​ഹൈറേഞ്ചിൽ എത്ര ഏക്കർ കമ്പനിക്ക് സ്വന്തം?
കണക്കുള്ള പാട്ടഭൂമി, കണക്കില്ലാത്ത കൈയേറ്റ ഭൂമി

ജെ.ഡി. മുൻട്രോ 2000 ഹെക്ടർ ഭൂമിയാണ് തിരുവിതാംകൂർ രാജാക്കന്മാരിൽ നിന്ന് പാട്ടത്തിനെടുത്തത്. കമ്പനി രൂപപ്പെട്ട് 30 വർഷത്തിനിടയിൽ ഒമ്പതിനായിരത്തിലേറെ ഹെക്ടർ തേയില ചെടികൾ നട്ടുപിടിപ്പിച്ചതായി ബ്രിട്ടീഷ് ഡോക്യുമെന്റ്സ് അടയാളപ്പെടുത്തുന്നു. ആവശ്യത്തിലേറെ ഭൂമി അനധികൃതമായി കമ്പനിക്കാർ കയ്യേറി

മലങ്കാട്- 22

യിരക്കണക്കിന് ഏക്കർ കൈവശപ്പെടുത്തിയ കമ്പനി കിട്ടിയ സ്ഥലത്തെല്ലാം തേയില ഞാറ്റുകൾ നട്ടു. ബ്രിട്ടീഷ് ഭൂനിയമം അനുസരിച്ച് തിരുവിതാംകൂറിലെ രാജാക്കന്മാർ അളന്നു തിട്ടപ്പെടുത്തിക്കൊടുത്തിടത്തായിരുന്നു കൃഷി. എങ്കിലും, ആവശ്യത്തിലേറെ ഭൂമി അനധികൃതമായി കമ്പനിക്കാർ കയ്യേറി. കൊടൈക്കനാലിൽനിന്ന് മുകളിലോട്ട് കേറി വന്ന കുരങ്ങണിപാതയിൽ ചിറ്റിവര എസ്റ്റേറ്റ് മുതൽ കരിന്തിരിമല സ്ഥിതി ചെയ്യുന്ന പോയംകുട്ടി കുട്ടമ്പുഴ പാത വരെയുള്ള മലകളിൽ അങ്ങോളമിങ്ങോളം തേയിലക്കാടുകളായിരുന്നു. 1845- കളിൽ തന്നെ സായിപ്പൻമാർ ഈ ദൗത്യം തുടങ്ങിയിരുന്നെങ്കിലും ചീങ്കൊയിന എന്നറിയപ്പെടുന്ന കാട്ടുകൊയിന മരങ്ങളായിരുന്നു ദേവികുളത്തിലും ലോഘാർട്ടിലും ചിറ്റിവരയിലും.

അവർ പയറ്റിയ തന്ത്രങ്ങൾ വിജയിച്ചതോടെ പിന്നീട് ആ മണ്ണും വനപ്രദേശവും വിട്ടുപോകൻ അവർക്ക് ഒരിക്കലും തോന്നിയില്ല. സ്‌കോട്ട്ലൻഡിൽ നിന്നെത്തിയ സായിപ്പന്മാരാണ് ഭൂരിഭാഗവും മൂന്നാറിൽ തമ്പടിച്ചത്. യൂറോപ്പിന് സമാനമായ കാലാവസ്ഥയാണ് അവരെ ആകർഷിച്ചത്. ഭൂനിരപ്പിൽനിന്ന് 3000- ത്തോളം അടി ഉയരത്തിലുള്ള മലകളിൽ എപ്പോഴും തണുപ്പായിരുന്നു. വേനലിൽ പോലും 15 ഡിഗ്രി സെൽഷ്യസിനു താഴെ.

1845- കളിൽ തന്നെ സായിപ്പൻമാർ ഈ ദൗത്യം തുടങ്ങിയിരുന്നെങ്കിലും ചീങ്കൊയിന എന്നറിയപ്പെടുന്ന കാട്ടുകൊയിന മരങ്ങളായിരുന്നു ദേവികുളത്തിലും ലോഘാർട്ടിലും ചിറ്റിവരയിലും.

ചിറ്റിവര എസ്റ്റേറ്റിന്റെ ഉടമസ്ഥനായിരുന്ന മാർട്ടിൻ സായിപ്പും അദ്ദേഹത്തിന്റെ മകളും മരുമകനും രണ്ടു തലമുറയോളം മൂന്നാറിൽ താമസിച്ചിരുന്നു. ബ്രിട്ടീഷുകാർ മൂന്നാർ വിട്ടുപോകണമെന്ന് മാർട്ടിൻ സായിപ്പ് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് മറ്റു സായിപ്പന്മാരെക്കുറിച്ചുള്ളതുപോലുള്ള കമ്പനി വാഴ്ത്തുകൾ മാർട്ടിൻ സായിപ്പിനെ കുറിച്ച് ചരിത്ര രേഖകളിൽ ഇല്ലാത്തത്. മാത്രമല്ല, 1924- ൽ പ്രളയം മൂന്നാറിനെ കവർന്നപ്പോൾ ബ്രിട്ടീഷ് കച്ചവടക്കാർ ഇവിടെ നിന്ന് വിട്ടുപോകും എന്നാണ് കരുതിയിരുന്നത്. മാർട്ടിൻ സായിപ്പ് മുൻകൈയെടുത്താണ് പ്രളയത്തിൽ തകർന്ന മൂന്നാറിനെ പുനർനിർമിച്ചത് എന്നാണ് മൂന്നാറിൽ പ്രചരിക്കുന്ന കഥകൾ സൂചിപ്പിക്കുന്നത്. മാർട്ടിൻ സായിപ്പിന്റെ പിൻഗാമിയായിരുന്ന അദ്ദേഹത്തിന്റെ മരുമകൻ ടോബി മാർട്ടിനായിരുന്നു റോഡുകൾ ക്രമീകരിച്ച് തകർന്നുപോയ മൂന്നാറിനെ വീണ്ടെടുത്തത്.

നാലു തലമുറകൾക്ക് മുമ്പുതന്നെ മൂന്നാറിലെത്തിയ ആ തൊഴിലാളികൾ കാലാവസ്ഥയും വൃത്തിയായ ജീവിതവും കൊണ്ടു മാത്രമാണ് അവിടെ പിടിച്ചുനിൽക്കുന്നത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും നഗരങ്ങളിലെ ചൂടും പൊടിയും ഒരു എസ്റ്റേറ്റ് തൊഴിലാളിക്ക് താങ്ങാൻ പറ്റില്ല.

ബക്കണൻ, ലീ, ഫ്രാൻസിസ്, ഷൂട്ടർ ബട്‌ലർ തുടങ്ങിയവരായിരുന്നു പഴയ മൂന്നാറിലെ ജനങ്ങളുടെ മനസ്സിലുള്ള സായിപ്പമാർ. ദേവികുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഷൂട്ടർ സായിപ്പും മാട്ടുപ്പെട്ടി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലീ സായിപ്പും മാർട്ടിൻ സായിപ്പും ടോബി മാർട്ടിനും മറ്റു എസ്റ്റേറ്റുകളിലും പ്രശസ്തരാണ്. ദേവി കുളത്ത് നാലു തലമുറകൾക്കുമുമ്പ് കുടിയേറിയ പാൽരാജ് ഷൂട്ടർ സായിപ്പിന്റെ ഭരണകാലം ഇന്നും ഓർക്കുന്നു. മാത്രമല്ല, പെരിയവരയിലെ ഫാക്ടറി ഡിവിഷനിൽ തൊഴിലാളിയായിരുന്ന റോസമ്മയും മാർട്ടിൻ സായിപ്പിനെ ഓർക്കുന്നു. മാർട്ടിൻ സായിപ്പ് വരുമ്പോൾ വഴിയിൽ ചപ്പുചവറുകൾ കണ്ടാലും അദ്ദേഹം തന്നെ അതെടുത്തുകളയും എന്നും അത്രയും വൃത്തിയായിട്ടാണ് ഭൂപ്രകൃതിയെ സംരക്ഷിച്ചത് എന്നും പറയുന്നുണ്ട്. റോഡുകളും ലൈൻസുകളും എപ്പോഴും വൃത്തിയായിരിക്കണമെന്ന നിർബന്ധവും മാർട്ടിൻ സായിപ്പിനുണ്ട്. തൊഴിലാളിക്കൂട്ടങ്ങളും അത്തരം കാര്യങ്ങളിൽ സായിപ്പന്മാരുടെ കൂടെ നിന്നു. അതുകൊണ്ടാണ് മൂന്നാറിലെ തൊഴിലാളികൾക്ക് മറ്റു സ്ഥലങ്ങളിൽ ജീവിക്കാൻ പറ്റാത്തതും. നാലു തലമുറകൾക്ക് മുമ്പുതന്നെ മൂന്നാറിലെത്തിയ ആ തൊഴിലാളികൾ കാലാവസ്ഥയും വൃത്തിയായ ജീവിതവും കൊണ്ടു മാത്രമാണ് അവിടെ പിടിച്ചുനിൽക്കുന്നത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും നഗരങ്ങളിലെ ചൂടും പൊടിയും ഒരു എസ്റ്റേറ്റ് തൊഴിലാളിക്ക് താങ്ങാൻ പറ്റില്ല. ഭക്ഷണത്തിലും വേറിട്ട ഒരു സംസ്കാരമാണ് അവരുടേത്. അതുകൊണ്ട് തമിഴ്‌നാട്ടിലേയും കേരളത്തിലേയും ഭക്ഷണരീതികൾ അവർക്ക് അന്യമാണ്. എസ്റ്റേറ്റുകാർക്ക് തനതായ ഭക്ഷണരീതിയുണ്ട്. എല്ലാ ഞായറാഴ്ചകളിലും മാംസം നിർബന്ധമാണ്. ഈ ശൈലി പണ്ട് വേട്ടയാടി ജീവിച്ച കാലം തൊട്ട് ശീലിച്ചതാണ്. മാൻ, കേളയാട്, കാട്ടുപോത്ത്, മുള്ളൻ പന്നി തുടങ്ങിയവയെ ആദ്യകാലങ്ങളിൽ സായിപ്പന്മാരും തൊഴിലാളികളും വേട്ടയാടി ഭക്ഷിച്ചിട്ടുണ്ട്. ആ കഥകൾ ആദ്യ തലമുറക്കാർ പറയാറുണ്ട്.

എറിക് ഫ്രാന്‍സിസ്

1924- നുമുമ്പ് ആദ്യ തലമുറ തമിഴ്‌നാട് തീരെ കണ്ടിട്ടില്ല. മരണമോ കല്യാണമോ മറ്റു ഒഴിവാക്കാൻ പറ്റാത്ത ചടങ്ങുകളോ ഉണ്ടെങ്കിൽ മാത്രമാണ് ഊർനാട് എന്നറിയപ്പെടുന്ന സ്വന്തം നാട്ടിലേക്ക് തൊഴിലാളികൾ പോകാറ്. 30, 35 കൊല്ലം കഴിഞ്ഞ് കമ്പനി കടം അടച്ചുതീർന്നശേഷം മാത്രമാണ് അവരിൽ ചിലർ തമിഴ്‌നാട്ടിലേക്ക് പോയി ബന്ധുക്കളെയും സ്വന്തം നാടും കണ്ടത്. 30 വർഷം മുമ്പ് അവർ വിട്ടുപോന്ന നാടായിരുന്നില്ല അപ്പോൾ അത്. അതുകൊണ്ടുതന്നെ സ്വന്തം നാട് അവർക്ക് അന്യമായിത്തീർന്നു. കമ്പനിക്കാരുടെ അനുവാദത്തോടെയും അവരുടെ അകമ്പടിയോടെയും അവർ നാട്ടിലേക്ക് പോകുകയും കങ്കാണിമാർ പറയുന്നതിനുമുമ്പു തന്നെ എസ്റ്റേറ്റിലേക്ക് തിരിച്ചുവരികയും ചെയ്തു. അങ്ങനെ, എസ്റ്റേറ്റ് ആണ് സ്വന്തം നാട് എന്ന് അന്നത്തെ തലമുറയിൽ പെട്ട ചിലർ കരുതിപ്പോന്നു. ഇന്നും അത് തുടരുന്നു. തണുത്ത കാലാവസ്ഥയോട് പൊരുത്തപ്പെട്ട അവരുടെ ശരീരവും മനസും അവരെ ആ മലങ്കാട്ടിലേക്ക് അനുനയിപ്പിച്ചു.

പണ്ടത്തെ തൊഴിലാളികൾ പറഞ്ഞ കണക്കുകളിൽനിന്ന് വ്യത്യസ്തമായി ഒന്നും ഹൈറേഞ്ചിൽ സംഭവിച്ചിട്ടില്ല. മാത്രമല്ല, സമാനമായ കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് വി.എസ്. അച്യുതാനന്ദൻ മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ ദൗത്യം ഏറ്റെടുത്തത്.

തമിഴ്‌നാട്ടിൽ നിന്ന് വീണ്ടും എസ്റ്റേറ്റിലേക്ക് തിരിച്ചെത്തിയ അമൃതം കെളവിക്ക് ആ കാലം നന്നായി ഓർമയുണ്ട്. രണ്ടാമത്തെ തലമുറയിൽ പെട്ട അമൃതം കെളവി എന്റെ അമ്മയുടെ അമ്മയാണ്. അവർ പറയും, തന്റെ അപ്പയും അമ്മയും സ്വന്തം ഊരിലേക്ക് പോയാൽ ​ചൂടും കൊതുകുകടിയും സഹിക്കാതെ ഉടൻ തിരിച്ചുവരുമെന്ന്, പിന്നീട് ഊരിലേക്ക് പോകാറുമില്ല. 2004-ൽ മരിക്കുമ്പോൾ അമൃതത്തിന് 80 വയസ് കഴിഞ്ഞിരുന്നു. അവരുടെ അമ്മ കുള്ളമ്മ ചെറുപ്പത്തിൽ പറഞ്ഞിരുന്ന കഥകൾ അമൃതം കെളവി ഞങ്ങളോടു പറയും. കുള്ളമ്മയും ഭർത്താവ് പൂങ്കായുമാണ് ഞങ്ങളുടെ തലമുറയിൽ ആദ്യമായി ചിറ്റിവര എസ്റ്റേറ്റിലേക്കെത്തിയത്. സമപ്രായക്കാരായിരുന്ന ലക്ഷ്മി കെളവിയും ചൊള്ളമാടി കെളവിയും മാടത്തി കെളവിയും പുഷ്പം കെളവിയും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നാണ് ചിറ്റിവര എസ്റ്റേറ്റിലെത്തിയത്. ചിറ്റിവര എസ്റ്റേറ്റിലെ സൗത്ത് ഡിവിഷനിൽ ജീവിച്ചിരിക്കുന്നവരിൽ കിട്ടണ്ണമ കെളവി തിരുനെൽവേലി ജില്ലയിൽ കയത്താറിലെ ഭാരതി നഗറിൽ ജീവിച്ചിരിപ്പുണ്ട്.

1921- ൽ കമ്പനിയുടെ കണക്കുപ്രകാരം ചൊക്കനാട് ആയിരുന്നു ഏറ്റവും വലിയ എസ്റ്റേറ്റ്. 761 ഏക്കർ കാടാണ് അവിടെയുണ്ടായിരുന്നത്. 90 വയസ്സുള്ള പാൽരാജിന് ഷൂട്ടർ സായിപ്പിനെക്കുറിച്ചും ചൊക്കനാട് എസ്റ്റേറ്റിനെക്കുറിച്ചും ഓർമയുണ്ട്. അന്ന് അച്ഛന്റെ കാലത്ത്, 25 ആൾക്കാരുമായി ചൊക്കനാട് നോർത്ത് ഡിവിഷനിലേക്ക് എത്തിയതാണ്. പിന്നീട് 25 പേരെ കൂടി കൊണ്ടുവന്നതുകൊണ്ട് അവർക്ക് കമ്പനി വീട് അനുവദിച്ചു. രണ്ട് തലമുറകളിലേറെയായി ആ വീട്ടിലാണ് അവർ താമസിച്ചിരുന്നത്. ചൊക്കനാടിന്റെ ചരിത്രത്തിൽ ഒരു തൊഴിലാളിക്ക് തനിച്ച് ബംഗ്ലാവ് പോലുള്ള വീട് അനുവദിച്ചത് ഒരുപക്ഷേ ഇവർക്കായിരിക്കും. കാരണം തൊഴിലാളികളുടെ എണ്ണം കൂടുന്തോറും കങ്കാണിമാരുടെ വിലയും കൂടുമായിരുന്നു. പൊന്നും വില കൊടുത്താണ് ആളുകളെ വാങ്ങിയിരിക്കുക.

758 ഏക്കർ കാടുളള മാട്ടുപ്പെട്ടിയാണ് വലുപ്പത്തിൽ രണ്ടാം എസ്റ്റേറ്റ്. ഏകാന്തരവും സോളമനും ആയിരുന്നു അവിടുത്തെ കാര്യങ്ങൾ പറഞ്ഞുതന്നത്. മാട്ടുപ്പെട്ടി ഒഴികെ ബാക്കിയുള്ള എസ്റ്റേറ്റുകളെല്ലാം കമ്പനിക്കാരുടെ കണക്കുകൾ പ്രകാരം 70-80 ഏക്കർ കാടുകൾ കുറവുള്ള എസ്റ്റേറ്റുകളാണ്. ഈ സോണലിൽ എല്ലപ്പെട്ടിയാണ് മൂന്നാമത്തെ വലിയ എസ്റ്റേറ്റ്. എല്ലപ്പെട്ടിയിൽ ഇത്രയും കാടുകൾ രൂപപ്പെടുത്തിയെടുത്തപ്പോൾ ദേവികുളം പോലെയുള്ള എസ്റ്റേറ്റുകളിലേക്ക് ആദ്യകാലത്ത് എത്തിയ തൊഴിലാളികളെയാണ് ഇവിടേക്ക് കൊണ്ടുവന്നത്.

ചൊക്കനാട് എസ്റ്റേറ്റ്

കുരങ്ങണി പാതയിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളികളിൽ ഭൂരിഭാഗവും എത്തിയത് കമ്പനിയുടെ ആദ്യകാല ഫാക്ടറിയുണ്ടായിരുന്ന ഈ എസ്റ്റേറ്റിലേക്കാണ്. അവിടെ ഫാക്ടറിയുടെയും മറ്റും കാര്യങ്ങൾ നോക്കാൻ ആൾക്കാരുടെ ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ് തട്ടാൻപാട് എന്ന തമിഴ്‌നാട് ഗ്രാമത്തിൽ നിന്ന് ദേവികുളത്ത് എത്തിയ കുള്ളൻ കങ്കാണിയും കുടുബവും എല്ലപ്പെട്ടി സെൻട്രൽ ഡിവിഷനിലേക്ക് കുടിയേറിയത്. വല്യമ്മയുടെ ഭർത്താവിന്റെ മുത്തശ്ശനാണ് കുള്ളൻ കങ്കാണി.

ആദ്യകാലത്ത് കമ്പനിയുടെ കൈവശമുണ്ടായിരുന്ന മറ്റു എസ്റ്റേറ്റുകളുടെ ഏക്കർ കണക്ക് ഇങ്ങനെയാണ്: പാർവതി- 661, മൂന്നാർ- 643, തെൻമല- 642, നല്ലതണ്ണി- 633 , ഗ്രാംസലന്റ്- 591, പെരിയവര- 562, ലക്ഷ്മി- 552, കല്ലാർ- 548,അപ്പർ വാഗുവര- 546, ശിവൻമല- 545, ലോവർ വാഗുവര- 545, ഗുണ്ടുമല- 507, നയമക്കാട്- 505, ചിറ്റിവര- 494, ഗൂഢാരവിളൈ- 470, കണ്ണിമല- 470 , നെറ്റിക്കുടി- 463, സോത്തുപ്പാറ- 441, ചെണ്ടുവര- 376, സൈലന്റ് വാലി- 371, ചോലമല- 294.

ഇവിടെനിന്ന് സുഗന്ധവസ്തുക്കളും തേക്കും മറ്റു വില കൂടിയ വസ്തുക്കളും കൂടാതെ മോണോസൈറ്റ്, ഇൽമനൈറ്റ് തുടങ്ങിയ ധാതുക്കളും വലിയ കപ്പലുകളിൽ യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും കൊണ്ടുപോയിരുന്നു.

ജെ.ഡി. മുൻട്രോ 2000 ഹെക്ടർ ഭൂമിയാണ് തിരുവിതാംകൂർ രാജാക്കന്മാരിൽ നിന്ന് പാട്ടത്തിനെടുത്തത്. കമ്പനി രൂപപ്പെട്ട് 30 വർഷത്തിനിടയിൽ ഒമ്പതിനായിരത്തിലേറെ ഹെക്ടർ തേയില ചെടികൾ നട്ടുപിടിപ്പിച്ചതായി ബ്രിട്ടീഷ് ഡോക്യുമെന്റ്‌സ് അടയാളപ്പെടുത്തുന്നു. കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ച കമ്പനിയുടെ വിവരങ്ങൾ പ്രകാരമാണ് ഈ കണക്ക്. പണ്ടത്തെ തൊഴിലാളികൾ പറഞ്ഞ കഥകളിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഹൈറേഞ്ചിൽ സംഭവിച്ചിട്ടില്ല എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല, സമാനമായ കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് വി.എസ്. അച്യുതാനന്ദൻ മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ ദൗത്യം ഏറ്റെടുത്തത്.

1924- നുമുമ്പ് ഇത്രയും എസ്റ്റേറ്റുകൾ മാത്രമാണ് കമ്പനിയുടെ കൈവശമുണ്ടായിരുന്നത്. മറ്റു എസ്റ്റേറ്റുകൾ പിന്നീട് രൂപപ്പെടുയെടുത്തവയാണ്. കടലാർ, ഗുണ്ടല, അരുവിക്കാട്, ദേവികുളം, പെരിയകനാൽ എസ്റ്റേറ്റുകൾ ആ കാലത്ത് തനി എസ്റ്റേറ്റുകളായി രൂപപ്പെട്ടിട്ടില്ലായിരുന്നു. ഗുണ്ടല എസ്റ്റേറ്റ് ചെണ്ടുവരയുമായും അരുവിക്കാട് മാട്ടുപ്പെട്ടിയുമായും ചേർന്നു കിടക്കുന്നതാണ്. പിന്നീടാണ് അവ തനി എസ്റ്റേറ്റുകളായി പ്രവർത്തിച്ചു തുടങ്ങിയത്. 1902-ൽ തന്നെ കമ്പനിക്ക് അധികക്കൂലികളെ ആവശ്യമുണ്ടായിരുന്നു. ആ കാലത്ത് കമ്പനിക്കാർ മറ്റൊരു തന്ത്രം പയറ്റി. തന്ത്രശാലിയായിരുന്ന മാർട്ടിൻ സായിപ്പ് തിരുച്ചിറപ്പള്ളിയിൽ ഒരു ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് സ്ഥാപിച്ചു. 1905- ൽ പ്രവർത്തനം തുടങ്ങി ആവശ്യത്തിലേറെ കൂലികളെ കിട്ടിത്തുടങ്ങിയതോടെ സായിപ്പ് മറ്റൊരു തന്ത്രവും പയറ്റി. കൂലികളെ ഏറെ കിട്ടുന്ന സ്ഥലമായ ശ്രീവില്ലിപുത്തൂരിലും റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ മറ്റൊരു ബ്രാഞ്ച് തുടങ്ങി. വെള്ളക്കാരുടെ കോട്ടൺ മില്ലുകളിലും റേസ് മില്ലുകളിലും മറ്റു സ്ഥാപനങ്ങളിലും കൂലിക്കായി അന്ന് നിരവധി പേർ എത്തിയിരുന്നു. ഭൂരിഭാഗവും ശങ്കരൻകോവിൽ, തിരുനൽവേലി, ശ്രീവിലി പുത്തൂർ, തൂത്തുക്കുടി, മണിയാച്ചി, കുറ്റാലം / സേത്തൂർ, വാസുദേവൻ നല്ലൂർ തുടങ്ങിയ ഭാഗങ്ങളിൽനിന്നായിരുന്നു. തമിഴ്‌നാട്ടിൽ പഞ്ഞകാലമായതോടെ തെക്കൻ ജില്ലകളിൽനിന്ന് ജനം കൂട്ടത്തോടെ പലായനം ചെയ്തു. അങ്ങനെയാണ് മാർട്ടിൻ സായിപ്പും സംഘവും തൊഴിലാളികളെ കെണിവെച്ച് പിടിച്ചത്. 1916- ൽ ബ്ലെയർ ഹിൽ എന്ന സായിപ്പും സമാന തന്ത്രം പയറ്റി. അയാൾ അവിടെ റേസ്മിൽ സ്ഥാപിച്ച് അവിടെ ജോലിക്കുവരുന്നവരെ പറ്റിച്ച് എസ്റ്റേറ്റിലെ ടീ കമ്പനിയിലേക്ക് കൊണ്ടുവന്നു.

1875- കളിൽ തന്നെ ടോപ്പ് സ്റ്റേഷൻ, ചിറ്റിവര, കൊരങ്ങണി മേഖലകളിൽ റോപ് വേ ഉണ്ടായിരുന്നു. / Photo: kdhptea.com

വടക്കൻ ജില്ലകളിൽ തുറമുഖങ്ങൾ പ്രവർത്തിക്കാൻതുടങ്ങിയതിനുമുമ്പുതന്നെ തെക്കൻ ജില്ലകളിൽ ചരിത്രപ്രസ്തമായ കൈർക്കൈ (Tutu Curan) തുറമുഖം പ്രവർത്തിച്ചുതുടങ്ങി. നൂറ്റാണ്ടുകൾക്ക് മുമ്പേ പാണ്ഡ്യ രാജാക്കൻമാരുടെ തുറമുഖമാണ് കൈർക്കൈ. ചിലപ്പതികാരത്തിലും അകനാനൂറ്, പുറനാനൂറ് തുടങ്ങിയ സംഘകൃതികളിലും ഈ തുറമുഖത്തെക്കുറിച്ച് പരാമർശമുണ്ട്. റോമാപുരി ഭരിച്ചിരുന്ന അഗസ്റ്റസ് രാജാവിന്റെ മുടിചൂടും ദിവസം ആഘോഷത്തിന് പാണ്ഡ്യ രാജാക്കൻമാരുടെ പ്രതിനിധികൾ കടൽമാർഗം ചെന്നിരുന്നു എന്ന് തെന്നിന്ത്യ ചരിത്രം എന്ന പുസ്തകത്തിൽ കെ.കെ. പിള്ള പരാമർശിക്കുന്നുണ്ട്. മാത്രമല്ല, നൂറ്റാണ്ടുകൾക്ക് മുമ്പേ തൂത്തുക്കുടി എന്നറിയപ്പെടുന്ന തുറമുഖത്തുനിന്നാണ് കടൽ വഴി വിദേശികൾ തമിഴ്‌നാട്, കേരള, കർണാടക, ആന്ധ്ര തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിലേക്ക് എത്തിയത്. സെന്റ് തോമസും, സെന്റ് സേവിയറും ഈ ഭാഗത്താണ് ആദ്യം എത്തിയത് എന്ന് പരാമർശമുണ്ട്. ഗൾഫ് ഓഫ് മന്നാർ എന്നറിയപ്പെടുന്ന ഈ ഭാഗം പേൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുത്തുകളും പവിഴപ്പാറകളും ധാരാളം കാണപ്പെടുന്ന ഈ ഭാഗത്ത് പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും മത്സരിച്ചാണെത്തിയത്. ഈ വഴിയിൽ നിന്നാണ് മറ്റുള്ള കടൽഭാഗങ്ങൾ തിരിച്ചറിഞ്ഞ് കേരളത്തിലേക്കും അറബിക്കടലിലെ മറ്റുള്ള ഭാഗങ്ങളിലേക്കും വിദേശികൾ എത്തിയത്. ഇവിടെനിന്ന് സുഗന്ധവസ്തുക്കളും തേക്കും മറ്റു വില കൂടിയ വസ്തുക്കളും കൂടാതെ മോണോസൈറ്റ്, ഇൽമനൈറ്റ് തുടങ്ങിയ ധാതുക്കളും വലിയ കപ്പലുകളിൽ യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും കൊണ്ടുപോയിരുന്നു. മൂന്നാറിലും നീലഗിരിയിലും വാൽപ്പാറയിലും കൃഷി ചെയ്ത ആയിരക്കണക്കിന് ടൺ തേയില ലോകമെമ്പാടും എത്തിച്ചതും ഇങ്ങനെയാണ്. 1875- കളിൽ തന്നെ ടോപ്പ് സ്റ്റേഷൻ, ചിറ്റിവര, കൊരങ്ങണി മേഖലകളിൽ റോപ് വേ ഉണ്ടായിരുന്നു. എസ്റ്റേറ്റുകൾ രൂപപ്പെടുത്തി എടുക്കുന്ന ആ സമയത്തുതന്നെ ഭക്ഷ്യവസ്തുക്കൾ മുകളിലേക്ക് എത്തിക്കാൻ സായിപ്പന്മാർ റോപ്പുകൾ സ്ഥാപിച്ചിരുന്നു. 1900- കാലത്ത് തേയില കച്ചവടം ചൂടുപിടിച്ചതോടെ അത്തരം റോപ്പ് വേകളെ വികസിപ്പിച്ചെടുത്തുവെന്നുമാത്രം.

(തുടരും)

Comments