ഞങ്ങൾ, നാലാം തലമുറയുടെ, മൂന്നാർ

‘‘ഞങ്ങൾ, നാലാം തലമുറക്കാർ, അച്ഛനമ്മമാരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. ജോലിക്ക് പോകാൻ ഞങ്ങളെ ആരും നിർബന്ധിച്ചില്ല. പകരം, പഠിക്കാനാണ് അച്ഛനമ്മമാർ നിർബന്ധിച്ചത്’’- പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്ന ആത്മകഥ തുടരുന്നു.

മലങ്കാട്- 42

ഴിഞ്ഞ കാലങ്ങളിൽ കേരളീയ പൊതുസമൂഹത്തിനുണ്ടായ ചിന്താപരവും സാമൂഹ്യശാസ്ത്രപരവുമായ മാറ്റങ്ങൾ മൂന്നാറിലെ മനുഷ്യരിലേക്ക് എത്തിയില്ല. ഇവിടെയുള്ള തൊഴിലാളികൾ അപ്പോഴും അടിമ ജീവിതം തുടർന്നു. ബ്രിട്ടീഷ് കച്ചവടക്കാർ നാടുവിട്ടുപോയ 70 കൾക്കു ശേഷവും മൂന്നാറിന്റെ പൊതുസമൂഹത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല.
മൂന്നാം തലമുറക്കാരിൽ വിദ്യാഭ്യാസം പാതിയിൽ മുറിഞ്ഞപ്പോൾ വീണ്ടും ഒരു അടിമസമൂഹം സൃഷ്ടിക്കപ്പെട്ടു. അവർ രണ്ട് തലമുറകളെപ്പോലെ തന്നെ ജീവിക്കാൻ തുടങ്ങി. മരുന്നടി, കവാത്ത്, ഞാറുനടൽ, കള പറിക്കൽ തുടങ്ങിയ ജോലികൾ ചെയ്ത് ജീവിതം കഴിച്ചുകൂട്ടി. ഉപജീവനത്തിന് തേയിലക്കാടിനെ മാത്രം ആശ്രയിച്ച് ജീവിച്ചപ്പോഴും വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന മക്കൾ അവരിൽ പ്രതീക്ഷയായി വളർന്നു.

മൂന്നാറിന്റെ മധ്യഭാഗത്തു​നിന്ന്, പരിമിതമായ ഗതാഗത സൗകര്യങ്ങളുപയോഗിച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും നഗരങ്ങളിലേക്ക് അവർ വിദ്യാഭ്യാസത്തിനായി പോയി. മാത്രമല്ല, ടാറ്റാ ടീ എസ്റ്റേറ്റുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയതോടെ മുതലാളിമാരുടെ മക്കൾ ഹൈറേഞ്ച് സ്കൂളുകളിൽ പഠനം തുടർന്നു. എൻട്രൻസിലൂടെയായിരുന്നു പ്രവേശനം. മിക്കവാറും എസ്റ്റേറ്റ് മാനേജർ, അസിസ്റ്റൻറ് മാനേജർ, ഫീൽഡ് ഓഫീസർ, കമ്പനിയുടെ വിശ്വസ്തരായ മറ്റ് ഉദ്യോഗസ്ഥർ, പണിക്കാർ തുടങ്ങിയവരുടെ മക്കൾ മാത്രമാണ് ഹൈറേഞ്ച് സ്കൂളിൽ പഠിച്ചിരുന്നത്. തൊഴിലാളികളുടെ മക്കൾ വിരലിലെണ്ണാവുന്നവർ മാത്രം.

1975 നു ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകളിൽ മൂന്നാറിൽ വലിയ മാറ്റങ്ങളുണ്ടായി. ഈ കാലത്താണ് വികസനവും വിദ്യാഭ്യാസവും ചർച്ചയാകുന്നത്. Photo: flickr/ jodiel

1975 നു ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകളിൽ മൂന്നാറിൽ വലിയ മാറ്റങ്ങളുണ്ടായി. ഈ കാലത്താണ് വികസനവും വിദ്യാഭ്യാസവും ചർച്ചയാകുന്നത്. നല്ലതണ്ണി, ചൊക്കനാട്, പെരിയവര, കന്നിമല തുടങ്ങി മൂന്നാറിന്റെ ഹൃദയഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന എസ്റ്റേറ്റുകളിൽ തൊഴിലാളികളുടെ ജീവിതം കുറച്ചെങ്കിലും മെച്ചപ്പെട്ടു. ഒരേ എസ്റ്റേറ്റിൽ, ഒരേ ഡിവിഷനുകളിൽ ജീവപര്യന്തം ജീവിച്ചുതീർത്തിരുന്ന തൊഴിലാളികൾ അങ്ങോളമിങ്ങോളം പുതിയ ബന്ധങ്ങളുണ്ടാക്കി. ഇതിന് കമ്പനിയുടെ ഭാഗത്തുനിന്ന് തടസങ്ങളുണ്ടായില്ല.

ക്രമേണ തൊഴിലാളികൾക്ക് ഒരു ദിവസം, അഞ്ചും ഏഴും പത്തും രൂപയ്ക്കു പകരം 30 രൂപ ശമ്പളം കിട്ടാൻ തുടങ്ങി. ഈ തുകയിലെത്താൻ 20 വർഷം പണിയെടുക്കേണ്ടിവന്നു

ബ്രിട്ടീഷുകാരുടെ കാലത്ത് ഒരു ഡിവിഷനിൽ നിന്ന് മറ്റൊരു ഡിവിഷനിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല എന്ന് ഞങ്ങളുടെ മുത്തശ്ശന്മാർ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇന്ത്യൻ പ്ലാന്റേഷൻ ലേബർ ആക്ട് അനുസരിച്ച് ലാഭമുണ്ടാക്കുന്ന എസ്റ്റേറ്റുകളിലും നഷ്ടത്തിലോടുന്ന എസ്റ്റേറ്റുകളിലും ഒരേ പോലെയായിരുന്നു വേതനം. മൂന്നാർ എന്നും ലാഭത്തിലോടുന്ന എസ്റ്റേറ്റ് ആയിരുന്നു. നഷ്ടം എന്നത് ടാറ്റാ ടീ കമ്പനിക്ക് എന്നും അകലെയായിരുന്നു. ആധുനിക വണ്ടികളുടെ വരവോടെ തേയില ഫാക്ടറികളുടെ പ്രവർത്തനം മെച്ചപ്പെട്ടു. മഞ്ഞയും ഗ്രേ കളർ പെയിന്റും അടിച്ച ട്രാക്ടറുകൾ മൂന്നാറിലെ തേയിലക്കാടുകളുടെ മുഖമുദ്രയായി. ലോകത്തിൽ ഈ കളർ ട്രാക്ടർ ഉപയോഗിച്ച് കൊളുന്ത് കൊണ്ടുപോകുന്ന ഏക സ്ഥലമായിരിക്കാം മൂന്നാർ. ട്രാക്ടറുകളുടെ സഞ്ചാരത്തിലൂടെ സമയം കൃത്യമായി മനസ്സിലാക്കുന്ന രീതിയിലേക്ക് മൂന്നാർ തൊഴിലാളികളുടെ ജീവിതം മാറി. ചിറ്റിവര, ചെണ്ടുവര, എല്ലപ്പെട്ടി, ഗുണ്ടല എസ്റ്റേറ്റുകളിലെ കൊളുന്തുകൾ ചെണ്ടുവര സൂപ്പർ ഫാക്ടറിയിലേക്ക് എത്തിച്ചു. നല്ലതണ്ണി എസ്റ്റേറ്റിൽ, ടാറ്റയുടെ മദ്ധ്യ കേന്ദ്രമായി പ്രവർത്തിച്ച ഐ.ടി.ഡി എന്നറിയപ്പെടുന്ന ഇൻസ്റ്റൻറ് ടീ ഡിവിഷൻ ലോകപ്രശസ്തമായ തേയിലകളെല്ലാം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കേന്ദ്രമായി മാറി. ഇപ്പോൾ ഇവിടെ ടാറ്റാ ടീയുടെ ടീ മ്യൂസിയമാണ്.

ക്രമേണ തൊഴിലാളികൾക്ക് ഒരു ദിവസം, അഞ്ചും ഏഴും പത്തും രൂപയ്ക്കു പകരം 30 രൂപ ശമ്പളം കിട്ടാൻ തുടങ്ങി. ഈ തുകയിലെത്താൻ 20 വർഷം പണിയെടുക്കേണ്ടിവന്നു എന്നാണ് വല്യച്ഛനും വല്യമ്മയും പറയുന്നത്. എങ്കിലും വിലക്കയറ്റം തൊഴിലാളികളെ വൻതോതിൽ ബാധിച്ചില്ല. കാരണം, വീടിനടുത്ത് പറമ്പുകളിൽ സ്വന്തമായി കൃഷി ചെയ്തിരുന്നു. പച്ചക്കറികളാണ് അവരുടെ ജീവിതത്തെ സംരക്ഷിച്ചുനിർത്തിയത്. തൊട്ടടുത്ത പാടങ്ങളിൽ വിളയുന്ന പച്ചക്കറിയും മറ്റു സാധനങ്ങളും അയൽ വീടുകളിലും കൂട്ടുകാരായ തൊഴിലാളികൾക്കും കൊടുത്തും പരസ്പരം കൈമാറിയും ജീവിക്കുന്നതാണ് മൂന്നാറുകാരുടെ ജീവിതശൈലി.

ആധുനിക വണ്ടികളുടെ വരവോടെ തേയില ഫാക്ടറികളുടെ പ്രവർത്തനം മെച്ചപ്പെട്ടു. മഞ്ഞയും ഗ്രേ കളർ പെയിന്റും അടിച്ച ട്രാക്ടറുകൾ മൂന്നാറിലെ തേയിലക്കാടുകളുടെ മുഖമുദ്രയായി.

നൂറ്റാണ്ടുകളായി ഒരു മാറ്റവുമില്ലാതെ തുടർന്ന അവരുടെ ജീവിതത്തിൽ, 2000 വരെ ഇത്തരം ചെറിയ ചില മാറ്റങ്ങളുണ്ടായി. ദിവസക്കൂലി വർദ്ധനവിന്റെ ഇടവേള 50 വർഷത്തിൽ നിന്ന് അഞ്ചു വർഷമായി ചുരുങ്ങി. ഇ.എൽ.സിയുടെ കൃത്യമായ ഇടപെടൽ കൊണ്ടാണ് തൊഴിലാളികൾക്ക് കൂലി വർദ്ധനവുണ്ടായതെന്ന് പണ്ടത്തെ തൊഴിലാളികൾ പറയുന്നു. 1967-ൽ എസ്റ്റേറ്റ് ജോലിക്ക് കയറിയ എൻ്റെ വല്യമ്മയ്ക്ക് അന്ന് കിട്ടിയിരുന്ന ശമ്പളം 2.25 രൂപയാണ്. തേയിലക്കാട്ടിൽ ആദ്യകാലങ്ങളിൽ ആൺ പെൺ വിഭജനമുണ്ടായിരുന്നു. ആൺ തൊഴിലാളികൾക്ക് രണ്ടര രൂപയായിരുന്നു ശമ്പളം, സൂപ്പർവൈസർമാർക്ക് മൂന്നു രൂപയും. അന്ന് പുരുഷന്മാർ മാത്രമാണ് സൂപ്പർവൈസർമാർ. 1970- ൽ ശമ്പളം അഞ്ചു രൂപയും 75-ൽ പത്തു രൂപയും 80- കളിൽ 12 രൂപയും 90- കളിൽ 25 രൂപയും രണ്ടായിരത്തിൽ 80 രൂപയും 2002-ൽ 90 രൂപയും ആയി ദിവസക്കൂലി.

ഞാനും ചേട്ടനും കങ്കാണിമാരുടെ വീടുകളിലേക്ക് ടി.വി കാണാൻ പോകും. ഞായറാഴ്ച വൈകീട്ട് സിനിമ കാണാൻ 50 പൈസ വച്ച് പിരിക്കും. മാക്സിമം വീട് നിറയുന്നതുവരെ ആൾക്കാരെ അകത്തേക്ക് കയറ്റിവിടും.

തൊഴിലാളികൾ സ്വന്തമായി സബ് കോൺട്രാക്ട് എടുത്ത് പണി ചെയ്യാൻ തുടങ്ങി. എസ്റ്റേറ്റിലെ തേയില ഫാക്ടറികൾക്കുവേണ്ടി നട്ടു വളർത്തിയ മരങ്ങൾ മുറിച്ച് ഫാക്ടറിയിലെത്തിക്കാനുള്ള ഉപ കരാറുകൾ കമ്പനിക്കാർ നൽകി. ഒരു മീറ്ററിന് 5 രൂപ നിരക്കിൽ മരങ്ങൾ വെട്ടി തുടങ്ങി. അങ്ങനെ, ആദ്യമായി മറ്റൊരു തൊഴിലിലും തങ്ങൾ ഇടപെടുന്നു എന്ന ബോധം അവർക്ക് വന്നുതുടങ്ങി.
ചാരുകട്ട കോൺട്രാക്ട് എന്നാണ് ഈ ജോലി അറിയപ്പെട്ടിരുന്നത്. ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു. അച്ഛൻ ഇത്തരം പണികൾ ചെയ്തിട്ടുണ്ട്. തേയില പൊടിച്ച് വരുന്ന സമയത്ത് ഉണ്ടാവുന്ന ചെറിയ കുച്ചുകളെ അകറ്റാൻ കുച്ചി പെറക്കൽ കോൺട്രക്ട് എന്നാണ് അറിയപ്പെട്ടത്. അന്ന് എസ്റ്റേറ്റിൽ വലിയ തോതിൽ ബുൾഡോസർ എത്താത്തതുകൊണ്ട് വലിയ മരങ്ങളുടെ വേരുകൾ മണ്ണിനടിയിൽ നിന്ന് പിഴുതെഴുടുക്കുന്ന പണി മാസങ്ങളോളം തൊഴിലാളികളാണ് ചെയ്തിരുന്നത് എന്ന് ആലോചിക്കാൻ വയ്യ. ടാറ്റാ ടീ ഏറ്റെടുത്തപ്പോഴും അത് തൂർ തോണ്ടൽ കോൺട്രാക്ട് എന്നറിയപ്പെട്ടു. പിന്നീട് നാത്തുകുച്ച് വെട്ടൽ കോൺട്രാക്ട് ആയി. പുതിയതായി സൃഷ്ടിക്കുന്ന കാടുകളിലെ ഞാറ്റുകളെ സംരക്ഷിക്കാനുള്ള കുറ്റികളെയാണ് നാത്തു കമ്പ് അല്ലെങ്കിൽ നാത്തു കുച്ചി എന്നു പറയുന്നത്.
റോദ കോൺട്രാക്റ്റ് ഫാക്ടറികളിൽ 24 മണിക്കൂറും റോദ അടുപ്പിന് കട്ടകളും തടികളും വിറകുകളും ഇട്ടുകൊടുക്കാനുള്ള ജോലിയാണ്. ആ റോദകളിലാണ് തേയില വാട്ടുക. ഈ കോൺടാക്ട് ചെയ്യുന്നവരെ റോദ കോൺട്രാക്ടർ എന്നാണ് വിളിക്കുന്നത്. തുച്ഛമായ കൂലിക്കാണ് ഇത്തരം കോൺട്രാക്ടുകളിൽ ഞങ്ങളുടെ ആൾക്കാർ ജോലി ചെയ്തു വരുന്നത്. ഒരേസമയം തൊഴിലാളിയെ സുഖിപ്പിച്ച് അവരുടെ അധ്വാനം ഊറ്റിയെടുക്കലാണ് ഇത്തരം കോൺട്രാക്ടുകൾ കൊണ്ട് കമ്പനി ചെയ്തത്. നിഷ്കളങ്കരായ തൊഴിലാളികൾ ആ തന്ത്രത്തിന് വഴങ്ങി. നിശ്ചയിച്ച ജോലി സമയമായ എട്ടു മണിക്കൂറിനുശേഷം ഇത്തരം പണികൾ ചെയ്താൽ ജീവിതം കുറച്ചെങ്കിലും മെച്ചപ്പെടുത്താൻ പറ്റും എന്ന് ഞങ്ങളുടെ ആൾക്കാർ കരുതി. അതുകൊണ്ടാണ് ഒരു ദിവസം മുഴുവൻ പണിയെടുക്കാൻ അവർ തയ്യാറായത്. മക്കളെ പഠിപ്പിച്ച് നല്ല ജോലിയിലേക്ക് എത്തിക്കണം എന്ന വാശിയോടെയാണ് അവർ അധിക ജോലി ചെയ്തത്. പക്ഷേ, ഭൂരിഭാഗം തൊഴിലാളികൾക്കും വലിയ മെച്ചമുണ്ടായില്ല.

representative image

ഈ സംവിധാനത്തെ ലെന്റ് പേര് എന്നാണ് തൊഴിലാളികൾ വിളിക്കുന്നത്. അതായത്, മറ്റു വർക്കുകൾ ചെയ്യുന്നവർക്ക് ശമ്പളം നൽകുന്ന രീതിയാണ് ലെന്റ് പേര്. തൊഴിലാളികൾ നല്ല രീതിയിൽ പറ്റിക്കപ്പെട്ട ഒരു കാലമായിട്ടാണ് എനിക്ക് ആ സമയത്തെ വിലയിരുത്താനാകുന്നത്. എങ്കിലും 20 രൂപയിൽനിന്ന് ശമ്പളം 30 രൂപയാകുമ്പോൾ നേരിയ ആശ്വാസം തൊഴിലാളിക്ക് തോന്നും എന്നും പറയാം. ഈ തോന്നിപ്പിക്കലാണ് മുതലാളിത്വത്തിന്റെ തന്ത്രം.

ഒരു ഷിഫ്റ്റ് എട്ടു മണിക്കൂറാണ്, കൂലി 20 രൂപ. അടുത്ത എട്ടുമണിക്കൂർ കൂടി ജോലി ചെയ്താൽ കിട്ടേണ്ടത് 40 രൂപയാണ്. പക്ഷേ, ശരിക്കും കൊടുത്തിരുന്നത് 30 രൂപയാണ്. സാലറി സ്ലിപ്പിൽ ശമ്പളം നൽകാറില്ല. മൂന്ന് മടങ്ങ് കൂടുതൽ പണിയെടുത്താൽ പത്തോ പതിനഞ്ചോ രൂപ മാത്രമാണ് കൂടുതൽ കിട്ടുക.

ടി.വി വന്നതോടെ എസ്റ്റേറ്റിലെ ജീവിതങ്ങൾ മാറിത്തുടങ്ങി. തമിഴ് ചാനലുകളായിരുന്നു കൂടുതലും കിട്ടിയിരുന്നത്. 1996-ൽ സൺ കേബിൾ കണക്ഷൻ വന്നതോടെ ഏഷ്യാനെറ്റും സൂര്യയുംസൺ ടിവിയും എസ്.സി.വി ചാനലും കിട്ടാൻ തുടങ്ങി.

സ്വന്തമായി പശുക്കളുള്ളവർ സൊസൈറ്റിക്ക് പാൽ കൊടുത്തും ഡോക്ടർമാരുടെയും മറ്റ് കമ്പനി സ്റ്റാഫുകളുടെയും വീടുകളിൽ പാൽ എത്തിച്ചും ഉപജീവന മാർഗ്ഗം തേടിയിരുന്നു. എന്റെ കുഞ്ഞുനാളിൽ അമ്മൂമ്മ അവിടുത്തെ ഡോക്ടറുടെയും ഓഫീസ് ക്ലർക്കുമാരുടെയും നഴ്സുമാരുടെയും വീടുകളിലേക്ക് കുപ്പികളിൽ പാല് കൊണ്ടുപോകുന്നത് ഓർക്കുന്നുണ്ട്. ഡോക്ടർ വീട്ടിലേക്ക് ചെല്ലുമ്പോൾ, ഞങ്ങളെ നന്നായി പഠിപ്പിക്കണമെന്ന് അവർ അമ്മൂമ്മയോട് പറയും. ഞങ്ങൾക്ക് മിഠായിയും പലഹാരങ്ങളും തരും. അങ്ങനെയാണ് ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന വിജയകുമാർ എന്ന സ്റ്റാഫിനെ ഞങ്ങൾ പരിചയപ്പെടുന്നത്. അദ്ദേഹം ഞങ്ങളെ സ്വന്തം കുട്ടികളെ പോലെ സൽക്കരിക്കും. ഞാനും ചേട്ടനും അളിയനും രണ്ടു സുഹൃത്തുക്കളും മിക്കവാറും അദ്ദേഹത്തിന്റെ വീട്ടിലാണുണ്ടാകുക. അങ്ങനെയാണ് 25 വർഷം മുമ്പ് ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ ആദ്യമായി ടി.വി കാണുന്നത്. ഒനിഡയായിരുന്നു അന്ന് എസ്റ്റേറ്റുകളിലെ പ്രമുഖ ബ്രാൻഡ്. പിന്നീട് കാർട്ട് ലൈൻ എന്നൊരു ബ്രാൻഡ് വന്നു. തൊഴിലാളികളുടെ വീട്ടിൽ 90-കളിൽ ടി.വി അപൂർവ്വമാണ്. കങ്കാണിമാരുടെയും ഉ​ദ്യോഗസ്ഥരുടെയും വീട്ടിലാണ് ടി.വി ഉണ്ടാവുക.

സ്വന്തമായി പശുക്കളുള്ളവർ സൊസൈറ്റിക്ക് പാൽ കൊടുത്തും ഡോക്ടർമാരുടെയും മറ്റ് കമ്പനി സ്റ്റാഫുകളുടെയും വീടുകളിൽ പാൽ എത്തിച്ചും ഉപജീവന മാർഗ്ഗം തേടിയിരുന്നു. Photo: flickr / MP Chandrasekharan

ഞാനും ചേട്ടനും കങ്കാണിമാരുടെ വീടുകളിലേക്ക് ടി.വി കാണാൻ പോകും. ഞായറാഴ്ച വൈകീട്ട് സിനിമ കാണാൻ 50 പൈസ വച്ച് പിരിക്കും. മാക്സിമം വീട് നിറയുന്നതുവരെ ആൾക്കാരെ അകത്തേക്ക് കയറ്റിവിടും. കൊടയ്ക്കനാൽ എന്നറിയപ്പെടുന്ന ആ ഡിഷ് എപ്പോഴും കിട്ടാറില്ല. ചില സമയത്ത് അതിവേഗം കാറ്റടിക്കുമ്പോൾ പ്രവർത്തിക്കില്ല. സിനിമയേക്കാൾ കൂടുതൽ ഞങ്ങൾ കണ്ടിട്ടുള്ളത് കുത്തു പുള്ളികളാണ്. 1997- ൽ മദർ തെരേസ മരിച്ചതും ഡയാന മഹാറാണി അപകടത്തിൽ പെട്ടതും കൂട്ടുകാരന്റെ വീട്ടിൽ നിന്നു കണ്ട ന്യൂസുകളിൽ ഇന്നും ഓർക്കുന്നു.

ടി.വി വന്നതോടെ എസ്റ്റേറ്റിലെ ജീവിതങ്ങൾ മാറിത്തുടങ്ങി. തമിഴ് ചാനലുകളായിരുന്നു കൂടുതലും കിട്ടിയിരുന്നത്. 1996-ൽ സൺ കേബിൾ കണക്ഷൻ വന്നതോടെ ഏഷ്യാനെറ്റും സൂര്യയും സൺ ടിവിയും എസ്.സി.വി ചാനലും കിട്ടാൻ തുടങ്ങി. ആ കാഴ്ചകൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. വെള്ളിയാഴ്ചകളിൽ ഒളിയും ഒലിയും എന്ന പരിപാടിയിൽ സിനിമാപാട്ടുകൾ കാണാം. 1995- ൽ റോജ എന്ന സിനിമ ഡി.ഡി തമിഴ് വേർഷനിൽ കണ്ടതായി ഓർക്കുന്നു.
ഞങ്ങളുടെ ചെറുപ്പത്തിൽ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന വി.സി ആർ ഉപയോഗിച്ച് തിരശ്ശീല കെട്ടി സിനിമ പ്രദർശിപ്പിക്കുമായിരുന്നു. മിക്കവാറും ശനിയാഴ്ച രാത്രികളിലും ഞായറാഴ്ച രാവിലെയുമായിരുന്നു സിനിമാപ്രദർശനം. ടി.വി വരുന്നതിനുമുമ്പ് തൊഴിലാളികളുടെ ആ​ശ്രയം ഈ വി.സി.ആറുകളായിരുന്നു.

‘ടെംപററി’ എന്ന വാക്ക് ഇന്ന് തമാശയായി തോന്നുമെങ്കിലും അന്ന് ഓരോ തൊഴിലാളിയെയും മുറിവേൽപ്പിക്കുന്നതായിരുന്നു ആ വിശേഷണം. അമ്മ എസ്റ്റേറ്റിൽ ‘ടെംപററി’ ജോലിക്കാരിയായിരുന്നു.

അച്ഛനും വല്യച്ഛനും ചെറിയച്ഛനും മേസ്തിരി പണിക്കാരായിരുന്നു. അവർക്ക് ചൗക്ക ബെൽറ്റ് അതിർത്തിയിൽ മൂന്നുനാല് വീടുകൾ കമ്പനിക്കാർ പണിതു നൽകി. ആ വീടുകൾ ഇപ്പോൾ പൂർണമായി നശിച്ചു. അവിടെയാണ് ഞാനും ചേച്ചിയും ചേട്ടനും ജനിച്ചത്. എസ്റ്റേറ്റുമായി വലിയ ബന്ധമില്ലാത്ത ഞങ്ങളുടെ ജീവിതം ആ മേസ്തിരി വീട്ടിലാണ് തുടങ്ങിയത്. അച്ഛൻ മേസ്തിരി തൊഴിലിൽ നിന്ന് പൂർണമായി മാറിയപ്പോൾ അമ്മ കമ്പനിയിൽ ജോലി ചെയ്യാൻ തയ്യാറായി. അങ്ങനെയാണ് ഒരു കിച്ചൻ വീട് ഞങ്ങൾക്ക് കിട്ടുന്നത്. അവിടെ ഞങ്ങൾ ആറു പേരും കിടന്നുറങ്ങുകയും ജീവിക്കുകയും ചെയ്തു. ഏറെ കാലം കിച്ചനിലും വലിയ വീട് എന്നറിയപ്പെടുന്ന ഒറ്റ മുറി വീട്ടിലുമാണ് ഞങ്ങൾ കഴിഞ്ഞുകൂടിയത്. ഏറെ ബുദ്ധിമുട്ടുള്ള ദിവസങ്ങളായിരുന്നു അവ എന്ന് ഞങ്ങൾക്ക് അന്ന് തോന്നിയിരുന്നില്ല. കാരണം സമാന ജീവിതമായിരുന്നു എല്ലാ തൊഴിലാളികളുടേതും. എസ്റ്റേറ്റിൽ ‘ടെംപററി’ തൊഴിലാളികളെ ആരും വിലകൽപ്പിക്കാറില്ല. ‘ടെംപററി’ എന്ന വാക്ക് ഇന്ന് തമാശയായി തോന്നുമെങ്കിലും അന്ന് ഓരോ തൊഴിലാളിയെയും മുറിവേൽപ്പിക്കുന്നതായിരുന്നു ആ വിശേഷണം. അമ്മ എസ്റ്റേറ്റിൽ ‘ടെംപററി’ ജോലിക്കാരിയായിരുന്നു.

എസ്റ്റേറ്റ് ലയങ്ങളിൽ ഭാര്യയും ഭർത്താവും ഉള്ള കുടുംബങ്ങൾക്കു മാത്രമാണ് ഫുൾ യൂണിറ്റ് എന്നറിയപ്പെടുന്ന കിച്ചനും ഒറ്റ മുറിയും ചേർന്ന വീട് ലഭിക്കുക. representative image

അച്ഛൻ എസ്റ്റേറ്റ് സംവിധാനങ്ങളോട് പൊരുത്തപ്പെട്ടിട്ടുണ്ട്. അതായത്, കഞ്ഞികുടി മുട്ടുമ്പോൾ മാത്രം ‘ടെംപററി’ ജോലിക്ക് പോകുന്ന തൊഴിലാളിയായിട്ടാണ് അച്ഛൻ തുടക്കത്തിൽ ജീവിച്ചിരുന്നത്. അടിമപ്പണി ഇഷ്ടമല്ല എന്നു പറഞ്ഞാണ് അച്ഛൻ എസ്റ്റേറ്റ് ജോലി ഉപേക്ഷിച്ചത് എന്ന് പിന്നീടാണ് ഞങ്ങൾ മനസ്സിലാക്കിയത്. പിന്നീട് അദ്ദേഹം പഴത്തോട്ടം കോവിലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൂപ്പുകളിൽ മരം വെട്ടുന്ന പണിക്കുപോയി. ഞങ്ങളുടെ ചെറുപ്പത്തിൽ ഒരാഴ്ച കഴിഞ്ഞാണ് അച്ഛൻ വീട്ടിലേക്ക് തിരിച്ചുവന്നിരുന്നത്. എസ്റ്റേറ്റ് ലയങ്ങളിൽ ഭാര്യയും ഭർത്താവും ഉള്ള കുടുംബങ്ങൾക്കു മാത്രമാണ് ഫുൾ യൂണിറ്റ് എന്നറിയപ്പെടുന്ന കിച്ചനും ഒറ്റ മുറിയും ചേർന്ന വീട് ലഭിക്കുക. അല്ലെങ്കിൽ ഒരു ചെറിയ മുറി മാത്രം. ഞങ്ങൾ 15 വർഷം ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. 98-നു ശേഷമാണ് രണ്ടു മുറിയുള്ള വീട്ടിലേക്ക് മാറിയത്.

‘ടെംപററി’ ജോലിക്ക് കയറുന്നവരുടെ അവസ്ഥ ആദ്യകാലത്ത് ഇങ്ങനെ തന്നെയായിരുന്നു. 1400 ദിവസമോ കൂടുതലോ സ്ഥിരമായും പരാതികൾ ഇല്ലാതെയും പണിയെടുത്തവർക്കാണ് കമ്പനിയിൽ ജോലി കിട്ടുക. അമ്മ പ്രേമലത 1988-ലാണ് സ്ഥിരം തൊഴിലാളിയായത്. അതിനുമുമ്പ് 10 വർഷം ‘ടെംപററി’ തൊഴിലാളിയായിരുന്നു. ചെറിയച്ഛനും ചെറിയമ്മയും അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു എന്ന് ചിറ്റപ്പൻ പറയാറുണ്ട്. ആ കാലങ്ങൾ ഓർത്തെടുക്കാൻ പോലും വയ്യ എങ്കിലും കൂട്ടുകുടുംബമായി വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞുപോയിരുന്നു എന്ന് കോവിഡ് കാലത്ത് പറഞ്ഞുതന്നിരുന്ന കഥകളിൽ ചെറിയച്ഛൻ സൂചിപ്പിക്കാറുണ്ട്. ഇപ്പോഴും ചിറ്റിവര എസ്റ്റേറ്റിൽ തന്നെയാണ് ചെറിയച്ഛനും കുടുംബവും.

ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലെ ഗ്രൗണ്ട്

ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ വലിയ ഗ്രൗണ്ടിൽ ആറ്റിൻകരയിലെ ആ ഒറ്റമുറി വീട്ടിലായിരുന്നു എന്റെ ചെറുപ്പം. ഫുട്ബോൾ കളിയുടെ ആവേശം നിറഞ്ഞ ആ നാളുകളാണ് ഇപ്പോഴും ഓർമയിൽ. മുതിർന്നവർ ടീമായി തിരിഞ്ഞ് ഫുട്ബോൾ കളിക്കും. പന്തുകൾ തൊട്ടടുത്തുള്ള തോട്ടങ്ങളിലോ ആറ്റിലോ വീഴാതിരിക്കാൻ ഞങ്ങൾ ആറ്റിൻകരയോരങ്ങളിൽ മതിലുപോലെ നിൽക്കും. അവ കൗതുകത്തോടെ എടുത്തുകൊണ്ടുപോയി അവരുടെ കൈയ്യിലേൽപ്പിക്കും. അവർ ഒഴിയുന്ന ദിവസങ്ങളിൽ ചേട്ടനും ചേട്ടന്റെ പ്രായമുള്ളവരും കളിക്കാനിറങ്ങും. ആ കുഞ്ഞ് ഗ്രൗണ്ടിന്റെ അങ്ങേ അറ്റത്ത് ഞാനും കൂട്ടുകാരും കളിച്ചത് ഇപ്പോഴും ഓർക്കുന്നു. അമ്മയുടെ അനിയനായ രവി മാമൻ എസ്റ്റേറ്റ് ടീമിനുവേണ്ടി കളിച്ചിരിക്കുന്ന സമയത്ത് വലംകാലിലെ എല്ല് പൊട്ടി. അതോടെ ഫുട്ബോൾ കളിയോട് എനിക്ക് പേടിയായി, എങ്കിലും ഡിഗ്രിക്ക് പഠിക്കുന്നതുവരെ വിക്ടോറിയ കോളേജിന്റെ മുറ്റത്ത് ഞങ്ങളും ലക്ഷദ്വീപിൽനിന്നുള്ള കൂട്ടുകാരും ഫുട്ബോൾ കളിച്ചിരുന്നു.

അങ്ങനെ ഞങ്ങൾ, നാലാം തലമുറക്കാർ, അച്ഛനമ്മമാരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. ജോലിക്ക് പോകാൻ ഞങ്ങളെ ആരും നിർബന്ധിച്ചില്ല. പകരം, പഠിക്കാനാണ് അച്ഛനമ്മമാർ നിർബന്ധിച്ചത്. 36 എസ്റ്റേറ്റുകളിലുമുള്ള ടാറ്റാ ടീ എ.എൽ.പി സ്കൂളുകൾ സജീവമായി തുടങ്ങിയ കാലം കൂടിയായിരുന്നു അത്. മാത്രമല്ല തൊഴിലാളികൾക്കായി ലേബർ ക്ലബ്ബും, ടീ സ്റ്റാളുകളും വീഡിയോ ക്ലബ്ബും ടാറ്റാ ടീ പണിതു നൽകി. വീഡിയോ ക്ലബ്ബുകൾ കമ്മ്യൂണിറ്റി ഹാളുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോൾ അവിടെ കല്യാണങ്ങളും പൊതു പരിപാടികളും നടക്കാറുണ്ട്.

വീഡിയോ ക്ലബ്ബുകൾ തുടങ്ങിയതോടെ ബോഡി യിൽ നിന്ന് വി.സി.ആറുകൾ വാടക​ക്കെടുത്ത് സിനിമാപ്രദർശനം നടത്തും. താല്പര്യമുള്ളവർക്ക് പൈസ കൊടുത്ത് സിനിമ കാണാം. കുട്ടികൾക്ക് അഞ്ച് രൂപയും മുതിർന്നവർക്ക് പത്തു രൂപയുമായിരുന്നു 90- കളിൽ സിനിമ കാണാനുള്ള നിരക്ക്.

വീഡിയോ ക്ലബ്ബുകൾ തുടങ്ങിയതോടെ ബോഡി യിൽ നിന്ന് വി.സി.ആറുകൾ വാടക​ക്കെടുത്ത് സിനിമാപ്രദർശനം നടത്തും. താല്പര്യമുള്ളവർക്ക് പൈസ കൊടുത്ത് സിനിമ കാണാം. കുട്ടികൾക്ക് അഞ്ച് രൂപയും മുതിർന്നവർക്ക് പത്തു രൂപയുമായിരുന്നു 90- കളിൽ സിനിമ കാണാനുള്ള നിരക്ക്. എസ്റ്റേറ്റിലെ ചന്ദനം മാരിയമ്മൻകോവിൽ ഉത്സവത്തിന് ഒരു ദിവസം വൈകുന്നേരം തൊട്ട് അടുത്ത ദിവസം രാവിലെ ആറുമണിവരെ ഫുൾ നൈറ്റ് സിനിമാ ഷോകളും പതിവായിരുന്നു. ചെറുപ്പത്തിൽ ഞാനും ചേച്ചിയും ചേട്ടനും വീട്ടിന്റെ തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ സിനിമക്ക് സ്ഥലം പിടിക്കും. വീട് തൊട്ടടുത്തായതുകൊണ്ട് കട്ടൻചായയും ഉണ്ടാകും. ഗ്രൗണ്ടിന്റെ കോർണറുകളിൽ തീയിട്ട് ചൂടു കായും. കൂട്ടുകാരായ ജോൺസനും അന്തോണിയും ഞാനും ഒരു വർഷം ഈ കാഴ്ചകൾക്കായി കാത്തിരിക്കും. അന്തോണിയുടെ പിതാവ് ഫ്രാൻസിസും എന്റെ അച്ഛൻ കൃഷ്ണനും അമ്പലം കമ്മിറ്റിക്ക് വേണ്ടപ്പെട്ടവരാണ്. കാരണം, ഞങ്ങളുടെ എസ്റ്റേറ്റിൽ നിന്ന് മറ്റൊരു കരയിലേക്ക് ചെല്ലുന്ന മാരിയമ്മൻകോവിൽ ചപ്പരം അലങ്കരിക്കുന്നത് അവർ രണ്ടുപേരുമാണ്. ഇങ്ങനെയാണ് 1990 വരെ ഡിസംബറിനെ ഞങ്ങൾ വരവേറ്റിരുന്നത്. ചന്ദനം മാരിയമ്മൻ കോവിൽ അലങ്കരിക്കാൻ ഒരു മാസം മുമ്പേ ചിറ്റിവര സൗത്ത് ഡിവിഷൻ ഒരുങ്ങും അങ്ങേയറ്റത്ത് മറ്റൊരു ദേശത്ത് തങ്കമ്മൻകോവിൽ എന്നൊരു അമ്പലമുണ്ട്. തങ്കമ്മനും മാരിയമ്മയും കണ്ടുമുട്ടുന്ന ദിവസമാണ് ഞങ്ങളുടെ ഉത്സവം. ബ്രിട്ടീഷുകാരുടെ സൗകര്യമനുസരിച്ച് ഞങ്ങളുടെ മുത്തശ്ശന്മാർ ഉത്സവം അവരുടെ ദിവസങ്ങളിൽ ആഘോഷിക്കാൻ തീരുമാനിച്ചു. ഡിസംബർ 23 ,24, 25,26 തീയതികൾ മൂന്നാറിൽ ഉത്സവകാലമാണ്. ബ്രിട്ടീഷ് കൊളോണിയൽ കാലം തൊട്ട് ഈ ദിവസങ്ങളിലാണ് ഇവിടുത്തെ കാവിൽ ദൈവങ്ങൾക്കും ഉത്സവം. എല്ലാ എസ്റ്റേറ്റുകളിലും പാണ്ടിമേളവും കരകാട്ടവും കാവടിയാട്ടവും പതിവായിരുന്നു. ഇപ്പോഴും മൂന്നാറിൽ ഈ രീതി തുടരുന്നു.

തങ്കമ്മൻ കോവിൽ

തമിഴ്നാട്ടിലെയും കേരളത്തിലെയും ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചയാണ് എസ്റ്റേറ്റുകളിലേത്. എന്നാൽ തികച്ചും തനതായ രീതിയാണെന്ന് പറയാനും പറ്റില്ല. കരകം എടുക്കുന്ന പരിപാടിയാണ് തമിഴ്നാട്ടിലെ ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണാനാകുക. ഡിസംബർ 23 ന് ഉച്ചക്കുശേഷമാണ് കമ്പനിക്കാർ തൊഴിലാളികൾക്ക് ലീവ് അനുവദിക്കുക. അതിന് ആറു ദിവസം മുമ്പ് തന്നെ ഉത്സവപ്പറമ്പിൽ കൊടിയുയർത്തും. അതിനുശേഷം നാട്ടിൽ നിന്ന് പുറത്തേക്കോ തിരിച്ചോ ആളുകൾ വരാൻ പാടില്ല എന്നതാണ് ഐതിഹ്യം. ഇപ്പോൾ ആ രീതി മാറി. കാലത്തിനനുസരിച്ചുള്ള മാറ്റമുൾക്കൊള്ളുന്ന ഒരു സമൂഹം കൂടിയാണ് മൂന്നാറിലേത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.
ഉള്ളൂരിൽ കാപ്പു കെട്ടിയാൽ പിന്നീട് ഏഴു ദിവസം ഇറച്ചിയും മീനും കവുച്ച എന്നറിയപ്പെടുന്ന മാംസവും ആ പ്രദേശത്ത് ഉപയോഗിക്കരുത് എന്നൊരു ഐതിഹ്യവും മുത്തശ്ശന്റെ കാലത്തുണ്ടായിരുന്നു.

പക്ഷേ ചിറ്റിവര എസ്റ്റേറ്റിൽ വ്യത്യസ്ത രീതിയാണ് ആദ്യകാലം തൊട്ട് പിന്തുടരുന്നത്. ക്രിസ്ത്യാനികളായ തൊഴിലാളികളും ഇതെല്ലാം അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. ഞങ്ങളെപ്പോലുള്ളവർ ഇത്തരം കാഴ്ചപ്പാടുകളിൽനിന്ന് മാറിയാണ് ചിന്തിച്ചിരുന്നത്. മൂന്നാറുകാരനെ സംബന്ധിച്ച് ഏഴു ദിവസം മാംസം കഴിക്കാതെ ജീവിക്കാൻ ബുദ്ധിമുട്ടാണ്. എന്റെ ചെറുപ്പത്തിൽ അച്ഛനും ചേട്ടനും ഞാനുമൊക്കെ അത്രയും ദിവസങ്ങൾ മാംസം കഴിക്കാൻ കാത്തിരുന്നതായി ഓർമ്മയില്ല. ഞാനും​ ചേട്ടനും മുട്ടയോ ഉണക്കമീനോ കഴിച്ചശേഷം കുളിച്ചാണ് അമ്പലത്തിലേക്ക് പോകുക. ആ പതിവ് അച്ഛനും പിന്തുടർന്നിരുന്നു. പക്ഷേ വല്യച്ഛന്റെ വീട്ടുകാർ 30 ദിവസം നോമ്പിരുന്നാണ് ഉത്സവം നടത്തുക.

അമ്മയുടെയും അച്ഛന്റെയും വലിയ കുടുംബങ്ങളാണ്. ഇവർ ബന്ധുക്കളും കൂടിയാണ്. മാരിയമ്മന്റെ ഉത്സവം നടത്താൻ അച്ഛന്റെ കുടുംബത്തിൽ നിന്ന് ആരെങ്കിലും കരകം എന്ന് പറയുന്ന കുടം എടുത്ത് ദേവിയെ കുളിപ്പിക്കണം എന്ന സമ്പ്രദായം ഇന്നും തുടരുന്നു.

(തുടരും)

Comments