മലങ്കാട്- പത്ത്
തീവണ്ടിയെത്തിയതോടെ തേയിലക്കച്ചവടം തളിർത്തു. എല്ലാ എസ്റ്റേറ്റുകളിലും ചെറിയ റോപ്പുകള്‍ സ്ഥാപിക്കാന്‍ പ്ലാന്റര്‍മാര്‍ തീരുമാനിച്ചു. ചിറ്റിവരയിലെ അഴിഞ്ഞമാട്ടില്‍ നിന്ന് മരപ്പാലം വരെ റോപ്പ് വേ സ്ഥാപിച്ചെടുത്തു. മെഷീനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ എല്ലാ എസ്റ്റേറ്റുകളിലും ഫാക്ടറികള്‍ സ്ഥാപിക്കാൻ ശ്രമം തുടര്‍ന്നു. തകരം, ഇരുമ്പ്, പലക എന്നിവ കൊണ്ട് ബ്രിട്ടീഷ് മോഡലില്‍ ചിറ്റിവര, ചെണ്ടുവര, എലപ്പെട്ടി, കുണ്ടല, അരുവിക്കാട്, മാട്ടുപ്പെട്ടി, ചൊക്കനാട്, ദേവികുളം, പള്ളിവാസല്‍, നയമക്കാട്, വാഗുവരാ, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. തൊഴിലാളികള്‍ ഫാക്ടറികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
നുള്ളുന്ന കൊളുന്തുകൾ കൂടകളിലാക്കി തലയിൽ ചുമന്ന് ഫാക്ടറിയിലേക്ക് എത്തിച്ചു. അവിടെ നിന്നാണ് നിരവ. ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ തൊഴിലാളികള്‍ക്ക് പണി ഇരട്ടിയായി. രാവിലെയും വൈകിയിട്ടും ഉച്ചയ്ക്കും ഫാക്ടറിക്കുമുമ്പില്‍ എത്തിക്കണം. കാള വണ്ടികളില്‍ കയറ്റിയയച്ച് ബാക്കി കൊളുന്തുകൾ അവര്‍ തലചുമടായി ഫാക്ടറിയിലേക്കെത്തിച്ചു. രാവിലേയും ഉച്ചയ്ക്കും മലമുകളില്‍ നിന്ന് നിരപ്പുകളിലേക്കെത്തിക്കുന്ന കൊളുന്തുകൾ കാളവണ്ടികളും മനുഷ്യരും ചുമന്നു ഫാക്ടറിയിലേക്കെത്തിച്ചു.
ഏതാനും ദിവസങ്ങളില്‍ എല്ലാ ഫാക്ടറികളിലും വൈദ്യുതി എത്തുമെന്ന് വില്യം സായിപ്പ് പ്ലാന്റര്‍മാരുടെ മീറ്റിംഗില്‍ പറഞ്ഞു. അതുകേട്ട് മറ്റു സായിപ്പന്മാര്‍ അത്ഭുതപ്പെട്ടു. ചിത്രാപുരത്തില്‍ ബ്രിട്ടീഷുകാർ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ചു. കേരളത്തില്‍ തന്നെ ആദ്യം വൈദ്യുതി എത്തിയ സ്ഥലമായിരുന്നു മൂന്നാറിലെ ചിത്രാപുരം. ബ്രിട്ടീഷുകാരുടെ ഫാക്ടറികള്‍ ചലിക്കാന്‍ വേണ്ടിയാണ് ഈ വലിയ വെല്ലുവിളി അവര്‍ ഏറ്റെടുത്തത്. ആദ്യം ഗതാഗതവും പിന്നീട് ഫാക്ടറികളും ഒടുവില്‍ വൈദ്യുതിയും എത്തിയതോടെ സായിപ്പന്മാരുടെ ലിറ്റില്‍ ലണ്ടന്‍ എന്ന സ്വപ്നം സഫലമായി. വൈദ്യുതി ദൗത്യം വിജയിച്ചപ്പോള്‍ എല്ലാ ഫാക്ടറികളിലേക്കും വൈദ്യുതിയും മെഷീനും എത്തിക്കാൻ ശ്രമിച്ചു. 1920- ഓടെ അവര്‍ അത് സാധിച്ചെടുത്തു.
വൈദ്യുതിയുടെ ഉപയോഗം നേരിട്ടുകാണാത്ത അക്കൂട്ടം വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന തേയില മെഷീനുകളെ ആദ്യം അത്ഭുതത്തോടെയാണ് കണ്ടത്.
ചിന്നച്ചാമി പറഞ്ഞു, ഈ മെഷീനും വന്നതോടുകൂടി നമ്മള്‍ ഇനി ഈ യന്ത്രങ്ങളെപ്പോലെ പണിയെടുക്കേണ്ടി വരും.
റോപ് വന്നതോടെ അധികം കൊളുന്തുകൾ ഫാക്ടറിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സായിപ്പന്മാര്‍ പ്രവര്‍ത്തിച്ചത്. നാലുനേരം നിരുവാ എന്ന സായിപ്പന്‍മാരുടെ തന്ത്രം അവര്‍ തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. ലയങ്ങളിൽ തൊഴിലാളികള്‍ കൂട്ടംകൂട്ടമായി താമസിച്ചു തുടങ്ങിയതോടെ കൊളുന്തു പറിക്കാന്‍ അവര്‍ വിധിക്കപ്പെട്ടു.
മെക്കേല്‍ കങ്കാണിയും സവരിമുത്തുവും മൊക്കയ്യനും എല്ലനും അരുമനായകവും പച്ചയപ്പനും പരമനും ഫാക്ടറിയിലേക്ക് കൊളുന്ത് എത്തിക്കുന്നതിന്റെ കഷ്ടപ്പാടുകൾ പരസ്പരം പങ്കുവെക്കും. മഴയത്തും വെയിലത്തും മഞ്ഞിലും മെഷീനുകള്‍ പണിമുടക്കിയാലും അവർ ജോലിക്ക് പോകാതിരുന്നിട്ടില്ല. രാവിലെ ആറു മണിക്ക് കാട്ടിലെത്തും. മഴക്കാലം മൂന്നാര്‍ മല നിരകളില്‍ മരണകാലമാണ്.
കോളറ, മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കൊപ്പം കങ്കാണിമാരുടെയും സായിപ്പന്‍മാരുടെയും ശല്യം സഹിക്കാന്‍ വയ്യാതായപ്പോൾ, മഴക്കാലത്ത് കന്തപ്പനും, മാടസാമിയും, അരുമയും, പെരുമാളും ഒരു തന്ത്രം മെനഞ്ഞു. മഴക്കാലത്ത് വാച്ചര്‍ കങ്കാണി എല്ലാ ലയങ്ങളിലും കയറിയിറങ്ങും. ചെല്ലപ്പന്‍ കങ്കാണിയും ഇരുളപ്പന്‍ കങ്കാണിയും നാലര ഏക്കറിനു ചുറ്റുമുള്ള ലയങ്ങളിലെത്തും. എല്ലാ വീടുകളിലും ആളുണ്ടോ എന്നു നിരീക്ഷിക്കാനാണ് വരവ്. കങ്കാണിമാര്‍ പന്തം കത്തിച്ചാണ് ലയങ്ങള്‍ സന്ദര്‍ശിക്കുക.
കൊളുന്തു ചാക്കുകളില്‍ ഒളിപ്പിച്ച കുറച്ചു വസ്ത്രങ്ങള്‍ മാത്രമാണ് അവരുടെ കൈയിലുള്ളത്. കുരങ്ങണി പാതയിലെ കൂരിരുട്ടില്‍ അവരുടെ രക്ഷായാത്ര തുടര്‍ന്നു. ഇനി മരിച്ചാലും കുഴപ്പമില്ലെന്ന് ചെല്ലപ്പനും മാരിയപ്പനും പറഞ്ഞു.
ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന തൊഴിലാളികള്‍ ആദ്യം അടുപ്പ് കത്തിച്ച് രാവിലെ ഉണ്ടാക്കിയ കൂളോ കഞ്ഞിയോ തിളപ്പിക്കും. പിന്നീട് തണുപ്പ് മാറാന്‍ കട്ടന്‍ കാപ്പി കുടിക്കും. ഇതാണ് പതിവ്.
ഇവിടെ നിന്നാല്‍ ചത്തൊടുങ്ങും, അതുകൊണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ചിന്നച്ചാമിയും മുത്തു വേലുവും തീരുമാനിച്ചു. അവര്‍ കുറയെ കാലമായി കരുതിവെച്ച തന്ത്രമാണ് ഇപ്പോള്‍ പയറ്റാന്‍ പോകുന്നത്. ഒരു വീട്ടില്‍ മൂന്നു കുടുംബങ്ങള്‍ വരെ പാര്‍ത്തിരുന്നു. അവരില്‍ ഭൂരിഭാഗവും രക്ഷപ്പെടാന്‍ തയ്യാറായി. ചിറ്റിവര എസ്റ്റേറ്റിലെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന ലൈന്‍സില്‍ നിന്നുമാണ് അവര്‍ തന്ത്രം മെനഞ്ഞത്. ലൈന്‍സില്‍ നിന്ന് ടോപ്പ് സ്റ്റേഷനിലേക്ക് എത്താൻ എളുപ്പമാണ്. കുന്നുകളും മലകളും കയറി പരിചയിച്ചവരാണവർ.
ടോപ്പ് സ്റ്റേഷനില്‍നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരം മാത്രം അകലെയുള്ള ചിറ്റിവരയില്‍ ബോഡിയില്‍ നിന്ന് ദോശക്കല്ലെത്തിയിരുന്നു. ചില തൊഴിലാളികള്‍കേപ്പ റൊട്ടി അതിലാണ് ചുടുന്നത്. ഇതിനകം മരുതലിംഗം നാടാര്‍ ടോപ്പ് സ്റ്റേഷനില്‍ പലചരക്ക് കട തുടങ്ങിയിരുന്നു. കങ്കാണിമാരുടെ ചീട്ട് കിട്ടുന്നവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അവിടെ നിന്ന് കിട്ടും. ശമ്പളം കിട്ടുമ്പോള്‍ കങ്കാണിമാര്‍ ആ പൈസ അതില്‍ നിന്നെടുക്കും. ആദ്യകാലത്ത് നാടാരുടെ കട മാത്രമായിരുന്നു ഏക ആശ്രയം. അവിടെ ബോഡിയിലെ ചന്തയില്‍ നിന്ന് ടോപ്പ് സ്റ്റേഷനിലെത്തുന്ന സാധനം കഴുതകളെക്കൊണ്ട് കടയിലേക്കെത്തിക്കുകയാണ് പതിവ്. കടയില്‍ പലചരക്ക് സാധനങ്ങള്‍ എത്തിയതോടെ തൊഴിലാളികള്‍ ടോപ്പ് സ്റ്റേഷനില്‍ നിന്നാണ് അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയിരുന്നത്. അങ്ങനെയാണ് ദോശക്കല്ല് ലയങ്ങളില്‍ എത്തിയത്. ഫാക്ടറികള്‍ പണിയാനും ലയങ്ങളുടെ മേല്‍ക്കൂര പണിയാനും ആവശ്യത്തിലേറെ തകരങ്ങള്‍ ട്രെയിനിൽ ചിറ്റിവര എസ്റ്റേറ്റിലേക്ക് എത്തിച്ചു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ നാലര ഏക്കര്‍ ചുറ്റും ഈ വാര്‍ത്ത തീ പോലെ പടര്‍ന്നു. വാച്ചര്‍കങ്കാണിയായിരുന്ന നാച്ചിയപ്പനെ ക്ലാര്‍ക്ക് സായിപ്പ് മരത്തില്‍ കെട്ടിവെച്ച് തല്ലുന്നത് കണ്ടവർ കരഞ്ഞുപോയി.
വാച്ചര്‍ കങ്കാണി എല്ലാ വീടുകളുടെയും അകത്തേക്ക് വരില്ല. അടുപ്പിന്റെ വെളിച്ചമാണ് അടയാളം. അടുപ്പ് കത്തി കണ്ടാൽ, വീട്ടില്‍ ആള്‍ക്കാരുണ്ട് എന്നാണ് നിഗമനം. ഇപ്പോഴിതാ, ദോശക്കല്ല് തൊളിലാളികളെ രക്ഷപ്പെടുത്തുന്ന ആയുധമായി മാറിക്കഴിഞ്ഞു. ആ ഇരുമ്പു കല്ലുകള്‍ വീട്ടിലെത്തിയതോടെ വൈകുന്നേരങ്ങളില്‍ കേപ്പ റൊട്ടി പതിവായി. പെരുമാളും മാരിച്ചാമിയും ചെല്ലനും അയയില്‍ നനഞ്ഞ കാട്ടുകമ്പിളിയും താട്ടും ഇട്ടു ദോശക്കല്ലുവച്ച് അടുപ്പ് കത്തിച്ചു. അയയിലെ കാട്ടുകമ്പിളിയില്‍ നിന്ന് ഒഴുകുന്ന വെള്ളത്തുള്ളികള്‍ ദോശക്കല്ലില്‍ വീഴുമ്പോള്‍ പാചകം ചെയ്യുന്നതായി കരുതി വാച്ചര്‍ കങ്കാണി തിരികെ പോയി. ആ സമയം കൊണ്ട് ഏഴുപേര്‍ അടങ്ങിയ സംഘം 30 ഏക്കര്‍ വഴി കൊരങ്ങണിലേക്ക് യാത്ര തുടര്‍ന്നു. രാപകൽ ആ പാതയിലൂടെ സഞ്ചരിക്കുന്നവരായതുകൊണ്ട് ആരും അവരെ സംശയിക്കില്ല. കൊളുന്തു ചാക്കുകളില്‍ ഒളിപ്പിച്ച കുറച്ചു വസ്ത്രങ്ങള്‍ മാത്രമാണ് അവരുടെ കൈയിലുള്ളത്. കുരങ്ങണി പാതയിലെ കൂരിരുട്ടില്‍ അവരുടെ രക്ഷായാത്ര തുടര്‍ന്നു. ഇനി മരിച്ചാലും കുഴപ്പമില്ലെന്ന് ചെല്ലപ്പനും മാരിയപ്പനും പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ നാലര ഏക്കര്‍ ചുറ്റും ഈ വാര്‍ത്ത തീ പോലെ പടര്‍ന്നു. വാച്ചര്‍കങ്കാണിയായിരുന്ന നാച്ചിയപ്പനെ ക്ലാര്‍ക്ക് സായിപ്പ് മരത്തില്‍ കെട്ടിവെച്ച് തല്ലുന്നത് കണ്ടവർ കരഞ്ഞുപോയി.
നല്ല മഴക്കാലമായിരുന്നു. രക്ഷപ്പെട്ട ആ കുടുംബങ്ങള്‍ എവിടെ പോയി എന്നതിനെക്കുറിച്ച് ആര്‍ക്കും വിവരമില്ല. നാട്ടിലെത്തിയിട്ടുണ്ടോ എന്നും അറിയില്ല. അടിമജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മഴക്കാലം തൊഴിലാളികളെ സഹായിച്ചിരുന്നു എന്നുമാത്രം അറിയാന്‍ കഴിയുന്നു. മറ്റൊന്നും അവിടെയുള്ള തൊഴിലാളികൾക്ക് അറിയില്ല. അവർ കൊളുന്തു നുള്ളുന്ന നനഞ്ഞ ശരീരങ്ങള്‍ മാത്രമായി മാറിക്കഴിഞ്ഞിരുന്നു. അല്ലെങ്കിൽ, കൊളുന്തു നുള്ളുന്ന യന്ത്രങ്ങൾ. മഴക്കാലത്ത് കൊളുന്തു വളര്‍ച്ച ഇരട്ടിയാണ്. നല്ല തളിരുകള്‍ കിട്ടും. സായിപ്പന്മാര്‍ക്ക് അത് കൊയ്ത്തുകാലവും തൊഴിലാളികള്‍ക്ക് ദുഃഖകാലവുമാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ ആ മൂന്നു മാസവും നനഞ്ഞു തുവഞ്ഞ ഉടുപ്പുകളും കാട്ടു കമ്പിളികളും താട്ടുചാക്കുകളുമിട്ട് അവര്‍ക്ക് ജീവിക്കേണ്ടി വരും. മഴക്കാലത്ത് കമ്പനിക്കാര്‍ ഒരു താട്ടും കാട്ടു കമ്പിളിയും തൊഴിലാളികള്‍ക്ക് നല്‍കും. അതിന്റെ പൈസ ശമ്പളത്തില്‍ നിന്ന് പിടിക്കും.
മാടപ്പന്‍ കങ്കാണി മുത്തുസാമിയെ കണക്കുകള്‍ ബോധിപ്പിച്ചത് ഇങ്ങനെയാണ്: കാട്ടുകമ്പിളി ഒന്ന്, കറുപ്പു കമ്പിളി ഒന്ന്. പിന്നീട് അഡ്വാന്‍സ് വാങ്ങിച്ച കണക്കില്‍ ബാക്കി ജോലി ചെയ്ത് വീട്ടണം. അതിനു വേണ്ടിയാണ് മൂന്നാര്‍ മലനിരകളില്‍ തൊഴിലാളികള്‍ തളച്ചിടപ്പെട്ടത്. കങ്കാണിമാരോടും സായിപ്പന്മാരോടും ഏതെങ്കിലും രീതിയില്‍ ഏറ്റുമുട്ടേണ്ടിവന്നാല്‍ കടബാധ്യത പറഞ്ഞ് തൊഴിലാളികളെ മര്‍ദ്ദിക്കും, അധിക ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കും.
കമ്പിളിക്കടവും അഡ്വാന്‍സും തിരിച്ചുകൊടുക്കാന്‍ പറ്റാത്ത എത്രയെത്ര തൊഴിലാളികള്‍ക്ക് ആ തേയിലക്കാടുകളില്‍ തന്നെ തലമുറതലമുറയായി അടിമകളായി കഴിയേണ്ടിവന്നു. ഇതിനുവേണ്ടി ചാവുന്ന കാലം വരെ അവര്‍ പണിയെടുത്തു കൊണ്ടിരുന്നു. വാല്‍പ്പാറയിലെ തൊഴിലാളികളുടെ അവസ്ഥ പ്രതിപാദിക്കുന്ന റെഡ് ടീ (എരിയും പനിക്കാട് ) എന്ന നോവല്‍ ഈ അവസ്ഥ പരാമര്‍ശിക്കുന്നുണ്ട്. നീലഗിരിയിലും ആസാമിലും വാല്‍പ്പാറയിലും മൂന്നാറിലും വണ്ടിപ്പെരിയാറിലും ടീ പ്ലാന്റുകളില്‍ താമസിക്കുന്ന തൊഴിലാളികളുടെ ആദ്യത്തെ തലമുറക്കാര്‍ ഇങ്ങനെയാണ് ജീവിച്ചത്. കമ്പനിയുടെ കടം വീട്ടാൻ വേണ്ടി മാത്രം അടുത്ത തലമുറയെ പണയം വക്കാനും അവര്‍ നിര്‍ബന്ധിതരായി. പെരുമാളും മാടപ്പനും ഏഴുമലയും വളരെ ചെറിയ പ്രായത്തിലാണ് പണിക്കു കയറിയത്. രാപകൽ മരം വെട്ടിയും മണ്ണ് ചുമന്നും തേയില ചാക്കുകളും ഇരുമ്പുകമ്പികളും തകരങ്ങളും മറ്റ് പണ്ടങ്ങളും തലച്ചുമടായി ചുമന്നും ചെറിയ പ്രായത്തിലെ അവരുടെ മുടിയെല്ലാം കൊഴിഞ്ഞുപോയി. മൂന്നാര്‍ മലനിരകളില്‍ കയറിവന്ന ആദ്യ തലമുറയിലെ തൊഴിലാളികളുടെ അവസ്ഥ ഇതായിരുന്നു. കമ്പനിയില്‍ നിന്ന് വിട്ടു പോകാന്‍ പറ്റില്ല. രോഗികളായും അടിമകളായും കടക്കാരായും അവര്‍ക്ക് ജീവിക്കേണ്ടിവന്നു.
1920-കളില്‍ മുണ്ടാസ് കെട്ടാന്‍ കമ്പനിക്കാര്‍ അനുവാദം നല്‍കി. കങ്കാണിമാര്‍ക്ക് മുണ്ടുടുക്കാനും കോട്ട് ധരിക്കാനും തലതുണി കെട്ടാനും സായിപ്പന്മാര്‍ അനുവാദം നല്‍കിയിരുന്നു. തൊഴിലാളികള്‍ ട്രൗസറും ഷര്‍ട്ടും അണിഞ്ഞിരുന്നു. തലയില്‍ എപ്പോഴും മുണ്ടാസ് കെട്ടാന്‍ അവര്‍ക്ക് അനുവാദമില്ല. മഴക്കാലത്തുമാത്രം മുണ്ടാസ് കെട്ടാം . കങ്കാണിമാരെ കാണുമ്പോള്‍ മുണ്ടാസ് അഴിച്ച് ‘കുമ്പിടറേന്‍ സ്വാമി’ എന്നു പറയണം. തമിഴ്‌നാട്ടിലെ പണ്ണ അടിമമുറയെ അതേപോലെ കങ്കാണിമാര്‍ തൊഴിലാളികൾക്കുമേൽ പ്രയോഗിച്ചു തുടങ്ങി.
കൊത്തടിമ സമ്പ്രദായം അനുഭവിക്കേണ്ടി വന്ന തൊഴിലാളികള്‍ മനസ്സു കൊണ്ട് ഈ ജീവിതം വെറുത്തിരുന്നു. എങ്കിലും കടം തിരിച്ചു കൊടുക്കണം എന്ന അഭിമാനബോധമുള്ളതുകൊണ്ട് അവര്‍ ചലിക്കുന്ന ശവം പോലെ ജീവിച്ചു. കങ്കാണിമാരുടെ കൈയിലുള്ളത് കള്ളകണക്കുകളാണ്. മൂക്കയ്യ- കാട്ടു കമ്പിളി പത്ത്, കറുപ്പു കമ്പിളി പത്ത്; കൊക്കയന്‍ കങ്കാണി കണക്ക് വായിക്കും.
‘ശരിങ്ക കങ്കാണി’ എന്ന് മൂക്കയ്യാ തലയാട്ടും. കാട്ടുകമ്പിളിയും കറുപ്പ് കമ്പിളിയും ഒന്നാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു തൊഴിലാളികള്‍. കാരണം, കറുപ്പ് പിരുതി അവരുടെ പേടിസ്വപ്നമായിരുന്നു.
ഈ മഴയിലും തൊഴിലാളികള്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരായി. പറ്റാവുന്നത്രേ കൊളുന്ത് നുള്ളുക, ഒരിക്കലും അതിന് മുടക്കം വരരുത് എന്നു സായിപ്പന്മാര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഫാക്ടറികള്‍ പ്രവര്‍ത്തിക്കണമെന്നത് അവര്‍ക്ക് നിര്‍ബന്ധമാണ്.
നല്ല കാറ്റ് വീശിയ ഒരു രാത്രി. എല്ലാം ആടി ഉലയുന്നു. മേല്‍ക്കൂരകളില്‍ തകരങ്ങള്‍ പൊളിയുന്നതു പോലെ ശബ്ദം. കര്‍ക്കടക രാത്രികളില്‍ ഈ ഒച്ച പതിവാണെങ്കിലും അന്ന് രാത്രി തൊഴിലാളികള്‍ അമ്പരപ്പിലായി. മൂന്നുനാലു ദിവസം തുടര്‍ച്ചയായി കാറ്റും മഴയും. കങ്കാണിമാര്‍ തൊഴിലാളികളെ പണിക്കെത്തിക്കാൻ പാടുപെട്ടു. അടുപ്പ് കത്തിക്കാനോ കുളിര്‍ കായാനോ പറ്റുന്നില്ല. താട്ടുചാക്കുകള്‍ പോലും വിറച്ചു. ചാക്കുകള്‍ക്കുള്ളില്‍ കിടക്കുന്ന ശരീരങ്ങള്‍ അതിലേറെ വിറച്ചു. കൊട്ടാകുടിയില്‍ സുപ്പയ്യ ചെട്ടിയാരുടെ കടയുടെ മേല്‍ക്കൂര കാറ്റു കൊണ്ടുപോയി. ‘ആടിയിലെ അടമഴ അയിപ്പസിയിലെ പെരുമഴ’, ചെട്ടിയാര്‍ പറഞ്ഞു. ഇനി പുല്‍ക്കൂട് കെട്ടിപ്പൊക്കാന്‍ മഴക്കാലം കഴിയണം. കങ്കാണിമാര്‍ക്ക് ഒരു പിടുത്തവുമില്ല. ഇനി പലചരക്ക് സാധനങ്ങള്‍ കിട്ടില്ല എന്നുറപ്പായി.
ഈ മഴയിലും തൊഴിലാളികള്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരായി. പറ്റാവുന്നത്രേ കൊളുന്ത് നുള്ളുക, ഒരിക്കലും അതിന് മുടക്കം വരരുത് എന്നു സായിപ്പന്മാര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഫാക്ടറികള്‍ പ്രവര്‍ത്തിക്കണമെന്നത് അവര്‍ക്ക് നിര്‍ബന്ധമാണ്. മഴക്കാലത്ത് ഫാക്ടറികള്‍ ഒഴികെ ബാക്കിയെല്ലാം പ്രവര്‍ത്തനരഹിതമായി. അടുപ്പുകള്‍ക്ക് എത്തിക്കേണ്ട വിറകുകളെല്ലാം നനഞ്ഞതോടെ ഫാക്ടറിയിലെ ബോയിലറുകളെല്ലാം നിലച്ചു. എങ്കിലും വിറകുകള്‍ സൂക്ഷിച്ചിരുന്ന ഷെഡുകളിലേക്ക് തൊഴിലാളികളെ പറഞ്ഞുവിട്ടു. മഴ തോരുന്ന സമയത്ത് നനയാതെ ആ കട്ടകള്‍ കൊണ്ടുവരണം എന്ന് ക്ലര്‍ക്ക് സായിപ്പ് ഉത്തരവിട്ടു. വലിയ മഴ പെയ്യുമ്പോള്‍ മാത്രം പണി നിര്‍ത്തിയാല്‍ മതി, അതുവരെ പറ്റാവുന്നത്ര കൊളുന്തു നുള്ളി ഫാക്ടറികളിലെത്തിക്കണമെന്ന് ഫ്രാന്‍സിസ് സായിപ്പ് പറഞ്ഞു. മഴ കൂടുതലാണെങ്കില്‍ ട്രെയിനിനകത്തുതന്നെ തേയില സംരക്ഷിക്കാൻ സംവിധാനമുണ്ടാക്കണം. എന്തായാലും, പ്ലാന്റുകള്‍ നിലച്ചുപോകരുത് എന്ന ലക്ഷ്യം മാത്രമാണ് പ്ലാന്റര്‍മാര്‍ക്കുണ്ടായിരുന്നത്. രക്തവും മാംസവുമുള്ള മനുഷ്യരെ കുറിച്ച് അവരാരും ആശങ്കപ്പെട്ടിട്ടില്ല. മഴയത്തും വെയിലത്തും കൊടും മഞ്ഞത്തും പണിയെടുക്കാന്‍ പാകപ്പെടുത്തിയ ഏതോ ഒരുതരം മെഷീനുകളെപ്പോലെയാണ് അവര്‍ തൊഴിലാളികളെ കണ്ടത്. മെഷീനുകളോടുള്ള കൂറു പോലും ഈ പാവം മനുഷ്യരോട് അവര്‍ക്കില്ല.
കൊടും മഴയിൽ, രാവിലെ മുതല്‍ തേയില ചാക്കുകള്‍ ചുമക്കാന്‍ തുടങ്ങിയതാണ് അവര്‍. ആരും ഇതുവരെ നിര്‍ത്തിയിട്ടില്ല. അത്രമാത്രം കൊളുന്തുകളാണ് ഫാക്ടറിയിലേക്കെത്തിച്ചത്. തണ്ടാനും പൊക്കയ്യാവും പേച്ചിയമ്മാളും രാക്കായും പനിച്ചു വിറച്ചു. മണ്ടയ്യന്‍ കങ്കാണി പടിവാതിലില്‍ എത്തി. പനിച്ചു ചാകാന്‍ കിടക്കുന്നവരെ നോക്കി; നാലു ദിവസമായി വേലയ്ക്ക് വന്നിട്ട്, സായിപ്പ് എന്നെയാണ് വഴക്ക് പറയുന്നത്, ചത്തു തുലയുന്നുമില്ല.
കാട്ടുകമ്പിളിക്കുള്ളിൽ ശേഷിക്കുന്ന ആ ജീവനുകള്‍ പിടയുകയല്ലാതെ വേറെ ഒന്നും ചെയ്യുന്നില്ല.
മുത്തമ്മ പറഞ്ഞു, കങ്കാണി അവര്‍ക്ക് നല്ല മലമ്പനിയാണ്.
കങ്കാണി കൈയ്യിലെ കോലു കൊണ്ട് മുത്തമ്മയുടെ തുടയിൽ ഒന്ന് വരച്ചു. രണ്ടു തുടയിലും അടിയേറ്റ മുത്തമ്മ നിലത്തേക്ക് വീഴുന്നതിനുമുമ്പ് അരുമസെല്‍വവും കണ്ണായ്യാവും താങ്ങി. വനരാശു കമ്പു കൊണ്ട് അപ്പോഴേക്കും കങ്കാണിയുടെ തല തല്ലിപ്പൊളിച്ചു. ലയങ്ങളില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ ഒത്തുകൂടി. എന്തു ചെയ്യണമെന്ന് ആര്‍ക്കും ഒരു പിടുത്തവുമില്ല. വാച്ചര്‍ കങ്കാണി എത്തിയിട്ടുമില്ല. തലയില്‍ നിന്ന് രക്തം ഒഴുകുന്നു. പനിച്ചു വിറച്ചവര്‍ മരണത്തോടു മല്ലടിക്കുമ്പോള്‍ നിനക്ക് തലക്കാശാണ് വലുത് എന്നു പറഞ്ഞ് താവീതും ചിന്നരാമനും അയാളുടെ മുഖത്തേക്ക് തുപ്പി. തൊഴിലാളികളെ അന്തോണിച്ചാമി സമാധാനിപ്പിച്ചു.
രാത്രിയായതുകൊണ്ട് പേച്ചിയപ്പന്‍ വാച്ചര്‍ എല്ലാവരോടും കിടന്നുറങ്ങാന്‍ പറഞ്ഞു. വാച്ചറുടെ കയ്യിലുണ്ടായിരുന്ന പാത്രത്തില്‍ നിന്ന് കുറച്ചു വെള്ളമെടുത്ത് പനിച്ചു കിടക്കുന്നവര്‍ക്ക് കൊടുത്തു. ആ വെള്ളത്തെ കൊയിനാത്തണ്ണി എന്നാണ് വിളിച്ചിരുന്നത്. പിന്നീട് പേച്ചിയപ്പന്‍ വാച്ചര്‍കങ്കാണിമാരെ വിളിച്ച് രഹസ്യ യോഗം ചേര്‍ന്നു. ഇപ്പോള്‍ ഒന്നും ചെയ്യേണ്ട, രാവിലെ നോക്കാം എന്നു പറഞ്ഞു.
ചാട്ടകൊണ്ട് തൊഴിലാളികളെ തച്ചു തകര്‍ക്കണമെന്ന് മൊക്കയ്യയും പളനിയാണ്ടിയും പറഞ്ഞു. പേച്ചിയപ്പന്‍ പറഞ്ഞു; ഈ രാത്രി വേണ്ട, കാരണം അവരെല്ലാം ഒന്നിച്ചാല്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല.
എല്ലാവരും അടുപ്പുകള്‍ കത്തിച്ചു. ചിലര്‍ അതിനുചുറ്റുമിരുന്നു. പനിച്ചു കിടക്കുന്നവര്‍ക്ക് ആ ചൂട് നേരിയ ആശ്വാസം നല്‍കി, എങ്കിലും എല്ലാവരും അങ്കലാപ്പിലാണ്. മഴക്കാലം ആരെയൊക്കെ കൊണ്ടുപോകും എന്ന പേടിയിലാണ്. തൊഴിലാളികളുടെ ലയങ്ങളിലാകെ പനി പടര്‍ന്നു. കങ്കാണിമാര്‍ അസ്വസ്ഥരായി. എന്തു ചെയ്യണം എന്നാര്‍ക്കും ഒരുപിടിയുമില്ല. സായിപ്പന്‍മാരാകെ വിറച്ചു.
എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാല്‍ മതി എന്നായി തൊഴിലാളികൾക്ക്. അവര്‍ വീണ്ടും പഴയ തന്ത്രം പയറ്റി. രാത്രി 6.30 ആകുമ്പോള്‍ ഇരുട്ടില്‍ കൊട്ടാകുടി വരെ എങ്ങനെയെങ്കിലും എത്തിപ്പെട്ടാല്‍ അവിടെ നിന്ന് താഴേക്ക് പയ്യെ പയ്യെ പോകാം എന്ന് കുപ്പന്‍ പറഞ്ഞു. അങ്ങനെ കങ്കാണിമാരുടെ കണ്ണു വെട്ടിച്ച് ചിന്നരാമന്‍, കറുപ്പയ്യ എന്നിവരടങ്ങിയ അഞ്ചു പേര്‍ മെല്ലെ നടന്നുനീങ്ങി. പേമാരിയില്‍ നിന്ന് രക്ഷപ്പെടാമെന്ന മട്ടില്‍ കഥകള്‍ പറഞ്ഞുതുടങ്ങി.
അവര്‍ അത്തിമര തൊങ്ങലില്‍ എത്തി. ഇനി 19 ഏക്കര്‍ വഴി ബോഡി റോഡിലെത്തിയാല്‍ അവിടെ നിന്ന് കൊട്ടാകുടി സാമ്പലാറു വഴി മുന്തലിലേക്കു പോകാം. അവിടെ നിന്ന് അടുത്താണ് ബോഡിനായക്കന്നൂര്‍.
മുരുകയ്യ കങ്കാണിയും മുത്തയ്യ കങ്കാണിയും കൂട്ടത്തിലുണ്ട്, ചിന്നപ്പന് അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. 19 ഏക്കറില്‍ വെച്ചാണ് ചിന്നപ്പനും സംഘവും അവരെ കണ്ടുമുട്ടിയത്. ആദ്യം അവരെ കണ്ടപ്പോള്‍ തൊഴിലാളികള്‍ ഓടിയെങ്കിലും മുരുകയ്യ പറഞ്ഞു, ഞങ്ങളും നിങ്ങളോടൊപ്പം രക്ഷപ്പെടാന്‍ തീരുമാനിച്ചിറങ്ങിയതാണ്.
എന്താ പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം, തൊഴിലാളികള്‍ ചോദിച്ചു.
ഈ കൊടും മഴയില്‍ നമ്മള്‍ തീരും എന്നത് ഉറപ്പല്ലേ, മുരുകയ്യ കങ്കാണി പറഞ്ഞ വാക്കുകൾ വിശ്വസിക്കാനാകാതെ അങ്കുചാമി അയാളെ നോക്കിനിന്നു.
നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും കഷ്ടപ്പാടുണ്ട്. നിങ്ങള്‍ പണിക്ക് വന്നില്ലെങ്കില്‍ സായിപ്പന്മാര്‍ ഞങ്ങളുടെ ജീവനാണ് എടുക്കുന്നത്. എത്ര പറഞ്ഞാലും മനസ്സിലാവില്ല. പൊന്നു സാമിയുടെ കുടുംബത്തില്‍ എല്ലാവര്‍ക്കും പനി. അവര്‍ 23 പേരും വിറക്കുകയാണ്. പക്ഷേ ദൊരൈമാര്‍, അവര്‍ ചത്താലും തേയിലക്കാട്ടില്‍ കിടന്നു ചത്തോട്ടെ എന്നാണ് പറയുന്നത്. ഈ ജീവിതം മടുത്തു- കൂട്ടം കങ്കാണിമാര്‍ പറഞ്ഞത് കാതോര്‍ത്തു.
റെയില്‍ വണ്ടി എത്തിയപ്പോള്‍ തൊട്ട് ഇങ്ങനെയാണ്, മഴയായാലും വെയിലായാലും. ജോലിഭാരം കൂടിയതോടെ തൊഴിലാളികള്‍ക്ക് തേയിലക്കാട് മടുത്തു. അതുകൊണ്ടാണ് ഇങ്ങനെ ചിലര്‍ രക്ഷപ്പെട്ട് ഓടാന്‍ തീരുമാനിച്ചത്.
കാട്ടുപാതയിലൂടെ നടക്കുമ്പോള്‍ കാട്ടുപന്നികളെയും മറ്റു മൃഗങ്ങളെയും അവര്‍ പേടിച്ചു. സുരക്ഷക്കായി കമ്പും കല്ലും കരുതിയിരുന്നു. കൂട്ടം ടോപ്പ് സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ സായിപ്പന്മാരുടെ സില്‍ബന്ധികള്‍ അവരെ പിടികൂടി.
(തുടരും)