മലങ്കാട്- 45
2000- നുശേഷം മൂന്നാറിലെ ജീവിതങ്ങൾ ശരാശരി കേരളീയരുടെ ജീവിതങ്ങൾക്കൊപ്പമില്ലെങ്കിലും അതുപോലെയൊരു ജീവിതം ജീവിക്കാൻ തൊഴിലാളികൾ മനസ്സുകൊണ്ടാഗ്രഹിച്ചു. പക്ഷേ അവർക്ക് അതിനൊരുവഴിയുണ്ടായിരുന്നില്ല.
ദിവസം 150 രൂപ മാത്രമായിരുന്നു അവരുടെ കൂലി. കിട്ടുന്ന ജോലികളെല്ലാം ചെയ്തുനോക്കിയെങ്കിലും വരുമാനം വർദ്ധിപ്പിക്കാനാകാതെ അവർക്ക് തേയിലക്കാട്ടിൽ തന്നെ ഒതുങ്ങിക്കൂടേണ്ടിവന്നു. പശുക്കളും കൃഷിയും മറ്റും അവരെ തുണച്ചില്ല. മൂന്നാർ തൊഴിലാളികളുടെ ജീവിതത്തിന് ഒരു നൂറ്റാണ്ടായിട്ടും വലിയ മാറ്റമുണ്ടായിട്ടില്ല.
വാൽപ്പാറ, മാഞ്ചോല, ഊട്ടി, കൊടൈക്കനാൽ, വയനാട്, ഏലപ്പാറ, പീരുമേട് തുടങ്ങിയ തേയിലത്തോട്ട ജീവിതങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ജീവിതരീതിയാണ് മൂന്നാർ തൊഴിലാളികൾ ഇന്നും പിന്തുടരുന്നത്. അവർക്ക് കടം മേടിച്ച് ജീവിക്കാൻ മാത്രമേ അറിയൂ. ആ കടം വീട്ടാനായിരിക്കും ശേഷിക്കുന്ന ജീവിതം. ഒരു മാസം 3000 രൂപയാണ് ശമ്പളമെങ്കിൽ എൽ.ഐ.സി, പി .എഫ്, സി.റ്റി.ഡി, വിറകിൻ്റെ പൈസ, സൊസൈറ്റി ലോൺ, കേബിൾ ടി.വി കാശ്, കറൻ്റ് ബിൽ, റേഷൻ കാശ്, സ്കൂൾ അഡ്വാൻസ് തുടങ്ങിയവയെല്ലാം പോകും. ഏതെങ്കിലും വിശേഷദിവസങ്ങൾക്ക് അഡ്വാൻസ് വാങ്ങിയിട്ടുണ്ടെങ്കിൽ അതും പിടിക്കും. ബാക്കി 500 രൂപ കിട്ടിയാലായി. ആയിരമോ കൂടിപ്പോയാൽ 1500 രൂപയോ മാത്രം ഒരു മാസം ശമ്പളമായി കിട്ടുന്ന തൊഴിലാളികളായിരുന്നു രണ്ടായിരം വരെയും മൂന്നാറിലുണ്ടായിരുന്നത്. തമിഴ്നാട്ടിലോ കേരളത്തിലെ മറ്റു സ്ഥലങ്ങളിലോ പഠിക്കുന്ന മക്കൾക്ക് മാസചെലവിന് അതിൽ നിന്നാണ് പൈസ അയക്കുന്നത്. കടം വാങ്ങാതെ മുന്നോട്ടു പോകാൻ പറ്റാത്ത കുടുംബങ്ങളാണ് മൂന്നാറിൽ ഇപ്പോഴുമുള്ളത്. പലിശയ്ക്ക് പൈസ എടുക്കാതെ ഒരു തൊഴിലാളിക്കും മുന്നോട്ടു പോകാനാകില്ല. എസ്റ്റേറ്റിൽ തന്നെ മറ്റു മാർഗങ്ങളിലൂടെ പണം കണ്ടെത്തുന്നവരുണ്ട്. കോൺട്രാക്ടർമാർ, സൂപ്പർവൈസർമാർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കുറച്ച് മെച്ചപ്പെട്ട ജീവിതം ജീവിക്കുന്നത്. തൊഴിലാളികൾക്ക് പൈസ കടം കൊടുക്കുന്നതും അവർ തന്നെ.
100 രൂപയ്ക്ക് മൂന്നോ നാലോ രൂപ മാസവട്ടിക്കാണ് പൈസ നൽകുക. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനോ ചികിത്സക്കോ പലിശക്കാരെ തപ്പി തൊഴിലാളികളെത്തും. പത്താം തീയതിയായാൽ തൊഴിലാളികളെ തപ്പി പലിശക്കാരും എത്തും. അന്നുതന്നെ പലിശ കൊടുത്തില്ലെങ്കിൽ ചീത്തവിളി കേൾക്കേണ്ടി വരും. പത്താം തീയതി ആവരുതെന്ന് ഓരോ തൊഴിലാളികളും ആഗ്രഹിച്ചിട്ടുണ്ട്.
അരി മേടിച്ചവനും തുണി മേടിച്ചവനും പച്ചക്കറി മേടിച്ചവനും കേബിൾകാരനുമെല്ലാം തൊഴിലാളികളെ പിച്ചിച്ചീന്താനെത്തുന്ന തീയതിയാണിത്. ഇവരെ പേടിച്ച് ഞങ്ങളുടെ ആൾക്കാർ എല്ലാ മാസവും പത്താം തീയതിയാകുമ്പോൾ കൂനിക്കുറുകി നിൽക്കുന്ന കാഴ്ച ഇന്നും ഹൃദയത്തെ നുറുക്കുന്നു.
വീട്ടിൽ കടക്കാരെത്തുമ്പോൾ ചായ പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ ഞങ്ങൾക്കൊക്കെ ചെറുപ്പത്തിലുണ്ടായിട്ടുണ്ട്. ഞങ്ങളുടെ അയൽവാസികളായ സുബ്ബയ്യാമാമൻ ഞങ്ങളെക്കാൾ ദയനീയാവസ്ഥയിലായിരുന്നു. മാമൻ്റെ മക്കൾ രണ്ടുപേരും തമിഴ്നാട്ടിലാണ് പഠിച്ചത്, ഒരാൾ പോളിടെക്നിക്കിലും ഒരാൾ ഏഴാം ക്ലാസിലും. രണ്ടുപേർക്കും മാസം പൈസ അയക്കാൻ മാമൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർമയിൽ നിന്ന് മായാത്തതാണ്. അത്രയും കഷ്ടപ്പാട് ഞങ്ങളനുഭവിച്ചിട്ടില്ല. വിദ്യാഭ്യാസം നൽകി മക്കളെ ഒരു നിലയിലെത്തിക്കണമെന്ന് മാമൻ ഒരുപാട് ആഗ്രഹിച്ചതുകൊണ്ടാണ് കടക്കാരുടെ ചീത്തവിളിയും കേട്ട് നിശ്ശബ്ദനായി നിന്നുകൊടുത്തത്.
ഒരാൾ പണിയെടുത്ത് ആറു പേരടങ്ങുന്ന കുടുംബം പോറ്റുക എന്നത് കഠിനമാണ്. ചേട്ടനും ചേച്ചിയും അമ്മയ്ക്ക് ആശ്വാസം നൽകി. എന്നാൽ ആ വരുമാനങ്ങളൊന്നും ഒരു കുടുംബത്തെ പോറ്റാനും എന്നെയും അനിയത്തിയേയും പഠിപ്പിക്കാനും തികഞ്ഞതേയില്ല.
കുഞ്ഞുനാളിൽ അരിയും പച്ചക്കറിയും വയ്ക്കുന്ന ഹാളിൽനിന്ന് എന്റെ അമ്മയും അച്ഛനും ഇത്തരം വാക്കുകൾ കേട്ടിട്ടുണ്ട്. ഞങ്ങൾ നാല് മക്കളാണ്. അന്ന് അമ്മ മാത്രമാണ് എസ്റ്റേറ്റിൽ തൊഴിലാളിയായി പണിയെടുക്കുന്നത്. ഒരാൾ പണിയെടുത്ത് ആറു പേരടങ്ങുന്ന കുടുംബം പോറ്റുക എന്നത് കഠിനമാണ്. ആ കഠിനപാതയിലൂടെയാണ് ഞങ്ങൾ കടന്നുവന്നത് പലപ്പോഴും ചേട്ടനും ചേച്ചിയും അമ്മയ്ക്ക് ആശ്വാസം നൽകി. എന്നാൽ ആ വരുമാനങ്ങളൊന്നും ഒരു കുടുംബത്തെ പോറ്റാനും എന്നെയും അനിയത്തിയേയും പഠിപ്പിക്കാനും തികഞ്ഞതേയില്ല. പലിശക്കാരാണ് എന്റെ പ്ലസ് ടു അഡ്മിഷൻ ഉറപ്പിക്കാൻ ഞങ്ങളുടെ മുമ്പിലുണ്ടായിരുന്ന ഏക മാർഗ്ഗം. ചിറ്റിവരയിൽ നിന്ന് പാലക്കാട്ടേക്കാണ് പ്ലസ് ടു പഠിക്കാൻ ചെന്നത്. അന്ന് ഹൈറേഞ്ചിലുണ്ടായിരുന്ന ഒരേയൊരു ഹയർ സെക്കൻഡറി സ്കൂൾ ദേവികുളം ഹയർ സെക്കൻഡറി സ്കൂളായിരുന്നു. വീട്ടിൽനിന്ന് ദിവസം 45 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്തു മൂന്നാറിലെത്താനാൻ സാമ്പത്തിക പ്രയാസവും ശാരീരിക പ്രയാസവുമുണ്ട്. അങ്ങനെ ദിവസവും 40 രൂപ കൊടുക്കാനില്ലാത്തതുകൊണ്ട് ഞങ്ങളുടെ ആൾക്കാർ ദേവികുളം ഹയർ സെക്കൻഡറി സ്കൂളിനെ സ്വീകരിക്കാൻ തയ്യാറായില്ല. പ്രത്യേകിച്ച് മാട്ടുപ്പെട്ടി സോണലിൽ ജീവിക്കുന്നവർ.
കുരങ്ങണി പാത വഴി നടന്ന് ബോഡിയിലോ തേനിയിലോ ചിന്നമന്നൂറിലോ സ്കൂളുകൾ കണ്ടെത്തി അവിടെ പഠിക്കുന്നവരായിരുന്നു ഭൂരിഭാഗം തൊഴിലാളികളുടെ മക്കളും. പ്രത്യേകിച്ച് ചിറ്റിവര, ചെണ്ടുവര, എല്ലപെട്ടി, ഗുണ്ടല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ മക്കളുടെ അവസ്ഥ ഇങ്ങനെ തന്നെയാണ്. ഒന്നുകിൽ പത്താം ക്ലാസ് തോറ്റാൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് എസ്റ്റേറ്റുകളിൽ ഇറങ്ങി നടക്കും, പിന്നെ തിരുപ്പൂരിലോ ചെന്നൈയിലോ ഉള്ള കടകളിൽ ജോലിക്ക് കയറും, അല്ലെങ്കിൽ എസ്റ്റേറ്റിൽ തന്നെ പൂർവികർ തുടർന്ന അതേ തൊഴിലിൽ തിരിച്ചെത്തും.
അമ്മ മാത്രം എസ്റ്റേറ്റിൽ പണിയെടുക്കുന്ന കാലത്ത്, എന്റെ തുടർ വിദ്യാഭ്യാസം വലിയ കടമ്പയായിരുന്നു. തമിഴ്നാട്ടിലെ ഹോസ്റ്റലുകളിൽ താമസിക്കാനോ പ്രൈവറ്റ് സ്കൂളിൽ ചേരാനോ സാധിക്കുമായിരുന്നില്ല.
ടാറ്റ കമ്പനി തൊഴിലാളികളുടെ മക്കൾ പഠിക്കാൻ വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട് എന്ന് പറയാറുണ്ട്. അങ്ങനെ പഠിച്ച് രക്ഷപ്പെട്ടവരുമുണ്ട്. ഞങ്ങളുടെ എസ്റ്റേറ്റുകളുടെ അവസ്ഥ ഇതുതന്നെയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞാൽ എവിടെ പോയി പഠിക്കും എന്നത് വലിയ പ്രശ്നമാണ്. തമിഴ്നാട് അല്ലാതെ മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ല. പക്ഷെ 2002- നുശേഷം ആ അവസ്ഥ മെല്ലെ മാറി. തമിഴ്നാട്ടിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ് തൊഴിലാളികളുടെ മക്കൾ കോളേജ് വിദ്യാഭ്യാസത്തിന് തമിഴ് ന്യൂനപക്ഷ ജില്ലകളായ പാലക്കാട്ടേക്കും തിരുവനന്തപുരത്തേക്കും വന്നുതുടങ്ങി. അങ്ങനെ പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂർ കോളേജ്, മേഴ്സി കോളേജ്, ഗവ. ഐ.ടി.ഐ, പോളി ടെക്നിക് തുടങ്ങിയ സ്ഥാപനങ്ങളിൽ മൂന്നാറിലെ തൊഴിലാളികളുടെ മക്കളും പഠിക്കാൻ തുടങ്ങി. വിരലിലെണ്ണാവുന്നവർ മാത്രമാണ് പാലക്കാട്ടുനിന്ന് ഡിഗ്രിയോടുകൂടി ഹൈറേഞ്ചിലേക്ക് മടങ്ങിയത്.
ചിറ്റൂർ ഗവ. കോളേജിലെ പ്രൊഫസറായിരുന്ന കറുപ്പസ്വാമി, വിക്ടോറിയിൽ തമിഴ് ഡിപ്പാർട്ട്മെൻറ് അധ്യക്ഷനും ചോത്തുപ്പാറ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകനുമായ സമുദ്രപാണ്ഡ്യൻ, ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപകനായിരുന്ന അരുൺ സാർ, ഇപ്പോഴും മറയൂർ നിവാസിയായി തുടരുന്ന ഇക്കണോമിക്സ് പ്രൊഫസറായി വിരമിച്ച അനന്തവിശ്വനാഥൻ തുടങ്ങിയവർ പാലക്കാട്ട് പഠിച്ച് അവിടെ തന്നെ സർവീസിൽ തുടർന്നവരാണ്, എസ്റ്റേറ്റിലെ തൊഴിലാളി വർഗ്ഗത്തിൽ നിന്നുയർന്നുവന്ന പ്രമുഖ അധ്യാപകരാണിവർ. ആ കാലത്ത് തിരുവനന്തപുരത്ത് പഠനം തുടർന്ന ചന്ദ്ര ടീച്ചർ ഇപ്പോൾ പോണ്ടിച്ചേരി ഗവ. കോളേജിൽ തമിഴ് അധ്യാപികയാണ്.
ഇവർ ഇവിടെവരെയെത്താൻ താണ്ടിയ കഠിനമായ ജീവിതപ്പാതകളെക്കുറിച്ച് ഞങ്ങൾക്ക് നന്നായി മനസ്സിലാകും. കാരണം മൂന്നാറിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് ഞങ്ങളും ജീവിച്ചിരുന്നത്. 40 വർഷം മുമ്പേ ഇവർക്ക് മൂന്നാറിൽനിന്ന് പാലക്കാട്ടേക്കും തിരുവനന്തപുരത്തേക്കും എത്താനായത്, കൊടും ദുരിതം സഹിച്ചാണ്. എന്റെ അമ്മക്കും അച്ഛക്കും അമ്മാവനും അവരുടെ സമപ്രായക്കാർക്കും ഇങ്ങനെയൊരു ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാകില്ല. ചിറ്റിവര എസ്റ്റേറ്റിനെ പോലെ ഒതുങ്ങിയ സ്ഥലങ്ങളിൽ നിന്ന് പുറത്തുപോയി പഠിച്ച് ഗവൺമെൻറ് സർവീസിൽ തുടരുന്ന അമ്മയുടെ സമപ്രായക്കാരായ അധ്യാപകർ ആരും തന്നെയില്ല. മേൽപ്പറഞ്ഞ അധ്യാപകരെല്ലാം മൂന്നാറിലെ മെയിൻ സ്ട്രീം എസ്റ്റേറ്റുകളിൽ നിന്നോ മറയൂറുമായി ചേർന്നു കിടക്കുന്ന എസ്റ്റേറ്റുകളിൽ നിന്നോ രക്ഷപ്പെട്ട് പുറത്തുവരാൻ കഴിഞ്ഞവരാണ്. അവരോട് ബഹുമാനം മാത്രമേയുള്ളൂ. ഞാൻ ഇപ്പോഴും അവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. സമുദ്രപാണ്ഡ്യൻ സാർ എന്നെ ഡിഗ്രിക്ക് പഠിപ്പിച്ചിട്ടുണ്ട്. അനന്ത വിശ്വനാഥൻ സാർ പാലക്കാട് പി.എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ ഞാൻ പ്ലസ് ടു പഠിക്കുമ്പോൾ തൊട്ട് നല്ല ബന്ധമുള്ള അധ്യാപകനാണ്.
പലിശക്കാരുടെ കനിവില്ലാതെ പ്ലസ് ടു എന്ന കടമ്പ കടക്കാനാകില്ല എന്ന യാഥാർഥ്യം അമ്മയുടെ ഹൃദയമിടിപ്പേറ്റി. ഒരു വഴിയുമില്ലാതെ, ആ അഡ്മിറ്റ് കാർഡിനുമുന്നിൽ അമ്മ ശരിക്കും പകച്ചുനിൽക്കുകയായിരുന്നു.
അമ്മ മാത്രം എസ്റ്റേറ്റിൽ പണിയെടുക്കുന്ന കാലത്ത്, എന്റെ തുടർ വിദ്യാഭ്യാസം വലിയ കടമ്പയായിരുന്നു. തമിഴ്നാട്ടിലെ ഹോസ്റ്റലുകളിൽ താമസിക്കാനോ പ്രൈവറ്റ് സ്കൂളിൽ ചേരാനോ സാധിക്കുമായിരുന്നില്ല. എന്റെ കുടുംബത്തിൽനിന്ന് ആദ്യമായി ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് പാസായ എനിക്ക് പ്ലസ് ടുവിന് ചേരാനാകുമോ എന്ന സംശയമുണ്ടായിരുന്നു. കൂട്ടുകാരൻ സാംസനാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. ചിറ്റിവരയിൽ ഞങ്ങളുടെ സീനിയറായിരുന്ന ജോൺതമ്പിതുറൈ പാലക്കാട് ചിറ്റൂർ ബോയ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പ്ലസ് വണ്ണിന് ചേർന്നത്. അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്ന സാംസൺ അദ്ദേഹത്തിന്റെ പാത പിന്തുടരാൻ തീരുമാനിച്ചു. സാംസൺ ആണ് എനിക്കും പ്ലസ് വണ്ണിന് ചേരാനുള്ള അപേക്ഷാഫോം വാങ്ങാമെന്നു പറഞ്ഞത്. എന്റെ വീട്ടിൽ നിന്ന് സാംസന്റെ വീട്ടിലേക്ക്, കൊടും കാട്ടിലൂടെ ആറു കിലോമീറ്ററുണ്ട്. സാംസൺ നൽകിയ പ്രതീക്ഷയിൽ വിശ്വാസമർപ്പിച്ച്, ഫോം പൂരിപ്പിച്ച് അവന്റെ കയ്യിൽ ഏൽപ്പിച്ചു. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയവ റെഡിയാക്കി വക്കാൻ അവൻ പറഞ്ഞു. സാംസൻ സയൻസ് ഗ്രൂപ്പാണ് എടുക്കുന്നത്, എനിക്കും സയൻസ് ഇഷ്ടമായിരുന്നു. അങ്ങനെ ചിറ്റിവര എസ്റ്റേറ്റിലേക്ക് ചിറ്റൂർ പി.എം. ജി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നൊരു അഡ്മിറ്റ് കാർഡ് എത്തി, പോസ്റ്റുമാൻ അത് എന്റെ കൈയിൽതന്നു.
പലിശക്കാരുടെ കനിവില്ലാതെ പ്ലസ് ടു എന്ന കടമ്പ കടക്കാനാകില്ല എന്ന യാഥാർഥ്യം അമ്മയുടെ ഹൃദയമിടിപ്പേറ്റി. ഒരു വഴിയുമില്ലാതെ, ആ അഡ്മിറ്റ് കാർഡിനുമുന്നിൽ അമ്മ ശരിക്കും പകച്ചുനിൽക്കുകയായിരുന്നു. പരിചയമുള്ള എല്ലാവരോടും കടം ചോദിച്ചു. ഇത്ര കഷ്ടപ്പെട്ട് എന്തിന് അവനെ പഠിപ്പിക്കുന്നു, കടയിലോ മറ്റോ പണിക്കയച്ചാൽ നിങ്ങളുടെ കടമെങ്കിലും അടഞ്ഞു പോകില്ലേ എന്നൊക്കെ അമ്മക്ക് ഉപദേശങ്ങൾ കിട്ടി. തങ്ങളുടെ മക്കളെ ചൂണ്ടിക്കാട്ടി അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരി പോലും ഇങ്ങനെയാണ് ഉപദേശിച്ചത്.
അങ്ങനെ നടന്നുതളർന്ന് ഒരു ദിവസം വൈകീട്ട് വീടെത്തിയപ്പോൾ അമ്മ പറഞ്ഞു, ആ വഴിയും അടഞ്ഞു, എങ്കിലും നമുക്ക് എന്തെങ്കിലും വഴി കണ്ടുപിടിക്കാം.
ഒടുവിൽ, അമ്മയുടെ കൂട്ടുകാരി പാർത്തി തന്റെ ഒരു പവൻ സ്വർണം തരാമെന്ന് സമ്മതിച്ചു. ബോണസിൽ നിന്ന് അത് തിരിച്ചെടുത്തു കൊടുക്കാം എന്ന് അമ്മ പറഞ്ഞു. ഏതു കടമായാലും എസ്റ്റേറ്റുകാർ ബോണസിൻ്റെ പേര് പറഞ്ഞാണ് വാങ്ങുക. ബോണസായി രണ്ടായിരമോ മൂവായിരമോ കൂടിയാൽ നാലായിരമോ ആണ് കിട്ടുക. 4000 രൂപ ഒരുമിച്ച് കിട്ടുമെന്നു പറഞ്ഞാണ് ഒരു തൊഴിലാളി കടം കൊടുക്കുന്നവരെ സമീപിക്കുക. രണ്ടുപേർ ജോലി ചെയ്യുന്ന വീട്ടിലേക്ക് കടം കൊടുക്കാൻ പലിശക്കാർ മടിക്കില്ല. കാരണം, രണ്ടുപേർക്കും ചേർന്ന് 8000 രൂപ ബോണസ് ലഭിക്കും. അതിൽ നിന്നും എങ്ങനെയെങ്കിലും അവർ തിരിച്ചടയ്ക്കും.
എന്നാൽ, ഞങ്ങളുടെ കാര്യം അങ്ങനെയായിരുന്നില്ല. നാലു മക്കളിൽ രണ്ടുപേരും പഠിക്കുന്നു. രണ്ടുപേർ കൂലിപ്പണിക്ക് പോകുന്നു. അങ്ങനെ കഷ്ടിച്ച് കടന്നുപോകുകയാണ്. അമ്മയ്ക്ക് മാത്രമാണ് എസ്റ്റേറ്റ് ജോലി, കൂടിപ്പോയാൽ 3000 രൂപ ബോണസ് കിട്ടും. കടം വാങ്ങിയാൽ തിരിച്ചുകിട്ടും എന്ന ഉറപ്പ് കടം തരുന്നവർക്കില്ല. അപ്പോഴാണ് പാർത്തിയക്ക തന്റെ ഒരു പവൻ സ്വർണച്ചങ്ങല അമ്മയുടെ കയ്യിൽ കൊടുക്കുന്നത്, എന്നെ പഠിപ്പിക്കാൻ പറഞ്ഞ്. അത് പണയം വെച്ച് കിട്ടിയ പൈസയും കൊണ്ടാണ് ഞാനും അച്ഛനും ആദ്യമായി മൂന്നാറിൽ നിന്ന് മറയൂർ വഴി പാലക്കാട്ടേക്ക് വണ്ടി കയറുന്നത്. കൃത്യം 11.45-ന് മൂന്നാറിൽ നിന്ന് പാലക്കാട്ടേക്കു പുറപ്പെടുന്ന ആ കെ.എസ്.ആർ.ടി.സി ബസിലെ യാത്ര ഇന്നും മനസ്സിൽ വരച്ചിട്ട ചിത്രം പോലെ നിൽക്കുന്നു. അച്ഛനും ഞാനും മൂന്നുപേർ ഇരിക്കുന്ന സീറ്റിലിരുന്നു. വലിയ തിരക്കുണ്ടായിരുന്നില്ല. തേയിലക്കാട് കഴിഞ്ഞ് തെങ്ങിൻ തോപ്പുകളും ചന്ദനക്കാടുകളും നിറഞ്ഞുനിൽക്കുന്ന മറയൂരിലേക്കുള്ള എന്റെ ആദ്യത്തെ വരവാണത്. മറയൂർ ബസ് സ്റ്റോപ്പിൽ വണ്ടി നിർത്തുമ്പോൾ ചായ കുടിക്കാൻ സമയമുണ്ട്. ബസ് ചിന്നാർ വൈൽഡ് ലൈഫിലൂടെയാണ് പോകുന്നത്, ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളിലൂടെ. ബസ് ഉടുമൽപ്പേട്ടയിലെത്തിയപ്പോൾ തീപിടിക്കുന്ന ചൂടായിരുന്നു. പിന്നെ പൊള്ളാച്ചിയിലേക്ക്, അവിടെനിന്ന് പാലക്കാട്ടേക്ക്.
ഞങ്ങളുടെ നാട്ടുകാരനായ രാജാ അണ്ണൻ വിക്ടോറിയ കോളേജിൽ ബികോമിന് പഠിക്കുന്നുണ്ട്. അയാളുടെ റൂമിലേക്കാണ് ഞങ്ങൾ കയറിച്ചെന്നത്. അന്നവിടെ ഗസ്റ്റായി താമസിക്കാനാണ് തീരുമാനം എന്ന് പിന്നീടാണ് ഞാനറിഞ്ഞത്. വിക്ടോറിയ കോളേജിന് തൊട്ടടുത്താണ് പി.എം.ജി ഹയർ സെക്കൻഡറി സ്കൂൾ. ആ ചേട്ടനാണ് അച്ഛനോട് പറഞ്ഞത്, താമസിക്കാൻ വേറെ റൂമെടുക്കേണ്ട, തൻ്റെ റൂമിൽ താമസിക്കാം എന്ന്.
അടുത്ത ദിവസം ഉച്ചക്കുമുമ്പ് സ്കൂളിൽ അഡ്മിഷൻ കഴിഞ്ഞ് ഞങ്ങളും സാംസനും സാംസന്റെ അച്ഛനും പൊള്ളാച്ചിയിലെത്തി. അവിടെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ആദ്യമായിട്ടാണ് ത്രീസ്റ്റാർ ഹോട്ടലിൽ കയറുന്നത്. അച്ഛനും സാംസന്റെ അച്ഛനും ബില്ലു കണ്ട് ഞെട്ടി. അവിടെനിന്ന് ഉടുമൽപേട്ടയ്ക്ക് ബസ് കയറി. മറയൂർ ടൗണിലെത്തിയപ്പോൾ മൂന്നാറിലേക്ക് ബസില്ല, ആ ജീപ്പിൽ തന്നെ മൂന്നാർ വരെ സ്പെഷൽ ട്രിപ്പ് പിടിച്ച് ഞങ്ങൾ രാത്രി എട്ടിന് മൂന്നാറിലെത്തി. മൂന്നാറിൽ നിന്ന് വീണ്ടും സ്പെഷൽ ജീപ്പിൽ ചിറ്റിവരയിലേക്ക്. അഡ്മിഷൻ എടുത്തതിനെക്കാളും പാലക്കാട്ടേക്ക് പോയതിനേക്കളും ചെലവ് ജീപ്പ് യാത്രക്കായിരുന്നു. ചെന്നതിനേക്കാളും വലിയ ഭീമമായ തുക ആ ജീപ്പുകൾക്ക് കൊടുക്കേണ്ടി വന്നു.
സാമ്പത്തികമായും സാമൂഹികമായും ഒരേപോലെയുള്ള ജീവിതമാണ് മൂന്നാറിലെ 36 എസ്റ്റേറ്റുകളിലും പടർന്നു കിടക്കുന്ന തൊഴിലാളികൾക്കുള്ളതെന്ന് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിലെ കൂട്ടുകാരിലൂടെയാണ് മനസ്സിലായത്.
പ്ലസ് വൺ മുതൽ പാലക്കാട് കേന്ദ്രീകരിച്ചായിരുന്നു എന്റെ ജീവിതം. എന്റെ മാത്രമല്ല മൂന്നാറിൽ നിന്ന് തുടർ വിദ്യാഭ്യാസം മോഹിച്ച തൊഴിലാളികളുടെ മക്കളുടെ ജീവിതവും. പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ ഒരു റൂമിലായിരുന്നു ഞാനും സാംസനും. മറ്റു എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ മക്കളെയും അവിടെനിന്ന് പരിചയപ്പെട്ടു. 22 വർഷം കഴിഞ്ഞിട്ടും ആ സൗഹൃദം തുടരുന്നു. മുനിരാജ്, രാജാ, ഇലങ്കോ, കൃഷ്ണകുമാർ, രാജാക്കണ്ണൻ, എബിനേശ്, വിമൽരാജ്, രഞ്ജിത്ത്, മഹേഷ്, സുരേഷ്, സൂര്യ, ഗണേഷ്, മദൻ തുടങ്ങിയവരായിരുന്നു അന്നത്തെ കൂട്ടുകാർ. ഇവരിൽ സുരേഷ് ഒഴികെ മറ്റുള്ളവരെല്ലാം എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളാണ്. ഇവരിലൂടെയാണ് മറ്റു എസ്റ്റേറ്റുകളിലും തൊഴിലാളികൾ ഞങ്ങളുടേതിനുസമാനമായ ജീവിതം ജീവിക്കുന്നതായി തിരിച്ചറിയുന്നത്. സാമ്പത്തികമായും സാമൂഹികമായും ഒരേപോലെയുള്ള ജീവിതമാണ് മൂന്നാറിലെ 36 എസ്റ്റേറ്റുകളിലും പടർന്നു കിടക്കുന്ന തൊഴിലാളികൾക്കുള്ളതെന്ന് ഇവരിലൂടെ മനസ്സിലായി. ജാഹിർ സാറും മറ്റു അധ്യാപകരും പഠിപ്പിച്ചുതന്ന സാമൂഹിക ബോധ്യങ്ങൾ ജീവിതത്തിലേക്ക് കയറിവന്ന കാലമാണത്. മൂന്നാറിൽനിന്ന് ഏറെ ഭിന്നമായിരുന്നു പാലക്കാട്ടെ ജീവിതം. ഞങ്ങൾ ആദ്യമായി മറ്റൊരു ജീവിതം ജീവിച്ച് തുടങ്ങി.
പതുക്കെപ്പതുക്കെ കവിതകളും എഴുത്തുകളും ചിന്തകളും എന്നിൽ പറ്റിപ്പിടിച്ചുതുടങ്ങി. മലയാളം പഠിക്കാൻ അന്ന് ഏറെ ആഗ്രഹിച്ചിരുന്നു. വളരെ ചെറുപ്പത്തിലെ എനിക്കിഷ്ടമുള്ള ഭാഷയായിരുന്നു മലയാളം. അച്ഛൻ്റെ മുതലാളിമാരായ ജോയിയും ജോണും മലയാളികളായിരുന്നു. ഞങ്ങൾ അവരെ മേസ്തിരി എന്നാണ് വിളിച്ചിരുന്നത്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ സർക്കാർ ജീവനക്കാരും അധ്യാപകരും ചേർന്നുനടത്തിയ, മാസങ്ങളോളം നീണ്ട ഒരു സമരമുണ്ടായിരുന്നു. 2002 ഫെബ്രുവരി മുതൽ മാർച്ച് വരെ നീണ്ട ആ സമരത്തിന്റെ വാർത്തകൾ അറിയാൻ സൂര്യ ടി.വിയിൽ ന്യൂസ് കാണാൻ തുടങ്ങി. അങ്ങനെ മലയാളം പരിചിതമായി. അതിനുമുമ്പുതന്നെ കുട്ടിക്കാലത്ത് അച്ഛന്റെ മുതലാളിമാരുടെ മരുമകൻ പാണ്ടുക്കാരൻ എന്നറിയപ്പെടുന്ന മുതലാളിയുടെ മക്കൾക്കൊപ്പം കളിച്ചുവളർന്നതിൽ നിന്ന് മലയാളത്തെ തൊട്ടുതുടങ്ങിയിരുന്നു. അട്ടപ്പാടിയിൽ നിന്നും മറ്റുമുള്ള വിദ്യാർത്ഥികൾ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിലുണ്ടായിരുന്നു. അവരുടെ സഹായം കൊണ്ട് മലയാള പത്രങ്ങൾ വായിക്കാൻ ശ്രമിച്ചു. കോസ്മോപൊളിറ്റൻ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നൽകിയ മലയാളത്തെയും അതിനോടൊപ്പമുണ്ടായിരുന്ന സൗഹൃദങ്ങളെയും 22 വർഷങ്ങൾക്കുശേഷവും കാത്തുസൂക്ഷിക്കുന്നു.
(തുടരും)