പത്ത്
അമ്മമ്മയ്ക്ക് സ്‌നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ. തന്റെ പേരക്കുട്ടികളിൽ അവർ ഏറ്റവുമധികം സ്‌നേഹം തന്നത് ഒരു പക്ഷേ എനിക്കായിരുന്നിരിക്കണം. മറ്റുള്ളവർ അവരുടെ മാതാപിതാക്കളോടൊപ്പം കഴിഞ്ഞപ്പോൾ ഞാൻ നാല് വയസ്സ് വരെ അമ്മമ്മയോടും അച്ചാച്ചനോടും ഇളയമ്മയോടുമൊപ്പമായിരുന്നതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. കുട്ടിക്കാലത്ത് ഞാൻ എന്റെ അച്ഛനെയും അമ്മയെയുംകാൾ സ്‌നേഹിച്ചത് അമ്മമ്മയെയും ഇളയമ്മയെയുമാണ്.
ഞാൻ കൊവ്വലിലെ വീട്ടിൽ കഴിഞ്ഞിരുന്ന കാലത്ത് അവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന ഒരാൾ യശോദ എന്ന ഇളയമ്മയുടെ മകളായ സരസയാണ്. പ്രൈമറി ക്ലാസിലായിരുന്നപ്പോഴും വേനലവധിക്കാലത്ത് ഞാൻ കൊവ്വലിലെത്തുമായിരുന്നു. ആ ദിവസങ്ങളിൽ സരസ വരുന്നതും അവൾ തിരിച്ചുപോകുമ്പോൾ ചിലപ്പോഴൊക്കെ അവളോടൊപ്പം ആന്തൂർവയലിലൂടെ നടന്ന് ആന്തൂർകുന്ന് കയറി അവളുടെ വീട്ടിലേക്ക് പോവുന്നതും എനിക്ക് തന്ന ആനന്ദം എത്രയോ വലുതായിരുന്നു. എന്റെ സ്വന്തം സഹോദരിമാരോട് തോന്നിയതിനേക്കാൾ കൂടുതൽ സ്‌നേഹം ആ സഹോദരിമാർ ഭൂമിയിലെത്തും മുമ്പ് എനിക്ക് കാണാൻ കഴിഞ്ഞ സരസയോട് തോന്നിയിരുന്നു അന്നൊക്കെ.
അമ്മമ്മയെ ചെറിയ ചെറിയ സംഗതികളുടെ പേരിൽ ഞാൻ ആക്രമിക്കുമായിരുന്നു. എന്നെ പേടിച്ചിട്ടെന്ന പോലെ അവർ തൂങ്ങിയാടുന്ന അമ്മിഞ്ഞയുമായി പറമ്പിലാകെ ഓടും. അവരെ ഇങ്ങനെ ഓടിക്കലായിരുന്നു കുട്ടിക്കാലത്തെ എന്റെ പ്രധാന വിനോദങ്ങളിലൊന്ന്.
1962ലാണ് അമ്മമ്മ മരിച്ചത്. അതിന് ഏതാണ്ട് ഒന്നുരണ്ട് വർഷം മുമ്പു തന്നെ അവർക്ക് ഓർമകൾ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവർ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് അച്ഛൻ എരിപുരത്തു നിന്ന് എന്നെയും കൂട്ടി കൊവ്വലിലേക്ക് പോയി. പോവുന്ന വഴിക്ക് ഞങ്ങൾ കുറച്ച് ബേക്കറി സാധനങ്ങൾ വാങ്ങിയിരുന്നു. അക്കാലത്ത് പല വടക്കൻ ഗ്രാമങ്ങളിലെ യും ആളുകൾ വിശേഷപ്പെട്ട ഒരു സാധനമായി കണക്കാക്കിയിരുന്ന മിക്‌സചറും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇളയമ്മ ചായയും ഒരു പിഞ്ഞാണത്തിൽ മിക്‌സചറും ഞങ്ങളുടെ മുന്നിൽ വെച്ചു തന്നെ അമ്മമ്മയ്ക്ക് കൊടുത്തു. അമ്മമ്മയ്ക്ക് അച്ഛനെ മനസ്സിലായതായി തോന്നിയില്ല. ഇളയമ്മ "ഇതാ പ്രബാരൻ' എന്നു പറഞ്ഞ് എന്നെ പിടിച്ച് അരികിലിരുത്തിയതുകൊണ്ടു മാത്രം അവർ എന്നെ നോക്കി ചിരിച്ചു. ഇളയമ്മ ഓർമിപ്പിച്ചപ്പോൾ അവർ കുറച്ചു മിക്‌സചർ വാരി ചവയ്ക്കുകയും ചെയ്തു. അപ്പോൾ അമ്മമ്മയുടെ മുഖത്ത് സന്തോഷത്തിന്റെ ഒരു തരി വെളിച്ചം തെളിഞ്ഞു വന്നു. ആ മുഖത്ത് അവസാനമായി ഞാൻ കണ്ട വെളിച്ചമായിരുന്നു അത്.
ഇന്നിപ്പോൾ അതെല്ലാം ഓർമിക്കുമ്പോൾ എനിക്കുണ്ടാവുന്ന സങ്കടം അളവറ്റതാണ്. മനുഷ്യജീവിതം എന്ന പ്രതിഭാസത്തെപ്പറ്റി വലിയ വലിയ കാര്യങ്ങൾ പറയാൻ എനിക്കുള്ള അധൈര്യം വളരെ വലുതാണ്. മറ്റുള്ളവരുടെ മരണത്തെയും തന്നെ കാത്തിരിക്കുന്ന മരണത്തെയും കുറിച്ച് വൈകാരികമായല്ലാതെ ചിന്തിക്കാനും എല്ലാ ജീവിതങ്ങൾക്കും ബാധകമായ ആ അനിവാര്യതയെ മറ്റൊന്നുമായും ബന്ധിപ്പിക്കാതിരിക്കാനും കഴിയുമെങ്കിൽ നല്ലതു തന്നെ."ആരും മരിച്ചിട്ടില്ലാത്ത വീട്ടിൽ നിന്ന് അല്പം കടുക് വാങ്ങി വരൂ' എന്ന് മകന്റെ മരണത്തിൽ അന്തമറ്റ് ദു:ഖിക്കുന്ന അമ്മയോട് ശ്രീബുദ്ധൻ പറഞ്ഞതു പോലെ എനിക്ക് എന്നോടു തന്നെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയ നിമിഷങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് ജീവിതത്തിൽ.
കൊവ്വലിൽ എനിക്ക് ഏറെക്കുറെ സമപ്രായക്കാരായ ഏതാനും കൂട്ടുകാരുണ്ടായിരുന്നു. നാലും അഞ്ചും വയസ്സുകാരായ അവരോടൊപ്പം ഞാൻ മുത്തപ്പൻ കെട്ടി കളിച്ചിരുന്നു. അന്നൊക്കെ ഞങ്ങളെല്ലാം നിത്യവുമെന്നോണം കണ്ടുകൊണ്ടിരുന്ന ഒരേയൊരു തെയ്യം മുത്തപ്പനായിരുന്നു. അതിലും ആകർഷകമായ ഒരു രൂപം ഞങ്ങൾക്ക് സങ്കൽപിക്കാൻ കഴിഞ്ഞിരുന്നിരിക്കില്ല. മുത്തപ്പനെ ഭക്തിയോടെ മാത്രമേ കാണാവൂ എന്ന് മുതിർന്നവർ ഞങ്ങളെ തീർച്ചയായും പഠിപ്പിച്ചിട്ടുണ്ടാവും. പക്ഷേ, ഞങ്ങൾക്ക് മുത്തപ്പനെ അങ്ങനെ ഭക്തിപുരസ്സരം മാറ്റി നിർത്താനാവുമായിരുന്നില്ല. കുറി കൊടുത്ത് മൂർധാവിൽ കൈവെച്ച് ഞങ്ങൾ അന്യോന്യം അനുഗ്രഹിച്ചു. ഒരു ദിവസം ഞാനെങ്കിൽ അടുത്ത ദിവസം എന്റെ സുഹൃത്തുക്കളിലൊരാൾ, അതിനടുത്ത ദിവസം മറ്റൊരാൾ. മുത്തപ്പനായി മാറി മറ്റുള്ളവരെ അനുഗ്രഹിക്കാനുള്ള അവകാശം അങ്ങനെ ഞങ്ങൾ ആഹ്ലാദപൂർവം പങ്കുവെച്ചു.
അച്ചാച്ചൻ കണ്ണാടിപ്പറമ്പിലെ ഒരു വിധം ഭേദപ്പെട്ട സാമ്പത്തികശേഷിയുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു. പറശ്ശിനിക്കടവിൽ അദ്ദേഹം സ്വന്തമായി ഒരു വരുമാന മാർഗം കണ്ടെത്തിയിരുന്നില്ലെന്നാണ് എന്റെ അറിവ്. ആളുകൾ തേള്, കരിങ്കണ്ണി (പഴുതാര), തേനീച്ച എന്നിവയൊക്കെ കുത്തിയാലും ചെറിയ പനി, ശ്വാസംമുട്ട്, തലവേദന എന്നിവയുണ്ടായാലും അച്ചാച്ചനെ തേടി വരും. അച്ചാച്ചൻ അമ്മമ്മയോട് കിണ്ടിയിൽ ശുദ്ധമായ തണുത്ത വെള്ളം കൊണ്ടുവരാൻ പറയും. ആ വെള്ളത്തിൽ അച്ചാച്ചൻ നേരത്തെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചെറിയ കല്ലുകളിൽ നിന്ന് അഞ്ചാറെണ്ണം എടുത്തുകൊണ്ടുവന്ന് മന്ത്രിച്ചൂതി ഇടും. പിന്നെ ആ വെള്ളം തന്നെ തേടി വന്നിരിക്കുന്ന ആളുടെ കൈക്കുമ്പിളിൽ ഒഴിച്ചുകൊടുക്കും. അത് കുടിച്ച് അയാൾ മന:സമാധാനത്തോടെ മടങ്ങിപ്പോവും. ഈ ചികിത്സയ്ക്ക് പ്രതിഫലം വാങ്ങുന്നത് ഞാൻ കണ്ടിട്ടില്ല. അച്ചാച്ചന്റെ ചികിത്സയുടെ രഹസ്യം എനിക്ക് പിടികിട്ടിയിരുന്നില്ല. ഇടയ്ക്കിടെ ഓരോരുത്തർ മന്ത്രിച്ചൂതിയ വെള്ളത്തിന് വന്നുകൊണ്ടിരുന്നതിൽ നിന്ന് അത് ഫലിക്കുന്നുണ്ടായിരുന്നു എന്ന കാര്യം ഉറപ്പ്. വിശ്വാസം തന്നെയായിരുന്നിരിക്കും അവരെ രക്ഷിച്ചത് എന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. വേദനിക്കുന്നവർക്ക് അങ്ങനെ ആശ്വാസം നൽകുന്ന ഏതെങ്കിലുമൊരു വിദ്യ ഞാനും വശത്താക്കേണ്ടതായിരുന്നു എന്ന തോന്നലും ഉണ്ടായിട്ടുണ്ട്.
പഴയ കാലത്തെ നാട്ടുവൈദ്യന്മാർ പല അത്ഭുതങ്ങളും പ്രവർത്തിച്ചിരുന്നതിന്റെ കഥകൾ കുട്ടിക്കാലത്ത് പറഞ്ഞുകേട്ടിട്ടുണ്ട്. പലതും കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളായിരിക്കാനേ സാധ്യതയുള്ളൂ. വൈദ്യന്മാരുടെ ചെറിയ വിജയങ്ങളെ ആളുകൾ പെരുപ്പിച്ച് പറഞ്ഞതുമാവാം. എന്തായാലും പഴയ നാട്ടുവൈദ്യന്മാരെ കാണുമ്പോൾ വലിയ ബഹുമാനം തോന്നാറുണ്ടായിരുന്നു. പറശ്ശിനിക്കടവിലും പരിസരപ്രദേശങ്ങളിലും ബാലചികിത്സ നടത്തിയിരുന്ന പുള്ളുവൻ വൈദ്യർ അക്കൂട്ടത്തിലൊരാളാണ്. പുള്ളുവൻ വൈദ്യർ എന്നല്ലാതെ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ആരും പറഞ്ഞു കേട്ടിട്ടില്ല. ഈ വൈദ്യർ കുട്ടികൃഷ്ണമേനോൻ എന്ന പോലീസ് ഓഫീസർ കൊല്ലപ്പെട്ട മൊറാഴ കേസിലെ പ്രതിയായിരുന്നു. പ്രായപൂർത്തിയാവുന്നതേ ഉണ്ടായിരുന്നുള്ളുവെങ്കിലും അന്നേ അദ്ദേഹം ചികിത്സാ രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നിരുന്ന കാലത്ത് ജയിലുദ്യോഗസ്ഥന്മാരിൽ പലരും തങ്ങളുടെ കുട്ടികളെ ചികിത്സിക്കാനുള്ള മരുന്ന് ശേഖരിക്കാൻ അയച്ചതു കാരണം പുള്ളുവൻ വൈദ്യർക്ക് പല ദിവസങ്ങളിലും പുറത്തേക്ക് പോകാനുള്ള സൗകര്യം ലഭിച്ചിരുന്നുവത്രെ. അദ്ദേഹത്തിന് അധികകാലം ജയിലിൽ കിടക്കേണ്ടിയും വന്നില്ല.
1940 സപ്റ്റംബർ 15ാം തിയ്യതി ‘സാമ്രാജ്യത്വവിരുദ്ധ ദിന'മായി ആചരിക്കാൻ കെ.പി.സി.സി ആഹ്വാനം ചെയ്തിനെ തുടർന്ന് വടക്കേ മലബാറിൽ പലേടത്തും ജനങ്ങൾ സംഘടിച്ച് പ്രതിഷേധ പ്രകടനങ്ങളും മീറ്റിംഗുകളും നടത്തുകയുണ്ടായി. മൊറാഴയിലെ അഞ്ചാംപീടിക എന്ന സ്ഥലത്ത് നടന്നത് അത്തരമൊരു പ്രതിഷേധമായിരുന്നു. വിഷ്ണുഭാരതീയൻ, കെ.പി.ആർ.ഗോപാലൻ തുടങ്ങിയവരാണ് അതിന് നേതൃത്വം നൽകിയത്. വളപട്ടണം എസ്.ഐ. കുട്ടികൃഷ്ണമേനോൻ പോലീസ് പാർട്ടിയുമായി വന്ന് പരിപാടി നിരോധിച്ചിരിക്കുന്നതായി അറിയിച്ചു. ജനങ്ങൾ പിരിഞ്ഞുപോകാൻ തയ്യാറായില്ല. എസ്.ഐ ലാത്തിച്ചാർജിന് ഉത്തരവിട്ടു. തുടർന്ന് ജനങ്ങളും പോലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കുട്ടികൃഷ്ണമേനോനും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഇതാണ് മൊറാഴ കേസിന് ആസ്പദമായ സംഭവം. ഈ കേസിൽ മദ്രാസ് ഹൈക്കോടതി കെ.പി.ആർ ഗോപാലനെ തൂക്കിക്കൊല്ലാൻ വിധിച്ചു. അദ്ദേഹം ബെല്ലാരി ജയിലിൽ അയക്കപ്പെടുകയും ചെയ്തു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. ഗാന്ധിജി ഉൾപ്പെടെയുള്ള സമുന്നതരായ പല ദേശീയ നേതാക്കളും വിധിയ്‌ക്കെതിരെ ശബ്ദമുയർത്തി. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയും പ്രതിഷേധിച്ചു. ബ്രിട്ടീഷ് പാർലിമെന്റിൽ പ്രശ്‌നം പരാമർശിക്കപ്പെടുകയും ചെയ്തു. ഒടുവിൽ കെ.പി.ആർ.ഗോപാലൻ വിട്ടയക്കപ്പെട്ടു. മൊറാഴ സംഭവത്തെപ്പറ്റി പൊതുവെ ആളുകളുടെ അറിവിൽ വന്നിട്ടുള്ള കാര്യങ്ങൾ ഇത്രയുമാണ്.
തീയൂർ രേഖകൾ എന്ന നോവലെഴുതുമ്പോൾ വിവരശേഖരണത്തിനായി ഞാൻ നേരിട്ടുകണ്ടു സംസാരിച്ച പഴയ മനുഷ്യരിലൊരാൾ പുള്ളുവൻ വൈദ്യരാണ്. വാർധക്യത്തിന്റെ അവശതകൾക്കിടയിൽ അക്കാലത്തും അദ്ദേഹം ചെറുമട്ടിൽ ബാലചികിത്സ നടത്തുന്നുണ്ടായിരുന്നു. താൻ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളിലേറെയും ചുറ്റുവട്ടത്തുമുള്ള പറമ്പുകളിൽ നിന്നും കുറ്റിക്കാടുകളിൽ നിന്നും ശേഖരിക്കുന്നവ തന്നെയാണെന്നും മരുന്നിന്റെ കാര്യത്തിൽ ഒരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൊറാഴ സംഭവത്തെപ്പറ്റിയും കല്യാശ്ശേരി, മൊറാഴ, പറശ്ശിനിക്കടവ് പ്രദേശങ്ങളിലെ 1940 മുതൽ 70 വരെയുള്ള കാലത്തെ ജനജീവിതത്തെക്കുറിച്ചും വൈദ്യർ വളരെ വിശദമായിത്തന്നെ എന്നോട് സംസാരിച്ചു.
തീയൂർ രേഖകളിലെ അച്ചുവേട്ടൻ എന്ന കഥാപാത്രം തന്റെ ഡയറിക്കുറിപ്പിൽ മൊറാഴസംഭവത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഈ സംസാരത്തിൽ നിന്ന് കിട്ടിയ വിവരങ്ങളെ ആധാരമാക്കിയാണ് ഞാൻ എഴുതിയത്. അച്ചുവേട്ടന്റെ ഡയറിക്കുറിപ്പിൽ നിന്ന് ഈ പ്രകരണത്തിൽ പ്രസക്തമാവുന്ന ഭാഗം മാത്രം ഉദ്ധരിക്കാം:
‘‘കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാറ് വന്നു. രണ്ട് പോലീസ് ഇൻസ്‌പെക്ടർമാരും മറ്റൊരാളും പുറത്തിറങ്ങി. ഇൻസ്‌പെക്ടർമാരിലൊരാൾ മെലിഞ്ഞു നീണ്ടിട്ടായിരുന്നു. ‘കുട്ടികൃഷ്ണമേനോൻ, കുട്ടികൃഷ്ണമേനോൻ' എന്ന് ആളുകൾ പിറുപിറുത്തു. അയാളെ ഞാൻ ആദ്യമായി കാണുകയായിരുന്നു. എരങ്കോല് പോലത്തെ ഈ മനുഷ്യനാണോ ഇത്രയ്ക്ക് ഭയങ്കരൻ എന്നോർത്ത് അതിശയം തോന്നി. വെളുത്ത് തടിച്ച് ഉയരം കുറഞ്ഞ ആളായിരുന്നു മറ്റേ ഇൻസ്‌പെക്ടർ. അയാൾ തളിപ്പറമ്പ് എസ്.ഐ ബീരാൻ മൊയ്തീനാണെന്നും മറ്റേയാൾ മജിസ്‌ട്രേറ്റ് വെങ്കിട്ടരാമ അയ്യരാണെന്നും പറയുന്നതു കേട്ടു. അപ്പോഴേക്കും ഒരു ബസ്സ് വന്നു. അതിൽനിന്ന് ആറേഴ് പോലീസുകാരും പുറത്തിറങ്ങിനിന്നു. മജിസ്‌ട്രേറ്റ് അടുത്തുള്ള പൊളിഞ്ഞ ഒരു വീടിന്റെ തറയിൽ കയറി നിന്ന് ‘ഇവിടെ നിരോധനാജ്ഞയുണ്ട്. യോഗം നടത്താൻ പറ്റില്ല. എല്ലാവരും പിരിഞ്ഞു പോയ്‌ക്കോളണം' എന്നറിയിച്ചു. ഉടനെ വിഷ്ണുഭാരതീയൻ (തലേത്തെ ആഴ്ച അയാൾ കുളപ്പുറത്ത് വരികയും എന്നോട് കുറെ നേരം വർത്തമാനം പറയുകയും ചെയ്തിരുന്നു.) മുന്നോട്ടു നീങ്ങിനിന്ന് ‘നിരോധനാജ്ഞ ഞങ്ങൾക്ക് ബാധകമല്ല. ഞങ്ങളിവിടെ യോഗം നടത്തും. ആരും പിരിഞ്ഞു പോകുന്ന പ്രശ്‌നമില്ല' എന്നു പറഞ്ഞു. എനിക്ക് ചോര തിളച്ചു. മേലാകെ കോരിത്തരിച്ചു. ‘ആരും പിരിഞ്ഞു പോകരുത് ആരും പിരിഞ്ഞു പോകരുത്' അങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട് കൊമ്പൻ മീശയുള്ള ഒരാൾ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നതു കണ്ടു. കുറെ പേർ നിലത്ത് കുത്തിയിരുന്നു. ‘സഹോദരന്മാരേ, സഖാക്കളേ' വിഷ്ണുഭാരതീയൻ പ്രസംഗം തുടങ്ങുകയായിരുന്നു. വലുതായി എന്തോ സംഭവിക്കാൻ പോവുകയാണെന്ന കാര്യം ഉറപ്പായിരുന്നു. മജിസ്‌ട്രേറ്റും ബീരാൻ മൊയ്തീനും സ്റ്റേജിനടുത്തേക്ക് നീങ്ങുകയായിരുന്നു. കുട്ടികൃഷ്ണമേനോനും മറ്റൊരു പോലീസുകാരനും ലാത്തികൊണ്ട് ആളുകളെ തള്ളിമാറ്റുന്നുണ്ടായിരുന്നു. പെട്ടെന്ന് ഇടിമുഴക്കം പോലെ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് ഒരു ജാഥ വന്നു. ‘ഇൻക്വിലാബ് സിന്ദാബാദ്
ബ്രിട്ടീഷ് ഭരണം തുലയട്ടെ
ജന്മിത്തം നശിക്കട്ടെ'
തൊണ്ട പൊട്ടുന്നത്ര ഉച്ചത്തിൽ എല്ലാവരും ആ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. ആവേശം കൊണ്ടിളകി മറിഞ്ഞ് സ്വയം മറക്കുകയായിരുന്നു എല്ലാവരും.‘കൊല്ലുമെടാ നായിന്റെ മക്കളേ' കുട്ടികൃഷ്ണമേനോൻ അലറി വിളിച്ചു. പോലീസുകാർ അടി തുടങ്ങി."എന്നെ കൊന്നാലും ഞാൻ പോവില്ല' വിഷ്ണുഭാരതീയൻ ത്രിവർണപതാകയും പിടിച്ച് നിലത്ത് മലർന്നുകിടന്നു.
കുട്ടികൃഷ്ണമേനോന് ഭ്രാന്തുപിടിച്ചതുപോലെയായി. അയാൾ തിരിഞ്ഞും മറിഞ്ഞും ലാത്തി വീശി. മൂർധാവിൽ അടികൊണ്ട ഒരാൾ ‘അമ്മേ' എന്ന നിലവിളിയോടെ താഴെ വീണു. പിന്നെ നടന്നതെല്ലാം ഒരു ദുഃസ്വപ്‌നം പോലെയാണ്. ‘കൊല്ലെടാ, പിടിക്കെടാ' എന്നൊക്കെ അലറിവിളിച്ച് ആളുകൾ മുന്നോട്ട് പാഞ്ഞു. ആരൊക്കെയോ പോലീസുകാരുടെ കയ്യിലെ ലാത്തി തട്ടിപ്പറിച്ച് അങ്ങോട്ടടിക്കാൻ തുടങ്ങി. തുടരെത്തുടരെ മൂന്ന് വെടിപൊട്ടി. കാലിൽ വെടികൊണ്ട ഒരാൾ മൂക്കുകുത്തി വീഴുന്നതും തൊട്ടടുത്ത നിമിഷം ബീരാൻ മൊയ്തീന്റെ കൈത്തോക്കിനുമേൽ വലിയൊരു കല്ല് ചെന്നു വീഴുന്നതും കണ്ടു.
കുട്ടികൃഷ്ണമേനോന്റെ തലയ്ക്കും ഏറ് കൊണ്ടിരുന്നു. അയാൾ പിന്നോട്ടുമാറി ഒരു മതിലിനോട് ചേർന്നുനിന്നു. ഉന്തിലും തള്ളിലും പെട്ട് ഞാൻ അയാളുടെ വളരെ അടുത്തെത്തിയിരുന്നു. ചോരയൊലിക്കുന്ന മുഖവുമായി തളർന്നു നിൽക്കുമ്പോഴും അയാൾ എന്തൊക്കെയോ വിളിച്ചു പറയുകയും ലാത്തിവീശുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് ഇരുമ്പുചട്ടുകം പിടിച്ച ഒരു കൈ അയാളുടെ തലയ്ക്കു പിന്നിൽ ഉയർന്നു വരുന്നതു കണ്ടു. അടിയേറ്റ കുട്ടികൃഷ്ണമേനോൻ ഒരു ഞരക്കത്തോടെ താഴേക്കു ചരിഞ്ഞു. ഞാൻ പിന്നോക്കം പാഞ്ഞു.’’
മൊറാഴ സംഭവത്തെക്കുറിച്ച് , അതിലെ ഏറ്റവും നിർണായകമായ നിമിഷങ്ങളെക്കുറിച്ച് ഇത്രയും വിവരങ്ങൾ ഏതെങ്കിലും ചരിത്രഗ്രന്ഥങ്ങളിലോ പോലീസ് റിപ്പോർട്ടിൽ തന്നെയോ ഉണ്ടോ എന്ന കാര്യം സംശയമാണ്. പ്രകടനത്തിൽ പങ്കെടുക്കുകയും കുട്ടികൃഷ്ണമേനോൻ വധിക്കപ്പെടുന്നത് വളരെ അരികെ നിന്ന് കാണുകയും ചെയ്തയാളാണ് പുള്ളുവൻ വൈദ്യർ. അദ്ദേഹം നേരിട്ട് കൈമാറിയ വിവരങ്ങളേക്കാൾ ആധികാരികത ഒരു ഔദ്യോഗിക റിപ്പോർട്ടിനും ഉണ്ടാവാൻ സാധ്യതയില്ല.
ആധികാരികം എന്ന് അംഗീകരിക്കപ്പെട്ട രേഖകളിലും പുസ്തകങ്ങളിലും ഇടം പിടിക്കാത്തതും ഒരു ചരിത്രസംഭവത്തിന്റെ യഥാതഥ വിവരണത്തിന് സഹായിക്കുന്നതുമായ വസ്തുതകൾ ഒരു നോവലിസ്റ്റിനെ ത്രസിപ്പിക്കുന്നവയാണ്. ചരിത്രപരത നിലനിർത്തിക്കൊണ്ടു തന്നെ ആഖ്യാനത്തെ ജീവിതത്തോട് വളരെ അടുപ്പിച്ചു നിർത്താനും നാടകീയമാക്കാനുമെല്ലാം ഇത്തരം വിവരങ്ങൾ വളരെ സഹായകമാകും. നോവലെഴുത്തിന് ആവശ്യമായി വരുന്ന വിശദാംശങ്ങൾ ഒരു പത്രവാർത്തയ്‌ക്കോ ഔദ്യോഗിക രേഖയ്‌ക്കോ ചരിത്രകൃതിക്കോ ആവശ്യമുള്ളവയല്ല. റിപ്പോർട്ടറും സർക്കാറുദ്യോഗസ്ഥനും ചരിത്രകാരനുമൊന്നും ശ്രദ്ധേയമായി തോന്നാത്ത വിവരങ്ങൾ പലപ്പോഴും ഒരു നോവലിസ്റ്റിന് പ്രത്യേകപരിഗണന അർഹിക്കുന്നവയായി തോന്നാം. ജീവിതത്തിന്റെ കണ്ണാടിപ്പകർപ്പെടുപ്പിന് അവ സഹായകമാവുമെന്നതല്ല അയാളെ ആവേശം കൊള്ളിക്കുന്ന കാര്യം. മറ്റ് പലരുടെയും കണ്ണിന് നിസ്സാരമായി അനുഭവപ്പെടുന്നവയാവാം ഒരു സംഭവത്തിന്റെ, ജീവിതാവസ്ഥയുടെ, ചിലപ്പോൾ ഒരു ചരിത്രഘട്ടത്തിന്റെ സത്തയെ എഴുത്തിലേക്ക് സംക്രമിപ്പിക്കാൻ അയാളെ സഹായിക്കുക. ഒരു കാലഘട്ടത്തിലെ ജീവിതം അതിന്റെ കാതൽ വെളിപ്പെടുത്തുന്നത് ചരിത്രരേഖകളിൽ മുഴച്ചു നിൽക്കുന്ന വലിയ സംഗതികളിലൂടെയാവില്ല. നിസ്സാരമെന്ന ധാരണയിൽ പണ്ഡിതന്മാരും ഉദ്യോഗസ്ഥപ്രമാണിമാരുമെല്ലാം തള്ളിക്കളയുന്ന വിശദാംശങ്ങളെയാവും അത് ഈയൊരാവശ്യത്തിന് പലപ്പോഴും ആശ്രയിക്കുന്നത്. ഒരു നോവലിസ്റ്റിന് ഇക്കാര്യം വളരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും.
വിവരശേഖരണ ഘട്ടത്തിൽ ആവേദകരിൽ നിന്ന് കൈവരുന്ന അപ്രതീക്ഷിതമായ അറിവുകളും അവരുമായും അവരിലേക്ക് എത്തിക്കുന്ന മറ്റ് മനുഷ്യരുമായും രൂപപ്പെടുന്ന സുഹൃത്ബന്ധവുമാണ് നോവലെഴുത്തിലെ ഏറ്റവും വലിയ ആനന്ദം. ഒരു ചെറുകഥയോ നാടകമോ എഴുതാൻ ഇത്തരത്തിലുള്ള വിവരശേഖരണം ആവശ്യമില്ല. സ്വാനുഭവങ്ങൾ, വായനയിലൂടെയും മറ്റും സ്വരൂപിച്ച ആശയങ്ങൾ, അവിചാരിതമായി വന്നുകയറുന്ന ഓർമകൾ ഇവയൊക്കെയാണ് കഥയോ നാടകമോ ആയി വളരുക, നിനച്ചിരിക്കാത്ത നേരത്ത് മനസ്സിന് അനുഭവപ്പെടുന്ന വെമ്പലോ വിറയലോ ആണ് കവിതയായി രൂപാന്തരപ്പെടുക. നോവൽ അങ്ങനെ സംഭവിക്കുന്ന ഒന്നല്ല. എഴുതുന്നയാളിൽ നിന്ന് വലിയ അളവിലുള്ള ആസൂത്രണവും അധ്വാനവും ആവശ്യപ്പെടുന്ന സാഹിത്യരൂപമാണത്.
പുള്ളുവൻ വൈദ്യരുമായി ബന്ധപ്പെട്ട് രസകരമായ ഒരു കാര്യം പ്രത്യേകമായി പറയാനുണ്ട്. അദ്ദേഹത്തിന്റെ മകന്റെ പേര് പ്രഭാകരൻ എന്നായിരുന്നു. ബ്രണ്ണൻ കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ അധ്യാപകനായിരുന്നു അദ്ദേഹം. പ്രഭാകരനെ പരിചയപ്പെടുന്നതിനു മുമ്പാണ് ഞാൻ അദ്ദേഹത്തിന്റെ പിതാവിനെ കണ്ട് സംസാരിച്ചത്. ഞാനും പ്രഭാകരനും ഏതാനും വർഷക്കാലം ബ്രണ്ണൻ കോളേജിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. മലയാളവിഭാഗത്തിൽ അധ്യാപകനായിരുന്ന എനിക്ക് തപാൽ വഴി വരുന്ന കത്ത് അദ്ദേഹത്തിനും അദ്ദേഹത്തിനുള്ള കത്ത് എനിക്കും പല വട്ടം കിട്ടിയിട്ടുണ്ട്. അങ്ങനെ എന്റെ അപരനായി അദ്ദേഹവും അദ്ദേഹത്തിന്റെ അപരനായി ഞാനും ബ്രണ്ണനിൽ ജീവിച്ചു. പ്രഭാകരൻ മാഷ് ഇന്ന് ജീവിച്ചിരിപ്പില്ല. ചിത്രംവരയിലും വായനയിലുമൊക്കെ താൽപര്യമുണ്ടായിരുന്ന ആ സുഹൃത്തിന്റെ ചിരിയും വർത്തമാനം പറച്ചിലും എന്റെ ഉള്ളിൽ ഇന്നും ജീവിതം തുടരുന്നു.
അച്ചാച്ചന്റെ ചികിത്സയെപ്പറ്റി പറഞ്ഞിടത്തുനിന്നാണ് ഞാൻ വഴി മാറി പുള്ളുവൻ വൈദ്യരിലും മൊറാഴ സംഭവത്തിലും പിന്നെ വൈദ്യരുടെ മകനിലുമൊക്കെ എത്തിയത്. അച്ചാച്ചന്റെ ചികിത്സ മന്ത്രിച്ചൂതിയ വെള്ളത്തിനപ്പുറം പോയിരുന്നില്ല. പക്ഷേ, അച്ചാച്ചന്റെ ഏട്ടൻ കൊട്ടൻ എന്നയാളുടെ മകൻ അപ്പു കണ്ണാടിപ്പറമ്പ് ചേലേരി പ്രദേശങ്ങളിലെ അറിയപ്പെടുന്ന വൈദ്യരായിരുന്നു. പ്രതിഫലം വാങ്ങുന്നതിൽ വിശേഷിച്ച് താൽപര്യം പ്രകടിപ്പിക്കാതിരുന്ന അപ്പു വൈദ്യർ ആവശ്യമായ സന്ദർഭങ്ങളിൽ രോഗികളെ അങ്ങോട്ടു നടന്നുചെന്നുകണ്ട് ചികിത്സ നൽകിയിരുന്ന ആളാണ്. അപ്പുവൈദ്യരെ അന്നാട്ടുകാർ ഇന്നും സ്‌നേഹപൂർവം ഓർമിക്കുന്നതിന്റെ തെളിവാണ് ചേലേരിയിലെ ‘വൈദ്യര് കണ്ടി' എന്ന ബസ് സ്റ്റോപ്പ്.
അച്ചാച്ചൻ തന്റെതായ രീതിയിൽ ഒരു വൈദ്യരായിരുന്നെങ്കിലും അദ്ദേഹം വൈദ്യശാസ്ത്രകൃതികളോ മറ്റ് ഗ്രന്ഥങ്ങളോ വായിക്കുന്നത് ഞാൻ കണ്ടിട്ടില്ല. കൊവ്വലിലെ ഞങ്ങളുടെ വീട്ടിൽ ആകെ ഉണ്ടായിരുന്ന രണ്ട് ഗ്രന്ഥങ്ങൾ ഗൗളിശാസ്ത്രവും എന്റെ ഇളയ അമ്മാവനായ ദാമു അമ്മാവൻ ഹൈസ്‌കൂൾ ക്ലാസിൽ പഠിച്ച ഇംഗ്ലീഷിലുള്ള ഒരു ചരിത്ര പുസ്തകവുമാണ്. ആ ചരിത്രപുസ്‌കത്തിൽ ഒരു പായ്ക്കപ്പലിന്റെയും ഒരുപാട് ബ്രിട്ടീഷ് രാജാക്കന്മാരുടെയും ചിത്രങ്ങളുണ്ടായിരുന്നു എന്നു മാത്രമേ എനിക്ക് ഓർത്തെടുക്കാനാവുന്നുള്ളൂ.
പതിനൊന്ന് : ഒരു തിരിനാളത്തിന്റെ അന്ത്യയാത്ര
അമ്മമ്മ മരിക്കുന്നതിന് രണ്ട് വർഷം മുമ്പ്, അതായത് 1960ൽ അച്ചാച്ചൻ മരിച്ചു. 60 ഫെബ്രുവരി ആദ്യവാരത്തിൽ. മരിക്കുമ്പോൾ കണ്ണാടിപ്പറമ്പിൽ ആദ്യഭാര്യയുടെ മക്കളുടെ അടുത്തായിരുന്നു അച്ചാച്ചൻ. അച്ചാച്ചന്റെ മരണാനന്തരച്ചടങ്ങുകളിലൊന്ന് അസ്ഥി പുഴയിലൊഴുക്കലായിരുന്നു. മരിച്ച് കുറച്ചു ദിവസം കഴിഞ്ഞാണ് ‘പിണ്ഡവും നീരും ഒഴുക്കൽ' എന്ന ചടങ്ങ് നടന്നത്. അതിന് മുതിർന്നവരോടൊപ്പം പോയ ഏതാനും കുട്ടികളുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. മഞ്ഞച്ചോറ് പൊതിഞ്ഞുവെച്ച കിണ്ണവും കോത്തിരിയുമായി ‘ഗോയിന്നാ,ഗോയിന്നാ' എന്നു വിളിച്ചുകൊണ്ട് രാത്രിയിലെപ്പോഴോ പത്തുപതിനഞ്ചാളുകൾ പുഴക്കരയിലേക്ക് പോയി. അത് കാട്ടാമ്പള്ളിപ്പുഴയിലെ വള്ളുവൻ കടവിലേക്കു തന്നെയായിരുന്നു എന്നാണോർമ. ഒരു വേള വള്ളുവൻ കടവിന് തൊട്ടപ്പുറമോ ഇപ്പുറമോ ഉള്ള ഏതെങ്കിലും
കടവായിരുന്നു എന്നും വരാം. കടവിലെത്തിയപ്പോൾ കുറച്ച് പ്രായമായ ഒരാൾ ആദ്യം പിണ്ഡവുമായി പുഴയിലേക്കിറങ്ങി. പിന്നാലെ മറ്റു ചിലരും. ഞങ്ങളെല്ലാം കരയിൽത്തന്നെ നിന്നു. ആദ്യം ഇറങ്ങിയ ആൾ പിണ്ഡം പതുക്കെ പുഴയിലേക്കൊഴുക്കി. അപ്പോഴും എല്ലാവരും ‘ഗോയിന്നാ, ഗോയിന്നാ' എന്നു വിളിച്ചിരുന്നിരിക്കണം. നടുവിൽ കത്തിച്ചു വെച്ചിരിക്കുന്ന കോത്തിരിയുടെ വെളിച്ചവുമായി പിണ്ഡം പുഴയിലൂടെ സാവകാശത്തിൽ ഒഴുകിപ്പോവുന്നത് എല്ലാവരും നോക്കിനിന്നു. കുറെയങ്ങ് നീങ്ങിയപ്പോൾ കോത്തിരിയുടെ വെളിച്ചം ചെറുതായിചെറുതായി വന്നു. പിന്നെ അത് അണഞ്ഞു. അതോടെ എല്ലാ കണ്ണുകളും പുഴയിൽ നിന്നു മടങ്ങി. പിന്നെയുള്ള കാര്യങ്ങളൊന്നും എന്റെ ഓർമയിലില്ല.
തണുപ്പുള്ള ഒരു രാത്രിയിൽ പുഴവെള്ളത്തിൽ ഒഴുകിനീങ്ങി അണഞ്ഞ ആ വെളിച്ചത്തിന്റെ ഓർമ എന്റെ ഉള്ളിൽ തറഞ്ഞുനിന്നു. ഏഴ് വയസ്സുകാരനായ എന്നിൽ ആ ദൃശ്യം എന്തൊക്കെ ചിന്തകളും വികാരങ്ങളുമായിരിക്കും ഉണ്ടാക്കിയിരിക്കുക എന്ന് ഓർത്തെടുക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. മുതിർന്നതിൽപ്പിന്നെ പലപ്പോഴായി ആ പിണ്ഡമൊഴുക്കലിന്റെ ദൃശ്യം എന്റെ ഉള്ളിലെത്തി. അപ്പോഴെല്ലാം അത് വിവിധ മാനങ്ങളുള്ള അസാധാരണമായ ഒരു വൈകാരികാനുഭവമായി മാറി. ആ പഴയ കോത്തിരിയുടെ ഓർമയിലാണ് ഞാൻ എന്റെ ‘ക്ഷൗരം' എന്ന നോവല്ലയുടെ അവസാനഭാഗം എഴുതിയത്.
മരണത്തെ ഉപാസിക്കുന്നവരായി ഭാവിക്കുക, മൃത്യുപൂജയും സർഗാത്മകതയുമായുള്ള ബന്ധത്തെപ്പറ്റി വാചാലരാവുക ഇവയൊക്കെ ആധുനികതയുടെ കാലത്ത് നമ്മുടെ എഴുത്തുകാരിൽ പലരും ചെയ്തിട്ടുള്ളതാണ്. പാമ്പിന്റെ വായിൽ കാല് വെച്ചുകൊടുത്ത് അതിന്റെ കടി പല്ല് മുളക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയായി അനുഭവിച്ച രവിയാണ് അരനൂറ്റാണ്ടുകാലമായി നമ്മുടെ നോവൽ വായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഞാൻ പുറപ്പെടുന്നില്ല. മരണത്തെ വാഴ്ത്തുന്നതിൽ ഞാൻ അൽപവും
താൽപര്യപ്പെടുന്നുമില്ല. എങ്കിലും ഒരു കാര്യം എനിക്കറിയാം. സാഹിത്യത്തിലായാലും സിനിമയിലായാലും ഏറ്റവും കനമുള്ള പല നിമിഷങ്ങളും ഉണ്ടായിട്ടുള്ളത് മരണത്തിന്റെ ആവിഷ്‌കാരം സാധിച്ചപ്പോഴാണ്.
ഏത് മനുഷ്യജീവിക്കും അഭിമുഖീകരിക്കേണ്ടി വരുന്ന മരണത്തോട് സമീപസ്ഥമായ വാർധക്യവും മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളും ഒരു സാഹിത്യരചനയെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ എല്ലാ ആഴങ്ങളിലേക്കും പ്രപഞ്ചവിചാരത്തിന്റെ എല്ലാ വിസ്തൃതികളിലേക്കുമുള്ള പ്രധാനപാതയാണ്. ആ വഴിയിലൂടെ സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ പല പ്രശസ്തകൃതികളിലും അവിസ്മരണീയമാം വിധം ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. മരണത്തെ തികഞ്ഞ സമചിത്തതയോടെ. യാഥാർത്ഥ്യബോധത്തോടെ നേരിടാൻ പഠിപ്പിക്കലും സാഹിത്യത്തിന്റെ ധർമങ്ങളിലൊന്നാണെന്ന തോന്നൽ അങ്ങനെയുള്ള കൃതികളുടെ വായനാനുഭവത്തിലെ ഏറ്റവും കാതലായ ഭാഗമാണ്.
എന്താണ് ജീവിതം, എന്തിനാണീ ജീവിതം എന്നീ ചോദ്യങ്ങൾക്കു പുറമെ എന്താണ്
മരണം, മരണാനന്തരം ആത്മാവിന് എന്ത് സംഭവിക്കുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങളും അതിപുരാതന കാലം മുതൽക്കേ മനുഷ്യമനസ്സിനെ മഥിച്ചിരിക്കും. താന്താങ്ങളുടെ ലോകബോധത്തെയും വിശ്വാസത്തെയും ആധാരമാക്കി
ഓരോ ജനതയും ഈ ചോദ്യങ്ങൾക്ക് കണ്ടെത്തിയ ഉത്തരങ്ങൾ പണ്ടുപണ്ടേ വ്യത്യസ്തമായിരുന്നിരിക്കും. മൃതദേഹത്തെ പരിചരിക്കുന്നതിലും മറ്റു മരണാനന്തര ക്രിയകളിലുമുള്ള അന്തരം അങ്ങനെ ഉണ്ടായതാവും. എന്തായാലും
മരിച്ചവരെ ആദരപൂർവം പറഞ്ഞയക്കണമെന്ന ആശയത്തിന് പൊതുസമ്മതിയുണ്ട്. മരിച്ചവർ എത്തിച്ചേരുന്ന ലോകത്തെ കുറിച്ച്, ആത്മാവിന്റെ സഞ്ചാരപഥത്തെക്കുറിച്ച് പക്ഷേ, പല സങ്കൽപങ്ങളാണുണ്ടായിട്ടുള്ളത്. ഈജിപ്തിലും തിബത്തിലും ഉണ്ടായ ‘മൃതരുടെ പുസ്തക' (Book of the Dead) ങ്ങൾ ഈ വ്യത്യാസം സംശയരഹിതമായി വ്യക്തമാക്കുന്നവയാണ്. ആത്മാവിനെ ഒരു തിരിനാളത്തിന്റെ രൂപത്തിൽ സങ്കൽപിച്ച് നദീമധ്യത്തിലേക്ക് അയക്കുക എന്ന ആശയം എവിടെ എപ്പോൾ രൂപപ്പെട്ടതാവും എന്നറിയില്ല. എന്തായാലും, ആ തിരിനാളത്തിന്റെ അന്തിമയാത്ര അറുപത് വർഷത്തിനു ശേഷവും വല്ലപ്പോഴുമൊക്കെയായി എന്റെ മനസ്സിൽ ആവർത്തിക്കുന്നു. ▮
(തുടരും)