മലങ്കാട്- 50
150 വർഷത്തെ മൂന്നാർ ജീവിതത്തിൽ, തൊഴിലാളികൾ ഉണർന്നത് 2015-ലായിരുന്നു. ഒരു അടിമ സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പ് കൂടിയായിരുന്നു അത്. മൂന്നാറിൽ, സെപ്റ്റംബറിലാണ് ആ തൊഴിലാളി വിപ്ലവം, അഥവാ, പൊമ്പിള ഒരുമൈ സമരം പൊട്ടിപ്പുറപ്പെട്ടത്.
തലമുറകളായി ചൂഷണം മാത്രം ഏറ്റുവാങ്ങുന്ന ഒരു കൂട്ടം തൊഴിലാളികളുടെ അവകാശ പോരാട്ടം കൂടിയായിരുന്നു അത്. രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ നേതാക്കളും കണ്ണൻദേവൻ കമ്പനിക്കാരും മറ്റ് ഉദ്യോഗസ്ഥരും സ്വപ്നത്തിൽ പോലും അത്തരമൊരു സംഭവം അരങ്ങേറുമെന്ന് വിചാരിച്ചില്ല.
അതിശക്തമായ ഒരു മഴക്കാലത്താണ് ആ സമരം നടന്നത്. അതിനും മാസങ്ങൾക്കുമുമ്പ്, ജൂൺ 12ന്, എൻ്റെ അച്ഛൻ മരിച്ചു. മൂന്നു മാസത്തിലേറെ ഞങ്ങൾ ആ ദുഃഖത്തിൽ തന്നെയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മാവന്റെ കൂടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകേണ്ടിവന്നു. അവിടുന്നാണ് ഞാൻ മൂന്നാർ സമരത്തെക്കുറിച്ച് കേൾക്കുന്നത്.
മൂന്നാർ അതുവരെ ശാന്തരായ മനുഷ്യർ ജീവിക്കുന്ന ഭൂമിയായിരുന്നു. അടിമ സമൂഹത്തിന്റെ ശാന്തത. എന്നാൽ, ഈ സമരം ആ ശാന്തത ഭേദിച്ചു. മൂന്നാറിൽ ജീവിക്കുന്നവരും സാമാന്യമായി സാധാരണ മനുഷ്യരാണെന്ന് പൊതുസമൂഹത്തിന് മനസ്സിലായി. അതിനുമുമ്പ് രാഷ്ട്രീയപാർട്ടികളുടെ അകമ്പടിയില്ലാതെ തൊഴിലാളികൾ ഒരിക്കലും സമരം ചെയ്തിട്ടില്ല എന്നാണ് ഓർമ. സമരത്തിനിറങ്ങുന്ന ഒന്നുരണ്ട് തൊഴിലാളികൾക്ക് കമ്പനിയിൽ നിന്ന് സസ്പെൻഷൻ കിട്ടുക എന്നതാണ് പതിവ്. അല്ലെങ്കിൽ തൊഴിലാളി യൂണിയൻ ഇടപെട്ട് പ്രശ്നം പരിഹരിക്കും. സംഘടിതമായി തൊഴിലാളികൾ സമരത്തിനിറങ്ങിയപ്പോൾ ആർക്കും തടയാനായില്ല.
ഈ സമരം ഒരിക്കലും തങ്ങളുടെ പരിധിയിൽ വരുന്നതല്ല എന്നാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും വിലയിരുത്തിയത്. തമിഴ്നാട്ടിലെ രാഷ്ട്രീയപാർട്ടികൾ ദേശീയവാദമുയർത്തി ഈ സമരത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു എന്ന വാർത്തയും ആ സമയത്ത് ഉയർന്നുവന്നു. മൂന്നാറിന്റെ ജനപ്രതിനിധിയായിരുന്ന ദേവികുളം മുൻ എം.എൽ.എ എസ് . രാജേന്ദ്രൻ, ഈ സമരം തമിഴ് ദേശീയവാദികളുടെ ഗൂഢാലോചന എന്ന ആരോപണമുന്നയിച്ചു. അതിന്റെ പശ്ചാത്തലത്തിൽ ഒരു ഗവേഷകനെന്ന നിലയ്ക്ക് ഞാൻ ഈ സമരത്തിന്റെ സ്വാഭാവിക പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചു.
മൂന്നാറിലെ രാഷ്ട്രീയ പാർട്ടികൾക്കും ട്രേഡ് യൂണിയനുകൾക്കും സംഭവിച്ച ഏറ്റവും വലിയ വീഴ്ചയാണ് ഈ സമരത്തിനുപുറകിലുള്ളത്. 2015 ആഗസ്റ്റോടെയാണ് സമരത്തിന് അരങ്ങൊരുങ്ങിയത്. ഓണത്തോടനുബന്ധിച്ച് എല്ലാ കൊല്ലവും തൊഴിലാളികൾക്ക് നൽകേണ്ട ബോണസ് തുക 20 ശതമാനത്തിൽ നിന്ന് 11% ആയി കമ്പനിക്കാർ വെട്ടിക്കുറച്ചു. കമ്പനിക്കാർ പറയുന്ന നുണ ആ വർഷവും തുടർന്നു, കമ്പനി നഷ്ടത്തിലാണ്, അതുകൊണ്ട് കമ്പനിയുടെ ഓഹരിയുടമകളായ തൊഴിലാളികളും ആ നഷ്ടത്തിൽ പങ്കുചേരണം, അതുകൊണ്ട് 11 ശതമാനം ബോണസ് എല്ലാവരും സ്വീകരിക്കണം എന്നായിരുന്നു കമ്പനി അറിയിപ്പ്. ഇത് തൊഴിലാളികളെ മാനസികമായി തകർത്തു. 20% ബോണസ് കിട്ടുമെന്ന വിശ്വാസത്തിലാണ് ഓരോ തൊഴിലാളിയും ഉപ്പു മുതൽ എല്ലാ സാധനങ്ങളും കടമായി വാങ്ങിക്കൂട്ടുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും കല്യാണത്തിനുമെല്ലാം വാങ്ങിയ തുക തിരിച്ചുകൊടുക്കുന്നത് ബോണസായി കിട്ടുന്ന എണ്ണായിരമോ ഒമ്പതിനായിരമോ രൂപയിൽനിന്നാണ്. രണ്ടുപേർ പണിയെടുക്കുന്ന വീട്ടിൽ 18,000 രൂപ കിട്ടും. അടുത്തകൊല്ലം വരെ അത് വെച്ചിട്ടാണ് അവരുടെ ജീവിതം. ആ തുക നേർപകുതിയാകുമ്പോൾ ഒരു തൊഴിലാളി കുടുംബം അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയണമെങ്കിൽ മൂന്നാറിലെ തൊഴിലാളിയായി ജനിക്കുകയോ ജീവിക്കുകയോ വേണം.
പ്രമുഖ തൊഴിലാളി യൂണിയൻ നേതാവായിരുന്ന സി.എ. കുര്യൻ കമ്പനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് ഒരു വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു തൊഴിലാളി പ്രതികരിച്ചു. അത്, സമരത്തിനുമുന്നോടിയായ രോഷപ്രകടത്തിന്റെ തുടക്കമായിരുന്നു.
ട്രേഡ് യൂണിയൻ നേതാക്കളും കമ്പനിയുടെ നിലപാടിനൊപ്പമായിരുന്നു, എന്നാൽ, തൊഴിലാളികൾ അത് നിരസിച്ചു. 2015- ൽ എസ്റ്റേറ്റുകളിൽ നടന്ന പൊതുയോഗങ്ങളിൽ യൂണിയനുകൾ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു. രോഷാകുലരായ തൊഴിലാളികൾ അതിനെതിരെ പ്രതികരിച്ചു തുടങ്ങി. രാഷ്ട്രീയ നേതാക്കൾ സംസാരിക്കുന്ന യോഗങ്ങളിൽ സ്ത്രീതൊഴിലാളികൾ കമ്പനിക്കാരുടെ നഷ്ടക്കണക്കിനെതിരെ ആഞ്ഞടിക്കാൻ തുടങ്ങി. ഈ പാശ്ചാത്തലത്തിലായിരുന്നു പൊമ്പിള ഒരുമൈ സമരം.
പ്രമുഖ തൊഴിലാളി യൂണിയൻ നേതാവായിരുന്ന സി.എ. കുര്യൻ കമ്പനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് ഒരു വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു തൊഴിലാളി പ്രതികരിച്ചു. അത്, സമരത്തിനുമുന്നോടിയായ രോഷപ്രകടത്തിന്റെ തുടക്കമായിരുന്നു. ബ്രിട്ടീഷുഭരണം മുതൽ ഇന്നുവരെ തങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മുതലാളിമാർക്കേറ്റ തിരിച്ചടി കൂടിയായിരുന്നു മൂന്നാറുകാർ ഏറ്റെടുത്ത ഈ സ്വാഭാവിക സമരം. മനുഷ്യത്വമുള്ള എല്ലാ മനസ്സുകളും ആ സമരത്തോട് ഐക്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികൾക്ക് വിലക്കുള്ള ഒരു സമരമായിരുന്നു അത്. നാളിതുവരെ തങ്ങളെ ഭരിച്ചിരുന്ന രാഷ്ട്രീയക്കാരും രാഷ്ട്രീയ പാർട്ടികളും തങ്ങളെ കമ്പനിക്ക് പണയം വക്കുകയാണ് ചെയ്തത് എന്ന് തൊഴിലാളികൾ തുറന്നു പ്രഖ്യാപിച്ചു. ആ വാദം ശരിയാണെന്ന് പൊതുസമൂഹത്തെക്കൊണ്ട് ഏറ്റുപറയിക്കാനും അവർക്കായി.
‘കാട്ടു തൊപ്പി എങ്കൾക്ക്, കോട്ടും സൂട്ടും ഉങ്കൾക്ക്’, ഇംഗ്ലീഷ് മീഡിയം ഉങ്കൾക്ക് തമിഴ് മീഡിയം എങ്കൾക്ക്’, ‘മഴ കൊഴവതു നാങ്ക കോടികളെ കൊയ് വതു നീങ്ക’, ‘കൊളുന്തെടുപ്പതു നാങ്കെ കൊള്ളയടിപ്പതു നീങ്കെ’, ‘കമ്പനിക്കാര അണ്ണാച്ചി എങ്ക ബോണസ് എണ്ണാച്ചു എങ്ക ശമ്പളം എണ്ണാച്ചു’- മൂന്നാർ അതുവരെ കേട്ടിട്ടില്ലാത്ത മുദ്രാവാക്യങ്ങൾ തൊഴിലാളികളുടെ ചങ്കിൽനിന്നുയർന്ന്, എസ്റ്റേറ്റുകളെ വിറപ്പിച്ചു. കൊടും മഴയിൽ മൂന്നാർ കണ്ണൻ ദേവൻ ഹെഡ് കോട്ടേഴ്സിനുമുമ്പിൽ തടിച്ചുകൂടിയ തൊഴിലാളികൾ ഉശിരുള്ള ശബ്ദത്തിൽ ആ മുദ്രാവാക്യങ്ങൾ ആവർത്തിച്ചു. ജീവിതത്തിൽനിന്നുതന്നെ ചീന്തിയെടുത്തതും ചോര വാർന്നതുമായ മുദ്രാവാക്യങ്ങളായിരുന്നു അവ.
കങ്കാണി മുതൽ കമ്പനി ഓഫീസർമാർ വരെയുള്ളവർക്കുമുന്നിൽ തലമുറകളായി അടിമകളെപ്പോലെ കൂനിക്കുറുകിനിന്നിരുന്ന ഞങ്ങളുടെ ജനതയുടെ ആത്മാവിൽ നിന്നുയർന്ന മുറവിളികളായിരുന്നു ഈ മുദ്രാവാക്യങ്ങൾ.
സമരത്തിൽ പങ്കെടുക്കാതെ പണിക്കുപോയ തൊഴിലാളികൾക്ക് സമരതൊഴിലാളികൾ മുന്നറിയിപ്പ് നൽകി- ‘ഞങ്ങൾ സമരം ചെയ്യുന്നത് ഞങ്ങൾക്കുവേണ്ടി മാത്രമല്ല, നമ്മുടെ സമുദായത്തിന്റെ വിമോചനത്തിനു കൂടി വേണ്ടിയാണ്, അതുകൊണ്ടുതന്നെ നിങ്ങൾ ഈ സമരത്തിൽ പങ്കാളികളാവണം’.
കാട്ടു തൊപ്പി എന്നാൽ ടാർപ്പായ കൊണ്ട് തയ്ച്ച തൊപ്പിയാണ്. അതുപോലുള്ള ഒരു കോട്ടും; ഇതാണ് തൊഴിലാളിവർഗ്ഗത്തിന് മുതലാളിമാർ നൽകിയ സമ്മാനം. സാധനങ്ങൾ നനയാതിരിക്കാൻ വണ്ടികളിൽ കെട്ടുന്ന ടാർപായകൾ കൊണ്ട് മനുഷ്യശരീരം പൊതിഞ്ഞുവയ്ക്കുന്നു. ആ ഭാരവും ചുമന്ന് ഒരു തൊഴിലാളി ഏത് കൊടുംമഴയത്തും കമ്പനിക്കുവേണ്ടി പണിയെടുക്കാൻ നിർബന്ധിക്കപ്പെടുന്നു. സ്ത്രീതൊഴിലാളികളുടെ അവസ്ഥ ഇതിലും കഷ്ടമാണ്. ഇത്തരത്തിലുള്ള കോട്ടുകൾ പോലും അവർക്ക് ലഭിക്കാറില്ല. എന്റെ ചെറുപ്പം മുതൽ ഇത്തരം കാഴ്ചകൾ എല്ലാം മഴക്കാലത്തും പതിവായി കണ്ടിട്ടുണ്ട്. ഇപ്പോഴാണ് ഞാൻ ആലോചിക്കുന്നത്, എങ്ങനെയാണ് അത്രയും ഭാരമുള്ള ഒരു കോട്ടും ചുമന്ന് തൊഴിലാളികൾ പണിയെടുക്കുന്നത്? സ്ത്രീ തൊഴിലാളികളാണെങ്കിൽ പർദ്ദ കൊണ്ട് ഇടുപ്പിൽ ചുറ്റി കയറുകൊണ്ട് കെട്ടി പ്ലാസ്റ്റിക് താളുകൾ കൊണ്ട് പൊതിഞ്ഞ് പണിയെടുക്കാൻ തയ്യാറാവുന്നു. എന്റെ അമ്മയും ഞങ്ങളുടെ ലയങ്ങളിൽ അമ്മയുടെ കൂട്ടുകാരികളും സമാനമായ തൊഴിലിനുപോകുന്ന ചേച്ചിമാരും ഇത്തരത്തിൽ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. നനഞ്ഞ താളുകളെ ഉണക്കാൻ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച ഓരോരോ മഴക്കാലത്തിന്റെ ഓർമകളും ഹൃദയത്തെ വല്ലാതെ അലട്ടുന്നു. അതുകൊണ്ട് ആ മുദ്രാവാക്യത്തിന്റെ ആഴം എന്റെ ഹൃദയത്തിൽ തുളച്ചുകയറി.
മൂന്നാറിന്റെ മൂന്നു ഭാഗത്തുള്ള റോഡുകളെയും സ്തംഭിപ്പിച്ച് തൊഴിലാളികൾ സ്വമേധയാ സമരത്തെ ഏറ്റെടുത്തു. യൂണിയൻകാരും മറ്റുള്ളവരും തൊഴിലാളികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എന്നും സമരക്കാർ പരാതിപ്പെട്ടു. ആ ദിവസങ്ങളിൽ ചില എസ്റ്റേറ്റുകളിൽ തൊഴിലാളികൾ ജോലിക്കുപോയി. ചിറ്റിവര, ചെണ്ടുവര, ഗുണ്ടല, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, വാഗുവര, ചോത്തുപാറ, അരുവിക്കാട് തുടങ്ങി മൂന്നാർ ടൗണിൽ നിന്ന് ഏറെ ദൂരെ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റുകളിലാണ് സമരം നടന്നുകൊണ്ടിരിക്കെ, ആദ്യത്തെ ആഴ്ചയിൽ തൊഴിലാളികൾ സമരത്തോട് ഐക്യപ്പെടാതെ ജോലിക്കുപോയത് എന്ന് പിന്നീടറിയാൻ കഴിഞ്ഞു. ആ തൊഴിലാളികൾക്ക് സമരതൊഴിലാളികൾ മുന്നറിയിപ്പ് നൽകി- ‘ഞങ്ങൾ സമരം ചെയ്യുന്നത് ഞങ്ങൾക്കുവേണ്ടി മാത്രമല്ല, നമ്മുടെ സമുദായത്തിന്റെ വിമോചനത്തിനു കൂടി വേണ്ടിയാണ്, അതുകൊണ്ടുതന്നെ നിങ്ങൾ ഈ സമരത്തിൽ പങ്കാളികളാവണം’.
എല്ലാ എസ്റ്റേറ്റുകളിൽ നിന്നും തൊഴിലാളികൾ കക്ഷിരാഷ്ട്രീയഭേദമന്യേ ആ സമരത്തിലേക്ക് ഒഴുകിയെത്തി. സമരം അഞ്ചാം ദിവസത്തിലെത്തുമ്പോൾ മൂന്നാർ ടൗൺ സമരാവേശം കൊണ്ട് നിറഞ്ഞു. തേയിലക്കാട് ആളില്ലാത്ത കാടുകളായി മാറി. തേയില നുള്ളാനും കയറ്റിയയക്കാനും ഫാക്ടറികളെ ചലിപ്പിക്കാനും ഇതാദ്യമായിട്ടാണ് കൂലിക്കാരെ കിട്ടാതെയാവുന്നത്. കമ്പനിക്കാർ അങ്കലാപ്പിലായി. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് സ്വയം തിരിച്ചറിഞ്ഞു. സമരക്കാർ എല്ലാ യൂണിയൻ ഓഫീസുകളിലേക്കും കയറിച്ചെന്നു. അക്രമാസക്തമായ ഒരു പ്രവർത്തനങ്ങളിലും അവർ ഇടപെട്ടിട്ടില്ല. ഒരു ഫാക്ടറിയേയും അവർ ആക്രമിച്ചില്ല. ഒരു മാനേജർ ബംഗ്ലാവിലെ ഉദ്യോഗസ്ഥനെയും അവർ ആക്രമിച്ചില്ല. എന്നാൽ, യൂണിയൻ നേതാക്കൾക്ക് അവർ താക്കീത് നൽകി. ‘നിങ്ങൾ പോരാ, നിങ്ങളുടെ പ്രവർത്തനം പോരാ, നിങ്ങളിലുള്ള വിശ്വാസം ഞങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്, അതുകൊണ്ട് നിങ്ങൾ മുതലാളികൾക്കൊപ്പം നിൽക്കരുത് ഞങ്ങൾക്കൊപ്പം നിൽക്കണം, അല്ലെങ്കിൽ ഇവിടെ നിങ്ങൾക്ക് പ്രവർത്തിച്ച് പോവാൻ കഴിയില്ല’- സമരക്കാരിൽ ഭൂരിഭാഗവും ഇതുതന്നെയാണ് മൂന്നാറിൽ യൂണിയൻ ഓഫീസുകളിൽ കയറിച്ചെന്ന് പറഞ്ഞത്.
മൂന്നാർ സമരത്തെ കുറിച്ചുള്ള കഥകളെ പറ്റി ചിറ്റിവര എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ വീട്ടിൽ തടിച്ചുകൂടിയ ബന്ധുക്കളും സുഹൃത്തുക്കളും ഇങ്ങനെയാണ് പറഞ്ഞുതുടങ്ങിയത്.
(തുടരും)