മൂന്നാർ; ‘കമ്പനി വക’

ഗവൺമെൻറ് സംവിധാനങ്ങൾ അപ്രതീക്ഷമാകുന്ന ഒരു സ്ഥലം കൂടിയാണ് മൂന്നാർ. അതുകൊണ്ട് എല്ലാം ‘കമ്പനി വക’യാണിവിടെ. കമ്പനിക്കാർ പറയാതെ ഇവിടെ ജീവിക്കുന്നവർക്ക് ശ്വാസമെടുക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് മൂന്നാർ ഇന്നും തുടരുന്നത്.

മലങ്കാട്- 38

1875 മുതൽ തിരുനെൽവേലി, കാഞ്ചിപുരം എന്നിവിടങ്ങളിൽനിന്ന് മൂന്നാറിലെത്തിയ തൊഴിലാളികളിൽ ഭൂരിഭാഗവും അധ്വാനികളായിരുന്നു. അവർ പരമ്പരാഗതമായി ചെയ്തുവന്നിരുന്നതാണ് അധ്വാനം എന്ന പ്രവൃത്തി മാത്രമാണ്. മലയും കുന്നും കയറി പരിചയമില്ലാത്തവർ 1920-കളിൽ അതും പഠിച്ചു. അതുവരെ വയലുകളിൽ പണിയെടുത്തുവന്ന അവർ കൊടുങ്കാടുകൾ വെട്ടിത്തെളിച്ച് അവിടെ ജീവിതം തുടങ്ങി. മൂന്നാറിലെ കാലാവസ്ഥ ശീലമായതോടെ, ഏതു കാലാവസ്ഥയിലും പണിയെടുക്കാനുള്ള ശരീരപ്രകൃതി അവർക്ക് കിട്ടി. അങ്ങനെ അവർ മഴയത്തും വെയിലത്തും മഞ്ഞത്തും തളരാതെ പണിയെടുത്തുതുടങ്ങി. എന്റെ മുത്തശ്ശൻ ഏകാംബരവും അച്ഛഛൻ രാമസാമിയും ചിറ്റിവരയിലെ മറ്റു തൊഴിലാളികളും ഇത്തരം ജീവിതത്തിലൂടെ കടന്നുപോയവരാണ്.

മൂന്നാറിൽ നിലനിൽക്കുന്നത് പോസ്റ്റ് കൊളോണിയൽ കണ്ടീഷൻ അല്ല, മറിച്ച് കൊളോണിയൽ അവസ്ഥയാണ്.

വിശ്രമമില്ലാത്ത അധ്വാനം പലരെയും തീരാരോഗികളാക്കി മാറ്റിയിട്ടുണ്ട്. ആസ്തമ തുടങ്ങിയ രോഗങ്ങൾ പിടിച്ച് പലരും മരിച്ചു. ആസ്മയെ ഞങ്ങളുടെ ആളുകൾ എളപ്പ് എന്നാണ് പറയുന്നത്. അമ്മയുടെ കുടുംബത്തിൽ മിക്കവാറും പേർക്ക് ചെറുപ്പത്തിൽ ഈ രോഗമുണ്ടായിരുന്നെന്ന് മുത്തശ്ശനും അമ്മയും മാമൻമാരും പറയാറുണ്ട്. ഈ രോഗത്തിന് ചികിത്സ തേടിയാണ് ഞങ്ങളുടെ ആളുകൾ ഹോസ്പിറ്റലിലേക്ക് പോയിരുന്നത്.
എന്ത് രോഗമാണ് പിടിപെട്ടതെന്നുപോലും അറിയാതെയായിരുന്നു മരണങ്ങളെല്ലാം. നട്ടെല്ലിനും കൈ, കാൽ ജോയിന്റുകൾക്കും എല്ലിനുമൊക്കെ വരുന്ന വേദനകളെ നിസ്സാര ലക്ഷണങ്ങളായിട്ടാണ് അവർ കണക്കാക്കിയത്. അങ്ങനെ അനവധി തലമുറകൾ മരണത്തോട് മല്ലടിച്ച് മാഞ്ഞുപോയി. മതിയായ ഭക്ഷണം കിട്ടാതെ, നിരന്തരം അധ്വാനിച്ച്, മാറാരോഗങ്ങൾ പിടിപെട്ട്, ചികിത്സയില്ലാതെ, മാഞ്ഞുപോയ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതങ്ങൾ മൂന്നാറിന്റെ കാണാമറയത്തെ ചരിത്രമാണ്. എസ്റ്റേറ്റ് ഹോസ്പിറ്റലുകളിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ചുപോയ തൊഴിലാളികളുടെ ജീവിതം മൂന്നാറിന്റെ ചരിത്രത്തിൽ നിന്ന് മായ്ക്കപ്പെട്ടിരിക്കുന്നു.

കമ്പനിയുടെ നഷ്ടക്കണക്കുപറഞ്ഞ് ഹോസ്പിറ്റലിലെ ജീവനക്കാരെ കുറയ്ക്കുകയാണ് ടാറ്റയും കെ.ഡി.എച്ച്.പിയും ചെയ്തത്. Photo: indiatravelblog.com

1920- കൾ മുത​ൽ ദേവികുളം​ മേഖലയിൽ സർക്കാർ ആശുപത്രികൾ ആവശ്യത്തിനില്ലായിരുന്നു. ഫിൻലേ സൺ ചീഫ് മെഡിക്കൽ ഓഫീസറായിരിക്കേ എല്ലാ എസ്റ്റേറ്റുകളിലും പ്രൈമറി ഹെൽത്ത് സെന്ററുകൾ തുടങ്ങി, ഒരു ഗ്രൂപ്പിന് ഒരു ഹോസ്പിറ്റൽ എന്ന നിലയിൽ. ടാറ്റാ ടീയുടെ വരവോടെ ഈ ആശുപത്രികൾ വികസിപ്പിച്ചു. ആദ്യകാലത്ത് കമ്പൗണ്ടർ എന്നറിയപ്പെടുന്ന ഒരാളായിരുന്നു നടത്തിപ്പുകാരൻ. ചീഫ് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമനുസരിച്ച് എസ്റ്റേറ്റുകൾക്ക് എത്തിക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നത് ഇയാളാണ്. 1960 നുശേഷമാണ് ​ഈ ആശുപത്രകളിൽ ഡോക്ടർമാരെ നിയമിക്കുന്നത്.

കമ്പനിക്കാർ പറയാതെ ഇവിടെ ജീവിക്കുന്നവർക്ക് ശ്വാസമെടുക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് മൂന്നാർ ഇന്നും തുടരുന്നത്.

ഫിൻലെ ടാറ്റാ കമ്പനി എന്ന പേരിലാണ് 1969 വരെ കെ.ഡി.എച്ച്.പി കമ്പനി പ്രവർത്തിച്ചിരുന്നത്. അതിനുമുമ്പ് മൂന്നാർ നഗരത്തിൽ വലിയ ആശുപത്രികളില്ലായിരുന്നു. പ്രൈമറി സെന്ററുകളിൽ ആകെ കിട്ടുക പെയിൻ കില്ലറും പാരസെറ്റമോളും മാത്രം. തൊഴിലാളികൾക്ക് പരിചയമുള്ള മരുന്നും അതു തന്നെയാണ്. എന്ത് അസുഖം വന്നാലും പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ കൊടുക്കുക ‘ഒത്തകോട് മാത്തിര’ എന്നറിയപ്പെടുന്ന പാരസെറ്റാമോളും ബ്രൂഫിലിൻ എന്ന പെയിൻ കില്ലറും മാത്രമാണ്. ഞങ്ങളുടെ മുത്തശ്ശന്റെ കാലം മുതൽ ഇന്നുവരെ എസ്റ്റേറ്റ് ഹോസ്പിറ്റലുകളിൽ ഇതാണവസ്ഥ. എന്റെ ചെറുപ്പത്തിൽ ഇത്തരം മരുന്നുകൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് തൊഴിലാളികൾ ശമ്പളം കിട്ടുമ്പോൾ മൂന്നാർ നഗരത്തിൽ അന്നുണ്ടായിരുന്ന ക്ലിനിക്കുകളെ സമീപിക്കാറുണ്ട്. ഡോക്ടർ ഫീസിനും വണ്ടിക്കൂലിക്കും മരുന്നിനുമെല്ലാം പണമില്ലാത്തവർ എസ്റ്റേറ്റ് ഹോസ്പിറ്റലുകളിൽ ​തന്നെ പോകും.

മൂന്നാറിലെ ഹൈറേഞ്ച് ഹോസ്പിറ്റല്‍. ഗുരുതരാവസ്ഥയിലുള്ള കേസുകൾ മാത്രമാണ് റീജ്യനൽ മെഡിക്കൽ ഓഫീസർ എന്ന് വിളിക്കപ്പെടുന്ന ഡോക്ടർമാർ ടാറ്റാ ടീയുടെ ജനറൽ ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ചിരുന്നത്.

ആയുർവേദ ഗുളികകളും കൊയ്ന തണ്ണിയും മാത്രമായിരുന്നു 60 കൊല്ലത്തോളം മൂന്നാറിലെ 36 എസ്റ്റേറ്റുകളിലേക്കും വിതരണം ചെയ്തിരുന്നത്. ആ നില മെച്ചപ്പെട്ടത് ടാറ്റാ ടീയുടെ വരവോടെയാണെന്ന് മുത്തശ്ശനും മുത്തശ്ശിയും പറയാറുണ്ട്. ആദ്യകാലത്ത് മൂന്നാറിന്റെ കിഴക്കേഭാഗത്തുണ്ടായിരുന്ന എസ്റ്റേറ്റുകളിൽ വേണ്ടത്ര ആശുപത്രികളുണ്ടായിരുന്നില്ല എന്നാണ് അവരുടെ അനുഭവം കാണിക്കുന്നത്.

ആരോഗ്യമേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലത്തും ഞങ്ങളുടെ ആൾക്കാർ വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്

അമ്മയുടെ ചെറുപ്പകാലത്ത് ഫിലിപ്പ് ഡോക്ടറാണ് ചിറ്റിവര എസ്റ്റേറ്റ് തൊഴിലാളികളെ ചികിത്സിച്ചിരുന്നത്. ചിറ്റിവര, ചെണ്ടുവര, എല്ലപ്പെട്ടി, ഗുണ്ടല എസ്റ്റേറ്റുകൾ ഒരു സോൺ ആയാണ് പ്രവർത്തിച്ചിരുന്നത്. അവിടെ ഒരു ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. ആ ഡോക്ടർ ഓരോ ദിവസവും ഓരോരോ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഒരു എസ്റ്റേറ്റിൽ ചുരുങ്ങിയത് നാല് ഡിവിഷനുണ്ടാകും, 1600 തൊഴിലാളികളും. നാല് എസ്റ്റേറ്റുകളിലായി ജീവിച്ചിരുന്ന ആറായിരത്തിലേറെ തൊഴിലാളികളെ ചികിത്സിച്ചിരുന്നത് ഒറ്റ മെഡിക്കൽ ഓഫീസറാണ്. കമ്പനിയുടെ മറ്റു സോണുകളായ മാട്ടുപ്പെട്ടി, വാഗുവര, ദേവികുളം ഗ്രൂപ്പുകളിൽ സമാന അവസ്ഥയായിരുന്നു.

പണ്ട് തൊഴിലാളികളുടെ ഏക ആശ്രയം കമ്പനിയുടെ ജനറൽ ഹോസ്പിറ്റലായിരുന്നു. മൂന്നാറിൽനിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റുകളിൽനിന്ന് ഗുരുതരാവസ്ഥയിലുള്ളവരെ എങ്ങനെയാണ് മൂന്നാർ ടൗണിലേക്ക് എത്തിച്ചിരുന്നതെന്ന് ഓർക്കാൻ പോലുമാകുന്നില്ല. പോകുംവഴി മരിച്ചവരും ചികിത്സ കിട്ടാതെ മരിച്ചവരും ധാരാളമാണെന്ന് തൊഴിലാളികൾ പറയാറുണ്ട്.

മൂന്നാറിൽ നിന്ന് ആറു മണിക്കൂർ യാത്രയുണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക്.

റോഡു സൗകര്യമില്ലാത്തതുകൊണ്ട് രോഗമുള്ളവരെ എസ്റ്റേറ്റ് ഹോസ്പിറ്റലുകളിൽ എത്തിക്കു​മ്പോഴേക്കും മരിച്ചുപോകാറുണ്ട്. എന്റെ കൂട്ടുകാരായ മഹേഷിന്റെയും രാജേഷിന്റെയും അമ്മമാർ അങ്ങനെയാണ് മരിച്ചത്. അവർ വാഗുവര എസ്റ്റേറ്റിലേയും സൈലന്റ് വാലി എസ്റ്റേറ്റിലേയും തൊഴിലാളികളായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കേസുകൾ മാത്രമാണ് റീജ്യനൽ മെഡിക്കൽ ഓഫീസർ എന്ന് വിളിക്കപ്പെടുന്ന ഡോക്ടർമാർ ടാറ്റാ ടീയുടെ ജനറൽ ഹോസ്പിറ്റലിലേക്ക് പറഞ്ഞയക്കുക. അവിടെയെത്തുന്ന തൊഴിലാളികൾ രക്ഷപ്പെട്ടുവന്നാൽ അത് മറുജന്മമായാണ് ഞങ്ങളുടെ മുത്തശ്ശൻമാർ കണ്ടിരുന്നത്. അച്ഛന്റെയും അമ്മയുടെയും കാലത്തും ഞങ്ങളുടെ ചെറുപ്പത്തിലും ഇതായിരുന്നു അവസ്ഥ.

രോഗം കൊണ്ടുമാത്രമല്ല എസ്റ്റേറ്റിലെ ഡോക്ടറുടെ അവഗണനയാലും ചികിത്സയുടെ കുഴപ്പം മൂലവുമൊക്കെ ധാരാളം തൊഴിലാളികൾ മരിച്ചുപോയിട്ടുണ്ട്. മൂന്നാറിലെ 36 എസ്റ്റേറ്റുകളിലും ഇത്തരം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.

ആരോഗ്യമേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലത്തും ഞങ്ങളുടെ ആൾക്കാർ വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. മൂന്നാറിൽ നിന്ന് ആറു മണിക്കൂർ യാത്രയുണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക്. ഇടുക്കി, കോട്ടയം മെഡിക്കൽ കോളേജുകളിലേക്ക് ഒരേ ദൂരം എന്ന മട്ടിലാണ് മൂന്നാറിലെ ഭൂപ്രകൃതി. ഒരു എസ്റ്റേറ്റിൽ പോലും സർക്കാർ ഹെൽത്ത് സെന്ററുകളില്ല. 150 കിലോമീറ്ററോളം പരന്നു കിടക്കുന്ന മൂന്നാർ മേഖലയിൽ മതിയായ പ്രാഥമികാരോഗ്യ സംവിധാനമില്ല. മൂന്നാർ ടൗണിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള കോവിലൂരിലാണ് ഏക പ്രാഥമികാരോഗ്യ കേന്ദ്രം. മറ്റൊരു സോണിൽ പ്രവർത്തിക്കുന്ന ദേവികുളം ഹെൽത്ത് സെൻറർ അല്ലാതെ ചികിത്സയ്ക്ക് ഒരു ആശുപത്രി പോലുമില്ലാത്ത ദയനീയാവസ്ഥയിലാണ് ഇപ്പോഴും മൂന്നാറിലെ തൊഴിലാളികൾ.

തൊഴിലാളികളുടെ അധ്വാനം മാത്രമായിരുന്നു കമ്പനിക്കാർ പരിഗണിച്ചിരുന്നത്, അവരുടെ ആരോഗ്യം മുഖവിലക്കെടുത്തിരുന്നില്ല. കമ്പനി മാനേജ്മെന്റും മറ്റ് ജീവനക്കാരുമാണ് കമ്പനി സ്ഥാപിച്ച ഹോസ്പിറ്റലുകളിൽ ചികിൽസ നേടിയിരുന്നത്. പേരിനു വേണ്ടിയാണ്, തൊഴിലാളികൾക്കെന്ന പേരിൽ അവർ എല്ലാ എസ്റ്റേറ്റുകളിലും ഹെൽത്ത് സെൻററുകൾ സ്ഥാപിച്ചിരുന്നത്. ഈ സൗകര്യങ്ങൾ പോലുമില്ലാതെയാണ് മറ്റു തേയിലക്കാട്ടിലെ തൊഴിലാളികൾ പ്രവർത്തിച്ചിരുന്നത്. കമ്പനി ഹോസ്പിറ്റലുകൾ പ്രൈമറി ഹെൽത്ത് സെൻററുകളായി മാത്രം പ്രവർത്തിക്കുന്നു. കമ്പനിയുടെ നഷ്ടക്കണക്കുപറഞ്ഞ് ഹോസ്പിറ്റലിലെ ജീവനക്കാരെ കുറയ്ക്കുകയാണ് ടാറ്റയും കെ.ഡി.എച്ച്.പിയും ചെയ്തത്. 1930- കളിൽ ഓലക്കുടിലുകളിൽ പ്രവർത്തിച്ചിരുന്ന ഹെൽത്ത് സെന്ററുകൾ 1960- കളിലാണ് ചെറിയ കെട്ടിടങ്ങളിലേക്കു മാറിയത്.

മൂന്നാറിലെ അവകാശ പോരാട്ടങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഇന്നും ഇടം പിടിച്ചിട്ടില്ല. 2015-ൽ നടന്ന പൊമ്പിളൈ ഒരുമൈ സമരം മാത്രമാണ് ഇത്തരം ഗുരുതര പ്രശ്നങ്ങളെ ഉയർത്തിക്കാണിച്ചത്.

മൂന്നാറിലെ അവകാശ പോരാട്ടങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഇന്നും ഇടം പിടിച്ചിട്ടില്ല. 2015-ൽ നടന്ന പൊമ്പിളൈ ഒരുമൈ സമരം മാത്രമാണ് ഇത്തരം ഗുരുതര പ്രശ്നങ്ങളെ ഉയർത്തിക്കാണിച്ചത്.

ഒരു നൂറ്റാണ്ടിലേറെ കാലമായി, ഒരു മാറ്റവുമില്ലാത്ത ഒരേതരം സാമൂഹികജീവിതം നയിക്കുന്നവരാണ് മൂന്നാറിലുള്ളത്. ഭക്ഷണത്തിനുവേണ്ടിയുള്ള അധ്വാനം എന്നതിൽ കവി​ഞ്ഞൊരു ജീവിതവൃത്തി അവരിലില്ല. അതുകൊണ്ടുതന്നെ, ഭരണകൂടങ്ങളും അനുബന്ധ സംവിധാനങ്ങളും അവരെ കേരളീയ പൊതുസമൂഹത്തിന്റെ ഭാഗമായി കാണുന്നുപോലുമില്ല. കേരളത്തിൽ മാറിമാറി ഭരിച്ച സർക്കാരുകൾ ‘അന്യർ’ എന്ന മട്ടിലാണ് അവരെ പരിഗണിച്ചിരുന്നത്.

ചികിത്സ കിട്ടാതെ മരിച്ചുപോയ നൂറുകണക്കിന് തൊഴിലാളികളുടെ കഥകൾ എസ്റ്റേറ്റുകളുടെ ചരിത്രത്തിലുണ്ട്. എങ്കിലും അവ തൊഴിലാളികളുടെ ഓർമകളിൽ മാത്രമാണെന്നുമാത്രം.

മൂന്നാറിലെ ഒരു തൊഴിലാളി ഏതു രോഗം ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമായി പറയാൻ പറ്റാത്ത അവസ്ഥയാണ് 2000- വരെ നിലനിന്നിരുന്നത്. മൂന്നാറിലെ ആദ്യകാല രാഷ്ട്രീയക്കാർ അവകാശ ബോധമുള്ളവരായിരുന്നതുകൊണ്ട് അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചു. തൊഴിലാളികൾക്ക് മെഡിക്കൽ ലീവ് വേണം എന്ന ആവശ്യം അവർ ഉന്നയിച്ചു. മെഡിക്കൽ ലീവിനെ എസ്റ്റേറ്റുകാർ ‘ചീക്ക് പേര്’ എന്നാണ് വിളിച്ചിരുന്നത്. ഒരു എസ്റ്റേറ്റിൽ 2000- ത്തോളം തൊഴിലാളികളാണ് ജീവിച്ചിരുന്നത്. അവർക്ക് ഒരു ഡോക്ടർ മാത്രമാണ് ഓരോ ആശുപത്രികളിലുമുണ്ടായിരുന്നത്. 36 എസ്റ്റേറ്റുകളിലും 36 ആശുപത്രി സ്ഥാപിച്ചു എന്നവകാശപ്പെടുന്ന കമ്പനിയുടെ വാദങ്ങൾ ഇവിടെ പൊളിയുന്നു.

വാഹനങ്ങളില്ലാതിരുന്ന ആദ്യകാലത്ത്, ഒന്നും രണ്ടും മണിക്കൂർ കൊടുംകാട്ടിലൂടെ​ തൊട്ടിൽ കെട്ടി അതിലാണ് രോഗികളെ കൊണ്ടുപോയിരുന്നത്.

മലമുകളിൽ സ്ഥിതിചെയ്യുന്ന ഗുണ്ടുമല, തെന്മല, വാഗുവര എസ്റ്റേറ്റുകൾ സമതലത്തിൽ നിന്ന് വലിയ ഉയരങ്ങളിലാണ്. അവിടങ്ങളിൽ ഇതുവരെ പ്രൈമറി ഹെൽത്ത് സെൻററുകൾ പോലുമില്ല. വാഹനങ്ങളില്ലാതിരുന്ന ആദ്യകാലത്ത്, ഒന്നും രണ്ടും മണിക്കൂർ കൊടുംകാട്ടിലൂടെ​ തൊട്ടിൽ കെട്ടി അതിലാണ് രോഗികളെ കൊണ്ടുപോയിരുന്നത്. ഗോത്രവർഗ്ഗക്കാരുടെ കുടികളിൽ ഇന്നും ഈയവസ്ഥയാണ്. പെട്ടിമുടിയിൽ ഞങ്ങളുടെ ആൾക്കാർ മണ്ണിനടിയിൽ പുതഞ്ഞുപോയപ്പോൾ അവശേഷിച്ചവർക്കുമുന്നിൽ, അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഇത്തരം മാർഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. വലിയ കമ്പിൽ കമ്പിളിയും കയറും ചാക്കും വെച്ച് കെട്ടി അതിൽ രോഗിയെ കിടത്തി തോളുകളിൽ താങ്ങി ആശുപത്രിയിലേക്ക് ഓടുക.
ഇങ്ങനെ കൊണ്ടുപോകുന്ന എത്ര രോഗികൾക്ക് ജീവൻ നിലനിർത്താനാകും? ഇങ്ങനെ മരിച്ചുപോയ നൂറുകണക്കിന് തൊഴിലാളികളുടെ കഥകൾ എസ്റ്റേറ്റുകളുടെ ചരിത്രത്തിലുണ്ട്. എങ്കിലും അവ തൊഴിലാളികളുടെ ഓർമകളിൽ മാത്രമാണെന്നുമാത്രം.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വീടിന്റെ തൊട്ടടുത്ത ലൈൻസിൽ താമസിച്ചിരുന്ന മക്കാളി മാമന്റെ മൂത്തമകൻ രമേശ് അണ്ണൻ ഇങ്ങനെയാണ് മരിച്ചത്. രോഗം കൊണ്ടുമാത്രമല്ല എസ്റ്റേറ്റിലെ ഡോക്ടറുടെ അവഗണനയാലും ചികിത്സയുടെ കുഴപ്പം മൂലവുമൊക്കെ ധാരാളം തൊഴിലാളികൾ മരിച്ചുപോയിട്ടുണ്ട്. മൂന്നാറിലെ 36 എസ്റ്റേറ്റുകളിലും ഇത്തരം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ എസ്റ്റേറ്റുകളിലെ നൂറുകണക്കിന് ഡിവിഷനുകളിൽ എത്രയോ പേർ ഇങ്ങനെ മരിച്ചിട്ടുണ്ടാകും.

കെ. എൻ. ഗണേഷ്

1960 മുതൽ ഇന്നുവരെ ഇതാണ് സ്ഥിതി എന്ന് മുത്തശ്ശനും മുതിർന്ന തൊഴിലാളികളും പറയാറുണ്ട്. ടാറ്റാ ടീ കമ്പനി നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോഴാണ് ഈ സ്ഥിതി അൽപം മാറിയത്. ഇന്നും മൂന്നാറിൽ ആവശ്യത്തിന് ആശുപത്രികളില്ല, ഒരു പഞ്ചായത്ത് ഹോസ്പിറ്റൽ പോലും. ടൗണിൽ ടാറ്റാ ടീ സ്ഥാപിച്ച ജനറൽ ഹോസ്പിറ്റൽ ഇന്നും അങ്ങനെത്തന്നെ തുടരുന്നു.

ഗവൺമെൻറ് സംവിധാനങ്ങൾ അപ്രത്യക്ഷമാകുന്ന ഒരു സ്ഥലം കൂടിയാണ് മൂന്നാർ. അതുകൊണ്ട് എല്ലാം ‘കമ്പനി വക’യാണിവിടെ. കമ്പനിക്കാർ പറയാതെ ഇവിടെ ജീവിക്കുന്നവർക്ക് ശ്വാസമെടുക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് മൂന്നാർ ഇന്നും തുടരുന്നത്. ചരിത്രപണ്ഡിതനായ കെ. എൻ. ഗണേഷുമായി സംസാരിക്കവേ, അദ്ദേഹം പറഞ്ഞത്, മൂന്നാറിൽ നിലനിൽക്കുന്നത് പോസ്റ്റ് കൊളോണിയൽ കണ്ടീഷൻ അല്ല, മറിച്ച് കൊളോണിയൽ അവസ്ഥയാണ് എന്നാണ്. ആ അവസ്ഥയിൽ തന്നെയാണ് ഇന്നും മൂന്നാറുകാർ ജീവിക്കുന്നത്.

(തുടരും)


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments