അമ്മയെക്കാത്തുനിന്ന വൈകുന്നേരങ്ങളെ കഥാവൈകുന്നേരങ്ങളെന്ന് വിളിയ്ക്കാം. സ്വപ്നലോകത്തെന്നവണ്ണം വാടക സൈക്കിളിൽ പറന്നു കറങ്ങിയും മാവിന്മേലിട്ട ഊഞ്ഞാലിൽ നിന്നുമിരുന്നും ആളെ വെച്ചും ഉഷാറായി ആടിത്തിമിർത്തും അമ്മ വരാനുള്ള കാത്തിരിപ്പുമായി തെക്കുവടക്ക നടപ്പും തെക്കോട്ടും വടക്കോട്ടുമുള്ള തീവണ്ടി വരവുകൾ ചേർത്തും നല്ല രസകരമായ വൈകുന്നേരങ്ങളാണത്.
തീവണ്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും രഹസ്യമായിരുന്നു.
പാളത്തിനുമീതെ വീഴാതെ നടക്കൽ. പാളത്തിൽ ചെവി ചേർത്ത് ദൂരെയെങ്ങാനും തീവണ്ടിയിരമ്പുന്നോയെന്നു താളം കേൾക്കൽ. കയ്യുയർത്തുന്ന സിഗ്‌നൽപ്പട്ടാളക്കോലിനെ സല്യൂട്ടടിയ്ക്കൽ. പിന്നെ അഞ്ചു പൈസയും പത്തു പൈസയും പാളത്തിൽ വെച്ച് പരത്തിയെടുക്കുന്ന രഹസ്യപ്രവർത്തികൾ. ബബ്ൾഗം തിന്ന് അതിന്റെ ബാക്കി തുപ്പി നാണയത്തിനടിയിൽ ഒട്ടിച്ചുവെയ്ക്കും. പിന്നെ കയ്യിലെ ഇരുപത്തഞ്ചു പൈസയ്ക്ക് വാങ്ങുന്ന ബോൺവിറ്റ ചേർത്ത പാലൈസ് തീറ്റകൾ. തള്ളപ്പശുവിന്റെ ചിത്രമുള്ള മിൽക്ക് സ്പ്ലക്ക് മിട്ടായിയുടെ രുചിയിലലിയുന്ന പോക്കുവെയിൽ. അമ്മൂമ്മ ഉണക്കാനിട്ട പുളി വാരിത്തിന്ന് ഒളിച്ചു നടക്കൽ. ആ സമയത്ത് തിരുവച്ചിറയാകെ എണ്ണതേച്ച തിളക്കമായി നിൽക്കുന്ന ആമ്പലിലകൾ ജലവും കവിഞ്ഞുനിറഞ്ഞ് നിൽക്കുന്നുണ്ടാകും.
കുളത്തിനിരുശത്തുമുള്ള വൃദ്ധവൃക്ഷന്മാർ കുശുകുശാ ഇലയനക്കി വർത്തമാനം പറയുന്നത് മറ്റൊരു രസം. ചക്കരപ്പൂഴിയിൽ വിടർന്നു നിൽക്കുന്ന നായ്പ്പല്ലൻ ചെടികൾ. അവയുടെ വിത്തുകൾ മുത്തുകൾ പോലെയാണ്. അതു പെറുക്കി കോർത്തെടുക്കും. പിന്നെ വഴിയോരങ്ങളിലെയും വേലിയോരങ്ങളിലെയും മഞ്ഞപ്പൂവിടർന്നു നിൽക്കുന്ന കിലുക്കാമ്പെട്ടിച്ചെടി കിലുകിലാ കലമ്പുന്നത് ചെവിചേർത്ത് കാണും. റെയിലോരത്തെ പാവക്കുട്ടിക്കായ ബ്ലേഡുകൊണ്ട് സിസേറിയൻ ചെയ്ത് അതിനകത്തു നിന്ന് പാവക്കുഞ്ഞുങ്ങളെ പ്രസവിപ്പിക്കുന്ന ഉച്ചനേര ഗൈനക്കോളജി പരീക്ഷണങ്ങൾ.
അമ്പല മൈതാനിയ്ക്കരികിലെ ഇത്തിരി പച്ചത്തുരുത്തിൽ ഒരു ചുടലത്തെങ്ങും താഴെയൊരു പൊട്ടക്കിണറും കാണാം. ആ കിണറിലേയ്ക്ക് തലയിട്ട്
‘ഇന്ദൂ ഇന്ദൂ' എന്നു വിളിച്ചു കളിയ്ക്കും... എന്റെയൊച്ച ഒരു മറുതയുടെ ഒച്ചപോലെ പ്രതിധ്വനിയ്ക്കും. ആഴക്കുഴിയിലെ ഇത്തിരി വെള്ളത്തിൽ എന്റെ മുഖം അദൃശ്യമായ നിഴലായനങ്ങും.
‘ഉയ്യോ പ്രേതം', ഞാൻ എന്നെയും എന്റെ നിഴലിനെയും തന്നെ പേടിയ്ക്കും. ഞങ്ങളോടും.
ചിലപ്പോൾ അച്ച്വേട്ടമാമയുടെ കുളിമുറിയ്ക്കു പുറകിലെ ഇരുമ്പിപ്പുളികളിൽ പുളിച്ചു തിമർക്കും. കൊല്ലമ്മാരുടെ മതിലോരത്ത് അരിനെല്ലിക്കകൾ പന്തലിട്ടിട്ടുണ്ടാകും. അവയും ഇടവഴിയിലെ മൾബെറിയുടെ നീലിച്ച പഴങ്ങളും ഞാൻ തിന്നു തിന്നു അമ്മ വരുവാൻ കാത്തിരിയ്ക്കും...
ഞാനൊന്നും ഒരിക്കലും നല്ലയമ്മയല്ല. ഹൃദയാലുവല്ല. എനിയ്ക്കു കിട്ടിയ പലഹാരങ്ങളും മിട്ടായികളുമൊക്കെ ആദ്യ മിനുട്ടിൽ തന്നെ ഞാൻ തിന്നും. മകനും മകൾക്കുമൊന്നും വേണ്ടി അതൊരു ദിവസം പോലും ഞാൻ ത്യജിച്ചിട്ടില്ല.
ചാലപ്പുറത്ത് എൻ.എസ്.എസ് സ്‌കൂളിലാണമ്മ പഠിപ്പിച്ചിരുന്നത്. തുച്ഛശമ്പളത്തിൽ. അൺ എയിഡഡ് മേഖലയുടെ സകല ദുരിതവും ഗതികേടുമായ ഒരു ജോലിക്കാലം. ബസ് മാത്രമാണ് ശരണം. ഓട്ടോറിക്ഷയോ മറ്റു വാഹന സൗകര്യമോ ഇല്ല. ഉണ്ടെങ്കിൽ തന്നെ കിട്ടുന്ന നക്കാപ്പിച്ചയിൽ അതിനായി മാറ്റാൻ തുകയില്ല. എന്നും അമ്മ സ്‌കൂളിൽ നിന്ന് തളിയമ്പലം കടന്ന് എം.സി.സി ബാങ്കിന് മുന്നിൽ വന്നു നിൽക്കും. അവിടെനിന്ന് പച്ച ബസിൽ കയറി മീഞ്ചന്ത ഗെയിറ്റിനരികിലിറങ്ങും. അമ്മമ്മയെ നോക്കാൻ ഏൽപ്പിച്ച അനിയത്തിയെയും അനിയനെയും എന്നെയും കൂട്ടി സംഘമായി നടന്ന് കുളത്തിനരികിലൂടെ ഇമ്പാച്ചുണ്ണി വീട്ടിലേയ്ക്കും അവിടെ നിന്ന് നടന്ന് ആർട്‌സ് കോളേജിന് സമീപത്തുള്ള ബസ്റ്റോപ്പിലേയ്ക്കും പോകും. അവിടെ നിന്ന് മഞ്ചേരി, മലപ്പുറം ബസിൽ കയറി പതിനൊന്നിലിറങ്ങും. ആർഷഭാരത ആദർശവാദി കണ്ടെത്തിയ താമസസ്ഥലത്തേയ്ക്ക് തപ്പിയും തടഞ്ഞും കുന്നു കയറിക്കിതച്ചും അമ്മയും ഞങ്ങളും തിരിച്ചെത്തും. ഇതായിരുന്നു പതിവു രീതി.
സ്‌കൂളുള്ള സമയത്ത് ഞാനീ യാത്രയിലുണ്ടാകില്ല. എന്നാൽ ഞാനൊരു മാപ്പിള സ്‌കൂളിലാണ് പഠിച്ചിരുന്നത്. അതിനാൽ എല്ലാവർക്കും വെക്കേഷൻ വരുന്നതിനുമുമ്പ് എനിക്ക് വെക്കേഷൻ വരുമായിരുന്നു. എല്ലാ നോമ്പു കാലവും എനിക്ക് കളിക്കാലമായിരുന്നു. മധ്യവേനലവധി നോമ്പിന് ഒരു മാസവും അതു കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും വെക്കേഷൻ ആരംഭിച്ചു കഴിഞ്ഞ് അടുത്ത മാസവുമായി മുറിഞ്ഞു മുറിഞ്ഞാണ്.
അവധിയ്ക്ക് മീഞ്ചന്തയിൽ പോകുമ്പോൾ ഒരു വർഷ കുഞ്ചികളിലൊന്ന് പൊട്ടിയ്ക്കും. ഒന്ന് മാറ്റിവെച്ചിരിയ്ക്കും, നാട്ടിൽ പോകുമ്പോൾ തീവണ്ടിയിൽ പൈസ ചോദിയ്ക്കുന്ന പിച്ചക്കാർക്കു കൊടുക്കാനുള്ളതാണത്. മറ്റേ കുഞ്ചിയിൽ നിന്ന് 50 പൈസയ്ക്ക് സൈക്കിൾ വാടകക്കെടുത്തു കൊണ്ടുവന്ന് റെയിൽപാളത്തിനു സമാന്തരമായ റോഡിലൂടെ ഓടിച്ചുകളിയായിരുന്നു ഏറ്റവും പ്രധാനം.
അമ്മയെ കാത്തുനിൽക്കുന്നതിൽ മറ്റൊരു ഉദ്ദേശ്യവുമുണ്ട്. വൈകുന്നേരമാകുമ്പോൾ സ്‌കൂളിൽ ചായക്കൊപ്പം കഴിയ്ക്കാൻ എന്തെങ്കിലും കിട്ടും അമ്മക്ക്. പക്ഷെ, എത്ര വിശന്നാലും അമ്മ അത് കഴിക്കാതെ ഞങ്ങൾ മക്കൾക്കായി കൊണ്ടുവരുമായിരുന്നു. ഒരു പിറന്നാൾ മിട്ടായിയാകട്ടെ, കേക്കാകട്ടെ അമ്മ തിന്നുകയേയില്ല. പൊതിഞ്ഞെടുത്ത് ബാഗിൽ വെയ്ക്കും.
‘‘മക്കളിരിക്കണത് ആലോചിയ്ക്കുമ്പോ എറങ്ങൂലെടി അതൊന്നും'', അമ്മ പറയും. ഇപ്പോൾ ഓർക്കുമ്പോൾ ശരിയ്ക്കും സങ്കടം വരും. രാവിലെ തൊട്ട് ഉച്ചവരെ കുട്ടികളോട് തൊണ്ടയിട്ടലച്ച് ജോലി ചെയ്തു, വൈകുന്നേരം കുടിക്കാൻ കിട്ടുന്ന ചായയിൽ നിന്ന് ഇത്തിരി പലഹാരം മാറ്റിവെക്കുമ്പോൾ, ഞങ്ങൾക്ക് കൊണ്ടുവരുമ്പോൾ, അമ്മ എത്ര വലിയ ത്യാഗമാണ് ചെയ്തതെന്ന് സങ്കടത്തോടെ ഓർക്കും.
ഞാനൊന്നും ഒരിക്കലും നല്ലയമ്മയല്ല. ഹൃദയാലുവല്ല. എനിയ്ക്കു കിട്ടിയ പലഹാരങ്ങളും മിട്ടായികളുമൊക്കെ ആദ്യ മിനുട്ടിൽ തന്നെ ഞാൻ തിന്നും. മകനും മകൾക്കുമൊന്നും വേണ്ടി അതൊരു ദിവസം പോലും ഞാൻ ത്യജിച്ചിട്ടില്ല. ഒരു പക്ഷെ, എല്ലാ ദിവസവും ഞങ്ങൾക്ക് പലഹാരങ്ങൾ വാങ്ങാൻ പൈസയില്ലാത്തതു കൊണ്ടാകാം അമ്മ അങ്ങനെ ചെയ്തിരുന്നത്. അമ്മ വരുന്ന സമയമാകുമ്പോഴേക്കും റെയിൽവേ ഗേറ്റിനരികിലേക്ക് പോയി അമ്മയെ കാത്തിരിക്കുന്നത് ആ മിട്ടായിയും മറ്റും വാങ്ങിക്കാനാണ്.
അങ്ങനെയുള്ള ഒരു വൈകുന്നേരം ഞാൻ സൈക്കിളുമെടുത്ത് മാറാട് ബീച്ച് റോഡിൽ കളിക്കുകയായിരുന്നു. തിരിച്ചു വരുമ്പോൾ റെയിൽപാളത്തിൽ ഒരു വലിയ ആൾക്കൂട്ടം. ആളുകൾ അതുമിതും പറയുന്നു. കാക്കപ്പടകളുടെ ഭയങ്കരമായ ഒച്ച.
‘കാ കാ കാ' എന്നവറ്റകൾ അപായ സന്ദേശം പോലെ കലപിലെ കൂട്ടി.
ആകാശത്തു നിന്ന് അനവധി കാവതികളും ബലിക്കാക്കകളും പറന്നിറങ്ങി വന്നു.
കാകസന്ദേശങ്ങൾ ഭയകരമായ എന്തോ അത്യാപത്തിനെ സൂചിപ്പിച്ചു.
കാര്യമായി എന്തോ അവിടെ നടന്നിട്ടുണ്ട്. സൈക്കിളോരം ചാരി ഞാൻ പാളത്തിലേക്ക് പോയി നോക്കി. ഭംഗിയുള്ള ഒരു ചെറുപ്പക്കാരൻ രണ്ടു കഷണമായവിടെ കിടക്കുന്നുണ്ടായിരുന്നു. കൃത്യമായി അയാളുടെ കഴുത്തറുന്നു പോയിരുന്നു. വയലറ്റു നിറമോടിയ ഒരുതരം രക്തം പാളത്തിലും പാറക്കഷണത്തിലും തെറിച്ചു നിന്നു. കാട്ടപ്പകൾ ചോരയിൽ ചിതറിക്കുളിച്ച് പരിഭ്രാന്തിയോടെ ആടി. ദുബായിക്കാർ ധരിയ്ക്കുന്ന പൂക്കളുള്ള ഒരു തരം ട്രൗസറാണ് അയാളിട്ടിരുന്നത്. ഒരു ടീഷർട്ടും.
ഉച്ചവണ്ടിക്കുശേഷം മറ്റു വണ്ടികൾ പോകാനില്ലാത്തതുകൊണ്ട് മൃതദേഹം അവിടെ തന്നെ കിടന്നു. ബേപ്പൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് ആളു പോയിരുന്നു. ആദ്യം വന്ന അരീക്കാട്ട് പൊലീസ് ‘ഇത് തങ്ങളുടെ ജൂറിസ്ഡിക്ഷനല്ല' എന്നു പറഞ്ഞ്മാറിക്കളഞ്ഞു. രണ്ടാം സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എത്തിയിരുന്നുമില്ല. മൂന്നര മണിയാകുമ്പോൾ പരശുറാം എക്സ്പ്രസ് കടന്നു വരും. അതിനു മുമ്പ് ആ ശരീരം എടുത്തു മാറ്റേണ്ടതുണ്ട്.
‘വെറ്‌തെ മാറ്റിയാപ്പോര. എഫ്. ഐ. ആറിടണ്ടെ?'
‘അയിനിപ്പെന്താ?. സാധാരണ ആത്മഹത്യല്ലെ?'
‘അദൊന്നും പറഞ്ഞൂട. ആരെങ്കിലും കൊന്ന് കൊണ്ട്ട്ടതാണെങ്കിലൊ?'
‘എബടന്ന്? മാപ്പളൂതണ സമയത്ത് ഇച്ചെങ്ങായി ആ ആലിന്റെ ചോട്ട്‌ലിണ്ടായിനി. പിന്നെ ഹോട്ടൽ വിജയേല് പൊയി ചോറ് തിന്ന്. സിസ്സറ്ങ്ങനെ വലിച്ചാണ്ട് കുത്തിരിക്കേയ്ന്നി. പിന്നെ ഉച്ചവണ്ടി വന്നപ്പോ ഒറ്റപ്പോക്കായ്‌നു''
‘ങ്ങ്‌ള് കണ്ടോ ചെട്ട്യാരെ?'
‘വിജുട്ടങ്കണ്ടീനി'
തൊട്ടപ്പുറത്ത് വിജുട്ടൻ തളർച്ചയോടെ കിടന്നു. ഒരു മേൽമുണ്ട് ആരോ വിരിച്ചു കൊടുത്തിരുന്നു. ഒരു മരണം നടന്നതിന്റെ ആഘാതം മാത്രമല്ല, തനിക്കയാളെ രക്ഷിക്കാനായില്ലല്ലോ എന്ന നിരാശയുമുണ്ടായിരുന്നു ആ തളർച്ചക്കുപിറകിൽ.
ആകാശത്തു നിന്ന് അനവധി കാവതികളും ബലിക്കാക്കകളും പറന്നിറങ്ങി വന്നു.
കാകസന്ദേശങ്ങൾ ഭയകരമായ എന്തോ അത്യാപത്തിനെ സൂചിപ്പിച്ചു.
കാര്യമായി എന്തോ അവിടെ നടന്നിട്ടുണ്ട്. സൈക്കിളോരം ചാരി ഞാൻ പാളത്തിലേക്ക് പോയി നോക്കി.
ബിജൂട്ടൻ ആലിന്റെ ചോട്ടിലെ ഒരു നാണയ ബൂത്തിൽ നിന്ന് കാമുകിയ്ക്ക് ഫോൺചെയ്തുകൊണ്ടിരിയ്ക്കയായിരുന്നു. മരിച്ചയാൾ വണ്ടി വരുന്നതു കണ്ടപ്പോൾ ചുറ്റും നോക്കി. സ്വാഭാവികമായി നടന്നുകയറി. വിജുട്ടൻ അയാൾക്കുപിറകെ ഓടിക്കയറി. ഉടുപ്പിൽ പിടിച്ചു വലിയ്ക്കാൻ നോക്കുമ്പോഴേയ്ക്കും വണ്ടി കുതിച്ചെത്തി. പ്രാണരക്ഷാർത്ഥം അയാൾ പാളത്തിൽ നിന്ന് വെളിയിലേയ്ക്കു ചാടി. മരിച്ചയാൾ കയറും മുമ്പെ കയ്യിൽ വാരിയെടുത്ത ചക്കരപ്പൂഴിയിൽ എന്തോ ശാപം ഉരുവിട്ടു. അത് നെഞ്ചോടുചേർത്ത് ശപിച്ചുകൊണ്ട് വലിച്ചെറിഞ്ഞു. തീവണ്ടി മുക്രയിട്ടു പാഞ്ഞു. പൂഴിയ്‌ക്കൊപ്പം ചോര ചിതറി. അയാളുടെ വാക്കുകൾ തീവണ്ടി കൂകിപ്പറഞ്ഞു.
‘ഇനിയ്ക്കയാളെ കയ്ച്ചിലാക്കാൻ പറ്റീല', മുഖത്ത് തെറിച്ച ചോര മായ്ച്ചുകൊണ്ട് വിജുട്ടൻ കരഞ്ഞു.
‘ആരാ മരിച്ചേ?'
‘ആവോ ആർക്കറിയാ?'
ആൾക്കൂട്ടത്തിനിടയിലൂടെ മനുഷ്യരുടെ കാലുകൾക്കിടയിലൂടെ എന്റെ ജിജ്ഞാസ തലയിട്ടു. ഞാൻ മരിച്ചവനെ കണ്ടു. തലയില്ലാത്ത ഉടൽ. പക്ഷെ എന്നെ ഞെട്ടിച്ചും കൊണ്ട് അയാളുടെ തല അൽപ്പമകലെ ഫുട്ബോളുപോലെ ചീർത്തുകിടന്നു. ഞാനേന്തി നോക്കി. അയാളുടെ മുഖം കണ്ട് ഞാൻ ശരിയ്ക്കും ഞെട്ടിപ്പോയി. അത് ജയകുമാറായിരുന്നു.
‘മാമാ, അദ് ശോഭേച്ചിന്റെ ബന്ധക്കാരനാ. ഇനിക്കറിയാം.’
‘കുട്ട്യേൾക്കെന്താ കാര്യം. പോയ്യാ അവിടുന്ന്', നാരായണന്മാമ ദേഷ്യപ്പെട്ടു.
‘കുട്ടി പറഞ്ഞദ് ശര്യാ, ദ് ചന്ദ്രോത്തെ ശോഭനേന്റെ മച്ചുന്യന്നാ.’
ശോഭേച്ചിയെ കൊണ്ടുവരാൻ ആളുപോയി. നാട്ടുകാർക്കേ സംശയമുള്ളൂ. എനിക്കതുണ്ടായിരുന്നില്ല. കാരണം അയാളെയെനിയ്ക്ക് ആദ്യമേ അറിയാമായിരുന്നു.
ശോഭേച്ചിയ്‌ക്കൊപ്പം അഷ്ടമിരോഹിണിയ്ക്ക് അയാളെ ഞാൻ ഉത്സവപ്പറമ്പിൽ കണ്ടതോർമിച്ചു. സുന്ദരിയായ ഭാര്യയെ കണ്ടു. തിളങ്ങുന്ന ചിരിയോടെ ഒരു കൊരങ്ങൻ ബലൂണെടുത്ത് അയാളെനിയ്ക്ക് സമ്മാനിച്ചു. ഞാനയാളെ നോക്കി.
‘വാങ്ങിച്ചെടീ, ഇന്റാങ്ങള്യാ'; ശോഭേച്ചി അഭിമാനത്തോടെ പറഞ്ഞു.
നീണ്ട കളകളം ഷർട്ടും ഭംഗിയേറിയ പാൻറ്സുമിട്ട്, കട്ടിയേറിയ മുടി ഹെയർജെൽ തേച്ചു പിടിപ്പിച്ചൊതുക്കി ചിരിയോടെ നടക്കുന്ന അയാളെ ഞാനോർത്തു. വൈദേശികമായൊരു പൂവിന്റെയും യൂദെകൊളോണിന്റെയും ഗന്ധം വായുവിലവശേഷിപ്പിച്ച് അയാൾ ഭാര്യയുടെ കയ്യും പിടിച്ച് കുളക്കരയിലൂടെ നടന്നു. വൈരക്കല്ല് പോലെ മൂർച്ചയേറിയ കൃഷ്ണമണികളായിരുന്നു അയാളുടേത്. നീലഷർട്ടിൽ നീലക്കടലായും പച്ചഷർട്ടിൽ പച്ചപ്പായൽ ജലമായും ധരിയ്ക്കുന്ന വസ്ത്രനിഴലിൽ കണ്ണുകൾ പലനിറമായിത്തിളങ്ങി.
അയാളുടെ ഏറ്റവും അഴകാർന്ന ആ കണ്ണുകളാണ് ഇല്ലാതായിരിയ്ക്കുന്നത്. അയാളുടെ പൂച്ചക്കണ്ണുകളിലൊന്ന് കാക്കക്കൊത്തി പറച്ചിരുന്നു. എങ്ങനെ സംഭവിച്ചു എന്നറിയില്ല, കുരുടനായ ബൊമ്മത്തലയനായി അയാൾ കിടന്നു. പൂച്ചക്കണ്ണുള്ള ജയകുമാർ, കുതിരവട്ടത്ത് ചികിത്സിച്ച ജയകുമാർ. ശിമ്മാമയുടെ രോഗകാലഘട്ടത്തിൽ ഷോക്കും ഗുളികകളും കൊടുത്തു ചികിത്സിച്ചിരുന്നു അതേ ഡോക്ടർ ചികിത്സിച്ച ബേപ്പൂരുകാരൻ. ഉത്സവക്കാഴ്ചയ്ക്കു ശേഷം ഞാനയാളെ കണ്ടത് കുതിരവട്ടം ആശുപത്രിയിൽ വെച്ചാണ്. അവിടുത്തെ ഒരന്തേവാസിയായി അയാളെ കണ്ടപ്പോൾ എനിയ്ക്ക് സങ്കടം വന്നു.
അയാളുടെ രോഗം തീവ്രമായിരുന്നില്ല. അതിനാൽ അയാളുടെ ചികിത്സ വളരെ എളുപ്പമായിരുന്നു. ഒരേയൊരിക്കൽ മാത്രമാണ് അയാൾക്ക് ഷോക്കടിപ്പിച്ചത്. അയാളുടെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണെത്രെ ആ ഷോക്ക് കൊടുത്തത്. മരുന്നുകളിൽ തന്നെ അയാളുടെ ഭ്രാന്തുകൾ ശമിപ്പിക്കാൻ ഡോക്ടർക്ക് കഴിഞ്ഞിരുന്നു. ഭ്രാന്താശുപത്രിയിൽ ഉച്ചിയിലുന്മാദം വാഴുന്ന സമയത്തുപോലും സൗമ്യനായ ഒരാളായിരുന്നു അയാൾ എന്ന് ഞാനോർത്തു. വാർഡിൽ കട്ടിലിൽ കൈകൾ രണ്ടും പിടിച്ചു ചുറ്റിപ്പിടിച്ച് അയാളിരിക്കുന്ന ഒരു രംഗം എനിക്ക് ഓർമ വന്നു. അത്രയും സുന്ദരനായ ഒരാൾ ആ ഭ്രാന്താശുപത്രിയിലുണ്ടായിരുന്നില്ല.
‘അദ് പ്രാന്തനാമ്മാ?'
‘... വായടയ്‌ക്കെടീ', അമ്മ എന്റെ തുടയ്ക്കു പിച്ചി.
‘ഇനിയ്ക്കാ മാമനെ അറിയാമ്മാ'
അയാൾ മുഖമുയർത്തി എന്നെ നോക്കി ചിരിച്ചു.
‘വാടിവടേയ്ക്ക്, വായടയ്ക്ക്'; അമ്മ കോപിച്ചു.
അയാൾ ഞാൻ പറഞ്ഞത് കുഴപ്പമില്ല എന്നൊരാംഗ്യം അമ്മയോട് കാണിച്ചു. നിരാശയായിരുന്നു ആ മുഖത്ത്. ഞാനയാളെ നോക്കി. നല്ല വെളുത്ത മുഖം. ഭംഗിയേറിയ മീശ. കല്ലുകൾ പോലെ തിളക്കമാർന്ന കണ്ണുകൾ. അല്പം ചെമ്പ് നിറം ഓടിയ താടിയും മുടിയും. അയാളെ കാണുമ്പോൾ തിരുഹൃദയത്തിൽ യേശുവിനെ ഓർമ വന്നു. പലരും ആ മുറിയിൽ വൃത്തിഹീനമായ രീതിയിൽ കിടക്കുകയും ഛർദ്ദിക്കുകയും മലമൂത്ര വിസർജ്ജനം ചെയ്തുകൊണ്ടിരിക്കയും ചെയ്തപ്പോൾ ഏറ്റവും വൃത്തിയേറിയ ഒരു കട്ടിലിൽ ചുളി പോലും മാറാത്ത കിടക്കവിരിയിൽ വളരെ ആധികാരികതയോടെ ജയകുമാർ കുത്തിയിരുന്നു. നഴ്‌സുമാർ കൊണ്ട് തരുന്ന മരുന്നുകൾ കൃത്യതയോടെ കഴിച്ചു. രാവിലെ പത്രം വായിച്ചു.
‘ഇംഗ്ലീഷ് പത്രം കിട്ടുമോ?'
ഡോക്ടർ അയാൾക്ക് ഇംഗ്ലീഷ് പത്രവും നൽകി. പത്രവും മാസികകളും വാരികകളും വായിച്ച്, പോക്കറ്റ് റേഡിയോവിൽ വിവിധഭാരതിയും ബിനാക്ക ഗീത് മാലയും കേട്ട് അയാൾ വാർഡിൽ നിന്ന് കിട്ടുന്ന കഞ്ഞിയും ബ്രഡും മുട്ടയും പുറമേ വീട്ടുകാർ കൊണ്ടുകൊടുക്കുന്ന ഭക്ഷണവും കഴിച്ച്, കുളിച്ച് വൃത്തിയായി സമാധാനമായി ഉറങ്ങി. ഒരുപക്ഷേ ജയകുമാറിന് ഭ്രാന്തായിരുന്നോ എന്നു ഞാൻ പോലും ശങ്കിച്ചിരുന്നു. ചിത്തഭ്രമത്തിന്റേതായ ഒരു ഭ്രാന്തൻ സ്വഭാവവും അയാൾക്കുണ്ടായിരുന്നില്ല. ഒരു ഭ്രാന്തുകളും അയാൾ കാണിച്ചിരുന്നില്ല.
നല്ല പെരുമാറ്റം, തികച്ചും ശാന്തമായ പെരുമാറ്റം.
ആരോടും എതിർത്തോ ശത്രുതയിലോ അയാൾ സംസാരിച്ചിരുന്നില്ല. ഡോക്ടർമാരെ കാണുമ്പോൾ അയാൾ ബഹുമാനപൂർവം എഴുന്നേറ്റുനിന്നു. ലളിതമായ ഇംഗ്ലീഷിൽ എന്തൊക്കെയോ സംസാരിച്ചു. സത്യത്തിൽ അയാളെ വാർഡിൽ അടയ്‌ക്കേണ്ട യാതൊരാവശ്യവുമില്ല എന്ന് മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരടക്കം പിറുപിറുത്തു. എന്നാൽ അയാളുടെ വീട്ടുകാർക്ക് അയാൾ സെല്ലിൽ തന്നെ കിടക്കണമെന്നത് നിർബന്ധമുള്ള കാര്യം ആയിരുന്നുവെത്രെ.
‘വീട്ടാ ഓല് തൂങ്ങി മരിക്കും', ഭാര്യ ഭയത്തോടെ പറഞ്ഞു.
‘എന്നെ കൊല്ലാനും നോക്കീനു. '
‘സൂയിസൈഡൽ ഐഡിയേഷനാണ് ഏട്ടന്', അനുജൻ സുദേവൻ രോഗമെന്തെന്ന് വിശദീകരിച്ചു: ‘എപ്പളും എപ്പളും മരിക്കണം മരിക്കണന്നൊരു വിചാരാ. എടയ്ക്കു കൊല്ലണന്നും. ആരുമാവാട്ടോ, ഏടത്ത്യേം അമ്മേം ഒക്കെ കൊല്ലാൻ നോക്ക്യേതാ. എന്നെം നോക്കി.’
അയാൾ ദീർഘനിശ്വാസമുതിർത്തു. സെല്ലിനകത്തു നിന്ന് ജയകുമാർ അനുജനെ രൂക്ഷമായി നോക്കി.
‘കണ്ടോ നോക്ക്ന്നത് കണ്ടോ'
തൂങ്ങി മരിക്കാനും മറ്റുള്ളവരെ കൊല്ലാനുമുള്ള പ്രത്യേകയിനം ഭ്രാന്ത്, അതു കാരണമാണ് ജയകുമാറിനെ അവർ സെല്ലിൽ കിടത്തിയിരിക്കുന്നതെന്ന് സാരം.
ജയകുമാർ എം.എസ്സി വരെ പഠിച്ചവനാണ്. കെമിക്കൽ എക്‌സാമിനേർസ് ലാബിൽ ജോലിയും കിട്ടിയിരുന്നു. എന്നിട്ടും പണമുണ്ടാക്കണമെന്ന ആശയിൽ പേർഷ്യയിലേക്ക് ജോലിക്ക് പോയ ആളാണ്. ജയകുമാറിന്റെ അച്ഛൻവീട്ടുകാർ തെക്കരാണ്. പത്തനാപുരമോ അടൂരോ മറ്റോ. തെക്കന്മാർക്ക് പേർഷ്യ എന്നാൽ ഏതു നാടും ആകാം. എല്ലാ ഗൾഫ് നാടുകളെയും ചേർത്ത് പേർഷ്യാ എന്നാണ് പറഞ്ഞിരുന്നത്. അച്ഛന്റെ സഹോദരീഭർത്താവിനൊപ്പം അയാൾ ജോലി തേടി പേർഷ്യയിലേക്ക് പോയി. കെമിസ്ട്രിയിൽ ബിരുദങ്ങളുള്ള ഒരാൾക്ക്, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാൾക്ക്, കാണാൻ പൂച്ചക്കണ്ണുകളും ഭംഗിയുള്ള മുഖവും രാജകലയുമുള്ള ഒരാൾക്ക്, എളുപ്പം ജോലി കിട്ടുന്ന ഒരു കാലമായിരുന്നു അത്. ജയകുമാറിനെ കൊണ്ടുപോയ പോയ അപ്പച്ചിയപ്പനേക്കാളും വലിയ ജോലിയാണ് ജയകുമാറിന് കിട്ടിയത്. മകളെ കല്യാണം കഴിയ്ക്കാൻ പോകുന്ന ഒരാൾക്കുള്ള ഭാഗ്യത്തിൽ തന്റെയും ഭാഗ്യമെന്ന് അപ്പച്ചിയപ്പൻ ആഹ്ലാദത്തോടെ ഓർത്തു. ഇഷ്ടംപോലെ പണം, കാർ, സ്വത്ത്, മൂന്നുവർഷം കൊണ്ട് ഏറ്റവും പണക്കാരനായി മാറിക്കഴിഞ്ഞിരുന്നു. അക്കാലമത്രയും ആ കുടുംബം അനുഭവിച്ചിരുന്ന കൊടിയ ദാരിദ്ര്യം എന്നെന്നെയ്ക്കുമായി അവസാനിച്ചു. എല്ലാവരുടെ വീട് ചാണകം തേക്കുകയോ അന്തസ്സിൽ കാവി മെഴുകുകയോ ചെയ്തിരുന്നപ്പോൾ പണക്കാരായ കോഴിക്കോട്ടുകാർ തറകൾ മൊസേക്ക് പതിപ്പിക്കുമായിരുന്നു. എന്നാൽ ജയകുമാർ വീട് വെച്ചപ്പോൾ തറയുണ്ടാക്കാൻ ആന്ധ്രാപ്രദേശിൽ നിന്ന് മാർബിളും കടപ്പയും കൊണ്ടുവന്നു. എൺപതുകളുടെ തുടക്കം ആണെന്നോർക്കണം, അത്രയും ഗംഭീരമായ ഇരുനില മാളിക പണിത, പണക്കാരനായ ജയകുമാറിന് കല്യാണാലോചനകൾ നിറയെ വന്നു. ആദ്യമൊക്കെ അച്ഛൻപെങ്ങളുടെ മകളുണ്ടെന്ന് പറഞ്ഞിരുന്ന ജയകുമാറിന്റെ അമ്മ ദിവസം കഴിയെ പതിയെ കളം മാറ്റി.
അച്ഛന്റെ നാട്ടിൽ നിന്ന് കത്തു വന്നെന്നും മുറപ്പെണ്ണിനെ അമേരിക്കക്കാരന് കെട്ടിച്ചു കൊടുക്കയാണെന്നും അതിലും മുമ്പെ നല്ലൊരു പെണ്ണിനെ അമ്മ കണ്ടെത്തുമെന്നും കത്തെഴുതി. നാട്ടിലേയ്ക്ക് തിരിച്ചും കത്തെഴുതി. ജയകുമാറിന് നല്ലൊരു അമേരിക്കൻ ആലോചന വന്നിട്ടുണ്ടെന്നും നിങ്ങളുടെ മകളെ വേണ്ടെന്നും അറിയിച്ചു.
സത്യത്തിൽ അയാളെ വാർഡിൽ അടയ്‌ക്കേണ്ട യാതൊരാവശ്യവുമില്ല എന്ന് മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരടക്കം പിറുപിറുത്തു. എന്നാൽ അയാളുടെ വീട്ടുകാർക്ക് അയാൾ സെല്ലിൽ തന്നെ കിടക്കണമെന്നത് നിർബന്ധമുള്ള കാര്യം ആയിരുന്നുവെത്രെ.
കാമുകി തന്നെയുപേക്ഷിച്ചു പോയ ദുഃഖം ജയകുമാറിന് മാറിയതേയില്ല. പിന്നെയും രണ്ടു വർഷമെടുത്തു ആ മുറിവുണങ്ങാൻ.
‘ഓന്റെ പെണ്ണ് കാണലൊക്കെ ഭയങ്കരേനി. പെണ്ണിനു ഭംഗി വേണം. വിദ്യാഭ്യാസം വേണന്ന് ഓന്റമ്മ. ഓന്റെ കണ്ണിനു പിടിക്കണന്ന്ള്ളത് വേറൊന്ന്. അത് വെല്ല്യെ പ്രയാസായിരുന്നു'
‘ജയകുമാറിന്റെ പെണ്ണുകാണല് പോലെ’യെന്നൊരു ചൊല്ലു പോലും അക്കാലത്തുണ്ടായിരുന്നു. ഒടുവിൽ വീട്ടുകാർക്കും അയാൾക്കും മനസ്സിനിണങ്ങിയ പെൺകുട്ടിയെത്തന്നെ അയാൾക്ക് കിട്ടി
പ്രമീള.
ജയകുമാർ പ്രമീളയെ തിരഞ്ഞെടുത്തത് അവളുടെ സൗന്ദര്യവും വിദ്യാഭ്യാസവും കണ്ടു മാത്രമായിരുന്നില്ല. അത്യാകർഷകമായ പെരുമാറ്റമായിരുന്നു അവളുടേത്. നഴ്‌സിംഗ് പഠിച്ച, എല്ലാ രോഗികളോടും കരുണാപൂർവ്വം പെരുമാറുന്ന പ്രമീള മെഡിക്കൽ കോളേജിലെ താൽക്കാലിക നഴ്‌സായിരുന്നു. ജയകുമാറിന്റെ അമ്മയുടെ മച്ചുനിയന്റെ മകളായിരുന്നു അവൾ. വകയിലെ ഒരു അമ്മായി മെഡിക്കൽ കോളേജിൽ കിടക്കുന്നത് കാണാൻ പോയപ്പോഴാണ് അവിടെ വച്ച് പ്രമീളയെക്കണ്ടതും, ഇഷ്ടം തോന്നുന്നതും. അന്ന് ജയകുമാറിന് എന്തും ആഗ്രഹിക്കാനാകുന്ന അവസ്ഥയായിരുന്നു. സൗന്ദര്യം, പണം, പദവി. അയാൾ ആശിച്ച പോലെ തന്നെ വിവാഹം നടന്നു. ഒരു മാസത്തെ ലീവിനു ശേഷം അയാൾ മടങ്ങിപ്പോകുകയും ചെയ്തു.
പ്രമീളയെയും കൂടി ഗൾഫിൽ കൊണ്ടുപോകണം എന്നതായിരുന്നു ജയകുമാറിന്റെ ആഗ്രഹം.
‘ഓൾക്കദില് ഒട്ടും താപ്പര്യല്ല്യേയ്‌നി. എന്തൊരു കൊടിച്ച്യേരുന്ന്', ശോഭേച്ചി പല്ലിറുമ്മി.
ഗൾഫിൽ പോകാൻ വേണ്ടിയുള്ള കടലാസുകളും പേപ്പറുകളും ഒക്കെ ജയകുമാർ ശരിയാക്കിയിരുന്നു. അപ്പോഴാണ് നാട്ടിൽ നിന്ന് ഒരു കത്ത് അയാളെ തേടി വളരെ കൃത്യമായി ഓഫീസിൽ വരുന്നത്.
അയാളുടെ ഹൃദയം തകർക്കുന്നത്ര സ്‌ഫോടക ശക്തിയുള്ള ഒരു വാർത്തയായിരുന്നു ആ കത്തിലുണ്ടായിരുന്നത്. തന്റെ ഭാര്യ പ്രമീളയും ഇളയ സഹോദരൻ സുദേവനും തമ്മിലുള്ള വിഹിതമല്ലാത്ത ബന്ധത്തെക്കുറിച്ചുള്ള കത്തായിരുന്നു അത്. പ്രമീളയൊരിക്കലും ഗൾഫിലേയ്ക്കു വരില്ലയെന്നും ജയകുമാറൊരു പൊട്ടനാണെന്നും അതിലെഴുതിയിരുന്നു.
ആദ്യത്തെ കത്ത് ആദ്യ വായനയിൽ ഞെട്ടലുളവാക്കിയെങ്കിലും അസൂയാലുക്കളുടെ സ്ഥിരം പരിപാടിയാണിതെന്ന് മനസ്സിലാക്കി ജയകുമാർ അതിനെ വെറുതെ വിട്ടു. ഇത്രയും പണം ചെലവാക്കി ആരാണ് ദുബായിലേയ്ക്ക് കത്തയച്ചത് എന്നയാളത്ഭുതപ്പെട്ടു. കൂടുതൽ അത്ഭുതപ്പെടുത്തി അടുത്ത മാസവും അതിനടുത്ത ഓരോ മാസവും ഗൾഫിലേക്ക് കത്തുകൾ വന്നുകൊണ്ടിരുന്നു. തിരികെ വരണം എന്നായിരുന്നു അതിലെല്ലാം എഴുതിയിരുന്നത്. വന്ന് ഭാര്യയെയും അനുജനെയും കയ്യോടെ പിടികൂടുക എന്ന് കൃത്യമായി എഴുതിവച്ചിരുന്നു. കോളേജു കാലം മുതൽ തന്നെ പ്രമീളയും സുദേവനും പ്രേമത്തിലായിരുന്നുവെന്നും വായിച്ച് അയാൾക്ക് തലമിന്നി.
സംശയം കള പോലെയാണ്. വെള്ളവും വേണ്ട വളവും വേണ്ട. അങ്ങനെ മനസ്സിനുള്ളിൽ കാടു പിടിയ്ക്കും. പോകെപ്പോകെ ജയകുമാർ അസ്വസ്ഥനായി. സംശയത്തിന്റെ കളപിശാച് അയാളെ കശക്കിക്കളഞ്ഞു. സ്വസ്ഥത പോയി. സ്വൈര്യം പോയി. ആയിടയ്ക്ക് അയാൾ വീണ്ടും അപ്പച്ചിയപ്പനെ കണ്ടു. രേണുകയെ തനിയ്ക്കു കല്യാണം ചെയ്തു തരാതെ അമേരിയ്ക്കക്കാരനു കൊടുത്തതെന്തിനെന്ന് അയാൾ ക്ഷോഭിച്ചു. അപ്പോഴാണ് അമ്മ നടത്തിയ വലിയ കള്ളത്തരം അയാളറിഞ്ഞത്. രേണുക അമേരിക്കക്കാരനെ കല്യാണം കഴിച്ചിട്ടില്ല, ആരെയും കല്യാണം കഴിച്ചിട്ടില്ല എന്നറിഞ്ഞ് ജയകുമാറിന് ഹൃദയം തകരുന്നതുപോലെ തോന്നി.
‘തല കത്തിപ്പിടിയ്ക്കുന്ന പോലെയായ്‌നി', ശോഭച്ചേച്ചിയ്ക്കു സങ്കടം പൊട്ടി.
‘ഓന് വരാണ്ടിരിയ്ക്കാൻ പറ്റ്വോ? കാലു വെന്ത നായീന്റെ കൂട്ടായിനീ ഓൻ'
അയാൾ ആരുമറിയാതെ നാട്ടിലേക്ക് ഒരു യാത്ര പദ്ധതിയിട്ടു.
ഒരാളും അറിയാത്ത ഒരു വരവ്.
പൊടുന്നനെ ജയകുമാർ വീട്ടിൽ വന്നു കയറിയപ്പോൾ പ്രമീളയ്ക്ക് പരിഭ്രമമായി, സുദേവനും പരിഭ്രമമായി. എന്തിന്; വീട്ടുകാർക്കൊക്കെ തന്നെയും പരിഭ്രമമായി. വളരെ ചെറുപ്പം മുതലേ തന്നെ ചെറിയ മാനസിക പ്രശ്‌നങ്ങളുള്ള ആളായിരുന്നു സുദേവൻ. ചികിത്സയുമുണ്ട്. അതുകൊണ്ടുതന്നെ ജയകുമാറും മറ്റു കുടുംബക്കാരുമെല്ലാം സുദേവനെ അത്യധികം ശ്രദ്ധയോടെയാണ് നോക്കിയിരുന്നത്. ജയകുമാർ വന്നതും സുദേവന്റെ അസുഖം കൂടി
‘എല്ലാം കള്ളത്തരാണ്. ഓന് സൂക്കേടൊന്നും ഇല്ല. ങ്ങളെ ചതിയ്ക്ക്യാണ്'
ആരുമില്ലാത്ത ഒരു വൈകുന്നേരം ജയകുമാറിനെത്തേടി ഫോൺ വന്നു.
‘ങ്ങളെ അമ്മയാണ് എല്ലാറ്റിനും മുമ്പിട്ട്', ജയകുമാർ എല്ലാം ജാഗ്രതയോടെ കേട്ടു.
വീണ്ടും ഇടയ്ക്കിടെ ഫോൺ വന്നു. വിവരങ്ങൾ കൃത്യമായി കിട്ടി. പ്രമീള ആശുപത്രിയിൽ കിടന്നതും അബോർഷനായതും അങ്ങനെ പൊടിപ്പും തൊങ്ങലുമായനവധി കഥകൾ. ജയകുമാറിന് ഭ്രാന്തെടുക്കുന്നതു പോലെ തോന്നി. ആരാണിത് തനിയ്ക്ക് പറഞ്ഞു തരുന്നത്? എല്ലാമറിയുന്ന അയൽക്കാരാണോ? മറ്റു വല്ലവരുമാണോ? പക്ഷെ അജ്ഞാതൻ പറയുന്ന പല കാര്യങ്ങളും സത്യമായിരുന്നു. ജയകുമാറിനത് ബോധ്യവും വന്നിരുന്നു.
അവസരം പാത്ത് നിൽക്കയാണ് അടുത്ത വഴി. ജയകുമാറത് കാത്തുനിന്നു. വളരെ സ്വാഭാവികമായി പെരുമാറിക്കൊണ്ട് അത് കാത്തുനിന്നു. ഉള്ള് ശാന്തമാണെന്ന് അഭിനയിച്ചു. പക്ഷെ യഥാർത്ഥത്തിൽ ആയിരുന്നില്ല. വിക്ഷുബ്ദമായ ഒരു രഹസ്യസമുദ്രം ഉള്ളിൽ തിരയടിച്ചുയർന്നുകൊണ്ടേയിരുന്നു.
ഒടുക്കം ആ ദിവസം വന്നെത്തി.
പ്രമീളയും സുദേവനുമായുള്ള കള്ളക്കളി ജയകുമാർ പിടികൂടുക തന്നെ ചെയ്തു. സ്വയം നഷ്ടപ്പെടുന്നതുപോലെ തോന്നി അയാൾക്ക്. ആദ്യത്തെ അന്ധാളിപ്പ് മാറിയപ്പോൾ അയാൾ ക്രോധത്തോടെ വീട്ടുസാധനങ്ങൾ എറിഞ്ഞു പൊട്ടിച്ചു. വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രമീളയെ മുടിയ്ക്കു കുത്തിപ്പിടിച്ച് വലിച്ചു കൊണ്ടു വന്നു. അവളെ അടിക്കുകയും ചവിട്ടുകയും ചെയ്തു. ഇടയ്ക്ക് കയറാൻ വന്ന അനിയനുമായി അടിപിടിയുണ്ടാക്കുകയും ചെയ്തു.
‘നെന്റെ കാമുകീനെ എന്റെ തലേൽ വെച്ചതാണല്ലെടാ?', ജയകുമാർ ആക്രോശിച്ച്സുദേവനെ ആക്രമിച്ചു. പരസ്പരം അടിച്ച് തീരും മുമ്പെ അമ്മ ഓടി വന്നു, ജയകുമാറിനെ പിടിച്ചു തള്ളി.
‘എന്റെ മോനെ കൊല്ലാനാടാ ഇയ്യ് നോക്കണത്? മാറി നിക്കട നായെ.’
ജയകുമാർ സ്തബ്ധനായി. ആ നിമിഷം അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഒരിക്കലും അമ്മ തന്നെ രണ്ടാമതായിക്കണ്ടിട്ടില്ലന്നയാൾ ഉറച്ചു വിശ്വസിച്ചിരുന്നു. അയാളൊരിക്കലും അമ്മയെ രണ്ടാമതായി കണ്ടിരുന്നില്ല. കടുത്ത ദാരിദ്ര്യകാലത്ത് അച്ഛന്റെ മരണശേഷം ജയകുമാർ അവരെ ഒരിക്കൽ പോലും രണ്ടാനമ്മയാണെന്ന് ഓർമിച്ചു പോലുമില്ല.
‘ഇന്റെ മോനെ പ്രാന്തനാക്കൻ ഞാൻ സമ്മേയ്ക്കൂല'
ജയകുമാർ പൊട്ടിക്കരഞ്ഞു. പ്രമീളയെ സുദേവനു കല്യാണം കഴിപ്പിക്കാമായിരുന്നല്ലോ? പിന്നെയെന്തിന് കള്ളം കാണിച്ച് തന്നെയിതിൽ കുടുക്കി? തന്നെയെന്തിന് ഈ പ്രശ്‌നത്തിൽ അകപ്പെടുത്തി? രേണുകയെ എന്തിന് തന്നിൽ നിന്നകറ്റി? അമ്മയും അനുജനും തന്നോട് കാണിച്ച ചതിയും നെറികേടും പൊറുക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
ജയകുമാർ വീട്ടിനകത്തു കയറി വാതിലടച്ചു. അയാൾക്ക് സ്വയം തകർന്നതു പോലെ തോന്നി. മുറിയിലിരുന്നപ്പോൾ ജീവിതം കൊണ്ട് തനിക്ക് എന്ത് പ്രയോജനം എന്ന് നിരാശനായി ചിന്തിച്ചു. അയാൾ മുണ്ടു കൊണ്ട് കഴുത്തിൽ കുരുക്കിട്ടു.
‘തൂങ്ങി നിക്ക്വേയ്‌നി. വിശ്വൻ വന്നോണ്ട് ഓനന്ന് കയ്ച്ചിലായി', ശോഭേച്ചി ആദ്യത്തെ ആത്മഹത്യാശ്രമമോർക്കെ അസ്വസ്ഥയായി.
ആരാണ് എങ്ങനെയാണ് എന്തിനാണ് മരണത്തിൽ നിന്ന് തന്നെ രക്ഷിച്ചതെന്ന് ജയകുമാറിന് മനസ്സിലായില്ല. ഏഴു ദിവസം ഐ.സി.സിയുവിലും ഏഴു ദിവസം വാർഡിലും വാസത്തിനു ശേഷം മെഡിക്കൽ കോളേജിലെ ചികിത്സ കഴിഞ്ഞു നേരെ ജയകുമാറിനെ കൊണ്ടുപോയത് കുതിരവട്ടത്തായിരുന്നു. സംശയരോഗം മൂത്ത് തൂങ്ങി മരിക്കാൻ ശ്രമിക്കുന്ന, ഭാര്യയേയും ബന്ധുക്കളേയും കൊല്ലാൻ ശ്രമിക്കുന്ന ഭർത്താവ് എന്നുള്ളതായിരുന്നു ജയകുമാറിന്റെ ഇമേജ്.
‘ഓനിന്റെ അമ്മന്റേട്ത്തീന്റെ മോനല്ലെ? ഇന്നെങ്കൂടി അറീച്ചില', ശോഭേച്ചി സങ്കടത്തോടെ പറഞ്ഞു.
‘ഓന്റച്ഛന്റെ ഗത്യെന്നെ ഓനും വന്ന്', അവർ മൂക്കു പിഴിഞ്ഞു.
‘കറവപ്പശു തന്നെ', ജയകുമാറിന്റെ സാമ്പത്തിക ജീവിതത്തെപ്പറ്റി അവർ ദുഃഖം പറഞ്ഞു.
‘പ്രമീളന്റെ തന്തണ്ടല്ലോ, പ്രാന്തും കടവുമായി നടക്കുന്ന ആ ചെക്കന് മോളെ കൊടുക്കൂലാന്ന് കട്ടായം പറഞ്ഞ്. തള്ള ഒരുപാട് നോക്കി. തന്ത ഒരു പൊടിയ്ക്ക് സമ്മേയ്ച്ചില്ല. പക്ഷെ ഒരു കാര്യം പറഞ്ഞ്, വേണെങ്കിൽ ജയകുമാറിന് കെട്ടിച്ചു കൊടുക്കാന്ന്. അദ് തള്ളേം മോനും മൊതലാക്കി. അത്ര തന്നെ. ഓന്റെ പ്രേമിച്ച പെണ്ണിനേം തൊലച്ച്, ഓനേം തൊലച്ച്''
എനിയ്ക്ക് കഥകൾ കേൾക്കാൻ വലിയ താത്പര്യമായിരുന്നു. ചെറുപ്പത്തിൽ സമസ്യയായി തീവണ്ടിക്കുമുമ്പിൽ ചാടി മരിച്ച ജയകുമാറിന്റെ കഥകൾ പിന്നീട് ശോഭേച്ചി പറഞ്ഞാണ് ഞാനറിഞ്ഞത്. ഓരോ തവണ വരുമ്പോഴും ആ കഥകളുടെ കഷണം കഷണം ഭാഗങ്ങൾ ചേർത്ത് ഞാൻ ഒടുക്കം മുഴുമിപ്പിച്ചെടുക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ സ്‌നേഹത്തോടെ ബലൂണും മധുരമിഠായിയും വാങ്ങിത്തന്ന ആ സുന്ദരനെ എനിക്കിഷ്ടപ്പെട്ടിരുന്നു.
‘ഇനി പേർഷ്യേന്ന് വരുമ്പോ അനക്ക് സ്റ്റാമ്പും ഗ്ലോബും മാമങ്കൊണ്ട് തരുട്ടോ', അയാൾ സ്‌നേഹത്തോടെ എനിയ്ക്ക് ഷേക്ക്ഹാൻഡ് തന്നു.
‘ഭ്രാന്താസ്പത്രീന്ന് എറങ്ങീട്ട് പിന്നെ ഗൾഫീലിക്ക് പോയില്ലേ അയാള്?'
‘പോയി. ഓൻ പോയി. രേണുകന്റെ കല്യാണം നടത്തണന്നായ്ർന്ന് ഓന്.’
‘ആരാദ്?'
‘ഓന്റെ മൊറപ്പെണ്ണ്', ശോഭനേച്ചി കഥതുടർന്നു.
എത്ര ശ്രമിച്ചാലും സ്വന്തം അമ്മയല്ലാത്തൊരാൾക്ക് കുഞ്ഞുങ്ങളോട് നീതി പുലർത്താനാവില്ല എന്നതാണ് ആ പറഞ്ഞതിന്റെയത്രയും സാരം. ജയകുമാറിന്റെ സ്വന്തം അമ്മ മരിച്ചു പോയശേഷം അച്ഛൻ രണ്ടാമത് കല്യാണം കഴിച്ച അമ്മയാണ് പിന്നീടുണ്ടായിരുന്നതെന്നും അതാണവനോടീ ചതി ചെയ്തതെന്നും ശോഭേച്ചി അമർഷത്തോടെ പറഞ്ഞു.
‘ദുഷ്ടത്തള്ളച്ചി. സുദേവൻ ജയന്റെ സ്വന്തം സഹോദരനൊന്ന്വല്ല. സിന്ധുജ മാത്രാണ് അന്യേത്തി. അദും തള്ളേന്റെ ചേൽക്ക് ഒരു പണ്ടാരക്കുരിപ്പെന്നെ’; ശോഭേച്ചി ജയകുമാറിന്റെ അമ്മയേം സഹോദരങ്ങളേയും പ്രാകി.
ഞാനോർത്തു, ഇതൊരു പുതിയ കഥയല്ല. അമ്മമാർ മരിച്ചുപോയ കുട്ടികൾ എല്ലാ കാലത്തും പറയാറുള്ള ഒരേ കഥ തന്നെ. ചതിക്കപ്പെട്ടതിന്റെയും ഉപേക്ഷിക്കപ്പെട്ടതിന്റെയും നിന്ദയുടേയും നിരാസത്തിന്റേയും കെണികളുടെയും ആകെത്തുകയായിരിയ്ക്കും അവർക്കു അവശേഷിപ്പായുണ്ടാകുക. തന്റെ അമ്മ മരിച്ചപ്പോൾ നോക്കാൻ വന്ന സ്ത്രീയെ ജയകുമാർ സ്വന്തം അമ്മയായി കണ്ടു. വിശ്വസിച്ചു. ആ അമ്മ മതി തന്റെ ജീവിതത്തിലിനിയെന്ന് അച്ഛനോട് ആവശ്യപ്പെട്ടു. സത്യത്തിൽ തന്റെ പെറ്റമ്മയെ അയാൾ ആറ് വയസ്സിൽ മറന്നു കളഞ്ഞു. കുട്ടിയായ ജയകുമാറിന്റെ ആ മറവിയും പുതിയ അമ്മയോടുള്ള താൽപര്യവുമാണ് ഈ അമ്മയ്ക്ക് പുതിയ ജീവിതം ഉണ്ടാക്കിക്കൊടുത്തത്. ആദ്യ ഭർത്താവിലുണ്ടായ സ്വന്തം മകനെയും കൊണ്ട് അവർ വന്നപ്പോൾ ജയകുമാർ ആഹ്‌ളാദിച്ചു. അമ്മ, അനിയൻ, പിന്നെ അനിയത്തി വന്നു. സന്തോഷകരമായ ആ ജീവിതത്തിന് താൻ കാണാത്ത ഇരട്ടപ്പാളിയുണ്ടെന്ന് തിരിച്ചറിയാൻ വർഷങ്ങളെടുത്തു.
‘ഇല്ലാത്ത പ്രാന്തും പറഞ്ഞ് ഓനെ ആസ്പത്രീലിട്ട് നരകിപ്പിച്ചതൊന്നും ഓൻ മറന്നിട്ടില്ല. ഓൻ മറക്കൂല്ല’, ശോഭേച്ചി പുച്ഛത്തോടെ പറഞ്ഞു.
‘ഞാനും ഇന്റെ തീയ്യനും കൂടി തിരുനെല്ലീല് ഓനെ കൊണ്ടെക്കാമ്പോയ്‌നീ. ഓൻ നിന്നീല. ഓന്റെ തീർന്നില്ല്യാന്നാ ഓമ്പറയുന്നെ', ശോഭേച്ചി ശബ്ദം താഴ്ത്തി പ്രേതരഹസ്യം പറഞ്ഞു.
‘ഓന്റെ പക അത്രയ്ക്കിണ്ടുമ്പോലും’, സമയായിട്ടില്ല, തിരുനെല്ലീലിക്ക്ന്ന് ആത്മാവ് അറിയിച്ചു.
‘അനക്കറയ്യോ, സിന്ധുജയ്ക്ക് പോലും ഓനൊന്നും കൊടുത്തിലാ. ഒരു പൈശ കൊടിത്തില്ല. ഓനെന്താ ചെയ്‌തേന്നറയാമോ? ബാ കാട്ടിത്തരാം', ശോഭേച്ചി അലമാരിയിൽ നിന്ന് ഒരു കെട്ട് കത്ത് കാണിച്ചു.
‘എനിക്ക് ഓനെഴുത്യേതാ. ഞാനും ഇന്റെ ഭർത്താവും കൂട്യാണ് ഓനെ ആസ്പത്രീന്ന് കയ്ച്ചിലാക്കി വീണ്ടും ദുബായിക്ക് വിട്ടത്. ആടെ ചെന്ന് ഓൻ ജോലി വിട്ട്.’
രണ്ട് വർഷം ജോലിയൊന്നും ചെയ്യാതെ സമ്പാദ്യം കൊണ്ട് ജീവിച്ചു. നാട്ടിൽ വന്ന് ആരുമറിയിയാതെ രഹസ്യമായി വീട് വിറ്റു.
‘ആ പൈസ രേണുകേന്റെ പേരില് ബാങ്കിലിട്ട് കൊടുത്തു. ഇന്നിട്ടാണ് ഓൻ ട്രെയിനില് തല വെച്ചത്.’
‘മുച്ചൂടും മുടിഞ്ഞു പോ’ എന്ന അയാളുടെ അലർച്ച ആയിരം വായിൽ കുളക്കരയിലെ ആലിലകൾ ഏറ്റു പറഞ്ഞു. കിലുകിലപ്പകൾ കിലുക്കു കൊട്ടിപ്പറഞ്ഞു.
സിനിമാക്കഥ പോലെയായിരുന്നു ക്ലൈമാക്സ്. ചതിച്ചവർക്കും ചതിയ്‌ക്കൊപ്പം നിന്നവർക്കും പണ്ടേയ്ക്കു പണ്ടേയുണ്ടായ ദാരിദ്ര്യം കൈമുതലാക്കി നൽകിക്കൊണ്ട് ഒരു പോക്ക്. ഒരു രൂപ പോലും ഭാര്യക്കോ മറ്റാർക്കുമോ കിട്ടാതിരിയ്ക്കാനുള്ള എല്ലാം ചെയ്തുവെച്ച്, വാങ്ങിച്ച ഭൂമിയും സ്വത്തുക്കളും തന്റെ മുറപ്പെണ്ണിന് കൊടുത്ത് ശാന്തമായും സമാധാനമായും അയാൾ തീവണ്ടിയ്ക്കു മുമ്പിലേയ്ക്ക് പാഞ്ഞു കയറി.
‘ഇത്തിരി കാത്തിരുന്നെങ്കി ഓന് ഓളെ കാര്യം തീർക്കേയ്‌നു. ഇന്നിട്ട് രേണൂനെ കയ്‌ക്കേനി. പക്ഷേ ഓനദ് വേണ്ടാന്നാ. പാവം ഓൻ’, ശോഭേച്ചി കണ്ണ് തുടച്ചു.
‘പക്ഷെ ഓൻ ഉദ്ദേശിച്ചത് നടന്നു. ആ തള്ള്യേം ഓളും ഓനും തെരൂലായ്. ആ തള്ള കല്ലായ്ന്റട്ത്ത്. ലൈൻമുറീല് വാടകയ്ക്ക് കെടപ്പ്ണ്ട്. തളർവ്വാതാ. തിരിഞ്ഞു നോക്കാനാളില്ല. അനുഭവിക്ക്യാണ്. ചെക്കന് നല്ലോണം പിരിയായി. കുതിരവട്ടത്തല്ലേയ്‌ന്യോ. പിന്നെ ഓള്. ഓളീ കുപ്പായം വിക്കുന്ന അണ്ണാച്ചീന്റെ കൂടെപ്പോയി. മൂന്ന് കുട്ട്യാളായപ്പം അണ്ണാച്ചി അയിന്റെ പാട്ടിന് പോയി...'
ജയകുമാർ മരണവക്ത്രത്തിലാശിച്ചപോലെ അവരെല്ലാം തെരുവിലായി. ദാരിദ്ര്യത്തിലായി. രോഗത്തിലായി. ഗതികേടിലായി.. . തീവണ്ടിപ്പാതയോരത്തെ പതിനായിരക്കണക്കിന് പാറക്കല്ലുകൾ ഓരോ തീവണ്ടികൾ പോകുമ്പോഴും അയാളുടെ ശാപം കലമ്പി.
‘മുച്ചൂടും മുടിഞ്ഞു പോ’ എന്ന അയാളുടെ അലർച്ച ആയിരം വായിൽ കുളക്കരയിലെ ആലിലകൾ ഏറ്റു പറഞ്ഞു. കിലുകിലപ്പകൾ കിലുക്കു കൊട്ടിപ്പറഞ്ഞു. കാക്കപ്പടകൾ കാകാ വിളിച്ചു പറഞ്ഞു. അന്തരീക്ഷത്തിൽ മുഴുവൻ ചതിയ്ക്കപ്പെട്ട് മരണം സ്വീകരിയ്ക്കും മുമ്പ് അയാളുരുവിട്ട ശാപവചനങ്ങൾ സദാ മുഴങ്ങിക്കൊണ്ടേയിരുന്നു.
തീവണ്ടികൾ കടന്നു പോകുമ്പോൾ ജയകുമാറിന്റെ ഇളയമ്മ കിടന്ന മുറിയുടെ തറയും ഭിത്തികളും മച്ചും വന്യമായി കുലുങ്ങി. രണ്ട് മീറ്ററകലത്തിൽ വണ്ടികൾ അലറിക്കുതിക്കേ ആയിരം കല്ലുകൾ ‘നശിയ്ക്കും നശിയ്ക്കു'മെന്നലറും പോലെ അവർക്ക് തോന്നി. മൂത്രത്തിന്റെ തണുപ്പിൽ അവർക്ക് പേശികടഞ്ഞു. മുറിയുടെ മാലിന്യകരമായ ദുർഗന്ധത്തിൽ അവർക്ക് തലചുറ്റി. ദാഹം വലിയ കടലായി കത്തിപ്പടർന്നു. മകൻ സുദേവൻ കുതിരവട്ടത്തായിരുന്നു. സിന്ധുജ ഭർത്താവിനൊപ്പം കാക്കൂരും. പ്രമീള ഹോം നഴ്സായിപ്പോവുകയായിരുന്നു. അവർ മാത്രം ഒറ്റയ്ക്ക് ജീവിച്ചു. ഇടതുഭാഗം പാതിയും തളർന്ന ദേഹം ഏന്തിയും വലിഞ്ഞും ആരോ എത്തിയ്ക്കുന്ന പൊതിച്ചോറുണ്ടും അവർ സ്വയം അഴുകിത്തുടങ്ങിയിരുന്നു.
‘മുടിഞ്ഞു പോകും, നിങ്ങൾ മൂച്ചൂടും മുടിഞ്ഞു പോകും' എന്ന ജയകുമാറിന്റെ സ്വകാര്യം അവരുടെ ചെവിയിൽ ചുറ്റിത്തിരിഞ്ഞു.
ഉച്ചവണ്ടികൾ കടന്നു പോകാനായെന്നുറപ്പായപ്പോൾ അവർ പതുക്കെ മുറ്റത്തിറങ്ങി. മൂത്രം സദാ ഒഴിഞ്ഞ് നനഞ്ഞ കാൽപ്പാദങ്ങൾ വഴുക്കി അവർ മുഖം തല്ലി വീണു. അപാരമായ ഊർജ്ജത്തോടെ അവരിഴഞ്ഞു. ഒരു പുഴു തടിച്ച ഉടൽ വലിച്ചു നീങ്ങും പോലെ അവരിഴഞ്ഞു. ദൂരെ തീവണ്ടി ചൂളം കുത്തി വരവറിയിച്ചു. കിതച്ചും വലിച്ചും ഉടൽ അപ്പാടെ പാളത്തിൽ ചേർത്തു വെയ്ച്ച് അവർ സാഷ്ടാംഗം നമസ്‌കരിച്ചു. ജയകുമാറിന്റെ കരച്ചിൽ അവർ ചെവികളിൽ കേട്ടു.
ഉച്ചത്തീവണ്ടി കടന്നു പോയി...
പത്തുമുന്നൂറു ലോഹചക്രങ്ങൾ ‘ക്രീക്ക് ക്രീക്ക്’ എന്ന ശബ്ദത്തോടെ കടന്നു പോയി. അവർ പാളത്തിൽ വന്നു കിടന്നത് ഡ്രൈവർ അറിഞ്ഞിരുന്നില്ല.
മൺനിറമാർന്ന കിലുകിലപ്പകളുടെ ഇലകൾക്കുമീതെ ചോര തുളിഞ്ഞു... മഞ്ഞപ്പൂവുകൾ കടുംചോപ്പായി...
മൂത്രഗന്ധിയായ ഒരു കാറ്റ് അശരണമായി ഇഴഞ്ഞു...
ഈയിടെ കണ്ടപ്പോൾ ശോഭേച്ചി ചിരിച്ചു; ‘ഇക്കി സമാധാനായി കുട്ട്യേ. ഓനെ തിരുനെല്ലീല് വെച്ച്‌ട്ടോ... എല്ലാം തീർപ്പായിന്ന് ജോത്സ്യര് പറഞ്ഞ്. ഓന്റെ പകേം വെറുപ്പുമൊക്കെ.’
തിരുനെല്ലിയിൽ യൂദിക്കൊളോൺ ഗന്ധമുള്ള കാറ്റ് എന്നെച്ചുറ്റിപ്പോയത് ഞെട്ടലോടെ ഞാനോർത്തു. തിരുനെല്ലിപ്പെരുമാളുത്സവമായിരുന്നു. തിരക്കിനിടയിൽ ചോന്ന മുഖമുള്ള കൊരങ്ങൻ ബലൂൺ നീട്ടി കടക്കാരൻ മാടി വിളിച്ചു. ഞാൻ വേണ്ടെന്നു തലയിളക്കി.
‘ഓ, ഫ്രീയ്യായിട്ട് കിട്ട്യാലെ വാങ്ങൂ അല്ലെ?’ എന്നയാൾ പറഞ്ഞത് ഞാൻ കൃത്യമായി കേട്ടു. അയാൾ ചിരിച്ചു.
കണ്ണുകളുയർത്തിയപ്പോൾ ഞാൻ കിടുങ്ങിപ്പോയി. രാത്രിയുടെ ഉത്സവഭംഗിയിൽ, വെള്ളാട്ട് ഗുളികന്റെ ഉച്ചശബ്ദത്തിൽ ചെണ്ട അലറിപ്പൊളിയ്‌ക്കെ, കച്ചവടക്കാരന്റെ പൂച്ചക്കണ്ണുകൾ റേഡിയോ ആക്റ്റീവ് വെളിച്ചം പോലെ തിളങ്ങി. വന്യമായ ചിരിയിൽ നിഗൂഢമായൊരു ജീവിതം പതിഞ്ഞു കിടന്നു.
പൂച്ചക്കണ്ണിൽ കൊരങ്ങൻ ബലൂണിന്റെ ചുവപ്പ് തീ പോലെ പടർന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.