1924: മൂന്നാറിന്റെ മരണവർഷം

2019- ലെ പ്രളയത്തിനുശേഷം ജർമ്മനിയിൽ നിന്ന് മൂന്നാറിലെത്തിയ സഞ്ചാരികളായ തോർബെനും ഭാര്യ മിച്ചിയും മലഞ്ചെരിവുകളിലൂടെ യാത്ര ചെയ്ത് മാട്ടുപ്പെട്ടിയിലെത്തിയപ്പോഴാണ് പഴയ റെയിൽവേയുടെ അവശിഷ്ടങ്ങൾ കണ്ടത്. ഇന്ന് മോട്ടോർ വാഹനങ്ങളോടുന്ന മാട്ടുപ്പെട്ടി റോഡ് നൂറ്റാണ്ടുകൾക്കുമുൻപ് റെയിൽപാതയായിരുന്നു. 1924- നുശേഷം ഇത്തരമൊരു കണ്ടുപിടിത്തം ആദ്യമായാണ്.

മലങ്കാട്- 25

ന്ത അടമഴയിൽ തേയിലക്കാട്ടിൽ അട്ടകൾ പോലെ ചൂടിനുവേണ്ടി കൂനിയും കുറുകിയുമാണ് ഞങ്ങൾ ജീവിച്ചിരുന്നത്. പുറംലോകത്ത് എന്ത് സംഭവിച്ചെന്ന് ഒരു പിടുത്തവുമില്ല. രാവും പകലും ഒരേ പോലെ, മനുഷ്യർക്കൊപ്പം മൃഗങ്ങളും വിറച്ചു, പൂങ്കാൻ പറഞ്ഞു.
ദിവസങ്ങളോളം ബന്ധപ്പെടാൻ കഴിയാത്തതുകൊണ്ട് ഓരോരോ ലയങ്ങളിലേയും വീടുകളെ പട്ടിണി ചൂഴ്ന്നു. കുട്ടികൾ പാലു കിട്ടാതെ നിലവിളിച്ചു. ആ കാലത്തുതന്നെ തൊഴിലാളികൾക്ക് ചെറിയ കൃഷിയിടങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിൽ നിന്നു കിട്ടിയ പയറും കിഴങ്ങും ചീരയും വേവിച്ച് തിന്നു.

ശക്തമായ മഴ പെയ്യുമ്പോൾ പണി നിർത്തുകയും പതുക്കെ മഴ പെയ്യുമ്പോൾ കൊളുന്തു നുള്ളുകയും ചെയ്യുമായിരുന്നു എൻ്റെ മുത്തപ്പൻ. അന്ന് ചെറിയ പയ്യനായിരുന്നു, അതുകൊണ്ട് അവരുടെ അമ്മാവൻ പറഞ്ഞ കഥകളിൽ നിന്നാണ് ഞങ്ങൾക്ക് ആ കഥകൾ പകർന്നുകിട്ടിയത്. മുത്തച്ഛന് കാളവണ്ടിയോടിച്ച് തൊട്ടടുത്ത എസ്റ്റേറ്റുകളിൽ നിന്ന് ടോപ്പ് സ്റ്റേഷനിലെത്തുന്നവരുമായി ചെറിയ തോതിൽ ബന്ധപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും 1924-ൽ അദ്ദേഹം മറ്റു തൊഴിലാളികളുടെ കുഞ്ഞുങ്ങളെ പോലെ തേയില സംരക്ഷിക്കുന്ന പണി മാത്രമാണ് ചെയ്തിരുന്നത്.

മാട്ടുപ്പെട്ടി 1924- ലെ പ്രളയത്തിനുശേഷം

ഗുണ്ടലയാറ് കര കവിഞ്ഞതോടെ മാട്ടുപ്പെട്ടി മഹാ നഗരം മണ്ണിനടിയിൽ പുതഞ്ഞു. അതിനുമുമ്പു തന്നെ തൊഴിലാളികളെ അവിടെ നിന്നു മാറ്റി സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി എന്നാണ് കമ്പനിക്കാരുടെ അവകാശം. പക്ഷേ സുരക്ഷിത താവളം എവിടെയായിരുന്നു എന്നത് കമ്പനിരേഖകളിൽ ഇല്ല. മൂന്നാറിലും സമാന അവസ്ഥയുണ്ടായി.

മാട്ടുപ്പെട്ടിയിൽ നിന്ന് മണ്ണും മലകളും വെള്ളവും മൂന്നാറിലേക്കൊഴുകി. ജൂലൈ 17 നാണ് മാട്ടുപ്പെട്ടി തകർന്നത്. 18ന് കടലുപോലെ ഒഴുകിയെത്തിയ വെള്ളം മൂന്നാർ ടൗൺ നാമാവശേഷമാക്കി. അന്ന് മൂന്നാറിലെ മുതലാളിയായിരുന്ന മരയ്ക്കാർ തന്റെ കടയിലുള്ള സാധനങ്ങളെടുത്ത് ഉയർന്ന സ്ഥലങ്ങളിലേക്കെത്തിക്കാൻ തൊഴിലാളികളോട് പറഞ്ഞു. കമ്പനിക്കാർ ​ശ്രമിച്ചിട്ടും അത്ര വലിയ ഉരുൾപൊട്ടലിൽ നിന്ന് മൂന്നാർ നഗരത്തെ രക്ഷിക്കാനായില്ല.

1924-ലെ പ്രളയത്തിൽ, മൂന്നാറിനു ചുറ്റുമുള്ളവരെ സി.എസ്.ഐ പള്ളിയിലെ ദുരിതാശ്വാസക്യാമ്പുകളിലേക്കാണ് മാറ്റിയത്. നഗരം മൂന്നുനാല് ദിവസം വെള്ളത്തിലായിരുന്നു. റെയിൽപാളങ്ങൾ എല്ലാം മൺമൂടി. കാലമിത്രയായിട്ടും അവയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല.

മൂന്നാറിന്റെ തെക്കൻ ഭാഗത്തുള്ള ഹെഡ് ക്വാർട്ടേഴ്സ് തരിപ്പണമായി. വെള്ളം വീണ്ടും വലിയൊരു കടൽ പോലെ ടൗണിൽ ആർത്തിരമ്പി. അവിടത്തെ കെട്ടിടങ്ങളെല്ലാം തകർത്തു. ആറ്റിൻകരയിലെ ഫാക്ടറി, ബോർഡിങ് സ്കൂൾ, മൂന്നാർ സപ്ലൈ അസോസിയേഷൻ തുടങ്ങിയവയും ലയങ്ങളും ഒലിച്ചുപോയി. അത്രയും വലിയ വിപത്ത് 30 പേരെ മാത്ര​മേ കൊണ്ടുപോയുള്ളൂ എന്നാണ് കമ്പനിക്കാർ രേഖപ്പെടുത്തുന്നത്.

മൂന്നാറിനു ചുറ്റുമുള്ളവരെ സി.എസ്.ഐ പള്ളിയിലെ ദുരിതാശ്വാസക്യാമ്പുകളിലേക്കാണ് മാറ്റിയത്. നഗരം മൂന്നുനാല് ദിവസം വെള്ളത്തിലായിരുന്നു. റെയിൽപാളങ്ങൾ എല്ലാം മൺമൂടി. കാലമിത്രയായിട്ടും അവയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. മഴക്കാലത്ത് വല്ലപ്പോഴും ചെറുതായി പ്രത്യക്ഷപ്പെടുന്ന ട്രാക്കുകൾ പഴയ മൂന്നാറിനു സമീപമുള്ള കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്സായി പ്രവർത്തിക്കുന്നിടത്ത് കാണാമെന്ന് തൊഴിലാളികൾ പറയാറുണ്ട്.

അവിടെയുണ്ടായിരുന്ന സിർക്കാർ (circar) ബ്രിഡ്ജ് തകർന്നു. ഫാക്ടറിക്ക് കേടുപാടുണ്ടായെങ്കിലും, മാനേജർമാർ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ വലിയ ഇലക്ട്രിക് ഷോക്ക് സംഭവിച്ചില്ല.

പിന്നീടുള്ള കഥകളെല്ലാം മിത്തുകൾ പോലെയാണ്. വിപത്ത് മുൻപേ കണ്ടിരുന്ന M.S.A എന്ന മാനേജർ രണ്ടാം നിലയിലേക്ക് ഓടിക്കയറി എന്നും അവിടെ സൂക്ഷിച്ചിരുന്ന മെഴുകുതിരികളും തീപ്പെട്ടിയും പഞ്ചസാരയും എടുത്ത് മറ്റൊരു സ്ഥലത്തേക്ക് ചെല്ലുമ്പോഴേക്കും വെള്ളത്തിൽ മുങ്ങാൻ പോയെന്നും റോപ്പ് വഴി രക്ഷപ്പെട്ടു എന്നുമുള്ള കഥകൾ കമ്പനി കുറിപ്പുകളിൽ കാണാം. മൂന്നാർ ഭാഗത്തുണ്ടായിരുന്ന M.S.A മാനേജരുടെ ബംഗ്ലാവിന് വലിയ കേടുപാടുണ്ടായിരുന്നില്ല എന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനിയുടെ പടിഞ്ഞാറ് ഭാഗത്തെ പള്ളിവാസൽ പവർഹൗസ് തകർന്നതോടെ മൂന്നാർ നഗരത്തിൽ വൈദ്യുതി നിലച്ചു എന്നും ഈ റിപ്പോർട്ടിലുണ്ട്.

ഹൈറേഞ്ചിൽ അങ്ങോളമിങ്ങോളം രൂപപ്പെട്ടിരുന്ന ചെറുതും വലുതുമായ ബാൻഡുകൾ പൊട്ടിത്തെറിച്ചതോടെ സായിപ്പൻമാരുടെ ലിറ്റിൽ ലണ്ടൻ എന്ന മൂന്നാർ നിലംപതിച്ചു.

ചിറ്റിവാര എസ്റ്റേറ്റിലെ രണ്ടാം തലമുറക്കാരായ ഞങ്ങളുടെ കുടുംബത്തിൽപ്പെട്ടവരും അവർക്കൊപ്പം എസ്റ്റേറ്റിൽ പണിയെടുത്തവരും ഈ കഥകൾ പറയാറുണ്ട്. എങ്കിലും മാട്ടുപ്പെട്ടി എന്ന ഡാം അന്നത്തെ കാലത്തുണ്ടായിരുന്നില്ല എന്ന് അവർക്കറിയില്ലായിരുന്നു. അവർ പറഞ്ഞ കഥകൾ ഞങ്ങൾ ചെറുപ്പത്തിൽ വിശ്വസിച്ചിരുന്നു. പിന്നീട് ആ കാലത്ത് മാട്ടുപ്പെട്ടി ഡാം ഇല്ലായിരുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി.

മാട്ടുപ്പെട്ടി ഭാഗത്ത് പ്രകൃതിദത്തമായ തിട്ട് രൂപപ്പെട്ടു. അണക്കെട്ടു പോലെ, മണ്ണു കൊണ്ടും കല്ലു കൊണ്ടും വെള്ളം തടഞ്ഞുനിർത്തുന്ന ഒരു ചുമരു പോലെയുള്ള തിട്ടാണത്. പള്ളിവാസൽ ഭാഗത്തും ലക്ഷ്മി, ശിവൻമല ഭാഗത്തും ഇത്തരം തിട്ടുകൾ രൂപപ്പെട്ടിരുന്നു എന്നും ജൂലൈ 17ന് ആ ബാന്റുകൾ പൊട്ടിത്തെറിച്ച് മൂന്നാറിനെ മായ്ച്ചു കളഞ്ഞു എന്നുമാണ് പറയുന്നത്. മാത്രമല്ല ദേവികുളം, നെറ്റിക്കുടി, ഗൂഢാരവളെ തുടങ്ങിയ സ്ഥലങ്ങളിലെ പാലങ്ങളെല്ലാം തകർന്നു.

ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ജൂലൈ 25ന് 30 ഇഞ്ച് മഴയാണ് പെയ്തിറങ്ങിയത്. ഇതിനു മുമ്പ് ഇത്തരത്തിൽ ഒരു മഴക്കാലം അവർ കാണാനിടയില്ല. ജൂലൈ 25 ന് രാജമലയിൽ പെയ്ത 30 ഇഞ്ച് മഴയാണ് ആ കാലത്തെ ഏറ്റവും ഉയർന്ന മഴ എന്ന് കമ്പനി രേഖകൾ സൂചിപ്പിക്കുന്നു. കടൽ വെള്ളം പോലെ തടിച്ചുകൂടിയ വെള്ളമാണ് മൂന്നാറിനെ ഇല്ലാതാക്കിയത്.

മാട്ടുപ്പെട്ടിയുടെ ചെരുവിലാണ് മൂന്നാർ നഗരം. ഇന്നും സമാന ഘടനയാണ് അവിടെയുള്ളത്. ചിറ്റിവാര, ചെണ്ടുവര, എല്ലപ്പെട്ടി, ഗുണ്ടല, പാലാർ, അരുവിക്കാട്, കുട്ടിയാർ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം ഇന്നത്തെ മാട്ടുപ്പെട്ടി ഡാം സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി നഗരത്തിലാണ് ഒരു ബാൻഡ് പോലെ രൂപപ്പെട്ട് തടിച്ചുകൂടിയത് എന്നാണ് പഴങ്കഥകൾ സൂചിപ്പിക്കുന്നത്. പിന്നീട് 17, 18 തീയതികളിൽ മഴയുടെ തോത് കൂടിയപ്പോൾ ഒഴുകിയെത്തിയ വെള്ളവും അരുവിക്കാട് മലനിരകളിൽ നിന്ന് ഒഴുകിയെത്തിയ വെള്ളവും എതിർവശത്ത് ചോത്തുപാറ, തെന്മല, ചെരിവുകളിലൂടെ ഒഴുയെത്തിയ വെള്ളവും മാട്ടുപ്പെട്ടിയിൽ രൂപപ്പെട്ടിരുന്ന ബാന്റിന് ഉൾക്കൊള്ളാനായില്ല, അതേതുടർന്ന് അവ പൊട്ടിപ്പോയിരിക്കും എന്നൂഹിക്കാം.

തോരാമഴയിൽ എല്ലാം മുങ്ങി. ജീവിക്കാൻ പോരാടുന്ന അടിമവർഗ്ഗം മാത്രമാണ് അവശേഷിച്ചത്. ആ മഴയിൽ അവരും ഒഴുകിപ്പോയിരുന്നെങ്കിൽ മൂന്നാറിലെ കാടുകൾ വീണ്ടും വലിയ വനപ്രദേശമായി മാറുമായിരുന്നു.

കടലിന്റെ അത്ര വെള്ളം, തീരാ മഴ, തോരാ മഴ- ഇങ്ങനെയാണ് ആ മഴക്കാലത്തെക്കുറിച്ച് പറയുന്നത്. ഒന്ന് തോർന്നിരുന്നെങ്കിൽ എന്ന് തോന്നിക്കുന്ന രീതിയിലുള്ള മഴ. അവസാനം ഈ വെള്ളക്കെട്ടുകൾ താങ്ങാൻ വയ്യാതെ ഹൈറേഞ്ചിൽ അങ്ങോളമിങ്ങോളം രൂപപ്പെട്ടിരുന്ന ചെറുതും വലുതുമായ ബാൻഡുകൾ പൊട്ടിത്തെറിച്ചതോടെ സായിപ്പൻമാരുടെ ലിറ്റിൽ ലണ്ടൻ എന്ന മൂന്നാർ നിലംപതിച്ചു. പള്ളിവാസൽ, നല്ലതണ്ണി, പെരിയവര എസ്റ്റേറ്റുകൾ പൂർണമായും നശിച്ചുപോയി എന്ന പഴങ്കഥയുണ്ട്. അതിനുശേഷം എങ്ങനെയാണ് ആ എസ്റ്റേറ്റുകൾ പുനർ നിർമ്മിച്ചത് എന്നത് അവ്യക്തമാണ്. എങ്കിലും മാസങ്ങളോളവും വർഷങ്ങളോളവും തൊഴിലാളികളുടെ അധ്വാനം ചൂഷണം ചെയ്തിട്ടാണ് സായിപ്പന്മാർ തകർന്നു പോയ തങ്ങളുടെ സ്വപ്നത്തെ 1969- വരെ നിലനിർത്തിയത്.

റെയിൽവേ ഉണ്ടായിരുന്ന അടയാളം പോലും ആ മണ്ണിനടിയിൽ മാഞ്ഞു പോയിട്ട് ഏകദേശം ഒരു നൂറ്റാണ്ടോളമായി. 2019 ലെ പ്രളയത്തിന് ശേഷം ജർമ്മനിയിൽ നിന്നും മൂന്നാറിൽ എത്തിപ്പെട്ട വിനോദസഞ്ചാരികളായ തോർബെനും ഭാര്യ മിച്ചിയും മൂന്നാറിലെ മലഞ്ചെരുകളിലൂടെ യാത്ര ചെയ്ത് മാട്ടുപ്പെട്ടിയിൽ എത്തിപ്പെട്ടപ്പോഴാണ് ഈ അവശിഷ്ടങ്ങളെ കാണാനിടയായത്.

റെയിൽവേ ഉണ്ടായിരുന്ന അടയാളം പോലും മണ്ണിനടിയിലായിട്ട് ഒരു നൂറ്റാണ്ടോളമായി. 2019- ലെ പ്രളയത്തിനുശേഷം ജർമ്മനിയിൽ നിന്ന് മൂന്നാറിലെത്തിയ സഞ്ചാരികളായ തോർബെനും ഭാര്യ മിച്ചിയും മലഞ്ചെരിവുകളിലൂടെ യാത്ര ചെയ്ത് മാട്ടുപ്പെട്ടിയിലെത്തിയപ്പോഴാണ് ഈ അവശിഷ്ടങ്ങൾ കാണാനിടയായത്. ഇന്ന് മോട്ടോർ വാഹനങ്ങളോടുന്ന മാട്ടുപ്പെട്ടി റോഡ് നൂറ്റാണ്ടുകൾക്കുമുൻപ് റെയിൽ പാതയായിരുന്നു. 1924- നുശേഷം ഇത്തരമൊരു കണ്ടുപിടിത്തം ആദ്യമായാണ്. 1924- ലെ മഴക്കാലത്ത് വ്യാപക മണ്ണിടിച്ചിലിനെതുടർന്നാണ് പല സ്ഥലങ്ങളിലും മൺമേടുകൾ എന്നറിയപ്പെടുന്ന ചെരിവുകളുണ്ടായത്. ഈ മൺമേടുകൾ വീണ്ടും തെളിഞ്ഞപ്പോഴാണ് പണ്ടത്തെ റെയിൽവേയുടെ അവശിഷ്ടങ്ങൾ പുറത്തുവന്നത്. അതായത് ഭൂമി ഒരിക്കൽ കൂടി പുരണ്ടു എന്നാണ് അതിന്റെ അർത്ഥം. 1924- ൽ നിന്ന് 96 വർഷങ്ങൾക്കുശേഷമുണ്ടായ ഒരു പ്രളയത്തിലാണ് മൂന്നാർ ഹൈറേഞ്ച് റെയിൽവേയുടെ അവശിഷ്ടങ്ങളെ മണ്ണിനടിയിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞത് എന്ന് ചിന്തിക്കുമ്പോൾ, പ്രകൃതിയുടെ മഹാവിദ്യകളെ മനുഷ്യർക്ക് പ്രവചിക്കാൻ കഴിയില്ല എന്നത് സൂചിപ്പിക്കുന്നു.

അന്നത്തെ എല്ലാ ആധുനിക ടെക്നോളജികളും ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ പ്ലാന്റുകളുണ്ടാക്കിയത്. ചാനലുകളും പൈപ്പ് ലൈനുകളും ഓടകൾ എന്നറിയപ്പെടുന്ന തോടുകളും കാനൽ എന്നറിയപ്പെടുന്ന ചെറിയ കനാലുകളും രൂപപ്പെടുത്തിയെടുത്തു. അതിലൂടെ വെള്ളമൊഴുകുന്ന സംവിധാനവും കണ്ടെത്തി. പക്ഷേ തോരാമഴയിൽ എല്ലാം മുങ്ങി. ജീവിക്കാൻ പോരാടുന്ന അടിമവർഗ്ഗം മാത്രമാണ് അവശേഷിച്ചത്. ആ മഴയിൽ അവരും ഒഴുകിപ്പോയിരുന്നെങ്കിൽ മൂന്നാറിലെ കാടുകൾ വീണ്ടും വലിയ വനപ്രദേശമായി മാറുമായിരുന്നു. അത്രമേൽ രൂക്ഷമായ പ്രളയകാലമാണ് 1924- ൽ മൂന്നാറിലുണ്ടായത്. പഴയ മൂന്നാർ എന്നറിയപ്പെടുന്ന സ്ഥലം മൺമറഞ്ഞുപോയ ഒരു സ്ഥലത്തിന്റെ അടയാളം മാത്രമാണ്.

മലേറിയയെ അതിജീവിക്കാൻ സ്പതോഡിയ എന്ന ചെടി ഹൈറേഞ്ചിൽ വെച്ചുപിടിപ്പിച്ചു. ഈ ചെടിയെ തൊഴിലാളികൾ മലേറിയമരം എന്നാണ് വിളിച്ചിരുന്നത്.

2019- ലെ പ്രളയത്തിലും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനോട് ചേർന്നുനിൽക്കുന്ന മൂലക്കട മുതൽ പാർവതി അമ്മൻ കോവിൽവരെയുള്ള മൂന്നാറാണ് മുങ്ങിയത്. മൂന്നാർ ടൗണിന് വലിയ കേടുണ്ടായില്ല.

1924 തൊട്ട് 1934 വരെ മൂന്നാറിൽ കടുത്ത പഞ്ഞമായിരുന്നു. എസ്റ്റേറ്റിൽ നിന്ന് വിട്ടുപോകാൻ പറ്റാത്ത തൊഴിലാളികൾ തികച്ചും കൊത്തടിമ ജീവിതമാണ് ആ പത്തുകൊല്ലവും നയിച്ചത്. എല്ലാ എസ്റ്റേറ്റുകളിലും സമാന അവസ്ഥയായിരുന്നു. പട്ടിണിയിൽ എങ്ങനെ പിടിച്ചുനിന്നു എന്ന് ഓർക്കാൻ പോലും വയ്യ. മഴയിൽ രൂപപ്പെട്ട ചെറിയ വെള്ളക്കെട്ടുകൾ മാലിന്യമുക്തമായ മൂന്നാറിനെ മാലിന്യക്കിടങ്ങാക്കി. മലേറിയയും കോളറയും മറ്റു പകർച്ചാവ്യാധികളും എത്രയോ ജീവൻ കവർന്നു. സായിപ്പന്മാർ പണ്ട് പയറ്റിയ ചീങ്കൊയ്ന തന്ത്രം തൊഴിലാളികൾക്ക് രക്ഷയായി. കൊയ്ന തണ്ണി എന്നറിയപ്പെടുന്ന വെള്ളം മരുന്നായി ഉപയോഗിച്ചു തുടങ്ങി.

ബ്രിട്ടനിൽനിന്നെത്തിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ഫിൻലെയുടെ മകൻ കമ്പനിയുടെ ചീഫ് മെഡിക്കൽ ഓഫീസറായി. പിന്നീട് ബ്രിട്ടനിൽ നിന്ന് ഒരു നഴ്സും മൂന്നാറിലെത്തി. മാട്ടുപ്പെട്ടിയിൽ പ്രവർത്തിച്ചിരുന്ന കമ്പനി ഹോസ്പിറ്റൽ നല്ലതണ്ണി ഭാഗത്തിലേക്ക് മാറ്റി. ഈ ഹോസ്പിറ്റൽ പ്രവർത്തിച്ചിരുന്നത് പ്ലാന്റർമാരെ ചികിത്സിക്കാൻ വേണ്ടി മാത്രമായിരുന്നു. പിന്നീട് എല്ലാ എസ്റ്റേറ്റുകളിലും പ്രൈമറി ഹെൽത്ത് സെന്റർ എന്ന പേരിൽ ചെറിയ കുടിലുകൾ രൂപപ്പെട്ടു. കൊയ്ന തണ്ണിയും ആയുർവേദ ഗുളികകളുമായിരുന്നു മരുന്ന്. മലേറിയയെ അതിജീവിക്കാൻ സ്പതോഡിയ (spathodia ) എന്ന ചെടി ഹൈറേഞ്ചിൽ വെച്ചുപിടിപ്പിച്ചു. ഈ ചെടിയെ തൊഴിലാളികൾ മലേറിയമരം എന്നാണ് വിളിച്ചിരുന്നത്. മലേറിയക്ക് പുറമെ വസൂരിയും കോളറയും ജനങ്ങളെ പിടികൂടി. എല്ലാ എസ്റ്റേറ്റുകളിലും ആശുപത്രികൾ സ്ഥാപിച്ചാണ് രോഗങ്ങളിൽ നിന്ന് കൂലികളും സായിപ്പൻമാരും രക്ഷപ്പെട്ടതെന്ന് കമ്പനി രേഖകളിൽ പറയുന്നു. പക്ഷേ അവിടെയും മരണക്കണക്കില്ല.

(തുടരും)

Comments