ചിത്രീകരണം : ദേവപ്രകാശ്

​എഴുതാൻ ഭയന്ന ഡയറിക്കുറിപ്പ്

ഞാൻ മാത്രമല്ലാത്ത ഞാൻ

ഇരുപത്

ന്റെ നാളിതു വരെയുള്ള ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവങ്ങളുടെ ഓർമകളിലേക്കാണ് ഇനി ഞാൻ പ്രവേശിക്കുന്നത്. ഈ ഓർമകളുടെ ആവിഷ്‌കാരത്തിനു വേണ്ടിയാണ് ഈ ആത്മകഥ എഴുതാൻ ഞാൻ തീരുമാനിച്ചത് എന്നുപോലും പറയാം. എന്റെ സഹോദരനെക്കുറിച്ചുള്ളതാണ് ആ ഓർമ. എന്നെ അളവറ്റ് സ്നേഹിക്കുകയും രോഗാവസ്ഥയിൽ പലപ്പോഴും എന്നെ അത്രയും തന്നെ വെറുക്കുകയും ചെയ്ത ആളാണ് എന്റെ അനിയൻ പ്രദീപൻ (കുട്ടൻ). അവൻ എനിക്കു തന്ന സ്നേഹം അതേ അളവിൽ അങ്ങോട്ട് തിരിച്ചുകൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവൻ ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നു എന്നോർത്ത് എന്റെ മനസ്സ് ചുട്ടുപൊള്ളിയ മണിക്കൂറുകൾ എത്രയെന്നു പറയാനാവില്ല. എനിക്ക് ആ അളവിൽ സ്നേഹം തിരിച്ചുകൊടുക്കാൻ കഴിയണമായിരുന്നെങ്കിൽ എന്റെ ജീവിതം മറ്റൊരു തരത്തിലാകണമായിരുന്നു. അവനെ ഒരു കുട്ടിയെ പോലെ സ്നേഹിക്കാനും പരിചരിക്കാനും ഞാൻ വർഷങ്ങൾ തന്നെ ഉഴിഞ്ഞുവെക്കണമായിരുന്നു. അവൻ ഒരു ജോലിയിലെത്തി വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചാൽ മാത്രമേ ഞാൻ വിവാഹിതനാവൂ എന്ന തീരുമാനം കൈക്കൊള്ളണമായിരുന്നു. അങ്ങനെയൊന്നും സംഭവിച്ചില്ല. ഒരു പക്ഷേ, അവന് അവന്റെ രോഗാവസ്ഥയിൽ നിന്ന് പുറത്തു കൊണ്ടുവരാൻ എന്റെ ഭാഗത്തുനിന്നുള്ള ഒരു ത്യാഗവും സഹായിച്ചില്ലെന്നും വരാം. അവന്റെ ജീവിതത്തിന് മറ്റൊരു സാധ്യത സങ്കൽപിക്കുന്നതിൽ കാര്യമൊന്നുമില്ല എന്നതാവാം സത്യം.

എന്നെക്കാൾ പതിനാല് വയസ്സ് ഇളയതാണ് എന്റെ സഹോദരൻ പ്രദീപൻ. അമ്മയ്ക്ക് അതിരാവിലെ പ്രസവവേദന വന്നപ്പോൾ ഒന്നൊന്നര കിലോമീറ്റർ അപ്പുറത്തുള്ള മിഡ് വൈഫിനെ വിളിക്കാൻ ഓടിയത് ഞാൻ തന്നെയാണ്. ഉച്ചയ്ക്ക് ഞാൻ അടുക്കളയിലിരുന്ന് ചോറുണ്ണുന്ന നേരത്ത് ആറോ ഏഴോ മാസം പ്രായമുള്ളപ്പോൾ മുട്ടിൽ ഇഴഞ്ഞ് അടുത്തേക്കു വന്ന അവന് കറിയുടെ നനവുള്ള മൂന്നോ നാലോ മണി ചോറ് ആദ്യമായി വായിൽ വെച്ചുകൊടുത്തതും ഞാനാണ്.
അവൻ ഇല്ലാത്ത ലോകത്ത് പത്തിരുപത്താറ് വർഷത്തിലേറെ കാലം ഞാൻ ജീവിച്ചത് എന്തിനെയാണ് തെളിയിക്കുന്നതെന്ന് എനിക്കറിയില്ല. എന്റെ അസാധാരണമായ മനോബലത്തിനുള്ള തെളിവാകാം ഇത്. അല്ലെങ്കിൽ രണ്ട് മക്കളും ഭാര്യയും അമ്മയും സഹോദരങ്ങളുമുള്ള അവസ്ഥയിൽ മറ്റൊന്ന് ചിന്തിക്കാൻ നിവൃത്തിയില്ലെന്നതുകൊണ്ടു മാത്രം ഞാൻ ജീവിതം നിലനിർത്തിയതാകാം. അതിനു വേണ്ടി എന്റെ മനസ്സ് ഏതോ ഒരു തന്ത്രപ്രയോഗത്തിലൂടെ അവന്റെ ആത്മഹത്യയുടെ ആഘാതത്തിൽ നിന്ന് എന്നെ വലിയൊരു പരിധിവരെ രക്ഷിച്ചു നിർത്തിയതാവും. ഇത് രണ്ടുമല്ലെങ്കിൽ മനോനില തെറ്റിയ തനിക്ക് ഇനി ജീവിതം മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്ന് സ്വയം മനസ്സിലാക്കി അവൻ കൈക്കൊണ്ട തീരുമാനമായിരുന്നല്ലോ അത്, അതേപ്പറ്റി ആലോചിച്ച് അന്തമില്ലാതെ വേവലാതിപ്പെടുന്നതിൽ അർത്ഥമില്ലല്ലോ എന്ന് യുക്തിബോധം കൈവിടാതെ ചിന്തിക്കാൻ എനിക്ക് കഴിഞ്ഞതുകൊണ്ടുമാകാം. ഒരുപക്ഷേ, ഈ പറഞ്ഞ സംഗതികളെല്ലാം കൂടിച്ചേർന്നാവാം എനിക്ക് ജീവിതം നിലനിർത്താനുള്ള കരുത്ത് തന്നത്.

*****

യറി എഴുതുന്ന ശീലം എനിക്കില്ല. എല്ലാവർഷവും ആരിൽനിന്നൊക്കെയോ ആയി മൂന്നുനാല് ഡയറികൾ എനിക്ക് കിട്ടും. ഒന്ന് മാത്രം കയ്യിൽ വെച്ച് ബാക്കി ഞാൻ സുഹൃത്തുക്കൾക്ക് കൊടുക്കും. സ്വന്തമാക്കിയ ഡയറികളിൽ കഴിഞ്ഞ ഇരുപത് വർഷത്തെ ഡയറികൾ എടുത്തുനോക്കിയാൽ അവയിൽ ആകെക്കൂടി അഞ്ചോ ആറോ പേജിൽ മാത്രമേ എന്റെ വ്യക്തിപരമായ കാര്യങ്ങൾ രേഖപ്പെടുത്തിയതായി കാണൂ. ആ എഴുത്ത് തന്നെ വിശദാംശങ്ങളൊന്നുമില്ലാത്തതും മിക്കവാറും അവ്യക്തവുമായ ചില കുത്തിക്കുറിക്കലുകളായിരിക്കും. അതിനപ്പുറം പോകണമെന്ന് എനിക്ക് തോന്നാറില്ല. എന്നാൽ എന്റെ അനിയൻ ജീവിതം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോൾ, അവനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എഴുതിവെച്ചേ പറ്റൂ എന്നെനിക്ക് തോന്നി. മുന്നാഴ്ചക്കാലം എഴുതാൻ ഭയന്ന് മാറ്റിവെച്ച ആ ഡയറിക്കുറിപ്പ് അങ്ങനെ 5-12-1994 ന് രാത്രിയിൽ ദീർഘനേരം ഉറക്കമെളിച്ചിരുന്ന് ഞാൻ അത് എഴുതാൻ തുടങ്ങി. ഏതാനും പേജുകൾ കഴിഞ്ഞപ്പോൾ

അത് തുടരാനാവില്ല എന്ന നിലയിലായി. അടുത്ത രാത്രിയിൽ പക്ഷേ, ബാക്കിയും എഴുതി ഞാൻ മുഴുമിപ്പിച്ചു.

എന്റെ കണ്ണിൽ അവൻ വളരെ വലിയ ഒരു മനുഷ്യനാണ്. അവനെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് എന്റെ കടമയാണ്. അത് എന്ന് വേണമെന്ന് അന്ന് ഞാൻ ആലോചിച്ചുറച്ചിരുന്നില്ല. ഇപ്പോൾ ഇരുപത്താറ് വർഷത്തിനു ശേഷം അതിനുള്ള സമയമായിരിക്കുന്നു എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നിപ്പോവുന്നു. ഒരു ഡയറിയുടെ താളുകളിലായിരുന്നില്ല എന്റെ എഴുത്ത്. മുമ്പെന്നോ വാങ്ങിവെച്ച ഒരു നോട്ട്ബുക് ഒന്നും എഴുതാതെ വീട്ടിലുണ്ടായിരുന്നു. അതിലാണ് സാമാന്യം ദീർഘമായ ഈ കുറിപ്പ് ഞാൻ എഴുതിയത്. ഇത് എങ്ങനെ ഞാൻ എഴുതി പൂർത്തിയാക്കി എന്നാലോചിക്കുമ്പോൾ എനിക്കു തന്നെ ഞെട്ടലുണ്ടാകുന്നുണ്ട്. എന്തായാലും കൂടുതലായി ഒന്നും പറയാതെ, സാമാന്യം ദീർഘമായ ആ കുറിപ്പ് ഞാൻ അതേ പടി പകർത്തിവെക്കാം. ഇന്നത്തെ മാനസികാവസ്ഥയിൽ അവനെക്കുറിച്ച് അടുക്കും ചിട്ടയും സൂക്ഷിച്ചുകൊണ്ട് എനിക്ക് ഒന്നും എഴുതാനാവില്ല. അതുകൊണ്ട് ഈ കുറിപ്പിനു ശേഷം എന്റെ മനസ്സിലെത്തുന്ന ചിന്തകൾ അവയുടെ ശ്ലഥ രൂപത്തിൽ തന്നെ ഞാൻ അവതരിപ്പിക്കാം. എന്തിന് ഇതൊക്കെ ചെയ്യുന്നു എന്ന് സംശയം തോന്നുവർക്ക് അവസാനം വരെ വായിച്ചുകഴിയുമ്പോൾ എന്റെ ഉദ്ദേശ്യം വ്യക്തമാവാതിരിക്കില്ല.

5-12-94 തിങ്കളാഴ്ച (14-11-94) രാവിലെ ഏഴര മണിക്ക് കുട്ടൻ തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തു. തലശ്ശേരിയിലെ മേലൂട്ട് മടപ്പുരയ്ക്കടുത്തുള്ള റെയിൽവെ ഓവർ ബ്രിഡ്ജിന് ചുവടെയുള്ള സ്ഥലമാണ് അവൻ ആത്മഹത്യയ്ക്ക് തിരഞ്ഞെടുത്തത്. ഏഴരയുടെ വണ്ടി കടന്നു പോവുമ്പോൾ ഞാനും എന്റെ വിദ്യാർത്ഥിയായിരുന്ന നാസറും റെയിൽവെ ഗേറ്റിന് അടുത്തുണ്ടായിരുന്നു. വണ്ടി കടന്നുപോയപ്പോൾ ഞങ്ങൾ ഗേറ്റ് കടന്ന് അപ്പുറത്തേക്ക് നടന്നു. അവിടെ ഭാരത്
ലോഡ്ജിന് ചുവടെ രാവിലെ അവനെ കണ്ടിരുന്നതായി നാസർ പറഞ്ഞു. ചുറ്റുപാടും ഒന്നു നോക്കി ഞങ്ങൾ റെയിൽവെ ഗേറ്റ് തിരിച്ചു കടന്ന് ബസ് സ്റ്റാന്റിലേക്ക് വന്നു. ഞാൻ കൽപറ്റയ്ക്കടുത്തുള്ള ചെന്നലോട് എന്ന സ്ഥലത്തെ "ലൂയിസ് മൗണ്ട് ഹോസ്പിറ്റലി'ലേക്ക് ഫോൺ ചെയ്തു. നേരത്തെ അവിടെ ചികിത്സയിലായിരുന്ന പ്രദീപൻ ഇന്ന് ഡോക്ടറെ കാണാനായി അങ്ങോട്ട് വരാൻ സാധ്യതയുണ്ടെന്നും അവൻ അവിടെ എത്തിയാൽ എന്നെ വിവരമറിയക്കണം എന്നു പറഞ്ഞ് അവർക്ക് എന്റെ ഫോൺനമ്പർ കൊടുത്തു. വന്നാൽ വിവരം തരാം എന്ന് അവർ മറുപടി പറഞ്ഞു. പിന്നെ ഞാൻ വിജയൻമാഷ്‌ക്ക് (എം.എൻ.വിജയൻ) ഫോൺ ചെയ്ത് വിവരം പറഞ്ഞു.

"ഞാൻ ആറ് മണിമുതൽ കാത്തിരിക്കുകയാണ്. ഇങ്ങോട്ട് വന്നില്ല' മാഷ് പറഞ്ഞു: "തൽക്കാലം പൊലീസിൽ അറിയിക്കേണ്ട. അവൻ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചുവരും' എന്ന് പറഞ്ഞാണ് മാഷ് ഫോൺ വെച്ചത്. മാഷ് പറഞ്ഞത് ശരിയാവാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. നാസർക്കും അങ്ങനെ തോന്നിയിരിക്കാനാണ് സാധ്യത. അവന് പ്രദീപന്റെ പ്രകൃതം നന്നായി അറിയാം. അവന്റെ കൂടെ ഒരു ദിവസം ഒരു ഹോസ്പിറ്റലിൽ നിന്ന അനുഭവം നാസർക്കുണ്ട്.

എട്ട് മണിയടുപ്പിച്ച് ടൗണിൽ വെച്ചു തന്നെ എ.വി.പവിത്രനെ കണ്ടു. പവിത്രനോട് ഞാൻ സംഗതി പറഞ്ഞു. പവിത്രൻ അവന്റെ ക്ലാസ്മേറ്റാണ്. രോഗാവസ്ഥയിൽ അവന്റെ കൂടെ നിന്നിട്ടുള്ള ആളാണ്. അവന്റെ സ്വഭാവത്തിന്റെ എല്ലാ പ്രത്യേകതകളും പവിത്രന് നന്നായി അറിയാം."ഇല്ല; ബേജാറാവാനൊന്നും ഇല്ല. എവിടെയെങ്കിലും ചുറ്റിത്തിരിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് വരും.' അങ്ങനെയൊരു വിശ്വാസം പവിത്രനും പ്രകടിപ്പിച്ചു. ഞാൻ നേരെ എരിപുരത്തേക്ക് പോയി. വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു."കുട്ടൻ എങ്ങോട്ടോ പോയിട്ടുണ്ട്. രണ്ട് ദിവസം കഴിയുമ്പോൾ വരുംന്ന് വിചാരിക്കാം' എന്ന് അമ്മയ്ക്ക് പരിഭ്രമമുണ്ടാക്കാത്ത വിധത്തിൽ തന്നെയാണ് ഞാൻ പറഞ്ഞത്. തീരെ മോശമായ ഒന്നിലേക്ക് അമ്മയുടെ
മനസ്സും പോയില്ല. അവൻ രാവിലെ നാലരയ്ക്ക് അവിടെ നിന്ന് ടാക്സിയിലാണ് പുറപ്പെട്ടതെന്ന് അമ്മ പറഞ്ഞു. രണ്ട് ദിവസം മുമ്പ് ടാക്സിക്ക് ഫോൺ ചെയ്തുവെച്ചിരുന്നു.

രാവിലെ 6 മണിയോടെ വീട്ടിലെത്തും എന്ന് തന്നെ അറിയിച്ചതായി വിജയൻമാഷ് രണ്ട് ദിവസം മുമ്പേ എന്നോട് പറഞ്ഞിരുന്നതാണ്."ഏഴ് മണി കഴിഞ്ഞ് അവനെ അവിടെനിന്ന് വിട്ടാൽ മതി' എന്ന് മാഷോട് ഞാൻ പറഞ്ഞിരുന്നതുമാണ്. ആറരയോടെ ബസ് സ്റ്റാന്റിൽ എത്തണം എന്ന് നാസറോട് ഞാൻ പറഞ്ഞേൽപിച്ചിരുന്നു. നാസർ വൈകി ഉറക്കമുണരുന്ന കൂട്ടത്തിലാണ്. ആറര എന്ന് അവനോട് ഞാൻ പറഞ്ഞിരുന്നെങ്കിലും അവൻ എത്തുമ്പോൾ ഏഴുമണിയാവുമെന്നും കുട്ടനും അപ്പോഴേ എത്തൂ എന്നുള്ളതുകൊണ്ട് ആർക്കും ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടക്കുമെന്നും ഞാൻ കണക്കുകൂട്ടിയിരുന്നു. 8.10ന് വയനാട്ടിലേക്ക് ബസ്സുണ്ട്. അതിൽ പോകാനാണ് ഞാൻ പ്ലാനിട്ടിരുന്നത്. നാസറും കൂടെ വരാമെന്ന് പറഞ്ഞിരുന്നു.

ഞാൻ കയറിയ ബസ്സ് ഏതാനും മിനുട്ടുകൾ വൈകി ഏഴ് മണി കഴിഞ്ഞാണ് ബസ് സ്റ്റാന്റിൽ എത്തിയത്. സ്റ്റാന്റിൽ നാസർ എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വരുന്ന വഴിക്ക് നാസർ കുട്ടനെ ഭാരത് ലോഡ്ജിനടുത്ത് വെച്ച് കണ്ടിരുന്നു."ഞാൻ ചികിത്സയ്ക്കൊന്നും ഇല്ല. ലൂയീസ് മൗണ്ടിലേക്ക് വരാനൊന്നും ഉദ്ദേശിക്കുന്നില്ല' എന്ന് അവൻ നാസറോട് തറപ്പിച്ചുപറഞ്ഞിരുന്നു. നാസർ തർക്കത്തിനൊന്നും നിന്നില്ല. എന്നെയും കൂട്ടിച്ചെന്ന് അവനെ കണ്ട് സംസാരിച്ച് തീരുമാനം മാറ്റിക്കാമെന്നാണ് നാസർ കരുതിയിരുന്നത്. ഇടയ്ക്കിടെ തീരുമാനം മാറ്റുന്ന സ്വഭാവം പ്രദീപനുണ്ട്. അതുകൊണ്ട് നാസർ വിവരം പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. അവനെ കണ്ട് സംസാരിക്കാം. അനുനയത്തിൽ പറഞ്ഞാൽ അവൻ സമ്മതിക്കാതിരിക്കില്ല എന്ന പ്രതീക്ഷയോടെ തന്നെയാണ് നാസറെയും കൂട്ടി ഞാൻ ഭാരത് ലോഡ്ജിനടുത്തേക്ക് ചെന്നത്. അവിടെയെങ്ങും അവനെ കാണാതിരുന്നപ്പോഴും അവനെ എനിക്ക് എന്നേക്കുമായി നഷ്ടമായേക്കും എന്ന ആശങ്ക എന്റെ മനസ്സിനെ സ്പർശിച്ചിരുന്നതേയില്ല. വീട്ടിലെത്തി അമ്മയോട് കാര്യം പറയുമ്പോഴും എന്റെ മനോനില അതുതന്നെയായിരുന്നു. വീട്ടിൽ നിന്ന് രാവിലെ 400 രൂപ വാങ്ങിയിരുന്നെന്നും അതിന് പുറമെ 300 രൂപയോളം അവന്റെ കയ്യിലുണ്ടെന്നും അമ്മ പറഞ്ഞു. ഇത്രയും തുക കൊണ്ട് അവന് നാലഞ്ച് ദിവസം വരെ കഴിച്ചുകൂട്ടാനാവുമെന്ന് ഞാൻ സമാധാനിച്ചു. എന്നാലും ഉള്ളിലൊരു വിങ്ങലുണ്ടായിരുന്നു. ഞാൻ തിരിച്ച് തലശ്ശേരി ടൗണിൽ വന്നു.

ചൊവ്വാഴ്ചയും ബുധനാഴ്ചയും ഞാൻ ക്ലാസിൽ പോയില്ല. മനസ്സ് അടിമുടി കലങ്ങി മറഞ്ഞിരിക്കുന്ന അവസ്ഥയിൽ ക്ലാസിൽ പോയി കുട്ടികളോട് സംസാരിക്കുന്ന കാര്യം എനിക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. വ്യാഴാഴ്ച കോളേജിൽ സമരമായിരുന്നു. അന്ന് വൈകുന്നേരം ഞാൻ വിജയൻമാഷ്‌ക്ക് ഫോൺ ചെയ്തു."രണ്ട് ദിവസത്തിനകം വരുമെന്നാണ് എന്റെ പൂർണവിശ്വാസം. എന്നാലും ഇനി പൊലീസിൽ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ശരിയല്ല' മാഷ് പറഞ്ഞു. പൊലീസിൽ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ എനിക്ക് അന്നും ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. അവൻ എന്തായാലും വരും എന്ന പ്രതീക്ഷയിൽതന്നെ ഞാൻ മുറുകെ പിടിച്ചു നിന്നു. വെള്ളിയാഴ്ച ഞാൻ കോളേജിൽ പോയി. പക്ഷേ, വൈകുന്നേരം ക്വാർട്ടേഴ്സിലെത്തുമ്പോഴേക്കും ഞാൻ ആകെ തകർന്ന മട്ടിലായിരുന്നു. പുറത്തേക്ക് പോകാനോ വീട്ടിലുള്ളവരോട് സംസാരിക്കാനോ മനസ്സ് വന്നില്ല. രാത്രി മുഴുവൻ ഞാൻ കണ്ണ് മിഴിച്ചു കിടന്നു. ശനിയാഴ്ച രാവിലെ ഞാൻ പവിത്രനെ ചെന്നു കണ്ടു. "പൊലീസിൽ റിപ്പോർട്ട് ചെയ്താൽ വിവരം സായാഹ്ന പത്രങ്ങളിലെല്ലാം വരും. അവൻ തിരിച്ചു വന്നാൽപ്പിന്നെ അതിന്റെ പേരിൽ പ്രശ്നമാവും. അവന് പിന്നെ പുറത്തിറങ്ങാനേ പറ്റാതാവും' പവിത്രൻ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി. പക്ഷേ, ഇത്രയും ദിവസം കഴിഞ്ഞിട്ടും പൊലീസിലറിയിച്ചില്ല എന്നു പറഞ്ഞാൽ അതും പ്രശ്നമാണ്. എന്തു ചെയ്യും. ഞങ്ങൾ കുറേനേരം തിരിച്ചും മറിച്ചും ആലോചിച്ചു. അവസാനം ഒരു വഴി കണ്ടെത്തി.

കണ്ണൂരിലെ പള്ളിക്കുന്നിലുള്ള എസ്.പി.ജനാർദ്ദനന്റെ വീട്ടിൽ ചെല്ലുക. ജനാർദ്ദനൻ ഇപ്പോൾ ഇരിട്ടിയിൽ സി.ഐ ആണ്. ജനാർദ്ദനനെ നേരിൽ കാണാൻ പറ്റിയില്ലെങ്കിൽ വീട്ടിൽ നിന്ന് ഫോൺ നമ്പർ വാങ്ങുക. വിളിച്ച് വിവരം പറയുക. രഹസ്യമായി ഒരന്വേഷണം നടത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിക്കുക. ജനാർദ്ദനൻ നാട്ടുകാരനാണ്. ദീർഘകാലമായി പരിചയവും അടുപ്പവും ഉള്ള ആളാണ്. സഹായിക്കാതിരിക്കില്ല. ഞാനും പവിത്രനും കൂടി പള്ളിക്കുന്നിൽ എം.പി.ബാലറാം എന്ന സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.അതിനടുത്താണ് ജനാർദ്ദനന്റെ വീട്. കാര്യം പറഞ്ഞപ്പോൾ ബാലറാം മകളെ അയച്ച് ജനാർദ്ദനൻ വീട്ടിലുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ല എന്ന് വിവരം കിട്ടി. ക്രൈബ്രാഞ്ച് എസ്.പി.സന്ധ്യാനായർ അടുത്താണ് താമസമെന്നും അവരുടെ ഭർത്താവ് മട്ടന്നൂർ കോളേജിലെ ലക്ചററാണെന്നും അവരെ കണ്ട് കാര്യം പറയാമെന്നും ബാലറാം പറഞ്ഞു. ബാലറാമും മട്ടന്നൂർ കോളേജിലെ അധ്യാപകനാണ്. സന്ധ്യാനായരുടെ ഭർത്താവുമായി സൗഹൃദത്തിലാണ്. ഞങ്ങൾ സന്ധ്യാനായരെ ചെന്നുകണ്ടു. തലശ്ശേരിയൽ വെച്ച് കാണാതായ നിലയ്ക്ക് തലശ്ശേരി പൊലീസ് വഴി അന്വേഷിക്കുന്നതാണ് നല്ലതെന്നും തലശ്ശേരി ഡി.വൈ.എസ്.പി ശ്രീശുകനെ വിളിച്ച് താൻ കാര്യം പറയാമെന്നും അവർ പറഞ്ഞു.

ഞാനും പവിത്രനും മടങ്ങി. ഞാൻ ധർമടം പൊലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങി. എന്റെ വീടിന്റെ പണി നടക്കുന്നിടത്തുപോയി പണിക്കാർക്ക് കൂലി കൊടുത്ത് എന്റെ ക്വാർട്ടേഴിസിലേക്ക് മടങ്ങി. നാളെ രണ്ട് കല്യാണങ്ങളുണ്ട്. ഒരു സ്ഥലത്ത് എന്റെ ഭാര്യ റീനയും മൂത്ത മകൻ ചാരു(സുചേത്)വും പോകും. എനിക്ക് രാവിലെ തന്നെ പോയി ഡി.വൈ.എസ്.പിയെ കാണണം. വിവരങ്ങളൊക്കെ അദ്ദേഹത്തെ ധരിപ്പിച്ച ശേഷം ഞാനും ഇളയവനായ നിഖി(സച്ചിൻ)യും കൂടി മറ്റേ കല്യാണവീട്ടിലേക്ക്, അതായത് ചിറക്കുനിയിലെ പ്രസാദ് മാഷുടെ വീട്ടിലേക്ക് പോകണം. അങ്ങനെ തീരുമാനിച്ചാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്. കുട്ടന്റെ കാര്യത്തിൽ ഒരു വിവരം കിട്ടാൻ ഇനിയും വൈകിയേക്കുമെന്നല്ലാതെ എല്ലാം കീഴ്മേൽ മറിക്കുന്ന എന്തെങ്കിലുമൊന്ന് നാളെ കേൾക്കേണ്ടി വരുമെന്ന് ഞാൻ ചിന്തിച്ചിരുന്നതേയില്ല. കുട്ടനുമായി ബന്ധപ്പെട്ട് കുറച്ചുനാളായി ഇങ്ങനെ അസുഖകരമായ പലതും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. വലിയ മാനസികസമ്മർദ്ദം അനുഭവിക്കേണ്ടി വന്ന മണിക്കൂറുകൾക്കു ശേഷം, ചിലപ്പോൾ ഒന്നോ രണ്ടോ ദിവസത്തിനു ശേഷം അതിൽ നിന്നൊക്കെ കരകയറാൻ പറ്റിയിരുന്നു. ഇതിപ്പോൾ ഒരാഴ്ച കഴിയാൻ പോവുകയാണ് എന്നതാണ് പ്രശ്നം. ഈ ദിവസങ്ങളിലൊക്കെ അവൻ എവിടെ, എങ്ങനെ കഴിഞ്ഞു, ഇപ്പോഴത്തെ അവസ്ഥ എന്താണ് അതൊന്നും അറിയാൻ പറ്റുന്നില്ല. അതുകൊണ്ട് ഇതേവരെ ഇല്ലാതിരുന്ന അത്രയും ഉൽക്കണ്ഠയും വേവലാതിയുമുണ്ട്.

രാവിലെ ഒമ്പത് മണി കഴിഞ്ഞപ്പോൾ റീനയും ചാരുവും പുറപ്പെട്ടു. ഞാൻ നിഖിയെയും കൂട്ടി ഡി.വൈ.എസ്.പി താമസിക്കുന്ന തിരുവങ്ങാട്ടെ അമ്പാടി എന്ന വീട്ടിലേക്ക് പോയി. അവിടെ എത്തി കാര്യങ്ങളൊക്കെ അദ്ദേഹത്തെ
ബോധ്യപ്പെടുത്തി മടങ്ങാം എന്നു മാത്രമേ വിചാരിച്ചിരുന്നുള്ളൂ. ഡി.വൈ.എസ്.പി ശ്രീശുകൻ എം.എൻ.വിജയൻ മാഷുടെ മകൻ വി.എസ്. അനിൽകുമാറിന്റെ ഭാര്യ രത്നമ്മയുടെ സഹോദരനാണ്. അതുകൊണ്ട് അങ്ങോട്ട് ചെല്ലുന്നതിൽ എനിക്ക് പരിഭ്രമമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ അവിടെ എത്തിയപ്പോൾ ഡി.വൈ.എസ്.പിയുടെ സ്വീകരണമുറിയിൽ തലശ്ശേരി സി.ഐ ഫിലിപ് ഉണ്ടായിരുന്നു. ശ്രീശുകൻ എന്നെ സി.ഐക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പൊലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കണമെന്നും നാളെ രാവിലെത്തന്നെ ഒരു പൊലീസുകാരനെയും കൂട്ടി എവിടെ വേണമെങ്കിലും ചെന്നന്വേഷിക്കാമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

ഞാൻ സി.ഐയുടെ കൂടെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിലെ റൈറ്ററോട് സി.ഐ കാര്യം പറഞ്ഞു. റൈറ്റർ അദ്ദേഹത്തിന്റെ മുന്നിലുള്ള കസേരയിൽ എന്നോട് ഇരിക്കാൻ പറഞ്ഞു. പിന്നെ, വിവരങ്ങൾ ഓരോന്നായി ചോദിച്ച് എഴുതി എടുക്കാൻ തുടങ്ങി. ഞാൻ കുട്ടന്റെ രൂപം വിവരിച്ചു വന്നപ്പോൾ റൈറ്റർ പെട്ടെന്ന് എഴുത്തു നിർത്തി. പിന്നെ തന്റെ കസേരയ്ക്ക് താഴെ തറയിൽ വെച്ചിരുന്ന ഒരു സഞ്ചിയെടുത്ത് അതിൽ നിന്ന് ഒരു ഷർട്ടും ചെരിപ്പും
എടുത്തുകാണിച്ചു. രണ്ടും കുട്ടന്റെതായിരുന്നു. അത് കണ്ടതോടെ ഞാൻ എന്തോ ഒക്കെ ആയി. കുട്ടന് എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായി. അപ്പോഴും ആത്മഹത്യ എന്ന സാധ്യതയെപ്പറ്റി ഞാൻ ആലോചിച്ചില്ല. "ഇതെവിടന്ന് കിട്ടി, എവിടന്ന് കിട്ടി' എന്ന് എങ്ങനെയോ ഞാൻ ചോദിച്ചൊപ്പിച്ചു. "പറയാം, ഒരു മിനുട്ട് ' എന്ന് പറഞ്ഞ് റൈറ്റർ എഴുന്നേറ്റ് സി.ഐയുടെ അടുത്തുചെന്ന് എന്തോ കുശുകുശുത്തു. പിന്നെ എന്നോട് അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞ് അവർ പുറത്ത് പോയി.

പത്ത് മിനുട്ട് നേരം ഞാൻ അങ്ങനെ ഇരുന്നിരിക്കണം. നിഖിയ്ക്ക് ഒന്നും മനസ്സിലായില്ല. എങ്കിലും മോശമായ എന്തോ സംഭവിക്കുന്നുണ്ടെന്നും പൊലീസ് സ്റ്റേഷനിൽ നിന്ന് എത്രയും വേഗം പുറത്തുകടക്കണമെന്നും അവന്
തോന്നിയിരിക്കണം. "കല്യാണവീട്ടിൽ പോവണ്ടേ, പോവണ്ടേ' എന്ന് നിഖി ചോദിച്ചുകൊണ്ടിരുന്നു. "പോകാം,പോകാം' എന്ന് ഞാൻ മറുപടി പറഞ്ഞുകൊണ്ടുമിരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ ഒരു പൊലീസുകാരൻ ഒരു കവറുമായി വന്ന് വളരെ സൗമ്യമായ ശബ്ദത്തിൽ എന്നോട് പറഞ്ഞു: "കഴിഞ്ഞ തിങ്കളാഴ്ച ഓവർബ്രിഡ്ജിനടുത്ത് ഒരു റൺഓവർ ഉണ്ടായിരുന്നു. ആളുടെ ഫോട്ടോ ആണിത്.' ഞാൻ ഒന്നേ നോക്കിയുള്ളൂ. കുട്ടന്റെ മുടിയും മീശയും ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവന്റെ കവിൾ ചതഞ്ഞിരുന്നു. കണ്ണുകൾ തുറന്നുതന്നെയാണ് ഉണ്ടായിരുന്നത്. ഞാൻ കരഞ്ഞുപോയി. "നിങ്ങൾ കരയരുത്. ഈ കുട്ടിയെ ഇവിടെ ഇരുത്തിക്കൊണ്ട് നിങ്ങൾ കരയരുത്' പൊലീസുകാരൻ പറഞ്ഞു. ഈ സമയത്താണ് വി.എസ്.അനിൽകുമാർ സ്റ്റേഷന്റെ അകത്തേക്ക്
കയറിവന്നത്. വി.എസ്.പറഞ്ഞു: "ഇനിയിപ്പോ മറ്റൊന്നും ആലോചിച്ചിട്ട് ഫലമില്ല. ബോഡി മറവുചെയ്തിടത്തു നിന്ന് എടുപ്പിക്കണ്ടേ?'

"വേണ്ട. എടുക്കേണ്ട' ഞാൻ പറഞ്ഞു. ബോഡി കുഴിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി അവിടെ മറവ് ചെയ്യണം എന്നൊന്നും ആ സമയത്ത് എനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഞാൻ പറഞ്ഞത് ബോധ്യം വരാത്തതുപോലെ എന്നെ നോക്കിക്കൊണ്ടിരുന്ന വി.എസിനോട് ഞാൻ ആവർത്തിച്ചു: "വേണ്ട,ബോഡി എടുക്കേണ്ട.'


എൻ. പ്രഭാകരൻ

കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, അധ്യാപകൻ. പുലിജന്മം, തിയ്യൂർ രേഖകൾ, എൻ.പ്രഭാകരന്റെ കഥകൾ, ജനകഥ തുടങ്ങിയവ പ്രധാന കൃതികൾ

Comments