പെനാങിലെ ഏറ്റവും പഴയ പ്രൊട്ടസ്​റ്റൻറ്​​ സെമിത്തേരി

എന്റെ മജ്ജകളിൽ പ്രേമത്തിൻ വെള്ളീഴച്ചെമ്പകങ്ങൾ
എന്റെ അപസ്മാരങ്ങളിൽ കടലിലുറങ്ങും പ്രേതപുരുഷൻ

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)- 10

കുലടയായ സ്ത്രീയുടെ അടയാളങ്ങളും ചിഹ്നങ്ങളും ഞാൻ തലയിൽ ചുമന്നു. സത്യത്തിൽ എന്നെ ജീവിതത്തിൽ നിന്ന്​ കാലുകൊണ്ട് തൊഴിച്ചെറിയുകയായിരുന്നു. പിന്നീട് ഞാൻ അതിൽ നിന്ന്​ ആത്മീയമായി മോചനം നേടിയപ്പോൾ എനിയ്ക്കു സമാധാനം തോന്നി. നിയമപരമായ കെട്ടുകൾ അപ്പോഴും ഇപ്പോഴുമെന്നെ വരിഞ്ഞു മുറുക്കി.

ബാലവിഷാദവും അപസ്മാരവും ചെന്നിക്കുത്തും ചേർന്ന എന്റെ ബാല്യകാലം സങ്കീർണമായിരുന്നു. ആരാണ് ഞാൻ എന്ന ഒരു ചോദ്യം കണ്ണാടിയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ ഈ ലോകത്തെ എന്നിൽ നിന്നും അപരിചിതമാക്കി.

വിചിത്ര സ്വപ്നങ്ങളുടേയും മാന്ത്രിക മായിക വിഭ്രമ ഭാവനകളുടേയും അതീന്ദ്രീയമായ എന്തൊക്കെയോ ചിന്തകളുടേയും കൂടെ എന്റെ തല നട്ടം തിരിഞ്ഞു. തലയ്ക്കകത്തെ ഭാവനകൾ വിചിത്രവള്ളികളായി സ്​പ്രിങ്​ മുടിയിഴകളായി പുറത്തേയ്ക്കു തെറിച്ചു നിന്നു.

ഞാനാരായിരുന്നു?
ഞാനാരായിരുന്നു?
ഞാനാരായിരുന്നു?

വിഭ്രമിപ്പിക്കുന്ന ആ ചോദ്യത്തിൽ കുടുങ്ങി പലയാവർത്തി ഞാനുഴറി.
കണ്ണാടിയിൽ കാണുന്ന എന്റെ രൂപം അപരിചിതമായി കൂടുതൽ കൂടുതൽ മാറി. എനിയ്ക്കു പനിയ്ക്കുന്ന പോലെ തോന്നി. എന്റെ കണ്ണുകൾ, എന്റെ മൂക്ക്, എന്റെ കാക്കാപ്പുള്ളികൾ എല്ലാം മറ്റേതോ ലോകത്തുള്ള മറ്റാരോയെന്നു ഞാൻ ശങ്കിച്ചു.

തലചുറ്റുന്ന പോലെ തോന്നി.
ഞാൻ ചെറുതാകുകയും ഈ ലോകം വലുതാകുകയും ചെയ്തു.
ഞാനും അമ്മയും അച്ഛനുമുള്ള ഈ ലോകത്തേയ്ക്കു തിരിച്ചു വരാൻ ഞാനെന്തു ചെയ്യും? ഒരുതരം ചുരുക്കം. അട്ടച്ചുരുക്കം, എന്റെ തന്നെ രക്തവള്ളികളിൽ ഞാൻ കുരുങ്ങിക്കൂനിയ പെരുക്കം.
ഒരു കുഴലിലൂടെ താഴേയ്ക്കു പതിയ്ക്കും പോലെയുള്ള ഒരനുഭവം.

ഞാനായിരുന്നു കുറ്റം ചെയ്തവൾ എന്ന് സദാ മുരണ്ടു കൊണ്ടിരുന്നു. എന്റെ തകരാറുകൾ എപ്പോഴും ഓഡിറ്റ് ചെയ്യപ്പെട്ടു. എഴുത്ത്, വർത്തമാനങ്ങൾ, ജോലികൾ, സുഹൃത്തുക്കൾ എല്ലാം കുഴപ്പമായി തീർന്നെന്ന് സദാ എന്നെ ഓർമിപ്പിച്ചു.

‘‘എനിക്കെന്തോ പോലെ ആവണമ്മാ'', ആ വർത്തമാനത്തിന്റെ കനത്തിൽ ഞാൻ പരിഭ്രാന്തിയോടെ കരഞ്ഞു. വിഹ്വലതയോടെ നിലവിളിച്ചുഴറി. വല്ലാത്തൊരനുഭവമായിരുന്നു അത്.
‘‘വേണ്ടാത്തദ് ആലോയ്ക്കണ്ടാ, അമ്മ പറഞ്ഞിട്ടില്ലേ?''
‘‘ഇന്റെ പിരാന്തത്ത്യേ? അനക്ക് എന്ത് പോരാഞ്ഞാ പൊന്നുങ്കട്ടെ?'', ദേവകി വെല്ല്യമ്മ അലിവോടെ എന്നെ തലോടി
‘‘ഇക്കുട്ടിയ്ക്ക് വയ്യട്ടോ. ചരടൂതി കെട്ടെണ്ട്യേരും'', ആശാരിമാമയോട് ദേവകി വെല്ല്യമ്മ പറഞ്ഞു.
‘‘ഇതീ മയ്യത്തുംകണ്ടീലും ചെറുമർടേം പണിക്കന്മാർടേം ചൊടലേലും നടക്ക്ണ്ട്. അദൊക്കെ കൊയപ്പണ്ടാക്കും'' ആശാരിമാമ ആലോചനയിലായി.

എന്റെ സാഹസികയാത്രകൾ ഓഡിറ്റു ചെയ്യപ്പെട്ടു. ആശാരിക്കാവിലെ സർപ്പങ്ങൾക്കൊപ്പവും ചക്കമുല്ല പൂക്കൾക്കൊപ്പവുമുള്ള പ്രഭാതം മുതൽ പറങ്കിമാങ്ങാ തോട്ടത്തിലൂടെയുള്ള കുന്നുകയറ്റം ആരംഭിക്കുന്നു. കുന്നുകളും താഴ്വാരങ്ങളും കാടുകൾക്കിടയിലൂടെ കടന്നുകയറവെ വഴികളിൽ അസംഖ്യം ശ്മശാനങ്ങൾ കണ്ടു. പൂക്കളും കായ്കളും പൊട്ടിച്ചു മണത്തും തിന്നും ഞാനായാത്രയിൽ പ്രേതങ്ങളെയും കാട്ടാളനെയുമൊക്കെ തിരഞ്ഞു.
നട്ടുച്ചയ്ക്കു മറുതയും വാർത്താളിയും കാറ്റായിളകി. ചിന്നമസ്തകൾ തലവെട്ടി കയ്യിൽ പിടിച്ചു മലയിടുക്കിലൂടെ നടന്നു. ദാഹം തീർക്കാനവൾ സ്വന്തം കഴുത്തിൽ നിന്ന്​ചിതറിയൊഴുകുന്ന രക്തം നാക്കു നീട്ടി നക്കിക്കുടിച്ചു. മണ്ണിലിറ്റിയ ചോരത്തുള്ളികൾ മഞ്ചാടിക്കുരുക്കളായി.

പെനാങിലെ പ്രൊട്ടസ്​റ്റൻറ്​​ സെമിത്തേരി
പെനാങിലെ പ്രൊട്ടസ്​റ്റൻറ്​​ സെമിത്തേരി

മയ്യത്തുങ്കാട്ടിൽ മീസാങ്കല്ലുകൾക്കിടയിൽ ജിന്നുകൾ, ഹൂറികൾ, ഗുളുപ്പിശാചുക്കൾ പൂക്കളായും പസ്‌കികളായും വിരിയുകയും പറക്കുകയും ചെയ്തു. മീസ്സാൻ കല്ലുകൾക്കിടയിൽ പുല്ലുപടർന്നിരുന്നു. ഞാനതിനെ പച്ചമെത്തയാക്കി കിടന്നു. നട്ടുച്ചയ്ക്ക് പള്ളിക്കണ്ടിയിൽ പെണ്ണൊരുത്തി ഒറ്റയ്ക്കുറങ്ങിയത് ആദ്യം കണ്ടെത്തിയത് സിറാജുന്നീസയുടെ ഉമ്മാമ്മയാണ്. പിന്നെ കുട്ട്യറബ്യാഷോട് മൊയ്‌ല്യാർ പറഞ്ഞു കൊടുത്തു.

‘‘ഇന്ത്ത്ത് പിരാന്താ ഇന്റെ കുട്ട്യേ?'', കേട്ടവർ കേട്ടവർ താടിയ്ക്ക് കയ്യുകൊടുത്തു.
അക്കാലത്ത് മാന്ത്രികപ്പണിക്കരുടെ ചുടലയിൽ കയറി അപകടപ്പണിക്കരുടെ ആത്മാവിനെ അടക്കിയ നൂലു പൊട്ടിച്ച കേസിലും ഞാൻ പ്രതിയായിരുന്നു.
‘‘സത്യായും ഈ കുട്ടിയ്ക്ക് എന്തോ ബാധ പിടിച്ച്‌ന് ഇന്റെ ആശാര്യേ'', ദേവകി വെല്ല്യമ്മ ആധിപൂണ്ടു.
‘‘പൊന്നു നാകേ, അണക്ക് ഒരു തൊടം പാലും പത്തു മുട്ടേം നൂറ്റുമ്പാലും കഴിയ്ക്കലു വേറെം''
സ്വർണ സർപ്പത്താനായിരുന്നു ആശാരിക്കാവിലെ നാഗരാജാവ്. എന്റെയുടലിൽ പ്രേതങ്ങൾ ബാധിക്കാതിരിയ്ക്കാൻ സർപ്പരാജനു മഞ്ഞളിട്ട പാലും മുട്ടകളും ദേവകി വെല്ല്യമ്മ കൊടുത്തു.
‘‘ഇന്റെ ദൈവേ, അപകടപ്പണിക്കരുടെ രക്ഷ പൊട്ടിച്ച എന്നെക്കണ്ട് പണിക്കത്ത്യാർ പരിഭ്രാന്തയായി. സ്‌കൂളിൽ പോകുന്ന വഴിയ്ക്ക് വലിയ ചേച്ചിമാരടക്കം ഭയപ്പെടുന്ന ഭയങ്കര കാമുകനായ പണിയ്ക്കർ. അയാളെ ഇടവഴിയിൽ കാൺകെ പെൺകുട്ടികളുടെ കാലുകൾ വിറച്ചു. അവരുടെ വായിൽ ഉമിനീർ വറ്റി. പുതുമുളംകൂമ്പുപോലെ വളർന്ന ചെറിയ മുലകൾ ഭയത്തോടെ വീണ്ടും കൂമ്പി.
‘‘മൊലയ്ക്കി പിടിച്ച് പൊല്യാട്യായി കേട്ടീട്ടേള്ളൂ. എത്തായീ തന്തങ്ങനെ?'' നെല്ലുകുത്തു പുരയിലെ പെണ്ണുങ്ങൾ അറപ്പോടെ കാർക്കിച്ചു.
‘‘വേറെ അയ്യാക്കൊന്നും കയ്യൂലാന്ന്''
‘‘തെന്ന്യോ കാക്ക്യേ?'' അയാളുടെ ലിംഗം കണ്ട് ബോധരഹിതയായ കാക്കിയെ അവർ കളിയാക്കി.
‘‘ഓർമ്മിപ്പിക്കല്ലീന്ന്'' കാക്കി കെഞ്ചീ.
‘‘അതണ്ടി വീക്കാണ്ടീ. അല്ലാണ്ടതിന്റെ ശരിയ്ക്കുമുള്ള വലിപ്പമല്ല. ഇജി പേടിക്കണ്ട'' വള്ളി ചിരിച്ചു.
‘‘ഓഹ് അനക്കാപ്പം എല്ലാം നിച്ചം''
സ്ത്രീകളുടെ സദസ്സിൽ പണിക്കരു മുത്താച്ചന്റെ കേളീലീലകൾക്ക് പുതുഭാഷ്യമുണ്ടായി. അയാളുടെ മരണശേഷവും സ്ത്രീകൾക്കുപദ്രവങ്ങളുണ്ടായി. അത് കുറച്ചധികം പറയാനുണ്ട്.

ആ ദുർമന്ത്രവാദിപ്പണിക്കരുടെ ആത്മാവ് ബന്ധിച്ച നൂലറുത്ത വകയിലും കിട്ടി എനിക്ക് ചരടുകൾ. ഊതിയും മന്ത്രമുഴിച്ചും ശക്തിയുടെ നൂൽബന്ധനങ്ങൾ. പലതരം ചരടുകളും നൂലുകളും ഉറുക്കും കെട്ടിയും ഞാൻ കാടലഞ്ഞു. വിചിത്രപക്ഷികളുടെ ശബ്ദങ്ങൾ എന്നെ ഭയപ്പെടുത്തിയില്ല. നിഗൂഢങ്ങളായ മൃഗജാതികളുടെ കരച്ചിൽ എന്നെ പേടിപ്പിച്ചില്ല. ദുരാത്മാവായി നൂലിൽ കെട്ടിയ പണിക്കരുമുത്താച്ചനോ പെണ്മുലകൾക്ക് നേരെ നീണ്ടു വരുന്ന നീണ്ടനഖക്കൈയ്യോ എന്നെ ഭയപ്പെടുത്തിയില്ല.

ആദ്യമായി അപസ്മാരമിളകിയ ശേഷം അന്നു രാത്രിയിലും ഈ സ്വപ്നം ആവർത്തിക്കുകയുണ്ടായി. പിന്നെയതൊരു പതിവായി. ഓരോ രാത്രിയിലും ഈ സ്വപ്നം ആവർത്തിച്ചു കൊണ്ടേയിരുന്നു.

എന്നാൽ കണ്ണാടി കാണ്മോളം മാത്രമേയുണ്ടായുള്ളൂ ആ ധൈര്യം. കണ്ണാടികൾ എന്നെ ഭയപ്പെടുത്തി. കണ്ണാടിയിൽ കാണുന്ന ഞാനല്ല ഞാനെന്ന് ആരോ ഉള്ളിലെ കുഴിയിലിരുന്നു പറഞ്ഞു. അപസ്മാരത്തോളം പ്രത്യാഘാതകരമായ ഒരവസ്ഥയായിരുന്നു അത്. വായിൽ നിന്ന്​ നുരയോ പതയോ ഇല്ല. കൈകാലുകൾ വലിഞ്ഞു മുറുകിയില്ല. പക്ഷെ ഞാനൊരു കുഴിയ്ക്കുള്ളിലെ ആഴത്തിലേയ്ക്കു പോയിക്കൊണ്ടേയിരുന്നു. ഉറക്കത്തിലോ ഉണർച്ചയിലോ എന്നറിയാത്ത ഒരുതരം വിഭ്രമാവസ്ഥ. അക്കാലത്ത് ഉറക്കങ്ങളും എനിക്ക് കഠിനതരമായിരുന്നു. സ്വപങ്ങൾ മുളിയുറുമ്പിൻ കൂടു പോലെ പൊട്ടിച്ചിതറി ഉറക്കത്തിൽ ഉറുമ്പുവായമർത്തി എന്നെ കടിച്ചു നീറ്റി. അത് പലതരം സ്വപ്നങ്ങളുണ്ടായിരുന്നു. വൈചിത്ര്യമായിരുന്നു അവയുടെ കാതൽ. തണുപ്പായിരുന്നു അവയുടെ കാലം. പുകമഞ്ഞും ജലാർദ്രതയും നനഞ്ഞ ഇലകളും പക്ഷികളുടെ ശബ്ദവും ഉണ്ടായിരുന്നു.

കരിനീലനിറമുറഞ്ഞ ഒരു ഭയപ്പെടുത്തുന്ന സ്വപ്നം ഞാൻ പതിവായിക്കാണാറുണ്ടായിരുന്നു. പച്ചണിപ്പാടവും കഴുതപ്പുലിയാൻ ജീവിക്കുന്ന പൂത്തകൈതോലക്കുണ്ടകളും പൂച്ചക്കുട്ടിക്കായ്കളും നിരകിടന്ന വഴിയ്‌ക്കൊടുവിൽ എന്റെ പള്ളിക്കണ്ടി. അവിടെ ആത്മാവുരുക്കിയ ചോന്നിറ പൂക്കൾ പറിയ്ക്കാനും പനീർച്ചാമ്പങ്ങകൾ രുചിക്കാനും ഒറ്റയ്ക്കു നടന്നു പോകുന്ന ഞാൻ. പുല്ലു പട്ടുരോമമായി വിതാനിച്ച നീണ്ട പുല്ല് പാടങ്ങൾ. ഉറക്കത്തിൽ എന്നെ ആ സ്വപ്നം സദാ അസ്വസ്ഥപ്പെടുത്തി.

ഇന്ദുമേനോൻ
ഇന്ദുമേനോൻ

നേരിട്ട് മരിച്ചവരെയോ ആത്മാവിനെയോ ഞാൻ ഭയന്നിരുന്നില്ല. പഞ്ഞിതുന്നിയ ആകാശപ്പന്തലിൽ, നക്ഷത്രങ്ങൾ വിളക്കു ഞാത്തിയിട്ട മിനുങ്ങുകൾ മിന്നിമിന്നി. ഖബർവഴികൾ കാണിക്കുന്ന രാത്രികൾ എന്നെ ഭയപ്പെടുത്തിയില്ല. അവയൊക്കെ പള്ളിശ്മശാനത്തെ മനോഹരമാക്കിയതായാണ് എനിക്ക് തോന്നാറ്. മീസാൻ കല്ലുകൾ പ്രാചീനതയുടെ ചെറിയ മിനാരങ്ങൾ പോലെയുയർന്നു നിൽക്കുന്നതും മൈലാഞ്ചിക്കാടുകളിൽ വെള്ളിയണലിക്കുട്ടികൾ കണ്ണുമിഴിച്ച് തൂങ്ങിക്കിടന്നതുമെല്ലാം ഏതിരുട്ടിലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല.
‘‘ഇരുട്ടത്ത് നിക്കാനൊന്നും അനക്ക് പേടിയില്ലേ ബളെ?''
ഷറഫു എന്റെ ധൈര്യം കണ്ട് ഭയചകിതനായി.
‘‘ബെല്ലാത്ത ഒരുത്ത്യന്നെ''

പക്ഷെ സ്വപ്നത്തിലെ കാഴ്ചകൾ എന്നെ ഭയപ്പെടുത്തി. സ്വപ്നം​ തുടങ്ങുമ്പോൾ വഴിയവസാനത്തിൽ മൈലാഞ്ചി മണക്കുന്ന കൂറ്റൻ പൂച്ചെടികൾ മൂത്തുമുറ്റി നിന്നു. കാറ്റിൽ രക്തഗർഭനീരിന്റെ ഗന്ധം ഉറഞ്ഞുയർന്നു. അവിടെ പ്രാചീനമായ കരിങ്കല്ലു സ്മാരകശിലകൾ അസംഖ്യം കണ്ടു. കുട്ടിക്കുട്ടി ശ്രീകോവിൽ പോലെയായിരുന്നു ഓരോ മരണസ്മാരക ശിലകളും. ഉറക്കനീലയിലും അവയിൽ പറ്റിയ പച്ചപ്പൂപ്പൽ എനിയ്ക്ക് കാണായി. നോക്കി നിൽക്കെ പൊട്ടിക്കുടയുന്ന വിത്തുകളുടെ ടക് ടക് ശബ്ദം. കടലിന്റെ അലർച്ച. ഉന്മാദകരമായ ക്രോധത്തിൽ ഭ്രാന്തിയും അപകടകാരിയുമായ സമുദ്രദേവത ആ ശവകുടീരങ്ങൾക്കു പുറകിൽ ജലമുടിത്തെയ്യമുറയുന്നതു ഞാൻ കണ്ടു.

ആ ശവമാടങ്ങൾക്കു പുറകിലും ഒരു വശത്തേയ്ക്കു വളഞ്ഞും ചില്ലുനീലക്കടലായിരുന്നു. മുടിതുള്ളിയ്ക്കും പോലെ തന്നെ കടൽ, വെള്ളപ്പതപ്പാവാട മണലിലേയ്ക്ക് ഞൊറിവിടർത്തി മലർന്നു കിടന്നു. കല്ലറകളിൽ ചിലത് തിരയിൽ പാതിയും മുങ്ങിക്കിടന്നു. ചാന്ദ്രവെളിച്ചത്തിൽ കടൽദേവതയുടെ കൊട്ടാരം പോലെ അവ ജലത്തിളങ്ങി. ഞാനെന്തിനാണ് കരഞ്ഞു കൊണ്ടിരുന്നതെന്നെനിയ്ക്ക് പൊടുന്നനെ മനസ്സിലായി. ഭയം ഉടലുമുയിരും ശീതമുറച്ചപോൽ കല്ലിപ്പിയ്ക്കുന്ന ഭയം. അത് കണവാസ്ഥി പോലെ ഉരം തോന്നുന്ന മൂർച്ചനാവുരച്ച് എന്റെ തലച്ചോറ്​ രാകിക്കൊണ്ടേയിരുന്നു.

കടലിൽ മനുഷ്യർ നീന്തുകയായിരുന്നില്ല. ഒഴുകിക്കിടക്കുന്ന കപ്പൽപ്പാളികളുടെ മീതെ മരിച്ചവരായി ഒഴുകി നടക്കുകയായിരുന്നു. ഒരു മൺകൂനയ്ക്കു മീതെ ഞാൻ കരഞ്ഞ് കിടക്കുന്നത് ഞാൻ കണ്ടു. അതിനടിലിൽ ഡപ് ലപ് എന്ന് അവന്റെ ഹൃത്തിടിപ്പു കേട്ടു. അവൻ മരിച്ചിട്ടില്ലല്ലോ എന്റെ ദൈവമേ എന്ന് മഞ്ഞണിഞ്ഞ ഈഴച്ചെമ്പകങ്ങൾ എന്റെയുടലിൽ വീണുകൊണ്ടെയിരുന്നു. നിലാവിന്റെ പ്രകാശച്ചോറ്റിൽ ഞാൻ കണ്മിഴിച്ചു.

പുരുഷന്മാരെ പ്രേമിക്കുന്ന കൗമാരകാലത്തു തന്നെ അതുപോലെയുള്ള ഒരു പുരുഷന്റെ ഓർമ ആത്മാവിന്റെ അടിത്തട്ടിലെവിടെയോ പൂണ്ടു കിടന്നു. അത്തരമൊരാളെ ഞാൻ കണ്ടതേയില്ല.

ഞാൻ ഉറക്കത്തിലായിരുന്നില്ല. പേങ്ങാട് സ്‌കൂളിന്റെ കിണറ്റിൻ കരയ്ക്കു താഴയുള്ള കഞ്ഞിവെള്ളവും ചെറുപയറും കൊഴുങ്ങനെ കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിൽ മലർന്നു കിടക്കുകയായിരുന്നു. ജലത്തിലൊഴുകുന്ന ജഢമാണ് ഞാനെന്നെനിയ്ക്കു തോന്നി. വായിൽ ഉച്ചക്കഞ്ഞിയുടെ കൊഴുനീരുപ്പ് നിറഞ്ഞു.
‘‘എളക്യേദാണ്. അവസ്മാരം''
ഉച്ചക്കഞ്ഞിപ്പാത്തുമ്മ എന്നെ കോരിയെടുത്തു.
‘‘മാസ്​റ്ററേ, ഈ കുട്ടിയ്ക്ക് അവസ്മാരെളകീനു..''
‘‘തൊടച്ചിട്ക്ക് പാത്ത്വോ?''
‘‘ഇന്ന്‌പ്പെന്താ എല്ലാർക്കും അവസ്മാരാ? എന്തേയ്ക്കും?'' ഉറുദുമാഷ് അത്ഭുതപ്പെട്ടു.
എനിക്കു മുമ്പെ ഒരാൺകുട്ടിയ്ക്ക് അപസ്മാരമിളകിയിരുന്നു. അവനെ സഹായിക്കാൻ പോയ ശേഷം ഉടുപ്പിൽ പറ്റിയ ചളി കളയവെയാണ് എനിയ്ക്ക് അപസമാരമുണ്ടായത്. ചുഴലിപോലെ കറക്കുന്ന ഒരു കാറ്റ്. പ്രകാശത്തിന്റെ മാരകമായ ഒരു വാൾ, ഉടൽ ഇരണ്ടാക്കിയ പ്രാണസങ്കടം. കോടിയ രക്തക്കുഴലുകൾ. ഇരുട്ടിന്റെ തുരങ്കത്തിലൂടെയുള്ള വീഴ്ച. പിന്നെ നീണ്ട പുൽവഴി സ്വപ്നം.

ആദ്യമായി അപസ്മാരമിളകിയ ശേഷം അന്നു രാത്രിയിലും ഈ സ്വപ്നം ആവർത്തിക്കുകയുണ്ടായി. പിന്നെയതൊരു പതിവായി. ഓരോ രാത്രിയിലും ഈ സ്വപ്നം ആവർത്തിച്ചു കൊണ്ടേയിരുന്നു. കടലിന്റെ ചുഴിയിലേയ്ക്കു ഞാൻ താണുപോയി ശ്വാസം കിട്ടാതാകുമ്പോൾ ഞെട്ടിയുണർന്നു.
‘‘എന്തായിരിക്കും കുട്ടിയ്ക്ക്?'' അമ്മ ഭയപ്പെട്ടു.
‘‘ഒന്നുണ്ടാവൂല. അബ്ദുള്ള ഡോക്​ടറ്​ പോരാ. എൻ. എസ്. വിനെന്നെ കാണിയ്ക്കാം'' അച്ഛന്റെ ആധിയിൽ എന്നെ ഡോ. എൻ. എസ്. വേണുഗോപാൽ പരിശോധിച്ചു.
‘‘ഡോക്ക്ട്ടറുമാരൊന്നും മത്യാവൂല. ബേണ്ട്യേ, ദിബളെ തെണ്ടല് നിർത്തലാ. പള്ളിക്കാട്ടിലൊക്കെ മണ്ടിപ്പാഞ്ഞാ ങ്ങനിണ്ടാകും. അന്റെ ചോര ഔറ്റോള് കുടിക്കും'', ഷഹർബാനും സൈഫുന്നീസയും പറഞ്ഞു.
‘‘പള്ളിക്കണ്ടീല് നട്ടുച്ചക്ക് കെട്‌ന്നൊറങ്ങ്യാലെ ശൈത്താന്മാരട്ക്കം കൂടും ബളെ. മനസ്സിലാക്കിക്കോണ്ടി'' സുലൈക്ക എന്നെ പേടിപ്പിക്കാൻ നോക്കി.
ഞാൻ എന്റെ ഉടുപ്പു പൊക്കി, ‘‘നോക്ക് നോക്ക്'' ഏഴെട്ടു ചരടുകൾ കെട്ടിയ അര കണ്ട് സുലൈക്ക ചിരിയ്ക്കാൻ തുടങ്ങി
‘‘അജ്ജ്യോ ശെയ്ത്താനികളടക്കം പേടിച്ചും''
‘‘ഇജി തൂറാബ് തങ്ങൾന്റെ അട്ത്തുന്ന് കൂടി ഊതി വാങ്ങിക്കാണ്ടീ'' മുത്തു മുസ്തപ്പ പേടിയോടെ പറഞ്ഞു.
‘‘നോക്കടാ'', ഞാൻ വീണ്ടും കുപ്പായം പൊക്കി
‘‘ഇന്തിത്താബളേ ഈ തട്ട് ജട്ട്യോ?'' മുത്തുവിനു നാണായി.
‘‘അയ്യ. ചോത്ത ചെരട് നോക്ക്യാ മുത്ത്വോ. തങ്ങൾപ്പാപ്പാന്റ്യാ''

എനിയ്ക്ക് പള്ളിക്കണ്ടിയിൽ നടന്ന്​ ജിന്ന് ഭയം തട്ടിയെന്നു പലരും അടക്കം പറഞ്ഞു കൊണ്ടേയിരുന്നു. എന്നാൽ അവരുടെയെല്ലാം വായടക്കിക്കൊണ്ട് അത്ഭുതകരമാം വണ്ണം ഞാൻ തലചുറ്റി വീഴുന്നതും വീണ് അപസ്മാരബാധയിലുറയുന്നതും നിന്നു. ഒരു ദിവസം പോലും നിർത്താത്ത ഗുളികകളുടെ മാന്ത്രിക ശക്തിയിൽ ആ പുല്ലുമേടയും കടൽത്തീരവും ഈഴച്ചെമ്പകങ്ങളുടെ വസന്തസുഗന്ധവും ഞാൻ മറന്നു. കടൽത്തീരത്തെ ഒഴുകുന്ന ശവങ്ങളെ മറന്നു. ചത്തു ചീഞ്ഞ റൊട്ടിപോലെ തീരത്തടിഞ്ഞ വിളറിയ പെണ്ണുങ്ങളെ മറന്നു. കൂണുകൾ മുളപൊട്ടിയ വായയുമായി കടലിലഴുകിയ വൃദ്ധനെ മറന്നു. മൺകൂനയ്ക്കുള്ളിലടക്കിയ സുന്ദരനായ ചെറുപ്പക്കാരനെപ്പറ്റി ഞാൻ സ്വപ്നം കാണാതായി. പത്തോ പന്ത്രണ്ടോ ദിവസം ഈ സ്വപ്നം ആവർത്തിച്ചിരുന്നു. അതിനാൽ ഉറങ്ങുന്ന ചെറുപ്പക്കാരന്റെ മുഖം മാത്രം എന്റെ മനസ്സിൽ നിന്നും മാഞ്ഞതേയില്ല. ഈഴച്ചെമ്പകത്തിന്റെ ഗന്ധർവ്വ മണവും ഒരിയ്ക്കലുമെന്നെ വിട്ടുപോയതേയില്ല. ആത്മാവിനു ബാധിച്ച ഗന്ധർവ്വനെയെന്ന പോലെ എന്റെ മനസ്സിന്റെ വിളുമ്പിൽ ആ മുഖമങ്ങനെ മങ്ങിക്കിടന്നു.
‘‘എന്താ അങ്ങനെത്തെ സ്വപ്​നം കണ്ടതമ്മാ?''
ഒരിക്കലും വിശദീകരിച്ചു തരാനാകാത്ത എന്റെ വിചിത്ര സ്വപനങ്ങളിൽ, ചിന്തയിൽ തലചൂടു പിടിയ്ക്കുന്നത് തൊട്ടു നോക്കി പേടിയോടെ ‘‘എനിക്കറയില്ലുണ്ണ്യേ'' എന്നമ്മ നെടുവീർപ്പിട്ടു.
കവിത സ്വയം ചമയ്ക്കുന്ന മകൾക്ക് സഹോദരനെപ്പോലെ ഉന്മാദമാണോ എന്നമ്മ ഭയന്നിരുന്നു.
‘‘അങ്ങനൊന്നും ആലോയ്ക്കണ്ട. അർജുനന ഫൽഗുനൻ പാട്യാ മദി''
‘‘പിന്നല്ലാണ്ടെ, ആലത്തൂരെ ഹനുമാന്റെ പ്രേയറും കൂടി ആക്കിക്കോ'' സുജിത ഉപദേശിച്ചു മരുന്നിനൊപ്പം ഉറങ്ങും മുമ്പ് ഞാൻ ചൊല്ലി.
‘‘ആലത്തൂർ ഹനുമാനെ
പേടി സ്വപ്​നം കാണരുതേ
പേടി സ്വപ്​നം കണ്ടാലോ
തിരുവാലു കൊണ്ട് തച്ചു മാറ്റണേ''

മരുന്നും ഹനുമാന മന്ത്രവും അർജ്ജുനമന്ത്രവുമൊക്കെ ശരിയ്ക്കും ഏറ്റിരിയ്ക്കണം.

ഞാനെത്ര വളർന്നു! അപസ്മാരമൊഴിഞ്ഞു. ഭയസ്വപ്നങ്ങൾ അമ്പേ മറന്നു. എന്നിട്ട്​ഈഴച്ചെമ്പകങ്ങൾ ഉടലിൽ തൊഴിയുമ്പോഴുണ്ടാകുന്ന ആ ഇതൾത്തൊടലും മരണക്കുഴിയിൽ കണ്ട അവന്റെ മുഖവും മൈലാഞ്ചിമരത്തിന്റെ ഇലകളിൽ നിന്നും മയങ്ങിത്തൂങ്ങുന്ന വെള്ളിയണലിക്കുട്ടികളുടെ കൂർക്കം വലിയും മാത്രം പഴയ ഓർമ പോലെ മനസ്സിൽ തങ്ങി.

പുരുഷന്മാരെ പ്രേമിക്കുന്ന കൗമാരകാലത്തു തന്നെ അതുപോലെയുള്ള ഒരു പുരുഷന്റെ ഓർമ ആത്മാവിന്റെ അടിത്തട്ടിലെവിടെയോ പൂണ്ടു കിടന്നു. അത്തരമൊരാളെ ഞാൻ കണ്ടതേയില്ല. എന്റെ ജീവിതത്തിന്റെ ആയിരം പതിനായിരം സന്ധികളിലിൽ കണ്ട ഒരുവനും ആ മുഖമുണ്ടായിരുന്നില്ല. മരിച്ചു പോയ ഒരുവന്റെ മുഖം കുഴിയിൽ വെച്ചു തന്നെ മണ്ണിട്ടു മറയ്ക്കാനും എന്റെ ആത്മാവെന്നെ അനുവദിച്ചില്ല.

വർഷങ്ങൾ കഴിഞ്ഞു. ജീവിതത്തിലുണ്ടായ ആദ്യപ്രേമവും തകർന്നു. ഹൃദയവും തകർന്നുച്ഛേദിച്ചു. പുരുഷനിരാസങ്ങളുടെ കാലത്ത് നിസ്സഹായനായി ഞാനുഴറി. ഒരാളെന്നെ പ്രേമിച്ചിരുന്നെങ്കിൽ, ഹൃദയപൂർവ്വം എന്നെ അവനൊപ്പം ചേർത്തു നിർത്തിയിരുന്നെങ്കിൽ, എന്നൊർക്കെ പതിയെ കടൽത്തീരത്ത് ജീവനോടെ മറവ് ചെയ്യപ്പെട്ടവൻ ഓർമയിൽ പൊങ്ങി വന്നു. അവൻ എന്റെയാരായിരിക്കുമെന്നു ഞാനോർമിച്ചു നോക്കി. ആരുമില്ലാത്ത മനുഷ്യർ, ആരുമില്ലാത്ത അനാഥർ, ആരുമില്ലാത്ത ഒരുവൾ... എന്റെയുള്ളിൽ ഞാൻ വെൻ ഡയഗ്രങ്ങൾ വരച്ചു. ഉന്മാദം എന്നെ കിറുക്കുകയാണോ എന്നു ഞാൻ ഭയന്നു.

വീണ്ടും ഞാനാ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു, ഈഴച്ചെമ്പകങ്ങൾ പൂവിട്ടു നിൽക്കുന്ന ഓരോ കാഴ്ചയിലും അങ്ങനൊരാൾ എന്റെ ജീവിതത്തിലുണ്ടായിരുന്നുവെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു..

ഇനിയെപ്പോഴെങ്കിലും പ്രേമിക്കുകയാണെങ്കിൽ അതു പോലൊരുവനെ ഞാൻ പ്രേമിയ്ക്കുമെന്ന് കരുതി. ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ കൊണ്ട് എനിയ്ക്ക് മടുത്തിരുന്നു. സിനിമ പിടിക്കാൻ പോയ പോക്കിൽ ജീവിതം വലിച്ചെറിഞ്ഞു കളഞ്ഞു പോയതിന്റെ ബാധ്യത വലുതായിരുന്നു.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഏത് ദാമ്പത്യതകർച്ചയിലും കുറ്റവാളി പുരുഷനാണെങ്കിലും അതിൽ സ്ത്രീയാണ് മോശക്കാരിയെന്ന് പറഞ്ഞു കൊണ്ടേയിരിയ്ക്കും. നമ്മുടെ കുറ്റം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നു അവർ സദാ കുരച്ചു കൊണ്ടിരിയ്ക്കും. എന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. ഞാനായിരുന്നു കുറ്റം ചെയ്തവൾ എന്ന് സദാ മുരണ്ടു കൊണ്ടിരുന്നു. എന്റെ തകരാറുകൾ എപ്പോഴും ഓഡിറ്റ് ചെയ്യപ്പെട്ടു. എഴുത്ത്, വർത്തമാനങ്ങൾ, ജോലികൾ, സുഹൃത്തുക്കൾ എല്ലാം കുഴപ്പമായി തീർന്നെന്ന് സദാ എന്നെ ഓർമിപ്പിച്ചു. കുലടയായ സ്ത്രീയുടെ അടയാളങ്ങളും ചിഹ്നങ്ങളും ഞാൻ തലയിൽ ചുമന്നു. സത്യത്തിൽ എന്നെ ജീവിതത്തിൽ നിന്ന്​ കാലുകൊണ്ട് തൊഴിച്ചെറിയുകയായിരുന്നു. പിന്നീട് ഞാൻ അതിൽ നിന്ന്​ ആത്മീയമായി മോചനം നേടിയപ്പോൾ എനിയ്ക്കു സമാധാനം തോന്നി. നിയമപരമായ കെട്ടുകൾ അപ്പോഴും ഇപ്പോഴുമെന്നെ വരിഞ്ഞു മുറുക്കി. മകളെ തട്ടിക്കൊണ്ടു പോയി. മകനെ എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചു. സ്വന്തം കുടുംബത്തിൽ നിന്ന്​ അകറ്റി. നമ്മളുമായി പ്രശ്‌നമില്ലാത്ത ആളുകളോടു പോലും നമ്മളെക്കുറിച്ച് നുണകൾ പറഞ്ഞിരിക്കണം.

‘‘എന്നെ ക്രൂശിച്ചവളുമായി നിങ്ങളെന്തിനു ബന്ധം പുലർത്തണം?'', ‘‘കൊച്ചണ്ണനെന്താ എനിക്കില്ലാത്ത ബന്ധം അവളോട്'' എന്നൊക്കെ അവന്റെ അമ്മ ചോദിച്ചെന്നു കേട്ടപ്പോൾ സങ്കടം തോന്നി.

കാതറീനയ്ക്കും മീരയ്ക്കും കലയ്ക്കുമൊക്കെ എന്നെ തകർക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ തോൽപ്പിക്കാൻ കഴിഞ്ഞില്ല. അമ്മയുടെ വാക്കുകൾ എന്നെ തോൽപ്പിച്ചു കളഞ്ഞു. പക്ഷേ ബന്ധുക്കളോട് നന്നായി പെരുമാറിയതിനാൽ അവരെല്ലാം തിരിച്ചും നല്ല സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എന്നാൽ ഞാനുമായി ഒരു തരത്തിലുമുള്ള ബന്ധവും ആവശ്യമില്ലെന്ന് പറഞ്ഞതു കേട്ടപ്പോൾ തോറ്റതു പോലെ തോന്നി. ഞാനെന്തു കുറ്റം ചെയ്തു എന്നു വെറുതെ ഉഴറി. അക്കാലത്ത് വീണ്ടും ഞാനാ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു, ഈഴച്ചെമ്പകങ്ങൾ പൂവിട്ടു നിൽക്കുന്ന ഓരോ കാഴ്ചയിലും അങ്ങനൊരാൾ എന്റെ ജീവിതത്തിലുണ്ടായിരുന്നുവെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു..

എന്റെ മൂന്നാമത്തെയോ നാലാമത്തെയോ മലേഷ്യൻ യാത്രയിലാണ് ജീവിതത്തിൽ അത്ഭുതകരമായ ആ സംഭവം ഉണ്ടായത്. യൂണിവേഴ്​സിറ്റി സെയിൻസ് മലേഷ്യയുടെ കാമ്പസിൽനിന്ന്​ ടാക്‌സിയെടുത്ത് മടങ്ങുന്ന ഒരു വൈകുന്നേരം.

ആ യാത്രയ്ക്കിടയിൽ ഞാനാ സ്വപ്നത്തിലെ ഇടം നേരിട്ടു കണ്ടു.
‘‘പ്ലീസ് സ്റ്റോപ് ദി ടാക്​സി''
ഞാനാ റോഡിന്റെയോരത്ത് വാ പൊളിച്ചു നിന്നു. പെനാങിലെ ഏറ്റവും പഴയ പ്രൊട്ടെസ്റ്റെൻറ്​ സെമിത്തേരിയായിരുന്നു അത്. എന്റെ സ്വപ്നത്തിൽ കണ്ടപോലെ ഈഴച്ചെമ്പകങ്ങൾ പൂത്തിറങ്ങിയ ഒറ്റയടിവഴികൾ. പുല്ലുവിതാനിച്ച പട്ടുപ്പച്ചപ്പരവതാനികൾ. അവിടെക്കണ്ട ഓരോ ചെമ്പകമരങ്ങളും ഓരോ ശവകുടീരങ്ങൾക്കു മീതെ നട്ടവയാണ്. അടുത്തു ചെന്നപ്പോൾ അവയുടെ വേരിലും തായ്ത്തടിയിലുമൊക്കെ കണ്ടു ചെമ്പു ഫലകങ്ങൾ. അവയിലേയ്ക്കു കാറ്റു പൊഴിയ്ക്കുന്ന വെള്ളീഴച്ചെമ്പകങ്ങൾ. സർപ്പങ്ങളെ മയക്കുന്ന അതിന്റെ വന്യാസക്ത ഗന്ധം. ഓരോമരപ്പൂവിടർച്ചയിലും ചെമ്പകമരങ്ങളുടെ അടിയിൽ മറവു ചെയ്തവരുടെ അസ്ഥിമജ്ജയിൽ ഒരിക്കിളി തുടിച്ചിരിക്കണം.
അഞ്ചു വയസ്സിൽ അപസ്മാരത്തിന്റെ വങ്കടലിൽ ഞാനൊരു ചത്ത ജലജീവിയായിച്ചീർത്തൊഴുകിയ സ്വപ്നം തിരികെ കാറ്റുലച്ച് കടന്നു വന്നു. എന്നെ പേടിപ്പിച്ച ഭയങ്കരൻ സ്വപ്നം ഞാൻ വർഷങ്ങൾക്കു ശേഷം അനുഭവിച്ചു. ഒരു ശ്മശാനത്തിൽ ഈഴച്ചെമ്പക വസന്തത്തിലൂടെ ഞാനകത്തേയ്ക്കു ചെന്നു. എനിക്കീ പ്രായത്തിൽ ഇനി അപസ്മാരമിളകുമോ എന്നു ഞാൻ ശരിയ്ക്കും ഭയന്നു.

ആ വഴി അസ്ഥിമാടങ്ങൾക്കുള്ളിലേക്കെന്നെ കൊണ്ടു ചെന്നു. എല്ലാ പ്രാചീന കല്ലറകളും പാതി ജീർണിച്ചു നിന്നു. 5 വയസ്സിൽ ഞാൻ കണ്ട എല്ലാം അവിടെയുണ്ടായിരുന്നു. പകലിരുട്ടും തണുപ്പും ഏകാന്തച്ചീവീടുകളുടെ വന്യശബ്ദവും ഞാൻ കേട്ടു. പൂപ്പൽ പിടിച്ച കൽക്കുരിശുകൾ കുട്ടിയമ്പലം പോലത്തെ ശവമാടങ്ങൾ, അപരിചിതരൂപികളായ കല്ലറകൾ, അവയിലെ നിരം കെട്ട മാർബിൾ ഫലകങ്ങൾ. കപ്പൽച്ഛേദം വന്നു മരണപ്പെട്ട മനുഷ്യരുടെ അനേക കല്ലറകൾ. എന്നാൽ അവിടെ അവന്റെ മൺകൂനയുമില്ല, കടലുമില്ല. ഞാൻ ചുറ്റും പരതി. ഇല്ല അവിടെ കടലു മാത്രം ഉണ്ടായില്ല. ഉന്മാദിനിയായി നിലവിളിച്ച കടൽദേവതയോ അവളുടെ തിരഞൊറിവെൺറേന്തയോ ഉണ്ടായില്ല.

ഞാൻ വല്ലാതെ അസ്വസ്ഥയായി. എനിക്കീ വിചിത്രസ്വപ്നത്തിന്റെ കാതൽ മനസ്സിലായതേയില്ല. അഞ്ചു വയസ്സിൽ കണ്ട ഒരു സ്വപ്നം ഞാൻ 31 വർഷങ്ങൾക്കു ശേഷം നേരിട്ടു കണ്ടുവെന്നു പറയാൻ, വിശ്വസിയ്ക്കാൻ എന്റെ യുക്തി എന്നെ അനുവദിച്ചില്ല. ആളുകൾ കേട്ടാൽ എനിക്ക് ഭ്രാന്താണെന്നു പറയും അപസ്മാര കുട്ടിക്കാലത്ത്, ചുഴലി സമയത്ത് ഞാൻ കണ്ട സ്വപ്നം അതേപടി നേരിട്ട് കണ്ടുവെന്നു പറഞ്ഞാൽ ആളുകൾ എന്നെ കളിയാക്കും. ഒരു പക്ഷെ അക്കാലങ്ങളിൽ ഞാനനുഭവിച്ച കഠിന വിഷാദത്തിന്റെ അലയൊലികളോ എന്നെ ഭ്രാന്തിയാക്കിയതാണോ എന്നു ശങ്കിച്ചു. ശങ്കയായിരുന്നില്ല സത്യമായിരുന്നു. 500 വർഷങ്ങൾ പഴക്കമുള്ള കല്ലറകളിൽ സ്പർശിക്കെ എന്റെയുടൽ കോരിത്തരിച്ചു. രോമകൂപങ്ങളിൽ തണുപ്പും വിഷാദാഹ്ലാദവും കലർന്ന ഒരു വികാരം എന്നെ ദുർബലയാക്കി. ഞാൻ സ്വപ്നം കണ്ടത് ഈ ഇടമായിരുന്നെന്ന് എനിയ്ക്കുറപ്പായി.

പക്ഷെ കടൽ മാത്രം ഉണ്ടായിരുന്നില്ല. നീന്തുന്ന ജഢങ്ങളുണ്ടായിരുന്നില്ല. പ്രേതപുരുഷനുണ്ടായിരുന്നില്ല. ഇല്ല അവനുമുണ്ടായിരുന്നില്ല.
ഒരുപക്ഷെ കടലും അവനുമുണ്ടായിരുന്നെങ്കിൽ ഞാൻ കഴിഞ്ഞ ജന്മങ്ങളിലെവിടെയോ ഇവിടെ വന്നിരുന്നുവെന്നു പോലും വിശ്വസിച്ചേനെ.

കടുത്ത ചെന്നിക്കുത്തും അസ്വാസ്ഥ്യവും വിഷാദവും കാണുന്ന കാഴ്ചയുടെ മതിഭ്രമവും എന്നെ അവശയാക്കി. പനിക്കോളിന്റെ ചൂടുലാവകൾ ഉള്ളിൽ തിളച്ചൊഴുകി. ഓരോ കല്ലറകളും ഒരുപക്ഷെ ഞാൻ കണ്ട പെർലാഷേ ശെമിത്തേരിയേക്കാളും പഴക്കമാർന്നു നിന്നു. പുൽത്തകിടിയിൽ ചോന്ന ഉടലിൽ കറുമ്പൻ പുള്ളികളുള്ള ഡിസ്‌ഡേർക്കസ്​ വണ്ടുകൾ കൂട്ടമായി ഇഴഞ്ഞു. നീറുറുമ്പുകൾ ചെമ്പകത്തടിയിലൂടേ പുളഞ്ഞു. ഈഴച്ചെമ്പകങ്ങളും ബാദാം കായികളും തൊഴിഞ്ഞടർന്ന വഴിയിലൂടെ ഞാൻ പുറത്തേയ്ക്കു ഓടിപ്പോയി.
ഒരു ശ്മശാനവും എന്നെ തരത്തോളം ഭയപ്പെടുത്തിയിരുന്നില്ല.

ഞാൻ ഏറെ പരിഭ്രമത്തോടെ സെമിത്തേരിയ്ക്കു മുമ്പിലുള്ള റോഡ് മുറിച്ചു കടന്നു. ഇപ്പോൾ ഛർദ്ദിക്കുമെന്നു തോന്നി. ബ്ലാങ്കറ്റ് ബാബിലോൺ എന്നോ മറ്റോ പേരുള്ള ഒരു റസ്​റ്റോറൻറിൽ ചെന്നു ഞാൻ മുഖം കഴുകി. കാപ്പി ചോദിച്ചു.
‘‘എനിയ്ക്കു തല പൊട്ടുന്നു. ഛർദ്ദിക്കാൻ തോന്നുന്നു'' ഞാൻ വെയ്റ്ററോട് പറഞ്ഞു.
‘‘ഇവിടെ ഇരിയ്ക്കൂ'' അയാളൊരു ഇരിപ്പിടം കാട്ടി. മലയ് ഭാഷയിൽ അകത്തേയ്‌ക്കെന്തോ വിളിച്ചു പറഞ്ഞു. ഒരു പെൺകുട്ടി പ്രത്യക്ഷയായി. അവളുടെ കയ്യിൽ കൂളിങ്ങ് ജെൽ പാഡ് ഉണ്ടായിരുന്നു. സ്‌നേഹമസൃണമായ ചിരിയോടെ അതവൾ നെറ്റിയിൽ ഒട്ടിച്ചു തന്നു. തണുപ്പ് തലയിലേയ്ക്കു പകർന്നു. ഒരു സുഖം തോന്നി.

‘‘നിങ്ങൾ ഒറ്റയ്ക്കായതിനാൽ പ്രത്യേകമായൊരു സീറ്റിലേയ്ക്ക് നിങ്ങളെ ക്ഷണിയ്ക്കുന്നു.'' പത്തു പതിനഞ്ചു മിനിറ്റിനു ശേഷം വെയിറ്റർ വീണ്ടും പ്രത്യക്ഷനായി.
‘‘കാറ്റ് നിങ്ങൾക്ക് സമാധാനം നൽകും'', ഞാനൊരു പൊട്ടിയെപ്പൊലെ തലയാട്ടി.
‘‘എന്നാ വരൂ''
എന്തു സംഭവിക്കുന്നെറിയാതെ ഞാനയാളെ പിന്തുടർന്നു. റസ്റ്റോറന്റിന്റെ അകം മുറിച്ചു കടന്ന് വലിയ പടികൾ ഇറങ്ങി അയാൾ നടന്നു. ഞാനും. ഒടുവിലത്തെ ആ കാഴ്ച കണ്ട് എന്റെ ഹൃദയം തകർന്നു പോയി. അതൊരു കടൽത്തീരമായിരുന്നു. ഈ റസ്​റ്റോറൻറിനാൽ, കെട്ടിടങ്ങളാൽ മറയ്ക്കപ്പെട്ട ഒന്ന്​.
‘‘നിങ്ങളന്വേഷിയ്ക്കുന്നത് ഈ കടലല്ലേ? ഇവിടെയിരിയ്ക്കൂ... നന്നായിട്ട് കാണൂ'' ഈഴച്ചെമ്പകമരച്ചോട്ടിലെ ഇരിപ്പിടത്തിലേയ്ക്കയാൾ കൈ ചൂണ്ടി. മാന്ത്രികനായ ഒരുവൻ മനസ്സ് വായിച്ച പോലെ കടലിലേയ്ക്കു നോക്കി.
അയാൾ എന്തോ ഓർത്തു ചിരിച്ചു.
ഞാനൊരു കടൽ തേടിയെന്ന് അയാളെങ്ങനെ അറിഞ്ഞു?
‘‘താങ്ക്യൂ മദാം'' അയാൾ തൊപ്പി ഊരി മായാജാലാംഗ്യം കാട്ടി.

എന്റെ രക്തത്തിൽ മയിലുകൾ നൃത്തം വെച്ചു വേലിയേറ്റമുണ്ടായി.
ഞാൻ തായ്ത്തടിയിൽ ചുണ്ടുകൾ ചേർത്തു, ചുംബനത്തിലെന്റെ പുരുഷന്റെ ചുണ്ടിലെന്നവണ്ണം എന്റെ ലിപ്​സ്​റ്റിക്ക്​ അതിൽ പുരണ്ടു.

ആ നിമിഷം, വർഷങ്ങൾക്കുശേഷം ആ സ്വപ്നം പൂർണമായി ഞാൻ ഓർത്തെടുത്തു. ആ ചെറുപ്പക്കാരന്റെ വിളറിയ മുഖം ഓർമ വന്നു. നീലക്കണ്ണുകളിലെ കണ്ണീർ ഓർമ വന്നു. നിസ്സഹായമായി കടലലറി. ആകാശം സന്ധ്യയാകാനായി ഒന്നു തുടുത്തു. മഴക്കോളും വന്നു. ഉപ്പുമണക്കടൽക്കാറ്റിൽ ഞാൻ സ്​തബ്​ധയായി നിന്നു. കാറ്റ് എന്റെ ഉടലിൽ ഇഴഞ്ഞു. ഈഴച്ചെമ്പകൾ മജ്ജനിറമുള്ള പൂവുകൾ പൊഴിച്ചു.
പ്രാചീനമായ പ്രേമത്തിന്റെ ഉടൽ വാസന എനിയ്ക്ക് കിട്ടി. അവന്റെ മണം...

ഞാൻ നിൽക്കുന്നത് മൺകൂനയ്ക്കുമീതെ വളർത്തിയ ഒരു സ്മാരകമരത്തിനു കീഴിലെന്നാണെന്നത് എന്നെ പരിഭ്രമിപ്പിച്ചു. വിഭ്രമിപ്പിച്ചു. ഉന്മാദിയാക്കി.

സ്വപ്നത്തിൽ ഞാൻ കണ്ട മൺകൂനയും അതിനു സമീപം കെട്ടിയ സ്മാരകങ്ങളും ആ കടലും എനിക്ക് തിരിച്ചറിയുവാനായി. വർഷങ്ങളുടെ പഴക്കമുള്ള ഒരു മുരടൻ മൈലാഞ്ചിച്ചെടി അവിടെ വൃദ്ധഡാകിനിയെപ്പോലെ കൂനി നിന്നിരുന്നു. അവയിൽ വെള്ളയണലികളുടെ ഉറകൾ അശരണമായി നിന്നു. ഞാനാ ഈഴച്ചെമ്പകച്ചുവട്ടിലെ തേഞ്ഞുതീർന്ന അടയാളവരികൾ വായിച്ചു. പേരിന്റെ ആദ്യാക്ഷരങ്ങൾ ജെ.ഒ... ബാക്കി തുരുമ്പിച്ചു പോയി.
ജനനം 1760- മരണം 1786. വെറും 26 വയസ്സ്.
‘‘എന്തായിത്?'', അതൊരു സ്മാരക ലോഹഫലകമാണെന്ന് ഉറപ്പായിട്ടും, എനിക്ക് ചോദിക്കാതിരിയ്ക്കാനായില്ല.
‘‘മലേറിയപിടിച്ചു മരിക്കാറായ ഒരു ചെറുപ്പക്കാരനെ ജീവനോടെ അടക്കിയ സ്ഥലമാണിത്.'' വെയിറ്റർ നാട്ടുപുരാവൃത്തം പറഞ്ഞ്​ കാപ്പിക്കപ്പ് മേശപ്പുറത്ത് വെച്ചു.
‘‘നിങ്ങൾ ആത്മാവിൽ വിശ്വസിയ്ക്കുന്നുണ്ടോ?''
‘‘ഇല്ല ഇല്ല'', ഞാൻ തലവെട്ടിച്ചു.
‘‘എന്നാൽ ഞാൻ വിശ്വസിയ്ക്കുന്നുണ്ട്. ഇപ്പോൾ നിങ്ങളും വന്നുവല്ലോ'' അയാൾ ചിരിയോടെ പറഞ്ഞു.
‘‘നോക്കൂ'' അയാൾ ഈഴച്ചെമ്പകത്തിന്റെ പ്രാചീനമായ വേരിൽ പിടിച്ചു.
‘‘ഈ നൂലുകൾ തലവേദനിയ്ക്കുന്നവർ കെട്ടിയിടുന്നതാണ്. നിങ്ങൾക്കും ഒന്ന് കെട്ടിക്കൂടെ?''
‘‘അയ്യെ'' ഞാനയാളുടെ അന്ധവിശ്വാസത്തെ കളിയാക്കി.
‘‘ചിരിക്കണ്ടാ മാഡം, എത്ര വർഷം പഴക്കമുണ്ടെന്നറിയാമോ''
എന്റെ യുക്തി എന്നെപിടിച്ചു കുലുക്കി
‘‘ഇതിനു പത്തുമുന്നൂറു വർഷം പഴക്കമുണ്ട്''
‘‘ഏറിയാൽ 50-60, അതിൽ കൂടില്ല, അതെനിക്കറിയാം''
‘‘അതേ ഇവിടത്തെ കുടീരങ്ങളിലെ ഒരു മരം നശിയ്ക്കും മുമ്പേ അടുത്ത മരം മുളപൊട്ടി വരുന്നു. ഇതൊരു തരം മരങ്ങളുടെ കുടീരമാണ്. നശിയ്ക്കുന്നവ നശിയ്ക്കും. ബാക്കി നിലനിൽക്കും''

ഉപ്പുമണക്കുന്ന കടൽക്കാറ്റ് ജലം തുളിപ്പിച്ച് ചിതറി. എന്റെ മുഖം നനഞ്ഞു. ചുണ്ടുകളിൽ ഉപ്പുരസമലിഞ്ഞു.. ഞാൻ സ്വപനം കണ്ട ശ്മശാനം തന്നെയിത്. പക്ഷെ അതിനു നടുക്കിലൂടെ റോഡുകളും കെട്ടിടങ്ങളും വന്നു. കടലിൽ നിന്നുമതകന്നു. അത്രതന്നെ.
‘‘മാഡം, എത്രയോ കാലമായി ആളുകൾ ഇവിടെ വരുന്നു. ഇതേ തലവേദനയുമായി വരുന്നു. പണ്ടു കണ്ട സ്വപ്നമെന്നു പറയുന്നു. നൂലു കെട്ടൂ മാഡം. ഇല്ലെങ്കിൽ നിങ്ങളുടെ രോഗം മാറില്ല''
‘‘ഞാനതിനു സ്വപ്ന​മൊന്നും കണ്ടില്ല. എനിക്ക് വെയിലു കൊണ്ടാ തലവേദന വരും''
‘‘നിങ്ങളുടെ ഇഷ്ടം'' അയാൾ ചൊടിച്ചു. അകത്തേയ്ക്കു കയറിപ്പോയി.

‘‘എന്റെ മരം'', ഞാനാ മരക്കൂട്ടത്തെ സ്പർശിച്ചു...
ഊഞ്ഞാലാടുമ്പോലെ ഭയവും തണുപ്പുമാർന്ന ഒരു ഗോളം വയറ്റിൽ നിന്ന്​ മേലേയ്ക്കു കയറിപ്പോയി...
ഞാനാ ഈഴച്ചെമ്പകക്കാവിനെ അമർത്തിപ്പുണർന്നു....
എന്റെ മജ്ജകളിൽ അദൃശ്യരായ കുയിലുകൾ വിഷാദഗീതങ്ങൾ പാടി.
എന്റെ രക്തത്തിൽ മയിലുകൾ നൃത്തം വെച്ചു വേലിയേറ്റമുണ്ടായി.
ഞാൻ തായ്ത്തടിയിൽ ചുണ്ടുകൾ ചേർത്തു, ചുംബനത്തിലെന്റെ പുരുഷന്റെ ചുണ്ടിലെന്നവണ്ണം എന്റെ ലിപ്​സ്​റ്റിക്ക്​ അതിൽ പുരണ്ടു.

ഇന്ദുമേനോൻ
ഇന്ദുമേനോൻ

പിന്നീട് അവന്റെ നെഞ്ചിലെന്നോണം ഞാനാ മരത്തിൽ ചെവി ചേർത്തു. ഡപ്​ ഡപ്​ എന്ന മിടിപ്പ് ഞാനെന്റെ ചെവികളിൽ കേട്ടു.

കടൽദേവത ഉഗ്രകോപിണിയായി ഉപ്പുജലം വാരിയെറിഞ്ഞു. ഞാനവനെ ഇറുക്കിപ്പിടിച്ചു. ഈഴച്ചെമ്പകങ്ങൾ മരമഴപെയ്ത്, അവന്റെ കണ്ണീർ പോലെ എന്റെ ഉടലെത്തഴുകി...

ഞാൻ പ്രേമപാരവശ്യത്തോടെ കണ്ണുകൾ പൂട്ടി...

മലേഷ്യൻ യാത്രക്കൊടുവിൽ തന്നെ ഞാൻ രോഗബാധിതയായി. ചെറിയ പനിയായിരുന്നു. നാട്ടിലെത്തിയപ്പോൾ വിധം മാറി. കടുത്ത പനിയായിരുന്നു. സന്ധികളിൽ വേദന തോന്നി. ഇടക്ക്​ എനിക്കുടൽ ചുട്ടുപൊള്ളി. ചുണ്ടുകൾ പോലും ചൂടിൽ പഴുത്തു. ചിലപ്പോൾ കുളിർന്നു. ശീത സായംകാലത്തിൽ സാന്ധ്യവെളിച്ചം കാറ്റിൽ കുളിർന്നുപരന്ന പോലെ ഞാൻ വിറച്ചു. ചിലപ്പോൾ എനിയ്ക്ക് വിയർത്തു. കയ്​ക്കുന്ന വായയാൽ പിത്തരുചിവെള്ളം ഊറി. പരിശോധനകൾക്കൊടുവിൽ ഡോക്​ടർ ജാഗ്രത്തായി.
‘‘നിങ്ങളെവിടെയെങ്കിലും യാത്ര പോയോ, ആഫ്രിക്കയിലോ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെവിടെയെങ്കിലും?''
‘‘മലേഷ്യയിൽ പോയിരുന്നു''
ഡോക്​ടർ ചെറുതായി ചിരിച്ചു.
‘‘മലേറിയ''
എനിയ്ക്കു ചിരി വന്നതേയില്ല....
എന്തൊക്കെയോ പരിശോധനകൾ..
ഡോക്​ടറുടെ ഊഹം കൃത്യമായിരുന്നു. മരുന്നുകൾ, ഇഞ്ചക്ഷനുകൾ, കൊതുവലയ്ക്കുള്ളിലായുള്ള ഉഷ്ണദിവസങ്ങൾ...

അന്നു പകൽമയക്കത്തിൽ നീലക്കൊതുവലയ്ക്കുള്ളിൽക്കിടന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാനാ സ്വപ്നം കണ്ടു. ആകാശനക്ഷത്രക്കുടക്കീഴിലും, ചെറുചാറ്റൽ മഴയിൽ നനഞ്ഞ്, കടൽജലമുറപൊട്ടുന്ന കുഴിയിൽ അവൻ തന്റെ കണ്ണുകൾ വിടർത്തിക്കിടക്കുന്നത്...
നീലപ്പളുങ്ക് കണ്ണുകളിൽ നിന്നുള്ള പ്രകാശമേറ്റ് നീലിച്ച രാത്രി.
അവൻ പൊടുന്നനെ മണ്ണുകൾക്കൊപ്പം കണ്ണടച്ചു.
മൃത്യുവിന്റെ ഇരുട്ട് ഞങ്ങളെ പ്രേമകരമായ് മൂടി... ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments