Photo: aisls.org

കുടിലുകളിൽ മരിച്ചുവീണ സ്​ത്രീകൾ, കുഞ്ഞുങ്ങൾ…

1915-ഓടെ എല്ലാ എസ്റ്റേറ്റുകളിലും ലയങ്ങൾ രൂപപ്പെട്ടു. അതിനുമുമ്പ് കുടിലുകളിൽ താമസിച്ചിരുന്നവർ ലയങ്ങളിലെ ഒറ്റമുറി വീടുകളിൽ താമസിക്കാൻ തുടങ്ങി. വലിയ മാറ്റമൊന്നുമില്ല; ഒരു മുറിയും ഒരു അടുക്കളയും ചേർന്നതാണ് ഒരു വീട്. മൂന്ന് നാല് കുടുംബങ്ങൾ ചേർന്നാണ് ഒരു വീട്ടിൽ താമസം. ഇവർക്കെല്ലാം കൂടി ഒരു അടുപ്പ്​.

മലങ്കാട്​- ഒമ്പത്​

തിനൊന്നരക്ക്​ ഹെൻട്രി സായിപ്പ്Q കുതിരയിൽ വന്നു. 24 ഏക്കർ വളവിൽ സായിപ്പ് വരുമ്പോൾ തന്നെ മാരി സെൽവിയും മുനിയമ്മയും കാതാട്ടിയും രാമത്തായിയും ചൊക്കമ്മയും വീരായിയും കാളിയാത്തവും പെരുമാത്തവും ചങ്ങിലി കറുപ്പനും കാമാച്ചിയും ഗതി കലങ്ങി. സായിപ്പ് തേയിലക്കാട്ടിലേക്കടുക്കുമ്പോൾ എല്ലാവരും പേടിയിൽ വിറച്ചു.

കങ്കാണി അടുത്തേക്ക് ചെന്നു, ‘സലാം ദൊരൈകളെ.’
വർക്ക്​ എപ്പടി പോകുത്​?
അടുത്തു നിന്ന തൊപ്പുലാൻ കങ്കാണിയും സവരിയാർ കങ്കാണിയും മാടപ്പൻ കങ്കാണിയും വീരവേലനും സായിപ്പിന്റെ അടുത്തേക്ക് ചെന്നു. മഴക്കാലം തുടങ്ങുന്നതിനു മുമ്പു തന്നെ കൊളുന്തുകൾ പറിക്കണം. ഒന്നാം ഏക്കർ മുതൽ 19ാം ഏക്കർ വരെ എല്ലാ ചെടിയും നന്നായി കിളിർത്തിട്ടുണ്ട്. മുത്തെല കരട്ടില ഒഴിവാക്കി ബാക്കിയെല്ലാം പറിച്ച്​ 19 ഏക്കർ റോഡിലെത്തിക്കണം അവിടെ നിന്ന്​ റെയിലിൽ കയറ്റിവിടണം.
നാലു നേരമാം ആ വാക്ക് കാട്ടുതീ പോലെ പടർന്നു. നല്ലൻ കങ്കാണി പറഞ്ഞു, നാളെയിരുന്തു നാലു നേരമാ നിരുവ. (നാളെ മുതൽ നാലു നേരവും തൂക്കം).
കരിവണ്ടി വന്നതോടെ കഷ്ടപ്പാട് തീരും ന്ന്​ പാത്ത നമ്മ പൊളപ്പ് നായ്ക കൂട സീന്താതുപോല; സീനിയമ്മയും ചിന്നരായരും പിറുപിറുത്തു.

ഒരു കുടിലിൽ മൂന്നും നാലും കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ചൊറിയും ചിരങ്ങും പതിവായിരുന്നു. മഴക്കാലത്ത്​ അതിതീവ്രമായിരുന്നു പകർച്ചവ്യാധി. സ്വിറ്റ്​സർലാൻഡിൽ നിന്നും യൂറോപ്പിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന മരങ്ങൾ സായിപ്പന്മാർ ഓരോ പ്ലാന്റിലും വച്ചുപിടിപ്പിക്കാൻ തുടങ്ങി. ചവിക്കുമരങ്ങൾ എന്നറിയപ്പെടുന്ന ഒരുതരം മരങ്ങളായിരുന്നു ആദ്യമായി വച്ചുപിടിപ്പിച്ചത്. കുത്തനെ ചെരിവുകളിൽ നിൽക്കുന്ന തേയിലകളെ കൊടും തണുപ്പിൽ നിന്നും വെയിലിൽ നിന്നും സംരക്ഷിക്കാനാണ്​ ആ മരങ്ങൾ വെച്ചുപിടിപ്പിച്ചത്. മലമ്പനിയേയും മറ്റു പകർച്ചവ്യാധികളേയും സായിപ്പൻമാർ പേടിച്ചു. കുടിലുകൾ മാറ്റി ഉറപ്പുള്ള കല്ലുവീടുകൾ പണിയണം എന്ന്​ മൈക്കിൾ സായിപ്പ് ആവശ്യപ്പെട്ടു.

മൺസൂൺ തുടങ്ങിയാൽ ലോകത്തേറ്റവും മഴ ലഭിക്കുന്ന സ്ഥലം ഇതായിരിക്കും, അതുകൊണ്ട് കല്ലു കൊണ്ട് വീടു പണിയുന്നതാണ് യോജിച്ചതെന്ന് ജെയിംസ് സായിപ്പും പറഞ്ഞു. മറ്റുള്ളവർ ആ ആവശ്യം അത്ര പരിഗണിച്ചില്ല. അവർ കച്ചവടം മാത്രം മുന്നിൽ കരുതി.

1915-ഓടെ അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ തുടങ്ങി. നീരാവിയന്ത്രങ്ങളുടെ വരവോടെ വലിയ മെഷീനുകൾ ഹൈറേഞ്ചിലെത്തിച്ചു. ബോയിൽഡ്​ മെഷീനുകളെത്തിച്ചതോടെ ഹീറ്റുപയോഗിച്ച് തേയില ഉണക്കാൻ തുടങ്ങി. ഇലക്ട്രിക് മെഷീനുകൾ അല്ലാതെ ഒരു തരം റോദ അടുപ്പുകൾ കത്തിച്ച് തേയില ഉണക്കിയെടുക്കും. പിന്നീട് റെയിലുകളിൽ കയറ്റി ടോപ്പ് സ്റ്റേഷനിലേക്ക് എത്തിക്കും. അവിടെ നിന്ന്​ റോപ്പിൽ കയറ്റി ബോഡിനായക്കന്നൂരിലേക്കും ട്രെയിനിൽ മധുരയിലേക്കും തൂത്തുക്കുടി തുറമുഖത്തേക്കും എത്തിക്കുമെന്ന് അരുമ നായകം പറഞ്ഞു.

ഗർഭിണികൾ മർദ്ദനമേറ്റ് കാടുകളിൽ വീണിട്ടുണ്ട്. മഴയും വെയിലും ഒരേപോലെ ഏൽക്കുന്ന ശരീരങ്ങളായി മാത്രമാണ് വെള്ളക്കാരും കങ്കാണിമാരും അവരെ കണ്ടിരുന്നത്. മഴക്കാലത്ത്​ കുടിലുകളിൽ പ്രസവിച്ച എത്രയോ കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചു വീണിട്ടുണ്ട്.

കൽക്കരിയിൽ ചലിക്കുന്ന വണ്ടിയെ അന്നു കരിവണ്ടി എന്നാണ് തൊഴിലാളികൾ വിളിച്ചിരുന്നത്. ജനിച്ചതുമുതൽ കാളവണ്ടിയും കുതിരവണ്ടിയും മാത്രം കണ്ടുവളർന്ന ആ കൂട്ടങ്ങൾ കൽക്കരിവണ്ടിയെ അത്ഭുതത്തോടെ നോക്കി കണ്ടു. കരിവണ്ടിയിൽ കറുപ്പ് കോട്ട്​ ധരിച്ചെത്തിയ കങ്കാണിമാരെ നിരുവ കങ്കാണികൾ എന്നവർ വിളിച്ചു. അവരുടെ കൈകളിൽ വാച്ചുണ്ടായിരിക്കും. ഓരോ എസ്റ്റേറ്റിലും നിശ്​ചയിച്ച സമയത്ത്​ വണ്ടിയെത്തും. അതിനുമുമ്പ്​ കൊളുന്തു ചാക്കുകൾ അവിടെ എത്തിയിരിക്കും. അല്ലെങ്കിൽ കൊണ്ടുപോകുന്ന ചരക്കുകൾ ടോപ്പ് സ്റ്റേഷനിലെത്തിക്കാനാകില്ല. ആ വണ്ടി കൊളുന്തുകളെടുത്ത്​ മാട്ടുപ്പെട്ടിയിലെ ഫാക്ടറിയിൽ പ്രോസസ്​ ചെയ്ത്​ പെട്ടികളിലടച്ച്​ ടോപ്പ് സ്റ്റേഷനിലെത്തിക്കും.

തൊഴിലാളികൾ കൊത്തടിമകളായതുകൊണ്ട് മിക്കവാറും നിശ്ചയിച്ച സമയത്തുതന്നെ എല്ലാ പരിപാടികളും കൃത്യമായി നടക്കുമായിരുന്നു. ആ വണ്ടി ചരക്ക് റെയിലായാണ് അന്ന് പ്രവർത്തിച്ചത്​. നേരവും കാലവുമില്ലാതെ അവ ചലിച്ചു. അങ്ങനെ പരമാവധി തേയില താഴേക്ക് കൊണ്ടുപോവുകയും അവിടെനിന്ന്​ ആവശ്യമുള്ള സാധനങ്ങൾ എസ്റ്റേറ്റുകളിലേക്ക് എത്തിക്കുകയും ചെയ്യും. ആ ട്രെയിൻ റോപ്പ് മുഖാന്തരം ചെഞ്ചോളം, കമ്പ്, റാഗി തുടങ്ങിയ ധാന്യങ്ങൾ എസ്റ്റേറ്റുകളിലേക്ക് എത്തിക്കും. ധാന്യങ്ങളും പണ്ടങ്ങളും ടോപ്പ് സ്റ്റേഷനിൽ നിന്ന്​ എസ്റ്റേറ്റിലേക്കെത്തിക്കും. മിക്കവാറും തൊഴിലാളികളായിരിക്കും റോപ്പിൽ വരുന്ന ചാക്കുകൾ ചുമന്ന് കയറ്റുക. പിന്നീട് ആ ട്രെയിനിൽ തന്നെ കേറി ഓരോ സ്ഥലങ്ങളിലും അവർ സാധനങ്ങളിറക്കും. ട്രെയിൻ എത്തുമ്പോൾ തൊഴിലാളികൾക്കാവശ്യമായ പണ്ടങ്ങൾ ലയങ്ങളിലെത്തിക്കുകയായിരുന്നു അവരുടെ ജോലി.

കറുപ്പയ്യനും വണ്ടിയാനും വേതവനും മുത്തരശും കണ്ണപ്പനും കാസിനാഥനും മണിയനും വേതനായകവും വെള്ളചാമിയും കുരുവയ്യയും സുപ്പിരമണിയും കരിവണ്ടി കാത്തു നിൽക്കുകയാണ്. നല്ല കാട്ടുമരം കൊണ്ടുണ്ടാക്കിയ പുൽക്കുടിലുകൾ ചെട്ടുകൾ (ഷെഡ്​ എന്നാണറിയപ്പെട്ടത്. ആ ഷെഡാണ്​ കാത്തിരുപ്പു കേന്ദ്രങ്ങൾ. പലപ്പോഴും അവ തൊട്ടിൽ കെട്ടി കുട്ടികളെ ഉറക്കുന്ന താവളമാകും. പുള്ളക്കുടിസു അല്ലെങ്കിൽ പുള്ളച്ചെട്ട് എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഓരോ നേരം നിരുവ കഴിഞ്ഞതും ഈ ഷെഡുകളിലായിരുന്നു തേയിലകൾ സംരക്ഷിക്കപ്പെട്ടത്. എല്ലാ എസ്റ്റേറ്റുകളിലും കാടുകളിൽ മൂന്നോ നാലോ ഷെഡുണ്ടാവും. ആ പുൽക്കുടിലുകളിലാണ് തേയില വാടാതെ സംരക്ഷിക്കുന്നത്.

തെന്നവനും തൊരരാശും അസഹ്യമായ തണുപ്പിൽ ഷെഡ്ഡിൽ കാത്തിരിക്കുന്നത് കരിവണ്ടി വരാനാണ്​. എല്ലാവരും വൈകീട്ട്​ ആറു മണിയാവുമ്പോൾ വിറകു കൂട്ടി തീ കത്തിക്കും. അപ്പോൾ ആ വണ്ടിയെ കുറിച്ചാണ്​ എല്ലാവരും സംസാരിക്കുക. അവിടെ നിന്നു വരുന്ന ധാന്യങ്ങൾ കൊണ്ടുപോയിട്ട് വേണം കുടിലുകളിൽ കൊടുക്കാൻ. പടിയാൻ കങ്കാണിക്കും മാടപ്പൻ കങ്കാണിക്കുമായിരുന്നു ആ ചുമതല. തൊഴിലാളികൾക്ക് നയാപൈസ പോലും കൊടുക്കാതെ 5 മണിക്ക് പണികഴിയുന്നതിനു മുമ്പു തന്നെ അവരെ വിളിച്ചുകൊണ്ടുവരും കങ്കാണിമ്മാർ.

ആദ്യകാലങ്ങളിൽ എസ്റ്റേറ്റിൽ കുടിയേറിയവർ ഒരേ കുടുംബത്തിൽപെട്ടവരായിരുന്നു. അവർ തമ്മിൽ മാമൻ- മച്ചാൻ എന്നാണ് വിളിച്ചുപോയത്. കങ്കാണിമാരായി ചുമതലയേറ്റവർ ആ ബന്ധങ്ങൾ പലപ്പോഴും മറന്നു. എല്ലാവരും അവർക്ക് തലക്കാ ശുകളാണ്.

വണ്ടിയിൽ ഒരു പാട് ധാന്യങ്ങൾ വരും, അത്​ ചുമന്ന് കാളവണ്ടികളിൽ കയറ്റിവിടണം; കങ്കാണി പറഞ്ഞതുടങ്ങി. കാളവണ്ടികൾ മതിയായില്ലെങ്കിൽ ഓരോരുത്തരും ഒരു ചാക്ക് വീതം ചുമന്ന്​ ഷെഡിൽ വെക്കണം. മാടസാമിയെയും മൊക്കയനെയും ആ ദൗത്യം ഏൽപ്പിച്ചു പടിയാൻ കങ്കാണി. രണ്ടുപേരും നന്നായി പൊതി ചുമക്കുമെന്ന് അയാൾക്കറിയാം.

തലയിൽ കൊളുന്തു ചാക്കുകളും ചുമന്ന്​ നാലര ഏക്കറിൽ കുത്തനെ കയറ്റത്തിൽ ഒരു മണിക്കൂറിലേറെ നടക്കുകയാണ് അവർ. തലയിൽ ഭാരമുള്ളതുകൊണ്ട്​ ആർക്കും ആരോടും മിണ്ടാൻ പറ്റാത്ത അവസ്ഥ. പുതിയ തൊഴിലാളികൾ കിതക്കുന്നുണ്ട്​. അവർ നാലര ഏക്കറിൽ നിന്ന്​ മലഞ്ചരിവിൽ കയറി കപ്പരക്കാട് ചൗക്കബെൽട്ട് കൈമുക്ക് റോഡ് വഴി ആവരങ്കാട്ടു ചോലയിലൂടെ പൂമരം നോക്കി ചലിക്കുന്നു. (ഇന്ന് ആ സ്ഥലം 19-ാം മൈൽ എന്നറിയപ്പെടുന്നു. 2018- ലെ പ്രളയത്തിൽ പൂമരം കടപുഴകി).
പൂമരത്തിൽ നിന്ന്​ നാലു കിലോമീറ്റർ ദൂരത്തിലാണ് ടോപ്പ് സ്റ്റേഷൻ. അതുകൊണ്ട് ചിറ്റിവരയിൽ ജനങ്ങൾക്ക് കാട്ടുപാതയിലൂടെ ടോപ്പ് സ്റ്റേഷനിലേക്കെത്തുക എളുപ്പമാണ്.

അങ്ങനെ മുരിങ്കച്ചെട്ടിൽ ആ കൂട്ടം കൊളുന്തു ചാക്കുകളുമായി കരിവണ്ടി കാത്തു നിന്നു. രണ്ടു മൂന്നു മണിക്കൂറായി തുള്ളി വെള്ളം പോലും കുടിക്കാതെ നാവു വരണ്ട്​ കാത്തുനിൽക്കുകയാണ് അവർ. പീറ്റർ വിൽസൻ, മാർക്ക് ഹെൻട്രിച്ച് സായിപ്പുമാർ അവിടെയിറങ്ങി നാലര ഏക്കറിൽ അങ്ങോളമിങ്ങോളം തേയിലകൾ ശേഖരിച്ച് പൊതിഞ്ഞ് വണ്ടിയിൽ കയറ്റി. ആ ചാക്കുകളെ കൊളുന്തു ചാക്ക് എന്നാണ് വിളിച്ചിരുന്നത്. 300 ചാക്കുണ്ട്​. ഒരു ചാക്കിന് 3 കിലോ വീതം വെട്ടിക്കുറച്ചു. പേപ്പറിൽ കണക്ക്​ കൃത്യമായി എഴുതി വെച്ചു. 20 ചാക്ക് റാഗിയും 20 ചാക്ക് കമ്പവും 20 ചാക്ക് ചെഞ്ചോളവും 40 റാന്തൽ കരുപ്പെട്ടിയും അവരുടെ തലയിൽ തന്നെ കയറ്റിയയച്ചു. നാലു കാളവണ്ടികളിൽ 40 ചാക്കുകളും കരുപ്പെട്ടിയും കയറ്റി. ബാക്കി ചാക്കുകൾ തലയിൽ പൊക്കി കൂട്ടം നടന്നുനീങ്ങി. ചിട്ടിവരയിലെത്തുമ്പോൾ ഒമ്പതു മണിയായി. പടിയാൻ കങ്കാണിയും മാടപ്പൻ കങ്കാണിയും വിളക്കുകൾ വെച്ചു കാത്തിരുന്നു. രണ്ട് കങ്കാണിമാരുടെ വീട്ടിലും ചാക്കുകൾ നിറഞ്ഞു.

പ്രസവിച്ച്​, 28 ദിവസം തികച്ചും വിശ്രമിക്കാൻ അനുവാദമില്ല. പ്രസവിച്ചവർക്ക് പകരം തങ്ങൾ പണിയെടുക്കാമെന്ന്​ വീട്ടുകാർ പറയും. അങ്ങനെ, ആ കുടുംബങ്ങൾക്ക്​ രണ്ടുമൂന്നു മാസം വരെ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പിന്നീട് കങ്കാണിമാർ വിളിക്കുന്ന ഏതു സമയത്തും പണിയെടുക്കേണ്ടിവരും.

രാവിലെ ആറ് മണിക്കുതന്നെ ഉണരുന്ന രാക്കമ്മ എന്നും പറയും, നാട്ടിൽ പട്ടിണി കിടന്നാലും നല്ല ജീവിതമായിരുന്നു, പക്ഷേ ഇവിടെ ദയനീയമാണ്. രാവിലെ ആറുമണിക്ക് ഉണരണം. കാട്ടിലേക്ക് ചെല്ലണം. അടുപ്പ് കത്തിക്കുന്നതിനു മുമ്പുതന്നെ എല്ലാവരും എഴുന്നേൽക്കണം- ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആൾക്കാർ വരെ. താട്ടും കാട്ടു കമ്പിളിയുമായിരുന്നു അവരുടെ ആകെ സമ്പത്ത്. തേയിലക്കാട്ടിലെ കുടിലുകളിൽ പരമാവധി ജീവനുകളെ കുത്തിക്കയറ്റി സായിപ്പൻമർ. മൂന്നും നാലും കുടുംബങ്ങളായിരുന്നു ഒറ്റ മുറി ലയങ്ങളിൽ തമസിച്ചിരുന്നത്. ഓരോ മഴക്കാലത്തും അവർ പറയും, ഈ മഴക്കാലത്ത്​ ചത്തു തുലഞ്ഞാൽ നന്നായേനേ. മലങ്കാട്ടിൽ ആറു മാസവും മഴയാണ്. അതേ താട്ടും അതേ കാട്ടു കമ്പിളിയും ... മഴക്കാലം തൊഴിലാളികൾക്ക് ​ശരിക്കും വെല്ലുവിളി നിറഞ്ഞ കാലമാണ്.

അടമഴ തുടങ്ങി, എന്തു ചെയ്യണം എന്ന് അവർക്ക് ഒരു പിടിത്തവുമില്ല. മഴക്കാലം മലങ്കാട്ടുകാരന് എപ്പോഴും കഷ്ടകാലമാണ്. ചെള്ളിയമ്മ നനഞ്ഞ് തുവഞ്ഞ് മുറിയിലെത്തി. ഉടുതുണിക്ക് മറുതുണിയില്ല. അവൾ നനഞ്ഞ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയിട്ടില്ല, കാരണം ഉടുക്കാൻ വേറെ തുണിയില്ല. ആദ്യം താട്ടും പിന്നെ കാട്ടു കമ്പിളിയും പിഴിഞ്ഞ്​ അടുപ്പിന്റെ നേരേ കെട്ടിയിട്ടുള്ള അയയിലിട്ടു. എല്ലാ തൊഴിലാളികളും അങ്ങനെയാണ് ചെയ്യുക. അത് ഉണങ്ങിയാലേ വിരിച്ച് കിടക്കാൻ പറ്റൂ. പുതക്കാനും അതു തന്നെയാണ്. കാട്ടുകമ്പിളിയായിരുന്നു അവർക്ക്​ എല്ലാം. ഓരോ തൊഴിലാളിയുടെയും അടയാള ചിഹ്നമാണ് കാട്ടുകമ്പിളി.

കങ്കാണിമാർ തൊഴിലാളികളെ ഇടയ്ക്കിടെ കുത്തും. മായവന്റെ ഭാര്യ കണ്ണിയമ്മ പ്രസവിച്ചപ്പോൾ കറുപ്പൻ കങ്കാണി കാണിച്ചത് നാലര ഏക്കറിലുള്ളവർക്ക്​ മറക്കാനാകില്ല.

വാൽപ്പാറ, നീലഗിരി, മൂന്നാർ, അസാം എന്നിവിടങ്ങളിൽ തൊഴിലാളികളുടെ ജീവിതപ്പുതപ്പായിരുന്നു ഈ കാട്ടു കമ്പിളികൾ. മഴക്കാലത്ത്​ ഇടുപ്പിൽ കെട്ടിയ കമ്പിളികൾ നനയുമ്പോൾ അതിന്റെ ഭാരവും നനഞ്ഞ ചാക്കുകളുടെ ഭാരവും നുള്ളിയ കൊളുന്തുകളുടെ ഭാരവും ഒരുമിച്ചു ചുമക്കേണ്ടി വരും. അവർക്ക് എല്ലാ മഴക്കാലങ്ങളും ഇങ്ങനെയാണ്.

1915-ഓടെ എല്ലാ എസ്റ്റേറ്റുകളിലും ലയങ്ങൾ രൂപപ്പെട്ടു. അതിനുമുമ്പ് കുടിലുകളിൽ താമസിച്ചിരുന്നവർ ലയങ്ങളിലെ ഒറ്റമുറി വീടുകളിൽ താമസിക്കാൻ തുടങ്ങി. വലിയ മാറ്റമൊന്നുമില്ല; ഒരു മുറിയും ഒരു അടുക്കളയും ചേർന്നതാണ് ഒരു വീട്. മൂന്ന് നാല് കുടുംബങ്ങൾ ചേർന്നാണ് ഒരു വീട്ടിൽ താമസം. ഇവർക്കെല്ലാം കൂടി ഒരു അടുപ്പ്​. വരാന്തയിൽ ഒരു കുടുംബം, പെരിയ വീട്ടിൽ രണ്ട് കുടുംബം, കിച്ചനിൽ ഒരു കുടുംബം. അംഗസംഖ്യ കൂടിയ കുടുംബങ്ങൾക്കായിരിക്കും കിച്ചൻ വീട് കിട്ടുക. ഒരു കുടുംബം ചോള കഞ്ചി കാച്ചി കഴിഞ്ഞുവേണം അടുത്ത മൂന്ന് കുടുംബങ്ങൾക്കും അതേ അടുപ്പിൽ പാചകം ചെയ്യാൻ. ഒരേ അടുപ്പിൽ അവർ കുളിർ കായും, കമ്പിളി ഉണക്കാനിടും, പാചകം ചെയ്യും.

മാണിക്യം വീടിന്റെ മുൻവശത്ത്​ അടുപ്പുകൂട്ടി തീ കത്തിക്കും. സവരിയാരും അന്തോണിച്ചാമിയും നനഞ്ഞ ശരീരങ്ങളുമായി ചുറ്റിലുമിരിക്കും. വേലുത്തായി കഞ്ചി പാത്രം അടുപ്പിൽ വെക്കും. അടുപ്പിൽ ഒരു ഭാഗത്ത് എപ്പോഴും തിളച്ചു കൊണ്ടിരിക്കുന്ന കട്ടൻ ചായ. ലയങ്ങൾ തൊഴിലാളികളുടെ ദുരന്തജീവിതത്തിന്റെ ഇരിപ്പിടമാണ്. പ്രസവിച്ച സ്ത്രീകളുടെ കാര്യം ദയനീയമായിരുന്നു. പ്രസവസമയത്ത് അവർക്ക് ഇളവില്ല. സ്വന്തക്കാരായതു കൊണ്ട് 25 പേരും ചേർന്ന് ഒരു കുടുംബത്തിൽ പ്രസവിച്ച സ്​ത്രീക്ക്​ പകരം അധികം പണിയെടുക്കേണ്ടി വരും, അതായിരുന്നു ആദ്യകാല സമ്പ്രദായം.

എല്ലമ്മ പ്രസവിച്ചു. കറുപ്പായി കെളവിയാണ് നാട്ടിലെ വൈദ്യച്ചി. പുലർച്ചക്കായിരുന്നു പ്രസവം. പച്ചയമ്മയും മൊക്കയ്യയും നേരം പുലരാൻ കാത്തിരുന്നു. അവർ പടിയാൻ കങ്കാണിയെ പോയി കണ്ടു. അയാൾ ചോദിച്ചു, എന്നാ പണിക്കു വരുന്നത്? എളുപ്പം ആവട്ടെ…
ബോഡിനായക്കന്നൂർ ചന്തയിലായിരുന്നു പ്രസവിച്ചവർക്കുള്ള നാടൻ മരുന്നു സാധനങ്ങൾ കിട്ടുക. പച്ചയമ്മ മുൻകൂട്ടി അതെല്ലാം കരുതിവച്ചു. അലമേലു പ്രസവിച്ചപ്പോൾ കതിരവൻ ചന്തക്ക് പോയിരുന്നു, അപ്പോഴേ സാധനങ്ങൾ മേടിക്കാൻ പച്ചയമ്മ അയാളുടെ കൈയിൽ കാശു കൊടുത്തിരുന്നു. അതുകൊണ്ട് നാടൻ മരുന്ന് വാങ്ങുന്ന കഷ്ടപ്പാട് ഒഴിവായി.

കങ്കാണിമാർ തൊഴിലാളികളെ ഇടയ്ക്കിടെ കുത്തും. മായവന്റെ ഭാര്യ കണ്ണിയമ്മ പ്രസവിച്ചപ്പോൾ കറുപ്പൻ കങ്കാണി കാണിച്ചത് നാലര ഏക്കറിലുള്ളവർക്ക്​ മറക്കാനാകില്ല. നല്ല മഴക്കാലത്താണ്​ കണ്ണിയമ്മ പ്രസവിച്ചത്. മലങ്കാട്ടിലെ പ്രസവങ്ങൾ നോക്കുന്നത് കറുപ്പായി കെളവിയുടെ വീട്ടിലായിരുന്നു. കണ്ണിയമ്മ പ്രസവിച്ചത്​ കാടുകര മൊത്തം വാർത്തയായിരുന്നു. മായവൻ കങ്കാണിയുടെ വീട്ടിൽ ചെന്ന്​ കാര്യം പറഞ്ഞു. ഇന്നേക്ക് ഒരു ദിവസം നോക്കേണ്ട, കാര്യങ്ങൾ നോക്കിയിട്ട് നാളെ വരാം എന്നു പറഞ്ഞതേ ഓർമ്മയുള്ളൂ, കങ്കാണി വടിയെടുത്തു ഒറ്റ തല്ല്; ‘കൊളുന്തെടുക്കാനും കളപറിക്കാനും കിടക്കുമ്പോൾ പൊണ്ടാട്ടി പുള്ളകുട സൊകമാ?’ ലൈൻസിലെ ജനങ്ങൾ നോക്കി നിന്നു. കറുപ്പായി കെളവിയെ കാര്യങ്ങളേൽപ്പിച്ച്​ മായവൻ കാട്ടിൽ കയറി.

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് തൊഴിലാളികളുടെ അവസ്ഥ തികച്ചും മോശമായിരുന്നു. ഒരു വികാരം പോലും പ്രകടിപ്പിക്കാൻ അവർക്ക് അവകാശമില്ലായിരുന്നു. ഗർഭിണികൾ മർദ്ദനമേറ്റ് കാടുകളിൽ വീണിട്ടുണ്ട്. സീനിയമ്മയും മുരുകായും കരുവാച്ചിയും നെല്ലിയമ്മയും ഗർഭിണികളായിരിക്കെ കങ്കാണിമാർ അവരെ മർദ്ദിച്ചിട്ടുണ്ട്. സമാധാനമായി അവർക്ക്​ ഉറങ്ങാനാകില്ല, ഭക്ഷണം കഴിക്കാനാകില്ല. മഴയും വെയിലും ഒരേപോലെ ഏൽക്കുന്ന ശരീരങ്ങളായി മാത്രമാണ് വെള്ളക്കാരും കങ്കാണിമാരും അവരെ കണ്ടിരുന്നത്. മഴക്കാലത്ത്​ കുടിലുകളിൽ പ്രസവിച്ച എത്രയോ കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചു വീണിട്ടുണ്ട്. മിക്കപ്പോഴും കുഞ്ഞുങ്ങളായിരിക്കും മരിക്കുക. പ്രസവിച്ച്​, ഒട്ടും താമസിക്കാതെ ജോലിക്കെത്തണം എന്നായിരുന്നു നിയമം. 28 ദിവസം തികച്ചും വിശ്രമിക്കാൻ അനുവാദമില്ല. പ്രസവിച്ചവർക്ക് പകരം തങ്ങൾ പണിയെടുക്കാമെന്ന്​ വീട്ടുകാർ പറയും. അങ്ങനെ, ആ കുടുംബങ്ങൾക്ക്​ രണ്ടുമൂന്നു മാസം വരെ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പിന്നീട് കങ്കാണിമാർ വിളിക്കുന്ന ഏതു സമയത്തും പണിയെടുക്കേണ്ടിവരും. മുനിയപ്പനും കണ്ണിയമ്മയും മുരുഗായിയും ജനിച്ചപ്പോൾ ഇതായിരുന്നു അവസ്ഥ. എങ്ങനെയൊക്കെയോ പ്രസവിച്ചു, എങ്ങനെയൊക്കെയോ കുഞ്ഞുങ്ങളെ രക്ഷിച്ചു. അവരെ എങ്ങനെ നോക്കി എന്നത് ഇന്നും ചോദ്യചിഹ്നമാണ്. പുൽക്കൂടുകളിൽ തൊട്ടിൽ കെട്ടിയിടും, ഒന്നുകിൽ രക്ഷപ്പെടും, അല്ലെങ്കിൽ…

മായവന്റെ ശരീരത്തിൽ വീണ അടി അത്തിമര തൊങ്കൽ ലയങ്ങളിലെ തൊഴിലാളികളുടെ ഹൃദയത്തിലാണ് ഏറ്റത്. ഹൃദയം തകർന്നു പോയി.

പ്രസവിച്ച സ്ത്രീകളെ, കുഞ്ഞുങ്ങൾക്ക്​ പാൽ കൊടുക്കാൻ പോലും കങ്കാണിമാർ സമ്മതിക്കില്ല. എങ്ങനെയോ കെഞ്ചി കൂത്താടി കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കും. മൂന്നുമാസം വരെ സ്ത്രീകൾ തേയിലക്കാട്ടിൽ ഇങ്ങനെ കഷ്ടപ്പെടും. നല്ലമ്മയും എല്ലമ്മയും അരുക്കാനിയും ചെങ്കമ്പലവും തായ്യമ്മയും ആ ദുഃഖകാലങ്ങൾ ഓർത്തെടുത്തപ്പോൾ കണ്ണു നിറഞ്ഞു. ആ അവസ്ഥ ഇന്നും തുടരുന്നു.

മായവന്റെ ശരീരത്തിൽ വീണ അടി അത്തിമര തൊങ്കൽ ലയങ്ങളിലെ തൊഴിലാളികളുടെ ഹൃദയത്തിലാണ് ഏറ്റത്. ഹൃദയം തകർന്നു പോയി. വേദന പറയാൻ ചിന്നയ്യവും ഗണപതിയും വിരുതാചലവും മുരുകാണ്ടിയും സായിപ്പിനെ കണ്ട്​ സംസാരിക്കണം എന്നു തീരുമാനിച്ചിറങ്ങി. എങ്കിലും ബൂട്ട്സ് ശബ്ദവും കുതിരയുടെ വരവും കണ്ടപ്പോൾ അടിമക്കൂട്ടം ഒന്ന് പേടിച്ചുവിറച്ചു. എന്തെങ്കിലും ചോദിച്ചാൽ, കയ്യിലുള്ള ചാട്ട കൊണ്ട്​ അടിക്കുമെന്നുറപ്പാണ്. മോർഗൻ സായിപ്പ് ചിന്നയ്യയുടെ മുഖം കണ്ടിട്ട് ചോദിച്ചു, ‘എന്ന മേൻ?’ ‘ഒന്നുമില്ല, ദൊരൈകളെ.’
ഓരോ ആൾക്കാർക്കും എന്തോ പറയാനുണ്ടെന്ന് അയാൾ ഊഹിച്ചു.
ആരും ഒന്നും മിണ്ടിയില്ല, കൂട്ടം ഒരേ പോലെ ശബ്ദിച്ചു; ‘സലാം ദൊരൈകളെ.’
(തുടരും)

Comments