽ ഏതു പെണ്ണും ചുംബിക്കുന്നത്ര സുന്ദരനാണദ്ദേഹമെന്നു മാത്രം മനസ്സിലായി. പണ്ട് പാടിപ്പടിച്ച കവിതയിലെ വരികൾ കല്ലു കൊണ്ട് കല്ലറിയിൽ കോറിയിട്ടു.

Too soon indeed! yet here the daffodil,That love-child of the Spring, has lingered onTo vex the rose with jealousy, and stillThe harebell spreads her azure pavilion,

തീർച്ചയായും കാണേണ്ട കല്ലറയായി ഗൂഗിൾ പറഞ്ഞത് ജിം മോറിസണിന്റെ കല്ലറയാണ്. പത്ത് മറക്കാനാവാത്ത കുടീരങ്ങൾ എന്ന ലേഖനം ഞാൻ വായിച്ചിരുന്നു. ജിം മോറിസൺ എന്ന പാട്ടുകാരൻ മരണത്തിനു ശേഷവും ആരാധകരെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അവിടെയും കൾട്ട് കല്ലറയായി മാറിയിരുന്നു. നിറയെ ഗ്രാഫിറ്റികൾ കോറി നിറഞ്ഞ ചുമരുകൾ. പുകയെടുത്തു കൊണ്ടു നിൽക്കുന്ന ഒരു തൊപ്പി ധരിച്ച അർദ്ധകായ പ്രതിമ. സമ്മാനങ്ങളായി അനവധി മദ്യക്കുപ്പികളും പൂക്കളും സിഗറിന്റെ പാക്കറ്റുകളും.
""സീ ദിസ്'' സോമില്ലാഹ് സന്തോഷത്തോടെ ഒരു പാത്രം എടുത്തു കാണിച്ചു.
""ചീട...'' കഞ്ചാവിന്റെ മൂത്ത വിത്തുകൾ.
""കൊള്ളാം. വെറുതെയല്ല ചിലർ ഇവിടെ കറങ്ങുന്നത്. ഇതെടുത്ത് കൊണ്ടു പോകാനാണ്. വ്യത്യസ്തങ്ങളായ മയക്കുമരുന്നുകളും മദ്യങ്ങളും ഇവിടെ നിന്ന്​മോഷ്ടിക്കുന്ന പതിവുകാരുണ്ട്.''

ജിം മോറിസൺ കാണാൻ അതി സുന്ദരനായിരുന്നു. അനവധി തവണ മയക്കുമരുന്ന് കേസിൽ ജയിലിൽ പോയി. ഒടുക്കം മരുന്ന്​ അമിതമായി എടുത്തതിനാണ് മരിച്ചതും.
""മറ്റൊരു കല്ലറ കൂടി നിർബന്ധമായിട്ട് കാണണം.'' സോമില്ലാഹ് തന്റെ ഡയറിയെടുത്ത് ആ ശവക്കോട്ടയുടെ പേരു വായിച്ചു.
""അബിലാഡ് , ഹെലോയിസ്സ്. കേട്ടിട്ടുണ്ടോ?''
""നോ ഐഡിയാ'' എന്റെ ലിസ്റ്റിൽ ആ പേരില്ലായിരുന്നു.
""നിങ്ങൾക്ക് പെർലാഷെ അറിയില്ലായിരുന്നല്ലൊ. പിന്നെ ഈ പേരെങ്ങനെ എഴുതി?''
""ഇവിടെ പോകണമെന്ന് ഒരു സുഹൃത്ത് പറഞ്ഞു തന്നിരുന്നു. അത് പെർലാഷ്യെആണെന്നറിയുകയില്ലായിരുന്നു. പെ​ട്ടെന്ന്​ ഓർമ്മ വന്നു''
""ഇവരുടെ കഥ വളരെ സങ്കടകരമാണ്. ഹെലോയിസ്സിനെ പഠിപ്പിക്കാൻ വന്ന പാതിരിയായിരുന്നു അബിലാഡ്. പ്രേമത്തിലായി. 20 വയസ്സിളപ്പമായിരുന്നതൊന്നും പ്രശ്നമാക്കാതെ പ്രേമമായി. ഗർഭിണിയായപ്പോളിരുവരും ഒളിച്ചോടി. പക്ഷെ ഹെലോയ്സിന്റെ ബന്ധുക്കൾ നഗരപ്രമുഖരായിരുന്നു. അവർ ഇരുപേരെയും പിടിച്ചുകൊണ്ടു വന്നു. ഹെലോയ്സ്സിനെ സന്യാസിനിയാക്കി. അബിലോർഡിനെ ഷണ്ഡീകരിച്ചു... അവരു പിന്നെ കണ്ടിട്ടേയില്ല. നെറയെ കത്തുകളെഴുതിക്കൊണ്ടേയിരുന്നു. വുമൺ ഓഫ് ലെറ്റേഴ്സ്​​ എന്നാണ് ഹെലെനോയ്സ്സ് അറിയപ്പെട്ടത്. വല്ലാത്തൊരു കഥയാണത്. നിങ്ങൾ വായിക്കണം''
പക്ഷെ ഈ കല്ലറകൾ എവിടെയെന്ന് ഞങ്ങൾക്കറിയുകയില്ല. കല്ലറകളിലേയ്ക്കുള്ള അകാരാന്ത ബോഡുകൾ നോക്കി. 12ാം നൂറ്റാണ്ടിലെ കല്ലറകൾ ഏറെ അകലെയായിരുന്നു. എങ്കിലും നിരവധി കുടീരങ്ങൾ വീടുപോലെ തോന്നിക്കുന്ന ഒറ്റയടിപ്പാതയിലൂടെ ഞങ്ങൾ നടന്നുകൊണ്ടേയിരുന്നു. ആഞ്ഞിലിച്ചക്കകൾ പഴുത്തു വീണ നാലുംകൂടിയ പാതയിൽ നിന്ന്​ ശ്മശാനമതിന്റെ പുതിയ മുഖം കാണിച്ചു. അനാഥമാക്കപ്പെട്ട അസംഖ്യം കല്ലറകൾ..
പ്രാചീന ലോകം പോലെ പഴകിയ ഭിത്തികൾ.
ആത്മാവുകളുടെ നിലവിളി പോലെ ചുറ്റിക്കറങ്ങുന്ന സാഹസികനായ ധ്രുവക്കാറ്റ്..
മനുഷ്യരിവിടെയ്‌ക്കൊന്നും വരില്ലന്ന്​ എനിക്ക് മനസ്സിലായി. പുല്ലുകൾ തഴച്ചു വളർന്ന യൂറോപ്പിലെ നാട്ടുപാത പോലെ വിജനമായിരുന്നു സിമിത്തേരിയുടെ ആ ഭാഗം.

അശാന്തകരമായ എന്തോ ഒന്ന് എന്റെ ഹൃദയത്തെ അസ്വസ്ഥമാക്കി. മരണം അതിന്റെ പ്രാകൃത ഗന്ധവും പേറി ആത്മാക്കളുടെ ഗൂഢലോകം തുറന്നതാണ്. അല്ലാതെ മറ്റൊന്നല്ല....
മരണലോകത്തിന്റെ ആ അത്ഭുതത്തിലെയ്ക്ക് ഞാനും അപരിചിതനായ സോമില്ലാഹ്യും സഞ്ചാരം തുടങ്ങി. കുറുക്കന്മാരും ഇഴജന്തുക്കളും കരിമ്പൂച്ചകളും ഞങ്ങളെ നോക്കി.
പൊടുന്നനെ കടുത്ത തണുപ്പ് വീഴാൻ തുടങ്ങി. രാവിലെ പതിനൊന്നു മണിയ്ക്ക് തന്നെ ഇരുളും വീണു തുടങ്ങി. മരങ്ങളസംഖ്യമുള്ള കല്ലറക്കൂട്ടങ്ങളിലേയ്ക്ക് ഞങ്ങൾ നടന്നു.. വെള്ളപ്പഞ്ഞി ആകാശത്തു നിന്നും പിച്ചിയിട്ട പോലെ കല്ലറകളിൽ മഞ്ഞുവന്നു കുമിഞ്ഞു... ഞാനും കോട്ടും സോമില്ലയും. കുട നിവർത്തിയിട്ടും മഞ്ഞു ഞങ്ങളെ പൊതിഞ്ഞു....
ഒരു യൂറോപ്യൻ പ്രേതസിനിമയിൽ കാണുന്ന സ്വപ്നത്തിൽ ഞാനഭിനയിക്കുകയാണോ എന്നെനിക്കു തോന്നി...
നീലിച്ച മഞ്ഞുപൊഴിയുന്ന വന്മരങ്ങളുടെ നടപാതകൾ. നരിച്ചീറുകൾ തൂങ്ങിക്കിടക്കുന്ന ചില്ലകൾ. പൂപ്പലാർന്ന കല്ലറകൾ.. മുഖം മാഞ്ഞുപോയ മനുഷ്യർ.. മെഴുകുതിരി കരിഞ്ഞതിന്റെ ഗന്ധം. കല്ലറയിൽ പതുങ്ങിക്കിടക്കുന്ന വിഷമില്ലാത്ത സർപ്പത്തിന്റെ സാത്താൻ കണ്ണുകളിലെ പളുങ്ക സമുദ്രം.
""ദൈവമേ..''
""എന്താ എന്തു പറ്റി?'' സോമില്ലാഹ് നിന്നു.
""ഭയം തോന്നുന്നുണ്ടോ?''
""ഏയ് എന്തിനു. ഞാനില്ലേ. അവൻ കുടയ്ക്കുള്ളിലേയ്ക്ക് എന്നെ ചേർത്തു പിടിച്ചു.
നീലയിരുൾ വഴികളെ പൊത്തിനിന്നു. തവളകളുടെ കർച്ചിലുയർന്നു.
അപരിചിതമായ മരണപാടത്തിലൂടെ കറുത്ത വർഗ്ഗക്കാരനായ കിളരം കൂടിയ നായകനൊപ്പം സ്‌പെയിനിലെ ബസ്താൻ താഴ്വരയിലെ സിമിത്തേരിയിൽ ഞാൻ നിൽക്കുംപോലെയായിരുന്നു അത്. എല്ലുകളുടെ പാരമ്പര്യം എന്നായിരുന്നു ആ ട്രിലോജിയിൽ ഒന്നിന്റെ പേര്​. നടക്കുമ്പോൾ മരിച്ചവരുടെ അസ്ഥികൾ ക്ലക്ക് ക്ലക്ക് എന്നു കിലുങ്ങുന്നതു കേട്ടു...

മഞ്ഞിന്റെ വെള്ളക്കൂനയിൽ ഞാൻ പുതയുന്നത്, വെളുത്ത ഉടുപ്പിട്ട ആത്മാക്കൾ മുഖമില്ലാതെ നൃത്തം ചെയ്യുന്നത് ഒക്കെ എനിക്ക് കാണാനായി.
ഞാൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ പിറന്ന എന്റെയേതോ പൂർവികയെപ്പോലെയായിരുന്നു...
കുട വലിച്ചെറിഞ്ഞ് മഞ്ഞു തൊഴിയുന്ന നടപ്പാതയിലെ പുല്ലുകളിൽ ഞാൻ ഉന്മാദനൃത്തം തുടങ്ങി...
മരണപാടങ്ങളിൽ നിന്ന്​ ആത്മാവുകളുടെ സാക്‌സ്‌ഫോൺ സംഗീതം ഞാൻ കേട്ടു...
ഗില്ലറ്റിനുകളിൽ കൊല്ലപ്പെട്ട മനുഷ്യരുടെ തലയില്ലാത്ത നിലവിളികൾ കേട്ടു..
എന്റെ മരണപാടങ്ങളിൽ കടുക് പൂത്തു.. മഞ്ഞ വസന്തങ്ങൾക്ക് മീതെ കടുക് പൊട്ടിയ്ക്കാൻ അനേകായിരം പ്രാകൃത ദുർമന്ത്രവാദിനികൾ ചൂലേറിപ്പോയി. അപ്പൂപ്പൻ താടിയ്ക്കാ പോലൊന്നു പൊട്ടിപ്പടർന്നു...
എന്റെ കൊലുസുകളുടെ വിഷാദാത്മക സംഗീതം മഞ്ഞപ്പൂക്കൾക്കു മീതെ മഞ്ഞായ് പെയ്തു.▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments