ചിത്രീകരണം: ദേവപ്രകാശ്

എഴുതാൻ ഭയന്ന ഡയറിക്കുറിപ്പ്- രണ്ട്‌

ഞാൻ മാത്രമല്ലാത്ത ഞാൻ

ഇരുപത്തിയൊന്ന്

കുട്ടന് രോഗം തുടങ്ങിയത് ഏഴെട്ടുകൊല്ലം മുമ്പാണ്.
അവന് മനോരോഗത്തിന്റെ ഏതെങ്കിലും ലക്ഷണമുള്ളതായി എനിക്കോ സഹോദരിമാർക്കോ അവന്റെ സുഹൃത്തുക്കൾക്കോ ആദ്യഘട്ടത്തിൽ മനസ്സിലായതേയില്ല. എന്നോടുള്ള അവന്റെ സംസാരത്തിൽ അന്നൊന്നും ഒരപാകതയും ഉണ്ടായിരുന്നില്ല. അമ്മ ഇടയ്ക്കിടെ അതുമിതും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ചിലപ്പോഴൊക്കെ എന്നോട് പറഞ്ഞിരുന്നു.
"അത് നീ കാര്യമായി എടുക്കേണ്ട. നിന്റെ കാര്യങ്ങളൊക്കെ വേണ്ടതുപോലെ ചെയ്താൽ മതി' എന്ന് അപ്പോഴൊക്കെ ഞാൻ മറുപടി പറഞ്ഞു.
അവൻ എസ്.എസ്.എൽ.സി പരീക്ഷ ആദ്യതവണ എഴുതിയിരുന്നില്ല. സാമാന്യം നന്നായി പഠിക്കുന്ന കൂട്ടത്തിലായിട്ടും പരീക്ഷ എഴുതാതിരുന്നതിൽ എനിക്ക് വിഷമം തോന്നിയിരുന്നെങ്കിലും അവനെ കുറ്റപ്പെടുത്തി ഒരു വാക്ക് പോലും ഞാൻ പറഞ്ഞിരുന്നില്ല. 1983ൽ അവൻ രണ്ടാം തവണ പരീക്ഷയെഴുതി ഫസ്റ്റ് ക്ലാസോടെ പാസ്സായി. ഞാൻ തന്നെയാണ് അവനെ പയ്യന്നൂർ കോളേജിൽ പ്രിഡിഗ്രിക്ക് കൊണ്ടുപോയി ചേർത്തത്. ഫസ്റ്റ് ഗ്രൂപ്പിലാണ് ചേരേണ്ടത്, സെക്കന്റ് ലാംഗ്വേജ് ഹിന്ദിയാണ് വേണ്ടത് എന്നൊക്കെ അവൻ സ്വന്തം ഇഷ്ടത്തിന് തീരുമാനിച്ചു. ഞാൻ അതിനൊന്നും എതിര് പറഞ്ഞില്ല.

തിരിച്ചു നടക്കുമ്പോൾ കുട്ടൻ എന്നോട് പറഞ്ഞു: "എനിക്കിനി പോയി പരീക്ഷയൊന്നും എഴുതാനാവില്ല. ഞാൻ ഒന്നും പഠിച്ചിട്ടേയില്ല.''

അവൻ നല്ല താൽപര്യത്തോടെ തന്നെയാണ് കോളേജിലേക്ക് പോയ്‌ക്കൊണ്ടിരുന്നത്.
"എങ്ങനെയുണ്ട്, ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ' എന്ന് ഇടയ്‌ക്കൊക്കെ ഞാൻ ചോദിക്കാറുണ്ടായിരുന്നു. അതിലപ്പുറം അവന്റെ പഠനകാര്യങ്ങളിൽ ഞാൻ ഇടപെട്ടതേയില്ല. പ്രിഡിഗ്രി രണ്ടാം വർഷ പരീക്ഷ ആരംഭിക്കുന്ന ദിവസമാണ് താൻ പരീക്ഷ എഴുതുന്നില്ലെന്ന വിവരം അവൻ വീട്ടിൽ അറിയിച്ചത്.
വീട്ടിൽ അപ്പോൾ അമ്മയും അവനും ഇളയ സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ പൊട്ടിത്തെറിച്ചു. ബഹളം വെച്ചു. നാല് ദിവസം കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മ വിവരം പറഞ്ഞു.
"എന്താ എഴുതാത്തത്?' എന്ന് ഞാൻ ചോദിച്ചപ്പോൾ "എനിക്ക് ഫസ്റ്റ് ഗ്രൂപ്പിന്റെ പരീക്ഷയൊന്നും എഴുതി പാസ്സാവാനാവില്ല' എന്നു മാത്രമാണ് അവൻ മറുപടിയായി പറഞ്ഞത്. എന്തു ചെയ്യും എന്നതിനെപ്പറ്റി എനിക്ക് വ്യക്തമായ ഒരു ധാരണ സ്വരൂപിക്കാൻ പറ്റിയില്ല. പ്രത്യേകിച്ചൊന്നിനും വേണ്ടിയല്ലാതെ ഞാൻ അവനെയും കൂട്ടി പയ്യന്നൂർ കോളേജിലെ മലയാളം അധ്യാപകനായ പവിത്രൻ മാഷ് താമസിക്കുന്ന വീട്ടിലേക്ക് പോയി.
പവിത്രൻ മാഷ് അക്കാലത്ത് എരിപുരത്ത് ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മാഷ് അവനോട് സ്‌നേഹത്തോടെ തന്നെ പറഞ്ഞു: "നിന്നെ വളരെ സ്വതന്ത്രമായി വിട്ടതാണ് പറ്റിയത്. പ്രഭാകരൻ മാഷ് കുറച്ച് കർശനമായി നിന്നോട് പെരുമാറണമായിരുന്നു. ഇനിയിപ്പോ വേറൊന്നും ചെയ്യാനില്ല. അടുത്ത ചാൻസിന് എഴുതിപ്പിടിക്കുക. അത്ര തന്നെ' കുറച്ചു നേരം മറ്റ് വർത്തമാനങ്ങളൊക്കെ പറഞ്ഞ് ഞങ്ങൾ മാഷുടെ വീട്ടിൽ നിന്നിറങ്ങി. തിരിച്ചു നടക്കുമ്പോൾ കുട്ടൻ എന്നോട് പറഞ്ഞു: "എനിക്കിനി പോയി പരീക്ഷയൊന്നും എഴുതാനാവില്ല. ഞാൻ ഒന്നും പഠിച്ചിട്ടേയില്ല.'

ഞാൻ അപ്പോഴും ദ്വേഷ്യപ്പെട്ടില്ല. "ശരി,വേറെയെന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം' എന്നു പറഞ്ഞാണ് അന്ന് ഞാൻ മടങ്ങിയത്.
പലരോടും അന്വേഷിച്ചപ്പോൾ ഗ്രൂപ്പ് മാറി അടുത്ത ചാൻസിന് തന്നെ എഴുതാൻ പറ്റും എന്ന് വിവരം കിട്ടി. അടുത്ത ദിവസം തന്നെ ഞാൻ കുട്ടനെയും കൂട്ടി കോഴിക്കോട് സർവകലാശാലയിലെത്തി. ഗ്രൂപ്പ് മാറ്റാനാവും എന്ന് അവിടെയുള്ള ഒരു സുഹൃത്തും പറഞ്ഞു. അതിനുവേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അടുത്തെത്തിയപ്പോഴാണ് മറ്റൊരു കാര്യം മനസ്സിലായത്. ഗ്രൂപ്പ് മാറ്റാം. പക്ഷേ, സെക്കന്റ് ലാംഗ്വേജ് മാറ്റാനാവില്ല."ഹിന്ദി പഠിക്കാനാവില്ല' എന്ന് കുട്ടൻ ഉറപ്പിച്ച് പറഞ്ഞതോടെ കാര്യം അവിടെ അവസാനിച്ചു. ഞങ്ങൾ ധർമടത്തെ ക്വാർട്ടേഴ്‌സിലേക്ക് മടങ്ങി.
"എന്തെങ്കിലും ചെയ്യണം വെറുതെ ഇരുന്നാൽ ശരിയാവില്ല' എന്ന് ഞാൻ അവനോട് ആവർത്തിച്ചു പറഞ്ഞു. "പഠിക്കാൻ പറ്റുന്ന എന്തെങ്കിലുമൊന്ന് നീ തന്നെ കണ്ടെത്തണം' എന്ന് ആവശ്യപ്പെടുകയും ചെയ്തു.

അടുത്തയാഴ്ച വീട്ടിൽ പോയപ്പോൾ അവൻ ചെറുകുന്നിൽ ഒരു സ്ഥാപനത്തിൽ ഡി.സി.പി എന്നൊരു കോഴ്‌സിന് ചേർന്നതായി പറഞ്ഞു. അക്കൗണ്ടൻസി, ബുക് കീപ്പിംഗ് എന്നീ വിഷയങ്ങളും ഷോർട്ഹാന്റുമാണ് ആ കോഴ്‌സിന് പഠിക്കാനുണ്ടായിരുന്നത്. നാലഞ്ച് മാസക്കാലം അവൻ നല്ല ഉത്സാഹത്തിൽ ആ സ്ഥാപനത്തിലേക്ക് പോയി. ഒരു ദിവസം ഉച്ചയ്ക്ക് അവൻ ധർമടത്ത് ഞാൻ താമസിക്കുന്ന ക്വാർട്ടേഴ്‌സിലേക്ക് വന്നു. "കുറച്ച് കാര്യങ്ങൾ പറയാനുണ്ട്' എന്നു പറഞ്ഞാണ് അവൻ സംസാരിച്ചു തുടങ്ങിയത്. സംസാരം വളരെ നോർമലായ രീതിയിൽത്തന്നെയായിരുന്നു. വാക്കുകളിലോ ശബ്ദത്തിലോ ഒരപാകതയുമില്ല. പക്ഷേ, അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾത്തന്നെ (അത് അവന്റെ സ്വകാര്യമായതുകൊണ്ട് ഈ ഘട്ടത്തിലും ഞാനത് വെളിപ്പെടുത്തുന്നില്ല) അവൻ ചിലതൊക്കെ സങ്കൽപിച്ചുണ്ടാക്കുകയാണോ എന്ന് എനിക്ക് ബലമായ സംശയം തോന്നി.

അന്ന് ഞാൻ ഒരു തീരുമാനമെടുത്തതാണ്; കഴിവതും സൈക്യാട്രിസ്റ്റിനെ സമീപിക്കരുത്

"എനിക്ക് ഒന്നും ചെയ്യാനാവുന്നില്ല. ഒന്നിലും കോൺസൻട്രേറ്റ് ചെയ്യാനാവുന്നില്ല. എന്ത് ചെയ്യണമെന്ന് മനസ്സിലാവുന്നില്ല 'എന്ന് വളരെ നിസ്സഹായത തോന്നിക്കുന്ന മട്ടിൽ പറഞ്ഞാണ് അവൻ സംസാരം നിർത്തിയത്.
"നീ ഏതായാലും പേടിക്കേണ്ട. കുറച്ച് സാവകാശത്തിൽ എല്ലാം ആലോചിച്ച് മുന്നോട്ട് പോയാൽ മതി' എന്നും പറഞ്ഞ് ഞാൻ കുട്ടനെയും കൂട്ടി ടൗണിൽ പോയി. ടൗണിൽ എന്റെ വിദ്യാർത്ഥിയും അതിലേറെ സുഹൃത്തുമായ ഉമ്മറും ശങ്കർ എന്ന മറ്റൊരു സുഹൃത്തും സെയ്ദാർപള്ളിക്കടുത്ത് ഒരു നിര കടകളുടെ മുകളിലുള്ള രണ്ട് മുറികളിലായി താമസിക്കുന്നുണ്ട്. അവിടെ ഒരു മുറി കൂടി ഉണ്ടെന്നും അത് ഒഴിഞ്ഞു കിടക്കുകയാണെന്നും ഞാൻ മനസ്സിലാക്കി വെച്ചിരുന്നു. കുട്ടനെ തൽക്കാലം കുറച്ചുദിവസത്തേക്ക് ആ മുറിയിൽ താമസിപ്പിക്കാം എന്നു ഞാൻ ആലോചിച്ചു. വിവരം ഉമ്മറോട് പറഞ്ഞപ്പോൾ ഉമ്മർ അതിനുവേണ്ട ഏർപ്പാടുകളൊക്കെ ചെയ്തു തന്നു. തലശ്ശേരിയിൽത്തന്നെയുള്ള ഒരു പാരലൽ കോളേജിലെ അധ്യാപകനാണ് ഉമ്മർ. ശങ്കർ ഒരു സ്വകാര്യ കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനും. കുട്ടന് ലിബറലൈസ്ഡ് സ്‌കീമിൽ ബി.എക്ക് എഴുതാനാവുമെന്ന് ഉമ്മർ അന്നു തന്നെ പറഞ്ഞു. അവൻ ആ ആശയത്തോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.

ഒരു മാസത്തോളം കുട്ടൻ ആ വാടകമുറിയിൽ ഉമ്മറിന്റെയും ശങ്കറിന്റെയും സുഹൃത്തായി ജീവിച്ചു.
ആ ദിവസങ്ങളിൽ അവൻ പൊതുവെ പ്രസാദവാനായിരുന്നു. മിക്ക ദിവസവും അവർ ഒന്നിച്ച് ടൗണിൽ വരും. ചിലപ്പോൾ എന്നെ കണ്ടുമുട്ടും. ഞങ്ങൾ ഒന്നിച്ച് കോഫിഹൗസിൽ പോയി വൈകുന്നേരത്തെ കാപ്പികുടി നടത്തും.
ശങ്കർ നല്ല തമാശക്കാരനാണ്. ഉമ്മറും മോശമല്ല. രണ്ടുപേരുടെയും കമ്പനിയിൽ കുട്ടൻ ആത്മവിശ്വാസം വീണ്ടെടുത്തുവരുന്നതായി എനിക്ക് തോന്നി. പക്ഷേ, ഒരു ദിവസം വീട്ടിൽ പോയി വന്നതോടെ അവൻ വീണ്ടും പഴയ ആളായി. പഴയതിനേക്കാൾ കുറച്ചുകൂടി മോശമായി എന്നു പറയുന്നതാണ് ശരി.
"എന്നെ എന്തായാലും ഡോക്ടറെ കാണിക്കണം' അവൻ നിർബന്ധിച്ചു പറഞ്ഞു. ഞാൻ അവനെയും കൂട്ടി തലശ്ശേരിയിലെ സൈക്യാട്രിസ്റ്റ് ഡോ.ഗംഗാധരന്റെ അടുത്തേക്ക് പോയി. രണ്ടുമൂന്ന് മാസം മുമ്പ് ഒരു ദിവസം "എനിക്ക് മനസ്സിന് നല്ല സുഖം കിട്ടുന്നില്ല. ഒരു ഡോക്ടറുടെ അടുത്ത് പോവണം' എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ അവനെയും കൂട്ടി കണ്ണൂരിലെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് പോയിരുന്നു. അന്ന് വളരെ മോശമായ അനുഭവമാണ് ഉണ്ടായത്.

ആ മനോരോഗ വിദഗ്ധന്റെ മുന്നിൽ അയാളുടെ വലിയ മേശക്കിപ്പുറത്തായി ഞാനും അവനും ഇരിക്കയായിരുന്നു.
അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനിടയിൽ അവൻ കൈമുട്ട് മേശപ്പുറത്ത് വെച്ചുപോയി.
ഉടൻ വന്നു അയാളുടെ പ്രതികരണം: "കയ്യവിടുന്നെടുത്ത് നേരെ ഇരിക്കെടാ. നിനിയ്‌ക്കെന്താ നേരെ ഇരുന്നൂടെ.'
അന്ന് ഞാൻ ഒരു തീരുമാനമെടുത്തതാണ്; കഴിവതും സൈക്യാട്രിസ്റ്റിനെ സമീപിക്കരുത്.
സുഹൃത്തുക്കളുടെ സഹായം തേടി അവനിൽ കഴിയുന്നത്ര സന്തോഷവും ആത്മവിശ്വാസവും വളർത്തുന്നതാണ് നല്ലത്. തന്റെ മേശപ്പുറത്ത് കൈ വെച്ചുപോയ രോഗിയോട് ഒച്ചവെച്ച് കയർക്കുന്ന ഒരു സൈക്യാട്രിസ്റ്റിന് അങ്ങനെ വിളിക്കപ്പെടാനുള്ള യോഗ്യതയുണ്ടോ. അയാൾക്ക് എന്ത് ബിരുദമുണ്ടായിട്ടും എന്താണ് ഫലം?

അടിക്കാതെയും പേടിപ്പിക്കാതെയും കുട്ടികളെ പഠിപ്പിച്ച അമ്മ, ഞാനും എന്റെ നേരെ ഇളയ സഹോദരിയും ഒഴിച്ചുള്ള സ്വന്തം മക്കളോടുള്ള പെരുമാറ്റത്തിൽ പലപ്പോഴും ആ ഗുണം അൽപമായിപ്പോലും കാണിച്ചില്ല.

ഗംഗാധരൻ ഡോക്ടർ ഞങ്ങൾ കണ്ണൂരിൽ കണ്ട ഡോക്ടറുടെ കൂട്ടത്തിലായിരുന്നില്ല. അദ്ദേഹം കുട്ടനോട് വളരെ സൗമ്യമായാണ് പെരുമാറിയത്. എന്നോട് പുറത്തു നിൽക്കാൻ പറഞ്ഞ് അദ്ദേഹം അവനോട് അരമണിക്കൂറോളം സംസാരിച്ചു.
പിന്നെ അവനെ പുറത്തുനിർത്തി എന്നോട് പറഞ്ഞു: "സ്‌കിസോഫ്രേനിയയുടെ പ്രിലിമിനറി സ്റ്റേജ് ആണ്. സൂയിസൈഡൽ ടെന്റൻസിയും ഉണ്ട്. തുടർച്ചയായി മരുന്ന് കഴിക്കേണ്ടി വരും."ഞാൻ അമ്പരന്നുപോയി.
ഡോക്ടർ പറഞ്ഞതിൽ അവസാനത്തെ കാര്യം മാത്രം അൽപം മയപ്പെടുത്തി അവനോട് ഞാൻ പറഞ്ഞു: "നീ കുറച്ചുകാലം തുടർച്ചയായി മരുന്നു കഴിക്കണം. ബേജാറാവാനൊന്നും ഇല്ല. ഇപ്പോഴത്തെ അവസ്ഥയൊക്കെ മാറിക്കോളും'
അവൻ പറഞ്ഞു: "അങ്ങനെ മാറ്വൊന്നും ഇല്ല. എനിക്ക് സ്‌കിസോഫ്രേനിയ ആണ്. ഇത് മാറൂല്ല'

"നീ അങ്ങനെയൊന്നും ചിന്തിക്കുകയോ പറയുകയോ ചെയ്യരുത്. ഡോക്ടർ പറഞ്ഞതനുസരിച്ച് മരുന്ന് കഴിക്കണം' ഞാൻ അപേക്ഷിക്കുന്നതുപോലെ അവനോട് പറഞ്ഞു.
അവൻ സമ്മതിച്ചു.
​ഞാൻ മരുന്നും വാങ്ങിക്കൊടുത്ത് അവനെ വീട്ടിലേക്കയച്ചു.
പിറ്റേന്ന് ഉച്ചയോടെ അവൻ കൂടുതൽ പരവശനായി തിരിച്ചുവന്നിട്ട് പറഞ്ഞു: "അമ്മ വളരെ മോശമായാണ് പെരുമാറുന്നത്. എനിക്ക് തീരെ മനഃസമാധാനം കിട്ടുന്നില്ല' അവൻ പറയുന്നത് എത്ര സത്യസന്ധമായും ഗൗരവത്തിലും ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അപ്പോൾ തന്നെ വീട്ടിലേക്ക് പോയി അമ്മയോട് പറഞ്ഞു: "നിങ്ങൾ കുട്ടന്റെ അവസ്ഥ ശരിയായി മനസ്സിലാക്കണം. അവനിപ്പോൾ ഒരു രോഗിയാണ്. അവനോട് നല്ല സ്‌നേഹത്തിൽ പെരുമാറണം. അവന്റെ ഒരു കാര്യത്തിലും അനാവശ്യമായി ഇടപെടരുത്. അവൻ സ്വതന്ത്രമായി നടക്കട്ടെ. അതിന് സമ്മതിക്കാതെ ദിവസവും അവനെ കുറ്റപ്പെടുത്തി സംസാരിച്ചുകൊണ്ടിരുന്നാൽ അവൻ ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടില്ല.'
ഞാൻ പറഞ്ഞതിന് അമ്മ യാതൊരു ഗൗരവവും കൽപിച്ചില്ല.
"എന്ത് രോഗം. ഒരു രോഗവുമില്ല. എല്ലാം വെറും കളിയാണ് ' അമ്മ പറഞ്ഞു.
അമ്മയ്ക്ക് അത്രയേ മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ.

മൂന്ന് പതിറ്റാണ്ടിലധികം കാലം ചെറിയ ക്ലാസിലെ കുട്ടികളെ പഠിപ്പിച്ച ആളാണ് അമ്മ. പണ്ട് അമ്മ പഠിപ്പിച്ചവരിൽ പലരെയും ഇപ്പോഴും ഞാൻ പലേടത്തുവെച്ചും കാണാറുണ്ട്. അവരെല്ലാം അമ്മയെപ്പറ്റി സ്‌നേഹത്തോടെ മാത്രമേ സംസാരിച്ചുകേട്ടിട്ടുള്ളൂ. "കല്യാണിടീച്ചർ എനിക്ക് അമ്മയെപ്പോലെയാണ് 'എന്ന വാക്യം ചുരുങ്ങിയത് പത്ത് പേരിൽ നിന്നെങ്കിലും ഞാൻ കേട്ടിട്ടുണ്ടാവും. അടിക്കാതെയും പേടിപ്പിക്കാതെയും കുട്ടികളെ പഠിപ്പിച്ച അമ്മ, അവരോട് അങ്ങേയറ്റം സ്‌നേഹത്തോടും വാത്സല്യത്തോടും കൂടി പെരുമാറിയ അമ്മ ഞാനും എന്റെ നേരെ ഇളയ സഹോദരിയും ഒഴിച്ചുള്ള സ്വന്തം മക്കളോടുള്ള പെരുമാറ്റത്തിൽ പലപ്പോഴും ആ ഗുണം അൽപമായിപ്പോലും കാണിച്ചില്ല.
അനിയനോടുള്ള പെരുമാറ്റം ആദ്യമൊക്കെ ഭേദപ്പെട്ട രീതിയിൽ തന്നെയായിരുന്നു. അവൻ ആദ്യം എസ്.എസ്.എൽ.സി പരീക്ഷ എഴുതാതെയും പിന്നീട് പ്രിഡിഗ്രി പരീക്ഷ എഴുതാതെയും അതിനുശേഷം ചേർന്ന കോഴ്‌സ് മുഴുമിപ്പിക്കാതെയും ഭാവിയെപ്പറ്റി ഒരാലോചനയുമില്ലാത്തതു പോലെ നടക്കാൻ തുടങ്ങിയതോടെയാണ് അമ്മയുടെ സ്വഭാവം തീരെ മയമില്ലാത്തതായിത്തീർന്നത്. ഏറ്റവും ഇളയ മകൻ എന്ന നിലയ്ക്ക് അമ്മയ്ക്ക് അവനോട് പ്രത്യേകമായ ഇഷ്ടം ഉണ്ടായിരുന്നതാണ്. സ്‌കൂളിലെ നന്നായി പഠിക്കുന്ന കൂട്ടികളുടെ കൂട്ടത്തിലായിരുന്നു അവൻ. വളരെ സൗമ്യവും മാന്യവുമായ പെരുമാറ്റം. ഒരു ദുഃശ്ശീലവുമില്ല. അവൻ നന്നായി പഠിച്ച് നല്ല നിലയിൽ എത്തുമെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. അവനെ അങ്ങനെ കാണണമെന്നത് അമ്മയുടെ വലിയ ആഗ്രഹം തന്നെയായിരുന്നു. അത് സഫലമാവില്ല എന്ന് ഉറപ്പായതോടെ അമ്മ വേറൊരാളായി.

അവൻ വീണുപോയിരിക്കുന്ന ദയനീയാവസ്ഥയിൽ നിന്ന് രക്ഷിക്കാനുള്ള ഏറ്റവും മനുഷ്യത്വപൂർണമായ വഴി ഏതാണ് എന്നൊന്നും ആലോചിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല

പല വിധ രോഗങ്ങൾ കൊണ്ട് വലയുന്ന അച്ഛനെ ശുശ്രൂഷിക്കുന്നതിനു പുറമെ സ്‌കൂളിൽ പോക്കും വീട്ടുപണികളുടെ ഭാരവും സ്വന്തം പ്രകൃതത്തിന്റെ പ്രത്യേകത കാരണം തലയിലേറ്റി വെക്കുന്ന പലവിധ വേവലാതികളും വേദനകളും കാരണം ലോകത്തെ ആഹ്ലാദത്തോടും ആത്മവിശ്വാസത്തോടും സമീപിക്കാനുള്ള ശേഷി അമ്മയ്ക്ക് ഏറെക്കുറെ പൂർണമായും നഷ്ടമായിക്കഴിഞ്ഞിരുന്നു. കടുത്ത രക്തസമ്മർദ്ദവും എന്തെന്നില്ലാത്ത ബേജാറുകളും തിടുക്കങ്ങളും അമ്മയുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നിരുന്നു.

ഈ അവസ്ഥയിലാണ് കുട്ടൻ നേരെയാവാനുള്ള സാധ്യതകളില്ലെന്ന് അമ്മയ്ക്ക് ബോധ്യപ്പെട്ടു തുടങ്ങുന്നത്. അവൻ എന്തുകൊണ്ട് അങ്ങനെയായി, അവനെ അവൻ വീണുപോയിരിക്കുന്ന ദയനീയാവസ്ഥയിൽ നിന്ന് രക്ഷിക്കാനുള്ള ഏറ്റവും മനുഷ്യത്വപൂർണമായ വഴി ഏതാണ് എന്നൊന്നും ആലോചിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. അവനെ ശാസിച്ചും നിയന്ത്രിച്ചും അവൻ വീഴ്ച വരുത്തുന്ന കാര്യങ്ങൾ ഒട്ടും മയമില്ലാത്ത ഭാഷയിൽ അപ്പപ്പോൾ ചൂണ്ടിക്കാണിച്ചും അവനെ ശരിയാക്കിയെടുക്കാമെന്നാണ് അമ്മ കരുതിയത്. കുട്ടനെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി പണം ചെലവാക്കുന്നതിൽ അമ്മ മടി കാണിച്ചിരുന്നില്ല.
പക്ഷേ, പണം ചെലവാക്കുന്നതിനേക്കാൾ പതിന്മടങ്ങ് പ്രധാനമാണ് അവനിൽ ആത്മവിശ്വാസം വളർത്തുന്നതിന് സഹായകമാവുന്ന രീതിയിൽ അങ്ങേയറ്റം ക്ഷമാപൂർവം പെരുമാറുക എന്നത് സ്വയം ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. മനുഷ്യമനസ്സിനെ അതിന് സംഭവിക്കാവുന്ന താളപ്പിഴകളിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള വഴികളെപ്പറ്റി ശാസ്ത്രീയജ്ഞാനം നേടിയിട്ടില്ലാത്ത ഒരാളെന്ന നിലയ്ക്ക് എന്റെ അമ്മയുടെ കുട്ടനോടുള്ള പെരുമാറ്റത്തെ ഒരു പരിധിക്കപ്പുറം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് എനിക്ക് സ്വയം ബോധ്യപ്പെടുത്തേണ്ടി വന്ന സന്ദർഭം ഉണ്ടാക്കിത്തന്നത് ഒരു സൈക്യാട്രിസ്റ്റ് തന്നെയാണ്.

എന്നോടൊപ്പം അദ്ദേഹത്തിന്റെ മുന്നിലെത്തിയ കുട്ടനോട് അദ്ദേഹം വളരെ സാധാരണമായ ചില ചോദ്യങ്ങൾ ചോദിച്ചു. അതുകഴിഞ്ഞ് അവന്റെ മുന്നിൽ വെച്ചുതന്നെ "എന്താണ് ഇയാളുടെ പ്രശ്‌നം?' എന്ന് എന്നോടും ചോദിച്ചു. അവൻ അനുഭവിക്കുന്നതായി നേരിൽ കാണുന്ന പ്രയാസങ്ങൾ ഏറ്റവും ലളിതമായ ഭാഷയിൽ വളരെ കുറച്ച് വാക്കുകൾ ഉപയോഗിച്ച് ഞാൻ പറഞ്ഞു. അത് കേട്ടുകഴിഞ്ഞ ഉടൻ ഈ സൈക്യാട്രിസ്റ്റ് അവന്റെ നേരെ തിരിഞ്ഞ് കടുത്ത വെറുപ്പ് പ്രകടമാക്കുന്ന മുഖഭാവത്തോടെ അൽപവും മയമില്ലാത്ത ശബ്ദത്തിൽ പറഞ്ഞു: "ഇങ്ങനെ അതുമിതും പറഞ്ഞ് ചുറ്റിത്തിരിയാണ്ട് പോയി എന്തെങ്കിലും പണിയെടുത്ത് ജീവിക്കാൻ നോക്കെടോ. ചെറിയ കുട്ടിയൊന്നുമല്ലല്ലോ. വെറുതെ രക്ഷിതാക്കൾക്ക് മെനക്കേടുണ്ടാക്കരുതെന്ന് മനസ്സിലാക്കാനുള്ള പ്രായോം വിദ്യാഭ്യാസോം ഒക്കെ ഇല്ലേ.' ഇങ്ങനെയൊക്കെ ഒരു മനോരോഗ ചികിത്സകൻ പറയും എന്ന് പലരും വിശ്വസിക്കില്ലെന്നെനിക്കറിയാം. പക്ഷേ, ഞാൻ സത്യം മാത്രമാണ് പറഞ്ഞത്. മനോരോഗം രോഗിയുടെ കുറ്റമാണ് എന്ന മട്ടിൽ പ്രതികരിക്കുന്ന വിദഗ്ധരെ വേറെയും ഞാൻ കണ്ടിട്ടുണ്ട്.

ഡോ.ഗംഗാധരൻ പ്രിസ്‌ക്രൈബ് ചെയ്ത മരുന്നുകൾ കുട്ടൻ ഒരു മാസം കഴിച്ചു. അപ്പോഴേക്കും അവന് ബറോഡയിൽ താമസിക്കുന്ന മണി (പ്രസന്ന: സഹോദരി) യുടെ അടുത്തേക്ക് പോകണമെന്ന് തോന്നി. ഡോക്ടറോട് പറഞ്ഞപ്പോൾ പെട്ടെന്ന് പോകേണ്ട, ഒരു മാസം കൂടി മരുന്ന് കഴിച്ചിട്ട് പോയാൽ മതി, അത്രയും വരെ ക്ഷമയോടെ ഇരിക്കണമെന്ന് പറഞ്ഞു. കുട്ടൻ ഒരു മാസക്കാലം മരുന്നും കഴിച്ച് പരാതിയൊന്നും പറയാതെ ഇരുന്നു .പിന്നെ വീണ്ടും ഡോക്ടറെ കണ്ട് അദ്ദേഹം കുറിച്ചുകൊടുത്ത മരുന്നും വാങ്ങി ബറോഡയിലേക്ക് പോയി. മണിയുടെ ഭർത്താവ് കൃഷ്‌ണേട്ടൻ അവന് ഒരു ജോലി ശരിയാക്കിക്കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു എന്നാണോർമ. ഒരു മാസത്തോളം അവൻ ബറോഡയിൽ നിന്നു. അവന്റെ പ്രയാസങ്ങളെപ്പറ്റിയൊക്കെ അവൻ മണിയോട് പറഞ്ഞിരുന്നു. പ്രാർത്ഥിക്കണമെന്നും ആരെപ്പറ്റിയും മോശമായി ഒന്നും പറയരുതെന്നുമൊക്കെ മണി അവനെ ഉപദേശിച്ചു. കുറച്ച് ദിവസം അവൻ സന്ധ്യയ്ക്ക് വിളക്ക് വെക്കുകയും പ്രാർത്ഥിക്കുകയുമൊക്കെ ചെയ്‌തെങ്കിലും അത് തുടരണമെന്ന് അവന് തോന്നിയില്ല. അവൻ നാട്ടിലേക്ക് മടങ്ങി. "എന്താണ് അവിടെ ജോലിക്കൊന്നും നോക്കാതെ പെട്ടെന്ന് മടങ്ങിവന്നത്?' എന്ന് ഞാൻ ചോദിച്ചപ്പോൾ "വീട്ടിൽ പോ, വീട്ടിൽ പോ എന്ന് എന്റെ തലയ്ക്കുള്ളിലിരുന്ന് ആരോ പറഞ്ഞിട്ടാണ്' എന്നാണ് കുട്ടൻ മറുപടി പറഞ്ഞത്. ആ പറച്ചിൽ ഒരു രോഗിയായ അവനെ സംബന്ധിച്ചിടത്തോളം തോന്നൽ എന്നതിനപ്പുറം ഒരാജ്ഞയോ നിഷേധിക്കാനാവാത്ത ഒരു നിർദ്ദേശമോ തന്നെയായിരുന്നിരിക്കാം എന്ന് ഗൗരവമായിത്തന്നെ ആലോചിക്കാൻ അന്നെനിക്ക് കഴിഞ്ഞില്ല.

വാതിൽ അകത്തുനിന്ന് കൊളുത്തിട്ട് തുടർച്ചയായി അവൻ രണ്ട് ദിവസം വീട്ടിൽത്തന്നെ ഇരുന്നുകളഞ്ഞു. സുഹൃത്തുക്കൾ ഉടൻ തന്നെ വന്നു. അവർ വാതിൽ ചവിട്ടിത്തുറന്നു. വിശേഷിച്ചൊന്നും സംഭവിച്ചിട്ടില്ലാത്തുപോലെ അവൻ അകത്ത് മൂടിപ്പുതച്ച് കിടക്കുകയായിരുന്നു.

കുറച്ചുനാൾ വീട്ടിൽ തന്നെ കഴിഞ്ഞപ്പോൾ അവന്റെ സ്ഥിതി പിന്നെയും മോശമായി. വാതിൽ അകത്തുനിന്ന് കൊളുത്തിട്ട് തുടർച്ചയായി അവൻ രണ്ട് ദിവസം വീട്ടിൽത്തന്നെ ഇരുന്നുകളഞ്ഞു. അമ്മ വല്ലാതെ പരിഭ്രമിച്ച് പുറത്തുപോയി അവന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ദിവാകരൻ, സോമൻ എന്നീ സുഹൃത്തുക്കൾ ഉടൻ തന്നെ വന്നു. എത്ര വിളിച്ചു നോക്കിയിട്ടും തുറക്കുന്നില്ലെന്ന് കണ്ടപ്പോൾ അവർ വാതിൽ ചവിട്ടിത്തുറന്നു. വിശേഷിച്ചൊന്നും സംഭവിച്ചിട്ടില്ലാത്തുപോലെ അവൻ അകത്ത് മൂടിപ്പുതച്ച് കിടക്കുകയായിരുന്നു. ചെറിയ പനിയുണ്ടെന്ന് മനസ്സിലാക്കിയ അവർ അവനെ തൊട്ടടുത്തുള്ള പഴയങ്ങാടി പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ രമണിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഡോക്ടർ പനിക്കുള്ള മരുന്നുകൊടുത്ത് അവനെ എന്തോ ഒക്കെ പറഞ്ഞ് സമാധാനിപ്പിച്ചു. രമണി ഡോക്ടർ മിക്ക ദിവസവും വൈകുന്നേരം അവരുടെ മകനെയും കൂട്ടി ഞങ്ങളുടെ വീട്ടിൽ വന്നിരുന്ന് അമ്മയോട് വർത്തമാനം പറയാറുണ്ടായിരുന്നു. അതുകൊണ്ട് കുട്ടന്റെ കാര്യത്തിൽ അവരുടെ ശ്രദ്ധ തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടായി.

ഞായറാഴ്ച വീട്ടിൽ പോയപ്പോൾ ഞാൻ രമണി ഡോക്ടറെ ചെന്നുകണ്ടു.
ഡോക്ടർക്ക് കുട്ടന്റെ കാര്യങ്ങളൊക്കെ കൃത്യമായി അറിയാം. വിദഗ്ധ ചികിത്സയല്ലാതെ ഇനി മറ്റ് വഴിയൊന്നമില്ലെന്ന് ഡോക്ടർ പറഞ്ഞു. അവർ കോഴിക്കോട്ടുള്ള ഡോ.മോഹൻ എന്ന സൈക്യാട്രിസ്റ്റുമായി ഫോണിൽ ബന്ധപ്പെട്ടു. വിവരങ്ങളൊക്കെ കേട്ടു കഴിഞ്ഞപ്പോൾ കുട്ടനെ കഴിവതും വേഗം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിക്കണമെന്ന് ഡോക്ടർ മോഹൻ പറഞ്ഞു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച്, രണ്ട് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഡോ.രമണി അവന് സെറിനെയ്ഡ് ഇഞ്ചക്ഷൻ കൊടുത്തു. കുറച്ചൊന്ന് മയക്കം വന്ന കുട്ടനെയും കൂട്ടി ഡോക്ടറും ഭർത്താവും ബേബി മെമ്മോറിയലിലേക്ക് പുറപ്പെട്ടു. സഹായത്തിന് എ.വി.പവിത്രനെയും കൂട്ടിയിരുന്നു. വഴിയിൽ തലശ്ശേരി കറന്റ് ബുക്‌സിനടുത്തുവെച്ച് ഞാനും കാറിൽ കയറാമെന്നാണ് തീരുമാനിച്ചിരുന്നത്.

കാറ് കറന്റ് ബുക്‌സിനു മുന്നിലെത്തിയപ്പോൾ പിൻസീറ്റിൽ മയങ്ങിക്കിടക്കുകയായിരുന്ന കുട്ടൻ കണ്ണുമിഴിച്ച് എന്നെ നോക്കി. ഡോക്ടറുടെ ഭർത്താവ് കാറിൽ നിന്നിറങ്ങി വന്ന് "ഇപ്പോൾ കൂടെ വരേണ്ട നാളെ രാവിലെ കോഴിക്കോട്ടെത്തിയാൽ മതി' എന്നു പറഞ്ഞു. ഞാൻ പിറ്റേന്ന് രാവിലെ ബേബി മെമ്മോറിയലിൽ എത്തി. എട്ട് ദിവസം കുട്ടൻ ആ ഹോസ്പിറ്റലിൽ കിടന്നു. ഈ ദിവസങ്ങളിൽ പവിത്രനും ദിവാകരനും മാറിമാറി സഹായത്തിനുണ്ടായിരുന്നു.

എട്ടാം ദിവസം വൈകുന്നേരം ഞാൻ കുട്ടനെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും അവന്റെ സ്ഥിതി കുറച്ചൊന്നു മെച്ചപ്പെട്ടിരുന്നു.
എല്ലാ മാസവും സെക്കന്റ് സാറ്റർഡേയ്ക്ക് അടുത്തു വരുന്നത് ഒഴിച്ചുള്ള ഞായറാഴ്ചകളിലൊന്നിൽ കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പിലുള്ള വീട്ടിൽ വന്ന് തന്നെ കാണണമെന്ന് പറഞ്ഞാണ് ഡോ.മോഹൻ ബേബി മെമ്മോറിയലിൽനിന്ന് കുട്ടനെ ഡിസ്ചാർജ് ചെയ്തത്. അതനുസരിച്ച് തുടർച്ചയായി രണ്ടരക്കൊല്ലത്തോളം ആദ്യം ആഴ്ചയിലൊരിക്കൽ, പിന്നെ രണ്ടാഴ്ചയിലൊരിക്കൽ, പിന്നെ മാസത്തിലൊരിക്കൽ, ഒടുവിൽ രണ്ട് മാസത്തിലൊരിക്കൽ എന്ന ക്രമത്തിൽ ഏകദേശം രണ്ടരക്കൊല്ലത്തോളം ഞങ്ങൾ മോഹൻ ഡോക്ടറെ ചെന്നുകണ്ടു. അപ്പോഴേക്കും കുട്ടന്റെ സ്ഥിതി വളരെ മെച്ചപ്പെട്ടതു പോലെ തോന്നി. ചികിത്സാകാലത്തിനിടയിൽതന്നെ അവൻ ഒരു ദിവസം ബാംഗ്ലൂരിൽ ഉണ്ണി (പ്രസൂന: സഹോദരി)യുടെ അടുത്തേക്ക് പോയി. ഉണ്ണിയുടെ ഭർത്താവ് കുഞ്ഞിരാമൻ അവന് ഒരു സ്‌ക്രീൻ പ്രിന്റിംഗ് സ്ഥാപനത്തിൽ ജോലി ശരിപ്പെടുത്തിക്കൊടുത്തു. ഒരു മാസത്തോളം അവിടെ നിന്ന അവൻ പെട്ടെന്നൊരു ദിവസം ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

ഈ ആത്മകഥ എഴുതാൻ തുടങ്ങിയപ്പോൾ എന്റെ മൂന്ന് ‌സഹോദരിമാരോടും അവനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അവനെക്കുറിച്ചുള്ള ഓരോ ഓർമയും എന്നെപ്പോലെത്തന്നെ അവരെയും തളർത്തിക്കളയുന്നതാണ്

കുട്ടനെക്കുറിച്ച് സാധാരണയായി ഞാനും സഹോദരിമാരും സംസാരിക്കാറില്ല. പക്ഷേ, ഞാൻ ഈ ആത്മകഥ എഴുതാൻ തുടങ്ങിയപ്പോൾ എന്റെ മൂന്ന് ‌സഹോദരിമാരോടും അവനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അവനെക്കുറിച്ചുള്ള ഓരോ ഓർമയും എന്നെപ്പോലെത്തന്നെ അവരെയും തളർത്തിക്കളയുന്നതാണ്. അതുകൊണ്ട് "വെറുതെ അവരെ വേദനിപ്പിച്ചല്ലോ' എന്നോർത്ത് പിന്നീട് വിഷമം തോന്നിയിരുന്നു. ബാംഗ്ലൂരിലെ സ്‌ക്രീൻ പ്രിന്റിംഗ് സ്ഥാപനത്തിൽ നിന്ന് കുട്ടൻ പെട്ടെന്ന് മടങ്ങിയതിനെപ്പറ്റി ഉണ്ണി പറഞ്ഞത് ഇങ്ങനെയാണ്: "ആദ്യം അവൻ ഉത്സാഹത്തിൽ തന്നെയാണ് പോയത്. പക്ഷേ, ആ ഉത്സാഹം തുടർന്ന് നിലനിർത്താൻ കഴിഞ്ഞില്ല. കുട്ടൻ തന്നെ അതിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ഏത് കാര്യമായാലും എന്റെ താൽപര്യം ഒറ്റയടിക്ക് നൂറ് വരെ ഉയരും. പക്ഷേ, എനിക്ക് തടഞ്ഞു നിർത്താനാവാത്ത വിധത്തിൽ അത് കുറഞ്ഞുകുറഞ്ഞ് പൂജ്യം വരെ എത്തും. പിന്നെ ഒരു തരി മുന്നോട്ട് പോവാനാവില്ല എന്നാണ് അവൻ പറഞ്ഞത്. "ബാംഗ്ലൂരിലെ ജോലി വിടുന്നതിനു മുമ്പ് "ഞാൻ മറ്റന്നാൾ നാട്ടിലേക്ക് പോവും' എന്ന് കുട്ടൻ ഉണ്ണിയോട് പറഞ്ഞിരുന്നുവത്രെ. അങ്ങനെ പറഞ്ഞ അവൻ പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് പാന്റ്‌സും ഷർട്ടും ഇടുന്നതുകണ്ട് ഉണ്ണി ചോദിച്ചപ്പോൾ "ഇല്ല, ഞാൻ ഇന്നു തന്നെ പോവുകയാണ് ' എന്ന മറുപടിയാണ് കിട്ടിയത്. ജോലി ചെയ്യുന്നതിലുള്ള താൽപര്യം ഒരു ദിവസത്തേക്കു കൂടി നിലിർത്താനാവാത്ത വിധം തലേ ദിവസം തന്നെ അവന്റെ മനസ്സ് മറ്റൊരവസ്ഥയിൽ എത്തിച്ചേർന്നുപോയിട്ടുണ്ടാവാം.

നാട്ടിലെത്തിയ കുട്ടൻ കാര്യമായ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഭാവിച്ചില്ല. അവന്റെ സ്വഭാവത്തിലെ ഒരു പ്രത്യേകതയെക്കുറിച്ചുകൂടി പറയാം. ആലോചിക്കുമ്പോഴെല്ലാം എന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒരു സംഗതിയാണത്. താൻ എത്ര കടുത്ത മാനസികപ്രശ്‌നം അനുഭവിക്കുമ്പോഴും മറ്റൊരാളെ അത് അറിയിച്ച് ആ ആൾക്ക് വിഷമമുണ്ടാക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചില ഘട്ടങ്ങളിൽ അവന് നിയന്ത്രണം നഷ്ടപ്പെട്ടുപോയിരുന്നുവെന്നത് വസ്തുതയാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ സ്‌നേഹം നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് അവൻ എന്നോട് ദേഷ്യപ്പെട്ടിരുന്നു. എന്നോട് മാത്രം. ആരുടെയെങ്കിലും പെരുമാറ്റം തീരെ അസഹ്യമായി തോന്നുകയാണെങ്കിൽ (ചെറിയ ഒരു കളിയാക്കൽ പോലും ചിലപ്പോൾ അവന് സഹിക്കാൻ കഴിഞ്ഞിരുന്നില്ല) ഒന്നും മിണ്ടാതെ അവൻ സ്ഥലം വിട്ടുകളയും. അതിനപ്പുറം ഒന്നും ചെയ്യില്ല. മിക്കവാറും അവൻ തന്റെ മനസ്സിന്റെ ചെറുതോ വലുതോ ആയ താളക്കേടുകൾ മുഴുവൻ മറച്ചുവെച്ച് നോർമലായി പെരുമാറാനും കഴിയുമെങ്കിൽ മറ്റൊരാൾക്ക് തന്നാലാവും വിധം സന്തോഷം പകരാനും ശ്രമിച്ചിരുന്നു. ഈ ശ്രമം പോലും അവന് ഗുണമല്ല ദോഷമാണ് ചെയ്തത്. "അവന് യഥാർത്ഥത്തിൽ രോഗമുണ്ടോ; അവൻ ഒരു തരം ഉരുണ്ടുകളി കളിക്കുകയല്ലേ' എന്ന് നല്ല വിവരമുള്ള ആളുകൾ പോലും ചിലപ്പോഴെങ്കിലും സംശയിച്ചു പോകുന്നതിന് ഇത് കാരണമായിട്ടുണ്ട്. നന്മയുമായിട്ടല്ല തിന്മയുടെ തിരിഞ്ഞും മറഞ്ഞും ഒളിഞ്ഞും തെളിഞ്ഞുമുള്ള നാനാതരം ആവിഷ്‌കാരങ്ങളുമായിട്ടാണ് ലോകത്തിന് കൂടുതൽ പരിചയം. അതുകൊണ്ടാണ് അവർ ഇങ്ങനെ സം ശയിച്ചുപോകുന്നത്. ഉള്ളിൽ കനൽക്കൂനയുമായി നടക്കുമ്പോഴും അന്യന് ഒരു തരിയെങ്കിൽ ഒരു തരി സഹായം ചെയ്യണമെന്നാഗ്രഹിച്ച അവന്റെ സ്വഭാവത്തിലെ അപാരമായ നന്മയ്ക്കു മുന്നിൽ ഇപ്പോഴും ഞാൻ തല കുനിക്കുകയാണ്.

സ്വഭാവനൈർമല്യത്തിന്റെ കാര്യത്തിൽ എന്റെ അനിയന്റെ അടുത്തെങ്ങും നിൽക്കാനുള്ള യോഗ്യത എനിക്കില്ലല്ലോ എന്ന് അവനില്ലാത്ത ഈ ലോകത്തിരുന്ന് എത്രയോ വട്ടം ഞാൻ ആലോചിച്ചിട്ടുണ്ട്. അവൻ രോഗിയായതിനും ചികിത്സകൾ ആ രോഗത്തിൽ നിന്ന് തന്നെ രക്ഷപ്പെടുത്തുന്നില്ലെന്ന് ബോധ്യമായപ്പോൾ ആത്മഹത്യയിലൂടെ എല്ലാ വേദനകൾക്കും പരിഹാരം കണ്ടെത്തിയതിനും അവനെ ആര് എങ്ങനെ കുറ്റപ്പെടുത്താനാണ്. ജീവിതത്തിൽ അള്ളിപ്പിടിച്ചു നിൽക്കാൻ അവന് കഴിഞ്ഞില്ല. അതിനു വേണ്ട സൂത്രപ്പണികളിൽ ഒന്നുപോലും അവൻ പഠിച്ചെടുത്തില്ല. അവന്റെ മനസ്സ് ആ വഴിക്കൊന്നും പോയില്ല. അവനെപ്പോല അതീവദുർബലനും നിഷ്‌കളങ്കനുമായ ഒരാൾക്ക് ഈ ഭൂമിയിൽ ജീവിതം നിലനിർത്തിക്കൊണ്ടുപോവുക തികച്ചും അസാധ്യമാണെന്ന് മുമ്പത്തേതിനേക്കാൾ പതിന്മടങ്ങ് വ്യക്തമായി ഇന്നെനിക്ക് ബോധ്യമുണ്ട്.

അഞ്ചാറ് മാസം കുട്ടൻ നാട്ടിൽ വെറുതെ ഇരുന്നു. അപ്പോഴാണ് മാങ്ങാട്ട് പറമ്പിൽ പ്രവർത്തനമാരംഭിക്കുന്ന "വെസ്റ്റേൺ ഇൻഡ്യാ ഇലക്ട്രോഡ്‌സി'ൽ ഇരുപത്തയ്യായിരം രൂപ കൊടുത്താൽ ഒരു ജോലി കിട്ടുമെന്ന വിവരം കിട്ടിയത്. വെൽഡിംഗ് ഇലക്ട്രോഡ്‌സ് ആവശ്യക്കാരായ വെൽഡേഴ്‌സിന്റെ അടുത്ത് എത്തിക്കണം. എവിടെയൊക്കെയാണ് ആവശ്യക്കാരുള്ളതെന്ന് കണ്ടെത്തി ഓർഡർ പിടിക്കുകയും വേണം. വലിയ തുകയൊന്നും ശമ്പളമായിക്കിട്ടില്ല. എങ്കിലും നാട്ടിൽത്തന്നെ കഴിയാം. ഒരു മാസവരുമാനം ഉറപ്പിക്കുകയും ചെയ്യാം. ഈ സാധ്യത കൈവിട്ടുകളയേണ്ടെന്ന് എനിക്കും തോന്നി. അങ്ങനെ ഇരുപത്തയ്യായിരം രൂപ കൊടുത്ത് സ്ഥാപനത്തിൽ കുട്ടന് ഒരു ജോലി വാങ്ങിക്കൊടുത്തു. ആ തുക അമ്മ തന്നെയാണ് കൊടുത്തത്. ജോലി ആരംഭത്തിൽ കരുതിയിരുന്നതുപോലെ അനായാസമായിരുന്നില്ല. വെൽഡർമാർ അവർ നേരത്തെ വാങ്ങിക്കൊണ്ടിരിക്കുന്നിടത്തു നിന്നു വിട്ട് പുതിയ ഒരു സ്ഥാപനത്തിൽ നിന്ന് സാധനം വാങ്ങാൻ തയ്യാറാവുന്നുണ്ടായിരുന്നില്ല. അവരെ അതിന് പ്രേരിപ്പിക്കാൻ വഴികളൊന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല. ഏതാണ്ട് ഒരു കൊല്ലത്തോളമേ ഈ സ്ഥാപനം നിലനിന്നുള്ളൂ. അത് പൂട്ടാൻ ഇനി താമസമില്ല എന്ന് തോന്നിയപ്പോൾത്തന്നെ അവൻ അങ്ങോട്ട് പോവാതായി. തൽക്കാലം മറ്റൊരു ജോലിസാധ്യതയും മുന്നിലില്ല. കുട്ടൻ വീട്ടിൽത്തന്നെ നിന്നു. അവന്റെ സ്ഥിതി പിന്നെയും മോശമായി.
ഞാൻ ചെന്ന് മോഹൻ ഡോക്ടറെ കണ്ടു.
അവനെ വീണ്ടും ഒരാഴ്ചത്തേക്ക് ബേബി മെമ്മോറിയലിൽ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ കുട്ടനോട് കാര്യം പറഞ്ഞു. ഹോസ്പിറ്റലിലേക്ക് വരാൻ അവൻ ഒരുക്കമായിരുന്നില്ല. ഞാൻ എത്ര നിർബന്ധിച്ചിട്ടും അവന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. അവൻ വീട്ടിൽ തന്നെ നിന്നു.
"തൽക്കാലം അവൻ അങ്ങനെ നിന്നോട്ടെ. ജോലി ഇല്ലാതായത് അവന്റെ കുറ്റമല്ലല്ലോ. ഒന്നും പറഞ്ഞ് വിഷമിപ്പിക്കരുത്' എന്ന് ഞാൻ അമ്മയെ പ്രത്യേകം ഓർമിപ്പിച്ചു. എല്ലാ ഞായറാഴ്ചയും ഞാൻ വീട്ടിലെത്തുന്നുണ്ടായിരുന്നു. അവന്റെ സ്ഥിതി കൂടുതൽ മോശമായിക്കൊണ്ടിരിക്കയാണെന്ന് എനിക്ക് മനസ്സിലായി. എന്ത് ചെയ്യണമെന്നതിനെപ്പറ്റി എനിക്ക് ഒരു രൂപവും കിട്ടിയില്ല. അക്കാലത്ത് എന്റെ ഇളയമ്മ (ജായിയേച്ചി) യുടെ മകൻ പ്രഭാതൻ ഇടയ്‌ക്കൊക്കെ വീട്ടിൽ വന്ന് നിൽക്കാറുണ്ടായിരുന്നു. ഒരു ഞായറാഴ്ച ഞാൻ വീട്ടിൽ ചെന്നപ്പോൾ പ്രഭാതൻ പറഞ്ഞു: "കുട്ടന്റെ കാര്യം വളരെ കഷ്ടമാണ്. അവന് രാത്രിയിൽ ഉറക്കം കിട്ടുന്നതേയില്ല. ഇന്നലെ രാത്രി ഏതോ സമയത്ത് എന്റെ കൂടെ വന്നു കിടന്നു. അപ്പോൾ അവൻ അടിമുടി വിറക്കുന്നുണ്ടായിരുന്നു.'

മരുന്നും വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ അവൻ പറഞ്ഞു: "ഞാൻ വീട്ടിലേക്ക് പോവില്ല. എന്നെ ഏതെങ്കിലും ആശ്രമത്തിലോ അതുപോലുള്ള സ്ഥലത്തോ കൊണ്ടുചെന്നാക്കണം'

പ്രഭാതൻ എന്നോട് ഇത് പറയുമ്പോൾ കുട്ടൻ അകത്തെ മുറിയിൽ കിടക്കുന്നുണ്ടായിരുന്നു.
ഞാൻ ആ മുറിയിലേക്ക് ചെന്ന് അവനെ കണ്ടു. അവന്റെ രൂപം പരമദയനീയമായി മാറിക്കഴിഞ്ഞിരുന്നു.
മുഖം അപ്പാടെ വിളറിവെളുത്തിരുന്നു.
കൺപോളകൾ അതിശക്തമായി പിടക്കുന്നുണ്ടായിരുന്നു.
ഞാൻ അവന്റെ കൈപിടിച്ച് "നിനിക്ക് ഡോക്ടറെ കാണണോ?' എന്ന് ചോദിച്ചു. "കാണണം' അവൻ പറഞ്ഞു. സമയം ഉച്ച കഴിഞ്ഞിരുന്നു.
മോഹൻ ഡോക്ടറുടെയോ മറ്റേതെങ്കിലും സൈക്യട്രിസ്റ്റിന്റെയോ അടുത്തേക്ക് പോകാൻ അവൻ തയ്യാറായിരുന്നില്ല.
പക്ഷേ, "എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോവണം' എന്ന് ആവർത്തിച്ചുപറയുകയും ചെയ്തു.
ഞാൻ നിർദ്ദേശിച്ച ഡോക്ടർമാരൊന്നും അവന് സ്വീകാര്യരായിരുന്നില്ല.
ഒടുവിൽ, ഏതെങ്കിലും ഹോമിയോ ഡോക്ടറെ കാണാൻ താൻ തയ്യാറാണെന്ന് അവൻ പറഞ്ഞു. ഞാൻ അവനെയും കൊണ്ട് തളിപ്പറമ്പിലെ ഒരു ഹോമിയോ ഡോക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം അവന് "പാസിഫ്‌ളോറാ മദർ ടിങ്ചർ' എന്ന മരുന്നാണ് കൊടുത്തത്. അത് കുടിക്കേണ്ട വിധവും പറഞ്ഞുകൊടുത്തു. മരുന്നും വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ അവൻ പറഞ്ഞു: "ഞാൻ വീട്ടിലേക്ക് പോവില്ല. എന്നെ ഏതെങ്കിലും ആശ്രമത്തിലോ അതുപോലുള്ള സ്ഥലത്തോ കൊണ്ടുചെന്നാക്കണം'
ആശ്രമങ്ങളോ അതുപോലുള്ള സ്ഥലങ്ങളോ എന്റെ അറിവിലില്ലെന്നും ഞാൻ അന്വേഷിച്ചു നോക്കാമെന്നും തൽക്കാലം നീ വീട്ടിൽ പോകണമെന്നും ഞാൻ നിർബന്ധിച്ചു പറഞ്ഞു. കുറെ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു.

ഞാൻ അവനെ വീട്ടിൽ കൊണ്ടുചെന്നാക്കി തലശ്ശേരിയിലേക്ക് മടങ്ങി.
പിറ്റേന്ന് രാവിലെ എട്ട് മണിയായപ്പോൾ തന്നെ അവൻ എന്റെ ക്വാർട്ടേഴ്‌സിലെത്തി."എനിക്ക് വീട്ടിൽ നിൽക്കാനാവില്ല. ഒരുജോലിക്കും പോവാൻ എന്നെക്കൊണ്ട് കഴിയുകയുമില്ല. എന്നെ ഏതെങ്കിലും ആശ്രമത്തിൽ കൊണ്ടാക്കണം' അവൻ പിന്നെയും പറഞ്ഞു.
"ആശ്രമങ്ങളൊന്നും എനിക്ക് പരിചയമില്ല. നിന്നെ കൊണ്ടുചെന്നാക്കാൻ പറ്റുന്ന മറ്റൊരു സ്ഥലവും ഞാൻ കാണുന്നുമില്ല. നീ തയ്യാറാണെങ്കിൽ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ അടുത്ത് പോവാം. അല്ലാതെ ഒന്നും ചെയ്യാനാവില്ല' ഞാൻ പറഞ്ഞു.
സൈക്യാട്രിസ്റ്റിനെ കാണാൻ അവൻ തയ്യാറായിരുന്നില്ല. രണ്ട് ദിവസം ഒരേ വാശിയിൽ അവൻ എന്റെ ക്വാർട്ടേഴ്‌സിൽ തന്നെ ഇരുന്നു. മൂന്നാം ദിവസം ഞാൻ അവനെ വളരെ നിർബന്ധിച്ച് തലശ്ശേരിയിലെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി. കുറച്ചു നേരം സംസാരിച്ചതിനുശേഷം അവനോട് പുറത്ത് നിൽക്കാനാവശ്യപ്പെട്ട് ഡോക്ടർ എന്നെ വിളിച്ചിരുത്തിയിട്ട് പറഞ്ഞു: "ഇയാൾ കടുത്ത രോഗാവസ്ഥയിലാണ്. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം' ഞാൻ സമ്മതിച്ചു. ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നതിനുള്ള ചീട്ടും വാങ്ങി ഞാൻ കൺസൾട്ടിംഗ് റൂമിൽനിന്ന് പുറത്തിറങ്ങി. കുട്ടനെയും കൂട്ടി ഒരു ഓട്ടോയിൽ കയറി.

"രണ്ട് ദിവസത്തേക്കെങ്കിലും ഹോസ്പിറ്റലിൽ കിടക്കണം. അതല്ലാതെ വേറെ വഴിയില്ല' അവനോട് ഞാൻ പറഞ്ഞു.
അവൻ എന്നോട് തട്ടിക്കയറി.
ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി.
ഞാൻ പലതും പറഞ്ഞുനോക്കി. ഒന്നും അവൻ കേൾക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഒരു കാര്യം അവനെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചു: എം.എൻ.വിജയൻ മാഷെ ചെന്നു കാണാം. മാഷ് പറയുന്നതുപോലെ ചെയ്യാം.
അഞ്ചാറ് മാസം മുമ്പ് അവനെയും കൊണ്ട് ഞാൻ മാഷുടെ വീട്ടിൽ പോയിരുന്നു. അവന് എന്തൊക്കെയോ മനഃപ്രയാസങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞതിനെ തുടർന്ന് മാഷ് അവനോട് സംസാരിക്കുകയും ചെയ്തിരുന്നു. ആ ഘട്ടത്തിൽ, പുറമെ കാണുമ്പോൾ അവന് കാര്യമായ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഉള്ള പ്രശ്‌നങ്ങൾ തന്നെ അവൻ കഴിവതും പുറത്ത് കാട്ടിയിരുന്നുമില്ല. മാഷോടും അവൻ അന്ന് കാര്യമായി ഒന്നും പറഞ്ഞില്ല. അതിനുശേഷം അവൻ ഒന്നുരണ്ട തവണ ഒറ്റയ്ക്കു തന്നെ മാഷെ കാണാൻ പോയിരുന്നു. അങ്ങനെയൊരു മുൻപരിചയമുള്ളതുകൊണ്ടാണ് മാഷ് പറയുന്നതനുസരിച്ച് ചെയ്യാമെന്ന് അവൻ സമ്മതിച്ചത്.

ടൗണിലെ ഒരു ഹോട്ടലിൽ നിന്ന് ഊണും കഴിച്ച് ഏകദേശം മൂന്ന് മണിയായപ്പോഴാണ് വിജയൻമാഷുടെ വീട്ടിലെത്തിയത്.
മാഷ് അവനോട് കുറച്ച് ദീർഘമായിത്തന്നെ സംസാരിച്ചു.
നടാലിലെ അസീസ് ഡോക്ടറെ കണ്ട് മരുന്നുവാങ്ങാൻ മാഷ് അവനെക്കൊണ്ട് സമ്മതിപ്പിച്ചു.
മാഷ് തനിക്ക് വളരെ പ്രിയപ്പെട്ട ആ ഹോമിയോ ഡോക്ടറോട് വിളിച്ച് വിവരം പറയുകയും ചെയ്തു.
ഞങ്ങൾ അസീസ് ഡോക്ടറെ ചെന്നുകണ്ടു.
മരുന്ന് വാങ്ങി റോഡിലെത്തിയപ്പോൾ കുട്ടൻ പറഞ്ഞു: "ഞാൻ എങ്ങോട്ടെങ്കിലും പോവുകയാണ്. വീട്ടിലേക്ക് ഞാൻ പോവില്ല' അതും പറഞ്ഞ് അവൻ ഓടുന്നതുപോലെ അതിവേഗത്തിൽ നടക്കാൻ തുടങ്ങി.
പിന്നാലെ ഓടിയെത്തി ഞാൻ അവനോട് പറഞ്ഞു: "കുട്ടാ, നീ എന്നെയിങ്ങനെ വിഷമിപ്പിക്കരുത്. ഇപ്പോൾ സമയം സന്ധ്യ കഴിഞ്ഞു. ഇനി ഈ രാത്രിയിൽ നീ എങ്ങോട്ട് പോവാനാണ്. ഈ അവസ്ഥയിൽ നീ എങ്ങോട്ടെങ്കിലും നടന്നാൽ എന്തെങ്കിലും ആപത്ത് വരും. ഒന്നുകിൽ നീ എന്റെ കൂടെ വരണം. അല്ലെങ്കിൽ എരിപുരത്ത് വീട്ടിൽത്തന്നെ പോകണം.' ഇതേ കാര്യം ഞാൻ പല തവണ പല രൂപത്തിൽ ആവർത്തിച്ചപ്പോൾ അവൻ വീട്ടിൽ പോകാമെന്ന് സമ്മതിച്ചു.
അവനെ ഞാൻ അടുത്ത ബസ്സിന് കണ്ണൂരേക്ക് കയറ്റിവിട്ടു. ഒരു കാര്യം ചെയ്യാമെന്നു പറഞ്ഞാൽ ഏതവസ്ഥയിലായാലും അവൻ വാക്ക് തെറ്റിക്കില്ല. അക്കാര്യം എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അവൻ മറ്റെങ്ങും പോവാതെ വീട്ടിൽ തന്നെ എത്തിക്കൊള്ളും എന്നതിൽ എനിക്ക് സംശയമൊന്നും ഉണ്ടായില്ല. ▮

(തുടരും)


എൻ. പ്രഭാകരൻ

കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, അധ്യാപകൻ. പുലിജന്മം, തിയ്യൂർ രേഖകൾ, എൻ.പ്രഭാകരന്റെ കഥകൾ, ജനകഥ തുടങ്ങിയവ പ്രധാന കൃതികൾ

Comments