ഉണരുന്നു, ഉയിരുകൾ

യുവാക്കളായ ഏഴുമലയും ചൊക്കനും രാമനും കസപ്പയും വേലുച്ചാമിയും രണ്ടും കല്‍പ്പിച്ചിറങ്ങി. കങ്കാണിമാര്‍ഒന്നു വിറച്ചു. നൂറുകണക്കിന് ആള്‍ക്കാര്‍ കങ്കാണിമാരെ വളഞ്ഞു. ചില കങ്കാണിമാര്‍ അടികൊണ്ട് വീണു, പലരും ഓടി.

മലങ്കാട്​- 3

മോര്‍ഗന്‍ സായിപ്പിന്റെ നേതൃത്വത്തില്‍ ജന്മികളുടെ യോഗം തുടങ്ങി. മാര്‍ക്കോസ്, ഫിലിപ്പ്, ക്ലര്‍ക്ക് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്​.

മോര്‍ഗന്‍ സായിപ്പ് കമ്പനിയുടെ ആവശ്യം അവതരിപ്പിച്ചു: മലയ്ക്കു മുകളില്‍ ഏക്കറോളം സൃഷ്ടിച്ചെടുക്കാന്‍ തീരുമാനിച്ച തേയിലത്തോട്ടങ്ങളുടെ പണി തുടരുകയാണ്. നമുക്ക് വേണ്ടത്ര ആള്‍ക്കാരെ കിട്ടിയിട്ടില്ല. അതുകൊണ്ട് പ്രിയപ്പെട്ട ജന്മിമാരേ, നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്​.

ചിന്നമന്നൂര്‍ ജമീന്‍ മീശ മുറുക്കി. പണ്ണപുരം ജമീന്‍ ഒന്നും മനസിലായില്ല എന്ന മട്ടില്‍ പരമക്കുടി ജമീന്റെ മുഖത്തേക്കുനോക്കി. മീനാക്ഷിപുരം മിരാസ്താരും വാടിപ്പെട്ടി, ഉസിലംപെട്ടി, ആണ്ടിപ്പെട്ടി, ചെല്ലംപെട്ടി ജന്മികളും പരസ്പരം നോക്കി. ഇവന്‍മ്മാര്‍ എന്താണ്​ ചോദിക്കാന്‍ പോകുന്നത് എന്ന അമ്പരപ്പിലാണ് പരസ്പരമുള്ള ആ നോട്ടം.

Photo: Pexels
Photo: Pexels

പണ്ണപുരം ജമീന്‍ ചോദിച്ചു, ഏത് രീതിയിലാണ് സഹായിക്കേണ്ടത്?

നിങ്ങളുടെ അടിമകളായിട്ടുള്ള കുറച്ചാള്‍ക്കാരെ പണിക്ക് വിട്ടുതരണം, സായിപ്പിന്റെ ഇംഗ്ലീഷ്​ കണക്കുപിള്ള ചെല്ലയ്യ വിവര്‍ത്തനം ചെയ്തു.

ജന്മിമാർ അന്തംവിട്ടു, അവർ അങ്കലാപ്പിലായി. എതിര്‍ത്ത് ഒന്നും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ. സംസാരിച്ചാല്‍ സായിപ്പന്മാര്‍ എന്തും ചെയ്യുമെന്ന്​ അവര്‍ക്കറിയാം. എന്തു ചെയ്യണം എന്നറിയാതെ അവര്‍ തലപുകഞ്ഞു. തമിഴ്‌നാട്ടില്‍ മറ്റ് ഭാഗങ്ങളില്‍ വരൾച്ചയാണെങ്കിലും ബോഡി, തേനി, ചിന്നമണ്ണൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങള്‍ നല്ല കൃഷിഭൂമികളായിരുന്നു. വാടിപ്പെട്ടി ജന്മി മുരുകാണ്ടി മിരാസു ഒടുവിൽ പറഞ്ഞു, ‘പറ്റില്ല.’

ചെല്ലയ്യ പറഞ്ഞു: അവര്‍ നമ്മുടെ അടിമകളല്ല, അവരുടെ നിലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവര്‍ ഇവിടത്തെ ജന്മികളാണ്. അവര്‍ വിചാരിച്ചാല്‍ എന്തും ചെയ്യാം, ഭരണം മാത്രമാണ് നമ്മുടേത്.

ചെല്ലയ്യ അയാളെ സമാധാനിപ്പിച്ചു. ആരെങ്കിലും എതിര്‍ത്താല്‍ ദേഷ്യപ്പെടുകയോ അവരെ വിരട്ടുകയോ ചെയ്യരുത് എന്ന്​ യോഗത്തിനുമു​മ്പ്​ ധാരണയുണ്ടായിരുന്നു. അവരെ എതിര്‍ത്താല്‍ കാര്യം മുടങ്ങും. കുതിരയ്ക്കും മനുഷ്യനും തിന്നാന്‍ കൊടുക്കുന്നത് അവരാണ് എന്ന ബോധ്യം സായിപ്പന്മാര്‍ക്കുണ്ട്​. അവരെ പകപ്പിലാക്കി കാര്യം സാധിക്കുക അത്ര എളുപ്പമല്ല എന്ന് വില്യം സായിപ്പ് നേരത്തെ പ്ലാന്റര്‍മാരോട് പറഞ്ഞിരുന്നു. ഇവിടെ പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. കാരണം, പച്ചക്കറിപ്പാടങ്ങളും നെല്‍പ്പാടങ്ങളും നിറഞ്ഞ സ്ഥലങ്ങളാണിതെല്ലാം. ആവശ്യമുള്ള സാധനങ്ങൾ തേനി, ബോഡി, ദിണ്ടുക്കല്‍, വന്തലകുണ്ടു, ചിന്നമന്നൂര്‍ എന്നിവിടങ്ങളിൽനിന്ന്​ മലയിലെത്തിക്കാം എന്ന്​ സായിപ്പന്മാര്‍ തീരുമാനിച്ചിരുന്നു. ഇവിടുത്തെ ആള്‍ക്കാരെ അവിടേക്ക് പറഞ്ഞയച്ചാല്‍ നിലം തരിശു കിടക്കും എന്ന ആശങ്ക ജന്മിമാർക്കുണ്ട്​. അതുകൊണ്ടാണ്​ അവർ വിസമ്മതം പറഞ്ഞത്​.

Photo: jonbrew/Flickr
Photo: jonbrew/Flickr

യോഗം തീരുമാനമാകാതെ അവസാനിച്ചു. വില്യം സായിപ്പ് നിരാശനായി. മാര്‍ട്ടിന്‍ സായിപ്പിനെ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്ത് എല്ലാവരും അങ്കലാപ്പിലായി. ക്ലര്‍ക്ക് കയ്യില്‍ തോക്കുപിടിച്ച്​ പറഞ്ഞു, ‘അവന്മാരെ വെടിവെച്ച് തള്ളമായിരുന്നു, അടിമ നായ്കള്‍.’

ചെല്ലയ്യ പറഞ്ഞു: അവര്‍ നമ്മുടെ അടിമകളല്ല, അവരുടെ നിലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവര്‍ ഇവിടത്തെ ജന്മികളാണ്. അവര്‍ വിചാരിച്ചാല്‍ എന്തും ചെയ്യാം, ഭരണം മാത്രമാണ് നമ്മുടേത്. അവര്‍ നമുക്ക് ടാക്‌സ് അടയ്ക്കുന്നുണ്ട്. നമ്മള്‍ പറയുന്ന എല്ലാ കാര്യങ്ങളും അനുസരിക്കുന്നുണ്ട്. നമ്മുടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് ആള്‍ക്കാരെ വിട്ടുതരുന്നുണ്ട്​. പക്ഷേ മാസങ്ങളോളം ആള്‍ക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടാണ്, കാരണം അവരുടെ നിലങ്ങള്‍ തരിശു കിടക്കും.

എല്ലാ നാട്ടിലേക്കും സായിപ്പുമാരുടെ ആള്‍ക്കാര്‍ എത്തിപ്പെട്ടു. സില്‍ബന്ധികളെ കൊണ്ടുള്ള നിരീക്ഷണമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായി ആരു സംഘടിച്ചാലും അവരെ ഇല്ലാതാക്കുകയായിരുന്നു ഭരണാധികാരികളുടെ തീരുമാനം.

യോഗം തല്‍ക്കാലം പിരിഞ്ഞു. പണ്ണപുരത്ത്​ ജന്മികൾ സായിപ്പമാര്‍ക്കെതിരെ യോഗം ചേരാന്‍ തീര്‍മാനിച്ചിരുന്നെങ്കിലും സായിപ്പമാരുടെ കണ്ണു വെട്ടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ജന്മിമാരെ നിരീക്ഷിക്കാന്‍ സായിപ്പന്മാര്‍ ആള്‍ക്കാരെ ഏര്‍പ്പെടുത്തി. എല്ലാ നാട്ടിലേക്കും സായിപ്പുമാരുടെ ആള്‍ക്കാര്‍ എത്തിപ്പെട്ടു. സില്‍ബന്ധികളെ കൊണ്ടുള്ള നിരീക്ഷണമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായി ആരു സംഘടിച്ചാലും അവരെ ഇല്ലാതാക്കുകയായിരുന്നു ഭരണാധികാരികളുടെ തീരുമാനം.

Photo: Wikimedia Commons
Photo: Wikimedia Commons

തേനി, ബോഡി, കമ്പം, ചിന്നമണ്ണൂര്‍, മധുര വരെ അപ്രഖ്യാപിത അടിയന്തരാവസ്ഥ തുടര്‍ന്നു. അടിമകളെ മലയിലേക്ക് കൊണ്ടുപോകുമെന്ന് അവര്‍ തീരുമാനിച്ചു. അടിമകളെ കിട്ടാത്ത കോപം മറ്റു അടിമകള്‍ക്കുമീതെ പ്രയോഗിച്ചു. വലിയ തീപ്പന്തങ്ങള്‍ കത്തിച്ച്​ കങ്കാണിമാര്‍ കുടിലുകളിലേക്ക് യാത്രയാവും. അവരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ കുടിലുകള്‍ക്കുള്ളില്‍ കുറുകിക്കിടക്കുന്ന ആ പാവം മനുഷ്യരുടെ ശരീരങ്ങള്‍ മെല്ലെ പൊങ്ങും. തളര്‍ന്ന ശരീരവും മാസങ്ങളോളം ബാക്കിനിൽക്കുന്ന ഉറക്കവുമായി ചലിക്കുന്ന ശവങ്ങളെ പോലെ അവർ നടന്നു നീങ്ങും. അധ്വാനിക്കുക എന്നല്ലാതെ വേറൊന്നും അവര്‍ ശീലിച്ചിട്ടില്ല.

സായിപ്പന്മാരെ ആക്രമിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെങ്കിലും സായിപ്പന്മാരുടെ കൈയിലുള്ള തോക്ക് അവരുടെ കയ്യില്‍ ഇല്ല; അതു തന്നെയായിരുന്നു അവരുടെ പേടിയും.

കങ്കാണിമാരുടെ ഒച്ച കേട്ട്​, രാവിലെ ആറു മണിയാവുമ്പോള്‍ പക്ഷികളെയും മൃഗങ്ങളെയും പോലെ അവരുണരും. പെരുമാള്‍ കങ്കാണിയായിരുന്നു അവരുടെ തലവന്‍. മുത്തയ്യനും മണിയനും ചൊക്കനാഥനും വേലുചാമിയും കത്തിയും കോടാലിയും മണ്‍വെട്ടിയും എടുത്ത്​ പെരുമാളുടെ മുമ്പില്‍ ചെല്ലും. ബാക്കിയെല്ലാവരും അവരുടെ പുറകില്‍ ഓടും. അപ്പോഴേക്കും ഒരു കുതിര അവിടെയെത്തിയിരിക്കും. ആ കുതിരയേക്കാള്‍ ഒരല്പം താമസിച്ചാല്‍ മര്‍ദ്ദനം, അതാണ് പതിവ്. ഇതില്‍ നിന്ന്​ രക്ഷപ്പെടാന്‍ തൊഴിലാളികള്‍ നേരത്തെ പണിസ്ഥലത്തെത്തും. സ്റ്റീഫന്‍ സായിപ്പ് ജോലി ക്രമീകരിക്കും. സായിപ്പും കൂട്ടരും നിരീക്ഷകരാണ്. അവര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുകയോ ചീത്ത പറയുകയോ ചെയ്യില്ല. സ്ഥലം ക്രമീകരിച്ചു കൊടുക്കുക- അതാണ് അവരുടെ ജോലി. അതുകൊണ്ട് തൊഴിലാളികള്‍ക്ക് അവരെ ഭയക്കേണ്ട.

എങ്കിലും കോട്ടും സ്യൂട്ടുമിട്ട്​ കുതിരവണ്ടിയില്‍ വരുന്ന എല്ലാവരെയും അവർക്ക്​ പേടിയായിരുന്നു. ദിവസവും അടി കിട്ടും. എന്നിട്ടും, അവർ അതേ ജീവിതം തുടർന്നു. സായിപ്പന്മാരെ ആക്രമിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെങ്കിലും സായിപ്പന്മാരുടെ കൈയിലുള്ള തോക്ക് അവരുടെ കയ്യില്‍ ഇല്ല; അതു തന്നെയായിരുന്നു അവരുടെ പേടിയും. നടുക്കാട്ടില്‍ മാസങ്ങളോളം അവര്‍ ജീവിച്ചുവരുന്നതും ആ തോക്കിനെ ഭയന്നാണ്​.

മാരിയപ്പന് ആദ്യമായി കാടിനോട്​ ഒരിഷ്​ടം തോന്നിത്തുടങ്ങി. അങ്ങനെയാണ്​ അയാൾ കണ്ണമ്മയെ പിന്തുടരാൻ തുടങ്ങിയത്​.

ആ പേടിയിൽ, ആ ഏഴു മൈലും ചുറ്റുമുള്ള സ്ഥലങ്ങളും അവരുടെ പരിചിത ഇടമായി. ആ കാട്ടില്‍ ഏതു മുക്കിലും മൂലയിലും പോയി തിരിച്ചു വരാനുള്ള ശേഷിയുള്ളവരാക്കി ആ പേടി അവരെ മാറ്റിയെടുത്തു. പിന്നെപ്പിന്നെ അവര്‍ക്ക് കാട് ഒരാവേശവും അത്ഭുതവസ്തുവുമായി.

മാരിയപ്പന് ആദ്യമായി കാടിനോട്​ ഒരിഷ്​ടം തോന്നിത്തുടങ്ങി. അങ്ങനെയാണ്​ അയാൾ കണ്ണമ്മയെ പിന്തുടരാൻ തുടങ്ങിയത്​. പ്രണയാഭ്യര്‍ത്ഥനയുമായി മാസങ്ങളോളം മാരിയപ്പന്‍ കണ്ണമ്മയുടെ പുറകേ നടന്നു. പൊതുവേ ആണുങ്ങള്‍ മരം വെട്ടാനും മണ്ണ്​ കിളയ്​ക്കാനുമാണ്​ നിൽക്കുക. പെണ്ണുങ്ങള്‍ മണ്ണു ചുമക്കാനും, ചവറു വാരാനും. ഓരോ ഗ്രൂപ്പിലും പരിചയമില്ലാത്തവരെ തമ്മിലാണ്​ ക്രമീകരിച്ചത്​. അങ്ങനെയാണ് തിരുനെല്‍വേലി ജില്ലയില്‍ നിന്നെത്തിയ മാരിയപ്പനും തെള്ളാരില്‍ നിന്നെത്തിയ കണ്ണമ്മയും തമ്മില്‍ കണ്ടുമുട്ടുന്നത്. ഗ്രൂപ്പ് തിരിക്കുന്നതിനുമുമ്പു തന്നെ രണ്ടുപേരും പ്രണയിച്ചുതുടങ്ങി.

കണ്ണമ്മയെ കാണാത്ത ഒരു ദിവസം മാരിയപ്പന് എന്തോ പോലെയാണ്. അവന്‍ അവളെ ഒരൽഭുതത്തോടെ നോക്കി നിൽക്കും. ഇരുനിറം, ഉണ്ടക്കണ്ണുകള്‍, അധ്വാനിച്ച് മെലിഞ്ഞുണങ്ങിയ ശരീരം, അതുക്കും മേലെ പ്രണയം…
ചൊക്കന്‍ കങ്കാണിയുടെ ആജ്​ഞക്കുമുന്നിൽ അനുസരണയുള്ള അടിമക്കൂട്ടം കുമ്പിട്ടു നിൽക്കുമ്പോൾ, അവരിൽ രണ്ടുപേർ മാത്രം കണ്ണോട് കണ്ണ് നോക്കിനിൽക്കും. കാട്ടിലെ കൊടും ജീവിതത്തിനുനടുക്ക്​ ഇരുവരും അവർക്കുമാത്രം സ്വന്തമായ ഒരു ജീവിതം സൃഷ്​ടിച്ചെടുക്കുകയായിരുന്നു.

തൊഴിലാളിജീവിതം ഇഴഞ്ഞിഴഞ്ഞ്​ മുന്നോട്ടുപോകവേ, ഒരു ദിനം, നിരനിരയായി താഴെ നിന്ന്​ ഒരു കൂട്ടം മലകയറുന്നത് പാണ്ടി കണ്ടു. സ്വന്തം കണ്ണുകളെ അയാൾക്ക്​ വിശ്വസിക്കാനായില്ല. അതൊരു തോന്നലായിരിക്കുമെന്നു വിചാരിച്ച് പച്ചയപ്പനെ മെല്ലെ വിളിച്ചു, പിന്നെ, ഏതോ അത്ഭുതത്തെ പോലെ ആ കൂട്ടത്തെ നോക്കി നിന്നു. കങ്കാണിമാരും താഴേക്കുനോക്കി അമ്പരന്നു. തലയില്‍ പാനകളും ചുമന്ന്​ വീണ്ടും ഇതാ നമ്മളെപ്പോല്‍ ഒരു പരദേശിക്കൂട്ടം അടുത്തടുത്തുവരുന്നു. വിശ്വസിക്കാനാവാതെ മുനുസാമി ഒച്ചയിട്ടു, ആരാണിവിടേക്കുവരുന്നത്​? ‘നിനക്കത്​ അറിയണമല്ലേടാ’ എന്ന ചോദിച്ച്​ ഒരടിയുടെ ​ശബ്​ദം ആള്‍ക്കൂട്ടത്തിന്റെ ചെവി തുളച്ചു. ചൊക്കന്റെ അടികൊണ്ട മുനുസാമി തളര്‍ന്നു വീണു, ഉരുണ്ടുതന്നെ താഴേക്കെത്തി. ഇതു കണ്ട ചിന്നപ്പന്‍ മണ്‍വെട്ടി വെച്ച് കങ്കാണിയുടെ കാലിൽ ഒറ്റ അടി. ഇതാദ്യമായി ഒരു കങ്കാണി അടിയേറ്റു വീണു, അതുകണ്ട്​ മറ്റു കങ്കാണിമാര്‍ അമ്പരന്നുനിന്നു.

ചിന്നപ്പനെ പിടിക്കാന്‍ കങ്കാണിമാര്‍ ഉത്തരവിട്ടു. അടിമകള്‍ അതിന്‍പ്രകാരം അനുസരിച്ചു. ഭ്രാന്തിളകിയപോലെ ചിന്നപ്പൻ തന്നെ പിടിക്കാന്‍ വരുന്നവരെ കയ്യിലുള്ള മണ്‍വെട്ടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. ‘ആരെടാ അടിച്ചത്, അവന്‍ ആരാണെന്നറിയാമോ? എന്റെ ജീവനാ, അവനെ തൊട്ടാല്‍ ഏതവനാണെങ്കിലും ഞാന്‍ കൊല്ലും’’- ചിന്നപ്പൻ ആക്രോശിച്ചു.

സായിപ്പും സില്‍ബന്ധികളും താഴെനിന്നുവരുന്ന അടിമക്കൂട്ടത്തെ തെളിച്ചുകൊണ്ടുവരാൻ മലയടിവാരത്തില്‍ പോയ സമയമായിരുന്നു ഇത്​. ചിന്നപ്പനെ ഇനി പിടിച്ചാല്‍ കിട്ടില്ല എന്ന ബോധ്യത്തോടെ കങ്കാണിമാര്‍ ജീവനും കൊണ്ട് ഓടി. ചിന്നപ്പന്റെ ഒപ്പം വേലനും കൂടിയതോടെ കൂട്ടം വിറച്ചു. കൂട്ടത്തില്‍ അതിശക്തരായ രണ്ട് യുവാക്കളാണ് ചിന്നപ്പനും വേലനും.

പേച്ചിമുത്തു കങ്കാണി പറഞ്ഞു, നമുക്ക്​ സമരസപ്പെടാം. ഇല്ലെങ്കില്‍ ഇന്നത്തെ രാത്രി നമുക്ക്​ ശിവരാത്രിയായിരിക്കും.

മുരുകയ്യാവും കറുപ്പനും വിസമ്മതിച്ചു. പെട്ടെന്ന് മുരുകയ്യയുടെ തലയില്‍ നിന്ന്​ ചോരയൊഴുകി. കൂട്ടം അമ്പരപ്പിലായി. വേലന്‍ കൈയിലിരുന്ന കല്ലു കൊണ്ട് പക വീട്ടി. ‘ആരെയാടാ അടക്കി ഭരിക്കുന്നത് നായ്ക്കളേ, വെള്ളക്കാരന്​ നക്കിക്കൊടുത്ത്​ ഞങ്ങളുടെ ജീവിതം നശിപ്പിച്ച തെമ്മാടികളേ…’, കൂട്ടത്തില്‍ യുവാക്കളായ ഏഴുമലയും ചൊക്കനും രാമനും കസപ്പയും വേലുച്ചാമിയും രണ്ടും കല്‍പ്പിച്ചിറങ്ങി. കങ്കാണിമാര്‍ഒന്നു വിറച്ചു. നൂറുകണക്കിന് ആള്‍ക്കാര്‍ കങ്കാണിമാരെ വളഞ്ഞു. ചില കങ്കാണിമാര്‍ അടികൊണ്ട് വീണു, പലരും ഓടി. താഴോട്ട് ഓടിയ മുത്തന്‍ കങ്കാണിയെ ആദിമൂലവും കാസിയപ്പനും സുടലൈ മാടനും കറുപ്പചാമിയും പിടിച്ചുകെട്ടി. വണ്ടിയാനും മായാണ്ടിയും കൂട്ടത്തെ സമാധാനിപ്പിച്ചു. കങ്കാണിമാര്‍ കേണു, നമ്മള്‍ സമരസപ്പെടണം, അല്ലെങ്കില്‍ സായിപ്പന്മാര്‍ എല്ലാവരെയും തച്ചുതകര്‍ക്കും.

കൂട്ടത്തില്‍ ഒരു ശബ്ദം ഉയര്‍ന്നുകേട്ടു: ചത്തു തുലയാം, നായകളേക്കാളും മോശമായ ഈ നരകജീവിതത്തേക്കാൾ നല്ലത്​ അവന്മാരുടെ വെടിയേറ്റ് മരിക്കുന്നതാണ്. മനുഷ്യരെ പോലെയാണോ നമ്മൾ?

(തുടരും)

Comments