കീർത്തന, ഇന്ദുമേനോൻ

കീർത്തന; അവളെ പുഴയലിഞ്ഞു
കീർത്തന; അവളെ കടലലിഞ്ഞു

എന്റെ കഥ- 27

കണ്ണുനീർ നനഞ്ഞ നൈറ്റി പൊടുന്നനെ ചുരുൾ വിടർന്നു. ഒരുപക്ഷെ ഒരാൾ നദിയിലേയ്ക്കു കുതിച്ചു ചാടും പോലെ തോന്നി. കാറ്റിൽ കൈകൾ വിടർത്തി, പതിയെ, അത് നദിയിൽ വീണുവിടർന്നു. ഒഴുകി. കടൽദിശയിലേയ്ക്ക് അതിദ്രുതം ഒഴുകി.

ലരും എന്നെ എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചുപോയിട്ടുണ്ട്.
അകാരണമായി സൗഹൃദങ്ങളറുന്നുഴന്നുപോയിട്ടുണ്ട്.
പ്രേമത്തിൽ ചതി ചെയ്യപ്പെട്ടുപോയിട്ടുണ്ട്.
തെറ്റിദ്ധരിച്ചുപോയി അകന്നിട്ടുണ്ട്.
ദാമ്പത്യത്തിൽ കലഹിച്ച്, പിണങ്ങി ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.
തിരക്കിൽ പെട്ട് ഞാനാരുമല്ലാതായിട്ടുണ്ട്.
അങ്ങനെ അങ്ങനെ പലർ സ്വാഭാവികമായി അകന്ന്, അടർന്നു പോകും.
​ഒരു വലിയ കരച്ചിൽ തൊണ്ടയിൽ വിഴുങ്ങിക്കിടക്കും.
ഒരിക്കലും ദഹിക്കാത്ത ഇര പോലെ ഹൃദയത്തിലും ആത്മാവിലും കൂടുങ്ങിയാകൽച്ച മുഴച്ചു കിടക്കും.

പക്ഷെ മരണമാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരനായ വില്ലൻ.
ഓർമയുടെ മുറിവിലേയ്ക്ക് നമ്മുടെ പ്രിയപ്പെട്ടവരെ പൂഴ്​ത്തിക്കളഞ്ഞ് എന്തുമേതുമെന്നെന്നേക്കായ് അവസാനിപ്പിച്ചുകളയുന്ന കൊടിയ ദ്രോഹി. അവനോളം നമ്മെ തകർക്കുന്ന അരുമില്ല. നാമെത്ര ശ്രമിച്ചാലും കഠിനതരമായി ഉഴന്നാലും ആ മരണനിരാസത്തിന്റെയത്ര തീവ്രമായ ഒന്ന് ഉണ്ടാകയില്ല. എത്ര അഴുതാലും എത്ര ഉഴച്ചാലും ഒരു തിരിച്ചുവരവ് അതിൽ പ്രതിയുണ്ടാകില്ല.
എന്റെ അമ്മൂമ്മയുടെ മരണം മകനെ ഗർഭം ധരിച്ച കാലത്തായിരുന്നു. അതുപോലെ നരകയാതനയനുഭവിച്ച കാലം എന്റെ ജീവിതത്തിലുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ച ഒരു ചതിയാൽ എന്റെ ഭർത്താവ് പരിക്ഷീണനായി നടക്കുന്ന കാലം. എന്റെ കഠിന കഷ്ടകാലം. അയാൾ അയാളുടെതായ ഒരു പുറ്റിൽ ജീവിക്കുന്ന കാലം. ഒരു വശത്ത് കേസുകൾ, ഒരു വശത്ത് ഗുണ്ടകളുടെ ഭീഷണികൾ, മാനഹാനി, ഭയം, രോഗാതുരത, ഭർത്താവിന്റെ ഉപേക്ഷ...

വളവുകളിലും തിരിവുകളിലും സ്റ്റെപ്പിനിയില്ലാത്ത വണ്ടിയുമായി ഒരു മരണയാത്ര. കറുത്ത പുള്ളിക്കുത്തും മഞ്ഞപ്പുതപ്പണി ദേഹവുമായി ഇരതേടിയിറങ്ങിയ പുള്ളിപ്പുലി ഗ്ലാസ്സിൽ വന്നിടിച്ചു. ചില്ലു മുക്കാലെ കേറ്റിയതും പുള്ളീപ്പുലിച്ചി ചാടിവീണു. വിശപ്പുകൊണ്ട് വലഞ്ഞവൾ എന്റെ കണ്ണാടി മാന്തി.

ആ ഒരു മഴക്കാലത്ത് അമ്മൂമ്മ തണുത്തുകിടന്നു.

ജലം വീണ കുമിളകളുടെ ചിത്രമുള്ള ബനിയൻ നൈറ്റി ധരിച്ച്, കാലുകളിൽ ഓടിക്കളിക്കുന്ന പേശികളുടെ കടുത്ത വേദനയിൽ ഉള്ളുലഞ്ഞ് ഞാൻ കട്ടിലിൽ തന്നെ കിടന്നു. മരണം മുഴുവനായി നെഞ്ചിലൊരു കനമായങ്ങനെ കിടക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ തായ് വഴിയിലെ ആദ്യത്തെ സ്ത്രീ. എന്നെയാദ്യമായി ഏറ്റുവാങ്ങിയവൾ. വള്ളിക്കാട്ടെ അതിസുന്ദരിയായ കുഞ്ഞിലക്ഷ്മി. അവരുടെ മടക്കം...

അടുത്തത് പിന്നെ അമ്മയായിരുന്നു.
എന്റെ നേർ ജനിതകം. എന്റെ തന്നെ ഗർഭപാത്രം. എന്റെ രക്തം. എന്റെയമ്മ. അതൊരു ക്രിസ്തുമസ് ഡിസംബറിലായിരുന്നു. ഞാൻ വയനാട്ടിലായിരുന്ന സമയത്ത്. രാത്രി ഒന്നരമണിക്ക് വടുവഞ്ചാലിലെ വളവുകളിലും തിരിവുകളിലും സ്റ്റെപ്പിനിയില്ലാത്ത വണ്ടിയുമായി ഒരു മരണയാത്ര. കറുത്ത പുള്ളിക്കുത്തും മഞ്ഞപ്പുതപ്പണി ദേഹവുമായി ഇരതേടിയിറങ്ങിയ പുള്ളിപ്പുലി ഗ്ലാസ്സിൽ വന്നിടിച്ചു. എനിയ്ക്ക് അതിദുഃഖം കാരണം ഛർദ്ദിയാരംഭിച്ചിരുന്നു. വണ്ടി നിർത്താൻ പാടില്ലാത്തയിടങ്ങളിൽ വണ്ടി നിർത്തേണ്ടിവന്നു. പിത്തവെള്ളമടക്കം ഞാനങ്ങനെ കരഞ്ഞുകൊണ്ട് ഛർദ്ദിച്ചു. ചില്ലു മുക്കാലെ കേറ്റിയതും ഒരു മെലിഞ്ഞ പുള്ളീപ്പുലിച്ചി ചാടിവീണു. ഭയന്നെങ്കിലും ഞാൻ ചില്ല് പൂർണമായി കയറ്റി. വിശപ്പുകൊണ്ട് വലഞ്ഞവൾ എന്റെ കണ്ണാടി മാന്തി. ഞാൻ വേഗത്തിൽ വണ്ടി മുന്നോട്ടെടുത്തു. കണ്ണാടിയിൽ, എന്റെ പിത്തവെള്ളം മണക്കുകയും നക്കിനോക്കുകയും ചെയ്യുന്ന രണ്ട് കുഞ്ഞുങ്ങളേയും അവളെയും ഒന്നുകൂടിക്കണ്ടു. അവർക്കറിയുമായിരുന്നില്ല, ഒരു പെണ്ണ് അവളുടെ അമ്മ മരിച്ചതിന്റെ സ്‌തോഭത്തിൽ ഉള്ളു കലങ്ങിയുടഞ്ഞ് അവളയേ വമനം ചെയ്യുന്ന ഗതികേടാണതെന്ന്.

കീർത്തന

മൂന്നാമത് എന്നെ വിട്ടുപോയത് എന്റെ കീർത്തി മോൾ ആയിരുന്നു. മകളെപ്പോലെയുള്ള അനുജത്തി. താവഴിയിലെ പിൻവഴിയിൽ കണ്ട ഏറ്റവും സുന്ദരിയായ, സൗമ്യയായ എന്റെ തുടർച്ച. വിധി തീർത്തും അന്യായകരമായി നടപ്പിലാക്കിയ അതിനിഗൂഢമായ അജണ്ടയായി ഞാനതിനെ തിരിച്ചറിഞ്ഞു. ഒരു ചരമന്യായീകരണങ്ങളുമായി പൊരുത്തപ്പെടാതെ, കടുത്ത അന്ധാളിപ്പോടെ ഞാനെന്റെ വിധിയെപ്പഴിച്ചു കൊണ്ടേ നിന്നു.

അമ്മയുടെ മരണത്തോടെ ഞാൻ ഒന്നുമായി പൊരുത്തപ്പെടുന്നില്ലായിരുന്നു. പൊരുത്തപ്പെടാൻ കഴിയുന്നില്ലായിരുന്നു. അമ്മയുമായി ഇത്രയും ആഴത്തിലുള്ള ബന്ധമെനിക്കുണ്ടായിരുന്നെന്ന് മനസ്സിലായതുപോലും അമ്മയുടെ വിട്ടുപോകലോടെയാണ്. ഉള്ളിൽ സ്‌നേഹത്തിന്റെ ചോര അതിദ്രുതമൊഴുകിക്കൊണ്ടേയിരുന്നു. നിരാശയുടെ, വേദനയുടെ, ഹതാശതയുടെ മുള്ളുകടച്ചിൽ സൂച്ചിക്കുത്തായ് ചങ്കെരിച്ചു. എന്റെ ഉത്തരവാദിത്തങ്ങൾ അമ്മയുടെ മരണശേഷം പഴയതിലും ഏറിയിരുന്നു. വീടിന്റെ, അച്ഛന്റെ, എന്റെ കുടുംബത്തിന്റെ, സമ്പത്തിന്റെ, അടുക്കളയുടെ, തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ പെട്ട് ഞാൻ ഉഴറിപ്പോയി.

അമ്മ മരണത്തോടെ പൂർണമായും എന്നെ വിട്ടുപോവുകയായിരുന്നില്ല. മറിച്ച് ഭൗതിക ശരീരം വിട്ട് എന്റെ ഹൃദയത്തിലൊരു ആത്മീയ സാന്നിദ്ധ്യമായി മാറുകയായിരുന്നു. എന്നും ഞാനമ്മയെ ഓർത്തു. ഉറങ്ങാൻ കിടക്കുമ്പോൾ, ഉണരുമ്പോളൊക്കെ.

അമ്മ ഞങ്ങൾക്കെന്തായിരുന്നു?
ഉയിരു രാകിത്തന്നതെന്നോർക്കെ ആത്മാവ് കഴച്ചുപൊട്ടി.
പരസ്പരം സംവദിക്കാവുന്ന കാര്യങ്ങൾ പറയാവുന്ന ഒരു അദൃശ്യ രക്ഷാകരമായിത്തീർന്നു മരണശേഷം അമ്മ.

ഞാൻ അമ്മയോടുള്ള ദേഷ്യം കാരണമെന്നോണ്ണം അടുക്കളയിൽ മണിക്കൂകളോളം നിന്ന് ആഹാരമുണ്ടാക്കി. പാത്രങ്ങൾ തേച്ചുകഴുകി. അവയോട് കലഹിച്ചു. ഒരു പണിയ്ക്കാരെയും ഞാനൊന്നിനുമടുപ്പിച്ചില്ല.

രാവിലെ എണീക്കുമ്പോൾ, ഉറങ്ങുമ്പോൾ, നടക്കുമ്പോളോക്കെ ഓരോരോ ഓർമയോർമ്മയായി അമ്മ വന്നു കൊണ്ടേയിരുന്നു. പ്രേമകാലത്ത് ഇണയെപ്പറ്റി നാം ഓർക്കുന്ന പോലെ എന്റെ അമ്മയെക്കുറിച്ച് ഓർക്കേണ്ടിവരുമെന്ന് ഞാൻ കരുതിയിരുന്നതേയില്ല. അക്കാലങ്ങളിൽ അമ്മയുടെ രണ്ടു ഫോട്ടോകൾ എന്റെ ഭർത്താവ് ഫ്രെയിം ചെയ്തു തൂക്കിയിരുന്നു. ഒന്ന്, മധുരാജെടുത്ത ഫോട്ടോ. ഉമ്മറത്ത് അച്ഛനും ഞാനും മോനുമൊപ്പം വീട്ടിലുടുക്കുന്ന മധുര സുൻഗുണ്ടി കോട്ടൻ സാരിയിലെ സാധാരണ ഫോട്ടോ. മറ്റൊന്ന്, കിരണിന്റെ കല്യാണ ആൽബത്തിൽ ടിപ്‌ടോപ്പായി നിൽക്കുന്ന ഗ്രൂപ്പിൽ നിന്നുമെടുത്ത ഫോട്ടോ. അമ്മയുടെ ഫോട്ടോ നോക്കിനോക്കി ഞാനമ്മയോട് ആദ്യകാലങ്ങളിൽ സംസാരിക്കുമായിരുന്നു. സങ്കടപ്പെട്ടും പരിഭവപ്പെട്ടും ഞാനങ്ങനെ പിറുപിറെ പറയുമ്പോൾ അച്ഛൻ പരിഭ്രാന്തനായി.

‘‘മരിയ്ക്കുക എന്നാൽ ബയോളജിക്കലായ സംഗതിയാണ്. ഒരു ശരീരം, ജീവിയുടെ ശരീരം അതിന്റെ പ്രവർത്തനം അവസാനിപ്പിയ്ക്കാണ്. കഴിഞ്ഞാ കഴിഞ്ഞു. ഇവിടെ അന്തരീക്ഷത്തിൽ അമ്മയൊന്നുമില്ല''
അച്ഛനെപ്പോലെ ദുർബലനായ ഒരാളിൽ നിന്ന് ‘‘അമ്മ മരിച്ചില്ല. നമ്മെ വിട്ടുപിരിഞ്ഞില്ല'' എന്ന പതിവ് കാൽപ്പനിക ഡയലോഗാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചതോ? അച്ഛൻ വളരെ പ്രായോഗികമതിയായി. മകൾക്ക് മനഃപ്രയാസത്താൽ എന്തെങ്കിലും തകരാറുണ്ടാകുമോ എന്നതായിരുന്നു ആധി.

അമ്മയോടുള്ള പിണക്കത്താലും പരിഭവത്താലും സങ്കടത്താലും ഞാൻ അടുക്കളയിൽ കേറി പണി ചെയ്തുകൊണ്ടേയിരുന്നു. അക്കാലത്ത് എന്റെ വീട്ടിൽ പണിയ്‌ക്കോ സഹായത്തിനോ ആരുമുണ്ടായിരുന്നില്ല. ഞാൻ അമ്മയോടുള്ള ദേഷ്യം കാരണമെന്നോണ്ണം അടുക്കളയിൽ മണിക്കൂകളോളം നിന്ന് ആഹാരമുണ്ടാക്കി. പാത്രങ്ങൾ തേച്ചുകഴുകി. അവയോട് കലഹിച്ചു. ഒരു പണിയ്ക്കാരെയും ഞാനൊന്നിനുമടുപ്പിച്ചില്ല.

വിധിയുടെ നട്ടുച്ചപ്പൊള്ളലിൽ ജീവിതം കയ്യിൽ നിന്നേ വിട്ടുപോയി.
എന്റെ എല്ലാ കാര്യങ്ങളുടെയും ആണിവേര് അമ്മയായിരുന്നു. അമ്മയെന്ന തീവ്രവൈകാരികതയിൽ മാത്രമായിരുന്നില്ല അത്. സാമ്പത്തികത്തിന്റെയും സാമൂഹികമായതിന്റെയും നീക്കിയിരിപ്പുകളും അമ്മ തന്നെ ആയിരുന്നു. ബാങ്കിങ്ങ്, മെഡിസിൻ, കുട്ടികളുടെ വളർച്ച, ആഹാരം, വാക്‌സിൻ, അച്ഛന്റെ പെൻഷൻ, ലോക്കർ, ലോൺ, കല്യാണപ്പോക്ക്, പേറ്, മരണം എല്ലാ ഗൗരവമായ കാര്യങ്ങളും അമ്മയാണ് ചെയ്തിരുന്നത്. ജീവിതത്തിൽ അത്തരം ഭാരങ്ങൾ ഏൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. വണ്ടിക്കാളയെപ്പോലെ പണി ചെയ്യാൻ എനിക്ക് കഴിയുമായിരുന്നു. വീട്ടിനു പുറത്തു പോയി സാധനങ്ങൾ വാങ്ങി വരുമായിരുന്നു. ഡ്രൈവിങ്ങ് ചെയ്യുമായിരുന്നു. കിട്ടിയ ശമ്പളം അതേപടി അമ്മയെ എൽപ്പിച്ച് അതീന്ന് ഡെയിലി ചായക്ക് 10 രൂപ വാങ്ങിയായിരുന്നു എന്റെ ജീവിതം ഞാൻ കഴിച്ചുപോന്നത്. ആ ഞാൻ ഉത്തരവാദിത്തങ്ങൾ കൂടുതലായി എടുത്ത് അമ്മയില്ലാത്ത ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകാനാഗ്രഹിച്ചു.
എന്റെ വീട്ടിൽ എക്കാലത്തും സഹായത്തിനായി ആരെങ്കിലുമുണ്ടാകുമായിരുന്നു. അമ്മ മരിച്ച കാലത്ത് സുജാതയെന്ന ജോലിക്കാരിയായിരുന്നു ഉണ്ടായിരുന്നത്. അവർ നല്ലവരായിരുന്നു. എപ്പോഴും അവളരെ ആത്മാർത്ഥമായിത്തന്നെ ജോലികൾ ചെയ്തിരുന്നു.

ഞങ്ങൾ അമ്മയുടെ മറുപടിക്കായി കാത്തുനിന്നു. ഉപ്പേരി എങ്ങനെ ഉണ്ടാക്കണം, കറി എന്ത് വെക്കണം, എത്ര അരിയിടണം തുടങ്ങി സ്വന്തമായി ചെയ്യാവുന്ന കാര്യങ്ങൾക്കു പോലും അല്പം മടിയോടെ അമ്മയുടെ മറുപടി കാത്തുനിന്നു.

വളരെ നല്ല സ്‌നേഹമുള്ള ആളായിരുന്നുവെങ്കിലും സുജാതയ്ക്ക് ചില പ്രത്യേക സ്വഭാവങ്ങളും കൂടെയുണ്ടായിരുന്നു. അമ്മയും അച്ഛനും മസ്‌കറ്റിൽ പോകുന്ന സമയത്ത് എന്റെ കുട്ടികളെയും എന്നെയും നന്നായി നോക്കും. ഞാൻ ജോലിക്കായി ദൂരസ്ഥലങ്ങളിൽ പോകുന്ന സമയത്തും എന്റെ മക്കളെ പ്രത്യേകം ശ്രദ്ധിക്കും. പ്രത്യേകിച്ച് മക്കളുടെ ആഹാരകാര്യത്തിൽ കാർക്കശ്യക്കാരിയും നല്ല ചിട്ടയുള്ളവളുമായിരുന്നു. കൃത്യസമയത്ത്, കൃത്യഭക്ഷണം കൊടുക്കുക എന്ന ശീലത്തിൽ ഒരു മാറ്റവുമുണ്ടായിരുന്നില്ല. അയൽപക്കക്കാർ, കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്ന കാണാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ആരെങ്കിലും അത് കണ്ടാൽ അവർക്ക് കണ്ണ് തട്ടുമെന്നും വയറുവേദനിയ്ക്കുമെന്നും രോഗങ്ങൾ വരുമെന്നും ആഹാരം ഉടലിൽ പിടിക്കില്ലയെന്നുമൊക്കെ അവർ ഉറച്ചു വിശ്വസിച്ചു.

‘‘കുഞ്ഞൂട്ടൻ നല്ല കുട്ടി ആണല്ലോ, നന്നായി കഴിക്കുന്നുണ്ടല്ലോ'' എന്ന് ആരെങ്കിലും കാഷ്വലായി തമാശ പറഞ്ഞ കാര്യം പറഞ്ഞാൽ പോലും അവർ പരിഭ്രാന്തയാകും. ഉപ്പും മുളകും കടുകും നെലച്ചാന്തും ചേർത്തെടുത്ത് കുഞ്ഞുങ്ങളെ കണ്ണ് ഒഴിഞ്ഞുകളയും. അകത്തേയ്ക്കുള്ള രണ്ട് വാതിലുകളും പുറത്തേക്കുള്ള ഉള്ള രണ്ട് വാതിലുകളും കുറ്റിയിട്ടശേഷം ഡൈനിംഗ് ടേബിളിൽ വച്ച് ഒരു രഹസ്യ മന്ത്രവാദം ചെയ്യുന്നതുപോലെയായിരുന്നു എന്റെ മക്കളുടെ ആഹാരം കഴിക്കൽ.
എന്നെയമ്മയുടെ അസാന്നിദ്ധ്യത്തിൽ എത്ര ഉത്തരവാദിത്വത്തോടെയും ചിട്ടയോടെയും വീട് നോക്കിയോ അതെല്ലാം അമ്മ വരുമ്പോൾ അവസാനിയ്ക്കും. അമ്മയുടെ ഒരു കേവല ആജ്ഞാനുവർത്തിയെ പോലെ ഉത്തരവാദിത്തങ്ങൾ ഒട്ടും എടുക്കാതെ ഞങ്ങൾ അമ്മയുടെ മറുപടിക്കായി കാത്തുനിന്നു. ഉപ്പേരി എങ്ങനെ ഉണ്ടാക്കണം, കറി എന്ത് വെക്കണം, എത്ര അരി യിടണം തുടങ്ങി സ്വന്തമായി ചെയ്യാവുന്ന കാര്യങ്ങൾക്കു പോലും അല്പം മടിയോടെ അമ്മയുടെ മറുപടി കാത്തുനിന്നു. ഒരു പക്ഷേ നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന പോലെയായിരുന്നു പലപ്പോഴും അത്തരം പെരുമാറ്റങ്ങൾ. എന്ത് ചെയ്യുമ്പോഴും നമ്മളും അതിനൊപ്പം തൂങ്ങിനിൽക്കേണ്ടി വന്നു.

‘‘അമ്മ ഇല്ലാത്തപ്പോഴെങ്ങന്യാ സുജ മമ്മി ചെയ്യണെ? അതേപോലെ ചെയ്യൂ. എന്തിനാ വെറുപ്പിക്കുന്നെ''
ആര് കേൾക്കാൻ. ആരോടും പറയാൻ? ചിലപ്പോഴെല്ലാം അത്യധികം ബുദ്ധിമുട്ടിക്കുന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. ഇതൊന്നും എന്റെ ജോലിയല്ലയെന്ന പോലെ ഉത്തരവാദിത്തമില്ലാതെ നിൽക്കുക. ബന്ധുക്കളോ സുഹൃത്തുക്കളോ മറ്റ് അതിഥികളോ വീട്ടിൽ നിൽക്കാൻ വന്നാൽ കുറച്ചുകൂടി കുഴപ്പത്തിലാകും, സംസാരം പാടേ നിർത്തും. വിഷാദ രോഗത്തിന്റെ ചില ലക്ഷണങ്ങൾ അവരുടെ പെരുമാറ്റത്തിൽ പ്രകടമായിരുന്നു. അമ്മ പോയിക്കഴിയുമ്പോൾ ഉന്മാദിയായിപ്പണിയെടുക്കുന്നു. ജോലിയെടുക്കാനുള്ള മടി ആയിരുന്നില്ല ഇതിനൊന്നും കാരണം. വന്നുവന്ന് എന്റെ സഹോദരിയും കുടുംബവും വരുമ്പോഴും ഇതുപോലെത്തെ സ്വഭാവം അധികരിച്ചു.
‘‘ഞാനും ഇന്റെ മേഡും ഓളെ കുട്ടിയോളും അതാണ് നയം''; അമ്മൂട്ടി ദേഷ്യത്തോടെ പറഞ്ഞു.

പക്ഷേ അതിനേക്കാൾ രസകരമായ മറ്റൊരു സംഗതി ഉണ്ടായിരുന്നു. അമ്മൂട്ടി വന്ന രണ്ടോ മൂന്നോ ദിവസം ആകുമ്പോൾ അവർ പല കാരണങ്ങൾ പറഞ്ഞ് വീട്ടിലേക്ക് തിരികെ പോകും. പലപ്പോഴും ശമ്പളം നേരത്തെ വാങ്ങുന്ന പതിവുണ്ടായിരുന്നു. അങ്ങനെ നേരത്തെ വാങ്ങിയ മാസങ്ങളിലാണ് ഈ പോക്കധികം.
അമ്മയെ ചെന്നുകണ്ട് രണ്ടു ദിവസത്തേക്ക് വീട്ടിൽ പോകട്ടെയെന്ന് ചോദിക്കും. സാധാരണ അവധികൾ എല്ലാം എടുത്തു കഴിഞ്ഞശേഷമാണ് ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുക.

‘‘എന്റെ മോക്ക് സുഖല്ല, എന്റെ മോനെ സുഖല്ല'' എന്നുപറയുമ്പോൾ എന്റെ അമ്മയുടെയും മനസ്സലിയും. അമ്മ അനുവാദം നൽകും. രണ്ട് ദിവസത്തേക്കെന്നു പറഞ്ഞു പോയ ആൾ മൂന്നും നാലും അഞ്ചും ദിവസം കഴിഞ്ഞാലും തിരികെ വരില്ല. വീട്ടിൽ ചെന്നപ്പോൾ പനി പിടിച്ചു, ആസ്തമാ വന്നു, അല്ലെങ്കിൽ വയറിളകി, അല്ലെങ്കിൽ ചെന്നിക്കുത്ത് വന്നു... അങ്ങനെ അനേക കാരണങ്ങൾ പറയും. എല്ലാത്തവണയും ഇത് തുടർന്നുപോന്നു.

ഞാനൊരു പണക്കാരിയായിരുന്നില്ല. സാധാരണ സർക്കാർ ഉദ്യോഗസ്ഥ മാത്രം. ഞാൻ ലോണെടുത്താണ് ആ പണം അവർക്ക് നൽകിയത്. അതെനിക്കുതന്നെ വിനയായി.

‘‘നിങ്ങൾ മാസത്തിലെ നാല് അവധി കഴിഞ്ഞെടുക്കുന്ന അവധിയ്ക്ക് ശമ്പളം കൊടുക്കരുത്. അവർക്ക് ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെങ്കിൽ അവർ ജോലിയ്ക്ക് വരില്ല'', അടുത്ത വീട്ടിലെ ആന്റി വളരെ കൃത്യമായിത്തന്നെ പറഞ്ഞു. അമ്മയില്ലാത്തപ്പോൾ നാലു മാസം ലീവെടുക്കാതെ ജോലി ചെയ്യുകയും പിന്നെ ഒരുമാസം അവധിയെടുക്കയും ചെയ്തിട്ടുണ്ട്. എന്നിട്ടാണീ അവധി.
ഇങ്ങനെ അവധി പോകുന്ന ദിവസങ്ങളിലൊക്കെയും ശമ്പളം കൊടുക്കേണ്ടി വരുന്നു എന്നതാണ് തമാശ. ഡിസംബറിൽ ഏതാണ്ട് അനിയത്തിയും ഒരു പൊടിക്കുഞ്ഞും പോകുന്നിടത്തോളം കാലം അവരവരുടെ വീട്ടിൽ എങ്ങനെയും നിൽക്കാൻ ശ്രമിക്കും.

ഇതിന്റെയെല്ലാം ഭാരം ചുമന്നിരുന്നത് അമ്മയായിരുന്നു. എനിക്ക് ജോലിയും ഗവേഷണവും എഴുത്തും വിഷാദവും കഴിഞ്ഞ് അടുക്കളയിലേക്ക് കയറാൻ സമയമില്ലായിരുന്നു. ലീവെടുക്കട്ടെയെന്ന് എന്നോട് ചോദിക്കുന്ന സമയത്ത് ഞാൻ പുതിയ ആളെ വെയ്ക്കാൻ പറയും. അത് പക്ഷെ ശമ്പളം കിട്ടാതാക്കുമെന്നതിനാൽ അവർക്ക് സ്വീകാര്യവുമായിരുന്നില്ല. ഫലത്തിൽ അമ്മ ബുദ്ധിമുട്ടി.
അവരെ പറഞ്ഞു വിടുന്ന ഓരോ സമയങ്ങളിലും ഞാൻ അമ്മയെ വിലക്കി. അമ്മ മരിച്ച വർഷത്തിന്റെ തുടക്കത്തിലാകട്ടെ, ‘വീട്ടിൽ ആ ബുദ്ധിമുട്ട്, ഈ ബുദ്ധിമുട്ട്, ജപ്തി വരുന്നു' എന്നെല്ലാം പറഞ്ഞ് കരഞ്ഞ് എന്റെ കയ്യിൽ നിന്ന് മുൻകൂറായി ഒന്നര ലക്ഷം രൂപയും വാങ്ങിച്ചിരുന്നു. ഞാനൊരു പണക്കാരിയായിരുന്നില്ല. സാധാരണ സർക്കാർ ഉദ്യോഗസ്ഥ മാത്രം. ഞാൻ ലോണെടുത്താണ് ആ പണം അവർക്ക് നൽകിയത്. അതെനിക്കുതന്നെ വിനയായി. അവർക്ക് ജോലി ചെയ്യണമെന്നേ ഇല്ലാതായി. ഇടയ്ക്കിടെ വീട്ടിൽ പോക്ക് അധികരിച്ചു.

അത്തവണ ഡിസംബറിൽ അനിയത്തി വന്നപ്പോൾ വീണ്ടും പഴയ സ്വഭാവവുമായി അവർ വന്നു. മകൾക്ക് ചിക്കൻപോക്‌സ് എന്നതായിരുന്നു കാരണം. അതിന്റെ അടിയന്തരാവസ്ഥ ആലോചിച്ചപ്പോൾ പോയിക്കോളൂ എന്നുതന്നെ എല്ലാവരും പറഞ്ഞു. 15 ദിവസം കഴിഞ്ഞിട്ടും ആളു വരുന്നില്ല. മകൾ ടെറസിന് മുകളിൽ നിന്ന് താഴേക്ക് വീണു എന്നതായിരുന്നു അടുത്ത നുണ.
അനുജത്തി പോകുന്നതുവരെയും സ്വന്തം വീട്ടിൽ നിൽക്കുക എന്നതിൽ കവിഞ്ഞ് അതിൽ മറ്റ് അജണ്ടകളൊന്നും ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് അക്കാലങ്ങളിൽ പണി അധികരിച്ചു. ഞാനാകട്ടെ ഗവേഷണത്തിന്റെ ഭാഗമായി വയനാട്ടിലായിരുന്നു മിക്കപ്പോഴും.

അമ്മ മരിച്ച ദിവസം അവർ വീട്ടിൽ വരികയുണ്ടായി.
ഏതൊരു മരണമറിഞ്ഞു വന്ന അതിഥിയെപ്പോലെയുമായിരുന്നു അത്. അന്ന് വൈകുന്നേരം തന്നെ തിരികെ പോവുകയും ചെയ്തു. മരണവീട്ടിൽ നിന്നാൽ കൂടുതൽ ജോലി ചെയ്യേണ്ടി വരുമെന്ന് അവർക്ക് തോന്നിയിരിക്കണം. അവരോട് നിൽക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടുമില്ല.

പതിനാറടിയന്തിരമടക്കം എല്ലാ ചടങ്ങുകളും കഴിഞ്ഞ് അവർ തിരികെ വരാൻ നോക്കിയപ്പോൾ ഞാൻ അവരെ വിലക്കി; ‘‘ഇപ്പോ വരണ്ട, ആവശ്യമുള്ളപ്പോൾ ഞാൻ അറിയിക്കാം.''

കളി മാറുന്നതുകണ്ട് അവർ പരിഭ്രാന്തയായി. മുമ്പ് ജോലി ചെയ്ത വീടുകളെപ്പോലെയേ ആയിരുന്നില്ല എന്റെ വീട്. സമാധാനവും സൈ്വര്യവും ബഹുമാനവും ശാന്തിയും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഞങ്ങളിലൊരാളായാണ് അവരെയും ഞങ്ങൾ കണ്ടിരുന്നത്. ഒരുമിച്ച് കുടുംബാംഗമായിത്തന്നെ ടേബിളിൽ ഭക്ഷണം കഴിച്ചു. സിനിമകൾക്ക് വന്നു. യാത്രകൾ പോയി. എല്ലാ രീതിയിലും നല്ല ജോലിയായിരുന്നു. അതിനാൽ അവർ പല രീതിയിൽ തിരികെ വരാൻ പരിശ്രമിച്ചു.
ഞാൻ ഇത്രയേറെ ജോലി ചെയ്യുന്നത് കണ്ട് അച്ഛനും ഭർത്താവും അസ്വസ്ഥരായി. ദയവുചെയ്ത് സുജാതയെ തിരികെ വരാൻ അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ഞാനത് ചെവിക്കൊണ്ടില്ല. അവർക്ക് ഇനി ഈ വീട്ടിൽ ജോലിയ്ക്കായി പ്രവേശനമില്ല എന്നുതന്നെ ഞാനുറപ്പിച്ചു. എന്റെ അമ്മയ്ക്ക് സഹായമായിരിക്കണം എന്നുകരുതിയാണ് ഞാൻ ലോണെടുത്ത് അവർക്ക് പണം കൊടുത്തത്. എന്നിട്ടോ, അമ്മ മരിച്ചപ്പോൾ പോലും അവർ തിരികെ തിരിഞ്ഞുനോക്കിയില്ല.
അമ്മയോടുള്ള അനീതി എനിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. ജോലിക്കാരി ഇല്ലെങ്കിലും ശരി ഞാൻ അവരെ ജോലിക്ക് വെക്കുകയില്ല എന്ന ഉറച്ച തീരുമാനമെടുത്തു. അവർ അച്ഛനെ വിളിച്ചു കരഞ്ഞു, ഭർത്താവിനെ വിളിച്ചു കരഞ്ഞു, അയൽപക്കക്കാരെ വിളിച്ചു കരഞ്ഞു; ‘‘ഞാൻ എന്ത് തെറ്റ് ചെയ്തു? കുട്ടിയോട് ഞാൻ എന്ത് തെറ്റ് ചെയ്തു?'' അവരെല്ലാവരോടും ചോദിച്ചു.
‘‘എന്നോട് ചോദിക്കാമ്പറ, എന്നോട് നേരിട്ട് സംസാരിക്കാൻ പറ'' എന്നുമാത്രം ഞാൻ ശുപാർശക്കാരോട് പറഞ്ഞു.

അമ്മ മസ്‌കറ്റിൽ പോയി എന്നാണ് ഞാൻ കരുതിയിരുന്നത്. ഇടെക്കെല്ലാം മൊബൈലിലെ അമ്മയുടെ ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു. രാത്രിയില്ല, പകലില്ല, കാരണമില്ല... ഇടയ്‌ക്കൊക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു.

എന്നാൽ അവർക്കെന്നെ വിളിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
അവർ കാണിച്ച അന്യായമെന്തെന്ന് അവർക്കുതന്നെ നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങനെ അമ്മയുടെ മരണശേഷം വീടിന്റെയും എല്ലാത്തിന്റെയും ഉത്തരവാദിത്തങ്ങൾ സ്വയമേറ്റെടുത്ത ഒരേയൊരാളായി ഞാൻ മാറി. സ്വയം പുതുക്കൽ കൂടിയായിരുന്നു അത്.

അമ്മ മസ്‌കറ്റിൽ പോയി എന്നാണ് ഞാൻ കരുതിയിരുന്നത്. ഇടെക്കെല്ലാം മൊബൈലിലെ അമ്മയുടെ ശബ്ദങ്ങൾ കേട്ടുകൊണ്ടിരുന്നു. രാത്രിയില്ല, പകലില്ല, കാരണമില്ല... ഇടയ്‌ക്കൊക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു.
‘‘അമ്മ അമ്മാ''യെന്ന് അശരണമായി വിളിച്ചു. ഒരിക്കലും അമ്മയിൽ നിന്നറുക്കാനാവാത്ത പൊക്കിൾക്കൊടിയാണെന്റെ ഓർമയെന്നു ഞാൻ ചിതറുകയും ചിരിക്കുകയും ചെയ്തു. അമ്മയുടെ മരണം വിശ്വസിക്കാൻ ആറുമാസമെടുത്തു. എല്ലാ ആശകളും ഒരു വിധം ഒതുക്കിത്തീർത്താണ് അമ്മ മരിച്ചത് എന്നും 63 വയസ്സായി എന്നുമൊക്കെ ന്യായങ്ങൾ ഞാൻ സ്വയം പറഞ്ഞു. ഒന്നിനോടും പക്ഷെ വല്ലാതെയങ്ങ് സമരസപ്പെടാൻ കഴിഞ്ഞില്ല. ഒരു ദിവസം കൂടി അമ്മ ജീവിച്ചുവെങ്കിൽ ഞാനെന്തൊക്കെ ചെയ്യുമായിരുന്നെന്നോർത്ത് കൂടുതൽ ഹതാശയായി.

കീർത്തന, കുട്ടിക്കാല ഫോട്ടോ

എന്നാൽ, കീർത്തി മോൾ ഇല്ലാതായതിനോട് എനിക്ക് ഒരിക്കലും പൊറുക്കാനായില്ല. ഒരു വലിയ ചതി ലോകം എന്നോട് ചെയ്തതായി എനിക്കുതോന്നി. ഞാൻ മരിക്കാൻ തയ്യാറായിരുന്നു. എന്റെ ജീവൻ ഞാനവൾക്ക് ബദൽ കൊടുക്കുമായിരുന്നു. അവളുടെ മരണത്തോടെ എന്റെ മനസ്സിൽ അമ്മൂമ്മയുടെയും അമ്മയുടെയും മരണമെല്ലാം ന്യായീകരിക്കപ്പെട്ടു. വിധിക്ക് ഒരു ന്യായം പറയാനുണ്ടായിരുന്നു. ഇവിടെ എനിക്ക് ഒന്നുമില്ല. അവളെയൊരിക്കലും ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവരാൻ സമ്മതിക്കരുതായിരുന്നു. എനിക്ക് ബാംഗ്ലൂരിൽ പോകാൻ തോന്നാതിരുന്ന നിമിഷത്തെ ഞാൻ പഴിച്ചു.

മറ്റൊരാളോടുമില്ലാത്ത സവിശേഷമായ വാത്സല്യമായിരുന്നു എനിക്കവളോട്. അവൾ ജനിക്കുന്നതിനുമുമ്പേ ഞാനുമായി ആത്മീയമായ ഒരു ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ഞാൻ കുട്ടിക്കാലത്തേ വിശ്വസിച്ചുവന്നു.
എന്റെ അമ്മവീട്ടിൽ എല്ലാ വർഷവും അച്ഛനും അമ്മയും ഞങ്ങളും ഒഴികെ ബാക്കി എല്ലാ സഹോദരി സഹോദരന്മാരും മക്കളും ടൂർ പോകുമായിരുന്നു. ഡൽഹി, ബോംബെ, മദ്രാസ്, കൽക്കത്ത അങ്ങനെയങ്ങനെയുള്ള വലിയ യാത്രകൾ.
എല്ലാവർക്കും എതിരെ അച്ഛൻ അശ്ലീല കത്തുകൾ എഴുതുന്നെന്ന ആരോപണം കൊണ്ടാണോ, അച്ഛന്റെയും അമ്മയുടെയും ചെറിയ ശമ്പളം കൊണ്ട് ഒരു ടൂർ പോയി വരാനുള്ള ഗതി ഇല്ലാത്തതു കൊണ്ടാണോ എന്താണെന്നറിയില്ല ഞങ്ങൾ ഒരിക്കലും അത്തരമൊരു ടൂറിന് പോയിരുന്നില്ല. അവരെല്ലാം യാത്ര പോകുമ്പോൾ ഞങ്ങൾ നോക്കി സങ്കടപ്പെട്ടുനിന്നു.

എന്റെ മച്ചുനിയൻമാർ പോയ നാടുകളുടെ വിശേഷം പറയുമ്പോൾ നീലക്കുന്നുകളുടെയും തണുപ്പാർന്ന മലനിരകളുടെയും അവർ നടത്തിയ ഷോപ്പിംഗുകളുടേയും വിശേഷങ്ങൾ പറയുമ്പോൾ എനിക്ക് കഠിനമായ ആഗ്രഹം തോന്നിയിരുന്നു. ഞങ്ങൾക്കൊരിക്കലും പോകാനാകാത്ത ആ യാത്രകളിൽ ഒരിക്കൽ മാത്രം എനിക്കു പോകാൻ കഴിഞ്ഞു. അതിന്റെ പരോക്ഷമായ കാരണം കീർത്തിയായിരുന്നു.

കീർത്തന ഏട്ടൻ കിരണിനൊപ്പം, കുട്ടിക്കാല ചിത്രം.

എന്റെ ഏഴാം ക്ലാസ് കഴിഞ്ഞ മധ്യവേനലവധിക്ക് അക്കൊല്ലമെല്ലാവരും ടൂറു പോയത് ഗുജറാത്തിലാണ്. കീർത്തി മോൾ കാരണം ടൂർ പോകാൻ എനിക്ക് നറുക്ക് വീണു. അവളെ ഗർഭം ധരിച്ച ഇടക്കാലത്ത് വെച്ച് ചെറിയമ്മയുടെ ആരോഗ്യസ്ഥിതി സ്ഥിതി അല്പം പരിതാപകരമായിരുന്നു. ദീർഘദൂര യാത്രകൾ വിലക്കപ്പെട്ടു. കീർത്തി മോൾ വയറിലിരുന്ന് ചവിട്ടി കുതിച്ചു.

ചെറിയമ്മയ്ക്ക് യാത്ര പോകാൻ പറ്റാത്ത അവസ്ഥയായി. എന്തിന് ക്യാൻസൽ ചെയ്ത് ടിക്കറ്റ് പണം പാതി നഷ്ടപ്പെടുത്തണം, ഞാൻ പോയിക്കൊള്ളട്ടെ എന്ന് ചെറിയമ്മ കൽപിച്ചു. ഒരു ചെറിയ കുട്ടിയെ സംബന്ധിച്ച് അത്തരമൊരു ഓഫർ വളരെ ആനന്ദകരമായിരുന്നു. എവിടെയെങ്കിലും പോകുന്നു എന്നതിലുപരി എല്ലാവരും ഒത്തുപോകുന്നു എന്നതിന്റെ ആഹ്ലാദം എന്നെ കൂടുതൽ കൂടുതൽ സന്തോഷിപ്പിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രകളിലൊന്നായിരുന്നു അത്.

തീവണ്ടികൾ കുതിച്ചു പായുന്ന റെയിപ്പാളങ്ങൾ ജനലിലൂടെ കാണാവുന്ന മുറിയിലിരുന്ന് ഞാനന്ന് ഒരു കൂട് ലാക്ടോ കിംഗ് മിട്ടായി തിന്നു. അവളുടെ ചെറിയ ചുവന്ന പാദങ്ങൾ കാൺകെ ഉള്ളിൽ ആഹ്‌ളാദം തിരി പൊട്ടി. അതിസുന്ദരിയായ ഒരു മാലാഖക്കുഞ്ഞായിരുന്നു അവൾ

കീർത്തി ജനിച്ചത് പി.വി.എസ്സിലായിരുന്നു. മനോഹരിയായ ഒരു കുഞ്ഞ്. തീവണ്ടികൾ കുതിച്ചു പായുന്ന റെയിപ്പാളങ്ങൾ ജനലിലൂടെ കാണാവുന്ന മുറിയിലിരുന്ന് ഞാനന്ന് ഒരു കൂട് ലാക്ടോ കിംഗ് മിട്ടായി തിന്നു. അവളുടെ ചെറിയ ചുവന്ന പാദങ്ങൾ കാൺകെ ഉള്ളിൽ ആഹ്‌ളാദം തിരി പൊട്ടി. അതിസുന്ദരിയായ ഒരു മാലാഖക്കുഞ്ഞായിരുന്നു അവൾ. കണ്ണുകൾ പതിയെ അടച്ച് ചുവന്ന ദേഹം അട്ട ചുരുട്ടി വാ പിളർത്തിയവൾ കരഞ്ഞു. പിറന്ന കുഞ്ഞിന്റെ പാദങ്ങളിൽ സ്പർശിച്ച് ജീവിതത്തിലെ പാപങ്ങൾ കളയാമെന്ന് അമ്മ പറയാറുണ്ടായിരുന്നു. അവളുടെ കാലിൽ തൊടുന്ന സമയത്ത് എന്റെ സകല കുട്ടിക്കാലക്കുറുമ്പുകളും വികൃതികളും പാപങ്ങളും ഇല്ലാതായി. താമരമൊട്ടു പോലത്തെ കാലുകൾ അത്രമേൽ നിർമലമായിരുന്നു.

ചെറുപ്പകാലത്ത് ഞങ്ങൾ സഹോദരങ്ങൾ അക്രോണിം പറഞ്ഞ് കളിക്കാറുണ്ടായിരുന്നു. ഓരോ ചുരുക്കപ്പേരിനും മുഴുപ്പേരു പറയുക. അതിനു ഒരു മാർക്കു വീതം വാങ്ങുക.
‘‘പി.ടി.എ''?
‘‘പ്യൂപ്പിൾസ് ടീച്ചേർസ്​ ആർമി''
‘‘ഹമ്പോ. ഭയങ്കര കണ്ടുപിടുത്തം''
‘‘കെ.ടി.സി?''
‘‘കെ.പി''
‘‘കോലീസ് പേരള'', ഞങ്ങൾ ആർത്തുചിരിച്ചു.

ഇതൊക്കെപ്പറഞ്ഞ് ഞങ്ങൾ കളിക്കുമ്പോൾ കുഞ്ഞായിരുന്ന അവൾ വന്ന്
‘‘MLBS'' എന്നു പറയും. ആർക്കും ഉത്തരമറിയാത്ത ഗൂഢമായ ചോദ്യമായിരുന്നു അത്.
ഞങ്ങൾ തോറ്റു എന്നു സമ്മതിച്ച് ‘‘കീർത്തിക്കുട്ട്യേ'' എന്നുവിളിമ്പോൾ മുഖം ചെരിച്ച് ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ അവൾ പറയും; ‘‘മുത്തുലക്ഷ്മി ബസ് സർവീസ്.''

കീർത്തന അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം

ഓരോ സീറ്റിനരികിലും ഫാനും നിറയെ വർണബൾബുമുള്ള അവളുടെ ബസ്. സന്ധ്യക്ക് തേരട്ട പോലെ തിളങ്ങുന്ന ഒരെണ്ണം. ‘‘പീപിപി പീപിപി'' എന്ന് ഭയാനകമായ ഹോൺ മുഴക്കുന്ന അസത്ത് ബസ്. എന്റെ അമ്മയും അവളും സ്‌കൂളിൽ പോയിരുന്ന ബസായിരുന്നു അത്. എന്റെ അമ്മയുടെ കൂടെയായിരുന്നു അവൾ സ്‌കൂളിൽ പോയിരുന്നത്. അതേ എൻ.എസ്.എസ് സ്‌കൂളിൽ. അവർ തമ്മിൽ വിദൂരമായൊരു മുഖഛായുണ്ടായിരുന്നു. അവരിരുപേരുമൊരുപോൽ. അതിനു വിപരീതമെന്നോണം ഞാനും ചെറിയമ്മയും മറ്റൊരു സ്‌കൂളിലായിരുന്നു.
വളരുംതോറും ഞങ്ങൾ കൂടുതൽ അടുത്തു, പുതിയ ഡിസൈനിലെ കുപ്പായവും മാലകളും ഞാനവൾക്കായി കണ്ടെത്തി. അവളുടെ ഉടുപ്പുകളിൽ മുത്തുകൾ തുന്നിപ്പിടിപ്പിക്കുകയും പുതിയ സ്‌റ്റൈലിൽ അതവതരിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. ഇടയ്ക്ക് അവളുടെ കോളേജിലും ഞാൻ പോകുമായിരുന്നു. പലഹാരങ്ങളും ചായയും കുടിച്ച് അവളുടെ കൂട്ടുകാരികളെ പരിചയപ്പെട്ട് വൈകുന്നേരമാവും വരെ പാലക്കാട്ട് നഗരത്തിരക്കിൽ ഞങ്ങളലിഞ്ഞു.
അവൾ എഞ്ചിനിയറിങ്ങ് പാസ്സൗട്ടായി.

അവൾക്ക് ഉഡുപ്പിയിൽ ജോലി കിട്ടി. ആദ്യത്തെ ശമ്പളത്തിൽ നിന്ന് മെറൂൺ കളറുള്ള സ്വർണ ജെറിയുള്ള സാരി വാങ്ങിത്തന്നു. മറ്റാർക്കും വാങ്ങാത്ത സമ്മാന സാരി.
‘‘ആരോടും പറയല്ലെ''
‘‘ഞാമ്പറയും'', അവൾ ചട്ടം കെട്ടിയതൊന്നും ഞാൻ കൂട്ടാക്കിയില്ല.
മറ്റുള്ളവർക്ക് ഉടുപ്പൊക്കെ വാങ്ങും മുമ്പേ എനിക്കുമാത്രം വാങ്ങിയത് എന്ന് കുഴപ്പിക്കലായിരുന്നു എന്റെ ലക്ഷ്യം.
‘‘ഈ ഏച്ചീന്റെ കാര്യം''

എല്ലാരുമൊരുമിക്കുന്ന വല്ലാത്തൊരാഹ്ലാദ ദിവസം ഞങ്ങളെല്ലാം പദ്ധതിയിടുന്ന സമയത്താണ് അവൾക്ക് ബൈക്ക് ആക്‌സിഡന്റുണ്ടാവുന്നത്. അവൾ സഞ്ചരിച്ച ബൈക്കിനു കുറുകെ വന്നിടിച്ചവർ ഓടിപ്പോകുകയായിരുന്നു.

അവളുടെ കല്യാണമായിരുന്നു ഞങ്ങളുടെ വലിയ സ്വപ്‌നം.
താവഴിത്തലമുറയിലെ ഇളയപെണ്ണിന്റെ കല്യാണം. എന്തൊരു സ്വപ്നമായിരുന്നു അത്. എല്ലാരുമൊരുമിക്കുന്ന വല്ലാത്തൊരാഹ്ലാദ ദിവസം ഞങ്ങളെല്ലാം പദ്ധതിയിടുന്ന സമയത്താണ് അവൾക്ക് ബൈക്ക് ആക്‌സിഡന്റുണ്ടാവുന്നത്. ബാംഗ്ലൂരിലെ ഇന്റർവ്യൂവിന്. അവൾ സഞ്ചരിച്ച ബൈക്കിനു കുറുകെ വന്നിടിച്ചവർ ഓടിപ്പോകുകയായിരുന്നു.

ബാംഗ്ലൂരിലെ സെന്റ് ജോൺസ് ഹോസ്പിറ്റലിൽ അവൾ വലിയ കുഴപ്പമില്ലാതെ കിടന്നു. വലിയ കൊണ്ടുപിടിച്ച അപകടമേ ആയിരുന്നില്ല അത്. എങ്കിലും തലയടിച്ച് വീണതിന്റെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. 10 ദിവസം കഴിഞ്ഞപ്പോൾ എല്ലാം സാധാരണയായി. തലയ്‌ക്കേറ്റ അടിയുടെ ഭാഗമായി ചില ഓർമത്തെറ്റുകൾ ഉണ്ടായിരുന്നു. എന്നിട്ടും അവൾക്കെന്നെ മനസ്സിലായി. വീഡിയോ കോളിൽ എന്നെ കണ്ടപ്പോൾ ചിരിച്ചു. നിഷ്‌കളങ്കമായ ചിരി.

അടുത്ത ദിവസം നാട്ടിൽ വരുന്നതിനെ പറ്റി ചെറിയമ്മ പറഞ്ഞു.
‘‘യാത്ര ചെയ്യാൻ പാട്വോ?'' എന്തോ ഒരരുത് എന്നെ ഉള്ളിരുന്നു വിലക്കുന്നു. ഞാനും കിരണുമൊന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ആരുമല്ല. എങ്കിലും ഞാൻ പരമാവധി അപകടസാധ്യതയെന്തെന്നാരാഞ്ഞു.
‘‘ഓ, യാത്ര ചെയ്യാം ഡോക്ടറല്ലേ പറഞ്ഞത്? ഫ്‌ളൈറ്റിൽ പാടില്ലാന്നെയുള്ളു. അത് പ്രെഷർ വാരിയേഷനുണ്ടാക്കും''
എന്നിട്ടും എനിക്കൊരുറപ്പ് കിട്ടിയില്ല; ‘‘ശരിക്കും അവർ സമ്മതിച്ചോ?''
‘‘സമ്മതിച്ചു. ടാക്‌സിയിൽ ഞങ്ങൾ വരും. അവര് ഓക്കെ പറയാതെ ഞങ്ങള് വരുമോ?''

എനിക്ക് എന്തുകൊണ്ടോ ഭയാശങ്കകൾ ഒഴിയുന്നുണ്ടായിരുന്നില്ല.
അങ്ങനെ യാത്ര ചെയ്യാമോ എന്ന് ഞാൻ പലരോടും വിളിച്ചുചോദിച്ചു. സെൻറ്​ ജോൺസ് ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന കുഞ്ഞുവിനോട് പ്രത്യേകിച്ച് വിളിച്ചുചോദിച്ചു. പോകുന്നതിൽ തകരാറില്ല എന്നുതന്നെയായിരുന്നു രണ്ടാമതു മൂന്നാമതും അഭിപ്രായം കിട്ടിയത്. ഞാൻ ശ്രീജുവിനോടും ദീപനോടും ഒന്നു ചെല്ലുമോ എന്ന് ചോദിച്ചു.
അവർ ചെല്ലുമ്പോൾ ഒരു പാട് ബന്ധുക്കളുണ്ട്. തീരുമാനം യാത്ര ചെയ്യുകയെന്നതു തന്നെയായിരുന്നു. അവർക്കൊന്നും പറയാൻ കഴിഞ്ഞില്ല. യാത്ര നിംഹാൻസിലൊരു ചെക്കപ്പിനു ശേഷം മതിയെന്ന് കൺവിൻസ് ചെയ്യാനും കഴിഞ്ഞില്ല.

എല്ലാം വിധി തീരുമാനിച്ചതാണ്. നമ്മൾ കേറി നിന്നുകൊടുത്താൽ മതി. ഒന്നും മാറ്റാനത് സമ്മതിയ്ക്കില്ല. ആ യാത്ര ആരാലും തടുക്കാനാകുമായിരുന്നില്ല. ആർക്കും തടസപ്പെടുത്താനുമാകുമായിരുന്നില്ല. വിധി എല്ലാം നിർണയിച്ചു കഴിഞ്ഞു.
രാവിലെ തന്നെ അവർ അവിടെ നിന്ന് പുറപ്പെട്ടു. ആശുപത്രിയുടെ പോർട്ടിക്കോവിൽ വെച്ച് അവൾ ഛർദ്ദിച്ചു. കുഴപ്പമുണ്ടോയെന്ന് ചോദിക്കാൻ കിരൺ ആശുപത്രിയിലേക്ക് തിരിഞ്ഞതും ഇന്നോവ മുന്നോട്ടെടുത്ത് പോയി. അവനാകെ അമ്പരന്നു. അവളെ ക്ലീൻ ചെയ്യാതെ. വസ്ത്രം മാറ്റാതെയൊരു യാത്ര പോകൽ. അതും വിധി നിർണയം ആയിരിക്കണം.

യാത്രയ്ക്കിടയിൽ അവളുടെ ഉടുപ്പുകൾ മാറ്റി. നനഞ്ഞ തോർത്തുകൊണ്ട് വൃത്തിയാക്കി. ഒരു കുഴപ്പവുമില്ലാതെ വൈകുന്നേരം തന്നെ നാട്ടിലെത്തി. പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലാത്ത സ്വാഭാവിക യാത്ര. കീർത്തിയും യാത്രയിൽ സുഖമായിത്തന്നെയുറങ്ങി.

പിറ്റേദിവസം വിധി അതിന്റെ വിളയാട്ടം ആരംഭിച്ചു. രാവിലെയായപ്പോഴേക്കും കാര്യങ്ങൾ മറ്റൊരു രീതിയിലായിത്തീർന്നു. കിരണെത്തി മുറിയിൽ ചെല്ലുമ്പോൾ അവൾക്ക് ഫിറ്റ്‌സ് വന്നു. ദേഹം വിറയ്ക്കുന്നു. കൈകളും ഉടലും കോടുന്നു. മരുന്നുകൾ കൃത്യമായി് കൊടുത്തിട്ടും അവൾക്ക് എന്തുകൊണ്ട് ഫിറ്റ്‌സ് വന്നുവെന്ന് ആർക്കും മനസ്സിലായില്ല. അയൽപക്കത്തെ ദമ്പതിമാരായ ഡോക്ടർമാർ ഓടിവന്നു. ഉടനെ ആശുപത്രിയിൽ കൊണ്ടുപോകാനായിരുന്നു നിർദ്ദേശം.

ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. പെരുമഴക്കലക്കം പോലെ ഭീതിജനകമായി കുത്തിയൊലിച്ചും അവിചാരിതമായും കൈക്കുടന്നയിൽ നിന്ന് ചോർന്നുപോകും

പെട്ടെന്നുതന്നെ അവളെ റെഡ് ക്രസൻറ്​ ആശുപത്രിയിൽ എത്തിച്ചു. അടിയന്തരമായി വെന്റിലേറ്ററിലേക്ക് കിടത്താൻ ശ്രമിച്ചു. പക്ഷേ അവർക്കതിന് എന്തുകൊണ്ടോ സാധിച്ചില്ല. വായിലേയ്ക്ക് ട്യൂബ് ഇറക്കിയിട്ടുണ്ടായിരുന്നു. എന്നിട്ടും പ്രൊസീജർ പൂർത്തീകരിക്കാനായില്ല. വിധി വിളയാട്ടം നിർത്തി വേട്ടയാരംഭിച്ചിരുന്നു. എത്രയും വേഗം അവളെ മെഡിക്കൽ കോളേജിൽ എത്തിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. അയൽപക്കക്കാരായ ആ രണ്ടു ഡോക്ടർമാരും ആംബുലൻസിലിരുന്ന് അവൾക്കു വേണ്ട എല്ലാ സഹായങ്ങളും നൽകിക്കൊണ്ടിരുന്നു. നെഞ്ചിൽ ഇടിയ്ക്കുകയും നിരന്തരമായി സി.പി.ആർ നൽകി ഹൃദയമിടിപ്പ് നേരെയാക്കാൻ ശ്രമിക്കയും ചെയ്തു. കൃത്രിമശ്വാസവും കൊടുത്തുകൊണ്ടിരുന്നു.

എന്നിട്ടും അവളുടെ നില നിമിഷം പ്രതി വഷളായി. അവൾക്ക് മെഡിക്കൽ കോളേജിൽ എത്തേണ്ടി വന്നില്ല. ഇടയ്ക്കു വെച്ചു തന്നെ ബൈപ്പാസിൽ മെട്രോ ഹോസ്പിറ്റലിൽ കയറേണ്ടിവന്നു.

ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. പെരുമഴക്കലക്കം പോലെ ഭീതിജനകമായി കുത്തിയൊലിച്ചും അവിചാരിതമായും കൈക്കുടന്നയിൽ നിന്ന് ചോർന്നുപോകും. എത്ര ശ്രമിച്ചാലും അതിന്റെ ആഘാതത്തിൽ നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല. വിധി; അതിന്റെ മുകളിൽ നിന്ന് നമുക്ക് മാറിനിൽക്കാനുമാവില്ല. മഴയിലുണ്ടാകുന്ന ഇടിയും മിന്നലും ഉണ്ടാക്കുന്ന ഭാരങ്ങളിൽ നിന്ന് നമുക്ക് വിടുതലയില്ല. വിധിയുടെ വിളയാട്ടവും വേട്ടയാട്ടവും കാണുന്ന, അനുഭവിക്കുന്ന കേവല കൃമികളാണ് നാം.

നല്ല മഴയുള്ള ആ നശിച്ച ദിവസം ഞാൻ മുറികൾ അടുക്കിപ്പെറുക്കി. അവളെക്കാണാൻ രാമനാട്ടുകരയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഉടുപ്പ് ധരിച്ചിരുന്നു. അക്കുവും കുഞ്ഞുട്ടനും ഒരുങ്ങാനുള്ള കാത്തിരിപ്പിടവേള. വല്ലാതെ നശിച്ച് മഴ അലറിക്കൊണ്ടേയിരുന്നു. ഭയാനകമായ അലർച്ചയായിരുന്നു അത്.

കീർത്തനയുടെ മരണവാർത്ത

‘അവൾ മരിച്ചു' എന്ന് ബാംഗ്ലൂരിലെ ഹോസ്പിറ്റലിൽനിന്ന് ഫോൺ വിളിച്ച് ഒരാൾ പറഞ്ഞപ്പോൾ ഞാൻ ‘ആര്' എന്നുചോദിച്ചു.
‘സെൻറ്​ ജോൺസിൽ അഡ്മിറ്റാക്കിയ കുട്ടി.’
‘‘അതെയോ, എന്നാലെ ആളു മാറി. അവളെ ഇന്നലെ ഡിസ്ചാർജ് ചെയ്തു''; ഞാൻ വളരെ സാവകാശത്തിൽ വിശദീകരിച്ചു.
‘‘അതെ, ആ കുട്ടി തന്നെ, കീർത്തി. അവൾ മരിച്ചു, അഞ്ച് മിനുട്ടായ്''; എനിക്ക് ചെവിയടഞ്ഞു പോയി. തലയിൽ ഇടിമിന്നൽ വന്നിടിച്ചു. ഓർമയിൽ വന്നപ്പോൾ ഞാൻ തണുത്ത തറയിൽ കിടക്കുന്നു. ആദ്യത്തെ വിസ്‌ഫോടനം തെല്ലവസാനിച്ചപ്പോൾ കിരണിനെ വിളിച്ചു. കേട്ടതൊന്നും നുണയല്ലെന്നു മനസ്സിലായി. തറയിൽ നെറ്റിമുട്ടിച്ച് കരഞ്ഞു. തല പിളരും പോലെ തോന്നി.
കാറിൽ മഴയുടെ കാഠിന്യത്തെ ശ്രദ്ധിക്കാതെ ഓട്ടമായിരുന്നു. മൂന്നു തവണ വണ്ടി തട്ടി. അഞ്ചാറു തവണ കയ്യിൽ നിന്ന് വണ്ടി വഴുതിപ്പാളി. മറ്റു ഡ്രൈവർമാർ എന്റെ തന്തയ്ക്കു വിളിച്ചു. വളവിൽ വെച്ച് പൊലീസുകാരൻ കൈകാട്ടി വണ്ടി നിർത്തിച്ചു. ചില്ലിൽ തട്ടി തുറന്ന അയാൾ പേടിച്ചു പോയി. ഞാനൊരു പിശാചിനിയെപ്പോലെ വിളറിയിരുന്നു. കരഞ്ഞുകൊണ്ട് വീർത്ത മുഖം. കണ്ണീർ ചിതറിക്കൊണ്ടുള്ള കരച്ചിൽ.

‘‘എന്തു പറ്റി?'', എന്തുപറയണമെന്നോർത്ത് ഞാൻ ഒരു നിമിഷം നിശബ്ദയായ് കുഴങ്ങി
‘‘എന്തെങ്കിലും കുഴപ്പം?''
‘‘അനിയത്തി മരിച്ചുപോയി. ഹോസ്പിറ്റലിലേയ്ക്ക് പോവ്വാണ്''.
മരിച്ചു എന്ന എന്റെ ശബ്ദം മറ്റൊരാളുടേതെന്നപോലെ തൊണ്ടക്കുഴിയിൽ പ്രതിധ്വനിച്ചു. അയാൾ വല്ലാതായി. മഴ നന്നായിപ്പെയ്തുകൊണ്ടെയിരുന്നു; കുത്തിയൊലിച്ച് വന്യമായി.

ഈ നിമിഷം ഇതെഴുതുമ്പോഴും അക്ഷരങ്ങൾ കണ്ണീരിൽ മാഞ്ഞടർന്നുപോകുന്നുണ്ട്. ജീവിതത്തിൽ നിന്ന് പറ്റിയടരാതെ ഒരു ചൂട് അവളുടെ ഉടലിലുണ്ടായിരുന്നു. പ്രാണൻ ഒട്ടിനിൽക്കുന്നതുപോലെ...

തുറന്ന ജനാൽക്കലൂടെ എന്റെ മുഖത്തേയ്ക്കും ഉടുപ്പിലേയ്ക്കുമത് പെയ്തുതിമിർത്തു.
‘‘റിലാക്‌സ്.. റിലാക്‌സ്'', അയാൾ എന്നെ സമാധാനിപ്പിക്കുവാൻ വൃഥാ ശ്രമിച്ചു.
‘‘അഞ്ചു മിനുട്ട് നിർത്തിയിടൂ. എന്നിട്ട് പോയാൽ മതി'', എനിക്ക് ഒരു കുപ്പി വെള്ളം വാങ്ങി തന്നു. അഞ്ച് മിനുട്ട് നേരം അവിടെ നിർത്തി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇത്ര വൈകാരികമായി വാഹനം ഓടിക്കാൻ പാടില്ലെന്നറിയിച്ചു.
ഞാൻ ഒന്നുരണ്ട് ബ്രീത്തിങ്ങ് എക്‌സസൈസുകൾ ചെയ്തു.
‘‘ശാന്തമായിട്ട് പോകൂ. ഒരു ആക്‌സിഡൻറ്​ കൂടി ആയാൽ അത് കൂടുതൽ പ്രശ്‌നാവാനേ ഉപകരിക്കൂ'', അയാൾ യുക്തിപൂർവ്വം സംസാരിച്ചു.
മെട്രോ ആശുപത്രിയിൽ അവളെ കണ്ടതും തൊട്ടതും ഇപ്പോഴും എന്നെ കരയിക്കുന്നു.

ഈ നിമിഷം ഇതെഴുതുമ്പോഴും അക്ഷരങ്ങൾ കണ്ണീരിൽ മാഞ്ഞടർന്നുപോകുന്നുണ്ട്. ജീവിതത്തിൽ നിന്ന് പറ്റിയടരാതെ ഒരു ചൂട് അവളുടെ ഉടലിലുണ്ടായിരുന്നു.
പ്രാണൻ ഒട്ടിനിൽക്കുന്നതുപോലെ...

ജീവിതത്തിലേക്ക് കൊണ്ടുവരാൻ കൊടുത്ത സി.പി.ആറിന്റെ മർദ്ദത്തിൽ ചുവന്ന നെഞ്ച്. യോജിപ്പിക്കാനാകാതെ കിടന്ന വെന്റിലേറ്ററിന്റെ കുഴൽ.
‘‘ഈ ഉടുപ്പൊന്നു കീറാൻ സഹായിക്കൂ'', പൊലീസുകാരിയാണ്. എനിക്ക് കഴിഞ്ഞില്ല.
‘‘പറ്റില്ല. പറ്റില്ല'', ഞാൻ വിസമ്മതിച്ചു.
ഞാൻ പുറത്തിറങ്ങി നിന്നു. എല്ലാം ദുഃസ്വപ്നമാണെന്ന് കരുതി.
ലോകം അവസാനിച്ച് പോയിരിക്കുന്നു. ഞാൻ കുരുടിത്തത്തിലും കോമയിലും പെട്ടു പോയിരിക്കുന്നു...

ആശുപത്രിക്കസേരയിൽ അങ്ങനെയിരിക്കെ, എഫ്.ഐ.ആർ ഇട്ട പൊലീസുകാരൻ അവളുടെ നടുകീറിയ നൈറ്റിയും അടിയുടുപ്പുകളൂമൊക്കെ എന്നെ ഏൽപ്പിച്ചു.
അവളെയും കൊണ്ട് ആംബുലൻസ് പോസ്റ്റ്‌മോട്ടത്തിനായി പോകുന്നവരെ ഞാനവിടെ തന്നെ ഇരുന്നു...
മഴ കടപുഴകിക്കൊണ്ടേയിരുന്നു.
മഴ കുതികൊണ്ടുകൊണ്ടേയിരുന്നു
മഴ വിക്ഷുബ്ദപ്പെരുക്കത്താൽ പെരുങ്കളിയാട്ടമാടിക്കൊണ്ടെയിരുന്നു.
തെങ്ങിന്റെ തുഞ്ചിയിൽ നിന്ന് ഓലഞ്ഞാലിക്കുരുവിയുടെ കൂട് നിലത്ത് ടൈൽസിലേക്കുവീണ് മൂന്നാലഞ്ചു മുട്ടകൾ പൊട്ടിച്ചിതറി. അവയ്ക്കുള്ളിൽ പക്ഷിഭ്രൂണങ്ങൾ ചത്തുകിടന്നു.

ഒരുപാട് തലമുടി ഉണ്ടായിരുന്നു അവൾക്ക്. എന്റെ മുടിയേക്കാൾ കനത്തു നിറഞ്ഞ കറുകറുത്ത സുന്ദരമുടി. അവയിലെപ്പോഴും നിറയെ പേനുകളുമുണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോൾ ഞാനത് എടുത്തു കളയാൻ നിത്യം വഴക്കുപിടിച്ചു. എന്റെ തലയിൽ അവ കയറിയാൽ ഞാനെങ്ങനെ അവയെ പുറത്തെടുക്കുമെന്നതായിരുന്നു എന്റെ മുഖ്യാകുലത.

അവൾ മരിച്ച ദിവസം പേനുകളുടെ അനിതരസാധാരണമായ നിരയുണ്ടായി. ഉറുമ്പുകൾക്കൊപ്പം അവ വരിവരിയിട്ടു തലയിറങ്ങി. സമാധാനപൂർണമയൊരു മരണവിലാപയാത്ര പോലെ കറുത്തുടുപ്പിട്ടവരുടെ നിശബ്ദ ഘോഷയാത്ര. പുറകിൽ ശാന്തമായുറങ്ങുന്ന അവൾ. തലയ്ക്ക് ക്ഷതമേറ്റതിനാൽ 12 ദിവസമായി അവളുടെ തലമുടി വാർന്നിരുന്നില്ല. തലയുടെ സ്വാഭാവികമായ ചൂടിലും മനുഷ്യമണത്തിലും തലയിൽ പേനുകൾ പെറ്റുപെരുകി, പ്രേതാത്മക്കളെപ്പോലെയായി ഉന്മാദത്തുള്ളുതുള്ളി. അവൾ മരിച്ചു കഴിഞ്ഞപ്പോൾ തലയോട്ടിയിലോട്ടിയ തണുപ്പ് വന്യമായി. പേനുകൾ ഉടലൊഴിഞ്ഞു, തലയൊഴിഞ്ഞു, വിലാപസഞ്ചാരമാരംഭിച്ചു.
അവൾ കിടക്കുമ്പോൾ പേനുകൾ നെറ്റിയിലേക്ക് വരുന്നത് ഞാൻ കണ്ടു. ചെന്നിയിലൂടെ മലയിറങ്ങുന്ന മരണ ഘോഷയാത്രപോലെ ചെവിയ്ക്കുപിറകിലൂടെ തറയിലേയ്ക്ക്. അവളെ അരിയിട്ടു കിടത്തിയതിനരികെ ഞാനെന്റെ മെടഞ്ഞിട്ട മുടി നീട്ടി ഓരോ പേനുകളെയായി എന്നിലേയ്ക്കു സ്വീകരിച്ചു. അവ ആഹ്‌ളാദത്തോടെ എന്റെ തലയിലേയ്ക്ക് അരിച്ചു കയറി.

എനിക്കും അവൾക്കും ഇടയിലെ വിനിമയത്തിന് തിരഞ്ഞെടുക്കപ്പെട്ട പ്രേതാത്മാക്കളാണ് പേനുകൾ എന്നുതോന്നി ...

ഒരുപാട് ദിവസം ആ പേനുകൾ എന്റെ തലയിൽ തന്നെ താമസിച്ചിരിക്കണം. മുടിയിഴകളൂടെ കടുപ്പം കാരണം അവയിൽ പലതും രണ്ടായി മുറിഞ്ഞ് ചീർപ്പിൽ വന്നു. തലയുടെ ഉഷ്ണപ്പെരുക്കത്താൽ അവയെല്ലാം എന്റെ തലയൊഴിഞ്ഞുപോയി.
ഏറ്റവും ഒടുവിലെ അതിഥിയായി വന്നത് അവളെ കല്യാണം കഴിക്കുവാൻ നിശ്ചയിച്ച ആൺകുട്ടിയായിരുന്നു. അപകടത്തിൽ തകർന്ന കാൽ പ്ലാസ്റ്ററിട്ടിരുന്നു. അത് വകവെയ്ക്കാതെ അവൻ വന്ന് നിലത്തിരുന്നു, അശരണമായി പൊട്ടിക്കരഞ്ഞു.
അവൾ പോയി; അമ്മൂമ്മയും അമ്മയും പോയ മാനാരിയിലെ അതേ ശ്മശാനത്തിലേയ്ക്ക്. അവിടെ എല്ലാക്കാലവും പൂവിട്ട് പൂത്തുനിന്ന മജന്ത നിറമുള്ള ശവംനാറിപ്പൂക്കളെപറ്റി ഞാൻ വെറുതെ ഓർത്തു. ശവച്ചാരം വളമായിട്ട് വളർന്നതിനാൽ അവയ്ക്കു മുഴുപ്പും നിറവും കൂടുതലായിരുന്നു.
അവൾ പോയശേഷം ഏറെ നേരം ആ തറയിൽ നെല്ലിനും അരിയ്ക്കും തുളസിപ്പൂവുകൾക്കും നടുവിൽ ഞാനുറഞ്ഞു കിടന്നു.

എന്റെ പ്രാണനായിരുന്നു അവൾ. എന്റെ കുഞ്ഞുങ്ങളോടു തോന്നിയതിനേക്കാൾ അധികമായിരുന്നു എനിക്കവളോടുള്ള സ്‌നേഹം. ഓരോ ചെന്നിക്കുത്തുകളിലും വിഷാദങ്ങളിലും അവളോർമകൾ പൂക്കെ ഞാൻ ഹതാശയായി. നിലവിളിച്ചു.

ഇന്നും എല്ലാ രാത്രിയിലും ഞാനവളെപ്പറ്റിയോർക്കും. അമ്മയേയും അമ്മൂമ്മയേയും പറ്റിയോർക്കുമ്പോഴൊന്നും തോന്നാത്തതിലധികം ഹൃദയവ്യഥ എനിക്കുതോന്നും. ഒരു കത്തിയെടുത്ത് സ്വയം ഉൾക്കീറുന്നപോലൊരനുഭവമായിരുന്നു ഓരോ ഓർമയും.

എനിയ്ക്കു മുറിഞ്ഞു.
എനിയ്ക്ക് കിനിഞ്ഞു.
രക്തസ്‌നാതമായ മുറിവിൽ കൈവെയ്‌ക്കെ എനിക്ക് വേദനിച്ചു.

എന്നെ വിശദീകരിക്കേണ്ടാത്ത ഒരുവളായിരുന്നു അവൾ.

എന്റെ പ്രാണനായിരുന്നു അവൾ. എന്റെ കുഞ്ഞുങ്ങളോടു തോന്നിയതിനേക്കാൾ അധികമായിരുന്നു എനിക്കവളോടുള്ള സ്‌നേഹം. ഒരുപക്ഷെ അമ്മുക്കുട്ടിയോട് തോന്നുന്നതിനേക്കാളധികം സ്‌നേഹവും അനിയത്തീവാത്സല്യവും ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ മാലാഖയും രാജകുമാരിയും അവളായിരുന്നു. ഓരോ ചെന്നിക്കുത്തുകളിലും വിഷാദങ്ങളിലും അവളോർമകൾ പൂക്കെ ഞാൻ ഹതാശയായി. നിലവിളിച്ചു.

എന്റെ ചോരച്ച പ്രാണസങ്കടം; അത് വാക്കുകൾക്കതീതമായിരുന്നു.
ആശുപത്രിയിൽ നിന്ന് അവസാനമായി അവൾ ധരിച്ച അവളുടെ ഉടുപ്പുകൾ എന്റെ കൈവശമായിരുന്നുവല്ലോ. അത് ചെറിയമ്മയ്ക്കു കൈമാറാനുള്ളവയാണെന്നു ഞാൻ കരുതി. അവളവസാനം ധരിച്ചവ. അവളുടെ പ്രാണഗന്ധമുള്ളവ. അവളനുഭവിച്ച മുഴുമരണവേദനയും ഒട്ടിനിന്നറിഞ്ഞവ. പരുത്തിത്തുണിയുടെ നടുപിളർന്ന ഒരു സാധാരണ നൈറ്റി. ഇളം മഞ്ഞ നിറമാർന്നത്. ഒരു വയലറ്റ് അടിയുടുപ്പ്, ഒരു ബ്രാ. എന്റെയലമാരിയിൽ സൂക്ഷിക്കണോ ചെറിയമ്മയ്ക്കു കൊടുക്കണോ. അന്തർസംഘർഷങ്ങളാൽ ഞാൻ വലഞ്ഞു. കാറിന്റെ ഡിക്കിയിൽ നിന്ന് ഞാനവയെ പുറത്തെടുത്തില്ല.

സഞ്ചയനത്തിന്റെ അന്ന് മുഴുവൻ, കുഞ്ഞക്കൻ ചെട്ട്യാർ ആൻറ്​ സൺസ് തുണിക്കച്ചവടം എന്നെഴുതിയ ആ കവർ പലയാവർത്തി ഞാൻ കാറിൽ നിന്നെടുക്കുകയും തിരികെ വെയ്ക്കുകയും ചെയ്തു. അത് ആർക്കും കൈമാറാൻ എനിയ്ക്കു കഴിഞ്ഞില്ല. ചെറിയമ്മയ്ക്കാണത് കൊടുക്കേണ്ടത്. പക്ഷെ ഇപ്പോഴുള്ള മുറിവുകൾക്കു മീതെ വലിയ മുറിവത് ഉണ്ടാക്കുമെന്നു എനിയ്ക്കു തോന്നി.
വാട്ട്‌സ്ആപ്പിൽ അവളുടെ ഒച്ച സൂക്ഷിച്ചുവെച്ചത് കേട്ടുകിടക്കെ, അഞ്ചുമണിയ്ക്ക് ഞാൻ ഉറങ്ങിപ്പോയി. ഉറക്കത്തിൽ അവളെ സ്വപ്നം കണ്ടു. ഞാനും അവളും കരയുകയായിരുന്നു. ഉണർന്നിട്ടും ആ കരച്ചിലിന്റെ ആന്തലടങ്ങിയില്ല. എനിക്ക് കരച്ചിലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

പലപല ജീവിത രംഗങ്ങളും എന്റെ മുമ്പിലൂടെ കടന്നുപായിക്കൊണ്ടേയിരുന്നു.
കുട്ടിക്കാലത്ത് വിഷുക്കൈനീട്ടം കിട്ടിയ പൈസയ്ക്ക് അവൾക്ക് ഞാൻ വാങ്ങിക്കൊടുത്ത ഐസ്‌ക്രീമുകൾ. അത് തിന്നുമ്പോൾ ഭാവിയിൽ ഞാനുണ്ടാക്കുന്ന ഐസ്‌ക്രീം കമ്പനിയിലെ ഐസ്‌ക്രീമിന്റെ പേരെന്തെന്നു ചോദിയ്ക്കും.
‘‘കീർത്തി സ്‌ട്രോബെറി ഐസ്‌ക്രീമുകൾ.''
‘‘അപ്പോൾ തുണിക്കടയിലെയോ?''
ഐസ്‌ക്രീം കവിളിൽ പുരളുന്നു. കൗതുക്കണ്ണവൾ മിഴിയ്ക്കുന്നു.
‘‘എന്റെ നെയ്ത്തുശാലയിലെയോ?''
‘‘ആ''
‘‘കീർത്തന സാമുദ്രികപ്പട്ട്.''
ചുവപ്പിൽ സ്വർണ ജരികയുള്ള കനം കുറഞ്ഞതും പുഷ്പഗന്ധമുള്ളതും ഇഴയടുപ്പം കൂടിയതുമായ തിളക്കമേറിയ പട്ട്.

പിന്നേയും ഓർമ കലങ്ങി.
മീഞ്ചന്തയിലെ ഉള്ളാട്ടിൽ വീട്ടിൽ അമ്മൂമ്മ ഞങ്ങൾക്ക് ചോറു വിളമ്പിയ ഓർമ.
നേർത്ത ഉലുവയും ചെമ്മുലകും ചേർന്ന നാളികേര രുചിയുള്ള കാളന്റെ സുഖമണം.
അടുപ്പിൽ അരി വറുത്ത് താളിയ്ക്കുന്ന ചോന്ന ചീരയുപ്പേരിയും വാഴപ്പിണ്ടിയും.
‘‘അമ്മമ്മെ, ഇനിയ്ക്ക് കൊറച്ച് സ്പിന്നാച്ച് തരൂ?''
‘‘എന്താ മോളെ വേണ്ടത്?''
‘‘സ്പിന്നാച്ച്''
‘‘അമ്മമ്മയ്ക്ക് മനസ്സിലാവണില്ല്യ ഉണ്ണീ'', അമ്മൂമ്മ നിസ്സഹായയാകുന്നു.
‘‘ചീരാന്ന് പറയെടീ'' എന്ന് കയ്യുയർത്തുന്ന ചെറിയമ്മ.
അടുക്കളയിൽ ഇംഗ്ലീഷുകാരിയെ കളിയാക്കിയ നട്ടുച്ച.

ഞാനാ നൈറ്റി അവസാനമായി ഒന്നുകൂടി മണത്തുനോക്കി.
അവളുടെ ഉടലിന്റെ മണം. അവളുടെ മണം. വിശ്വാസിയല്ലാഞ്ഞിട്ടും ഞാനവൾക്കുവേണ്ടി പ്രാർത്ഥിച്ചു.

അവളുടെ കോളേജിൽ ചെന്ന ഓർമ.
അന്ന് രോഗിയായ ഒരു കുഞ്ഞിനുവേണ്ടി മൂലകോശം ടെസ്റ്റ് ചെയ്യാൻ എന്നെക്കൊണ്ട് ചോര കുത്തിച്ചതിന്റെ വേദന വിരൽത്തുമ്പിൽ തുടിച്ചു.
അവൾ വാങ്ങിത്തന്ന മെറൂൺ പട്ടുസാരി.
‘‘വൗവ്, സൂപ്പർബ്'', അവൻ പോലും ആ സാരിയിൽ എന്നെ കാൺകെ അമ്പരക്കുന്നു.
‘‘സ്‌നേഹം കൊണ്ട് ചേർത്തെടുക്കണം. തിരയണം. എന്നാലേ വരൂ, സാരിയ്ക്കിത്ര ഭംഗി''; ഞാൻ അഹന്തയോടെ മുന്താണി മുമ്പോട്ടിടുന്നു.
‘‘കീർത്തിക്കുട്ടി വാങ്ങിത്തന്നതാണ്'', മറ്റുള്ളവരെ അസൂയപ്പെടുത്താൻ ഞാൻ കിണഞ്ഞു ശ്രമിയ്ക്കുന്നു.
‘‘ചേച്ചി, നല്ല ഭംഗി''; തൃപ്തിയോടെ കീർത്തിക്കുട്ടി തലയാട്ടുന്നു.

ഓർമയാലും സ്വപ്നത്താലും അവളെന്നിൽ നിന്ന് നെഞ്ചോടുചേർന്ന ആ സാരി പോലെ നനുനനുപ്പായി അടരാതെ നിന്നു. അവളുടെ ഉടുപ്പ് എന്റെ അലമാരയിൽ സൂക്ഷിക്കാമെന്ന് ഞാൻ കരുതി.
‘‘പാടില്ല ഏച്ചി. മരിച്ചവരോട് നാം ചെയ്യുന്ന തെറ്റാണത്. ആ ഉടുപ്പ് കത്തിച്ചുകളയണം. അല്ലെങ്കിൽ കുഴിയിലടക്കം ചെയ്യണം. എന്നാലേ ഇവിടുത്തെ ബന്ധം അവർക്ക് മുറിഞ്ഞു കിട്ടൂ''; അക്കു അങ്ങനെ പറഞ്ഞപ്പോൾ ഹൃദയം കൂടുതൽ കനത്തു. എനിക്കതിനു കഴിയുമായിരുന്നില്ല.
‘‘പുഴയിലൊഴുക്കിയാലും മതി ചേച്ചി. ഇന്ന് മരിച്ചവരുടെ ലോകത്തേയ്ക്കു പോണ ദിവസല്ലേ? അവർക്ക് എല്ലാം മുറിച്ചുകളഞ്ഞു വേണം പോകാൻ. നല്ല സമാധാനം വേണം.''
‘‘സഞ്ചയനത്തിന്റെയന്ന് അവൾ പിതൃലോകത്തിലേക്ക് പോകും. സമാധാനമായി അവിടെ ജീവിതം തുടരും.''

കീർത്തന അച്ഛൻ സഹോദരിക്കും കസിൻ ദിവ്യയ്ക്കുമൊപ്പം

വിശ്വാസിയായ ഇത്തരം കാര്യങ്ങളിലൊക്കെ ചിലയറിവുകളുണ്ടെന്നു പറയുന്ന ഒരാളെ വിളിച്ച് ഞാൻ തിരക്കി.
‘‘സൂക്ഷിക്കരുത്, അത് ഒഴുക്കിത്തന്നെ കളയണം. കൈവശം വെയ്ക്കുന്നത് ശരിയല്ല. പ്രാർത്ഥിച്ച് ഒഴുക്കു ജലത്തിൽ കളയുക''; ഫോണവസാനിച്ചപ്പോൾ എന്റെ വണ്ടി അറപ്പുഴപ്പാലത്തിന് മേലെയായിരുന്നു. എല്ലാം വിധി പോലെയെന്നു ഞാനോർത്തു. വണ്ടി കൈവരി ചേർത്തുനിർത്തി. സന്ധ്യയും കഴിഞ്ഞ് രാത്രി വിടർന്നുപരന്ന നീലാകാശം. കരിനീലനിറമുള്ള ഇരുട്ട് പുകപോലെ പടർന്നുവ്യാപിച്ച അന്തരീക്ഷം. മഴയുടെ പെരുംകുലുക്കത്തിൽ കലങ്ങിച്ചോത്തൊഴുകിയ പുഴയിലേയ്ക്ക് റസ്‌റ്റോറന്റിൽ നിന്നൊഴുകി വീണ ചോന്ന പ്രകാശം.
പുഴക്കലക്കം അമ്പേ ചോരച്ച നിറമായി.
എന്റെ ഹൃദയരക്തം കൂടിയതിൽ ഒഴുകിച്ചേർന്നു.
ഇപ്പോൾ ചോരയൊഴുകും പോലെ പുഴയൊഴുകി.
എന്റെ കണ്ണീർ തുളിച്ചു.

ഞാനാ നൈറ്റി അവസാനമായി ഒന്നുകൂടി മണത്തുനോക്കി.
അവളുടെ ഉടലിന്റെ മണം. അവളുടെ മണം. വിശ്വാസിയല്ലാഞ്ഞിട്ടും ഞാനവൾക്കുവേണ്ടി പ്രാർത്ഥിച്ചു. അടുത്തമാസം അവളുടെ കൈകളിൽ മൈലാഞ്ചി ഇടീക്കണ്ടതായിരുന്നു. അവൾക്കുള്ള വജ്രമാലയുടെ ഡിസൈൻ വരയ്‌ക്കേണ്ടതായിരുന്നു. സാരിയിൽ സ്വർണപ്പൂവുകൾ തുന്നേണ്ടതായിരുന്നു. ഒന്നും വേണ്ടി വന്നില്ല. ഇത്രമാത്രമേ അവൾക്കായി ഞാൻ ചെയ്യേണ്ടിയിരുന്നുള്ളൂ.

അവളുടെ ഉടുപ്പുകൾ പ്രാർത്ഥനാപൂർവ്വം നദിയിലൊഴുക്കി.
വേറൊരു ലോകമുണ്ടെങ്കിൽ അമ്മമ്മയുടെയും അമ്മയുടേയും കൂടെ അവൾ രാജകുമാരിയായി ജീവിക്കട്ടെ.
​കണ്ണുനീർ നനഞ്ഞ നൈറ്റി പൊടുന്നനെ ചുരുൾ വിടർന്നു. ഒരുപക്ഷെ ഒരാൾ നദിയിലേയ്ക്കു കുതിച്ചു ചാടും പോലെ തോന്നി.
കാറ്റിൽ കൈകൾ വിടർത്തി, ഏകതാനമായി പതിയെ, അത് നദിയിൽ വീണുവിടർന്നു. ഒഴുകി. കടൽദിശയിലേയ്ക്ക് അതിദ്രുതം ഒഴുകി.
കണ്ണുനിറഞ്ഞ് ആ കാഴ്ചയെനിയ്ക്ക് അവ്യക്തമായി.
അവളുടെ മണം എന്റെ ഓർമയിൽ നിന്ന് എന്നെന്നേയ്ക്കുമായി അറുന്നു.
കീർത്തന; അവളെ പുഴയലിഞ്ഞു
കീർത്തന; അവളെ കടലലിഞ്ഞു... ▮


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments