ചിത്രീകരണം: കെ.പി മുരളീധരൻ

കണ്ണുകളിൽ പ്രേമമുള്ള ഒരാൺകുട്ടിയും അരുണയും​

എന്റെ കഥ- 5

അയാൾ എന്റെ മുമ്പിലേയ്ക്ക് കയറി ബൈക്ക് നിർത്തിയിറങ്ങി. സൽമാൻ ഖാനെപ്പോലെ അയാളുടെ മുടിയിഴകൾ ഷർട്ടിനു താഴേയ്ക്ക് നീണ്ടിരുന്നു

അജ്ഞാത കത്തുകളുടെ മുപ്പത് ചൂളവർഷങ്ങൾ

ത്തുകളുടെ ഒരു വലിയ കാലം ഞങ്ങളുടെ ജീവിതത്തെ ലജ്ജാകരമായി അടയാളപ്പെടുത്തി. വർഷങ്ങൾ, വർഷങ്ങൾ നീണ്ട പീഡനം. മാനസികവും വൈകാരികവുമായ വല്ലാത്ത തരം അവമതി. എഴുത്തിലെ അന്വേഷണങ്ങളും അതിൽ നിന്നു കിട്ടിയ അടയാളമൊക്കെയും ആദ്യാദ്യം പരോക്ഷമായും പിന്നെ പ്രത്യക്ഷമായും എന്റെ അച്ഛനു നേരെ വിരൽ ചൂണ്ടി. അച്ഛനുപയോഗിക്കുന്ന പേനയായിരുന്നു ഒരു കാരണം. റെയ്‌നോൾഡിസ്സിന്റെ പേന, ചിലപ്പോൾ ചെൽപ്പാർക്കിന്റെ യേൽ നീല മഷി. കയ്യക്ഷരത്തിൽ ആരോപിക്കപ്പെട്ട സാമ്യത. അച്ഛന്റെ ജോലീയാത്രകൾ.

എന്റെയച്ഛൻ കുടുംബത്തെപ്പോറ്റാൻ ഉലകം ചുറ്റി പാട്ടുക്ലാസ്സുകൾ എടുത്തിരുന്നു. ഹൈസ്‌കൂളിലാണെങ്കിലും പ്രൊട്ടെക്ടഡ് പോസ്റ്റായതിനാൽ പ്രൈമറി സ്‌കൂൾ അധ്യാപകന്റെ ശമ്പളമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അമ്മയ്ക്കാകട്ടെ അൺഎയ്ഡഡ് സ്‌കൂളിലെ തുച്ഛശമ്പളം മാത്രം. അച്ഛൻ പാടിപ്പാടിയാണ് ഞങ്ങളെ വളർത്തിയത്. എനിക്കെപ്പോഴും തോന്നും എന്റെ തൊലി, എന്റെ മുടി എന്റെ മാംസം, എന്റെ അവയവങ്ങൾ ഒക്കെയുടെ തിളക്കവും മുഴപ്പും ശക്തിയും സംഗീതമാണെന്ന്. സംഗീതത്തിൽ കുതിർന്ന്, സംഗീതത്തിൽ ഉണർന്ന്, സംഗീതത്തിൽ ഉറങ്ങി, സംഗീതത്തിൽ നിന്നും വിശപ്പു കെടുത്തിയുള്ള ഒരു ജീവിതം

ജീവിക്കാൻ വഴിയില്ലാത്തതിനാൽ ക്ലാസ്സെടുക്കാൻ അദ്ദേഹം തന്റെ കലയ്ക്കായി മാറ്റിവെക്കപ്പെട്ട ക്വാളിറ്റി സമയത്തെ ഉപയോഗപ്പെടുത്തി. അമ്മയ്ക്ക് നല്ല ജോലിയുണ്ടായിരുന്നെങ്കിൽ വന്ന സിനിമാ അവസരങ്ങളെ ഉപയോഗിക്കാമായിരുന്നു. ഞങ്ങളുടെ സുഖസൗകര്യങ്ങൾക്ക് വേണ്ടി മാത്രം അദ്ദേഹം ജീവിച്ചു. ഒരു കുഞ്ഞു പുസ്തകം വാങ്ങിയാൽ പോലും സത്യ, ഇന്ദു ഹരി , ലക്ഷ്മി എന്നിവർക്ക് വേണ്ടിയെന്ന് എഴുതി വെച്ചു.

പത്തു മണിയ്ക്ക് പാമ്പും പഴുതാരയും മറ്റുവിഷയിഴജീവികളുമുള്ള ഇടവഴിക്കുന്നിറങ്ങി വരുന്ന അച്ഛന്റെ ടോർച്ചിന്റെ മഞ്ഞ വെളിച്ചം പോലെ എനിക്ക് ആഹ്ലാദകരമായിട്ടൊന്നുമില്ല

അദ്ദേഹത്തിനു അവധിയുണ്ടായിരുന്നില്ല. വണ്ടിക്കാളയെപോലെ ഞങ്ങളുടെ ജീവിതം അദ്ദേഹം വലിച്ചു കൊണ്ടേയിരുന്നു. ഇന്ന് 4 മണിയ്ക്ക് ഫറോക്കെങ്കിൽ 7 മണിയ്ക്ക് എളേരി നാളെ ചെട്ട്യാർമാട് മറ്റന്നാൾ ചെമ്മാട് എന്ന പോലെ സ്‌കൂൾ കഴിഞ്ഞ വൈകുന്നേരങ്ങളിൽ വീട്ടിൽ വരാതെ ബസ്സ് കയറി സ്വകാര്യ ക്ലാസുകൾ എടുക്കുവാൻ പോയി. ചായകുടിക്കാതെ വിശ്രമിക്കാതെ തൊണ്ടപൊട്ടി പാടി. പത്തു മണിയ്ക്ക് പാമ്പും പഴുതാരയും മറ്റുവിഷയിഴജീവികളുമുള്ള ഇടവഴിക്കുന്നിറങ്ങി വരുന്ന അച്ഛന്റെ ടോർച്ചിന്റെ മഞ്ഞ വെളിച്ചം പോലെ എനിക്ക് ആഹ്ലാദകരമായിട്ടൊന്നുമില്ല. കുന്നിന്റെ മണ്ടയിൽ പൊടുന്നനെ ഇളം മഞ്ഞ നക്ഷത്രം പ്രത്യക്ഷമായതു പോലെ ഞെക്കുവിളക്കിന്റെ പ്രകാശം കണ്ടു. പതിയെ കണ്ണു ചിമ്മിച്ചിമ്മി മിന്നാമിന്നിയെപ്പോലെ അടുത്തെയ്ക്കത് വന്നു. അച്ഛന്റെ ഇടതു തോളിൽ ഒരു തോൾ സഞ്ചിയുണ്ടായിരുന്നു.

പലനിറ ജീരക മിഠായികളും ഇഞ്ചിമിട്ടായിയും ഞാലിപ്പൂവൻ പഴങ്ങളും ആ തുണി സഞ്ചിയിൽ അച്ഛൻ ഞങ്ങൾക്കായി വാങ്ങിനിറച്ചു. പണക്കാരുടെ മക്കളെക്കാളും പണക്കാരായി ഞങ്ങളെ അച്ഛൻ വളർത്തി. രാജകുമാരിയേക്കാളും മനോഹരമായി ജീവിച്ചു. വർണാഭമായ ഉടുപ്പുകൾ, മണികൾ കിലുങ്ങുന്ന പാദസരങ്ങൾ, ഭംഗിയുള്ള ബാഗുകൾ, കൊച്ചുകൊച്ചു കളിപ്പാട്ടങ്ങൾ, യാത്രകൾ. എനിക്കെല്ലാം ഉണ്ടായിരുന്നു. അച്ഛന്റെ കഠിനാധ്വാനമാണ് ഞങ്ങളുടെ എല്ലാ ആഹ്ലാദങ്ങൾക്കും കാരണം. ചെറിയ സന്തോഷങ്ങൾ, ചെറിയ കുടുംബം. ഞങ്ങളഞ്ച് പേർ യഥാർത്ഥമായും ആന്തരികമായി ആഹ്ലാദത്തിലായിരുന്നു. ഒരച്ഛനുമമ്മയും മൂന്നു കുട്ടികളും. ആദ്യം രണ്ട് മാത്രം പിന്നീടാണ് മൂന്ന് വരുന്നത്. അക്കഥ വിശദമായിപ്പറയാം.

അമ്മ വീട്ടിൽ നിൽക്കാനാകാത്ത സാഹചര്യമായി. അച്ഛന് അവമതിയുടെ വല്ലാത്ത ദിവസങ്ങൾ. പിണങ്ങി മടുത്ത് അച്ഛൻ സേവാമന്ദിരത്തിനടുത്തെ ഒറ്റമുറിയിൽ താമസമാക്കി. പിന്നെ ലോണെടുത്ത് കൈവായ്​പ വാങ്ങി കടം വാങ്ങി ദാനഗ്രാം ഭൂമിയുടെ ഇങ്ങേയറ്റത്ത് അച്ഛൻ അവിടുത്തെ പ്രാദേശിക ജന്മിയായ മാധവന്മാമയുടെ കയ്യിൽ നിന്ന്​ സ്ഥലവും വാങ്ങി. 7 സെന്റോ 8 സെന്റോ കൃത്യമായിട്ടെനിക്ക് ഓർമ്മയില്ല. സാധാരണക്കാരായ പാവപ്പെട്ട മനുഷ്യരുടെ ദാനഭൂമി. ഞങ്ങളുടെ പ്രിയ ബാബ രാധാകൃഷ്ണമേനോനെന്ന രാധേട്ടനും പരമേശ്വരൻ എന്ന ചിന്നേട്ടനും ഒരുപറ്റം പ്രോഗ്രെസ്സിവായ മനുഷ്യരും ചേർന്നുകെട്ടിയുണ്ടാക്കിയ ഇടമാണ് ദാനഗ്രാമം. വിനോഭാ ഭാവെയുടെ ഭൂദാൻ പ്രസ്ഥാനവഴിയിൽ സമ്പാദിച്ചത്. ദളിതർക്കും നിരാശ്രയരായ മനുഷ്യർക്കും വീടും വിദ്യാഭ്യാസവും നൽകുകയായിരുന്നു ലക്ഷ്യം. വാർധരീതിയിലെ ബേസിക്ക് എഡ്യൂക്കേഷനാണ് അവിടെത്തെ പ്രത്യേകത. പഠനവും ജോലിപഠനവും ചേർന്ന അപൂർവ്വത. കോഴിക്കോട് നഗരത്തിലെയും പരിസരപ്രദേശത്തെയും പാർശ്വവത്കൃതസമൂഹങ്ങളിലെ കുട്ടികളൂടെ പഠനമായിരുന്നു ലക്ഷ്യം. സേവാമന്ദിരം ടിടി ഐയ്യും ഉണ്ട്.. വിദ്യാഭ്യാസത്തിലൂടെ വികസനം എന്ന സ്വപ്നമായിരുന്നു. ആ സ്വപ്നം തേടിയാണ് കോളേജിലെയൊക്കെ ജോലി വിട്ട് അച്ഛൻ കോഴിക്കോട് വന്നത്...

അച്ഛനില്ലാത്ത ഓരോ സന്ധ്യകളിലും അമ്മ ആധി പൂണ്ട് അച്ഛന്റെ എഴുത്തു മേശയിലെ ഓരോ കഷണം കടലാസും പരിശോധിച്ചു കൊണ്ടേയിരുന്നു.

സുശക്തമായ ഗാന്ധിയൻ ഫിലോസഫിയുടേ തുടർച്ച. മണ്ണിനോട് മനുഷ്യർ ചേരുന്ന കാഴ്ച അവിടെ ഞാൻ കണ്ടു. നഗരത്തിലെ വലിയ ഇംഗ്ലീഷ് സ്‌കൂളിൽനിന്നും മണ്ണറിയുന്ന പേങ്ങാട്ട് സ്‌കൂളിലേയ്ക്ക് ഞാൻ മാറ്റി നടപ്പെട്ടു. പാവപ്പെട്ടവരെങ്കിലും നിലപാടും അധ്വാനവും സ്‌നേഹവും ചേർന്നു വഴക്കമുള്ള മണ്ണിൽ എന്റെ സ്‌കൂൾ. ബാഫഖി തങ്ങൾ മെമ്മോറിയൽ എം യു.പി സ്‌കൂൾ. അതിമനോഹരമായ കുട്ടികളൂടെ കൂട്ടം. എന്റെ എഴുത്തും ആത്മവിശ്വാസവും ആരംഭിക്കുമിടം. എന്റെ ശക്തിയുടേയും ബുദ്ധിയുടേയും സ്‌നേഹത്തിന്റെയും ഇടം. ലക്ഷ്മിനിലയമെന്ന എട്ട് വലിയ മുറികളുള്ള കൂറ്റൻ വീട്ടിൽ നിന്നും മണ്ണു തേച്ച ചുവരുള്ള, ചാണകത്തറയുള്ള ഇന്ദു ഭവനത്തിലേയ്ക്ക് വരുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് ആശ്വാസമായിരുന്നു. അമ്മ ഏറേ ദൂരം സഞ്ചരിക്കണമെന്നത് മാറ്റി നിർത്തിയാൽ ശാന്തമായ ഇടം. പക്ഷെ അമ്മയ്ക്ക് പൊരുത്തപ്പെടാൻ ദിവസങ്ങളെടുത്തു. ആഴമുള്ള കിണറിൽ നിന്നും വെള്ളമെടുക്കാനമ്മയ്ക്ക് പ്രയാസമായിരുന്നു. ചാണകം മെഴുകിയ തറയിൽ അമ്മയ്ക്ക് സങ്കടമുണ്ടായിരുന്നു. കറുത്തു മാർബിൾ പോലെ തിളങ്ങുന്ന മനോഹരമായ അമ്മവീട്ടിന്റെ തണുപ്പോർക്കെ അമ്മയ്ക്ക് കരച്ചിൽ വന്നു. ഗ്യാസ്സിൽ നിന്നും അടുപ്പിലേയ്ക്ക് തൊഴിച്ചെറിയപ്പെട്ടു. മണ്ണെണ്ണ സ്റ്റൗവ്വും അറക്കപ്പൊടിയുടെ നീറ്റടുപ്പും അമ്മയുടെ കണ്ണു നീറ്റി. പൊതുവെ അടുക്കളപ്പണി പഥ്യമല്ല മൂപ്പത്തിയാർക്ക്. പുതിയവീട്ടിൽ പണിവന്ന് തലയ്ക്കു മീതെ ആകാശമായി.

ആ നാട് മനോഹരമായിരുന്നു. അതിമനോഹരമായ ഒന്ന്. പലതരം മനുഷ്യർ. പലതരം ജാതികൾ. പലതരം തൊഴിലുകൾ. കുന്നും മലയും പാടവും കാടുമാർന്ന പ്രകൃതി. മലപ്പുറത്തിന്റെ മാദക സൗന്ദര്യവും കോഴിക്കോടിന്റെ നാഗരികതയും ഒന്നു ചേർന്ന ഇടമായിരുന്നു അത്. മനുഷ്യരും വ്യത്യസ്തർ. നാനാജാതിക്കാർ. പക്ഷെ അവരിൽ സ്നേഹത്തിന്റെ അദൃശ്യമായ ചങ്ങലകൾ ഉണ്ടായിരുന്നു. ആ നാട്ടിൽ മനുഷ്യർക്ക് സ്നേഹിക്കാൻ കാരണങ്ങൾ ആവശ്യമുണ്ടായിരുന്നില്ല. ആശാരിയും മൂശാരിയും കൊല്ലനും മാപ്പിളയുമൊക്കെ ഒന്നായ് ജീവിച്ച ഭൂമിയായിരുന്നു അത്. 28 കോൽ ആഴമുള്ള കിണറിൽ നിന്നും വെള്ളം കോരുമ്പോൾ മാത്രം അമ്മ പിറുപിറുത്തു. രണ്ട് കോലാഴത്തിൽ വെള്ളം കിട്ടുന്ന വീട്ടിൽ നിന്നു വന്നവളുടെ കൈകളിൽ ചൂടിക്കയർ തഴമ്പിട്ടു കൊടുത്തു. വൈദ്യുതി ഇല്ലായിരുന്നു. ഗ്യാസ് ഇല്ലായിരുന്നു. അപേക്ഷ വെച്ചിട്ടും കിട്ടുന്നുമില്ലായിരുന്നു. കുപ്പിയിൽ മണ്ണെണ്ണനിറച്ച് വിളക്കുണ്ടാക്കി ഞങ്ങൾ അതിന്റെ ഓറഞ്ച് വെട്ടത്തിലിരുന്ന് അച്ഛനെ കാത്തിരുന്നു..

അച്ഛനില്ലാത്ത ഓരോ സന്ധ്യകളിലും അമ്മ ആധി പൂണ്ട് അച്ഛന്റെ എഴുത്തു മേശയിലെ ഓരോകഷണം കടലാസും പരിശോധിച്ചു കൊണ്ടേയിരുന്നു.

ചെറുപ്പം മുതലെ ഉള്ള ഈ രഹസ്യം അറിഞ്ഞതു മുതൽ അസ്വാസ്ഥ്യം എന്നെ പിടികൂടി. അച്ഛനെ അമ്മ സംശയിക്കുന്നല്ലോ എന്നോർത്ത് എനിക്ക് ഭ്രാന്ത് പിടിച്ചു. കത്തെഴുതിയത് അച്ഛനല്ല എന്നുറപ്പുണ്ടായിട്ടും അമ്മയെന്തിനു കടലാസുകൾ തിരഞ്ഞു എന്ന് വഴക്കവസരത്തിൽ ഞാനമ്മയോട് സ്പർദ്ധയോടെ ചോദിച്ചിരുന്നു. അവിടെയും അമ്മ നിശബ്ദമായി. കുടുംബത്തിന്റെ മാനം, മകളുടെ ദാമ്പത്യം, പേരമക്കളുടെ ഭാവി എന്നതായിരുന്നുവെത്രെ കുറ്റവാളിയായ മരുമകനെതിരെ ഒരു സുശക്ത നടപടിയെടുക്കുന്നതിൽ നിന്നു അമ്മവീട്ടുകാരെ തടഞ്ഞത്.""തെളിവ് ഉണ്ടെങ്കിൽ ഇങ്ങളു കേസൊട്ക്കി ഏട്ത്ത്യേ'' അമ്മ അതുമാത്രം മൗനം വെടിഞ്ഞു പേർത്തും പേർത്തും പറഞ്ഞു""ന്നട്ട് ഇയ്യും കുട്ട്യോളും എന്തിയ്യും?'' വെല്ല്യച്ചനാണ്.""ആണെന്ന് തെളീഞ്ഞാലല്ലെ. ഞങ്ങളെന്തെങ്കിലും ചെയ്‌തോളും. ആ ശിക്ഷ മൂപ്പരു വാങ്ങിക്കെം ചെയ്‌തോളും. ഇനിക്കും മക്കക്കും വേണ്ടി ങ്ങളാരും സഹിക്കണ്ട'' അക്കാലത്ത് അമ്മ ഈ വിഷയത്തിൽ പറഞ്ഞ ആദ്യാവസാന വാക്കാണത്.""അതെ അമ്മ പറഞ്ഞതാണു അതിന്റെ ശരി പൊലീസ്സിൽ കേസ്സുകൊടുക്ക്'' ഞാനും അതിനെ പിന്താങ്ങി. പക്ഷെ അമ്മൂമ്മ അതിനോട് പൂർണ്ണമായും വിയോജിച്ചു. ""വേണ്ട..അത് വേണ്ട''

""ഊഹിച്ച് കൊടുക്കാമ്പറ്റില്ല. നിങ്ങൾക്ക് ഒറപ്പ് വേണം'' അമ്മൂമ്മ വിസമ്മതിച്ചു.""ഇതിൽക്കൂടുതൽ എന്താണമ്മേ ഉറപ്പ്? ഡിഡിക്കയച്ച കത്ത് കണ്ടില്ലെ?'' ചെറിയമ്മ പറഞ്ഞു. ഞാൻ ക്ഷുഭിതമായി.""നിങ്ങള് കേസു കൊടുക്കി. എന്റച്ഛനല്ല. എന്റെച്ഛനല്ല. എന്റെച്ഛനങ്ങനെ ചെയ്യൂല'' ഞാൻ അലറി

ഡി.ഡിക്കയച്ച കത്തുകൾ

അച്ഛന്റെ സ്‌കൂളിൽ ഇൻസ്‌പെക്ഷനു വന്ന ഒരു ഡെ. ഡയറക്​ടറുമായി അച്ഛൻ ചെറുതായൊന്ന് ഉടക്കിയിരുന്നു. അച്ഛന്റെ സൈഡിലായിരുന്നു ശരി എന്നതിനാൽ കൂടുതൽ പ്രശ്‌നമൊന്നും ഉണ്ടായില്ല. ഡിഡി ദേഷ്യത്തിൽ എന്തോ പിറുപിറുത്ത് കൊണ്ട് ഇറങ്ങിപ്പോയി. പ്രശ്‌നം അവസാനിച്ചു.

എന്നാൽ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ സേവാമന്ദിരത്തിന്റെ സീലുള്ള ഉത്തരക്കടലാസിൽ ഡിഡിയ്ക്ക് സൊയമ്പനൊരു തെറിക്കത്ത് പോയി. തെറിക്കുമ്മീതെ തെറി. അതിനു മീതെ അതിൽ ജാതിയധിക്ഷേപം കൂടിയുണ്ടായിരുന്നു. ""നായരായ എന്നെപ്പോലുള്ള മാഷമ്മാരെ ദളിതനായ നീ ചീത്തപറയുമോടാ'' എന്നതാണ്​ കത്തിന്റെ കാതൽ. സേവാമന്ദിരം സ്‌കൂളിന്റെ സീലുണ്ടായതിനാൽ ഡിഡിയാപ്പീസ്സിൽ നിന്ന്​ സ്‌കൂളിലേയ്ക്ക് എക്​സ്​പ്ലനേഷൻ ചോദിക്കയുണ്ടായി. ഒപ്പം ഉഗ്രനൊരു ഇണ്ടാസ്സും.
സ്‌കൂളിൽ അച്ഛനെ ഹെഡ് മാസ്റ്റർ വിളിപ്പിച്ചു. തന്റെ സത്യസന്ധത അച്ഛൻ വെളിപ്പെടുത്തി. ഹെഡ്മാസ്റ്റർ തല കുലുക്കി. പക്ഷെ ഡിഡിയെ എങ്ങനെ വിശ്വസിപ്പിക്കും എന്നതായിരുന്നു പ്രശ്‌നം.""നിങ്ങൾ നേരിട്ട് തന്നെ പോകൂ'' ഹെഡ് മാസ്റ്റെറും മാനേജറും ഒരുമിച്ച് തന്നെ പറഞ്ഞു.

""നിനക്കെന്തിനാ ഈ കത്ത്? വേണ്ട വേണ്ട. കുട്ടികൾക്കുള്ളതല്ലിത്'' അച്ഛൻ എന്നെ ശാസിച്ചു. ആ കത്തിലെ എഴുത്ത് ഞാൻ കാണുന്നതച്ഛനെ ഭയപ്പെടുത്തി.
ഈ കത്തുകൾക്ക് ചരിത്രവും രാഷ്ട്രീയവുമുണ്ടെന്ന സത്യം വിളിച്ച് പറയുവാൻ തോന്നി.

അച്ഛനു ഡിഡിയെ കാണാതെ പറ്റില്ലെന്നായി. ഒരു ദിവസം തരം നോക്കി അച്ഛൻ ഡിഡിയെ കാണാൻ ചെന്നു. ഞാനും ഒപ്പമുണ്ടായിരുന്നു.
ഡിഡി വെളുത്ത്​ ഉയരം കുറഞ്ഞ ഒരു മനുഷ്യ‌നായിരുന്നു. വായിൽ നിറയെ മുറുക്കാൻ വെച്ച് അയാൾ അച്ഛനെ തുറിച്ചു നോക്കി. അകത്തേയ്ക്ക് ഞങ്ങളെ ക്ഷണിച്ചു""മാഷെ മാഷക്ക് വന്ന കത്തിനെപ്പറ്റി ഞാൻ കേട്ടു. എനിക്കറിയാത്ത കാര്യമാണ്​. ഞാനല്ല അത് ചെയ്തത്. ഒന്നു കാണിക്കുമോ?'' അച്ഛൻ കത്ത് വാങ്ങി നോക്കി. അതേ കയ്യക്ഷരം. എനിക്ക് മനസ്സിലായി. ഊമക്കത്തുകാരന്റെ അതേ കയ്യക്ഷരം. പോസ്റ്റിങ്ങ് രാമനാട്ടുകരയിൽ നിന്ന്​. അച്ഛൻ കണ്ണടയൂരി. കത്ത് വായിച്ചതിനാൽ അദ്ദേഹത്തിന്റെ മുഖം വല്ലാതെ വാടിയിരുന്നു.
""ഇത് വളരെ മോശമായിപ്പോയി. എനിക്ക് മനസ്സറിവില്ല''""അതെനിക്കറിയാം മാഷെ. ബുദ്ധിയുള്ള ആരും അങ്ങനെ ചെയ്യില്ല. പക്ഷെ ഇത് നിങ്ങക്കുള്ള പണിയാണ്. ഏതോ ശത്രുവാണ്​ ചെയ്തത്. മാഷ് സൂക്ഷിച്ചോളു'' ഡീഡി അച്ഛനെ ജാഗ്രത്താക്കി. ചായകുടിക്കുമ്പോൾ ഞാൻ ചോദിച്ചു.
""ഈ കത്തിന്റെ കോപ്പി തരുമോ മാഷെ?''""നിനക്കെന്തിനാ ഈ കത്ത്? വേണ്ട വേണ്ട. കുട്ടികൾക്കുള്ളതല്ലിത്'' അച്ഛൻ എന്നെ ശാസിച്ചു. ആ കത്തിലെ എഴുത്ത് ഞാൻ കാണുന്നതച്ഛനെ ഭയപ്പെടുത്തി.
ഈ കത്തുകൾക്ക് ചരിത്രവും രാഷ്ട്രീയവുമുണ്ടെന്ന സത്യം വിളിച്ച് പറയുവാൻ തോന്നി. ""ഇത് വെറുമൊരു കത്തല്ല അച്ഛാ, നമ്മുടെ ജീവിതത്തിൽ അമ്മയും ഞങ്ങളും അനുഭവിക്കുന്ന വലിയ പ്രതിസന്ധിയാണിത്. അച്ഛനറിയാത്ത വലിയൊരു പ്രശ്‌നം'' ; മനസ്സ് കുതികൊണ്ടു കൊണ്ടേയിരുന്നു.
ഞാനൊന്നും മിണ്ടിയില്ല. അച്ഛനോട് എല്ലാം തുറന്നു പറഞ്ഞാലൊ വിളിച്ചു പറഞ്ഞാലോ എന്നെനിക്ക് തോന്നി. പക്ഷെ പറയരുതെന്നു അമ്മ ചട്ടം കെട്ടിയിരുന്നു. വലിയ അന്യായമാണ് അച്ഛനോട് ചെയ്യുന്നത്. എനിക്ക് തോന്നി. അച്ഛന്റെ നിരപരാധിത്വം തെളിയിക്കാനെങ്കിലും അച്ഛനത് അറിയേണ്ടതുണ്ട്. എന്നാൽ അമ്മയുടെ വാക്കുകൾക്ക് ഞാൻ വില കൊടുത്തു.

അക്കാലത്തൊക്കെ അച്ഛൻ അതീവ സർവൈലൻസ്സിലാണ്​ ജീവിച്ചിരുന്നത്. അച്ഛനറിയാതെ അച്ഛനെ ഞങ്ങൾ എല്ലാവരും പിന്തുടർന്നിരുന്നു. അമ്മയെ അതിൽ കുറ്റപ്പെടുത്തിയ ഞാനടക്കം. എനിക്ക് വിഷയം അലീബിയായിരുന്നു. കാരണം പ്രതിപൂവങ്കോഴി അച്ഛനല്ലെന്നുറപ്പാണ്. അത് തെളിയിക്കാൻ വേണ്ടി ഞങ്ങൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു. പന്നിയങ്കര പോസ്റ്റ് ഓഫീസ്സിന്റെ സ്റ്റാമ്പുള്ള കത്തു പോസ്റ്റ് ചെയ്ത ദിവസം ഞങ്ങൾക്ക് ഓർമിക്കാനായി. ആ ആഴ്ച എല്ലാ ദിവസവും അച്ഛൻ വീട്ടിലുണ്ടായിരുന്നെന്നും ഒരു ഞായറാഴ്ച്ച മാത്രമാണ് കൊണ്ടോട്ടിയിൽ ക്ലാസ്സിന്​ പോയതെന്നും ഞങ്ങൾ മൂവരും ഓർമിച്ചെടുത്തു. അന്ന് ഞാനും അനുജനും കൂടെപ്പോയിരുന്നു. കൊണ്ടോട്ടിയിലെ പ്രശസ്തമായ ഹോട്ടെൽ ലീനയിൽ നിന്നും ബിരിയാണി തിന്നാൻ.

അച്ഛനും ഞാനും ഒരുസ്‌കൂളിലാണ് പോകുന്നത്. സേവാമന്ദിരത്തിൽ. എന്നും ഒരുമിച്ച് പോകും. അഞ്ച് മണിയായാൽ അച്ഛൻ പാട്ടു ക്ലാസ്സിനായ് പോകും. അതിനു മുമ്പ് ഞങ്ങൾ ചായകുടിച്ച് പിരിയും. ആ ചായകുടിക്കൽ വിവാദമായിരുന്നു. അച്ഛന്റെ സ്‌കൂളിലെ ഒരു ടീച്ചറാണ് അത് വലിയ പ്രശ്‌നമാക്കിയത്. ഒരു പെൺകുട്ടി എല്ലാ വൈകുന്നേരവും ചായ കുടിക്കാൻ പാടില്ല എന്നതായിരുന്നു അവരുടെ യുക്തി. ചായക്കടകൾ അവിടുത്തെ വൈകുന്നേരങ്ങൾ എന്നിവ പുരുഷന്മാർക്കുള്ളതാണെത്രെ. അച്ഛന്റെ സ്‌കൂളിൽ വല്ല്യമ്മയും ഇളയ ചെറിയമ്മയും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഈ ടീച്ചർ കൃത്യമായി അതവിടെ എത്തിക്കും. വല്ല്യമ്മ അമ്മയോടും ജാനുവല്ല്യമ്മയോടും പറയും. വന്നാൽ സ്വൈര്യക്കേട്‌ ജാനുവല്ല്യമ്മ വക ഉണ്ടാകും. ഞങ്ങളുടെ വീട്ടിൽ അമ്മമ്മയുടെ ഇളയ അനുജത്തിയായ ജാനുവല്ല്യമ്മ നിൽക്കാൻ വന്നത് വലിയ ഒരു കഥയാണ്.

അച്ഛനു പുറകിൽ മണത്തു നടക്കുന്ന രണ്ട് അന്വേഷണ നായ്ക്കളായി ഞാനും അമ്മയും. വർഷങ്ങളോളം ശ്രമിച്ചിട്ടും ഒരു തെളിവും ഞങ്ങൾക്ക് അച്ഛനെതിരായിട്ട് കിട്ടിയില്ല. എല്ലാം അനുകൂലമാണ്

ഓരോ ദിവസവും എവിടേയ്ക്കാണച്ഛൻ പോകുന്നതെന്നറിയുക അത്യാവശ്യമായിരുന്നു. ചായ കുടിക്കാൻ പോകു​ന്ന സമയം ഞാൻ ഇതെല്ലാം ഏതാ എന്താ എന്നൊക്കെ കൃത്യമായി ചോദിച്ച് മനസ്സിലാക്കി. ഒരു ഡയറി വെച്ചു. എന്നൊക്കെ എവിടൊക്കെ ട്യൂഷൻ. പോരാഞ്ഞ് അച്ഛൻ അവിടെ എത്തിയോ എന്നുറപ്പിക്കൽ. പോയ വീടുകളിലെ ഫോണിൽ വിളിച്ച് മിണ്ടാതെ നിൽക്കൽ. അപ്പോൾ പശ്ചാത്തലത്തിൽ കേൾക്കാം അച്ഛന്റെ പാടുന്ന ശബ്ദം. പൊടുന്നനെ ഫോൺ വെച്ച് ആശ്വസിയ്ക്കും. രാത്രിയിൽ അച്ഛൻ വന്നാലുടനെ പഴ്സിലെ, പോക്കറ്റിലെ ടിക്കറ്റുകളെടുത്ത് ഡയറിയിൽ സ്റ്റാപ്ലെർ ചെയ്ത്​ അച്ഛന്റെ ട്രാവൽ ഡയറി ഉണ്ടാക്കി. മറന്നു പോയെങ്കിലോ എന്നായിരുന്നു. അലീബി തെളിയിക്കണമായിരുന്നു. അച്ഛനല്ലെന്ന്​ തെളിയിക്കണമായിരുന്നു.

അച്ഛനു പുറകിൽ മണത്തു നടക്കുന്ന രണ്ട് അന്വേഷണ നായ്ക്കളായി ഞാനും അമ്മയും. വർഷങ്ങളോളം ശ്രമിച്ചിട്ടും ഒരു തെളിവും ഞങ്ങൾക്ക് അച്ഛനെതിരായി കിട്ടിയില്ല. എല്ലാം അനുകൂലമാണ്. അച്ഛൻ തെറ്റുകാരനല്ല എന്ന് തെളിവുകളും ഞങ്ങളോട് പറഞ്ഞു കൊണ്ടേയിരുന്നു. അച്ഛനോട് ഇതു തുറന്നു പറയൂ. എന്ന് ഞാൻ അമ്മയോട് നിരന്തരം ആവശ്യപ്പെട്ടു. അമ്മ അത് സമ്മതിച്ചതേയില്ല. അച്ഛനറിഞ്ഞാൽ പിന്നെ അമ്മവീട്ടുകാരുമായ് എന്നെന്നേയ്ക്കും പിണങ്ങുമെന്ന് കരുതിയുള്ള ഭയമായിരുന്നു അത്.

അമ്മയുടെ വീട്ടുകാരുടെ പെരുമാറ്റം ദിനേന അടിക്കടി വഷളായി. ഒളിഞ്ഞും തെളിഞ്ഞുമുള്ള അവഗണനയും അപമാനങ്ങളും അച്ഛനു മനസ്സിലാകുന്നു ണ്ടായിരുന്നു. അവർ അച്ഛനെ അപമാനിച്ച് കോണ്ടേയിരുന്നു. പതിയെ അച്ഛൻ അമ്മ വീട്ടിലേ‌ക്കോ ബന്ധു വീട്ടിലേ‌ക്കോ പോകാതായി. കല്യാണങ്ങൾക്കോ വിശേഷങ്ങൾക്കോ മക്കളും അമ്മയും മാത്രം പോകുന്ന രീതിയായി. അമ്മ പോകുമ്പോൾ അച്ഛൻ ക്ഷുഭിതനാവും, മുറുമുറുക്കും. വീട്ടിലെന്തെങ്കിലും പരിപാടി എന്നു കേട്ടാൽ ഞങ്ങൾക്ക് ആഹ്ലാദത്തേക്കാൾ ഭയവും ആശങ്കയും നിറയും. അമ്മ സൂത്രശാലിയായിരുന്നു. വളരെ വേണ്ടപ്പെട്ട കല്യാണമാണെങ്കിൽ അമ്മ മറ്റെന്തെങ്കിലും പറഞ്ഞ് അച്ഛനെ നാട്ടിലയച്ചു. സമാധാനമായി വീടു പൂട്ടി അമ്മ വീട്ടിലേയ്ക്ക് പോയി. അച്ഛന്റെ നാട്ടിൽ ഒരു കല്യാണമുണ്ടെന്ന് പറഞ്ഞ് അമ്മ ബന്ധുക്കളുടെ മുമ്പിൽ പിടിച്ചു നിന്നു.

അമ്മ എത്ര പൊത്തിപ്പിടിച്ചിട്ടും അവരുടെ ദാമ്പത്യത്തെ ഉലച്ചു കളയുന്ന രീതിയിൽ രണ്ടുമൂന്നു ഗംഭീരവഴക്കുകൾ ഉണ്ടായതും അക്കാലത്താണ്. അക്കാലങ്ങളിൽ അച്ഛന്റെ പെരുമാറ്റം സാത്വികത വിട്ട്, ക്ഷോഭം നിറഞ്ഞതായി. കാരണമറിയാതെ ഭാര്യവീട്ടിൽ നിന്നുള്ള വെറുപ്പും വിദ്വേഷവും അദ്ദേഹത്തെ ഭയങ്കരമായി അസ്വസ്ഥനാക്കി. അച്ഛൻ പലപ്പോഴും തനിയെ പിണങ്ങി. അമ്മയില്ലാതെ വളർന്ന അനാഥനായിരുന്നു അദ്ദേഹം. ഭാര്യയും കുഞ്ഞുങ്ങളും മാത്രമാണ് ലോകം. അതിനിടയിൽ അമ്മവീട്ടുകാരുമായുള്ള പ്രശ്‌നങ്ങൾ വലിയ ഭാരമായി അദ്ദേഹത്തിനു മാറി. അച്ഛൻ ദേഷ്യത്താൽ ഞങ്ങളെയും വിലക്കി. അമ്മ വീട്ടിലേക്ക് പ്രവേശിക്കാത്ത അവസ്ഥ ഞങ്ങൾക്കുമുണ്ടായി.

അക്കാലത്ത് അമ്മത്തറവാട്ടിനടുത്ത് ഒരു സ്ഥലം വാങ്ങാൻ അച്ഛൻ അഡ്വാൻസ്സ് കൊടുത്തിരുന്നു. വേശു വല്ല്യമ്മയായിരുന്നു സ്ഥലത്തിന്റെ ഉടമ. അച്ഛൻ സ്ഥലം വാങ്ങുന്നത് ചെറിയച്ഛന്മാരോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾ വലിയ കുഴപ്പമായി.
""അയ്യാളെ ഇന്നാട്ടിൽ വെച്ച് പൊറുപ്പിക്കീല്ല'' എന്റെ വല്ല്യച്ഛൻ കട്ടായമായി പറഞ്ഞു.

ആ തീരുമാനം നടപ്പിലാക്കാൻ വല്ല്യച്ചനും ചെറിയച്ഛന്മാരും അമ്മൂമ്മയുടെ വീട്ടിൽ മുകളിൽ ഒത്തുകൂടി. വേശുവല്ല്യമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാൻ ഏറെ സമയം വേണ്ടിവന്നില്ല. അനുജന്റെ നഷ്ടപ്പെട്ട കാർ ബോക്സ്സ് തേടി നടന്ന എന്റെ ചെവിയിൽ ആ ഗൂഢാലോചന വന്നു വീണു. എന്റെ മനസ്സ് ഇടിഞ്ഞു. എന്തൊരു ദ്രോഹമാണിതെന്ന് ഞാൻ അമ്മയോട് പറഞ്ഞു. അമ്മയ്ക്കും ഒന്നും പറയാൻ തോന്നിയില്ല.

പക്ഷെ എന്റെ വാശി ഭയാനകമായിരുന്നു. കളികളിലെ കുട്ടികൾക്കു മുമ്പിലെ തോൽവി അവർ എന്റെ അച്ഛന്റെ തോൽവിയായ് എണ്ണി. ഞാനും. തോൽക്കാതിരിക്കാൻ ഞാൻ കഠിനശ്രമം തന്നെ നടത്തി.

വീണ്ടും അമ്മബന്ധുക്കൾ വാക്കുമായി വന്നതിൽ അച്ഛനു നല്ല ദേഷ്യം തന്നെ ഉണ്ടായി. അമ്മയുമച്ഛനും തമ്മിൽ വലിയ വലിയ വഴക്കുണ്ടായി. അമ്മയുടെ വീട്ടുകാരുടെ മനഃപ്പൂർവ്വമായ പ്രവർത്തനമാണ് അഡ്വാൻസ്സ് കൊടുത്ത സ്ഥലം നമുക്ക് കിട്ടാതായതിനു കാരണം എന്ന് അച്ഛൻ തുറന്നു പറഞ്ഞു.""എന്തിനു സത്യേ? ഞാനെന്ത് തെറ്റ് ചെയ്തു? നെനക്കല്ലെ മീഞ്ചന്തേലു താമസിക്കണമെന്ന ആശ?''

അമ്മ അവിടെയും നിശബ്ദയായിത്തന്നെ നിന്നു. അപമാനങ്ങളുടെ നീണ്ട നിരയായിരുന്നു. മറ്റൊരാളെങ്കിൽ ഭാര്യയെ ഉപേക്ഷിച്ച് സ്വൈര്യം വീണ്ടെടുക്കുമായിരുന്നു എന്ന് എനിക്ക് തോന്നി. അച്ഛനനുഭവിക്കുന്ന നിന്ദകൾ ഞാനും അനുജനും പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ചിരുന്നു എന്നതാണ്. കളികളിൽ ന്യായാന്യായങ്ങളിൽ ഞങ്ങളുടെ ഭാഗം ആരും പറഞ്ഞില്ല. അവർ മറ്റുള്ളവർക്കൊപ്പം ചേർന്നു. ഞങ്ങളോടൊരു തരം സ്പർദ്ധയുണ്ടായിരുന്നത് സ്പഷ്ടമായി പ്രകടിപ്പിച്ചു. കളികളിൽ എതിർപക്ഷ കുട്ടികൾക്കൊപ്പം നിന്നും തന്ത്രങ്ങൾ മെനഞ്ഞു. ചെസ്സുകളി, ചീട്ടുകളി സൂത്രങ്ങളാവശ്യമുള്ള കളികളിൽ ഞങ്ങളുടെ എതിർപക്ഷത്തുള്ളവർക്കൊപ്പം അമ്മവീട്ടിലെ മുതിർന്നവർ നിന്നു. എനിക്കത് വലിയ പ്രയാസമായി. ചെസ്സു കളിയുടെ പുസ്തകങ്ങൾ വാങ്ങി മൂവുകൾ പഠിച്ചെടുത്തത് അക്കാലത്തായിരുന്നു. രാത്രിയിൽ ഉറക്കമിളച്ച് ചെസ്​ കളിക്കുന്നതിന് എന്നെ അമ്മ കളിയാക്കുമായിരുന്നു. പക്ഷെ എന്റെ വാശി ഭയാനകമായിരുന്നു. കളികളിലെ കുട്ടികൾക്കു മുമ്പിലെ തോൽവി അവർ എന്റെ അച്ഛന്റെ തോൽവിയായ് എണ്ണി. ഞാനും. തോൽക്കാതിരിക്കാൻ ഞാൻ കഠിനശ്രമം തന്നെ നടത്തി. ചെറിയവർ തോറ്റു മാറിയപ്പോൾ ഞാൻ വലിയവരെ വെല്ലുവിളിച്ചു. ലൈബ്രറിയിൽ നിന്നു കിട്ടിയ പഴയ ചെസ്​ പുസ്തകം ഉഗ്രനായിരുന്നു. അതെന്നെ വിജയിപ്പിച്ചു. എല്ലാർക്കുമുമ്പിലും കുറ്റമൊന്നും ചെയ്യാതെ കുറ്റവാളിയായ് നിൽക്കുക- അതു പോലെ തോറ്റു നിൽക്കുക അതെനിക്ക് ഏറെ പ്രയാസമായിരുന്നു. ഞാനതിനു ഒരിക്കലും തയ്യാറായില്ല.

""വേണമെങ്കിൽ നിങ്ങക്ക് സത്യം പറയാം. ഞങ്ങളച്ഛനോട് ഒന്നും പറയില്ല. നിങ്ങളു പറഞ്ഞൂന്നും പറയില്ല'' ബന്ധുക്കൾ കുശാഗ്രതയോടെ ഞങ്ങളെക്കൊണ്ട് കത്തെഴുതിയത് അച്ഛനെന്ന് പറയിക്കുവാൻ പരിശ്രമിച്ചു. പക്ഷം ചേരൽ എളുപ്പമായിരുന്നു. ഒന്ന് അതെ എന്നു പറഞ്ഞ് അവർക്കൊപ്പം ചേരുക. അല്ലെങ്കിൽ അമ്മയെപ്പോലെ നിശബ്ദമായിരുന്ന് അവർ പറയുന്നത് കേട്ടു നിൽക്കുക. അതൊരു തരം അംഗീകാരമായവർ വിവക്ഷിച്ചിരുന്നു. പക്ഷെ എതിർക്കുകയെന്നാൽ ട്രോമയിൽ പെടുക എന്നാണ്. എതിർപ്പും വെറുപ്പും കള്ളിയെന്നു പേരും കിട്ടും പലതരം ക്ഷോഭങ്ങൾക്ക് പാത്രമാകുകയും ചെയ്യും. പക്ഷെ ഞാനതിനു വഴങ്ങിയതേയില്ല. എത്ര പ്രതിസന്ധിയിലും ഞാൻ അച്ഛനെ തള്ളി പ്പറഞ്ഞില്ല""ഇല്ലാ ഇല്ലാ

ഇല്ലാ'' എന്റെ അലർച്ചകൾ ഭയാനകമായ ശബ്ദത്തോടെ ഫാനിൽതട്ടിക്കറങ്ങി. അവരുടെ ചെവികളിൽ നിഷേധമായ് പ്രതിഷേധമായി മുഴങ്ങി. ഇതിനൊരു മറുവശം ഉണ്ടായിരുന്നു.

അമ്മ നിശബ്ദയായപ്പോൾ അവരതിൽ ആശ്വസിച്ചു

""ആ ഓളെന്ത് പറയാനാ. ഓക്ക് മറുപടിയുണ്ടാവുമോ? തൊണ്ടേലു പഴുത്താല്​ഇറക്കല്ലെ വഴിയുള്ളു?''
മിണ്ടാതെ നിൽക്കുന്നത് ശരിയെന്നംഗീകരിക്കലല്ല എന്നു എനിക്കറിയാമായിരുന്നു. പക്ഷെ അവർ അത് അമ്മയുടെ സമ്മതമായി വായിച്ചു. സഹോദരിമാരെ കൂടുതൽ വെറുപ്പിക്കരുത് എന്നതു മാത്രമാണ് അമ്മ നിശബ്ദതകൊണ്ട് ഉദ്ദേശിച്ചത്. പക്ഷെയത് അച്ഛനു ഭയങ്കരമായി ദോഷം ചെയ്തു.
എന്റെ സ്വഭാവം കൂടുതൽ വന്യമായി അമ്മയുടെ നിശബ്ദയുടെ ബദലും ചേർത്തുവേണം മറുപടികൊടുക്കുവാൻ. ഞാൻ ചീറിക്കൊണ്ടാണു മറുപടി പറയുന്നതത്രയും. ഒരുതരം കടുത്ത ആക്രമണോത്സുകത ആ സമയത്ത് എന്ന ബാധിക്കും. എന്റെ നാക്ക് ഒരു ഉറുമിയാണെന്നു ഞാൻ കരുതും. എന്റെ അച്ഛനെതിരായുള്ള സകല ആരോപ്പണങ്ങളും ഞാൻ അറുത്തെറിയും.""അല്ല എന്റെ അച്ഛനല്ല. നിങ്ങൾ ഇല്ലാവചനം പറയുകയാണ്'' ഞാൻ ഒരൽപ്പം വിട്ടുകൊടുക്കില്ല. അവർ കവറിലെ അഡ്ഡ്രസ്സ് നീട്ടി. മറുകയ്യിൽ അച്ഛനെഴുതിയ ഒരു പുസ്തകത്തിന്റെ പേജ്.

""ഒന്ന് നോക്കിട്ട് പറയി. ഈ കയ്യക്ഷരം രണ്ടിനും സാമ്യമില്ലെ?''
പുറത്തെ വിലാസമെഴുതിയതിനു അൽപ്പം സാമ്യത തോന്നുമായിരുന്നു. ""എം നോക്ക് എ നോക്ക് എൻ നോക്ക്''""ക്യാപ്പിറ്റൽ ലെട്ടെർ അനുകരിക്കാനെളുപ്പമാണ്. മലയാളോ സ്‌മോൾ ലെറ്റെറോ ഒന്നും കോപ്പിയ്യാൻ കഴിയില്ല. അതോണ്ടുള്ള സാമ്യതയാണ്'' ഞാൻ തെളിവുകൾ നിരത്തി കട്ടായം പറഞ്ഞു.

കുറ്റവാളിയും പ്രതിയുമൊക്കെ അച്ഛൻ തന്നെ. ഒന്നോരണ്ടോ ദിവസങ്ങളല്ല നീണ്ട 30 വർഷങ്ങൾ. ഒരു മനുഷ്യന്റെ യൗവ്വനവും മധ്യവയസ്സും മൊത്തമായി പിന്നിട്ട മുന്നൂപതിറ്റാണ്ടുകൾ... നശിച്ച വർഷങ്ങൾ. അച്ഛനെ മാത്രമല്ല. അമ്മയെ അവരുടെ ദാമ്പത്യത്തെ, മക്കളായ ഞങ്ങളെയൊക്കെ അതിമാരകമായ് ഇതു ബാധിച്ചു.

ദേഷ്യവും കരച്ചിലും പകയും വരുമ്പോൾ ഞാൻ ദുർബലയാകും എന്റെ കണ്ണുകൾ താനെ നിറഞ്ഞൊഴുക്കും. വാക്കുകൾ മറന്നു പോവും. ആരോപണങ്ങളുടെ വലിയ ബാബേലിൽ എന്നും ഞാനങ്ങനെയാണ്. നുണ ഒരന്യായമായും അനീതിയായുമായാണ് എനിക്ക് തോന്നുക. സത്യമായും എന്റെ പക്കൽ തെറ്റുണ്ടെങ്കിൽ ഞാൻ മിണ്ടാതെ സമാധാനമായിരിക്കുമായിരുന്നു. തെറ്റു ചെയ്താൽ പിന്നെ എളുപ്പമാണ്. വരുന്നതും തരുന്നതുമായ ശിക്ഷകൾ വാങ്ങുക. ക്ഷമാപണം ചെയ്യുവാനാകുമെങ്കിൽ അതുമാകാം. മിണ്ടാതെയിരിക്കാം. പക്ഷെ കുറ്റം ചെയ്യാതെ നിങ്ങൾ പ്രതിചേർക്കപ്പെട്ടെങ്കിൽ പെട്ടു എന്നേ പറയാനുള്ളൂ. സാമൂഹികമായ ശിക്ഷാവിധികൾ സ്വയം തെളിയിക്കാൻ നമ്മളോട് നിരന്തരം ആവശ്യപ്പെടും. ആരോപണം തെളിയിക്കേണ്ടത് അതുന്നയിച്ച ആളാണ്. തെളിവുകൾ വേണം നിയമത്തിലൊക്കെ. എന്നാൽ പ്രാകൃതമായ ആൾക്കൂട്ട വിചാരണ നേരെ മറിച്ചാണ്. അവർ ഉന്നയിക്കും. ആരോപിക്കും. കുറ്റവാളിയാക്കും. തെളിവൊന്നും കാണില്ല. അവരുടെ ന്യായങ്ങൾ, അവരുടെ തോന്നലുകൾ അത്രമാത്രം. അതിനു പക്ഷെ കുറ്റാരോപിതർ മറുപടി പറയണം. കുറ്റരഹിതരെന്നു തെളിയിക്കണം. ആൾക്കൂട്ടത്തിന്റെ പ്രാകൃതനിയമസംഹിതയാണത്. എന്റെ അച്ഛന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. കുറ്റവാളിയും പ്രതിയുമൊക്കെ അച്ഛൻ തന്നെ. ഒന്നോരണ്ടോ ദിവസങ്ങളല്ല നീണ്ട 30 വർഷങ്ങൾ. ഒരു മനുഷ്യന്റെ യൗവ്വനവും മധ്യവയസ്സും മൊത്തമായി പിന്നിട്ട മുന്നൂപതിറ്റാണ്ടുകൾ... നശിച്ച വർഷങ്ങൾ. അച്ഛനെ മാത്രമല്ല. അമ്മയെ അവരുടെ ദാമ്പത്യത്തെ, മക്കളായ ഞങ്ങളെയൊക്കെ അതിമാരകമായ് ഇതു ബാധിച്ചു. ഊമക്കത്തുകൾ എന്നു കേട്ടാൽ അതിഭയങ്കരമായ ഒരു വെറിയോ ഭീതിയോ പകയോ പൊന്തുകയുണ്ടായി. അത് തലപൊട്ടിക്കുന്ന ഒരു പ്രശ്‌നമോ പ്രഹേളികയോ ആയി. പൊലീസ്സ് സുഹൃത്തുക്കൾക്കൊന്നും തന്നെ എന്തു ചെയ്യണമെന്നു പറഞ്ഞു തരാൻ ആകാത്ത അവസ്ഥ.

ഇത് പക്ഷെ ജീവിതത്തിൽ എനിക്കും സഹോദരിയ്ക്കുമൊക്കെ ധീരമായ ചില നിലപാടുകളും മനോഭാവങ്ങളും ഉണ്ടാക്കിയിരുന്നു. എന്തു ചെയ്താലും ചെയ്തത് ഞാനാണ് എന്ന് പറയുവാനുള്ള ഒരാർജ്ജവം. പിതാവില്ലാത്ത കത്തുകളുടെ പിതൃശൂന്യതയുണ്ടാക്കിയ കുഴപ്പത്തിൽ നിന്നും ചെയ്തവയുടെ ഉത്തരവാദിത്തം സുതാര്യമായി ഏൽക്കുക എന്ന രീതിയുണ്ടായി വന്നു. ഓഫീസ്സിലായാലും എന്റെ കുടുംബത്തിലായാലും ഞാനാണ് ചെയ്തത് എന്ന് പറയുവാനുള്ള ഉൾക്കരുത്ത്, ശക്തിയൊക്കെ എനിക്ക് ലഭിച്ചു.

കണ്ണുകളിൽ പ്രേമമുള്ള ഒരാൺകുട്ടിയും അരുണയും

ഇക്കാലത്താണ്​ അജ്ഞാതഫോൺ വിളികളുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ ഏതു പെൺകുട്ടിയെപ്പൊലെ സാധാരണമായി എന്റെ ജീവിതത്തിലും സംഭവിച്ചത്. അയൽപക്കത്ത് നാലഞ്ച് വീടുകൾക്കപ്പുറം സുന്ദരനായ ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നു. അയാളുടെ സൗന്ദര്യമൊന്നും ഞാൻ വാസ്തവത്തിൽ ശ്രദ്ധിച്ചിരുന്നില്ല. അക്കാലത്ത് എന്റെയൊപ്പം ഒരു നമ്പൂതിരിക്കുട്ടി പഠിച്ചിരുന്നു. ജഗജാലകില്ലാഡി എന്നാണ്​ ഞാനവളെ വിളിച്ചിരുന്നത്. എന്തും ചെയ്യാനുള്ള ബ്രാഹ്മണ ശൃഗാലതയായിരുന്നു അവളുടെ പ്രത്യേകത. എന്തും ചെയ്തുകളയും. ഒരിക്കൽ എന്റെ വീട്ടിൽ അവൾ വരികയുണ്ടായി. അന്നു ഞങ്ങൾക്ക് ഫോണില്ല. ഇവൾക്ക് ഞാൻ എന്റെ അയല്പക്കത്തെ നമ്പർ കൊടുത്തിട്ടുണ്ട്. ഞങ്ങൾ തിരിച്ച് പോരുമ്പോൾ എന്റെ അയൽവാസിയായ ചെറുപ്പക്കാരനെ ഇവൾ കണ്ടു.""കൊള്ളാമല്ലൊ'' ""മ്മ്ഹ് ശരിയാണ്​. പക്ഷെ ടിപ്പിക്കൽ മല്ലു'' അവന്റെ തിളങ്ങുന്ന മീശയെ ഞാൻ തള്ളിപ്പറഞ്ഞു. അവന്റെ പ്രകാശം പൊടിഞ്ഞുയരുന്ന അതിമനോഹരങ്ങളായ കണ്ണുകളെ ഞാൻ തള്ളിപ്പറഞ്ഞു.

""ആഹ് നിനക്ക് ചേരും'' അവൾ എന്റെ മനസ്സറിയാൻ പറഞ്ഞു.""ച്ചെ ഛെ. എന്റെ ടൈപ്പല്ല. മാഡം തൽക്കാലം ഞങ്ങളെ ചേർക്കണ്ട. ബ്രോക്കറെ ആവശ്യം വരുമ്പോൾ ഞാൻ പറയാം'' ഞാൻ മുഖം കോക്രിച്ചു. ഞങ്ങളുടെ സംഭാഷണം അതങ്ങനെ തീർന്നു.

അയാൾ എന്നെ കാണുമ്പോൾ തലയിളക്കും. ഞാനും മറുതലയിളക്കും. പക്ഷെ അയാളുടെ പൂന്തോട്ടത്തിൽ കൃഷ്ണകിരീടികൾ പൂത്തതും മഞ്ഞപ്പാപ്പാത്തികൾ ഭ്രാന്തെടുത്ത് പാറുന്നതും ഞാൻ കണ്ടില്ലെന്നു നടിച്ചു.

അവൾ പോയി കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ കോളേജ് വിട്ടുവരുമ്പോൾ ആ ചെറുപ്പക്കാരനെ സ്ഥിരമായി കാണാൻ തുടങ്ങി. അതസ്വാഭാവികമായിരുന്നു. അവന്റെ ചുണ്ടുകളിൽ വിളർത്ത ചെറിപ്പഴങ്ങളുണ്ടായിരുന്നു. പ്രേമഗന്ധമുള്ള ചുംബനങ്ങളെ ഞാൻ ഭയന്നു. അവൻ സൈക്കിളിൽ പോകുന്നത്. വീട്ടിലെ ബാൽക്കണിയിൽ നിൽക്കുന്നത്. ബൈക്കിൽ പോകുന്നത് കടയിൽ പോയി വരുന്നത്. എല്ലാം വളരെ സ്വാഭാവികമായിരുന്നു. പക്ഷെ ഗൂഢമായൊരസ്വാഭാവികതയതിനുണ്ടായിരുന്നു. അയാൾ എന്നെ കാണുമ്പോൾ തലയിളക്കും. ഞാനും മറുതലയിളക്കും. പക്ഷെ അയാളുടെ പൂന്തോട്ടത്തിൽ കൃഷ്ണകിരീടികൾ പൂത്തതും മഞ്ഞപ്പാപ്പാത്തികൾ ഭ്രാന്തെടുത്ത് പാറുന്നതും ഞാൻ കണ്ടില്ലെന്നു നടിച്ചു. നാട്ടുചെക്കൻ മാവ് പൂത്ത മരക്കൊമ്പിനു താഴെ കസേരയിട്ട് പത്രവും പിടിച്ച് എന്നെ കാത്തിരിക്കുന്നതായി എനിക്ക് മനസ്സിലായി. അയാളുടെ അച്ഛന്റെ കടയിൽ നിന്നാണ് എഴുതുവാനുള്ള വെള്ളപ്പേപ്പറുകൾ ഞാൻ വാങ്ങിയിരുന്നത്. കടയിൽ വെച്ചും അല്ലാതെയും ഒന്നു രണ്ട് തവണ അയാൾ എന്നോട് സംസാരിക്കുകയും ചെയ്തു. എന്റെ കഥകൾ മുഴുവനും ഞാനാ വെള്ളപ്പേപ്പറുകളിൽ എഴുതി.

ദിവസങ്ങൾ പോകെപ്പോകെ ആകെ അവനാകെയൊരു പന്തികേട്.. അവന്റെ ഒരുതരം പ്രകടനപരമായ ചുറ്റിത്തിരിയൽ എന്നെ സംശയാലുവാക്കി.
പിന്നെപ്പിന്നെ അവരുടെ ഓരോരോ കസിൻസ്സ്, അമ്മായി എന്നിവർ ഉമ്മറത്ത് നിൽക്കുന്നത് കാണാനായി. ചെറിയ കുശുകുശുക്കൽ, സംഭാഷണം. പതിയെ എന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളപൊട്ടി. പ്രേമമല്ലായിരിക്കുമോ വിഷയം? ഊമക്കത്തുകൾ ഞാനെഴുതിയെന്ന പേരിൽ വന്നു കാണുമോ? വല്ല പ്രേമലേഖനരൂപത്തിലോ മറ്റോ. എന്തോ കുഴപ്പമുണ്ട് എന്ന് എന്റെ ഉള്ള് എനിക്ക് ജാഗ്രതാനിർദ്ദേശം തന്നു കഴിഞ്ഞു. എന്റെ മനസ്സമ്മാധാനം പോയി. ഞാൻ പ്രതീക്ഷിച്ചതു വൈകിയില്ല. മൂന്നാമത്തെ ആഴ്ചയിൽ ആ ചെറുപ്പക്കാരൻ എന്നോട് ""വൈകുന്നേരം വരുമ്പോൾ എനിക്ക് ഒരു കാര്യം സംസാരിക്കണം''മെന്നു പറഞ്ഞു.

ഞാനൊന്നും മിണ്ടിയില്ല. ഞാനയാളെ തുറിച്ച് നോക്കി. എന്റെ മനസ്സിൽ കത്തുകളാണ്. ഊമക്കത്തുകൾ. എങ്ങനെ പറയും ഈ ഊമക്കത്തിന്റെ കഥ എന്നു മാത്രം അന്ധാളിച്ചു. പറഞ്ഞാൽ വിശ്വസിക്കുമോ? കുടുംബത്തിന്റെ അന്തസ്സ് എന്റെ അഭിമാനം ഗർവ്വ്.
അയാൾ എന്റെ മുമ്പിലേയ്ക്ക് കയറി ബൈക്ക് നിർത്തിയിറങ്ങി. സൽമാൻ ഖാനെപ്പോലെ അയാളുടെ മുടിയിഴകൾ ഷർട്ടിനു താഴേയ്ക്ക് നീണ്ടിരുന്നു. പാടത്തു നിന്നും വീശിയ നെൽമണക്കാറ്റിൽ അവ ചുരുളായ് ഇളകി.

അയാളുടെ ചിരി വളരെ മനോഹരമായിരുന്നു. പത്തൊമ്പതുവയസ്സുള്ള പെൺകുട്ടികളുടെ ഹൃദയം പാൽപ്പൊടിയാവുന്ന ഒന്നായിരുന്നു അത്. എന്നെ ഭയം തളർത്തി. ഒരു ചെറിയ പ്രേമരോഗി എന്റെയുള്ളിൽ എക്കാലത്തും ഉണ്ടായിരുന്നു. അവളെ ഞാൻ ഭയപ്പെട്ടു

""കാണാം''ഞാൻ ഭയത്തോടെ തലകുലുക്കി.""പിന്നേ'' അയാൾ ഒരു പച്ചോല ചീന്തിയുണ്ടാക്കിയ കളിവാച്ച് എനിക്ക് നീട്ടി.""വേണ്ട. എനിക്ക് വേണ്ട'' ഞാനത് വാങ്ങിയില്ല""നമുക്കീ നങ്ങേമ്മക്കുട്ടിയുടെ നാടകം വേണ്ട അല്ലെ?'' എന്നോ മറ്റോ അയാൾ ചിരിയോടെ പറഞ്ഞു. അയാളുടെ ചിരി വളരെ മനോഹരമായിരുന്നു. പത്തൊമ്പതുവയസ്സുള്ള പെൺകുട്ടികളുടെ ഹൃദയം പാൽപ്പൊടിയാവുന്ന ഒന്നായിരുന്നു അത്. എന്നെ ഭയം തളർത്തി. ഒരു ചെറിയ പ്രേമരോഗി എന്റെയുള്ളിൽ എക്കാലത്തും ഉണ്ടായിരുന്നു. അവളെ ഞാൻ ഭയപ്പെട്ടു. എന്റെ അഭിമാനത്തെ തകർക്കുന്ന ഒന്ന് ആ പ്രേമരോഗിയിൽ ഉണ്ടെന്നു ഞാൻ വിശ്വസിച്ചു. ആണുങ്ങൾ എന്ന തെണ്ടികളിൽ തരളിതമാവാൻ സാധ്യതയുള്ളതിനാൽ അവളെ ഞാൻ പണ്ടെയ്ക്കു പണ്ടെ നിയന്ത്രിച്ചിരുന്നു.
കോളേജിൽ ഞാൻ വളരെയസ്വസ്ഥയായിരുന്നു. ക്ലാസ്സിൽ കയറാതെ ബുദ്ധന്റെ മരച്ചോട്ടിലിരുന്നു. എന്റെ കൂട്ടുകാരികൾ ഇന്റെർവെല്ലിനു വന്നു പോയി. ഒരാൾ നമ്മോട് പ്രേമം പറയാൻ വരുന്നത് നമ്മളെ അത്യധികം അസ്വസ്ഥമാക്കുമായിരുന്നു...

എന്റെ സീനിയറായ വിജീഷ് കൂട്ടാലിട എന്റെ അടുത്ത് വന്നിരുന്നു. എന്റെ വസ്ത്രധാരണമായിരുന്നു അയാളുടെ വിഷയം. എന്റെ വസ്ത്രധാരണത്തിൽ എന്തോ കുഴപ്പമുണ്ടെന്നാണ് കക്ഷിയുടെ വാദം. ഞാൻ എന്നെത്തന്നെ നോക്കി. ചന്ദനക്കളർ പട്ടുപാവാട, ചുവന്ന കരയിൽ മാങ്ങാചിത്രങ്ങൾ സ്വർണ്ണനൂലിൽ തുന്നിയ ബോഡർ. ""എന്താ കുഴപ്പം'' ""അല്ല നിങ്ങൾ എന്തിനാണ് തലയിൽ മത്തൻപൂവ് ചൂടുന്നത്?'' ""നിങ്ങൾ കണ്ടോ?'' ""ഇല്ല കേട്ടു'' ""എണീറ്റ് പോടോ വെറുപ്പിക്കാതെ''ഞാനവനെ ക്ഷുഭിതമായി ആട്ടി.

കുറച്ച് കഴിഞ്ഞപ്പോൾ ഹിന്ദി-ഹിസ്റ്ററിയിലെ ദീപ്തി എന്റെടുത്ത് വന്നിരുന്നു. ""ഒരു കാര്യം പറഞ്ഞാൽ ആരോടെങ്കിലും പറയുമോ?''""എന്താണ്​?'' എനിക്ക് ഒരു കാര്യവും കേൾക്കാൻ കെൽപ്പ് തോന്നിയില്ല.""നീ വഴക്ക് കൂടുമോ?'' ""ഇല്ലാടോ'' ദുർബലമായി ഞാൻ പറഞ്ഞുവെങ്കിലും എന്റെ മനസ്സ് വഴക്കുണ്ടാക്കാൻ സാധ്യതയുണ്ടെന്നെനിക്കു തന്നെ തോന്നി""നീ വിഷമിക്കരുത്. പ്രശ്‌നമുണ്ടാക്കരുത്. ഹോസ്റ്റെലിലെ കുട്ടികളൊക്കെ അരുണയുടെ കൂടെ കൂടിയിട്ടുണ്ട്?'' ""എന്തിനാ?എന്താ?'' എനിക്ക് നന്നായിട്ട് തല വേദനിക്കുന്നുണ്ടായിരുന്നു. ""പ്രണയവർണം സിനിമ റിലീസാണെന്നാണ് എന്റെ തോന്നൽ. നീ പോയ ശേഷം. ഇവരെല്ലാം കൂടി പോസ്റ്റാഫീസ്സിലെ കോയിൻ ബൂത്തിൽ നിന്ന്​ ആരെയോ വിളിക്കുന്നുണ്ട്. നിനക്കുള്ള പണിയാണ്. നീ ഇട്ട ഉടുപ്പിന്റെ നിറമൊക്കെ പറയുന്നുണ്ട്...''

എന്റെ ഉള്ള് കത്തിപ്പോയി. മനസ്സിൽ അപായമണി മുഴങ്ങി. രാവിലത്തെ അയാളുടെ ഒരു സംഭാഷണവും ദീപ്തിയുടെ വർത്തമാനവും തമ്മിൽ ഒരു ലിങ്ക് എനിക്ക് തോന്നി. പക്ഷെ അരുണയെന്റെ വീട്ടിൽ വന്നപ്പോൾ അവൾക്ക് അയാളുടെ നമ്പർ എങ്ങനെ കിട്ടിക്കാണും? ഒരു പിടിയുമില്ല. പക്ഷെ അവരയാളെ വിളിക്കുന്നോ എന്നെങ്ങനെയറിയും""നീ വിഷമിക്കണ്ട. ഞാൻ കബീറിനു ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്'' കബീർ കെമിസ്ട്രിയിലെ ചെക്കനാണ്. പോസ്റ്റാഫീസ്സിന്റെ സൈഡിലിരുന്നു വലിക്കാനുള്ള ഒരു പേക്ക് സിസറിന്റെ പൈസ അതാണവനുള്ള ക്വട്ടേഷൻ.""നീ നേരത്തെ ഒന്നും പോണ്ട. അറിഞ്ഞതായും നടിക്കണ്ട എന്നത്തേം പോലെ പോയിക്കോ. പോയിട്ട് താഴെ ഗെയിറ്റിലു നിന്നാമതി. ''

എന്തൊരു നാശമാണിത്. കത്ത് മാറിയിപ്പോൾ ഫോണായിരിക്കുന്നു. എന്ത് ജാതി പൈങ്കിളിയാണ് ഇവറ്റകൾ. എന്താണുദ്ദേശിക്കുന്നത്?
എന്നത്തെയും പോലെ വൈകുന്നേരം ഞാൻ പോയി. ദീപ്തി പോസ്റ്റാഫീസ്സിൽ സ്റ്റാമ്പ് വാങ്ങാൻ കേറി. കബീറു സിസറു പുകച്ചു തിണ്ടിന്മേലിരുന്നു. പുൽത്തകിടിയിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന മറ്റു രണ്ട് വാലാത്തന്മാർ. അവർ പരസ്പരം ഷെയർ ചെയ്ത് വലിയ്ക്കുന്ന സിഗററ്റ്...""നീലപ്പാവാടേം പിങ്ക് ബ്ലൗസ്സും.. '' അവർ ഫോണിൽ പറഞ്ഞത് എന്റെ ഉടുപ്പടയാളങ്ങൾ. കബീർ കൃത്യമായി തന്നെ പറഞ്ഞു.""അരുണയാണ് നേതാവ്. കൊഞ്ചലും കുറുകലുമൊക്കെയുണ്ട്. മൊത്തം റോങ്ങാണ്.'' കബീർ ഏൽപ്പിച്ച ജോലി ഗംഭീരമായിത്തന്നെ ചെയ്തു.

അരുണയുടെ തമാശകൾ. അയല്പക്കക്കാരെ തമ്മിലിടിപ്പിക്കാൻ പോന്ന കളികൾ. അരുണയും സംഘവും പോയശേഷം കബീർ കോയിനിട്ട് റീ ഡയൽ ചെയ്തു. തെളിഞ്ഞ നമ്പർ എഴുതിയെടുത്തു. അവന്റെ വീട്ടുപേരു ഞാൻ പറഞ്ഞു കൊടുത്തത് കൃത്യമായിത്തന്നെ ചോദിച്ചുറപ്പിച്ചു. അവരുടെ ഒടുക്കത്തെ കളിയും കുസൃതിയും. ഞാൻ തകർന്നു പോയി. രണ്ട് അയൽപ്പക്കക്കാർ തമ്മിൽ വഴക്കുണ്ടാകാൻ എന്തു വേണം. കേറില്ലെ എന്റെ മാനം കപ്പൽ? എനിക്ക് പിരാന്തു വന്നു. ഞാൻ അന്നു രാത്രി മുഴുവൻ പ്രതികാരത്തെ പറ്റിയോർത്തു. പിന്നെ ക്ഷമിച്ചു. അവരുമായി ഒന്നും വേണ്ടയെന്ന് അന്തിമമായി ഒരു തീരുമാനം എടുത്തു.

അവളോടെനിക്ക് ഭയങ്കരമായ ദേഷ്യം തോന്നി. സ്പർദ്ധയും വെറുപ്പും പകയും തോന്നി. ഒളിഞ്ഞിരുന്നു കത്തെഴുതുന്ന അപകടകാരിയായ ശത്രുവിനോട് തോന്നിയ അതേ വികാരം

പിറ്റേദിവസം ഞാൻ അരുണയോടും സംഘത്തോടുമുള്ള സൗഹൃദം എന്നെന്നേയ്ക്കുമായ് അവസാനിപ്പിച്ചു. എന്റെ എത്രയോ പ്രിയപ്പെട്ട കൂട്ടുകാരികൾ ആയിരുന്നു അവരെല്ലാം. അരുണയോട് മാത്രം ഞാൻ കാര്യം പറഞ്ഞു. ""മേലിൽ എന്നോട് നീ സംസാരിക്കാൻ വരരുത്. എന്റെ പേരിൽ ആരെയും ഫോണും വിളിക്കരുത്. ഇനിയാവർത്തിച്ചാൽ ഞാൻ പ്രിൻസിക്ക് കംപ്ലൈന്റ് കൊടുക്കും''
ഞാൻ വഴക്കിടുകയോ ദേഷ്യപ്പെടുകയോ കൂടുതൽ വിശദീകരിക്കുകയോ ചെയ്തില്ല. ചെയ്തില്ല. പക്ഷെ അവളോടെനിക്ക് ഭയങ്കരമായ ദേഷ്യം തോന്നി. സ്പർദ്ധയും വെറുപ്പും പകയും തോന്നി. ഒളിഞ്ഞിരുന്നു കത്തെഴുതുന്ന അപകടകാരിയായ ശത്രുവിനോട് തോന്നിയ അതേ വികാരം. ശത്രു ഒരാളല്ല. പലയാളുകളാണ്. അത് ഒരു നിഴൽ പോലെ പതുങ്ങി നിൽക്കുന്നു. എന്റെ കുടുംബത്തിനകത്തോ ചുറ്റിലുമോ ഒക്കെ പലവേഷധാരിയായ് പലലിംഗധാരിയായ് ചുറ്റിക്കറങ്ങുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ശരിക്കും ജാഗ്രതയോടെ ശ്രദ്ധിച്ചാൽ കണ്ടെത്താമെന്നും.

വർഷങ്ങളോളം അരുണയോട് ഞാൻ മിണ്ടിയതേ ഇല്ല. സംസാരിച്ചതേയില്ല. ക്ലാസ്സു പിരിഞ്ഞു പോരുമ്പോൾ അവൾ പിൻവിളിച്ചത് കേൾക്കാതെ, തിരിഞ്ഞു പോലും നോക്കാതെ ഞാൻ നടന്നു പോയി. അവളുടെ കല്യാണം പെട്ടന്നുണ്ടായി കല്യാണം വിളിച്ചപ്പോൾ പോയുമില്ല. ഫോൺ വിളിച്ചപ്പോൾ എടുത്തതേയില്ല. കത്തയച്ചത് ശ്രദ്ധിച്ചതേയില്ല. അവളെ ഞാൻ ജീവിതത്തിൽ പിന്നീട് കണ്ടതേയില്ല. അലുമിനികൾക്ക് പോയില്ല. സുഹൃത്തുക്കളുടെ കല്യാണങ്ങൾക്ക് അവളെ കാണാതെ ഒളികൊണ്ട് നടന്നു. എന്റെ കല്യാണത്തിനു ക്ലാസ്സിൽ നിന്നും അവളെ മാത്രം ഞാൻ ക്ഷണിച്ചില്ല.

ജോലിയുടെ ഭാഗമായി വയനാട്ടിൽ പോകുമ്പോഴൊക്കെ അവളുടെ ഇല്ലം കണ്ടു.
അവൾ വയനാട്ടിലെ ക്ഷയിച്ച് തൂങ്ങിയ ഒരില്ലത്തെ സന്താനമായിരുന്നു. പഴയ ഇല്ലം. അതു കാണുമ്പോഴൊക്കെ ഞാനവളെ ഓർത്തു. ഭാവിയിൽ ഞാൻ ഗോത്ര പഠനത്തിനു വയനാട്ടിൽ വരുമെന്നും വീട്ടിൽ താമസിക്കുമെന്നും പറഞ്ഞത് വെറുതെയോർത്തു. ആ ഇല്ലത്തിന്റെ തറയ്ക്ക് ഐസുകട്ട പോലെ തണുപ്പുണ്ടായിരുന്നതും ഓർത്തു.

ഒരിക്കൽ ഫീൽഡ് വർക്ക് കഴിഞ്ഞ് തിരികെ വരുന്ന വഴിയെ അവളുടെ അമ്മ നിൽക്കുന്നതു കണ്ടു. അവർ അഹ്ലാദത്തോടെ എന്റെയടുക്കലേയ്ക്ക് വന്ന് സംസാരിച്ചു. അരുണയുടെ അച്ഛൻ റിട്ടയർ ചെയ്ത ആഴ്ചയിൽ തന്നെ നെഞ്ചു വേദന വന്നു പെട്ടന്നു മരിച്ചു പോയതും അവളെ പിന്നെ പിജിക്കൊന്നും വിടാതെ വേഗം കെട്ടിച്ചയച്ചതും ഒക്കെ പറഞ്ഞു. കൂടെയുണ്ടായിരുന്ന അത്തേമ്മാരമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തി.""അരുണേടെ ഫ്രെന്റാ. ഗുരുവായൂരപ്പനില്. കഥയൊക്കെഴുതുന്ന കുട്ടിയാണ്. അരുണേടെ കയ്യിലെ പുസ്തകങ്ങള് കണ്ടിട്ടില്ലെ?''""മനസ്സിലായ് മനസ്സിലായ്. മൂത്തേടുത്തെ നങ്ങേമ്മേട്ത്തീടെ ഛായള്ള കുട്ടിയല്ലേ?''
ഓഹ് എന്റെ തലയിൽ വീണ്ടും ബൾബ് കത്തി. നങ്ങേമ്മനാടകം എന്ന് അയാൾ പറഞ്ഞത് ഇതാണോ? ഇടയ്‌ക്കൊക്കെ അരുണ ഞാൻ മുണ്ടുടുക്കുംപ്പോ നങ്ങേമ്മവല്ല്യമ്മയെന്ന് കളിയാക്കാറുണ്ടായിരുന്നു. ""വെല്ല്യേ സങ്കടാണ് കുട്ട്യേ. ഒന്നുമായില്ല്യാലോ. മിടുക്ക്യാർന്നു പഠിക്കാനെ. ജാതകം പോരാർന്നു. ശാന്തിപ്പണിയാണ് അയാൾക്കെ. എല്ലാം കഷ്ടിയാണ്. അവള് പിള്ളേർക്ക് ട്യൂഷനെടുക്കാണ്. പിന്നൊരു പാരലൽ കോളേജിലു ക്ലാസ്സ്ട്ക്കണ്. ഹ്മ്മ്''

എന്തോ എന്തോ അവളെ ഓർത്തപ്പോൾ എനിക്ക് പാവം തോന്നി. നന്നായി പഠിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന അരുണ ഏതോ ശാന്തിക്കാരന്റെ അത്തേമ്മാരായി ഏതോ ഇരുട്ടില്ലത്ത് വെള്ള മല്ലുടുത്ത് നിൽക്കുന്ന ഓർമ്മയിൽ എനിക്ക് ഉൾക്കിടിലമുണ്ടായി. ഞാൻ വിളിച്ചിരുന്നെങ്കിൽ കൈ നീട്ടിയിരുന്നെങ്കിൽ എന്റെ കോളേജിൽ തന്നെ അവൾ പഠിക്കുമായിരുന്നു. നിരന്തരമായ് എന്റെ ഫോണിലേയ്ക്കവൾ വിളിച്ച ദിവസങ്ങൾ ഞാനോർത്തു.""ഇന്ദു സഹായിക്കും എന്നെ പഠിക്കാൻ വിടൂ എന്നൊക്കെ പറഞ്ഞ്യന്നു. ന്ന്‌ട്ടെന്ത്യെ. ഒന്നുവായില്ല്യ'' അമ്മ സങ്കടപ്പെട്ടു.
എന്റെയുള്ളും വിങ്ങി. പാവം എന്ന് മനസ്സ് പറഞ്ഞു. ഇത്തിരി കഴിഞ്ഞപ്പോഴെങ്കിലും എനിക്കവളോട് മിണ്ടാമായിരുന്നു. പലയാവർത്തി അവൾ ഫോൺ ചെയ്തപ്പോൾ എനിക്ക് സംസാരിക്കാമായിരുന്നു. അവളയച്ച കത്തുകൾ കത്തിക്കാതിരിക്കാമായിരുന്നു. അവളുടെ വിവാഹത്തിനു പോകാമായിരുന്നു, എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.""ഓൾടെ നമ്പർ തർവോ?'' ""പിന്നെന്താ കുട്ട്യേ?'' അരുണയുടെ നമ്പർ ഞാൻ ഫീഡ് ചെയ്തു.

വീണ്ടും വർഷങ്ങൾ കഴിഞ്ഞ് വിളിച്ചപ്പോൾ ആദ്യത്തെ ഹലോയിൽ തന്നെ അരുണ നിശ്ബ്ദയായി ""ഇന്ദൂ'' എന്ന് അമ്പരപ്പോടെ വിളിച്ചു. ഞങ്ങൾ നാളുകൾക്കിപ്പുറത്ത് സംസാരിച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. എനിക്കും. എത്ര നല്ല സ്‌നേഹമായിരുന്നു ഞങ്ങളുടെത്. ഒരു നിമിഷം കൊണ്ടാണത് തകർന്നത്. ജീവിതകാലം മുതൽ എന്നെയും എന്റെ കുടുംബത്തെയും അജ്ഞാതം എന്ന സംഗതി അത്രമേൽ വേദനിപ്പിച്ചിരുന്നു. ആ അജ്ഞാതനോടുള്ള പകയാണ് ഞാൻ അരുണയോട് പങ്കിട്ടത്. കാണിച്ചത്.

ആ അജ്ഞാത ഫോണിനെപ്പറ്റിയോ അതെന്തിനവൾ ചെയ്‌തെന്നോ, അവൾ ഒന്നും പറയുകയോ ഉണ്ടായില്ല. അവളത് വിശദീകരിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. ഫോൺ സംഭാഷണം അവസാനിപ്പിക്കും മുമ്പേ ഞാൻ ചോദിച്ചു.""എന്തായിരുന്നു സംഭവം?'' പഴയൊരു കാർക്കശ്യം എന്നെ വന്ന് മൂടി""അത്...'' അവളുടെ ഒച്ച പതറി
എങ്ങനെ എനിക്ക് പോലും അറിയാത്ത അയാളുടെ ഫോൺ നമ്പർ അവൾക്ക് കിട്ടി എന്നു ഞാൻ ചോദിച്ചു. ഉത്തരം ലളിതമായിരുന്നു. എന്റെ അയല്പക്കത്തെ നമ്പറിൽ വിളിച്ച് അയാളുടെ വീടല്ലെ വീടല്ലെ എന്ന് ഫോൺ ചെയ്ത് ചോദിച്ചു. അക്കാലത്ത് എന്റെ വീട്ടിൽ ഫോണില്ലാത്തതിനാൽ പോയിപ്പറയൽ അഥവാ പിപി സംവിധാനമായിരുന്നു ഉണ്ടായിരുന്നത്.

അവൾ മൂന്നാല് തവണ വിളിച്ച് നമ്പറല്ലെ എന്നു ചോദിച്ചപ്പോൾ അല്ലയെന്നും പറഞ്ഞു കൃത്യമായ നമ്പറും അവർ കൊടുത്തു. അതിനു ശേഷം അവൾ അയാളെ വിളിക്കുവാൻ ആരംഭിച്ചു. അതിന്റെ അടയാളമാകട്ടെ എന്റെ ഉടുപ്പിന്റെ നിറവുമായിരിക്കും""എന്തിനാണു ? എന്തിനു വേണ്ടിയാണ്''? എനിക്ക് ദേഷ്യം വന്നു ""ഏയ്യ് ഒന്നിനുമല്ല. എനിക്കവനെ ഇഷ്ടപ്പെട്ടിരുന്നു അത്രതന്നെ'' എനിക്കതിന്റെ യുക്തി മനസ്സിലായതെ ഇല്ല. ""നീയെന്തിനാണ് എന്റെ ഉടുപ്പിന്റെ കളർ പറഞ്ഞത്?'' ""പിന്നെ നരച്ച എന്റെ ഉടുപ്പിന്റെ നിറം പറയണോ?'' അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു.""നീയാണതെന്ന് അവൻ വിചാരിക്കുമെന്ന് ഞാൻ ദുസ്വപ്‌നേപി കരുതിയിരുന്നില്ല. നിന്നെ പറ്റിക്കുകയായിരുന്നില്ല എന്റെ ലക്ഷ്യം. അതൊരു കൗതുകമായിരുന്നു. എന്റെ പ്രേമമായിരുന്നു'' അവൾ എന്തോ ഓർമ്മയിൽ നിശബ്ദമായി.""ഒരു തമാശ പറയട്ടെ?'' അവൾ വീണ്ടും ഉഷാറായി""എന്താണു?'' ""അവന്റെ കല്യാണമൊക്കെ കഴിഞ്ഞൂട്ടോ'' ""ഓഹ് അതാണോ തമാശ?'' ഞാൻ ചൊടിച്ചു ""അല്ലേയല്ല. അയാൾടെ ഭാര്യേടെ പേരറിയുമൊ?'' അവൾ നിർത്തനുദ്ദേശിക്കുന്നില്ല.""എനിക്കെങ്ങനെ അറിയാനാ?'' ഞാനെന്റെ ഇഷ്ടക്കേട് അമർത്തി""ആഹ്. ഇന്ദു..'' അവൾ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. ""പാവം ഓൻ... നിന്നെ കാത്ത് കാത്ത് ആ വൈകുന്നേരം മുഴുവൻ ആ വഴിയിൽ നിന്നു. നീ പിന്നീട് ആ വഴിയ്ക്ക് കോളേജിൽ പോയേ ഇല്ല അല്ലെ? ഞാനിനി ഫോണിയ്യില്ലാന്ന് പറഞ്ഞപ്പോൾ ആ ചെങ്ങായി കരയാര്ന്ന്. നീയല്ല ഞാനെന്ന് വ്യക്തമാക്കി പറഞ്ഞീരുന്ന്. അവൻ നീയാണെന്നു കരുതി ഒരുപാട് സ്വപ്നം കണ്ടു. എനിക്ക് എന്നെ വിശദീകരിക്കുവാൻ കഴിഞ്ഞില്ല. എനിക്കയാളെ ഇഷ്ടമായിരുന്നുവെന്നു പോലും പറയാൻ എനിക്ക് കഴിഞ്ഞില്ല'' അവൾ പൊടുന്നനെ നിർത്തി. ഒരുപക്ഷെ ഞാൻ വാശി വിട്ടിരുന്നെങ്കിൽ എന്നെനിക്കാ നിമിഷം തോന്നി..

അപ്പോഴാണ് ഞാനയാളെ കാണുന്നത്. എന്റെ അയൽവാസിയായിരുന്ന ചെറുപ്പക്കാരൻ. അയാളും കുടുംബവും അവരുടെ തറവാട് വീടടക്കം വിറ്റ് ടൗണിലേയ്ക്ക് പോയിരുന്നു. ശേഷം അയാളെക്കുറിച്ചോ ആരെക്കുറിച്ചോ എനിക്ക് ഒന്നും അറിയുമായിരുന്നില്ല..

""പിന്നെ നിന്റെ ഊമക്കത്തിന്റെ ഊക്കോ അതുമായി അജ്ഞാതവിളിയ്ക്കുള്ള ബന്ധമോ ഒന്നും എനിക്കറിയില്ലാരുന്നു. സംഭവിച്ചത് സംഭവിച്ചു. അത്രതന്നെ. പിന്നെ വിശദീകരിക്കാൻ നീയൊരവസരവും തന്നില്ല'' അവൾ പറഞ്ഞവസാനിപ്പിച്ചു
അരുണയുടെ നിശബ്ദതയിൽ ഒരു പെൺകരച്ചിലുണ്ടെന്നെനിക്കറിയാമായിരുന്നു. ""ക്ഷമിക്കൂ അരുണാ'' ഞാനുരുവിട്ടു.

അരുണ അയാളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറഞ്ഞത് ശരിയാണ് എന്നെനിക്ക് മനസ്സിലായി. വർഷങ്ങൾക്ക് ശേഷം ഒരു സൂപ്പർമാർക്കറ്റിൽ വെച്ച് എന്റെ മകൾ ഒരു സ്ത്രീയുടെ സാരിത്തലപ്പ് പിടിച്ച് ""അമ്മെ അമ്മെ'' എന്ന് വിളിച്ചിരുന്നു. പ്രത്യക്ഷത്തിൽ ആ സ്ത്രീയ്ക്ക് ഞാനുമായുള്ള ഛായകാരണം മകൾക്ക് തെറ്റിപ്പോയതാണ്. എന്നെപ്പോലെ ഉയരം കുറഞ്ഞ ചുരുളൻ മുടിയുള്ള, ഇരുനിറക്കാരിയായ സ്ത്രീ. എന്റെ തന്നെയും സഹോദരിയാണെന്ന് തോന്നിക്കുന്ന വിദൂരച്ഛായ.. അവർ മകളെ എനിക്ക് തന്നു. എന്നെ കാണും വരെ മകൾക്ക് സംശയമുണ്ടായിരുന്നേയില്ല. അവളെന്റെ കയ്യിലേയ്ക്ക് അമ്പരപ്പോടെ കുതിച്ച് ചാടി.
സാധനങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുന്ന അവരുടെ ഭർത്താവ് ഞങ്ങൾക്കരികിലെത്തി. അപ്പോഴാണ് ഞാനയാളെ കാണുന്നത്. എന്റെ അയൽവാസിയായിരുന്ന ചെറുപ്പക്കാരൻ. അൽപ്പം തടിച്ചിരുന്നു. അയാളും കുടുംബവും അവരുടെ തറവാട് വീടടക്കം വിറ്റ് ടൗണിലേയ്ക്ക് പോയിരുന്നു. ശേഷം അയാളെക്കുറിച്ചോ ആരെക്കുറിച്ചോ എനിക്ക് ഒന്നും അറിയുമായിരുന്നില്ല..""എന്ത് പറ്റി ഇന്ദൂ?'' അയാൾ ചോദിച്ചു.
വർഷങ്ങൾക്ക് ശേഷം എന്നെ കാണുമ്പോൾ ചിരപരിചിതമായ് എന്റെ പേര് വിളിച്ച് എന്നോട് സംസാരിക്കാൻ അയാൾക്ക് കഴിയുമെന്നത് എന്നെ അത്ഭുതപ്പെടുത്തി. അത് എന്ന് ഞാൻ പറയും മുമ്പെ""അത്...'' ""അത് ഏട്ടാ കുട്ടിയെന്നെ അമ്മാന്ന് വിചാരിച്ച് വന്നു'' ""എഹ്'' എന്റെ കൗതുകം പത്തിരട്ടിയായി""എന്താ പേര്?'' ഞാൻ സൗഹൃദം കാട്ടി""ഇന്ദു'' അയാളാണ് ഉത്തരം പറഞ്ഞത്. ഞാനയാളൂടെ കണ്ണുകളിലേയ്ക്ക് നോക്കി പരിഭവമോ പരാതിയോ പ്രേമമോ ഉണ്ടോ? പഴയതിന്റെ ഒരു തിളക്കമെങ്കിലും. ഞാനയാളുടെ കണ്ണുകളുടെ ആഴങ്ങളിലേയ്ക്ക് നോക്കി. അയാൾ പൊടുന്നനെ പോക്കറ്റിൽ നിന്നും ഗ്ലാസ്സെടുത്ത് ധരിച്ചു. അയാളുടെ കണ്ണുകൾ എനിയ്ക്ക് മറയ്ക്കപ്പെട്ടു...▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments