സാധാരണ ഗതിയിൽ കഠിനമായ മാനസികവിക്ഷോഭം അനുഭവിച്ചുകൊണ്ടു മാത്രമേ അവനെപ്പോലൊരാളുടെ ഏട്ടന് ഇത്രയും എഴുതാനാവൂ
ഇരുപത്തിമൂന്ന്
ഞായറാഴ്ച ഡോ.സുരേഷ് വന്നില്ല.
പിറ്റേന്നാണ് എനിക്ക് അദ്ദേഹത്തെ കാണാൻ പറ്റിയത്.
ഒരു വിഷമസന്ധിയിൽ അകപ്പെട്ടതു പോലെയാണ് ഡോക്ടർ സംസാരിച്ചത്. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ അനിയന്റെ അസുഖം പെട്ടെന്ന് ഭേദമാവില്ല. കഴിഞ്ഞ ദിവസം ഞാൻ വാസുദേവൻ ഡോക്ടറെ കണ്ടിരുന്നു. പ്രദീപന്റെ കാര്യവും സംസാരിച്ചു. ദീർഘകാലം അവൻ മരുന്ന് കഴിക്കണം. നമ്മുടെ സാഹചര്യത്തിൽ പാരനോയ്ഡ് സ്‌കിസോഫ്രേനിയ പെട്ടെന്നൊന്നും മാറിക്കിട്ടില്ല. പക്ഷേ, അവനെ ഇവിടെ നിർത്താൻ ബുദ്ധിമുട്ടുണ്ട്. ഇവിടെ ഇപ്പോഴുള്ള മറ്റുള്ളവരെല്ലാം സൈക്കോട്ടിക്‌സ് ആണ്. അവൻ അവരുടെ കൂടെ കഴിയുന്നതും നല്ലതല്ല.'
"തൊടുപുഴയിലേക്ക് കൊണ്ടുപോയാലോ?' ഞാൻ ചോദിച്ചു.
"അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടാവുമെന്ന് തോന്നുന്നില്ല. അതും ഇതുപോലുള്ള ഒരു ഹോസ്പിറ്റൽ ആണ്. കസ്റ്റോഡിയൽ കെയർ തന്നെയാണ് അവിടത്തെയും രീതി.'
"പിന്നെ ഞാൻ എന്താണ് ചെയ്യേണ്ട'- തെന്ന് ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞു: "നിങ്ങൾക്കവനെ വീട്ടിലേക്ക് കൊണ്ടുപോവാൻ കഴിയുമോ? വീട്ടിലെത്തിയാലും നില പെട്ടെന്നൊന്നും മെച്ചപ്പെടില്ല. ചിലപ്പോൾ കൂടുതൽ വഷളാകാനും മതി. എന്നാലും ഇപ്പോൾ വീട്ടിലേക്ക് കൂട്ടിക്കോളൂ. തീരെ മോശമായ അവസ്ഥയിലെത്തുകയാണെങ്കിൽ ഇങ്ങോട്ടു തന്നെ വന്നോളൂ. അതാണ് നല്ലത്. ഇപ്പോഴത്തെ അവസ്ഥയിൽ ഇവിടെ തുടർന്നും നിർത്തിയാൽ ഞാനും അവനും മറ്റ് പേഷ്യന്റ്‌സും ഒക്കെയായുള്ള റിലേഷൻഷിപ്പ് തീരെ മോശമാവും.'
"ഞാനവനെ കൂട്ടിക്കോളാം ഡോക്ടർ. പക്ഷേ, ഇവിടെ നിന്ന് പുറത്തിറങ്ങിയാൽ അവൻ എന്തു ചെയ്യും എന്നെനിക്കറിയില്ല. എന്റെ കൂടെ വീട്ടിലേക്ക് വരുമെന്ന കാര്യത്തിൽത്തന്നെ ഒരുറപ്പുമില്ല. വന്നാലും മരുന്ന് കഴിക്കും എന്ന് തീർത്ത് പറയാനുമാവില്ല.'ഞാൻ പറഞ്ഞു.
"അങ്ങനെയാണെങ്കിൽ കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കട്ടെ. ഒരു സ്‌കിസോഫ്രേിയ രോഗിക്ക് എന്തായാലും ഡോക്ടറോട് വെറുപ്പായിരിക്കും. തൽക്കാലം ഞാനത് സഹിച്ചോളാം' ഡോക്ടർ പറഞ്ഞു.
ഡോക്ടർ കുട്ടനെ വിളിച്ച് കാര്യം പറഞ്ഞു. ഡിസ്ചാർജ് ചെയ്യുന്നില്ല എന്നറിഞ്ഞപ്പോൾ അവൻ ബഹളം വെച്ചു. ഞാൻ ആകെ വല്ലാതായി. എനിക്ക് കഠിനമായ സങ്കടവും അങ്കലാപ്പും ഉണ്ടായി. ഡോക്ടർ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു: "പോയ്‌ക്കോളൂ. ഒന്നുരണ്ടാഴ്ച കഴിഞ്ഞ് ഒന്നു വിളിച്ചിട്ട് വന്നാൽ മതി' ഞാൻ പുറത്തേക്കിറങ്ങി. റോഡിലെത്തും വരെയും കുട്ടന്റെ ബഹളവും ഡോക്ടറുടെ ഉച്ചത്തിലുള്ള സംസാരവും ഞാൻ കേട്ടു.
കടുത്ത കുറ്റബോധത്തോടെയാണ് അന്ന് ഞാൻ മടങ്ങിയത്. ഞാൻ അവനോട് കാണിച്ചത് ക്രൂരതയായിപ്പോയി, ഹോസ്പിറ്റലിൽ നിന്നിറക്കി താണുകേണ് പറഞ്ഞ് എങ്ങനെയെങ്കിലും വീട്ടിലെത്തിക്കാമായിരുന്നു, അത് ചെയ്യാഞ്ഞത് കഷ്ടമായിപ്പോയി. ഈയൊരു ചിന്തയുമായി, ആ ചിന്തയുടെ തന്നെ പലതരം പടർച്ചകളുമായി ബസ്സിൽ ചുരുണ്ടുകൂടിയിരുന്ന് വൈകുന്നേരമായപ്പോൾ ഞാൻ തലശ്ശേരിയിലെത്തി. പിറ്റേന്ന് ഞാൻ വിജയൻമാഷെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. "ലൂയീസ് മൗണ്ടി'ൽ അധികം തുടരാനാവില്ലെന്ന് മാഷ്‌ക്കും ബോധ്യമായി. കോട്ടക്കലിൽ ഒരു ഗവണ്മെന്റ് ആയുർവേദിക് മെന്റൽ ഹോസ്പിറ്റലുണ്ടെന്നും അവിടെ പോയി നോക്കാവുന്നതാണെന്നും മാഷ് പറഞ്ഞു.
അടുത്ത ദിവസം തന്നെ ഞാൻ നാസറെയും കൂട്ടി വിജയൻമാഷുടെ ഒരു കത്തുമായി കോട്ടക്കൽ ആയുർവേദ മനോരോഗാശുപത്രിയിൽ ചെന്നു. ഒരു സന്ധ്യക്കാണ് ഞങ്ങൾ അവിടെ എത്തിയത്. ഇരുട്ട് കനം തൂങ്ങി നിൽക്കുന്ന പഴയ ഒരു കെട്ടിടമായിരുന്നു കോട്ടക്കലിലെ സർക്കാർ മനോരോഗ ചികിത്സാലയം. കാലിൽ ചങ്ങലയിട്ടവരും അല്ലാത്തവരുമായ മനോരോഗികൾ ഇരുമ്പു കട്ടിലിലും വരാന്തയിലുമൊക്കെ പായ വിരിച്ചു കിടക്കുന്നു. ഒട്ടും പ്രതീക്ഷയുണർത്താത്ത അന്തരീക്ഷം.
ഞാനും മറ്റ് പല കഥാകാരന്മാരും അവന്റെ മനസ്സിലുള്ളത് മുഴുവൻ മോഷ്ടിക്കുകയാണെന്ന് അവൻ ഡോക്ടറോട് പറഞ്ഞു. പിന്നെ മുഴുവൻ എന്നെയാണ് കുറ്റം പറഞ്ഞത്
ഞങ്ങൾ അവിടത്തെ ഡോ.സുന്ദരത്തെ കണ്ട് മാഷുടെ കത്തും കൊടുത്ത് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. ഡോ.സുന്ദരം അന്ന് നാട്ടിലക്ക് പോവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞേ അദ്ദേഹം തിരിച്ചു വരൂ. അതു കഴിഞ്ഞതിനു ശേഷമേ ലൂയീസ് മൗണ്ടിൽ നിന്ന് ഡിസ്ചാർജ് വാങ്ങേണ്ടതുള്ളൂ. "ആശുപത്രിയുടെ സ്ഥിതി നിങ്ങൾ നേരിൽ കണ്ടല്ലോ. രോഗിയോടൊപ്പം സ്ഥിരമായി ഒരാൾ വേണം. അത് നിർബന്ധമാണ്. 49 ദിവസത്തെ ചികിത്സ വേണ്ടിവരും. തയ്യാറാണെങ്കിൽ നിങ്ങളുടെ അനിയനെയും കൂട്ടി വരിക' ഡോക്ടർ സുന്ദരം പറഞ്ഞു. അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ ഞാനും നാസറും ജയ്‌ദേവും കൂടി കൽപറ്റയ്ക്ക് പുറപ്പെട്ടു. വൈകുന്നേരം തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് രാത്രി മാനന്തവാടിയിലുള്ള ഒരു ലോഡ്ജിൽ തങ്ങി പിറ്റേന്ന് രാവിലെയാണ് ചെന്നലോട്ട് എത്തിയത്.
ഡോ.സുരേഷിനെ കണ്ട് ഞങ്ങൾ കുട്ടനെ കോട്ടക്കലേക്ക് കൊണ്ടുപോവുന്ന കാര്യം സംസാരിച്ചു. അദ്ദേഹത്തിന് കോട്ടക്കലെ ഡോ.സുന്ദരത്തെ അറിയാമായിരുന്നു. "സുന്ദരം നല്ല ഡോക്ടറാണ്. ഞാനൊരിക്കൽ കോട്ടക്കലുള്ള ഹോസ്പിറ്റലിൽ പോയിട്ടുണ്ട്. അവിടേക്ക് കൊണ്ടുപോവുന്നതിൽ കുഴപ്പമൊന്നുമില്ല'ഡോ.സുരേഷ് പറഞ്ഞു. കുട്ടനെ "ലൂയീസ് മൗണ്ടി'ൽ നിന്ന് അന്നു തന്നെ ഡിസ്ചാർജ് ചെയ്തു. പുറത്തിറങ്ങി റോഡിലെത്തിയപ്പോൾ നാസർ അവനോട് പറഞ്ഞു: ' നമുക്കൊന്ന് കോട്ടക്കൽ വരെ പോവണം. അവിടെ ഒരു ആയുർവേദ ഡോക്ടറുണ്ട്. ഒന്നു കണ്ട് സംസാരിച്ച് നാളെത്തന്നെ മടങ്ങാം'അവൻ പൊട്ടിത്തെറിക്കുമെന്നാണ് ഞാൻ കരുതിയത്. അങ്ങനെയൊന്നും ഉണ്ടായില്ല. വെറുപ്പോടെയാണെങ്കിലും അവൻ ഞങ്ങളുടെ കൂടെ വന്നു.
ഡോ.സുന്ദരം അവനോട് ഒന്നൊന്നര മണിക്കൂർ നേരം സംസാരിച്ചു. ഞാനും മറ്റ് പല കഥാകാരന്മാരും അവന്റെ മനസ്സിലുള്ളത് മുഴുവൻ മോഷ്ടിക്കുകയാണെന്ന് അവൻ ഡോക്ടറോട് പറഞ്ഞു. പിന്നെ മുഴുവൻ എന്നെയാണ് കുറ്റം പറഞ്ഞത്. ഞാൻ രോഗമെന്തെന്നറിയാതെ അവനെ പലേടത്തും കൊണ്ടുപോയി ചികിത്സിച്ചു, അവനെ പല തരത്തിൽ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞു. അതു കഴിഞ്ഞ് ആയുർവേദത്തെ ആകമാനം അധിക്ഷേപിച്ചു. ആയുർവേദത്തിൽ അവന്റെ രോഗത്തിന് മരുന്നില്ലെന്നും എന്ത് ചെയ്താലും ഡോക്ടർക്ക് അവന്റെ രോഗം മാറ്റാനാവില്ലെന്നും അവൻ ഉറപ്പിച്ചു പറഞ്ഞു. ഏറ്റവും കർക്കശമായ ഭാഷയിൽത്തന്നെയായിരുന്നു ഡോക്ടറുമായുള്ള അവന്റെ തർക്കം. ഒടുവിൽ ഡോക്ടർ സുന്ദരം പറഞ്ഞു: "എന്തായാലും നീ ഇവിടെ കുറച്ചു ദിവസം കിടക്കണം. ഇപ്പോൾ ഞാനാണ് നിന്റെ ഡോക്ടർ. ഞാൻ പറയുന്നത് അനുസരിച്ചേ പറ്റൂ'
കുട്ടൻ തികഞ്ഞ നിസ്സഹായതയോടെ ഡോക്ടർക്ക് കീഴടങ്ങി. 48 ദിവസം അവൻ കോട്ടക്കൽ ഗവ.ആയുർവേദ മെന്റൽ ഹോസ്പിറ്റലിൽ കഴിഞ്ഞു. ഈ ദിവസങ്ങളിൽ എ.വി.പവിത്രൻ, ദിവാകരൻ, കൃഷ്ണകുമാർ എന്നീ സുഹൃത്തുക്കളും ഇളയമ്മയുടെ മകൻ പ്രഭാതനുമാണ് അവിടെ അവനോടൊപ്പം മാറിമാറി നിന്നത്. ഞാൻ ഇടയ്ക്ക് രണ്ടു മൂന്നു തവണ പോയി വിവരങ്ങൾ അറിഞ്ഞ് മടങ്ങിയതേയുള്ളൂ.
48 ദിവസം കഴിഞ്ഞപ്പോൾ ഞാനും കൃഷ്ണകുമാറും കൂടി കോട്ടക്കലേക്ക് പോയി അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒരു മാസത്തേക്കുള്ള മരുന്ന് ഡോക്ടർ സുന്ദരം കുറിച്ചുകൊടുത്തിരുന്നു. മരുന്ന് കൃത്യമായി കഴിക്കണമെന്നും ഒരു മാസം കഴിഞ്ഞ് ഒറ്റയ്ക്കു വന്ന് തന്നെ കാണണമെന്നും ഡോക്ടർ അവനോട് പറഞ്ഞു.
കോട്ടക്കലിൽ നിന്ന് തിരിച്ചുവന്നതിനു ശേഷം ഒരു മാസക്കാലത്തോളം കുട്ടൻ ഏറെക്കുറെ നോർമലായിരുന്നു. ലിബറലൈസ്ഡ് സ്‌കീമിൽ ബി.എ എഴുതാനായി അവൻ പയ്യന്നൂരിലെ ഒരു പാരലൽ കോളേജിൽ ചേരുക പോലും ചെയ്തു.
ഒരു മാസം കഴിഞ്ഞപ്പോൾ അവന്റെ സ്ഥിതി പക്ഷേ പിന്നെയും മോശമായി. ഒരു ദിവസം അവൻ തലശ്ശേരിയിൽ വന്ന് നാസറെ കണ്ട് അവനെ വീണ്ടും ലൂയീസ് മൗണ്ട് ഹോസ്പിറ്റലിൽ കൊണ്ടുചെന്നാക്കണം എന്നു പറഞ്ഞു. യാഥാർത്ഥ്യബോധം കൈവിട്ട അവസ്ഥയിൽ മാത്രം പറയാവുന്ന എന്തൊക്കെയോ കാര്യങ്ങളാണ് അവൻ ആ ആവശ്യം ഉന്നയിക്കുന്നതിന് കാരണമായി പറഞ്ഞത്. നാസർ അവനോട് ദീർഘനേരം സംസാരിച്ചു.അവസാനമായി നാസർ പറഞ്ഞു : "ലൂയീസ് മൗണ്ട് ഹോസ്പിറ്റൽ മനോരോഗികൾക്കുള്ള സ്ഥലമാണ്. നിനയ്ക്കിപ്പോൾ രോഗമൊന്നുമില്ല. നീ ഇനി അവിടെ പോകേണ്ട കാര്യമേ ഇല്ല.' കുട്ടൻ മടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവൻ ഒറ്റയ്ക്ക് ലൂയീസ് മൗണ്ടിൽ പോയി. പിറ്റേന്നാണ് തിരിച്ച് വീട്ടിലെത്തിയത്. അടുത്തയാഴ്ച അവൻ വീണ്ടും ആ ഹോസ്പിറ്റലിൽ പോയി.
അവനെക്കുറിച്ച് എന്തെഴുതുമ്പോഴും അങ്ങേയറ്റത്തെ നിയന്ത്രണവും സത്യസന്ധതയും പാലിക്കണമെന്ന ബോധ്യം ഞാൻ കൈവിട്ടില്ല. അതുകൊണ്ടാണ് ഇതിൽ ഒരിടത്തും അതിവൈകാരികതയുടെ ഒരു തരിപോലും കലരാതിരിക്കാൻ ഞാൻ മനസ്സ് വെച്ചത്
പിന്നെയും ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ അവൻ വിജയൻ മാഷുടെ അടുത്തുചെന്ന് പറഞ്ഞു: "എന്നെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണം.ഇനി ജീവിതകാലം മുഴുവൻ ഞാൻ അവിടെ കഴിഞ്ഞുകൊള്ളാം'
കുതിരവട്ടത്ത് അങ്ങനെ പെട്ടെന്ന് വിചാരിച്ചാൽ അഡമിഷൻ കിട്ടില്ലെന്ന് മാഷ് പറഞ്ഞു. അങ്ങനെയാണെങ്കിൽ എന്നെ "ലൂയീസ് മൗണ്ടി'ൽ അഡ്മിറ്റ് ചെയ്യണം അവൻ പറഞ്ഞു. എങ്ങനെയൊക്കെയോ അവനെ തിരിച്ചയച്ച് മാഷ് എന്നെ വിളിച്ച് വിവരം പറഞ്ഞു. "ലൂയീസ് മൗണ്ടിൽ അഡമിറ്റ് ചെയ്യാം. ഞാനും നാസറും കൂടി കൊണ്ടുപോയ്‌ക്കോളും. ഇനി വന്നാൽ മാഷ് അവനെ നാസറുടെ അടുത്തേക്ക് അയച്ചാൽ മതി' ഞാൻ മാഷോട് പറഞ്ഞു.
അന്നു തന്നെ ഞാൻ നാസറെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. അതൊരു ചൊവ്വാഴ്ചയായിരുന്നു. പിറ്റേന്ന് കുട്ടൻ വന്നപ്പോൾ മാഷ് അവനെ നാസറുടെ അടുത്തേക്ക് അയച്ചു. നാസർ അന്നും അവനോട് ഒരുപാട് നേരം സംസാരിച്ചു. "ഇനിയും ഒരു മനോരോഗാശുപത്രിയിലേക്ക് നീ പോവേണ്ട. ഇപ്പോൾ നിനയ്ക്ക് ഒരു പ്രശ്‌നവുമില്ല' എന്നൊക്കെ പല രൂപത്തിൽ പറഞ്ഞ് ബോധ്യപ്പെടുത്താൻ നാസർ ശ്രമിച്ചു. കുട്ടൻ അവന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. "അങ്ങനെയാണെങ്കിൽ അടുത്ത തിങ്കളാഴ്ച രാവിലെ നമുക്ക് പോവാം. ഞാനും വരും'നാസർ പറഞ്ഞു. കുട്ടൻ നാട്ടിലേക്ക് തിരിച്ചു പോയി. പിന്നീട് എന്ത് സംഭവിച്ചുവെന്ന് ഞാൻ എഴുതിക്കഴിഞ്ഞു.
കുട്ടന്റെ ജീവിതം അവസാനിച്ച് 26 വർഷവും രണ്ട് മാസവും കഴിഞ്ഞതിനു ശേഷമാണ് ഞാൻ അവനെക്കുറിച്ചും അവൻ അകപ്പെട്ടുപോയ അവസ്ഥയെക്കുറിച്ചും അതിൽനിന്ന് പുറത്തുകടക്കാൻ അവൻ നടത്തിയ വിഫലമായ ശ്രമങ്ങളുടെ വേദനകളെക്കുറിച്ചും ഞാനും സഹോദരിമാരും എന്റെയും അവന്റെയും സുഹൃത്തുക്കളും എം.എൻ.വിജയൻ എന്ന മഹാമനുഷ്യനുമെല്ലാം അവന് നൽകിയ സഹായത്തെക്കുറിച്ചുമെല്ലാം ഇത്രയു മൊക്കെ എഴുതിയത്. സാധാരണ ഗതിയിൽ കഠിനമായ മാനസികവിക്ഷോഭം അനുഭവിച്ചുകൊണ്ടു മാത്രമേ അവനെപ്പോലൊരാളുടെ ഏട്ടന് ഇത്രയും എഴുതാനാവൂ. ഞാൻ അതനുഭവിച്ചില്ല എന്നു പറയുന്നില്ല. എങ്കിലും അസാധാരണമായ മനക്കരുത്ത് കൈവരിച്ച് ആത്മസംയമനം നേടി ഞാനിതെഴുതി എന്നതാണ് കൂടുതൽ പ്രധാനമെന്നു തോന്നുന്നു. അവനെ ഞാൻ ഇപ്പോഴും ആദരിക്കുന്നുണ്ട്. രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ എനിക്കും മറ്റുള്ളവർക്കും അസുഖകരമായി അനുഭവപ്പെട്ട ചില പെരുമാറ്റങ്ങൾ അവനിൽനിന്ന് ഉണ്ടായിപ്പോയിട്ടുണ്ട്. ചില മിഥ്യാധാരണകളിലും മതിഭ്രമങ്ങളിലും അവൻ വീണുപോയിരുന്നു എന്നതും സത്യമാണ്. പക്ഷേ, അതൊന്നും അവന്റെ പ്രകൃതത്തിന്റെ അടിസ്ഥാനഘടകമായ "കാതരമായ പരിശുദ്ധി'യെ ഇല്ലായ്മ ചെയ്തതായി ഞാൻ കരുതുന്നില്ല. അവനെക്കുറിച്ച് എന്തെഴുതുമ്പോഴും അങ്ങേയറ്റത്തെ നിയന്ത്രണവും സത്യസന്ധതയും പാലിക്കണമെന്ന ബോധ്യം ഞാൻ കൈവിട്ടില്ല. അതുകൊണ്ടാണ് ഇതിൽ ഒരിടത്തും അതിവൈകാരികതയുടെ ഒരു തരിപോലും കലരാതിരിക്കാൻ ഞാൻ മനസ്സ് വെച്ചത്. ഈ അനുഭവകഥനമെന്ന സാഹസത്തിന് എന്തിന് ഞാൻ മുതിർന്നു എന്നുകൂടി വിശദീകരിച്ച് എന്റെ ആത്മകഥയുടെ ആദ്യഭാഗം ഞാൻ അവസാനിപ്പിക്കും. അതിലേക്ക് കടക്കും മുമ്പ്, കുട്ടൻ ജീവിതം അവസാനിപ്പിച്ച വിവരം സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷം പൊലീസിൽനിന്നറിയുമ്പോൾ ധർമടത്തില്ലാതിരുന്ന വിജയൻ മാഷ് രണ്ട് ദിവസം കഴിഞ്ഞ് എറണാകുളത്തുനിന്ന് എനിക്കെഴുതിയ കത്ത് ഇവിടെ ഞാൻ പകർത്തി വെക്കാം:
23/ 11 /94
പ്രിയപ്പെട്ട പ്രഭാകരൻ,
ഇന്നലെ കെ.ജി.എസ്സിൽ നിന്നാണ് വിവരമറിഞ്ഞത്. ഈ അവസ്ഥയിൽ ഇത് തടയാൻ കഴിയുമായിരുന്നില്ല. എത്ര കാത്തിരുന്നാലും അവർ മറ്റൊരു വഴി കണ്ടെത്തും. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്ന് സമാധാനിക്കുക. വിഷമിക്കരുത്. നാം നമ്മുടെ കടമ ചെയ്തിരിക്കുന്നു.
സ്‌നേഹത്തോടെ
ഒപ്പ്. ▮
(തുടരും)