മലങ്കാട്- 43
1986- നുശേഷമാണ് എസ്റ്റേറ്റ് ലയങ്ങളിൽ വൈദ്യുതിയെത്തിയത്. ഫാക്ടറികൾക്കും മാനേജർ ബംഗ്ലാവുകൾക്കും മാത്രമായിരുന്നു വൈദ്യുതി.
ചെന്നൈ ഐ.ഐ.റ്റിയിൽ നിന്ന് കേരള യൂണിവേഴ്സിറ്റിയിലെത്തിയ ഒരു ഗവേഷകൻ ഒരു കാര്യം ചോദിച്ചു; പള്ളിവാസൽ പവർ സ്റ്റേഷനിൽ നിന്നാണല്ലോ കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് വൈദ്യുതി ഉത്പാദനം സപ്ലൈ ചെയ്യുന്നത്. അതിന്റെ സബ്സിഡി നിങ്ങൾക്ക് കിട്ടുന്നുണ്ടോ? ആ ചോദ്യം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഞാൻ പറഞ്ഞു, കറന്റ് ബിൽ നേരിട്ട് ഞങ്ങൾ അടയ്ക്കാറില്ല, കമ്പനി നൽകുന്ന സാലറി സ്ലിപ്പിൽ അവർ കറന്റ് ബിൽ പിടിക്കും. കറന്റ് ബിൽ അടക്കം ഞങ്ങളുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കമ്പനിയാണ്. ചാർക്കട്ട എന്നറിയപ്പെടുന്ന വിറക് ഓരോ മാസവും ഒരു മീറ്റർ വീതം വീട്ടിലെത്തിച്ചുതരും. പൈസ ശമ്പളത്തിൽ നിന്ന് പിടിക്കും. എസ്റ്റേറ്റിൽ മരം നട്ടു വളർത്തുന്നത് തൊഴിലാളികളാണ്. പക്ഷേ, അതിന്റെ ഉണങ്ങിയ വിറകുകൾ മാത്രമാണ് ഞങ്ങൾക്ക് എടുക്കാൻ പറ്റുക, ഒരു പച്ചക്കമ്പ് പോലും കമ്പനിയുടെ അനുവാദമില്ലാതെ വെട്ടാൻ പാടില്ല. ചെറിയ ആവശ്യത്തിന് കമ്പുകളോ ചെറിയ പോസ്റ്റുകളോ വെട്ടിയാൽ നടപടിയുണ്ടാവും, തുടർന്നാൽ സസ്പെൻഷനും. കമ്പനിയുടെ അനുവാദത്തോടെ മാത്രമേ മൂന്നാറിൽ ഒരു തൊഴിലാളിക്ക് ജീവിക്കാൻ പറ്റൂ.
ചടങ്ങുകൾക്ക് പന്തലിടാൻ ആദ്യം യൂണിയൻ നേതാവിനെയോ കമ്പനിയുടെ ഫീൽഡ് ഓഫീസർമാരെയോ റൈറ്ററേയോ നേരിട്ട് കണ്ട് കത്ത് കൊടുക്കണം. കത്ത് അംഗീകരിക്കപ്പെടുന്ന ദിവസം വരെ കാത്തിരിക്കണം.
വീട്ടിൽ എന്ത് വിശേഷമാണെങ്കിലും യൂണിയൻ നേതാക്കളെ അറിയിച്ച് അവിടെ നിന്ന് ഒരു കത്ത് കമ്പനിക്ക് കൊടുക്കണം. കാതുകുത്ത്, ചെടങ്ക്, (ഒരു പെൺ പരുവത്തിലേക്ക് എത്തുമ്പോൾ നടത്തുന്ന ആചാരങ്ങളിലൊന്ന്) പിന്നീട് കല്യാണം- ഈ മൂന്ന് കാര്യങ്ങളും തൊഴിലാളികളുടെ വീട്ടിൽ നിർബന്ധമായി നടത്തുന്നവയാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ എത്തിപ്പെട്ട ഞങ്ങളുടെ മുതുമുത്തപ്പൻമാർ പിന്തുടർന്ന ആചാരങ്ങൾ ഞങ്ങൾ ഇന്നും പിന്തുടരുന്നു. ചടങ്ങ് എന്നതിനേക്കാളും ചെറിയ സാമ്പത്തിക നേട്ടങ്ങൾക്കും ഇതിനെ തൊഴിലാളികൾ കാണാറുണ്ട്. മറ്റുള്ളവരുടെ കാതുകുത്തിനോ കല്യാണത്തിനോ പൈസ കൊടുത്താൽ നമുക്ക് അത് തിരിച്ചു കിട്ടും. അപ്പോൾ സാധാരണക്കാരുടെ ഇത്തരം ചടങ്ങുകൾ പതിവായി തുടരുന്നു. തൊഴിലാളികൾ കഴിവനുസരിച്ച് 20 അല്ലെങ്കിൽ 50 രച്‍യാണ് കൊടുക്കാറ്. ഇപ്പോൾ മിനിമം 500 രൂപയും ബന്ധം അനുസരിച്ച് പതിനായിരവും ഇരുപതിനായിരവുമൊക്കെ കൊടുക്കാറുണ്ട്.
അമ്മാവന്റെ മടിയിലിരുത്തിയാണ് കാത് കുത്തിക്കുക. ഇത്തരം ചടങ്ങുകൾക്ക് പന്തലിടാൻ ആദ്യം യൂണിയൻ നേതാവിനെയോ കമ്പനിയുടെ ഫീൽഡ് ഓഫീസർമാരെയോ റൈറ്ററേയോ നേരിട്ട് കണ്ട് കത്ത് കൊടുക്കണം. കത്ത് അംഗീകരിക്കപ്പെടുന്ന ദിവസം വരെ കാത്തിരിക്കണം. മിക്കവാറും, ഓരോ മാസവും പത്താം തീയതി കേന്ദ്രീകരിച്ചാണ് ഇത്തരം ചടങ്ങുകൾ നടക്കാറ്. കാരണം, തൊഴിലാളികൾക്ക് ശമ്പളം കിട്ടുന്നത് പത്തിനാണ്.
ബന്ധുക്കൾ മാത്രം ആ ദിവസം ലീവെടുക്കും. മറ്റുള്ളവർ രാവിലെ 7 മണി മുതൽ 9 മണി വരെ ആ ചടങ്ങിൽ പങ്കെടുക്കും. അല്ലാതെ അവർക്ക് അവധി നൽകാറില്ല. ആദ്യകാലത്ത് ഈ ചടങ്ങുകളിൽ ഭക്ഷണം കൊടുക്കാറില്ല. ഇപ്പോൾ എല്ലാ പരിപാടികൾക്കും ബിരിയാണി വിളമ്പും. റവ കേസരിയും ചിക്കൻ ബിരിയാണിയുമാണ് സൽക്കാര വേളകളിൽ മൂന്നാറിലെ പ്രധാന ഭക്ഷണം. ദം ബിരിയാണി അല്ല, മൂന്നാറിന്റെ തനതായ ബിരിയാണിയാണ്. അടിമാലി മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് ഇത്തരം ബിരിയാണിയുണ്ടാക്കുന്നത്. ആദ്യകാലത്ത് ചില എസ്റ്റേറ്റുകളിൽ പൊറോട്ടയും ചിക്കനുമായിരുന്നു ഇത്തരം പരിപാടികൾക്ക് ഭക്ഷണമായി കൊടുത്തിരുന്നത്.
മൂന്നാറിൽ ഇത്തരം ചടങ്ങുകളിൽ ടീ പാർട്ടിയുണ്ട്. തമിഴ്നാട്ടിലോ കേരളത്തിലോ ഉള്ള കല്യാണങ്ങളിൽ ഇത്തരം ടീ പാർട്ടികൾ കാണാൻ സാധിക്കില്ല. മൂന്ന് ദിവസം എന്നത് ഇന്ന് ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങിയിട്ടുണ്ട്. കോളാമ്പി പാട്ട് പതിവാണ്. അതും കമ്പനിയുടെ അനുവാദത്തോടെ മാത്രമേ സാധിക്കൂ. അതായത് വൈകീട്ട് അഞ്ചര കഴിഞ്ഞ് രാത്രി 12 മണിവരെ മാത്രമേ പാട്ടിടാൻ അനുവാദമുള്ളൂ. രാവിലെ അഞ്ചര മുതൽ 8 മണി വരെയാണ് പിന്നെ പാട്ടിടാൻ അനുവാദമുള്ളത്. തൊഴിലാളികളുടെ ആശയവിനിമയത്തിൽ തടസമുണ്ടാകാതിരിക്കാനാണ് ഇത്തരം സംവിധാനമെന്ന് ചില ഓഫീസർമാർ പറയാറുണ്ട്. ഏതു പരിപാടി നടന്നാലും എസ്റ്റേറ്റ് പൂർണമായി നിലച്ചുപോകരുത് എന്ന മട്ടിലാണ് കമ്പനിക്കാർ ഇത്തരം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത്.
മൂന്നാറിലെ തൊഴിലാളികളുടെ ജീവിതത്തെ അല്പമെങ്കിലും രസിപ്പിക്കുന്നത് പാട്ടുകളാണ്. എല്ലാ ലയങ്ങളിലും ഒന്നുരണ്ട് വീടുകളിലെങ്കിലും ടേപ്പ് റെക്കോർഡറുണ്ടാവും.
പന്തലിടാനും പരണകൾ കെട്ടാനും തട്ടിക്കെട്ടാനും കമ്പനിയുടെ അനുവാദം വേണം, അല്ലെങ്കിൽ ശിക്ഷിക്കും എന്ന പേടി എസ്റ്റേറ്റിൽ പണിയെടുക്കുന്ന കാലം വരെ തൊഴിലാളിയുടെ ഉള്ളിലുണ്ടാവും. പണി കഴിഞ്ഞും ഇതെല്ലാം ചെയ്താലും അവരുടെ മക്കളെയോ ബന്ധുക്കളെയോ കമ്പനി ശിക്ഷിക്കും.
ഒരു രീതിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടേതായ അന്തരീക്ഷത്തിലാണ് മൂന്നാറിൽ ഇത്തരം ചട്ടങ്ങൾ പിന്തുടരുന്നത്. തികച്ചും കൊളോണിയൽ കാലത്തെ പീഡിതാവസ്ഥ. തൊഴിലാളികൾക്ക് കമ്പനി എല്ലാ സ്വാതന്ത്ര്യവും നൽകി എന്ന കാമ്പയിൻ വലിയ നുണയാണെന്ന് മൂന്നാറിന്റെ ജീവിതം ഇഴ കീറി പരിശോധിച്ചാൽ വ്യക്തമാകും.
ഏത് മതവിശ്വാസക്കാരാണെങ്കിലും നോൺ വെജ് ഭക്ഷണമായിരിക്കും കല്യാണത്തിനും ഇതര ചടങ്ങുകൾക്കും. മതത്തിന്റെ പേരിൽ ഒരു വിഭജനവുമില്ലാത്ത സ്ഥലമാണ് മൂന്നാർ. ദേവികുളം നിയോജകമണ്ഡലത്തിലെ കാവിൽ ദൈവങ്ങളാണ് എല്ലാ വിഭാഗം മനുഷ്യരുടെയും ആരാധന മൂർത്തികൾ. മാതയെയും മാരിയമ്മയേയും എസ്റ്റേറ്റ് തൊഴിലാളികൾ ഒരേ പോലെയാണ് കാണുന്നത്. ഇവിടെ വിശ്വാസങ്ങൾക്ക് അതിരില്ല. മാരിയമ്മയെ കുലദൈവമായി കരുതുന്ന ഒരു തൊഴിലാളി മാരിയമ്മയ്ക്ക് മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കും. സ്കോട്ടിഷ് സായിപ്പന്മാരുടെ കാലം മുതൽ ഇന്നുവരെ ഇങ്ങനെത്തന്നെയാണ് തുടരുന്നത്. മതപരിവർത്തനം നടത്തപ്പെട്ട തൊഴിലാളികൾ ഇന്നും റോമൻ കാത്തലിക് അതിരൂപതയിലാണ് തുടരുന്നത്. ഭൂരിഭാഗവും ദലിത് വിഭാഗത്തിൽ പെട്ടവർ എങ്ങനെയാണ് റോമൻ കത്തോലിക്കരായത് എന്നതിൽ ഇപ്പോഴും അവ്യക്തതയുണ്ട്. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇവർ എൽ.സി ക്രിസ്ത്യാനികൾ എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ ജാതി പട്ടികയിൽ ഒ.ഇ.സി വിഭാഗത്തിലാണ് ഇവരെ ചേർത്തിരിക്കുന്നത്. സി എസ് ഐ, പെന്തുകോസ്റ്റ്, ആർ.സി തുടങ്ങിയ ക്രിസ്ത്യൻ വിഭാഗങ്ങളും മൂന്നാറിലുണ്ട്.
എന്റെ ചെറുപ്പത്തിൽ മാരിയമ്മന്റെ ഉത്സവം നടക്കുമ്പോൾ ഉത്സവപ്പറമ്പിൽ ക്രിസ്ത്യാനികളെത്തും. ആരാധനകളിൽ പങ്കെടുക്കാറില്ല, ഉത്സവം നടത്തിപ്പിന് അവരുണ്ടാകും. ഏപ്രിൽ- മെയ് മാസങ്ങളിൽ നടക്കുന്ന മാതയുടെ ഉത്സവങ്ങളിലും മാരിയമ്മയെ ആരാധിക്കുന്നവരുണ്ടാവും.
ഇപ്പോഴും ഈ രീതിയിൽ വലിയ മാറ്റമുണ്ടായിട്ടില്ല. ചന്ദനമാരിയമ്മന്റെ ഉത്സവം നടക്കുമ്പോൾ ആർ. സി ക്രിസ്ത്യാനികളും ഫണ്ട് നൽകും. മാതയുടെ ഉത്സവത്തിന് മാരിയമ്മന്റെ വിശ്വാസികളും പണം നൽകും. ഇത്തരം ഒത്തൊരുമകളാണ് മൂന്നാറിനെ മറ്റു സംസ്കാരങ്ങളിൽ നിന്ന് വ്യത്യാസപ്പെടുത്തുന്നത്.
മൂന്നാറിലെ തൊഴിലാളികളുടെ ജീവിതത്തെ അല്പമെങ്കിലും രസിപ്പിക്കുന്നത് പാട്ടുകളാണ്. എല്ലാ ലയങ്ങളിലും ഒന്നുരണ്ട് വീടുകളിലെങ്കിലും ടേപ്പ് റെക്കോർഡറുണ്ടാവും. എന്റെ ചെറുപ്പത്തിൽ തൊട്ടടുത്ത വീടുകളിൽ വെക്കുന്ന പാട്ടുകൾ കേട്ടാണ് ഉണർന്നിരുന്നത്. മിക്കവാറും പഴത്തമിഴ് പാട്ടുകളായിരിക്കും, ചിലപ്പോൾ മലയാളം പാട്ടും കേൾക്കാം. എസ്.പി. ബാലസുബ്രഹ്മണ്യം, ഇളയരാജ, യേശുദാസ് തുടങ്ങിയവരുടെ പാട്ടുകളാണ് തൊഴിലാളികൾക്ക് ഏറെ ഇഷ്ടം. ഇളയരാജയെ കേൾക്കാതെ ഒരു തൊഴിലാളി എസ്റ്റേറ്റിൽ ഉണരുക അപൂർവ്വമായിരുന്നു. ഉച്ചയ്ക്കുശേഷം ജോലി കഴിഞ്ഞെത്തുന്ന പുരുഷ തൊഴിലാളികൾ രണ്ടു മണി മുതൽ അഞ്ചു മണി വരെ പാട്ടുകളിൽ ലയിച്ചുകിടക്കും. കാൽനൂറ്റാണ്ടുമുമ്പ് ടേപ്പ് റെക്കോർഡറില്ലാത്ത വീടുകൾ വളരെ കുറവായിരുന്നു. അമ്പല ഉത്സവങ്ങൾ എന്നാൽ പാട്ട്, കാതുകുത്ത് എന്നാൽ പാട്ട്, ചടങ്ങ് എന്നാൽ പാട്ട്, കല്യാണം എന്നാൽ പാട്ട്… തൊഴിലാളി ജീവിതത്തിൽ പാട്ടില്ലാത്ത ഒരാഘോഷവുമില്ല. മൂന്നാറിലെ 150 കിലോമീറ്റർ പടർന്നു കിടക്കുന്ന സ്ഥലങ്ങളിൽ സമാന രീതിയിലാണ് ഈ പരിപാടികളെല്ലാം നടന്നിരുന്നത്. ടൗണിൽ മാത്രം അല്പം വ്യത്യസ്തമാണ്. കാരണം അവിടെ പല തരക്കാർ ജീവിക്കുന്നതുകൊണ്ട് കമ്പനിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല.
(തുടരും)