ഇന്ദുമേനോൻ

നീല വിഷാദ നക്ഷത്രങ്ങളിൽ ഉന്മാദവേദനയുടെ ഒറ്റ മരം

എന്റെ കഥ- 29

‘സുചിത്രാ' എന്നവൻ അശരണമായി അലറി. പിന്നെ കണ്ണുനീര് ചുഴന്ന ഉപ്പുരുചിയിൽ മുകളിൽ വലിഞ്ഞു കയറി കഴുത്തിൽ കുരുക്കിട്ടു. ‘സുചിത്രാ' എന്ന വിളി തീർന്നു. അവനൊരു കാറ്റു പോലെയാടി...

അവളവൾ വലമുഖം

പ്പോഴെങ്കിലും അവളവളൊരു പരിപൂർണ തോൽവിയാണെന്ന് തോന്നിയിട്ടുണ്ടോ? ആൾക്കൂട്ടത്തിനുനടുവിൽ നിൽക്കുമ്പോൾ അസഹ്യമായ അപമാനത്താൽ തല കുമ്പിട്ട് എങ്ങോട്ടെങ്കിലുമെന്നില്ലാതെ നടന്നു പോയിട്ടുണ്ടോ? പ്രിയപ്പെട്ടവർക്കിടയിലിരിയ്ക്കുമ്പോഴും എനിക്കാരുമില്ല എന്നു തോന്നിയിട്ടുണ്ടോ? തകർന്നു പോയ ഒരു തകരച്ചെണ്ടയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ?
മനുഷ്യർ ആ പൊളിപ്പാളിയിൽ സ്പർശിക്കുമ്പോഴേയ്ക്കും ഇളംചോര തുളിയ്ക്കുന്ന ഇതൊരു ഹൃദയമെന്നു തോന്നിയിട്ടുണ്ടോ?
ശബ്ദമില്ലെന്നും ശ്വാസമില്ലെന്നും പൊളിഞ്ഞ തൊലിയ്ക്കകത്ത് കട്ടയോട്ടിയ ഇരുട്ടെന്നും കണ്ടെത്താനായിട്ടുണ്ടോ?
സ്വയം ഉള്ളു തകർന്ന്​ ഒരു എരിച്ചിൽ പോലെ തൊണ്ടക്കുഴിയ്ക്കു പുറകിൽ അസഹ്യമായ ഒരു വേദന, കണ്ണീർ വിഴുക്കം, മൂക്കിൽ തൊണ്ടയിൽ കണ്ണിലെല്ലാം ഉപ്പുനീർപ്പെരുക്കം? തോന്നിയിട്ടുണ്ടോ?
എപ്പോഴെങ്കിലും വായ തുറക്കുമ്പോൾ വാ മുതൽ ഉള്ളകത്തേയ്ക്ക് അന്നകുല്യ പിളർന്ന്​ കുടലിലേയ്ക്കും ആമാശയത്തിലേയ്ക്കും കോടാനുകോടി രക്തക്കുഴലുകളിലേയ്ക്കും പൊള്ളയായ വിഷാദം ചുമന്ന കേവല സ്ത്രീയാണെന്ന് തോന്നിയിട്ടുണ്ടോ? സകല ആത്മവിശ്വാസവും തകർന്നു പൊട്ടിപ്പൊളിഞ്ഞ് പൊടിഞ്ഞ്​ മൺകൂന പോലെ അവനവന്റെ കണ്ണീരിലും ചോരയിലും ഒളിച്ചു പോയിട്ടുണ്ടോ? തോറ്റു കിടക്കുമ്പോഴും പതറിയ കാലടികൾ വേച്ചുവേച്ച് ജീവിതത്തിൽ മുമ്പോട്ട് പോയി നോക്കിയിട്ടുണ്ടോ? വീണും മുടന്തിയും ഒരടി പോലുമിനി നീങ്ങാനാവില്ലെന്നറിഞ്ഞ് മാംസമറുന്ന ഇരു കാലുകളിലും പച്ച അസ്ഥിയുമായി നിന്നിട്ടുണ്ടോ?

ഞാൻ ഏകാന്തതയെ പൂണ്ടതോ വിഷാദത്തെ പുല്കിയതോ ആയിരുന്നില്ല.
ജീവിതം എന്നെ കളി പഠിപ്പിച്ചതാണ്. വെറും കളിയല്ല ഭൂലോക പേരും കളിയാട്ടങ്ങൾ.

ശ്വാസഗതി ഇടയ്ക്കിടെ നിലച്ചും പതിവായി കിതച്ചും ഒരു കുടന്ന വായുവിനായി കണ്ണ് മിഴുത്ത്​, കാരണം അന്വേഷിച്ച്​, ഡോക്ടറുടെ ടേബിളിൽ കിടക്കുമ്പോൾ കൂടെ വന്നവർ ആരുമില്ലാത്തതിനാൽ ഡോക്ടർ നിങ്ങളെ നിർദ്ദയം ഇറക്കിവിട്ടിട്ടുണ്ടോ?
‘എനിക്ക് ശ്വാസം മുട്ടുന്നു. എനിക്ക് ശ്വസിക്കണം, പ്ലീസ്’ എന്നലറി വിളിച്ചിട്ടുണ്ടോ?
ഒരു പുരുഷനാൽ ഗർഭിണിയാക്കപ്പെടുകയും പ്രസവിക്കാൻ ഒട്ടുമാശയില്ലാഞ്ഞും കുഞ്ഞിനെ രോഗാതുരമായ ശരീരത്തിൽ വഹിക്കുകയും പൊങ്ങാത്ത കാലടികളോടെ നായയെപ്പോലെ അലഞ്ഞും ചിലപ്പോൾ ഇഴഞ്ഞും ആ മാസങ്ങളെ തള്ളിനീക്കിയിട്ടുണ്ടോ?
സ്വയം അഴുകി തീർന്നു പോയിട്ടുണ്ടോ?

ഞാൻ ഏകാന്തതയെ പൂണ്ടതോ വിഷാദത്തെ പുല്കിയതോ ആയിരുന്നില്ല.
ജീവിതം എന്നെ കളി പഠിപ്പിച്ചതാണ്. വെറും കളിയല്ല ഭൂലോക പേരും കളിയാട്ടങ്ങൾ.

ഒറ്റമരപ്രീതാ

രിക്കൽ വർഷങ്ങൾക്കുശേഷം കാൺകെ എന്റെ സുഹൃത്ത് പ്രീത ചോദിക്കുകയുണ്ടായി; ‘എന്തുകൊണ്ടാണ് നീ ഇങ്ങനെ കല്ലിച്ചു പോയത്?
എന്തുകൊണ്ടാണ് നീയിങ്ങനെ കെട്ടുപോയിരിക്കുന്നത്?
എന്തുകൊണ്ടാണ് ചിരിയ്ക്കുമ്പോഴും നീ ഇടറിപ്പൊട്ടുന്നത്..
നീ നിസ്സഹായമാകുന്നത്?
വിളറുന്നത്?
ക്ഷുഭിതയാകുന്നത്?
എന്തിനാ ഞങ്ങളെയൊക്കെ വിട്ടു കളഞ്ഞത്?'

അവൾ ക്ഷോഭത്തോടെ എന്റെ തോള് പിടിച്ചുകുലുക്കി; ‘എന്തു കാരണത്താലാണ് നീ ഇങ്ങനെ ഒരു ഉണങ്ങിയ ഇലകളില്ലാത്ത മരം ആയത്?'
‘ഡെത്ത്​ വിഷ് . മുടിഞ്ഞ മരണാസക്തി'; ഞാൻ പിറുപിറുത്തു.
എങ്കിലും എനിയ്ക്കു നീറി.
ഉണങ്ങിയ മരം?
ഞാൻ ഉണങ്ങിയ ഒരു മരം? എന്റെയുള്ളിൽ കരച്ചിൽ തിര പോലെ വന്നടിച്ചു.
‘എന്ത് മരം?', എന്റെ ഒച്ച പോലും ചിതറി.
‘നമ്മുടെ കോളേജിന് പുറകിലെ ആ മരം. മാവ്. പൂതലിച്ച മരണ മാവ്.’
ഞാൻ നടുങ്ങി. എന്റെ മുഖം അത്രമേൽ വിഷാദത്തിലാണ് ഞാനെന്ന്​ എന്നെ ഒറ്റുന്നുണ്ടോ? അവളെന്നെ കണ്ടു പിടിച്ച് കളഞ്ഞല്ലോ ദൈവമേ എന്നുഞാൻ സങ്കടത്തോടെ ഓർത്തു.

ഉണങ്ങിയ മരം?
ഉണങ്ങിയ മരം?
ഉണങ്ങിയ മരം?

വിഷാദപ്പൊൻവെയിൽ കലക്കത്തിൽ നിസ്സഹായമായി നിന്ന ഒരു മരം.
ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്നെ ഇലകളില്ലാത്ത ഉണങ്ങിയ ആ മരം നശിച്ചുപോയ പോയ സ്‌നേഹത്തിന്റെ ചിഹ്നമായി ഞങ്ങൾ കരുതിയിരുന്നു. ചതിക്കപ്പെട്ട പ്രേമത്തിന്റെ താജ്മഹലായി ഞങ്ങൾ കരുതിയിരുന്നു. ഉപേക്ഷിക്കപ്പെട്ടതിനാൽ തൂങ്ങിമരിച്ചു പോയ ഒരുവന്റെ ഓർമയായി കണക്കാക്കിയിരുന്നു.

ശീതീകരണിയുടെ മൂളക്കത്തെപ്പറ്റി. മൂടിപ്പൊട്ടിയ അന്തരീക്ഷത്തിൽ പുറത്ത് കണ്ടിരുന്ന മുഴുവനായും മരിച്ചു പോയ ആ മരത്തിന്റെ പേരും മരണം എന്നാണെന്ന്​ എനിക്കുതോന്നി. കേട്ടുകേട്ട് തഴമ്പിച്ച കോളേജ് കഥകൾക്കപ്പുറം നിസ്സഹായമായിരുന്ന മരം

ഡിഗ്രിക്കാലത്ത് ഒരു മലയാളം ക്ലാസ്സിലാണ് ജനാലക്കൽ കിട്ടിയ ബെഞ്ചരികിന്റെ ഔദാര്യത്തിൽ ഞാനാ മരം കാണുന്നത്. മഴ ചാറിത്തീർന്ന ഉച്ചവെയിൽ മങ്ങിച്ച. പച്ച വിട്ട്​ മഞ്ഞയാർന്ന പുലനിരത്തലപ്പുകൾ. മൊട്ടപ്പാറകൾ. ഏതാണ്ട് ഇടത്തേയറ്റത്തേയ്ക്ക് ഒറ്റമരം.
‘നോക്കണ്ടേ അത് പ്രേതമരാ', എന്റെ ചെവിയിൽ പ്രീത മൂളി.

ആ മരമോ കുന്നിന്റെ പുറകു ഭാഗത്ത് വിശാലമായി വനനെല്ലുപാടം പോലെ വന്യമായൊരു പുൽമേടോ ഉണ്ടെന്ന്​ ഞാനതു വരെ അറിഞ്ഞതേയില്ല. ഏകാകിയായ ഇല പൊഴിഞ്ഞ മരത്തെക്കണ്ടതും ദുരൂഹമായ എന്തോന്ന് എന്റെ തലയ്ക്കുള്ളിൽ തെളിഞ്ഞു. ശശിമാഷാണ് ക്ലാസെടുക്കുന്നത്. കക്കാടിന്റെ കാൻസർ വാർഡിലെ കോമാളിയായി മരണത്തെ പറ്റി. ശീതീകരണിയുടെ മൂളക്കത്തെപ്പറ്റി. മൂടിപ്പൊട്ടിയ അന്തരീക്ഷത്തിൽ പുറത്ത് കണ്ടിരുന്ന മുഴുവനായും മരിച്ചു പോയ ആ മരത്തിന്റെ പേരും മരണം എന്നാണെന്ന്​ എനിക്കുതോന്നി. കേട്ടുകേട്ട് തഴമ്പിച്ച കോളേജ് കഥകൾക്കപ്പുറം നിസ്സഹായമായിരുന്ന മരം. കൈകളുയർത്തി യാചിക്കുന്ന രൂപത്തിൽ നിലവിളിക്കുന്ന മുഖമായിരുന്നു ആ മരത്തിന്. ആകാശത്തിനു കീഴിൽ വലിയ പുൽമൈതാനിയിൽ, പൊരിവെയിലിൽ, മഴയിൽ ഒറ്റയ്ക്ക് നിന്നിരുന്നതിനാൽ തൊലി നനഞ്ഞു ചേർക്കുകയും വരണ്ടുണങ്ങുകയും ചുക്കിച്ചുളിയുകയും ചെയ്തിരുന്നു. കറുത്ത നിറത്തിൽ അതിന്റെ മേലടർ പൊളിഞ്ഞു നീന്നു. ജീവപ്പച്ച ഇലയായോ മുളയായോ തൊലിനിറമായോ ഉണ്ടായിരുന്നില്ല. അമ്പേ ഉണങ്ങിപ്പോയ ആ മരത്തിന്റെ അടിമുതൽ കടവരെ കാതൽ അളിഞ്ഞ് പൂതലിച്ചിരുന്നു. ഇത്രയും വർഷമായിട്ടും എന്തുകൊണ്ടത് നിലം പൊത്തിയില്ല? അതിന്റെ ഉള്ളകം ആരും കണ്ടില്ല. മരിച്ചിട്ടും മരിക്കാത്ത ജീവന്റെ ഒരു കണം ആ മരത്തെ വർഷങ്ങളോളം നിലനിർത്തിയിരിക്കണം.

പിന്നീട് പി.ജിക്ക് പഠിക്കുന്ന സമയത്ത് പുതിയതായി പണിത ക്ളാസിലായിരുന്നു ഞങ്ങൾ. കുന്നിന്റെ ഏറ്റവും പുറകെ ഭാഗത്ത്. ഒന്നാംവർഷ ക്ലാസിന്റെ ജനാല തുറന്നാൽ ആ ഒറ്റമരത്തെ അടുത്ത് കാണാനാകുമായിരുന്നു. വേദനയുടെ ഒറ്റമരം.

പുതിയതായി കെട്ടിയ ബിൽഡിങ്ങിന്റെ ഏറ്റവും അറ്റത്തായിരുന്നു ഞങ്ങളുടെ ക്ലാസ് റൂം. അതിനുപിറകിൽ പുൽമൈതാനി. ചിലകാലങ്ങളിൽ പച്ചയോടിയ മേത്ത പോലെ മറ്റു ചിലപ്പോൾ വിത്ത് പൊട്ടിയുയർന്ന കതിരുമായ് സ്വർണവർണപുല്ലുപാടമായി അത്​ നിന്നു. പാമ്പിഴച്ചിലുകളുടെ കറുത്ത പാറപ്പുറം. പുല്ലുകൾക്കിടയിൽ ആനകൾ ഇണചേർന്നുയർന്നു നിൽക്കും പോലെയായിരുന്നു. ഞങ്ങൾ ജനലിലൂടെ പുറത്തു നോക്കുന്ന ഓരോ സന്ദർഭങ്ങളിലും പാമ്പുകളെയും കണ്ടു. പാറപ്പുറത്ത് മഴയത്ത്​ നൃത്തം ചെയ്യുന്നവയും കാറ്റിലാടുകയും ചെയ്യുന്നവർ... എന്തുകൊണ്ടാണ് പിൻമൈതാനി കാമ്പസിലെ കുട്ടികൾ ഉപേക്ഷിച്ചതെന്നതിന്​എനിയ്ക്ക് ഉത്തരം കിട്ടി.
‘ഇല്ല, അതിനു ശേഷം പ്രേമിക്കുന്നവർക്കുള്ള പ്രവേശനം എന്നെന്നേയ്ക്കുമായി വിലക്കപ്പെട്ടു. പാമ്പുകൾ വന്നു കാവലായി', കാമ്പസ്​ പാണന്മാരുടെ കഥകളിൽ സർപ്പകാവലിൻ നുണമിട്ടായികൾ

ആ മരത്തിന്റെ അടുത്തേക്ക് പോകണം എന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു, കൗതുകമുണ്ടായിരുന്നു. പക്ഷേ എളുപ്പമായിരുന്നില്ല. കാമ്പസിനോടുചേർന്നുള്ള വഴിയറ്റം കാതടച്ചതുപോലെയായിക്കിടക്കുകയായിരുന്നു. ശ്വാസം മുട്ടുംവണ്ണം കാട്ടുചെടികൾ, പഴങ്ങൾ തൂങ്ങിനിൽക്കുന്ന മരങ്ങൾ. കൊട്ടപഴകൂട്ടക്കാടുകൾ, ക്രിസ്​മസ്​ കാല വിളക്കലങ്കാരങ്ങൾ, മണി മണിക്കുലയായി വയലറ്റുണ്ണികൾ, മുലക്കണ്ണായ്പ്പഴുത്ത മുള്ളുകായ, കറുത്ത പാറക്കല്ലിൽ പച്ചപൂപ്പൽ മെത്ത, അവയിൽ അലസമായി ഉറങ്ങുന്ന പാമ്പുകൾ, പൂത്തലപ്പുകളെ വന്യനൃത്തം ചെയ്യിച്ച് വേരിലൂടെ ദ്രുതമായി നീങ്ങുന്നവ, വെയിൽ കായുന്ന പാമ്പുകൾ. ആരും അവയെ മുറിച്ചുകടന്ന് ആ മരത്തിനടുത്തുപോകാൻ ധൈര്യപ്പെടുന്നില്ല. പുല്ലുകൾ ചെറിയ പച്ചവാളുകൾ പോലെ വാനത്തേയ്ക്ക് ഉയർന്നു യർന്നു നിന്നു . ജീവിതത്തിൽ അത്രമേൽ ഭംഗിയുള്ളതും എന്നാൽ വിഷാദകരമായതുമായ കാഴ്ചകൾ ഞാൻ കണ്ടിരുന്നില്ല.

വിഷാദപ്പൊറ്റകൾ കരിന്തൊലി ചീകിയ തായ്​ത്തടി. ഒറ്റക്കൊമ്പ് അശരണമായി കൈകൾ പോലെ മാനത്തേക്ക് നീട്ടിയും മറ്റേ കൊമ്പ് മുൻപോട്ടു നീട്ടി യാചിക്കുന്നതുപോലെ നിസ്സഹായമായും ആ മരം നിന്നു.

ജനലിലൂടെ ഞാൻ നോക്കി.
നോക്കി നോക്കി നോക്കി കൗമാര വിഷാദങ്ങളെ പിഴുത്തു കളയാൻ ഞാൻ മഞ്ഞു പെയ്ത്​ തണുത്തുകിടക്കുന്ന പുല്ലു മൈതാനിയെ നോക്കി. അസംഖ്യം നിശബ്ദഭടന്മാർ തങ്ങളുടെ പച്ച വാളുകളുയർത്തി നിൽക്കുന്ന ഒരു യുദ്ധഭൂമി പോലെ മൈതാനം കിടന്നു. രാവിലെ വെയിലേറ്റിട്ടും അലിഞ്ഞുതീരാത്ത മഞ്ഞുകണങ്ങൾ വൈരമുത്തായി. അവ പറ്റിയ പുൽനാമ്പുകളിൽ സൂര്യാംശു ഏഴുനിറം തിളങ്ങി. വിദേശസിനിമകളിൽ മാത്രം കണ്ട പുൽമൈതാനിയായിരുന്നു അത്. മഞ്ഞത്തും മഴയത്തും വെയിലത്തും നമ്മളെ ഞെട്ടിയ്ക്കുന്ന മനോഹര കാഴ്ച. അത് നോക്കി നിൽക്കെ എന്റെ ഹൃദയത്തിൽ കവിത ഉറപൊട്ടി. ആത്മാവിൽ വിഷാദം പൊട്ടി. കണ്ണുകളിൽ നീർ പൊട്ടി.
അവയ്‌ക്കെല്ലാം ഇടയിൽ ഉണങ്ങിയ ആ മാവ് മരം. വിഷാദപ്പൊറ്റകൾ കരിന്തൊലി ചീകിയ തായ്​ത്തടി. ഒറ്റക്കൊമ്പ് അശരണമായി കൈകൾ പോലെ മാനത്തേക്ക് നീട്ടിയും മറ്റേ കൊമ്പ് മുൻപോട്ടു നീട്ടി യാചിക്കുന്നതുപോലെ നിസ്സഹായമായും ആ മരം നിന്നു. കോളേജ് അപ്പടി കാമുകമരം എന്നുവിളിച്ച അതിന്​ ഞങ്ങൾ വിഷാദത്തിന്റെ ഒറ്റമരം എന്നും പേരിട്ടു.

കാമുക മരം കാമുക മരം വിഷാദത്തിന്റെ ഒറ്റമരം പ്രാണൻ പൂത്തൊഴിഞ്ഞ പെഞ്ചതി തേക്കത്തിൻ കാവൽ മരം മാഞ്ചുന മണക്കത്തിൻ മരണ മരം

പുതിയ വെള്ളച്ചുമരിൽ കരിക്കട്ട കൊണ്ട് ഞാൻ കവിത കോറിയിട്ടു.

ഗുരുവായൂരപ്പൻ കോളേജിൽ വന്നിട്ട് നാലാമത്തെ വർഷമാണ്.
ഉണങ്ങിയ, കാതൽ പൂ തളിച്ച ഒരു മരം ഇല്ലാതാക്കുവാൻ ഒരു വേനലും ഒരു മഴക്കാലവും മതിയാകും. എന്നിട്ടും നാല്​ പെരുമഴക്കാലങ്ങൾ, നാല്​ വേനലിൻറുഷ്​ണപ്പെരുക്കങ്ങൾ. അവ കടന്നുപോയിട്ടും ഉണങ്ങിമരം നിന്ന ഒരു നിൽപ്പ്!

‘‘അതിന്റെയുള്ളിൽ എവിടെയോ ഒരു പച്ച കിടപ്പുണ്ട്''

‘‘പ്രേമത്തിന്റെ നീറ്റുപച്ച ആയിരിക്കും. തെറിയ്ക്കാതെ ഉള്ളിൽ പറ്റിയ പ്രേമപച്ച''

‘‘എങ്കിലും അത് കാണുമ്പോൾ സങ്കടം തോന്നുന്നു''

‘‘ആ എനിയ്ക്കും''; ഞങ്ങൾ ജാലകച്ചില്ലിലൂടെ പുറങ്കാഴ്ചയിൽ രസിച്ചു.

കുട്ടികൾ കൂട്ടമായി ഇടവേളകളിൽ വഴികൾ താണ്ടി പുറകു ഭാഗത്തേക്ക് വന്നു നിന്നു. ഉണക്കവൃക്ഷത്തെ നോക്കി നോക്കി അവർ ദീർഘനിശ്വാസം ഉതിർത്തു. വിരഹികളായ കുട്ടികളായിരുന്നു ഭൂരിഭാഗവും. അവർ മരത്തെ നോക്കി മിടയിറക്കി, തേങ്ങി, ചിലർ പൊട്ടിക്കരഞ്ഞു. എന്നാൽ പ്രേമിക്കുന്നവർ ആ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. പ്രേമത്തിന് നല്ലതല്ല ആ മരക്കാഴ്ചയെന്ന്​ കുട്ടികൾ വിശ്വസിച്ചു. നിറപ്രേമം പോലെ ആ മരം ഒറ്റയായി തലയുയർത്തി.

ചിലർ മരത്തെ നോക്കി അതിന്റെ വിരഹകഥ പറഞ്ഞു.
ആ കഥ ഇങ്ങനെയായിരുന്നു: അവൻ വരുമ്പോൾ മുന്നിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ; പഠിക്കണം. തന്റെ താവഴിയിലെ ദുർബലമായ കണ്ണിയായ മാറിയ അമ്മയുടെ കണ്ണീരിന് ഒരു തോർച്ച ഉണ്ടാകണം. മെലിഞ്ഞ ആൺകുട്ടി. കൗമാരപ്പൊടിമീശ. നനുത്ത നിഷ്‌കളങ്ക മുഖം. ഒരു ജോലി വേണം. അനുജത്തിമാരെ കല്യാണം കഴിപ്പിക്കണം. ചേച്ചിയുടെ സ്ത്രീധന പൈസ കൊടുക്കണം... അങ്ങനെ അങ്ങനെ ഒത്തിരി സ്വപ്നങ്ങളുമായാണ് അവൻ വന്നത്. അവൻ പാലമരത്തിൽ ചോട്ടിലൂടെ നടന്നു പോയി. അവൻ ചീനിക്കാമരത്തിന്റെ ചോട്ടിലൂടെ നടന്നു പോയി. പെൺകുട്ടികൾ ആ സുന്ദരനായ ചെറുക്കനെ കണ്ണ് വെച്ചു.

പൊക്കുന്നിൽ നിന്ന്​ കുന്നിൻ മുകളിലേക്ക് കയറുന്ന അന്ന് ഒരു ബസിൽ എപ്പോഴും അവനെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി അവന്റെ ശ്രദ്ധയിൽ പെടാൻ ആറുമാസമെടുത്തു. അവൾ എപ്പോഴും അവനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. തുറിച്ചു നോക്കിക്കൊണ്ടിരുന്നു. കണ്ണുകളിൽ പ്രേമക്കരിമഷി കലങ്ങി. പ്രേമപൗഡറിന്റെ പോണ്ട്‌സ് മണം ബസിൽ നിറഞ്ഞു. ഇളകുമ്പോൾ അവളിൽ നിന്ന്​ ലാവണ്ടർ മണമിളകി. അവൻ നോക്കുമ്പോളൊക്കെയും അവൾ തുറിച്ചു നോക്കുന്നത് കാണാമായിരുന്നു. എന്തിനാണ് അവൾ തന്നെ നോക്കുന്നത് എന്നവന് മനസ്സിലായില്ല. കൗതുകവും ഭയവും കലർന്ന വല്ലാത്തൊരു വികാരമായിരുന്നു അഭിനയിച്ചിരുന്നത്. അവൾ നോക്കുമ്പോൾ അവനു ഭയം തോന്നി. എന്നാൽ നോക്കാതെ ഇരിക്കുവാനും ഭയം തോന്നി. കണ്ണുകളിലൂടെ ഹൃദയങ്ങൾ സംസാരിക്കുന്നു ഒരു അപൂർവ മാതൃകയായിരുന്നു ആ പ്രേമം. പ്രേമം ആണോ എന്ന് ചോദിച്ചാൽ അല്ല അല്ല എന്നും പ്രേമം അല്ലേ എന്നുചോദിച്ചാൽ അതെ അതെ എന്നും ഉത്തരം പറയാവുന്ന ഒരു നിഗൂഢമായ വികാരമായിരുന്നു അത്.

‘‘ഇന്റെ പ്രീതേ, ഇതൊക്കെ അനക്ക് എങ്ങനാറയണത്?''
‘അറിയാം’, പ്രീതയുടെ മുഖത്തെ വിഷാദം കലങ്ങി. കണ്ണുകൾ ചോത്തു. ഞങ്ങളുടെ തലയിലൂടെ, പൂത്ത കൊന്നകൾ മണിപ്പൂക്കൾ മഞ്ഞമഴയാക്കി പെയ്തു.

ഏറെനാൾ ഈ കണ്ണും കണ്ണും കളി നടന്നില്ല.
അവൾ അവനു പുറകിൽ നടന്നുതുടങ്ങി. അവൻ ബസിറങ്ങുമ്പോൾ അവളും കൂടെ ഇറങ്ങി. അവൻ ഇറങ്ങി നടക്കുമ്പോൾ അവൾ കൂടെ നടന്നു. അവൻ നിൽക്കുമ്പോൾ അവൾ നിന്നു. ഉത്തരവാദിത്തങ്ങൾ അവന്റെ തലയ്ക്കു മുകളിൽ വേതാളവാൾ പോലെ തൂങ്ങിനിന്നിരുന്നു. അതിനാൽ അവൾ പുറകെ വരുമ്പോൾ അവൻ ഭയന്നു.
അവൾ പണക്കാരി ആയിരുന്നു. വിദേശത്ത് വളർന്നവളായിരുന്നു. അവൾ പ്രതാപി ആയിരുന്നു. അതിലേറെ അവൾ കൊടിയ സുന്ദരിയുമായിരുന്നു. എന്തിന് തന്നെപ്പോലൊരു സാധുവിനുപുറകിൽ അവൾ നടക്കുന്നു എന്ന് അവന് മനസ്സിലായതേയില്ല

അധികനാൾ അവളിൽ നിന്ന്​ മാറി നടക്കാനോ അവളെ മറന്നു നടക്കാനോ അവന് കഴിഞ്ഞില്ല. അവനുരുകിത്തിത്തീർന്നു പോയി. താനറിയാതെ അവളോട് അവൻ പ്രേമത്തിന് സമ്മതം മൂളി. ഭയന്നും വിറച്ചും കോളേജിൽ അവനവളെ കണ്ടുകൊണ്ടേയിരുന്നു. ചോരനിറമുള്ള പൂക്കൾ ചരൽപ്പാതയിൽ പട്ടുവഴി വിരിച്ചു. വേഴാമ്പലുകൾ ഇളയ ഇലകൾ സദാ വീഴ്​ത്തിയ മരച്ചോട്ടിൽ, ധ്യാന ബുദ്ധന്റെ ഇരുകവിളിലും അവർ മാറി മാറി ഉമ്മ വെച്ചു. എന്റെ നിർമമത തണൽ വീ​ഴ്​ത്തിയ ബോധി മരച്ചോട്ടിൽ അവരുടെ മമത സ്ഫുടം പൂണ്ടു. ശീമക്കൊന്നകൾ തോന്നിയപോലെ ധിക്കാരപ്പൂവിട്ട്​ വയലറ്റ് മതിൽ തീർത്തു. അവരങ്ങനെ നടന്നു. പ്രീതയെന്നെ കൈ പിടിച്ച് ഓരോയിടത്തും കൊണ്ടുപോയി. മുൻ വഴികളിൽ ഇരു വശത്തും കാട്ടുപുല്ലാനികൾ പൂത്തു പൊന്തിയ പിന്നിലെ സ്റ്റേജിനരികിൽ.

പുല്ലുകളുടെ രഹസ്യകോട്ടയിൽ മലർന്നുകിടന്ന് അവർ പരസ്പരം പ്രേമിച്ചു. ഇരുതലമൂർച്ചപ്പുല്ലിന്റെ വാൾത്തലയിൽ അവന്റെ ചുണ്ടുകൾ മുറിഞ്ഞു. ഇടയ്ക്ക് ഒരു വെളുത്ത സർപ്പത്തെപ്പോലെ അവൾ അവനെ ദംശിച്ചു

അവരുടെ പ്രേമം തഴച്ചുവളരുന്ന പുല്ലുപോലെ പോലെ മൂർച്ഛിച്ചു കൊണ്ടിരുന്നു. ഒന്നും രണ്ടും മൂന്നും വർഷമല്ല, ഏഴ് വർഷങ്ങൾ. കാലത്തിന്റെ പുറകെ ഭാഗത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിലിരുന്ന്​ അവർ തങ്ങളുടെ ജീവിതത്തിലെ സ്വപ്നങ്ങൾ കണ്ടു.
‘‘നീയെന്താ അവരുടെ നോവൽ എഴുതാണോ ?''
‘‘ഏയ് അല്ലല്ല, നീയല്ലേ എഴുത്തുകാരി''
‘‘ഓ അതോണ്ട്?''
‘‘നീയെഴുതുമ്പോൾ ഓരോയിടങ്ങളും എഴുതണം''

ഞങ്ങൾ നടന്നു തീർത്തു; അവർ നടന്ന വഴികളിലെല്ലാം.
ആ വലിയ പുല്ലുകാടുകളിൽ അന്ന് വിഷപ്പാമ്പുകൾ ഉണ്ടായിരുന്നില്ല.
വെള്ളി അണലികളോ സ്വർണ മൂർഖനോ ഉണ്ടായിരുന്നില്ല.
വിഷമില്ലാത്ത പല്ലുകൾ കാട്ടി പച്ചിലപ്പാമ്പുകൾ മാത്രം അവരെ കാത്തിരുന്നിരുന്നു.
കല്ലെടുത്ത്​ അവൻ വീഴ്​ത്തിയ വിഷാദമൂവാണ്ടന്റെ പച്ചമാങ്ങകൾ പാറക്കു മീതെ വെച്ച് കുത്തിയെടുത്ത് അവർ തിന്നു. പുല്ലുകളുടെ രഹസ്യകോട്ടയിൽ മലർന്നുകിടന്ന് അവർ പരസ്പരം പ്രേമിച്ചു. ഇരുതലമൂർച്ചപ്പുല്ലിന്റെ വാൾത്തലയിൽ അവന്റെ ചുണ്ടുകൾ മുറിഞ്ഞു. ഇടയ്ക്ക് ഒരു വെളുത്ത സർപ്പത്തെപ്പോലെ അവൾ അവനെ ദംശിച്ചു. അവളുടെ വിഷത്തിന്​ മാങ്ങാച്ചുനയുടെ മണമായിരുന്നു. കാട്ടുമൂവ്വാണ്ടന്റെ, ചെനച്ച മാങ്ങാച്ചുനയുടെ തീ മണം.
‘‘നീ ഉടനെ നോവലെഴുതണം പ്രീതോ. കഥയുടെ അകത്ത്, അവളുടെ ഉമ്മയ്ക്ക് മാങ്ങാ മണം എന്നൊക്കെ പറഞ്ഞാലേ''
‘‘സോറി. നീറുന്ന ചുനമണാണ്.’’

പി.ജി കഴിഞ്ഞതോടുകൂടി പഠിക്കുക എന്നതിന് അവൾക്ക് ചില വിലക്കുകൾ വീണു. അവളുടെ കോളേജിലെ ഇഷ്ടം പതിയെ വീടറിഞ്ഞിരുന്നു. അമ്മയും അച്ഛനും മുറുമുറുത്തു. അമ്മാവന്മാർ ദേഷ്യത്താൽ നിന്ന് തുള്ളി. ഇത്രയും ദാരിദ്ര്യവാസിയായ അവനിൽ അവളെന്തുകണ്ടു എന്ന് ബന്ധുക്കൾ ചർച്ച ചെയ്തു. അവന്റെ വീട്ടിലും ആളുപോയി. അവന്റെ വീട്ടിൽ ചെന്നപ്പോൾ ബന്ധുക്കളെക്കണ്ട് ആദ്യമവർ പരിഭ്രമിച്ചു. ആ വീട്ടിലെ ശമ്പളമില്ലാത്ത വേലക്കാരിയാണ് അവന്റെയമ്മ എന്നറിഞ്ഞപ്പോൾ മൂച്ച് അധികരിച്ചു. അവർ പറഞ്ഞതെല്ലാം അമ്മ കേട്ടുനിന്നു. ഒരക്ഷരം മിണ്ടിയില്ല. താവഴിയ്ക്കും തറവാടിനും നാലുകെട്ടിനും വഴങ്ങാത്ത ഒരു നിസ്സഹായത അവന്റെ അമ്മയുടെ മുഖത്തുണ്ടായിരുന്നു.

‘‘ചെറ്റക്കുടിലെങ്കിലും ഉണ്ടാവുമെന്ന് കരുതി. ഇതിപ്പോ ആ വീട്ടിലെ വാല്യക്കാരാണ്'', പരമപുച്ഛം തെറിച്ചുവന്നു. അവളാകട്ടെ ഇതൊന്നും തന്നെ ബാധിക്കുകയില്ല എന്ന മട്ടിൽ പുസ്തകം വായിച്ചുകൊണ്ടിരുന്നു.

‘‘ആകെ ഒരു ഗുണം ആ ചെക്കന്റെ കൂടെ കൂടി പഠിത്തവും വായനയും വന്നു എന്നതാണ്''
‘‘ഇബള്​ നന്നായി പഠിച്ചിട്ടെന്താ?’’

അക്കാലത്ത് അവൾ പട്ടാമ്പിയിലെ ബന്ധുവീട്ടിൽ കല്യാണത്തിന് പോയിരുന്നു. അവിടെവെച്ച് ബന്ധുവായ ഒരു ലണ്ടൻകാരന് അവളെ കണ്ട്​ ഇഷ്ടം തോന്നി. വീട്ടുകാർക്ക് സന്തോഷം, നൂറുവട്ടം സമ്മതം.

മറ്റു മാർഗങ്ങളില്ലാതായപ്പോൾ അവൾ പ്രവീണിനോട് രജിസ്റ്റർ വിവാഹം ചെയ്യാനാവശ്യപ്പെട്ടു.
‘‘എവ്‌ടെക്കാച്ച പോയിക്കൊള്ളണം. ഇനി നിന്റെ സംബന്ധക്കാരിയ്ക്കു കൂടി ചെലവിന് കൊടുക്കാൻ വയ്യ’’; അമ്മയുടെ ചേട്ടൻ കട്ടായമായി പറഞ്ഞു.
കുടുംബം മുറിയുന്ന കാര്യമായിട്ടും അവന് മറ്റൊന്നാലോചിക്കാൻ വയ്യായിരുന്നു.
‘‘അങ്ങനെ പ്രവീണിന്റെ അമ്മ അതിന്​ സമ്മതം മൂളി''
‘‘അയ്യോ നിന്നോട് ചോയിച്ചേർ​ന്നോ സമ്മതം?'' കഥയിൽ ലയിച്ച് ദൃഷ്ടാന്തക്കാരിയെപ്പോലെ പറയുന്ന പ്രീതയെ ഞാൻ കളിയാക്കി.
‘‘ഇജന്റെ തള്ളുബഡായി നിർത്ത്ബളേ. രണ്ട് കൊല്ലം ഈ കോളേജിൽ അധികം പഠിച്ചതിന്​ ഇത്ര ഡെക്കറേഷൻ വേണ്ട.''
‘‘കഥയല്ലേ, അവള് പറയട്ടെ’’, സുജ അവളെ പ്രോത്സാഹിപ്പിച്ചു.

രജിസ്ട്രാഫീസിൽ അവൻ രാവിലെ എട്ടു മണിയ്ക്കെത്തി അവളെ കാത്തുനിന്നു. കയ്യിൽ താലിമാലയുടെ ബോക്‌സ്, രണ്ട് പൂമാല, ചെണ്ട്. അവൾ വന്നതേയില്ല. മുഹൂർത്തം കഴിഞ്ഞിട്ടും അവൾ വന്നില്ല. ഉച്ചയായി, വൈകുന്നേരമായി, സന്ധ്യയായി... അവൾ വന്നതേയില്ല.
അവന്റെ കൂട്ടുകാർ അവനെ തേടി സ്‌കൂട്ടറുമായി വന്നു. അവനാ ഇരിപ്പിൽ നിന്ന്​മാറിയിട്ടില്ലായിരുന്നു. രജിസ്ട്രാഫീസിന്റെ മുറ്റത്തെ ആൽമരത്തിന്റെ ചോട്ടിൽ.
‘‘വിട്ടുകളയെടാ, ഇന്ന്​ ഓൾടെ നിശ്ചയമായിരുന്നു.''
‘‘അതെ, എനിക്കൊറപ്പാ അവര് പിടിച്ചുവെച്ചതാ''
‘‘അതതേ, അതുകൊണ്ടായിരിക്കുമല്ലോ അവളിപ്പോ കുടുംബക്കാരുടെ കൂടെ സിനിമ കാണാൻ പോയിരിക്കുന്നത്. അവള് നിന്നെ ചതിയ്ക്കയാണെടാ''
‘‘ഏയ് അല്ല. നീ തെറ്റിദ്ധരിച്ചതാണ്. അങ്ങനെ സംഭവിക്കില്ല.’’
‘‘ശരി''
‘‘വൈകിട്ട് നിനക്ക് തരാൻ അവള് കൊടുത്തു വിട്ടതാണ്’’, അയാൾ ഒരു ചെറിയ കടലാസ്​ അവനു കൊടുത്തു.
അവനത് വായിച്ചു. ഒന്നും മിണ്ടിയില്ല. പിന്നെ ഒന്നും മിണ്ടിയില്ല.
‘‘നിന്നോടും മിണ്ടിയില്ല?''
‘‘ഇല്ല’’, പ്രീത ഇടറിപ്പൊട്ടി.
‘‘എന്റെ പ്രീതേ, ഇതൊക്കെ കഥയിലുണ്ടായ കൂട്ടിച്ചേർക്കലാണ്.
ഇതിലൊക്കെ ഇങ്ങനെ ഇമോഷണലാവല്ലെ പ്ലീസ്.’’
‘‘എന്നിട്ട്?'' സുജയും നിത്യയും രസച്ചരട് മുറിയാനനുവദിയ്ക്കാതെ നിന്നു.
‘‘എന്നിട്ടെന്താ, ആ മാവില് പോയി കെട്ടിത്തൂങ്ങി. താലിയും രണ്ട് മോതിരവും ഷർട്ടിന്റെ പോക്കറ്റിൽ തന്നെയുണ്ടായിരുന്നു... മാലകൾ രണ്ടും അതിന്റെ ചോട്ടില്.’’

പ്രേമിച്ചത് അവളവൾ തീരുമാനമായിരുന്നു. നിരസിയ്ക്കപ്പെട്ടത് അവളുടെ തീരുമാനമല്ലായിരുന്നു. അവൾ ഇലകൾ കൊഴിഞ്ഞു നിന്നു. കൈവിരലുകളിൽ കഠിന വിഷാദം തൊലി കറുപ്പിച്ചു. തൊലി പരുത്തു. പ്രീതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

നീലനിറമുള്ള ആകാശത്ത് നിറയെ നക്ഷത്രങ്ങൾ. പാല പൂത്ത് കാറ്റിലും പാലമണം കിട്ടി. മകരമാസമായിരുന്നു. അവന്​ കുളിർന്നു. അവൾ അവന്റേതല്ലാതായ രാത്രി. ഈ ലോകവും അവന്റേതല്ലെന്ന് അവനുതോന്നി. താലി പോക്കറ്റിലില്ലേ എന്നുറപ്പുവരുത്തി. അവന്റെ പേരെഴുതിയ മോതിരം മലഞ്ചെരുവിലേയ്ക്ക് വലിച്ചെറിഞ്ഞു.
‘സുചിത്രാ' എന്നവൻ അശരണമായി അലറി. പിന്നെ കണ്ണുനീര് ചുഴന്ന ഉപ്പുരുചിയിൽ മുകളിൽ വലിഞ്ഞു കയറി കഴുത്തിൽ കുരുക്കിട്ടു.
‘സുചിത്രാ' എന്ന വിളി തീർന്നു. അവനൊരു കാറ്റു പോലെയാടി... ഇരട്ടകളിൽ കൈപോലെ മുന്നോട്ട് നീങ്ങിയ ആ ശിഖരത്തിൽ അശരണമായി തൂങ്ങിയാടി. അന്നുരാത്രി പെരും മഴ പെയ്തു. ഇലകളിൽ മിന്നലടിച്ചു. മാമ്പൂക്കളും ഉണ്ണിമാങ്ങകളും നിലത്ത് ചിതറി. ഇലകളെപ്പടിയും പൊഴിഞ്ഞു. മരം നിശ്ശൂന്യമായി. അർബുദ ബാധയാൽ മുടികൊഴിഞ്ഞു പോയ ഒരുവനെപ്പോലെ മാവ് നിന്നു....വർഷങ്ങളോളം നിന്നു. തായ്​ത്തടി പൂതലിച്ചും ഉള്ളുണങ്ങിയും പൊട്ടിയ പച്ചമുളകൾ ചീഞ്ഞും അത് വർഷങ്ങളോളം നിന്നു. അനന്തതയിലേക്ക് ചതിയാഴ്​ത്തിയ അതിന്റെ തായ്​വേരിലടക്കം ഉണക്കം വന്നു.

ആ മരത്തിന്റെ ഉള്ളിൽ വിഷാദം നിറഞ്ഞിരുന്നു. വാ മുതൽ കാൽവിരൽ വരെ അന്നകുല്യയിലൂടെ വിഷാദത്തതുരങ്കമുണ്ടാക്കി അതങ്ങനെ നിന്നു. പത്തുവർഷത്തോളം നിന്നു. പ്രേമിച്ചത് അവളവൾ തീരുമാനമായിരുന്നു. നിരസിയ്ക്കപ്പെട്ടത് അവളുടെ തീരുമാനമല്ലായിരുന്നു. അവൾ ഇലകൾ കൊഴിഞ്ഞു നിന്നു. കൈവിരലുകളിൽ കഠിന വിഷാദം തൊലി കറുപ്പിച്ചു. തൊലി പരുത്തു. പ്രീതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

‘‘നീയെഴുതുന്ന കുറിപ്പുകൾ എനിക്ക് വായിക്കാനാവുന്നില്ല. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിച്ചു കളയൂ. നമ്മളെയല്ല. അങ്ങനെ ഉപേക്ഷിക്കുന്നവർ വിഡ്ഡികളാണെന്ന് നീയെന്ന്യല്ലേ പറഞ്ഞത്?''

‘‘അന്നെനിക്ക് എന്തറിയാം? പ്രവീണിനോടെനിക്ക് പുച്ഛമായിരുന്നു. അമ്മയെ മറന്ന്,​അനിയത്തിമാരെയൊക്കെ മറന്ന്​ തൂങ്ങിച്ചത്തവനോടെനിക്ക് പുച്ഛമായിരുന്നു.’’

‘‘അല്ലെടീ, നീ അന്ന് പറഞ്ഞതാ ശരി. അവൻ സ്വാർത്ഥനായിരുന്നു; ശരിയ്ക്കും. അവനവന്റെ അമ്മയെപ്പറ്റി ചിന്തിച്ചില്ല. അനിയത്തിയെപ്പറ്റി ചിന്തിച്ചില്ല. അവനവർക്കു വേണ്ടി ജീവിക്കാരുന്നല്ലോ?''
‘‘നിർത്ത് പ്രീതേ, ഇതൊക്കെ ക്യാംപസ് മിത്താണ്. നീയ്യൊക്കെ പറഞ്ഞു പ്രചരിപ്പിച്ച ഒന്ന്. ചതിക്കപ്പെട്ട അവൻ ആത്മഹത്യ ചെയ്തു. അത്ര തന്നെ. മനസ്സ് അഴുകിപ്പോയിണ്ടാവും''; എനിക്ക് അവനെ അപമാനിക്കുന്ന പോലെയുള്ള വർത്തമാനം അസഹനീയമായി.

‘‘അല്ല. അങ്ങനല്ല'', പ്രീത എന്റെ മുന്നിലേയ്ക്ക് കയറി നിന്നു; ‘‘പണ്ട് നീ പലപ്പോഴും കളിയായിട്ട് ചോദിച്ചിട്ടുണ്ട്. ഞാനപ്പോഴൊക്കെ തമാശയായിട്ട് അത് ഒഴിവാക്കും.
അവൾ കൊടുത്ത കടലാസ്​ വായിച്ച ശേഷം അവൻ ആരോടും ഒന്നും മിണ്ടിയില്ല എന്ന് പറഞ്ഞപ്പോ നീ ചോയ്ച്ചു, നിന്നോടും മിണ്ടിയില്ലേ എന്ന്​. അപ്പൊ ‘ഇല്ല’ എന്നു ഞാനും പറഞ്ഞു. അത് എത്ര സത്യാരുന്നെന്ന്​ നിനക്കറിയുമോ? അതേ പോലെ അവന്റെ ശരീരം കാറ്റിലാടീന്ന്​ പറഞ്ഞപ്പോഴും നീ ചോദിച്ചു, നീ കണ്ടോന്ന്. ഉവ്വ് കണ്ടൂന്ന്​ ഞാനും പറഞ്ഞു. സത്യാരുന്നു അത്''
എനിക്ക് ഒന്നും മനസ്സിലായില്ല.
‘‘എനിക്കൊരു ചേട്ടനുണ്ടായിരുന്നു. ആക്‌സിഡന്റിൽ മരിച്ചു എന്ന് പറഞ്ഞതോർക്കണുണ്ടോ?''
ഞാൻ മന്തിയെപ്പോലെ തലയാട്ടി.
‘‘എന്റേട്ടൻ മരിച്ചത് ആക്‌സിഡന്റിലല്ല, തൂങ്ങിമരിച്ചതാണ്. നമ്മുടെ ആ മാവില്.'' ഞാനവളെ തുറിച്ചു നോക്കി.
‘‘ബോഡി ഐഡന്റിഫൈ ചെയ്യാൻ അമ്മയ്ക്കൊപ്പം ഞാനും വന്നിരുന്നു. അപ്പം ഏട്ടനെ ഇറക്കീരുന്നില്ല. കാറ്റത്തിങ്ങനെ ആടി നിക്കാരുന്നു''
എനിക്കൊരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല.
‘‘തീർന്നില്ല, ആ മരം വീണു പോയി; നീയറിഞ്ഞിരുന്നോ?''
‘‘ഇല്ല''
‘‘അങ്ങനെയുണ്ടായി. അവൾ വന്നിരുന്നു; സുചിത്ര. അവള് പോയതും മരം വീണു. പിന്നെ നിനക്കറിയാം സുചിത്രേനെ. നിന്റെ കുടുംബ ഫ്രണ്ട് അല്ലെ?’’

സുചിത്ര, ഞാനോർത്തു. അമ്മച്ഛന്റെ വകയിൽ അകന്നകന്ന ഒരു ബന്ധവുമുണ്ട്. ലണ്ടൻകാരൻ ചെക്കനെ കണ്ടപ്പോൾ പ്രേമമൊക്കെ കാറ്റിൽ പറത്തിയ ആ പെണ്ണിന്റെ കല്യാണത്തിന് ഞാനും പോയതാണ്. കാശ് കണ്ടപ്പോ പെണ്ണിനു വെളിവ് വന്നെന്ന് ബന്ധുക്കൾ അടക്കിച്ചിരിച്ചത് ഞാനോർത്തു.
ചതി, എന്തൊരു ചതി.
എന്റെ സിരകൾ കൂടി ഉറയുന്ന പോലെ തോന്നി എനിയ്ക്ക് .
​എന്റെ വയറ്റിൽ ആറുമാസം പ്രായമായ ശിശു ആഞ്ഞു ചവിട്ടി...

ഞാൻ അടിമുതൽ മുടിവരെ അഴുകാൻ തുടങ്ങി. ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments