മലങ്കാട്- 53
കമ്പനിക്കാരുടെ തണലിൽ ജീവിതം തളച്ചിടപ്പെട്ട സമൂഹമായാണ് മൂന്നാറിലെ തൊഴിലാളികളെ പൊതുസമൂഹം നോക്കിക്കാണുന്നത്. തൊഴിലാളികളുടെ പോരാട്ടവീര്യം പ്രകടമാക്കിയ പൊമ്പിള ഒരുമൈ സമരത്തിനുശേഷവും ഈ കാഴ്ചപ്പാടിന് വലിയ മാറ്റമുണ്ടായില്ല. മൂന്നാറിലെ എല്ലാ ഭരണസംവിധാനങ്ങളും ജനസേവന കേന്ദ്രങ്ങളും 21-ാം നൂറ്റാണ്ടിലും ഇതുതന്നെയാണ് ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്.
2022- ൽ അമ്മയുടെ ഒരാവശ്യത്തിന് സർക്കാർ ഓഫീസുകൾക്ക് കയറിയിറങ്ങുമ്പോൾ ഞാൻ അനുഭവിച്ചതാണിത്.
2019- ലാണ് ഞങ്ങൾ പൂർണമായും എസ്റ്റേറ്റ് ജീവിതം ഉപേക്ഷിക്കുന്നത്. എസ്റ്റേറ്റ് തൊഴിലാളിയായ അമ്മയുടെ സർവീസ് 2019 നവംബറിലാണ് അവസാനിച്ചത്. അന്ന് ഞാൻ കാര്യവട്ടം കാമ്പസിൽ ഗവേഷകനാണ്.
2012- ൽ തന്നെ ഇ. എം. എസ് ഭവനപദ്ധതിയിൽ സർക്കാർ ഭൂമി ലഭിച്ചു. ചിട്ടിവരയിൽ നിന്ന് 80 കിലോമീറ്റർ അകലെ, മറയൂരും കാന്തലൂരും ചേർന്നുകിടക്കുന്ന മിഷൻവയൽ എന്ന സ്ഥലത്തേക്ക് ജീവിതം പറിച്ചുനട്ടു. മൂന്നാറിൽ ഇത്ര കാലം ജീവിച്ചിട്ടും സ്വന്തം ഭൂമിയോ സർക്കാർ ഭൂമിയോ ഇല്ലാത്തതുകൊണ്ടാണ് അതുവരെ കഴിഞ്ഞുകൂടിയ ഭൂമിയിൽനിന്ന് പലായനം ചെയ്യേണ്ടിവന്നത്.
മൂന്നാറിൽ തൊഴിലാളികൾക്ക് കൊടുക്കാൻ മിച്ചഭൂമിയുണ്ടോ, ഉണ്ടെങ്കിൽ അത് കമ്പനി കൈവശപ്പെടുത്തിയോ എന്ന കാര്യമെല്ലാം ഇപ്പോഴും അവ്യക്തമാണ്. കേരളത്തിലെ ഭൂരഹിതരുടെ പട്ടികയിൽ മൂന്നാറിലെ ജനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയം തോന്നിയിട്ടുണ്ട്. കാരണം, ഈ സംസ്ഥാനത്ത് ദാരിദ്ര്യം അനുഭവിക്കുന്നവർക്കും ഭൂമിയില്ലാത്തവർക്കും കിട്ടുന്ന ഒരു ആനുകൂല്യവും ഞങ്ങൾക്ക് കിട്ടാറില്ല. 2000-നുശേഷമാണ് ഇത്തരം ആനുകൂല്യങ്ങളെ കുറിച്ച് ഞങ്ങൾ കേട്ടുതുടങ്ങുന്നതുതന്നെ. അതുവരെ, ഏതെങ്കിലുമൊരു മലയോരത്ത്, അവിടുത്തെ ഏതെങ്കിലുമൊരു ജീവിയെപ്പോലെ പതുങ്ങിക്കിടക്കുകയായിരുന്നു ഞങ്ങളുടെ സമൂഹം.
പൂപ്പാറ, ശാന്തംപാറ, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളിൽ മിച്ചഭൂമി കണ്ടെത്തിയാണ് അഞ്ചും മൂന്നും സെന്റ് വീതം സർക്കാർ ഞങ്ങൾക്ക് നൽകിയത്. കൃത്യമായ മോണിറ്ററിംഗ് ഇല്ലാത്തതുകൊണ്ട് കുന്നും മലയുമെല്ലാമുള്ള ഒട്ടും സുരക്ഷിതമല്ലാത്ത ഇടങ്ങളിലാണ് ഭൂമി പതിച്ചുകിട്ടിയത്. സ്വന്തമായി ഒരു കഷ്ണം ഭൂമി എന്ന് ആദ്യമായി കേൾക്കുന്നതുതന്നെ 2015- നു ശേഷമാണ്. വിധവകൾക്ക് 10 സെൻറ് നൽകണമെന്ന് 2006-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്റെ അമ്മായി ജയലക്ഷ്മിക്ക് കുട്ടിയാർവേലി മിച്ച ഭൂമിയിൽ 10 സെൻറ് സ്ഥലം ലഭിച്ചു. ഒരുപാട് തൊഴിലാളികൾക്ക് കുട്ടിയാർവേലിയിൽ സ്വന്തമായി സ്ഥലം ലഭിക്കാൻ തുടങ്ങി. എന്റെ ഓർമയിൽ ചിറ്റിവര എസ്റ്റേറ്റിൽനിന്ന് സ്വന്തമായി തൊഴിലാളികൾക്ക് ഭൂമി ലഭിക്കുന്നത് ആ സമയത്താണ്. ഇത്തരം സ്ഥലങ്ങളിൽ വീടു വച്ചാണ് തൊഴിലാളികൾ ഇപ്പോഴും ജീവിക്കുന്നത്.
സ്വന്തമായി ഭൂമി എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതിരുന്ന ചില തൊഴിലാളികളെ ഭൂമാഫിയ കൈയിലെടുത്തിരിക്കാമെന്നും പിന്നീട് രാഷ്ട്രീയക്കാർ ഇത്തരം മാഫിയകളോട് ഒത്താശ ചെയ്തിരിക്കാം എന്നും ഒരു തൊഴിലാളി എന്നോട് പറഞ്ഞു.
ഇതിനിടയിൽ എന്താണ് സംഭവിച്ചത്?
സ്വന്തമായി ഭൂമി എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതിരുന്ന ചില തൊഴിലാളികളെ ഭൂമാഫിയ കൈയിലെടുത്തിരിക്കാമെന്നും പിന്നീട് രാഷ്ട്രീയക്കാർ ഇത്തരം മാഫിയകളോട് ഒത്താശ ചെയ്തിരിക്കാം എന്നും ഒരു തൊഴിലാളി എന്നോട് പറഞ്ഞു.
അല്ലെങ്കിൽ, വാർഡ് മെമ്പറോ തദ്ദേശ ഭരണസംവിധാനമോ തൊഴിലാളികളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് അവർക്ക് കിട്ടുന്ന വായ്പാതുക കൈവശപ്പെടുത്തുന്ന പരിപാടിയാണ്. മറയൂർ പഞ്ചായത്തിൽ അടുത്തിടെ ഇത്തരം തട്ടിപ്പുകൾ പുറത്തുവന്നിരുന്നു. മൂന്നാർ, മറയൂർ മേഖലകളിൽ തൊഴിലാളികൾ സ്ഥിരമായി ഇങ്ങനെ പറ്റിക്കപ്പെടുന്നുണ്ട്. പഞ്ചായത്ത് ഓഫീസ്- വില്ലേജ് ഓഫീസ്- തഹസിൽദാർ ഓഫീസ്- എസ്.സി ഓഫീസ് എന്നിവ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥ ഒത്താശയോടെയാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. 2017- ൽ ദേവികുളം താലൂക്കിൽ എസ്. യു ഓഫീസിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥർ അഴിമതി ആരോപണത്തെതുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.
സർക്കാർ നൽകിയ ഭൂമി ഉപയോഗശൂന്യമാണെന്ന് അറിയാമെങ്കിലും ഏതാനും തൊഴിലാളികൾ ഈ ഭൂമി ഏറ്റുവാങ്ങാൻ നിർബന്ധിതരാകുന്നു. ഏറെ പേരും എസ്റ്റേറ്റ് ജീവിതങ്ങൾക്കടിമപ്പെട്ട്, അവിടെത്തന്നെ ജീവിച്ചുവരുന്നു. സർക്കാർ വായ്പ കൈപ്പറ്റിയ ഭൂരിഭാഗവും അത് കൃത്യമായി ഉപയോഗിച്ചിട്ടില്ല. പണി പൂർത്തീകരിക്കാതെ കാടുപിടിച്ചുകിടക്കുന്ന 500-ലേറെ വീടുകൾ മറയൂരിലും കാന്തല്ലൂരിലുമുണ്ട്. പൂപ്പാറ, ശാന്തംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ഭൂമി കിട്ടിയവർ അവിടെ തന്നെ വീടു പണിത് ജീവിക്കാൻ തുടങ്ങി. സർക്കാർ നൽകിയ ഭൂമി കൃത്യമായി ഉപയോഗിക്കാത്തവരും തൊഴിലാളികൾക്കിടയിലുണ്ട്.
2020- ൽ ഒരു എ.സി ഓഫീസറുമായി സംസാരിച്ചപ്പോൾ, തൊഴിലാളികൾക്ക് കിട്ടിയ ഭൂമി വേണ്ടവിധം ഉപയോഗിക്കാത്തതിനെക്കുറിച്ചാണ് പറഞ്ഞത്. പണി പൂർത്തീകരിക്കാതെ കാടുപിടിച്ചുകിടക്കുന്ന വീടുകളുള്ള ഭൂമി വീടില്ലാത്തവരെ ഏൽപ്പിക്കാൻ പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെയുണ്ടായിരുന്ന ഓഫീസർമാരുടെ നിരുത്തരവാദിത്തം മൂലമാണ് തൊഴിലാളികൾക്ക് കുന്നിന്റെ മുകളിലും ഒറ്റപ്പെട്ട ഇടങ്ങളിലും ഭൂമി നൽകിയതെന്നും വെള്ളവും റോഡും ഇല്ലാത്തതുകൊണ്ടാണ് തൊഴിലാളികൾ അവിടങ്ങളിൽ താമസിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. താൻ ഓഫീസറായി ചുമതലയേറ്റശേഷം വിതരണം ചെയ്ത നൂറിലേറെ സ്ഥലങ്ങളും വീടുകളും കൃത്യമായ റോഡ്- കുടിവെള്ള സൗകര്യമുള്ള സ്ഥലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഇടപാട് നടത്തുന്ന ഏജന്റുമാരാണ് തൊഴിലാളികളെയും ഉദ്യോഗസ്ഥന്മാരെയും പറ്റിക്കുന്നത് എന്ന് തങ്ങളുടെ പഠനത്തിൽ വ്യക്തമായിട്ടുണ്ടെന്നും അതുകൊണ്ട് തൊഴിലാളികളുടെ ഭാഗത്തുനിന്ന് ജാഗ്രത വേണമെന്നും അല്ലെങ്കിൽ അവർക്ക് അവകാശപ്പെട്ട സ്ഥലങ്ങൾ നഷ്ടമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മൂന്നാറിനെ മൂന്നാർ ആക്കിയ തൊഴിലാളികൾക്ക് ടൗണിൽ ഒരു സെൻറ് സ്ഥലം പോലും ഇല്ലാത്ത അവസ്ഥയാണ്. എന്തുകൊണ്ടാണ് തൊഴിലാളികൾക്ക് സ്വന്തമായി വീടു പണിയാൻ പറ്റാത്തത് എന്ന കാര്യം ഇപ്പോഴും എന്നെ അലട്ടുന്നു. ഭൂ മാഫിയ തൊഴിലാളികൾക്ക് അവകാശപ്പെട്ട ഭൂമി കവർന്നെടുക്കുന്നതാകാം ഒരു കാരണം. തമിഴ്നാട്ടിൽനിന്നും കേരളത്തിലെ മറ്റിടങ്ങളിൽനിന്നും മൂന്നാറിലെത്തുന്ന കച്ചവടക്കാർക്കു മാത്രമാണ് മൂന്നാറിൽ ഭൂമി സ്വന്തമാക്കാനാകുന്നത്. അങ്ങനെ, തൊഴിലാളികളല്ലാത്തവരുടെ താമസസ്ഥലമായി മൂന്നാർ മാറിയിരിക്കുന്നു.
കേരളത്തിൽ നിലനിൽക്കുന്ന തദ്ദേശീയമായ ജനാധിപത്യനടപടികളെ അട്ടിമറിക്കുന്ന രീതിയിലാണ് മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ. നാളിതുവരെ ലൈഫ് മിഷൻ പ്രകാരം ഭവനരഹിതർക്ക് സ്ഥലം നൽകാത്ത ഏക പഞ്ചായത്താണ് മൂന്നാർ. 2022-ൽ ഇതു സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങളുണ്ടായപ്പോൾ, സർക്കാർ സമ്മർദ്ദത്തെതുടർന്ന് ഇപ്പോഴാണ് ഭവനരഹിതർക്ക് സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങിയത്. ദേവികുളം, പെരിയ, മറയൂർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്തുകൾക്ക് സ്ഥലം കണ്ടെത്താനാകുമ്പോൾ എന്തുകൊണ്ട് മൂന്നാർ പഞ്ചായത്തിനുമാത്രം അതിന് കഴിയുന്നില്ല എന്നത് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടണം. മൂന്നാർ പഞ്ചായത്തും കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനുപുറകിൽ എന്ന് എളുപ്പം തിരിച്ചറിയാൻ കഴിയും.
ദുരന്തങ്ങൾ വേട്ടയാടുന്ന ഈ ജീവിതങ്ങളിലേക്കാണ് 2018-ൽ പ്രളയമെത്തുന്നത്. മൂന്നാറിൽ സർക്കാർ കോളേജ് നിർമാണം നടന്നിരുന്ന സ്ഥലം തകർന്ന് കൊച്ചി- ധനുഷ്കോടി പാതയിൽ വീണ് കോളേജിന് സ്വന്തമായ മൂന്ന് ഏക്കറോളം നഷ്ടമായി. കോളേജ് കെട്ടിടത്തിന്റെ ഭൂരിഭാഗവും ഒഴുകിപ്പോയി. പുതുതായി പണിതിരുന്ന പ്രിൻസിപ്പൽ ക്വാർട്ടേഴ്സ്, ലേഡീസ് ഹോസ്റ്റൽ, അക്കാദമിക് ബ്ലോക്ക്, ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻറ്, ലാംഗ്വേജ് ഡിപ്പാർട്ട്മെൻറ് എന്നിവ തകർന്നു. അവശേഷിക്കുന്ന ഇടത്ത് ചെളിവെള്ളവും മണ്ണും മൂടി. രാത്രിയായതുകൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും രക്ഷപ്പെട്ടു. നിർമാണത്തിന് അനുയോജ്യമല്ലാത്ത മണ്ണിലായിരുന്നു കെട്ടിടനിർമാണം.
മൂന്നാറിലെ അന്തോണിയർ കോളനിയിലും ലക്ഷംവീട് കോളനിയിലും എല്ലാ മഴക്കാലത്തും മണ്ണിടിച്ചിൽ പതിവാണ്. ഒരുതരം ശാസ്ത്രീയതയും മൂന്നാറിലെ കെട്ടിടനിർമാണത്തിൽ പാലിക്കാറില്ല.
പൊമ്പിള ഒരുമൈ സമരകാലത്ത് പ്രതിപക്ഷവും ഭരണപക്ഷവും ഒരേതരം ഉറപ്പുകളാണ് ഞങ്ങൾക്ക് നൽകിയത്. കുറഞ്ഞത് 10 സെൻറ് സ്ഥലമെങ്കിലും ഒരു തൊഴിലാളിക്ക് നൽകുമെന്നായിരുന്നു അതിൽ ഒന്ന്. ഇതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല. മൂന്നാറിലെ തൊഴിലാളികളുടെ ചോദ്യങ്ങൾക്കുമുന്നിൽ ഇവിടുത്തെ ഭരണസംവിധാനങ്ങളെല്ലാം നിശ്ശബ്ദരാണ്. പ്രളയത്തിനും പെട്ടിമുടി ദുരന്തത്തിനും ശേഷം നിരവധി പേരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. എന്റെ സമൂഹം സാമൂഹികമായി എത്ര പുറകിലാണ് എന്ന് അപ്പോഴെല്ലാം എനിക്ക് മനസ്സിലാക്കാനായിട്ടുണ്ട്.
മൂന്നാറിൽ ജനിച്ചുവളർന്നവർ അവരുടെ സ്വന്തം പ്രശ്നങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല.
മൂന്നാറിലെ റേഷൻ സംവിധാനവും അതീവ പരിതാപകരമായ അവസ്ഥയിലാണ്. 2020-ൽ കോവിഡ് സമയത്ത് പങ്കാളി സജിതയുമായി എസ്റ്റേറ്റിലുള്ള എന്റെ സഹോദരൻ രഞ്ജിത്ത് കുമാറിന്റെയും അമ്മാവൻ രവി മാമന്റെയും വീട്ടിൽ താമസിച്ച സമയത്താണ് ഈ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞത്. മാർച്ച് മുതൽ ജൂൺ വരെയാണ് എസ്റ്റേറ്റിൽ താമസിച്ചത്. റേഷൻ കൊടുക്കുന്ന കാര്യം കടക്കാരാണ് തീരുമാനിക്കുക. മലയാളം വായിക്കാനറിയാത്തതുകൊണ്ട് ബില്ലിൽ എന്തൊക്കെ സാധനങ്ങളുണ്ട് എന്നറിയാൻ ഇവർക്ക് കഴിയില്ല. അറിഞ്ഞാൽ തന്നെ പ്രതികരിക്കാനും കഴിയില്ല. എല്ലാ എസ്റ്റേറ്റുകളിലെയും റേഷൻ കടകളിൽ ഇത്തരം തട്ടിപ്പുകൾ നിർബാധം അരങ്ങേറുന്നു. മൂന്നാർ ടൗണിലെത്തിയ റേഷനരി വകമാറ്റി മറ്റു കടകളിലേക്ക് തിരിച്ചുവിട്ടപ്പോൾ അത് അടുത്തകാലത്ത് പിടിക്കപ്പെടുകയും ചർച്ചയാകുകയും ചെയ്തിരുന്നു. അരിയും മറ്റു റേഷൻ സാധനങ്ങളും വില കൂട്ടി മറിച്ചുവിൽക്കുന്ന സംവിധാനം ഇപ്പോഴും ഒരു തടസവുമില്ലാതെ പ്രവർത്തിച്ചുവരുന്നു. മൂന്നാറിൽ മാത്രമല്ല, ഹൈറേഞ്ചിൽ തമിഴ് ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലങ്ങളിലും ഇതേ തട്ടിപ്പ് നടന്നുകൊണ്ടിരിക്കുന്നു.
38 വർഷങ്ങളിലെ മൂന്നാർ ജീവിതാനുഭവത്തിൽ എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് കോവിഡ് കാലഘട്ടമാണ്. എല്ലാ കമ്പനികളും നിശ്ചലമായപ്പോൾ മുടങ്ങിയപ്പോൾ മൂന്നാറിലെ തേയില എസ്റ്റേറ്റുകൾ മാത്രം ചലിച്ചുകൊണ്ടിരുന്നു, രണ്ട് ലോക്ക് ഡൗണുകളിലും നിർത്താതെ. കെ.ഡി.എച്ച്.പി പ്ലാന്റേഷൻ തൊഴിലാളികൾക്കിടയിൽ അത് വലിയ ചർച്ചയായിരുന്നു. ലോകം പട്ടിണിയിലായപ്പോൾ നമുക്ക് ഒരു നേരമെങ്കിലും ഭക്ഷണം കിട്ടുന്നുണ്ടല്ലോ എന്ന തോന്നലായിരുന്നു അവർക്ക്. ഈ അടിമ ബോധമാണ് തൊഴിലാളികളെ വീണ്ടും വീണ്ടും ആ മലനിരകളിൽ തളച്ചിടുന്നത് എനിക്ക് തോന്നി.
പ്രിയ സുഹൃത്തും അധ്യാപകനും ചിന്തകനുമായ ഡോ. എം. എ. സിദ്ധിക്കുമായി സംസാരിക്കുമ്പോൾ, എന്തുകൊണ്ടാണ് മൂന്നാറിൽ ഇപ്പോഴും കൊളോണിയൽ അവസ്ഥക്കുതുല്യമായ സാഹചര്യം നിലനിൽക്കുന്നത് എന്നത് ചർച്ചയാകാറുണ്ട്. മൂന്നാറിൽ ജനിച്ചുവളർന്നവർ അവരുടെ സ്വന്തം പ്രശ്നങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. അതേ അവഗണന തന്നെ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും പുലർത്തിവരുന്നു. 2018-ലെ പ്രളയത്തിൽ മൂന്നാർ തകർന്നടിഞ്ഞപ്പോൾ, ഇവിടുത്തെ മനുഷ്യരെ മാധ്യമങ്ങൾ വേണ്ടവിധം തിരിഞ്ഞുനോക്കിയില്ല. അന്ന് കേരള സർവ്വകലാശാലയിൽ ഗവേഷകനായിരുന്ന ഞാൻ, മൂന്നുദിവസം കഴിഞ്ഞാണ് ഞങ്ങളുടെ ജനങ്ങൾ ജീവനോടെയുണ്ടെന്ന കാര്യം അറിഞ്ഞത്. സഹോദരനെയും അമ്മയെയും മാറിമാറി വിളിച്ചിട്ടും കിട്ടിയില്ല. ഒടുവിൽ എസ്റ്റേറ്റ് ഫാക്ടറിയിലേക്ക് വിളിച്ചപ്പോഴാണ് വിവരം കിട്ടിയത്. അന്ന് ഹോസ്റ്റലത്‍ലുണ്ടായിരുന്ന മൂന്നാർ നിവാസികളായ മറ്റു സുഹൃത്തുക്കളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോയത്.
2020ലെ പെട്ടിമുടി ദുരന്തത്തിലും സമാന സാഹചര്യമുണ്ടായി. ഗോപികയുടെ അച്ഛനും അമ്മയും ആ ദുരന്തത്തിൽ മരിച്ചു. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് അവർക്ക് തിരുവനന്തപുരത്തുനിന്ന് പെട്ടിമുടിയിലെത്താനായതെന്ന് സഹോദരിയുടെ മകൾ അനുഷ്യ പറഞ്ഞു.
പ്രകൃതിദുരന്തങ്ങളിൽ മാത്രം പ്രത്യക്ഷമാകുന്ന ഒരു ജനതയായി മാറിയിരിക്കുന്നു, മൂന്നാറിലെ തൊഴിലാളികൾ. അതും ഏതാനും ദിവസങ്ങൾ മാത്രം. പിന്നീട് അതും പൊതുസമൂഹം മറന്നുപോകും.
(തുടരും)