മലങ്കാട്- 54
1920-കളാകുമ്പോഴേക്കും മൂന്നാർ ഒരു ‘വികസിത ഭൂമി’യായി മാറിയതിനുപുറകിൽ കൊളോണിയലിസത്തിന്റെ ക്രൂരമായ ദണ്ഡനീതിയായിരുന്നു. തൊഴിലാളികളെ തലമുറകളോളം അടിമകളാക്കി നിലനിർത്താനുള്ള ശേഷി ആ സംവിധാനത്തിനുണ്ടായിരുന്നു.
നീലഗിരി, വാൽപ്പാറ, മൂന്നാർ മേഖലകളോട് ബ്രിട്ടീഷ് പ്ലാന്റർമാർക്ക് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ടായിരുന്നു. കച്ചവടത്തോടൊപ്പം ജീവിതവും കെട്ടിപ്പടുക്കാൻ അവർ ആഗ്രഹിച്ച ഭൂമികളായിരുന്നു ഇതെല്ലാം. ബ്രിട്ടീഷുകാർക്കിടയിലെ ജനാധിപത്യവാദിയായിരുന്ന മാർട്ടിൻ സായിപ്പ്, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകണം എന്ന് ആ കാലഘട്ടത്തിൽ തന്നെ ആവശ്യപ്പെട്ടിരുന്നു എന്ന കഥ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, രാജ്യം സാക്ഷാൽ ജനാധിപത്യത്തിലേക്ക് തിരിച്ചുവന്നിട്ടുപോലും മൂന്നാറിലെ തൊഴിലാളികൾക്ക് എന്തുകൊണ്ട് അടിമജീവിതം നയിക്കേണ്ടിവരുന്നു എന്നതിന് ഇന്നും ഉത്തരമായിട്ടില്ല.
മൂന്നാറിലെ ഭൂമി മാത്രമല്ല, അവിടുത്തെ തൊഴിലാളി സമൂഹങ്ങളെയാകെ അടിമകളാക്കിവക്കാൻ ബ്രിട്ടീഷുകാർക്ക് ഒത്താശ ചെയ്തുകൊടുത്ത കൊടിയ അനീതി ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമാക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് പ്ലാന്റർമാരിൽ കിങ് മേക്കറായിരുന്ന ജോൺ മുൻട്രോയും പൂഞ്ഞാർ രാജാക്കന്മാരും തമ്മിലുണ്ടാക്കിയ അവ്യക്തമായ കരാർ ചരിത്രത്തിൽ മറയ്ക്കപ്പെട്ടു കിടക്കുകയാണ്. ബ്രിട്ടീഷ് പ്ലാന്റർമാരുടെ ഇന്ത്യയിലെ കച്ചവട കേന്ദ്രങ്ങളായിരുന്ന നീലഗിരിയിലും വാൽപ്പാറയിലും വണ്ടിപ്പെരിയാറിലും കരാർ കാലാവധി കഴിഞ്ഞപ്പോൾ അവർക്ക് തേയില തോട്ടങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. ഇതേ മാതൃകയിൽ, കേരള കമ്പനിയുമായി സർക്കാർ ഏർപ്പെട്ടിട്ടുള്ള കരാർ തിരുത്തുകയാണ് ആദ്യം വേണ്ടത്.
സമീപകാലത്ത് വികസത്തെക്കുറിച്ചും അതിന്റെ മുൻഗണനകളെക്കുറിച്ചും വലിയ ചർച്ചകളും വിവാദങ്ങളും നടന്ന നാടുകൂടിയാണ് കേരളം. എന്നാൽ, അൽഭുതകരമെന്നുപറയട്ടെ, മൂന്നാർ എവിടെയും ഒരു വിവാദം പോലുമായില്ല.
ചരിത്രത്തിൽനിന്ന് കണ്ടെത്താൻ കഴിയുന്ന വസ്തുതകൾ, മൂന്നാറിലെ തൊഴിൽ ജീവിതങ്ങളെപ്പോലെ, കേരളീയ പൊതുസമൂഹത്തിന്റെ ഓരത്തുപോലുമില്ലാത്ത സ്ഥിതിയാണ്. എന്നിട്ട്, ആഫ്രിക്കയിലെയും ലോകത്തിന്റെ മറ്റിടങ്ങളിലെയും അടിമ ജീവിതങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു.
കൊളോണിയൽ ആധിപത്യത്തിന്റെ തുടർച്ച പേറുന്ന, ഇന്നും ആധുനിക പ്ലാന്റർമാരുടെ ‘സ്വരാജ്യം’ തന്നെയായ മൂന്നാറിലെ ഭൂമിയും അവിടുത്തെ തൊഴിലാളികളും മലയാളി മനസ്സിനെ ഒരുവിധത്തിലും അലട്ടുന്നില്ല. മൂന്നാറിനെക്കുറിച്ച് അറിയുന്നവരും അവിടെ ജനിച്ചുവളർന്നവരും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ സംവിധാനങ്ങളുമെല്ലാം കുറ്റകരമായ ഈ അനാസ്ഥയുടെ ബലമുള്ള കണ്ണികളായി വർത്തിക്കുന്നു. ഇപ്പോഴും അടിമ ബോധത്തോടെയാണ് എല്ലാതരം സംവിധാനങ്ങളും മൂന്നാറിലെ തൊഴിലാളി ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് വികസത്തെക്കുറിച്ചും അതിന്റെ മുൻഗണനകളെക്കുറിച്ചും വലിയ ചർച്ചകളും വിവാദങ്ങളും നടന്ന നാടുകൂടിയാണ് കേരളം. എന്നാൽ, അൽഭുതകരമെന്നുപറയട്ടെ, മൂന്നാർ എവിടെയും ഒരു വിവാദം പോലുമായില്ല. അടിമകളായി ജീവിക്കുന്ന ഒരു സമൂഹം, ഇതേ കേരളത്തിൽ ഇപ്പോഴുമുണ്ട് എന്നത് ഈ ചർച്ചകളിൽ സൗകര്യപൂർവം മറച്ചുപിടിക്കപ്പെട്ടു.
അഞ്ചു തലമുറകളിലെ മനുഷ്യരാണ് മൂന്നാറിൽ, ഒരു മാറ്റവുമില്ലാത്ത, ഒരേതരം ജീവിതം നയിച്ചുവരുന്നത്. സ്വന്തമായി ഭൂമി എന്ന ആവശ്യം നൂറു വർഷത്തിനിടെ ഒരിക്കൽ പോലും ഇവർക്കിടയിൽനിന്ന് ഉയർന്നുവന്നിട്ടില്ല. ഞങ്ങൾ ഈയൊരു അവകാശത്തിന് അർഹരായ ജനതയാണ് എന്ന യാഥാർഥ്യം ആരും വകവച്ചുതന്നിട്ടുമില്ല. കുറഞ്ഞത് 10 സെൻറ് ഭൂമിയെങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞാൽ തൊഴിലാളികൾക്ക് അടിമത്തത്തിൽനിന്ന് രക്ഷപ്പെടാനാകും.
1956 മുതൽ കേരളം ഭരിച്ച ഇടതുപക്ഷത്തെയും അല്ലാത്തതുമായ സർക്കാറുകളാണ് ഈ അനീതിയിൽ പ്രതിസ്ഥാനത്തുള്ളത്. തൊഴിലാളി ജീവിതത്തെ മാറ്റിത്തീർക്കുംവിധം ഒരിക്കൽപോലും ഭരണകൂട ഇടപെടലുകളുണ്ടായിട്ടില്ല. ആ നിലയ്ക്ക് പാർശ്വവൽക്കരിക്കപ്പെട്ടവരെന്ന നിലയ്ക്കും അദൃശ്യരാക്കപ്പെട്ടവരെന്ന നിലയ്ക്കുമുള്ള, ഇരട്ടി വിവേചനത്തിന്റെ ഇരകളാണ് ഞങ്ങളുടെ തൊഴിലാളി സമൂഹം.
(മലങ്കാട് അവസാനിച്ചു)