മലങ്കാട്- 40
ചിറ്റിവര എസ്റ്റേറ്റിൽ നിന്ന് മൂന്നാറിലേക്ക് 2004-ൽ ജീപ്പ് കൂലി 40 രൂപയായിരുന്നു. ദേവികുളത്തേക്ക് പോകാൻ 10 രൂപയും തിരിച്ചുവരാൻ 50 രൂപയും. 100 രൂപയില്ലാതെ ഒരു തൊഴിലാളിക്ക് വില്ലേജ് ഓഫീസിലേക്കോ താലൂക്ക് ഓഫീസിലേക്കോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കോ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കോ പോകാനാകില്ല. തൊഴിലാളികളുടെ ഒരു ദിവസത്തെ കൂലി 180 രൂപയാണ്. ഒരു വീട്ടിൽ രണ്ടുപേർ എസ്റ്റേറ്റ് ജോലി ചെയ്യുകയാണെങ്കിൽ പോലും ജീവിതം വളരെ ബുദ്ധിമുട്ടിലായിരിക്കും. അതുകൊണ്ട് വില്ലേജ് ഓഫീസിലേക്ക് പോകുന്നത് വലിയ കടമ്പ തന്നെയാണ്. അച്ഛനമ്മമാരുടെ ആ ദുരിതം കണ്ട് പഠനം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച എത്രയോ വിദ്യാർഥികളുണ്ട്. ജാതി സർട്ടിഫിക്കറ്റ് കിട്ടാതെ പഠനം മുടങ്ങിയ എത്രയോ പേരുടെ കഥകൾ മൂന്നാറുകാർക്ക് പറയാനുണ്ടാവും. പ്രത്യേകിച്ച്, തമിഴ്‌നാട്ടിൽ പഠനം തുടരുന്ന തൊഴിലാളികളുടെ മക്കളുടെ അവസ്ഥ ഭീകരമാണ്. ഇത്രയും തുച്ഛമായ ശമ്പളത്തിൽ മക്കളെ പഠിപ്പിക്കാനും ഹോസ്റ്റൽ ഫീസ് അടയ്ക്കാനും സാധനങ്ങൾ വാങ്ങിച്ചുകൊടുക്കാനും അവർക്ക് കഴിയാറില്ല. കഴിഞ്ഞ ദശകങ്ങളിൽ അവർ അനുഭവിച്ചുപോന്ന ആ ദുരിതത്തിന് നേരിയ ശമനമുണ്ടായി എന്നതൊഴിച്ചാൽ, ഇന്നും ഏറക്കുറെ ഈയവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.
ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, പൊസഷൻ സർട്ടിഫിക്കറ്റ്, വിധവാ സർട്ടിഫിക്കറ്റ് തുടങ്ങിയവ കിട്ടുന്നത് ഒരു എസ്റ്റേറ്റ് തൊഴിലാളിയെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. 200 രൂപ ശമ്പളമുള്ള ഒരു തൊഴിലാളി സർട്ടിഫിക്കറ്റിന് മൂന്നു മാസത്തോളം വില്ലേജ് ഓഫീസിലേക്ക് നടന്നുകഴിഞ്ഞാൽ, അയാളുടെ കൈയിൽ എന്താണ് ബാക്കിയുണ്ടാകുക? ദേവികുളം വില്ലേജ് ഓഫീസിൽ വേട്ടയാടപ്പെടുന്ന തൊഴിലാളികൾ എന്റെ ചെറുപ്പത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. സർട്ടിഫിക്കറ്റ് കിട്ടാതെ കരഞ്ഞുതളർന്ന അവരുടെ മുഖം ഇന്നും മനസ്സിലുണ്ട്.
പരിമിതമായ അവധിയേ ലഭിക്കൂ എന്നതിനാൽ കമ്പനിയിലും അവർക്ക് വിശദീകരണം കൊടുക്കേണ്ടിവരും. ഇപ്പോഴും ഒരാഴ്ചയിൽ കൂടുതൽലീവ് അനുവദിക്കാറില്ല.
തലമുറകളായി മൂന്നാറിൽ ജീവിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് തങ്ങളുടെ പേരോ ജനനസ്ഥലമോ മാതാപിതാക്കളുടെ വിവരങ്ങളോ വരുമാനമോ ഒന്നും തെളിയിക്കാൻ രേഖകളില്ല. കമ്പനിയിലാണ് അവർ ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. 1924-ലെ പ്രളയത്തിൽ കമ്പനിയുടെ കൈവശമുണ്ടായിരുന്ന കൈയെഴുത്ത് പ്രതികളെല്ലാം നശിച്ചു. അങ്ങനെ ജീവിച്ചിരുന്നു എന്നതിന് ഒരു രേഖയുമില്ലാത്ത മനുഷ്യരായി ഈ തൊഴിലാളികൾ മാറി. അവരോടാണ്, വില്ലേജ് ഓഫീസിൽനിന്ന് രേഖകൾ ചോദിക്കുന്നത്. സ്വന്തം പേരു പോലും തെളിയിക്കാനുള്ള രേഖകൾ അവരിലാരുടെയും കൈവശമുണ്ടാകില്ല. റേഷൻ കാർഡ്, ഇലക്ഷൻ ഐഡി, ആധാർ, പാൻ കാർഡ് തുടങ്ങിയ എല്ലാ സംവിധാനങ്ങളിലും തകരാറുണ്ട്. ഈ രേഖകളിൽ ജനനത്തീയതിയും പേരും കൃത്യമായിരിക്കുകയില്ല. മൂന്നാറിൽ ജനിച്ചവരാണെങ്കിലും അന്നത്തെ കാലത്ത് സർക്കാർ സംവിധാനങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് ജനനം രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
20,000- ലേറെ തൊഴിലാളികളുള്ള മൂന്നാറിൽ, ഇപ്പോഴും ഈ നമ്പർ അവരെ പിന്തുടരുന്നു. സാലറി സർട്ടിഫിക്കറ്റുകളിൽ പോലും പേരിനേക്കാൾ നമ്പറുകൾക്കാണ് പ്രാധാന്യം. ഓരോ എസ്റ്റേറ്റിലും കങ്കാണിമാരോ ഓഫീസർമാരോ നമ്പറുകൾ വായിക്കും, അതിൽനിന്നാണ് തൊഴിലാളികൾ സ്വയം തിരിച്ചറിയുക.
രേഖകളില്ലാത്തതുകൊണ്ടാണ് ഞങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്നാണ് വില്ലേജ് ഓഫീസർമാരും തഹസീൽദാർമാരും പറയുന്നത്. എന്നാൽ, 1924- ൽ വെള്ളത്തിൽ ഒലിച്ചുപോയ കമ്പനി രേഖകൾക്കും ഞങ്ങളുടെ ജീവിതവും ഒലിച്ചുപോയതായി ആരും തിരിച്ചറിയുന്നില്ല. വണ്ടിപ്പെരിയാർ, പീരുമേട്, ഉടുമ്പൻഞ്ചോല തുടങ്ങിയ പഞ്ചായത്തുകളിൽ താമസിക്കുന്ന തമിഴ് വംശജരായ തൊഴിലാളികളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഒരിക്കൽ പോലും ഈ പ്രശ്‌നം സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയിട്ടില്ല. ഇത്തരം പരാതികൾ സ്ഥിരമായതുകൊണ്ട് വലിയ കാര്യമായി ആരും എടുക്കില്ല. എന്റെ അറിവിൽ ഇതുവരെ തൊഴിലാളികളുടെ ഇത്തരം പ്രശ്നങ്ങൾ ഉന്നയിച്ച് ഒരു രാഷ്ട്രീയപാർട്ടിയും വില്ലേജ് ഓഫീസിനുമുന്നിൽ സമരം നടത്തിയതായി അറിവില്ല.
തമിഴ്‌നാട്ടിൽ ജനിച്ച്, ദാരിദ്ര്യത്തിൽനിന്ന് രക്ഷ തേടി കേരളത്തിലെത്തി, മലയാളികളായി മാറിയ ശേഷവും മൂന്നാറിലെ തൊഴിലാളികളെക്കുറിച്ച് 1960 വരെ രേഖകളില്ലായിരുന്നു. 1924-നുശേഷം കമ്പനി കൃത്യമായ രേഖകൾ ഉണ്ടാക്കിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. 1969-ഓടെ ഫിൻലെ കമ്പനി മൂന്നാറിൽ നിന്ന് പോയി എന്നാണ് മനസ്സിലാകുന്നത്. പിന്നീട് ടാറ്റ കമ്പനിക്കായിരുന്നു ചുമതല. പിന്നീടാണ് കമ്പനി കൃത്യമായി തൊഴിലാളികളുടെ പേർ എഴുതിച്ചേർത്ത് ഡോക്യുമെന്റായി സൂക്ഷിക്കുന്നത്. അതിനുമുമ്പ് വെറും ചെക്ക് റോൾ നമ്പറുകൾ മാത്രമായിരുന്നു, കമ്പനി തൊഴിലാളികൾക്ക് നൽകിയ മേൽവിലാസം. പേരും വിലാസവുമില്ലാത്ത നമ്പറുകൾ.
അമ്മയുടെ നമ്പറിനെ കുറിച്ച് ചിന്തിച്ചപ്പോഴാണ്, എസ്റ്റേറ്റിലെ തൊഴിലാളികളുടെ മേൽവിലാസം വെറും നമ്പറുകൾ മാത്രമാണല്ലോ എന്നോർത്തത്. അമ്മ ചിറ്റിവര എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ 2433 തൊഴിലാളികളിൽ ഒരാൾ മാത്രമാണ്. അതായത് സൗത്ത് ഡിവിഷൻ രൂപപ്പെട്ട ശേഷം ഇവിടെ മാത്രം ജോലി ചെയ്തവരുടെ കണക്കാണ് ഈ നമ്പർ സൂചിപ്പിക്കുന്നത്. 20,000- ലേറെ തൊഴിലാളികളുള്ള മൂന്നാറിൽ, ഇപ്പോഴും ഈ നമ്പർ അവരെ പിന്തുടരുന്നു. സാലറി സർട്ടിഫിക്കറ്റുകളിൽ പോലും പേരിനേക്കാൾ നമ്പറുകൾക്കാണ് പ്രാധാന്യം. ഓരോ എസ്റ്റേറ്റിലും കങ്കാണിമാരോ ഓഫീസർമാരോ നമ്പറുകൾ വായിക്കും, അതിൽനിന്നാണ് തൊഴിലാളികൾ സ്വയം തിരിച്ചറിയുക.
രാവിലെ എട്ടു മണിക്ക് വീട്ടിൽ നിന്നിറങ്ങി വൈകീട്ട് അഞ്ചു മണി വരെ സർട്ടിഫിക്കറ്റിനായി കാത്തുനിന്നിട്ടും കിട്ടാതെ നിരാശയോടെ, മൂന്നാറിൽ നിന്നെടുക്കുന്ന കോവിലൂർ ബസിൽ കയറി പതിനെട്ടാം മൈൽ ഇറങ്ങി വീട്ടിലേക്ക് നടന്നുവരുന്ന അച്ഛന്റെയും എന്റെ കൂട്ടുകാരുടെ അച്ഛന്മാരുടെയും ദയനീയകാഴ്ച ഇപ്പോഴും ഓർമയിലുണ്ട്. ഒരു ശരാശരി മനുഷ്യനെ ഭ്രാന്തനാക്കുന്ന സ്ഥാപനങ്ങൾ കൂടിയാണ് വില്ലേജ് ഓഫീസും തഹസിർദാർ ഓഫീസും. വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് അപേക്ഷകൾ മൂന്നാറുകാരുടെ ജീവിതം തന്നെയായിരുന്നു.
ഞാൻ ഡിഗ്രിക്കു പഠിക്കുമ്പോൾ മാസങ്ങളോളം അലഞ്ഞാണ് ജാതി സർട്ടിഫിക്കറ്റും നേറ്റിവിറ്റി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും വാങ്ങിയത്. ഞാൻ മലയാളം കുറച്ചെങ്കിലും സംസാരിക്കുന്നതു കൊണ്ടായിരിക്കാം എനിക്ക് തന്നത്.
ഞാനും വില്ലേജ് ഓഫീസിലേക്ക് പോയിരുന്നത് ഇതേ അവസ്ഥകളിലൂടെയാണ്. ചായ കുടിക്കാനുള്ള പൈസ അമ്മയുടെ കൈയിൽനിന്ന് വാങ്ങും. അത്രമാത്രം. ദേവികുളം സ്റ്റാൻഡിൽ നിന്ന് ചിറ്റിവരക്ക് മടങ്ങുമ്പോൾ, കോവിലൂർ ബസ് സ്റ്റാൻഡ് വരെ പേടിച്ചുപേടിച്ചാണ് എത്തുക. കാരണം, ചിലപ്പോൾ ബസ് നേരത്തെ പോയിട്ടുണ്ടാകും. അപ്പോൾ ഏതെങ്കിലും കടയുടെ വരാന്തയിൽ കിടക്കേണ്ടി വരും.
ഓഫീസിലെത്തിയാൽ, തഹസീൽദാർമാർ തിരക്കിട്ട് വരുന്നതും പോകുന്നതും കാണാം. അവരെ കാത്തിരുന്ന് കാലങ്ങൾ കടന്നുപോകും. അവർ കാറിൽ വന്നിറങ്ങുമ്പോൾ, പലരോടും ചോദിക്കേണ്ടിവരും, ഇതാണോ തഹസിൽദാർ?
അങ്ങനെ ഒരിക്കൽ ഞങ്ങൾ, കുറച്ചു വിദ്യാർത്ഥികൾതഹസിൽദാർ വന്നിറങ്ങിയ കാറിന്റെ അടുത്തേക്ക് ആരുടെയും അനുവാദമില്ലാതെ ചെന്നു. തഹസിൽദാർ ഏതോ റവന്യൂ രേഖ പരിശോധിക്കുന്ന തിരക്കിലാണ്.
ഇതൊക്കെ ആരാണ് എന്ന് അദ്ദേഹം തൊട്ടടുത്തു നിന്ന ആളോട് ചോദിക്കുന്നു.
ഏതോ വിദ്യാർഥികളാണ്, രേഖകളില്ലാത്തതിനാൽ ജാതി സർട്ടിഫിക്കറ്റ് കിട്ടാതെ നിൽക്കുന്നു എന്ന് അയാൾ മറുപടി പറയുന്നു. ദേവികുളം വലിയ ബ്ലോക്ക് പഞ്ചായത്താണ്. കാര്യങ്ങളൊക്കെ നോക്കാൻ ഒരു തഹസിൽദാരാണുള്ളത്. അതുകൊണ്ടുതന്നെ തിരക്കുണ്ടാകുമെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. എങ്കിലും ചില തഹസിൽദാർമാർ രാജാവിനെപ്പോലെയാണ് പെരുമാറുക. തമിഴ്‌നാട്ടിൽ പത്താം ക്ലാസ് കഴിഞ്ഞ ഞങ്ങളുടെ കൂട്ടുകാരും കേരളത്തിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ഞങ്ങളും വില്ലേജ് ഓഫീസിൽ കൈക്കൂലി കൊടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് എത്രയോ ആഗ്രഹിച്ചിട്ടുണ്ട്. മാസങ്ങളോളം ശ്രമിച്ചിട്ടായിരിക്കും സർട്ടിഫിക്കറ്റ് കിട്ടുക. അതും എസ്റ്റേറ്റിൽ 40 വർഷം സർവീസിലുള്ള രണ്ടു തൊഴിലാളികളെ കൊണ്ടുവന്ന് സാക്ഷ്യപത്രം എഴുതി ഒപ്പിട്ടശേഷം. എജുക്കേഷണൽ പർപ്പസ് എന്ന സർട്ടിഫിക്കറ്റ് കിട്ടുന്ന ദിവസം ജീവിതത്തിൽ എന്തോ വലിയ കാര്യം നേടി എന്ന ആഹ്ലാദത്തിലായിരിക്കും ഞങ്ങൾ.
അച്ഛന്റെയോ അമ്മയുടെയോ പേര് തെറ്റ്, അച്ഛന്റെ ജാതി സർട്ടിഫിക്കറ്റോ സ്‌കൂൾ സർട്ടിഫിക്കറ്റോ ഇല്ല, നിങ്ങൾ തലമുറക്കുമുമ്പുതന്നെ ഇവിടെ എത്തിയതിന് തെളിവില്ല എന്നിങ്ങനെയുള്ള ഒരായിരം ന്യായങ്ങൾ പറഞ്ഞാണ് തൊഴിലാളികളുടെ മക്കൾക്ക് സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നത്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റോ പ്ലസ് ടു- ഡിഗ്രി സർട്ടിഫിക്കറ്റോ കൊണ്ട് ഒരു കാര്യവുമില്ല.
ഞാൻ ഡിഗ്രിക്കു പഠിക്കുമ്പോൾ മാസങ്ങളോളം അലഞ്ഞാണ് ജാതി സർട്ടിഫിക്കറ്റും നേറ്റിവിറ്റി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും വാങ്ങിയത്. ഞാൻ മലയാളം കുറച്ചെങ്കിലും സംസാരിക്കുന്നതു കൊണ്ടായിരിക്കാം എനിക്ക് തന്നത്. സർട്ടിഫിക്കറ്റിൽ റസിഡൻസി സർട്ടിഫിക്കറ്റ് എന്ന് എഴുതിവിട്ടതുകൊണ്ടുമാത്രം ഹോസ്റ്റൽ അവസരങ്ങൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് വിദ്യാർഥികളുണ്ട്.
എന്റെ അമ്മയുടെ പേര് പ്രേമ എന്നാണ് ജനനസർട്ടിഫിക്കറ്റിലുള്ളത്. എന്നാൽ, മറ്റു രേഖകളിലെല്ലാം പ്രേമലത എന്നാണ്. കമ്പനിയുടെ റൈറ്റർമാരും മെഡിക്കൽ ഓഫീസർമാരും അശ്രദ്ധയോടെയാണ് തൊഴിലാളികളുടെ വിവരങ്ങൾ രേഖപ്പെടുത്തുക.
എന്റെ അനിയത്തി 2007-ൽ പ്ലസ് ടു പൂർത്തിയാക്കി. ടി.ടി.സിക്ക് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടി. ഹോസ്റ്റലിന് അപേക്ഷിക്കാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വേണം. വില്ലേജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി ജില്ലാ കാര്യാലയത്തിൽ കൊടുത്തെങ്കിലും ഹോസ്റ്റൽ അനുവദിച്ചില്ല. കാരണം, വില്ലേജ് ഓഫീസിൽ നിന്ന് കിട്ടിയ സർട്ടിഫിക്കറ്റിൽ റസിഡൻസി എന്നു മാത്രമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. നേറ്റിവിറ്റി എന്ന് അടയാളപ്പെടുത്തിയാലേ ഹോസ്റ്റൽ കിട്ടൂ. ഞാനും അച്ഛനും വീണ്ടും തിരുവനന്തപുരത്തേക്ക് പോയിട്ടാണ് ഈ കാര്യങ്ങൾ ശരിയാക്കിയത്. ഒരു കൊല്ലം അനിയത്തിക്ക് സ്വകാര്യ ഹോസ്റ്റലിൽ ഭീമമായ തുക കൊടുത്തിട്ടാണ് താമസിക്കേണ്ടി വന്നത്. എസ്റ്റേറ്റിലെ തൊഴിലാളിക്ക് ഒരിക്കലും താങ്ങാൻ പറ്റാത്ത തുകയാണ് ആ ഹോസ്റ്റൽ ഫീസ് എന്നുകൂടി ഓർക്കണം.
പരസ്യമായി കൈക്കൂലി വാങ്ങിയശേഷം പരിഹസിച്ചുവിടുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ താവളം കൂടിയാണ് ദേവികുളം വില്ലേജ് ഓഫീസും തഹസിൽദാർ ഓഫീസും എന്ന് മൂന്നാറിലെ തൊഴിലാളികൾ പറയാറുണ്ട്. ഇതൊക്കെ ആരോട് പരാതിപ്പെടണം എന്ന് തൊഴിലാളികൾക്ക് അറിയില്ല. ഉദ്യോഗസ്ഥരുടെ ഭീഷണി പേടിച്ച് ഈ സംവിധാനത്തോട് അവർ വിധേയപ്പെടുന്നു.
എന്റെ അമ്മയുടെ പേര് പ്രേമ എന്നാണ് ജനനസർട്ടിഫിക്കറ്റിലുള്ളത്. എന്നാൽ, മറ്റു രേഖകളിലെല്ലാം പ്രേമലത എന്നാണ്. ഒരിക്കൽ മൂന്നാർ പഞ്ചായത്തിൽ അറ്റൻഡറായ ഒരു ചേച്ചിയുമായി ഇതേക്കുറിച്ച് തർക്കമുണ്ടാക്കേണ്ടിവന്നു. ‘നിങ്ങളുടെ അമ്മയുടെ പേര് പ്രേമ എന്ന് എഴുതിയത് ഞങ്ങൾ അല്ലല്ലോ’ എന്നാണ് അവർ പറഞ്ഞത്.
പേര് ഇങ്ങനെ എഴുതിയത് കമ്പനിയുടെ ഹോസ്പിറ്റലിൽനിന്നാണ് എന്ന് ഞാനും പറഞ്ഞു. അവർ എന്റെ അപേക്ഷ മാറ്റിവെച്ചപ്പോൾ ഞാൻ വിട്ടില്ല, സർട്ടിഫിക്കറ്റ് തന്നില്ലെങ്കിൽ പ്രശ്‌നമുണ്ടാക്കും എന്നു പറഞ്ഞു.
കമ്പനി ഹോസ്പിറ്റലിൽ സംഭവിച്ച പിഴവ്, പിന്നീടുള്ള തലമുറകളാണ് ഏറ്റുവാങ്ങുന്നത്. കമ്പനിയുടെ റൈറ്റർമാരും മെഡിക്കൽ ഓഫീസർമാരും അശ്രദ്ധയോടെയാണ് തൊഴിലാളികളുടെ വിവരങ്ങൾ രേഖപ്പെടുത്തുക.
ഒരിക്കൽ, കരഞ്ഞുകൊണ്ട് വില്ലേജോഫീസിനുമുന്നിൽ ഒരു തൊഴിലാളിയെ കണ്ടു. മുരുകയ്യ എന്നാണ് പേര്. അദ്ദേഹത്തിന്റെ മകന്റെ അഡ്മിഷൻ രണ്ടു തവണയായി നഷ്ടപ്പെട്ടു. ഈ തവണ കൂടി അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ താൻ മരിക്കും എന്നാണ് മുരുകയ്യ എന്നോട് പറഞ്ഞത്. തഹസിൽദാർ ഞങ്ങളുടെ പ്രശ്‌നം കേട്ടു.
തൊഴിലാളികൾക്ക് മലയാളം അറിയാത്തതാണ് ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം എന്ന് എനിക്ക് പലപ്പോഴും മനസ്സിലായിട്ടുണ്ട്. കാരണം ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ട്, തൊഴിലാളികൾ പറയുന്നത് എല്ലാം തെറ്റാണ് എന്ന മുൻവിധി വില്ലേജ് ഓഫീസർമാർക്കുണ്ടാകും. രേഖകളിലെ വിവരങ്ങൾ ശരിയാക്കാൻ ഞങ്ങളുടെ ആളുകൾ ചെലവാക്കുന്ന പൈസയുടെ വില, അവർ അധ്വാനിച്ച് നേടുന്ന വരുമാനത്തിന്റെ വില കൂടിയാണ്. അക്ഷയ സെന്ററുകൾ സർക്കാർ ഓഫീസുകൾ വരെ തൊഴിലാളികളുടെ അറിവില്ലായ്മയെ ഇന്നും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഗസറ്റഡ് ഓഫീസർമാരുടെ അറ്റസ്റ്റേഷൻ പോലും തൊഴിലാളികളെ സംബന്ധിച്ച് വലിയ കൊള്ളയാണ് മൂന്നാറിൽ.
കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തവരാണ് മൂന്നാറിൽ വില്ലേജ് ഓഫീസർമാരായും തഹസിൽദാർമാരായും സബ് രജിസ്റ്റാർ ആയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായും വരുന്നത്. ഇതാണ് ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാക്കുന്നത്.
ഇത് മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ മൂന്നാം ഘട്ട ജീവിതമാണ്. മുമ്പുള്ള രണ്ട് ഘട്ടങ്ങളിലും ജീവിച്ചതിനേക്കാൾ ദുരിതത്തിലാണ് ഇപ്പോൾ ജീവിതം. അത് ‘പ്രബുദ്ധ കേരള’ത്തിലാണെന്നുകൂടി ഓർക്കണം.
(തുടരും)