ഹസൻ റാവുത്തറുടെയും പാപ്പമ്മാളുടെയും രക്തസാക്ഷി മണ്ഡപത്തിനു സമീപം തോട്ടം തൊഴിലാളികൾ / Photo: DoolNews

മൂന്നാറിൽ അരങ്ങേറിയ ​
‘ഒക്ടോബർ വിപ്ലവം’

അരനൂറ്റാണ്ടുമുമ്പ്, 1958 ഒക്ടോബറിൽ, കൂലി വർധനവിന് എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ് എന്നിവയുടെ നേതൃത്വത്തിൽ അവകാശസമരം നടത്താൻ തീരുമാനിച്ചത് ഒരു പ്രധാന കാൽവെപ്പായിരുന്നു. മൂന്നാറിന്റെ ചരിത്രത്തിലെ ആദ്യ പണിമുടക്കു സമരമായിരുന്നു ഇതെന്ന് തൊഴിലാളികൾ പറയുന്നു.

മലങ്കാട്- 35

1957- ലാണ് മൂന്നാറിൽ എ.ഐ.ടി.യു.സി യൂണിയൻ രൂപീകരിച്ചത്. തമിഴ്നാട്ടിലെ ശക്തനായ കമ്യൂണിസ്റ്റുകാരനായിരുന്ന രാമമൂർത്തിയുടെ ഇടപെടലാണ്, മൂന്നാറിൽ ഇങ്ങനെയൊരു സംഘടന സാധ്യമാക്കിയത്. 1955- കളിൽ സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന രാമമൂർത്തിയും ശങ്കരയ്യയും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. തമിഴിലെ കമ്യൂണിസ്റ്റ് കവി ജീവാനന്ദം, ടി. കെ. തങ്കമണി, പാർവതി, കൃഷ്ണൻ തുടങ്ങിയവരും സി. കെ. ഗോവിന്ദൻ, ശേഖർ തുടങ്ങിയവരുമാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഈ യൂണിയൻ 1967- ൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ എന്ന പേരിലാണ് അറിയപ്പെട്ടത്. സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ (എസ്.ഐ.പി.ഡബ്ല്യു യൂണിയൻ) തൊഴിലാളി വിരുദ്ധ നിലപാടുകളെ ആ കേഡർ സംഘം ചോദ്യം ചെയ്തു. തെന്മലയിൽ ബാലയ്യയും വെള്ളച്ചാമിയും പെരുമാളും തൊഴിലാളികൾക്കിടയിൽ അതിശക്തമായി പ്രവർത്തിച്ച തൊഴിലാളി കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന നേതാക്കളാണ്.

ഹൈറേഞ്ചിൽ ചെങ്കൊടി ഉയർത്തിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട എത്രയെത്ര തൊഴിലാളി നേതാക്കളിൽ നിന്നാണ് മൂന്നാറിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ടുവന്നത്.

1972 വരെ കോട്ടയം ജില്ലയുടെ ഭാഗമായാണ് മൂന്നാർ പ്രവർത്തിച്ചിരുന്നത്. 1957-ൽ മൂന്നാർ കേരളത്തിലെ മറ്റു സ്ഥലങ്ങളെക്കാൾ വികസിത ഭൂമിയായി മാറി. തേയിലക്കാടുകളിൽ രാഷ്ട്രീയത്തീ പാറി. എ​.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി യൂണിയനുകൾ തമ്മിൽ കടുത്ത മത്സരം നടന്നു. തൊഴിലാളികളെ കമ്പനിക്ക് ഒറ്റുകൊടുക്കുന്നവരാണ് കങ്കാണിമാരുടെ അസോഷിയൻ എന്ന ആരോപണമുയർന്നു. മുതലാളിത്തത്തോട് ​ഐ.എൻ.ടി.യു.സി സമരസപ്പെടുന്നുവെന്ന് എ.ഐ.ടി.യു.സി നേതാക്കൾ ആരോപിച്ചു. ആരോപണങ്ങൾ ഒരു പരിധിവരെ ശരിയായിരുന്നു എന്ന് ആദ്യകാല രാഷ്ട്രീയ പ്രവർത്തകർ പറയുന്നു. ആദ്യം തൊഴിലാളികളുടെ പക്ഷത്തുനിന്ന് നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഐ.എൻ.ടി.യു.സി പിന്നീട് കമ്പനിക്കാരൊടൊപ്പം ചേർന്നു എന്നാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പറയുന്നത്. കുപ്പുസാമി, മുത്തുസാമി തുടങ്ങിയവർ തൊഴിലാളി പ്രശ്നങ്ങളെ വേണ്ടത്ര അഡ്രസ് ചെയ്യുന്നില്ല എന്ന ആരോപണമുയർന്നു. ആദ്യകാല പ്രവർത്തകരായിരുന്നു വെള്ളച്ചാമി, സുബ്ബയ്യ, ബാലയ്യ, പെരുമാൾ തുടങ്ങിയ തൊഴിലാളി നേതാക്കളുമായി ചെറുപ്പം മുതലേ ബന്ധമുണ്ടായിരുന്ന മൂന്നാർ മണി ഈ കാര്യങ്ങൾ ഓർത്തെടുക്കുന്നുണ്ട്.

പി. രാമമൂർത്തി, എൻ. ശങ്കരയ്യ

ഹൈറേഞ്ചിൽ ചെങ്കൊടി ഉയർത്തിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട എത്രയെത്ര തൊഴിലാളി നേതാക്കളിൽ നിന്നാണ് മൂന്നാറിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ടുവന്നത്. സ്റ്റാലിനും സി.എ. കുര്യനും മൂന്നാറിലെത്തിയതോടെ പാർട്ടി തൊഴിലാളികളുടെ ജീവിതം ഗൗരവത്തോടെ മനസ്സിലാക്കുകയും ഭാവി പദ്ധതികൾ രൂപീകരിക്കുകയും ചെയ്തു. അങ്ങനെയാണ് 1956-നുശേഷം മൂന്നാറിന്റെ മുഖച്ഛായ മാറി തുടങ്ങിയത്. പ്ലാന്റേഷൻ ലേബർ കമീഷൻ വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് റോസമ്മ പുന്നൂസാണ്. കേരളത്തിലെ പ്ലാന്റേഷൻ തൊഴിലാളികൾക്ക് ആ വാർത്ത നേരിയ ആശ്വാസം പകർന്നു.

അന്ന് കേരളം ഭരിച്ചിരുന്നത് ഇടതുപക്ഷ സർക്കാറായിരുന്നുവെങ്കിലും മലയോര മേഖലകളിൽ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ശക്തമായി തുടർന്നു.

അരനൂറ്റാണ്ടുമുമ്പ്, 1958 ഒക്ടോബറിൽ, കൂലി വർധനവിന് എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ് എന്നിവയുടെ നേതൃത്വത്തിൽ അവകാശസമരം നടത്താൻ തീരുമാനിച്ചത് ഒരു പ്രധാന കാൽവെപ്പായിരുന്നു. മൂന്നാറിന്റെ ചരിത്രത്തിലെ ആദ്യ പണിമുടക്കു സമരമായിരുന്നു ഇതെന്ന് തൊഴിലാളികൾ പറയുന്നു. മുമ്പുണ്ടാകാത്ത വിധത്തിൽ തൊഴിലാളി ഐക്യം പടുത്തുയർത്താൻ ആ സമരത്തിലുടെ കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് പത്തുവർഷത്തിനു​ശേഷം നടന്ന ഈ സമരം ബ്രിട്ടീഷുകാർക്കെതിരായി കൂടിയായിരുന്നു. ഓരോ എസ്റ്റേറ്റിലും ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തകരെ പറഞ്ഞയക്കുകയും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ തയ്യാറാവുന്ന തൊഴിലാളികളെ കണ്ട് സംസാരിക്കുകയും ചെയ്തു. ശമ്പള വർദ്ധനയുടെ ആവശ്യകത അവരെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ മൂന്നാർ മലനിരകളിൽ ആ ഒക്ടോബറിൽ ഒരു വിപ്ലവം തന്നെ അരങ്ങേറി.

അന്ന് കേരളം ഭരിച്ചിരുന്നത് ഇടതുപക്ഷ സർക്കാറായിരുന്നുവെങ്കിലും മലയോര മേഖലകളിൽ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ശക്തമായി തുടർന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് മൂന്നാറിലെത്തി തൊഴിലാളി സമരത്തിന് പിന്തുണ നൽകി.

കവി ജീവാനന്ദം, ടി. കെ. തങ്കമണി

എന്നാൽ, സമരത്തിന് കുറച്ചു ദിവസങ്ങൾക്കുമുമ്പ് കോൺഗ്രസ് പിന്മാറി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എസ്. ഐ.പി.ഡബ്ല്യു. യൂണിയൻ സമരത്തിൽ നിന്ന് പൂർണമായി വിട്ടുനിന്നു. കമ്പനി ജനറൽ മാനേജറായിരുന്ന ഷൂട്ടർ സായിപ്പുമായി അന്നത്തെ കോൺഗ്രസ് നേതൃത്വമുണ്ടാക്കിയ ‘ധാരണ’യെതുടർന്നായിരുന്നു പിന്മാറ്റം. ചരിത്രത്തിലെ വലിയൊരു തൊഴിലാളി വഞ്ചന കൂടിയായിരുന്നു അത്. അങ്ങനെ, തൊഴിലാളികൾക്കിടയിൽ കോൺഗ്രസിന് സ്വാധീനം നഷ്ടമാകാൻ തുടങ്ങി. അങ്ങനെ, കുറെ തൊഴിലാളികൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള യൂണിയനിൽ ചേർന്ന് അതിശക്തമായ സമരം സംഘടിപ്പിച്ചു.
ചിറ്റിവാര, എലപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിൽ പെരുമാൾ തലൈവറുടെ നേതൃത്വത്തിലായിരുന്നു സമരം. പക്ഷേ, സമരത്തിന്റെ ലക്ഷ്യം എല്ലാ തൊഴിലാളികൾക്കിടയിലും എത്തിക്കാനായില്ല എന്നാണ് വല്യച്ഛൻ പറഞ്ഞത്. എങ്കിലും തൊഴിലാളികൾ മനസ്സില്ലാ മനസ്സോടെ ആ സമരത്തെ അംഗീകരിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ തൊഴിലാളികൾ ആ സമരത്തെ ഏറ്റെടുത്തെങ്കിലും കോൺഗ്രസുകാർ പരമാവധി തൊഴിലാളികളെ ജോലിക്കെത്തിച്ചു. സമരം 20 ദിവസത്തിലേറെ നീണ്ടു. ഈ ദിവസങ്ങളിൽ കോൺഗ്രസുകാർ കമ്പനിക്ക് ആവശ്യമായ ഒത്താശ നൽകി ഒപ്പം നിന്നു.

ചിറ്റിവര മുതൽ തലയാർ വരെ ഈ സമരം തൊഴിലാളികൾ ഭാഗികമായി ഏറ്റെടുത്തു. കോൺഗ്രസുകാർ ഈ സമരത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചു. അവർ ജോലിക്ക് പോകുകയും തൊഴിലാളികളെ ജോലിക്ക് എത്തിക്കുകയും ചെയ്തു. തൊഴിലാളികൾ എടുക്കുന്ന കൊളുന്തുകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള തൊഴിലാളികൾ എടുത്തുകളയുകയും കമ്പനിയോട് നിരന്തരം കലഹിക്കുകയും ചെയ്തു. മൂന്നാർ എം.എൽ.എയായിരുന്ന റോസമ്മ പുന്നൂസ് ഈ സമരം ഏറ്റെടുത്തു. 20 ദിവസം അവർ മൂന്നാർ ടൗണിൽ നിരാഹാര സമരം നയിച്ചു.

റോസമ്മ പുന്നൂസ്

തൊഴിലാളികൾക്ക് ശമ്പളം കൂട്ടാതെയും ബോണസ് നൽകാതെയും പിന്മാറില്ല എന്ന് പാർട്ടി പ്രഖ്യാപിച്ചു. ഗൂഢാര എസ്റ്റേറ്റിലാണ് അതിശക്തമായ സമരം തുടങ്ങുന്നത്. ഹസൻ റാവുത്തരും പാപ്പമ്മയും മറ്റു തൊഴിലാളികളും നിരന്തരമായി വേട്ടയാടപ്പെട്ടു. അന്നത്തെ കോട്ടയം പോലീസ് മേധാവിയായിരുന്ന മരിയാർ ഭൂതമാണ് സമരം അടിച്ചമർത്താൻ നേതൃത്വം നൽകിയത്. സംസ്ഥാന ഭരണം കമ്യൂണിസ്റ്റ് പാർട്ടിയുടേതായിരുന്നെങ്കിലും അന്നത്തെ കോട്ടയം ജില്ല പോലീസ് മുതലാളിമാർക്കൊപ്പമായിരുന്നു, സായിപ്പന്മാരോടായിരുന്നു അവരുടെ കൂറ്. സമരം സായിപ്പന്മാരെ ഭയപ്പെടുത്തി. കച്ചവടത്തിൽ വൻതോതിൽ നഷ്ടമുണ്ടാകുമെന്ന് അവർ മനസ്സിലാക്കി.

പാപ്പമ്മയുടെ നേരേ മരിയാർ ഭൂതത്തിന്റെ പൊലീസ് വെടിവെച്ചു. അടുത്ത സെക്കൻഡിൽ ഹസ്സൻ റാവുത്തരേയും വെടിവെച്ചുവീഴ്ത്തി. അങ്ങനെ മൂന്നാറിന്റെ ചരിത്രത്തിലാദ്യമായി 1958 ഒക്ടോബർ 20ന് രണ്ടു തൊഴിലാളികൾ രക്തസാക്ഷികളായി.

ഒടുവിൽ, ഒക്ടോബർ 20ന് മരിയാർ ഭൂതത്തിന്റെ നേതൃത്വത്തിൽ പോലീസുകാർ ഗൂഢാരവളൈ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ വളഞ്ഞു. സമരം ചെയ്ത തൊഴിലാളികളെ കോൺഗ്രസ് അനുകൂലികൾ പോലീസിന് ഒറ്റുകൊടുത്തു. അങ്ങനെ, ആ തൊഴിലാളികളെ വേട്ടയാടാൻ പോലീസ് സംഘം അവിടെയെത്തി. പോലീസിനെ കണ്ട് തൊഴിലാളി നേതാക്കൾ പിന്തിരിഞ്ഞില്ല, എന്തുവന്നാലും ഉറച്ചുനിൽക്കാനും അവകാശങ്ങൾക്കായി പോരാടാനും തൊഴിലാളികളോട് അവർ ആവശ്യപ്പെട്ടു.

പോലീസ് സംഘം ഹസൻ റാവുത്തരേയും മറ്റു തൊഴിലാളി നേതാക്കളെയുമാണ് ലക്ഷ്യം വച്ചത്. പോലീസ് നായാട്ട് ലയങ്ങളിൽ നിന്ന് കാടുകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു. പാപ്പമ്മയുടെ നേരേ മരിയാർ ഭൂതത്തിന്റെ പൊലീസ് വെടിവെച്ചു. അടുത്ത സെക്കൻഡിൽ ഹസ്സൻ റാവുത്തരേയും വെടിവെച്ചുവീഴ്ത്തി. മറ്റു തൊഴിലാളി സഖാക്കൾക്കുനേരെയും പൊലീസ് തിരിഞ്ഞു. എങ്കിലും സമരത്തിൽ നിന്ന് അവർ പിന്മാറിയില്ല. പകരം, ആക്രമണത്തിനെതിരായി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. അങ്ങനെ മൂന്നാറിന്റെ ചരിത്രത്തിലാദ്യമായി 1958 ഒക്ടോബർ 20ന് രണ്ടു തൊഴിലാളികൾ രക്തസാക്ഷികളായി. ഇരുവരും ഗൂഡാരവളെ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. തമിഴ്നാട്ടിലെ മധുരയിൽനിന്നെത്തിയ അവർ ഒരു വലിയ ലക്ഷ്യത്തിനായി മരണം വരിച്ചു.

ഹസൻ റാവുത്തറുടെയും പാപ്പമ്മാളുടെയും രക്തസാക്ഷി മണ്ഡപം / Photo: DoolNews

തലയാർ മുതൽ ചിറ്റിവാര എസ്റ്റേറ്റ് വരെ അതിശക്തമായ പ്രക്ഷോഭമാണ് നടന്നതെന്ന് വല്യച്ഛനും തലയാർ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ഗാന്ധിയും പറയും. ഹൈറേഞ്ചിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അതിശക്തമായ സമരങ്ങളിൽ ഒന്നായി ആ സമരം. പക്ഷേ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ രണ്ടു തൊഴിലാളികളുടെ രക്തസാക്ഷിത്വം വലിയ ചലനമുണ്ടാക്കിയില്ല എന്നാണ് ആദ്യകാല തൊഴിലാളികൾ പറയുന്നത്. പൊലീസ് വെടിവെപ്പിന്റെ വിവരം കാട്ടുതീയായി പടർന്നെങ്കിലും, എന്തിനുവേണ്ടിയായിരുന്നു അവരെ വെടിവെച്ചുകൊന്നത് എന്ന് മറ്റ് എസ്റ്റേറ്റുകളി​ലെ തൊഴിലാളികൾക്ക് തിരിച്ചറിയാൻ ഒരുപാട് ദിവസങ്ങളെടുത്തു. മൂന്നാർ എന്ന അടിമഭൂമിയെ അവകാശ ഭൂമിയായി മാറ്റിത്തീർത്തതിൽ ​എ.ഐ.ടി.യു.സിക്ക് വലിയ പങ്കുണ്ട്.

മൂന്നാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ആർ.എസ്. മണി മൂന്നാർ ടൗണിലാണ് ജനിച്ചത്. ഹെഡ് വർത്ത്സ് ഡാം പണിക്കുവേണ്ടിയാണ് മണിയുടെ മുത്തച്ഛൻ ഉണ്ണിയാദിയും മുത്തമ്മ കല്യാണിയും മൂന്നാറിലെത്തിയത്. മൂന്നാർ ടൗണിൽ 26 മുറിയിൽ ആയിരുന്നു അവരുടെ താമസം. രാമകൃഷ്ണൻ- ലക്ഷ്മി തൊഴിലാളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മണി. 1943 ൽ ജനിച്ച മണിക്ക് കുഞ്ഞുനാളിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. മുത്തശ്ശനും മുത്തമ്മയുമായിരുന്നു ഹൈസ്കൂൾ വരെ പഠിപ്പിച്ചത്. പിന്നീട് അദ്ദേഹം റോച്ചസ് എന്ന ആംഗ്ലോ ഇന്ത്യൻ ഹോട്ടലിലെ തൊഴിലാളിയായി. ഹോട്ടൽ തൊഴിലാളിയായിരിക്കെ ഹോട്ടൽ സെർവൻസ് ട്രേഡ് യൂണിയനിൽ അംഗമായി. മാട്ടുപ്പെട്ടി ഡാം പണിയാനെത്തിയ തൊഴിലാളി കുടുംബത്തിലെ അംഗമായിരുന്ന അബ്ദുൽ ഖാദർ അടക്കമുള്ളവർ തൊഴിലാളിവർഗ്ഗ നേതാക്കളായി ഈ കാലത്താണ് ഉയർന്നുവന്നത്.

ആര്‍.എസ് മണി ഇ.എം.എസിനൊപ്പം

1958- ൽ നടന്ന സംഭവങ്ങളെ മണി ഇന്നും ഓർക്കാറുണ്ട്. 1958- ൽ നടന്ന ദേവികളും ഉപതെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദന്റെ കൂടെ നടന്ന അനുഭവം മണിക്ക് ഓർമയുണ്ട്. അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാർ സെക്രട്ടറിയായിരുന്ന മാധവൻ, നേതാക്കളായിരുന്ന ശേഖർ, മണി, ബാലയ്യ സൂപ്പർവൈസർ, ജോസഫ് ചാവേലി തുടങ്ങിയവരുടെ രാഷ്ട്രീയ പ്രവർത്തനമാണ് തനിക്ക് പ്രചോദനം നൽകിയതെന്ന് അദ്ദേഹം പറയുന്നു. വി.എസ് മണിയെ കൊച്ചുമണി എന്നാണ് വിളിച്ചിരുന്നത്. 1958- ൽ മൂന്നു മാസം തെരഞ്ഞെടുപ്പ് ചുമതല ക്കാരനായ വി.എസ് മൂന്നാർ നഗരത്തിലാണ് താമസിച്ചിരുന്നത്. നേരം വെളുക്കുമ്പോൾ ഉണരുന്ന വി.എസ് മുണ്ടും ഷർട്ടും അലക്കിയിടും. വെയിൽ കൂടുതലുള്ള ദിവസമാണെങ്കിൽ എല്ലാ എസ്റ്റേറ്റുകളിലേക്കും നടന്ന് പോകും. മാട്ടുപ്പെട്ടി- തെന്മല റൂട്ടിൽ മറ്റു തൊഴിലാളികളെക്കാൾ എളുപ്പം 10,12 കിലോമീറ്റർ ദൂരം പ്രചാരണത്തിന് വി.എസ് നടന്ന് എത്തുമായിരുന്നു എന്ന് മണി പറയുന്നു.
മണിയെപ്പോലുള്ള നിരവധി നേതാക്കളെ വാർത്തെടുക്കാനായതാണ്, 1958-ലെ സമരത്തിന്റെ വലിയ പാഠം.

(തുടരും)

Comments