ചിത്രീകരണം: കെ.പി. മുരളീധരൻ

കത്തുതീ കാട്ടുതീ കത്തുമീ ഞാൻ

എന്റെ കഥ- 3

ഞാൻ ചിരിക്കുന്ന പോലെ അഭിനയിച്ചു. വിറയോടെ കത്ത് കയ്യിൽ വാങ്ങി. ഭയം കാരണം എനിക്ക് സാറിനോട് സത്യം പറയുവാൻ കഴിഞ്ഞില്ല. എന്റെ അസ്ഥികൾ ഭയത്തിന്റെ അമ്ലതയാൽ പൂതലിച്ചിരുന്നു. ശരീരം അപമാനത്താൽ അടർന്നു വീണിരുന്നു. അത് മാധവിക്കുട്ടിയെഴുതിയതല്ല മറിച്ച് ഊമക്കത്തെഴുത്തുകാരന്റെ ഭീഷണിയാണെന്ന് മനസ്സിലായി. അതിലുമപ്പുറം. ആ കഥ ഞാൻ എന്റെ പേരിൽ അല്ല എഴുതിയിരുന്നത്. ഇന്ദൂ മേനോനെ, ഇന്ദ്രാ മേനോനെ എന്നു കൂടി എഴുതിയ അഭിസംബോധന കണ്ടപ്പോൾ ഞാൻ ശരിക്കും തകർന്നു പോയി

ഇനിയും ഇനിയും ഇത് മാധവിക്കുട്ടിയുടെ എഴുത്തല്ല എന്നെനിക്കറിയാമായിരുന്നു. അന്നു രാവിലെയും കൂടി ഞാൻ മാധവിക്കുട്ടിയുമായി സംസാരിച്ചതാണ്. മാത്രമല്ല ഒപ്പിട്ടിരിക്കുന്നത് മാധവിക്കുട്ടി എന്നാണ്. അവരുടെ ഒപ്പ് കമല എന്നാണെന്ന് എനിക്കറിയാം. പക്ഷെ ഊമക്കത്തുകാരനു അറിയില്ലല്ലോ.

ഇതൊരു സൂചനയാണ് കത്ത് വരും. നീ പോകുമിടത്ത് കത്ത് വരും. വിശ്വരൂപിയായ ഒരു ഊമക്കത്തിനെ ഞാനയക്കും. നിന്റെ കോളേജിൽ നീ നാണം കെടും.

പിന്നെ ഒരു ഊമക്കത്തുകളുടെ വസന്തകാലമായിരുന്നു. കോളേജിൽ വരുന്ന കത്തുകൾ എനിക്ക് കിട്ടാറില്ല. എന്നാൽ വീട്ടിലേയ്ക്ക് കത്തുകളുടെ പെരുമഴക്കാലമായി. ക, മ, പ, ത, റ, ഇതാണു പഞ്ചാക്ഷരികൾ. നിങ്ങൾ ഓർത്തു നോക്കൂ ഏത് പച്ചത്തെറിയിലും ഈ അഞ്ചിലൊരക്ഷരം ഉണ്ടാകും. ഏതു പച്ചത്തെറിയിലും ൾ, ൺ ചില്ലക്ഷരങ്ങളേ കാണൂ. ചുരുക്കത്തിൽ അക്ഷരമാലകളെ പഞ്ചാക്ഷരമാലകളായി അവ ചുരുക്കിക്കളഞ്ഞു. ഭാഷയ്ക്ക് അമ്പത്തിയാറക്ഷരം ആവശ്യമില്ലെന്ന് എനിക്ക് മനസ്സിലായി. മനുഷ്യനെ ഉടച്ചുകളയാൻ മഹത്സൃഷ്ടികൾ വേണ്ടെന്നെനിക്ക് മനസ്സിലായ്. മൈരു, പൂറു, കൂണ്ണ, പണ്ണ, തായോളി, കന്ത്, പുലയാടി, പറി, പൂളാച്ചി, പൂള, അണ്ടി, ആനയണ്ടി, മലമൈരു, വെടി, പറവെടി, വെപ്പാട്ടി, ഊത്തൻ, ജാരൻ, മറ്റോൻ, മറ്റോളു, പുളുത്തൽ, കോണോത്തില്, പട്ടിപ്പെലയാടി, ഷണ്ഡൻ, ക്ലീബൻ, തേവിടി, കൂതി ക്ലാസ്സ് വൺ തെറികൾ കേട്ടാൽ, വായിച്ചാൽ, ശബ്ദതാരാവലി എടുത്ത് അർത്ഥങ്ങൾ വായിക്കുന്ന മാത്രയിൽ മനുഷ്യർ ഉലഞ്ഞു തീർന്നു പോകുന്ന അവസ്ഥ. ദേവി സരസ്വതിയാണു വാഗ്‌ദേവത എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പോയിട്ട് ഓർക്കാൻ പോലും കഴിയാത്ത അവസ്ഥ. അത്തരത്തിലുള്ള കത്തുകളാണവ. എനിക്കു മാത്രമായി ആരോ അയക്കുന്നുവെന്നാണു ഞാൻ ആദ്യകാലത്ത് കരുതിയത്. എന്റെ എഴുത്തുകൾ അച്ചടിച്ച് വരുമ്പോൾ അത്തരം കത്തുകളുടെ എണ്ണം കൂടും.
വീട്ടിൽ വരുന്ന കത്തുകളെപ്രതി എനിക്ക് ഭയമില്ലായിരുന്നു. പോസ്റ്റ് ഓഫീസുമായി എനിക്ക് നേരിട്ട് ബന്ധമുള്ളതിനാൽ എല്ലാ കത്തുകളും എനിക്ക് തന്നെ കിട്ടി. കോളേജിൽ കത്തു വരുന്നുണ്ടെന്ന തോന്നലിൽ ഞാൻ വെറികൊണ്ട പൂച്ചയെപ്പോലെയായി. ഓരോ വാക്കുകളും വാക്യങ്ങളും എന്നെ അസ്വസ്ഥമാക്കി. ഒരു വാക്കിലെ തെറി മാത്രമായിരുന്നില്ല അത്. തെറിയുടെ ഡിസ്‌കോഴ്സ്സ്. തെറിയുടെ വന്യവ്യവഹാരമായിരുന്നു അത്.

ഒരു കത്തിൽ എനിക്ക് ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടികളുമായി പ്രേമമാണെന്നായിരുന്നു. അടുത്തകത്തിൽ അത് തെങ്ങുകയറ്റക്കാരനും മീങ്കാരനും ബസ് കണ്ടക്ടറുമായി മാറി. പ്രേമം മാറി അടുത്ത കത്തിൽ എനിക്കവരുമായി അവിഹിതബന്ധമെന്നായി. അടുത്ത കത്തിൽ അതിന്റെ വിവരണമായി. എന്റെ ശരീരം, അതിന്റെ അഴകളവുകൾ, അതിന്റെ ഉപയോഗം, കത്തുകൾ വായിച്ച് ഞാൻ ഭയങ്കരമായി ഓക്കാനിച്ചു. കഴിച്ച ഭക്ഷണങ്ങൾ അന്നുമാത്രമല്ല അതിനുമുമ്പ് കഴിച്ച മുഴുവൻ ഭക്ഷണവും എന്തിനു അമ്മയുടെ മുലപ്പാൽ വരെ ഞാൻ ഛർദ്ദിച്ചു. എന്നിട്ടും അറപ്പ് മാറിയില്ല. വെറുപ്പ് മാറിയില്ല.

ജീവിതകാലം മുഴുവൻ, അന്നുമിന്നും എന്നും കത്തുകളെ ഭയന്നാണ് എന്റെ ജീവിതം. ദാമ്പത്യത്തിനകത്ത് കടന്നു വരുന്ന കത്തുകളേക്കാൾ അപകടകരമായിട്ടൊന്നുമില്ല. ഭാര്യയുടെ കാമുകൻ, അവിഹിതബന്ധം, രഹസ്യപ്രേമം, ജാരൻ തുടങ്ങി പലതരമുണ്ടാകും. കുട്ടിക്കാലത്തെയും എന്റെ പിൽക്കാല ജീവിതത്തെയും സംയമനത്തെയുമൊക്കെ ഈ കത്തുകൾ ബാധിച്ചിരുന്നു. വിവാഹശേഷം എന്റെ ഭർത്തൃവീട്ടിലേയ്ക്കും അവരുടെ ബന്ധുക്കൾക്കുമൊക്കെ കത്തുകൾ ചെന്നുകോണ്ടേയിരുന്നു. കൃത്യമായ സഭാചട്ടങ്ങളോടെ ജീവിക്കുന്ന ഒരു ക്രിസ്തീയകുടുംബത്തിന് താങ്ങാനാകുന്നതിലുമപ്പുറത്തായിരുന്നു ഈ അധമകത്തുകൾ. അവയെക്കുറിച്ച് പിന്നീട് പറയാം.

വീണ്ടും വീണ്ടും കത്തുകൾ. ആരോടും പറയാനാകാത്ത അവസ്ഥ. പിന്നെ പിന്നെ ചർദ്ദിക്കാതായി. ഒരുതരം ഏക്കം. അവനവനോടും ലോകത്തോടുമുള്ള വെറുപ്പ്, ഈറി. ചില കത്തുകൾ വായിച്ചതിനുശേഷം എനിക്ക് സ്വയംകത്തുന്നതു പോലെ തോന്നി. കാട്ടുതീയായ് മാറിയ കാടു പോലെ എനിക്ക് കടുത്ത പനിവരാൻ തുടങ്ങി. ലോകം വലിയൊരു മൃഗമാണ്. അതു നമ്മളെ കടിക്കുന്നു. കൊല്ലാൻ പാകം പോലെ വേട്ട കൊള്ളുന്നു. കഷണം കഷണമായി വിഴുങ്ങുന്നു. ആ ലോകമാണ് ഇത്തരം കത്തുകളുണ്ടാക്കുന്നത്. നടപ്പുവഴിയിലെ മതിലോരങ്ങളിൽ, മൊഫ്യൂസിൽ ബസ്റ്റാന്റിന്റെ പിൻ ചുമരുകളിൽ, തീവണ്ടികളുടെ മൂത്രപ്പുരകളിൽ ലോകം അക്ഷരമൃഗങ്ങളായ് ചുരുണ്ടു കിടന്നു. ഒന്നെനിക്കുറപ്പായിരുന്നു. ഒരു സ്ത്രീയും അപ്രകാരം എഴുതുകയില്ല. അവൾക്കതിനു സാധിക്കയില്ല. അതൊരു പുരുഷനെഴുതിയ കത്തുകളാണ്.
ആര്?
ആര്?
ആര്?
ഒരുത്തരവും കിട്ടുന്നില്ല. ഒരിക്കൽ ഫറോക്കിൽ നിന്നും അയച്ചാൽ അടുത്തദിവസം കല്ലായിയിൽ നിന്നായിരിക്കും അതിനുമടുത്തദിവസം പേരാമ്പ്രയായിരിക്കും തൊട്ടടുത്ത ദിവസം കൊണ്ടോട്ടിയാവും അടുത്ത കത്തിൽ നരിക്കുനി പോസ്റ്റാപ്പീസ്സിന്റെ സീലുണ്ടാകും. അമ്മയോട് പറയണമെന്നുണ്ട്. അച്ഛനോട് പറയാൻ വയ്യ. സുഹൃത്തുക്കളോട് പറയുവാൻ വയ്യ. ഉള്ള് വിങ്ങുകയും ചോരുകയും ചെയ്യുന്നു. 17 വയസ്സാണ്. പെൺകുട്ടിയാണ്. ഗ്രാമത്തിലാണ്. നഗരത്തിലെ കോളേജിന്റെ അമ്പരപ്പ് അടങ്ങിയിട്ടില്ല. ആൺകുട്ടികളൂടെ പക ഭയാനകമാണ്. അവരായിരിക്കുമോ എഴുതിയത്? എഴുതുന്ന പെൺകുട്ടിയോട് പക, ആരോടും കൂസാത്തവളോട് പക, ഒരുത്തന്റെയും പ്രേമത്തെ സ്വീകരിക്കാത്ത ഗർവ്വിനോടുള്ള പക. തലകുമ്പിടാത്ത ആരേയും ഭയക്കാത്തവളോടുള്ള പക. അതായിരിക്കുമോ?

അക്കാലത്ത് എന്റെ ഭാരം അമിതമായി കുറഞ്ഞു 17 വയസ്സിൽ 30 കിലോ. അണ്ടർ വെയിറ്റ്. ഭക്ഷണം ഇറക്കാനാവില്ല. ഉറങ്ങാനാവില്ല. കത്തുകളുടെ മഴക്കാലമാണ്. മഴയ്ക്കുപോലും നീലയില്ലന്റ് നിറം തോന്നിപ്പിക്കുന്ന പേടി സ്വപ്നങ്ങളാണ്. ഉറക്കത്തിൽ ഭയം ഞെട്ടുന്നു.. തൊടിയിലിറങ്ങാൻ വയ്യ. റോഡിൽ നടക്കാൻ വയ്യ. എന്നും എന്നെ കാത്ത് നീല ഇല്ലെന്റിൽ നീലയും കറുപ്പും മഷിയിലിഴയുന്ന വിഷപ്പാമ്പുകളാണ്.

തലപൊട്ടുന്നു. മരിച്ചാൽ മതിയെന്നു തോന്നുന്നു. വീട്ടിലേക്കയക്കുന്ന പോലെയല്ല കത്തുകൾ കോളേജിലേയ്ക്കയക്കുന്നത്. പ്രിൻസിപ്പൽ, വകുപ്പ് തലവൻ, മലയാളാധ്യാപകർ, മാധവിക്കുട്ടി അഭിനന്ദനമറിയിച്ച ഒന്നാം വർഷക്കാരിയോടുള്ള അനുമോദനമറിയിക്കുമ്പോൾ എനിക്ക് ഉള്ള് വിറച്ചു.

ഇത് രണ്ടാം ഘട്ടമാണ്. വീട്ടിലെ പോസ്റ്റുമാനെ പതുക്കിയ പോലെ കോളേജിന്റെ പോസ്റ്റുമാൻ വഴങ്ങുകയില്ല. കത്തുകൾ ഓഫീസിലേയ്ക്ക് കൊടുക്കും. അത് സ്റ്റാഫുകൾ വായിക്കും. ചോദ്യങ്ങൾ ചോദിക്കും. കുഴപ്പമുള്ളവ വിളിച്ചു തരും. അല്ലാത്തവ ജനാൽപ്പടിയ്ക്കൽ പൊട്ടിച്ചിടും. കത്തുകൾ വായിച്ചാൽ എന്നെ വിളിപ്പിക്കും. ഉറപ്പ്

ആരായിരിക്കും ഈ കത്തയക്കുന്നത്? എന്തിനായിരിക്കും ഈ കത്തയക്കുന്നത്? ഞാൻ പ്രാണനടർന്ന ദേഹത്തെപ്പോലെ വരാന്തയിൽ ബോധംകെട്ടു വീണു. ആരൊക്കെയോ വെള്ളം കുടഞ്ഞു. എന്റെ കയ്യിലെ കത്തിൽ നീലമഷി കലങ്ങിപ്പരന്നു. കണ്ണീരു കൊണ്ട് എന്റെ മുഖം നനഞ്ഞു.
ആരായിരിക്കും?
ആരായിരിക്കും?
ഓരോ മനുഷ്യനെയും ഞാൻ സങ്കടത്തോടെ സംശയത്തോടെ നോക്കി. ആരാണെനിക്കു പുറകെ അദൃശ്യമായ കരത്തോടെ നടക്കുന്നത്? ഇനി എന്തായാലും കോളേജിലേയ്ക്ക് അയക്കപ്പെടും. പ്രിൻസിപ്പൽ വായിക്കും. ഞാൻ കുനിഞ്ഞശിരസ്സോടെ നിൽക്കേണ്ടി വരും. എനിക്ക് മരിച്ച് പോയാൽ മതിയായിരുന്നു. ഒരു കാര്യം എനിക്കുറപ്പായി. ഇത് കോളേജിലെ ആളുകളല്ല അയക്കുന്നത്. എന്റെ ഈ രഹസ്യപ്പേരു എനിക്കും എന്റെ വീട്ടുകാർക്കുമല്ലാതെ മറ്റാർക്കും അറികയില്ല. കോളേജിലെ പയ്യന്മാരല്ല എന്നെനിക്കാ നിമിഷം തോന്നി.

കോളേജിലെ പയ്യന്മാരാണോ അയക്കുന്നത് എന്ന തോന്നലിനു മറ്റു കാരണങ്ങളുമുണ്ടായിരുന്നു. എന്റെ വസ്ത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളായിരുന്നു. അക്കാലത്ത് അനിതരസാധാരണാമാം വിധം മെലിഞ്ഞിരുന്നവളായിരുന്നു ഞാൻ. എന്നാൽ എന്റെ മെലിഞ്ഞ ശരീരത്തിനു യോജ്യമല്ലാത്തവിധം നെഞ്ചും മുടിയും ഉണ്ടായിരുന്നു. സാരി ഉടുത്തു വരുന്ന ദിവസങ്ങളിൽ""എന്തിനാണു നീ ഇത്രയും വലിയ പാഡഡ് ബ്രാ ഉപയോഗിക്കുന്നത്?'' എന്ന് എന്റെ സഹപാഠി ദിൽഷാദ് ബാനു അമർഷപ്പെട്ടു.
മുടി മുമ്പോട്ടിട്ടാൽ പിന്നെ നെഞ്ച് കാണുകയില്ലെന്ന് ഒരാശ്വാസമുണ്ടായിരുന്നു. ഞാൻ പ്രീഡിഗ്രിക്കു പഠിച്ച കോളേജിൽ മുദാസ്സിർ എന്ന ഒരു കൊമേർഴ്സിലെ ആൺകുട്ടി ഞാൻ നടന്നു വരുമ്പോൾ""ഇബളെ ഇജി തിന്ന്ന്നത് ഒക്കെ മൊലേൽക്കും മുടീമ്മൽക്ക്വാണോ പുഗ്ഗണത്?'' എന്നു ചോദിച്ചു.

ഫാറൂഖ് കോളേജ് ഞാനെടുത്ത് തലകീഴായി മറിച്ചിട്ടു. പ്രിൻസിപ്പലിനടുത്തേയ്ക്ക് പരാതിയുമായി പോയി. കത്തിൽ എന്റെ ശരീരത്തെക്കുറിച്ചുള്ള അശ്ലീലകരമായ വർണ്ണനയുണ്ടായിരുന്നു. ആ സംഭവത്തിന്റെ ഷോക്ക് ഉള്ളിലുള്ളതിനാൽ ഏതു കോളേജിലെയും ആൺകുട്ടികൾക്ക് അത്തരമൊരു നീചമനസ്സുണ്ടെന്നു ഞാൻ വിശ്വസിച്ചു. തലയുയർത്തി നടക്കുന്നവളെ ഭീരുവല്ലാത്തവളെ ഒതുക്കുക എന്നത് പുരുഷക്കൂട്ടത്തിന്റെ അജണ്ടകളായിരുന്നു. മാന്തു നഖം പുറത്ത് വന്ന പൂച്ചയെപ്പോലെ വെറിപൂണ്ട് ഞാൻ പ്രതിരോധിച്ചു. ആണ്മയെ വെറുത്തു. എല്ലാ ആൺകുട്ടികളും ചത്തു തുലയട്ടെയെന്നു ഞാൻ പ്രാകി. എന്നോട് പ്രേമമറിയിച്ച് വന്ന ആൺകുട്ടികളെ ഞാൻ വെറുത്തു. അവനോ ഇവനോ കത്തയക്കുന്നത് എന്ന ആധിയിൽ പുരുഷകുലത്തെ തന്നെ വെറുത്തു

ഇലയിലുണ്ട് മരത്തിലില്ല

സമാന്തരമായി കത്തുമായ് ബന്ധപ്പെട്ട് മറ്റൊരു സംഭവവുമുണ്ടായി. കത്തിൽ പ്രതി അസ്വസ്ഥയായി നടന്ന എന്നെ കാണാനായി കൃത്യം രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ സീനിയറായ ഒരാൺകുട്ടി ക്ലാസ്സിൽ വന്നു. നേരം വൈകിവന്നും വൈകുന്നേരം നേരത്തെ പോയുമിരുന്ന എന്നെ കാണാൻ അവനു കഴിഞ്ഞില്ല. ഓരോ രാവിലകളിലും കൂട്ടുകാർ കോറസ്സായി പറഞ്ഞു""ഫസ്റ്റ് എം എയിലെ മനു വന്നിരുന്നു'' ""എന്തിനു?'' ""അതു പറഞ്ഞില്ല'' മൂന്നു ദിവസം തുടർച്ചയായി രാവിലെയും വൈകിട്ടും അയാൾ എന്നെ അന്വേഷിച്ച് വന്നു.

നാലാം ദിവസം ഞാൻ കാത്തുനിന്നു. എനിക്ക് ചെറുതായി അരിശവും അസ്വസ്ഥതയും വന്നു തുടങ്ങിയിരുന്നു. എന്റെ കൂട്ടുകാർ ചോദിക്കുമ്പോൾ അയാളൊന്നും മിണ്ടുന്നില്ല. എന്തു നാശം?""എന്താണു നിങ്ങളുടെ പ്രശ്നം?'' എനിക്ക് പണ്ടെ പിജിക്കാരെ പേടിയില്ല. വിലയുമില്ല. തികഞ്ഞ പുച്ഛത്തോടെ ഞാൻ അയാളോട് ശബ്ദമുയർത്തി.
അയാൾ ബാഗു തുറന്നു. മഞ്ഞകാർഡ്. എനിക്ക് നീട്ടി. എന്റെ ചങ്ക് വീണ്ടും കത്തിപ്പിടിച്ചു. ഒരാൺകുട്ടിയെ കൗതുകപ്പെടുത്തുന്ന തരത്തിൽ കറുത്ത അക്ഷരത്തിൽ പ്രേമമൊളിപ്പിച്ച് എഴുതിയിരുന്നു. ഊമക്കത്താണ്. അജ്ഞാത കാമുകീ കത്ത്. പക്ഷെ എഴുതിയ ആളുടെ പേരില്ല. പേരിനു പകരം കടം കഥ

""ഇലയിലുണ്ട് മരത്തിലില്ല
നന്ദയിലുണ്ട് മൊന്തയിലില്ല
എന്നിലുണ്ട് നിന്നിലില്ല''

""മനസ്സിലായില്ല'' എനിക്ക് വിറവന്നു.""നടിക്കരുത്'' അയാൾ ക്ഷുഭിതനായി.""ഞാൻ എന്തിനു നടിക്കണം?'' എന്റെ മുഖം ഞാൻ പ്രസന്നമായ് തന്നെ പിടിച്ചു. യഥാർത്ഥത്തിൽ എന്റെ മനസ്സ് ആശങ്കാകുലമായിരുന്നു. ഊമക്കത്തുകാരൻ അടുത്ത പടിയിലേക്ക് കടന്നുവെന്നു മനസ്സ് ജാഗ്രത്തായ്. വിട്ടു കൊടുക്കരുത്. പൊരുതിയേ മതിയാവൂ. എന്റെ മുഖം വാടാതിരിക്കുവാൻ ഞാൻ ശ്രദ്ധിച്ചു.""പറയൂ മി. മനു? എന്ത് നാട്യം?'' എന്റെ കണ്ണുകൾ അയാളുടെ കണ്ണുകളിലേക്ക് തന്നെ ഉറപ്പിച്ച് ഞാൻ സംസാരിച്ചു. എന്റെയുള്ളിൽ ഒരു പതർച്ചയും ഉണ്ടാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു
അയാൾ കത്തെനിക്ക് നീട്ടി
മനു കെ. സുഗതൻ""ഇന്ദു''
പന്തീരാങ്കാവ് പി.ഓ. ""നിങ്ങളെഴുതിയതല്ലെ?'' അയാളുടെ മുഖത്ത് പുച്ഛം പൂത്ത്. ഇന്ദു എന്ന വീടിന്റെ പേരു കനപ്പിച്ചെഴുതിയിരുന്നു. കയ്യക്ഷരം വ്യത്യസ്തമായിരുന്നു. ഞാൻ ആത്മവിശ്വാസം വീണ്ടെടുത്തു.""അല്ല. ഞാനല്ല. എനിക്ക് നിങ്ങളെ അറിയുക കൂടിയില്ല''. ആദ്യമായിട്ട് കാണുകയാണ്'' ഞാൻ ബാഗു തുറന്നു എന്റെ നോട്ടു പുസ്തകങ്ങൾ കാട്ടിക്കൊടുത്തു. ചതുരവടിവിൽ ബ്രെയിൽ ലിപി പോലുള്ള അമർത്തിയ അക്ഷരങ്ങൾ. അയാൾ പുസ്തകങ്ങൾ മറച്ചു നോക്കി.
അയാൾക്ക് ശങ്ക കുറഞ്ഞു. പിന്നാരാണ് എന്നൊരാലോചന മുഖത്ത് നിറഞ്ഞു. ""ഞാനാണെന്നു തോന്നാൻ?'' പുസ്തകം തിരികെ വാങ്ങി ഞാൻ""അത് ഇന്ദു എന്നത് ഡാർക്കീതോണ്ടും പേരിന്റെ സ്ഥാനത്തെ കടങ്കഥ കൊണ്ടുമാണു''
ഓഹോഹോ. ഇലയിലുണ്ട് ഇ നന്ദയിലുണ്ട് ന്ദ എന്നിലുണ്ട് നിന്നിലില്ല
""അപ്പോൾ ഉ എവിടെ സാറെ?''""എന്നിലുണ്ടെന്ന് എഴുതിയല്ലോ? ഇന്ദുവിൽ ഉ ഉണ്ടല്ലോ''
എന്റെ മനസ്സിൽ പപ്പു എണീറ്റു ""താനാരാണെന്നു തനിക്കറിയില്ലെങ്കിൽ'' എന്ന ഡയലോഗ് പൊന്തി വന്നു. ""പിന്നെ ഇന്ദു ഡാർക്കീതോണ്ടും''""മ്മ്ഹ്മ്മ്'' ഞാൻ മൂളി""എനിക്കിതിന്റെ ഒരു ഫോട്ടോക്കോപ്പി തരണം.'' ഞാനയാളോട് അഭ്യർത്ഥിച്ചു. എന്റെ മനസ്സ് വീണ്ടും സംഘർഷത്തിലായിരുന്നു. ഈ കോളേജിൽ എന്റെ പേരിൽ സീനിയർ ആൺകുട്ടിയ്ക്ക് കത്തെഴുതുന്നത് ...
ആരായിരിക്കും?
ആരായിരിക്കും? ഉത്തരം കിട്ടാത്ത സമസ്യ. ഒരു വശത്ത് അൽപ്പം ആശ്വാസവും ഉണ്ടായിരുന്നു. പച്ചത്തെറിയെഴുതി എന്റെ പേരിൽ അവർക്ക് അയച്ചില്ലല്ലോ. അത്രയും ഭാഗ്യം എന്നു ഞാൻ കരുതി. ആരായിരിക്കും ആ ആൺകുട്ടിയ്ക്ക് കത്തയച്ചത്? എല്ലാം കൂടിക്കൂടി സങ്കീർണ്ണമായി. 17 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്ക് സ്വയം കൈകാര്യം ചെയ്യാനാകുന്നതിന്റെ അപ്പുറത്ത് സീനിയർ ആൺകുട്ടി അന്വേഷിച്ചു വന്നതിൽ ക്ലാസ്സിൽ ആരവപ്പട. അയാളുടെ ക്ലാസ്സിൽ കൊങ്ങൻ പട. എന്റെ മനസ്സിൽ ടിപ്പുപട.

ഒരാളോടെങ്കിലും തുറന്ന് പറയണമെന്നുണ്ടായിരുന്നു. ഭയം എന്നെ വിലക്കി. കോളേജിലെ ആണുങ്ങളായിരിക്കും എനിക്ക് കത്തെഴുതിയതെന്ന് ഞാൻ എന്റെ മനസ്സിൽ ഉറപ്പിക്കാൻ ഒരു പ്രധാനകാരണമുണ്ടായിരുന്നു. എനിക്ക് മാത്രമായിരുന്നില്ല ഈ തെറിക്കത്തുകൾ വന്നു കൊണ്ടിരുന്നത്. എന്റെ അമ്മവീട്ടിൽ എല്ലാവർക്കും വരുന്നുണ്ടായിരുന്നു. ചെറിയമ്മമാർ, അവരുടെ ഭർത്താക്കന്മാർ അവരുടെ ബന്ധുക്കൾ അങ്ങനെ അനവധി. ഒരു ദിവസം കുടുംബത്തിൽ മൂന്നു പേർക്കെങ്കിലും കത്ത് ലഭിക്കുന്നത്ര വ്യാപകമായിരുന്നു അത്. ആരും അത് പരസ്യമായി ചർച്ചചെയ്തില്ല. എങ്കിലും അതെഴുതുന്ന ആളാരാണെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അതങ്ങനെയല്ലെന്ന് എനിക്കും. അതുകൊണ്ടാണ് എനിക്ക് കത്തയച്ചത് എന്റെ ക്ലാസ്സിലെ കോളെജിലെ കുട്ടികളാണെന്ന് ഞാൻ ഉറപ്പിച്ചത്.

മനുവിനു വന്ന കത്ത് രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ എഴുതിയതാരെന്നു ഞാൻ കണ്ടെത്തി. പ്രവിയായിരുന്നു അത് ചെയ്തത്. എന്നെ കുരുക്കണമെന്നൊന്നും കരുതിയല്ല. അഡ്രെസ്സിലെ ഇന്ദു കണ്ടപ്പോൾ എഴുതിയാളുടെ പേരു അങ്ങനാക്കി അത്രതന്നെ.""എനിക്കറിയാമോ നീ ഊമക്കത്തിന്റെ പുറകെ നടക്കുവാണെന്ന്?'' പിന്നീട് പ്രവി പറഞ്ഞു.""അതിലേയ്ക്ക് എന്റെ വകയും കൂടി'' പ്രവീൺ തല മാന്തി.
ഇപ്പോ ഇതെഴുതുമ്പോൾ ഞാൻ വീണ്ടും പ്രവീണിനെ വിളിച്ചു.""സത്യത്തിൽ ആ കത്തെഴുതിയതെന്തിനാരുന്നു?'' ""ആവോ?'' പ്രവി ഫോണിലൂടെ പൊട്ടിച്ചിരിച്ചു. ഞാനും

കള്ളം വലനെയ്ത ചിലന്തി

അക്കാലത്ത് എന്റെ ക്ലാസ്സിൽ പഠിക്കുന്ന എഴുതുന്ന ഒരാൺകുട്ടിയെ പറ്റി പറഞ്ഞല്ലോ. നല്ല എഴുത്തായിരുന്നു അവന്റേത്. അവൻ വലിയ എഴുത്തുകാരനാകുകയും ചെയ്യുമായിരുന്നു. പക്ഷെ കൂടെയെഴുതുന്ന എന്നെയവൻ കടുത്ത ശത്രുവായാണ് കണ്ടത്. എഴുതുന്നത്. എന്റെ സംഭാഷണം, എന്റെ ഉടുപ്പുകൾ, വായനകൾ, ഭാഷണങ്ങൾ, പാട്ടുകൾ, വരകൾ ഒക്കെ അന്യായ രീതിയിൽ വിമർശിക്കപ്പെട്ടു. ഉള്ളിലെ ആത്മവിശ്വാസം മുഴുവൻ ചോർത്തിക്കളയുന്നപോലെയായിരുന്നു ഓരോ പെരുമാറ്റവും. വളരെ മോശമായ രീതിയിൽ അപഹസിക്കുകയാണ്. എന്റെ മനസ്സ് ഉടഞ്ഞുപോയി. എല്ലാരീതിയിലും ക്രൂരമായ മാനസിക പീഢനമായിരുന്നു അത്.

കോളേജിൽ ആദ്യം ചേർന്ന ദിവസം മഞ്ഞയിൽ നീലപ്പുള്ളികളുള്ള നീളപാവാടയുടുത്ത ഒരു പെൺകുട്ടിയെ പുറകിൽ നിന്നു കണ്ടതും അവളുടെ നീണ്ടമുടിച്ചന്തവും അതിലവൻ അത്ഭുതതന്ത്രനായതും പെണ്ണു തിരിഞ്ഞപ്പോൾ മോന്ത കണ്ട് ദുഃഖിതനായിപ്പോയതും അവൻ കാവ്യാത്മകമായ് പറഞ്ഞു. ഞാനും അത് കേട്ടുകൊണ്ടിരുന്നു.

""ബാക്കിലു കണ്ടാലു എന്താണ്. അത്രയും സുന്ദരമായ ആ പിൻഭാഗത്തിന്റെ ഉടമയെ കാണാൻ ഞാൻ കാത്തു നിന്നു. തിരിഞ്ഞപ്പോഴൊ, എന്റമ്മെ എനിക്ക് നിരാശയായിപ്പോയി. നിന്റെ മൊഖം കാണിക്കരുത്. നല്ല ബോറാണത്''.

ബോഡി ഷെയിമിങ്ങ്. എനിക്ക് അത്യപാരമായ വിഷമം തോന്നി. ഏതോ കഥ. അതും എനിക്ക് തന്നെ എന്ന അവസ്ഥ. ചെറുപ്പകാലത്ത് അമ്മയെ താരതമ്യപ്പെടുത്തി എന്നെ മോശമെന്നുപറഞ്ഞതിന്റെയൊക്കെ മറ്റൊരു വേർഷൻ. അവനോട് സംസാരിക്കാനോ അവനെക്കണ്ടാൽ അടുത്തേയ്ക്ക് പോകാനോ എനിക്ക് ഭയമായിരുന്നു. അക്കാലത്ത് സോണൽ മത്സരങ്ങളിലും മാതൃഭൂമി, വനിത, ഗൃഹലക്ഷ്മി മത്സരങ്ങളിലും സ്ഥിരമായി കഥയ്ക്ക് സമ്മാനം വാങ്ങുന്ന പെൺകുട്ടികളെക്കുറിച്ചും അവരുടെ എഴുത്തിനെക്കുറിച്ചും അവൻ നിരന്തരം വാചാലമായി. കോളേജ് മത്സരശൈലിയിലെ അത്തരം കഥകളെഴുതുന്ന പലരും അക്കാലത്ത് സൂപ്പർ സ്റ്റാറുകളായിരുന്നു. പ്രമേയത്തിലെ വൈവിധ്യമോ ശൈലിയിലെ വ്യതിരിക്തതയോ ഇല്ലാതെ ഭാഷയിൽ പോലും ഇല്ലാതെ അവരൊരേ പോലെ എഴുതി. ആ ഒറ്റക്കഥ മനോഹരമായിരിക്കും. മത്സരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും കൂട്ടി എല്ലാചേരുവകളും കൃത്യമായ് കലർത്തി കൃത്യമായി രാഷ്ട്രീയവും വേവിച്ച ഒരു കഥ. എല്ലാവർഷവും അതേ കഥയുടെ പല വേർഷനുകൾ ആയിരിക്കും അവർ എഴുതുക. ഒരു എം, ഒരു പി, ഒരു എസ്, ഒരു ബി, ഒരു എൽ, ബാലസമാജം എഴുത്തുകാർ എന്ന് ഞാനവരെ വിശേഷിപ്പിച്ചു. ഒന്നിച്ച് വായിച്ചാൽ ഈ പൂച്ച് പുറം ചാടുമായിരുന്നു.""നിനക്ക് അസൂയയാണു'' അവൻ എന്നെ പരിഹസിച്ചു""ഓഹ്. ആവട്ടെ. ഈ സാഹിത്യസമാജം ടീംസ്സിനോടല്ലെ? ഓഓ ആവട്ടെ. ഒറ്റ ബുക്ക് അതിനപ്പുറം പോകില്ല ഈ സാഹിത്യപ്രവർത്തനങ്ങൾ''""പിന്നെ സാഹിത്യസമാജം'' അവൻ പിറുപിറുത്തു""ഉറപ്പായും അതെ. അവരുടെ ആദ്യപുസ്തകത്തിൽ തീരും ഈ കൂത്തൊക്കെ'' ഞാൻ നന്നായി വായിക്കുന്ന കാലമായിരുന്നു അത്. എനിക്ക് മനുഷ്യരുടെ എഴുത്തിനെക്കുറിച്ചൊക്കെ നന്നായി മനസ്സിലാകുന്ന പ്രായവുമാണ്. ക്യാമ്പസ് കഥകളുടെ ഭാവിയെന്തെന്നു നല്ല ബോധ്യവുമുണ്ടായിരുന്നു.

""നീ ഞാനെഴുതുന്നത് അവരുമായ് താരതമ്യപ്പെടുത്തണ്ട. ഞാനീ മത്സരങ്ങളിലേക്ക് ഇന്നുവരെ അയച്ചിട്ടില്ല. അവരുടെ എഴുത്ത് മഹത്തരമെങ്കിൽ ആവട്ടെ. എന്നെ വെറുതെ വിട്'' ഞാൻ അവനെ പ്രതിരോധിച്ചു കൊണ്ടെയിരുന്നു. അവന്റെ പരിഹാസം എന്നെ കൂടുതൽ എഴുതണമെന്ന വാശിയിലേയ്ക്ക് വലിച്ച് കൊണ്ടേയിരുന്നു.

അവന്റെ താരതമ്യങ്ങളും ഇടിച്ചു താഴ്ത്തലുകളും ഭയങ്കരമായിരുന്നു. അവന്റരികിലേക്ക് പോകാൻ ഞാൻ ഭയന്നു.

ഇനി അവനായിരിക്കുമോ എഴുത്തിനു പുറകിൽ എന്നു ഞാൻ സംശയിച്ചു. തെറിക്കത്തുകൾ അവനല്ല അയക്കുന്നത് എന്നെനിക്കറിയാമായിരുന്നു. എന്നാലും അവനാണ് അയക്കുന്നതതെന്നു ഞാൻ വിശ്വസിക്കാൻ ശ്രമിച്ചു. കാരണം അവനോടെനിക്ക് വെറുപ്പായിരുന്നു. കഠിനമായ ഒരുതരം അമർഷമായിരുന്നു. അവന്റെ അഹന്തയും ഗർവ്വും അസഹനീയമായി തോന്നി.

ഒരു വെള്ളിയാഴ്ച അവൻ എന്റെ അടുത്ത് വന്ന് സംസാരിക്കണം എന്നു പറഞ്ഞപ്പോൾ ഞാനുറപ്പിച്ചു. ഇവൻ തന്നെയായിരിക്കും. കത്തയപ്പിനെക്കുറിച്ച് പറയാനായിരിക്കും. വൈകുന്നേരമായിരുന്നു, കൃഷ്ണക്കുന്നിന്റെ മോളിൽ വെയിൽ വെള്ളിച്ചു നിന്നു. അകലെ കടൽ വെള്ളിച്ചന്ദ്രൻ മുറിഞ്ഞ് വീണത് പോലെ തിളങ്ങി. നീലമേഘങ്ങൾ ആകാശത്ത് ദ്രുതം പാഞ്ഞു. അവനെനിക്കൊപ്പം കുന്നിറങ്ങി. എനിക്കൊപ്പം കൂട്ടുകാരികളുണ്ടായിരുന്നു. അവനൊന്നും പറഞ്ഞില്ല. ഇടക്കിടെ ഞാനെന്ത്, എന്താ പറയാനുള്ളത് എന്നന്വേഷിച്ചു. പക്ഷെ അവൻ പറയാൻ വാക്കുകൾ കിട്ടാതെ നിശബ്ദനായിത്തന്നെ എനിക്കൊപ്പം കുന്നിറങ്ങി. പൊക്കുന്നിൽ നിന്നും ബസ്സുകയറി. അവൻ പുറകിലും. മാങ്കാവ് പുഴയിലെ അഴുകിക്കറുത്ത വെള്ളത്തിൽ നിന്നും തടിചീഞ്ഞ മണം കിട്ടി. എനിക്ക് ഛർദ്ദിക്കുവാൻ തോന്നി. ഞാൻ മാങ്കാവിൽ ബസ്സിറങ്ങി. അവൻ എന്റെ പുറകിൽ ഉണ്ടായിരുന്നു. കാണാത്തതു പോലെ നടന്നു. അവൻ റോഡ് മുറിച്ച് കടന്നു വന്നു. ""ഇന്ദൂ'' അവന്റെ കണ്ണുകളിൽ അന്നുവരെ കാണാത്ത ഒരു അലിവ്, സ്‌നേഹം, പ്രേമത്തിന്റെ ഇതളിളക്കങ്ങൾ""എനിക്ക് നിന്നോട്....''
അവൻ പറഞ്ഞു തുടങ്ങി. അവനെന്നെ സ്‌നേഹിക്കുന്നുവത്രെ. സ്‌നേഹം. അതുവരെ അടക്കിവെച്ച ദേഷ്യവും കൂടി എന്റെയുള്ളിൽ പുകഞ്ഞു. ഞാൻ പരിഹാസത്തോടെ ചിരിച്ചു.""നീയിത്രകാലവും എന്നെ ശത്രുവിനെപ്പോലെ കണ്ടതോ? ശത്രുവായിരുന്നല്ലോ?പരിഹാസവും പുച്ഛവും ഇൻസൾട്ടുമായിരുന്നല്ലോ''""അത്'' അവനൊന്നും മറുപടി പറഞ്ഞില്ല. അവനു അവന്റെ സ്‌നേഹത്തെ പേടിയായിരുന്നു. എന്റെ മുമ്പിൽ പുറത്തു ചാടുന്ന അവന്റെ സ്‌നേഹത്തെ അവനു തടുക്കണമായിരുന്നിരിക്കണം. സ്‌നേഹിക്കുന്നവളെ വെറുക്കുക, വെറുപ്പിക്കുക. അപഹസിച്ചും മുറിപ്പെടുത്തിയും പരിഹസിച്ചും അവനവന്റെ ഉള്ളിലെ സ്‌നേഹത്തെ തടുക്കാനാകുമെന്നായിരിക്കണം ആ വിഡ്ഢി കരുതിയിരുന്നത്.""നീയാണോ എനിക്ക് കത്തെഴുതുന്നത്?'' എന്റെ മുഖം ക്ഷോഭത്താൽ ചുവന്നുജ്ജ്വലിച്ചു. തീകത്തിയ പോലെ ഞാൻ ആളി നിന്നു.""അയ്യൊ അല്ല''""മ്മ്. ഇല്ല എനിക്ക് നിന്നെ താത്പര്യമില്ല'' ഞാൻ എന്റെ ഗർവ്വോടെ കണ്ണുകളുയർത്തി. എന്റെ മനസ്സിനു വല്ലാത്ത സമാധാനം തോന്നി. അന്നുവരെ അവനെന്റെ മേൽ പ്രയോഗിക്കാൻ ശ്രമിച്ച എല്ലാ ആണഹന്തകളും തകർന്നു തരിപ്പണമായിരുന്നു. അവൻ നിസ്സഹായനുമായിരുന്നു. വൈകിട്ടത്തെ സ്വർണ്ണവെയിൽ വീണു അവന്റെ മുഖത്തെ ആ നിസ്സഹായത തിളങ്ങി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഒരാളെ നിരാകരിക്കുമ്പോൾ നമുക്ക് തോന്നുന്ന മടിയോ ഭയമോ അവർക്ക് മുറിയുമോ എന്ന ആധിയോ ഇല്ലാതെ ഞാനവന്റെ സ്‌നേഹത്തെ ആഹ്ലാദത്തോടെ നിരാകരിച്ചു. അവനെ കുത്തുന്നതിൽ എനിക്ക് ഉള്ളാനന്ദമുണ്ടായി. അവനെ തിരസ്‌കരിക്കുന്നതിൽ സമാധാനം അനുഭവപ്പെട്ടു. ഒരു പക്ഷെ അവൻ എന്നോട് സൗഹൃദമായി ഇരുന്നുവെങ്കിൽ.

സ്‌നേഹമായി സംസാരിക്കുകയും അന്യായമായ അവമതികൾ കൂർപ്പിക്കാതിരിക്കുകയും ചെയ്തുവെങ്കിൽ എനിക്ക് അവനോട് ഇല്ല എന്നു പറയുമ്പോൾ അങ്കലാപ്പ് തോന്നിയേനെ. ഒരാളെ നിരസിയ്ക്കുമ്പോൾ അയാൾക്ക് വേദനിക്കുന്നുവെന്നു തോന്നുമ്പോൾ അഹ്ലാദിക്കാൻ മാത്രം ക്രൂരയല്ലായിരുന്നു ഞാൻ. പക്ഷെ അവൻ എന്നിലേൽപ്പിച്ച പരിഹാസത്തിന്റെ കൊടിയ കുന്തങ്ങൾ എന്നെ അത്രമേൽ ദുഃഖിതയാക്കിയിരുന്നു. അവന്റെ കടുത്തതും അന്യായകരവുമായ വർത്തമാനങ്ങളിൽ അവഹേളിക്കപ്പെട്ട് എനിക്ക് മുറിഞ്ഞിരുന്നു. ഒരുപക്ഷെ അവൻ തന്നെയായിരിക്കും എനിക്ക് എഴുത്തെഴുതിയിരിക്കുക എന്നു ഞാൻ ഉറപ്പിച്ചു. ആ കത്തുകളെയെന്നവണ്ണം അവനെ ഞാൻ വെറുത്തിരുന്നു. കള്ളനായ ഒരുത്തനെ കയ്യോടെ പിടിച്ച ആഹ്ലാദത്തിൽ ഞാനങ്ങനെ ഇരിക്കെയാണ്. പിറ്റേദിവസം എനിക്ക് കത്തു വന്നില്ല. ഞാൻ എന്റെ സഹപാഠിയെ അതികഠിനമായി വെറുത്തു. കണ്ടു പിടിച്ചപ്പോൾ നിർത്തിയല്ലോ.

എന്നാൽ അതു കഴിഞ്ഞു കൃത്യം രണ്ടാമത്തെ ദിവസമാണ് എന്നെ പ്രിൻസിപ്പാൽ വിളിപ്പിച്ചത്. അവനൊരിക്കലും അറിയാത്ത കഥ ഞാനെഴുതിയതെന്നറിയാൻ അവനൊരു മാർഗവുമില്ലാത്ത കഥ അതിന്റെ പേരിൽ കത്തയച്ചതവനല്ല എന്നെനിക്കുറപ്പായി. മാധവിക്കുട്ടിയെ ഞാൻ മിക്ക ദിവസവും വിളിക്കുമെന്നതുമവനറിയാം. അവനു പിന്നെ ഊമക്കത്ത് മാധവിക്കുട്ടിയുടെ പേരിൽ അയക്കാൻ ധൈര്യം വരില്ലെന്നു എനിക്ക് തോന്നി. കത്തയക്കുന്നത് അവനല്ല എന്നത് എന്നെ വീണ്ടും വിഷമത്തിലാക്കി. അവനോട് നന്നായി പെരുമാറേണ്ടി വരുമോ എന്ന ആധിയായിരുന്നു അത്.
ആലോചിക്കുമ്പോൾ പിന്നീടൊക്കെ ദുഃഖം തോന്നി. സഹജീവികളോട് അലിവോടെ പെരുമാറണം എന്നത് മറന്നുവല്ലോ. എന്നെ സ്‌നേഹിച്ചതിന്റെ എക്‌സ്‌പ്രെഷനായിരുന്നിരിക്കണം ആ പരിഹാസങ്ങൾ. എന്നോട് സംസാരി ക്കാനായിരിക്കണം അവന്റെ വഴക്കുകൾ, വിമർശങ്ങൾ. കാലം കടന്നു പോകെ എനിക്ക് വന്ന പാകതയും പക്വതയും അവനു മുറിവ് പറ്റട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിച്ച എന്റെ നിരാകരണത്തെ പ്രതി എന്നെ വിഷമിപ്പിച്ചു. സങ്കടമുണ്ടായി. മനുഷ്യരെ കുത്തിമുറിവേൽപ്പിച്ച് ചോരകിനിഞ്ഞ് വരുന്നതിൽ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം ഞാൻ അഹ്ലാദിച്ചുവല്ലോ. എനിക്ക് കുറ്റബോധം തോന്നി. പക്ഷെ പിൽക്കാലത്ത് അവനുമായുള്ള ഒറ്റ സംഭാഷണത്തിൽ തന്നെ തന്റെ സ്വഭാവത്തിന്, മനുഷ്യരെ വിലയില്ലാത്ത സ്വഭാവത്തിന്, ചുറ്റുമുള്ളവരോടുള്ള അറുപുച്ഛത്തിന് ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് മനസ്സിലായി. ചില ചിലന്തി ജന്മങ്ങൾ അങ്ങനെയാണ്. കള്ളം കൊണ്ട് വലനെയ്യും. ആവലയിൽ തന്നെ കാൽകുടുങ്ങി ജീവിക്കും വലമുറിച്ച് പോകാനോ പറക്കാനോ അവറ്റകൾക്ക് കഴിയുകയില്ല. ഒടുവിൽ അതിൽ തന്നെ കിടന്നുചാവും. അതുപോലെയായിരുന്നു അവന്റെ സ്‌നേഹവും അവന്റെ പെരുമാറ്റവും ജീവിതവും അവനും. സ്വാർത്ഥതയുടെയും പുച്ഛത്തിന്റെയും മനുഷ്യൻ.

ഊമയും മൗനവും

ദാമ്പത്യത്തിന്റെ അതിസങ്കീർണ്ണമായ വലയായിരുന്നു അത്. എന്റെ മാതാപിതാക്കൾ ജീവിതത്തിൽ പങ്കിട്ടത്. ത്രികോണം പോലെ അമ്മ, അച്ചൻ അമ്മവീട്ടാര്. ഇതിന്റെ സങ്കീർണ്ണതയിൽ അവരുടെ ദാമ്പത്യം പലപ്പോഴും ആടിയുലഞ്ഞു. അവരിരുപേരും പരസ്പരം സൂക്ഷിച്ച സ്‌നേഹത്തിന്റെ സത്യസന്ധത കൊണ്ട് മാത്രമാണ് ആ ബന്ധം മുമ്പോട്ട് പോയത്.

വീട്ടിലെ ഒരു പെൺകുട്ടിയുടെ ഭർത്താവ് അവളുടെ അനുജത്തിമാർക്കും അവരുടെ ഭർത്താവിന്റെ വീട്ടുകാർക്കും അമ്മൂമ്മയ്ക്കും അവരുടെ സഹോദരിമാർക്കും മക്കൾക്കും താവഴിയിലെ മുഴുവൻ സന്തതിപരമ്പരകൾക്കും ഊമക്കത്തുകൾ അയക്കുക. പച്ചത്തെറിയെഴുതിയ കത്തുകളയക്കുക. എന്നിട്ട് സമാധാനത്തോടെ ജീവിയ്ക്കുക. എങ്ങനെയുണ്ടാകും. വെല്ല്യമ്മയ്ക്കും അമ്മയ്ക്കുമൊഴിച്ച് ബാക്കി എല്ലാർക്കും കത്ത് വരും. അതും വല്ലാത്തയിനം തെറിക്കത്തുകൾ. സ്പർദ്ധയും വൈരവും പകയും പൊന്തും. ആ കത്തിലൊന്നു വായിച്ചാൽ വെറുപ്പ് പൊന്തിപ്പൊന്തി വരും. എഴുതിയ കൈകൾ വെട്ടിയിടാൻ തോന്നും. എനിക്കും അതു വായിച്ച് ചുട്ടുനീറ്റൽ വന്നതാണ് എന്റെ സഹപാഠിയോ കോളെജിലെ തെമ്മാടിയോ എഴുതിയതെന്നു ചുമ്മാ വിശ്വസിച്ച് എന്നെത്തന്നെ സമാധാനിപ്പിക്കുകയായിരുന്നു ഞാൻ. ആ അജ്ഞാതൻ എന്റെ മാത്രം വിഷയമെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെട്ടത്.

കാരണം ഈ കത്തുകളയച്ചത് എന്റെ അച്ഛനാണെന്നാണ് അമ്മവീട്ടുകാർ പറഞ്ഞത്.
ഓരോരുത്തരും പറഞ്ഞത്..
ഒരു കാരണവുമില്ലാതെ എന്റെ അച്ഛൻ കുറ്റവാളിയായി.

അമ്മൂമ്മയും അമ്മയുമൊഴികെ എല്ലാരും പറയുന്നത് ഈ ഊമക്കത്തുകാരൻ അച്ഛനെന്ന് തന്നെയാണ്. അമ്മയെ കാണുമ്പോൾ മേമമാർക്ക് അരിശവും ദേഷ്യവും സങ്കടവും പൊട്ടിവന്നു. അമ്മ നിശബ്ദയായിരുന്നു. ഊമയായിരുന്നു. മിക്കപ്പോഴും പരസ്യമായ ആ അശ്ലീലകത്തുകൾ വായിക്കപ്പെട്ടു. അതും ഉറക്കെയുറക്കെ. അമ്മയുടെ ലജ്ജയിൽ വെളുത്തതൊലി ഉതിർന്നു പോയി. അമ്മയ്ക്കു പൊള്ളി. അമ്മ വേവുകയും പഴുക്കുകയും ചെയ്തു. അത്രമേൽ ആഭാസകരമായ തെറികളും കഥകളും.

അല്ല അല്ല എന്റെ പുരുഷനല്ല ഇത് ചെയ്‌തെതെന്നു ആമ്മയ്ക്ക് ആർപ്പിടണമെന്ന് തോന്നി. എന്നാൽ അവരുടെ തെളിവുകളിൽ അമ്മ ദുർബലയായി. അച്ഛനല്ല എന്നു പറയാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. അച്ഛനല്ല ഇത് ചെയ്യുന്നതെന്നുറപ്പുള്ളതിനാൽ അച്ഛനോട് സംസാരിക്കാനും അമ്മയ്ക്ക് കഴിഞ്ഞില്ല. അമ്മ സദാസമയവും ഊമയോ മൗനിയോ ആയി. അമ്മവീട്ടിൽ ചെന്നാൽ പ്രത്യേകിച്ചും. തിരിച്ചു വരുമ്പോൾ ചളി കലങ്ങിയ നീരുറവപോലെ കണ്മഷി കലങ്ങിയിട്ടുണ്ടാകും. ഹൃദയം അതിലപ്പുറം ആതുരമായിട്ടുണ്ടാകും. പീറ്റത്തെങ്ങുകൾ തലയില്ലാതെ നിൽക്കുന്ന, മുത്തുചെടികൾ ധാരാളമായി വളർന്ന കുളത്തിനു മുമ്പിലെ മൈതാനിയിലൂടെ അമ്മ തലകുമ്പിട്ട് നടന്നു. സാമൂരിയുടെ സിൽപ്പന്തികൾക്കുള്ള ഇരുപതു മുറിയിൽ നിന്നും പെണ്ണുങ്ങൾ തല വെളിക്കിട്ടു ലോഹ്യം ചോദിക്കുമ്പോൾ നിലാവുതിർന്നു തീർന്ന ഒരു ചന്ദ്രനെപ്പോലെ അമ്മ ചിരിച്ചെന്നു വരുത്തി.""സുഗല്ലെ സത്യേ?''""എന്ത് സുഗം മാതുട്ട്യേമ്മേ?'' അമ്മ ഷിഫോൺ സാരിയെടുത്ത് അരയ്ക്ക് കുത്തി, മറ്റു ചോദ്യങ്ങളെ അവഗണിച്ച് നടന്നു.""അല്ല നെന്റെ മാഷെക്കാണാറില്ലല്ലോ?''""സ്‌കൂളിനടുത്ത് വാടകവീട് ഇട്ത്തിരിക്ക്യാണ്. ഞങ്ങളങ്ങട്ടീയ്ക്ക് പോഗ്വാണ്'' അമ്മ മറ്റു ചോദ്യങ്ങൾക്ക് ഇട നൽകാതെ ഞങ്ങളെ പിടിച്ച് വലിച്ച് നടന്നു.
അക്കാലത്ത് അമ്മവീട്ടുകാരുടെ സ്വഭാവത്തിലും സ്ഥലപ്രശ്‌നത്തിലുമിടഞ്ഞ് അച്ഛൻ ഭാര്യവീട്ടിലെ പൊറുതി നിർത്തി. രാമനാട്ടുകരയിൽ സേവാമന്ദിരത്തിനടുത്തെ ചെറിയ ലൈന്മുറി വീട്ടിൽ താമസമാക്കി.

സത്യയുടെ ഭാവിക്ക് വേണ്ടി കുടുംബക്കാർ കൂടുതലൊന്നും ചോദിച്ചില്ല. പൊലീസ്സിൽ പരാതിപ്പെട്ടില്ല. അനൗദ്യോഗികമായി പൊലീസിൽ അന്വേഷിച്ചപ്പോഴൊക്കെ, അവർ തെളിവുകൾ ചോദിച്ചു. വന്നു വഴക്കുണ്ടാക്കാനും ആരും മുതിർന്നില്ല. മൂന്നു കുട്ടികളും അൺ എയിഡഡ് സ്‌കൂളിലെ 2000 രൂപ ശമ്പളവും കൊണ്ട് ഹൃദ്രോഗിയായ മകൾ തിരികെ വരുന്നത് അവർക്ക് ഓർക്കാൻ പോലുമായില്ല. അവളുടെ ജീവിതം തകരാതിരിക്കാൻ അവരെല്ലാം കടിച്ചിറക്കി. വെല്ല്യച്ഛൻ അവസരോചിതമായ് ഇടപെട്ട് എല്ലാരെയും സമാധാനപ്പെടുത്തി. കുടുംബത്തിന്റെ അന്തസ്സും അഭിമാനവും കരുതി എല്ലാരും എല്ലാ കയ്പ്പും കുടിച്ചിറക്കി. എന്നാൽ അമ്മവീട് അടക്കിവെച്ച ഈ സ്പർദ്ധയും പകയും അവർപോലുമറിയാതെ ഞങ്ങൾ മക്കളിലേയ്ക്കു നീണ്ടുവന്നു. പലരും ഒരേ സമയം സത്യയുടെ മക്കളായി ഞങ്ങളെ സ്‌നേഹിക്കുകയും വിക്രമൻ നായരുടെ മക്കളായി വെറുക്കുകയും ചെയ്തു. സത്യത്തിൽ എന്റെ അമ്മ വീട്ടുകാർ വളരെ നല്ലവരാണ്. അവർ അമ്മയ്ക്കു വേണ്ടി എല്ലാം കടിച്ചിറക്കുകയായിരുന്നു. പക്ഷെ ഓരോ കത്തും അപകടകരമായ് മാറി. ഒരുതരം വെറുപ്പ് ഉണ്ടായിക്കൊണ്ടേയിരുന്നു. അച്ഛനും അതൊക്കെ പതിയെ മനസ്സിലായി. ഭാര്യ വീട്ടുകാരുടെ അകാരണമായ വെറുപ്പ്. മാറിത്താമസിച്ചിട്ടും മാറാത്ത വെറുപ്പ്. പക്ഷെ, കാരണമെന്തെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. അദ്ദേഹം അസ്വസ്ഥനായി.

എന്റെ ചെറിയച്ചന്മാരെക്കുറിച്ച് ഈ സന്ദർഭത്തിൽ പ്രത്യേകം പറയണം. ഏറ്റവും നല്ല മനുഷ്യർ അവരാണ്. ഇത്രയും പ്രശ്‌നങ്ങൾക്കിടയിലും അവർ ഭാര്യമാരോട് വെറുപ്പോ അകൽച്ചയോ കാണിച്ചില്ല. അവരുടെ വീട്ടുകാരും അപ്രകാരം തന്നെയായിരുന്നു. ഒരകൽച്ചയോ വഴക്കോ മേമമാരോട് കാണിച്ചില്ല. പക്ഷെ ചെറിയമ്മമാരുടെ ഉള്ളു നീറിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് മൂത്ത മേമ. മേമ വളരെ മിടുക്കിയാണ്. മറ്റാരേക്കാളും എക്‌സ്റ്റ്രാഓർഡിനലി ബ്രില്ലിയന്റ്. പഠിത്തത്തിൽ പുപ്പുലി. എം.ബി.ബി.എസ്സിനു കിട്ടിയെങ്കിലും കാശില്ലാതെ സുവോളജി പഠിക്കേണ്ടി വന്ന ആൾ. ഹൈസ്കൂൾ അധ്യാപികയായിരുന്നു. യൂണിവേഴ്സിറ്റിയിൽ വലിയ പ്രൊഫസ്സറാവേണ്ട ആളാണ്. പക്ഷെ അതൊന്നുമുണ്ടായില്ല. ഒന്നിനെയും കൂസാത്ത തലകുനിക്കാത്ത പ്രകൃതം. നേരെ വാ നേരെ പോ. ഒരുതരം കച്ചറയും മൂപ്പത്തിയാരുടെ അടുത്ത് ചിലവാകില്ല. ഊമക്കത്തുകാരന്റെ പ്രൈമറി റ്റാർഗെറ്റ് എന്റെ മൂത്തമേമയായിരുന്നു. തലയുയർത്തിയ താൻപോരിമയുള്ള തങ്കാര്യം നോക്കുന്ന പെണ്ണ്. അതെക്കാലത്തും വെറുക്കപ്പെടേണ്ടതാണ്. അവളുടെ അഹന്തയെ ആദ്യം അരിഞ്ഞിടണം. ഊമക്കത്തിൽ തന്റെ സ്ത്രീവിരുദ്ധതയുടെ ലെവലുകൾ കൃത്യമായി അറിയിക്കാൻ കത്തുകാരൻ ശ്രമിച്ചിരുന്നു. എന്റെ വല്യമ്മ, അമ്മ ഇവർക്ക് കത്തുകൾ ഇല്ലേയില്ല. എന്റെ മൂത്തമേമ, ഞാൻ ഭീകര റ്റാർഗെറ്റുകളാണ്. ചെറിയമേമ അത്രയ്ക്കില്ല. ആണുങ്ങൾക്ക് കത്തയക്കുന്നതിനുള്ളിലുമുണ്ടത്. മൂത്ത ചെറിയച്ചൻ, എന്റെ ഭർത്താവ് ഒക്കെ കൂടുതൽ കത്ത് കിട്ടുന്ന ആൾക്കാരായിരുന്നു. തെറികളുടെ ഓക്കാനിപ്പിക്കുന്ന ലോകം.

ബൈരാഗി ക്ഷേത്രത്തിലെ കല്യാണവും ഒളിച്ചോടിപ്പോക്കും

മൂത്തചെറിയമ്മയുടെ കല്യാണം നടക്കുമ്പോൾ എനിക്ക് 2-3 വയസ്സ് കാണും. ബൈരാഗിയമ്പലത്തിലെ ഉത്തരേന്ത്യൻ വെണ്ണദൈവപ്രതിമയും ചെറിയമ്മയെപ്പോലെത്തന്നെ നന്നായി ഒരുങ്ങിനിന്നിരുന്നു. ഞാനോർക്കുന്നു. മാർബിൾക്കവിളുകളും നീളക്കണ്ണുകളുമുള്ള സാരിയുടുത്ത ഹിന്ദി ദൈവം. ചുവന്ന ചുണ്ടുകൾ, ഉയരമാർന്ന ശരീരം. ചുവന്ന പട്ടുതുണിയുടെ തീത്തിളക്കം. മൂക്കുത്തിക്കല്ലിലെ സൂര്യന്മാർ. ബൈരാഗി ക്ഷേത്രപ്രതിമകൾക്ക് അപൂർവ്വമായ ഭംഗിയുണ്ടെന്നെനിക്ക് തോന്നി. തുടുത്ത മനുഷ്യരെപ്പോലുള്ള ദൈവങ്ങൾ. എനിക്ക് പരിചയമുള്ള ഒരു ദൈവം തിരുവച്ചിറയപ്പനാണ്. കറുത്തകല്ലിലാണ് കൊത്തിയിരിക്കുന്നത്. മാലയും പൂമാലയും പൊട്ടും പൊടിയുമൊക്കെ ഉണ്ടെങ്കിലും ചന്ദനയുടുപ്പിടുമെങ്കിലും ഇത്ര മാർബിൾ ഭംഗിയില്ലായിരുന്നു. ഗണപതിയും ശിവനും മഹാകാളിയുമൊക്കെ അതിസുന്ദരരായ മനുഷ്യരൂപികളായി ബൈരാഗിമഠത്തിൽ തിളങ്ങി. അവർ ഒരുങ്ങുമ്പോൾ കല്യാണത്തിനൊരുങ്ങുന്നവരെപ്പോലെ ദൈവങ്ങളും ഗംഭീരരായി നിന്നു. ബൈരാഗിയമ്പലത്തിനുള്ളിൽ നിറയെ അപൂർവ്വമരങ്ങളുണ്ടായിരുന്നു. മഹുവാമരങ്ങൾ, കദംബമരങ്ങൾ, വേപ്പുകൾ. ഉത്തരേന്ത്യയിലെ പല വിശിഷ്ട വൃക്ഷങ്ങളും അതിനകത്ത് പൂന്തോപ്പായി നിന്നു. സാന്താൾ ഗോത്രങ്ങൾക്ക് പ്രിയതരമാണ് മഹുവാ. വിശിഷ്ടവൃക്ഷമായ അതിന്റെ ചോന്നതൊലിയ്ക്ക് സുഖകരമായ ഒരു മണമുണ്ടായിരുന്നു.

ഞാൻ സദാ അമ്മയുടെ തോളിൽ തന്നെ ചാഞ്ഞു കിടന്നു. മഹുവാപ്പൂവുകൾ തൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു. നല്ല ഭംഗിയുണ്ടായിരുന്നു. ഇളം ചൂടുള്ള കടൽക്കാറ്റ് ഉപ്പുമണത്തോടെ വീശിവന്നു. അമ്പലപ്പറമ്പിൽ നിറയെ ബൈരാഗികളുടെ വളർത്തുമയിലുകൾ കരഞ്ഞു നടന്നു. എല്ലാം ഒരു ഫാസ്റ്റ് ഫോർവേഡ് പോലെയായിരുന്നു എന്റെ ഓർമ്മയിൽ. ചിതറിക്കിടക്കുന്ന വേഗത്തിലുള്ള ചില ദൃശ്യങ്ങൾ.. ചക്കരപ്പൂഴിയിൽ മഹുവാപ്പൂക്കൾ മെത്തവിരിച്ചു.

ചെറിയച്ഛന്റെ വീട്ടുകാർക്ക് കല്യാണത്തിനു അനാവശ്യമായ ഒരു ധൃതിയുള്ളതായ് തോന്നി എല്ലാർക്കും. അമ്മവീട്ടുകാരത് ഇടയ്ക്ക് സംസാരിക്കുന്നുമുണ്ടായിരുന്നു. കല്യാണം കഴിച്ചതും സദ്യകഴിച്ചതും പത്ത് മിനിട്ടിൽ പുടവമാറിയും ബസ്സിലേറി ഒറ്റ പോക്കാണു ചേളാരിലേയ്ക്ക്. എന്റെ തറവാട്ടിലെ ചില ബന്ധുക്കൾക്കും കാരണോർമ്മാർക്കും ദേഷ്യം വന്നു.""എന്ത് പോക്കാത്?'' അവർ മുറുമുറുത്തു.""പെണ്ണ് കൂട്ടരു കൊണ്ടാക്കാൻ വരണ്ടെ?''""വേണ്ടില്ല്യേരിക്ക്വെടോ'' പല അഭിപ്രായങ്ങൾ പൊന്തി. ആളുകൾ മുഷിഞ്ഞു. പെണ്ണുവീട്ടുകാർ വരും മുമ്പെ എന്തിനാണു പെണ്ണിനെയും കൂട്ടി ചെറുക്കന്റാൾക്കാർ ഒരു പാഞ്ഞ് പോക്ക്?""മൂഹൂർത്തേരിക്കും?'' ചിലർ പ്രശ്‌നത്തെ ലഘൂകരിക്കാൻ നോക്കി""എന്ത് മുഹൂർത്തം. ഇതതൊന്നുമല്ല'' ചിലർ വിട്ടു കൊടുത്തില്ല.
സംഭവം സത്യമായിരുന്നു. പെണ്ണിനെ എത്രയും വേഗം വീടു കയറ്റുക എന്നതായിരുന്നു ചെറിയച്ഛന്റെ കുടുംബക്കാരുടെ ലക്ഷ്യം. കാരണമോ ഭീഷണിമുഴക്കി വന്ന അതേ ഊമക്കത്ത്.

നിശ്ചയം കഴിഞ്ഞ അന്നു മുതൽ ചെറിയച്ഛന്റെ വീട്ടിലേയ്ക്ക് കത്തുകളുടെ വരവായിരുന്നു. ഒരു കാരണവശാലും ഈ കല്യാണം നടത്തിക്കില്ല എന്നും പെണ്ണിനെ വീട്ടിൽ കയറ്റില്ല എന്നും നിരന്തരം കത്തുകൾ വന്നുകൊണ്ടിരുന്നു. ഒരു പക്ഷെ വിവാഹം അജ്ഞാതനായ ശത്രു നടത്തിക്കില്ലയെന്ന് അവർ ഭയന്നു. ആ ഭയമാണു പെണ്ണിനേയും കൊണ്ടുള്ള പാഞ്ഞോട്ടത്തിൽ എത്തിയത്.

പെണ്ണ് വലതു കാലു വെച്ചു കേറുമ്പോൾ പോസ്റ്റുമാൻ വന്നു. അതാ അടുത്ത കത്ത്. വിസ്‌ഫോടനാതമകമായ ഒന്ന്...

ബൈരാഗിയമ്പലത്തിൽ എന്റെ അമ്മൂമ്മ കരയുന്നത് ഞാൻ കണ്ടു. എന്റെ അമ്മയും ആകെ അസ്വസ്ഥയായിരുന്നു. ചിണുങ്ങി നോക്കിയതിന് എനിക്ക് നിലവിൽ തുടയിൽ തന്നെ മൂന്നാലു പിച്ച് കിട്ടി. മോങ്ങുന്നതിനേക്കാൾ നല്ലത് വാമൂടുന്നതാണെന്ന് എനിക്ക് തോന്നി. വലതു തള്ള വിരൽ വായിലിട്ട് ഞാൻ അമ്മയുടെ തോളിലേയ്ക്ക് ചാഞ്ഞു. പുഴുവിനെ കൊത്തിക്കൊണ്ട് മഹുവാപ്പൂക്കളിൽ നൃത്തം ചെയ്യാനാഞ്ഞ് നിന്ന മയിൽ പെട്ടന്ന് പീലി വിടർത്തി. മഴപെയ്യാൻ ആകാശം മൂടിക്കെട്ടിയിരുന്നു. ആളുകളുടെ മുഖവും. എന്തോ കുഴപ്പമുണ്ടെന്നു മാത്രം എല്ലാവർക്കും തോന്നി. എല്ലാവരും ഉരുകി. കത്താണു ഈ എടുപിടിയ്ക്ക് കാരണം എന്നു ആരോ രഹസ്യമായി അറിയിച്ചിരുന്നു. എല്ലാവരും അസ്വസ്ഥരായിരുന്നിരിക്കണം. എന്തായിരിക്കും അതിലുണ്ടാകുക എന്നത് ഊഹിക്കാവുന്നതാണ്. ബൈരാഗിയമ്പലത്തിലെ മയിലുകൾ നൃത്തം ചെയ്ത് മണ്ഡപത്തിലേയ്ക്ക് കയറി വന്നു. വധൂവരന്മാർക്കെറിഞ്ഞ അരി അവറ്റകൾ കൊത്തിത്തിന്നു. അവയുടെ നീലമയിൽപ്പീലിക്കണ്ണിൽ അഞ്ജാതവന്യത തുടിച്ചു.▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments