തമിഴ്​നാട്ടിൽ കൊടും വരൾച്ച, കാട്ടുപാതയിലേക്ക്​ പുതിയ അടിമ മീൻ കൂട്ടങ്ങൾ

പാതയുണ്ടാക്കുന്ന ദൗത്യത്തിനിടെ തമിഴ് നാട്ടിൽ വരള്‍ച്ച കൂടി തുടങ്ങിയപ്പോള്‍ സായിപ്പന്‍മാരും കങ്കാണിമാരും ലോട്ടറി അടിച്ചതായി കരുതി. അഡ്വാന്‍സ് കൊടുത്ത് ആള്‍ക്കാരെ കൊയ്തു. അപ്പോള്‍, പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാരെ അവര്‍ക്ക് കിട്ടി.

മലങ്കാട്​- 4

ങ്ങളെ പറ്റിച്ചാണ് ഇവിടെ കൊണ്ടുവന്നത്, അതുകൊണ്ട് ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ കേള്‍ക്കണം; കൂട്ടം അലറി. എവിടെയാണ് നിങ്ങള്‍ പറഞ്ഞ പണം കായ്ക്കുന്ന മരം? പറഞ്ഞില്ലെങ്കില്‍ കൊന്നുകളയും നായിന്റെ മക്കളേ... കങ്കാണിമാര്‍ അമ്പരന്നു. ഇനി എന്തും സംഭവിക്കാം എന്ന മട്ടില്‍ അവര്‍ പരസ്പരം നോക്കിനിന്നു.

മഞ്ചപ്പന്‍ പടിയാന്‍ കങ്കാണിയുടെ കൊങ്ങയ്ക്ക് പിടിച്ചു; ‘യാരടാ എമാത്തുറാങ്ക പരദേശി നായികളാ?’ (ആരെയാണ് കബളിപ്പിക്കുന്നത് പരദേശി നായകളെ?). മൊക്കയന്‍ മണ്‍വെട്ടി കൊണ്ട് തലയടിച്ചുതകര്‍ക്കുമെന്ന മട്ടില്‍ ഓടിവന്നു. കൂട്ടത്തിലുള്ള നല്ലന്‍ അവനെ സമാധാനിപ്പിച്ചു. ‘ഇവന്റെ കുട്ടികള്‍ക്കും ഭാര്യക്കും മാതാപിതാക്കള്‍ക്കും വേണ്ടി ഇവനെ വെറുതെ വിട്ടേക്കാം’, നല്ലന്‍ പറഞ്ഞു.

കങ്കാണിമാര്‍ ശ്വാസംമുട്ടി ജീവനുവേണ്ടി യാചിച്ചു നിന്നു. മുനിയപ്പന്‍ പറഞ്ഞു, ദൊരൈമ്മാര്‍ വന്നാല്‍ ഇവന്മാരുടെ യഥാര്‍ത്ഥ സ്വഭാവം മാറും, അപ്പോഴേക്കും ഇവന്മാരെ കൊല്ലണം. സായിപ്പന്‍മാരെയും കൊന്നിട്ട് നമുക്ക് നാട്ടിലേക്ക് തിരിക്കാം, അല്ലെങ്കില്‍ചാവാം- മാടപ്പന്‍ ആവേശപ്പെട്ടു.

തൊഴിലാളിക്കൂട്ടം ആദ്യമായി പ്രതികരിക്കുകയാണ്​; ഒന്നുകിൽ രക്ഷ അല്ലെങ്കില്‍ മരണം എന്ന മട്ടില്‍. പക്ഷേ, കാട്ടിലായതുകൊണ്ട് അവര്‍ക്ക് എങ്ങോട്ട് പോകണം എന്തു ചെയ്യണം എന്നറിയില്ല. എന്തായാലും നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാം എന്ന ഉറപ്പ് നല്‍കി മുത്തന്‍ കങ്കാണി. പിന്നീട് കങ്കാണിമാര്‍ രക്ഷപ്പെടാന്‍ അതു തന്നെ ഏറ്റു പറഞ്ഞു. കങ്കാണിമാരുടെ വാക്കുകള്‍ തൊഴിലാളികൾ വിശ്വസിച്ചില്ല. അങ്ങനെ അവർ, അറിയപ്പെടാത്ത വഴികളിലൂടെ ചിതറിനടക്കാൻ തുടങ്ങി. ഈ പോക്ക് എങ്ങോട്ടേക്കാണെന്ന് അവര്‍ക്ക് കൃത്യമായി അറിയില്ലെങ്കിലും കാടു വിട്ടുപോകാന്‍ തന്നെയായിരുന്നു തീരുമാനം. അങ്ങനെ കുറെ യുവാക്കള്‍ ആദ്യം വിവിധ ദിശകള്‍ നോക്കി ഓടിയും നടന്നും നീങ്ങുകയാണ്​. രാത്രികളും പകലുകളും പിന്നിട്ടിട്ടും അവര്‍ സമതലങ്ങളിലെത്തിയില്ല.

മാരിമുത്തു ദീര്‍ഘനിശ്വാസം വിട്ടു; കാട് തീരുന്നതേയില്ലല്ലോ. പേച്ചിയമ്മക്കും മറ്റു തൊഴിലാളികൾക്കും ആശ്വാസമായിരുന്നു. കാരണം, അടിമ ജീവിതമില്ലാത്ത മൂന്ന് രാത്രിയും മൂന്ന് പകലും. പക്ഷേ ആ സന്തോഷം നിമിഷനേരം​ കൊണ്ട്​ പൊലിഞ്ഞു. മോര്‍ഗന്‍ സായിപ്പും സില്‍ബന്ധികളും അവരെ പിന്തുടർന്നിരുന്നത്​ അവരറിഞ്ഞില്ല. സായിപ്പന്മാരുടെ കുതിരകൾ തൊഴിലാളി​കളേക്കാൾ വേഗം സഞ്ചരിച്ച് പുലിയൂത്തിലെത്തിയിരുന്നു. ഡേവിഡ് ബട്ട്‌ലറുടെ നേതൃത്വത്തില്‍ ഇവിടെ ഒരു സംഘം പാത വെട്ടി തെളിക്കുന്നു. സായിപ്പന്മാരും സില്‍ബന്ധികളും വളഞ്ഞുവളഞ്ഞ്​ കൂട്ടങ്ങളെ പിടികൂടി. എല്ലാവരെയും ചാട്ട കൊണ്ട് തച്ചുതകര്‍ത്തു. ജീവന്‍ മാത്രം അവശേഷിച്ചിരുന്ന ശരീരങ്ങൾ ജീവനില്ലാതെ കയറുകളില്‍ തൂങ്ങി.

നല്ലപ്പന് അടിയേറ്റ് ശ്വാസംമുട്ടി, അയാള്‍ കുഴഞ്ഞു വീണു. അടിവയറ്റില്‍ ഒറ്റ ചവിട്ട്, നിലത്തേക്ക്​ തെറിച്ചുവീണു പെരുമാളമ്മ. കൈയ്യില്‍ കിട്ടിയവരെയെല്ലം സായിപ്പന്മാര്‍ തല്ലിച്ചതച്ചു. സില്‍ബന്ധികളുടെ അകമ്പടിയില്‍ നിന്ന്​ കറുപ്പന്‍ മാത്രം രക്ഷപ്പെ​ട്ടോടുന്നു. ദൂരേക്ക് ഓടുന്ന അവനില്‍ കൂട്ടം പ്രതീക്ഷയര്‍പ്പിച്ചു. അവനെങ്കിലും രക്ഷപ്പെടും എന്ന് അവര്‍ വിശ്വസിച്ചു. പക്ഷേ ആ പരദേശിക്കൂട്ടത്തിനറിയില്ല, അവന്‍ എത്ര ദൂരത്തേക്ക് പോയാലും സായിപ്പന്മാരുടെ ആളുകള്‍ അവനെ പിടികൂടും എന്ന്​.

ക്ലര്‍ക്ക് സായിപ്പും കൂട്ടരും മുരുകനെ പിടികൂടി, കെട്ടി രണ്ട് മരത്തില്‍ യോജിപ്പിച്ചു. ഒരാള്‍ താഴെ നിന്ന്​ കയര്‍ വലിക്കുമ്പോള്‍ അവന്‍ താഴുകയും കയര്‍ വിടുമ്പോള്‍ പൊങ്ങുകയും ചെയ്യും. ഞങ്ങളെ പറ്റിക്കാം എന്നു കരുതിയാല്‍ ഇതാണവസ്ഥയെന്ന്​ സായിപ്പന്മാര്‍ പറയാതെ പറഞ്ഞു.

ക്ലാര്‍ക്ക് ഉച്ചത്തില്‍ ചിരിച്ചു: നിങ്ങള്‍ക്ക് രക്ഷപ്പെടണം, അല്ലേ. ഇനി രക്ഷപ്പെടുന്നവരുടെ അവസ്ഥ ഇതായിരിക്കില്ല, ഇതൊരു സാമ്പിള്‍ മാത്രമാണ് അടിമ നായകളേ…

ചോരക്കുഞ്ഞുമായി കണ്ണാത്ത മലയോരക്കുടിലിൽ പിടയുന്നു. മാരിയപ്പന്‍ പുറകില്‍ നില്‍ക്കുന്നു. കാട് അവരുടെ വാസസ്ഥലമായി. മരുതായും മുത്തുകറുപ്പനും മാരിച്ചാമിയും മൂവാതിയും അമരാവതിയും വേലുചാമിയും മലയുടെയും കാടിന്റെയും മക്കളായി മാറിക്കഴിഞ്ഞു. പാത പണിയാന്‍ വന്നവര്‍ ആ പാതയില്‍ തന്നെ ജീവിതം നയിച്ചുതുടങ്ങിയിട്ട് രണ്ട് കൊല്ലങ്ങള്‍ കടന്നുപോയി. മലയുടെ അപ്പുറവും ഇപ്പുറവും വന്യജീവികള്‍ക്ക് കൂട്ടായി ഇപ്പോള്‍ മനുഷ്യരും.

പാതയുണ്ടാക്കുന്ന ദൗത്യത്തിനിടെ തമിഴ് നാട്ടിൽ വരള്‍ച്ച കൂടി തുടങ്ങിയപ്പോള്‍ സായിപ്പന്‍മാരും കങ്കാണിമാരും ലോട്ടറി അടിച്ചതായി കരുതി. അഡ്വാന്‍സ് കൊടുത്ത് ആള്‍ക്കാരെ കൊയ്തു. അപ്പോള്‍, പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാരെ അവര്‍ക്ക് കിട്ടി.

തമിഴകത്തെ  പല ഭാഗങ്ങളിലും വന്ന കൊടും വരള്‍ച്ച, കങ്കാണിമാര്‍ കൊയ്ത്തുകാലം തുടങ്ങിയതായി കരുതി. അടിമ മീനുകളെ പിടിക്കാനുള്ള ചാകരയായി.
തമിഴകത്തെ പല ഭാഗങ്ങളിലും വന്ന കൊടും വരള്‍ച്ച, കങ്കാണിമാര്‍ കൊയ്ത്തുകാലം തുടങ്ങിയതായി കരുതി. അടിമ മീനുകളെ പിടിക്കാനുള്ള ചാകരയായി.

കണ്ണെത്തും ദൂരം വരെ കാടുകള്‍ വെട്ടിത്തെളിക്കപ്പെട്ടതു കണ്ട കറുപ്പന്‍ പറഞ്ഞു: എന്നടാ ഇത്, അതിസയമായിരുക്ക്​. മുന്നിലെത്തിയ മുത്തന്‍ അന്തം വിട്ടു; പണം കായിക്കുന്ന മരം.1860- കളില്‍ ഏലം കൃഷിക്ക് സ്ഥലം കണ്ടെത്തിയ സായിപ്പന്മാര്‍ തണലിന്​ നട്ടു പിടിപ്പിച്ച ഗ്രാണ്ടിസ് മരത്തിന്റെ പഴുത്ത ഇലകൾ കണ്ടിട്ടാണ് അവര്‍ തേയില എന്നു വിചാരിച്ചത്. രാമനും വണ്ടിയാനും കൗതുകത്തോടെ ആ മരങ്ങളുടെ മൂടുകളിലേക്ക് നോക്കി നിന്നു. പണം കായിക്കുന്ന മരം, എന്തൊരഴകാണ്...

മാടത്തിയും പൊണ്ണനും കണ്ണിയപ്പനും വള്ളിയും സായിപ്പന്‍മാരുടെ ചാട്ടയടിയിൽ വളഞ്ഞ്​ ശരീരമെല്ലാം രക്തത്തില്‍ കുളിച്ചു. പാണ്ടിയൻ അടിയേറ്റ്​ കുഴഞ്ഞുവീണു. കൂട്ടം അമ്പരന്നു. ‘അയ്യോ എന്‍ രാസാ ഒനക്കു എന്നാച്ചി’, വേലുത്തായി ഒച്ചയിട്ടു. കങ്കാണിമാര്‍ സായിപ്പിന്റെ അടുത്തേക്ക് ഓടിയെത്തി. ക്ലര്‍ക്കിന്റെ ആവേശം അപ്പോഴും അടങ്ങിയിരുന്നില്ല: ‘എല്ലാ പട്ടികളെയും കൊന്നുകളയും, രക്ഷപ്പെടണമെന്ന്​ വിചാരിച്ചാല്‍ അവരുടെ അന്ത്യമായിരിക്കും.’

കൂട്ടം കണ്ണീരൊഴുക്കി. അത് അവര്‍ക്ക് ശീലമായി. ശാന്തമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ അവകാശമില്ലാത്ത പരമ അടിമകളായി അവര്‍ മാറിക്കഴിഞ്ഞു.

പാണ്ടി ‘വെള്ളം വെള്ളം’ എന്നലറി. ‘ആ പട്ടിക്ക് വെള്ളം കൊടുക്ക്, അല്ലെങ്കില്‍ ചത്തുപോകും, ചത്തുപോയാല്‍ പണിക്ക് ആളെ കിട്ടില്ല’, മോർഗൻ സായിപ്പ്​ അലറി. പാണ്ടി കിതക്കുന്നു. ഇടക്കിടെ പിടയ്ക്കുന്നു. മുരുകന്‍ പാണ്ടിയുടെ അടുത്തേക്ക് ചെന്നു. പാണ്ടി മിണ്ടുന്നില്ല. ചുണ്ട് തുടിക്കുന്നു, പക്ഷേ വാക്കുകള്‍ പുറത്ത് വരുന്നില്ല. കങ്കാണിമാരുടെ പഴിചാരല്‍ കൊണ്ടാണ് പാണ്ടിക്കും മാരിയപ്പനും പാണ്ടുവിനും കീഴാവിനും ഇത്രമേല്‍ ചാട്ടയടി കൊള്ളേണ്ടിവന്നത്. മരുതന്‍ കങ്കാണിയാണ് കാരണക്കാരന്‍. അയാള്‍ മോര്‍ഗന്‍ സായിപ്പിനോട് പറഞ്ഞത്, ഇവരാണ് കൂട്ടത്തെ വഴിതെറ്റിച്ചതും കങ്കാണിമാരെ കൊല്ലാനും ശ്രമിച്ചത്​ എന്നാണ്​.

പകവീട്ടാന്‍ ഇതൊരു അവസരമായി കരുതിയ കതിരവന്‍ കങ്കാണി പറഞ്ഞു; ദൊരൈകളെ, ഞങ്ങളുടെ കാര്യം വിട്ടേക്ക്, നിങ്ങളുടെ കാര്യം… ഇതുകേട്ട സായിപ്പ് ചാട്ട കൊണ്ട് മരുതനെയും സുപ്പനെയും വേലനേയും തച്ചു തകര്‍ത്തു. നേരത്തെ അടി കൊണ്ട് തളര്‍ന്നിരുന്ന നാലുപേരും നിലത്തു വീണു. അവരെ തൂക്കി മരത്തില്‍ കെട്ടാന്‍ സായിപ്പ് ഉത്തരവിട്ടു. ചെല്ലപ്പന്‍ ഓടിവന്ന്​ പറഞ്ഞു: ദൊരൈകളേ, വേണ്ട വിട്ടേക്ക്, അവന്മാര്‍ മരിച്ചാൽ കൂടെയുള്ളവര്‍ നമ്മളെ എന്തെങ്കിലും ചെയ്താലോ? സായിപ്പ് ചെല്ലപ്പയെ നോക്കി നിന്നു. ചെല്ലപ്പന്‍ അവരുടെ കണക്കപ്പിള്ളയാണ്. അയാള്‍ക്ക് കൃത്യമായറിയാം, ഇവിടെ എത്ര പേര്‍ പണിക്കുണ്ടെന്ന്.

വില്യം സായിപ്പും എഡ്കര്‍ സായിപ്പും തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. അവര്‍ കങ്കാണിമാരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. സായിപ്പന്മാരും കങ്കാണിമാരും തമ്മിലുള്ള സംവാദം മണിക്കൂറുകളോളം നീണ്ടു. എന്തു ചെയ്യണമെന്നറിയാതെ തൊഴിലാളികള്‍ കൈകെട്ടി നിന്നു. കുറച്ചു കഴിഞ്ഞ്​ കങ്കാണിമാർ തൊഴിലാളികൾക്കരികിലെത്തി: ഇതൊരു പാഠമാണ്. മര്യാദയ്ക്ക് പറയുന്നത് അനുസരിച്ചാല്‍ ജീവനോടെ തിരിച്ചുപോകാം, അല്ലെങ്കില്‍ എല്ലാവരും ഇവിടെ തന്നെ ചത്തൊടുങ്ങും.

കൂട്ടം തലയാട്ടി. ജീവനില്ലാ ജീവനോടെ നിലത്തു വീണു കിടക്കുന്ന നാല്​ നായ്​ക്കളെയും എടുത്തുകൊണ്ടു പോകാൻ കങ്കാണിമാർ അലറി. ഞങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ഇവന്മാരുടെ ജീവന്‍ തിരിച്ചുകിട്ടിയത്, അല്ലെങ്കില്‍ സായിപ്പുമാര്‍ എപ്പോഴേ കൊന്നുകള​ഞ്ഞേനേ… കൂട്ടം കങ്കാണിമാരെ നോക്കി. കൈകൂപ്പി ചിലര്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു; അയ്യാ, ഞങ്ങളോട് ക്ഷമിക്കണം. ഇനി ഞങ്ങള്‍ നിങ്ങളെ എതിര്‍ക്കില്ല. നിങ്ങള്‍ പറയുന്നത് അനുസരിക്കും- കൂട്ടം ആവര്‍ത്തിച്ചു. സായിപ്പന്മാരുടെ തോക്കിനും കങ്കാണിമാരുടെ വാക്കിനും മുമ്പിൽ ആ പരദേശി കൂട്ടം മുട്ടുകുത്തി. അഞ്ചുദിവസം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ശിക്ഷിക്കാന്‍ വിധിക്കപ്പെട്ടവരായി അവര്‍ ജീവിച്ചു. ആറാമത്തെ ദിവസമാണ് അവര്‍ ഉയര്‍ത്തെഴുന്നേറ്റത്. ഓരോരുത്തരും മര്‍ദ്ദനമേറ്റു വീഴുമ്പോള്‍, അവര്‍ സ്വയം വീണ്ടും വീണ്ടും ഉറപ്പിച്ചു: ഇനി ഞങ്ങള്‍ ഒരിക്കലും നിങ്ങളെ എതിര്‍ക്കില്ല, എതിര്‍ക്കില്ല, നിങ്ങള്‍ ഞങ്ങളുടെ യജമാന്‍മാരാണ്.

മലയടിവാരത്തില്‍ നിന്ന്​ പല മൈലുകൾ സഞ്ചരിച്ച് പുതിയ കൂട്ടങ്ങൾ വെട്ടിതെളിച്ച കാട്ടുപാതയിലൂടെ പണം കായ്ക്കുന്ന മരം കാണാനെത്തിക്കൊണ്ടിരുന്നു. തമിഴകത്തെ പല ഭാഗങ്ങളിലും കൊടും വരള്‍ച്ചയാണ്​. മദ്രാസ് പ്രസിഡന്‍സിയിലെ പത്രങ്ങളിലെല്ലാം ആ വാര്‍ത്ത നിറഞ്ഞുനിന്നു. കങ്കാണിമാര്‍ കൊയ്ത്തുകാലം തുടങ്ങിയതായി കരുതി. അടിമ മീനുകളെ പിടിക്കാനുള്ള ചാകരയാണ്​.

പണിക്ക് കുറെ പേർ വന്നതോടെ പാത പണിയല്‍ ദൗത്യം വേഗം പൂര്‍ത്തീകരിക്കാനാവുമെന്ന് സായിപ്പന്മാര്‍ കരുതി. പുതിയ ആള്‍ക്കൂട്ടത്തിന്റെ വരവ് തങ്ങളുടെ ഭാരം കുറയ്ക്കും എന്ന പ്രതീക്ഷയിലായിരുന്നു പഴയ തൊഴിലാളിക്കൂട്ടങ്ങളും. പുതിയ ആള്‍ക്കാരെ പണി പഠിപ്പിച്ച്​ പഴയ കൂട്ടം യാത്ര തുടര്‍ന്നു.

കങ്കാണിമാര്‍ എന്നും കങ്കാണിമാരായി തുടര്‍ന്നു. പക്ഷേ, തൊഴിലാളികള്‍ പഴയവരും പുതിയവരുമായി തിരിഞ്ഞു. ഇവര്‍ തമ്മില്‍ എപ്പോഴും ഒരു അന്തരമുണ്ടാവണമെന്ന് പ്ലാന്റര്‍മാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. സൗഹൃദവും പ്രണയവും സംഭാഷണവും അകലെയായിരുന്നു.

എപ്പ, എങ്ക പോരങ്കെ എന്ന്​ മണ്ടയ്യന്‍ പുതിയ കൂട്ടത്തിലെ എസക്കിയപ്പനോട് ചോദിച്ചു. അയാള്‍ പറഞ്ഞു, മലയിൽ പണം കായ്ക്കുന്ന ചെടിയുണ്ടല്ലോ, അവിടെ പോയി കുറച്ചു പൈസയുണ്ടാക്കിയിട്ട്​ തിരിച്ചു പോണം. എസക്കി മനസ്സിനകത്ത് പറഞ്ഞു: ഊരില്‍ കൊടും പട്ടിണി. വയോധികന്‍മാരൊക്കെ മരിച്ചുവീഴുന്നു. കൃഷി നശിച്ചു തുടങ്ങിയതോടെ പണ്ണയാര്‍മാര്‍ ഞങ്ങളെ കൈയൊഴിഞ്ഞു. മുത്തമ്മ മഞ്ഞപ്പിത്തം പിടിച്ചു മരിച്ചതോടെ ഞാന്‍ അവളുടെ അനിയത്തിയെ രണ്ടാം കല്യാണം കഴിച്ചു. ആദ്യത്തേതിൽ മൂന്നു മക്കള്‍, ഇതില്‍ രണ്ടു മക്കള്‍- മൊത്തം അഞ്ച്. കെളവനും കെളവിയും അടക്കം മൊത്തം ഒമ്പത് പേര്.

കങ്കാണി ചിരിച്ചു. കൂട്ടം പുതിയതാണെങ്കിലും പയറ്റിയ തന്ത്രം പഴയതാണ്.

(തുടരും)


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments