മലങ്കാട്- 24
1924 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മഴക്കാലം അതിശക്തമായി തുടർന്നു. പതിവില്ലാത്ത എന്തോ ഒന്നാണ് സംഭവിക്കാൻ പോകുന്നത് എന്നാർക്കും തോന്നിയില്ല. 1900- കാലത്ത് എസ്റ്റേറ്റിലെത്തിയവർക്ക് അത് സാധാരണ മഴക്കാലം പോലെ തോന്നിയിട്ടുണ്ടാവും. പക്ഷേ, ഭൂതകാലങ്ങളെയെല്ലാം കാറ്റിൽ പറത്തി ആടിയിലെ അടമഴ ആഞ്ഞടിച്ചു. ആടിമാസം എന്നാൽ മഴയാണ്. പൊതുവേ മൂന്നാറിൽ മെയ് രണ്ടാം വാരം മുതൽ പരക്കെ മഴ ലഭിക്കാറുണ്ട്. തമിഴ്നാട്ടിലെ തേനിയിൽനിന്നെത്തുന്ന തെക്ക് പടിഞ്ഞാറൻ കാലാവസ്ഥയാണ് ആ മഴ കൊണ്ടുവരുന്നത്. അതുകൊണ്ട് ആ മഴയെ ‘പാണ്ടിമഴ’ എന്നാണ് വിശേഷിപ്പിക്കുക. ഞങ്ങളുടെ ചെറുപ്പത്തിൽ ഈ മഴ അനുഭവിച്ചിട്ടുണ്ട്.
ആലിപ്പഴം വീഴ്ചയുള്ളതിനാൽ കല്ല് മഴ എന്നും പറയും. എങ്കിലും ജൂണിൽ കേരളത്തിൽ മൺസൂൺ തുടങ്ങുമ്പോൾ ആദ്യം ആഞ്ഞടിക്കുന്നത് മധ്യ തിരുവിതാംകൂറിന്റെ അങ്ങേയറ്റത്തുള്ള മൂന്നാറിലാണ്. മൂന്നാർ കാടുകൾ മഴക്കാടുകളാണ്. ആഴ്ചകളോളം നീളുന്ന തോരാത്ത, ഒരേ രീതിയിലുള്ള മഴ പെയ്തിട്ടുള്ള സ്ഥലമാണ് മൂന്നാർ.
ഈ കാലത്ത് തൊഴിലാളികൾ മൃഗങ്ങളെപ്പോലെ പണിയെടുക്കേണ്ടിവന്നു. കൊളോണിയൽ കാലഘട്ടത്തെ ഏറ്റവും വലിയ ക്രൂരതയാണ് മൂന്നാറിൽ അരങ്ങേറിയത്. കാട്ടുകമ്പിളിയും താട്ടു ചാക്കും മാത്രമാണ് അഭയം. എങ്ങനെയാണ് ഈ മനുഷ്യർ ആ മഴക്കാലത്ത് കഴിഞ്ഞുകൂടിയതെന്ന് ചിന്തിക്കാൻ പോലും വയ്യ. എന്റെ അപ്പൂപ്പനോട് ആ കാലത്തെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുമായിരുന്നു. അദ്ദേഹം മൗനിയാകും. ആ കാലം ഓർക്കാൻ പോലും പലപ്പോഴും തയ്യാറാവില്ല, അത്രയും ദാരിദ്ര്യവും അടിമത്തവും നിറഞ്ഞ ഒരു കാലമായിരുന്നു അത്.
അപ്പൂപ്പന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ അമ്മാവന്റെ കുടുംബത്തോടൊപ്പമാണ് അപ്പൂപ്പൻ എത്തിയത്. കുരങ്ങിണിപ്പാത വഴി ചിറ്റിവര സൗത്ത് ഡിവിഷനിലെത്തിയ തൊഴിലാളി കുടുംബത്തിൽ ഏറ്റവും ചെറിയ പയ്യനായിരുന്നു താൻ എന്ന് അപ്പൂപ്പൻ ഇടയ്ക്കിടെ പറയും. അപ്പൂപ്പന്റെ കാലത്ത് അവിടെയെത്തിയ കുടുംബങ്ങളിൽ പലരും നേരത്തെ മരിച്ചു. മോഹൻ മാമന്റെ അച്ഛൻ ആദി മൂലവും ബാലുവിന്റെ അച്ഛൻ പെരുമാളും ചക്കനാൻ കങ്കാണിയും സവരിയാർ കങ്കാണിയും കൈലാസം താത്തയും മെക്കേൽ കങ്കാണിയും കുട്ടയർ കങ്കാണിയും മണ്ടയ്യൻ നടേശനും കണ്ണൻ താത്താവും പെരിയ നടേശനും ആ കാലത്തായിരിക്കും ചിറ്റിവരയിലെത്തിയത്. അന്ന് ജീവിച്ചിരുന്നതിൽ എസ്റ്റേറ്റിൽ വെച്ച് മരിച്ച ഏറ്റവും മുതിർന്ന ആൾ അപ്പൂപ്പൻ ഏകാംബരമായിരുന്നു. അപ്പൂപ്പനും മേൽപ്പറഞ്ഞ തൊഴിലാളികളും രണ്ടാം തലമുറക്കാരാണ്.
ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ഇവിടെയുണ്ടായിരുന്ന ഒരു സംസ്കാരത്തെ നശിപ്പിക്കുകയും അടിമ സംസ്കാരം രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു.
1883- ൽ കൊടൈക്കനാൽ വഴി എത്തിയ സി. ഡബ്ല്യു. ഡബ്ല്യു. മാർട്ടിൻ സായിപ്പും അദ്ദേഹത്തിന്റെ മരുമകൻ എ.എഫ്.എഫ്. മാർട്ടിനും ചേർന്ന് ചിറ്റിവര എന്ന എസ്റ്റേറ്റ് രൂപപ്പെടുത്തിയെടുത്ത് ചിറ്റിവര പ്ലാന്റിംഗ് കമ്പനി എന്ന് പേരിട്ടുവെന്നാണ് കമ്പനി രേഖകൾ സൂചിപ്പിക്കുന്നത്. അതിനുമുമ്പേ സി.ഒ. മാസ്റ്റർ എന്ന സായിപ്പ് ചോത്തുപ്പാറ എസ്റ്റേറ്റും 1881- ൽ മൂന്നാറിന്റെ വെസ്റ്റ് റീജ്യനിലുള്ള പെരിയവര എസ്റ്റേറ്റും രൂപപ്പെടുത്തി. ആ എസ്റ്റേറ്റിന്റെ പേര് ആനമുടി എസ്റ്റേറ്റ് എന്നായിരുന്നു.
1883- നുശേഷം ചിറ്റിവാരക്ക് തൊട്ടടുത്ത് ഇന്ന് സ്ഥിതിചെയ്യുന്ന എല്ലപ്പെട്ടി എസ്റ്റേറ്റ് സ്ഥാപിച്ചു. ഹെയർ ഹാച്ച് (Hare hatch) എന്നായിരുന്നു എല്ലപ്പെട്ടിയുടെ ആദ്യ കാല നാമം. ചീക്കൊയ്ന ചെടികളാണ് ആദ്യം ഇവിടെ നട്ടുപിടിപ്പിച്ചത്. കിന്റർസ്ലി സായിപ്പ് ഗൂഢാരവളെയിലും സമാനമായ എസ്റ്റേറ്റ് സ്ഥാപിച്ചെടുത്തു. ആദ്യകാല ചരിത്രം തൊഴിലാളികൾ പറഞ്ഞത് ശരിവെക്കുന്നതാണ്. സി. ഡോവൻ എന്ന സായിപ്പ് എഴുതിയ കുറിപ്പുകളിൽ ഇങ്ങനെയാണ് സൂചിപ്പിക്കുന്നത്. ഇന്നത്തെ കെ.ഡി.എച്ച് ക്ലബ്ബ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ഒരു ടെന്റിലാണ് സായിപ്പ് താമസിച്ചിരുന്നത്. ആനകളും പുലികളും മറ്റു കാട്ടുമൃഗങ്ങളും നിറഞ്ഞ വെറും കാട് മാത്രമായിരുന്നു മൂന്നാർ എന്ന് ഈ കുറിപ്പിലുണ്ട്.
1860-ൽ ഹൈറേഞ്ച് മല സായിപ്പന്മാർ കയറാൻ തുടങ്ങി എന്നാണ് മൂന്നാറിന്റെ മറ്റൊരു ചരിത്രം. ആ ചരിത്രം തുടങ്ങിയത് കുരങ്ങണിപാതയിൽ നിന്നാണ്. അപ്പോൾ ചിറ്റിവര ഭാഗത്ത് ആദ്യം എസ്റ്റേറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഞങ്ങളുടെ പൂർവികർ പറഞ്ഞ കഥകളിൽ വ്യക്തമാണ്. പക്ഷേ ചീക്കൊയ്ന പ്ലാന്റുകൾ 1881- ൽ ചിറ്റിവരയിയും എല്ലപ്പെട്ടിയിലും ഗൂഢാരവളെയിലും സൂര്യനെല്ലിയിലും വെച്ചുപിടിപ്പിച്ചപ്പോൾ എങ്ങനെയാണ് 1881- ൽ എ.എച്ച്. ഷാർപ്പ് ടീ എസ്റ്റേറ്റ് സ്ഥാപിച്ചെടുത്തത് എന്നതിൽ ഇന്നും ചരിത്രപരമായ അവ്യക്തതയുണ്ട്.
ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയെടുത്ത മൂന്നാർ എന്ന ഭൂപ്രകൃതിയുടെ ചരിത്രം ഒട്ടേറെ അവ്യക്തതയുള്ളതാണ്. അതുകൊണ്ട് കൊളോണിയൽ സ്വേച്ഛാധിപത്യ ചരിത്രമാണ് മൂന്നാറിലെ ഭൂപ്രകൃതിയുടെയും തൊഴിലാളികളുടെയും ചരിത്രം എന്ന് തെളിയുന്നു. ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ഇവിടെയുണ്ടായിരുന്ന ഒരു സംസ്കാരത്തെ നശിപ്പിക്കുകയും അടിമ സംസ്കാരം രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. ബോധപൂർവ്വം മറയ്ക്കപ്പെട്ട ചരിത്രമാണ് ഹൈറേഞ്ചിൽ നിലനിൽക്കുന്നത് എന്ന് ഉറപ്പിച്ച് പറയാനാവും. അവരുടെ കുറിപ്പുകളിൽ തന്നെ with the help of muthuvan peoples എന്ന് ഇടയ്ക്കിടെ പരാമർശിക്കുന്നുണ്ട്.
മാത്രമല്ല, നീലഗിരി എസ്റ്റേറ്റ് രൂപപ്പെടുത്തിയെടുക്കുമ്പോൾ അവിടത്തെ ആദിമ മനുഷ്യരായ ബടുകാസിന്റെ സഹായം സായിപ്പന്മാർ തീർച്ചയായും സ്വീകരിച്ചുകാണും. മാത്രമല്ല, ജെ.ഡി. മുൻട്രോ അതിനുമുമ്പ് പ്ലാന്റേഷൻ രൂപപ്പെടുത്താൻ ശ്രമിച്ച സ്ഥലമായ കമ്പമെട്ടിന്റെ മേൽഭാഗത്ത് സ്ഥിതിചെയ്യുന്ന വണ്ടിപ്പെരിയാറിൽ തീർച്ചയായും മണ്ണാൻ, ഊരാളി തുടങ്ങിയ ഗോത്രവർഗ്ഗക്കാരുടെ സഹായം സ്വീകരിച്ചുകാണും, അല്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തി ഇത്തരം കാര്യങ്ങൾ സാധിച്ചെടുത്തുകാണും. ആ ചരിത്രങ്ങളെല്ലാം മറയ്ക്കപ്പെട്ടതാണ്.
ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പേ ഈ മലനിരകളിലെല്ലാം തമിഴകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കാട്ടുവഴി കണ്ടെത്തി അലഞ്ഞുതിരിഞ്ഞ് വേട്ടയാടി ജീവിച്ച ഗോത്രവർഗ്ഗ ജനങ്ങൾ ഇടുക്കി മലനിരകളിലെ കുന്നുകളിൽ താമസം തുടങ്ങിയിരുന്നു.
1924-ലെ പ്രളയത്തിൽ ജനങ്ങൾക്ക് എന്തു സംഭവിച്ചു എന്ന് ബ്രിട്ടീഷ് രേഖകളും ട്രാവൻകൂർ മാന്വലും സൂചിപ്പിച്ചിട്ടില്ല. ഭൂരിഭാഗവും തൊഴിലാളികളായതുകൊണ്ട് അവർ ആ ജീവിതത്തെ ഒതുക്കിക്കളയാനാണ് ശ്രമിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നു.
തെന്നിന്ത്യൻ കാടുകളിൽ ആ കാലത്ത് മനുഷ്യർ തിങ്ങിപ്പാർക്കാൻ ഏറെ സാധ്യതയുണ്ടെന്നും അവിടത്തെ പ്രകൃതി അതിനനുയോജ്യമായതാണെന്നും ഡച്ചിലെ ആന്ത്രോപോളജിസ്റ്റുകൾ കണ്ടെത്തിയിരുന്നു. അതുകൊണ്ട് മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ ഗവേഷണം തുടർന്നാൽ ഇതിന് തെളിവ് കിട്ടുമെന്ന് ചരിത്രപണ്ഡിതനായ കെ. കെ. പിള്ള തെന്നിന്ത്യൻ ചരിത്രവും സംസ്കാരവും എന്ന പുസ്തകത്തിൽ പറയുന്നു. തെന്നിന്ത്യയിലെ കാടുകളിൽ ഫലവർഗങ്ങളും മലയരുവികളും കൂടുതലുള്ളതുകൊണ്ട് തിന്നാനും കുടിക്കാനും ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയില്ല. അതുകൊണ്ട് ആദിമമനുഷ്യർ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടം തുടരാൻ ഏറ്റവും സാധ്യതയുള്ള മലനിരകളായിരുന്നു പശ്ചിമഘട്ട മലനിരകൾ. ഇവിടെ വേട്ടയാടിയും കൃഷികൾ ചെയ്തും കാടിന്റെ സ്വന്തം മക്കളായി ജീവിച്ചുവന്ന മുതുവാൻ, മണ്ണാൻ, മലയരയൻ, ഊരാളി തുടങ്ങിയ ഗോത്രവർഗ്ഗക്കാരെ തോക്ക് ചൂണ്ടി പേടിപ്പിച്ചിട്ടാണ് സമതലങ്ങൾ കണ്ടെത്തി തേയിലയും കാപ്പിയും കൊയ്നയും സായിപ്പന്മാർ കൃഷി ചെയ്തത്.
മൂന്നാർ മലനിരകളിൽ ആദ്യ തലമുറ തികച്ചും അടിമകളായിട്ടാണ് ജീവിച്ചത്. മഴക്കാലം എന്നാൽ ഉടുതുണിക്ക് മറുതുണിയില്ലാത്ത കാലം കൂടിയാണ്. വിറക് കത്തിക്കാനും ഭക്ഷണമുണ്ടാക്കാനും ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്ന കാലം. അതുകൊണ്ടു തന്നെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അടുത്ത മൂന്നു മാസത്തേക്കുള്ള വിറക് ശേഖരിച്ചുവെക്കുന്ന പതിവ് ഇന്നും മൂന്നാറുകാർ പിന്തുടരുന്നു. കാലവർഷം എന്നാൽ മൂന്നാറുകാരുടെ ചിന്തയിൽ എപ്പോഴും ഓടിയെത്തുന്നത് വിറക് മാത്രമായിരിക്കും. വിറകടുപ്പ് മാത്രമാണ് ഏക അഭയം. 1924 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങൾ മൂന്നാറിനെ അത്രമേൽ മുറിവേൽപ്പിച്ച മാസങ്ങളാണ്, ചരിത്രത്തിൽ ആ മാസങ്ങൾ ഇപ്പോഴും മറച്ചുവെക്കപ്പെട്ട കാലം കൂടിയാണ്.
സായിപ്പന്മാർ സ്ഥാപിച്ച ഏഴ് പാലങ്ങളിൽ അഞ്ചെണ്ണം പൂർണമായും തകർന്നു. പ്രശസ്തമായ വിക്ടോറിയ ബ്രിഡ്ജ് തകർന്നതോടെ ധാന്യപ്പുരകൾ വെള്ളത്തിനടിയിലായി.
അങ്ങനെ പറയാൻ ഒരുപാട് കാരണങ്ങളുണ്ട്. 1924 ജൂലൈ 16 ന് തുടർച്ചയായി പെയ്ത മഴ മൂന്നാർ എന്ന സങ്കല്പത്തെ അട്ടിമറിച്ചു. ചില്ലുകുപ്പി താഴെ വീണു ചിതറുന്ന പോലെയാണ് അന്ന് മൂന്നാർ ചിതറിപ്പോയത്. കമ്പനി കണക്ക് പ്രകാരം 7. 77 ഇഞ്ചോളം പെയ്ത മഴ ആദ്യം ബാധിച്ചത് ചെണ്ടുവര മേഖലയിലാണ്. ചെണ്ടുവരയിലെ മാനേജർ ബംഗ്ലാവ് രണ്ടായി പിളർന്നു. ഫാക്ടറി തകിടം മറിഞ്ഞു. 20 ലയങ്ങളിൽ വെള്ളം ചൂഴ്ന്നു. ദിവസങ്ങളോളം ചെണ്ടുവര എസ്റ്റേറ്റ് വെള്ളത്തിനടിയിലായി. അടുത്ത ദിവസങ്ങളിൽ ആ വെള്ളത്തിന്റെ അളവ് കൂടി. ഗുണ്ടലവേളിയിൽനിന്ന് ചിറ്റിവര, എല്ലപ്പെട്ടി, ചെണ്ടുവര എസ്റ്റേറ്റുകളെ ബന്ധിപ്പിക്കാൻ സായിപ്പന്മാർ സ്ഥാപിച്ച ഏഴ് പാലങ്ങളിൽ അഞ്ചെണ്ണം പൂർണമായും തകർന്നു. പ്രശസ്തമായ വിക്ടോറിയ ബ്രിഡ്ജ് തകർന്നതോടെ ധാന്യപ്പുരകൾ വെള്ളത്തിനടിയിലായി.
ഗുണ്ടലവേളിയിലെ നാല് റെയിൽവേ ട്രാക്കുകൾ മണ്ണിനടിയിലായി. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ചെണ്ടുവര, ചിറ്റിവര എസ്റ്റേറ്റുകളെ പൂർണമായും ഒറ്റപ്പെടുത്തി. ജനങ്ങൾക്ക് എന്തു സംഭവിച്ചു എന്ന് ബ്രിട്ടീഷ് രേഖകളും ട്രാവൻകൂർ മാന്വലും സൂചിപ്പിച്ചിട്ടില്ല. ഭൂരിഭാഗവും തൊഴിലാളികളായതുകൊണ്ട് അവർ ആ ജീവിതത്തെ ഒതുക്കിക്കളയാനാണ് ശ്രമിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നു. മറ്റൊരു മലയുടെ മുകളിൽ ഒറ്റ ദ്വീപ് പോലെ സ്ഥിതി ചെയ്തിരുന്ന ചോത്തുപ്പാറ, തെന്മല എസ്റ്റേറ്റുകളിൽ സമാന അവസ്ഥയായിരുന്നു. ഒരു മാസത്തോളം പെരുമഴ തുടർന്നു എന്നാണ് വളരെ ചെറുപ്പത്തിൽ എസ്റ്റേറ്റിലെത്തിയ അപ്പൂപ്പൻ പറയാറ്. അപ്പൂപ്പന് അന്നത്തെ കാലം കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല. കാരണം, അപ്പുറമുള്ള എസ്റ്റേറ്റുകളെയോ അവിടത്തെ തൊഴിലാളികളെയോ അപ്പൂപ്പന് അറിയുമായിരുന്നില്ല.
തൊഴിലാളികൾ ആ മഴയിൽ ഒറ്റപ്പെട്ടു. മരണം എത്രയാണെന്ന് കൃത്യമായ കണക്കില്ല.
മൂന്നാറിൽ വെള്ളപ്പൊക്കമുണ്ടായ സമയത്ത് ജീവിച്ചിരുന്ന എല്ലാവരുടെയും അവസ്ഥ ഇങ്ങനെയാണ്. അതുകൊണ്ട് അതിനെക്കുറിച്ച് ചോദിക്കുമ്പോൾ ‘യാർക്കു തെരിയും’ എന്ന് മാത്രമായിരിക്കും അവർ ഉത്തരം നൽകുക. ചിറ്റിവര എസ്റ്റേറ്റിൽ വലിയ നാശമുണ്ടായിരുന്നില്ല എന്നു മാത്രം പറയും. പൊതുവേ ഒരു എസ്റ്റേറ്റിൽ നിന്ന് അടുത്ത എസ്റ്റേറ്റിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ പോലും ഇടയില്ലാത്ത കാലഘട്ടമാണത്. മൂന്നാറിലുണ്ടായിരുന്ന 26 എസ്റ്റേറ്റുകളിലും സമാനമായ മഴ മാസങ്ങളോളം തുടർന്നു. കമ്പനി രേഖകളിൽ, ചോത്തുപ്പാറയിലാണ് തകർത്തു മഴ പെയ്തത്. മാത്രമല്ല ചെണ്ടുവരയിലെ രണ്ടുമൂന്ന് ലയങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ കഷ്ടപ്പെട്ടു രക്ഷിച്ചു എന്നുമുണ്ട്.
തൊഴിലാളികൾ ആ മഴയിൽ ഒറ്റപ്പെട്ടു. മരണം എത്രയാണെന്ന് കൃത്യമായ കണക്കില്ല. ഒറ്റപ്പെട്ട ഒരു ദ്വീപിനെ പോലെയാണ് ഒരോ ഡിവിഷനിലും തൊഴിലാളികൾ ജീവിച്ചത്.
സമാനമായി കണ്ണിമലയിലും പെരിവാരയിലും ചോത്തുപാറയിലും മറ്റു എസ്റ്റേറ്റുകളിലും മഴ പെയ്തിറങ്ങി. 17-ന് മഴ 10 മുതൽ 12 ഇഞ്ചുവരെ കൂടി. ആ മഴയിലാണ് മാട്ടുപ്പെട്ടി പൂർണമായും മുങ്ങിയത്. സായിപ്പന്മാർ രക്ഷപ്പെടുകയും മരിക്കുകയും ചെയ്തതുമാത്രം വിശ്വസാഹിത്യം പോലെ കമ്പനിക്കാർ രേഖപ്പെടുത്തി. പക്ഷേ തൊഴിലാളികൾക്ക് എന്ത് സംഭവിച്ചു എന്നും തൊഴിലാളികളുടെ അവസ്ഥ എന്തായിരുന്നു എന്നും കൃത്യമായി സൂചിപ്പിക്കുന്നില്ല. അന്നുവരെ റാഗിയും, കമ്പവും, ചോളവും മാത്രം തൊഴിലാളികൾക്ക് കൊടുത്തിരുന്ന സായിപ്പന്മാർ ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിച്ചിരുന്നവർക്ക് ബ്രഡും വെജിറ്റബിൾസും മട്ടനും കൊടുക്കാൻ ശ്രമിച്ചിരുന്നു എന്നെഴുതുമ്പോൾ ആ കാലഘട്ടത്തെ അവർ വെള്ളപൂശി മറയ്ക്കാൻ ശ്രമിച്ചത് ബോധ്യപ്പെടുന്നു.
മാട്ടുപ്പെട്ടി നഗരം പൂർണമായി മാഞ്ഞിട്ടും കമ്പനിയുടെ തെക്കൻ ഭാഗത്ത് ഇത്രയും വലിയ പ്രളയമുണ്ടായിട്ടും വെറും 30 കൂലികൾ മാത്രമാണ് മരിച്ചതെന്ന് കമ്പനി രേഖകൾ പറയുന്നു.
നല്ലതണ്ണി, പെരിയവര, പഴയ മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ പൂർണമായും തകർന്നു. മുതിരപ്പുഴ ആറ്റിൽ ഒഴുകിപ്പോയി. മൂന്നാർ എന്ന സങ്കല്പം മൂന്നുദിവസംകൊണ്ട് തകർന്നു. ജൂലൈ 17, 18 തീയതികളിലാണ് അത് സംഭവിച്ചതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. മാട്ടുപ്പെട്ടി നഗരം പൂർണമായി മാഞ്ഞിട്ടും കമ്പനിയുടെ തെക്കൻ ഭാഗത്ത് ഇത്രയും വലിയ പ്രളയമുണ്ടായിട്ടും വെറും 30 കൂലികൾ മാത്രമാണ് മരിച്ചതെന്ന് കമ്പനി രേഖകൾ പറയുന്നു. പള്ളിവാസൽ പവർ സ്റ്റേഷനും മൂന്നാർ ഫാക്ടറിയും മൂന്നാർ റെയിൽവേയും പൂർണമായും ഒഴുകി പോയിട്ടും കരിന്തിരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ പള്ളിവാസൽ പൂർണമായി തകർന്നിട്ടും എങ്ങനെയാണ് മരണം 30-ൽ ഒതുങ്ങിയത്?
മലയുടെ അപ്പുറവും ഇപ്പുറവുമുള്ള ജീവിതങ്ങളെ തൊഴിലാളികൾക്ക് പരിചയമില്ല. അന്യരെ അന്യദേശത്ത് കാണുന്ന പോലെയാണ് ഓരോ ഡിവിഷനിലുള്ളവരും മറ്റു ഡിവിഷനിലുള്ളവരെ കണ്ടിരുന്നത്. അത്രയും അടക്കമുറ ചട്ടങ്ങളാണ് മൂന്നാറിലുണ്ടായിരുന്നതെന്ന് എൻ്റെ അപ്പൂപ്പൻ പറയാറുണ്ട്. മാത്രമല്ല, എത്ര മഴ പെയ്താലും പണിയെടുപ്പിക്കും. ഇല്ലെങ്കിൽ കങ്കാണിമാർ മർദ്ദിക്കും. അപ്പൂപ്പന്റെ ഓർമ്മയിൽ 30 വർഷത്തിലേറെ എല്ലാ എസ്റ്റേറ്റുകളിലുമുള്ള തൊഴിലാളികൾ സമാന ജീവിതമാണ് നയിച്ചതെന്ന് ഇടയ്ക്കിടെ പറയും.
ഇത്രയും വലിയ ഒരു ഉരുൾപൊട്ടൽ ഉണ്ടായിട്ട് എങ്ങനെയാണ് ജനങ്ങൾ രക്ഷപ്പെട്ടത് എന്ന് ഒരു പിടുത്തവുമില്ല. ആയിരക്കണക്കിന് ആടും മാടും ആറ്റിൽ ഒഴുകിപ്പോയി. ആകെ ഉണ്ടായിരുന്ന ധാന്യങ്ങൾ എല്ലാം ആ മഴക്കാലം കൊണ്ടുപോയി.
പോയംകുട്ടി ഭാഗത്തുള്ള ചരിത്രപ്രശസ്തമായ കരിംതിരി മലയുടെ ഭാഗത്ത് വലിയ ഒരു ബാൻഡ് രൂപപ്പെട്ടിരുന്നു. പള്ളിവാസൽ എന്ന പട്ടണം തകർന്നടിഞ്ഞു. എത്ര തൊഴിലാളികൾ മരിച്ചുവെന്ന് കമ്പനിക്കാർ പറയുന്നില്ല. പക്ഷേ പവർഹൗസ് പ്രവർത്തനരഹിതമായി എന്ന് മാത്രമാണ് അവരുടെ രേഖകളിൽ സൂചിപ്പിക്കുന്നത്. ഇത്രയും വലിയ ഒരു ഉരുൾപൊട്ടൽ ഉണ്ടായിട്ട് എങ്ങനെയാണ് ജനങ്ങൾ രക്ഷപ്പെട്ടത് എന്ന് ഒരു പിടുത്തവുമില്ല. ആയിരക്കണക്കിന് ആടും മാടും ആറ്റിൽ ഒഴുകിപ്പോയി. ആകെ ഉണ്ടായിരുന്ന ധാന്യങ്ങൾ എല്ലാം ആ മഴക്കാലം കൊണ്ടുപോയി. ദേവികുളം ഭാഗത്ത് ബോഡിമെട്ടിനെ ബന്ധിപ്പിക്കുന്ന കാട്ടുപാതയായ ഗോൾസ് റോഡ് പൂർണമായും തകർന്നതോടെ ഗതാഗത സംവിധാനവും നിലച്ചുപോയി. അപ്പൂപ്പനും കൂട്ടരും ധാന്യങ്ങൾക്കുവേണ്ടി ടോപ് സ്റ്റേഷനെ സമീപിക്കുമ്പോഴാണ് മനസ്സിലായത് ഇവിടെ എന്തോ സംഭവിച്ചു തീർന്നു എന്നത്.
ആ കഥകൾ പറയുമ്പോൾ അപ്പൂപ്പന്റെ കണ്ണുകൾ നിറയാറുണ്ട്. ബ്രിട്ടീഷുകാരുടെ മാട്ടുവണ്ടി എന്നറിയപ്പെടുന്ന കാളവണ്ടി ഓടിച്ച് ചിറ്റിവരയിലെ ജനങ്ങൾക്ക് ധാന്യം എത്തിച്ചു കൊടുക്കുക, കൊളുന്തുകൾ ടോപ് സ്റ്റേഷനിൽ എത്തിക്കുക തുടങ്ങിയ പണികളാണ് അപ്പൂപ്പൻ ആ കാലഘട്ടത്തിൽ ചെയ്തിരുന്നത്. 1999 വരെ പൂർണ്ണ ആരോഗ്യവാനായി ജീവിച്ചിരുന്ന അപ്പൂപ്പന് ആസ്മയെ അതിജീവിക്കാൻ കഴിയാതെ രണ്ടായിരം ജൂലൈ പതിനാലാം തീയതി മരണത്തിന് കീഴടങ്ങേണ്ടി വന്നു. തിരുനെൽവേലി ജില്ലയിൽ നിന്നും മൂന്നാറിലേക്ക് എത്തിപ്പെട്ടിരുന്ന ചുടലമാടി കിളവിയും ഞങ്ങളുടെ ബാല്യക്കാലത്തിൽ ഇത്തരത്തിലുള്ള അവ്യക്തമായ ഓർമകൾ പറയാറുണ്ട്. പ്രളയം തകർന്നാടിയപ്പോൾ എന്ത് സംഭവിച്ചെന്ന് അറിയാതെയാണ് ദിവസങ്ങളോളം അവർക്ക് കഴിയേണ്ടി വന്നതെന്ന് മാത്രം വ്യക്തമാണ്.