ചിത്രീകരണം : കെ.പി. മുരളീധരൻ

​അമ്മയവിഹിതം; വിഹിതം പേറുന്ന കുട്ടികൾ

എന്റെ കഥ- 6

സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ അവിഹിത കഥകൾ കേട്ടിട്ടുണ്ടോ? അവിഹിതങ്ങൾ കണ്ടിട്ടുണ്ടോ? അവിഹിതങ്ങളെപ്പറ്റി വായിച്ചിട്ടുണ്ടോ? ഭയങ്കരമായ അവസ്ഥയാണത്.

നിങ്ങളെപ്പോഴെങ്കിലും സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ അവിഹിത കഥകൾ കേട്ടിട്ടുണ്ടോ? അവിഹിതങ്ങൾ കണ്ടിട്ടുണ്ടോ? അവിഹിതങ്ങളെപ്പറ്റി വായിച്ചിട്ടുണ്ടോ? ഭയങ്കരമായ അവസ്ഥയാണത്. അച്ഛന്റെ അവിഹിതങ്ങളെക്കാളും ഭയാനകമായിരിക്കുക അമ്മമാരുടെ അവിഹിതമാണ്. അതിനൊരു ആദിയുമില്ല അന്തവുമില്ല. തലയ്ക്കകത്ത് കടന്നൽക്കൂട് പെട്ടപോലെയങ്ങ് ഉറച്ചിരിയ്ക്കും. ഞാൻ എന്റെ അച്ഛന്റെ അവിഹിതത്തെക്കുറിച്ച് അറിഞ്ഞത് അമ്മ വീട്ടുകാരുടെ വായിൽ നിന്നായിരുന്നു. എന്റെ തലകറങ്ങി. ഞാൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി അച്ഛൻ മാത്രം ശാന്തനായിരുന്നു അവിഹിതകഥകൾ കേട്ടു. എനിക്ക് എന്റെ സുഹൃത്തായിരുന്ന ദേവദത്തനെ ഓർമ വന്നു. മെലിഞ്ഞിരുനിറത്തിൽ കോലു മുടിയും നീണ്ട കൈകാലുകളുമുള്ള ദേവൻ. തുമ്പിയെപ്പോലെ ചിറകുവടർത്തി പറക്കുന്ന കൊലുന്നനെയുള്ള കുട്ടി. അവന്റെ അമ്മ ദേവൂട്ടാ എന്നും അച്ഛൻ ദത്തൂട്ടാ എന്നും വിളിച്ചു. അവൻ അവരുടെ ഇരുവരുടെയും ഓമനക്കുട്ടിയായിരുന്നു.

കുട്ടിക്കാലം മുതലെ അവനെന്റെ സുഹൃത്തായിരുന്നു. ഞങ്ങൾ ഹൃദയത്തിൽ സ്നേഹമുള്ളവരായിരുന്നു. അവിഹിതത്തിന്റെ ഭാരത്തെക്കുറിച്ച് ഉഷ്ണത്തെക്കുറിച്ച് മൂർച്ചയെക്കുറിച്ച് അവൻ എന്നോട് നിത്യം പറഞ്ഞു കൊണ്ടിരുന്നു. അവന്റെ തല അന്നെല്ലാം തകർന്നു കിടന്നു. അവന്റെ തൊലി പൊള്ളിക്കുമിളിച്ചടർന്നു കിടന്നു. അവന്റെ ഹൃദയം അതിന്റെ മൂർച്ചയാൽ കുത്തിപ്പഴുക്കപ്പെട്ടു.

""അമ്മയ്ക്ക് ജോലിസ്ഥലത്ത് വേറെയൊരാളെ ഇഷ്ടമാണ്. ചെലപ്പോ അവർ കല്യാണം കഴിക്കും'' അവൻ കടുത്ത ദുഃഖത്തോടെ ഒരിക്കൽ പറഞ്ഞു. രണ്ടാമത്​ കല്യാണം കഴിക്കാനാകുമെന്ന് ആരും കരുതിയിരുന്നില്ല. ഞാൻ പ്രത്യേകിച്ചും...

പാവം ദേവൻ അവന്റെ ജീവിതം പോലെ ദുഃഖകരമായ ഒന്നുണ്ടായിരുന്നില്ല. എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട ഏറ്റവും സന്തോഷവാനായ കുട്ടികളിൽ ഒരാളായിരുന്നു അവൻ. അവനും അവന്റെ അച്ഛനുമമ്മയും ആഹ്ലാദത്തോടെ രാമനാട്ടുകരയിലെ താലപ്പൊലിയ്ക്ക് പോകുന്നത് ഞാൻ കാണാറുണ്ടായിരുന്നു. തൂക്കിയിട്ട കുരങ്ങൻ ബലൂണുകളും കാറ്റിൽ കറങ്ങുന്ന വർണ്ണപ്പങ്കകളും കയ്യിൽ പിടിച്ച് എൽ.എം. എൽ വെസ്പ സ്‌കൂട്ടറിൽ അവൻ രാജകുമാരനെ പോലെ ഇരുന്നു. അവന്റെ അച്ഛന്റെ തോളിൽ പിടിച്ച് അവന്റെയമ്മയിരുന്നു. അവരുടെ നീണ്ടു ചുരുണ്ട മുടിയിഴകൾ കാറ്റിൽ പറക്കും അണലികളായി അവന്റെ അച്ഛന്റെ കവിളിൽ കൊത്തി. അദ്ദേഹം കിക്കിളിയോടെ ചിരിച്ചു. മനോഹരമായ കുടുംബം. അതു കാൺകെ ഞാനും ചിരിച്ചു. കൈവീശി
""ടാട്ടാ''
അവന്റെ അച്ഛനു ബിസിനസ്സായിരുന്നു. പലതരം കച്ചവടങ്ങൾ ഉണ്ടായിരുന്നു. പലതും പൊളിഞ്ഞു പോയി. ഒടുക്കം ഒന്നു മാത്രം അവശേഷിച്ചു. രാമനാട്ടുകര അങ്ങാടിയിൽ കീടനാശിനികൾ വിൽക്കുന്ന ഒരു കടയായിരുന്നു അത്. ഫ്യുരഡാനും എൻഡോ സൾഫാനും പോലെയുള്ള കീടനാശിനികളുടെ വലിയ വീപ്പമേൽ കയറിയിരുന്ന് അവൻ പഫ്സ്സ് കടിച്ച് തിന്നു കൊണ്ടിരുന്നു. ആ കടയ്ക്കാകെ കീടനാശിനിയുടെ രൂക്ഷഗന്ധമായിരുന്നു. അവന്റെ ചേച്ചി മണിപ്പാദസരക്കാലുകളാട്ടി മറ്റൊരു വീപ്പയിൽ കുത്തിയിരുന്ന് എന്നെ തുറിച്ചു നോക്കി. ആ കടയുടെ പരിസരത്ത് രണ്ട് നിമിഷം നിന്നാൽ എനിക്ക് ഓക്കാനം വരുമായിരുന്നു. മൂന്നാമത്തെ നിമിഷം ബോധക്ഷയവും. അവനെങ്ങിനെ അവിടെയിരിക്കുന്നുവെന്ന് ഞാൻ അമ്പരന്നു. അവനു പക്ഷെ ആ ഗന്ധം കുഴപ്പമില്ലായിരുന്നു. മൂക്കു വിടർത്തി ആവോളം മണത്ത് നുകർന്നു കൊണ്ട് അവനവിടെത്തന്നെ പലപ്പോഴും ഇരുന്നു.

ഞാൻ പട്ടിയെപ്പോലെ അണച്ചു. എന്റെ നെഞ്ചിൽ ഒരു കറുത്ത അണലിയെപ്പോലെ ആ മുത്തുമാല തിളങ്ങുന്നതും ഇരുട്ടിൽ കണ്ണീർ പൊടിഞ്ഞ മുഖത്തോടെ ഞാൻ വിറച്ച് നിന്നതും രാത്രിയിൽ ഞാൻ സ്വപ്നം കണ്ടു.

അവന്റെ വീട്ടിൽ പലപ്പോഴും അമ്മയുണ്ടായിരുന്നില്ല. പണ്ട് അമ്മയുണ്ടായിരുന്നു. അമ്മയ്ക്ക് ജോലികിട്ടിയതിൽ പിന്നെ അവർക്ക് തിരക്കായി. അവർ ദേവൂട്ടന്റെ കാര്യങ്ങളൊക്കെ മറന്ന് തിരക്കിൽ മുഴുകി. പലപ്പോഴും വൈകുന്നേരങ്ങളിൽ അധിക ജോലിയ്ക്കായി അമ്മ ജോലിസ്ഥലത്ത് തന്നെ നിന്നു. വൈകുന്നേരങ്ങളിൽ അവൻ അച്ഛന്റെ കടയിൽ പോയി നിന്നു. വീപ്പയുടെ മേലെ സൂപ്പർമാന്റെ പ്രതിമ പിടിച്ച് കളിച്ചു. കൈകൾ മുകളിലേക്കുയർത്തി കുരങ്ങിനെപ്പോലെ മറ്റു ഒഴിഞ്ഞ വീപ്പകളിലേയ്ക്ക് ചാടിക്കളിച്ചു. ചിലപ്പോൾ വീപ്പയുടെ മീതെ തന്നെ കിടന്നുറങ്ങി. അവനു വീട്ടുകണക്കുകൾ ചെയ്യുവാൻ സമയം കിട്ടാതെയായി. എന്നും മാഷന്മാരുടെ കയ്യിൽ നിന്നും അടികൊണ്ടു.

""അമ്മയ്ക്ക് ജോലിസ്ഥലത്ത് വേറെയൊരാളെ ഇഷ്ടമാണ്. ചെലപ്പോ അവർ കല്യാണം കഴിക്കും'' അവൻ കടുത്ത ദുഃഖത്തോടെ ഒരിക്കൽ പറഞ്ഞു. അന്നവനും ഞാനും മൂന്നിലോ നാലിലോ മറ്റോ പഠിക്കുകയാണ്. രണ്ടാമത്​ കല്യാണം കഴിക്കാനാകുമെന്ന് ആരും കരുതിയിരുന്നില്ല. ഞാൻ പ്രത്യേകിച്ചും...

""ഏയ്യ് പോടോ.'' ഞാനവനെ തിരുത്താൻ നോക്കി.""രണ്ട് കല്യാണം കഴിച്ചാൽ പൊലീസ് പിടിക്കും''""എന്റെ ചേച്ചി പറഞ്ഞതാണ്..'' അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..""അച്ചനുമമ്മയും പിരിയുന്ന കടലാസ്സ് കൊടുത്തിട്ട് മാസങ്ങളായി'' അവൻ അശരണമായി പൊട്ടിക്കരഞ്ഞു.

കാൽപ്പന്തു കളിയ്ക്കിടെ അവന്റെ അമ്മയെപ്പറ്റിപറഞ്ഞ വിജിത്തിന്റെ മൂക്കടിച്ചവൻ പൊട്ടിച്ചിരുന്നു.

""നെന്റെ കൂടെ കളിയ്ക്കരുതെന്ന് എന്റെ അമ്മ പറഞ്ഞിട്ട്ണ്ട്. നെന്റമ്മ ചീത്തയാ''
വിജിത്താകട്ടെ മട്ടൽ കൊണ്ട് മണ്ടയ്ക്ക് തന്നെ വീക്കി. ശേഷം അവരിരുപേരും ചളിയിൽ കിടന്ന് അടിപിടികൂടി. വിജിത്തിന്റെ വലിയ കൈകൊണ്ടുള്ള കുത്തുകളേറ്റ് അവന്റെ മുഖമാകെ നീരു വന്നു വീർത്തു.. പിന്നെയതു പതിവായി. ചുണ്ടു പൊട്ടിയും മുഖം മുറിഞ്ഞും കവിളു കീറിയും തലപൊട്ടിയും അവന്റെ ജീവിതം അമ്മയെപ്പറയുന്നവരോടുള്ള കവല വഴക്കുകളായി. എല്ലായിടത്തും ആ പാവം തോറ്റു.

അവന്റെ അച്ഛനുമമ്മയും കോടതിയിൽ വെച്ച് പിരിഞ്ഞുവെന്ന് വീട്ടിൽ സംസാരിക്കുന്നത് ഞാൻ കേട്ടു. അവന്റെ അച്ഛൻ രാമനാട്ടുകരയിലെ ബിസിനസ്സ് വിറ്റ് മഞ്ചേരിയിലേയ്ക്ക് പോയതായും. ആ കീടനാശിനിയുടെ കട അടഞ്ഞു കിടന്നു. എന്നെന്നേയ്ക്കുമായി. അവന്റെ ജീവിതം പോലെ.

പിന്നീട് ഹൈസ്‌കൂളിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടു മുട്ടി.""അയാളിപ്പോൾ എന്റെ വീട്ടിൽ താമസിക്കാൻ വരാറുണ്ട്. ഒരൂസം ഞാനയാളെ കൊല്ലും'' അവൻ പല്ലിറുമ്മി.
മറ്റൊരിക്കൽ ദേവന്റെ കവിളിൽ ബെൽറ്റടിയുടെ പാട് കണ്ടു ടീച്ചർ അവനെ വിളിപ്പിച്ചു.""എന്തു പറ്റി മോനെ? ആരാണ് നിന്നെ തല്ലിയത്?''
അവനൊന്നും മിണ്ടിയില്ല. ഉരുണ്ടവലിയ കണ്ണുകളിൽ നിന്നും കണ്ണീരു പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു..""ആരാണ് ചെയ്തത് ദേവാ?'' ഞാനവനോട് ചോദിച്ചു""അയാള്.. അയാള്.. ഭയങ്കര ചീത്തയാ'' എത്ര ചോദിച്ചിട്ടും അവനൊന്നും വിട്ട് പറഞ്ഞതേയില്ല.""അയ്യോ സത്യേ ആ ചെറക്കന്റെ ദേഹത്ത് മൊത്തം ബെൽറ്റിന്റെ പാടാണ്'' അച്ഛനുമമ്മയും സംസാരിക്കുന്നത് രാത്രിയിൽ പാതിമയക്കത്തിൽ, ഞാനത് കേട്ടു. എന്റെ ഹൃദയം ജാഗരൂഗമായി.""അയ്യാളു പോയതോടെ ഇല്ലേ പെണ്ണുമ്പുള്ള അവനെ വീട്ടിക്കേറ്റി. ഇപ്പോ മൂത്തപെങ്കൊച്ചിനെയും ഉപദ്രവിക്കുവാ.. എന്തോ പ്രശ്നമൊണ്ടായിട്ടുണ്ട്.''
ഒരു ദിവസം പതിനൊന്നരയുടെ ഇന്റെർവെല്ലിനു മുയലുണ്ണി സതീഷുമായി അവൻ വഴക്കുണ്ടാക്കി. മുയലുണ്ണി അവനെ പാടത്തെ ചളിയിൽ പൂഴ്ത്തിക്കളഞ്ഞു. അവൻ ചേറിൽ പൊങ്ങിക്കിടക്കുന്ന ചത്ത നായയെപ്പോലെയായി. എനിക്ക് കരച്ചിൽ വന്നു. അച്ഛൻ സഞ്ചയികയ്ക്ക് അടയ്ക്കുവാൻ തന്ന 100 രൂപ എന്റെ കയ്യിലുണ്ടായിരുന്നു. ഞാൻ ഓട്ടോറിക്ഷപിടിച്ച് അവനെയും കൊണ്ട് അവന്റെ വീട്ടിലെത്തി. കതക് ചാരിക്കിടന്നു. കർട്ടനുകൾ വൃത്തിയായി വിരിച്ചിട്ടിരുന്നു. അവന്റെ മുഖം ദയനീയമായി. അവൻ വീടിന്റെ വലതുഭാഗത്തേയ്‌ക്കോടി. ടെറെസ്സിലേയ്ക്കുള്ള ഗോവണി ഓടിക്കയറി. പാതിയിൽ കുനിഞ്ഞ് സൈഡിലെ കിളിവാതിലിലൂടെ അകത്തേയ്ക്ക് നോക്കി. ഞാനും കണ്ടു. അവന്റെ ചേച്ചി. പത്താം ക്ലാസ്സിലെ ചേച്ചി അയാൾക്കു മുമ്പീൽ യൂണിഫോമിന്റെ പാവാടമാത്രം ധരിച്ച് നിൽക്കുന്നു. എന്റെ രക്തമുറഞ്ഞു പോയി അവളുടെ മുടിമെടഞ്ഞ് റിബണിട്ട് ഇരു വശത്തും കെട്ടിയിരുന്നു. അയാൾ അവളുടെ കൈകളിൽ ചുവന്ന വളകൾ ഇട്ടു കൊടുത്തിരുന്നു. അവളുടെ നഗ്‌നമായ തോളിൽ അമർത്തിപ്പിടിച്ച് അലമാരിയ്ക്കു മുമ്പിലെ ആൾക്കണ്ണാടിയ്ക്ക് മുന്നിൽ നിർത്തി. പുറകിൽ നിന്ന് കറുത്ത മുത്തുകളുള്ള മാല അയാളവളുടെ കഴുത്തിൽ ധരിപ്പിച്ചു. കണ്ണാടിയിൽ അവളുടെ ഇളം മുലകൾക്കു മീതെ മുത്തുമാല തിളങ്ങിക്കിടന്നു. അയാൾ മുട്ടു കുത്തിനിന്ന് അവളുടെ അരക്കെട്ടിലമർത്തിപ്പിടിച്ച് മുലക്കണ്ണുകളിലേയ്ക്ക് ചുണ്ടു ചേർത്തു. അതേ നിമിഷം അവൻ പൊട്ടിക്കരഞ്ഞു. അയാൾ തലയുയർത്തി നോക്കി. ഒരു വന്യമൃഗം ഇരയെക്കണ്ട പകയോടെ അയാൾ വാതിൽക്കലേയ്ക്ക് പാഞ്ഞു.""ഓടിക്കോ ഇന്ദൂ ഓടിക്കോ''
ഞാൻ ഭയന്നു പോയിരുന്നു. ഓടുമ്പോൾ രണ്ട് തവണ നെഞ്ചിടിച്ചു വീണു. എന്നിട്ടും ഞാനോടി എന്റെ സ്‌കൂളും വഴികളും പിന്നിട്ട് എന്റെ വീട് വരെ ഓടി. ഞാൻ പട്ടിയെപ്പോലെ അണച്ചു. എന്റെ നെഞ്ചിൽ ഒരു കറുത്ത അണലിയെപ്പോലെ ആ മുത്തുമാല തിളങ്ങുന്നതും ഇരുട്ടിൽ കണ്ണീർ പൊടിഞ്ഞ മുഖത്തോടെ ഞാൻ വിറച്ച് നിന്നതും രാത്രിയിൽ ഞാൻ സ്വപ്നം കണ്ടു. അതിലേയ്ക്ക് അറപ്പിക്കുന്ന ഒരു കൈ നീണ്ടു വന്നു. ഞാൻ ഉറക്കം ഞെട്ടിയുണർന്നു. അവന്റെ കരച്ചിൽ എന്റെ ചെവിയിൽ വന്നലച്ചു.

അമിതമായി ചുണ്ടുകൾ ചുവപ്പിച്ച് വന്നതിന് ടീച്ചർമാർ അവളെ ശകാരിച്ചു. ചിലപ്പോൾ കടുംചോപ്പ് പൊട്ടുകൾ തൊട്ടു വന്നു. തലയിൽ മുല്ലപ്പൂ ചൂടി. അവളെ സെന്റ് വാസനിച്ചു. അവൾക്കൊപ്പം പരീക്ഷാ ഹാളിലിരുന്ന എനിക്ക് ഫ്രെഞ്ച് റോസ്സായുടെ മാദകമണത്തിൽ തലകുത്തി, മൈഗ്രേയിൽ ഇളകി.

മൂന്നു ദിവസങ്ങൾ കഴിഞ്ഞ് അവൻ വന്നപ്പോൾ കൈത്തണ്ടയിൽ പൊള്ളിയ അടയാളം കണ്ടു. എന്റെ പേരവൻ പറഞ്ഞില്ലല്ലോ എന്നോർത്ത് എനിക്ക് ആശ്വാസമുണ്ടായി. പിന്നീട് പലപ്പോഴുമവൻ സ്‌കൂളിൽ വരാതായി. ഞാനുമായി സംസാരിക്കാതെയായി. ചിലപ്പോൾ വന്നു. തല കുമ്പിട്ട് അപരിചിതനെപ്പോലെ നിന്നു. അവന്റെ ചേച്ചിയാകട്ടെ സദാ ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ക്ലാസ്സിലിരുന്നു. അമിതമായി ചുണ്ടുകൾ ചുവപ്പിച്ച് വന്നതിന് ടീച്ചർമാർ അവളെ ശകാരിച്ചു. ചിലപ്പോൾ കടുംചോപ്പ് പൊട്ടുകൾ തൊട്ടു വന്നു. തലയിൽ മുല്ലപ്പൂ ചൂടി. അവളെ സെന്റ് വാസനിച്ചു. അവൾക്കൊപ്പം പരീക്ഷാ ഹാളിലിരുന്ന എനിക്ക് ഫ്രെഞ്ച് റോസ്സായുടെ മാദകമണത്തിൽ തലകുത്തി, മൈഗ്രേയിൽ ഇളകി. അവളോടുള്ള വെറുപ്പിനാൽ എനിക്ക് മനം പിരട്ടി. തലേന്ന് ആശാ ഫാൻസി സ്റ്റോറിൽ വെച്ച് അവളെയും അയാളെയും കണ്ടതോർക്കെ എനിക്ക് ദേഷ്യവും തോന്നി""ഇവിടെന്താ കല്യാണമുണ്ടോ?'' അവളുടെ മേക്കപ്പും ഒരുക്കവും സഹിക്കാതെ ടീച്ചർ അവളെ തല്ലി. അവൻ പക്ഷെ നേരെ മറിച്ചായിരുന്നു. പിഞ്ഞിയ യൂണിഫോം, പൊട്ടിയ ചെരുപ്പുകൾ, വർഷങ്ങൾ പഴകിയ സ്‌കൂൾ ബാഗ്.. അവന്റെ ജീവിതം നിറം കെട്ട് മങ്ങിപ്പോയി.

പിന്നെപ്പിന്നെ അവനാരോടും മിണ്ടാതായി. എന്നെ നോക്കുക പോലും ചെയ്യാതായി. അവൻ തലകുമ്പിട്ട് മാത്രം നടന്നു.
അവൻ ലോകത്തെ നോക്കിയില്ല. സുഹൃത്തുക്കളെ നോക്കിയില്ല. മനുഷ്യരെ നോക്കിയില്ല. കുനിഞ്ഞ ശിരസ്സും കുനിഞ്ഞ കണ്ണുകളും. അവൻ പാതാളക്കുഴിയിലേയ്ക്ക് താണ് പോയവനായിരുന്നു. ജീവിതത്തോട് തോറ്റ് തോറ്റ് പോയവനായിരുന്നു.

ഒരിക്കൽ ഊമക്കത്തുകളുടെ പേരിൽ ഞാൻ സ്‌കൂളിൽ വെച്ച് കരഞ്ഞപ്പോൾ അവൻ വന്നു ആശ്വസിപ്പിച്ചു.. ബാഗിൽ ഒളിച്ച് വെച്ച കത്തെടുത്ത് ഞാനവന് കൊടുത്ത്.""ഇദാപ്പം... എടോ ഇത് നുണയെഴുതീതല്ലെ. നെന്റെ അമ്മ അങ്ങനെയല്ലല്ലോ..''
അവനെന്നെ ആശ്വസിപ്പിച്ചു.""എന്നെ നോക്ക് ഞാങ്കരയാറ്‌ണ്ടോ? പക്ഷെ എന്റെ അമ്മ ഇങ്ങനെ തന്നെയാണ്.. ഈ കത്തില് എഴുതിയത് മാതിരി...'' അവന്റെ കണ്ണുകൾ ചുവന്നു വന്നു.""ഒരു കൂത്തിച്ചി'' ഞാൻ പേടിച്ചു പോയി""എന്റെ മാമൻ അമ്മയെ വിളിക്കുന്ന പേരാണ് ഇതിലെഴുതിയിരിക്കുന്നത്'' അവൻ വിശദീകരിച്ചു... ""ആദ്യമൊക്കെ വെഷമാരുന്നു. ഇപ്പോ ശീലായി'' അവൻ വിളറിയ ചിരി ചിരിച്ചു.. ഓരോ ഊമക്കത്ത് വായിക്കുമ്പോഴും ഞാനവനെ ഓർത്തു""കരയരുത്. കരഞ്ഞാ തീർന്നില്ലെ? അവരാശിക്കണത് കിട്ടീന്നർത്ഥം. അങ്ങനെ വിട്ട് കൊടുക്കരുത്. ബീ കൂൾ'' അവന്റെ വാക്കുകൾ എന്റെ തലയിൽ നിത്യം മുഴങ്ങി.

പക്ഷെ വർഷങ്ങൾക്കിപ്പുറം സ്വന്തം കിടപ്പുമുറിയിലെ ഫാനിലവൻ തൂങ്ങി നിന്നപ്പോൾ അവന്റെ നാക്കിൽ ചൂട് ചോരയുറഞ്ഞ് തണുത്തുകറുത്ത പാടുകളുണ്ടായിരുന്നു.. ബീ കൂൾ എന്നു പറഞ്ഞ അവന്റെ ഉടൽ അസാധാരണമായ തണുപ്പിൽ കൂൾ കൂളായിക്കിടന്നു. ആ മരണവീട്ടിൽ ആരും അവനായി കരയാനില്ലായിരുന്നു. എല്ലാം കൂളായിരുന്നു.. സ്വന്തം രക്തബന്ധുക്കളുടെ അവിഹിതങ്ങളുടെ ഭാരം ഇനി താങ്ങാനാവില്ല എന്നോ മറ്റോ അർത്ഥമാക്കുന്ന രണ്ട് വരിക്കത്തിൽ അവൻ ജീവിതത്തെ നിർത്തി നടന്നു പോയി... അവന്റെയച്ഛന്റെ കീടനാശിനിക്കടയിലിരുന്ന് അവൽ ലോലീപ്പോപ്പ് നീട്ടി ചിരിക്കുന്നതും ""ബീ കൂൾ'' എന്നു പറയുന്നതും ഓരോ തവണത്തെ കത്ത് വരുമ്പോഴും ഞാനോർമ്മിച്ചു കൊണ്ടേയിരുന്നു...

ജയ ബേക്കറിയിലെ എരിവും മസാലരുചിയും എനിക്ക് തികട്ടി വന്നു. എനിക്കോ അച്ഛനോ പരസ്പരമൊന്നും പറയാൻ കഴിഞ്ഞില്ല. കുടയിൽ ഞാനും അച്ഛനും. മഴയ്‌ക്കൊപ്പം എന്റെ ഉള്ളിൽ സങ്കടം പൊട്ടിച്ചിതറി.

ബിൽ ക്ലിന്റന്റെ പ്രായം

ഊമക്കത്തുകൾ പേരക്ക മരത്തിൽ ഒളിഞ്ഞിരിക്കുന്ന തൊപ്പപ്പുഴുക്കളായിരുന്നു. കട്ടികുറഞ്ഞ ഉമിനീർനൂലിൽ അവ മരത്തിനുമുകളിൽ നിന്നിറങ്ങി. അത് സ്പർശിച്ചവർ മാത്രമല്ല കണ്ട എല്ലാവരുടേയും ദേഹം ചൊറിഞ്ഞു പിന്നെ തിണർത്തു.. വർഷങ്ങൾ കഴിയും തോറും അവയുടെ എണ്ണം കൂടിക്കൂടി വന്നു. കാറ്റിൽ എപ്പോഴും അതിന്റെ ഉപദ്രവകരമായ തൊപ്പകൾ പാറിനടന്നു. ചിലപ്പോളവ കാട്ടുകടന്നലുകളായി.. വിഷമുള്ളുകൾ കുത്തി ഞങ്ങൾക്ക് വ്രണങ്ങളായ്. ചിലപ്പോൾ മരണാസന്നമായ അനാഫൈലാക്‌സിസ് റിയാക്ഷനുണ്ടായി. ഓരോ കത്ത് വായിക്കുമ്പോഴും ഹൃദയത്തിനു താളം തെറ്റി. ശ്വാസമെടുക്കാൻ പ്രയാസമായി. രക്തസമ്മർദ്ദം വല്ലാതെ കുറഞ്ഞു.

""കൂത്തിച്ചിയേ'' എന്നാരോ പിൻ വിളിച്ചതു പോലെ എന്റെ ചെവികളിൽ കാറ്റടിച്ചു. ഞാൻ ഭയന്നു.

നല്ല മഴയായിരുന്നു. മലപ്പുറത്തെ തണുപ്പൻ കാറ്റ് ചിതറിയ്ക്കുന്ന ഓമനത്തമുള്ള പളുങ്ക് മഴ.... ഡിഡിയുടെ വീട്ടിൽ നിന്നും കഴിച്ച മിക്‌സ്ചറിനു നല്ല രുചിയായിരുന്നു. ജയ ബേക്കറിയിലെ എരിവും മസാലരുചിയും എനിക്ക് തികട്ടി വന്നു. എനിക്കോ അച്ഛനോ പരസ്പരമൊന്നും പറയാൻ കഴിഞ്ഞില്ല. കുടയിൽ ഞാനും അച്ഛനും. മഴയ്‌ക്കൊപ്പം എന്റെ ഉള്ളിൽ സങ്കടം പൊട്ടിച്ചിതറി. ""---- മാഷായിരിക്കുമോ?'' അച്ഛന്റെ സ്‌കൂളിലെ ഒരു മാഷുടെ പേരു ഞാൻ പറഞ്ഞു.""അല്ല ആവില്ല. കുത്തിത്തിരിപ്പനാണെങ്കിലും എന്നോട് നല്ല സ്‌നേഹമുള്ള ആളല്ലെ? മര്യാദക്കാരനുമാണ്. ആവാൻ വഴിയില്ല''
ആരായിരിക്കും കത്തയച്ചിരിക്കുക എന്ന് അച്ഛൻ വല്ലാതെ ആധി പിടിച്ചു.""നിനക്കറിയുമോ? എനിക്കും പതിവായ് കത്തുകൾ വരാറുണ്ട്. ഇതേ കയ്യക്ഷരത്തിൽ പക്ഷെ മൊത്തം അഴുക്കചീത്ത വിളീയാണ്'' അച്ഛൻ തുറന്നു പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു. ഓഹ്. ""അതെന്താ അമ്മയോട് പറയാത്തത്?'' ""അമ്മയ്ക്ക് വയ്യാത്തതല്ലെ? അതൊക്കെ വായിച്ചാൽ വലിയ വിഷമമായിരിക്കും. അമ്മയെക്കുറിച്ചൊക്കെ വളരെ മോശമെഴുതിയാണ് വന്നിട്ടുള്ളത്''
ആ നിമിഷം എനിക്ക് ഭയങ്കരമായ സങ്കടം തോന്നി. അമ്മ അച്ഛനോട് ഈ വിഷയം തുറന്നു പറയേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഏകദേശം 16 കൊല്ലമായിരുന്നു കത്തിന്റെ വരവ് തുടങ്ങിയിട്ട്.

""എടി വെല്ല്യേട്ടൻ പറഞ്ഞിട്ട്ണ്ട് ഈ വിഷയം മാഷോട് പറയണ്ട എന്ന്'' ഞാൻ ചോദിക്കുമ്പോൾ അമ്മ പലകുറി ഇതു തന്നെ പറഞ്ഞു. അച്ഛനെ അറിയിച്ച് വിഷമിപ്പിക്കണ്ട എന്ന് അമ്മ ശരിക്കും കരുതിയിരുന്നു. അമ്മയ്ക്ക് പൊതുവെ നിഷ്‌കളങ്കത കൂടുതലാണ്. പക്ഷെ ആ നിമിഷം അച്ഛനോട് ഞാനാ വിവരം, മുഴുവൻ കഥകളും ഉപകഥകളുമടക്കം വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്തു.

ഞങ്ങൾ മഴമാറാനായി പി ടി എസ്സിന്റെ കൂൾബാറിലിരിക്കുകയായിരുന്നു. അമ്മയോ മക്കളായ ഞങ്ങളോ ഈ വിഷയം ഒരു തരിമ്പ് പോലും വിശ്വസിച്ചിട്ടില്ലെന്ന് ഞാൻ വളരെ ശാന്തമായിത്തന്നെ പറഞ്ഞു. അച്ഛന്റെ കണ്ണുകൾ നിറഞ്ഞ് വരുന്നത് ഞാൻ കണ്ടു.. ഒരു മറുപടിയും അദ്ദേഹം പറഞ്ഞില്ല.

""എന്നാലും സത്യയ്ക്ക് എന്നോടിത് പറയാമായിരുന്നു'' ""എന്തിനു. ഒരാവശ്യവുമില്ല. അതച്ഛനല്ല എന്ന് അമ്മയ്ക്കുറപ്പാണല്ലോ'' വളരെ സാവകാശം ഞാൻ പഫ്സ്സ് കഴിച്ചുകൊണ്ട് അസാമാന്യമായ ശാന്തത പുറത്തേയ്ക്ക് കാട്ടി. അച്ഛനൊന്നും തോന്നാൻ പാടില്ലല്ലോ""ഓഹ് അത് ശരി അതാണപ്പോ ഇപ്പോ മീഞ്ചന്തയിലേക്ക് നീ പോകാത്തത് അല്ലെ?'' ""അല്ല. പക്ഷെ എനിക്ക് ഇത് പറയുന്നവരെ ഇഷ്ടമല്ല. ഞാൻ നന്നായി തിരിച്ച് പറയും. പിന്നെ അമ്മയ്ക്കാണ്''""നീ വഴക്കിനൊന്നും പോവരുത്. നമുക്ക് വഴിയുണ്ടാക്കാം'' അച്ഛൻ പ്രത്യാശിച്ചു.

എന്ത് വഴി? പെരുവഴിയായിരുന്നു സംഭവിച്ചത്. കത്തുകൾ പെരുകിക്കൊണ്ടേയിരുന്നു. അടുത്തതലമുറയിലേയ്ക്ക് അതങ്ങനെ വന്നുകൊണ്ടിരുന്നു. ഹോസ്റ്റലിൽ നിൽക്കുന്ന എന്റെ അനിയത്തിയ്ക്കും കൊച്ചു കസിൻ കീർത്തിമോൾക്കും വരെ കത്തുകൾ വരാൻ തുടങ്ങി. എന്തിനു മാസം തികയാതെ പെറ്റ എന്റെ പെൺകുഞ്ഞിന്റെ പേരു ഗൗരി എന്ന് പ്രഖ്യാപിച്ചതോടെ അവൾക്ക് വരെ വന്നു കത്ത്. തെറികൾക്കൊപ്പം, മതം, ജാതി കടുത്ത ഹിന്ദുവർഗീയത എന്നിവ കടന്നു വന്നുകൊണ്ടിരുന്നു. കത്തെഴുതുന്നവന്റെ രാഷ്ട്രീയം കൃത്യമായിരുന്നു. ക്രിസ്ത്യാനിയായതിനാൽ എന്റെ ഭർത്താവിനും കിട്ടിയിരുന്നു ധാരാളം മിഠായികൾ. ""നിന്റെ ലിംഗത്തിൽ ശൂലം കേറ്റുമെടാ'' എന്ന് തുറന്ന കാർഡിലെഴുതി ഓഫീസ്സിലേയ്ക്കയച്ചതും അത് മനോരമപത്രമാപ്പീസ്സിലെ എല്ലാ സഹപ്രവർത്തകരും വായിച്ചതുമൊക്കെ ഭർത്താവ് പറയുമ്പോൾ തമാശയോ ഗൗരവമോ എന്നറിയാതെ ഞാൻ ആകുലപ്പെട്ടു. കത്തുകൾ കിട്ടിയപ്പോൾ എന്റെ അമ്മായിയമ്മ വിറച്ചു പോയി. അമ്മ അതീവ ദുഃഖിതയുമായി.

അവിഹിതം. തലപൊട്ടിക്കുന്ന അവിഹിതം. അവിഹിതം ഒരു ഭാരമാണ്. അഭിമാനിയായ അച്ഛനത് പ്രശ്‌നന്മുണ്ടാക്കും എന്നവർക്ക് തോന്നി. അവർ ക്ഷോഭത്തോടെ അച്ഛനരികിൽ വന്നു. അച്ഛനെ വേദനിപ്പിക്കണമെന്ന് അവർ കഠിനമായി ആഗ്രഹിച്ചു.

പക്ഷെ ഒരു കാര്യം മാത്രം മാറിയില്ല. മാറ്റാൻ ഞങ്ങൾക്കൊരു വഴിയും കിട്ടിയില്ല എന്നതാണ്. അച്ഛൻ കുറ്റവാളിയും വെറുക്കപ്പെട്ടവനുമായി. ഞാനുമച്ഛനും പോയി പരാതിപ്പെട്ടപ്പോൾ പൊലീസ്സുകാർ അതിനെ ഗൗരവത്തോടെ എടുത്തതേയില്ല. അതൊന്നും കുഴപ്പമില്ല എന്ന നിലപാടായിരുന്നു അവർക്ക്. എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാതെയായി.
​ഏവരുടെയും ദേഷ്യം കടുത്തപകയായി മാറിയ സമയമായിരുന്നു അത്. അമ്മവീട്ടുകാർ കത്തിജ്ജ്വലിച്ചു കൊണ്ടിരുന്നു. കീർത്തിമോൾക്ക് ഹോസ്റ്റലിലേയ്ക്ക് കത്തു വന്നപ്പോൾ എല്ലാവർക്കും പ്രാന്ത് പിടിച്ചതു പോലെയായി. അച്ഛനോട് ചോദിക്കാനും വഴക്കുണ്ടാക്കാനും അവർ തീരുമാനിച്ചു. അമ്മയുടെ ഇളയ അനിയനും അനിയത്തിയുമാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. എന്താണ് അവരുടെ ഈ തന്ത്രത്തിന്റെ കാതൽ എന്നു എനിക്കപ്പോഴെ മനസ്സിലായി. അവിഹിതം. തലപൊട്ടിക്കുന്ന അവിഹിതം. അവിഹിതം ഒരു ഭാരമാണ്. അഭിമാനിയായ അച്ഛനത് പ്രശ്‌നന്മുണ്ടാക്കും എന്നവർക്ക് തോന്നി. അവർ ക്ഷോഭത്തോടെ അച്ഛനരികിൽ വന്നു. അച്ഛനെ വേദനിപ്പിക്കണമെന്ന് അവർ കഠിനമായി ആഗ്രഹിച്ചു.
കത്തുകളാണ് അവർ സംസാരിക്കുവാൻ വന്ന വിഷയമെന്ന് അച്ഛനു നല്ല ബോധ്യമുണ്ടായിരുന്നു. അച്ഛൻ അതിന്മേൽ സംസാരിക്കുവാൻ അവസരം തേടുകയുമായിരുന്നു. ഞാൻ വിവരങ്ങൾ അച്ഛനോട് പറഞ്ഞതോ അച്ഛനറിഞ്ഞതോ അമ്മയോട് പറയരുതെന്നു ഞാൻ സത്യം ചെയ്യിച്ചിരുന്നു. അച്ഛനത് പാലിച്ചുമിരുന്നിരുന്നു.

""സത്യേ, ഇയാളു കേട്ടല്ലോ. അപ്പോൾ എന്റെ പേരിൽ ഒരു ഗർഭക്കേസ്സാണ് ഇവരു ആരോപിക്കുന്നത്.'' വലിയ ഒരു കൊടുങ്കാറ്റാണ് അച്ഛൻ ഊതിപ്പറപ്പിക്കുന്നത്. അമ്മയുടെ ദാമ്പത്യം എന്നെന്നേയ്ക്കുമായി കടപുഴകാവുന്ന ഒരു കള്ളം

എന്നാൽ അവർ കത്തുകളെക്കുറിച്ച് പറഞ്ഞതേയില്ല. സംഭവിച്ചത് മറ്റൊന്നാണ്. അവിഹിതത്തിന്റെ ചൂടു കഥ.""മണിയേട്ടനെ തേടി സ്‌കൂളിൽ ഒരു സ്ത്രീ വന്നിരുന്നു'' ആദ്യത്തെ കൊച്ചു പടക്കം പൊട്ടി.""എന്നെ അന്വേഷിച്ച്ട്ടോ? ആരാണ് വന്നത്? എന്താ കാര്യമെന്നെ അന്വേഷിച്ചില്ലെ?''""ഒരു സ്തീയാണ് വന്നത് 35 വയസ്സൊക്കെ കാണേരിക്കും'' ""എന്നിട്ട്?'' ""അവർ ഗർഭിണിയാണ് അഞ്ച് മാസം വരും'' രണ്ടാമത്തെ സ്‌ഫോടകാത്മക രഹസ്യവും വെളിപ്പെട്ടു.
അച്ഛൻ വാപൊളീച്ചു തന്നെ നിൽക്കുകയാണ്. എന്താണ് കാര്യം ഇതെന്താണ് പറയുന്നതെന്നു തിരിയുന്നില്ല. ""ആ സ്ത്രീ പറയുന്നത് അവളുടെ ഗർഭത്തിനുത്തരവാദി മണിയേട്ടനാണെന്നാണ്''
ബോംബ്. ഭയങ്കരമായ ബോംബ്. എല്ലാവരും സ്തബ്ധരായി നിൽക്കുകയാണ്. എനിക്ക് ദേവനെ ഓർമ വന്നു അവന്റെ വാക്കുകൾ ഓർമ വന്നു.""മ്പളെ അമ്മനെം അച്ഛനെം പറ്റിയൊക്കെ ചീത്തത് കേക്കുമ്പോ തല പൊട്ട്വടോ''
അച്ഛന്റെ മുഖത്തെ ഗൗരവം അയഞ്ഞു. ചിരി വിടർന്നു. അച്ഛൻ ഒറ്റ മറുപടിയാണ്.""ആഹ. കൊള്ളാലോ. ഇങ്ങോട്ട് വരാൻ പറയൂ. ഇവിടെയാവുമ്പോൾ സത്യയും മക്കളുമൊക്കെയില്ലെ? കാര്യമൊക്കെ സംസാരിക്കാമല്ലൊ?'' ഗർഭക്കേസ്സ് കൊണ്ടുവന്നവർ അമ്പരന്നു നിൽക്കുകയാണ്. അച്ഛനു വലിയൊരു തമാശകേട്ട ഭാവമാണ്""സത്യാ..'' അച്ഛൻ ചായയിടാൻ പോയ അമ്മയെ വിളിച്ചു. അമ്മ രംഗത്ത് പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ കുട്ടികൾ സ്തബ്ധരാണ്. അനുജനും അനിയത്തിയും മെല്ലെ വലിഞ്ഞു. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. ദേവന്റെ വാക്കുകൾ കത്തുകയാണ് തലയ്ക്കുള്ളിൽ തീമരമുയരുന്നു.. കത്തിൽ വായിക്കുമ്പോ കേൾക്കുന്നതു പോലെയല്ല. അച്ഛന്മാരുടെ അവിഹിതങ്ങൾനേരിട്ട് കേൾക്കുന്നത്. വീട്ടിലെ പഴയ ഫാനിൽ തൂങ്ങി ഞാൻ നിൽപ്പുണ്ട്. അശരണമായ ഹൃദയത്തോടെ, അപമാനത്തോടെ ഒടിഞ്ഞകഴുത്തോടെ ഞാൻ നിൽപ്പുണ്ട്. പയർവള്ളികൾ പോലെ തൂങ്ങി നിൽക്കുന്ന മെലിഞ്ഞ കാല്..

""സത്യേ, ഇയാളു കേട്ടല്ലോ. അപ്പോൾ എന്റെ പേരിൽ ഒരു ഗർഭക്കേസ്സാണ് ഇവരു ആരോപിക്കുന്നത്.'' വലിയ ഒരു കൊടുങ്കാറ്റാണ് അച്ഛൻ ഊതിപ്പറപ്പിക്കുന്നത്. അമ്മയുടെ ദാമ്പത്യം എന്നെന്നേയ്ക്കുമായി കടപുഴകാവുന്ന ഒരു കള്ളം. അച്ഛനെ ഏറ്റവും ഹീനമായ രീതിയിൽ വ്യക്തിഹത്യചെയ്യൽ.

ഞാനാണെങ്കിൽ വലിയ പ്രശ്‌നം ഉണ്ടാക്കിയേനെ. എന്റെ സഹോദരി, എന്റെ ഭർത്താവിനെക്കുറിച്ച് ഇത്തരമൊരു അപവാദം പറഞ്ഞാൽ, ഞാനാണെങ്കിൽ സഹിക്കുമായിരുന്നില്ല.

""ഒറപ്പായിട്ടും അമ്മൂന്റെയും ഹരീന്റെയും പല്ല് ഞാൻ അടിച്ച് കൊഴിക്കും'' സന്ധ്യയ്ക്ക് കലഹം പെരുത്ത് ഞാൻ അമ്മയോട് വീറോടെ അലറി. അമ്മ അപ്പോഴും ചുമരു ചാരി നിന്നു.""അമ്മയ്ക്കാരുടെ ഗുഡ് സർട്ടിഫിക്കറ്റാണാവശ്യം? പാവം സത്യ എന്നു കേൾക്കുന്നത് എന്തോ ഹരമാണ്. സത്യ പാവമൊന്നുമല്ല. സ്വന്തം ഭർത്താവിനെ ബന്ധുക്കള് ദ്രോഹിക്കാൻ സപ്പോർട്ടിയ്യണ ആളാണ്'' ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.

""ഇന്ദു മതി. നിർത്ത്. '' അച്ഛൻ എന്നെ പിടിച്ച് മാറ്റാൻ ശ്രമിച്ചു. അന്നു ഞാൻ ഭയങ്കരമായി പൊട്ടിത്തെറിച്ചു. ദേഷ്യപ്പെട്ടു. അലറി നിലതെറ്റി വഴക്കുപിടിച്ചു. അമ്മയുടെ നിശബ്ദതയെ, നന്മയെ ഒക്കെ ചീത്ത പറഞ്ഞു.

""അവരു വെറും നാട്ട്യക്കാരാണ്. പ്രിട്ടെൻഷ്യസ്സ്. അവരുടെ ഉള്ളിലൊന്നും നൻമയില്ല. സത്യം പറയുന്നോര്, നിലപാട് എടുക്കുന്നോരു ഒന്നും ചീത്തയല്ല. അങ്ങനെ പറയുന്നോർക്ക് ഗുഡ് ബുക്കിലിടം ഉണ്ടാവില്ല. പക്ഷെ അവനവന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി സംസാരിക്കുക എന്നത് അമ്മമ്മാരുടെ ഉത്തരവാദിത്താണ്. അമ്മയ്ക്ക് കൂറു എക്കാലത്തും അമ്മടെ വീട്ടുകാരോടാണ്. അതിക്കവിഞ്ഞ് ആരൂല്ല. ഞങ്ങളൂല്ല. അച്ഛനുല്ല'' ഞാൻ കരയാൻ തുടങ്ങി. ""ഇപ്പോ എത്ര വർഷമായി. അമ്മ അച്ഛനോട് എന്തെങ്കിലും സത്യം പറഞ്ഞൊ? ഈ ചീത്തയും നുണയും കേക്കണ്ടി വന്നതിനു അമ്മയും കാരണമാണ്. നോക്കിക്കോളി ആ ദേവനെ മാതിരി ഞാനും ഇവടെ ശരിയാക്കും..''
എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അമ്മയും കരയാൻ തുടങ്ങി. പക്ഷെ അച്ഛൻ അനിതരസാധാരണമായ സമാധാനത്തോടെ എന്നോട് സംസാരിച്ചു.

""ഇപ്പറഞ്ഞ ആരോപണം പോലെ തന്നെയാണ് ഇന്ദൂ ഗർഭക്കേസ്സും. ഒരു നുണ. കത്തിന്റെ കാര്യവും അങ്ങനെ തന്നെ. പിന്നെ'' അച്ഛൻ എന്റെ കരഞ്ഞു വീർത്ത മുഖം നോക്കി""ഇതിങ്ങനെയേ വരൂ എന്ന് എനിക്ക് ഊഹമുണ്ടായിരുന്നു'' അച്ഛന്റെ മുഖത്ത് ചെറിയ കുസൃതി വിരിഞ്ഞു..""എന്ത് ഗർഭക്കേസ്സോ? അതെന്താ?'' എനിക്ക് അരിശം വന്നു""ആഹ് അതെന്നെ...?''""ഏഹ് എന്താ പറയണത്?'' ഞാൻ ചൊടിച്ചു.
അച്ഛൻ അതേ കുസൃതിയോടെ ചിരിച്ചു.""ഞാനെ 46 ലാണ് ജനിച്ചത്. ഇപ്പോ എന്താപ്രായം? 52 വയസ്സ്. അദ്ദാണ്. എനിക്കേ ബിൽ ക്ലിന്റെന്റെ പ്രായമാണ്. ഈ പ്രായം ശരിയല്ല.'' അച്ഛൻ പൊട്ടിപ്പൊട്ടിച്ചിരിക്കാൻ തുടങ്ങി.

പലപ്പോഴും അങ്ങനെയാണ്. എന്നെ വിറളിപിടിപ്പിക്കുന്ന് പലതും അച്ഛന് തമാശയാണ്. ഒരു പക്ഷെ എന്നോ എന്റെ രണ്ട് വയസ്സിലോ മറ്റോ തകർന്നു പോകാവുന്ന ഒരു ദാമ്പത്യം തകരാതെ തഴച്ച് സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും വന്മരമായി മാറിയതിനു കാരണങ്ങളിലൊന്ന് ഈ സമാധാനസ്വഭാവമാണ്. വരട്ടെ നമുക്ക് സത്യമറിയാൻ ശ്രമിക്കാമെന്ന ക്ഷമയാണ്. എന്റെ അച്ഛൻ ശരിക്കും പൂവ് പോലെ വിശുദ്ധനായ മനുഷ്യനാണ്. അമ്മ ഒരു പക്ഷാഭേദക്കാരിയും""പാർഷ്യാലിറ്റി ചട്ടിവടി'' അമ്മ കേൾക്കെ ഞാൻ ശകാരിച്ചു.▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments