ചിത്രീകരണം: ദേവപ്രകാശ്

ഓർമയിലെ 'ഓടക്കുഴൽ'

ഞാൻ മാത്രമല്ലാത്ത ഞാൻ

എട്ട്

മാടായി ഹൈസ്‌കൂളിലും പുറത്തും 1965- 70 കാലത്ത് സാഹിത്യപ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. സ്‌കൂളിൽ സാഹിത്യസമാജം വളരെ സജീവം. പുറത്ത് "ദേശമിത്രം സാഹിത്യവേദി'യുടെ സാഹിത്യചർച്ചകളും കവിസമ്മേളനങ്ങളും അതിലും സജീവം. എരിപുരം പബ്ലിക് ലൈബ്രറിയിലാണെങ്കിൽ വായനാനുഭവങ്ങളുടെ അനൗപചാരികമായ പങ്കുവെപ്പിന്റെ ആവേശം. ആ ആവേശവുമായി മാടായിപാറപ്പുറത്തേക്ക് കയറുന്നവരിൽ ചിലർ സാഹിത്യത്തേക്കാൾ മൂല്യവത്തായി ഈ ലോകത്തിൽ യാതൊന്നുമില്ലെന്ന് പരസ്പരം ബോധ്യപ്പെടുത്താൻ മണിക്കൂറുകൾ തന്നെ ചെലവഴിച്ചിരുന്നു.

സ്‌കൂളിൽ സാഹിത്യം പറയാൻ താൽപര്യപ്പെടുന്ന സഹപാഠികൾ മൂന്നുനാല് പേരേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും സാഹിത്യത്തിൽ താൽപര്യമുണ്ടാവുക, ഒരു പുസ്‌കത്തെപ്പറ്റി സ്വന്തമായി അഭിപ്രായം രൂപീകരിക്കാൻ കഴിയുക, എന്തെങ്കിലും എഴുതാൻ കഴിയുക ഇതൊന്നും നിസ്സാര സംഗതികളല്ലെന്ന് പല സുഹൃത്തുക്കളും മനസ്സിലാക്കിയിരുന്നു. ക്ലാസിലെ സാഹിത്യസമാജവും മലയാളം അധ്യാപകരിൽ ചിലരുടെ ക്ലാസുകളും സ്‌കൂൾ സാഹിത്യസമാജം ഉദ്ഘാടനത്തിന് എത്തിയിരുന്നവരുടെ പ്രസംഗങ്ങളുമെല്ലാം അതിന് സഹായിച്ചിരുന്നു. മലയാളം അധ്യാപകരിൽ എന്റെ എഴുത്തിലും വായനയിലും ഏറ്റവുമധികം താൽപര്യം കാണിച്ചത് എം.എച്ച്. കേശവൻ നമ്പൂതിരി എന്ന അധ്യാപകനാണ്. എന്റെ കവിതകൾ ദേശമിത്രത്തിലോ ദേശാഭിമാനി വാരാന്തപ്പതിപ്പിലോ അച്ചടിച്ചു വന്നാൽ മാഷ് അത് അപ്പോൾ തന്നെ വായിച്ച് അഭിപ്രായം അറിയിക്കും. വ്യാകരണം, വൃത്തം, അലങ്കാരം എന്നിവയെല്ലാം യാതൊരു മുഷിപ്പും തോന്നാത്ത വിധത്തിൽ അദ്ദേഹം ഭംഗിയായി പഠിപ്പിച്ചിരുന്നു. സ്‌കൂൾ ക്ലാസിലായിരുന്നപ്പോൾ തന്നെ എനിക്ക് സംസ്‌കൃത വൃത്തങ്ങളിലും ഭാഷാവൃത്തങ്ങളിലും കവിതയെഴുതാൻ കഴിഞ്ഞത് മാഷുടെ അധ്യാപനത്തിന്റെ മികവ് കൊണ്ടാണ്. മലയാളം വ്യാകരണം അദ്ദേഹം പഠിപ്പിച്ചതിൽ കൂടുതലായി വളരെ കുറച്ചേ ഞാൻ കോളേജ് ക്ലാസുകളിൽ നിന്ന് പഠിച്ചിട്ടുള്ളൂ. ഹൈസ്‌കൂൾ ക്ലാസിലെ ഒരു ഭാഷാധ്യാപകന്റെ സ്ഥാനം എത്ര ഉയർന്നതാണെന്ന് എന്നെ സംശയാതീതമായി ബോധ്യപ്പെടുത്തിയത് ഈ അധ്യാപകനാണ്.

സ്‌കൂളിൽ പ്രസംഗമത്സരത്തിലും പ്രബന്ധമത്സരത്തിലും മിക്കപ്പോഴും ഞാൻ ഒന്നാമനായിരുന്നു. എനിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടപ്പോഴെല്ലാം അത് നേടാൻ കഴിഞ്ഞത് കെ.പി.ഗോപാലൻ എന്ന സുഹൃത്തിനാണ്. ഗോപാലനാണ് വർഷങ്ങൾക്കു ശേഷം എന്റെ പുലിജന്മം എന്ന നാടകം ആദ്യമായി സംവിധാനം ചെയ്തത്.

പ്രസംഗമത്സരത്തിലും പ്രബന്ധമത്സരത്തിലും പങ്കെടുക്കാൻ ഞാൻ സ്‌കൂളിന് പുറത്തും പോയിരുന്നു. ഞാൻ ഒമ്പതാം ക്ലാസിലായിരുന്നപ്പോൾ, 1967 ആദ്യം കൂടാളി ഹൈസ്‌ക്കൂളിൽ "കേസരി നായനാർ ജന്മ-ശതാബ്ദി സമാരകപ്രബന്ധമത്സര'ത്തിൽ പങ്കെടുക്കാൻ പോയി. വീടിന് പുറത്തേയ്ക്ക് തനിച്ചുള്ള ആദ്യത്തെ യാത്രയായിരുന്നു അത്. പഴയങ്ങാടി കടവ് കടന്ന് കണ്ണൂർ ബസ്സിൽ കയറി കണ്ണൂർ ബസ് സറ്റാന്റിലിറങ്ങി. പിന്നെ കൂടാളി വഴി പോകുന്ന ബസ് കണ്ടുപിടിച്ച് അതിൽ കയറി. ഹൈസ്‌കൂളിന് മുന്നിൽ ബസ്സിറങ്ങുമ്പോൾ അനുഭവിച്ച ആവേശം പറഞ്ഞറിയിക്കാനാവില്ല. പ്രബന്ധമത്സരത്തിൽ എനിക്ക് ഒന്നാം സമ്മാനം തന്നെ കിട്ടി. അന്ന് അതൊരു വലിയ നേട്ടമായി തോന്നിയിരുന്നു. പിന്നീടുപിന്നീടാണ് ഇത്തരം നേട്ടങ്ങളിലൊന്നും എനിക്ക് കാര്യമായി ആഹ്ലാദിക്കാൻ കഴിയാതായത്. ഇപ്പോഴാണെങ്കിൽ വലിയ നേട്ടം എന്ന തോന്നലുണ്ടാക്കാൻ പോന്ന യാതൊന്നും എന്റെ മുന്നിലില്ല.

അക്കാലത്ത് എരിപുരത്തെ ബസ് സ്റ്റോപ്പിന് എതിർവശത്ത് രണ്ട് പീടികമുറികളുടെ തട്ടിൻപുറത്തായി ദക്ഷിൺ ഭാരത് ഹിന്ദി പ്രചാർ സഭയുടെ പരീക്ഷകളെഴുതാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകൾ നടത്തിയിരുന്നു നിത്യവും പരിയാരത്തുനിന്ന് വന്നിരുന്ന ഗോവിന്ദൻമാഷ്. തികഞ്ഞ സാത്വികനായിരുന്നു അദ്ദേഹം. തൂവെള്ള ഖദർമുണ്ടും ഷർട്ടുമായിരുന്നു വേഷം. പെരുമാറ്റം അതീവസൗമ്യം. അണുപോലും ഭയപ്പെടുത്താതെ കുട്ടികളെ നല്ല അച്ചടക്കത്തോടെ ക്ലാസിലിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരു സംശയവും അവശേഷിപ്പിക്കാത്ത വിധം വളരെ ഭംഗിയായി ക്ലാസെടുക്കുന്ന ഈ അധ്യാപകൻ ഭേദപ്പെട്ട ഒരു വായനക്കാരൻ കൂടിയായിരുന്നു. അതിന്റെ ഗുണം അദ്ദേഹത്തിന്റെ ക്ലാസുകളിൽ കാണാമായിരുന്നു. കബീറിനെയും പ്രേംചന്ദിനെയും സുമിത്രാനന്ദൻ പന്തിനെയും കുറിച്ചെല്ലാം കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ഹിന്ദിയും മലയാളവുമൊക്കെ മാറിമാറി ഉപയോഗിച്ച് അദ്ദേഹം മനോഹരമായി സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസിലിരുന്ന് പഠിച്ച് പ്രാഥമിക്, മധ്യമിക്, രാഷ്ട്രഭാഷാ പരീക്ഷകൾ ഞാൻ മികച്ച നിലയിൽത്തന്നെ പാസായി.

ഹിന്ദി വിദ്യാലയത്തിൽ വെച്ച് "ദേശമിത്രം സാഹിത്യകാരന്മാർ' മലയാളത്തിലെ ചില പ്രശസ്തകവിതകളുടെ വായനയും വ്യാഖ്യാനവും നിരൂപണവുമൊക്കെ നടത്തിയിരുന്നു. ചിലപ്പോഴൊക്കെ അത് ഉയർന്ന നിലവാരത്തിലുള്ള സാഹിത്യക്ലാസിന്റെ സ്വഭാവം കൈക്കൊണ്ടിരുന്നു. എൻ.വി.പി.ഉണിത്തിരി അത്തരമൊരു ക്ലാസിൽ വയലാറിന്റെ രാവണപുത്രി എന്ന കവിതയെപ്പറ്റി വളരെ വിശദമായി സംസാരിച്ചത് ഞാൻ ഇപ്പോഴും ഓർമിക്കുന്നു. സാഹിത്യവേദി സംഘടിപ്പിച്ച കവിസമ്മേളനങ്ങളിലൊന്നിൽ പങ്കെടുക്കാൻ അക്കാലത്ത് "ദേശമിത്ര'ത്തിൽ തുടരെത്തുടരെ എഴുതിക്കൊണ്ടിരുന്ന ഇ.പി.ആർ.വേശാല, എം.പി.രാഘവൻ മുട്ടന്നൂര്, പി.ഐ.ശങ്കരനാരായണൻ, വി.വി.കെ വെങ്ങര തുടങ്ങിയ കവികൾ ഹിന്ദിവിദ്യാലയത്തിലെത്തിയതും എന്റെ ഓർമയിലുണ്ട്. ദേശമിത്രക്കാർ അവരുടെ സാഹിത്യചർച്ചകളിൽ രാഷ്ട്രീയം പരാമർശിച്ചിരുന്നതേയില്ല. എങ്കിലും അവരിൽ ഏറെപ്പേരും കോൺഗ്രസുകാരായിരുന്നു. കവികളെന്ന നിലയിൽ അരാഷ്ട്രീയരായ ശുദ്ധകവികളും. ഈ നിലപാട് അവരുടെയെല്ലാം എഴുത്തിനെ പ്രതികൂലമായാണ് ബാധിച്ചത് എന്നതിൽ എനിക്ക് സംശയമേയില്ല. സാഹിത്യചർച്ചകളിൽ സാഹിത്യത്തെ പുറകോട്ടു തള്ളി രാഷ്ട്രീയം മുഖ്യവിഷയമായി വരുന്നത് എഴുത്തുകാരിലും നല്ല വായനക്കാരിലും മടുപ്പുണ്ടാക്കും. ഓജസ്സും പ്രസാദവും നിറഞ്ഞ ഒരു സാഹിത്യസമീപനം വളർത്തിയെടുക്കുന്നതിനും അത് സഹായകമാവില്ല. നാട്ടിൻ പുറങ്ങളിൽ പല ഗ്രൂപ്പുകളും സമിതികളും സംഘടിപ്പിക്കുന്ന സാഹിത്യചർച്ചകൾ സംസാരിക്കുന്നവരുടെയും ശ്രോതാക്കളായി ഇരുന്നുകൊടുക്കുന്നവരുടെയും മാനസികജീവിതത്തിൽ കാര്യമായ ഒരു ചലനവുമുണ്ടാക്കാത്തത് നീക്കുപോക്കില്ലാത്ത ഒരു രാഷ്ട്രീയനിലപാട് ആ ചർച്ചകളുടെ നിയന്ത്രണം കയ്യാളുന്നതുകൊണ്ടാണ്. ഏത് തരത്തിലുള്ള പാരതന്ത്ര്യവും സാഹിത്യനിർമാണത്തെയും ആസ്വാദനത്തെയും പ്രതികൂലമായി മാത്രമേ ബാധിക്കൂ. ദേശമിത്രക്കാരുടെ സർവതന്ത്ര സ്വാതന്ത്ര്യവും ഗുണം ചെയ്യുന്ന ഒന്നായിരുന്നില്ല. കവിത സുന്ദരമാവണം എന്നല്ലാതെ സൗന്ദര്യം എങ്ങനെ സാധ്യമാവും, പുതിയ രാഷ്ട്രീയ സാമൂഹ്യാനുഭവങ്ങളെക്കുറിച്ചുള്ള കവിയുടെ അവബോധം എങ്ങനെ കവിതയ്ക്ക് കാലം ആവശ്യപ്പെടുന്ന കരുത്തും ഭംഗിയും നൽകും എന്നതിനെപ്പറ്റിയൊന്നും അവർ ആലോചിച്ചിരുന്നില്ല.

പരമ്പരാഗത വൃത്തങ്ങൾ ഉപേക്ഷിച്ചും ഗദ്യത്തിൽ തന്നെയും ആധുനികന്മാരായ ചില കവികൾ എഴുതുന്നുണ്ട്, ആലാപനസുഖം എന്ന ആശയത്തിൽ മുറുകെ പിടിച്ചു നിൽക്കേണ്ട കാര്യമില്ല എന്നൊന്നും ചിന്തിക്കാനുള്ള ശേഷിയും അവർ പ്രകടിപ്പിച്ചിരുന്നില്ല. കവികളെന്ന നിലയ്ക്കുള്ള അവരുടെ ജീവിതം ഒരു ഘട്ടം കഴിഞ്ഞപ്പോൾ ചൈതന്യരഹിതമായിത്തീർന്നത് അതുകൊണ്ടാണ്.
സ്‌കൂളുകളിൽ സാഹിത്യചർച്ചകളും മറ്റ് കലാസാംസ്‌കാരിക പ്രവർത്തനങ്ങളും വളരെ സജീവമായി നടന്നുകൊണ്ടേയിരിക്കണം എന്ന ഉറച്ച അഭിപ്രായമുള്ളയാളാണ് ഞാൻ. സാഹിത്യകൃതികളുടെ പഠനം അവയുടെ ഉള്ളടക്കത്തെപ്പറ്റി പിഴവില്ലാത്ത ധാരണ സ്വരൂപിക്കാൻ വിദ്യാർത്ഥികളെ സഹായിക്കും വിധത്തിൽത്തന്നെ ആയിരിക്കണം. ഉള്ളടക്കത്തിന്റെ സംഗ്രഹീത രൂപത്തിലുള്ള ദൃശ്യവൽക്കരണം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും അധ്യാപകരുടെ വകയായുള്ള വ്യാഖ്യാനങ്ങൾ ആകാവുന്നത്ര കുറച്ചും സാഹിത്യാധ്യാപനം നിർവഹിക്കുന്നതാണ് കാലോചിതം എന്ന വാദത്തെ ഞാൻ അനുകൂലിക്കുന്നതേയില്ല. വിദ്യാർത്ഥികൾക്ക് വിവരസാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ മുന്നേറ്റങ്ങളുമായി അപ്പപ്പോൾ പരിചയമുണ്ടാക്കുന്നതിന് എന്തൊക്കെ വേണമോ അതൊക്കെ ചെയ്യാം. ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ അതിനുവേണ്ടി മാത്രമായി നീക്കിവെക്കുന്നതിൽ യാതൊരപാകതയുമില്ല. പക്ഷേ, വൈലോപ്പിള്ളിയുടെ മാമ്പഴമോ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ ഒരു ഭാഗമോ കീറ്റ്‌സിന്റെ "Ode on a Grecian Urn' എന്ന കവിതയോ ക്ലാസിൽ പഠിപ്പിക്കുന്നുവെങ്കിൽ അത് വായിച്ച് അർത്ഥം വിശദീകരിച്ച് കവിത നൽകുന്ന സവിശേഷമായ അനുഭവം എന്താണ്, അതിലേക്ക് എത്താൻ സഹായിക്കുന്ന പദങ്ങളും പ്രയോഗങ്ങളും അലങ്കാരങ്ങളും എന്തൊക്കെയാണ് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടു തന്നെ വേണം അത് നിർവഹിക്കാൻ. അല്ലാത്ത ഏത് മാർഗം അവലംബിച്ച് കവിത പഠിപ്പിച്ചാലും അത് കബളിപ്പിക്കലേ ആവൂ. അത്തരത്തിലുള്ള കബളിപ്പിക്കൽ വിദ്യാർത്ഥികളിൽ സാഹിത്യ സംബന്ധിയായ ആനേകം തെറ്റിദ്ധാരണകൾ വളർത്തുന്നതിനേ സഹായിക്കൂ.

1965 ൽ മഹാകവി ജി.ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചപ്പോൾ കേരളത്തിലെ ഒരു വിഭാഗം എഴുത്തുകാരിൽ നിന്ന് രൂക്ഷമായ എതിർപ്പും പരിഹാസവുമൊക്കെ ഉണ്ടായി. മലയാളത്തിൽ വലിയ സാഹിത്യകാരന്മാരൊന്നും ഇല്ല, ഇവിടെയുള്ളവരെല്ലാം മുക്കണാഞ്ചി സാഹിത്യകാരന്മാരാണ് എന്ന് അന്ന് കേരളസാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്ന പുത്തേഴത്ത് രാമൻ മേനോൻ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസ്താവന ഞാൻ ഓർമയിൽ നിന്ന് എടുത്തെഴുതുന്നതാണ്. വാക്കുകൾ കൃത്യമായിരിക്കണമെന്നില്ല. എന്തായാലും അതിൽ അന്ന് മലയാളത്തിൽ എഴുതിക്കൊണ്ടിരുന്ന ആളുകളെപ്പറ്റി "മുക്കണാഞ്ചി സാഹിത്യകാരന്മാർ' എന്നൊരു പ്രയോഗം ഉണ്ടായിരുന്നുവെന്ന് തീർച്ച. "ഇവിടെയുള്ള എഴുത്തുകാരൊക്കെ മുക്കണാഞ്ചി സാഹിത്യകാരന്മാരാണെങ്കിൽ താങ്കൾ മുക്കണാഞ്ചി മൂപ്പനാണ്' എന്ന് ആരോ തിരിച്ചടിച്ചു. ഈ വിവാദം മുൻനിർത്തി ദേശമിത്രം സാഹിത്യവേദി ഹിന്ദിവിദ്യാലയത്തിൽ വെച്ച് ഒരു ചർച്ച സംഘടിപ്പിക്കുകയുണ്ടായി. അന്ന് എട്ടാം ക്ലാസുകാരനായിരുന്ന ഞാനും ആ ചർച്ചയിൽ സജീവമായി പങ്കെടുത്തു.

ഓടക്കുഴൽ എന്ന സമാഹാരത്തിലെ കവിതകളെല്ലാം ശ്രദ്ധിച്ച് വായിച്ചും ഓടക്കുഴൽ എന്ന കവിത മുഴുവനായും മന:പാഠമാക്കിയുമാണ് ഞാൻ ചർച്ചയ്ക്ക് ചെന്നത്. അന്ന് പഠിച്ച ആ കവിതയിലെ ഏതാനും വരികൾ കാലമിത്രയുമായിട്ടും മറവിയ്ക്ക് കീഴടങ്ങാതെ മനസ്സിൽ നിൽപുണ്ട്. അവ ഉദ്ധരിക്കാം:

"ഓടക്കുഴലിതു നീടുറ്റ കാലത്തിൻ കൂടയിൽ മൂകമായ് വീഴാം നാളെ മൺചിതലായേക്കാമല്ലെങ്കിലിത്തിരി വെൺചാരം മാത്രമായ് മാറിപ്പോകാം നന്മ-യെപ്പറ്റി വിനിശ്വസിക്കാം ചിലർ തിന്മ-യെപ്പറ്റിയേ പാടൂ ലോകം എന്നാലും നിൻകയ്യിലർപ്പിച്ചൊരെൻ ജീവ- നെന്നാളുമാനന്ദ സാന്ദ്രം ധന്യം.'

2020 ഫെബ്രുവരി 2ന് വൈകുന്നേരം എറണാകുളത്ത് സമസ്ത കേരളസാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി.ഓഡിറ്റോറിയത്തിൽ എന്റെ "മായാമനുഷ്യർ' എന്ന നോവലിന് ഡോ.എം.ലീലാവതിയിൽ നിന്ന് നിന്ന് "ഓടക്കുഴൽ അവാർഡ് (2019)' സ്വീകരിക്കാനായി ഇരുന്നപ്പോൾ എരിപുരത്തെ പഴയ ഹിന്ദി വിദ്യാലയത്തിലെ ചർച്ചാസമ്മേളനവും ഗോവിന്ദൻ മാഷും മറ്റു പലരും ഈ വരികൾക്കൊപ്പം എന്റെ ഓർമയിലെത്തി.

ഒമ്പത്

ജായിയേച്ചി

ഞാൻ ജനിച്ചതും നാല് വയസ്സ് വരെ വളർന്നതും പറശ്ശിനിക്കടവിലാണ്. നാല് വയസ്സ് പൂർത്തിയായപ്പോൾ എന്നെ എരിപുരത്തേക്ക് കൊണ്ടുവന്നു. അതിനു മുമ്പ് തന്നെ കുറച്ചുകാലം ഞാൻ എന്റെ അച്ഛനോടും അമ്മയോടുമൊപ്പം കഴിഞ്ഞിരുന്നു. ഒന്നുരണ്ട് മാസത്തേക്കു മാത്രമുള്ള ആ താമസം മാടായിയിൽ സുൽത്താൻതോടിനപ്പുറത്തുള്ള ഒരു വാടകവീട്ടിലായിരുന്നു. അമ്മയ്ക്ക് സ്‌കൂളിൽ പോവണം. അച്ഛന് പീടികയിലും. നോക്കാൻ ആരെയും കിട്ടാത്തതുകൊണ്ടാകണം എന്നെ വീണ്ടും പറശ്ശിനിക്കടവിലെ ഇളയമ്മയുടെ അടുത്തു തന്നെ കൊണ്ടാക്കി.
പറശ്ശിനിക്കടവിൽ ഞാൻ ജനിച്ച വീട്ടിൽ ഇളയമ്മയും അമ്മമ്മയും അച്ചാച്ചനുമാണ് അന്ന് താമസിച്ചിരുന്നത്. അമ്മമ്മയുടെ രണ്ടാം ഭർത്താവിലുള്ള മക്കളായിരുന്നു എന്റെ അമ്മ, ഇളയമ്മമാരായ ജാനകി, യശോദ അമ്മാമ്മൻമാരായ നാരായണൻ, ദാമോദരൻ എന്നിവർ. തളിപ്പറമ്പിനടുത്തുള്ള പൂമംഗലം എന്ന സ്ഥലത്തായിരുന്നു അമ്മമ്മയുടെ ആദ്യഭർത്താവ്. അതിൽ രണ്ട് മക്കളാണ് ഉണ്ടായിരുന്നത്.

കുഞ്ഞിരാമനും പാറുവും. കുഞ്ഞിരാമമ്മാമന് ആദ്യകാലത്ത് ചക്കരയുണ്ടാക്കലായിരുന്നു പ്രധാനജോലി. അങ്ങനെ അദ്ദേഹത്തിന് ചക്കര രാമൻ എന്ന പേര് കിട്ടി. മക്കളിലൊരാൾ പഴയ വീട് പൊളിച്ചെടുത്തപ്പോൾ അതിന് "ചക്കര' എന്നു തന്നെ പേരിട്ടു.

ആദ്യഭർത്താവ് മരിച്ച് തറവാട്ടിൽ രണ്ട് കുട്ടികളുമായി കഴിയുന്ന ചീയേയി എന്നും കുഞ്ചോറു എന്നും പേരുള്ള മരുമകൾക്ക് കാരണവന്മാർ മറ്റൊരു ഭർത്താവിനെ കണ്ടെത്തി. കണ്ണാടിപ്പറമ്പുകാരനായ കുട്ടി എന്നയാളെ. ഭാര്യമരിച്ച് രണ്ടാം വിവാഹത്തെപ്പറ്റിയുള്ള ആലോചനയിലായിരുന്നുവത്രെ അദ്ദേഹം. അങ്ങനെ പിൽക്കാലത്ത് കുട്ടി എന്റെ അച്ചാച്ചനും ചീയേയി എന്ന കുഞ്ചോറു എന്റെ അമ്മമ്മയുമായി.

അച്ചാച്ചനെയും അമ്മമ്മയെയും കുറിച്ച് എഴുതുന്നതിനു മുമ്പ് ഒരു കാലത്ത് എനിക്ക് അമ്മ തന്നെയായിരുന്ന ഇളയമ്മയെ കുറിച്ച് എഴുതിയേ പറ്റൂ. ഇളയമ്മ വിവാഹിതയായി ഒരു കുഞ്ഞ് ജനിച്ചിരുന്നു. ജനിച്ച് ഏതാനും ദിവസങ്ങൾക്കകം ആ കുഞ്ഞ് മരിച്ചു പോയി. വൈകാതെ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. അങ്ങനെ ഭർത്താവും കുഞ്ഞുമില്ലാതെ വൃദ്ധരായ അച്ഛനോടും അമ്മയോടുമൊപ്പം അവർ വീട്ടിൽ കഴിയുന്ന കാലത്താണ് ഞാൻ അവിടെ എത്തുന്നത്. സ്വന്തമായി ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷമായിരുന്നു അവർക്ക്. പലഹാരങ്ങളുണ്ടാക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്ന അവർ എനിക്ക് വിചിത്രമായ എന്തെല്ലാം തരം പലഹാരങ്ങളാണ് ഉണ്ടാക്കിത്തന്നിരുന്നത് എന്ന് പറയാനാവില്ല. അവയിൽ ഒന്നിന്റെ പേര് "ഇടിയൂന്നി' എന്നായിരുന്നു. മറ്റെല്ലാറ്റിന്റെയും പേരുകൾ എന്റെ ഓർമയിൽ നിന്ന് പോയി. എത്ര വലിയ നഷ്ടമാണതെന്ന് ഇപ്പോഴാണ് ഞാൻ ഓർക്കുന്നത്.

"ജായിയേച്ചി' എന്ന് ഞാനും സഹോദരങ്ങളും വിളിച്ചിരുന്ന ഇളയമ്മ ദിവസവും അതിരാവിലെ എന്നെ വിളിച്ച് "തിരുവപ്പന' കാണിക്കാൻ കൊണ്ടുപോവും. മുത്തപ്പന്റെ രൂപ ഭേദം തന്നെയാണ് തിരുവപ്പന എന്ന തിരുവപ്പൻ. വളർത്തമ്മയ്ക്കും വളർത്തച്ഛനും മുന്നിൽ മുത്തപ്പൻ വെളിപ്പെടുത്തിയ തന്റെ യഥാർത്ഥരൂപമാണത് എന്നാണ് സങ്കൽപം. പറശ്ശിനിയിലേക്ക് (അക്കാലത്ത് അന്നാട്ടുകാർ അതിനെ കാവ് എന്നോ ക്ഷേത്രം എന്നോ വിളിച്ചിരുന്നില്ല. വെറും പറശ്ശിനി എന്നു മാത്രം)കൊവ്വൽ എന്ന സ്ഥലത്തുള്ള ഞങ്ങളുടെ വീട്ടിൽ നിന്ന് പത്തു മിനുട്ട് നടക്കേണ്ട ദൂരമേ ഉള്ളൂ. തിരുവപ്പന കണ്ട് മടങ്ങുമ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരിക്കും. മടങ്ങി വരുന്ന വഴിക്ക് ജായിയേച്ചി എന്നെ ഒരു മുസ്‌ലിം വീട്ടിൽ കയറ്റി കറന്ന പാടെയുള്ള ചൂടുള്ള ആട്ടിൻപാൽ വാങ്ങിത്തരും.

ഇനി മുത്തപ്പനെപ്പറ്റി ചില കാര്യങ്ങൾ: ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജനകീയ ദൈവമാണ് മുത്തപ്പൻ. കുടകിലും കേരളത്തിന്റെ തെക്കൻജില്ലകളിലുമെല്ലാം മുത്തപ്പന് ഭക്തന്മാരുണ്ട്. ജാതിയും മതവും പദവികളും സാമ്പത്തികമായ വലിപ്പച്ചെറുപ്പങ്ങളുമൊന്നും മുത്തപ്പന് പ്രശ്‌നമല്ല. "പെരിയവരെന്നിരിക്കുന്ന ഭയവും എളിയവരെന്നിരിക്കുന്ന നിന്ദയും മുത്തപ്പനില്ല; ദത്തതൊന്ന്, പെറ്റതൊന്ന്, ഒക്കത്തെടുത്തതൊന്ന്, മുൻകയ്യേ പിടിച്ചതൊന്ന് എന്നിരിക്കുന്ന വകഭേദം മുത്തപ്പനില്ല' എന്നീ മുത്തപ്പൻ വാചാലുകൾ പ്രസിദ്ധമാണ്. മുത്തപ്പന്റെ സങ്കേതമാണ് മടപ്പുര. മടപ്പുരകളിൽ ഏറ്റവും പ്രശസ്തം പറശ്ശിനി മടപ്പുര തന്നെ. കുന്നത്തൂർപാടി മുതൽ മുംബൈയിലെ വീരാർ മുത്തപ്പൻ ക്ഷേത്രം എന്ന മടപ്പുര വരെയുള്ള 137 മടപ്പുരകളുടെ പേരുവിവരങ്ങൾ വൈ.വി.കണ്ണന്റെ "മുത്തപ്പൻ പുരാവൃത്ത'ത്തിൽ അനുബന്ധമായി കൊടുത്തിട്ടുണ്ട്. മടപ്പുരയുടെ അധിപനാണ് മടയൻ. എല്ലാ ആരാധനാകർമങ്ങളും മടയന്റെ മേൽനോട്ടത്തിലാണ് നടക്കുക.

മുത്തപ്പന്റെ പുരാവൃത്തത്തിലൂടെ കടന്നുപോവുന്ന ആർക്കും വ്യക്തമായി മനസിലാക്കാനാവുന്ന ഒരു കാര്യം ഈ നാട്ടുദൈവം അധ:സ്ഥിതരെ സംഘടിപ്പിച്ച് നാടുവാഴികൾക്കെതിരെ പോരാടിയ ഒരു വീരനായകൻ കൂടിയാണ് എന്നതാണ്. മുത്തപ്പൻ ആരാധനയിൽ കേവലം ഭക്തി മാത്രമല്ല ഉള്ളത്. ഭക്തജനങ്ങൾ, അവരിൽ മഹാഭൂരിപക്ഷവും ജാതിശ്രേണിയുടെ ഏറ്റവും താഴത്തെ പടിയിൽ നിൽക്കുന്നവർ തന്നെ, തങ്ങളുടെ രക്ഷാകർത്താവായിത്തന്നെയാണ് മുത്തപ്പനെ കാണുന്നത്. ജീവിതത്തിലെ കടുത്ത പ്രതിസന്ധി ഘട്ടങ്ങളിൽ ഉള്ളു തുറന്ന് ഉപദേശനിർദ്ദേശങ്ങൾ തേടാവുന്ന രക്ഷാകർത്താവ്. കുടകരും കുടകിലെ ചില ആദിവാസിവിഭാഗങ്ങളും കൂടി ഈ വിശ്വാസം പങ്കുവെക്കുന്നുണ്ട്. എരവരുടെ ഇതിഹാസം എന്നു പറയാവുന്ന "ബയണ'-യിൽ മുത്തപ്പനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് : പവനുക്കു മുത്തുക്കു കട്ടിക്കാഞ്ചുളൈ മൂത്തവനു മുത്തപ്പൻ (സ്വർണമാലയിൽ കെട്ടിയ മുത്തിനെപ്പോലെ ദൈവങ്ങളിൽ മൂത്തവനാണ് മുത്തപ്പൻ). ദശകങ്ങൾക്കു ശേഷം കുടകിലെ ഒരു സ്വതന്ത്ര ഫോക്‌ലോറിസ്റ്റായ പി.എ.തുളസീദേവി ഗോണിക്കൊപ്പയിലെ ചെറിയ വാടകവീട്ടിൽ വെച്ച് "ബയണ'-യിലെ ഈ വരികൾ ചൊല്ലി അർത്ഥം വിവരിച്ചു തന്നപ്പോൾ കുഞ്ഞുന്നാളിൽ അതിരാവിലെ എഴുന്നേറ്റ് ജായിയേച്ചിയോടൊപ്പം കാണാൻ പോയിരുന്നത് ഈ ദൈവത്തെയായിരുന്നല്ലോ എന്ന് കടുത്ത ഗൃഹാതുരത നൽകുന്ന വികാരപാരവശ്യത്തോടെ ഞാൻ ഓർത്തിട്ടുണ്ട്.

പറശ്ശിനിയുമായി ബന്ധപ്പെട്ട് എന്റെ ഓർമയിൽ എപ്പോഴും ആദ്യം തെളിഞ്ഞു വരാറുള്ളത് കൊവ്വലിലെ വീട്ടിൽ നിന്ന് മടപ്പുരയിലേക്കുള്ള വഴിയാണ്. കുട്ടിക്കാലത്ത് എത്രയോ വട്ടം ആവേശപൂർവം നടന്ന വഴി. മുതിർന്നതിൽപ്പിന്നെ പല പല വേവലാതികളുമായി പല വട്ടം പോയ വഴി!

ഈ നാടുമായി ബന്ധപ്പെട്ട് എന്റെ ഓർമയിൽ നല്ല തിളക്കത്തോടെ ബാക്കി നിൽക്കുന്ന രണ്ടുമൂന്ന് സംഗതികളെപ്പറ്റിക്കൂടി പറയാം. പറശ്ശിനിപ്പുഴയിൽ അന്നൊക്കെ വേനൽ കാലത്ത് വേലിയിറക്കസമയത്ത് വെള്ളം വാർന്നു പോയി മാടുകൾ അഥവാ ചെറിയ പൂഴിപ്പരപ്പുകൾ തെളിഞ്ഞുവരുമായിരുന്നു. ഈ മാടുകളിൽ ഇഷ്ടം പോലെ എളമ്പക്ക കിട്ടും. വേലിയിറക്കം തുടങ്ങി അൽപനേരം കഴിയുമ്പോൾ സ്ഥലവാസികൾ, അധികവും സ്ത്രീകൾ തന്നെ, പുഴയിലേക്കിറങ്ങി മുട്ടോളം വെള്ളത്തിലൂടെ കുറച്ചു ദൂരം നടന്ന് മാടുകളിൽ എത്തിച്ചേരും. പിന്നെ എളമ്പക്ക വാരലിന്റെ തിരക്ക് തന്നെ. ചെറിയ കൊട്ടകളും പാത്രങ്ങളുമൊക്കെയായി പെണ്ണുങ്ങൾ അത്യുത്സാഹത്തിൽ ഒച്ചവെച്ച് ഓടിച്ചാടി നടന്ന് എളമ്പക്ക വാരുന്ന ആ പരിപാടി ഏതാണ്ടൊരു ഉത്സവം പോലെത്തന്നെയാണ്. എളമ്പക്ക വാരലിന് പോവുമ്പോൾ ഒരു തവണ ഇളയമ്മ എന്നെയും കൂടെ കൂട്ടി. മാടിലേക്ക് പക്ഷേ കൊണ്ടുപോയില്ല. എന്നെ പുഴക്കരയിൽ നിർത്തി അവർ പുഴയിലേക്കിറങ്ങിയതും മറ്റ് പെണ്ണുങ്ങളോടൊപ്പം എളമ്പക്ക വാരാൻ ഓടി നടന്നതുമെല്ലാം ഇപ്പോഴും എനിക്ക് കണ്മുന്നിലെന്ന പോലെ കാണാനാവുന്നുണ്ട്.

എന്റെ മറ്റൊരോർമ ഒരു വെള്ളപ്പൊക്കത്തിന്റെതാണ്. അത് 1956ൽ ആയിരുന്നിരിക്കണം. രണ്ടുമൂന്നുദിവസം രാപ്പകലില്ലാതെ മഴ പെയ്തിട്ടുണ്ടാവണം. ഒരു ദിവസം രാവിലെ ഞങ്ങൾ പുറത്ത് തോരാതെ പെയ്തുകൊണ്ടിരിക്കുന്ന മഴയിലേക്ക് നോക്കി ഇറയത്തു നിൽക്കെ പെട്ടെന്ന് ചുവന്ന് കലങ്ങിയ മലവെള്ളം നാലുപാടു നിന്നും ഇരച്ചുകയറി വന്നു. കാണെക്കാണെ അതിന് ശക്തി കൂടി. വെള്ളം വീട്ടിനകത്തേക്ക് കയറാൻ ഇനി താമസമില്ലെന്നായപ്പോൾ എങ്ങുനിന്നെന്നറിയില്ല ഒരാൾ തോണിയുമായി വന്നു. ആ തോണിയിൽ അയൽവക്കത്തുള്ള മൂന്നുനാലുപേർ ഉണ്ടായിരുന്നു. എന്നെയും ജായിയേച്ചിയെയും അമ്മമ്മയെയും അതിൽ കയറ്റി. അച്ചാച്ചൻ അന്ന് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഓർമ.

ഇരമ്പിമറയുന്ന വെള്ളത്തിൽ ആടിയുലയുന്ന തലപ്പുകൾ മാത്രം ഉയർന്നു കാണും വിധം മുങ്ങിപ്പോയ വാഴകളെയും തലയുയർത്താൻ പാടുപെട്ടുകൊണ്ടു തന്നെ ഒഴുകിമറയുന്ന വലിയ പാമ്പുകളെയും കണ്ടുകണ്ട് അതിവേഗത്തിൽ നീങ്ങുന്ന തോണിയിൽ പേടിച്ചുവിറച്ചിരുന്ന നിമിഷങ്ങളെ ഓർക്കുന്നതുപോലും കിടുക്കമുണ്ടാക്കുന്ന അനുഭവമാണ്. ആന്തൂർ വയൽ എന്നറിയപ്പെടുന്ന അതിവിശാലമായ വയൽ മുഴുവൻ വെള്ളത്തിൽ മുങ്ങിയിരുന്നു. കണ്ണെത്താ ദൂരത്തോളം പുളച്ചു പായുന്ന വെള്ളം. അതിൽ തെന്നിത്തെന്നിപ്പായുന്ന തോണി. ആ തോണിയാത്രയുടെ ഓർമയിലാണ് ഏകദേശം അരനൂറ്റാണ്ടിനുശേഷം ഞാൻ "കറുത്ത കോഴിയും മറ്റും' എന്ന കഥ എഴുതിയത്. കഥയിലെ തോണിയിൽ ഞാൻ അച്ചാച്ചനെ തോണിക്കാരനായിത്തന്നെ കയറ്റിയിട്ടുണ്ട്. അച്ചാച്ചന്റെ പേര് യാതൊരു മാറ്റവും വരുത്താതെ ഉപയോഗിച്ചിട്ടുമുണ്ട്.

വീടിന്റെ ചുറ്റുവട്ടത്ത് എവിടെയെങ്കിലുമായി എന്തെങ്കിലും കലാപരിപാടികളുണ്ടെങ്കിൽ ഇളയമ്മ എന്നെ അതൊക്കെ കാണിക്കാൻ കൊണ്ടുപോയിരുന്നു. സ്വാതന്ത്ര്യസമര കാലം മുതൽക്കേ കലാപ്രവർത്തനങ്ങൾ സജീവമായിരുന്ന പ്രദേശമാണ് പറശ്ശിനിക്കടവ്. വിദ്വാൻ പി.കേളുനായർ പ്രവർത്തിച്ച മുത്തപ്പൻ ദൈവവിലാസം നാടകക്കമ്പനിയും പ്രശസ്ത കഥകളി നടൻ പറശ്ശിനി കുഞ്ഞിരാമൻ നായർ മുഖ്യകലാകാരനായിരുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗവും ആ പാരമ്പര്യത്തിന്റെ ഏറ്റവും തിളക്കമുറ്റ അടയാളങ്ങളാണ്. എ.കെ.ജി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളും കമ്യൂണിസ്റ്റുകാരായ ധാരാളം കലാകാരന്മാരും മുത്തപ്പൻ മടപ്പുരയുടെ സൗഹൃദം അനുഭവിച്ചവരാണ്. കോരൻ മാസ്റ്റർ, യശോദ ടീച്ചർ എന്നീ പേരുകൾ ഈ ഭാഗത്തെ പഴയ തലമുറയിലെ കലാസ്വാദകരുടെ നാവിൻ തുമ്പത്ത് എപ്പോഴും ഉണ്ടായിരുന്നു.1943 ൽ ബോംബെയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിനോടനുബന്ധിച്ച് പൂരക്കളിയും മറ്റും അവതരിപ്പിച്ചത് കോരൻമാസ്റ്റർ നേതൃത്വം നൽകിയ സംഘമായിരുന്നു.

ഇത്രയൊക്കെ പാരമ്പര്യമുള്ള സ്ഥലമായിട്ടും എനിക്ക് കുട്ടിക്കാലത്ത് ഈ വക സംഗതികളൊന്നും കാണാനുള്ള ഭാഗ്യമുണ്ടായില്ല. ഇളയമ്മയോടൊപ്പം ഞാൻ പോയി കണ്ടത് ഒരു നിഴൽനാടകം മാത്രമാണ്. അതിന്റെ ഓർമ്മ ഇപ്പോഴും ഉള്ളിലുണ്ട്. ഞങ്ങൾ കാണികൾ വെറും തറയിലാണ് ഇരുന്നത്. തറ പക്ഷേ, പാറയും കല്ലുമൊന്നും ഉള്ളതായിരുന്നില്ല. പൂഴിപ്പരപ്പിന്റെ ഒരു ഭാഗം തന്നെയായിരുന്നു അത്. നേരമിരുട്ടിയപ്പോൾ അവിടം മുഴുവൻ കാണികളെക്കൊണ്ട് നിറഞ്ഞു. എല്ലാവരും ക്ഷമകെട്ട് കാത്തിരിക്കെ വലിച്ചു കെട്ടിയ വെള്ളക്കർട്ടനു പിന്നിൽ മനുഷ്യരുടെ നിഴലുകൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ തുടങ്ങി. ഇടയ്ക്ക് സംഭാഷണങ്ങൾ പോലെ എന്തോ ചിലത് കേൾക്കുന്നുണ്ടായിരുന്നു. സംഭാഷണത്തിന് പകരം അത് തിരശ്ശീലയിൽ കാണുന്ന നിഴലുകളെക്കുറിച്ചുള്ള വിവരണം തന്നെയായിരുന്നോ എന്ന് പറയാനാവില്ല. ഒടുവിൽ ഒരു പാട്ട് കേട്ടപ്പോൾ എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ചു. പറശ്ശിനിക്കടവിന്റെ പാരമ്പര്യം വെച്ച് ആ പാട്ട് ഒരു വിപ്ലവ ഗാനമായിരുന്നിരിക്കാൻ തന്നെയാണ് സാധ്യത. ഇതിനപ്പുറം ഒന്നും എനിക്ക് ഓർത്തെടുക്കാനാവുന്നില്ല. നിഴൽ നാടകം പിന്നീട് ഞാൻ കണ്ടിട്ടില്ല. ഒന്നു രണ്ട് ദശകത്തിലധികം കഴിഞ്ഞ് തമിഴ് നാട്ടിലെ ഒരു കുഗ്രാമത്തിൽ വെച്ച് കണ്ടത് പാവകളുടെ നിഴലുകൾ ഉപയോഗിച്ചുള്ള പാവക്കൂത്ത് ആയിരുന്നു. അതിന്റെ സ്വഭാവം മറ്റൊന്നാണ്.

ഇളയമ്മ എന്നെ ഏറെ സ്‌നേഹിച്ചിരുന്നു. ഒരു കുട്ടിയുണ്ടായെങ്കിലും താലോലിക്കാനാവും മുമ്പ് ആ കുഞ്ഞ് മരിച്ചുപോയ അവർക്ക് ഞാൻ സ്വന്തം കുട്ടിയെപ്പോലെ തന്നെയായിരുന്നിരിക്കണം. രണ്ടാം വിവാഹം കഴിഞ്ഞ് വീണ്ടും കുട്ടികളുണ്ടായതിനു ശേഷവും അവർ എന്നെ മകനായിത്തന്നെയാണ് കണ്ടിരുന്നത്. ആ സ്‌നേഹം നന്നേ ചെറിയ അളവിലേ ഞാൻ തിരിച്ചു കൊടുത്തുള്ളൂ എന്നോർക്കുമ്പോൾ ഇന്ന് ഉള്ളിൽ വല്ലാത്തൊരു വിങ്ങലുണ്ടാവുന്നു. ▮

(തുടരും)


എൻ. പ്രഭാകരൻ

കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, അധ്യാപകൻ. പുലിജന്മം, തിയ്യൂർ രേഖകൾ, എൻ.പ്രഭാകരന്റെ കഥകൾ, ജനകഥ തുടങ്ങിയവ പ്രധാന കൃതികൾ

Comments