പ്രഭാഹരൻ കെ. മൂന്നാറിന്റെ ബാല്യകാല സുഹൃത്ത് മുനീഷും അച്ഛൻ മലയാണ്ടിയും. ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ നിന്ന് വി.ആർ.എസ് എടുത്ത് തമിഴ്‌നാട്ടിലെ സേത്തൂരിലേക്ക് പോയശേഷം അവിടെ വെച്ചാണ് മലയാണ്ടി മരിച്ചത്.

സ്വന്തം ഗ്രാമങ്ങളിലേക്ക് മടക്കം,
കുടിയേറ്റക്കാരായി തുടരുന്ന ജീവിതം

വി.ആർ.എസ് എടുത്ത് തമിഴ്നാട്ടിലെ ഗ്രാമങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികൾ അവിടെ കേരളത്തിൽ നിന്ന് കുടിയേറിയവരായാണ് ജീവിക്കുന്നത്. തേയിലക്കാട്ടിലെ അടിമജീവിതം ഉപേക്ഷിച്ചുപോയവർക്ക് അതിലും ദാരിദ്ര്യം നിറഞ്ഞ ഒരു ജീവിതമാണ് കിട്ടിയതെന്നർഥം. കേരളത്തിലെ മുഖ്യധാരാ സമൂഹത്തിനും തമിഴ്നാട്ടിലെ മുഖ്യധാരാ സമൂഹത്തിനും ഒരേപോലെ അന്യരായ മൂന്നാറിലെ തൊഴിലാളി കുടുംബങ്ങളെക്കുറിച്ച് ആത്മകഥയിൽ പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്നു.

മലങ്കാട്- 48

വി. ആർ. എസ് എന്ന വാക്ക് മൂന്നാറുകാർക്ക് പരിചിതമായത് 2002-2005 കാലത്താണ്. അന്ന് ഞാൻ പാലക്കാട് പി.എം.ജി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥി. അവധിക്കു മാത്രമാണ് പാലക്കാട്ടെ ഹോസ്റ്റലിൽ നിന്ന് ഞാൻ വീട്ടിലേക്ക് ചെല്ലുക. അന്നൊരിക്കൽ വീട്ടിലേക്ക് ചെല്ലുമ്പോൾ കണ്ടത്, ലൈൻസുകളിലെ ഒഴിഞ്ഞ വീടുകളാണ്. ഒരിക്കലും ആ വീടുകൾ ഒഴിഞ്ഞതായി കണ്ടിട്ടില്ല. ആടും മാടും കോഴിയും മറ്റു വളർത്തു മൃഗങ്ങളും തിങ്ങിപ്പാർത്തിരുന്ന ലൈൻസാണ് ഞങ്ങളുടേത്. പെർമനന്റ് ജോലിക്കാർക്ക് രണ്ടു മുറി വീടും താൽക്കാലിക ജോലിക്കാർക്ക് ഒരു മുറി വീടുമാണ് കിട്ടുക. ഫുൾ യൂണിറ്റ്- ഹാഫ് യൂണിറ്റ് എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. കിച്ചൻ വീട് കുശിനി എന്ന പേരിലാണ് അറിയപ്പെട്ടത്. ഇപ്പോഴും ശ്രീലങ്കൻ ലൈൻസുകളിലും കോട്ടയം, എറണാകുളം മേഖലകളിലും ഈ പ്രയോഗം പ്രചാരത്തിലുണ്ട്.

ജനിച്ചതുമുതൽ തിക്കും തിരക്കും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ലൈൻസ്. അവിടെ നിരവധി വീടുകളിൽ ആളില്ല. കൂട്ടുകാരിയായ സുഗന്ധിയുടെയും തൊട്ടടുത്ത സുബ്ബയ്യ മാമന്റെയും വീടുകൾ ഒഴിഞ്ഞു കിടക്കുന്നു. ഗുരുസ്വാമി അണ്ണന്റെയും മുരുകയ്യ വാച്ചറുടെ വീടുകൾ ഒഴിഞ്ഞു കിടക്കുന്നു.

ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ തങ്കമ്മ കോവിൽ ലയങ്ങൾ എന്നറിയപ്പെടുന്ന ലയങ്ങൾ.

ലൈൻസിന്റെ എതിർവശത്തുള്ള വൈയ്യകറുപ്പൻ്റെ ലൈൻസിന്റെ അവസ്ഥയും അങ്ങനെത്തന്നെ. ലീലാക്കയുടെയും മരുതായമ്മയുടെയും അരുണാചലം അണ്ണന്റെയും കാളിയപ്പൻ അണ്ണൻറെയും പൊന്നയ്യ കങ്കാണിയുടെയും വീടുകൾ ഒഴിഞ്ഞുകിടക്കുന്നു. 28 വീടുകളിൽ പത്തിലേറെ വീടുകളിൽനിന്ന് ആളൊഴിഞ്ഞുപോയി. എനിക്ക് വല്ലാത്ത ശൂന്യത തോന്നി. ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലുള്ള പതിനാറിലേറെ ലൈൻസുകളിലെ നൂറിലേറെ വീടുകളിലുണ്ടായിരുന്ന എല്ലാ തൊഴിലാളികളും ഞങ്ങൾക്ക് സുപരിചിതരാണ്. ബംഗ്ലാവ് ലൈൻസ് മുതൽ സൂപ്പർ ലൈൻസ് വരെയുള്ള എല്ലാ ലൈൻസുകളിലും എന്റെയും കൂട്ടുകാരുടെയും പാദങ്ങൾ പതിഞ്ഞിട്ടുണ്ട്. ആവരങ്കാട്ട് ചോല മുതൽ അഴിഞ്ഞമേടിൻ്റെ താഴ്‌വര വരെയും മുപ്പതാം നമ്പർ കാട് മുതൽ ഡെന്നിക്കാട് വരെയും പത്തൊമ്പതാം മൈൽ മുതൽ ടോപ്പ് സ്റ്റേഷൻ വരെയും ചുറ്റിയും വളഞ്ഞും പരന്നും കിടക്കുന്ന എല്ലാ കാടുകളിലും വിറകും കാട്ടുപഴങ്ങളും കൂണും ശേഖരിക്കാൻ പോയിട്ടുണ്ട്.

പ്ലസ് ടു കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വന്നപ്പോഴാണ് ആളുകൾ ഒഴിഞ്ഞുപോയ വീടുകൾ എന്നെ അലട്ടിയത്.

ചെറുപ്പത്തിൽ കാട്ടിൽ കറങ്ങലാണ് ഞങ്ങളുടെ പ്രധാന വിനോദം. അന്നൊന്നും വന്യജീവികളെ പേടിയില്ല. ആനകളും കാട്ടുപോത്തുകളും പാർത്തിരുന്ന കാട്ടിലുടെ കയ്യിൽ വെട്ടുകത്തി മാത്രമായി വിറക് ശേഖരിക്കാനും മറ്റും പോകും. കൂട്ടുകാരായ മണിമുത്തു, നാഗരാജ്, മുനീഷ്, ശരവണൻ, ശിവ, രാജ, ഡേവിഡ്, അന്തോണി തുടങ്ങിയവർക്കൊപ്പം വിറക് ശേഖരിച്ചതിൻ്റെ ഓർമകൾ മറക്കാനാകാത്തതാണ്. മരം കയറലും വിറക് ശേഖരിക്കലുമായിരുന്നു പ്രധാന വിനോദം. അന്ന് ഗ്യാസടുപ്പില്ലാത്തതിനാൽ മഴക്കാലം മുൻകൂട്ടി കരുതി ഏപ്രിൽ- മെയ് വെക്കേഷൻ സമയത്ത് കാടായ കാടുകളിൽ കയറി അടുത്ത മൂന്നുമാസത്തേക്ക് കത്തിക്കാനുള്ള വിറക് കണ്ടെത്തണം. അല്ലെങ്കിൽ മഴക്കാലം ദുരിതമയമാകും. എല്ലാ വേനൽക്കാല അവധികളും ഞങ്ങൾ ഇതിനുവേണ്ടിയാണ് ചെലവാക്കിയത്. മഴക്കാലത്തെ അതിജീവിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം.

പിന്നീട് പഠിക്കാനായി ഞങ്ങൾ പലയിടങ്ങളിലേക്ക് പോയി. പ്ലസ് ടു കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വന്നപ്പോഴാണ് ആളുകൾ ഒഴിഞ്ഞുപോയ വീടുകൾ എന്നെ അലട്ടിയത്. ലൈൻസിലെ പ്രിയപ്പെട്ടവർ എവിടെപ്പോയി എന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു. എല്ലാവരും വി.ആർ.എസ് എടുത്ത് പോയതാണെന്ന് അമ്മ പറഞ്ഞു.

പ്രഭാഹരൻ കെ മൂന്നാറും കൂട്ടുകാരൻ മുനീഷും അവരുടെ മുൻ തലമുറയും താമസിച്ചിരുന്ന ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ലൈൻസ്

2004- ൽ കൂട്ടുകാരനായ മുനീഷിന്റെ അച്ഛനും അമ്മയും കുടുംബവും വി.ആർ.എസ് എടുത്ത് എസ്റ്റേറ്റ് വിട്ടുപോകുന്നു എന്ന കാര്യം എനിക്കും എന്റെ കുടുംബത്തിനും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അത്രയും കാലം ഒരുമിച്ച് ജീവിച്ചവർ പുതിയ ജീവിതം തേടി നമ്മെ വിട്ടു എങ്ങോട്ടോ പോകുന്നു. ജീവനു തുല്യം സ്നേഹിച്ചവരായിരുന്നു ഞങ്ങൾ.

വി. ആർ.എസ് എടുത്ത് പോകുന്നവരെക്കുറിച്ച് സംസാരിക്കാത്ത ദിവസങ്ങൾ വിരളമായിത്തുടങ്ങി. അടുത്ത ദിവസം മുതൽ അവരെ കാണാൻ പറ്റില്ലല്ലോ എന്ന് ചിലർ പറയും. ഈ അടിമ ജീവിതത്തിൽ നിന്ന് അവരെങ്കിലും രക്ഷപ്പെട്ടല്ലോ എന്ന് ചിലർ ആശ്വസിക്കും. വെക്കേഷനിൽ വീട്ടിലേക്കു വരുമ്പോൾ പതിവായി കേൾക്കുന്നത് ഇതാണ്. അമ്മയും കൂട്ടരും മനസ്സില്ലാമനസ്സോടെ അവരുടെ കൂട്ടുകാരെ പിരിഞ്ഞു ജീവിക്കുന്നു. അന്ന് എസ്റ്റേറ്റ് മേഖലയിൽ വലിയൊരു ശൂന്യതയായിരുന്നു.

അമ്മയുടെ സഹോദരനായ തവസി മാമനും ഭാര്യയും മക്കളും പോയപ്പോൾ ആ വീട്ടിൽ മറ്റൊരു സഹോദരനായ മുനിയാണ്ടി മാമനെ ഇരുത്തി. ഞങ്ങളുടെ അമ്മയുടെ വീട്ടുകാർ തലമുറകളായി ജീവിച്ച ആ വീട്ടിൽ ഇപ്പോഴും ചെറിയ മാമനും കുടുംബവും ജീവിക്കുന്നു. അദ്ദേഹം ചെറുപ്പം തൊട്ട് സി.പി.എം പ്രവർത്തകനാണ്. സി.ഐ.ടിയുവിന്റെ പ്രാദേശിക നേതാവും സി.പി.എം മൂന്നാർ ഏരിയാ കമ്മിറ്റി അംഗവുമാണ്. ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ്റെ സംസ്ഥാന ഭാരവാഹിയുമാണ്. 35 കൊല്ലമായി ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ്റെ ഭാഗമായി തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിൽ നിന്നാണ് ഞങ്ങൾ മാർക്സിസ്റ്റ് ആശയങ്ങളുടെ ബാലപാഠം പഠിച്ചെടുത്തത്. യുവതലമുറയ്ക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനം ആവേശം പകരുന്നു. ആ വീടിന് 80 കൊല്ലത്തിലേറെ പഴക്കമുണ്ട്.

മുരുഗയ്യ വാച്ചരുടെ ലൈൻസ്

അങ്ങനെ എസ്റ്റേറ്റിലെ പൂർവിക തൊഴിലാളി കുടുംബങ്ങളെല്ലാം വി.ആർ.എസ് സ്വീകരിച്ച് മറ്റു ജോലികൾക്കായി തമിഴ്നാട്ടിലെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പോയി.
2004- ൽ ഞങ്ങളുടെ ലൈൻസിന്റെ മുമ്പിലും ഒരു ടെമ്പോ ട്രാവലർ വന്നുനിന്നു. വളരെ പരിചയമുള്ള വണ്ടി. ചെണ്ടുവര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ് ആയിരുന്ന ചെല്ലയ്യ സാറിന്റെ ‘സൂപ്പർ ചാറൽ’ എന്നു പേരുള്ള ടെമ്പോ.

രാത്രി ലോഡ് കേറ്റി ബോഡിമെട്ടും പേരൂരും കടന്ന് സേത്തൂരിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള വർത്തമാനമാണ് മുനീഷിന്റെ വീട്ടിൽ നടക്കുന്നത്. എന്റെ അമ്മയും മുനീഷിന്റെ അമ്മയും ചെറുപ്പം തൊട്ട് നല്ല സുഹൃത്തുക്കളാണ്. അവർ പരസ്പരം കരയുകയും സംസാരിക്കുകയും ചെയ്യുന്നു. തൊട്ടടുത്ത വീട്ടിലെ മുനിയമ്മ അത്തയും വേൽമുരുകൻ മാമനും വേദനയോടെ അവരോട് പറയുന്നു, ഞങ്ങളെ മറക്കരുത്. എസ്റ്റേറ്റിലുള്ളവർ വൈകുന്നേരം കുടിക്കുന്ന കട്ടൻചായ ഞങ്ങൾക്കു തരുന്നു. കൂട്ടുകാരന്റെ ചേട്ടനായ മാരിയപ്പൻ അണ്ണന് കട്ടൻ ചായയുടെ ഗ്ലാസ് നീട്ടുമ്പോൾ അവരറിയാതെ കണ്ണീരിറ്റുവീഴുന്നു.
എല്ലാവരുടെയും വാക്കുകൾ ശൂന്യമായിപ്പോയിരുന്നു.
ആ മൗനത്തിൽ നിന്ന്, അവർ പ്രകടിപ്പിച്ച സ്നേഹത്തിന്റെ ആഴം എനിക്ക് മനസ്സിലായി. വണ്ടിയുടെ മുൻസീറ്റിൽ ഡ്രൈവർക്കൊപ്പം കൂട്ടുകാരന്റെ ചേട്ടനായ മാരിയപ്പൻ അണ്ണനും ചിന്ന അണ്ണനും ഞാനും കയറിയിരുന്നു. അവരെ നാട്ടിൽ കൊണ്ടേൽപ്പിച്ചിട്ട് തിരിച്ചുവരാൻ അമ്മ എന്നോട് പറയുന്നു. ആ കാലങ്ങൾ ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.

പ്ലസ്ടുവിന് തോറ്റ് എസ്റ്റേറ്റിൽ വെറുതെയിരുന്ന കാലമായിരുന്നു അത്. കണക്കിൽ 50 ശതമാനം മാർക്കോടെ സേ പരീക്ഷ ജയിച്ചെങ്കിലും കോളേജിൽ അഡ്മിഷൻ ലഭിച്ചില്ല. അത് നന്നായി എന്ന് ഞാനിപ്പോൾ കരുതുന്നു. കാരണം ജീവനു​തുല്യം സ്നേഹിച്ച ഒരു കുടുംബം ഞങ്ങളെ വിട്ടു പിരിയുമ്പോൾ, ആ നിമിഷത്തിൽ ഞാൻ ഇല്ലാതായാലോ? അതുകൊണ്ട് കാലം കരുതിവച്ച ഏതോ ഒരു തോന്നലായി ആ വിടവാങ്ങലിനെ ഞാനിപ്പോഴും ഓർത്തെടുക്കുന്നു.

വി. ആർ.എസ് എടുത്ത് പോകുന്നവരെക്കുറിച്ച് സംസാരിക്കാത്ത ദിവസങ്ങൾ വിരളമായിത്തുടങ്ങി. അടുത്ത ദിവസം മുതൽ അവരെ കാണാൻ പറ്റില്ലല്ലോ എന്ന് ചിലർ പറയും. ഈ അടിമ ജീവിതത്തിൽ നിന്ന് അവരെങ്കിലും രക്ഷപ്പെട്ടല്ലോ എന്ന് ചിലർ ആശ്വസിക്കും. Representative image : Emily Noakes / flickr

വണ്ടി മൂന്നാറിലെത്തിയപ്പോൾ കൂട്ടുകാരന്റെ ചേട്ടൻമാർ, അത് വേണോ ഇത് വേണോ എന്നൊക്കെ ചോദിക്കുന്നതുകേട്ടു. എനിക്ക് അടക്കാൻ പറ്റാത്ത ദുഃഖം മാത്രമായിരുന്നു. ആ ദുഃഖം മൂന്നാറിനെയാകെ പൊതിഞ്ഞിരിക്കുന്നു. എന്റെ എഴുത്തുകളെയും കവിതയെയും ഒരുപാട് സ്നേഹിച്ച കുടുംബം കൂടിയാണത്. കൂട്ടുകാരൻ മുനീഷ് ആ വിടവാങ്ങലിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നില്ല. അവൻ ഹൈദരാബാദിലും മറ്റും ലോറി ക്ലീനറായി പണിയെടുക്കുന്നു എന്ന് അവരുടെ അച്ഛനും അമ്മയും ചേട്ടനും പറഞ്ഞു. കൂട്ടുകാരന്റെ അമ്മ രാമത്തായി എപ്പോഴും പറയും, അവൻ നിന്നെ അന്വേഷിച്ചു എന്ന്. ഞാൻ കത്തെഴുതാൻ മറന്നുപോയ കാലമാണത്. കാരണം, ഇവിടെ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. കുഞ്ഞുനാൾ മുതൽ ഞങ്ങൾ രണ്ടുപേരും എല്ലാ കാര്യങ്ങൾക്കും ഒരുമിച്ചാണ് നിന്നിരുന്നത്. കാടായ കാടുകളിൽ വിറകു വെട്ടാനും പഴങ്ങൾ പറിക്കാനും ക്രിക്കറ്റും ഫുട്ബോളും കളിക്കാനും വെക്കേഷൻ സമയങ്ങളിൽ പത്തിരുപത് പേർ ഒരുമിച്ചിരുന്ന് കൂട്ടാൻ ചോറ് കഴിക്കാനും ഞങ്ങൾ ഒരു​മിച്ചുണ്ടായിരുന്നു. അവൻ ഇനി എസ്റ്റേറ്റിൽ ഇല്ല എന്നോർക്കുമ്പോൾ എനിക്ക് ഒന്നും എഴുതാൻ പോലുമാകുന്നില്ല.

കൂട്ടുകാരനെ പിരിഞ്ഞ വേദനയുണ്ടെങ്കിലും മൂന്നാറിലേക്ക് തിരിച്ചുവന്നപ്പോൾ പുതിയ ജീവൻ കിട്ടിയ പോലെയായി. കാരണം, തമിഴ്നാട്ടിലെ വരണ്ട ഗ്രാമങ്ങളിൽ എനിക്കും കുടുംബത്തിനും ഒരിക്കലും ജീവിക്കാൻ പറ്റില്ല എന്ന് ചെറുപ്പം തൊട്ട് നന്നായി അറിയാമായിരുന്നു.

കൂട്ടുകാരൻ്റെ അമ്മ രാമുത്തായി വളരെ സ്നേഹത്തോടെ വിളിക്കുന്ന ‘കുട്ടി’ എന്ന വിളി ഇനി കേൾക്കാൻ പറ്റില്ലല്ലോ എന്നതായിരുന്നു എന്നെ ഏറ്റവും കൂടുതൽ അലട്ടിയത്. അവനെയും എന്നെയും ഒരേപോലെയാണ് ആ അമ്മ വിളിക്കുക. വളരെ സ്നേഹത്തോടും കരുതലോടും കൂടിയാണ് അവർ ഇന്നും ഞങ്ങളോട് പെരുമാറുന്നത്. ഇന്നും ആ സൗഹൃദം ഞങ്ങൾ സൂക്ഷിക്കുന്നു. 2017- നു ശേഷം അവരുടെ നാട്ടിലേക്കുള്ള പോക്ക് കുറഞ്ഞു എങ്കിലും ഫോണിലൂടെ ഞങ്ങളുടെ സ്നേഹപ്രകടനം ജീവമിടിപ്പുപോലെ തുടരുന്നു.

ഇപ്പോഴും ഞങ്ങൾ ആ കാലം ഓർക്കാറുണ്ട്. ഫോണിലൂടെയും വാട്സ്ആപ്പിലുമെല്ലാം പഴയ കഥകൾ സംസാരിക്കും. പലപ്പോഴും ആവർത്തങ്ങളായിരിക്കും, എങ്കിലും അത് ഞങ്ങൾക്ക് നൽകുന്ന സുഖം മറ്റൊന്നിനും നൽകാനായിട്ടില്ല. ഞങ്ങളുടെ ആൾക്കാർ മനസ്സില്ലാ മനസ്സോടെ ആദ്യമായി പതിനെട്ടാം മൈൽ കടന്ന് തിരിച്ചുവരാത്തവിധം പോകുമ്പോൾ മനസ്സ് നിറച്ച് ഓർമകളുമായി ഞാനും അവർക്കൊപ്പം ടെമ്പോ ട്രാവലറിൽ കയറിയിരിക്കും.

അന്നു രാത്രി ആദ്യമായിട്ടാണ് ടെമ്പോ ട്രാവലറിൽ കയറി മറ്റൊരു ലോകത്തേക്ക് പോകുന്നത്. ബോഡിമെട്ട് എത്താറാകുമ്പോൾ പത്തിരുപത് ചെക്ക് പോസ്റ്റുകളുണ്ട്. Representative image: Manoj Kumar Natarajan / flickr

അന്നു രാത്രി ആദ്യമായിട്ടാണ് ടെമ്പോ ട്രാവലറിൽ കയറി മറ്റൊരു ലോകത്തേക്ക് പോകുന്നത്. ബോഡിമെട്ട് എത്താറാകുമ്പോൾ പത്തിരുപത് ചെക്ക് പോസ്റ്റുകളുണ്ട്. എസ്റ്റേറ്റിൽ നിന്ന് പോകുന്നവർ കുറച്ച് വിറകുതടിയും മറ്റു മരങ്ങളും കട്ടിലുമൊക്കെ കൊണ്ടുപോകുന്നത് പതിവാണ്. അതിന് വനം വകുപ്പിന്റെയും കമ്പനിയുടെയും അനുവാദം വേണം. കമ്പനിയുടെ വീട്ടിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ റിട്ടയർമെൻറ് തുകയിൽ നിന്ന് കമ്പനിക്കാർ നഷ്ടപരിഹാരം ഈടാക്കും. ഇത് ഒഴിവാക്കാൻ ഫോറസ്റ്റിൽ നിന്നും കമ്പനിയിൽനിന്നും കത്ത് വാങ്ങും. അത് ചെക്ക് പോസ്റ്റുകളിൽ കാണിച്ചുകൊടുക്കും.

വടക്കൻ ജില്ലകളിൽ നിന്ന് തലമുറകൾക്കുമുമ്പേ എസ്റ്റേറ്റിലെത്തിയവർക്ക് വീടുണ്ടായിരുന്നില്ല. അവരെല്ലാം ചെന്നൈ സിറ്റിയിലെ വാടകവീടുകളിലേക്കായിരിക്കാം തിരിച്ചുപോയത്.

പക്ഷേ എന്റെ കൂട്ടുകാരന്റെ ചേട്ടൻ അന്ന് അപാരമായൊരു കാര്യം ചെയ്തു. തമിഴ്നാട്ടിലെ ചെക്ക് പോസ്റ്റുകൾക്ക് പണം മാത്രം മതി. രാത്രിയാണെങ്കിൽ ചായ കുടിക്കാൻ ഇരുപയോ മുപ്പതോ രൂപ. വലിയ ചെക്ക് പോസ്റ്റാണെങ്കിൽ അമ്പതോ നൂറോ രൂപയും. അയാൾ കയ്യിൽ കുറെ ചില്ലറ മാറ്റിവെച്ചു. ഓരോ ചെക്ക് പോസ്റ്റിലെത്തുമ്പോഴും, അവയുടെ വലുപ്പമനുസരിച്ച് പണം കൊടുത്തുകൊണ്ടിരുന്നു. മൂന്നാറിൽ നിന്ന് പലായനം ചെയ്ത 5000 തൊഴിലാളികളിൽ നിന്ന്, അല്ലെങ്കിൽ 2000 കുടുംബങ്ങളിൽ നിന്ന് ചെക്ക് പോസ്റ്റ്കാർ എത്ര രൂപ കൈപ്പറ്റിക്കാണും എന്നു ഞാൻ ഇപ്പോഴാണ് ആലോചിക്കുന്നത്. ഈ വിടവാങ്ങലിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞതിൽ ഇപ്പോഴും അഭിമാനം തോന്നുന്നു.

പുലർച്ചെ മൂന്നു മണിയായപ്പോൾ ഞങ്ങൾ സേത്തൂരിലെ അവരുടെ വീട്ടിലെത്തി. എസ്റ്റേറ്റിലെ രണ്ടുമൂറി വീടു പോലെ സ്വന്തമായി ഒരു വീട് അവർ വാങ്ങിച്ചിരിക്കുന്നു. സ്വന്തമായി അവർക്ക് ഒരു വീടുണ്ടായി എന്നത് എന്നെ സംബന്ധിച്ച് നല്ലതായി തോന്നി. ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഇത് വലിയ കാര്യമായിരുന്നു. അമ്മ ഇടയ്ക്കിടെ പറയും, രാമത്തയക്കാ, സ്വന്തമായി വീടു വാങ്ങുന്നത് നല്ലതാണ് എന്ന്. അമ്മയ്ക്കും സ്വന്തമായി ​ഒരു വീടിന് ആഗ്രഹമുണ്ടായിരിക്കും. എങ്കിലും ഞങ്ങൾക്ക് അതിന് കഴിഞ്ഞിരുന്നില്ല. നാലു കുട്ടികളെ പോറ്റണം, അവരെ പഠിപ്പിക്കണം എന്നെല്ലാം ചിന്തിക്കുമ്പോൾ ജോലിയെ വളരെ സുഖകരമായ ഭാരമായി അമ്മ കരുതിയിരിക്കും.

തമിഴ്നാട്ടിലെ കാലാവസ്ഥ മാത്രമാണ് അവരെ തളർത്തിയത്. വെള്ളത്തിന് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പഞ്ചായത്ത് പൈപ്പോ മറ്റു സംവിധാനങ്ങളോ ഇല്ല. വീട്ടിൽ നിന്നു നോക്കിയാൽ വലിയ ഒരു മല കാണാം. അത് എപ്പോഴും എസ്റ്റേറ്റിനെ ഓർമിപ്പിച്ചു. നമ്മളെക്കൊണ്ട് ഒരിക്കലും തമിഴ്നാട്ടിൽ ജീവിക്കാനാകില്ല എന്ന് ആ ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കി. സേത്തൂർ, തമിഴ്നാട് / Photo: Seithur, Facebook

ഞങ്ങൾ മരത്തടികളും മറ്റ് സാധനങ്ങളും ഇറക്കിവച്ചു. ഒരു റൂമിൽ കിടന്നുറങ്ങി. അവരുടെ അച്ഛനും അമ്മയും രാവിൽ വർത്തമാനം പറഞ്ഞു തുടങ്ങി. സ്നേഹത്തോടെ അവർ ചായ കൊണ്ടുവന്നു. എസ്റ്റേറ്റിൽ നിന്നു വാങ്ങിയ ചായപ്പൊടിയാണത് എന്ന് ചായ കുടിച്ചപ്പോൾ മനസ്സിലായി. ഇതാ ഞങ്ങളുടെ സ്വന്തം വീട് എന്ന് അവർ നിറഞ്ഞ ചിരി ചിരിച്ചു. അടിമജീവിതം അവസാനിപ്പിക്കാൻ ഇതൊരു കാരണമാണല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്.

തമിഴ്നാട്ടിലെ കാലാവസ്ഥ മാത്രമാണ് അവരെ തളർത്തിയത്. വെള്ളത്തിന് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പഞ്ചായത്ത് പൈപ്പോ മറ്റു സംവിധാനങ്ങളോ ഇല്ല. വീട്ടിൽ നിന്നു നോക്കിയാൽ വലിയ ഒരു മല കാണാം. അത് എപ്പോഴും എസ്റ്റേറ്റിനെ ഓർമിപ്പിച്ചു. നമ്മളെക്കൊണ്ട് ഒരിക്കലും തമിഴ്നാട്ടിൽ ജീവിക്കാനാകില്ല എന്ന് ആ ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കി. അവിടെ ബന്ധുക്കളുള്ളതുകൊണ്ട് അവർ എപ്പോഴും തമിഴ്നാട് ഗ്രാമങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു. അതുകൊണ്ട് അവർക്ക് ആ സാഹചര്യമായി പൊരുത്തപ്പെടാനാകുമായിരുന്നു. കൂട്ടുകാരൻ്റെ അച്ഛൻ മലയാണ്ടിയുടെ സഹോദരിയും കുടുംബവും മേഘമല എസ്റ്റേറ്റിലായിരുന്നു. അവരുടെ മൂത്തമകളായ മാരിയമ്മയും അവിടെയാണ് പങ്കാളിക്കൊപ്പം ജീവിക്കുന്നത്. എസ്റ്റേറ്റിലെ അടിമജീവിതം അവസാനിപ്പിച്ചാണ് അവർ വിവാഹത്തിനുശേഷം പോയതെങ്കിൽ ഇന്ന് അവർ അവിടെ സ്വന്തമായ ഒരു ജീവിതം പടുത്തുയർത്തിയിരിക്കുന്നു. അഞ്ചാറു ദിവസങ്ങൾ അവരുടെ കൂടെ തന്നെ കഴിഞ്ഞു.

മൂന്നാറിലെ തൊഴിലാളി കുടുംബങ്ങൾ കേരളത്തിലെ മുഖ്യധാരാ സമൂഹത്തിനും തമിഴ്നാട്ടിലെ മുഖ്യധാരാ സമൂഹത്തിനും അന്യരാണ്. തുലഞ്ഞുപോയ സ്വന്തം അടയാളങ്ങൾ തിരിച്ചുപിടിക്കാൻ അവർക്കാകുന്നില്ല.

സേത്തൂരിൽനിന്ന് തേനിയിലെത്തി, അവിടെനിന്ന് മൂന്നാറിലെത്തിയ ആ ദിവസം ഇപ്പോഴും ഓർക്കുന്നു. മൂന്നാറിലേക്ക് വരുന്ന ആ പാത എൻ്റെ ചിന്തകളെയും തോന്നലുകളെയും സ്വത്വത്തെ തന്നെയും മാറ്റിമറിച്ചതുപോലോരു തോന്നൽ.

കൂട്ടുകാരനെ പിരിഞ്ഞ വേദനയുണ്ടെങ്കിലും മൂന്നാറിലേക്ക് തിരിച്ചുവന്നപ്പോൾ പുതിയ ജീവൻ കിട്ടിയ പോലെയായി. കാരണം, തമിഴ്നാട്ടിലെ വരണ്ട ഗ്രാമങ്ങളിൽ എനിക്കും കുടുംബത്തിനും ഒരിക്കലും ജീവിക്കാൻ പറ്റില്ല എന്ന് ചെറുപ്പം തൊട്ട് നന്നായി അറിയാമായിരുന്നു. അമ്മായിമാരായ മല്ലിക അത്തയും ചെല്ലമ്മ അത്തയും വിവാഹശേഷം കാഞ്ചിപുരം ജില്ലയിലും ചെന്നൈയിലുമാണ് താമസിക്കുന്നത്. അതുകൊണ്ട് ആ ജില്ലകളിൽ ഞങ്ങളുടെ ആൾക്കാർക്ക് ഒരു ബന്ധം എപ്പോഴും തുടരേണ്ടി വന്നു.

പക്ഷേ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്ന് മൂന്നാറിലേക്കുവന്ന തൊഴിലാളികളെ പോലെ വടക്കൻ ജില്ലകളിൽ നിന്നെത്തിയവർ തമിഴ്നാടിനെ അധികം ആശ്രയിക്കാറില്ല. കാരണം, വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, അക്ഷരവാക്കം, വിഴുപ്പുറം എന്നിവിടങ്ങളിൽനിന്നുവന്നവർക്ക് നാടുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. കാരണം അവിടെ ജനിച്ചവർ പോലും കൊടും വരൾച്ച കാരണം ആ ഗ്രാമങ്ങൾ ഉപേക്ഷിച്ച് ചെന്നൈ സിറ്റിയിലായിരിക്കും ജീവിക്കുന്നത്.
അച്ഛന്റെ നാടായ ബാദുറിലേക്ക് ഞങ്ങൾ മക്കളാരും ഇതുവരെ യാത്ര ചെയ്തിട്ടില്ല. മരണമോ കല്യാണമോ വരുമ്പോൾ അച്ഛനും അമ്മയും മാത്രം പോകും. അച്ഛൻ മരിച്ചശേഷം ഇപ്പോൾ ആരും അവിടെ പോകാറില്ല. എനിക്കും സഹോദരങ്ങൾക്കും ആ സ്ഥലം അപരിചിതമാണ്. പക്ഷേ അമ്മയുടെ നാടായ മരതാട്ടിലേക്ക് ചേട്ടന്റെ കല്യാണം ക്ഷണിക്കാൻ അമ്മാവനായ രവി മാമനൊപ്പം ഞാ​ൻ ഒരുതവണ പോയിട്ടുണ്ട്. ഞങ്ങളുടെ മറ്റു ബന്ധുക്കൾ ചെന്നൈ മാനഗരത്തെ കേന്ദ്രീകരിച്ച്, അവിടെ സാധാരണ തൊഴിലെടുത്താണ് ജീവിക്കുന്നത്. അവരിൽ സ്വന്തം വീടുള്ളവർ വിരളമാണ്.

തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങളിലേക്ക് ചെല്ലുമ്പോൾ മൂന്നാറിൽ ജീവിച്ച എസ്റ്റേറ്റുകാരൻ മലക്കാരനാണ്, കേരളത്തിൽ ഞങ്ങൾ കുടിയേറ്റ തൊഴിലാളികളും. Representative image: Sarah Canton Photography / flickr

തെക്കൻ ജില്ലകളിലുള്ളവർക്ക് പൂർവികമായി ഒരു സെൻറ് എങ്കിലും ഭൂമി സ്വന്തമായുണ്ടായിരുന്നു എന്ന് എനിക്ക് ആ യാത്രയിലൂടെ മനസ്സിലായി. എന്റെ കൂട്ടുകാരന്റെ സേത്തൂർ ഗ്രാമം ആ അനുഭവം എനിക്ക് സമ്മാനിച്ചു. മറ്റൊരു കൂട്ടുകാരനായ രാജയുടെ വല്യച്ഛനും അവന്റെ അച്ഛനും അമ്മയ്ക്കും സ്വന്തം വീടുണ്ട്. തമിഴ്നാട്ടിൽ ഓടിട്ട വീടിനെ കാര വീട് എന്നാണ് വിളിക്കുന്നത്. ഒരിക്കൽ രാജപാളയത്തിലേക്ക് ചെന്നപ്പോൾ ഞാൻ ആ വീട് കണ്ടു. വളരെ ഇടുങ്ങിയ സ്ഥലത്താണെങ്കിലും സ്വന്തമായി ഒരു തുണ്ട് ഭൂമി സ്വന്തമാക്കിയ തൊഴിലാളി കുടുംബങ്ങളാണ് അവിടെ, അതുകൊണ്ടുതന്നെ ഇനി അവർ അടിമകളല്ല.

തെക്കൻ ജില്ലയിലേക്ക് തിരിച്ചുപോയ സുബയ്യ മാമനും ജയകൃഷ്ണൻ സൂപ്പർവൈസറും കൂട്ടുകാരനായ മണിമുത്തുവിന്റെ അച്ഛനും അമ്മയും ഇസക്കി അമ്മയുടെ അച്ഛനുമമ്മയും അവരുടെ ബന്ധുക്കളും തമിഴ്നാട്ടിൽ സ്വന്തമായി വീടുള്ളവരാണ് എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ജീവിതകാലം എസ്റ്റേറ്റിൽ സമ്പാദിച്ച പൈസ കൊണ്ടും കടം വാങ്ങിയും പൂർവികർ നിലനിർത്തിയിരുന്ന കുറച്ചു സ്ഥലത്ത് ചെറിയ വീട് വക്കാനായി അവർക്ക്. അതേസമയം, വാടകവീടുകളിലും ലീസിനെടുത്ത വീടുകളിലും ജീവിക്കുന്ന നിരവധി തൊഴിലാളികളുമുണ്ട്.

പക്ഷേ, വടക്കൻ ജില്ലകളിൽ നിന്ന് തലമുറകൾക്കുമുമ്പേ എസ്റ്റേറ്റിലെത്തിയവർക്ക് വീടുണ്ടായിരുന്നില്ല. അവരെല്ലാം ചെന്നൈ സിറ്റിയിലെ വാടകവീടുകളിലേക്കായിരിക്കാം തിരിച്ചുപോയത്. എന്റെ ഓർമയിൽ വി ആർ എസ് എടുത്ത് ചെന്നൈയിലേക്കോ കാഞ്ചിപുരത്തേക്കോ മറ്റു പ്രദേശങ്ങളിലേക്കോ പോയവരിൽ ആർക്കും സ്വന്തം വീടില്ല.

തിരുപ്പൂരിലേക്കും കോയമ്പത്തൂരിലേക്കും മടങ്ങിയവരുടെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെയാണ്. അതായത്, തമിഴ്നാട്ടിലെ ഭൂമികളിൽ ഞങ്ങളുടെ ആൾക്കാർ ഇപ്പോഴും അന്യരായാണ് ജീവിക്കുന്നത്. ഭാഷാപരമായ സ്നേഹവും വാത്സല്യവും മാത്രമാണ് പലപ്പോഴും അവർക്ക് അവിടെ നിന്ന് കിട്ടുന്നത്. അവിടെയും ഞങ്ങളുടെ ആൾക്കാർ മലക്കാർ എന്നാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങളിലേക്ക് ചെല്ലുമ്പോൾ മൂന്നാറിൽ ജീവിച്ച എസ്റ്റേറ്റുകാരൻ മലക്കാരനാണ്, കേരളത്തിൽ ഞങ്ങൾ കുടിയേറ്റ തൊഴിലാളികളും.

ഇന്നും തമിഴ്നാട്ടിലേക്ക് പോയ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിലേക്കുപോയ തൊഴിലാളികൾ വോട്ട് ചെയ്യാൻ എസ്റ്റേറ്റിലേക്കാണ് വരുന്നത്. അവർ തമിഴ്നാട്ടിൽ വെറും ശരീരങ്ങളായി മാത്രമാണ് കണക്കാക്കപ്പെടുന്നത്.

എസ്റ്റേറ്റിലെ തേയിലക്കാട്ടിൽ 45 കൊല്ലത്തിലേറെ അധ്വാനിക്കുന്ന തൊഴിലാളികൾ തമിഴ്നാട്ടിൽ തിരിച്ചെത്തിയശേഷം പലപ്പോഴും മാരക അസുഖം വന്നാണ് മരിക്കാറ്. എന്റെ കൂട്ടുകാരുടെ അച്ഛന്മാരായ കാസിയപ്പൻ, മലയാണ്ടി, അമ്മ ജാനകിയമ്മ തുടങ്ങിയവരെല്ലാം അങ്ങനെയാണ് മരിച്ചത്. കാലാവസ്ഥയോട് പൊരുത്തപ്പെടാൻ പറ്റാത്തതും ഭക്ഷണരീതിയുമൊക്കെയാകാം കാരണം. ചികിൽസക്ക് പണമില്ലാതെ മരിച്ചവരുമുണ്ട്. സ്വകാര്യ ആശുപത്രികളാണ് അവിടെ കൂടുതൽ. അതുകൊണ്ട് ഭീമമായ തുക കൊടുത്ത് ചികിത്സിക്കാനാകാതെയുള്ള മരണങ്ങൾക്ക് സാധ്യതയുണ്ട്.
തമിഴ്നാട്ടിലെ പൊതു ആരോഗ്യ മേഖല മെച്ചപ്പെട്ട ചികിത്സ നൽകാറില്ല. ഉണ്ടെങ്കിലും ഞങ്ങളുടെ ആൾക്കാർക്ക് ചികിത്സാ ആനുകൂല്യം കിട്ടാറില്ല. കാരണം, ജന്മം കൊണ്ട് അവർ കേരളീയരും ഭാഷ കൊണ്ടു മാത്രം തമിഴരുമാണ്. അവരുടെ ഇലക്ഷൻ ഐ ഡിയിലും മറ്റ് തിരിച്ചറിയൽ രേഖകളിലും വിലാസം മൂന്നാർ, ഇടുക്കി ജില്ല, കേരളം എന്നാണ്. അപ്പോൾ എങ്ങനെയാണ് അവർ തമിഴ്നാടുമായി ചേർന്നുപോകുന്നത്?
കേരളത്തിൽ നിന്ന് കുടിയേറിയ തൊഴിലാളികളായാണ് അവർ അവിടെ ജീവിക്കുന്നത്. എസ്റ്റേറ്റ് വിട്ടുപോയ 50 ശതമാനം തൊഴിലാളികളുടെയും അവസ്ഥ ഇങ്ങനെയാണ്. തേയിലക്കാട്ടിലെ അടിമജീവിതം ഉപേക്ഷിച്ചുപോയവർക്ക് അതിലും ദാരിദ്ര്യം നിറഞ്ഞ ഒരു ജീവിതമാണ് കിട്ടിയതെന്നർഥം.

തിരിച്ചുപോയി സുഖമായി ജീവിക്കുന്ന ചുരുക്കം തൊഴിലാളികൾ മാത്രമാണുള്ളത്. അധികം ​പേരും തമിഴ്നാട്ടിലെ വലിയ കടകളിൽ സെക്യൂരിറ്റിക്കാരായും ബനിയൻ കമ്പനികളിലും പണി ചെയ്യുന്നു.

ഇവിടുത്തെ റേഷൻ കാർഡിൽ പോലും ഞങ്ങളെ മലയാളികളായല്ല, മറ്റുള്ളവരായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയുഷ്കാലം മറ്റൊരിടത്ത് ജീവിച്ചിട്ട്, 60 വയസ്സിനുശേഷം എങ്ങനെയാണ് ഐ.ഡി കാർഡ് മാറ്റുക? ഇപ്പോൾ ആധുനിക സംവിധാനങ്ങൾ വന്നപ്പോൾ കുറച്ച് മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇന്നും തമിഴ്നാട്ടിലേക്ക് പോയ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിലേക്കുപോയ തൊഴിലാളികൾ വോട്ട് ചെയ്യാൻ എസ്റ്റേറ്റിലേക്കാണ് വരുന്നത്. അവർ തമിഴ്നാട്ടിൽ വെറും ശരീരങ്ങളായി മാത്രമാണ് കണക്കാക്കപ്പെടുന്നത്. അവരുടെ ജീവൻ നിലനിൽക്കുന്നത് അവർക്ക് ഒരിക്കലും അവകാശപ്പെടാൻ പറ്റാത്ത മൂന്നാറിലെ തേയിലക്കാടുകളിലാണ്.

ചുരുക്കിപ്പറഞ്ഞാൽ മൂന്നാറിലെ തൊഴിലാളി കുടുംബങ്ങൾ കേരളത്തിലെ മുഖ്യധാരാ സമൂഹത്തിനും തമിഴ്നാട്ടിലെ മുഖ്യധാരാ സമൂഹത്തിനും അന്യരാണ്. തുലഞ്ഞുപോയ സ്വന്തം അടയാളങ്ങൾ തിരിച്ചുപിടിക്കാൻ അവർക്കാകുന്നില്ല.

എന്റെ അറിവിൽ, തിരിച്ചുപോയി സുഖമായി ജീവിക്കുന്ന ചുരുക്കം തൊഴിലാളികൾ മാത്രമാണുള്ളത്. അധികം ​പേരും തമിഴ്നാട്ടിലെ വലിയ കടകളിൽ സെക്യൂരിറ്റിക്കാരായും ബനിയൻ കമ്പനികളിലും പണി ചെയ്യുന്നു. തിരുപ്പൂരിൽ ജീവിക്കുന്നവരുടെ അവസ്ഥ അതിഭീകരമാണ്. സീസൺ സമയത്തു മാത്രമേ ജോലിയുള്ളൂ. വി ആർ എസ് എടുത്തത് തെറ്റായിപ്പോയി എന്ന് അവരിൽ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്.

ഒരു തൊഴിലാളി എസ്റ്റേറ്റ് വിട്ട് പോയാൽ കമ്പനിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ പെൻഷൻ വാങ്ങാൻ വർഷത്തിൽ ഒരു പ്രാവശ്യം കമ്പനിയിലും ബാങ്കിലും വന്ന് ഒപ്പിടണം. തമിഴ്നാട്ടിൽ ജീവിക്കുന്ന ഞങ്ങളുടെ ആൾക്കാർ വർഷത്തിലൊരിക്കൽ മൂന്നാറിലേക്ക് വന്നേ പറ്റൂ എന്ന അവസ്ഥയാണ്.

(തുടരും)

Comments