പ്യൂപ്പയിൽ ആനന്ദി

എന്റെ കഥ- 23

ഏതു ഉൽപതിഷ്ണുവിനകത്തും യാഥാസ്ഥിതികനായ ഒരു പുരുഷനുണ്ട്. അവന്റെ കോയ്മയുണ്ട്. എന്റെയച്ഛനും അതിൽ നിന്ന്​ പുറത്തു വന്നിട്ടില്ല. ഭാര്യയുടെ കാര്യത്തിൽ പ്രത്യേകിച്ചും.

നന്ദിയും ഞാനും പ്രീഡിഗ്രിക്ക് ഒരിടത്തായിരുന്നില്ല പഠിച്ചത്.
വെവ്വേറെ കോളേജുകളിൽ അപ്പോഴേയ്ക്കും ഞങ്ങൾ പതിനൊന്നിൽനിന്ന്​
വീടു മാറിയിരുന്നു. ഭൂദാന ഭൂമിയുടെ അടുത്ത് സാധാരണക്കാരായ മനുഷ്യരുടെ കോളനിയ്ക്കുള്ളിൽ രണ്ടര ഫൂട്ട് വഴി, കുന്നും നടന്ന്​ താണ്ടിപ്പോയ അച്ഛന്റെ വിപ്ലവത്തിന്​ 15 കൊല്ലം ഒരാക്കം നൽകിയിരുന്നു.
യൂണിവേഴ്സി​റ്റിയിൽ ഒരു വീട്​ വാടകയ്‌ക്കെടുത്ത്​ തറകെട്ടിയ ഒരു സ്ഥലത്ത് വീടു പണിഞ്ഞെടുക്കാമെന്ന് അച്ഛൻ കരുതി. ഉയർന്ന പാറത്തറയും നടുമിറ്റവുമുള്ള ആ വലിയ വീട് പക്ഷെ പാതിയിൽ പണിയുപേക്ഷിച്ച് അച്ഛനും രാമനാട്ടുകരയിൽ തന്നെയൊരു വീടു വാങ്ങിച്ചു. രണ്ടുവർഷത്തോളം ആനന്ദിയുടെ നാട്ടിൽ അയൽപക്കത്ത് ഞാൻ താമസിച്ചു.

‘ഇനി നമ്മൾ എന്നാ കാണ്വാ?' എന്നു വിതുമ്പിയ ആനന്ദിയുടെ വീട്ടിലേയ്ക്ക് സാധനങ്ങളിറക്കുവാനുള്ള ലോറി വരും മുമ്പെ ഞാനോടി.
‘‘എന്താടീ'', അവളുടെ കണ്ണിൽ അത്ഭുതം പതഞ്ഞു.
‘‘എങ്ങനെ വന്നു, ഇന്നു പോണോ?''
‘‘വേണ്ട''
‘‘പിന്നെ? ഇന്നിവിടെ നിക്ക്വോ?''
‘‘ദാ, പക്ഷെ അവിടെ''
‘‘ആ വീട്ടിൽ ആരൂല്ലല്ലൊ''
‘‘ഉണ്ടല്ലോ ഇനി ഞങ്ങളുണ്ടല്ലോ'', ഞാൻ പറഞ്ഞ കാര്യങ്ങളിൽ അവൾ ആഹ്‌ളാദിച്ചു

ഒരിടത്ത് ഒരു കോളേജിൽ ചേരാനായില്ലെങ്കിലും ആനന്ദിയും ഞാനും പക്ഷെ ട്യൂഷന്​ ഒരുമിച്ചായിരുന്നു പോയത്.
തലകുമ്പിട്ട നടത്തം, മങ്ങിയ മുഖത്തെ വിളറിയ ചിരി, ആരെങ്കിലുമെന്തെങ്കിലും പറയുമ്പോഴുണ്ടാകുന്ന നടുക്കം... ഒക്കെ അവളുടെ ഉള്ളിലെ ആഴമുറിവിനെ സദാ ഓർമിപ്പിച്ചു.
ശനി, ഞായർ യാത്രകളിൽ ബസിൽ ഞാനവളെ ഏറെ കരുതലോടെ കൊണ്ടു നടന്നു. എന്റെയുള്ളിൽ അവളോട് അലിവ് മാത്രമായിരുന്നു ഉറപൊട്ടിയത്.
‘‘പാവം പാവം'' എന്നു ഞാൻ അവളെപ്രതി ആകുലയായി.
ഓരോ യാത്രയിലും അവൾ കൂടുതൽ ശ്രദ്ധയാവശ്യപ്പെടുന്നവളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അവൾ തന്നെ ചിതറിച്ച ആ മഹാരഹസ്യം എന്നോട് പങ്കിടും വരെയുള്ള ലോകമായിരുന്നില്ല എനിക്കു പോലും അതിനുശേഷം.
വിരുന്നു പോകുന്ന ഓരോ കുട്ടികളും അരക്ഷിതരാണെന്ന് എനിക്കപ്പോൾ മുതൽ ഉറച്ച തോന്നലുണ്ടായി. ഓരോ വിരുന്നുകളും യാത്രകളും ഞാൻ സംശയത്തോടെ മാത്രം നോക്കി. ഓരോരുത്തർക്കു മേലെയും പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ നേരെ എന്റെ രഹസ്യക്കണ്ണുകൾ പിന്തുടർന്നു. തീർച്ചയായും എന്നെ ആക്രമിച്ച രണ്ടാമനും വീട്ടിനകത്തു തന്നെയായിരുന്നു.

എന്നെപ്പോലെ എളുപ്പത്തിലല്ലെങ്കിലും വളരുമ്പോൾ ആനന്ദിയും ആരെയെങ്കിലും പ്രേമിക്കുമെന്നും ആരെങ്കിലും ഒരുവൻ വന്ന് ഈ ലോകം അത്ര മോശമല്ലയെന്നുമവളെ ബോധിപ്പിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല. ലോകം അത്ര പ്രത്യാശാകരമായിരുന്നില്ല. അവൾ തന്റെ വിഷാദത്തിലും നിരാശയിലും മുറിവിലും ചോരയൊലിച്ചു ജീവിച്ചു.

അച്ഛനാകേണ്ടിയിരുന്ന ആൾ. അച്ഛനെപ്പോലൊരാൾ. ആനന്ദിയുടെ ജീവിതം എന്നെ വലിയ പാഠമാണ് പഠിപ്പിച്ചത്. ഞാൻ എന്റെ വീട്ടിലും കഴുകക്കണ്ണുകളുമായി നടന്നു. എന്റെ സഹോദരരെയോ കസിൻസിനെയോ ആൺപെൺ വ്യത്യാസമില്ലാതെ ഒറ്റയ്ക്കു വിടാതെ ഞാൻ പിന്തുടർന്നു. ഞാൻ വളരും തോറും എന്റെ ആധിയും അരക്ഷിതത്വവും പെരുകി. എങ്കിലും പ്രേമത്തിലും ദാമ്പത്യത്തിലും സത്യസ്‌നേഹത്തിലുമുള്ള വിശ്വാസമെന്നെ ജീവിതത്തെ അൽപ്പം പോസിറ്റീവായിക്കാണാൻ പഠിപ്പിച്ചു.

എന്നെപ്പോലെ എളുപ്പത്തിലല്ലെങ്കിലും വളരുമ്പോൾ ആനന്ദിയും ആരെയെങ്കിലും പ്രേമിക്കുമെന്നും ആരെങ്കിലും ഒരുവൻ വന്ന് ഈ ലോകം അത്ര മോശമല്ലയെന്നുമവളെ ബോധിപ്പിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല. ലോകം അത്ര പ്രത്യാശാകരമായിരുന്നില്ല. അവൾ തന്റെ വിഷാദത്തിലും നിരാശയിലും മുറിവിലും ചോരയൊലിച്ചു ജീവിച്ചു.
അവൾ ദുർബലയാണെങ്കിലും പലപ്പോഴും നിന്നും തളർന്നു വീണും പൊരുതി. എത്ര ശ്രമിച്ചിട്ടും പുരുഷൻ എന്ന സ്വത്വത്തിൽ നിൽക്കുന്ന ഒരാളെപ്പോലും അവൾ വിശ്വസിക്കുവാൻ തയ്യാറായില്ല. വിവാഹപ്രായത്തിൽ ഒടുക്കമവൾക്ക് വീട്ടിൽ നിന്നും ഹോസ്​റ്റലുകളിൽ അഭയം തേടേണ്ടി വന്നു.

അവൾ വിവാഹം വിസമ്മതിച്ച് വിസമ്മതിച്ച് വിദേശത്തൊരു യൂണിവേഴ്സി​റ്റിയിൽ എന്തൊക്കെയോ പഠിച്ചുകൊണ്ടിരുന്നു. ക്രിയേറ്റിവ് റൈറ്റിങ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അങ്ങനെയെന്തൊക്കെയൊ.
​ഇടയ്ക്ക് വിളിയ്ക്കുമായിരുന്നു. അവളുടെ ഗർവ്വും കുളൂസും ധൈര്യവുമൊക്കെ ആദ്യ മൂന്നുമിനിട്ടിൽ മാത്രം; പിന്നെയവൾ പഴയ ആനന്ദിയാവും.
സംസാരിക്കുമ്പോൾ കണ്ണീർ തുളുമ്പുന്ന വേദനിക്കുന്ന പെൺകുട്ടി.
അവൾക്ക് ലോകം ആത്മവിശ്വാസം നൽകിയെന്ന് ഞാൻ വിശ്വസിച്ച ആ നിമിഷം അപ്പോൾ നുണയാകും. ഒന്നും മാറുന്നില്ല. ഒരു പെൺ മുറിവും ഉണങ്ങുന്നില്ല. പെണ്ണുങ്ങൾ പാവങ്ങൾ. ജൈവികമായ ആദിചോദനയാൽ അവരതിനോട് സമരസപ്പെടുക മാത്രമാണ് ചെയ്യുന്നത്. ഒരു സ്ത്രീയും പൂർണമായ നീതിയെയുണ്ട് സമാധാനത്തിലായെന്ന്​ ഞാൻ വിശ്വസിക്കുന്നില്ല. ഒരു സ്ത്രീയും പൂർണമായി സമാധാനത്തിലുമാകുന്നില്ല. അവർ പൊരുത്തപ്പെടുന്നു. പൊറുക്കുന്നു. സമരസപ്പെടുന്നു.
അമേരിക്കയുടെ തിരക്കിലും ആനന്ദി ഒറ്റയ്ക്കു നടന്നു. അമേരിക്കയുടെ ആധുനികതയ്‌കോ വിദേശ സർവകലാശാലയുടെ അക്കാദമികതയ്‌ക്കോ പെണ്ണൂർജ്ജങ്ങൾക്കൊ ഒന്നുമായില്ല അവളെ സമാധാനിപ്പിക്കുവാൻ. അവൾ എന്നിൽ നിന്നും ഞങ്ങളിൽ നിന്നുമൊക്കെ അകന്നകന്ന് ദൂരെയെവിടെയോ ഒരു പ്യൂപ്പയിലേയ്ക്ക് പോയി.

അവളെ വിളിക്കുമ്പോൾ നമ്പർ നിലവിലില്ലെന്നു മാത്രം കേട്ടു.
ഒരിക്കൽ അവളുടെ മമ്മിയെ കണ്ടു. അവർ എന്റെ കൈ പിടിച്ച് നിലവിളിച്ചു. ആനന്ദിയുടെ മുറിവുകളുടെ കാരണം അവർക്ക് തിരിച്ചറിയുവാൻ കഴിഞ്ഞിരുന്നു. വീട്ടിൽ വിരുന്നു വന്ന മാമനെ അവൾ കത്തികൊണ്ട് കുത്തി. അയാളുടെ ഇടതു തോളിൽ നിന്ന്​ ചുടുചോര ചാടിയപ്പോൾ അയാൾക്കും മുമ്പേ അവൾ ബോധം കെട്ടു വീണു.
‘‘എനിക്കൊന്നുമറിയില്ലായിരുന്നു. എന്റെ കുഞ്ഞിനോട് എന്റെ വീട്ടുകാരു കാട്ടിയ ക്രൂരതയൊന്നും എനിക്കറിയില്ലായിരുന്നു’’; അവളുടെ അമ്മ എന്റെ കൈ പിടിച്ചു.
‘‘എന്നോടൊന്നു പറയാരുന്നില്ലെ?'' ആ അമ്മ സങ്കടപ്പെട്ടു.
‘‘എന്നിട്ട്? അറിഞ്ഞിട്ട്? നിങ്ങളെന്തു ചെയ്യുമായിരുന്നു? സഹോദരനെതിരെ പൊലീസിൽ പോകുമോ? മറച്ചുവെച്ച് കൂട്ടുനിന്ന നിങ്ങടെ അമ്മയ്‌ക്കെതിരെ പരാതികൊടുക്കുവോ?''; അവർ പെ​ട്ടെന്നു നിശബ്ദരായി.
‘‘ആനന്ദിയ്‌ക്കൊരു വിശ്വാസമുണ്ട് മമ്മീ. മമ്മിയറിഞ്ഞാൽ അയാളെയും വലിയമമ്മിയേം കൊന്നു കളയുമെന്ന്. അതു കൊണ്ടാണവള് പറയാത്തത്’’, മമ്മിയൊന്നും മിണ്ടാതെ നിന്നു.
‘‘അപ്പച്ചനും മമ്മിയ്ക്കും കൂടി ഈ ട്രോമ പകുത്തുതന്നിട്ടെന്താ എന്നവൾ കരുതി''
‘‘എന്റെ പാവം കുട്ടി. അവക്കെന്നും സന്തോഷണ്ടാവട്ടെന്ന് കരുതിയാണ് ആനന്ദിയെന്ന് പേരിട്ടത്. പേരിലു മാത്രമായല്ലോ അത്. അച്ചായനോട് പറഞ്ഞാൽ ആനന്ദി വിചാരിച്ചതെന്നെ നടക്കും. അറിയാലോ, രണ്ട് അറ്റാക്ക് കഴിഞ്ഞതാണ്'' ഞാൻ തലയാട്ടി.

ആ അമ്മ കരഞ്ഞു കൊണ്ടെയിരുന്നു.

കണ്ണുകളിൽ സന്ദേഹമുണ്ടായിരുന്നു. ദേഷ്യവും പകയുമുണ്ടായിരുന്നു. ഭയമുണ്ടായിരുന്നു...ലോകത്ത് ആക്രമിക്കപ്പെട്ട ഓരോ കുഞ്ഞുങ്ങളുടെയും അമ്മമാരുടെ നിസ്സഹായമായ നിലവിളികൾ ഞാൻ അവരിൽ കേട്ടു. സഹോദരനും ഭർത്താവിനും അച്ഛനും വല്യച്ഛനുമൊക്കെ വേണ്ടി കുഞ്ഞിന്റെ വായും മൂക്കും പൊത്തിവെയ്ക്കുന്ന ആയിരക്കണക്കിന്​ അമ്മമാരുടെ നിസ്സഹായവും അശരണവുമായ നിലവിളി ഞാൻ കേട്ടു...
ആനന്ദി ആ നിലവിളികളെ അമ്മയ്‌ക്കോ ചേച്ചിയ്‌ക്കോ അപ്പനോ അനിയനോ പങ്കിടാനാകാതെ തണുത്ത ഏതോ രാജ്യത്ത് അങ്ങനെ ജീവിച്ചു.
ആനന്ദത്തിന്റെ നാഗശലഭമാകേണ്ട പെൺകുട്ടിയായിരുന്നു. ചിറകറുന്നത് പ്യൂപ്പയിൽ നിന്നു തന്നെ പുറത്തു വരാനാകാതെ പോയി..
അങ്ങനെയെത്ര ആനന്ദിമാർ....

കോയ്മ കോയ്മ ആൺ കോയ്മ

എന്റെ അമ്മ ഏറെ ധൈര്യമുള്ള സ്ത്രീയായിരുന്നു.
അമ്മച്ഛന്റെ ധൈര്യമുണ്ടെന്ന്​ വീമ്പു പറയുമായിരുന്നു.
ശരിക്കും ഒരു വശത്തു നിന്നു നോക്കിയാൽ ഏറെ ധൈര്യമുള്ള സ്ത്രീ തന്നെയായിരുന്നെന്ന് കരുതേണ്ടി വരും. കോളേജിൽ പെൺകുട്ടികൾ സുഹൃത്തുക്കളെയുണ്ടാക്കാൻ ഭയപ്പെട്ട സമയത്ത് ആൺസുഹൃത്തുക്കളുണ്ടായിരുന്ന ആളാണ്. രാഷ്ട്രീയ പ്രക്രിയയിൽ അംഗമായിരുന്നു. സത്യം പറയണമല്ലോ. കെ എസ് യുക്കാരിയായിരുന്നു. ഇലക്ഷനു നിൽക്കാൻ, വോട്ടു പിടിക്കാൻ സമരം ചെയ്യാൻ, ക്ലാസ്​ കട്ടു ചെയ്യാനൊക്കെ ധൈര്യമുള്ള ആൾ. രാഷ്ട്രീയ കാര്യങ്ങളിൽ ഞങ്ങളെതിർചേരിക്കാരായിരുന്നു. ഒരു പക്ഷെ വീര്യം കൂടിയ കമ്യൂണിസ്റ്റ് രക്തം എന്നിൽ തിളച്ചു മറിഞ്ഞു. എന്നാൽ ഇലക്ഷനു നിൽക്കാനോ പാർട്ടിയിൽ പ്രവർത്തിക്കുവാനോ എനിക്ക് കഴിഞ്ഞിരുന്നില്ല. സത്യത്തിൽ അത്തരം ഘട്ടങ്ങളിലുണ്ടാകുന്ന ഭാരങ്ങളെ എനിക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. രാഷ്ട്രീയപ്രക്രിയയിൽ ഭാഗമാകാൻ അമ്മ എന്നോട് നിരന്തരം ആവശ്യപ്പെട്ടു
‘‘മ്മളെ നല്ല ധൈര്യക്കാരാക്കും’' എന്നായിരുന്നു അമ്മയുടെ വാദം.

അമ്മയുടെ നാട്ടിലും വീട്ടിലും സത്യയെന്നാൽ ധീരതയുടെ പര്യായമായിരുന്നു. അമ്മച്ഛന്റെ ചാരനും ഗുണ്ടയും അമ്മയാണ്. അമ്മയുടെ കസിൻസിനെയും സഹോദരിമാരെയും പറ്റിയുള്ള റിപ്പോർട്ടുകൾ ധീരധീരമായി അമ്മച്ചനെയറിയിച്ച് കാര്യപ്രാപ്തിയോടെ നടന്ന അമ്മ. ഞങ്ങളെയും ധീരമ്മാരായി വളരാൻ ഉത്‌ബോധിപ്പിച്ചുകൊണ്ടേയിരുന്നു. മെഡിക്കൽ കോളേജിന്റെ എൻട്രിയിലോ റസ്​ട്രിക്​റ്റഡ്​ എൻട്രിയിലോ പോലും അമ്മയെ ആരും തടഞ്ഞില്ല. ആളുകളെ പേടിപ്പിക്കുന്ന എന്തോ ഒരുതരം ആർജ്ജവം അമ്മയിലുണ്ടായിരുന്നു. ഞാനുമമ്മയും ഒരുമിച്ച് പോകുമ്പോൾ സെക്യൂരിറ്റിക്കാർ എന്നെ തടഞ്ഞു വെയ്ക്കുകയും അമ്മയെ കയ്യുയർത്തി അകത്ത് വിടുകയും ചെയ്യും.
‘‘എന്റെയൊപ്പള്ളതാ'' എന്നമ്മ പറയുമ്പോൾ ‘‘പോയിക്കോ'' എന്നും അവർ പറയും.
‘‘അമ്മ പൊലീസുകാരിയാണെന്ന് അവർ വിചാരിക്കുന്നുണ്ടോ?’’
‘‘അറിയില്ല''
‘‘പിന്നെ?''
‘‘ഞാനേതോ കനപ്പെട്ട ആളാണ് എന്ന് വിശ്വസിക്കുന്നുണ്ടായിരിക്കും''; അമ്മ ചിരിച്ചു.

അമ്മയിൽ സ്ഫുരിയ്ക്കുന്ന എന്തോ ഒരു തരം ഊർജ്ജമാണതിനു കാരണമെന്ന് അമ്മമ്മ വിശ്വസിച്ചു. അമ്മയുടെ മുഖഭാവവും ശരീരഭാഷയുമാണ് കാരണമെന്ന് വേറെയും വാദങ്ങളുണ്ടായി.
കത്തുകളുടെ വിഷയത്തിലും ചർച്ചയിലുമൊഴിച്ച് ബാക്കിയെല്ലാത്തിലും അമ്മ കിക്കിടുവായിരുന്നു. പറയാനുള്ളവ പറയണമെന്നും ചോദിക്കാനുള്ളവ അപ്പപ്പോൾ ചോദിക്കണമെന്നുമായിരുന്നു അമ്മയുടെ രീതി.
കോളേജിൽ വച്ച് ഒരുപാട് സുഹൃത്തുക്കളെ ആൺപെൺ ഭേദമെന്യേ അമ്മ ഉണ്ടാക്കിയിരുന്നു. ഇതിൽ അമ്മയുടെ അനിയനായ ശിമ്മാമയ്ക്ക് വലിയ എതിർപ്പായിരുന്നു
‘‘സത്യേട്ത്തിയെന്തിനാ കണ്ട ഊളോളോട് മിണ്ട്‌ന്നെ?’’
‘‘പോടാ ശിവദാസാ'', അമ്മ കൂസലില്ലാതെ ശിമ്മാമയെ ഓടിച്ചു വിട്ടു.
‘അമ്മ ഒരു ഭീകരജീവി’ എന്ന സിനിമയിലെ യഥാർത്ഥ നായികയായിരുന്നു എന്റെ അമ്മ.

മൂന്നാല് ദിവസമായി അമ്മ പരിഭ്രാന്തിയിലാണ്. കല്ലൂത്താങ്കടവ് വഴി വിജനമായതിനാൽ ഇന്നലെ മുതൽ അമ്മ ഓട്ടോയെടുത്ത് പാളയത്ത് വന്ന് മീഞ്ചെന്ത ബസിൽ കേറി അവിടുന്ന്​ മാറിക്കേറിയാണ് വരുന്നത്.
ഇന്നു പക്ഷെ അമ്മയെ അയാൾ കൃത്യമായിത്തന്നെ പിന്തുടർന്നു. അമ്മ പച്ചക്കറി വാങ്ങാൻ കയറിയപ്പോൾ മാർക്കറ്റിലയാൾ. അമ്മ കായക്കടയിൽ കയറിയപ്പോൽ അവിടെയുമയാൾ. അമ്മ രേണുകാ മാരിയമ്മൻ സ്റ്റോറിൽ ചെന്നപ്പോൾ അവിടെയുമയാൾ.

സ്വയമേ ധീരത നടിച്ച അമ്മ ഉള്ളിൽ പൂവുപോലെ ദുർബലയായ ഒരുവളാണെന്ന് ഞാൻ മനസ്സിലാക്കിയത് എന്റെ ഡിഗ്രിക്കാലത്താണ്. അമ്മ ശരിയ്ക്കും പേടിച്ച ഒരു സന്ദർഭമുണ്ടായി. സ്ത്രീകളെ ആക്രമിക്കുകയും അവരോട് പ്രത്യക്ഷമായും പരോക്ഷമായും സെക്ഷ്വൽ ഫേവറുകൾ ആവശ്യപ്പെടുകയും ചെയ്യുന്ന സന്ദർഭത്തിൽ എത്ര ധീരയും അധീരയാകും. എത്ര കരുത്തും ചോർന്നു പോകും.

അച്ഛന്റെ സ്‌കൂളിനെ പറ്റി ഞാൻ പറഞ്ഞിരുന്നല്ലോ. ബാബയുടെ ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളും സ്വപനങ്ങളും ചേർത്തുവെച്ച് ബാബയുണ്ടാക്കിയതാണത്. ബാബയെന്നാൽ നാട്ടുകാർക്ക് രാധേട്ടൻ. കൈത്തൊഴിലുകളിൽ പ്രാവീണ്യം നേടിക്കൊണ്ട് വിദ്യാഭ്യാസം ചെയ്യുക എന്ന വാർധാ മാതൃകയായിരുന്നു അവിടെ. ബാബയുടെ അച്ഛന്റെ കുടുംബവീട് വീതം കിട്ടിയ ഇടത്തിലാണ് സ്‌കൂൾ പണിതത്. വിനോഭാബാവെയും പല പ്രമുഖ നേതാക്കളും സേവാമന്ദിരത്തിൽ വന്നിട്ടുണ്ട്. അമ്മക്കും സേവാമന്ദിരം സ്വന്തമിടം തന്നെ. ഒരുപക്ഷെ ബി.എഡ് ചെയ്തിരുന്നുവെങ്കിൽ അമ്മയും അവിടെത്തന്നെ അധ്യാപികയാകുമായിരുന്നു. അച്ഛനും വല്ല്യമ്മയും ചെറിയമ്മയുമൊക്കെ ജോലിചെയ്യുന്ന സ്‌കൂൾ, ഞാനടക്കമുള്ള വീട്ടിലെ കുട്ടികൾ പഠിച്ച സ്‌കൂൾ. അത്രയും സുപരിചിതമായ സ്‌കൂളാണ് അമ്മയ്ക്ക്. അവിടുത്തെ ഒരു അധ്യാപകൻ, അച്ഛന്റെ സഹപ്രവർത്തകനാണ് അമ്മയെ ഭയപ്പെടുത്തിയ വില്ലൻ.
എപ്പോൾ വരുമ്പോഴും ഏറെ സൗഹാർദ്ദത്തോടെ ചിരിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്ന ആളെ ആദ്യമൊന്നും അമ്മ സംശയിച്ചില്ല. ഓഫീസ്​ മുറിയിൽ തന്റെ ഭർത്താവിനും രണ്ട്​ സഹോദരിമാർക്കും ഒപ്പം തന്റെ മക്കളുടെ മാഷായുമൊക്കെ ഇരുന്ന ഒരാൾ ഇങ്ങനെത്തെ ദുരുദ്ദേശ്യക്കാരനാണെന്ന് അമ്മ ഒരിക്കലും കരുതിയിരുന്നില്ല.

പിന്നെപ്പിന്നെ അമ്മയ്ക്കു സംശയമായി.
ഒരു നോട്ടം കൂടുതലുണ്ടോ? ഒരു മൂർച്ചയും ആഴവും കൂടിയ ഒന്ന്.
ശരിയല്ലാത്ത ഒന്ന്. അമ്മയുടെ ആധികൾ അമ്മ എന്നോട് പങ്കിട്ടു.
‘‘എടീ രാമൻ മാഷ് എങ്ങനെയാണ്? കുട്ടികളോടൊക്കെ നന്നായാണോ പെരുമാറുന്നത്?’’
‘‘ഒറപ്പായിട്ടും. നല്ല മര്യാദക്കാരനാണല്ലോ. പിന്നെന്തെ?’’
‘‘എന്തൊ ഒരു ശരികേട്. അമ്മേടെ തോന്നലാണോന്നറയില്ല'', അമ്മ ആകുലപ്പെട്ടു.
‘‘വഷളൻ ചിരിയാണോന്ന് ചോയ്ച്ചാൽ അല്ല. എന്ന വഷള് ചിരിയല്ലെ എന്നു ചോദിച്ചാൽ ആണ്.’’
‘‘എന്താണമ്മേ?. കവിയും കാൽപ്പനികനുമായിരിക്കാം. അമ്മയാണെങ്കിലോ കവീടെ സഹോദരി, കവീടെ അമ്മ. ആനന്ദ്‌ലബ്ദിയ്ക്കിനിയെന്തു വേണം. കവിതയിൽ ഒരു കത്തിന്റെ കുറവ് ഈ വീട്ടിലുണ്ട്. അതു വന്നാൽ നമുക്ക് കവിതയിൽ മറുപടിയെഴുതാം.’’
‘‘പോടി''
ഞങ്ങളുടെ ചർച്ചകൾ അങ്ങനെ പോയി..

ഒരുദിവസം ഞാൻ കോളേജ് വിട്ട് കപ്പലണ്ടിയും വാങ്ങിത്തിന്ന്​ ‘ഞാനല്ലെടാ ഈ രാമനാട്ടുകര രാജ്യത്തിന്റെ രാജാവ്’ എന്ന സ്‌റ്റൈലിൽ മുഖവുമുയർത്തി നടക്കുകയായിരുന്നു. ഫാൻസിക്കടയും ചെരുപ്പുകടയും നടത്തുന്ന ഫിറോസ്​ എന്നെ കൈമാടി വിളിച്ചു.
‘‘ന്തെയ്‌നും കോയാ?''
‘‘ഇജി ബാ, ഒരു പ്രശ്‌നിണ്ട്''
‘‘എന്ത്ത്ത് പ്രശ്‌നാണ്ടോ?''
‘‘അമ്മയ്ക്ക് വയ്യ.''
‘‘എന്താ പറ്റ്യേ'' ഞാനാകെ പേടിച്ചു. എന്റെയമ്മ ഒരു ഹൃദ്രോഗിയാണ്. ഇടക്കിടെ വയ്യാതാകും
‘‘പേടിക്കാന്മാത്ര ഓന്നൂല, അമ്മച്ചി പേടിച്ച്റ്റാണ്''
‘‘പേടിച്ച്റ്റാ? എന്താ?''
‘‘ബാ, പറജ്ജാബളെ''
ഫിറോസ്​ എന്നെയും കൂട്ടി അവന്റെ ഫാൻസിക്കടയിൽ ചെന്നു. എടുത്തു കൊടുക്കുന്ന പെൺകുട്ടികൾ ചിരിച്ചു.
‘‘ഇമ്മ ഔത്ത്ണ്ട്''
അമ്മ ഫാൻസിയുടെ പുറകിലെ ചെരുപ്പു വെച്ച സ്ഥലത്ത് ആകെ പരിഭ്രമിച്ച് കുത്തിയിരിക്കുന്നുണ്ട്.
‘‘ന്താമ്മാ''
‘‘അത്'', അമ്മ പരീക്ഷീണയായി.
‘‘അയാള്. ആ രാമന്മാഷ്''
‘‘രാമന്മാഷ്?''

മൂന്നാലു ദിവസമായെത്രെ തളിയിൽ നിന്ന്​ അമ്മ കല്ലുത്താൻ കടവിലേയ്ക്കു പോകുന്ന വഴിയിൽ അയാൾ അമ്മയെ പിന്തുടരാൻ തുടങ്ങിയിട്ട്.
‘‘എന്നിറ്റ്?''
""എന്നിറ്റെന്താ, ഞാൻ കല്ലുത്താൻ കടവ് കോളനില് കേറും. അവടെ അമ്മന്റെ ക്ലാസിലെ ചില കുട്ടികൾ പഠിക്കുന്നുണ്ട്.''

മൂന്നാല് ദിവസമായി അമ്മ പരിഭ്രാന്തിയിലാണ്. കല്ലൂത്താങ്കടവ് വഴി വിജനമായതിനാൽ ഇന്നലെ മുതൽ അമ്മ ഓട്ടോയെടുത്ത് പാളയത്ത് വന്ന് മീഞ്ചെന്ത ബസിൽ കേറി അവിടുന്ന്​ മാറിക്കേറിയാണ് വരുന്നത്.
ഇന്നു പക്ഷെ അമ്മയെ അയാൾ കൃത്യമായിത്തന്നെ പിന്തുടർന്നു. അമ്മ പച്ചക്കറി വാങ്ങാൻ കയറിയപ്പോൾ മാർക്കറ്റിലയാൾ. അമ്മ കായക്കടയിൽ കയറിയപ്പോൽ അവിടെയുമയാൾ. അമ്മ രേണുകാ മാരിയമ്മൻ സ്റ്റോറിൽ ചെന്നപ്പോൾ അവിടെയുമയാൾ.

‘‘ഞാനെങ്ങനെയെങ്കിലും ഒരു കടലുണ്ടി ബസിൽ കയറി. കാലുകുത്തിനിൽക്കാൻ സ്ഥലമില്ലതില്. അവടേം അയാൾ'', അമ്മയ്ക്കു തലകടഞ്ഞു.
‘‘മാറിപ്പോയി മാഷെ.’’
‘‘പോകാനാണെങ്കിൽ ഞാനഞ്ചൂസ്സായിട്ട് മെനക്കെട്വോ. സത്യ വിചാരിക്കണ ആളല്ല ഞാൻ.’’
‘‘ഇക്കളി നിങ്ങക്ക് നല്ലതല്ല മാഷെ. ഞാനെന്റെ മാഷോട് പറയും.’’
‘‘ഓ, പറഞ്ഞോളൂ, സത്യ ആരോടാച്ചാ പറഞ്ഞോളൂ''; അമ്മ ചകിതയായി.
രണ്ടും കൽപ്പിച്ചാണിയാൾ ഇറങ്ങിയിരിക്കുന്നത്.
‘‘അങ്ങോട്ട് നീങ്ങി നിക്ക്‌ടൊ'', കണ്ടക്​ടർ അയാളെ മാറ്റാൻ നോക്കി.
‘‘ഇതേ സത്യാണ്, അവൾടടുത്ത് ഞാൻ നിക്കും.’’
അമ്മയുടെ പ്രാണൻ പകുതി പോയി. ആരെങ്കിലും കേട്ടാൽ, കണ്ടാൽ എന്തായിരിക്കും ഉണ്ടാകുക എന്നോർത്ത് അമ്മ പരിഭ്രമിച്ചു.

രാമാനാട്ടുകരയിലെത്തിയപ്പോഴേയ്ക്കും രാമനാട്ടം അതിന്റെ മൂച്ചിലെത്തി.

ബസ്സിറങ്ങുമ്പോൾ കൈ പിടിക്കാൻ നോക്കി. അമ്മ ഓടി ഒരു കടയിൽ കയറുമ്പോൾ അവിടെയും കയറി. ചെരുപ്പുകടയിൽ വെച്ച് ‘‘സത്യയ്‌ക്കെന്താ വേണ്ടേ?'' എന്നും പറഞ്ഞ് ശരിക്കും കയ്യിൽ കേറി പിടിച്ചു. ധീരവീര പ്രാണനും കൊണ്ട് പാഞ്ഞു. ഓടി അപ്പുറത്തെ ഫിറോസിന്റെ കടയിൽ കയറി. പ്രശ്‌നം സൂചിപ്പിച്ചു.
‘‘അയ്‌നു കൊയപ്പല്ല അമ്മച്ചീ. ങ്ങളാത്തിരുന്നോളീ. കദീസേ,​ ഇജി അമ്മ്ച്ചിനെ ഔത്തുക്ക് കുണ്ടോയാ.’’
പക്ഷെ അമ്മ വിറച്ചു പോയിരുന്നു. ഹൃദ്രോഗിയായതിനാലായിരിക്കും അത്രയും സ്‌ട്രെസ്​ അമ്മയ്ക്ക് പാൽപ്പിറ്റേഷനും കിതപ്പുമുണ്ടാക്കി. ശ്വാസം മുട്ടോടെ അമ്മ ചെരുപ്പുമുറിയിൽ പതുങ്ങിയിരുന്നു.
അയാൾ കടയിലേയ്ക്ക് കയറി വന്നു.
‘‘ടീച്ചറ് വന്നീനോ''
‘‘ഇല്ലല്ലോ, എന്തെ മാഷെ?'' രാമൻ മാഷ് പുറത്തേയ്ക്കു പോയി.

ഇതാണ് സംഭവം.
എനിക്ക് വല്ലാത്ത ദേഷ്യം വന്നു. രാമൻ മാഷുടെ ഭാര്യയും മക്കളുമൊക്കെ ഞങ്ങളോട് വളരെ സ്‌നേഹമുള്ളവരും സാധുക്കളുമാണ്. എല്ലാവർക്കും കുഴപ്പം വരാൻ പോകുന്ന സംഗതിയാണ്. ഈവ് ടീസിങ്ങ് നടത്താൻ പറ്റിയ പ്രായവും പറ്റിയ ഇരയും.
‘‘ചാടിപ്പുടിച്ചാണ്ട് ഒന്നും ഇജ്ജി ചെയ്യണ്ട. അയ്യാള് സെരില്ലബ്‌ളെ. എന് ക്ക് നേരിട്ടറിയാം. നല്ല പട്ച്ച കള്ളനാ. പേടിത്തൂറിയാണ്.''
ഫിറോസ്​ നിലവിലെ അയാളുടെ കാമുകിയെക്കുറിച്ചുള്ള വിവരങ്ങൾ എന്നോട് പറഞ്ഞു.
‘‘ഡോക്ടെറെട്ത്ത് പോണോ അമ്മാ''
‘‘വേണ്ട''
‘‘ന്നട്ട് ഫിറോസേ?''
‘‘ബീടർന്നെ പേടില്ലെങ്കിലും ഓറെ നല്ല പേട്യാ. ആപ്പെണ്ണ്ങ്ങളെ കയ്യില്​ ഇമ്പാടും ചിക്ക്‌ളിണ്ട്. അതോണ്ട് ഇബനങ്ങനെ ഓളെ ബെറുപ്പിക്കൂല.’’
ഓർക്കെ എനിക്ക് അസഹനീയത തോന്നി. ശാരദടീച്ചറുടെ തെളിഞ്ഞ മുഖം ഓർമ വന്നു. എന്തൊരു സ്‌നേഹവും മര്യാദയുമാണ് ആ ടീച്ചർക്ക്. അവർ ഇതൊക്കെ അറിയുന്നോ ആവോ.

അമ്മ വിറച്ചിരിക്കയാണ്. കയ്യൊക്കെ തണുത്ത് മരവിച്ചിരിക്കുന്നു.
‘‘വരൂ അമ്മാ പോകാം. ഇത് ഞാനേറ്റു''
‘‘അയ്യോ അച്ഛനോടൊക്കെ പറഞ്ഞാലത് സ്‌കൂളില് പ്രശ്‌നാവും.’’
‘‘അതെനിക്കുമറിയാം'', കത്തിന്റെ വിഷയം സ്‌കൂളിലുമൊക്കെ എത്തിയ സമയമാണ്. ഒരു പ്രശനമുണ്ടാക്കാൻ അമ്മ ഭയന്നു.
‘‘അമ്മ ബാ'', ഞാനമ്മയെ കൂട്ടി.
‘‘അയ്യാള് ഒതേനൻ ചെട്ട്യാരെ ടെക്‌സ്‌റ്റൈൽസ്സിലുണ്ട്'', സലാലയിൽ നിന്ന്​ചായകുടിച്ചു മടങ്ങിയ കദീജ പറഞ്ഞു.
‘‘അയ്യൊ ഇന്നാ അയാള് പോട്ട്?''
‘‘എന്നട്ട്?''
അമ്മ തലതാഴ്​ത്തി നിന്നു
‘‘നാളെയും അയാള് വന്നാല്. എന്തെങ്കിലും കൂടുതലായ്ട്ട് ഉപദ്രവിച്ചാല്? ഇത് തീർത്തേ പറ്റൂ’’.

എത്ര ധീരയായ സ്ത്രീയ്ക്കുള്ളിലും അധീരയായ, ഭീരുവായ ഒരുവളുണ്ടെന്ന പാഠം ആ സംഭവത്തോടെയാണ് ഞാൻ മനസിലാക്കിയത്. പൂർണമായും ധീരയായ ഒരു സ്ത്രീ എന്നത് ഈ സമൂഹത്തിൽ മിത്താണ്.

എനിക്ക് വാശിയായി. എന്റെ തെക്കൻ രക്തം കുതികൊണ്ടു.
അമ്മയേയും കൂട്ടി ഞാൻ ഒതേനൻ ചെട്ട്യാരുടെ കടയിൽ ചെന്നു. രാമന്മാഷ് കസേരയിലിരുന്നു ഉറക്കെ സംസാരിക്കുകയാണ്. ഞങ്ങൾ രണ്ടാളും കയറി വന്നപ്പോൾ അയാൾ നിശബ്ദനായി.
‘‘മാഷെ ഇങ്ങളമ്മേനെ അന്വേഷിച്ചുന്നു കേട്ടു. ദാ അമ്മ. പറയാള്ളത് പറയ്.’’
ടെക്​സ്​റ്റൈയിൽസിൽ നിൽക്കുന്ന ആൾക്കാരും കൗണ്ടറിലെ എടുത്തു കൊടുപ്പുകാരും എന്തോ നടക്കാൻ പോകുന്നെന്ന രൂപത്തിൽ ഞങ്ങളെ തുറിച്ചു നോക്കിഴ
‘‘എടോ മാഷെ... നിങ്ങളെന്നെ പഠിപ്പിച്ചതൊക്കെ തന്നെ. ഇന്നു നിങ്ങടെ പ്രകടനം കാരണം അമ്മയ്ക്ക് വയ്യാണ്ടായി. സുഖല്യാത്തതാണ്. അല്ല ഇങ്ങളെ ഉദ്ദേശന്താ?''
മാഷ് ആകെ വിളറിപ്പോയി. ഒതേനന ചെട്ട്യാരുടെ മൂത്തമകൻ വന്നു.
‘‘എന്താ കുട്ട്യേ കൊഴപ്പം വല്ലതും?''
‘‘അതെ വല്ല്യെ കൊഴപ്പാണ്. മാമൻ ഒന്നു പൊലീസിനെ വിളിക്ക്യോ?''
‘‘അയ്യൊ അതൊന്നും വേണ്ട. രാഘവാ ഞാൻ പറഞ്ഞ് തീർത്തോളാം'', രാമനമാഷ് കൂടുതൽ ചകിതനായി

‘‘നാലഞ്ചു ദിവസായിട്ട് നിങ്ങളെന്റെ അമ്മടെ പൊറകെ നടക്കാണ്. നിങ്ങക്കെ നാണണ്ടൊ മാഷെ? മാഷാത്രെ മാഷ്'', ഞാൻ പൊട്ടിത്തെറിച്ചു.
‘‘നോക്ക് ഞാനിത് വല്യ പ്രശ്‌നാക്കും. എച്ച്​.എമ്മിനും ഡി.ഡിയ്ക്കും കംപ്ലയിൻറ്​ ചെയ്യും. വീട്ടില് വന്നട്ട് ശാരദടീച്ചറോട് പറയും ഞാൻ..'', പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു; ‘‘പക്ഷെ ഇപ്പോ ഞങ്ങള് പോണത് കൂടി പറഞ്ഞു തരാ രാമൻ മാഷെ, താരാമണി ടീച്ചറുടെ വീട്ടിലേയ്ക്കാണ്. രണ്ടാലൊന്നു തീരുമാനിച്ചിട്ടേ ഞങ്ങളിനിയുള്ളൂ. പിന്നെ അച്ഛനോട് പറഞ്ഞിട്ട്ണ്ട്, പൊലീസ് സ്റ്റേഷനീപ്പോയി പരാതി കൊട്ക്കാനാ അച്ഛൻ പറഞ്ഞത്.’’

രാമൻ മാഷ് സ്ത്ബ്ധനായി. അയാളുടെ മുഖത്ത് പേടിപടർന്നു.

‘‘അയ്യോ ഞാൻ അറിയാതെ ചെയ്തു പോയതാണ്. കാലുപിടിക്കാം. പ്രശ്നാ​ക്കരുത്. പ്ലീസ്​. ഇത്തിരി കുടിച്ചിട്ടുണ്ടായിരുന്നു.''
‘‘ഓ, നിങ്ങളു കുടിച്ചാൽ ഞങ്ങൾക്കെന്താ? അത് എന്റമ്മനോട് വൃത്ത്യേടായിട്ട്​പെരുമാറാനുള്ള ലൈസൻസല്ല. ഒന്നുല്ലേലും നിങ്ങളെന്റെ അച്ഛന്റെം വെല്ല്യമ്മെന്റെം ചെറിയമ്മന്റേമൊക്കെ ഫ്രൻറ്​ അല്ലേ? സഹപ്രവർത്തകനല്ലേ? വെളിവ് വേണ്ടേ മാഷെ? എല്ലാ ടീച്ചർമാരും താരാമണിയല്ല''.
‘‘പ്ലീസ് പ്ലീസ്​. ടീച്ചറേ ക്ഷമിക്കണം''; അയാൾ നിലവിളിക്കുന്ന പോലെയായി.
‘‘ബാ അമ്മാ, നമുക്ക് പോകാം''; ഞാൻ അമ്മയെയും കൂട്ടി പുറത്തിറങ്ങി.

എന്തായാലും അന്നേയ്ക്കു പിന്നെ അയാൾ വന്നതേയില്ല. അതിന്റെ അലയടങ്ങിയപ്പോൾ ഞാനമ്മയെ പേടിപ്പിക്കും.
‘‘അച്ഛനോട് പറയട്ടെ?''
‘‘വേണ്ടെടീ. മൂപ്പർക്ക് അല്ലങ്കിൽ തന്നെ കത്തിന്റെ കേസിലു ചൂടായി നിക്കാണ്''
‘‘അയ്യോ, എന്തൊക്കെയായിരുന്നു; പെണ്ണുങ്ങള്​ ഒന്നു നന്നായി നോക്കിയാ ഏതൊരുത്തനും നിക്കണ്ടോട്ത്ത് നിക്കും. ഇന്നി​ട്ടെന്തേനു ഓറ് നിക്കാഞ്ഞെ?'', ഞാൻ പരിഹസിച്ചു.
‘‘പിന്നെ പേടി. ങ്ങള് എന്താരുന്നു ഡയലോഗ്. അമ്മച്ഛന്റെ ഗുണ്ട... ഹിഹി''
ഞാൻ അമ്മയെ കളിയാക്കി

‘‘അമ്മച്ഛന്റെ ഗുണ്ട പേടിച്ചാലും അമ്മേടെ ഗുണ്ട പേടിച്ചില്ലല്ലോ'', അമ്മ വാത്സല്യത്തോടെ പറഞ്ഞു.
‘‘അല്ലടോ, എന്താ താരാമണി ടീച്ചറുടെ കാര്യം പറഞ്ഞത്?''
‘‘ഒന്നുമില്ലേ സാറെ.. യെന്തൊരു ജിജ്ഞാസ. ഗോസിപ്പ് വല്യ ഇഷ്ടാണല്ലെ''

എത്ര ധീരയായ സ്ത്രീയ്ക്കുള്ളിലും അധീരയായ, ഭീരുവായ ഒരുവളുണ്ടെന്ന പാഠം ആ സംഭവത്തോടെയാണ് ഞാൻ മനസിലാക്കിയത്. പൂർണമായും ധീരയായ ഒരു സ്ത്രീ എന്നത് ഈ സമൂഹത്തിൽ മിത്താണ്. അച്ഛന്റെ സബാൾ​ട്ടേൺ എൻറിറ്റി എന്ന നിലയിലാണ് അമ്മയ്ക്കാ ഭയം ഉരുവം കൊണ്ടത്. അവർ നല്ല സ്‌നേഹമുള്ള അടുപ്പമുള്ള എല്ലാം പങ്കിടുന്ന ഇണകളായിരുന്നിട്ടും അമ്മയ്ക്കിത് പറയാനുള്ള ധൈര്യം എന്തുകൊണ്ടുണ്ടായില്ല എന്നു ഞാൻ ഓർക്കാറുണ്ട്. കത്തുകൾ ഒരു കാരണമാണ്. പക്ഷെ അതിനേക്കാളുപരി അമ്മയും ഞാനും എല്ലാ സ്ത്രീകളും എന്നും ഭയത്തോടെ കാണുന്ന ഒന്നുണ്ട്. പാട്രിയാർക്കി.
‘‘സത്യയ്ക്ക് ഇത്തിരികൂടി അച്ചടക്കാമാവാരുന്നു'', ‘‘ഒച്ച താഴ്​ത്തി സംസാരിച്ചൂടെ?'', ‘‘പെണ്ണുങ്ങളായാ അടക്കം നല്ലതാണ്'' തുടങ്ങിയ അച്ഛന്റെ ചില പഴഞ്ചൻ വർത്തമാനങ്ങൾ ഞാനോർത്തു. ഏതു ഉൽപതിഷ്ണുവിനകത്തും യാഥാസ്ഥിതികനായ ഒരു പുരുഷനുണ്ട്. അവന്റെ കോയ്മയുണ്ട്. എന്റെയച്ഛനും അതിൽ നിന്ന്​ പുറത്തു വന്നിട്ടില്ല. ഭാര്യയുടെ കാര്യത്തിൽ പ്രത്യേകിച്ചും.

‘‘ആ, കുത്തിയിരുന്ന്​ എഴുത്... ഫുൾടൈം ഫെയ്സ്​ബുക്കില്ലല്ലേ'', ഭർത്താവിന്റെ പരിഹാസപ്പേച്ച് കേൾക്കെ ഞാൻ അമ്പരക്കുന്നു.
‘‘ആ എഴുതി വെയ്ക്ക് .. ലൈക്ക് പുഴുങ്ങി തിന്ന്''- അതെ പാട്രിയാർക്കിയാണ്​, തലയുയർത്തുന്ന ഓരോ പെൺനാമ്പിനെയും അരിയുന്നത്​ പാട്രിയാർക്കിയാണ്​... ഉപദ്രവിക്കപ്പെട്ട ആനന്ദിയെ ചീത്ത വിളിച്ച അമ്മാമ്മയും കാസറ്റുകടയിൽ പോയതിന്​ വഴക്കു കേൾക്കുന്ന ഞാനും രാമന്മാഷ് പിറകെ നടന്നുപദ്രവിക്കുമ്പോൾ ഭയക്കുന്ന അമ്മയും അധീരമാകുന്നത് ആ കോയ്മയാലാണ്. ▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments