ചിത്രീകരണം: ദേവപ്രകാശ്

സ്​നേഹപ്പരപ്പ്​

ഞാൻ മാത്രമല്ലാത്ത ഞാൻ

പതിനെട്ട്​

ആത്മകഥയിൽ ഇതിനകം പല തവണ പരാമർശിക്കപ്പെട്ട ഒരിടം മാടായിപ്പാറയാണ്. പാറയുടെ അർത്ഥം അല്ലെങ്കിൽ പാറ തന്ന അനുഭവം എന്റെ വളർച്ചയ്ക്കും മനോലോകത്തിൽ വന്ന മാറ്റങ്ങൾക്കും അനുസരിച്ച് ഓരോ കാലത്തും വ്യത്യസ്തമായായിരുന്നുവെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ വ്യക്തമായി ബോധ്യപ്പെടുന്നുണ്ട്. എൽ.പി.സ്‌കൂൾ കാലത്ത് ആദ്യവർഷങ്ങളിൽ പാറയുടെ ചെറിയ ഒരു മൂലയുമായി മാത്രമേ ഞാൻ അടുത്തു പരിചയപ്പെട്ടിരുന്നുള്ളൂ. സ്‌കൂളിന് തൊട്ടടുത്തുള്ള ഭാഗമായിരുന്നു അത്. പിന്നെ വൈകുന്നേരങ്ങളിൽ പഴയങ്ങാടിയിൽ നിന്ന് ദൈനംദിന വീട്ടാവശ്യത്തിനുള്ള ചില്ലറ സാധനങ്ങളുമായി കോട്ടക്കുന്ന് വഴിയുള്ള മടക്കം പാറയുടെ മറ്റൊരു ഭാഗം കാണാനുള്ള അവസരമുണ്ടാക്കിത്തന്നു. വിജനതയും പ്രാചീന നിർമിതികളുടെ അവശിഷ്ടങ്ങളും കാട്ടുമരങ്ങൾ വളർന്നേറിയ വലിയപൊട്ടക്കിണറുകളു(പണ്ട് അവ മറ്റെന്തോ ആയിരുന്നിരിക്കാം)മെല്ലാം കാരണം ഭീതിയും നിഗൂഢതയും അനുഭവപ്പെടുത്തുന്നതായിരുന്നു ആ ഭാഗം. ഹൈസ്‌ക്കൂൾ
കാലത്ത് വെങ്ങര "കസ്തൂർബാസ്മാരക'ത്തിലേക്കും തിരിച്ചുമുള്ള
ഓട്ടത്തിനിടയിലും വർഷത്തിലൊരിക്കൽ വടുകുന്ദയിലെ പൂരച്ചന്തയിലേക്ക്
പോകുമ്പോഴും അൽപം കൂടി മുതിർന്ന കാലത്ത് സുഹൃത്തുക്കളോടൊത്തുള്ള നീണ്ട നടത്തങ്ങൾക്കിടയിലുമാണ് ഞാൻ മാടായിപ്പാറയുടെ മറ്റു ഭാഗങ്ങളെയെല്ലാം
അടുത്തറിഞ്ഞത്.

കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനുശേഷം മാർക്സിസ്റ്റുകാരും സി.പി.ഐക്കാരും
തമ്മിലുള്ള ശക്തിപരീക്ഷണം നാട്ടിലാകെ നടന്നുവരുന്ന 1965- 66
കാലമായിരുന്നു അത്. കോൺഗ്രസ്സുകാരും ജനസംഘക്കാരും മാർക്സി​സ്റ്റുകാരെ
മുഖ്യശത്രുക്കളായിക്കണ്ട് ഒതുക്കാൻ ശ്രമിക്കുന്ന ഘട്ടം കൂടിയായിരുന്നു
അത്

പാറയെപ്പറ്റിയുള്ള രസകരമായ ഓർമകളിലൊന്ന് ഫുട്ബോളുമായി ബന്ധപ്പെട്ടതാണ്. പാറയുടെ പല ഭാഗങ്ങളിലായി ഫുട്ബോൾ കളിക്കുള്ള ചെറിയ ഗ്രൗണ്ടുകളായി മാറുന്ന മൂന്ന് നാല് സ്ഥലങ്ങളുണ്ട്. ഗോൾപോസ്റ്റ് എന്ന
സങ്കൽപത്തിൽ കളിസ്ഥലത്തിന്റെ രണ്ടറ്റത്തായി ഒരു ഗ്യാപ് വെച്ച് ഈരണ്ട്
കല്ല് വീതം എടുത്തുവെച്ചാൽ വിശേഷിച്ച് അധ്വാനമൊന്നുമില്ലാതെ ഫുട്ബാൾ
ഗ്രൗണ്ട് റെഡിയാവും. മഴക്കാലം കഴിഞ്ഞാൽ ഇങ്ങനെയുള്ള ഗ്രൗണ്ടുകളിൽ
മിക്കദിവസവും വൈകുന്നേരം കുട്ടിക്കളിക്കാരെത്തും. അവർ രണ്ട് ടീമായി
തിരിയും. തടിമിടുക്കും തളരാതെ ഓടിക്കളിക്കാനുള്ള ശേഷിയുമില്ലാത്ത
എന്നെപ്പോലുള്ളവർക്ക് ഗോളിയാവാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. പന്തുമായി
ഒന്ന് മുന്നേറാനുള്ള മോഹത്തിൽ ഇടയ്ക്കിടെ "ഗോളി ചെയ്ഞ്ച്, ഗോളി ചെയ്ഞ്ച്' എന്ന് ആദ്യമാദ്യം വലിയ ഉത്സാഹത്തിലും പിന്നെപ്പിന്നെ ഏതാണ്ടൊരു വിലാപം
പോലെയും ഒച്ചവെച്ച് കളി തീരുംവരെ പോസ്റ്റിൽ തന്നെ നിൽക്കേണ്ടി വന്നിരുന്ന
നിർഭാഗ്യവാന്മാരിലൊരാളായിരുന്നു എന്നും ഞാൻ.

ഫുട്ബോൾ കളി അൽപം ഗൗരവത്തിലുള്ള ഒരു മത്സരമായി നടന്നിരുന്നത് മാടായി പ്രദേശത്ത് പഴയകാലത്ത് ജൂതന്മാർ അധിവസിച്ചിരുന്നു എന്ന് തലമുറകളെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജൂതക്കുളത്തിന് അടുത്തുള്ള ഒരു
ഗ്രൗണ്ടിലാണ്. ഇവിടെ വെച്ചാണ് ഒരു മത്സരത്തിനുശേഷം ജേതാക്കൾക്ക് കപ്പ്
കൊടുത്തുകൊണ്ട് പ്രസംഗിക്കുന്ന മുഹമ്മദ് അഹമ്മദിനെ ഞാൻ ആദ്യമായി
കണ്ടത്. അന്ന് അദ്ദേഹത്തിന് പതിനേഴ് വയസ്സുണ്ടാവും. എനിക്ക്
പതിനാലും. മുഹമ്മദ് അഹമ്മദ് വളരെ അലങ്കാരപൂർണമായ ഭാഷയിൽ ഫുട്ബോൾ കളിയുടെ സൗന്ദര്യത്തെപ്പറ്റിയും ഒന്നാന്തരം കളിക്കാർ പന്തുമായി മുന്നേറുമ്പോൾ കാണികൾ ഒന്നടങ്കം കോരിത്തരിക്കുന്നതിനെപ്പറ്റിയുമെല്ലാം നല്ല ഒഴുക്കിൽ സംസാരിച്ചുകൊണ്ടിരുന്നത് അത്ഭുതത്തോടെ തന്നെയാണ് ഞാൻ
കേട്ടുനിന്നത്. അദ്ദേഹം പിന്നീട് ബ്രണ്ണൻ കോളേജിൽ നിന്ന് മലയാളം എം.എ
പാസ്സായി പയ്യന്നൂർ കോളേജിൽ അധ്യാപകനും മദ്യവർജന പ്രസ്ഥാനത്തിന്റെ
നേതാക്കളിലൊരാളും ഫോക്ലോർ അക്കാദമി ചെയർമാനുമൊക്കെയായി. ഇപ്പോഴും കണ്ണൂർ ജില്ലയിലെ ഏറ്റവും ജനപ്രീതിയുള്ള സാംസ്‌കാരിക പ്രഭാഷകരിലൊരാളാണ് മുഹമ്മദ് അഹമ്മദ്.

ഫുട്ബാളിനു പുറമെ ഓർമയിൽ വരുന്ന മറ്റൊരു കാര്യം മാർക്സിസ്റ്റ് പാർട്ടി
വളണ്ടിയർമാരുടെ പരിശീലനമാണ്. ട്രാവലേഴ്സ് ബംഗ്ലാവിന് തൊട്ടുപുറകിലുള്ള
ചെറിയ പുൽത്തകിടിയിലാണ് (അതും ഒരു ഫുട്ബാൾ ഗ്രൗണ്ട് തന്നെ) പരിശീലനം നടന്നിരുന്നത്. കാക്കി ട്രൗസറും ചെങ്കുപ്പായവും കാക്കിത്തൊപ്പിയും ധരിച്ച് നെഞ്ചുയർത്തി അടിവെച്ചടിവെച്ച് നല്ല അച്ചടക്കത്തിൽ നടത്തിയിരുന്ന
മാർച്ചും ചില കായികാഭ്യാസങ്ങളുമായിരുന്നു പരിശീലനത്തിന്റെ ഭാഗമായി
നടന്നത്. വളണ്ടിയർമാർ എണ്ണത്തിൽ അധികമുണ്ടായിരുന്നില്ല. കൂടിയാൽ
മുപ്പതുപേർ. അവർ കായികശേഷിയുടെയും ആത്മധൈര്യത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നിരിക്കാം. കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനുശേഷം മാർക്സിസ്റ്റുകാരും സി.പി.ഐക്കാരും
തമ്മിലുള്ള ശക്തിപരീക്ഷണം നാട്ടിലാകെ നടന്നുവരുന്ന 1965- 66
കാലമായിരുന്നു അത്. കോൺഗ്രസ്സുകാരും ജനസംഘക്കാരും മാർക്സി​സ്റ്റുകാരെ
മുഖ്യശത്രുക്കളായിക്കണ്ട് ഒതുക്കാൻ ശ്രമിക്കുന്ന ഘട്ടം കൂടിയായിരുന്നു
അത്. അതിന്റെയൊക്കെ പശ്ചാത്തലായിരുന്നിരിക്കണം ഈ വളണ്ടിയർ പരിശീലനം നടന്നത്. സി.പി.എമ്മിലെ ഈ സൈന്യത്തിന്റെ തലവൻ എ.കെ.ജിയാണ് എന്ന സങ്കൽപത്തിൽ അവരെ "ഗോപാലസേന' എന്നാണ് മാർക്സിസ്റ്റ് വിരുദ്ധർ വിളിച്ചിരുന്നത്. ഗോപാലസേന പക്ഷേ ആ പേരിൽ അധികകാലം നിലനിന്നില്ല.

പാറയെക്കുറിച്ചുള്ള എന്റെ പരാമർശങ്ങളിൽ ഏറ്റവും കൂടുതലായി കടന്നുവന്നത്
സാഹിത്യം സംസാരിച്ചുകൊണ്ടുള്ള പാറപ്പുറത്തെ നടത്തമാണ്. അന്നത്തെ സാഹിത്യം പറച്ചിലിന്റെ സ്വഭാവത്തെ ഇന്നത്തേതുമായി ഇടയ്ക്കിടെ ഞാൻ താരതമ്യം ചെയ്തുനോക്കാറുണ്ട്. ഇക്കാലത്ത് പാറപ്പുറത്ത് നടക്കാൻ പോവുന്ന
ചെറുപ്പക്കാരുടെ സംസാരത്തിൽ സാഹിത്യം കടന്നുവരുന്നുണ്ടാവുമോ എന്നു തന്നെ എനിക്ക് സംശയമുണ്ട്. ഉണ്ടെങ്കിൽത്തന്നെ അത് പഴയതുപോലെ കൃതികളോടും എഴുത്തുകാരോടുമുള്ള വൈകാരിക ബന്ധം കൊണ്ട് വിജ്രംഭിക്കുന്ന സംസാരമായിരിക്കില്ല. സാഹിത്യത്തെ ആ തരത്തിൽ സമീപിക്കുന്ന ചെറുപ്പക്കാരുടെ കാലം കഴിഞ്ഞു. ഒരു കണക്കിന് അത് നന്നായി എന്നു തന്നെ പറയാം. എഴുത്തുകാരോടും അവരുടെ കൃതികളോടും തോന്നുന്ന വിധേയത്വവും ആരാധനയും പ്രോത്സാഹിപ്പിക്കപ്പെടരുത് എന്നു തന്നെയാണ് എന്റെ അഭിപ്രായാം. അവ നല്ല വായനയെ സാധ്യമാക്കില്ല. കൃതികളെ സംവാദാത്മകമായി സമീപിക്കുന്ന ശീലം വായനക്കാരിൽ വളർന്നു വരുന്നതു തന്നെയാണ് അഭികാമ്യം. പക്ഷേ, പുതിയ വായനക്കാരും ഈ സംവാദാത്മക വായനയുടെ സംസ്‌കാരത്തിലേക്ക് പ്രവേശിച്ചതായി കാണുന്നില്ല. പഴയ വായനക്കാർക്ക് സാഹിത്യത്തോടുണ്ടായിരുന്ന സ്നേഹം വേണ്ടത്ര ആരോഗ്യകരമായിരുന്നില്ലെങ്കിലും അത് സത്യസന്ധമായിരുന്നു. കൃതികളെക്കുറിച്ച് അവർ പ്രകടിപ്പിച്ചിരുന്ന അഭിപ്രായങ്ങൾ അവരുടേത് തന്നെയായിരുന്നു. ആരെയെങ്കിലും ബോധ്യപ്പെടുത്താനോ മേനിനടിക്കാനോ ആയി അവർ ഒന്നും പറഞ്ഞിരുന്നില്ല. പുതിയ വായനക്കാരിൽ പലരും അഭിപ്രായങ്ങളുടെ കാര്യത്തിൽ എത്രത്തോളം സ്വതന്ത്രരാണ് എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.

മാടായിപ്പാറയെപ്പറ്റി പറയുമ്പോൾ പരിസ്ഥിതി പ്രവർത്തകർ ആദ്യം
ഓർമിക്കുന്നത് ചൈനാക്ലേ ഖനനത്തിനെതിരെ നടന്ന സമരമാണ്

അവരുടെ വായനയിൽ അവർക്കു തന്നെ ബോധ്യം വരാത്ത പലതും കൂടിക്കലരുന്നുണ്ടെന്നും പലപ്പോഴും വിപണിയിൽ വിജയം നേടുന്ന കൃതികളെയും ഫാഷനായി മാറുന്ന ആഖ്യാനതന്ത്രങ്ങളെയും വാഴ്ത്തിപ്പാടുന്നതിൽ അവരിൽ പലരും വലിയ ഉത്സാഹം കാണിക്കുന്നുണ്ടെന്നും എനിക്ക് തോന്നാറുണ്ട്. സാഹിത്യവായന വലിയൊരു മാനസികാവശ്യമല്ല അവർക്ക്. തങ്ങളുടെ ഭാവുകത്വം ഉയർന്നതാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു ചിഹ്നം മാത്രമായാണ് അവർ അതിനെ കാണുന്നത്. ഈ സ്ഥിതിയിൽ കാതലായൊരു മാറ്റം സമീപകാലത്തെങ്ങും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. വായനയുടെ ചരിത്രം പരിശോധിച്ചാൽ സമാനസ്വഭാവമുള്ള പതനത്തിന്റെ ഘട്ടങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുള്ളതായി കണ്ടെത്താൻ കഴിഞ്ഞേക്കും. ഇനി അസുന്ദരമായി തോന്നാവുന്നതും പഴയ കാലദൈനംദിന ജീവിതത്തിന്റെ ഭൗതികമായ നിലനിൽപിന് അക്ഷരാർത്ഥത്തിൽ ഇന്ധനമായിരുന്നതുമായ ഒരു വസ്തുവിന്റെ ശേഖരണത്തെക്കുറിച്ച് ചില കാര്യങ്ങൾ പറയാം. മാടായിപ്പാറയുടെ ചില ഭാഗങ്ങളിലും പഴയങ്ങാടി മുതൽ എരിപുരം വരെയുള്ള റോഡിലുമായി പത്തമ്പത് വർഷം മുമ്പ് വരെയും അതികാലത്ത് ഏകദേശം എട്ട് മുതൽ പതിനഞ്ച്- പതിനാറ് വയസ്സ് വരെയുള്ള പത്തിരുപത്തഞ്ച് പേരെങ്കിലും ചെറിയ കൊട്ടകളുമായി ഓടി നടക്കുന്നത് കാണാമായിരുന്നു. ഒരു വർഷത്തോളം അവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. പാറപ്പുറത്തും റോഡുകളിലുമായി അലഞ്ഞു നടക്കുന്ന പശുക്കളുടെ ചാണകം വാരലാണ് ഞങ്ങൾ ചെയ്തിരുന്നത്. ഈ ചാണകം അവരവരുടെ വീട്ടിൽ കൊണ്ടുപോയി കൈകൊണ്ടു തന്നെ പറമ്പിലെ പാറയിലും ഉറപ്പുള്ള പരന്ന പ്രതലങ്ങളിലുമായി അടിച്ച് പരത്തി വെക്കും. അഞ്ച് വിരലും തെളിഞ്ഞു കാണാമായിരുന്ന ഈ ചാണകനിർമിതികൾ പകൽ മുഴുവൻ വെയിലേറ്റു കഴിയുമ്പോൾ നല്ലപോലെ ഉണങ്ങിയിരിക്കും. പിന്നെ അവ അടർത്തിയെടുക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഇങ്ങനെ അടർത്തിയെടുക്കുന്ന ഉണങ്ങിയ സാധനത്തെ "വരടി' എന്നാണ് പറഞ്ഞിരുന്നത്. ഈ വരടി അടുപ്പിൽ വെച്ച് കത്തിക്കാൻ എളുപ്പമാണ്. അതിന്റെ തീയ്ക്ക് നല്ല ചൂടുണ്ടാവും. ഒന്നാന്തരം വെണ്ണീറും കിട്ടും.

മാടായിപ്പാറയെപ്പറ്റി പറയുമ്പോൾ പരിസ്ഥിതി പ്രവർത്തകർ ആദ്യം
ഓർമിക്കുന്നത് പാറയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി ആദ്യം സാമുവൽ ആറോന്റെ കമ്പനിയുടെ നിയന്ത്രണത്തിലും പിന്നീട് കേരളാ ക്ലെയ്സ് ആന്റ്
സിറാമിക്സിന്റെ നേതൃത്വത്തിലും നടന്നിരുന്ന ചൈനാക്ലേ ഖനനത്തിനെതിരെ
നടന്ന സമരമാണ്. 1952ലാണ് ഇവിടെ ഖനനം ആരംഭിച്ചത്. പാറയുടെ ഒരുഭാഗം (ഏകദേശം 20 ഏക്കർ) ഏതാനും വർഷങ്ങൾക്കുള്ളിൽ പാറയല്ലാതായി. 1975ൽ കമ്പനി പ്രവർത്തനം നിർത്തിവെച്ചു. 1976ൽ ഗവണ്മെന്റ് താൽക്കാലികമായി കമ്പനി ഏറ്റെടുത്തു; 1984ൽ സ്ഥിരമായും. വീണ്ടും ഖനനമാരംഭിച്ചതോടെ സ്ഥാപനത്തിന്റെ കയ്യിലകപ്പെടുന്ന പാറയുടെ വിസ്തൃതി വർധിച്ചു വന്നു. അത് ഏതാണ്ട് വടുകന്ദപ്പുഴയുടെ അടുത്തുവരെ എത്തി. ആ ഭാഗത്ത് പാറയിൽ പുതുതായി വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു.

ചൈനാക്ലേയിൽ നിന്നുള്ള പാഴ്ച്ചെളി വന്നടിഞ്ഞ് വയലുകളിൽ കൃഷിയിറക്കുക അസാധ്യമായി. തെങ്ങുകളെല്ലാം നശിച്ചു. കിണറുകളിലെ വെള്ളം കുടിക്കാൻ പോയിട്ട് കുളിക്കാൻ പോലും പറ്റാത്തതായി. പ്രദേശവാസികളും പരിസ്ഥിതിപ്രവർത്തകരും ഒന്നിച്ചു സമരത്തിനിറങ്ങി

1992 മുതൽ പരിസ്ഥിതി പ്രവർത്തകർ ഖനനത്തിനെതിരെ ശബ്ദമുയർത്താൻ തുടങ്ങി. പ്രക്ഷോഭം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയും മേധാപട്കർ ഉൾപ്പെടെയുള്ളവർ സമരം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്ഥലത്തെത്തുകയും ചെയ്ത കാലത്തു തന്നെയാണ് പഴയ ചൈനാക്ലേ കമ്പനിയുടെ അധീനതയിലുള്ള സ്ഥലം മുതൽ ആരംഭിക്കുന്ന വലിയ അളവിലുള്ള ലിഗ്‌നൈറ്റ് നിക്ഷേപം മാടായിപ്പാറയിലുണ്ടെന്ന കണ്ടെത്തൽ പുറത്തുവന്നത്. 5.5 മില്യൺ ടൺ ആണ് മാടായിപ്പാറയിലുള്ളതായി ഗണിച്ചെടുത്ത ലിഗ്‌നൈറ്റിന്റെ അളവ്. ഗുജറാത്ത് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡുമായി ചേർന്ന് ഇത് മുഴുവൻ ഖനനം ചെയ്തെടുക്കാനുള്ള തീരുമാനത്തിന്റെ വക്കോളം കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ എത്തിയിരുന്നു. ആ പദ്ധതി നടപ്പിലായിരുന്നെങ്കിൽ മാടായിപ്പാറയും അതിലെ ജൈവവൈവിധ്യവും പാറക്കടിയിലെ ജലശേഖരവുമെല്ലാം ഓർമയായി മാറുമായിരുന്നു.

ഈ ആപൽസാധ്യതയുടെ സൂചനകൾ തെളിയുമ്പോഴേക്കും ചൈനാക്ലേ ഖനനം സൃഷ്ടിച്ച പാരിസ്ഥിതികാഘാതം കാരണം വെങ്ങര, മുട്ടം പ്രദേശങ്ങളുടെ ഒരു ഭാഗം മുഴുവനുമുള്ള ജനങ്ങൾ കഷ്ടത്തിലായിക്കഴിഞ്ഞിരുന്നു. ചൈനാക്ലേയിൽ നിന്നുള്ള പാഴ്ച്ചെളി വന്നടിഞ്ഞ് അവരുടെ വയലുകളിൽ കൃഷിയിറക്കുക
അസാധ്യമായി. തെങ്ങുകളെല്ലാം നശിച്ചു. കിണറുകളിലെ വെള്ളം കുടിക്കാൻ പോയിട്ട് കുളിക്കാൻ പോലും പറ്റാത്തതായി. പ്രദേശവാസികളും പരിസ്ഥിതിപ്രവർത്തകരും ഒന്നിച്ചു സമരത്തിനിറങ്ങി. മാടായിപ്പാറ സംരക്ഷണ സമിതിയുടെ മുൻനിരയിൽ ആരംഭം മുതൽക്കേ ഉണ്ടായിരുന്ന പി.പി.കൃഷ്ണൻ മാസ്റ്റർ (വെങ്ങര) ഈ ഘട്ടത്തിലും വളരെ ഊർജസ്വലനായി രംഗത്തിറങ്ങി. പല കോണുകളിൽ നിന്ന് സമരത്തിന് പിന്തുണ ലഭിച്ചു. പാറയിലെ ഖനനം ചൂടുപിടിച്ച ഒരു ചർച്ചാവിഷയമായി. "ചൈനാക്ലേ'ക്ക് ചുറ്റുമുള്ളവർക്ക് കുടിവെള്ളം നൽകുന്നുണ്ട്. ഈ കളിമൺ ശേഖരണ ശുദ്ധീകരണ ഫാക്ടറി ദശകങ്ങളായി എത്രയോ പേർക്ക് തൊഴിൽ കൊടുത്തുപോന്നിട്ടുണ്ട്. അവരുടെ
അന്നം മുട്ടിക്കുന്ന നടപടിയാണ് സമരക്കാർ കൈക്കൊള്ളുന്നത് എന്നൊക്കെയാണ് അധികൃതർ പറഞ്ഞുകൊണ്ടിരുന്നത്. സമരത്തിനിറങ്ങിയവരും ജനങ്ങളും അതൊന്നും ചെവിക്കൊണ്ടില്ല. അമ്പതിലേറെ പേർക്ക് തൊഴിൽ നിൽകുന്നതിനും കുറച്ച് ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം നൽകുന്നതിനും സർക്കാറിന് വരുമാനമുണ്ടാക്കുന്നതിനുമായി വലിയ ഒരു ഭൂവിഭാഗത്തിലെ ജനങ്ങൾക്ക് പ്രകൃതി നൽകിയ വിലമതിക്കാനാവാത്ത സമ്പത്ത് കൊള്ളയടിക്കരുതെന്ന് അവർ പറഞ്ഞു. വിശദീകരണയോഗങ്ങൾ, പ്രകടനങ്ങൾ, മനുഷ്യച്ചങ്ങല, മെമ്മോറാണ്ടം സമർപ്പണങ്ങൾ എല്ലാം നടന്നുകൊണ്ടിരുന്നു. മാടായിപ്പാറ സംരക്ഷണത്തിന്
തങ്ങളാൽ കഴിയുന്ന എന്ത് സഹായവും ചെയ്യണമെന്ന് ഒരുപാട് പേർക്ക്
തോന്നി. അതിന്റെ ഫലമായി നടന്ന നാനാതരം പ്രവർത്തനങ്ങളിലൊന്നാണ്
ട്രാവലേഴ്സ് ബംഗ്ലാവിനടുത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് സുരേന്ദ്രൻ
കൂക്കാനം നിർമിച്ച ശില്പം. ജനങ്ങളിൽ നിന്ന് വമ്പിച്ച തോതിൽ
എതിർപ്പുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഇനി അതിനെ തടഞ്ഞുനിർത്തുക
അസാധ്യമാണെന്നും ബോധ്യപ്പെട്ടപ്പോൾ അധികാരികൾക്ക് പിന്നോട്ട്
പോകേണ്ടിവന്നു. അങ്ങനെ 2015 ൽ മാടായിപ്പാറയിലെ ഖനനം എന്നേക്കുമായി
നിർത്തിവെച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം വന്നു.

പാറസംരക്ഷണത്തിനുള്ള സമരം വാർത്തകളിൽ നിറഞ്ഞു നിന്നുകൊണ്ടിരുന്ന
ഘട്ടത്തിലാണ് അമ്പലപ്പുഴക്കാരനായ എൻ.എൻ.ബൈജു ( അദ്ദേഹം അമ്പലപ്പുഴ
പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനായിരുന്നു) മാടായിപ്പാറയെക്കുറിച്ചുള്ള ഒരു
ഡോക്യു ഫിക്ഷൻ എന്ന ആശയവുമായി എത്തിയത്. അത്
2013ലായിരുന്നു. കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം മാടായിപ്പാറയിൽ
തിരിച്ചെത്തുന്ന ഒരു പെൺകുട്ടി പാറയിലെ ജൈവവൈവിധ്യം ഖനനം കാരണം പൂർണമായും തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നതായി കാണുന്നു. തനിക്ക് വളരെ പ്രിയപ്പെട്ട ഈ പാറപ്പരപ്പിന്റെ നഷ്ടസൗഭാഗ്യങ്ങൾ വീണ്ടെടുക്കാൻ അവൾ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ഡോക്യു ഫിക്ഷനിൽ ഞാൻ ഞാനായിത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രീമതി എ.ജി. ഒലീന ജൂതക്കുളത്തിനടുത്തുവെച്ച് എന്നെ ഇന്റർവ്യൂ ചെയ്യുന്നത് ബൈജു ചിത്രീകരിച്ചിരുന്നു. പാറക്കുളത്തെപ്പറ്റി ഞാനെഴുതിയ ഒരു കവിതയും ചിത്രത്തിൽ ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നതാണ്. കതിരൂരിലെ കബീർ ഇബ്രാഹിം അത് ഗസൽ ശൈലിയിൽ മനോഹരമായി സംഗീതം പകർന്ന് ചിട്ടപ്പെടുത്തി വെച്ചിരുന്നു.

ഡോ.പി.കെ.ഭാഗ്യലക്ഷ്മി തിരക്കഥയെഴുതിയ ഈ ഒന്നരമണിക്കൂർ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂർത്തിയായതാണ്. എന്റെ നിർഭാഗ്യമെന്നു തന്നെ പറയാം, ചിത്രം ഇതേ വരെ പുറത്തുവന്നിട്ടില്ല. സിനിമാതാരമായി ഒരു ഫിലിംറോളിൽ എവിടെയോ ഞാൻ കിടക്കുന്നുണ്ടാവും എന്ന് ആശ്വസിക്കാനേ നിവൃത്തിയുള്ളൂ. തന്നെക്കുറിച്ചുള്ള ഒരുപാട്ട് ലോകം കേൾക്കുന്നതിന്റെ ഭാഗ്യം അനുഭവിക്കാൻ കഴിയാതെപോയ പാറക്കുളം ആ വാസ്തവം അറിയില്ലല്ലോ എന്ന് സമാധാനിക്കുകയും ചെയ്യും.

സമരങ്ങളെ തുടർന്ന് പാറയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായതും ഈ ഭൂവിഭാഗത്തിന്റെ ജൈവസമ്പത്തിനെയും ജലസമ്പത്തിനെയും കുറിച്ചെല്ലാം ധാരാളം പഠനങ്ങൾ ഉണ്ടായതും മാടായിപ്പാറയുടെ വിജനതയെയും നിഗൂഢതയെയും പഴങ്കഥകളാക്കി

പാറയുമായുള്ള ബന്ധത്തിന്റെ ഒരു ഘട്ടത്തിലും, ഇപ്പോൾ പരിസ്ഥിതി പ്രണയികൾ അത്യാവേശത്തോടെ സംസാരിക്കുന്ന ഈ ഭൂവിഭാഗത്തെക്കുറിച്ചുള്ള പഠനത്തിന് ഞാൻ മുതിർന്നിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകമായി പഠിക്കാനുള്ള ഇടമായിരുന്നില്ല. ആദ്യകാലത്ത് ഈ പാറപ്പരപ്പിന് ആയിരം ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്നുവെന്നും പിന്നീട് 1970- 75
ആവുമ്പോഴേക്കും റവന്യൂ രേഖകളനുസരിച്ചു തന്നെ അത് 660 ഏക്കറിലധികം
മാത്രമായി ചുരുങ്ങി എന്നും പിന്നെയും പല നിർമിതികളും വന്നതു കാരണം അത്
കുറേക്കൂടി ചുരുങ്ങി എന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഞാൻ കണ്ടുതുടങ്ങുന്ന കാലത്തു തന്നെ പഴയങ്ങാടി റെയിൽവെസ്റ്റേഷൻ ഭാഗത്തേക്കും വെങ്ങരയിലേക്കും വണ്ണാൻ തടത്തിലേക്കുമെല്ലാം ആളുകൾ നടന്നുപോകുന്ന ഏതാനും വഴികളുണ്ടായിരുന്നു മാടായിപ്പാറയിൽ. അവ റോഡുകളായി മാറിയതോടെ പഴയ പാറപ്പരപ്പ് പലതായി വിഭജിക്കപ്പെട്ടതുപോലെയായി. നാനാതരം വാഹനങ്ങളിൽ നിത്യവും നൂറുകണക്കിനാളുകൾ വെറും കാഴ്ചക്കാരായി പാറപ്പുറത്തെത്തുന്ന പതിവും തുടങ്ങി. അവർക്കു പുറമെ പരിസ്ഥിതി പ്രണയികൾ, പഠനാവശ്യത്തിനായി അധ്യാപകരോടൊപ്പം എത്തുന്ന വിദ്യാർത്ഥികൾ, വിവാഹം കഴിഞ്ഞ് അടുത്ത ദിവസമോ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞോ വിസ്തരിച്ച് ഫോട്ടോ എടുപ്പിനായി ബന്ധുക്കളോടൊപ്പം എത്തുന്ന നവദമ്പതികൾ, ചില സീനുകളുടെയോ ഗാനരംഗങ്ങളുടെയോ ഷൂട്ടിംഗിനായി പാറപ്പുറത്തെത്തുന്ന സിനിമാക്കാർ, വീഡിയോ ചെയ്യാനെത്തുന്ന ചെറുപ്പക്കാർ ഇവരുടെയൊക്കെ സാന്നിധ്യവും പാറയെ കണ്ണൂർ ജില്ലയിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ടുന്ന ഒരു ഇടം പോലെയാക്കി. മുമ്പ് എരിപുരം, വെങ്ങര, മാടായി പ്രദേശങ്ങളിലുള്ളവർ മാത്രം സ്ഥിരമായി ബന്ധപ്പെട്ടിരുന്നതും അയൽ ഗ്രാമങ്ങളിലുള്ളവർ വല്ലപ്പോഴും ഒരു കൗതുകത്തിന് വന്നുപോയ്ക്കൊണ്ടിരുന്നതുമായ മാടായിപ്പാറ അങ്ങനെ
എല്ലായിടത്തുമുള്ള പ്രകൃതിസ്നേഹികളുടെയും വിനോദസഞ്ചാരികളുടെയും
ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്നായി. ചൈനാക്ലേ ഖനനത്തിനെതിരെ മാടായിപ്പാറ
സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളെ തുടർന്ന് പാറയുടെ
പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾ പൊതുവെ ബോധവാന്മാരായതും ഈ ഭൂവിഭാഗത്തിന്റെ ജൈവസമ്പത്തിനെയും ജലസമ്പത്തിനെയും കുറിച്ചെല്ലാം ധാരാളം പുതിയ പഠനങ്ങൾ ഉണ്ടായതും മാടായിപ്പാറയുടെ വിജനതയെയും നിഗൂഢതയെയും പഴങ്കഥകളാക്കി. രാത്രിയിൽ നരിയിറങ്ങിയിരുന്ന പാറ, പകലും രാത്രിയിലും യക്ഷികൾ വിഹരിച്ചിരുന്ന പാറ, സന്ധ്യ കഴിഞ്ഞ് കുന്ന് കയറുന്നവർക്ക് രാത്രി മുഴുവൻ ദിക്കറിയാതെ അലയേണ്ടി വരുന്ന പാറ, മുന്നടി വയ്യടി ഇല്ലയ്യാ കണ്ണിൽ കരിമയി ഇല്ലയ്യാ എന്നു പാടിക്കൊണ്ട് കാൽപാദത്തിന്റെ മുന്നിലും പിന്നിലും വിരലുകളുള്ള കൂളികൾ വിഹരിച്ചിരുന്ന പാറ എല്ലാം പോയ്മറഞ്ഞ കാലത്തിനു മാത്രം അവകാശപ്പെട്ടതായി. മാടായിപ്പാറയെപ്പറ്റി ഒട്ടുവളരെ വിവരങ്ങൾ ഗവേഷകർ നമുക്ക് നൽകിക്കഴിഞ്ഞു. ജാഫർ പാലോട്ട്, വി.സി.ബാലകൃഷ്ണൻ, പി.വി.മധുസൂദനൻ, ടി.പി.പത്മനാഭൻ തുടങ്ങി പലരും പാറയിലെ ജൈവവൈവിധ്യത്തെപ്പറ്റി പഠനം നടത്തുകയും എഴുതുകയും ചെയ്തിട്ടുണ്ട്. 117 സസ്യകുടുംബങ്ങളിലായുള്ള 666 ഇനം സപുഷ്പികളായ ചെടികൾ, 140 സ്പീഷിസിലുള്ള പൂമ്പാറ്റകൾ, 20 ഇനം ഉരഗങ്ങൾ, പലതരം തവളകൾ, ചിലന്തികൾ ഇവയൊക്കെ മാടായിപ്പാറയിലുണ്ട്. കേരളത്തിൽ കാണുന്ന 500 സ്പീഷിസിൽ പെട്ട പക്ഷികളിൽ 182 എണ്ണവും കാണപ്പെടുന്ന ഇടമാണ് മാടായിപ്പാറ. ഇതിൽ 45 എണ്ണം ദേശാടനപ്പക്ഷികളാണ്. വടുകുന്ദതടാകത്തിനുടുത്തായി അപൂർവ ഇനത്തിൽ പെട്ടവ
ഉൾപ്പെടെ നാനാതരം പൂമ്പാറ്റകൾ ധാരാളമായി എത്തിച്ചേരുന്ന ഇടമുണ്ട്. ഈ
ഭാഗത്തെ "മാടായിപ്പാറയിലെ പൂമ്പാറ്റപാർക്ക്' എന്നാണ് പരിസ്ഥിതി പ്രണയികൾ
വിളിച്ചു വരുന്നത്.

മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യത്തിലേക്ക് എല്ലാവരെയും
ഉണർത്തേണ്ടുന്ന സുപ്രധാനമായ വസ്തുതകളിലൊന്നായി ഡോ.ജാഫർ പാലോട്ട്
ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു കാര്യം പാറക്കടിയിലെ പ്രകൃതിദത്ത
ജലസംഭരണികളിൽ വലിയൊരു ഭൂവിഭാഗത്തിനാകെ ആവശ്യമായ വെള്ളം
സംഭരിക്കപ്പെടുന്നുണ്ട് എന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഉദ്ധരിക്കാം:
"മാടായിപ്പാറയുടെ കിഴക്കേ ചെരിവിൽ കുളങ്കര പള്ളിക്കുളത്തിലേക്ക്
ഒഴുകുന്ന തലയാട്ടുംവെള്ളം എന്നവെള്ളച്ചാട്ടം ആദ്യമഴയിൽത്തന്നെ
സജീവമാകുന്ന ഒന്നാണ്. ഒരു മിനുട്ടിൽ 500 ലിറ്റർ വെള്ളമാണ് ഭൂമിക്കടിയൽ
നിന്നും ഉറപൊട്ടി പുറത്തേക്കൊഴുകുന്നത്. കണക്കു നോക്കിയാൽ ഒരു ദിവസം
പത്ത് ലക്ഷം ലിറ്റർ വെള്ളം. ഇന്നത്തെ മാർക്കറ്റ് വിലയായ 20 രൂപ വെച്ച്
കൂട്ടിയാൽ രണ്ട് കോടി രൂപയുടെ വെള്ളമാണ് ഒരു ദിവസം കൊണ്ട് ഈ
വെള്ളച്ചാട്ടത്തിൽ നിന്നു മാത്രമായി ഒഴുകിവരുന്നത്. ഈ വെള്ളച്ചാട്ടം അഞ്ചു
മാസക്കാലത്തോളം ഒഴുകുകയാണെങ്കിൽ ഏകദേശം 300 കോടി രൂപയുടെ ശുദ്ധജലമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ച് വെള്ളച്ചാട്ടത്തിൽ നിന്നും ഏകദേശം 1500 കോടി രൂപയുടെ ശുദ്ധജലം കിട്ടുമെന്നുള്ളത് കുന്നിന്റെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കുന്നു.' (മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം- ജാഫർ പാലോട്ട്- madaipara.com).

മാടായിപ്പാറ ഒരു കാലത്ത് ഇവിടെ എത്തുന്ന മനുഷ്യർക്കും പക്ഷികൾക്കും ശലഭങ്ങൾക്കും മൃഗങ്ങൾക്കുമെല്ലാം നൽകിയിരുന്ന ശാന്തത ഇന്നിപ്പോൾ ഓർമയിൽ നിന്ന് തപ്പിയെടുക്കേണ്ടുന്ന ഒന്നാണ്

ഇങ്ങനെ മാടായിപ്പാറയുടെ ബഹുമുഖമായ പ്രാധാന്യം ആധികാരികമായിത്തന്നെ ഗവേഷകരും ചരിത്രകാരന്മാരും മറ്റും രേഖപ്പെടുത്തുകയും പാറയുടെ വിവിധഭാഗങ്ങളുടെ നിശ്ചലദൃശ്യങ്ങളും വീഡിയോകളുമെല്ലാം പ്രചരിക്കുകയും ചെയ്തതോടെ മാടായിപ്പാറയിലേക്കുള്ള സന്ദർശകരുടെ പ്രവാഹം കഴിഞ്ഞ പത്തുപതിനഞ്ച് വർഷത്തിനിടയിൽ പല മടങ്ങായി വർധിച്ചു. ഇതിന് ഒരു വിപരീത ഫലം കൂടി ഉണ്ടായി എന്നത് വസ്തുതയാണ്. പാറ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പവും ആൾപ്പെരുമാറ്റത്തിലുണ്ടായ വമ്പിച്ച വർധനവും കാരണം പാറ നേരത്തേ നൽകിപ്പോന്ന അനുഭവം പാടെ മാറിയിട്ടുണ്ട്. മാടായിപ്പാറ ഒരു കാലത്ത് ഇവിടെ എത്തുന്ന മനുഷ്യർക്കും പക്ഷികൾക്കും ശലഭങ്ങൾക്കും മൃഗങ്ങൾക്കുമെല്ലാം നൽകിയിരുന്ന ശാന്തത ഇന്നിപ്പോൾ ഓർമയിൽ നിന്ന് തപ്പിയെടുക്കേണ്ടുന്ന ഒന്നാണ്. മുമ്പൊക്കെ സായാഹ്നങ്ങളിൽ പാറയിൽ അങ്ങിങ്ങായി പത്തുതിനഞ്ച് പേരെ മാത്രം കാണാമായിരുന്നിടത്ത് ഇപ്പോൾ ചില ദിവസങ്ങളിൽ സന്ദർശകരുമായി എത്തുന്ന കാറുകളുടെ എണ്ണം മാത്രം നൂറോളം വരും.

കാലം വരുത്തിത്തീർത്തിരിക്കുന്ന ഈ മാറ്റത്തിൽ വിലപിക്കുന്നത്
നിരർത്ഥകമാണ്. തിരക്കുകളും ബഹളങ്ങളും എല്ലായ്പ്പോഴും ഉണ്ടാവില്ലെന്നും
വെറുമൊരു ഭ്രമത്തിന്റെ പേരിൽ മാത്രം ഇങ്ങോട്ട് വരുന്നവരുടെ എണ്ണം
കുറയുകയും ഇത് ഒരു സാധാരണ പികനിക് സ്പോട്ട് എന്ന നിലയിൽ സമീപിക്കേണ്ട ഇടമല്ല എന്ന് താമസിയാതെ കൂടുതൽ കൂടുതൽ പേർക്ക് ബോധ്യമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം; അതേ വഴിയുള്ളൂ.

ഗവേഷകരും പത്രപ്രവർത്തകരും നാട്ടുകാരുമെല്ലാം കണ്ടെത്തി എല്ലാവരുമായി
പങ്കുവെച്ചിരിക്കുന്ന വസ്തുതകളുടെ പ്രാധാന്യം ഇനിയും
വിസ്തരിക്കേണ്ടതില്ല. അറിവ് അത്ഭുതങ്ങളുടെയും ആനന്ദത്തിന്റെയും
ശത്രുവാണെന്ന് പറയുന്നത് ചില സന്ദർഭങ്ങളിൽ ശരിയായിരിക്കും. ഏത്
കാര്യത്തെയും വസ്തുനിഷ്ഠമായും തീർത്തും ശാസ്ത്രീയമായും സമീപിക്കുക
ശീലമാക്കിയിട്ടുള്ളവർക്ക് പല പ്രകൃതിപ്രതിഭാസങ്ങളുടെയും
മനുഷ്യാനുഭവങ്ങളുടെയും സാംസ്‌കാരിക നിർമിതികളുടെയും സൗന്ദര്യം
ആസ്വദിക്കാനാവില്ല. യുക്തിവാദികൾ ദിവ്യാത്ഭുതാനാവരണ പരിപാടികളിലൂടെ
ആൾദൈവങ്ങളുടെ കപടനാട്യങ്ങൾ തകർത്തെറിയുന്നത് തീർച്ചയായും നല്ല കാര്യം തന്നെ. അതിന്റെ സാമൂഹ്യപ്രയോജനത്തെപ്പറ്റി
സംശയിക്കാനൊന്നുമില്ല. പക്ഷേ,യുക്തിയും ശാസ്ത്രബോധവും വിശകലന വൈഭവവും കൊണ്ടുമാത്രം ഒരു പുരാവൃത്തത്തെയോ പുരാണകഥയെയോ ഫോക് കലാരൂപത്തെയോ മനോഹരമായ ഒരു ഭൂവിഭാഗത്തെയോ സമീപിക്കുന്നയാൾ കണ്ടെത്തുന്ന കാര്യങ്ങൾ അബദ്ധമോ അസംഗതമോ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. യുക്തിവാദം കേവലം അനുഷ്ഠാനമായാലും ബൗദ്ധികാഭ്യാസപ്രകടനമായാലും പരിഹാസ്യവും ദയനീയവുമാകാനേ
സാധ്യതയുള്ളൂ. അറിവ് സൗന്ദര്യത്തിന്റെ ശത്രുപക്ഷത്താണ് നിലയുറപ്പിക്കുക എന്ന കാൽപനികരുടെ ധാരണ കേവല യുക്തിവാദികളുടെ നിലപാടിനോളം
അപകടകാരിയല്ല. സൗന്ദര്യാസ്വാദനത്തിന് ശാസ്ത്രബോധവും കുറേ വിവരങ്ങളും
മാത്രം കയ്യിലുണ്ടായാൽ പോരാ എന്ന് അവർ പറയുന്നതിൽ ശരിയുണ്ട്. പക്ഷേ, ആ നിലപാട് ഒരനുഭവത്തിന്റെയോ പ്രകൃതിപ്രതിഭാസത്തിന്റെയോ നാനാവശങ്ങളെക്കുറിച്ചുള്ള അന്വേഷണത്തോടുള്ള ശത്രുതയിലാണ് ചെന്നെത്തുന്നതെങ്കിൽ അതും അഭികാമ്യമല്ലാതാവും.

ചില സ്ഥലങ്ങൾക്ക് അവയുടെ ഭൂസ്ഥിതിപരമായ പ്രത്യേകതകൾ കൊണ്ടു തന്നെ ആളുകളുടെ മനോലോകത്തിൽ താൽക്കാലികമായെങ്കിലും വലിയ അനുകൂലമാറ്റങ്ങളുണ്ടാക്കാനുള്ള ശേഷിയുണ്ടെന്ന് ന്യായമായും കരുതാവുന്നതാണ്

അറിവിന്റെ വെളിച്ചമേ ദൂരെപ്പോ, ദൂരെപ്പോ!, നീ വെറുതെ സൗന്ദര്യത്തെ കാണുന്ന കൺപൊട്ടിച്ചു
എന്ന മഹാകവി ജിയുടെ വരികൾ അഞ്ച് ദശകത്തിലേറെയായി ഞാൻ പലപ്പോഴുംഓർക്കാറുള്ളതാണ്. പക്ഷേ, മാടായിപ്പാറയുടെ കാര്യത്തിൽ എനിക്ക് മറിച്ചേ പറയാനാവൂ: പലരിലൂടെ കൈവന്ന പുതിയ അറിവുകൾ പാറയോട് എനിക്ക് തോന്നിയിരുന്ന അടുപ്പം വർധിപ്പിച്ചിട്ടേയുള്ളൂ; ഈ പാറ എനിക്ക് നൽകിക്കൊണ്ടിരുന്ന സൗന്ദര്യാനുഭവത്തെ കൂടുതൽ കൂടുതൽ സാന്ദ്രമാക്കുകയേ ചെയ്തിട്ടുള്ളൂ. ഞാൻ കണ്ടും നടന്നും അറിഞ്ഞു തുടങ്ങുന്ന കാലത്ത് പാറയുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത് അനന്തമെന്ന് തോന്നിക്കുന്ന വിശാലതയാണ്. പാറപ്പരപ്പിന്റെ മാത്രമല്ല പാറയിൽ നിന്ന് കാണാനാവുന്ന ആകാശത്തിന്റെയും വിശാലത. എരിപുരത്ത് എപ്പോൾ ചെന്നാലും എത്ര നാൾ തുടർച്ചയായി അവിടെ ഉണ്ടായാലും എല്ലാ ദിവസവും വൈകുന്നേരം
സുഹൃത്തുക്കളോടൊപ്പമോ തനിച്ചോ ഞാൻ പാറപ്പുറത്തെത്തിയിരുന്നു. അവിടെ
എത്തിക്കഴിഞ്ഞാൽ, തനിച്ചാണെങ്കിൽ വിശേഷിച്ചും, മനസ്സ് എല്ലാ ഇടുക്കങ്ങളിൽ
നിന്നും നിസ്സാരതകളിൽ നിന്നും മോചിതമായി അനിർവചനീയം എന്നു മാത്രം
പറയാനാവുന്ന ഒരു സുഖാനുഭവത്തിൽ എത്തിച്ചേരും. കണ്ണെത്താ ദൂരത്തിൽ
പരന്നുകിടക്കുന്ന ഭൂമി, അകലെയകലെയായിരിക്കെത്തന്നെ സാമീപ്യത്തിന്റെ
സുഖമനുഭവിപ്പിക്കുന്ന വിശാലമോഹനമായ ആകാശം, സാന്ധ്യവെളിച്ചത്തിൽ കാഴ്ചയിലെ മനോഹരസാന്നിധ്യമായി മാറുന്ന ഏഴിമല, മൃദുവായും ചിലപ്പോൾ കാതിലൊരു മുഴക്കമായി മാറും വിധം ശക്തിയിലും വീശുന്ന ഉന്മേഷദായകമായ കാറ്റ് എല്ലാം ചേർന്നാണ് ഈ അനുഭൂതി രൂപപ്പെടുത്തുന്നത്. ഭൂമിയോടും ഇവിടുത്തെ എല്ലാ മനുഷ്യരോടും ഇതരജീവജാലങ്ങളോടും മരങ്ങളോടും ചെടികളോടും പൂക്കളോടും പുല്ലിനോടുമെല്ലാമുള്ള സ്നേഹത്തിന്റെ അനന്തമായൊരു പരപ്പിലേക്ക് ഉയർത്തപ്പെടുന്നതിന് സമാനമായ അനുഭവം എന്ന് ഇതിനെ ഒന്നു കൂടി പൊലിപ്പിച്ചു പറഞ്ഞാലും തെറ്റാവില്ല. ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിയായിരുന്നപ്പോഴും അധ്യാപകനായിരുന്നപ്പോഴും എത്രയോ ദിവസം രാവിലെ ആറരയോടെ പഴയങ്ങാടി റെയിൽവെസ്റ്റേഷനിലെത്താൻ ഈ പാറപ്പുറത്തൂടെ ഞാൻ നടന്നുപോയിട്ടുണ്ട്. ആ നടത്തത്തിനിടയിൽ പാളയം എന്നറിയപ്പെടുന്ന വലിയ മൈതാനത്തിന്റെ അതിരിലൂടെ പോകുമ്പോൾ കാണാറുണ്ടായിരുന്ന വലിയ ചുവന്ന സൂര്യൻ നിനച്ചിരിക്കാത്ത നേരത്ത് ഓർമയിലെത്തുമ്പോഴെല്ലാം ഏത് നേരത്തും മാടായിപ്പാറ നൽകിയ അനുഭവം മറ്റെവിടെ നിന്ന് കിട്ടിയിരുന്നതിനേക്കാളും ഗംഭീരമായിരുന്നല്ലോ എന്ന് ഞാൻ പിന്നെയും പിന്നെയും ആലോചിച്ചുപോവാറുണ്ട്. ഭൂമിയുടെയും ആകാശത്തിന്റെയും വിശാലതയെ ഈ വിധത്തിൽ അസാധാരണമായ ഒരു സൗന്ദര്യാനുഭവവും സ്നേഹാനുഭവവുമാക്കി മാറ്റുന്ന മറ്റൊരിടം ഇതേവരെ എന്റെ അറിവിൽ വന്നിട്ടില്ല.

"വല്ലാത്ത മന:സമാധാനം തരുന്ന ഒരു സ്ഥലമാണത്. രാത്രിയാവുമ്പോൾ ഞാൻ
കാറെടുത്ത് അങ്ങോട്ട് പോവും. വണ്ടി ഒരിടത്തു വെച്ച് കുറച്ചുമാറി
പാറപ്പുറത്ത് കുറേനേരം ഒറ്റയ്ക്കിരിക്കും. സ്നേഹവും ശാന്തിയും എവിടെ
നിന്നെന്നില്ലാതെ ഒഴുകി വരുന്നതുപോലെ തോന്നും. അതൊരത്ഭുതം
തന്നെയാണ്. "കോവിഡ് സൃഷ്ടിച്ച അസ്വാതന്ത്ര്യത്തിന്റെയും വിഷാദത്തിന്റെയും
ദിനങ്ങളിൽ പാറ നൽകിയ സമാശ്വാസത്തെപ്പറ്റി എരിപുരത്തു നിന്ന് പതിനേഴ്
കിലോമീറ്റർ അകലെ താമസിക്കുന്ന ഒരു സുഹൃത്ത് ഈയിടെ ഒരു ദിവസം പറഞ്ഞു. ചില സ്ഥലങ്ങൾക്ക് അവയുടെ ഭൂസ്ഥിതിപരമായ പ്രത്യേകതകൾ കൊണ്ടു തന്നെ ആളുകളുടെ മനോലോകത്തിൽ താൽക്കാലികമായെങ്കിലും വലിയ അനുകൂലമാറ്റങ്ങളുണ്ടാക്കാനുള്ള ശേഷിയുണ്ടെന്ന് ന്യായമായും കരുതാവുന്നതാണ്.

പാറയുമായി ബന്ധപ്പെട്ട് എഴുതാൻ ബാക്കിയുള്ള വ്യക്തിഗതാനുഭവങ്ങൾ ഇനിയും ഒരുപാടുണ്ട്. ഇനി അവയിൽ ചിലതിലേക്ക് വരാം. മാടായിപ്പാറയിൽ കുട്ടിക്കാലത്ത് ഞാൻ ഏറ്റവും ആഹ്ലാദപൂർവം സമയം ചെലവഴിച്ചിട്ടുള്ള ഇടങ്ങളിലൊന്ന് പാറക്കുളമാണ്. പഴയങ്ങാടിയിൽ നിന്ന് മാടായിപ്പാറയിലേക്കുള്ള റോഡ് താഴെ എരിപുരത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് കയറ്റം കയറി വീണ്ടും ഇടത്തോട്ട് തിരിയുന്നിടത്ത് ഒരു കോമ്പൗണ്ടിനുള്ളിലായി കാണുന്ന ഓടിട്ട ഒറ്റ
നിലക്കെട്ടിടമാണ് ട്രാവലേഴ്സ് ബംഗ്ലാവ്. ട്രാവലേഴ്സ് ബംഗ്ലാവിന്റെ
പിന്നിൽ നിന്ന് ഒരു വിളിപ്പാടകലെയാണ് വിശാലമായ പാറക്കുളം. കുളത്തിലേക്ക്
ചെല്ലും മുമ്പ് ടി.ബിയെപ്പറ്റി ചിലത് പറയാം.

1793-ലാണ് ടി.ബി പണികഴിപ്പിച്ചതെന്ന് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടർട്ട് തന്റെ നിഘണ്ടു നിർമാണ കാലത്ത് ഇവിടെ വന്നു താമസിച്ചിരുന്നു എന്ന വിവരം നെറ്റിലെ ഒരു യാത്രക്കുറിപ്പിൽ കണ്ടിരുന്നു. (Travelpod –Enchanting Madaippara ) പലപ്പോഴായി പല അറ്റകുറ്റപ്പണികളും നടത്തിയാവും ട്രാവലേഴ്സ് ബംഗ്ലാവ് കാലത്തെ അതിജീവിച്ച് ഇത്രയും വരെ എത്തിയത്. ടി.ബിയിലേക്ക് ഞാൻ ആദ്യമായി പോയത് 1970 അവസാനമോ 71 ആദ്യമോ ആണ്. എരിപുരം പബ്ലിക് ലൈബ്രറിയുടെ വാർഷികസമ്മേളനത്തിൽ പ്രസംഗിക്കാനായി എത്തിച്ചേർന്ന ചെറുകാട് ഇവിടെയാണ് വിശ്രമിച്ചത്. അന്ന് ഞാനും കെ.പി.ഗോപാലനും അദ്ദേഹത്തെ ചെന്നുകണ്ട് ഒരുപാട് നേരം സംസാരിച്ചിരുന്നു. മുതിർന്ന എഴുത്തുകാരെക്കുറിച്ച് അക്കാലത്ത് ഞാൻ കൊണ്ടുനടന്നിരുന്ന സങ്കൽപങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത വിധം അനൗപചാരികവും അനുഭവങ്ങളെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ടുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ
സംസാരം. കാൽപനികതയുടെയോ ആധുനികർ അന്നൊക്കെ കപടവൈകാരികതയോടെ അവതരിപ്പിച്ചിരുന്ന ദാർശനികതയുടെയോ സ്പർശമില്ലാത്ത ആർജവം നിറഞ്ഞ ആശയവിനിമയം.

ട്രാവലേഴ്സ് ബംഗ്ലാവിലേക്ക് പിന്നീട് ഞാൻ പോകുന്നത് 1971 ൽ എന്റെ"ശിബിരം' എന്ന നാടകത്തിന്റെ റിഹേഴ്സലിനു വേണ്ടിയാണ്. ഇബ്രാഹിം വെങ്ങരയുടെ ചില നാടകങ്ങളുടെ റിഹേഴ്സൽ നടന്നപ്പോൾ അത് കാണാനും അവിടേക്ക് ഞാൻ പോയിട്ടുണ്ട്. 2019ൽ പോളിഷ് നാടകസംവിധായകനായ യാരക് (Jeroslaw Siejkowski) എന്റെ പുലിജന്മം എന്ന നാടകം പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ സന്നദ്ധനായി എരിപുരത്തെത്തിയപ്പോൾ പ്രാഥമിക ചർച്ചകൾ നടത്തിയതും ചില നടന്മാരെക്കൊണ്ട് കാരിഗുരിക്കളെ അവതരിപ്പിച്ചു നോക്കിയതും ഇതേ ടി.ബിയിൽ വെച്ചു തന്നെ.

വിശാലമായ പാറക്കുളത്തിന് പരപ്പ് മാത്രമേ ഉള്ളൂ. ആഴം കുറവാണ്. നല്ല മഴക്കാലത്ത് കുളത്തിന്റെ നടുവിൽ ചെന്നുനിന്നാൽ ഒത്ത ഉയരമുള്ള മുതിർന്ന ഒരു പുരുഷന്റെ നെഞ്ചോളം വെള്ളമുണ്ടാവും

2015 ജനുവരിയിൽ എന്റെ "രാമേശ്വരം' എന്ന കഥാസമാഹാരത്തിന്റെയും"എൻ.പ്രഭാകരൻ കഥ, കാലം, ദർശനം' എന്ന പുസ്തകത്തിന്റെയും (രണ്ടിന്റെയും
പ്രസാധകർ: കൈരളി ബുക്സ്, കണ്ണൂർ) പ്രകാശനം നടന്നത് ട്രാവലേഴ്സ്
ബംഗ്ലാവിന്റെ മുറ്റത്ത് തയ്യാറാക്കിയ താൽക്കാലിക സ്റ്റേജിൽ
വെച്ചായിരുന്നു. 2014ൽ തലശ്ശേരിയിൽ വെച്ച് ഒരു കാർ വന്ന്
ഇടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഞാൻ കോഴിക്കോട്
മിംസ് ഹോസ്പിറ്റലിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷവും പല
അനുബന്ധ പ്രയാസങ്ങളുമായി ഡോക്ടർമാരെ കാണലും ആശുപത്രി വാസവും
മരുന്നെടുപ്പുമൊക്കെ തുടർന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പരിപാടി
സംഘടിപ്പിക്കപ്പെട്ടത്. പുസ്തകപ്രകാശനം എന്നതിനപ്പുറം അത്
എരിപുരത്തുകാരുടെ ഒരു സ്നേഹപ്രകടനം തന്നെയായിരുന്നു."രാമേശ്വരം' സി.വി.ബാലകൃഷ്ണൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. "എൻ.പ്രഭാകരൻ കഥ, കാലം, ദർശനം' പി.എൻ.ഗോപീകൃഷ്ണൻ ജി.ബി.വത്സൻ മാഷ്(കാസർകോട്)ക്ക് നൽകിക്കൊണ്ടും. എൻ.ശശിധരൻ, സോമൻ കടലൂർ, എ.വി.പവിത്രൻ, ദാമോദരൻ കുളപ്പുറം, ഡോ.പി.കെ.ഭാഗ്യലക്ഷ്മി, താഹ മാടായി തുടങ്ങിയവരൊക്കെ പരിപാടിയിൽ പങ്കെടുത്തു. നാട്ടുകാരുടെ പ്രതിനിധിയായി നാരായണൻ (മാടായിക്കാവ്) എന്നെ പൊന്നാടയണിയിച്ചു. ഉണ്ണിരാമൻ എന്ന സുഹൃത്ത് ഉപഹാരം തന്നു. ഞാൻ ഒരെഴുത്തുകാരനാണ് എന്ന വസ്തുതയ്ക്ക് എന്റെ നാട്ടുകാർ കൽപിക്കുന്ന വൈകാരിക പ്രാധാന്യം വ്യക്തമായി ബോധ്യപ്പെടുത്തിയ ഒന്നായിരുന്നു ഈ പുസ്തകപ്രകാശനപരിപാടി.

പാറക്കുളത്തിലേക്കുള്ള വഴിക്കിടയിലാണ് ടി.ബിയിൽ എന്റെ ഓർമകൾ അൽപനേരം തങ്ങി നിന്നത്. ഇനി കുളത്തിലേക്കു തന്നെ പോവാം. വിശാലമായ പാറക്കുളത്തിന് പരപ്പ് മാത്രമേ ഉള്ളൂ. ആഴം കുറവാണ്. നല്ല മഴക്കാലത്ത് കുളത്തിന്റെ നടുവിൽ ചെന്നുനിന്നാൽ ഒത്ത ഉയരമുള്ള മുതിർന്ന ഒരു പുരുഷന്റെ നെഞ്ചോളം വെള്ളമുണ്ടാവും. പാറപ്പുറത്ത് വീഴുന്ന വെള്ളവും കുളത്തിന്റെ
തൊട്ടുപിന്നിലെ അമ്പലക്കണ്ടം എന്ന നാലുവശത്തും ഉരുളൻകല്ല് കൊണ്ട്
മതിലുള്ള വിശാലമായ പറമ്പിലെ ചാലിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും
ചേർന്നാണ് പാറക്കുളം രൂപപ്പെടുന്നത്. കുളത്തിൽ നിന്ന് വടക്കുവശത്തുള്ള
വയലിലേക്ക് ആണി കീറിയിട്ടുണ്ട്. ആ വയലിൽ നിന്ന് പുറത്തേക്കൊഴുകുന്ന
വെള്ളമാണ് മാടായി എൽ.പി.സ്‌കൂളിന്റെ കോമ്പൗണ്ടിനുള്ളിലെ നീർച്ചാലായി രൂപം മാറുന്നത്.

ചിങ്ങമാസം കഴിയുന്നതോടെ പാറക്കുളത്തിലെ വെള്ളം അൽപാൽപം വറ്റാൻ തുടങ്ങും. തുലാവർഷം കനത്തിൽ പെയ്യുകയാണെങ്കിൽ പാറക്കുളം പിന്നെയും നിറഞ്ഞു പരക്കും. എങ്കിൽ ജനുവരി പകുതി വരെയെങ്കിലും പരിസരവാസികൾക്ക് കുളിക്കാനും തുണിയലക്കാനുമൊക്കെ പാറക്കുളം ഉപയോഗിക്കാം. ഉടുപ്പുകൾ, സാരി, മറ്റ് തുണിസാധനങ്ങൾ, അലൂമിനിയപ്പാത്രങ്ങൾ, കച്ചട്ടികൾ ഇവയൊക്കെ വിൽക്കാൻ വരുന്നവരായി കുറച്ചുപേർ എപ്പോഴും എരിപുരത്തുണ്ടാവുമായിരുന്നു.
ലോഡ്ജ്മുറികളിലും ചെറിയ ഗോഡൗൺ പോലുള്ള ഒരിടത്തുമായിട്ടായിരുന്നു അവരുടെ താമസം. അതിരാവിലെ കുളിക്കാനായി പാറക്കുളത്തിൽ എത്തുന്നവർ ഇവരായിരുന്നു.

അവർ പോയ്ക്കഴിയുമ്പോഴേക്കും മുഷിഞ്ഞ തുണിയുടെ വലിയ ഭാണ്ഡക്കെട്ടുമായി
സ്ത്രീകളും അവരുടെ പിന്നാലെ നീന്തൽ പഠിക്കാനും കുളിക്കാനുമൊക്കെയായി
കുട്ടികളും എത്തും. രാവിലെ മുതൽ ഉച്ചവെയിലിന്റെ ചൂട്
സഹിക്കാനാവുന്നതിനപ്പുറമെത്തും വരെ അവർ അവിടെത്തന്നെ ഉണ്ടാവും. വെള്ളം കുടിക്കാനെത്തുന്ന കന്നാലികളെയാണെങ്കിൽ രാവിലെ മുതൽ വൈകുന്നേരം വരെ കാണാം.

തുണിസാധനങ്ങൾ വിൽക്കാനെത്തുന്നവരുടെ കാര്യം പറഞ്ഞല്ലോ. അവർ എരിപുരത്തെയും അയൽഗ്രാമങ്ങളിലെയും ജനങ്ങൾക്ക് സംഭാവന ചെയ്ത രണ്ട് വാക്കുകളെപ്പറ്റി പറയാം. കഞ്ചിപ്രാക്ക് (ബനിയൻ), മൊലതാങ്ങി (ബോഡീസ്, ബ്രേസിയർ) എന്നിവയായിരുന്നു അവ. ഈ പ്രദേശത്തെ പുതിയ തലമുറയ്ക്ക് മിക്കവാറും അപരിചിതമായിത്തീർന്നിരിക്കാനിടയുള്ള ഈ വാക്കുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടാണ് കെട്ടുതുണിക്കച്ചവടക്കാർ പണ്ട് നാട്ടുവഴികളിൽ
നടന്നിരുന്നത്. അൽപമായി തമിഴ് കലർന്ന ഭാഷയിലായിരുന്നു അവരിൽ പലരുടെയും സംസാരം. സാമാന്യം ഭേദപ്പെട്ട നിലയിൽ കച്ചവടം നടത്തിയിരുന്ന പരദേശി വ്യാപാരികളിൽ രണ്ടാം തലമുറയിലെ പ്രധാനപ്പെട്ട രണ്ട്
അലുമിനിയക്കച്ചവടക്കാർ സുകുമാരനും രാമകൃഷ്ണനുമായിരുന്നു. അവർ കുറേക്കൊല്ലം എരിപുരത്തുണ്ടായിരുന്നു. അഞ്ചെട്ടുകൊല്ലം മുമ്പ് സുകുമാരൻ കച്ചവടമൊക്കെ മതിയാക്കി നാട്ടിൽ പോകാൻ തീരുമാനിച്ചു. യാത്രപുറപ്പെടേണ്ടതിന്റെ രണ്ടോ മൂന്നോ ദിവസം മുമ്പ് സന്ധ്യക്ക് അയാൾ വടുകുന്ദപ്പുഴയിൽ കുളിക്കാൻ പോയി. കുളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സൈക്കിൾ വന്ന് പിന്നിൽ ഇടിച്ച് അയാൾ റോഡിൽ വീണു. സാരമായി പരിക്കേറ്റ സുകുമാരന് പിന്നെ ജീവിതത്തിലേക്ക് തിരിയെ നടക്കാൻ കഴിഞ്ഞില്ല. നാട്ടിലേക്കുള്ള മടക്കം എന്ന അയാളുടെ സ്വപ്നം അങ്ങനെ അവസാനിച്ചു. സുകുമാരന്റെയും രാമകൃഷ്ണന്റെയും പിന്മുറക്കാർ ഇപ്പോഴും എരിപുരത്ത് വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ എല്ലാ വർഷവും സ്ഥിരമായി വരുന്നത് രണ്ട് രാമചന്ദ്രന്മാരാണ്. പണ്ടുപണ്ടേ വരുന്ന അലുമിനിയക്കച്ചവടക്കാരെല്ലാം പാലക്കാടുകാരാണ്. കൃഷിയുടെ സീസണാവുമ്പോൾ അവർ നാട്ടിലേക്ക് പോവും. സീസൺ കഴിഞ്ഞാൽ കച്ചവടക്കാരായി തിരിച്ചെത്തും. ഈ പാലക്കാടൻ കച്ചവടക്കാരോടൊപ്പം എത്തിയവരിൽ ഒരാൾ, അയാളെ എല്ലാവരും കുമാരേട്ടൻ എന്നാണ് വിളിച്ചിരുന്നത്, നാട്ടുകാർക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു.പറമ്പ് കിളക്കുക, വീടിന്റെ പരിസരം വൃത്തിയാക്കുക, തെങ്ങിന് തടമെടുക്കുക തുടങ്ങിയ പണികളൊക്കെ ചെയ്ത് കൂലിയുടെ കാര്യത്തിൽ ആരോടും തർക്കത്തിനു നിൽക്കാതെ എല്ലാവരുടെയും സഹായിയായി ജീവിച്ച്, "തിരുക്കുറലി'ലെ കുറലുകൾ ചൊല്ലിക്കേൾപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ഈ മനുഷ്യൻ ഏതാനും വർഷങ്ങൾക്കു മുമ്പ് തിരിച്ച് നാട്ടിലേക്ക് പോയി. കുമാരേട്ടൻ പിന്നെ വന്നില്ല. അയാൾ ആത്മഹത്യ ചെയ്തു
എന്നാണ് അന്നാട്ടുകാരിൽ നിന്ന് എരിപുരത്തെ സുഹൃത്തുക്കൾക്ക് കിട്ടിയ
വിവരം. അയാളെ പരിചയപ്പെട്ട എല്ലാവരെ സംബന്ധിച്ചിടത്തോളവും പൊരുൾ
പിടികിട്ടാത്ത സംഗതിയാണ് ആ സ്വയംഹത്യ. തന്റെ മെലിഞ്ഞ രൂപവും
നിഷ്‌കളങ്കമായ ചിരിയും കാപട്യം തൊട്ടുതീണ്ടാത്ത സംസാരവുമായി ഒരു
തലമുറയുടെ മനസ്സിൽ കുമാരേട്ടൻ ഇപ്പോഴും ജീവിതം തുടരുന്നുണ്ട്.▮

(തുടരും)


എൻ. പ്രഭാകരൻ

കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, അധ്യാപകൻ. പുലിജന്മം, തിയ്യൂർ രേഖകൾ, എൻ.പ്രഭാകരന്റെ കഥകൾ, ജനകഥ തുടങ്ങിയവ പ്രധാന കൃതികൾ

Comments