"ഒരാളുടെ വേദനകൾ മോഷ്ടിക്കുന്നത് ശരിയാണെന്ന് നീ വിചാരിക്കുന്നുണ്ടോ. എന്റെ വേദനകൾ ഞാൻ അനുഭവിക്കുന്നതാണ്. അതിനുമേൽ നിനക്കെന്താണ് അവകാശം? ''
ഇരുപത്തിരണ്ട്
അടുത്ത ഞായറാഴ്ച ഞാൻ വീട്ടിൽ പോയപ്പോൾ കുട്ടൻ അവിടെ ഉണ്ടായിരുന്നില്ല. അവൻ പഴയങ്ങാടിയിലോ മറ്റോ പോയിരിക്കയായിരുന്നു.
അവന്റെ അവസ്ഥയെപ്പറ്റി അമ്മയോട് ഞാൻ അൽപം വിശദമായിത്തന്നെ പറഞ്ഞു. പഴയതിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ അമ്മ കുറച്ചൊക്കെ തയ്യാറായിരുന്നു. പക്ഷേ, അവൻ മനോരോഗിയാണെന്ന വാസ്തവം അംഗീകരിക്കാൻ അമ്മയ്ക്ക് അപ്പോഴും മനസ്സ് വന്നില്ല.
പൂർണമായ അർത്ഥത്തിൽ ഞാനും അതിന് തയ്യാറായിരുന്നില്ലെന്നാണ് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നത്. മരുന്നൊന്നും കഴിച്ചില്ലെങ്കിലും എങ്ങനെയൊക്കെയോ ആയി അവൻ സാധാരണനിലയിലേക്ക് തിരിച്ചെത്തുമെന്ന ആഗ്രഹചിന്ത തന്നെയാണ് എന്നെയും ഭരിച്ചിരുന്നത്.
കുട്ടന് സ്വന്തമായി ഒരു ജീവിതമുണ്ടാക്കിക്കൊടുക്കുന്നതിനെപ്പറ്റിയാണ് അമ്മ അന്ന് സംസാരിച്ചത്. അമ്മയുടെ ആലോചനകൾ ഒട്ടും യാഥാർത്ഥ്യ നിഷ്ഠമായിരുന്നില്ല. നല്ല ഒരു പെൺകുട്ടിയെ കണ്ടെത്തി കഴിയുന്നതും വേഗം അവന്റെ വിവാഹം നടത്തിക്കൊടുക്കുക എന്നതായിരുന്നു അമ്മയുടെ പ്ലാൻ. അമ്മ കണ്ടുവെച്ചിരിക്കുന്ന രണ്ട് കുട്ടികളിൽ ആരായിരിക്കും കൂടുതൽ നന്നാവുക എന്ന് എന്നോട് അഭിപ്രായം ചോദിക്കുകയും ചെയ്തു.""കുറച്ചുകൂടി കഴിയട്ടെ. തൽക്കാലം അതൊന്നും ആലോചിക്കേണ്ട'' എന്നുമാത്രം പറഞ്ഞ് ആ വഴിക്കുള്ള സംസാരം ഞാൻ നിരുത്സാഹപ്പെടുത്തി.
കുറച്ചു ദിവസം ഞാൻ നല്ല മനഃസമാധാനം അനുഭവിച്ചു. പക്ഷേ, അത് നീണ്ടുനിന്നില്ല. ഒരു ദിവസം രാത്രി എട്ട് എട്ടര മണിയായപ്പോൾ വിജയൻ മാഷ് പറഞ്ഞയച്ചതനുസരിച്ച് ഒരാൾ എന്നെ കാണാൻ വന്നു
ഒന്നുരണ്ടാഴ്ച കൂടി പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ കടന്നുപോയി. അടുത്തയാഴ്ച കണ്ടപ്പോൾ ഞാൻ അവനോട് സാധാരണയിലും കവിഞ്ഞ് സ്വാതന്ത്ര്യമെടുത്ത് സംസാരിച്ചു. നാട്ടിൽ ആരൊക്കെയുമായിട്ടാണ് കമ്പനി, ഏറ്റവും ഫ്രീയായിട്ട് സംസാരിക്കാൻ പറ്റുന്നത് ആരോടാണ് എന്നൊക്കെ ഞാൻ ചോദിച്ചു. എരിപുരത്തെ ഏറ്റവും പുതിയ തലമുറയിലെ ചെറുപ്പക്കാരെ എനിക്ക് കണ്ടുപരിചയമേ ഉള്ളൂ. ആരുമായും സൗഹൃദമില്ല. നേരിൽ കാണുമ്പോഴും ഒന്നു ലോഹ്യം പറഞ്ഞ് പിന്മാറുന്നതിനപ്പുറം അടുപ്പം സ്ഥാപിക്കാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.
ചിലരെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ കുട്ടൻ ഷണ്മുഖം എന്ന ചെറുപ്പക്കാരനായ ബാർബറെപ്പറ്റി പറഞ്ഞു. തമിഴനാണ്. പക്ഷേ, നന്നായി മലയാളം പറയും. നല്ല സ്‌നേഹമുള്ള കൂട്ടത്തിലാണ്. ഇത്രയും വിവരങ്ങളാണ് ആ ബാർബറെപ്പറ്റി അവൻ എനിക്ക് തന്നത്. അവന് ഇഷ്ടപ്പെട്ട ആളായ നിലയ്ക്ക് ആ ബാർബറെ ഞാനും ഒന്നു പരിചയപ്പെട്ടു കളയാം എന്നുവെച്ച് അന്നു തന്നെ ഞാൻ ഷണ്മുഖത്തിന്റെ ബാർബർഷാപ്പിൽ പോയി മുടി മുറിച്ചു. കുട്ടന്റെ ഏട്ടനാണെന്നു പറഞ്ഞപ്പോൾ ഷണ്മുഖം എന്നോടും പ്രത്യേകമായ താൽപര്യം കാണിച്ചു. എങ്ങനെയൊക്കെയോ ആയി കാര്യങ്ങൾ മെച്ചപ്പെട്ടു വരികയാണ് എന്ന തോന്നലുമായാണ് അന്ന് ഞാൻ എരിപുരത്തുനിന്ന് മടങ്ങിയത്.
കുറച്ചു ദിവസം ഞാൻ നല്ല മനഃസമാധാനം അനുഭവിച്ചു.
പക്ഷേ, അത് നീണ്ടുനിന്നില്ല.
ഒരു ദിവസം രാത്രി എട്ട് എട്ടര മണിയായപ്പോൾ വിജയൻ മാഷ് പറഞ്ഞയച്ചതനുസരിച്ച് ഒരാൾ എന്നെ കാണാൻ വന്നു. ഉടനെ മാഷുടെ വീട്ടിലെത്തണമെന്നാണ് അയാൾ പറഞ്ഞത്.
ഞാൻ ചെന്നുനോക്കുമ്പോൾ കുട്ടൻ മാഷുടെ മുറിയിലെ കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ബാംഗ്ലൂരിലെ സിസ്റ്ററുടെ അടുത്തുനിന്ന് മടങ്ങിവരികയാണെന്നും വളരെ ക്രുദ്ധനായാണ് വന്നതെന്നും മാഷ് പറഞ്ഞു. ഒരു ലുങ്കി വേണമെന്നും ഇന്ന് ഞാനിവിടെ കിടക്കാൻ പോവുകയാണെന്നുമാണത്രെ വന്നുകയറിയ പാടേ അവൻ മാഷോട് പറഞ്ഞത്. മാഷ് അനിൽകുമാറിന്റെ ഒരു ലുങ്കി തപ്പിപ്പിടിച്ചെടുത്ത് അവന് കൊടുത്തു. അവൻ ആഹാരം കഴിക്കാൻ കൂട്ടാക്കിയില്ല. പകരം ഉറങ്ങാനുള്ള മരുന്നാണ് ചോദിച്ചത്. മാഷ് നിരുപദ്രവമായ എന്തോ ഒരു മരുന്ന് കൊടുത്തു. അതും കഴിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു അവൻ. ""ഒന്നു വിളിച്ചു നോക്കൂ. പറ്റിയാൽ കൂടെ കൂട്ടിക്കോ''; മാഷ് പറഞ്ഞു.
ഞാൻ വിളിച്ചപ്പോൾ പെട്ടെന്നു തന്നെ അവൻ ഉണർന്നു. മറുത്തൊന്നും പറയാതെ, ലുങ്കി മാറ്റാൻ പോലും നിൽക്കാതെ എന്റെ കൂടെ ഇറങ്ങി വരികയും ചെയ്തു.
രണ്ട് ദിവസം അവൻ എന്റെ കൂടെ നിന്നു.
പെരുമാറ്റത്തിൽ അപാകതകളൊന്നുമുണ്ടായിരുന്നില്ല.
എന്നോടും ഭാര്യയോടും മക്കളോടുമെല്ലാം വളരെ സാധാരണമായ രീതിയിൽ തന്നെയാണ് വർത്തമാനം പറഞ്ഞത്.
ബാംഗ്ലൂരിൽ എന്തിന് പോയി, തിരിച്ചു വരുമ്പോൾ വിജയൻമാഷുടെ അടുത്തേക്ക് പോയതെന്തിനാണ് എന്നൊക്കെ ഞാൻ ചോദിച്ചിരുന്നു. അതിനൊന്നും കുട്ടൻ വ്യക്തമായി മറുപടി പറഞ്ഞില്ല. വീണ്ടും വീണ്ടും ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് എനിക്ക് തോന്നുകയും ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞ് അവൻ എരിപുരത്തേക്ക് പോയി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ധർമടത്ത് വന്നു. ഇപ്രാവശ്യവും നേരെ പോയത് വിജയൻ മാഷുടെ വീട്ടിലേക്ക് തന്നെ. അതേ വരെ പറയാതിരുന്ന ഒരു കാര്യം അവൻ അന്ന് മാഷോട് പറഞ്ഞു: ""ഏട്ടൻ എഴുതുന്ന കഥകളൊന്നും ഏട്ടന്റെതല്ല. എല്ലാം ഞാനെഴുതുന്നത് മോഷ്ടിക്കുന്നതാണ്''
മാഷ് അവനെ എന്തൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു എന്നെനിക്കറിയില്ല. അവൻ എന്നെ കാണാൻ വരാതെ തിരിച്ചുപോയി.
"എനിക്ക് പാവം തോന്നുന്നു. യഥാർത്ഥത്തിൽ അതൊരു വല്ലാത്ത അന്വേഷണമാണ്. ഞാൻ അവനോട് എന്താണ് പറയുക''; അന്ന് മാഷുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു
നാലഞ്ച് ദിവസം കഴിഞ്ഞ് അവൻ വീണ്ടും മാഷെ കാണാൻ വന്നു.
ഇത്തവണ അവൻ മാഷോട് ചോദിച്ചു: ""എനിക്ക് യാതൊരു ടെൻഷനും ഇല്ലാതെ ജീവിക്കാൻ പറ്റുന്ന സ്ഥലം എവിടെയെങ്കിലും ഉണ്ടാവുമോ? ഞാൻ ആർക്കും ഒരുപദ്രവവും ചെയ്യാനാഗ്രഹിക്കുന്നില്ല. എനിക്ക് വിശേഷിച്ചൊന്നും ആവശ്യവുമില്ല. ജീവിച്ചു പോകാനുള്ള ആഹാരം, വസ്ത്രം അതൊക്കെ മതി. എന്തെങ്കിലും ചെറിയ ജോലി ചെയ്യാം. ഇങ്ങനെയുള്ള ഒരു സ്ഥലം എവിടെയെങ്കിലും ഉണ്ടോ?''
മാഷ് അന്നും എന്തൊക്കെയോ പറഞ്ഞ് അവനെ ആശ്വസിപ്പിച്ച് തിരിച്ചയച്ചു.
ഒരാളെ വിട്ട് എന്നെ വിളിപ്പിച്ചിട്ട് പറഞ്ഞു: ""എനിക്ക് പാവം തോന്നുന്നു. യഥാർത്ഥത്തിൽ അതൊരു വല്ലാത്ത അന്വേഷണമാണ്. ഞാൻ അവനോട് എന്താണ് പറയുക''; അന്ന് മാഷുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. മാഷെ അത്രയും പരവശമായ അവസ്ഥയിൽ അതിനു മുമ്പ് ഞാൻ കണ്ടിട്ടില്ല.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവൻ വീണ്ടും വന്ന് മാഷോട് പറഞ്ഞു: ""എന്നെ ബുദ്ധിമുട്ടൊന്നും ഉണ്ടാകാത്ത ഒരു മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം'' ""ഒരാഴ്ചയ്ക്കുള്ളിൽ അങ്ങനെയൊരു സ്ഥലം കണ്ടെത്താ''മെന്നു പറഞ്ഞ് മാഷ് അവനെ മടക്കിയയച്ചു.
തൊടുപുഴയിലുള്ള ഒരു മെന്റൽ ഹോസ്പിറ്റലിന്റെ വിവരം അന്വേഷിച്ച് കണ്ടെത്തി മാഷ് അന്നു തന്നെ അവരുമായി ബന്ധപ്പെട്ടു. എന്നെ വിളിച്ച് കാര്യങ്ങളൊക്കെ വിശദീകരിച്ച ശേഷം മാഷ് പറഞ്ഞു: ""ഒരു സ്ഥാപനം തൊടുപുഴയിലുണ്ട്. നമുക്ക് അവനെ കുറച്ചുകാലത്തേക്ക് അവിടെ കൊണ്ടുചെന്നാക്കാം. ഈ അവസ്ഥയിൽ അതാണ് നല്ലത്.'' ഞാൻ സമ്മതിച്ചു.
മാഷ് വിവരം അറിയിച്ചതിനെ തുടർന്ന് അവൻ ശനിയാഴ്ച വന്നു. ഞായറാഴ്ച അവിടെ അഡ്മിഷൻ ഇല്ല. ഞായറാഴ്ച തന്നെ പുറപ്പെട്ട് തിങ്കളാഴ്ച അഡ്മിഷൻ വാങ്ങാം. അങ്ങനെ കണക്കുകൂട്ടി രാവിലെ അവനെയും കൊണ്ട് തൊടുപുഴയിലേക്ക് പുറപ്പെടാൻ ഞാൻ തീരുമാനിച്ചു. രാത്രി ഞാൻ എന്റെ ക്വാർട്ടേഴ്‌സിലിരുന്ന് ഷർട്ട് ഇസ്തിരിയിടുകയായിരുന്നു.അതുകണ്ടപ്പോൾ അവൻ ചോദിച്ചു: ""ഇതെന്തിനാ ഇസ്തിരിയിടുന്നത്?''
""നാളെ രാവിലെ നമ്മക്ക് പോവണ്ടതല്ലേ. ചുളിഞ്ഞ കുപ്പായമൊന്നും ഇട്ട് പോവണ്ട ല്ലോ.'' പല ദിവസങ്ങളായി ഉപയോഗിക്കുന്ന മുഷിഞ്ഞു നാറുന്ന ഷർട്ടാണ് അവന്റെ ദേഹത്തുണ്ടായിരുന്നത്. അത് ചൂണ്ടിക്കാണിച്ചിട്ട് ഞാൻ പറഞ്ഞു:""നാളെ രാവിലെ നീ ഈ ഷർട്ട് മാറ്റണം. ബേഗിൽ വേറെ ഷർട്ടുണ്ടല്ലോ''
പെട്ടെന്ന് അവന് ദേഷ്യം വന്നു. അവൻ പറഞ്ഞു:""ഞാൻ ഷർട്ടൊന്നും മാറ്റില്ല. ഞാൻ തീരുമാനിക്കുന്നതിനപ്പുറത്ത് എന്നെക്കൊണ്ട് ഒരു കാര്യവും ചെയ്യിക്കാൻ കഴിയില്ല'' അതും പറഞ്ഞ് എന്നെ നോക്കി അവൻ പുച്ഛിച്ച് ചിരിച്ചു. എനിക്ക് ദേഷ്യം വന്നു.""നാളെ നമ്മക്ക് പോണം. ഈ കുപ്പായോം ഇട്ടോണ്ട് പോവാൻ പറ്റൂല്ല'' ഞാൻ കുറച്ച് കനപ്പിച്ച് പറഞ്ഞു.""പോണ്ട. പോയില്ലെങ്കിൽ ഒന്നുമില്ല''""പോവണ്ടെങ്കിൽപ്പിന്നെ എന്തിനാ നീ വന്നത്?'' ഞാൻ പെട്ടെന്നങ്ങനെ ചോദിച്ചുപോയി.""പോണ്ട, എവിടെയും പോണ്ട; ഞാനിവിടന്ന് പോയ്‌ക്കോളാം'' എന്നു പറഞ്ഞ് അവൻ ബേഗുമെടുത്ത് പുറപ്പെട്ടു. ഞാൻ ഓടിച്ചെന്ന് മുന്നിലെ വാതിലിന്റെ ബോൾട്ടിട്ടു. അവൻ വാതിൽ തുറക്കാനും ഞാൻ അവനെ തടയാനും ശ്രമിച്ചു. പെട്ടെന്ന് അവൻ ബേഗ് ചുഴറ്റി അതുകൊണ്ട് എന്നെ ശക്തമായ ഒരടിയടിച്ചു. അവന്റെ ശരീരത്തിന് അപ്പോൾ അസാധാരണമായ കരുത്തുണ്ടായിരുന്നു. അടിക്കുന്ന കാര്യം ഞാൻ പ്രതീക്ഷിച്ചിരുന്നതേയുമില്ല. അതുകൊണ്ട് പെട്ടെന്ന് ഞാൻ വല്ലാതായിപ്പോയി. എന്റെ മക്കൾ കരഞ്ഞ് ബഹളം വെച്ചു. റീന ഓടിവന്ന് അവന് വാതിൽ തുറന്നുകൊടുക്കാൻ പറഞ്ഞു. ഞാൻ വാതിൽ തുറന്നു. അവൻ നിമിഷനേരം കൊണ്ട് പുറത്തേക്ക് ഓടിയിറങ്ങി.
അവൻ പോയ്ക്കഴിഞ്ഞപ്പോൾ എനിക്ക് ആകപ്പാടെ വേവലാതിയായി. ഞാൻ അപ്പോൾത്തന്നെ പോയി മറ്റൊരു ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ജോസ് മാഷെ കണ്ട് വിവരം പറഞ്ഞു. ജോസ് ഉടൻ തന്നെ പോയി കുറച്ചപ്പുറം വെള്ളോക്ക് എന്ന സ്ഥലത്ത് താമസിക്കുന്ന പോക്കർ മാഷെ വിളിച്ചുകൊണ്ടു വന്നു. ഞങ്ങൾ മൂന്നുപേരും കൂടി വിജയൻ മാഷെ കാണാൻ പോയി. കുട്ടൻ മാഷുടെ അടുത്ത് ഉണ്ടാവും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പോക്കറും ജോസും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. പക്ഷേ, അവൻ അവിടെ എത്തിയിരുന്നില്ല. അതറിഞ്ഞപ്പോൾ ഞാൻ വല്ലാതായി. -""പേടിക്കാനൊന്നുമില്ല. അവൻ വീട്ടിലെത്തിക്കോളും. മറ്റെങ്ങും പോകില്ല'' മാഷ് പറഞ്ഞു.
ഞാൻ പിറ്റേ ദിവസം രാവിലെ തന്നെ എരിപുരത്തേക്ക് പോയി. എട്ട് മണിയോടെ എരിപുരത്ത് ബസ്സിറങ്ങിയപ്പോൾ ആദ്യം കണ്ടത് ദിവാകരനെയാണ്. കുട്ടനെ കണ്ടിരുന്നോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ""ദാ,ഇപ്പോ വീട്ടിലേക്ക് പോയതേയുള്ളൂ. ബാംഗ്ലൂര്ന്ന് വര്വാണെന്നാ പറഞ്ഞത്.''
ഞാൻ വീട്ടിലേക്ക് പോയി. അവൻ മുറിയിൽ നിന്ന് പുറത്തു വന്നില്ല. കഴിഞ്ഞ രാത്രിയിലെ സംഭവം അവനെ വിഷമിപ്പിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. എന്താണ് ഉണ്ടായത് എന്നൊന്നും ഞാൻ അമ്മയോട് പറഞ്ഞില്ല.
അനിയൻ കോഴിക്കോട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജോലി ചെയ്യുന്ന ശത്രുഘ്‌നന്റെ വീട്ടിൽ രാത്രിയിൽ ചെന്ന് ബഹളം വെച്ചുവെന്നും അവനെ നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ ആക്കിയിരിക്കുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു
""കുട്ടൻ കുറച്ച് നേരത്തെ വന്നതല്ലേ ഉള്ളൂ. ഉറങ്ങിക്കോട്ടെ. അടുത്ത ഞായറാഴ്ച ഞാൻ വരുമ്പോ കണ്ടോളാം'' എന്നു പറഞ്ഞ് കുറച്ചു നേരം വർത്തമാനം പ റഞ്ഞിരുന്ന് ഞാൻ ഇറങ്ങി.""ഏട്ടനെ ഞാൻ അടിച്ചുപോയി. ബാഗ് കൊണ്ടല്ലേ, വേദനയെടുത്തിട്ടൊന്നും ഉണ്ടാവൂല്ല'', എന്നെ ബാഗ് കൊണ്ട് അടിച്ച സംഭവത്തെപ്പറ്റി കുട്ടൻ ഇളയമ്മയുടെ മകനോട് ഇങ്ങനെയാണ് പറഞ്ഞതെന്ന് പിന്നീട് ഞാൻ അറിഞ്ഞു.
രണ്ടുമൂന്ന് മാസം പിന്നെയും കഴിഞ്ഞു. അവൻ പുറമെ വളരെ നോർമലായിരുന്നു. ഇതിനിടയിൽ ഒന്നിലധികം തവണ അവൻ തലശ്ശേരിയിൽ വന്ന് ശശിമാഷെ വീട്ടിൽ (എൻ.ശശിധരൻ) പോയി കണ്ട് അവൻ വായിച്ച സാഹിത്യകൃതികളെപ്പറ്റി മാഷോട് അഭിപ്രായം പറയുകയും ചർച്ച ചെയ്യുകയുമൊക്കെ ചെയ്ത് അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്ത് എന്നെ കാണാതെ മടങ്ങിപ്പോയിരുന്നു. ഒരുദിവസം വിജയൻ മാഷെയും ചെന്നു കണ്ടു.
""എന്തെങ്കിലുമൊരു ജോലി ശരിപ്പെടുത്തിത്തരണം'' എന്നാണ് അന്ന് അവൻ മാഷോട് ആവശ്യപ്പെട്ടത്. മാഷ് അന്നു തന്നെ എന്നെ വിളിച്ച് കാര്യം പറഞ്ഞു:""ഒരു ജോലിയ്ക്കാണല്ലോ ആവശ്യപ്പെട്ടത്. നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യണം'' ഞാൻ കാസർകോട്ടെ വത്സൻമാഷുമായി ബന്ധപ്പെട്ടു. കുട്ടന്റെ അവസ്ഥയെപ്പറ്റി അദ്ദേഹത്തോട് വിശദമായി സംസാരിച്ചു.
""നമുക്ക് നോക്കാം അവനെ ഏതായാലും ഇങ്ങോട്ടയക്ക്'' എന്നാണ് വത്സൻമാഷ് പറഞ്ഞത്. ഞാൻ കുട്ടനെ കണ്ട് വത്സൻമാഷുടെ പ്രകൃതത്തെപ്പറ്റി അവന് കൃത്യമായ ഒരു ധാരണയുണ്ടാക്കിക്കൊടുത്ത ശേഷം പറഞ്ഞു: ""നീ മാഷെ പോയി കാണണം. മാഷ് നിനക്ക് എന്തെങ്കിലുമൊരു ജോലി ശരിയാക്കിത്തരും. ബുദ്ധിമുട്ടുണ്ടാക്കുന്ന ജോലിയ്‌ക്കൊന്നും നിന്നെ അയക്കില്ല. വത്സൻമാഷ് അതൊക്കെ അറിഞ്ഞു തന്നെയേ ചെയ്യൂ. എന്ത് ജോലിയായാലും നീ അത് സ്വീകരിക്കണം'' .കുട്ടൻ സമ്മതിച്ചു.
വത്സൻമാഷ് അവനെ കാസർകോട്ടെ ഗംഗാധരൻ വക്കീലിന് പരിചയപ്പെടുത്തിക്കൊടുത്തു. വക്കീൽ അദ്ദേഹത്തിന്റെ ഓഫീസിൽ തൽക്കാലത്തേക്ക് അവന് ജോലിയും കൊടുത്തു. രണ്ടാഴ്ച അവൻ ഗംഗാധരൻ വക്കീലിന്റെ ഓഫീസിൽ ജോലി ചെയ്തു. വടകരയിലെ പാറ ചന്ദ്രൻ എന്ന അധ്യാപകനും സുഹൃത്തുക്കളും താമസിച്ചിരുന്ന ലോഡ്ജിലാണ് വത്സൻമാഷ് അവന് താമസിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിക്കൊടുത്തത്. വളരെ നല്ല ആളുകളായിരുന്നു അവരെല്ലാം. കുട്ടൻ അവിടെ സന്തോഷത്തോടെ തന്നെ താമസിച്ചു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്രത്യേകിച്ച് കാരണമൊന്നും പറയാതെ ജോലി മതിയാക്കി തിരിച്ചു വന്നു. അവൻ ഒരാഴ്ച വീട്ടിൽ നിന്നു. പിന്നെ പറശ്ശിനിക്കടവിൽ ഇളയമ്മയുടെ വീട്ടിൽ പോയി നിൽക്കുകയാണെന്നു പറഞ്ഞ് അങ്ങോട്ടേക്ക് പോയി.
ശത്രുഘ്‌നൻ പോലീസിന് ഫോൺ ചെയ്തു. പോലീസ് ജീപ്പ് വന്നു. അവർ അവനെ ജീപ്പിൽ കയറ്റി പുറപ്പെട്ടു. പിന്നാലെ സ്‌കൂട്ടറിൽ ശത്രുഘ്‌നനും. ജീപ്പിൽ വെച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ അവൻ വിവരങ്ങളെല്ലാം പറഞ്ഞു
1994 മെയ് 17.
ഞാൻ കണ്ണൂർ എസ്.എൻ.കോളേജിലെ സെൻട്രലൈസ്ഡ് വാല്വേഷൻ കാംപിലേക്ക് പോയതായിരുന്നു. പത്ത് മണി കഴിഞ്ഞപ്പോൾത്തന്നെ എന്തോ അത്യാവശ്യകാര്യത്തിന് കണ്ണൂരിലെ മാതൃഭൂമി ഓഫീസിൽ നിന്ന് വിളിക്കുന്നു എന്ന് കോളേജ് ഓഫീസിലുള്ള ഒരാൾ വന്ന് പറഞ്ഞു. ഞാൻ ഓഫീസിലേക്ക് ചെന്നു. വിളിച്ചത് എൻ. പി. രാജേന്ദ്രനായിരുന്നു. അനിയൻ കോഴിക്കോട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജോലി ചെയ്യുന്ന ശത്രുഘ്‌നന്റെ വീട്ടിൽ രാത്രിയിൽ ചെന്ന് ബഹളം വെച്ചുവെന്നും അവനെ നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ ആക്കിയിരിക്കുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു.
ഞാൻ അപ്പോൾ തന്നെ കാംപിൽ നിന്ന് ഒഴിവായി തലശ്ശേരിയിൽ വന്ന് "സെൽവെ മെഡിക്കൽസ്' എന്ന സ്ഥാപനത്തിലെ നാസറെയും കൂട്ടി കോഴിക്കോട്ടേക്ക് പോയി മാതൃഭൂമി ഓഫീസിൽ ചെന്ന് ശത്രുഘ്‌നനെ കണ്ടു. ശത്രുഘ്‌നൻ തലേ ദിവസം നടന്ന സംഭവങ്ങളൊക്കെ വിവരിച്ചു പറഞ്ഞു. കുട്ടൻ രാവിലെ 10 മണിക്ക് തന്നെ മാതൃഭൂമി ഓഫീസിൽ എത്തിയിരുന്നു. അവൻ നേരെ ശത്രുഘ്‌നനെ ചെന്നുകണ്ട് ""എന്റെ പേര് പ്രഭാകരൻ എന്നാണ്. ഒന്നു പുറത്തേക്ക് വരണം. എനിക്ക് രഹസ്യമായി ചില കാര്യങ്ങൾ പറയാനുണ്ട്'' എന്നു പറഞ്ഞു. ശത്രുഘ്‌നന് അവനെ പരിചയമില്ല. സംസാരരീതിയിലും മൊത്തത്തിലുള്ള ഭാവത്തിലും എന്തോ പന്തികേടുള്ളതായി തോന്നുകയും ചെയ്തു. ""പുറത്തേക്ക് വരാൻ പറ്റില്ല'' എന്ന് ശത്രുഘ്‌നൻ തറപ്പിച്ചു പറഞ്ഞു. അവൻ ഒന്നും മിണ്ടാതെ അവിടെ നിന്ന് പോവുകയും ചെയ്തു. ശത്രുഘ്‌നൻ വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി വീട്ടിൽ ചെന്ന് കുടുംബത്തെയും കൂട്ടി പുറത്തേക്കു പോയി. രാത്രി 11 മണി അടുപ്പിച്ചാണ് വീട്ടിൽ തിരിച്ചെത്തിയത്. അപ്പോൾ കുട്ടൻ വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു.
വീണ്ടും അവൻ പഴയ ആവശ്യം ഉന്നയിച്ചു: ""രഹസ്യമായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. കുറച്ചു നേരം പുറത്തെവിടെയെങ്കിലും പോയി ഇരിക്കാം'' അവൻ പറഞ്ഞു.""ഈ രാത്രി എങ്ങോട്ടും വരാനാവില്ലെന്നും പറയാനുള്ളത് ഇവിടെ വെച്ച് പറഞ്ഞോളൂ'' എന്നും ശത്രുഘ്‌നൻ പറഞ്ഞു. അവൻ കൂട്ടാക്കിയില്ല. പകരം തർക്കത്തിന് നിൽക്കുകയാണ് ചെയ്തത്. നിവൃത്തിയില്ലാതെ വന്നപ്പോൾ ശത്രുഘ്‌നൻ പറഞ്ഞു: ""ഞാൻ പൊലീസിനെ വിളിക്കും. വേഗം പോവുന്നതാണ് നല്ലത്.''""പൊലീസിനെ വിളിച്ചാൽ നന്നായി. ഇന്ന് രാത്രി ലോഡ്ജിന്റെ വാടക കൊടുക്കാതെ കഴിക്കാം'' കുട്ടൻ പറഞ്ഞു.
ശത്രുഘ്‌നൻ പോലീസിന് ഫോൺ ചെയ്തു. പോലീസ് ജീപ്പ് വന്നു. അവർ അവനെ ജീപ്പിൽ കയറ്റി പുറപ്പെട്ടു. പിന്നാലെ സ്‌കൂട്ടറിൽ ശത്രുഘ്‌നനും. ജീപ്പിൽ വെച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ അവൻ വിവരങ്ങളെല്ലാം പറഞ്ഞു.
സ്റ്റേഷനിലെത്തിയ ശത്രുഘ്‌നനോട് പൊലീസുകാർ പറഞ്ഞു: ""ഇയാൾ തലശ്ശേരി ബ്രണ്ണൻ കോളേജിലെ എൻ.പ്രഭാകരൻ എന്നയാളുടെ അനിയനാണ്'' അപ്പോൾ മാത്രമാണ് ശത്രുഘ്‌നന് ആളെ മനസ്സിലായത്. അവനെ ഉപദ്രവിക്കരുതെന്നും ഒരു രാത്രി സ്റ്റേഷനിൽ പാർപ്പിക്കണമെന്നും നാളെ രാവിലെ വിവരമറിയിച്ച് ആളെ വരുത്താമെന്നും ശത്രുഘ്‌നൻ പറഞ്ഞു. ഇങ്ങനെയൊക്കെ സംഭവിച്ചുപോയതിൽ ശത്രുഘ്‌നന് യഥാർത്ഥത്തിൽ വലിയ വിഷമമുണ്ടായിരുന്നു.
ഞാനും നാസറും ഒരു ഓട്ടോയിലും ശത്രുഘ്‌നൻ സ്‌കൂട്ടറിലും നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ ചെന്നു. അപ്പോൾ അവൻ സ്‌റ്റേഷൻ വരാന്തയിലൊരിടത്ത് പായയിൽ കിടക്കുകയായിരുന്നു. ഞങ്ങൾ അവനെ പുറത്തിറക്കിക്കൊണ്ടുവന്നു.
റോഡിലെത്തിയപാടെ അവൻ പറഞ്ഞു: ""എനിക്കൊരമ്പതുറുപ്പിക വേണം ഒരു സ്ഥലം വരെ പോകാനാണ്.'' ""തരാം കുറച്ചു കഴിയട്ടെ'' എന്നു ഞാൻ പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല. ഞങ്ങളുടെ കൂടെ വരുന്നത് അവന് സമ്മതവുമായിരുന്നില്ല.
നാസർ എന്തൊക്കെയോ സൂത്രം ഉപയോഗിച്ച് അവനെ ഡോ. ഒ. എൻ. വാസുദേവൻ എന്ന സൈക്യാട്രിസ്റ്റിന്റെ വീട്ടിലെത്തിച്ചു. വാസുദേവൻ ഡോക്ടർ കുറച്ചു നേരം അവനോട് സംസാരിച്ചു. പിന്നെ എന്നെ വിളിച്ചിട്ട് പറഞ്ഞു: ""പാരനോയിഡ് സ്‌കിസോഫ്രേനിയ ആണ്. മാറാൻ ഒരുപാട് സമയമെടുക്കും. കൊല്ലങ്ങളോളം മരുന്ന് കഴിക്കേണ്ടി വരും.''
അവനെക്കൊണ്ട് മരുന്ന് കഴിപ്പിക്കുക എളുപ്പമല്ലെന്ന് ഞാൻ പറഞ്ഞു.""എങ്കിൽ ഒരാഴ്ച ശാന്തി ക്ലിനിക്കിൽ കിടത്തണം. കുറച്ചൊന്ന് ഭേദപ്പെട്ടാൽ വീട്ടിലേക്ക് കൊണ്ടുപോവാം. വീട്ടിലെത്തിയാലും തുടർച്ചയായി മരുന്ന് കഴിക്കണം.'' വീണ്ടും നാസർ എന്തൊക്കെയോ ഉപായങ്ങളൊപ്പിച്ച് അവനെ ശാന്തി ക്ലിനിക്കിൽ എത്തിച്ചു. ഒരാഴ്ച അവൻ ശാന്തി ക്ലിനിക്കിൽ കിടന്നു. ഈ ദിവസങ്ങളിൽ ദിവാകരനും കനകൻ എന്ന സുഹൃത്തും നാസറുമാണ് മാറിമാറി അവന്റെ കൂടെ ക്ലിനിക്കിൽ നിന്നത്. കുട്ടന്റെ സ്ഥിതിയിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാവുന്നതായി കണ്ടില്ല. അവനെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കുക പോലും എളുപ്പമായിരുന്നില്ല.
ശാന്തി ക്ലിനിക്കിലെ ഒരു നേഴ്‌സാണ് കല്പറ്റയ്ക്കടുത്തുള്ള ചെന്നലോട്ടെ "ലൂയീസ് മൗണ്ട് ഹോസ്പിറ്റലി'നെപ്പറ്റി പറഞ്ഞത്. അവിടെ കുറച്ചുകാലം കിടത്താൻ പറ്റുമെങ്കിൽ നല്ല ഇംപ്രൂവ്‌മെന്റുണ്ടാകുമെന്ന് സിസ്റ്റർ പറഞ്ഞു. ഞങ്ങൾ വാസുദേവൻ ഡോക്ടറോട് അഭിപ്രായം ചോദിച്ചു. ലൂയീസ് മൗണ്ടിൽ പോകുന്നത് നല്ലതു തന്നെ എന്ന് ഡോക്ടറും പറഞ്ഞു. ഡോക്ടറുടെ കയ്യിൽ നിന്ന് ലൂയീസ് മൗണ്ടിലെ സുരേഷ് ഡോക്ടർക്കുള്ള കത്തും വാങ്ങി ഒരു ദിവസം രാവിലെ ഞാനും നാസറും കുട്ടനെയും കൂട്ടി ശാന്തിക്ലിനിക്കിൽ നിന്ന് പുറപ്പെട്ടു. കസ്റ്റോഡിയൽ കെയർ ആണ് ലൂയീസ് മൗണ്ട് ഹോസ്പിറ്റലിലുള്ള സംവിധാനം. രോഗികളെ അവിടെ പാർപ്പിക്കാം. ബന്ധുക്കളോ മറ്റ് ബൈസ്റ്റാന്റർമാരോ വേണ്ട.
ആ ചോദ്യം ചോദിക്കുമ്പോഴും അവൻ എന്നോടുള്ള സ്‌നേഹം കൊണ്ട് വിങ്ങുകയായിരുന്നു. ആ നിമിഷങ്ങളെ എങ്ങനെ ഞാൻ അതിജീവിച്ചുവെന്ന് ഉൾക്കിടിലത്തോടെ മാത്രമേ ഇന്നെനിക്ക് ഓർക്കാനാവുന്നുള്ളൂ.
സുരേഷ് ഡോക്ടർ ചെറുപ്പക്കാരനായിരുന്നു.
രോഗിക്കോ ബന്ധുക്കൾക്കോ ഒട്ടും പരിഭ്രമമുണ്ടാക്കാത്ത വിധത്തിൽ സംസാരിക്കും. അദ്ദേഹം അവനെ അവിടെ അഡ്മിറ്റ് ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ഡോക്ടർക്ക് ഫോൺ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: ""ഇവിടം വരെ ഒന്നു വരണം. ചില കാര്യങ്ങൾ പറയാനുണ്ട്.''
അടുത്ത ദിവസം ഞായറാഴ്ചയായിരുന്നു. ഞാൻ ഉച്ചയോടെ ലൂയീസ് മൗണ്ടിലെത്തി. ഞാൻ കയറിച്ചെല്ലുമ്പോൾ കുട്ടൻ ഹോസ്പിറ്റലിൽ അവനെ പാർപ്പിച്ചിരുന്ന മുറിയുടെ ജനൽപ്പടിയിൽ പിടിച്ച് പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു. എന്നെ കണ്ടപാടെ അവൻ ഓടി വന്നു. പ്രായം ചെന്ന ഒരു കന്യാസ്ത്രീ ഹോസ്പിറ്റലിന്റെ വാതിൽ തുറന്ന് എന്നെ അകത്തേക്ക് കയറ്റി. ""എന്നെ വീട്ടിലേക്ക് കൊണ്ടുപോണം'', അവൻ പറഞ്ഞു.""പേടിക്കേണ്ട. കൊണ്ടുപോവാം. ഡോക്ടർ വന്നോട്ടെ'', ഞാൻ പറഞ്ഞു.""എന്തായാലും എന്നെ കൊണ്ടുപോകണം. എനിക്ക് ഒന്നും കൂടി കോഴിക്കോട്ട് പോവണം'' അവൻ പറഞ്ഞു.""കോഴിക്കോട്ടേക്ക് ഇന്നേതായാലും പോവണ്ട. അത് നമുക്ക് സൗകര്യത്തിൽ പിന്നെ ഒരു ദിവസം പോവാം.''
""അത് പറഞ്ഞാൽ ശരിയാവൂല്ല. ഞാൻ വീട്ടിലേക്ക് പോവ്വ്വാണെന്ന് പറഞ്ഞ് നിന്റെ കൂടെ ഇവിടെ നിന്ന് പുറത്തിറങ്ങും. പുറത്തിറങ്ങിയാൽ നേരെ കോഴിക്കോട്ടേക്ക് പോവുകയും ചെയ്യും.'' കുട്ടൻ നല്ല വാശിയിൽത്തന്നെയായിരുന്നു. അവന്റെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന് എനിക്ക് ബോധ്യമായി. തൽക്കാലം എന്ത് ഞാൻ പറഞ്ഞാലും ഗുണമൊന്നുമുണ്ടാവില്ലെന്ന കാര്യം ഉറപ്പായിരുന്നു.
ഞാൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവൻ എന്റെ അരികിൽ വന്ന് എന്നോട് ചേർന്നിരുന്ന് എന്റെ കൈത്തണ്ടയിൽ തടവിക്കൊണ്ട് എന്തൊക്കെയോ പറയാൻ തുടങ്ങി. താൻ രോഗിയാണെന്നും തനിക്ക് യാതൊരു രോഗവുമില്ലെന്നും അവൻ മാറ്റിമാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് കുട്ടൻ എന്റെ എഴുത്തിലേക്ക് കടന്നു. ഞാൻ എഴുതുന്നതെല്ലാം അവന്റെ മനസ്സിലുള്ള കാര്യങ്ങളാണെന്ന് അവൻ പറഞ്ഞു. ഞാൻ വല്ലാതായിപ്പോയി. എന്ത് പറയുമെന്നറിയാതെ ഞാൻ അനങ്ങാതെ ഇരുന്നു. പിന്നെയാണ് ഇന്നേവരെയുള്ള ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും ഭയാനകവും വേദനാജനകവുമായ ആ ചോദ്യം ഞാൻ കേട്ടത്.""ഒരാളുടെ വേദനകൾ മോഷ്ടിക്കുന്നത് ശരിയാണെന്ന് നീ വിചാരിക്കുന്നുണ്ടോ. എന്റെ വേദനകൾ ഞാൻ അനുഭവിക്കുന്നതാണ്. അതിനുമേൽ നിനക്കെന്താണ് അവകാശം?'' ...ആ ചോദ്യം ചോദിക്കുമ്പോഴും അവൻ എന്നോടുള്ള സ്‌നേഹം കൊണ്ട് വിങ്ങുകയായിരുന്നു. ആ നിമിഷങ്ങളെ എങ്ങനെ ഞാൻ അതിജീവിച്ചുവെന്ന് ഉൾക്കിടിലത്തോടെ മാത്രമേ ഇന്നെനിക്ക് ഓർക്കാനാവുന്നുള്ളൂ. ▮
*1. ഫിലോസഫി ഡിപ്പാർട്‌മെന്റിലെ അധ്യാപകൻ.വർഷങ്ങൾക്കു ശേഷം കൽപറ്റ ഗവ.കോളേജിലെ പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്തു. *2. ഡോ.പി.കെ.പോക്കർ
(തുടരും)